Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മഹാഭാരത യുദ്ധത്തിനുശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ സ്വത്തുതർക്കമുണ്ടായ കുടുംബം; പാഠം പഠിച്ച് മുകേഷ് അംബാനി ഗ്രൂപ്പിൽ തലമുറമാറ്റം; അഞ്ചുവർഷം കൊണ്ട് മക്കളുടെ പ്രകടനം വിലയിരുത്തി പിൻഗാമിയെ കണ്ടെത്തും; പ്രൊഫഷണലായ ഒരു സിഇഒയെയും പരിഗണിക്കുന്നു; ടാറ്റാ മോഡൽ മെറിറ്റ് ബേസ്ഡ് ലീഡർഷിപ്പിലേക്ക് അംബാനിയും! ഇന്ത്യൻ ബിസിനസ് കടുംബങ്ങളിലും വൻ മാറ്റങ്ങൾ

മഹാഭാരത യുദ്ധത്തിനുശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ സ്വത്തുതർക്കമുണ്ടായ കുടുംബം; പാഠം പഠിച്ച് മുകേഷ് അംബാനി ഗ്രൂപ്പിൽ തലമുറമാറ്റം; അഞ്ചുവർഷം കൊണ്ട് മക്കളുടെ പ്രകടനം വിലയിരുത്തി പിൻഗാമിയെ കണ്ടെത്തും; പ്രൊഫഷണലായ ഒരു സിഇഒയെയും പരിഗണിക്കുന്നു; ടാറ്റാ മോഡൽ മെറിറ്റ് ബേസ്ഡ് ലീഡർഷിപ്പിലേക്ക് അംബാനിയും!  ഇന്ത്യൻ ബിസിനസ് കടുംബങ്ങളിലും വൻ മാറ്റങ്ങൾ

എം റിജു

ചെന്നൈയിൽ ജനിച്ച് വളർന്ന പിച്ചൈ സുന്ദരരാജൻ എന്ന സുന്ദർ പിച്ചെക്ക്, ഗൂഗിളിന്റെ സിഇഒ ആയത് അയാൾ ആ കമ്പനി ഉടമയുടെ മകൻ ആയതുകൊണ്ടല്ല. വിദേശികൾ മെറിറ്റ് എന്ന സാധനത്തിന് കുടുംബ മഹാത്മ്യത്തേക്കാൾ വിലകൊടുക്കുന്നതുകൊണ്ടാണ്. ഇന്ത്യൻ കമ്പനികളുടെ ഏറ്റവും വലിയ ശാപമായി, ബിസിനസ് അവലോക വിദ്ഗധർ ചൂണ്ടിക്കാണിച്ചിരുന്ന കാരണങ്ങളിൽ ഏറ്റവും വലിയ ഒന്ന്, ഈ 'മക്കൾ മഹാത്മ്യം' ആയിരുന്നു. അതായത് നന്നായി പോകുന്ന ഒരു കമ്പനി അതിന്റെ തലവന്റെ മരണശേഷമെത്തുക, തന്റെ പിതാവിന്റെ അധ്വാനത്തെക്കുറിച്ചും കഷ്ടതയെക്കുറിച്ചും യാതൊരു ധാരണയുമില്ലാത്ത, ഒരു പരിധിവരെ സുഖലോലുപന്മാരും ധാർഷ്ട്യക്കാരുമായ മക്കളുടെ കൈയിലേക്ക് ആയിരിക്കും. അവർ ഈ കമ്പനിലെ ഏതാനും വർഷങ്ങൾകൊണ്ട് കുത്തുപാള എടുപ്പിക്കയും ചെയ്യും. പൊളിഞ്ഞുപോയ നൂറുകണക്കിന് ഇന്ത്യൻ വ്യവസായ ഗ്രൂപ്പുകളുടെ ലിസ്റ്് പരിശോധിച്ചാൽ ഇക്കാര്യം കാണാം. ധനികൻ- ദീപാളി- എരപ്പാളി- വീണ്ടും ധനികൻ എന്ന നിലയിൽ ഇന്ത്യൻ ബിസിനസ് ഫാമലികൾക്ക് ഒരു സാമ്പത്തിക ചക്രമുണ്ടെന്ന തമാശയിലും കാര്യമില്ലാതില്ല.

എന്നാൽ വിദേശരാജ്യങ്ങളിലേക്ക് വന്നാൽ ഇതല്ല അവസ്ഥ. ആപ്പിളിന്റെ പാരമ്പര്യം കിട്ടുക സ്റ്റീവ് ജോബ്സിന്റെ മക്കൾക്കല്ല. ഇലോൺ മസ്്ക്കിന്റെ കാലശേഷം ആ ടീമിലെ ഏറ്റവും കഴിവുള്ള ആളാണ് അടുത്ത സി ഇ ഒ ആവുക. മസ്‌ക്കിന്റെ അസംഖ്യം ബന്ധങ്ങളിലുള്ള മകനല്ല. ഫേസ്‌ബുക്കിനെ നയിക്കാൻ സക്കർബർഗിന്റെ മക്കളും, ആമസോണിനെ നയിക്കാൻ ജെഫ് ബോസോസിന്റെ മക്കളും എത്താനുള്ള സാധ്യത വിദൂരമാണ്. മക്കൾ എത്തും, അവർക്ക് കഴിവും പ്രതിഭയും ഉണ്ടെങ്കിൽ. അല്ലാതെ ബീജഗുണം ഒന്നുകൊണ്ട് മാത്രം, ഒരാൾക്ക് പിതാവിന്റെ കമ്പനിയിൽ കയറിയിരിക്കാനാവില്ല.

ഇന്ത്യയിൽ ഈ കുടുംബ പാരമ്പര്യത്തിൽനിന്ന് വേറിട്ട്, കഴിവിന് പ്രധാന്യം കൊടുത്തവർ ടാറ്റ മാത്രമായിരുന്നു. ടാറ്റയുടെ വിജയത്തിന്റെ ഏറ്റവും വലിയ അടിത്തറയായി പല ബിസിനസ് അനലിസ്റ്റുകളും വിലയിരുത്തുന്നത് അവർ പാരമ്പര്യത്തിന് വലിയ വില കൊടുക്കുന്നില്ല എന്നതാണ്. പലരുടെയും വലിയ തെറ്റിദ്ധാരണയാണ് ജെആർഡി ടാറ്റയുടെ മകനാണ് രത്തൻ ടാറ്റയെന്ന്. അവർ അകന്ന ബന്ധുക്കൾ മാത്രമാണ് എന്നതാണ് സത്യം. അതുപോലെ ഇപ്പോൾ ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാനായിരിക്കുന്ന നടരാജൻ ചന്ദ്രശേഖറിന് ടാറ്റാ കുടുംബവുമായി യാതൊരു ബന്ധുത്വവുമില്ല. ടിസിഎസിനെ ഭംഗിയായി നിയന്ത്രിച്ചുവെന്നയാണ് തന്റെ പിൻഗാമിയാവാൻ രത്തൻ ടാറ്റ അദ്ദേഹത്തിന് കണ്ട ഗുണം. മറ്റ് കമ്പനികളിലൊക്കെ നിങ്ങൾ മുതലാളിമാരുടെ മക്കളെ, അവർ എത്ര കഴിവ് കെട്ടവർ ആണെങ്കിലും സഹിക്കേണ്ടിവരും.

ഇപ്പോഴിതാ മെറിറ്റോറിയസ് ആയ ഈ മാറ്റം, ലോകത്തിലെ ശതകോടീശ്വര പട്ടികയിലുള്ള ഇന്ത്യൻ വ്യവസായ ഭീമൻ മുകേഷ് അംബാനിയിലേക്കും എത്തുകയാണ്. അഞ്ചുവർഷം കൂടി മാത്രമേ കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി താൻ തുടരുകയുള്ളൂവെന്ന്, ഈ 66-കാരനൻ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇക്കാലംഅഞ്ചുവർഷം കൊണ്ട് മക്കളുടെ പ്രകടനം വിലയിരുത്തി പിൻഗാമിയെ കണ്ടെത്തും. അതിനിടെ പ്രൊഫഷണലായ ഒരു സിഇഒയെയും അംബാനി പരിഗണിക്കുന്നുണ്ടെന്ന് കേൾക്കുന്നുണ്ട്. എന്തായാലും മെറിറ്റ് ബേസ്ഡ് ലീഡർഷിപ്പിപ്പിനെ കുറിച്ച് ഉയരുന്ന ചർച്ചകൾ, ഇന്ത്യൻ ബിസിനസ് ഫാമലികളിൽ വൻ മാറ്റം കൊണ്ടുവരുമെന്നാണ് ബിസിനസ് ടുഡേ പോലള്ള്ള മാധ്യമങ്ങൾ എഴുതുന്നത്.

ഇന്ത്യ കണ്ട ഏറ്റവും വലിയ സ്വത്തു തർക്കം

തന്റെ പിതാവിന് പറ്റിയ അബദ്ധം തനിക്കും പറ്റരുത് എന്നതിന്റെ അടിസ്ഥാനത്തിൽ കൃത്യമായാണ് മുകേഷ് അംബാനി എല്ലാം പ്ലാൻ ചെയ്യുന്നത്. മഹാഭാരത യുദ്ധത്തിനുശേഷം ഭാരതം കണ്ട എറ്റവും വലിയ സ്വത്ത് തകർക്കം എന്നായിരുന്നു, ധീരജ് ലാൽ ഹിരാചന്ദ് അംബാനി എന്ന ധീരുഭായ് അംബാനിയുടെ കുടുംബത്തിൽ മക്കളുടെ തർക്കം വിശേഷിപ്പിക്കപ്പെട്ടത്. വെറുമൊരു പ്രെട്രോൾ പമ്പിലെ ജീവനക്കാരനിൽനിന്ന് ,
നാലു പതിറ്റാണ്ടുകൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് കെട്ടിപ്പടുത്ത ധീരുഭായ് അംബാനി, 69-ാം വയസ്സിൽ 2002 ജൂലായ് ആറിന് മരണപ്പെടുമ്പോൾ, തലമുറമാറ്റത്തിന് വ്യക്തമായ ഒരു പദ്ധതിയോ, വിൽപ്പത്രമോ തയ്യാറാക്കിയിട്ടുണ്ടായിരുന്നില്ല. പിതാവുണ്ടാക്കിയ ബിസിനസ് സാമ്രാജ്യം പകുത്തെടുക്കാൻ മക്കളായ മുകേഷ് അംബാനിയും അനിൽ അംബാനിയും പരസ്യമായി തർക്കിച്ചു. റിലയൻസ് സാമ്രാജ്യത്തിന്റെ പതനത്തിനുപോലും അതു വഴിവെക്കുമോ എന്ന് രാജ്യം ആശങ്കപ്പെട്ടു. ഒടുവിൽ, വലിയ വളർച്ചാസാധ്യതയുള്ള ടെലികോം, വിനോദം, ധനകാര്യസേവനം, ഊർജം, അടിസ്ഥാനസൗകര്യം എന്നിവ ഇളയവനായ അനിലിന് ലഭിച്ചു. പെട്രോളിയം ഉൾപ്പെടെയുള്ള പരമ്പരാഗത ബിസിനസുകൾ മൂത്തയാളായ മുകേഷ് അംബാനിക്കും.

അനിൽ അംബാനി ഇന്ത്യകണ്ട ഏറ്റവും വലിയ പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ) നടത്തിയും (റിലയൻസ് പവർ), രാജ്യസഭാ എംപി. സ്ഥാനം നേടിയുമൊക്കെ വലുതായി. ലോകത്തിലെ ആറാമത്തെ വലിയ ശതകോടീശ്വരൻ വരെയായി വളർന്നു. എന്നാൽ, ഉയർച്ച കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. വൻതോതിൽ കടബാധ്യതയുണ്ടാക്കിയും മറ്റും കമ്പനികൾ പ്രതിസന്ധിയിലായി. ഒടുവിൽ, അദ്ദേഹം ശരിക്കും പാപ്പരായിത്തീർന്നു. മുകേഷ് അംബാനിയാകട്ടെ, സുസ്ഥിരതയോടെ തന്റെ സാമ്രാജ്യം വളർത്തിവലുതാക്കി. റിലയൻസ് റീട്ടെയിൽ തുടങ്ങിക്കൊണ്ട് ചില്ലറവ്യാപാര രംഗത്തും ജിയോ തുടങ്ങിക്കൊണ്ട് ടെലികോം രംഗത്തും ആധിപത്യം സ്ഥാപിച്ചു. അപ്പോഴും പെട്രോളിയം ബിസിനസിൽ വളർച്ച കാത്തുസൂക്ഷിക്കുകയും ചെയ്തു. റിലയൻസ് ഇൻഡസ്ട്രീസിന്റെ മാത്രം വിപണിമൂല്യം 16.32 ലക്ഷം കോടി രൂപ വരും. ഇന്ന്, ഏഷ്യയിലെ ഏറ്റവും വലിയ ശതകോടീശ്വരനായി അദ്ദേഹം തലയുയർത്തി നിൽക്കുന്നു.

അനിൽ അംബാനി പൊളിഞ്ഞ് പാളീസായി കടക്കെണിയിൽ അയപ്പോൾ എല്ലാ ശത്രുതയും മറഞ്ഞ് സഹായിക്കാനെത്തിയതും ജ്യേഷ്ഠൻ തന്നെയാണ്. മുകേഷിന്റെ ഭാര്യ നിതാ അംബാനി മൂൻകൈയെടുത്താണ് കുടുംബത്തിൽ ഐക്യം ഉണ്ടാക്കിയതും, അനിലിന്റെ ബാധ്യതകൾ എല്ലാം തീർത്ത് കേസുകളിൽനിന്ന് ഊരിയെടുത്തതും. ധീരുഭായ് അംബാനി എല്ലാം കൃത്യമായി എഴുതിവെച്ചിരുന്നെങ്കിൽ സഹോദരന്മാർ തമ്മിൽ പ്രശ്നം ഉണ്ടാവുമായിരുന്നില്ല. പിതാവിന്റെ ഈ അനുഭവത്തിൽനിന്ന് പാഠം പഠിച്ചാണ് മുകേഷ് തലമുറക്കെമാറ്റത്തിന് ഒരുങ്ങുന്നത് എന്നാണ് മുംബൈ ബിസിനസ് മാധ്യമങ്ങൾ അംബാനി കുടുംബത്തിലെ അടുപ്പക്കാരെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നത്.

മക്കളുടെ പ്രകടനം വിലയിരുത്തും

ഇപ്പോഴിതാ മുകേഷ് അംബാനി തലമുറമാറ്റത്തിന്റെ സൂചനകൾ നൽകിയിരിക്കുന്നു, മക്കളായ ഇഷ, ആകാശ്, അനന്ത് എന്നിവരെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങളാക്കിയിരിക്കുകയാണ് അദ്ദേഹം. അഞ്ചുവർഷം കൂടി കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി തുടരുമെന്ന് 66-കാരനായ മുകേഷ് അംബാനി പ്രഖ്യാപിക്കുകയും ചെയ്തു. കഴിഞ്ഞയാഴ്ച നടന്ന കമ്പനിയുടെ 46-ാം വാർഷിക പൊതുയോഗത്തിലായിരുന്നു ഓഹരിയുടമകളുടെ മുൻപാകെയുള്ള പ്രഖ്യാപനം.

അടുത്ത അഞ്ചുവർഷം കൊണ്ട് മക്കളുടെ പ്രകടനം വിലയിരുത്തി പിൻഗാമിയെ കണ്ടെത്തുകയോ, പിന്തുടർച്ചാ പദ്ധതിക്ക് രൂപംനൽകുകയോ ആവും മുകേഷ് അംബാനിയുടെ മനസ്സിൽ. റിലയൻസ് ഇൻഡസ്ട്രീസ് എന്ന മാതൃകമ്പനിയെ ഹോൾഡിങ് കമ്പനിയാക്കി മാറ്റുകയും പുതിയ മൂന്നു വ്യത്യസ്ത വ്യവസായസാമ്രാജ്യങ്ങൾ പടുത്തുയർത്തി ഒരോന്നും ഓരോർത്തുർക്കും വീതിച്ചുനൽകുന്നതും പരിഗണിക്കപ്പെട്ടേക്കാം. റിലയൻസ് റീട്ടെയിൽ, ജിയോ പ്ലാറ്റ്‌ഫോംസ് എന്നിവ വളർത്തിവലുതാക്കുന്നത് ആ ലക്ഷ്യത്തോടെ തന്നെയാകും. ഇരട്ടകളായ മൂത്ത മക്കൾ ഇഷയും ആകാശുമാണ് ഈ രണ്ട് ബിസിനസുകളുടെ ചുമതല വഹിക്കുന്നത്. സൗരോർജം ഉൾപ്പെടെയുള്ള ഹരിതോർജ പദ്ധതികളും വൻ നിക്ഷേപത്തോടെ വികസിപ്പിക്കാൻ പദ്ധതിയുണ്ട്. അതിന്റെ ചുക്കാൻ ഇളയമകൻ അനന്തിനായിരിക്കും. പക്ഷേ, മൂന്നു തുല്യ സാമ്രാജ്യങ്ങൾ അടുത്ത അഞ്ചുവർഷം കൊണ്ട് സൃഷ്ടിക്കുക എന്നത് എത്രത്തോളം പ്രായോഗികമാണെന്നതാണ് വെല്ലുവിളി.

മൂവരെയും കമ്പനിയുടെ ഡയറക്ടർ ബോർഡിൽ നിലനിർത്തിക്കൊണ്ട് പ്രൊഫഷണലായ ഒരു സിഇഒ.യെ കൊണ്ടുവരുകയാണ് സാധ്യതയുണ്ടെന്നും എക്കണോമിക്ക് ടൈംസ് പോലുള്ള പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ, അതിന് മുകേഷ് അംബാനിക്കും, ഭാര്യ നിതക്കും പൂർണ്ണ താത്പര്യമില്ല എന്നും കേൾക്കുന്നുണ്ട്. മക്കൾ ഡയറക്ടർ ബോർഡിലേക്ക് വന്നതോടെ, 59-കാരിയായ നിത ഡയറക്ടർ സ്ഥാനം ഒഴിഞ്ഞിട്ടുണ്ട്. കുടുംബം ഒന്നടങ്കം കമ്പനിയുടെ ഡയറക്ടർമാരായിരിക്കുന്നത് പ്രൊഫഷണൽ സമീപനം അല്ല, എന്നതുകൊണ്ടാണ്് പടിയിറക്കം. എന്നാൽ, റിലയൻസ് ഫൗണ്ടേഷന്റെ ചെയർപേഴ്‌സൺ എന്ന നിലയിൽ അവർ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡയറക്ടർ ബോർഡിൽ സ്ഥിരം ക്ഷണിതാവായി എത്തും.

മക്കളല്ലാതെ പ്രൊഫഷൻ സിഇഒ.യ്ക്കുള്ള സാധ്യതയില്ലെങ്കിലും മറ്റൊരു സാധ്യത തള്ളിക്കളയാനാകില്ല. മരുന്നുത്പാദനം (ഫാർമ), ധനകാര്യ സേവനം, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിൽ സാന്നിധ്യമുള്ള പിരാമൾ ഗ്രൂപ്പിന്റെ അധിപൻ അജയ് പിരാമളിന്റെ മകൻ ആനന്ദ് പിരാമൾ! മുകേഷ് അംബാനിയുടെ മകൾ ഇഷയും ആനന്ദും 2018-ലാണ് വിവാഹിതരായത്. മുകേഷ് അംബാനിയുടെ പിൻഗാമിയായി ആനന്ദ് പിരാമൾ വരുന്നകാര്യം തള്ളിക്കളയാനാകില്ല. ഏതായാലും അടുത്ത അഞ്ചുവർഷം നിർണായകമായിരിക്കും.

നയിക്കുക ഇഷയും, ആകാശും, അനന്തവും

മുകേഷ് അംബാനിയുടെ മക്കളായ ഇഷയും, ആകാശും, അനന്തവുവുമാണ് ഇനി റിയലൻസ് ടീമിനെ നയിക്കുക. 31 കാരിയായ ഇഷ അംബാനി അമേരിക്കയിലെ പ്രശസ്തമായ യേൽ സർവകലാശാലയിൽനിന്ന് സൈക്കോളജിയിൽ ബിരുദവും സ്റ്റാൻഫഡ് സർവകലാശാലയിൽനിന്ന് എം.ബി.എ.യും കരസ്ഥമാക്കിയിട്ടുണ്ട്. 2014-ൽ ആദ്യം ജിയോയുടെയും പിന്നീട് റീട്ടെയിലിന്റെയും ഡയറക്ടറായി. ഇപ്പോൾ റീട്ടെയിലിന്റെ വികസനപ്രവർത്തനങ്ങൾക്ക് പ്രൊഫഷണൽ ടീമിനൊപ്പം നേതൃത്വം നൽകുന്നു. 2.60 ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവുള്ള റിലയൻസ് റീട്ടെയിൽ, മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ 10 റീട്ടെയിൽ ശൃംഖലകളിലൊന്നാണ്. 8.28 ലക്ഷം കോടി രൂപയാണ് കമ്പനിയുടെ മൂല്യം. അന്താരാഷ്ട്ര ആഡംബര ബ്രാൻഡുകളുമായി സഹകരണം ഉറപ്പാക്കി റിലയൻസ് റീട്ടെയിലിന്റെ വ്യാപ്തി വലുതാക്കാൻ ഇഷയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഈയിടെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത ജിയോ ഫിനാൻഷ്യൽ സർവീസസ് എന്ന ധനകാര്യ സേവന കമ്പനിയുടെയും ഡയറക്ടർ ബോർഡിൽ അവർ എത്തും.

ഇഷയുടെ ഇരട്ടയായ ആകാശ് അംബാനി, അമേരിക്കയിലെ ബ്രൗൺ സർവകലാശാലയിൽനിന്ന് ഇക്കണോമിക്സിൽ ബിരുദം നേടിയിട്ടുണ്ട്. 2014-ൽ ഗ്രൂപ്പിന്റെ ടെലികോം സംരംഭമായ റിലയൻസ് ജിയോയിൽ ചേർന്നു. കഴിഞ്ഞവർഷം ജൂണിൽ റിലയൻസ് ജിയോ ഇൻഫോകോമിന്റെ ചെയർമാനായി നിയമിതനായി. 1.20 ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവുള്ള കമ്പനിയാണ് ഇന്ന് ജിയോ. വരിക്കാരുടെ എണ്ണം 45 കോടി കടന്നിട്ടുണ്ട്.റിലയൻസിന്റെ ഉടമസ്ഥതയിലുള്ള മുംബൈ ഇന്ത്യൻസ് ഐ.പി.എൽ. ടീമിന്റെ നേതൃനിരയിലുമെത്തി. 2020-ൽ ഫേസ്‌ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയിൽനിന്ന് ജിയോ പ്ലാറ്റ്‌ഫോംസിലേക്ക് മൂലധന സമാഹരണം നടത്താനുള്ള ചർച്ചകളിൽ ആകാശും ഭാഗമായിരുന്നു.

ഇവരുടെ അനിയനായ 28 വയസ്സുള്ള അനന്ത് അംബാനി, അമേരിക്കയിലെ ബ്രൗൺ സർവകലാശാലയിൽ നിന്നുതന്നെയാണ് കോളേജ് പഠനം നിർവഹിച്ചത്. കോർപ്പറേറ്റ് ചടങ്ങുകളിൽ അപൂർവമായി മാത്രമേ എത്താറുള്ളൂ. എന്നാൽ, അമ്മയോടൊപ്പം റിലയൻസ് ഫൗണ്ടേഷന്റെയും മറ്റും ജീവകാരുണ്യ പദ്ധതികളിൽ സ്ഥിരം മുഖമാണ്.
റിലയൻസിന്റെ ഐ.പി.എൽ. ടീമായ മുംബൈ ഇന്ത്യൻസിന്റെ മത്സരങ്ങളിൽ പതിവായി വി.ഐ.പി. പവിലിയനിൽ ഉണ്ടാകും. ഇപ്പോൾ, റിലയൻസിന്റെ ഹരിതോർജ ബിസിനസുകളുടെ ഭാഗമായി പ്രവർത്തിക്കുന്നു. ഈ ബിസിനസ് അനന്തിന് കൈമാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2030 ഓടെ 100 ഗിഗാവാട്ട് പാരമ്പര്യേതര ഊർജം ഉത്പാദിപ്പിക്കാനുള്ള വലിയ പദ്ധതിയാണ് റിലയൻസിനുള്ളത്. വൈദ്യുത വാഹനങ്ങൾക്ക് ആവശ്യമായ ബാറ്ററികൾ നിർമ്മിക്കാനും പദ്ധതിയുണ്ട്. ഈ മൂവർ സംഘത്തിലായിരിക്കും ഇനി റിലൻസിന്റെ പ്രതീക്ഷകൾ.

അനിൽ അംബാനിയെന്ന മുടിയൻ

മക്കൾക്ക് മൂന്ന് പേർക്ക് തുല്യഅവസരം കൊടുക്കുക. അതിൽ കഴിവ് തെളിയിക്കുന്നവനെ പിൻഗാമിയാക്കുക. അതാണ് മുകേഷിന്റെ കൈയിലെ പ്ലാൻ. അനിയൻ അനിൽ അംബാനിയുടെ പതനത്തിന്റെ കഥ എപ്പോഴും ഒരു പാഠമായി മുകേഷിന്റെ മുന്നിലുണ്ട്.

ധീരുഭായുടെ മരണത്തെ തുടർന്ന് റിലയൻസ് ഇൻഡസ്ട്രീസിൽ മുകേഷ് ചെയർമാനും അനിൽ എംഡിയുമാകുന്നു. ചേട്ടനും അനിയനും അതുവരെ പ്രശ്ങ്ങൾ ഉണ്ടായിരുന്നു.
പക്ഷേ ക്രമേണെ ഇവർ തമ്മിൽ തർക്കം മുറുകി. അനിലിന്റെ വെട്ടൊന്ന് മുറി രണ്ട് എന്ന ശൈലിയായിരുന്നു എല്ലാറ്റിനം കാരണം. ജ്യേഷ്ഠൻ തന്നെ തകർക്കാൻ ശ്രമിക്കയാണെന്ന് അയാൾ കരുതി.2004 നവംബറിലാണ് കുടുംബത്തിലെയും കമ്പനിയിലെയും പ്രശ്നങ്ങൾ പറഞ്ഞുകൊണ്ടുള്ള മുകേഷ് അംബാനിയുടെ ഒരു അഭിമുഖം സിഎൻബിസി ടെലിവിഷനിൽ വരുന്നത്. മുകേഷിന്റെ വെളിപ്പെടുത്തൽ ഞെട്ടിച്ചത് അംബാനി കുടുംബത്തെ മാത്രമല്ലാ, റിലയൻസ് ഷെയറുകളിൽ പണം നിക്ഷേപിച്ചിരിക്കുന്ന മൂന്ന് കോടി നിക്ഷേപകരെയും പിന്നെ റിലയൻസ് ഗ്രൂപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന 80,000 ലേറെ ജീവനക്കാരേയുമാണ്.

മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക മുകേഷിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് താഴോട്ട് നീങ്ങി. റിലയൻസിന്റെ അധീനതയിലുള്ള കമ്പനികളുടെ ഓഹരി വില കുത്തനെ ഇടിഞ്ഞതായിരുന്നു ഇതിന് കാരണം. തന്റെ പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്നും റിലയൻസ് ഒരു വ്യക്തിയല്ലാ, ഒരു വലിയ സ്ഥാപനമാണെന്നുമുള്ള മുകേഷിന്റെ അടുത്ത പ്രസ്താവന ഒരു പരിധി വരെ ഓഹരിവിപണിയെ സമാധാനിപ്പിച്ചു. പക്ഷേ പ്രശ്നം അവിടെ തീർന്നില്ല. അനിൽ അംബാനി നോക്കി നടത്തുന്ന റിലയൻസ് എനർജി ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ആറ് ഡയറക്ടർമാർ രാജിവച്ചത് റിലയൻസ് ഓഹരികളെ വീണ്ടും ബാധിച്ചു. രാജിക്കാരണം ഉടമസ്ഥാവകാശ തർക്കമാണെന്ന് വ്യക്തം.

ഇതോടെ 2005ൽ മാതാവ് കോകില ബെന്നിന്റെ നേതൃത്വത്തിൽ മധ്യസ്ഥത ശ്രമങ്ങൾ തുടങ്ങി. റിലയൻസ് സാമ്രാജ്യം വിഭജിക്കപ്പെട്ടു. അതോടെ മുകേഷിന് റിലയൻസ് ഇൻഡസ്ട്രീസും ഐപിസിഎല്ലും, അനിലിന് റിലയൻസ് ഇൻഫോകോം (പിന്നീട് കമ്മ്യൂണിക്കേഷൻസ് എന്ന പേരിൽ), എനർജി (പിന്നീട് ഇൻഫ്രാസ്ട്രക്ച്ചർ എന്ന പേരിൽ), ക്യാപിറ്റൽ എന്നിവയും സ്വന്തമായി. ഇന്ത്യ വൻസാമ്പത്തിക മുന്നേറ്റം കൈവരിച്ച കാലമായിരുന്നു 2005 ഏപ്രിൽ മുതൽ 2008 മാർച്ച് വരെയുള്ള മൂന്നു വർഷങ്ങൾ. ആ പശ്ചാത്തലത്തിലാണ് 2008ൽ രണ്ടു പേരും ലോക സമ്പന്ന പട്ടികയിൽ തൊട്ടടുത്ത് സ്ഥാനം പിടിച്ചത്.

2008ൽ ഫോർബ്സ് പട്ടികയിൽ 43 ബില്യൺ ഡോളർ സമ്പത്തുമായി മുകേഷ് അംബാനി ലോകസമ്പന്നരിൽ അഞ്ചാമൻ. തൊട്ടുപുറകിൽ 42 ബില്യൺ ഡോളറുമായി അനിയൻ അനിൽ അംബാനി ആറാം സ്ഥാനത്ത്. 2022 ൽ 96 ബില്യൺ ഡോളർ സമ്പത്തുമായി മുകേഷ് ലോകസമ്പന്നരിൽ പത്താമൻ. അതേസമയം എല്ലാം നഷ്ടപ്പെട്ട് അനിൽ പാപ്പരായി. 2021 നവംബർ 29 ന് ആർബിഐ റിലയൻസ് ക്യാപിറ്റലിന്റെ ഡയറക്ടർ ബോർഡിനെ അസാധുവാക്കി, അഡ്‌മിനിസ്ട്രേറ്ററെ നിയമിച്ചതോടെ സ്വന്തം ഗ്രൂപ്പിലെ മൂന്നാമത്തെ കമ്പനിയും അനിലിന്റെ കൈയിൽ നിന്നും പോയി. റിലയൻസ് കമ്മ്യൂണിക്കേഷൻസ്, റിലയൻസ് നേവൽ എന്നിവയ്ക്ക് പിന്നാലെ റിലയൻസ് ക്യാപിറ്റലും പാപ്പരയായി.

16 വർഷങ്ങൾ കൊണ്ട് ജ്യേഷ്ഠന്റെ സമ്പത്ത് ഇരട്ടിയിലധികമാകുന്നു, അനുജന്റേതു പൂജ്യത്തോടടുക്കുന്നു. മൂന്നു ചൈനീസ് ബാങ്കുകൾ ലണ്ടനിൽ കൊടുത്ത വായ്പാകേസിലാണ് സമ്പത്ത് പൂജ്യമാണെന്നു അനിൽ അംബാനി പറഞ്ഞത്. ഇപ്പോൾ എല്ലാ കടങ്ങളും വീട്ടി അയാളെ രക്ഷിച്ചതും സ്വന്തം ജേഷ്ഠൻ തന്നെയാണ്. മുകേഷിന്റെ ഭാര്യ നിത മുൻകൈ എടുത്തതോടെ ഇപ്പോൾ റിലയൻസ് കുടുംബത്തിൽ സമ്പൂർണ്ണ ഐക്യവുമായി.

ചരിത്രം അവർത്തിക്കാതിരിക്കാൻ മുകേഷ്

അനിലിന്റെ അനുഭവത്തിൽനിന്ന് ഒരു പാഠം പഠിച്ച് ചരിത്രം, ആവർത്തിക്കാതിരിക്കാനുള്ള നീക്കത്തിലാണ് മുകേഷ് എന്നാണ്, രവീന്ദ്ര് സാന്തെയെപ്പോലുള്ള ബിസിനിസ് അനലിസ്റ്റുകൾ അഭിപ്രായപ്പെട്ടുന്നത്. എവിടെയാണ് അനിലിന് പിഴച്ചതെന്ന അന്വേഷണങ്ങളും, ധാരാളം ഉണ്ടായിട്ടുണ്ട്. ബിസിസനസ് സ്്റ്റഡീസിൽ വിദഗ്ധനും, എഴുത്തുകാരനുമായ ഡി കോസലമൂർത്തി പറയുന്നത്, അനിലിലെ തകർത്തത് മകേഷ് അല്ല സ്വന്തം കഴിവുകേട് തനെയാണെന്നാണ്. '' ധീരുഭായി അംബാനിയുടെ ഡിറ്റോയാണ് താനെന്ന പ്രതിഛായയാണ് അനിലിന് സ്വയം ഉണ്ടായിരുന്നത്. പിതാവിനെപ്പോലെ താൻ എടുക്കുന്ന കാര്യങ്ങൾ ഒക്കെ ശരിയാവുമെന്ന് അയാൾ അന്ധമായി വിശ്വസിച്ചു. ഒരിക്കലും, വിദഗ്ധരുടെ സേവനവും സഹായവും തേടിയില്ല. എന്നാൽ പയ്യെതിന്നാൽ പനയും തിന്നാം നിലപാടായിരുന്നു മുകേഷിന്. മുകേഷ് പിഎംഎസ് പ്രസാദ്, മനോജ് മോദി തുടങ്ങിയവരെ താക്കോൽ സ്ഥാനങ്ങളേൽപിച്ചു. ഇത്തരത്തിൽ പ്രഗത്ഭരുടെ സഹായം അനിൽ തേടിയില്ല. ''- കോസലമൂർത്തി വ്യക്തമാക്കുന്നു.

റിലയൻസിന്റെ കുടുംബ ചരിത്രം എഴുതിയ രഞ്ജൻ മിശ്ര, അത്യാഗ്രഹമാണ് അനിലിന്റെ പരാജയത്തിന് കാരണമായി വിലയിരുത്തപ്പെടുന്നത്.- ''2010 മുതൽ അനുവദിക്കപ്പെട്ട, റിസ്‌ക് കൂടിയ വൻ മുതൽമുടക്ക് ആവശ്യമുള്ള അടിസ്ഥാനമേഖലാ പദ്ധതികൾ, പൊതുമേഖലാ ബാങ്കുകളിൽനിന്നും ഇവയ്ക്ക് സുലഭമായി ലഭിച്ച വായ്പകൾ ഇവയാണ് അനിലെ ഈ മേഖലകളിലേയ്ക്ക് ആകർഷിച്ചത്. എന്നാൽ രണ്ടാം യുപിഎ സർക്കാർ പല കുംഭകോണങ്ങളിലും പെട്ടതോടെ ഭരണ/ഉദ്യോഗസ്ഥതലത്തിൽ നയരൂപീകരണത്തിലും തീരുമാനങ്ങളെടുക്കുന്നതിലും വിമുഖതയുണ്ടായി. പിന്നെ സമ്പദ്വ്യവസ്ഥയിൽ മാന്ദ്യവും കൂടിയായപ്പോൾ ഇൻഫ്രാസ്ട്രക്ച്ചർ പദ്ധതികൾ പാതിവഴിയിൽ നിലച്ചു. അവരെടുത്ത വായ്പകളുടെ തിരിച്ചടവും മുടങ്ങി. ഇൻഫ്രാസ്ട്രക്ച്ചർ മേഖലയിൽ വൻസാന്നിധ്യമുണ്ടായിരുന്ന അനിലിനെ ഇത് സാരമായി ബാധിച്ചു.''-മിശ്ര ചൂണ്ടിക്കാട്ടി.

2020ന്റെ തുടക്കത്തിൽ റിലയൻസ് ഇൻഡസ്ട്രീസീനും വൻ കടബാധ്യതയുണ്ടായിരുന്നു. ടെലികോം, റീടെയിൽ എന്നിവയുടെ നിക്ഷേപങ്ങൾക്കായിരുന്നു അത്. പക്ഷെ അന്നത്തെ കോവിഡ് സാഹചര്യത്തിലും ഒന്നരലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപം ഫേസ്‌ബുക്ക്, ഗൂഗിൾ തുടങ്ങിയവരിൽനിന്നും സമാഹരിച്ച് കമ്പനിയെ കടമുക്തം ആക്കാൻ മുകേഷിനു കഴിഞ്ഞു. അരലക്ഷം കോടിരൂപ അവകാശ ഓഹരിവഴിയും സമാഹരിച്ചു

ക്രൂഡ്ഓയിൽ, പെട്രോകെമിക്കൽ മേഖലയിൽ മാത്രമായിരുന്ന ഗ്രൂപ്പിനെ മുകേഷ് ഉപഭോക്തൃ മേഖലയിലേക്ക് വ്യാപിപ്പിച്ചു. അതിലൂടെ ലഭിക്കുന്ന കോടിക്കണക്കിന് വ്യക്തികളുടെ ഡാറ്റാബേസ് ഇന്ത്യ പോലൊരു വലിയ വിപണിയിൽ ഇനിയും വളരാൻ ഫേസ്‌ബുക്ക്, ഗൂഗിൾ പോലുള്ള കമ്പനികൾക്ക് ഇതങ്ങേയറ്റം ആവശ്യമാണ്.അതവരെ റിലയൻസിൽ നിക്ഷേപിക്കാൻ പ്രേരിപ്പിച്ചു. സൗരോർജ, ഹരിത ഹൈഡ്രജൻ പദ്ധതികളിലും മുകേഷ് വലിയ നിക്ഷേപം നടത്തി.

ഇത്തരത്തിൽ ദീർഘ വീക്ഷണത്തോടുകൂടിയ വൈവിധ്യവൽക്കരണമല്ല അനിൽ നടത്തിയത്. മൂലധനം ആകർഷിച്ച് കടം വീട്ടാനുള്ള സാമർഥ്യവും അനിലിനുണ്ടായില്ല. അനിലിന്റെ കമ്പനികൾ ഇത്തരം നിക്ഷേപങ്ങൾ ആകർഷിക്കാൻ പോന്നതായിരുന്നില്ല. അതുപോലെ മുകേഷിന്റെ എറ്റവും വലിയ കരുത്ത് റിലയൻസ് ഫൗണ്ടേഷൻ എന്ന ചാരിറ്റി സംഘടനയിലൂടെ പതിനായിരം കോടി വരുന്ന സാമൂഹിക പ്രവർത്തനം നടത്തുന്ന ഭാര്യ നിതാ അംബാനിയുടെ ഉപദേശമാണ്.

റിലയൻസിന്റെ കുടുംബ ചരിത്രം എഴുതിയ രഞ്ജൻ മിശ്ര ചൂണ്ടിക്കാട്ടിയതുപോലെ, സ്തുതിപാഠകർ അല്ലാതെ നല്ലത് പറഞ്ഞുകൊടുത്താൻ അനിലിന്റെ കൂടെ അധികം ആരും ഉണ്ടായിരുന്നില്ല. ഈ അനുഭവത്തിൽ്നിന്ന് എല്ലാമാണ് എല്ലാം മെറിറ്റ് അടിസ്ഥാനത്തിൽ ആവണമെന്നും, എടുത്തുചാട്ടം വേണ്ട എന്നത് അടക്കമുള്ള കാര്യങ്ങളിലേക്ക് മുകേഷ് നീങ്ങാനിടയാക്കിയത്. അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ തലമുറ മാറ്റവും.

നടക്കുന്നത് ടാറ്റമോഡൽ മാറ്റം

അടുത്തകാലംവരെയക്കും അംബാനി ഗ്രൂപ്പിനെക്കുറിച്ചുള്ള ഒരു പരാതി അത് സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ കാര്യമായി ഇടപെടുന്നില്ല എന്നതായിരുന്നു. ഏതാനും വർഷങ്ങൾക്ക് മുമ്പ് രത്തൻടാറ്റക്ക് ബിസിനസ് അച്ചീവ്മെന്റ് അവാർഡ് സമ്മാനിക്കവേ, ഒരു മാധ്യമ പ്രവർത്തകൻ ഇങ്ങനെ ചോദിച്ചു. -''ടാറ്റ കുടുംബം തലമുറകളായി ഇന്ത്യയിൽ ബിസിനസ് ചെയ്യുന്നവരാണ്. എന്നാൽ ഇന്നലെ എന്നോണം വന്ന അംബാനി ഇവിടെ വളരെ പെട്ടെന്നാണെല്ലോ ശതകോടീശ്വരന്മാർ ആയത്. ഇതിൽ എന്താണ് താങ്കൾക്ക് പറയാനുള്ളത്''-ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായിക്ക് മറുപടി പറയാൻ ഒരു ആലോചനയും വേണ്ടി വന്നില്ല.

''അംബാനി ഒരു നല്ല ബിസിനസുകാരനാണ്. കമ്പനിയുടെ ലാഭമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. അതിൽ ഒരു തെറ്റുപറയാനും കഴിയില്ല. പക്ഷേ ഞങ്ങൾ ഒരു ബിസിനസുകാർ മാത്രമല്ല. ഒരു ഇൻഡസ്ട്രിയലിസ്റ്റാണ്. ഞങ്ങൾക്ക് ബിസിനസിന് അപ്പുറം ഇന്ത്യയെ പുനർ നിർമ്മിക്കാനുള്ള ഉത്തരവാദിത്വം കൂടിയുണ്ട്.''- ടാറ്റാ ഗ്രൂപ്പിന്റെ മുഴുവൻ ആസ്തിയും തന്റെ പേരിലേക്ക് മാറ്റിയാൽ, ലോകത്തിലെ ഏറ്റവും വലിയ ധനികൻ ആകുമായിരുന്ന ആ മനുഷ്യൻ ഇതുപറയുമ്പോൾ സദസ്സിൽ നിറഞ്ഞ കൈയടി. ഇൻഫോസിസ് നാരായണ മൂർത്തി നേരെ എണീറ്റുവന്ന് കാൽക്കൽതൊട്ട് നമസ്‌ക്കരിക്കാൻ തുനിഞ്ഞു. രത്തൻ ടാറ്റ അദ്ദേഹത്തെ സ്നേഹപൂർവം വിലക്കി.

അതായത് ലാഭം മാത്രം ലക്ഷ്യമിട്ടുള്ള കമ്പനി എന്നായിരുന്നു അംബാനിമാരെക്കുറിച്ചുള്ള പൊതുധാരണം. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിത അംബാനിയുടെ നേതൃത്വത്തിൽ കോടികളുടെ ചാരിറ്റി പ്രവർത്തനങ്ങൾ അംബാനി ഗ്രൂപ്പ് നടത്തുന്നുണ്ട്.
കോവിഡ്കാലത്തെ ജീവകാരുണ്യ പ്രവർത്തനങ്ങൾ വഴിയാണ് നിത വലിയ രീതിയിൽ പ്രശംസ പിടിച്ചുപറ്റിയത്. മുംബൈ കോർപറേഷനുമായി സഹകരിച്ച് സൗജന്യ ചികിൽസക്കായി ഇന്ത്യയിലെ ആദ്യത്തെ കോവിഡ് സ്പെഷൽറ്റി ഹോസ്പിറ്റൽ സ്ഥാപിക്കുകയാണ് ആദ്യം തന്നെ അവർ ചെയ്തത്. ആദ്യം 250 ബെഡ് പിന്നീടത് 2000 ബെഡ്ഡാക്കി ഉയർത്തി.

പ്രതിദിനം 15000 കോവിഡ് ടെസ്റ്റുകൾ ചെയ്യാൻ പറ്റുന്ന ലാബും സ്ഥാപിച്ചു. റിലയൻസിന്റെ ജം നഗർ കോംപ്ലക്സിനെ ഒരു ലക്ഷം പിപിഇ കിറ്റുകളും മാസ്‌ക്കുകളും മെഡിക്കൽ ഗ്രേഡ് ഓക്സിജനും ഉൽപാദിപ്പിക്കാനുള്ള കേന്ദ്രമാക്കി മാറ്റി. ജിയോ ഹെൽത്ത് ക്ലബ് എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം സ്ഥാപിച്ച് 25 ലക്ഷം പേർക്ക് സൗജന്യ വാക്സിനേഷൻ നൽകി. എട്ടര കോടി പേർക്കാണ് സൗജന്യ ഭക്ഷണമൊരുക്കിയത്. മൃഗങ്ങളെയും മറന്നില്ല അവർ. മൃഗ സംരക്ഷണത്തിന് 20 മൃഗ ആംബുലൻസുകൾ ഇറക്കി. ഇന്ന് അംബാനി ഫൗണ്ടേഷൻ ഇന്ത്യയിലെ ഏറ്റവും വലിയ ചാരിറ്റി സംഘടനയാണ്.

ഈ കാരണങ്ങൾകൊണ്ട് ഒക്കെ തന്നെ ടാറ്റയപ്പോലെ ഇന്ത്യയുടെ വികാരമായി അംബാനി ഗ്രൂപ്പും വളർന്നുവരികയാണ്. അപ്പോഴാണ് അവർ രത്തൻ ടാറ്റയുടെ മാതൃകയിലുള്ള പിന്തുടർച്ചയും കൊണ്ടുവരുന്നത്. നൂറിലധികം കമ്പനികളിലായി വിഭജിച്ച് കിടക്കുന്ന തേയിലതൊട്ട് ഐ.ടിവരെ വളർന്നുകിടക്കുന്ന വലിയ സാമ്രാജ്യമാണ് ടാറ്റ. ഓരോ കമ്പനിക്കും ഓരോ ഡയറക്ടർ ബോർഡ് ഉണ്ടെങ്കിലു,ം ടാറ്റാ സൺസ് ആണ് മാതൃ കമ്പനി. അവർ തന്നെയാണ് മുഖ്യ ഷെയർ ഹോൾഡഴ്സും. അതായത് കമ്പനിയുടെ ലാഭം പോകുന്നതും ടാറ്റ സൺസിലേക്കാണ്. ഈ ടാറ്റ സൺസിന്റെ ഘടന നോക്കുമ്പോഴാണ് നാം ഞെട്ടുക. അത് ടാറ്റാകുടുംബത്തിന്റെ മക്കളും മരുമക്കളും മാത്രമുള്ള സംഘടനയല്ല. ടാറ്റാ സൺസിന്റെ ലാഭത്തിന്റെ 70 ശതമാനം പല ട്രസ്റ്റുകൾക്കും. ചാരിറ്റി- എഡുക്കേഷൻ സംഘടനകൾക്കുമാണ്! ടാറ്റയുടെ അത്രയൊന്നും എത്തിയില്ലെങ്കിലും രാഷ്ട്ര പുനർ നിർമ്മാണത്തിൽ അതി ശക്തമായ ഇടപെടുന്നന്ന വ്യാവസായികൾ എന്ന രീതിയിൽ അംബാനി ഗ്രൂപ്പും മാറുകയാണ്.

വാൽക്കഷ്ണം: ബിസിനസ് കുടുബങ്ങളിൽ കാര്യങ്ങൾ പുർണ്ണമായും മെറിറ്റ് അടിസ്ഥാനത്തിലാക്കിയാൽ ചിലപ്പോൾ കാര്യങ്ങൾ കൈയിൽനിന്ന് പോവുമെന്ന് ടാറ്റയിലെ തന്നെ അനുഭവം ഉണ്ട്. സൈറസ് മിസ്ട്രി സിഇഒ ആയതോടെ ടാറ്റയുടെ കക്ഷിരാഷ്ട്രീയ നിഷ്്പക്ഷതപോലും ഇല്ലാതായി എന്ന് വിമർശനം ഉയർന്നിരുന്നു. വിശ്രമത്തിനുപോയ രത്തൻ ടാറ്റ തിരിച്ചുവന്ന് , സൈറസ് മിസ്ട്രിയെ പുറത്താക്കി കമ്പനി തിരിച്ചുപിടിച്ചതെല്ലാം ചരിത്രം. അംബാനി ഗ്രൂപ്പ് ഇക്കാര്യവും പരിശോധിക്കുന്നുണ്ടാവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP