Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൂച്ച കറുത്തതായാലും വെളുത്തതായാലും വേണ്ടില്ല..എലിയെ പിടിച്ചാൽ മതി; മാവോ അടക്കമുള്ള നേതാക്കളെ കൊട്ടിഘോഷിക്കുമ്പോഴും ചൈനയെ രക്ഷിച്ചത് ഡെങ്ങിന്റെ നയം; ഒരുബോട്ടിലെ രഹസ്യയോഗത്തിൽ നിന്ന് സൂപ്പർ പവറായി മാറിയ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നൂറാം പിറന്നാൾ ആഘോഷിക്കുമ്പോഴും ഇരുമ്പ് മറ മാറുന്നില്ല

പൂച്ച കറുത്തതായാലും വെളുത്തതായാലും വേണ്ടില്ല..എലിയെ പിടിച്ചാൽ മതി; മാവോ അടക്കമുള്ള നേതാക്കളെ കൊട്ടിഘോഷിക്കുമ്പോഴും ചൈനയെ രക്ഷിച്ചത് ഡെങ്ങിന്റെ നയം; ഒരുബോട്ടിലെ രഹസ്യയോഗത്തിൽ നിന്ന് സൂപ്പർ പവറായി മാറിയ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നൂറാം പിറന്നാൾ ആഘോഷിക്കുമ്പോഴും ഇരുമ്പ് മറ മാറുന്നില്ല

മറുനാടൻ ഡെസ്‌ക്‌

 ബീജിങ്: ചൈനയിൽ ഭരണകക്ഷിയായ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ആഘോഷത്തിമിർപ്പിലാണ്. പാർട്ടി രൂപീകരണത്തിന്റെ നൂറാം വാർഷികത്തിന്റെ ആഘോഷം. ഷി ജിൻപിങ്ങിന്റെ പ്രഭാഷണം ആണ് പ്രധാനം. ചൈനയിലുടനീളം ചുവപ്പിന്റെ കടലാണ്. കെട്ടിടങ്ങളിലെല്ലാം ചുവപ്പ് കൊടികളും അലങ്കാരങ്ങളും. പത്രങ്ങളിൽ ചരിത്രതാളുകളിലേക്കുള്ള അന്വേഷണങ്ങൾ. ചൈനയുടെ മൂന്ന് ബഹിരാകാശ യാത്രികർ പാർട്ടിക്ക് നേരുന്ന അഭിനന്ദനങ്ങൾ. ചടങ്ങുകളുടെ ശോഭ കെടുത്താതിരിക്കാൻ, ഒരുമാസത്തിലേറെയായി ഓൺലൈൻ സെൻസർമാരും, പൊലീസും പിടിപ്പത് പണിയിലാണ്.

ടിയാനന്മെൻ സ്‌ക്വയറിൽ രാജ്യസ്‌നേഹം പ്രസരിക്കുന്ന ഒരു പ്രകടനത്തോടെയായിരുന്നു ബിജീങ്ങിൽ ആഘോഷങ്ങൾക്ക് തുടക്കമായത്. ഹെലികോപ്ടറുകളും, പോർവിമാനങ്ങളും ആകാശത്ത് വട്ടമിട്ടു പറന്നു. നൂറുകണക്കിന് സ്‌കൂൾ കുട്ടികളും, പാർട്ടി അംഗങ്ങളും, മുൻനിര ആരോഗ്യ പ്രവർത്തകരും, ദേശഭക്തി ഗാനങ്ങൾ പാടി. സോഷ്യലിസം നീണാൾ വാഴട്ടെ, ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയില്ലാതെ, നവചൈനയില്ല, തുടങ്ങിയ ഗാനങ്ങൾ.

എന്തായാലും, ആഘോഷങ്ങളുടെ മുഖ്യആകർഷണം, ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ചെയർമാൻ ഷിജിൻപിങ്ങിന്റെ പ്രഭാഷണമായിരുന്നു. ഒരുവിദേശശക്തിയും നമ്മളെ ഭീഷണിപ്പെടുത്താനോ, അടിച്ചമർത്താനോ, അടിമകളാക്കാനോ, ചൈനീസ് ജനത അനുവദിക്കില്ല. അതിന് ആരെങ്കിലും ശ്രമിച്ചാൽ അവരുടെ അവരുടെ തലകൾ 140 കോടി വരുന്ന ചൈനീസ് ജനതയുടെ മജ്ജയും മാംസവും കൊണ്ട് തീർത്ത ഉരുക്കിന്റെ ആ വലിയ മതിലിൽ അടിച്ച് തകരും. ''

കടന്നുപോയ ചൈനീസ് പ്രമുഖ നേതാക്കളുടെ ചിത്രങ്ങൾ പതിഞ്ഞ പശ്ചാത്തലത്തിൽ, േ്രഗ മാവോ സ്യൂട്ടിട്ട് ഷിജിൻപിങ് ഒരുമണിക്കൂറിലേറെ സംസാരിച്ചു. കമ്യൂണിസ്റ്റ് പാർട്ടിയുടെ കഴിഞ്ഞ ഒരുനൂറ്റാണ്ടിലെ നേട്ടങ്ങൾ വിസ്തരിച്ചു. ചൈനയെ ഭരിക്കാൻ കമ്യൂണിസറ്റ് പാർട്ടിയല്ലാതെ മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും കരുത്തില്ലെന്ന് അടിവരയിട്ടു. ചൈനീസ് ജനത ഒരിക്കലും മറ്റൊരു രാജ്യത്തിലെയും ജനങ്ങളെ ഉപദ്രവിക്കുകയോ അടിച്ചമർത്തുകയോ അടിമകളാക്കുകയോ ചെയ്തിട്ടില്ലെന്ന് ഷീജിൻപിങ് പറയുമ്പോൾ ഭാരതീയർ അത് സമ്മതിച്ചുകൊടുക്കില്ലെന്ന് നമുക്കറിയാം. ഗാൽവൻ സംഘർഷത്തിന്റെ ഓർമകൾ ഇപ്പോഴും കത്തി നിൽക്കുമ്പോൾ വിശേഷിച്ചും. പുതിയൊരു ലോകം കെട്ടിപ്പടുക്കുന്നതിൽ ചൈനീസ് ജനതയും കമ്യൂണിസ്റ്റ് പാർട്ടിയും കാട്ടുന്ന ധീരതയിലും, സ്ഥിരതയിലുമാണ് പ്രഭാഷണത്തിൽ ഷി ഊന്നൽ കൊടുത്തത്. സോഷ്യലിസത്തിന് മാത്രമേ ചൈനയെ രക്ഷിക്കാനാവൂ. ചൈനീസ് സവിശേഷതകളോടെയുള്ള സോഷ്യലിസത്തിനേ ചൈനയെ വികസനത്തിലേക്ക് നയിക്കാനാകു, ഷി പറഞ്ഞു.

ബോട്ടിലെ രഹസ്യ യോഗത്തിൽ നിന്ന് സൂപ്പർ പവറിലേക്കുള്ള യാത്ര

1921 ജൂലൈ 23നാണ് യഥാർത്ഥത്തിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമായതെന്ന് ചരിത്രകാരന്മാർ പറയുന്നു. ഷാങ്ഹായിലെ ഷെജിയാങ് പ്രവിശ്യയിൽ ഒരുബോട്ടിൽ ചേർന്ന രഹസ്യയോഗത്തിലാണ് പാർട്ടി രൂപീകരണത്തിനുള്ള അന്തിമ കരാറുകളിൽ ധാരണയായത്. ചാരന്മാരെ ഭയന്നായിരുന്നു രഹസ്യയോഗം ചെർന്നത്. പിന്നീട് രണ്ടുപതിറ്റാണ്ടുകൾക്ക് ശേഷം വടക്കൻ നഗരമായ യാനനിൽ ചേർന്ന പാർട്ടി നേതാക്കൾ ജൂലൈ 1 ഔദ്യോഗിക സ്ഥാപന ദിനമായി നിശ്ചയിക്കുകയായിരുന്നു.

12 കമ്യൂണിസ്റ്റുകാരുടെ യോഗമാണ് സിപിസി രൂപീകരിച്ചതെങ്കിൽ, 57 പേർ മാത്രമായിരുന്നു ആദ്യവർഷം അംഗങ്ങൾ. 1927 ആയപ്പോഴേക്ക് 57967 ആയി അംഗസംഖ്യ ഉയർന്നെങ്കിലും അടുത്തവർഷം അത് പതിനായിരമായി ചുരുങ്ങി. പതിനായിരക്കണക്കിന് കമ്യൂണിസ്റ്റുകാരെയും അനുഭാവികളെയും രാജ്യം ഭരിച്ച കുമിന്താങ്ങുകൾ കൊന്നൊടുക്കി. അതിക്രമങ്ങളെ നേരിട്ട്, കുമിന്താങ്ങുകളോടും ജപ്പാന്റെ അധിനിവേശസേനയോടും പോരാടി വീണ്ടും വളർന്ന പാർട്ടി 1949ൽ പുതുയുഗത്തിന് തുടക്കം കുറിച്ചു. ആ ഒക്ടോബർ ഒന്നിനാണ് മാവോ സെ തൂങ് ജനകീയ ചൈന റിപബ്ലിക്കിന്റെ ഉദയം പ്രഖ്യാപിച്ചത്. അപ്പോഴേക്ക് പാർട്ടി അംഗങ്ങളുടെ എണ്ണം 45 ലക്ഷമായി ഉയർന്നിരുന്നു. ഇപ്പോൾ 9.2 കോടി അംഗങ്ങളുള്ളതായാണ് കണക്ക്.

ഗ്രാമീണ കർഷകരെ സംഘടിപ്പിച്ച് വിപ്ലവം ലക്ഷ്യമിട്ട് തുടങ്ങിയ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയെ ശക്തമായ ഭരണകൂടത്തിന്റെയും കരുത്തുറ്റ സമ്പദ് വ്യവസ്ഥയുടെയും ബലത്തിൽ പുതുക്കിപ്പണിയുകയാണ് ഈ ജന്മദിനത്തിൽ ഷിയും മറ്റുനേതാക്കളും തുടരുന്നത്.ചൈനയുടെ അധിനിവേശ സ്വഭാവത്തിനെതിരെ ലോകമെമ്പാടും ചെറുത്തുനിൽപ്പിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് ഈ നൂറാം ജന്മദിനം. ചൈനയുടെ നയതന്ത്ര തലത്തിലെ ആക്രമണാത്മക സമീപനവും, ഭരണകൂടത്തിന്റെ അധിനിവേശ ശൈലികളും ചൈനയെ കുറിച്ച് നെഗറ്റീവ് ചിന്താഗതി വളർത്തുന്നുണ്ടെന്നാണ് ചില സർവേകളിൽ പറയുന്നത്.

ഷിയുടെ വാക്കുകളും ലോകത്തിന്റെ പേടിയും

ചൈനയുടെ ഉയർച്ച സമാധാനപരമെന്നാണ് ഷിജിൻപിങ് പ്രഭാഷണത്തിൽ ഊന്നിയത്. എന്നാൽ, തായ് വാനെ കാൽചുവട്ടിൽ നിർത്തുമെന്ന കാര്യത്തിൽ ഷിക്ക് സംശയവുമില്ല. ഒരുശക്തമായ രാജ്യത്തിന് ശക്തമായ സൈന്യം വേണം. ശക്തമായ സൈന്യമുള്ള രാജ്യത്തിനേ സുരക്ഷിത രാജ്യം ഉറപ്പാക്കാനാക, ഷി അർത്ഥശങ്കയില്ലാതെ പറഞ്ഞു.

ഇരുമ്പുമുഷ്ടിയോടെ ഹോങ്കോങ്ങിന് പേലുള്ള പിടി മുറുക്കുമെന്ന് ഷി വ്യക്തമാക്കി. ഹോങ്കോങ്ങിന്റെ മേൽ ചൈന അധീശത്വം പുനഃ സ്ഥാപിച്ചതിന്റെ വാർഷികം കൂടിയാണ് ജൂലൈ 1. എല്ലാത്തരം വിമത പ്രവർത്തനത്തെയും അടിച്ചമർത്തുന്ന ദേശീയ സുരക്ഷാ നിയമം പാസാക്കിയതും ഒരുജൂലൈ ഒന്നിന് തന്നെ.

പണ്ട് കാലത്ത് എല്ലാത്തിനും പാശ്ചാത്യ രാഷ്ട്രങ്ങളെ ആശ്രയിച്ചിരുന്ന കാലം പോയി. ഇപ്പോൾ മറ്റുലോകശക്തികളോട് കിടപിടിക്കുന്ന സാമ്പത്തിക ശക്തിയായി മാറി. ഇക്കാര്യത്തിലെ അഭിമാനമാണ് ഷിയുടെ വാക്കുകളിൽ തുടിച്ചത്.

എക്കാലത്തേക്കും കമ്യൂണിസ്റ്റ് പാർട്ടിയോ?

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നതിന് ശേഷം ഉണ്ടായിട്ടുള്ള ആഭ്യന്തര ഭിന്നതകളെ ഷിയുടെ പ്രഭാഷണത്തിൽ നമുക്ക് സ്വാഭാവികമായും കാണാനാവില്ല. തന്റെ പാർട്ടി അനുഭവത്തിൽ അനേകം ശുദ്ധീകരണങ്ങൾക്ക് സാക്ഷിയാവുകയും നടത്തിപ്പുകാരനാവുകയും ചെയ്ത നേതാവാണ് ഷി. 1970 കൾക്ക് ശേഷം അഴിമതി വിരുദ്ധതയുടെ പേരിൽ പുറത്താക്കിയവർ, തടങ്കലിലായ ഉന്നതതല രാഷ്ട്രീയ എതിരാളികൾ, മുട്ടുകുത്തിച്ച വ്യവസായ പ്രമുഖർ, ഇവരുടെയൊന്നും കഥകൾ ഷിയുടെ പ്രഭാഷണത്തിൽ കേൾക്കാനാവില്ല. അതെല്ലാം സെൻസർ ചെയ്യപ്പെട്ട ചരിത്രമാണ്.

പാർട്ടിയിൽ നിന്ന് പുറത്താക്കിയ പലരും വിദേശത്തും മറ്റും ഇരുന്ന് ഷിയെ വിമർശിക്കുന്നുണ്ട്. കായി ഷിയ എന്ന കമ്യൂണിസ്റ്റ് പാർട്ടി പ്രൊഫസർ അക്കൂട്ടത്തിൽ ഒരാളാണ്. പാർട്ടിക്ക് എക്കാലത്തും ഭരണം തുടരാൻ കഴിയുമെന്നാണ് പാർട്ടി കരുതുന്നത്. എന്നാൽ പാർട്ടിക്ക് അതിന് കഴിയില്ല, ഷിയെ യുഎസിൽ ഇരുന്ന് വിമർശിക്കുന്നു.

എന്നാൽ, പാർട്ടിയുടെ ഇരുമ്പ് മറയ്‌ക്കെതിരെയുള്ള ഏത് ചെറുത്തുനിൽപ്പും, ശക്തമായ നിരീക്ഷണത്തിലൂടെയും സുരക്ഷാ ക്രമീകരണങ്ങളിലൂടെയുമാണ് നേരിടുന്നത്. 1989 ലെ ടിയാനന്മെൻ കൂട്ടക്കൊലയായാലും, മറ്റുപ്രതിസന്ധികളായാലും, നിയന്ത്രണം അണുവിട പാളാൻ അനുവദിക്കില്ല. ടിയാനെന്മെൻ കൂട്ടക്കൊല നടന്ന അതേ ചത്വരത്തിലായിരുന്നു ഇന്ന് ഷിയുടെ പ്രഭാഷണം.

ഒരു പരമ്പരാഗത ചൈനീസ് കുടുംബത്തിലെ കാരണവരെ പോലെയാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി. കാരണവർ പറയും പോലെയേ എല്ലാം നടക്കൂ. ഈ കാരണവർ സ്ഥാനത്ത് ഇപ്പോൾ ഷിജിങ് പിങ്ങാണ്. കാരണവരെ ബഹുമാനിച്ചാൽ, ചില ആനുകൂല്യങ്ങളൊക്കെ കിട്ടും. എന്നാൽ, എതിരുനിന്നാൽ, കുടുംബത്തിൽ നിന്ന് തന്നെ കാരണവർ നിങ്ങളെ പുറത്താക്കി കളയും.

തന്റെ മുൻഗാമികളേക്കാൾ പ്രത്യയശാസ്ത്രപരമായി പ്രചോദിതനായ നേതാവാണ് ഷി. വിദ്യാഭ്യാസം, മാധ്യമങ്ങൾ, സ്വകാര്യ വ്യവസായം എന്നിവയിലെല്ലാം പാർട്ടിയുടെ സാന്നിധ്യം അറിയിച്ചതും ഷിയാണ്. ഇപ്പോഴുള്ള പല നേതാക്കൾക്കും ഷിയുടെ അത്രയും സോഷ്യലിസ്റ്റ് പാരമ്പര്യം അവകാശപ്പെടാനാവില്ല. ഷിയുടെ പിതാവ്, ഷി സോങ്ഷുൻ മുതിർന്ന പാർട്ടി നേതാവായിരുന്നു. മറ്റു കമ്യൂണിസ്റ്റ് പ്രുഖരുടെ കുടുംബങ്ങൾ അടങ്ങുന്ന വളപ്പിലാണ് തന്റെ കുട്ടിക്കാലം ഷി ചെലവഴിച്ചത്. 1960 കളിലെ രാഷ്ട്രീയ പ്രതിസന്ധിയാണ് അന്ന് കൗമാരക്കാരനായിരുന്ന ഷിയെ പ്രോചദിപ്പിച്ചത്. ഏഴ് വർഷം ഒരുവിദൂരഗ്രാമത്തിൽ ഗുഹയിൽ താമസിച്ച് കൊണ്ട് കർഷകർക്കൊപ്പം പണിയെടുത്ത് ജീവിച്ചാണ് സോഷ്യലിസത്തിന്റെ ബാലപാഠങ്ങൾ ഷി പഠിച്ചെടുത്തത്. പാർട്ടിയും ജനതയും ഹൃദയം ഹൃദയത്തോടെന്ന പോലെ ആത്മാവ് ആത്മാവിനോടെന്ന പോലെ, ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ഷി ഒരു ഫെബ്രുവരി പ്രഭാഷണത്തിൽ പറഞ്ഞത്.

കമ്യൂണിസ്റ്റ് ഇരുമ്പ് മറയും ഷിയുടെ മുൻഗാമികളും

ഗാൽവൻ താഴവരയിലെ സംഘർഷത്തിൽ മരിച്ച പട്ടാളക്കാരും ചൈനക്ക് വെറും നമ്പറുകൾ മാത്രമാണ്. ഇന്ത്യയിൽ വീരമൃത്യുവരിച്ച ജവാന്മാർ ഹീറോകൾ ആയപ്പോൾ ചൈന അവരുടെ പേരുപോലും പുറത്തുവിട്ടിട്ടില്ല. അതാണ് കമ്യൂണിസ്റ്റ് ഇരുമ്പുമറ. രണ്ട് ദശകങ്ങളിലേറെ നീണ്ട ആഭ്യന്തര കലാപങ്ങൾക്കും യുദ്ധങ്ങൾക്കും ശേഷം 1949 ഒക്ടോബർ 1 ന് പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന സ്ഥാപിക്കപ്പെട്ടപ്പോൾ മുതൽ നേതാവ് ചൈനീസ് വിമോചനത്തിന് നേതൃത്വം കൊടുത്ത ഗറില്ലാ പോരാളി സാക്ഷാൽ മാവോ സേ തൂങ് തന്നെയായിരുന്നു.

 

1943 മുതൽ 1976 വരെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ ചെയർമാൻ മാവോ ആയിരുന്നു. ഈ കാലയളവിൽ അദ്ദേഹം , ചെയർമാൻ മാവോ എന്നറിയപ്പെട്ടു. ചൈനീസ് ജനത ഉണർന്നഴുന്നേറ്റു എന്ന മാവോ പ്രഖ്യാപിച്ചു. പക്ഷേ കാര്യങ്ങൾ അങ്ങനെ ആയിരുന്നില്ല. സാമ്പത്തികമായും സാമൂഹികമായും ചൈന പിറകോട്ട് അടിക്കയായിരുന്നു. ചൈനയെ വൻതോതിലുള്ള ഒരു സാമ്പത്തിക ശക്തിയാക്കാനായി മാവോ എടുത്ത തീരുമാനങ്ങളിൽ ഒന്നായിരുന്നു അത്രി ദ്രുത വ്യവസായവത്ക്കരണം ലക്ഷ്യമിട്ടുകൊണ്ടുള്ള 'ഗ്രേറ്റ് ലീപ്പ് ഫോർവേഡ് ' എന്ന പദ്ധതി. അതുപ്രകാരം ചൈനയിലെ ഗ്രാമങ്ങളെ ഒറ്റയടിക്ക് കാർഷിക വൃത്തിയിൽ നിന്ന് വ്യവസായിക വൃത്തിയിലേക്ക് കൊണ്ടുവരാനായിരുന്നു തീരുമാനം.

1958 ജനുവരിയിൽ മാവോ, മഹത്തായ മുന്നേറ്റം എന്ന പേരിൽ രണ്ടാം പഞ്ചവത്സരപദ്ധതി അവതരിപ്പിക്കുകയുണ്ടായി. ഒന്നാം പഞ്ചവത്സരപദ്ധതിയുടെ ചുവടു പിടിച്ച് വ്യവസായത്തിനാണ് മാവോ സർക്കാർ ഈ പദ്ധതിയിലും മുൻതൂക്കം നല്കിയത്. ഈ പുതിയ പദ്ധതി അനുസരിച്ച് നേരത്തെയുണ്ടായിരുന്ന ചെറിയ, കർഷക കൂട്ടായ്മകളെ ഏകോപിപ്പിച്ച് വലിയ കർഷക ഗ്രാമ സമുദായങ്ങളെ രൂപീകരിച്ചു. കർഷകരെ മറ്റ് ജോലികളിലേക്കായി നിയോഗിച്ചു. അവരെല്ലാം ഇരുമ്പ്, ഉരുക്ക് വ്യവസായങ്ങളിൽ പണിയെടുക്കാൻ നിർബന്ധിതരായി. ചില സ്വകാര്യ ഭക്ഷ്യ ഉൽപന്നങ്ങൾ നിരോധിച്ചു. കന്നുകാലി വളർത്തലും മറ്റു ചില കാർഷിക വിളകളും സർക്കാരിന്റെ നിയന്ത്രണത്തിലേക്കായി മാറ്റി.

രണ്ടാം പഞ്ചവത്സരപദ്ധതിയുടെ ഭാഗമായി നടന്ന ഗ്രേറ്റ് ലീപ് ഫോർവേർഡ് ഒരു തികഞ്ഞ പരാജയമായിരുന്നു. ഭൂമിയിൽ ഉടമസ്ഥാവകാവശം നിരോധിച്ചതും, കൂട്ടുകൃഷി നിർബന്ധമാക്കിയതും കാർഷിക മേഖലയെ അസ്ഥിരമാക്കി. സ്വകാര്യ കൃഷി ചെയ്തവരെ ഭരണകൂടം നിരന്തരം വേട്ടയാടി. വ്യവസായവത്ക്കരണത്തിന് വനം നശിപ്പിച്ചത് പ്രകൃതി ദുരന്തങ്ങൾക്കും പകർച്ചവ്യാധികൾക്കും ഇടയാക്കി. ഒപ്പം കൊടിയ ക്ഷാമവും. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത ദുരന്തമയാണ് ലോകം ഇന്ന് മാവോയുടെ ദ ഗ്രേറ്റ് ലീപ്പ് ഫോർവേഡിനെ നോക്കിക്കാണുന്നത്.

ചൈനയുടെ പട്ടിണി മാറ്റിയത് ഡെങ്

മാവോയുടെ മരണശേഷം, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ അധികാരത്തെച്ചൊല്ലി തർക്കങ്ങളുയർന്നു. ഗ്യാങ്ങ് ഓഫ് ഫോർ എന്നറിയപ്പെടുന്ന ഒരു വിഭാഗം, മാവോ പിന്തുടർന്നു വന്ന അതേ രീതി തന്നെ തുടർന്നു പോകാനാണ് താല്പര്യപ്പെട്ടത്. ഈ നാൽവർ സംഘത്തിൽ പ്രമുഖ, മാവോയുടെ അവസാന ഭാര്യ ജിയാങ് ക്വിങ് ആയിരുന്നു. ചെയർമാൻ ഹുവാ ഗുവോഫെങിന്റെ തേതൃത്വത്തിനുള്ള വലതുപക്ഷക്കാരായിരുന്നു എതിർവശത്ത്. ഇതിൽ ഹുവായുടെ നേതൃത്വം ആണ് വിജയിച്ചത്. സോവിയറ്റ് യൂണിയന്റെ ഉപദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുക എന്നതായിരുന്നു ഹുവായുടെ നയം. എന്നാൽ ഇതിനെതിരേ നവീകണചിന്താഗതികളുമായി ഡെംഗ് സിയാവോപിംഗിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം ആളുകൾ രംഗത്തെത്തി. ഇവർ രക്തരഹിതമായ ഒരു വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുത്തു.

പിൽക്കാലത്ത് ഡെങ്ങ് സിയാവോ പിങ്ങ് കൊണ്ടുവന്ന മുതലാളിത്ത വികസന നയങ്ങൾ ആണ് ചൈനയെ ഇന്നു കാണുന്ന നേട്ടങ്ങളിലേക്ക് നയിച്ചത്. പൂച്ച കറുത്തതായാലും വെളുത്തതായാലും വേണ്ടില്ല... എലിയെ പിടിച്ചാൽ മതി എന്ന ഡെങ്ങിന്റെ നയമാണ് അക്ഷരാർഥത്തിൽ ചൈനയെ രക്ഷിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP