Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202302Saturday

പഞ്ചാബികളായ മുത്തശ്ശനും മുത്തശ്ശിയും ആദ്യം പോയത് കിഴക്കൻ ആഫ്രിക്കയിലേക്ക്; 60കളിൽ കുട്ടികളുമായി ബ്രിട്ടനിലേക്ക് കുടിയേറി; അച്ഛൻ ഡോക്ടറും അമ്മ ഫാർമസിസ്റ്റുമായത് ഋഷിയെ മിടുക്കനാക്കി മാറ്റി; ഫിനാൻസ് മാനേജ്മെന്റിലെ അഗ്രഗണ്യൻ സ്റ്റാൻഡ്ഫോർഡിൽ എം ബി എ പഠിക്കുമ്പോൾ നാരായണ മൂർത്തിയുടെ മകളെ സ്വന്തമാക്കി; 42-ാം വയസ്സിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന ഋഷിയുടെ കഥ

പഞ്ചാബികളായ മുത്തശ്ശനും മുത്തശ്ശിയും ആദ്യം പോയത് കിഴക്കൻ ആഫ്രിക്കയിലേക്ക്; 60കളിൽ കുട്ടികളുമായി ബ്രിട്ടനിലേക്ക് കുടിയേറി; അച്ഛൻ ഡോക്ടറും അമ്മ ഫാർമസിസ്റ്റുമായത് ഋഷിയെ മിടുക്കനാക്കി മാറ്റി; ഫിനാൻസ് മാനേജ്മെന്റിലെ അഗ്രഗണ്യൻ സ്റ്റാൻഡ്ഫോർഡിൽ എം ബി എ പഠിക്കുമ്പോൾ നാരായണ മൂർത്തിയുടെ മകളെ സ്വന്തമാക്കി; 42-ാം വയസ്സിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന ഋഷിയുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: മറ്റ് അദ്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ, ഋഷി സുനാക് എന്ന ഇന്ത്യൻ വംശജൻ അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇതോടെ കർമ്മചക്രം അതിന്റെ ഒരു ചുറ്റ് പൂർത്തിയാക്കിയിരിക്കുന്നു. രണ്ട് നൂറ്റാണ്ടിലേറെ ഇന്ത്യയെ ഭരിച്ച ബ്രിട്ടനെ ഒരു ഇന്ത്യാക്കാരൻ ഭരിക്കാൻ പോവുകയാണ്. ആ ചക്രപൂർത്തീകരണത്തിനുള്ള നിയോഗം വന്ന് വീണിരിക്കുന്നത് ഋഷി സുനാക് എന്ന പഞ്ചാബി വംശജന്റെ ചുമലിലും.

കുടുംബമാണ് തനിക്ക് വലുത് എന്ന് തുറന്ന് പ്രഖ്യാപിക്കുന്ന ഋഷി, വിദേശത്ത് ജനിച്ചു വളർന്നിട്ടും, പ്രശസ്തമായ സർവ്വകലാശാലകളിൽ പഠിച്ച് ജയിച്ചിട്ടും ഭാരതീയ മൂല്യങ്ങൾ ഇന്നും വ്യക്തിജീവിതത്തിൽ കൈവിടാതെ സൂക്ഷിക്കുന്ന വ്യക്തിയാണ്. അതുകൊണ്ടു തന്നെയാണ് ധർമ്മാധർമ്മങ്ങളെ കുറിച്ച് പാശ്ചാത്യ ചിന്താധാരയിൽ നിന്നും മാറി ചിന്തിക്കുന്നതും. നികുതിയുമായി ബന്ധപ്പെട്ട ഒരു ആരോപണം തന്റെ പത്നിക്ക് നേരെ ഉയർന്നപ്പോൾ ഏതു വിധേനയും അതിനെ ന്യായീകരിക്കാൻ ഋഷി ശ്രമിച്ചില്ല.

നിയമപരമായി കൊടുക്കേണ്ട നികുതി അല്ലാത്തതുകൊണ്ടു പോലും ധാർമ്മികത ഉയർത്തിപ്പിടിച്ച് അത് നൽകുകയായിരുന്നു പത്നി അക്ഷത മൂർത്തിയും ചെയ്തത്. സ്വന്തം ജീവിതത്തിലും ഭാരതീയ മൂല്യങ്ങളെ എക്കാലവും ഉയർത്തിപ്പിടിക്കുന്ന നാരായണ മൂർത്തിയുടെ മകൾക്ക് അങ്ങനെ ആകാതിരിക്കാൻ കഴിയില്ല എന്നത് മറ്റൊരു വാസ്തവം.

ബ്രിട്ടനെ ഭരിക്കാനുള്ള നിയോഗം വന്നു വീണത് ഏതെങ്കിലും ഒരു ഇന്ത്യൻ വംശജനല്ല, മറിച്ച് ഭാരതീയതയെ നെഞ്ചേറ്റി ലാളിക്കുന്ന യഥാർത്ഥ ഇന്ത്യന് തന്നെയാണെന്ന് ചുരുക്കം. അതുകൊണ്ടു തന്നെ ബ്രിട്ടനിലെ ഇന്ത്യൻ കുടിയേറ്റ കുടുംബത്തിലെ മൂന്നാം തലമുറക്കാരൻ ബ്രിട്ടനെ നയിക്കാൻ എത്തുമ്പോൾ അതിൽ ഓരോ ഇന്ത്യാക്കാരനും അഭിമാനിക്കാൻ ഏറേയുണ്ട്.

പഞ്ചാബിൽ നിന്നും ആഫ്രിക്ക വഴി ലണ്ടനിലേക്ക്

പഞ്ചാബിലെ ഉൾനാടൻ ഗ്രാമത്തിൽ നിന്നും കിഴക്കൻ ആഫ്രിക്കയിലേക്ക് കുടിയേറിയവരായിരുന്നു ഋഷിയുടെ മാതാപിതാക്കളുടെ കുടുംബങ്ങൾ. അദ്ദേഹത്തിന്റെ പിതാവ് യശ്വീർ സുനാക് ജനിക്കുന്നത് കെനിയയിൽ ആണ്. മാതാവ് ഉഷയുടെ ജനനം ടാൻഗാന്യികയിലും. അദ്ദേഹത്തിന്റെ അമ്മയുടെ പിതാവിന് സ്തുത്യർഹമായ സേവനത്തിന് ബ്രിട്ടീഷ് സർക്കാർ നൽകുന്ന എം ബി ഇ (മെംബർ ഓഫ് ദി ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എമ്പയർ) അവാർഡും ലഭിച്ചിട്ടുണ്ട്. 1960 കളിൽ ആയിരുന്നു ഇരുവരുടെയും കുടുംബങ്ങൾ കുട്ടികളുമൊത്ത് ബ്രിട്ടനിലേക്ക് കുറിയേറുന്നത്.

അതിനു പിറകിലും രസകരമായ ഒരു കഥയുണ്ട്. ഒരിക്കൽ ഋഷി തന്നെ പറഞ്ഞതണത്. തന്റെ അമ്മയുടെ അമ്മയായിരുന്നു ആദ്യം ബ്രിട്ടനിൽ എത്തുന്നത്. തനിക്കും കുടുംബത്തിനും നല്ലൊരു ജീവിതം കെട്ടിപ്പടുക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ബ്രിട്ടനിൽ എത്തിയ അവർ ലണ്ടനിൽ ഒരു ജോലി സമ്പാദിച്ചു. എന്നിട്ടും, തന്റെ ഭർത്താവിനെയും കുട്ടികളേയും ലണ്ടനിലേക്ക് കൊണ്ടു വരുന്നതിനുള്ള പണം സമാഹരിക്കുവാനായി, ഒരു വർഷക്കാലത്തോളം അവർക്ക് അധിക സമയം ജോലി ചെയ്യേണ്ടതായി വന്നു.

തളരാതെ നിശ്ചയദാർഢ്യത്തോടെ പ്രവർത്തിച്ച് അവർ തനെ ലക്ഷ്യം നേടി. ഒരു വർഷത്തിനു ശേഷം അവർ ഭർത്താവിനെയും കുട്ടികളേയും ലണ്ടനിൽ എത്തിച്ചു. അതിൽ ഒരു കുട്ടിയായിരുന്നു ഋഷി സുനാകിന്റെ അമ്മ. പഠനത്തിൽ സമർത്ഥയായിരുന്ന ഉഷ പഠിച്ച് ഒരു ഫാർമസിസ്റ്റ് ആയി. പിന്നീട് എൻ എച്ച് എസ് ജി പിയിൽ വെച്ച് യശ്വീറിനെ കണ്ടുമുട്ടുകയായിരുന്നു. അവരുടെ കഥ അവിടെ അവസാനിക്കുന്നില്ലെങ്കിലും തന്റെ കഥ അവിടെ തുടങ്ങുകയാണെന്നായിരുന്നു അന്ന് ഋഷി പറഞ്ഞത്.

ബ്രിട്ടനിൽ പഠിച്ചു വളർന്ന യശ്വീർ സുനാക് എൻ എച്ച് എസിൽ ഒരു ജനറൽ പ്രാക്ടീഷണർ ആയി. അമ്മ ഒരു ഫാർമസി നടത്തുകയായിരുന്നു. 198-ൽ മാതാപിതാക്കളുടെ മൂത്ത മകനായിട്ടായിരുന്നു ഋഷി സുനാകിന്റെ ജനനം. സഞ്ചയ്, രാഖി എന്നീ സഹോദരങ്ങൾ കൂടിയുണ്ട്.തനിക്ക് ഏറ്റവും വലുത് തന്റെ കുടുംബമാണെന്ന് പറയുന്ന ഋഷി പറയുന്നത് പക്ഷെ ബ്രിട്ടൻ ആണ് തന്നെപ്പോലെ ലക്ഷങ്ങൾക്ക് നല്ലൊരു ഭാവിയൊരുക്കുവാനുള്ള അവസരം നൽകിയത് എന്നാണ്.

നൂറു ശതമാനം ബ്രിട്ടീഷുകാരൻ

തന്റെ സാംസ്‌കാരികവും മതപരവുമായ പൈതൃകം ഭാരതീയതയിൽ ഊന്നിക്കൊണ്ടുള്ളതാണെന്ന് പറയുമ്പോഴും ഋഷി സുനാക് പറയുന്നത് താൻ നൂറു ശതമാനം ബ്രിട്ടീഷുകാരൻ ആണെന്നാണ്. സെൻസസ് കോളങ്ങളിൽ ബ്രിട്ടീഷ് ഇന്ത്യൻ എന്നൊരു കോളം ഉള്ളതിനാൽ താൻ അതിൽ അടയാളപ്പെടുത്തും, എന്നാൽ, താൻ നൂറു ശതമാനവും ഒരു ബ്രിട്ടീഷുകാരനാണെന്നായിരുന്നു അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞത്.

അതേസമയം, മാതാപിതാക്കളിൽ നിന്നും പകർന്നുകിട്ടിയ സംസ്‌കാരവും പൈതൃകവും ഒരിക്കലും കൈവിട്ടുകളയുകയുമില്ലെന്ന് അദ്ദേഹം പറഞ്ഞു. താൻ ഒരു ഹിന്ദുമത വിശ്വാസിയാണെന്ന് തുറന്നു പറയുന്ന ഋഷി സുനാക്, അപ്പോഴും ഉറപ്പിച്ചു പറയുന്നു, തനിക്ക് ജീവിതത്തിൽ എല്ലാം നൽകിയത് തന്റെ പിറന്നനാടായ ബ്രിട്ടൻ തന്നെയാണെന്ന്. ജനനിയും ജന്മഭൂമിയും സ്വർഗ്ഗത്തേക്കാൾ മനോഹരമാണെന്ന ഇന്ത്യൻ ആശയ സംഹിതയുടെ മറ്റൊരു ഉദാഹരണം..

വിവാഹത്തിലേക്ക്

ഹാംപ്ഷയറിലായിരുന്നു ഋഷിയുടെ സ്‌കൂൾ വിദ്യാഭ്യാസം. പിന്നീട് വിൻചെസ്റ്റർ കോളേജിലും പഠനം നടത്തി. വേനലവധികളിൽ സൗത്താംപ്ടണിലെ ഒരു കറി ഹൗസിൽ വെയ്റ്റർ ആയും ജോലി നോക്കിയിരുന്നു. പിന്നീട് ഓക്സ്ഫോർഡിലെ ലിങ്കൺ കോളേജിൽ ഫിലോസഫി പൊളിടിക്സ്, എക്കണോമിക്സ് വിഷയങ്ങളിൽ പഠനം തുടർന്ന ഋഷി 2001 -ൽ ബിരുദധാരിയായി.

പിന്നീട്കാലിഫോർണിയയിലെ സ്റ്റാൻഫൊർഡ് യൂണിവേഴ്സിറ്റിയിൽ എം ബി എ പഠനത്തിനായി എത്തി. അവിടെ വച്ചാണ് ഇന്ത്യൻ ശതകോടീശ്വരനും, ഇൻഫോസിസിന്റെ സഹസ്ഥാപകനുമായ എൻ ആർ നാരായണ മൂർത്തിയുടെ മകൾ അക്ഷതയെ കണ്ടുമുട്ടുന്നത്. 2009-ൽ ബാംഗ്ലൂരിൽ വെച്ച് ഇരുവരും വിവാഹിതരായി. തന്റെ ഭാര്യാ പിതാവിന്റെ നേട്ടങ്ങളുടെ പത്തിലൊന്ന് നേടാൻ തനിക്കായെങ്കിൽ താൻ സന്തോഷവാനാനെന്ന് ഒരിക്കൽ സൺ ദിനപ്പത്രത്തിനു നൽകിയ അഭിമുഖത്തിൽ ഋഷി പറഞ്ഞിരുന്നു. തന്റെ ഭാര്യാപിതാവിന്റെ നേട്ടങ്ങളിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇവർക്ക് രണ്ട് പുത്രിമാരാണ് ഉള്ളത്.

ബ്രിട്ടനിൽ ജനിച്ചുവളർന്ന് ബ്രിട്ടനെ സ്നേഹിക്കുന്ന ഋഷിയെ പോലെ ഇന്ത്യയിൽ ജനിച്ചു വളർന്ന അക്ഷതയും തന്റെ പിറന്ന മണ്ണിനെ ഏറെ സ്നേഹിക്കുന്ന വനിതയാണ് ഇപ്പോഴും ഇന്ത്യൻ പൗരത്വം കാത്തു സൂക്ഷിക്കുന്ന അവർ അതിന്റെ പേരിൽ വിവാദത്തിൽ ആകുകയും ചെയ്തു. ബ്രിട്ടനിൽ നോൺ-ഡോമിസിൽ സ്റ്റാറ്റസ്സുള്ളഅവർക്ക് നിയമപരമായി തന്നെ 39.35 ശതമാനത്തിന്റെ ഡിവിഡണ്ട് ടാക്സ് നൽകേണ്ടതില്ല. എന്നാൽ, ഋഷി ചാൻസലർ ആയിരിക്കുമ്പോൾ നിയമത്തിന്റെ പഴുത് ഉപയോഗിച്ച് പത്നി നികുതിയിൽ നിന്നും രക്ഷപ്പെടുന്നു എന്നായിരുന്നു ആരോപണം.

തന്റെ ഭാര്യ ഒരു വ്യക്തിയാണെന്നും, ഏത് രാജ്യത്തിന്റെ പൗരത്വം സ്വീകരിക്കണം എന്നുള്ളത് അവരുടെ മാത്രം അഭിപ്രായമാണെന്നും ഋഷി അന്ന് പറഞ്ഞിരുന്നു. ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കാൻ തയ്യാറാകാത്ത അക്ഷിത, അന്ന്, നിയമപരമായി നൽകേണ്ടതില്ലെങ്കിൽ കൂടി ധാർമ്മികതയുടെ പേരിൽ 20 മില്യൺ പൗണ്ടോളം ഡിവിഡന്റ് ടാക്സ് കെട്ടുകയുണ്ടായി. ഇതോടെ ഋഷിയുടെ എതിരാളികൾ മൗനത്തിലുമായി.

ബിസിനസ്സ് രംഗത്തേക്ക്

ഇൻവെസ്റ്റ്മെന്റ് ബാങ്കായ ഗോൾഡ്മാൻ സാഷ്സിനു വേണ്ടി 2001 മുതൽ 2004 വരെ ഒരു അനാലിസ്റ്റായി ജോലി ചെയ്തുകൊണ്ടായിരുന്നു ഋഷി സുനാക് തൊഴിൽ മേഖലയിൽ ആരാംഭം കുറിച്ചത്. അതിനുശേഷം ഹെഡ്ജ് ഫണ്ട് മാനേജ്മെന്റ് കമ്പനിയായ ചിൽഡ്രൻസ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് മാനേജ്മെന്റിനു വേണ്ടിയും അദ്ദേഹം ജോലി ചെയ്തു. 2006- ൽ ആസ്ഥാപനത്തിൽ ഒരു പങ്കാളിയാവുകയും ചെയ്തു. പിന്നീട് അത് വിട്ട് 2009ൽ കാലിഫോർണിയയിൽ എത്തി തന്റെ ഒരു മുൻ സഹപ്രവർത്തകനോടൊപ്പം പുതിയൊരു സ്ഥാപനം ആരംഭിച്ചു.

2010-ൽ ആരംഭിയച്ച തെലെം പാർട്നഴ്സ്അന്ന് 700 മില്യൺ ഡോളറുമായായിരുന്നു ആരംഭിച്ചത്. അതിനുപുറമെ 2013 നും 2015 നും ഇടയിൽ തന്റെ ഭാര്യാപിതാവായ നാരായണ മൂർത്തിയുടെ നിക്ഷേപ കമ്പനിയായ കറ്റാമാരൻ വെഞ്ചേഴ്സിൽ ഡയറക്ടർ ആയും ഋഷി സുനാക് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

രാഷ്ട്രീയത്തിലേക്ക്

2014- ൽ വെൻഡി മോർട്ടണെ പിന്തള്ളിക്കൊണ്ട് ഋഷി സുനാക് റിച്ച്മോണ്ട് (യോർക്ക്സ്) നിയോജകമണ്ഡലത്തിൽ നിന്നുള്ള കൺസർവേറ്റീവ് സ്ഥാനാർത്ഥിയായി. ഏകദേശം 100 വർഷക്കാലത്തിലധികമായി കൺസർവേറ്റീവ് സ്ഥാനാർത്ഥികളെ മാത്രം ജയിപ്പിക്കുന്ന ഇവിടം കൺസർവേറ്റീവ് പാർട്ടികളുടെ ഉറച്ച മണ്ഡലങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. 2015-ൽ 19,550 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 2015-17 കാലഘട്ടത്തിൽ പാർലമെന്റിലെ പരിസ്ഥിതി, ഭക്ഷ്യ, ഗ്രാമീണകാര്യ സെലക്ട കമ്മിറ്റി അംഗമായിരുന്നു.

യൂറോപ്യൻ യൂണിയനിൽ നിന്നും ബ്രിട്ടൻ വിട്ടുപോകണമെന്ന് വാദിക്കുന്നവരുടെ കൂട്ടത്തിലായിരുന്നു ഋഷി. 2016 ലെ റഫറണ്ടത്തിൽ ബ്രെക്സിറ്റിന് അനുകൂലമായ ശക്തമായ നിലപാട് എടുത്ത വ്യക്തിയാണ് ഋഷി സുനാക്. 2017-ൽ കൂടുതൽ ഭൂരിപക്ഷത്തോടെ അതേ നിയോജകമൺഫലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഋഷി സുനാക്, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയി നിയമിക്കപ്പെട്ടു. പിന്നീട് 2019- ലെ തെരഞ്ഞെടുപ്പിൽ ബോറിസ് ജോൺസന്റെ സ്ഥാനാർത്ഥിത്തത്തെ പിന്താങ്ങിയ ഋഷി അദ്ദേഹത്തിന്റെ സർക്കാരിൽ ചാൻസലർ പദവിയിലെക്ക് എത്തുകയും ചെയ്തു.

ബോറിസുമായി വേർപിരിയുന്നു

ബോറിസ് ജോൺസന്റെ വളരെ അടുപ്പക്കാരനായിട്ടായിരുന്നു ഋഷി അറിയപ്പെട്ടിരുന്നതെങ്കിലും സാമ്പത്തിക നയത്തിന്റെ കാര്യത്തിൽ ഇരുവർക്കുമിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ധാരാളം ഉണ്ടായിരുന്നതായി ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നിൂ. കോവിഡ് കാലത്ത് ഋഷി പ്രഖ്യാപിച്ച പല സാമ്പത്തിക പാക്കേജുകളും ബ്രിട്ടീഷ് ജനതയെ ഋഷിയോട് ഏറെ അടുപ്പിച്ചു. അടുത്ത പൊതു തെരഞ്ഞെടുപ്പിൽ ഋഹി സുനാകായിരിക്കും പ്രധാനമന്ത്രി സ്ഥാനാർത്ഥി എന്നു വരെ മാധ്യമങ്ങൾ എഴുതി.

ഇതിനിടയിലാന് പാർട്ടിക്കുള്ളിൽ ബോറിസ് ജോൺസനെതിരെ വിമതർ തലപൊക്കാൻ തുടങ്ങിയിരുന്നു. കോവിഡ് കാല നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വിരുന്നു നടന്നെന്ന വാർത്ത പുറത്തു വന്നതോട് അത് കനത്തു. ബോറിസ് ജോൺസൻ പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചു എന്ന് വന്നതോടെ പാർട്ടിയിലെ വിഭാഗീയത അതിന്റെ മൂർദ്ധന്യാസ്ഥയിലെത്തി. തുടർന്നായിരുന്നു ഋഷി സുനാകിന്റെ രാജി. അതിനെ തുടർന്ന് നിരവധി മന്ത്രിമാർ രാജി സമർപ്പിച്ചു. അത് ബോറിസ് ജോൺസന്റെ പതനത്തിനു കാരണമായി.

പ്രധാനമന്ത്രി പദത്തിലേക്ക്

ബോറിസ് ജോൺസന്റെപിൻഗാമിയെ തിരഞ്ഞെടുക്കാനുള്ള മത്സരത്തിൽ ഋഷിയും രംഗത്തിറങ്ങി. ബോറിസ് ജോൺസനെ പിന്നിൽ നിന്നും കുത്തിയവൻ എന്ന ദുഷ്പേരോടെയായിരുന്നു മത്സരത്തിന് ഇറങ്ങിയതെങ്കിലും, ഋഷിയുടെ ഭരണ നൈപുണ്യം അടുത്തറിഞ്ഞ എം പിമാർക്ക് അദ്ദേഹത്തെ അവഗണിക്കാൻ കഴിഞ്ഞിരുന്നില്ല. എം പിമാർ പങ്കെടുത്ത വോട്ടിങ് റൗണ്ടുകളിലെല്ലാം തന്നെ എതിരാളികളെ ബഹുദൂരം പുറകിലാക്കി മുന്നിലെത്താൻ ഋഷിക്ക് കഴിഞ്ഞത് അതുകൊണ്ടായിരുന്നു.

എന്നാൽ, സാധാരണ അംഗങ്ങൾ പങ്കെടുക്കുന്ന അവസാന റണ്ടിൽ ജനപ്രിയ നയങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് ലിസ് ട്രസ്സ് മുന്നിലെത്തി. അന്നേ ഋഷി എന്ന പരിണിത പ്രജ്ഞനനായ ഭരണ നിപുണൻ പറഞ്ഞിരുന്നു, ലിസിന്റെ നയങ്ങൾ മുത്തശ്ശിക്കഥപോലെ കേൾക്കാൻ രസമുള്ളതും തികച്ചും അപ്രായോഗികമായതുമാണെന്ന്. അത് സത്യമാണെന്ന് തെളിയിക്കുന്ന കാഴ്‌ച്ചകളായിരുന്നു പിന്നീട് ബ്രിട്ടീഷുകാർ കണ്ടത്.

ഇപ്പോഴിതാ വീണ്ടുമൊരുവട്ടം കൂടി മത്സരത്തിനിറങ്ങുമ്പോൾ, തനിക്ക് താൻ പോന്ന എതിരാളികൾ ഋഷി സുനാകിന് ഇല്ലാതെയായിരിക്കുന്നു. കടുത്ത വെല്ലുവിളി ഉയർത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ബോറിസ് ജോൺസൻ മത്സരത്തിൽ നിന്നും പിൻവാങ്ങി. മറ്റൊരു എതിരാളിയായ പെന്നീ മോർഡാന്റിന്, നോമിനേഷൻ സമർപ്പിക്കുന്നതിന് ആവശ്യമായ 100 എം പിമാരുടെ പിന്തുണ ഇനിയും ലഭിച്ചിട്ടില്ല. അതോടെ ഇനി നമ്പർ 10 ൽ താമസിക്കുക ഈ ഇന്ത്യൻ വംശജൻ ആയിരിക്കുമെന്ന് ഉറപ്പായിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP