Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202126Tuesday

പ്രസിഡന്റിന്റെ കൊട്ടാരം മുതൽ കാബുൾ വിമാനത്താവളം വരെ നജീബുള്ള ഉപയോഗിച്ച പാസ് വേർഡ് അവസാനത്തേതിന് തൊട്ടുമുന്നിലുള്ള ചെക്ക് പോയിന്റിൽ ബ്ലോക്ക്; എയർപോർട്ട് കൊട്ടിയടച്ച് വിശ്വസ്തൻ ദോസ്തമിന്റെ ചതി; ഇന്ത്യയിലേക്ക് രക്ഷപ്പെടൽ പരാജയപ്പെട്ടതോടെ ട്രാഫിക് സിഗ്നൽ തൂണിൽ കെട്ടിത്തൂക്കി താലിബാന്റെ ക്രൂരകൊലപാതകം; അഫ്ഗാൻ മുൻ പ്രസിഡന്റിന്റെ പെൺമക്കൾ പറയുന്നു ചതിച്ചത് പാക്കിസ്ഥാൻ

പ്രസിഡന്റിന്റെ കൊട്ടാരം മുതൽ കാബുൾ വിമാനത്താവളം വരെ നജീബുള്ള ഉപയോഗിച്ച പാസ് വേർഡ് അവസാനത്തേതിന് തൊട്ടുമുന്നിലുള്ള  ചെക്ക് പോയിന്റിൽ ബ്ലോക്ക്; എയർപോർട്ട് കൊട്ടിയടച്ച് വിശ്വസ്തൻ ദോസ്തമിന്റെ ചതി;  ഇന്ത്യയിലേക്ക് രക്ഷപ്പെടൽ പരാജയപ്പെട്ടതോടെ ട്രാഫിക് സിഗ്നൽ തൂണിൽ കെട്ടിത്തൂക്കി താലിബാന്റെ ക്രൂരകൊലപാതകം;  അഫ്ഗാൻ മുൻ പ്രസിഡന്റിന്റെ പെൺമക്കൾ പറയുന്നു ചതിച്ചത് പാക്കിസ്ഥാൻ

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ ഇനി താലിബാന്റെ സമയമെന്ന് അവർ തന്നെ പറയുന്നു. അഷ്‌റഫ് ഗനിയുടെ സമയം തീർന്നിരിക്കുന്നു എന്നാണ് വർദ്ധിച്ച ആത്മവിശ്വാസത്തോടെ അവർ പ്രഖ്യാപിക്കുന്നത്. ഭയം അകറ്റാൻ വേണ്ടി ഗനി വെറുതെ വിടുവായത്തം പറയുകയാണെന്നും താലിബാൻ പറയുമ്പോൾ ആ രാജ്യം കൂടുതൽ അസ്വസ്ഥമാവുകയാണ്. താലിബാന്റെ തിരിച്ചുവരവിനെ ഭയപ്പാടോടെ നോക്കുന്ന ജനസമൂഹം വിശേഷിച്ചും. ആഭ്യന്തര യുദ്ധം താറുമാറാക്കിയ അഫ്ഗാനിസ്ഥാനിൽ സ്ഥിരതയ്യാർന്ന ഭരണം എന്നത് വെറും സ്വപ്‌നം മാത്രമാണ്. മുമ്പൊരിക്കൽ, ഒരു രാഷ്ട്രീയ നിരീക്ഷകൻ പറഞ്ഞത് പോലെ അഫ്ഗാനിസ്ഥാനിൽ സ്ഥിരത വന്നു എന്നതിന്റെ ലിറ്റ്മസ് ടെസ്റ്റ്, നേതാക്കളും, മന്ത്രിമാരും തങ്ങളുടെ കുടുംബങ്ങളെ രാജ്യത്തേക്ക് മടക്കിക്കൊണ്ടുവരിക എന്നതിലാണ്.

താലിബാനെ തുരത്തി പുതിയ അഫ്ഗാൻ ഭരണകൂടം അധികാരമേറിയ നാളുകളിൽ വടക്കൻ സഖ്യത്തിലെ അഫ്ഗാൻ മന്ത്രിമാർ കൂടെക്കൂടെ ന്യൂഡൽഹിയിൽ വരുമായിരുന്നു, തങ്ങളുടെ കുടുംബങ്ങളെ കാണാൻ. നേതാക്കൾക്ക് പോലും രക്ഷയില്ലാത്ത രാജ്യം. അഫ്ഗാനിസ്ഥാനിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ അവസാനനാളുകളിൽ പ്രസിഡന്റ് ഡോ.നജീബുള്ളയും, മറ്റ് ചില പാർട്ടി ഉന്നതന്മാരും തങ്ങളുടെ കുടുംബങ്ങളെ ന്യൂഡൽഹിയിലേക്കോ, മോസ്‌കോയിലേക്കോ മാറ്റിയിരുന്നു. താലിബാൻ തൂക്കി കൊന്ന നജീബുള്ളയുടെ കുടുംബം 29 വർഷമായി ഇന്ത്യയിലാണ്.

നജീബുള്ളയെ ചതിച്ചത് ആര്?

1987 മുതൽ 1992 വരെയാണ് മുഹമ്മദ് നജീബുള്ള അഹ്മദ്‌സായി അഫ്ഗാൻ പ്രസിഡന്റ് ആയിരുന്നത്. 1996 സെപ്റ്റംബറിൽ കാബുൾ പിടിച്ചടക്കിയ താലിബാൻ ലോകം മുഴുവൻ കാൺകെ നജീബുള്ളയോട് ചെയ്തത് എങ്ങനെ മറക്കാൻ? ഡോ. നജീബുള്ളയെ, അദ്ദേഹം അഭയം തേടിയിരുന്ന യുഎൻ ഓഫീസിൽ നിന്ന് താലിബാൻ പിടികൂടി. ഷണ്ഡീകരണം ഉൾപ്പടെയുള്ള കൊടിയ പീഡനങ്ങൾക്ക് വിധേയമാക്കി. ക്രിമിനൽ സംഘം നജീബുള്ളയെ കൊലപ്പെടുത്തി. മൃതദേഹം ഒരു ട്രക്കിലിട്ട് കാബൂൾ നഗരത്തിലൂടെ പ്രദർശിപ്പിച്ചു. അതിനുശേഷം ട്രാഫിക്ക് സിഗ്‌നൽ തൂണിൽ കെട്ടിത്തൂക്കി.

എന്തുകൊണ്ട് നജീബുള്ളയ്ക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല?

1992 ഏപ്രിൽ 17 ന് നജീബുള്ള തീർത്തും ഒറ്റപ്പെട്ടവനായിരുന്നു. കാബുളിൽ നിന്ന് പുലർച്ച മൂന്നുമണിക്ക് രക്ഷപ്പെടാനുള്ള സുവർണാവസരം അദ്ദേഹത്തിന് നഷ്ടമായി. രണ്ടാഴ്ച മുമ്പ് അദ്ദേഹത്തിന്റെ ഭാര്യയും മക്കളും ന്യൂഡൽഹിയിലേക്ക് രക്ഷപ്പെട്ടിരുന്നു. അവർക്കൊപ്പം ചേരാനായി അഫ്ഗാനിസ്ഥാനിലെ യുഎൻ മനുഷ്യാവകാശ വിഭാഗം തലവൻ ബെനൺ സെവനൊപ്പം ഡൽഹിയിലേക്ക് ഒരുരഹസ്യ ഫ്‌ളൈറ്റ് അദ്ദേഹം ആസൂത്രണം ചെയ്തിരുന്നു.

പാക് പ്രധാനമന്ത്രി നവാസ് ഷെറീഫിനെ വിശ്വാസത്തിലെടുത്തതും സെവനായിരുന്നു. ഇന്ത്യയിൽ രാഷ്ട്രീയ അഭയം തേടുന്ന വിവരം ഷെരീഫിനെ അറിയിച്ചിരുന്നു. അരമണിക്കൂറിനകം സ്റ്റേറ്റ് ഗസ്റ്റായി നജീബുള്ളയെ സ്വീകരിക്കാൻ പ്രധാനമന്ത്രി നരസിംഹ റാവു തീരുമാനമെടുത്തു.

സായുധനായ അംഗരക്ഷകനും, ഒരു സംഘം യുഎൻ ഉദ്യോഗസ്ഥർക്കും ഒപ്പം കാബൂൾ വിമാനത്താവളത്തിൽ എത്തിയെങ്കിലും അവിടെ പ്രവേശനം തടഞ്ഞു. ഔദ്യോഗിക വസതി മുതൽ വിമാനത്താവളം വരെ നജീബുള്ള ഉപയോഗിച്ച പാസ് വേർഡ് ഏറ്റവും ഒടുവിലത്തേതിന്റെ തൊട്ടുമുന്നിലത്തെ ചെക്ക് പോയിന്റിൽ പ്രവർത്തിച്ചില്ല. വിമാനത്താവളം ഉസ്ബക്ക് വംശജനായ നജീബുള്ളയുടെ ഒരുകാലത്തെ വിശ്വസ്തനായിരുന്ന പ്രാദേശിക കമാൻഡർ അബ്ദുൾ റഷീദ് ദോസ്തമിന്റെ നിയന്ത്രണത്തിലായിരുന്നു. എന്നാൽ, തനിനിറം കാട്ടിയ ദോസ്തം, മുജാഹിദ്ദീനുകളോട് കൂറുമാറി തന്റെ മുൻ ചങ്ങാതിക്കെതിരെ തിരിഞ്ഞു. കൊടുംചതി. അടുത്ത 24 മണിക്കൂർ നേരത്തേക്ക് വിമാനത്താവളം അടച്ചിട്ടു. വിമാനത്താവളത്തിന്റെ റൺവേയിൽ ഒരുവിമാനം കാത്തുകിടന്നിരുന്നു. അതിൽ സെൽവൻ നജീബുള്ളയെയും കാത്തിരുന്നു. വിമാനം ആക്രമിക്കേണ്ടതില്ലെന്ന് ദോസ്തം തീരുമാനിച്ചിരുന്നു. സെൽവൻ പുറത്തിറങ്ങിയതുമില്ല. ശാപവചനങ്ങൾ ഉരുവിട്ട് കൊണ്ട് നജീബുള്ള തന്റെ വാഹനവ്യൂഹം തിരിച്ചുവിട്ടു. വേറെ മാർഗ്ഗം ഒന്നും ഉണ്ടായിരുന്നില്ല. വീട്ടിലേക്ക് പോയാൽ അപകടമായിരുന്നു. തന്റെ രക്ഷപ്പെടൽ അട്ടിമറിച്ച സംഘം തന്നെയും വകവരുത്തുമെന്ന് അദ്ദേഹം ഭയന്നു.

നജീബുള്ളയുടെ സുരക്ഷാകാര്യ മന്ത്രി ജനറൽ ഗുലാം ഫറൂഖ് യഖുബിയെ പിന്നീട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നും കൊലപാതകമെന്നും രണ്ടു സംസാരം. എന്തായാലും പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് മടങ്ങുന്നതിന് പകരം യുഎൻ ഓഫീസിലേക്കാണ് നജീബുള്ള മടങ്ങിയത്.

ചതിച്ചത് ആരൊക്കെ?

ദോസ്തം മാത്രമല്ല, നജീബുള്ളയുടെ പാർട്ടിക്കാരിൽ ഭൂരിപക്ഷവും അദ്ദേഹത്തെ ഉപേക്ഷിച്ചിരുന്നു. തങ്ങളുടെ തന്നെ രാഷ്ട്രീയ അതിജീവനത്തിന് വേണ്ടി മുജാഹിദ്ദീനുകൾക്ക് നജീബുള്ളയെ രാഷ്ട്രീയ തടവുകാരനായി പിടിച്ചുകൊടുക്കാൻ ആയിരുന്നു വിദേശ കാര്യമന്ത്രി അബ്ദുൾ വകീലിനും, സൈനിക മേധാവി ജനറൽ മുഹമ്മദ് നബി അസീമിക്കും താൽപര്യം. നജീബുള്ളയുടെ രക്ഷപ്പെടൽ ശ്രമം അറിഞ്ഞ് ഇരുവരും വിമാനത്താവളത്തിലേക്ക് കുതിച്ചിരുന്നു.

നജീബുള്ളയുടെ രക്ഷപ്പെടലിന് യഥാർത്ഥത്തിൽ തടസ്സമായത് ഒരു പ്ലാൻ ബിയുടെ കുറവായിരുന്നു. ഇതിന് പുറമേ ചില രാഷ്ട്രീയ അന്തർ നാടകങ്ങളും. ദോസ്തമിനെ പാല് കൊടുത്ത് വളർത്തിയത് തന്റെ കൈക്ക് കടിക്കാൻ ആയിരുന്നുവെന്ന് നജീബുള്ള അറിഞ്ഞിരുന്നില്ല.

താലിബാൻ യുഎൻ വളപ്പിൽ കയറുമ്പോൾ അവിടെ നജീബുള്ളയ്‌ക്കൊപ്പം സഹോദരനും മുൻ സുരക്ഷാ ഉദ്യോഗസ്ഥനുമായ ഷാപുർ അഹ്മെദസിയും കൂട്ടാളികളും ഉണ്ടായിരുന്നു. 1996 സെപ്റ്റംബർ 27 ന് കാബുൾ നിവാസികൾ ഉണർന്നത് ആ ദുരന്ത കാഴ്ച കാണാൻ വേണ്ടിയായിരുന്നു. ട്രാഫിക്ക് സിഗ്‌നൽ തൂണിൽ കെട്ടിത്തൂക്കി ഇട്ടിരിക്കുന്ന സഹോദരന്മാരുടെ മൃതദേഹങ്ങൾ. ആൾക്കൂട്ടം ആർപ്പുവിളിച്ചു. നജീബുള്ളയുടെ പേഴ്‌സണൽ സെക്രട്ടറിയെയും അംഗരക്ഷകനെയും പിറ്റേന്ന് തൂക്കി കൊന്നു.

1989 ൽ സോവിയറ്റ് സേന പിൻവാങ്ങിയ ശേഷമുള്ള വിവിധ ഗറില്ല സംഘടനകളുടെ പോരിന് നജീബുള്ളയുടെ കൊലപാതകത്തോടെ താൽക്കാലിക ശമനമായി. താലിബാൻ ചുവടുറിപ്പിച്ച് തങ്ങളുടേതായ ഭരണകൂട ഭീകരത നടപ്പിലാക്കുകയും ചെയ്തു.

പാക് പങ്ക് ചൂണ്ടിക്കാട്ടി നജീബുള്ളയുടെ മക്കൾ

തന്റെ അച്ഛന്റെ കൊലപാതകത്തിൽ പാക്കിസ്ഥാന്റെ പങ്ക് സംശയിക്കുന്നു നജീബുള്ളയുടെ പെൺമക്കളിൽ ഒരാളായ ഹീല നജീബുള്ള. പല റിപ്പോർട്ടുകളും പാക് പങ്ക് സൂചിപ്പിക്കുന്നതായി ഹീല പറയുന്നു. അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാന്റെ റോൾ വിനാശകരമാണ്. ഹീലാ നജ്ബുള്ള സ്വിറ്റ്‌സർലൻഡിൽ പിഎച്ച്ഡി ചെയ്യുകയാണ്. റെഡ് ക്രോസിന്റെ ഭാഗമായി ജോലി ചെയ്തിട്ടുണ്ട്. സ്വീഡനിലെ ട്രാൻസ്‌നാഷണൽ ഫൗണ്ടേഷൻ ഫോർ പീസ് ആൻഡ് ഫ്യൂച്ച്വർ റിസേർച്ചിൽ ജോലി ചെയ്യുന്നു. 2006ൽ ഐക്യരാഷ്ട്ര സംഘടനയുടെ യങ് ലീഡേഴ്‌സ് ഉച്ചകോടിയിൽ അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ച് ഹീല സംസാരിച്ചിരുന്നു. മൂന്ന് പുസ്തകങ്ങൾ രചിച്ചു. അഫ്ഗാനിസ്ഥാനിലാണ് തന്റെ വേരുകൾ എങ്കിലും, പറക്കാൻ ചിറകുകൾ നൽകി തന്നെ വളർത്തിയത് ഇന്ത്യയാണെന്ന് ഹീല പറയാറുണ്ട്.

തന്റെ അച്ഛൻ കൊല്ലപ്പെടുന്നതിന്റെ തലേന്ന് രാത്രി അദ്ദേഹവുമായി സംസാരിച്ചത് ഹീല ഓർക്കുന്നു. വൈകുന്നേരം നാല്-അഞ്ച് മണിയോടെയാണ് അച്ഛൻ സാറ്റലൈറ്റ് ഫോണിൽ വിളിച്ചത്. വെറുതെ ഹലോ പറഞ്ഞ ശേഷം അദ്ദേഹം സഹോദരിമാരെയും അമ്മയും നന്നായി നോക്കണമെന്ന് പറഞ്ഞു. താലിബാനെ കുറിച്ച് ചോദിച്ചപ്പോൾ, ഇപ്പോൾ സംസാരിക്കാൻ, സമയമില്ല. കുടുംബത്തെ നന്നായി നോക്കൂ എന്നായിരുന്നു മറുപടി.

പുലർച്ചെ 1.30 ഓടെ നജീബുള്ളയെ യുഎൻ ഓഫീസിന് പുറത്തേക്ക് കൊണ്ടുപോവുകയാണെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. തന്റെ അച്ഛന് സംഭവിച്ചത് എന്തെന്ന കാര്യത്തിൽ ഇപ്പോഴും ദുരൂഹതയാണ്. ആരാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടുപിടിക്കാൻ യുഎന്നിനോടും അഫ്ഗാൻ സർക്കാരിനോടും അമ്മ 2020 മെയ് 31 ന് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. സത്യവും നീതിയും ഇല്ലാതെ സമാധാനം സാധ്യമാവുകയില്ല, ഹീല പറഞ്ഞു.

.തങ്ങളല്ല നജീബുള്ളയെ വകവരുത്തിയതെന്ന് താലിബാൻ

ഹീല നജീബുള്ള പാക് പങ്കാണ് സംശയിക്കുന്നത്. ടോലോ പോലെയുള്ള അഫ്ഗാൻ ടിവി ചാനലുകളിൽ താലിബാൻ അംഗങ്ങളുടെ അഭിമുഖത്തിൽ പറയുന്നത് തങ്ങളല്ല, നജീബുള്ളയെ കൊന്നതെന്നാണ്. ആരാണെന്നും എന്തിനാണെന്നും ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. ശക്തവും, സ്വതന്ത്രവുമായ രാജ്യം കാംക്ഷിക്കുന്ന അഫ്ഗാൻ നേതാക്കളെ എന്തുകൊണ്ട് ടാർജറ്റ് ചെയ്യുന്നുവെന്ന് മനസ്സിലാക്കാൻ ഇത് ആവശ്യം, ഹീല പറഞ്ഞു.

ശീതയുദ്ധത്തിന് ശേഷം, അഫ്ഗാൻ യുദ്ധത്തിൽ പാക് പങ്ക് വളരെ വിനാശകരമായിരുന്നു. അവർക്ക് എന്റെ അച്ഛന്റെ മരണത്തിൽ പങ്കുണ്ടെങ്കിൽ അത് തെളിയിക്കപ്പെടണം. ഒരുരാജ്യത്തിന്റെ പ്രസിഡന്റിനെ പകൽ വെളിച്ചത്തിൽ കൊലപ്പെടുത്തിയിട്ട് ഒരു അന്വേഷണവുമില്ല. പരിപൂർണ നിശ്ശബ്ദത. അതെങ്ങനെ ശരിയാകും? ഹീല ചോദിക്കുന്നു.

അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങുമോ?

ശരിയായ സമയം വരുമ്പോൾ അച്ഛനെയും അമ്മാവനെയും അടക്കിയ സ്ഥലത്ത് പോകണം എന്നുണ്ട്. അതാണ് അങ്ങോട്ടേക്ക് വലിച്ചടുപ്പിക്കുന്ന ഘടകം. ഞാൻ, സ്വയം ഒരു രാഷ്ടീയക്കാരിയായി കരുതുന്നില്ല. കാലം ചെല്ലവേ, അഫ്ഗാനിലെ യുവജനത നജീബുള്ള ഉയർത്തിപ്പിടിച്ച ദേശീയ ഐക്യത്തിന്റെയും പുരോഗമനത്തിന്റെയും ജനാധിപത്യത്തിന്റെയും മൂല്യങ്ങൾ മനസ്സിലാക്കിയിട്ടുണ്ടാകും എന്നാണ് വിശ്വാസം. അദ്ദേഹത്തിന്റെ മുദ്രാവാക്യം വതന്യ കഫൻ ഇപ്പോഴും അഫ്ഗാനിസ്ഥാനിൽ മുഴങ്ങുന്നുണ്ട്. ഭാവിയിൽ സ്വതന്ത്രവും കരുത്തുറ്റതുമായ അഫ്ഗാനിസ്ഥാൻ കെട്ടിപ്പടുക്കാൻ യുവാക്കൾ അദ്ദേഹത്തെ മാതൃകയാക്കുമെന്നും ഹീല നജീബുള്ള പ്രതീക്ഷിക്കുന്നു. എന്നാൽ, ഇതിനൊരു രാഷ്ട്രീയ ഘടന രൂപപ്പെടേണ്ടത് അത്യാവശ്യമാണ്.

നിലവിൽ ഇന്ത്യയിൽ അല്ല ജീവിക്കുന്നതെങ്കിലും, താൻ പഠിച്ച് വളർന്ന രാജ്യത്തെ കുറിച്ച് നല്ല ഓർമകൾ മാത്രം. 2001 ന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാനിൽ വളരെ ക്രിയാത്മക പങ്ക് വഹിച്ചുവെന്നും ഹീല സമ്മതിക്കുന്നു. വായനശാലകൾ മാത്രമല്ല, ക്രിക്കറ്റ് ഗ്രൗണ്ടുകൾ, റോഡുകൾ, പാർലമെന്റ് മന്ദിരം, എല്ലാം സൗഹൃദത്തിന്റെ ചിഹ്നങ്ങൾ

അച്ഛന്റെ പിറന്നാൾ ഓർത്ത് മുസ്‌ക നജീബുള്ള

രണ്ടുവർഷം മുമ്പ് നജീബുള്ളയുടെ മറ്റൊരു മകളായ മുസ്‌ക താൻ കുട്ടിയായിരിക്കുമ്പോൾ അച്ഛനൊപ്പമുള്ള ചിത്രം ട്വീറ്റ്് ചെയ്തിരുന്നു. അച്ഛന് പിറന്നാൾ ആശംസകൾ നേരാൻ. 'എനിക്ക് സുഖമില്ലാതിരുന്നപ്പോൾ എന്നെ മടിയിലിരുത്തി നെഞ്ചോട് ചേർത്തത് ഞാൻ ഓർക്കുന്നു. അത്് എനിക്ക് മാത്രമല്ല അങ്ങേയ്ക്ക് ഏറെ പ്രിയപ്പെട്ട അഫ്ഗാനിസ്ഥാനും സുരക്ഷിതത്വം നൽകാൻ വേണ്ടിയായിരുന്നു. എല്ലാം വെല്ലുവിളികൾക്കെതിരെയും അങ്ങ് ധീരമായി പോരാടി. എട്ട് വർഷത്തിൽ കൂടുതൽ അങ്ങേയ്‌ക്കൊപ്പം ചെലവഴിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ, എന്നാണ് ഞാൻ മോഹിക്കുന്നത്', മുസ്‌ക നജീബുള്ള 2019 ൽ കുറിച്ചു.

അമ്മ ഫതാന നജീബിനും സഹോദരിക്കും ഒപ്പം കഴിയുന്ന മുസ്‌കയ്ക്ക് ഇന്ത്യൻ പൗരത്വമുണ്ട്. ബിബിസിയിൽ പ്രോഗ്രാം പ്രൊഡ്യൂസറായിരുന്നു. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര പിആർ കമ്പനി വെബർ ഷാൻഡ് വിക്കിന്റെ ഫോട്ടോഗ്രാഫറാണ് മുസ്‌കയിപ്പോൾ. 'കൊൽക്കൊത്തയിലെ കാബൂളിവാല അഫ്ഗാനികൾ' എന്ന വിഷയത്തിൽ നടത്തിയ ഫോട്ടോ പ്രദർശനം ശ്രദ്ധേയമായിരുന്നു. അഫ്ഗാനിസ്ഥാനേക്കുറിച്ചുള്ള ഒരു കൾച്ചറൽ ഗൈഡ് ബുക്കിന്റെ സഹരചയിതാവുമാണ്

ഹിന്ദുക്കളുടെയും സിഖുകാരുടെയും പലായനത്തിന് സഹായിച്ചത് നജീബുള്ള

1992 ൽ മുജാഹിദ്ദീനുകൾ അധികാരം കൈയടക്കിയതോടെ, സിഖുകാരും ഹിന്ദുക്കളും അഫ്ഗാനിസ്ഥാനിൽ നിന്ന് കൂട്ടപ്പലായനം തുടങ്ങിയിരുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ കാബൂളിലെ ഗുരുദ്വാരയ്ക്ക് നേരേയുള്ള ആക്രമണത്തിന് ശേഷവും അത് ആവർത്തിച്ചു. മത പീഡനവും സാമുഹിക ഒറ്റപ്പെടുത്തലുമാണ് പലായനങ്ങളുടെ മുഖ്യകാരണം. അഫ്ഗാനിലെ നിയമസംവിധാനം സിഖുകാരെയും ഹിന്ദുക്കളെയും രണ്ടാംതരം പൗരന്മാരാക്കിയിരിക്കുന്നു. 400 വർഷം പഴക്കമുള്ള ഗുരുദ്വാരയ്ക്ക് നേരേയുണ്ടായ ആക്രമണം അതിന് ആക്കം കൂട്ടിയെന്ന് മുസ്‌ക നജീബ് പറയുന്നു.

നജീബുള്ളയുടെ കാലത്ത് ഹിന്ദു-സിഖ്-മുസ്ലിം സാഹോദര്യം നിലനിന്നിരുന്നു. ഹിന്ദുക്കളും സിഖുകളും കാബൂളിൽ ഫാക്ടറികൾ തുറക്കുകയും, കയറ്റുമതി ബിസിനസിൽ ഏർപ്പെടുകയും ചെയ്തു. മതാടിസ്ഥാനത്തിൽ ആളുകളെ വേർതിരിക്കുന്നതിനോട് അച്ഛൻ യോജിച്ചിരുന്നില്ല. ഏകീകൃത അഫ്ഗിനിസ്ഥാന് വേണ്ടി നിലകൊണ്ട അദ്ദേഹം മുജാഹിദ്ദീനുകളുമായി ഏകപക്ഷീയമായ വെടിനിർത്തൽ പ്രഖ്യാപിച്ചപ്പോൾ ന്യൂനപക്ഷങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഹിന്ദുക്കളെയും സിഖുകാരെയും ഇന്ത്യയിലേക്കും മറ്റു രാജ്യങ്ങളിലേക്കും വളരെ വേഗം അയയ്ക്കാൻ പാസ്‌പോർട്ടുകളും വിസകളും ശരിയാക്കി കൊടുത്തു.

എന്നെങ്കിലും നീതിയും സത്യവും പുലരുമോ?

നജീബുള്ളയുടെ കൊലപാതകത്തെ കുറിച്ച് അന്വേഷണ കമ്മീഷനെ വയ്ക്കണമെന്ന അഭ്യർത്ഥന ഇനിയും അഫ്്ഗാൻ ഭരണകൂടം കേട്ടിട്ടില്ല. താലിബാൻ വരവായാൽ, ആ പ്രതീക്ഷയും അസ്തമിക്കും. എങ്കിലും 25 വർഷമായി കാത്തിരുപ്പ് തുടരുന്നു, സത്യമറിയാൻ. ഹീലയെ പോലെ തന്നെ മുസ്‌കയും എന്നെങ്കിലും അഫ്ഗാനിസ്ഥാനിലെ മണ്ണിൽ കാലുകുത്താമെന്ന് പ്രതീക്ഷിക്കുന്നു. താൻ ജനിച്ച മണ്ണിന്റെ ഗന്ധം ഒരിക്കൽ കൂടി ശ്വസിക്കാൻ നജീബുള്ളയുടെ മക്കൾ കൊതിക്കുന്നു. അത് ജനാധിപത്യത്തിന്റെ തിരിച്ചുവരവ് ഉണ്ടായാൽ മാത്രവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP