Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

താലിബാനോട് സമാനമായ രീതികൾ; ഒസാമ ബിൻ ലാദനെ രക്തസാക്ഷിയായി വാഴ്‌ത്തിയ തലവൻ ഇസ്മയിൽ ഹനിയ; ജറുസലേമിനെ ഇസ്രയേലിന്റെ ഭാഗമായി ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചതോടെ യുദ്ധപ്രഖ്യാപനവും; യഹൂദരുടെ പലായനവും കുടിയേറ്റവും ആധുനിക ഇസ്രയേലും ഹമാസിന്റെ വരവും വരെ; ഫലസ്തീൻ-ഇസ്രയേൽ സംഘർഷത്തിന്റെ ഉള്ളറകളിലൂടെ

താലിബാനോട് സമാനമായ രീതികൾ; ഒസാമ ബിൻ ലാദനെ രക്തസാക്ഷിയായി വാഴ്‌ത്തിയ തലവൻ ഇസ്മയിൽ ഹനിയ; ജറുസലേമിനെ ഇസ്രയേലിന്റെ ഭാഗമായി ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചതോടെ യുദ്ധപ്രഖ്യാപനവും; യഹൂദരുടെ പലായനവും കുടിയേറ്റവും ആധുനിക ഇസ്രയേലും ഹമാസിന്റെ വരവും വരെ; ഫലസ്തീൻ-ഇസ്രയേൽ സംഘർഷത്തിന്റെ ഉള്ളറകളിലൂടെ

രവികുമാർ അമ്പാടി

ദൈവപുത്രനായ ക്രിസ്തുവിനെ കുരിശിലേറ്റിയ ശപിക്കപ്പെട്ട ജനതയാണത്രെ യഹൂദർ. ക്രിസ്തുമതം ശക്തിപ്രാപിച്ചുവന്ന നൂറ്റാണ്ടുകളിൽ പ്രചുരപ്രചാരത്തിലിരുന്ന വിശ്വാസമായിരുന്നു ഇത്. അതുകൊണ്ടുതന്നെ ധാരാളം അക്രമങ്ങൾക്ക് വിധേയരായവരാണ് യഹൂദർ. ഏഡി 70-ലായിരുന്ന് ആദ്യ ആക്രമണം. റോമാക്കാരായിരുന്നു അന്ന് മറുപുറത്ത്. ജറുസലേമിലെ പുണ്യസ്ഥലമായ സെക്കണ്ട് ടെംപിൾ തകർത്തുകൊണ്ടായിരുന്നു അവർ യഹൂദരുടെ നാശത്തിനു വിത്തുവിതച്ചത്.

യഹൂദരുടെ പലായനം

അന്നത്തെ റോമൻ അധിനിവേശത്തിൽ വലിയൊരു പങ്ക് യഹൂദർ മരണമടഞ്ഞു. ശേഷമുള്ളവരെ ഇന്നത്തെ ഇസ്രയേലിന്റെ തെക്ക് ഭാഗത്തുള്ള പർവ്വത പ്രദേശമായ ജുഡായിലേക്ക് നാടുകടത്തി. കുറേപേരെ റോമാക്കാരാൽ അടിമകളാക്കുകയും ചെയ്തു. ചരിത്രത്തിൽ രേഖപ്പെടുത്തിയ കണക്കനുസരിച്ച് അന്നുണ്ടായിരുന്ന മൊത്തം യഹൂദരിൽ 25 ശതമാനത്തോളം പേർ കൊല്ലപ്പെട്ടു. 10 ശതമാനത്തോളം പേർ അടിമകളാക്കപ്പെട്ടു. ഈ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട നിരവധി യഹൂദർ ഇന്നത്തെ ഇറാഖിലേക്കും യൂറോപ്പിന്റെ ഭാഗമായ മെഡിറ്ററേനിയൻ പ്രദേശത്തേക്കും പലായനം ചെയ്യുകയും ചെയ്തു.

ഇതോടൊപ്പം ചിലർ വടക്കൻ ആഫ്രിക്കയിലും കുടിയേറി 300 എ ഡി ആയപ്പോഴേക്കും ബ്രിട്ടൻ ഒഴിച്ചുള്ള മിക്ക യൂറോപ്യൻ രാജ്യങ്ങളിലുമായി ഏകദേശം 3 മില്ല്യൺ യഹൂദർ താമസമാരംഭിച്ചു. ഏഷ്യാ മൈനർ, കാസ്പിയൻ കടൽ തീരങ്ങൾ ഇന്ത്യൻ ഉപഭൂഖണ്ഡം എന്നിവിടങ്ങളിലും ഇവരുടെ സാന്നിദ്ധ്യം ഉണ്ടായി. 312-ൽ കോൺസ്റ്റന്റൈൻ റോമൻ സിംഹാസനത്തിൽ എത്തിയതോടെയാണ് യഹൂദർക്ക് വീണ്ടും കഷ്ടകാലം തുടങ്ങുന്നത്. കോൺസ്‌റ്റൈനിന്റെ കീഴിൽ ശക്തി പ്രാപിച്ച റോമാ സാമ്രാജ്യം പുതിയ രാജ്യങ്ങളൊന്നൊന്നായി കീഴടക്കിയപ്പോൾ ഏറ്റവുമധികം കഷ്ടതകൾ അനുഭവിക്കേണ്ടി വന്നത് അവിടങ്ങളിലെ യഹൂദ ജനതയ്ക്കായിരുന്നു.

പിന്നീടുള്ള ഏതാണ്ട് മൂന്ന് നൂറ്റാണ്ടുകൾ ഇവർക്ക് തീർത്തും ദുരിതപൂർണ്ണമായിരുന്നു. കുടിയേറിയ രാജ്യങ്ങളിലെല്ലാം തന്നെ (ഇന്ത്യ ഒഴിച്ച്) ഇവരെ രണ്ടാം തരം പൗരന്മാരായാണ് കണക്കാക്കിയിരുന്നത്. ഭരണ വ്യവസ്ഥയിൽ ഉന്നത സ്ഥാനങ്ങൾ കൈവരിക്കുന്നതിന് നിയമപരമായി തന്നെ ഇവർക്ക് തടസ്സങ്ങളുണ്ടായിരുന്നു. അതുപോലെ, ക്രിസ്തുമത വിശ്വാസികളുമായുള്ള വിവാഹം, കോടതികളിൽ ക്രിസ്തുമത വിശ്വാസികൾക്കെതിരെ സാക്ഷി പറയുക തുടങ്ങിയവയും ഇവർക്ക് വിലക്കപ്പെട്ടിരുന്നു.

പിന്നീട് യൂറോപ്പിൽ ഫ്യുഡലിസം ശക്തിപ്രാപിച്ചതോടെ സ്ഥിതിഗതികൾ മാറി. കഠിനാദ്ധ്വാനികളായ യഹൂദർക്ക് നല്ലകാലം വരാനും ആരംഭിച്ചു. എന്നാൽ അത് അധികകാലം നീണ്ടുനിന്നില്ല. 1095 മുതൽ 1272 വരെ നീണ്ടുനിന്ന കുരിശു യുദ്ധങ്ങളിൽ ഇരകളാക്കപ്പെട്ടവരിൽ യഹൂദരുമുണ്ടായിരുന്നു. പിന്നീട് 1500 കളിൽ യൂറോപ്പിൽ നടന്ന വിവിധ നവീകരണ പ്രസ്ഥാനങ്ങളുടെ നിരന്തരമായ പ്രവർത്തനങ്ങൾ യൂറോപ്പിന്റെ തന്നെ സാമൂഹിക മനോഭാവത്തിൽ കാതലായ മാറ്റങ്ങൾ വരുത്തുകയും തത്ഫലമായി യഹൂദർക്ക് കൂടുതൽ മെച്ചപ്പെട്ട സ്ഥാനമാനങ്ങൾ ലഭിക്കുകയും ചെയ്തു.

ആദ്യ യഹൂദ കുടിയേറ്റവും ഒന്നാം ലോക മഹായുദ്ധവും

നാസി ജർമ്മനിയിൽ യഹൂദർക്ക് അനുഭവിക്കേണ്ടിവന്ന ക്രൂരതകളാണ് ഒരു പരിധി വരെ ഇസ്രയേൽ എന്ന രാഷ്ട്രത്തിന്റെ ആവിർഭാവത്തിന് കാരണമായത് എന്നു പറയാം. യഥാർത്ഥത്തിൽ ഒന്നാം ലോക മഹായുദ്ധകാലത്തുതന്നെ യഹൂദ രാഷ്ട്രം എന്ന വാദം ഉടലെടുത്തിരുന്നു. അന്ന് യഹൂദ രാഷ്ട്രം എന്ന വാദത്തെ ബ്രിട്ടീഷുകാർ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. ഐക്യരാഷ്ട്ര സഭയുടെ മുൻഗാമിയായ സർവ്വരാജ്യ സഖ്യവും ഇക്കാര്യം അനുഭാവപൂർവ്വം പരിഗണിച്ചിരുന്നു.

എന്നാൽ, ഇതേക്കാലത്തുതന്നെ, യഹൂദ രാഷ്ട്ര വാദത്തിനു സമാന്തരമായി ഒരു അറബ്യൻ ദേശീയവാദവും ശക്തിപ്രാപിക്കാൻ തുടങ്ങിയിരുന്നു. ശിഥിലമായ ഓട്ടോമൻ സാമ്രാജ്യത്തിനു കീഴിലുണ്ടായിരുന്ന സ്ഥലങ്ങളിൽ അവകാശം സ്ഥാപിച്ചെടുക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. പരോക്ഷമായി യഹൂദർ ഫലസ്തീനിയൻ മണ്ണിലേക്ക് എത്തരുത് എന്നതുതന്നെയായിരുന്നു അറേബ്യൻ ദേശീയവാദത്തിന്റെ മുഖ്യം ലക്ഷ്യം

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ തന്നെ, യഹൂദന്മാർ കുടിയേറിയ പശ്ചിമ യൂറോപ്യൻ രാജ്യങ്ങളിൽ, തദ്ദേശിയർക്ക് തുല്യമായ അവകാശാധികാരങ്ങളുള്ള പൗരത്വം യഹൂദന്മാർക്കും നല്കാൻ തുടങ്ങിയെങ്കിലും കിഴക്കൻ യൂറോപ്പിൽ സ്ഥിതിഗതികൾ തികച്ചും വ്യത്യസ്തമായിരുന്നു. ഏറെ വിവേചനങ്ങൾക്കും പീഡനങ്ങൾക്കും അവർ വിധേയരാകേണ്ടതായി വന്നു. ഇതിനിടയിൽ ആധുനിക ടെൽ അവീവിനടുത്തുള്ള ജാഫയിൽ ഒരു കാർഷിക സ്‌കൂൾ പ്രവർത്തനമാരംഭിച്ചു. ഒരു ഫ്രഞ്ച് ജ്യുയിഷ് അസ്സോസിയേഷനായിരുന്നു ഇത് രൂപീകരിച്ചത്.

1870-ൽ കാർഷിക സ്‌കൂൾ രൂപീകരിച്ചതിനെ തുടർന്ന് ചില യഹൂദർ ഇവിടേക്ക് തിരികെ എത്തിയിരുന്നു. 1878-ൽ റഷ്യൻ ജ്യുയിഷ് അസ്സോസിയേഷൻ ഇതിനടുത്തായി അവരുടേതായ ഒരു ഗ്രാമവും സ്ഥാപിച്ചു. ഇതോടെ സിയോണിസ്റ്റ് പ്രസ്ഥാനം സാവകാശം ശക്തിപ്പെടുവാൻ ആരംഭിച്ചു. ഇത് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും യഹൂദരെ ഇവിടേക്ക് കുടിയേറാൻ പ്രേരിപ്പിച്ചു. പാരമ്പര്യ മതവിഭാഗത്തെ പോലെ പ്രവർത്തിക്കാതെ, ഇവിടെക്ക് കുടിയേറുന്നവരെ സാമ്പത്തിക സ്വാശ്രയത്വമുള്ളവരാക്കുക എന്നതായിരുന്നു സിയോണിസ്റ്റ് പ്രസ്ഥാനം ഏറ്റെടുത്ത മാർഗ്ഗം.

ഇതോടെ, ചില പുതിയ പുതിയ യഹൂദ ഗ്രാമങ്ങൾ ഇവിടങ്ങളിൽ രൂപം കൊള്ളാൻ തുടങ്ങി. മാത്രമല്ല, നാശോന്മുഖമായ ഹീബ്രു ഭാഷയെ പുനർജ്ജീവിപ്പിക്കാനും ശ്രമമാരംഭിച്ചു. ഇത്, കേവലം മതവിശ്വാസത്തിനുമപ്പുറം, എല്ലാ വിഭാഗങ്ങളിലും പെട്ട യഹൂദരുടെ കൈയടി നേടിയ ഒരു സംഭവമായിരുന്നു. ഇതിനിടയിലാണ് ഒന്നാം ലോക മഹായുദ്ധം കടന്നുവരുന്നത്. ഇതിൽ യഹൂദന്മാരുടെ പിന്തുണ നേടിയെടുക്കാനാണ് യഹൂദരാഷ്ട്രം എന്ന സങ്കല്പത്തെ ബ്രിട്ടൻ ആദ്യമായി പിന്തുണയ്ക്കുന്നത്.

രണ്ടാം ലോക മഹായുദ്ധവും ആധുനിക ഇസ്രയേലും

ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം രൂപം കൊണ്ട സർവ്വ രാജ്യ സഖ്യത്തിൽ ഇസ്രയേലിന്റെ രൂപീകരണവും ചർച്ചയ്ക്കെത്തിയിരുന്നു. ബ്രിട്ടനുൾപ്പടെയുള്ള രാജ്യങ്ങൾ ഇതിനെ പിന്താങ്ങിയിരുന്നെങ്കിലും അറബ് പ്രതിഷേധം കടുത്തപ്പോൾ അവർ പിൻവാങ്ങുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കങ്ങൾ നീണ്ടുപോകുന്നതിനിടയിലാണ് രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. ഇക്കാലത്ത് യഹൂദർ ഒരു ജ്യുയിഷ് ആർമിക്ക് രൂപം നൽകി. ബ്രിട്ടീഷുകാരുമായി ചേർന്ന് പോരാടാനായിരുന്നു ഇവർ തീരുമാന്നിച്ചിരുന്നത്. ചർച്ചിൽ ഇക്കാര്യത്തിൽ അനുകൂല നിലപാട് എടുത്തെങ്കിലും ബ്രിട്ടീഷ് സർക്കാരും സൈന്യവും ഇതിനെ എതിർത്തു.

എന്നാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളീലുള്ള യഹൂദന്മാർ വിവിധ രാജ്യങ്ങളുടെ സൈന്യങ്ങളുമായി ചേർന്ന് ജർമ്മനിക്കെതിരെ പോരാടി. അധികം പേരും സോവിയറ്റ് സൈന്യത്തിലും അമേരിക്കൻ സൈന്യത്തിലുമായിരുന്നു. സോവിയറ്റ് സൈന്യത്തിൽ മാത്രം ഏകദേശം 2 ലക്ഷത്തോളം യഹൂദ സൈനികർ മരിച്ചതായാണ് കണക്ക്. ഇതിനിടയിൽ ഇസ്രയേലിൽ ഉണ്ടായിരുന്ന ഒരു ചെറിയ വിഭാഗം യഹൂദന്മാർ അവിടം ഭരിച്ചിരുന്ന ബ്രിട്ടീഷുകാർക്കെതിരെ പോരാടുവാൻ തീരുമാനിച്ചു.

ഇതിനിടയിൽ വിവിധ രാജ്യങ്ങളിൽ നിന്നായി ധാരാളം യഹൂദന്മാർ വർത്തമാനകാല ഇസ്രയേലിലേക്ക് കുടിയേറാൻ തുടങ്ങി. രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തിൽ ഇത് വർദ്ധിച്ചു. ഇവരിലധികം പേരും നാസികളുടെ പീഡന ക്യാമ്പുകളിൽ നിന്നും രക്ഷപ്പെട്ടവരായിരുന്നു. ഇതോടെ സിയോണിസ്റ്റ് പ്രസ്ഥാനം ശക്തിപ്പെടുകയും പോളണ്ട്, റുമേനിയ തുടങ്ങിയ രാജ്യങ്ങളീൽ നിന്നുള്ള യഹൂദരും ഇസ്രയേലിലേക്ക് എത്തിച്ചേരുകയും ചെയ്തു. തുടർന്ന്, പുതുതായി രൂപം കൊണ്ട് ഐക്യ രാഷ്ട്ര സഭ ഈ വിഷയം ഏറ്റെടുക്കുകയും സ്വതന്ത്ര അറബ് രാജ്യം, സ്വതന്ത്ര ഇസ്രയേൽ അതുപോലെ പ്രത്യേക ജറുസലേം നഗരം എന്നിങ്ങനെ പ്രദേശത്തെ മൂന്നായി ഭാഗിക്കാൻ തീരുമാനിക്കുകയും ചെയ്തു.

എന്നാൽ, ഈ തീരുമാനം നടപ്പാക്കാൻ ബ്രിട്ടൻ തയ്യാറായില്ല. തുടർന്ന് ഈ ഭാഗത്ത് ഒരു അഭ്യന്തരകലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു. അതിന്റെ ഒടുക്കത്തിലായിരുന്നു ഇസ്രയേൽ എന്ന സ്വതന്ത്ര രാഷ്ട്രം പ്രഖ്യാപിക്കപ്പെട്ടത്. ഈ പ്രഖ്യാപനം നടന്ന ഉടനെ അന്നത്തെ രണ്ട് വൻ ശക്തികളായ അമേരിക്കയും സോവിയറ്റ് യൂണിയനും ഇസ്രയേലിനെ അംഗീകരിക്കുകയും ചെയ്തു. എന്നാൽ, അറബ് രാഷ്ട്രങ്ങൾ ഈ പുതിയ രാജ്യത്തെ അംഗീകരിക്കാൻ തയ്യാറായില്ല.

ഇസയേൽ ഫലസ്തീൻ സംഘർഷങ്ങൾ

1949-നും 1953 നും ഇടയിൽ ഇസ്രയേലിനും ഫലസ്തീൻ അറബികൾക്കും ഇടയിൽ 99 തവണയാണ് കലാപമുണ്ടായത്. ഇതിൽ 1951- ഇസ്രയേലിനു നേരെ നടന്ന ഫലസ്തീനിയൻ ആക്രമണമായിരുന്നു ഏറ്റവും പ്രധാനപ്പെട്ടത്. 48 സാധാരണക്കാർ ഉൾപ്പടെ 118 ഇസ്രയേലികളാണിതിൽ കൊല്ലപ്പെട്ടത്. ഇതിനെതിരെ ഇസ്രയേലും ശക്തമായി പ്രതികരിച്ചിരുന്നു. പിന്നെയും ഇരുകൂട്ടർക്കും ഇടയിലെ സംഘർഷം ഒരു തുടർക്കഥപോലെ നീണ്ടു. 1964- കെയ്റോയിൽ വച്ച് ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ രൂപീകരിക്കപ്പെട്ടു

ഹമാസിന്റെ ആവിർഭാവം

പിന്നീട് രക്തച്ചൊരിച്ചിലുകളുടെയും സമാധാന ചർച്ചകളുടെയും കാലഘട്ടമായിരുന്നു. നിരവധി യുദ്ധങ്ങൾക്കൊടുവിൽ 1988-ൽ സ്വതന്ത്ര ഫലസ്തീൻ രൂപം കൊണ്ടു, എന്നാലും ശാശ്വത സമാധാനം അപ്പോഴും ഒരു സ്വപ്നം മാത്രമായി തുടരുകയായിരുന്നു. ഇതിനിടയിൽ 1950 കൾ മുതൽ ഘാസ പ്രദേശത്ത് സജീവമായിരുന്ന ഇജിപ്തിന്റെ മുസ്ലിം ബ്രദർഹുഡ് എന്ന പ്രസ്ഥാനത്തിൽ നിന്നും 1987-ലാണ് ഹമാസ് എന്ന സംഘടന രൂപമെടുക്കുന്നത്. മോസ്‌കുകളീലൂടെയും നിരവധി ജീവകാരുണ്യ പ്രസ്ഥാനങ്ങളിലൂടെയും ജനപ്രീതി ആർജ്ജിച്ച് ഒരു സാമൂഹിക സംഘടനയയി വളർന്ന ഹമാസ് സാവധാനം ദേശീയത ഒരു പ്രധാന മുദ്രവാക്യമായി ഏറ്റെടുക്കുകയായിരുന്നു.

ഇതിനിടയിൽ 2006-ൽ ഫലസ്തീനിയൻ പാർലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഫത്ഹ പാർട്ടിയെ തോല്പിച്ച് ഹമാസ് ഭൂരിപക്ഷം സീറ്റുകളും നേടീ. ഇത് ഇരുപാർട്ടികളും തമ്മിലുള്ള സംഘർഷങ്ങളീലേക്ക് വഴിതെളിച്ചു. അതോടെ ഘാസ പ്രദേശം ഹമാസിന്റെ കീഴിലാവുകയും ഫലസ്തീൻ സർക്കാരിന്റെ കീഴിലുള്ള വെസ്റ്റ് ബാങ്കിൽ നിന്നും ഇവർ പുറത്താക്കപ്പെടുകയും ചെയ്തു. ഇതിന്റെ തുടർന്ന് ഗസ്സയിൽ ഇസ്രയേലും ഈജിപ്തും സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി.

ഗസ്സയുടെ നിയന്ത്രണം ഏറ്റെടുത്തതോടെയാണ് ഹമാസും മറ്റ് സംഘടനകളും ഇസ്രയേലിനോട് നേരിട്ട് പോരാടാൻ തുടങ്ങിയത്. 2008-ൽ ഈജിപ്ത് മുൻകൈ എടുത്തു നടത്തിയ സമാധാന ശ്രമങ്ങളുടെ ഫലമായി ഇരുകൂട്ടരും വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും അത് അധികനാൾ നീണ്ടുനിന്നില്ല. ഇതിന് ഇരുകൂട്ടരും പരസ്പരം പഴിചാരുകയായിരുന്നു. അതേവർഷം ഡിസംബറിൽ ഇസ്രയേൽ ഗസ്സ ആക്രമിക്കുകയും 2009 ജനുവരിയോടെ തങ്ങളുടെ സൈന്യത്തെ പിൻവലിക്കുകയും ചെയ്തു.

2007-ൽ ഗസ്സയുടെ നിയന്ത്രണം ഏറ്റെടുത്തതു മുതൽ പ്രദേശത്തിന്റെ ഇസ്ലാവിക വത്ക്കരണത്തിനുള്ള നടപടികൾ ഹമാസ് ആരംഭിച്ചിരുന്നു. സ്ത്രീകൾക്ക് ജിജാബ് നിർബന്ധമാക്കുക. ചീട്ടുകളിയും ഡേറ്റിംഗും നിരോധിക്കുക തുടങ്ങിയവയൊക്കെ ഇതിൽ ഉൾപ്പെട്ടിരുന്നു. 2011 ആയപ്പോഴേക്കും ഇസ്ലാമികവത്ക്കരണം അതിന്റെ മൂർദ്ധന്യതയിലെത്തിയിരുന്നു. മനുഷ്യാവകാശ സംഘടനകൾ എതിർപ്പുമായി രംഗത്തെത്തിയിട്ടും ഹമാസ് നിലപാടുകളിൽ മാറ്റം വരുത്തിയിരുന്നില്ല. താലിബാനോട് സമാനമായ രീതികൾ നടപ്പിലാക്കുന്ന ഹമാസിന്റെ രീതിയെ ഡോ, ഖലീദ് അൽ ഹ്രൂബിലെ പോലെയുള്ള ഗവേഷകർ നിശിതമായി വിമർശിച്ചിരുന്നു.

2011-ൽ അന്ന് ഹമാസ് ഭരണകൂടത്തിന്റെ തലവനായിരുന്ന ഇസ്മയിൽ ഹാനിയ ഒസാമ ബിൻ ലാദന്റെ വധത്തെ ശക്തമായി അപലപിക്കുകയും ലാദനെ ഒരു രക്തസാക്ഷിയും വിശുദ്ധ അറബ് പോരാളിയായും വാഴ്‌ത്തുകയും ചെയ്തു. ഇതിനെ തുടർന്ന് അമേരിക്കയുമായുള്ള ഹമാസിന്റെ ബന്ധത്തിൽ കൂടുതൽ വിള്ളലുകൾ വീഴാൻ തുടങ്ങി. 2017-ൽ ജറുസലേമിനെ ഇസ്രയേലിന്റെ ഭാഗമായി ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചതോടെ ഹമാസ് അത് ഒരു യുദ്ധപ്രഖ്യാപനമായി എറ്റെടുക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP