Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കറുത്ത എസ് യുവിയുടെ വിൻഡ് ഷീൽഡുകളും സൈഡ് ഗ്ലാസുകളും തകർത്ത് വെടിയുണ്ടകൾ ഫക്രിസാദയെ തേടി എത്തിയപ്പോൾ ഇറാന് നഷ്ടമായത് ദേശീയ ഹീറോയെ; ജോർജ് ബുഷ് ഭരണകാലത്തെ ഈ ആണവശാസ്ത്രജ്ഞൻ യുഎസിന്റെ നോട്ടപ്പുള്ളി; തങ്ങളുടെ ഹിറ്റ് ലിസ്റ്റിലെ ഒന്നാമനെ വീഴ്‌ത്താൻ ഇറാനിൽ നുഴഞ്ഞുകയറി ഇസ്രയേലിന്റെ മൊസാദ്; പ്രതികാരത്തിനായി ഒരുങ്ങി ഇറാൻ

കറുത്ത എസ് യുവിയുടെ വിൻഡ് ഷീൽഡുകളും സൈഡ് ഗ്ലാസുകളും തകർത്ത് വെടിയുണ്ടകൾ ഫക്രിസാദയെ തേടി എത്തിയപ്പോൾ ഇറാന് നഷ്ടമായത് ദേശീയ ഹീറോയെ; ജോർജ് ബുഷ് ഭരണകാലത്തെ ഈ ആണവശാസ്ത്രജ്ഞൻ യുഎസിന്റെ നോട്ടപ്പുള്ളി; തങ്ങളുടെ ഹിറ്റ് ലിസ്റ്റിലെ ഒന്നാമനെ വീഴ്‌ത്താൻ ഇറാനിൽ നുഴഞ്ഞുകയറി ഇസ്രയേലിന്റെ മൊസാദ്; പ്രതികാരത്തിനായി ഒരുങ്ങി ഇറാൻ

മറുനാടൻ ഡെസ്‌ക്‌

 ടെഹ്‌റാൻ: തങ്ങളുടെ ഏറ്റവും മുതിർന്നതും വിശ്വസ്തനുമായ ആണവശാസ്ത്രജ്ഞനെ തെരുവിൽ വെടിവച്ച് വകവരുത്തിയതിന്റെ രോഷത്തിലാണ് ഇറാൻ. അത്രമേൽ പ്രിയപ്പെട്ടതായിരുന്നു മൊഹ്‌സീൻ ഫക്രിസാദെ. റോഡരികിൽ ഉണ്ടായ ഒളിയാക്രമണത്തിലാണ് ബോഡി ഗാർഡുകൾ ഒപ്പമുണ്ടായിരുന്നിട്ട് കൂടി ഫക്രിസാദെയ്ക്ക് ജീവൻ നഷ്ടമായത്. പതിവ് പോലെ തങ്ങളുടെ കടുത്ത ശത്രുക്കളായ ഇസ്രയേലാണ് ആക്രമണത്തിന് പിന്നിലെന്ന് ഇറാൻ ആരോപിക്കുകയും ചെയ്തു. രണ്ടുപതിറ്റാണ്ടായി ഇറാന്റെ രഹസ്യ ആണവായുധ പദ്ധതിയുടെ തലതോട്ടപ്പനാണ് ഫക്രിസാദെ. 2003 ൽ ആണവ ബോംബ് നിർമ്മിക്കാനുള്ള പരിപാടിയിൽ നിന്ന് ഇറാൻ ഔദ്യോഗികമായി പിൻവാങ്ങിയെങ്കിലും, ഫക്രിസാദെ തന്റെ ജോലി തുടരുകയായിരുന്നു.

മൂന്നുവർഷം മുമ്പ് ഇറാന്റെ ആണവരേഖകൾ ഇസ്രയേൽ കവർന്നെടുത്തതായാണ് അമേരിക്കൻ ഇന്റലിജൻസ് ഏജൻസികൾ പറയുന്നത്. ഇപ്പോൾ ആണവശാസ്ത്രജ്ഞന് നേരേ നടന്ന ഒളിയാക്രമണത്തിന് പിന്നിലും മറ്റാരുമല്ല, ഇസ്രയേൽ തന്നെയെന്നാണ് യുഎസ് ഇന്റലിജൻസ് ഏജൻസികൾ അടക്കം പറയുന്നത്. ഈ ഓപ്പറേഷനെ കുറിച്ച് യുഎസിന് മുന്നറിവുണ്ടായിരുന്നോ എന്ന് വ്യക്തമല്ല. എന്നാൽ, തങ്ങൾക്ക് ഏറ്റവും വലിയ ഭീഷണിയെന്ന് ഇസ്രേയൽ കരുതുന്ന ഇറാനെതിരെയുള്ള ഓപ്പറേഷൻ അമേരിക്ക അറിയാതെ ചെയ്യുമോ എന്ന ചോദ്യവും പ്രസക്തം.

പ്രതികാരം ചെയ്യുമെന്ന് ഇറാൻ

തങ്ങളുടെ ആണവപദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്കാണെന്നാണ് ഇറാൻ എപ്പോഴും പറയാറുള്ളത്. അവ ആയുധനിർമ്മാണത്തിന് വേണ്ടിയല്ല എന്നാണ് അവരുടെ പക്ഷം. ഇസ്രയേലും അമേരിക്കയും അത് വിശ്വസിക്കുന്നുമില്ല. ഏതായാലും ഇത് തങ്ങൾക്കെതിരെയുള്ള ഭീകരാക്രമണമായാണ് ഇറാൻ കണക്കാക്കുന്നത്. ഇസ്രയേലിന്റെയും യുഎസിന്റെയും കൊലയാളികളാണ് ഇതിന് പിന്നിലെന്നും ഈ കൊലയ്ക്ക് തങ്ങൾ പകരം ചോദിക്കുമെന്നുമാണ് ഇറാൻ വക്താക്കൾ പറയുന്നത്.

ഒന്നും മിണ്ടാതെ വൈറ്റ് ഹൗസും സിഐഎയും ഇസ്രയേലി ഉദ്യോഗസ്ഥരും

അമേരിക്കയിൽ ഇത് ഭരണമാറ്റത്തിന്റെ കാലമാണല്ലോ. അതുകൊണ്ട്തന്നെ ട്രംപ് ഉപേക്ഷിച്ച 2015 ലെ ഇറാനും ആറ് രാഷ്ട്രങ്ങളുമായുള്ള ആണവ കരാർ പുനരുജ്ജീവിപ്പിക്കാൻ നിയുക്ത പ്രസിഡന്റ് ജോ ബൈഡന് പുതിയ സാഹചര്യത്തിൽ ഏറെ പണിപ്പെടേണ്ടി വരും. ബൈഡന്റെ സംഘാംഗങ്ങളും പുതിയ സംഭവവികാസത്തെ കുറിച്ച് ഒന്നും പ്രതികരിച്ചിട്ടില്ല. 2018 ലാണ് ഒബാമയുടെ വിദേശനയത്തിൽ കാതലായ മാറ്റം വരുത്തി ട്രംപ് ഇറാനും ആയുള്ള കരാറിൽ നിന്ന് പിന്മാറിയത്. ഇതോടെ, ഇറാൻ വീണ്ടും തങ്ങളുടെ ആണവശേഷി വർദ്ധിപ്പിക്കാൻ തുടങ്ങിയതായാണ് വിവരം. അമേരിക്ക കരാറിൽ നിന്ന് പിന്മാറിയതോടെ തങ്ങൾക്കും അതുപാലിക്കാൻ ബാദ്ധ്യതയില്ലെന്നാണ് ഇറാന്റെ പക്ഷം.

പ്രതികാരത്തിനായി മുറവിളി

മൊഹ്‌സെൻ ഫക്രിസാദെയുടെ കൊലപാതകത്തിനു പിന്നിൽ ഇസ്രയേലാണെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റുഹാനി പറഞ്ഞു. ഫക്രിസാദെയുടെ മരണം ഇറാന്റെ ആണവപദ്ധതികളെ ഒരു തരത്തിലും ബാധിക്കില്ലെന്നും പദ്ധതി മന്ദഗതിയിലാകില്ലെന്നും അദ്ദേഹം പറഞ്ഞു. തക്ക സമയത്ത് ഇറാൻ മറുപടി നൽകുമെന്നും റുഹാനി ഭീഷണി മുഴക്കി. രാജ്യം യഥാസമയം പ്രതികരിക്കും. എന്നാൽ തിടുക്കത്തിൽ തീരുമാനമെടുക്കില്ല. ഈ ക്രിമിനൽ നടപടിക്ക് ഉത്തരം നൽകാൻ ധൈര്യമുള്ളവരാണ് രാജ്യത്തെ ജനങ്ങളെന്ന് ഇറാന്റെ ശത്രുക്കൾ മനസിലാക്കണം- റുഹാനി കാബിനറ്റ് യോഗത്തിൽ പറഞ്ഞു.

മൊഹ്‌സെന്റെ കൊലയ്ക്കു പിന്നിൽ ഇസ്രയേലാണെന്നും സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്നും ചുണ്ടിക്കാട്ടി ഇറാൻ ഐക്യരാഷ്ട്ര സംഘടനയ്ക്കു കത്തു നൽകിയിരുന്നു. ഇരട്ടത്താപ്പ് അവസാനിപ്പിച്ച് കൊലപാതകത്തെ അപലപിക്കാൻ രാജ്യാന്തര സമൂഹം തയാറാകണമെന്നും ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവദ് ഷരീഫ് പറഞ്ഞു.

മൊസാദിന്റെ ഹിറ്റ്‌ലിസ്റ്റിലെ ഒന്നാമൻ

ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ ഹിറ്റ് ലിസ്റ്റിലെ ഒന്നാമനായിരുന്നു മൊഹ്‌സെൻ. ഇസ്ലാമിക് റെവലൂഷണറി ഗാർഡിലെ ഉദ്യോഗസ്ഥനും ടെഹ്റാനിലെ ഇമാം ഹുസൈൻ സർവകലാശാലയിലെ പ്രഫസറുമായിരുന്നു മൊഹ്‌സെൻ. ഇറാന്റെ ആണവപദ്ധതിയുടെ ചുക്കാൻ പിടിച്ചിരുന്നത് ഇദ്ദേഹമാണ്. 2010നും 2012നും ഇടയിൽ ഇറാനിൽ നാല് ആണവശാസ്ത്രജ്ഞരാണു കൊല്ലപ്പെട്ടത്. ഒരു കറുത്ത എസ് യുവിയിൽ സഞ്ചേരിക്കവേയാണ് വിൻഡ് ഷീൽഡുകളും സൈഡ്ഗ്ലാസുകളും തകർത്ത് വെടിയുണ്ടകൾ മൊഹ്‌സിൻ ഫക്രിസാദെയെ തേടി എത്തിയത്.

റവല്യൂഷണറി ഗാർഡുകളെ നയിച്ചിരുന്ന ഇറാൻ ജനറൽ ഖാസിം സൊലൈമാനിയുടെ ജനുവരി 3 ലെ കൊലപാതകത്തിന് പിന്നാലെയാണ് ഇറാനെ പ്രകോപിപ്പിക്കുന്ന പുതിയ ആക്രമണം. സർക്കാർ ഓഫീസുകൾക്ക് മുമ്പിൽ പ്രതികാരം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നുണ്ട്.

രക്തസാക്ഷിയായ ഫക്രിസാദെയുടെ കൊലപാതകത്തിന് ഉത്തരവാദികളായവരോട് പകരം വീട്ടും വരെ തങ്ങൾക്ക് വിശ്രമമില്ലെന്നാണ് ഇറാൻ സൈന്യത്തിന്റെ തലവൻ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ബാഗേരി പറഞ്ഞത്.

ഇറാന്റെ പ്രതികരണം അപ്രവചനീയം

തങ്ങളുടെ സൈനിക-ആണവരംഗത്തെ രണ്ട് അതികായന്മാരെയാണ് മാസങ്ങളുടെ ഇടവേളയിൽ ശത്രുക്കൾ വകവരുത്തിയതെന്ന യാഥാർത്ഥ്യം ഇറാനെ അലട്ടുന്നുണ്ട്. ഇത് രാജ്യത്തെ ദുർബലപ്പെടുത്തി. പുറത്ത് നിന്നുള്ള സമ്മർദ്ദം എന്തുതന്നെയായാലും, രാജ്യത്തെ തീവ്രചിന്താഗതിക്കാർ ഈ സംഭവത്തോടെ ആകെ ഇളകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇറാന്റെ പ്രതികരണം ഏതുതരത്തിലാകുമെന്ന് പറയാനാവില്ല. തക്കസമയത്ത് തിരിച്ചടി എന്നാണ് റൂഹാനി സൂചിപ്പിച്ചത്.

ഇറാന്റെ ആണവപദ്ധതിക്ക് തിരിച്ചടി

ഫക്രിസാദെയുടെ കൊലപാതകം ഇറാന്റെ ആണവ പദ്ധതിക്ക് ഏൽപിച്ച ആഘാതം ചെറുതല്ല. ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്‌സിലെ മുതിർന്ന ഉദ്യോഗസ്ഥൻ കൂടിയായിരുന്നു അദ്ദേഹം എന്നത് കാര്യത്തിന്റെ ഗൗരവം കൂട്ടുന്നു. ഇറാന്റെ ആണവപദ്ധതിക്കായി യത്‌നിക്കുന്ന മറ്റ് ശാസ്ത്രജ്ഞർക്കുള്ള യുഎസിന്റെയും ഇസ്രയേലിന്റെയും വ്യക്തമായ സന്ദേശം കൂടിയാണിത്. തലവനെ തന്നെ ഇല്ലാതാക്കിയിരിക്കുന്നു...നിങ്ങളുടെ സുരക്ഷയും അപകടത്തിലാണ് എന്ന സന്ദേശം.

മസ്രിയുടെ കൊലയ്ക്ക് പിന്നാലെ ഫക്രിസാദെയും

അൽ ഖായിദയുടെ നമ്പർ 2 ആയിരുന്ന മുഹമ്മദ് അൽ മസ്രി ഇറാനിൽ വധിക്കപ്പെട്ടുവെന്ന വാർത്ത പുറത്തുവന്നത് അടുത്തിടെയാണ്. ടെഹ്റാനിൽ സുരക്ഷിതനായി കഴിഞ്ഞിരുന്ന മസ്രിയെ മൊസാദിന്റെ പ്രത്യേക കമാൻഡോകൾ നുഴഞ്ഞുകയറി കൊലപ്പെടുത്തിയെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഇറാൻ സർക്കാർ ഈ അവകാശവാദം തള്ളിയിരുന്നു. അമേരിക്കയ്ക്കു വേണ്ടിയാണ് ഇസ്രയേൽ ചാരസംഘടന മസ്രി വധം നടപ്പാക്കിയതെന്നാണു പറയപ്പെടുന്നത്. ബിൻ ലാദന്റെ വലംകൈ ആയിരുന്ന മസ്രിയെയാണ് അമേരിക്കയ്ക്ക് എതിരായ പല ആക്രമണങ്ങളുടെയും ചുമതല ഏൽപ്പിച്ചിരുന്നത്. അന്നു മുതൽ സിഐഎയുടെയും മൊസാദിന്റെയും നോട്ടപ്പുള്ളിയായിരുന്നു മസ്രി. എന്നാൽ, മസ്രിയെ പോലെ പുറംനാട്ടുകാരനല്ല ഫക്രിസാദെ. ഇറാന്റെ ദേശീയഹീറോയാണ്. പാശ്ചാത്യ രാഷ്ട്രങ്ങളോടുള്ള ചെറുത്തുനിൽപ്പിന്റെയും തങ്ങൾക്ക് സ്വന്തമായി ആണവശേഷി വികസിപ്പിക്കാമെന്ന ഇറാന്റെ ആത്മവിശ്വാസത്തിന്റെ അടയാളവുമായിരുന്നു ഫക്രിസാദെ. അതാണ് എതിരാളികൾ ഇല്ലാതാക്കിയത്.

ഫക്രിസാദെ ഒരു അക്കാദമിക് പണ്ഡിതൻ മാത്രമോ?

ഫക്രിസാദെ വെറും അക്കാദമിക പണ്ഡിതൻ മാത്രമോ എന്ന ചോദ്യം നേരത്തെ ഉയർന്നതാണ്. 2007 ൽ ജോർജ് ബുഷ് ഭരണകൂടത്തിന് വേണ്ടി സിഐഎ വിശദമായ റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. അക്കാദമിക് റോൾ വെറും മറ മാത്രമാണ് എന്നായിരുന്നു സിഐഎയുടെ കണ്ടെത്തൽ. 2008 ൽ അമേരിക്ക ആസ്തികൾ മരവിപ്പിച്ച ഇറാനിയൻ ഉന്നതഉദ്യോഗസ്ഥരുടെ പട്ടികയിൽ ഫക്രിസാദെയും ഉണ്ടായിരുന്നു. അതേവർഷം തന്നെ, ഐഎഇഎയുടെ മുഖ്യ ഇൻസ്പക്ടർ ഫക്രിസാദെയുടെ പ്രവർത്തനങ്ങളെ കുറിച്ച് റിപ്പോർട്ട് നൽകി. മിസൈലിൽ ഘടിപ്പാക്കാവുന്ന ഒരു ആണവപേർമുനയുടെ രൂപകൽപനയിൽ ബോംബ് ഡിസൈസർമാർ നേരിടുന്ന വെല്ലുവിളികളെ നേരിടുന്നതിനുള്ള ഇറാന്റെ പ്രോജക്റ്റ്-110, 110 എന്ന പരിപാടിക്ക് നേതൃത്വം നൽകിയത് ഫക്രിസാദെയെന്ന് പിന്നീട് വ്യക്തമായി.

വർഷങ്ങളോളം ഫക്രിസാദെയുടെ ഒരുവിവരവും ഇല്ലായിരുന്നു. എന്നാൽ, 2018 ൽ ഇറാന്റെ പ്രോജക്റ്റ് അമദ് എന്ന ആണവപദ്ധതിയെ കുറിച്ചുള്ള വിശദവിവരങ്ങൾ ഇസ്രേയൽ ചോർത്തിയപ്പോൾ ഫക്രിസാദെയും തെളിഞ്ഞുവന്നു. 20 വർഷം മുമ്പ് ആണവായുധങ്ങൾ വികസിപ്പിക്കാൻ തുടങ്ങിയ പദ്ധതിരേഖകളിൽ ഫക്രിസാദെയുടെ കൈയെഴുത്ത് പ്രതികൾ വരെയുണ്ടായിരുന്നുവെന്നാണ് ഇസ്രയേലികൾ അവകാശപ്പെടുന്നത്. ടെലിവിഷനിൽ ഈ വിവരങ്ങൾ പങ്കുവച്ച പ്രധാനമന്ത്രി നെതൻയ്യാഹു ഫക്രിസാദെയുടെ പേര് എടുത്തു പറയുകയും ചെയ്തു. അമദ് പദ്ധതിയുടെ തലവൻ ഫക്രിസാദെയെന്നായിരുന്നു ആരോപണം. എന്നാൽ, ഇതുവെറും കെട്ടുകഥ എന്നായിരുന്നു ഇറാന്റെ പ്രതികരണം.

ആണവപദ്ധതി ഉപേക്ഷിച്ചുവെന്ന് ഇറാൻ ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷവും ഫക്രിസാദെയും കൂട്ടരും അത് രഹസ്യമായി സജീവമാക്കി നിർത്തി എന്നാണ് ഇസ്രയേലി-യുഎസ് ഇന്റലിജൻസ് ഏജൻസികളുടെ വിലയിരുത്തൽ. ഇറാൻ പ്രതിരോധ മന്ത്രാലയത്തിലുള്ള എസ്‌പിഎൻഡി എന്ന സംഘടനയാണ് രഹസ്യമായി ആണവപദ്ധതി മുന്നോട്ട് കൊണ്ടുപോയെതെന്നും ഇസ്രയേൽ ആരോപിച്ചിരുന്നു. എസ്‌പിഎൻഡിയെ നയിച്ചതും മറ്റാരുമല്ല, സാക്ഷാൽ ഫക്രിസാദെ എന്നായിരുന്നു നെതൻയ്യാഹുവിന്റെ തുറന്നടിക്കൽ.

ട്രംപ് എന്തു ചെയ്യും?

ഇറാനും ട്രംപ് ഭരണകൂടവും തമ്മിലുള്ള സംഘർഷം ഉയർന്നുനിൽക്കുന്ന സമയത്താണ് ഒളിയാക്രമണം ഉണ്ടായിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് മാത്രമാണ് ഇറാനെ ആക്രമിക്കുന്നതിൽ നിന്ന് ട്രംപിനെ വൈറ്റ് ഹൗസ് കൂട്ടാളികൾ പിന്തിരിപ്പിച്ചത്. ഇറാന്റെ നാതൻസിലെ പ്രധാന ആണവ കേന്ദ്രം ആക്രമിക്കാൻ പഴുതുണ്ടോ എന്ന് ട്രംപ് നവംബർ 12 ന് ആരാഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മൈ്ക്ക് പോംപിയോ ഇസ്രയേൽ സന്ദർശിച്ചത്. തന്റെ ഭരണകാലാവധിയുടെ അവസാന നാളുകളിൽ ട്രംപിന്റെ മൗനാനുവാദത്തോടെയാണോ ആക്രമണം ഉണ്ടായിരിക്കുന്നതെന്ന കാര്യം ന്യായമായി സംശയിക്കാവുന്നതാണ്. പോംപിയോ അടക്കമുള്ള മുതിർന്ന ഉപദേഷ്ടാക്കൾ ഇറാനെതിരെ ഇപ്പോൾ സൈനിക നടപടി വേണ്ടെന്ന അഭിപ്രായക്കാരായിരുന്നു. ജനുവരിക്ക് മുമ്പ് ട്രംപ് കൂടുതൽ കടുത്ത നടപടികളിലേക്ക് നീങ്ങുമോ എന്ന് കണ്ടറിയണം.

ഏതായാലും ഇറാനെ സംബന്ധിച്ചിടത്തോളം ഫക്രിസാദെയുടെ നഷ്ടം രാജ്യത്തിന്റെ ആണവശാസ്ത്രഗവേഷണരംഗത്ത് സൃഷ്ടിക്കുന്ന ശൂന്യത ചെറുതല്ല. എന്നാൽ, ആണവപദ്ധതി ഇതിന്റെ പേരിൽ ഉപേക്ഷിക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി കഴിഞ്ഞു. ഇറാനിലേക്ക് ഇസ്രയേലി ചാരന്മാർ നുഴഞ്ഞുകയറിയത് വലിയ സുരക്ഷാവീഴ്ചയായും അവർ വിലയിരുത്തുന്നു. മൊസാദിന്റെ ചാരന്മാരെയും വിവരദാതാക്കളെയും കണ്ടെത്തുക എന്ന ശ്രമകരമായ ദൗത്യവും ഇറാൻ തുടങ്ങിയതായാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP