Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202305Monday

പാർട്ടികളിൽ ആടിപ്പാടുന്ന ബിയർ നുണയുന്ന വനിതാ പ്രധാനമന്ത്രിമാർ; സൈക്കിളിൽ വരുന്ന പ്രസിഡന്റുമാർ; കോവിഡിനെ നേരിട്ടതോടെ പെൺ ഭരണം ലോക ശ്രദ്ധയിൽ; ലിസ് ട്രസ് ബ്രിട്ടന്റെ പ്രധാനമന്ത്രിയായതോടെ വനിതാ ഭരണാധികാരികളുടെ എണ്ണം 16

പാർട്ടികളിൽ ആടിപ്പാടുന്ന ബിയർ നുണയുന്ന വനിതാ പ്രധാനമന്ത്രിമാർ; സൈക്കിളിൽ വരുന്ന പ്രസിഡന്റുമാർ; കോവിഡിനെ നേരിട്ടതോടെ പെൺ ഭരണം ലോക ശ്രദ്ധയിൽ; ലിസ് ട്രസ് ബ്രിട്ടന്റെ പ്രധാനമന്ത്രിയായതോടെ വനിതാ ഭരണാധികാരികളുടെ എണ്ണം 16

എം റിജു

'സ്ത്രീകളെ എവിടെ അധികാരം എൽപ്പിച്ചാലും അവിടം നശിച്ചുപോകുമെന്ന്' പരസ്യമായി നൂറുകണക്കിന് സ്ത്രീകളെ തന്നെ സാക്ഷിയാക്കി, സ്റ്റേജിൽ പ്രസംഗിക്കുന്ന ഹുദവിമാരും, ദാരിമിമാരും, ബാലുശ്ശേരിമാരും ഉള്ള നാടാണ് നമ്മുടേത്. ഒരു പെൺകുട്ടി സ്റ്റേജിൽ കയറിയതിനുപോലും, ഒരു 'മതപണ്ഡിതൻ' ശാസിച്ചതിന്റെ കോലാഹലങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോഴും അണഞ്ഞിട്ടില്ല. ഇസ്ലാമിലെ അത്ര സ്ത്രീവിരുദ്ധതയില്ലെങ്കിലും, ഇന്ത്യയിൽ മറ്റുമതങ്ങളിലും സ്ത്രീകൾ താക്കോൽ സ്ഥാനത്തുവരുമ്പോൾ ഒരു അസ്വസ്ഥത പ്രകടമാണ്. പൊതുവെ പുരുഷാധിപത്യ പ്രവണത ഇനിയും വിട്ടുപോയിട്ടില്ലാത്ത പരമ്പരാഗത സമൂഹമാണ് കേരളത്തിൽ പോലുമുള്ളത്. വിപ്ലവപാർട്ടിയായ സിപിഎമ്മിനുപോലും ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല എന്നുപോവട്ടെ, ചരിത്രത്തിൽ ഇന്നേവരെ ഒരു സ്ത്രീ ജില്ലാ സെക്രട്ടറി ആയിട്ട് പോലുമില്ല! ( ഒരു വനിതക്ക് കിട്ടിയ മഗ്സാസെ അവാർഡുപോലും പാർട്ടി തടഞ്ഞ കാലമാണിത്)

ഈ സാഹചര്യത്തിലാണ് യൂറോപ്പിൽ നടക്കുന്ന ഒരു അതിശയകരമായ മാറ്റം നാം ശ്രദ്ധിക്കേണ്ടത്. ഇപ്പോൾ ഇന്ത്യൻ വംശജനായ ഋഷി സുനാക്കിനെ പിൻതള്ളിക്കൊണ്ട്, ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി കൺസർവേറ്റീവ് പാർട്ടി തെരഞ്ഞെടുത്തിരിക്കുന്നത് ലിസ് ട്രസ് എന്ന വനിതയെ ആണ്. ഇതോടെ ഒന്നും രണ്ടുമല്ല യൂറോപ്പിലെ വനിതാ ഭരണാധികാരികളുടെ എണ്ണം 16 ആയിരിക്കയാണ്. ശരിക്കും ഒരു വനിതാ വസന്തം!

യൂറോപ്പിൽ അധികാരത്തിൽ ഉള്ളത് 10 വനിതാ പ്രധാനമന്ത്രിമാരും ആറ് വനിതാ പ്രസിഡന്റുമാരുമാണ്. ഐസ്ലൻഡ് പ്രധാനമന്ത്രി കാതറിൻ ജേക്കബ് ഡോട്ടിയർ, ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റി ഫ്രെഡിക്സൺ, ഫിൻലൻഡ് പ്രധാനമന്ത്രി സനാ മറിൻ, സ്വീഡിഷ് പ്രധാനമന്ത്രി മഗ്ദലീന ആൻഡേഴ്സൺ, എസ്റ്റോണിയൻ പ്രധാനമന്ത്രി കായ കാലോസ്, ലിത്വാനിയൻ പ്രധാനമന്ത്രി ഇൻഗ്രിത സിമോണിറ്റ, മോൾഡോവ പ്രധാനമന്ത്രി നടാലിയ ഗാവറിലീത, പ്രസിഡന്റ് മായ സാൻഡു, ജോർജിയൻ പ്രസിഡന്റ് സലോമി ചിവ്ലി, ഗ്രീസ് പ്രസിഡന്റ് കാതറീന സകിലറുപൂളോ, കൊസോവൻ പ്രസിഡന്റ് വിജോസ ഉസ്മാനി, സെർബിയൻ പ്രധാനമന്ത്രി അന ബേൺബിച്ച്, ഹംഗറി പ്രസിഡന്റ് കാതറിൽ നൊവാക്, സ്ളോവാക്യൻ പ്രസിഡന്റ് സൂസാന, ഫ്രാൻസ് പ്രധാനമന്ത്രി എലിസബത്ത് ബോൺ, ഏറ്റവും ഒടുവിലായി ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ്ട്രസും!

സംവരണമല്ല, മെറിറ്റാണ് പ്രധാനം

എറ്റവും പ്രധാനം ഇവർ ആരുംതന്നെ, നമ്മുടെ നാട്ടിൽ കാണുന്നപോലെ സംവരണത്തിലൂടെയോ, ഒരു സമവായ സ്ഥാനാർത്ഥി എന്ന നിലയിലോ, ഭർത്താവ് മരിച്ചുപോയതുകൊണ്ടോ കടന്നുവന്നവർ അല്ല എന്താണ്. 'നിങ്ങൾ എത്ര സീറ്റ് വനിതകൾക്ക് കൊടുത്തു' എന്ന ചോദ്യം ഉണ്ടാകാതിരിക്കാനുള്ള ഗിമ്മിക്കുകൾ ആണെല്ലോ ഇവിടെ കാണാറുള്ളത്. എന്നാൽ യൂറോപ്പിലെ ഈ വനിതാ വസന്തത്തിലെ നേതാക്കളുടെ ജീവിതം പരിശോധിച്ചാൽ അറിയാം, അവർ ഒരിക്കലും സ്ത്രീയെന്ന ഒരു പരിഗണന എവിടെയും ആവശ്യപ്പെട്ടിട്ടില്ല. ഒരു സ്ത്രീ ഭരിച്ചാൽ അഴിമതി കുറയുമെന്നോ, വീട്ടമ്മമാർ ഭരിച്ചാൽ എല്ലാവരോടും സ്നേഹത്തോടെ പെരുമാറുമെന്നോ ഉള്ള, ഇന്ത്യൻ മോഡൽ വിശ്വാസം കൊണ്ടോ, സഹതാപം കൊണ്ടോ ഒന്നുമല്ല, തികച്ചും മെറിറ്റിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് അവർ കയറിവന്നത്! സംവരണമോ, പരിഗണനയോ അല്ല തുല്യ അവകാശങ്ങളാണ് അവർ ആസ്വദിക്കുന്നത്.

ഇനി ഈ വനിതാ ഭരണാധികാരികളുടെ പ്രവർത്തനം വിലയിരുത്തുന്ന, സൈറ്റുകൾ പറയുന്നത്, അവർ ഏറെ കഴിവുള്ളവർ ആണെന്നാണ്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം യൂറോപ്പ്, വിറച്ചുപോയ ദിനങ്ങൾ ആയിരുന്നു കോവിഡ് കാലത്ത് കടന്നുപോയത്. അതിനെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ കഴിഞ്ഞത്, സ്ത്രീകൾ ഭരണാധികാരികൾ ആയ രാജ്യങ്ങൾക്കാണെന്ന് ബിബിസി അടക്കമുള്ള മാധ്യമങ്ങൾ പറയുന്നു.

യൂറോപ്പിലെ വനിതാഭരണാധികാരികളെ എടുത്തുനോക്കിയാൽ അവർക്ക് ചില പൊതു പ്രത്യേകതകൾ ഉണ്ടെന്നാണ് 'ദ ഗാർഡിയൻ' വിലയിരുത്തുന്നത്. ഒന്ന് അവർ അക്കാദമിക്കലി ബ്രില്ലന്റ് ആണ്. നമ്മുടെ നാട്ടിലെ പോലെ പത്താംഗ്ലാസും ഗുസ്തിയുമായി രാഷ്ട്രീയത്തിൽ ഇറങ്ങുന്നവർ അല്ല. മിക്കവാറും പേർ കേംബ്രിഡ്ജിലും, ഓക്സ്ഫഡിലുമടക്കം ഉന്നത വിദ്യാഭ്യാസം നേടിയ ശേഷം, പടിപടിയായി ഉയർന്നുവന്നരാണ്. ഇതിന് ചില അപവാദങ്ങളും കാണാം. രണ്ടാമതായി അവർ കഠിനാധ്വാനികളും, ഊർജസ്വലരുമാണ്. പ്രശ്നങ്ങളിൽ ഒരു തീരുമാനം പെട്ടെന്ന് എടുക്കാൻ അവർക്ക് കഴിയുന്നു. തങ്ങളുടെ മതവിശ്വാസം തങ്ങളുടെ സ്വകാര്യ വിഷയമായി അവർ കണക്കാക്കുന്നു. പലർക്കും മതം ഏതാണെന്ന് പറയാൻ പോലും മടിയാണ്. മാത്രമല്ല ശാസ്ത്രത്തിലും ടെക്ക്നോളജിയിലുമാണ് അവർ വിശ്വസിക്കുന്നത്. അല്ലാതെ നൂറ്റാണ്ടുകൾ മുമ്പുള്ള ആചാര സംഹിതകളിൽ അല്ല.

ചുറ്റുമുള്ളവരോട് കുശലം ചോദിച്ച് സൈക്കിളിൽ പാർലമെന്റിലേക്ക് വരുന്ന, ഒരു പ്രധാനമന്ത്രിയെ നമുക്ക് സങ്കൽപ്പിക്കാൻ കഴിയുമോ. എന്നാൽ സ്വീഡിഷ് പ്രധാനമന്ത്രി മഗ്ദലീന ആൻഡേഴ്സണും, ഐസ്ലൻഡ് പ്രധാനമന്ത്രി കാതറിൽ ജേക്കബ് ഡോട്ടിയറും, ഫിൻലൻഡ് പ്രധാനമന്ത്രി സനാ മറിനുമൊക്കെ അങ്ങനെയാണ് സഞ്ചരിക്കുന്നത്. ഇപ്പോൾ സ്വീഡനിൽ ഇസ്ലാമിക ഭീകരരുടെ ഭീഷണിയുള്ളതുകൊണ്ട് കുറച്ച് സുരക്ഷ കൂട്ടിയിട്ടുണ്ടെന്ന് മാത്രം. ( നമ്മുടെ നാട്ടിൽ പറയത്തക്ക സുരക്ഷാ ഭീഷണിയൊന്നുമില്ലാത്ത 'ഇരട്ടച്ചങ്കന്മാരുടെതൊക്കെ' അകമ്പടി വാഹനങ്ങൾ കണ്ടാൽ യൂറോപ്യൻസ് തലകറങ്ങിപ്പോവും) വൈകുന്നേരം നടക്കാൻ ഇറങ്ങുന്ന, പാർട്ടികളിൽ പങ്കെടുക്കുന്ന, വഴിവക്കിൽ ആളുകളോട് കുശലം പറയുന്ന, ബസിലും, ട്രെയിനിലും യാത്രചെയ്യുന്ന, പ്രധാനമന്ത്രിമാരും പ്രസിഡന്റുമാരും!

34ാം വയസ്സിൽ പ്രധാനമന്ത്രി

വെറും 34ാം വയസ്സിൽ ഒരാൾ പ്രധാനമന്ത്രിയാവുക എന്ന് പറഞ്ഞാൽ സങ്കൽപ്പിക്കാൻ കഴിയുമോ. അതാണ് ഫിൻലൻഡ് പ്രധാനമന്ത്രി സന മരിൻ. യൂറോപ്പിലെ വനിതാ രാഷ്ട്രത്തലവന്മാരിലെ ഏറ്റവും വലിയ സെലിബ്രിറ്റിയാണ് ഇവർ. കോവിഡിനെ നേരിടാൻ വേണ്ടി ഏറ്റവും കുറഞ്ഞ സമയത്തിൽ എടുത്ത ശക്തമായ തീരുമാനങ്ങളിലൂടെയാണ് ഇവർ ലോകശ്രദ്ധ നേടിയത്. റഷ്യ, സ്വീഡൻ, നോർവെ എന്നീ രാജ്യങ്ങളുമായുള്ള അതിർത്തി അടച്ചു പൂട്ടിയ ഫിൻലൻഡ് ചരക്കു ഗതാഗതം തടസ്സപ്പെടുത്തിയില്ല. രാജ്യത്ത് കരുതലായി വച്ച മരുന്നും മറ്റ് മെഡിക്കൽ സൗകര്യങ്ങളും എത്രയും വേഗം തിട്ടപ്പെടുത്തി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ജനകീയമാക്കാൻ കൃത്യമായി ഇടപെട്ടു അവർ.

34കാരിയായ സന്ന മാറിൻ ഫിൻലൻഡ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത് ലോകമെങ്ങുമുള്ള സ്ത്രീകൾക്കും ചെറുപ്പക്കാർക്കും ആവേശം നൽകുന്ന വാർത്തയായിരുന്നു. നേരത്തെ ഫിൻലൻഡിലെ ഗതാഗതമന്ത്രി ആയിരുന്നു ഇവർ. പോസ്റ്റൽ സമരം കൈകാര്യം ചെയ്തതിൽ സംഭവിച്ച വീഴ്ചയെ തുടർന്ന് പ്രധാനമന്ത്രി ആന്റി റിന്നെ രാജിവെച്ചതിനെ തുടർന്നാണ് സന്ന അധികാരത്തിൽ ഏറിയത്. റിന്നെയെ പോലെ തന്നെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധിയാണ് മാറിനും.

ഫിൻലൻഡ് ഭരിക്കുന്ന അഞ്ചംഗ സഖ്യകക്ഷി സർക്കാരിൽ ഏറ്റവും വലിയ പാർട്ടിയാണ് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി. സഖ്യകക്ഷി സർക്കാരിലെ മറ്റ് നാല് പാർട്ടികളും സ്ത്രീകൾ തന്നെയാണ് നയിക്കുന്നത്. ഇതിൽ ഒരാളൊഴിച്ച് ബാക്കി എല്ലാവരും 35 വയസിൽ താഴെയുള്ളവരാണ്.പ്രധാനമന്ത്രി പദത്തിൽ എത്തിയതോടെ 40 വയസിൽ താഴെയുള്ള ലോകനേതാക്കളുടെ പട്ടികയിലേക്ക് മാറിനും എത്തി. ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസിന്ത ആൻഡേണുമായാണ് മാറിനെ താരതമ്യപ്പെടുത്തുന്നത്. ജസിന്തയെ പോലെ മാറിനും അമ്മയായത്, കഴിഞ്ഞ വർഷമായിരുന്നു.

ഇനി ഇത്രയും ചെറുപ്പത്തിൽ പ്രധാനമന്ത്രിയായിപ്പോയി ഇനി എന്റെ സന്തോഷങ്ങൾ എല്ലാം മാറ്റിവെക്കാം എന്ന് കരുതന്ന ആളല്ല ഇവർ. അടുത്തകാലത്തായി സന്ന മാറിൻ പങ്കെടുത്ത ഒരു പാർട്ടിയുടെ ദൃശ്യങ്ങൾ വൈറലായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം പാർട്ടിയിൽ അവർ മദ്യപിക്കുന്നതും ഡാൻസ് ചെയ്യുന്നതുമായിരുന്നു ദൃശ്യം. എന്നാൽ സന്ന താനല്ല അത് എന്നൊന്നും പറഞ്ഞ് നിഷേധിച്ചില്ല. പക്ഷേ പ്രധാനമന്ത്രി മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്നതിനുള്ള പരിശോധന നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതോടെ സംഭവം വിവാദമായി. സന്ന സ്വമേധയാ മയക്കുമരുന്ന് പരിശോധനക്ക് വിധേയമാവുകയും നെഗറ്റീവ് ആവുകയും ചെയ്തു. 'ഞാൻ ഒരിക്കലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല. ആ പാർട്ടിയിൽ പങ്കെടുത്ത ഒരാൾ പോലും അത് ഉപയോഗിച്ചതായി കണ്ടതുമില്ല. എങ്കിലും പലരുടേയും സംശയം ഇല്ലാതാക്കാനും കൂടി വേണ്ടിയാണ് ഈ കാര്യത്തിന് മുതിർന്നത്'- സന്ന മാരിൻ പറഞ്ഞു. ഓർക്കുക, നമ്മുടെ നാട്ടിലാണ് ഇതുപോലെ ഒരു വീഡിയോ പുറത്തുവന്നതെങ്കിൽ ആ നേതാവിന്റെ അവസ്ഥ എന്തായിരിക്കും! പക്ഷേ ഫിൻലൻഡുകാർ പ്രധാനമന്ത്രിയുടെ സ്വകാര്യ ജീവിതത്തിലേക്ക് ഊളിയിടുന്നവർ അല്ല. പ്രധാനമന്ത്രി ആയതുകൊണ്ട് പാർട്ടിയിൽ പങ്കെടുക്കാൻ പാടില്ലെന്നും, എപ്പോഴും ഇരുമ്പുകുടിച്ചപോലെ കൃത്രിമ ഗൗരവത്തിൽ ജീവിക്കണം എന്ന് അവർ ആഗ്രഹിക്കുന്നുമില്ല.

ഐസ് ലൻഡിന്റെ ഹരിത രാഷ്ട്രീയം

അതുപോലെ മറ്റൊരു സെലിബ്രിറ്റി പ്രധാനമന്ത്രിയാണ് ഐസ്‌ലൻഡിന്റെ കാട്രിൻ ജേക്കബ്‌സ്‌ഡോട്ടിർ. ലോകത്ത് എവിടെപ്പോയാലും ഈ 46കാരി തലക്കെട്ട് ആകർഷിക്കുന്നു. ഐസ്ലാന്റിലെ പ്രശസ്ത കവികളുടെ കുടുംബത്തിലെ അംഗമാണ് ഇവർ. സാഹിത്യവിദ്യാർത്ഥിയായിരുന്ന കാട്രിൻ ഐസ്ലാന്റിലെ അറിയപ്പെടുന്നൊരു കുറ്റാന്വേഷണ എഴുത്തുകാരിയുമാണ്. ഒരു ഡിറ്റക്റ്റീവ് നോവലിസ്റ്റ് പ്രധാനമന്ത്രിയാവുന്ന ആദ്യ രാജ്യവും ഇതായിരിക്കണം!

2003ൽ അവർ ഇടതു-ഗ്രീൻ പ്രസ്ഥാനത്തിന്റെ ഡെപ്യൂട്ടി ചെയർപേഴ്സൺ ആയി മാറി. 2013 മുതൽ പ്രസ്ഥാനത്തിന്റെ അധ്യക്ഷസ്ഥാനം വഹിച്ചു. അറിയപ്പെടുന്ന യുദ്ധവിരുദ്ധ പ്രവർത്തകയും പരിസ്ഥിതി പ്രവർത്തകയും ഫെമിനിസ്റ്റും ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുമാണ്. കാട്രിന്റെ ലെഫ്റ്റ് ഗ്രീൻ മൂവ്‌മെന്റ് എന്ന പാർട്ടി നയിക്കുന്ന സഖ്യമാണ് ഗവൺമെന്റ് രൂപീകരിച്ചത്. 2009 ഫെബ്രുവരി 2 മുതൽ 23 മെയ് 2013 വരെ ഐസ്ലാന്റ് വിദ്യാഭ്യാസ, സയൻസ്, സാംസ്‌കാരിക മന്ത്രിയുമായിരുന്നു. ഐസ്ലാൻഡിലെ രണ്ടാമത്തെ വനിത പ്രധാനമന്ത്രിയാണ്. മുൻ പ്രധാനമന്ത്രിയായിരുന്ന സിഗ്മണ്ടർ ഡേവിഡ് ഗൺലോഗ്‌സൺ, പനാമ പേപ്പർസിൽ വിദേശത്തെ കള്ളപ്പണ നിക്ഷേപം സംബന്ധിച്ച വിവരം പുറത്തുവന്നതിനെ തുടർന്നാണ് രാജിവച്ചത്. ലോകം എമ്പാടുമുള്ള പരിസ്ഥിതി പ്രവർത്തകർക്ക് ഊർജം പകരുന്നത് ആയിരുന്നു, കാട്രിന്റെ വിജയം.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യൂറോപ്പിലെ ആദ്യ വനിതാ ഭൂരിപക്ഷ പാർലമെന്റ് എന്ന പദവി കഷ്ടിച്ചാണ് ഐസ്ലൻഡിന് നഷ്ടമായത്. ആദ്യ ഫലങ്ങൾ അനുസരിച്ച് ഐസ്ലൻഡ് പാർലമെന്റിൽ 63 സീറ്റുകളിൽ 33 എണ്ണവും സ്ത്രീകൾ നേടി എന്ന വാർത്തകളാണ് പുറത്ത് വന്നത്. എന്നാൽ പിന്നീട് നടന്ന റീ കൗണ്ടിംഗിൽ സ്ഥിതിഗതികൾ മാറി. സ്ത്രീകൾ 47.6 ശതമാനത്തോടെ 30 സീറ്റുകളിലേക്ക് താഴ്ന്നു.

ലോക ബാങ്ക് സമാഹരിച്ച ഡാറ്റ പ്രകാരം, മറ്റൊരു യൂറോപ്യൻ രാജ്യത്തും പാർലമെന്റിൽ 50 ശതമാനത്തിലധികം വനിതാ നിയമ നിർമ്മാതാക്കൾ ഇല്ല. എന്നാൽ സ്വീഡൻ അതിനോട് അടുത്ത് എത്തിയിട്ടുണ്ട്. സ്വീഡിഷ് പാർലമെന്റിലെ വനിതാ പ്രാതിനിധ്യം 47 ശതമാനമാണ്. ഇപ്പോൾ ഐസ്ലാൻഡും അതിന്റെ അടുത്ത് എത്തിനിൽക്കുന്നു.

മറ്റ് ചില രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഐസ്ലൻഡിന് പാർലമെന്റിൽ സ്ത്രീ പ്രാതിനിധ്യത്തിന് നിയമപരമായ ക്വാട്ട ഇല്ല എന്നോർക്കണം. പക്ഷെ രാജ്യത്തെ പല പാർട്ടികളും ഇത്ര സ്ത്രീ സ്ഥാനാർത്ഥികൾ ഉണ്ടാവണമെന്ന് കർശനമായി നിർദ്ദേശം നൽകിയിട്ടുണ്ട്.

കരുത്തയായ സ്വീഡിഷ് പ്രധാനമന്ത്രി

ലോകംമുഴവൻ അടച്ചിടുമ്പോൾ രാജ്യം തുറന്നിട്ടുകൊണ്ട് കോവിഡിനെ നേരിട്ട സാമാധ്യ ധൈര്യശാലിയാണ് സ്വീഡിഷ് പ്രധാനമന്ത്രി മഗ്ദലന ആൻഡേഴ്‌സൺ. 1996 ൽ അന്നത്തെ പ്രധാനമന്ത്രി ഗോരാൻ പേർഷന്റെ രാഷ്ട്രീയ ഉപദേശക എന്ന റോളിലാണ് മഗ്ദലന രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. 2004 ൽ ധനകാര്യ മന്ത്രാലയത്തിൽ സ്റ്റേറ്റ് സെക്രട്ടറിയായി നിയമിതയായി. സ്വീഡിഷ് ടാക്‌സ് ഏജൻസിയുടെ ഡപ്യൂട്ടി ഡയറക്ടർ ജനറൽ എന്ന പദവിയും വഹിച്ചിട്ടുണ്ട്. 2012 ൽ പാർട്ടിയുടെ വക്താവ് എന്ന സ്ഥാനത്തേക്ക് ഉയർന്നു. രണ്ടു വർഷത്തിനു ശേഷം സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി അധികാരത്തിൽ എത്തിയപ്പോൾ മഗ്ദലന ധനമന്ത്രിയായി നിയമിതയായി. 2021 ൽ പാർട്ടിയുടെ പ്രസിഡന്റ് എന്ന പദവിയിലേക്കും ഉയർന്നു. തുടർന്നാണ് പ്രധാനമന്ത്രിയാവുന്നത്. പ്രധാനമന്ത്രിയായി നിയമിതയായ മണിക്കൂറുകൾക്കകം രാജിവച്ച ചരിത്രവും അവർക്കുണ്ട്.

ഗ്രീൻ പാർട്ടിയുമായും ലെഫ്റ്റ് പാർട്ടികളുമായും ചേർന്നാണ് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയെ മഗ്ദലന അധികാരത്തിൽ എത്തിച്ചത്. എന്നാൽ പെൻഷൻ വർധിപ്പിക്കാനുള്ള ശുപാർശകൾ ഉൾക്കൊള്ളുന്ന ബജറ്റ് അവതരിപ്പിച്ചതോടെ ഗ്രീൻപാർട്ടി പിന്മാറുകയായിരുന്നു. മഗ്ദലന അവതരിപ്പിച്ച ബജറ്റിനു പകരം പ്രതിപക്ഷത്തിന്റെ ബജറ്റ് അംഗീകരിച്ചതോടെയാണ് അവർക്ക് പടിയിറങ്ങേണ്ടിവന്നത്. എന്നാൽ പരാജയം താൽക്കാലികമാണെന്നാണ് 54 വയസ്സുള്ള മഗ്ദലന പറഞ്ഞത്. അത് ശരിയായി. രണ്ടാഴ്ചയ്ക്കുള്ളിൽ അവർ വീണ്ടും അധികാരത്തിൽ എത്തി. ഖുറാൻ കത്തിക്കൽ സംഭവുമായി ബന്ധപ്പെട്ട് സ്വീഡനിൽ ഉണ്ടായ കലാപങ്ങൾ ഫലപ്രദമായി നേരിടാനും അവർക്കായി.

'വനിതകൾ ഭരിക്കുമ്പോൾ കോവിഡിനും പേടി'

കോവിഡ് കാലത്താണ് യൂറോപ്പിലെ ഈ പെൺഭരണം വല്ലാതെ ലോകം ശ്രദ്ധിച്ചത്. കോവിഡിനെ നേരിടാനും ഫലപ്രദമായ നടപടികൾ സ്വീകരിച്ചതോടെ, 'വനിതകൾ ഭരിക്കുമ്പോൾ കോവിഡിനും' പേടിയാണ് എന്ന ട്രോൾ പോലും ഇറങ്ങി. പുരുഷന്മാർ ഭരിക്കുന്ന രാജ്യങ്ങളെക്കാൾ മികച്ച രീതിയിൽ സ്ത്രീകൾ ഭരണ സാരഥ്യം വഹിക്കുന്ന രാജ്യങ്ങൾ കോവിഡ് ഭീഷണിയെ നേരിട്ടുവെന്ന് പഠനങ്ങൾ ഉണ്ടായി. സെന്റർ ഫോർ എക്കണോമിക് പോളിസി റിസർച്ചും വേൾഡ് എക്കണോമിക് ഫോറവും പ്രസിദ്ധീകരിച്ച പഠനമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

194 രാജ്യങ്ങളിലെ സ്ഥിതിഗതികളാണ് പഠനം വിലയിരുത്തിയത്. ഇതിൽ 19 രാജ്യങ്ങളിൽ മാത്രമാണ് വനിതാ നേതാക്കൾ അധികാരത്തിലുള്ളത്. ജനസംഖ്യ, സാമൂഹ്യ - സാമ്പത്തിക സാഹചര്യങ്ങൾ എന്നിവയെല്ലാം കണക്കിലെടുത്താണ് വിവിധ രാജ്യങ്ങളുടെ പ്രവർത്തനങ്ങളെ താരതമ്യപ്പെടുത്തിയത്. വനിതാ നേതാക്കൾ നടത്തിയ അടിയന്തര ഇടപെടലുകളും അവർ കൈക്കൊണ്ട സമീപനങ്ങളുമാണ് മരണസംഖ്യ കുറച്ചതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ജനങ്ങളുടെ ജീവൻകൊണ്ട് ഭാഗ്യപരീക്ഷണം നടത്താൻ വനിതാ ഭരണാധികാരികൾ തയ്യാറായില്ല. പുരുഷന്മാർ ഭരിക്കുന്ന രാജ്യങ്ങളെക്കാളും വേഗത്തിൽ അവർ ലോക്ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പുരുഷന്മാരായ ഭരണാധികാരികളാവട്ടെ സമ്പദ് വ്യവസ്ഥയെ അടക്കം പരിഗണിച്ചാണ് തീരുമാനങ്ങളെടുത്തത്.

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ബഹുദൂരം മുന്നേറാൻ ആഞ്ജല മെർക്കൽ ഭരിക്കുന്ന ജർമനിക്ക് കഴിഞ്ഞു. പരിശോധന വ്യാപകമാക്കുകയും ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും അവർക്ക് കഴിഞ്ഞു. സാമൂഹ്യ അകലം ഉറപ്പാക്കുന്നതിലും അവർ വിജയിച്ചു. തുടക്കത്തിൽ തന്നെ അത്യാവശ്യമില്ലാത്ത ശസ്ത്രക്രിയകൾ അടക്കമുള്ളവ മാറ്റിവച്ച് കോവിഡ് രോഗികൾക്കായി കിടക്കകൾ തയ്യാറാക്കിവെക്കാൻ ജർമനിക്ക് കഴിഞ്ഞു. ഇറ്റലിയിലെയും സ്‌പെയിനിലെയും കോവിഡ് രോഗികൾക്കുപോലും ജർമനിയിൽ ചികിത്സ നൽകി. ഒഴിവുള്ള ഐസിയു കിടക്കകളുടെ വിവരങ്ങൾ അടക്കമുള്ളവ പ്രസിദ്ധീകരിക്കാനുള്ള ബോർഡുകൾ രാജ്യത്തെ എല്ലാ ആശുപത്രികളിലും സ്ഥാപിച്ചു.

കുട്ടികൾക്കായി പ്രധാനമന്ത്രിയുടെ വാർത്താസമ്മേളനം

മെറ്റ ഫ്രെഡറിക്‌സൺ ഭരിക്കുന്ന ഡെന്മാർക്ക് ആദ്യം ലോക്ഡൗൺ ഏർപ്പെടുത്തിയ രാജ്യമാണ്. ഇതിന് 12 ദിവസത്തിനുശേഷമാണ് യു.കെയിൽ ലോക്ഡൗൺ ഏർപ്പെടുത്തുന്നത്. പത്ത് പേരിലധികം കൂട്ടംകൂടുന്നത് ഡെന്മാർക്കിൽ നിരോധിച്ചു. വീട്ടിലിരുന്ന് ജോലിചെയ്യാൻ എല്ലാവരോടും നിർദ്ദേശിച്ചു. സ്‌കൂളുകളും ഭക്ഷണശാലകളും രാജ്യത്തിന്റെ അതിർത്തികളും അടച്ചു. ആഘോഷങ്ങൾ അടക്കമുള്ളവ വിലക്കി.

കോവിഡിന്റെ പശ്ചാത്തലത്തിൽ പകർച്ചവ്യാധി നിയന്ത്രണ നിയമത്തിൽ ഡെന്മാർക്ക് മാറ്റംവരുത്തി. ആരോഗ്യമന്ത്രിക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന തരത്തിലായിരുന്നു നിയമ ഭേദഗതി. പൊലീസ് സഹായത്തോടെ ഏത് വീട്ടിലും കടന്നുചെല്ലാനും പരിശോധന നടത്താനും ആരെയും ഐസൊലേറ്റ് ചെയ്യാനും ചികിത്സയ്ക്ക് അയയ്ക്കാനും മന്ത്രിക്ക് അധികാരം നൽകുന്ന തരത്തിലായിരുന്നു പകർച്ചവ്യാധി നിയമത്തിലെ മാറ്റം.

നോർവെ വിനിതാ പ്രധാനമന്ത്രിയായ എർന സോൽബർഗും കോവിഡ് കാലത്ത് പേരെടുത്തു. കുട്ടികൾക്കായി ഒരു വാർത്താ സമ്മേളനം തന്നെ നടത്തിയാണ് അവർ ചരിത്രം സൃഷ്ടിച്ചത്.കൊറോണ വൈറസിനെ കുറിച്ച് മുതിർന്നവർക്ക് എന്നപോലെ കുഞ്ഞുങ്ങൾക്കും കാണും ആശങ്കകൾ. ആ തിരിച്ചറിവിൽ നിന്നാണ് ഈ വാർത്താ സമ്മേളനം നടത്തിയത്. കുട്ടികൾ ആവട്ടെ നൂറു സംശയങ്ങളും ആയാണ് പ്രധാനമന്ത്രിയെ നേരിട്ടത്.

പിറന്നാൾ എങ്ങനെ ആഘോഷിക്കും, വീട്ടിലിരുന്ന് എന്ത് ചെയ്യണം, രോഗം എങ്ങനെയൊക്കെ വരാം, മുത്തച്ഛന്റെ വീട് സന്ദർശിക്കാനോ, ഷോപ്പിങിന് പൊയ്‌ക്കോട്ടെ തുടങ്ങി നൂറു സംശയങ്ങൾക്കാണ്, ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി നേരിട്ട് സാവകാശത്തിൽ ഉത്തരം പറഞ്ഞത്!

ബ്രിട്ടനിൽ 'ജൂനിയർ താച്ചർ' അധികാരത്തിൽ

ജർമ്മനിയിലെയും, നോർവെയിലെയും വനിതാ ഭരണാധികാരികൾ കോവിഡിനുശേഷം സ്ഥാനം ഒഴിഞ്ഞെങ്കിലും, ഇതൊരു ട്രെൻഡ് ആയി മാറുകയാണ്. കൊച്ചു രാജ്യങ്ങളിൽപോലും ഇപ്പോൾ വനിതാ നേതാക്കൾ ഉയർന്നുവരുന്നു. അതിന്റെ ഏറ്റവും അവസാന കണ്ണിയാണ് ലിസ് ട്രസ് എന്ന നിയുക്ത ബ്രിട്ടീഷ് പ്രധാനമന്ത്രി. അവരുടെ ജീവിതം നോക്കുക. സ്വ പ്രയത്നത്താൽ പടിപടിയാണ് ഉയർന്നാണ് അവർ ഒരോ തസ്തികയിലും എത്തുന്നത്. അല്ലാതെ നമ്മുടെ നാട്ടിൽ കാണുന്നപോലെ നേതാവ് മരിക്കമ്പോഴോ, കേസിൽ പെട്ട് ജയിലിൽ ആവുകയോ ചെയ്യുമ്പോൾ ഡമ്മിയായി ഭാര്യ അധികാരം എൽക്കുന്നതുപോലെ അല്ല. ഈ പ്രധാനമന്ത്രിമാർ ആരും തന്നെ തങ്ങളുടെ ഭർത്തക്കാന്മാരെയോ കുട്ടികളെയോ രാഷ്ട്രീയത്തിൽ ഇടപെടീക്കാറുമില്ല.

സോഷ്യലിസ്റ്റായ മാതാപിതാക്കളുടെ പാത പിന്തുടർന്നുകൊണ്ട് ഇടതുരാഷ്ട്രീയക്കാരിയായി തുടങ്ങിയ അവർ ഓക്സ്ഫഡിലെ പഠനത്തിനിടെ, ആ ആശയങ്ങളുടെ പൊള്ളത്തരം മനസ്സിലാക്കി വലതുപക്ഷം എന്ന് പറയുന്ന സ്വതന്ത്ര ആശയങ്ങളുടെ ലോകത്തേക്ക് വരികയായിരുന്നു. കൗമാരത്തിൽ മാഗരറ്റ് താച്ചറിന്റെ കടുത്ത എതിരാളി ആയിരുന്നു ഇവർ ഇപ്പോൾ അവരുടെ ആരാധികയാണ്. വസ്ത്രത്തിൽ പോലും താച്ചറിനെ അനുകരിക്കുന്നു എന്നാണ് പലരും ആരോപിക്കുന്നു. എന്നാൽ താച്ചറോട് ഉപമിക്കുന്നതിൽ തിനിക്ക് താൽപര്യമില്ലെന്ന് ലിസ് തുറന്നടിച്ചിട്ടുണ്ട്. തനിക്ക് തന്റേതായ വ്യക്തിത്വവും രീതികളും ഉണ്ടെന്നാണ് ലിസിന്റെ നിലപാട്.

രണ്ടായിരമാണ്ടിൽ വിവാഹിതയായ ലിസ് രണ്ട് പെൺകുട്ടികളുടെ അമ്മയാണ്. അക്കൗണ്ടന്റായ ഹ്യൂ ഒ ലാറിയാണ് ഭർത്താവ്. ക്രിസ്തീയ വിശ്വാസങ്ങളുടെയും ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെയും മൂല്യങ്ങൾ ഉൾക്കൊള്ളുമ്പോഴും സ്ഥിരമായി മതാചാരങ്ങൾ പിന്തുടരുന്ന രീതി തനിക്കില്ലെന്നാണ് ലിസിന്റെ പ്രഖ്യാപിത നയം.

ജസീന്തയും ഖാലിദ സിയയും തൊട്ട്

വനിതകൾ അധികാരസ്ഥാനത്തിലേക്ക് എത്തുന്ന ട്രെൻഡ് ഇപ്പോൾ യൂറോപ്പിൽ മാത്രമല്ല ഉള്ളത്. ന്യൂസിലൻഡിലെ ജസീന്ത ഒന്നാന്തരം ഉദാഹരണം. ന്യൂസിലൻഡ് ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണത്തെ നേരിട്ടപ്പോൾ ജനത വിറങ്ങലിച്ചു നിന്നപ്പോൾ ആ സാഹചര്യത്തെ അവർ നേരിട്ട രീതിയും അവിടത്തെ ജനതയെ ചേർത്തുനിർത്തിയ മനസ്സും ലോകമെമ്പാടും അംഗീകരിക്കപ്പെട്ടതാണ്. 'ധൈര്യശാലികളായിരിക്കൂ, കനിവോടെ പെരുമാറൂ എല്ലാം ശരിയാകും' എന്നാണ് അവർ തന്റെ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.

അതോടൊപ്പം 12 ബില്യൺ ഡോളറിന്റെ സാമ്പത്തിക പാക്കേജും പ്രഖ്യാപിച്ചു. പ്രഖ്യാപനം നടത്തുന്നതോടൊപ്പം വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് പറയുക മാത്രമല്ല, കുറച്ചു നാൾ എടുത്താലും നമ്മൾ അതിൽ നിന്നു കരകയറും എന്ന ഉറപ്പും നൽകി അവർ തന്റെ ജനതയെ ആത്മവിശ്വാസത്തിലേക്കു കൈപിടിച്ചു. ശാരീരികമായി മാത്രമല്ല സാമ്പത്തികമായും മനുഷ്യനെ തളർത്തിയ കോവഡിൽ നിന്ന് അവരെ കൈപിടിച്ചു കയറ്റാൻ യുക്തിപരമായ തീരുമാനമായിരുന്നു അത്. അതോടൊപ്പം നോർവെ പ്രധാനമന്ത്രിയുടെ പാത പിന്തുടർന്ന് കുട്ടികൾക്കായി പ്രസ് കോൺഫറൻസും അവർ നടത്തി.

അതുപോലെ ബംഗ്ലാദേശിലെ ഖാലിദ സിയയെയും ശക്തയായ ഭരണാധികാരി ആയിട്ടാണ് ലോകം വിലയിരുത്തുന്നത്.

ജനസാന്ദ്രത ഏറിയ രാജ്യമാണെങ്കിലും കോവിഡ് മരണനിരക്ക് പിടിച്ചുനിർത്തുന്നതിൽ ഷെയ്ഖ് ഹസീന ഭരിക്കുന്ന ബംഗ്ലാദേശിന് സാധിച്ചു. ജനങ്ങൾ പരിഭ്രാന്തരാകുന്ന സാഹചര്യം ഒഴിവാക്കാൻ എല്ലാ ദിവസവും അവർ കോവിഡ് പോരാളികളെ അഭിസംബോധന ചെയ്തു. ലോക്ഡൗൺ എന്ന വാക്ക് അവർ ഉപയോഗിച്ചില്ല.

ത്സായി ഇങ് വെൻ ഭരിക്കുന്ന തായ്വാനും കോവിഡ് പ്രതിരോധത്തിൽ മാതൃകാപരമായ പ്രവർത്തനം നടത്താനായി.

ഇന്ത്യയിലേക്ക് വന്നാൽ നമ്മുടെ പ്രസിഡന്റ ദ്രൗപതി മുർവും ഒരു വനിതയാണെന്ന് മാത്രമല്ല അടിച്ചമർത്തപ്പെട്ട ഗോത്രമേഖലയിൽനിന്ന് വന്നവരാണ്.

നിർമ്മലാ സീതാരാമനെപ്പോലെയുള്ള, ലോകത്തിലെ മികച്ച വനിതാ നേതാക്കളുടെ പട്ടികയിൽ സ്ഥാനം പിടിച്ചവരും നമ്മുടെ നാട്ടിലുണ്ട്.

പക്ഷേ നമ്മുടെ പ്രശ്നം അതല്ല. ഭരണത്തിന്റെ നേതൃത്വത്തിലേക്ക് സ്ത്രീകൾക്ക് കയറിവരാൻ കഴിയുന്നില്ല. ഒറ്റപ്പെട്ട അപവാദങ്ങളാണ് കാണാനുള്ളത്. അതിന് ഇനിയും സമുഹത്തിൽ മാറ്റം ഉണ്ടാക്കേണ്ടിയിരിക്കുന്നു.

വാൽക്കഷ്ണം: നായ്ക്കൾക്കും പൂച്ചകൾക്കുമൊക്കെ വെള്ളം കൊടുക്കാൻ പറഞ്ഞ കേരളാ മുഖ്യമന്ത്രിയുടെ കരുതൽ മാത്രമാണ് ലോകോത്തരം എന്ന് കരുതരുത്. കോവിഡ് കാലത്ത് യൂറോപ്പിലെ വനിതാ പ്രധാനമന്ത്രിമാർ നടത്തിയ പ്രവർത്തനം പഠിക്കുമ്പോഴാണ്, കേരളം എത്ര പിന്നിലാണെന്ന് നാം ഓർത്തുപോവുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP