Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ലോകത്തെ ഇസ്ലാമികവത്ക്കരിക്കാൻ ഇറങ്ങിയ പാക് വംശജയായ ന്യറോ സയന്റിസ്റ്റ്; യു.എസിൽ വളർന്നിട്ടും ആകൃഷ്ടയായത് അൽഖായിദയിൽ; പിടികൂടപ്പെട്ടത് എബോളയെ ജൈവായുധമാക്കി മാറ്റാനുള്ള പരീക്ഷണത്തിനിടെ; പാക്കിസ്ഥാൻ വിശേഷിപ്പിക്കുന്നത് 'രാജ്യത്തിന്റെ പുത്രി'യെന്ന്; ടെക്സാസ് ഭീകരാക്രമണത്തിന് പിന്നിലെ 'ലേഡി അൽഖായിദ'യുടെ കഥ

ലോകത്തെ ഇസ്ലാമികവത്ക്കരിക്കാൻ ഇറങ്ങിയ പാക് വംശജയായ ന്യറോ സയന്റിസ്റ്റ്; യു.എസിൽ വളർന്നിട്ടും ആകൃഷ്ടയായത് അൽഖായിദയിൽ; പിടികൂടപ്പെട്ടത് എബോളയെ ജൈവായുധമാക്കി മാറ്റാനുള്ള പരീക്ഷണത്തിനിടെ; പാക്കിസ്ഥാൻ വിശേഷിപ്പിക്കുന്നത് 'രാജ്യത്തിന്റെ പുത്രി'യെന്ന്; ടെക്സാസ് ഭീകരാക്രമണത്തിന് പിന്നിലെ 'ലേഡി അൽഖായിദ'യുടെ കഥ

എം റിജു

ലേഡി അൽഖായിദ! അമേരിക്കൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ കുറേക്കാലം നട്ടം തിരഞ്ഞുകൊണ്ടിരുന്നത് ഈ യുവതിയെ തേടി ആയിരുന്നു. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിൽ ഞെട്ടിയ അമേരിക്ക ഒരു കാര്യം കൃത്യമായി മനസ്സിലാക്കിയിരുന്നു. രാജ്യത്തിന് അകത്തെ ചിലരുടെ പിന്തുണയില്ലാതെ ഈ കൃത്യം നടക്കില്ല. അങ്ങനെ ഗൂഢാലോചന അന്വേഷിക്കവേയാണ് ഒരു വനിതയാണ് രഹസ്യം സൂക്ഷിച്ചതെന്നും, അംഗങ്ങളെ പരസ്പരം കണക്റ്റ് ചെയ്തതെന്നും അവർ മനസ്സിലാക്കി. അത് ആരാണെന്ന് അറിയാതെ സിഐ.എ ഉദ്യോഗസ്ഥർ ഇട്ട രഹസ്യപ്പേരായിരുന്നു ലേഡി അൽഖായിദ. പക്ഷേ അവർ ആരാണെന്ന് വെളിപ്പെട്ടപ്പോൾ അമേരിക്കൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ വീണ്ടും ഞെട്ടി. യു.എസിലെ പ്രശ്സതയായ ന്യൂറോ സൈന്റിസ്റ്റ് ഡോ. ആഫിയ സിദ്ദിഖിയായിരുന്നു അത്. പാക് വംശജയാണെങ്കിലും അമേരിക്കയിൽ പഠിക്കയും വളരുകയും, ഉന്നത വിദ്യാഭ്യാസം നേടുകയും ചെയ്ത ഡോ ആഫിയ സിദ്ദീഖി ഈ പണി ചെയ്യുമെന്ന് ആർക്കും വിശ്വസിക്കാനായില്ല.

ഇപ്പോൾ ശിക്ഷക്കപ്പെട്ട് ജയിലിൽ കിടക്കുമ്പോളും ഈ ലേഡി അൽഖായിദ വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് കഴിഞ്ഞദിവസം അമേരിക്കയിലെ ടെക്‌സസിൽ നാലുപേരെ തോക്കുധാരി ബന്ദിയാക്കിയത്. നഗരത്തിലെ യഹൂദപ്പള്ളിയിലാണ് ബ്രിട്ടീഷ് പൗരനായ മാലിക് ഫൈസൽ അക്രം നാലുപേരെ മണിക്കൂറുകളോളം തടഞ്ഞുവെച്ചത്. ഒടുവിൽ പത്ത് മണിക്കൂറുകൾക്ക് ശേഷമാണ് എഫ്.ബി.ഐ ഉദ്യോഗസ്ഥർ ഇവരെ മോചിപ്പിച്ചത്. അക്രമിയായ മാലിക് ഫൈസൽ കൊല്ലപ്പെടുകയും ചെയ്തു.

ടെക്‌സസ് സംഭവം വാർത്തയായതിന് പിന്നാലെ പലരും ചോദിച്ച ചോദ്യമായിരുന്നു ആരാണ് ഡോ ആഫിയ സിദ്ദിഖി. നിലവിൽ 86 വർഷത്തെ തടവുശിക്ഷ അനുഭവിച്ചുവരികയാണ് ആഫിയ.

ഉന്നത വിദ്യാഭ്യാസം കിട്ടിയിട്ടും തീവ്രവാദത്തിൽ

വിദ്യാഭ്യാസം തീവ്രവാദ പ്രവർത്തനത്തിന് യാതൊരു തടസ്സവുമല്ലെന്ന് തെളിയിക്കുന്നതാണ് ആഫിയയുടെ ജീവിതം.പാക്കിസ്ഥാനാണ് സ്വദേശമെങ്കിലും യു.എസിലായിരുന്നു ആഫിയയുടെ വിദ്യാഭ്യാസം. വൈകാതെ തന്നെ യു.എസ് പൗരത്വവും ഇവർക്ക് ലഭിച്ചു.ബോസ്റ്റണിൽ വിദ്യാർത്ഥിയായിരുന്ന 11 വർഷക്കാലത്തിനിടയിലായിരുന്നു ഇവർ തീവ്രവാദത്തിലേക്ക് ആകൃഷ്ടയായത്. എ.ഐ.ടിയിൽ നിന്നും ജീവശാസ്ത്രത്തിൽ ബിരുദം നേടിയ ആഫിയ, ബ്രാൻഡീസ് യൂണീവേഴ്സിറ്റിയിൽ നിന്നും ന്യുറോ സയൻസിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.

തികഞ്ഞ മതവിശ്വാസിയായിരുന്ന അവർ മതം അനുശാസിക്കുന്ന രീതിയിലുള്ള വസ്ത്രങ്ങൾ മാത്രമാണ് അണിഞ്ഞിരുന്നതെന്നും സഹപാഠികൾ ഓർക്കുന്നു. ആഫിയ സിദ്ദിഖി 1993ൽ ആണ് ആദ്യമായി തന്റെ തീവ്രവാദ മനോനില പ്രകടമാക്കുന്നത് എന്നാണ് സുഹൃത്തുക്കൾ പിന്നീട് പറയുന്നത്. മുസ്ലിം സ്റ്റുഡന്റ് അസ്സൊസിയേഷനുമായി ചേർന്ന് പ്രവർത്തിച്ചിരുന്ന ഇവർ ബോസ്നിയൻ യുദ്ധത്തിന്റെ ആരംഭത്തോടെയാണ് തീവ്രവാദ ചിന്തകളിൽ ആകൃഷ്ടയാകുന്നത്. നിയമം ലംഘിച്ചുകൊണ്ടാണെങ്കിലും മുസ്ലിം സഹോദരന്മാർക്കും സഹോദരിമാർക്കും വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു അവർ ഇത് ചെയ്തത്. ഇവർ നാഷണൽ റൈഫിൾ അസ്സോസിയേഷനിൽ ചേർന്ന് ഷൂട്ടിങ് പഠിക്കുകയും തോക്കുകളും മറ്റ് ആയുധങ്ങളും ഉപയോഗിക്കാൻ പഠിക്കണമെന്ന് മറ്റു മുസ്ലിം മതവിശ്വാസികളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. പിന്നീട് ഇവർ ബ്രൂക്ക്ലിൻ ആസ്ഥാനമായ അൽ കിഫാ റെഫ്യുജി സെന്ററുമായി ചേർന്ന് ഇവർ പ്രവർത്തിക്കാൻ തുടങ്ങി. അമേരിക്കയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ അൽഖായിദ രൂപീകരിച്ചതാണ് ഇതെന്നാണ് പറയപ്പെടുന്നത്.

ലോകം മുഴുവൻ ഇസ്ലാമികവത്ക്കരിക്കപ്പെടുന്ന ഒരു കാലം ആയിരുന്നു അവർ സ്വപ്നം കണ്ടിരുന്നതെന്ന് പിന്നീട് അവരുടെ പല ഫോൺ റെക്കോർഡുകളും ഉദ്ധരിച്ച് സിഐ.എ കണ്ടെത്തിയിട്ടുണ്ട്. ഭർത്താവിനോട് കള്ളം പറഞ്ഞാണ് ഇവർ വിവാഹം കഴിച്ചത്. തന്റെ കുടുംബത്തിന് സമൂഹത്തിൽ ഉണ്ടായിരുന്ന സ്വാധീനം ഉപയോഗിച്ച് ജിഹാദ് നടത്തുക എന്നതുമാത്രമായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് ഭർത്താവ് പിന്നീട് തിരിച്ചറിയുകയായിരുന്നു. ഇദ്ദേഹവും അമേരിക്കൽ രഹസ്യാന്വേഷണ സംഘത്തിന് കൃത്യമായ മൊഴി നൽകിയിട്ടുണ്ട്.

വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ശേഷം ആഫിയയും ഭർത്താവും ഉടൻ തന്നെ യു.എസിൽനിന്ന് പാക്കിസ്ഥാനിലേക്ക് മടങ്ങിയതും സംശയങ്ങൾ ബലപ്പെടുത്തി. സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരിലൊരാളായ ഖാലിദ് ഷെയ്ഖ് മുഹമ്മദുമായി ആഫിയക്ക് ബന്ധമുണ്ടെന്നതായിരുന്നു യു.എസ് എജൻസികളുടെ ആദ്യ കണ്ടെത്തൽ. ഖാലിദിന്റെ പ്രത്യേക ദൂതനായി പ്രവർത്തിച്ചിരുന്ന ആഫിയ, ഇയാളുടെ സഹോദരപുത്രനായ അമ്മാർ അൽ-ബലൂച്ചിയെയാണ് രണ്ടാമത് വിവാഹം കഴിച്ചത്. ആഫിയയുടെ ഭർത്താവായ അമ്മാർ നിലവിൽ ഗ്വാണ്ടനാമോ ജയിലിലാണ്. സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിൽ പങ്കാളികളായവർക്ക് പണം കൈമാറിയെന്ന കുറ്റമാണ് ഇയാൾക്കെതിരേ ചുമത്തിയിരിക്കുന്നത്.

വേൾഡ് ട്രേഡ് സെന്റ് ആക്രമണത്തിനുശേഷം പാക്കിസ്ഥാനിൽ എത്തിയ അവർ അവിടെയും വെറുതെയിരുന്നില്ല. ഭർത്താവുമായി വേർപിരിഞ്ഞ ആഫിയ താലിബാനെ സഹായിക്കാനായി അഫ്ഗാൻ അതിർത്തിയിലേക്ക് പോകുകയായിരുന്നു. ഇതാണ് ആദ്യ ഭർത്താവ് മൊഴി നൽകയിയതും. തന്റെ ആവശ്യം കഴിഞ്ഞു പിന്നെ തന്നെ ഒഴിവാക്കിലെന്ന്. ഇതിനുപിന്നാലെയാണ് അമ്മാർ അൽ-ബലൂച്ചിയെ രണ്ടാമത് വിവാഹം കഴിക്കുന്നത്. 2004ൽ അൽ ഖായിദ ഭീകരവാദികളുടെ പട്ടികയിൽ ആഫിയയും ഇടംപിടിച്ചു. ആ പട്ടികയിലെ ഒരോയൊരു വനിതയും ഇവർ തന്നെയായിരുന്നു. ആഫിയ സിദ്ദിഖിക്ക് അൽ ഖായിദയുമായി ബന്ധമുണ്ടെന്ന് എഫ്.ബി.ഐ 2004ൽ നടത്തിയ ഒരു വാർത്താസമ്മേളനത്തിൽ തുറന്നുപറഞ്ഞു. വരുംമാസങ്ങളിൽ അൽ ഖായിദ വിവിധയിടങ്ങളിൽ നടത്താൻ ലക്ഷ്യമിട്ട ആക്രമണങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനിടെയാണ് ആഫിയയുടെ ബന്ധവും ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയത്.

എബോളയെ ജൈവായുധമാക്കാൻ നീക്കം

അമേരിക്കൻ സൈനിക നീക്കത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിതയെ പിടികൂടാൻ ഇത്രയും സന്നാഹങ്ങൾ വേണ്ടി വരുന്നത് എന്നാണ് ഡെയ്ലി മെയിൽ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്. സിഐ.എയുടെ രഹസ്യ നീക്കത്തിന് ഒടുവിൽ 2008ൽ അഫ്ഗാനിസ്ഥാനിൽവെച്ച് ആഫിയ പിടിയിലായി. ചില നിർണായക രേഖകളുമായാണ് ആഫിയയെ പിടികൂടിയതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വാദം.

ബോംബുനിർമ്മാണത്തെക്കുറിച്ചും ആണവായുധങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്ന ചില കുറിപ്പുകളും യു.എസിൽ ആക്രമണം നടത്തേണ്ട സ്ഥലങ്ങളുടെ പട്ടികയും പാക് വനിതയിൽനിന്ന് കണ്ടെടുത്തായി ഉദ്യോഗസ്ഥർ പറഞ്ഞു. എബോള വൈറസിനെ എങ്ങനെ ജൈവായുധമാക്കി മാറ്റാം എന്നതടക്കമുള്ള കുറിപ്പുകളും ഇവരുടെ കൈവശമുണ്ടായിരുന്നു. പിടികൂടുന്നതിനിടെ സയനൈഡും യുവതിയുടെ പക്കലുണ്ടായിരുന്നതായാണ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ.

ഏതാണ്ട് പാതിവഴിയിൽ എത്തിയ എബോളയെ ജൈവായുധമാക്കുന്ന പദ്ധതി ഞെട്ടലോടെ മാത്രമാണ് യു.എസ് ഉദ്യോഗസ്ഥർ കേട്ടത്. അത് വിജയിക്കുകയായിരുന്നെങ്കിൽ അമേരിക്ക ഉണ്ടാകുമായിരുന്നില്ല എന്നാണ് ഇവർ പറയുന്നത്. അഫ്ഗാനിൽ പിടിയിലായി ചോദ്യംചെയ്യലിനിടെ ആഫിയ ഒരു സൈനികനിൽനിന്ന് തോക്ക് തട്ടിപ്പറിച്ച് വെടിയുതിർത്തതും യു.എസ് ഉദ്യോസ്ഥരെ ഞെട്ടിച്ചു. ഈ കുറ്റത്തിന് അടക്കം 2010ൽ കോടതി ആഫിയയെ 86 വർഷത്തെ തടവിന് ശിക്ഷിച്ചു. കോടതിയിലെ വാദത്തിനിടെ ആഫിയക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പ്രതിഭാഗം അഭിഭാഷകർ വാദിച്ചിരുന്നു. എന്നാൽ ഈ വാദം കേട്ട ആഫിയ തന്നെ 'താൻ ഭ്രാന്തിയല്ലെന്ന്' കോടതിയിൽ പറഞ്ഞു. അഭിഭാഷകരുടെ വാദത്തിനോട് യോജിക്കുന്നില്ലെന്നും പ്രതി കോടതിയിൽ പറഞ്ഞിരുന്നു.

'രാജ്യത്തിന്റെ പുത്രി' പാക്കിസ്ഥാൻ

എന്നാൽ ഇത്തരം ഒരു ഭീകരവാദിയെ ഒറ്റപ്പെടുത്തുന്നതിന് പകരം സംരക്ഷിക്കുന്നതിനുള്ള നീക്കമാണ് അന്നത്തെ പാക് സർക്കാർ നടത്തിയത്. അന്നത്തെ പാക് പ്രധാനമന്ത്രിയായിരുന്ന യൂസഫ് റാസാ ഗിലാനി 'രാജ്യത്തിന്റെ പുത്രി' എന്നാണ് ആഫിയയെ വിശേഷിപ്പിച്ചത്. ഒരു പാവം ന്യൂറോ ശാസ്ത്രജ്ഞയെ അമേരിക്ക വെറുതെ കേസിൽ കുടുക്കിയതാണെന്ന് ഗിലാനി തട്ടി വിട്ടതോടെ പാക്കിസ്ഥാൻ ഇളകി മറിഞ്ഞു. പലയിടങ്ങളിലും ആഫിയയെ പിന്തുണച്ച് പ്രകടനങ്ങൾ നടന്നു. യു.എസ്. നടപടിയെ പാക് മാധ്യമങ്ങൾ രൂക്ഷമായി വിമർശിച്ചു. ആഫിയ നിരപരാധിയാണെന്നായിരുന്നു ഇവരുടെയെല്ലാം വാദം. ആഫിയയുടെ ജയിൽമോചനത്തിനായുള്ള പ്രചരണങ്ങളും ശക്തമായി.

ഡോ ആഫിയ സിദ്ദിഖിയെ കള്ളക്കേസിൽ കുടുക്കിയതാണെന്നാണ് ഇവരെ പിന്തുണയ്ക്കുന്നവരുടെ വാദം. ആഫിയ രാഷ്ട്രീയ തടവുകാരിയാണെന്നും വ്യാജമായ തെളിവുകളാണ് ഇവർക്കെതിരേ ഹാജരാക്കിയതെന്നും പിന്തുണയ്ക്കുന്നവർ പറയുന്നു. ഇതിനിടെ, ടെക്‌സസിലെ ഫോർട്ട് വർത്ത് ഫെഡറൽ ജയിലിൽ ശിക്ഷ അനുഭവിച്ചുവരുന്നതിനിടെ ആഫിയ ആക്രമിക്കപ്പെട്ട സംഭവവുമുണ്ടായി. ജയിലിലെ മറ്റൊരു അന്തേവാസിയാണ് കാപ്പി കുടിക്കുന്ന മഗ് ഉപയോഗിച്ച് യുവതിയെ ആക്രമിച്ചത്. ചൂടുവെള്ളം ആഫിയയുടെ മുഖത്തേക്ക് ഒഴിക്കുകയും ചെയ്തു. മറ്റൊരു യുവതി ആഫിയയെ ചവിട്ടിയതായും മർദിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു. പക്ഷേ അമേരിക്ക ഈ വിഷയത്തിൽ ഉറച്ച നിലപാടാണ് എടുത്തത്. എല്ലാം തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും, ആഫിയയുടെ വിഷയത്തിൽ കൂടുതൽ മിണ്ടരുതെന്നും അമേരിക്കൽ സ്റ്റേറ്റ് സെക്രട്ടറി താക്കീക് നൽകി. ആഫിയയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചില ഭീകരവാദികളും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു. സിറിയയിൽനിന്ന് പരിശീലനം ലഭിച്ച ഒഹിയോ സ്വദേശി അബ്ദുറഹ്‌മാൻ ഷെയ്ഖ് മൊഹമൂദാണ് ആഫിയ കഴിയുന്ന ജയിൽ ആക്രമിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തിരുന്നത്. ഇയാൾ പിടിയിലാവുകയും ഇയാളെ പിന്നീട് 22 വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു.

ഇടക്ക് ചൂടാറിപ്പോയ ആഫിയയുടെ മോചനം ഇപ്പോൾ ടെക്‌സസിലെ സംഭവങ്ങളോടെയാണ് വീണ്ടും ചർച്ചയായത്. എന്നാൽ ഇത്തരം അക്രമങ്ങളെ ശക്തമായി അപലപിക്കുകയാണെന്നാണ് ആഫിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന ഫൈസാൻ സയീദ് പ്രതികരിച്ചത്. അമേരിക്കൻ ഇസ്ലാമിക് റിലേഷൻസ് കൗൺസിലിന്റെ എക്‌സിക്യൂട്ടിവ് ഡയറക്ടർ കൂടിയാണ് ഫൈസാൻ. ആഫിയയുടെ മോചനത്തിന് വേണ്ടിയുള്ള പരിശ്രമങ്ങളെ തുരങ്കംവെയ്ക്കുന്നതാണ് ഇത്തരം പ്രവൃത്തികളെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തീവ്രാവാദി ആക്രമണമെന്ന് സ്ഥിരീകരിച്ച് ബൈഡൻ

അതിനിടെ ടെക്സാസിലെ യഹൂദപ്പള്ളിയിൽ നടന്നത് തീവ്രവാദി ആക്രമണം തന്നെയാണെന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ സ്ഥിരീകരിച്ചു. പള്ളിയിൽ അക്രമിച്ചു കയറിയ തീവ്രവാദി പുരോഗിതൻ ഉൾപ്പടെ നാലുപേരെബന്ധിയാക്കിയിരുന്നു. എന്നാൽ, യഹൂദപ്പള്ളി ലക്ഷ്യം വയ്ക്കാൻ കാരണമെന്തെന്ന് അറിയില്ലെന്നും ബൈഡൻ ഫിലാഡൽഫിയയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

നാലു പേരെ ബന്ധിയാക്കിയ തീവ്രവാദി അതിൽ ഒരാളെ ആദ്യമേ വിട്ടയച്ചിരുന്നു. എഫ് ബി ഐയുടെ സ്പെഷ്യൽ റെസ്‌ക്യു സംഘം ശനിയാഴ്‌ച്ച രാത്രിയോടെ മറ്റു മൂന്നുപേരെയും സ്വതന്ത്രരാക്കി. ഇംഗ്ലണ്ടിലെ ബ്ലാക്ക്‌ബേണിൽ നിന്നുള്ള 44 കാരനായ മാലിക് ഫൈസൽ അക്രം ആണ് അക്രമി എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനെത്തിയ എഫ് ബി ഐ സംഘത്തിന്റെ വെടിയേറ്റ് ഇയാൾ മരണമടയുകയായിരുന്നു.

അക്രമിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും ലഭ്യമല്ലെങ്കിലും, അയാൾ അമേരിക്കയിൽ എത്തിയതിനു ശേഷം തെരുവോരത്തു നിന്നാണ് തോക്ക് വാങ്ങിയത് എന്ന് സ്ഥിരീകരിച്ചതായി ബൈഡൻ പറഞ്ഞു. ബോംബ് ഉണ്ടെന്ന് അക്രമി ഭീഷണി മുഴക്കിയിരുന്നെങ്കിലും ബോംബ് ഒന്നും തന്നെ കണ്ടെടുക്കാനായില്ല എന്നും ബൈഡൻ പറഞ്ഞു. ആഫിയ സിദ്ദിഖിയുടെ സഹോദരനാണ് എന്നാണ് ഇയാൾ അവകാശപ്പെട്ടിരുന്നത്. എന്നാൽ ഇക്കാര്യം അയാളുടെ ബന്ധുക്കൾ നിഷേധിക്കയാണ്. അയാൾ മാനസികമായി തകർന്ന വ്യക്തിയായിരുന്നു എന്നാണ് ഫൈസലിന്റെ സഹോദരൻ ഗുൽബർഅക്രം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ബന്ദി നാടകം നടക്കുന്ന സമയം മുഴുവൻ താൻ എഫ്.ബി.ഐയുമായി ബന്ധപ്പെട്ട് സഹോദരനെയും ബന്ധികളാക്കപ്പെട്ടവരെയും രക്ഷിക്കാൻ പരമാവധി ശ്രമിച്ചു എന്നും അയാൾ പറയുന്നു.

തങ്ങളുടേ കുടുംബം ഫൈസലിന്റെ ഒരു പ്രവർത്തിയേയും പിന്തുണയ്ക്കുകയോ ന്യായീകരിക്കുകയോ ചെയ്യുന്നില്ല എന്ന് വ്യക്തമാക്കിയ സഹോദരൻ, ബന്ദിയാക്കപ്പെട്ടവരോടെല്ലാം, അവർക്കുണ്ടായ മാനസിക സംഘർഷത്തിന് മാപ്പ് പറയുകയും ചെയ്തു. ഏതു മതവിഭാഗത്തിൽ പെട്ടവരെയും ആക്രമിക്കുന്നതിന് തങ്ങൾ എതിരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പക്ഷേ ഈ സംഭവത്തിനുശേഷം അമേരിക്കയിലും ബ്രിട്ടിനിലും ഒരുപോലെ ഭീതി ഉയർന്നിരിക്കയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP