Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202002Wednesday

ഓരോ രാജ്യത്തും വിവിധ ഉദ്ദേശങ്ങളോടെ രൂപീകരിക്കുന്ന നിഴൽ സംഘടനകൾ; അവയെ ഉപയോഗിച്ച് രാജ്യത്തെ പൗര പ്രധാനിമാരെ ക്ഷണിച്ചു വരുത്തി സ്വീകരണവും പുരസ്‌കാര ദാനവും; അകമഴിഞ്ഞ അവസരങ്ങൾ നൽകി പാട്ടിലാക്കുന്നത് വ്യവസായ പ്രമുഖരെ; പേരിൽ മാത്രം കൊണ്ടുനടക്കുന്ന കമ്മ്യുണിസമുപയോഗിച്ച് അന്യരാജ്യങ്ങളിലെ കമ്മ്യുണിസ്റ്റ് നേതാക്കളേയും വരുതിയിലാക്കും; ഉപയോഗ യോഗ്യരായ വിഢികളെ ഉപയോഗിച്ച് ലോകത്തെ വരുതിയിലാക്കുന്ന ചൈനീസ് തന്ത്രങ്ങൾ ഇങ്ങനെ

ഓരോ രാജ്യത്തും വിവിധ ഉദ്ദേശങ്ങളോടെ രൂപീകരിക്കുന്ന നിഴൽ സംഘടനകൾ; അവയെ ഉപയോഗിച്ച് രാജ്യത്തെ പൗര പ്രധാനിമാരെ ക്ഷണിച്ചു വരുത്തി സ്വീകരണവും പുരസ്‌കാര ദാനവും; അകമഴിഞ്ഞ അവസരങ്ങൾ നൽകി പാട്ടിലാക്കുന്നത് വ്യവസായ പ്രമുഖരെ; പേരിൽ മാത്രം കൊണ്ടുനടക്കുന്ന കമ്മ്യുണിസമുപയോഗിച്ച് അന്യരാജ്യങ്ങളിലെ കമ്മ്യുണിസ്റ്റ് നേതാക്കളേയും വരുതിയിലാക്കും; ഉപയോഗ യോഗ്യരായ വിഢികളെ ഉപയോഗിച്ച് ലോകത്തെ വരുതിയിലാക്കുന്ന ചൈനീസ് തന്ത്രങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

1979-ൽ അന്നത്തെ ഗ്രീക്ക് പ്രധാനമന്ത്രി കോൺസ്റ്റാന്റിനോസ് കരമാൻസിസ് ബെയ്ജിങ് സന്ദർശിച്ചതോടെയാണ് ചൈനയും ഗ്രീസുമായ ബന്ധം ആരംഭിക്കുന്നത്. ഏഥൻസിലും ബെയ്ജിംഗിലുമായി അടുത്തടുത്ത് നടന്ന രണ്ട് ഒളിമ്പിക്സുകൾ (2004 ലേയും 2008 ലേയും) ഈ രജ്യങ്ങൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിച്ചു.അതോടെ യൂറോപ്പിലേക്കുള്ള പ്രവേശനകവാടമായി ചൈന ഗ്രീസിനെ കാണുവൻ തുടങ്ങി. മേഖലയിലെ തന്ത്രപ്രധാനമായ തുറമുഖങ്ങൾ സ്വന്തമായ രാജ്യം എന്നതായിരുന്നു ഗ്രീസിനുണ്ടായിരുന്ന മറ്റൊരു പ്രത്യേകത.

ഏഥൻസിൽ നിന്നും തുറമുഖ നഗരമായ പിറേയുസിലേക്ക് പോകുന്ന വഴി ചൈനീസ് സർക്കാർ സ്ഥാപനമായ ചൈന ഓവർസീസ് ഷിപ്പിങ് കമ്പനിക്ക് (കോസ്‌കോ) പാട്ടത്തിന് നൽകിയ ഒരു വലിയ തുറമുഖം കാണാം. 2008 ൽ ഗ്രീക്കിൽ സാമ്പത്തിക തകർച്ചയുണ്ടാകുന്ന കാലത്ത് 570 മില്ല്യൺ ഡോളർ നൽകിയാണ് ചൈന അത് 30 വർഷത്തേക്ക് പാട്ടത്തിനെടുത്തത്. അന്നത്തെ വിപണി നിരക്കിന്റെ അഞ്ചിരട്ടിയായിരുന്നു ഈ തുക. പിന്നീട് അവിടെ സൗകര്യപ്രദമായ ചരക്കുനീക്കത്തിനുള്ള ടെർമിനലും യാത്രക്കാർക്കായുള്ള ടെർമിനലും നിർമ്മിക്കാൻ 300 മില്ല്യൺ ഡോളർ ചെലവാക്കുകയും ചെയ്തു.

ഇതിൽ എന്താ ഇത്രവലിയ പ്രശ്നം എന്ന് ആലോചിക്കുന്നുണ്ടാകും? രാജ്യങ്ങൾ തമ്മിലുള്ള ഇത്തരം സഹകരണങ്ങളും സഹായങ്ങളുമൊക്കെ സർവ്വ സാധാരണമാണ്. എന്നാൽ ചൈനയുടെ സഹായം അത്തരത്തിലുള്ളതല്ല. കേവലം സാമ്പത്തിക ലാഭത്തിനുമപ്പുറം ഒരുപാട് ഗൂഢലക്ഷ്യങ്ങൾ അതിലൊളിഞ്ഞിരിപ്പുണ്ടായിരുന്നു. 2016 ജൂലായിൽ ചൈന ദക്ഷിണ ചൈനക്കടൽ സംബന്ധിച്ച ഇന്റർനാഷണൽ ആർബിട്രേഷൻ കോടതിയുടെ ഉത്തരവ് ലംഘിച്ചതിനെതിരെ നിശിതമായ വിമർശനം ഉൾക്കൊണ്ട് ഒരു പ്രമേയം പാസാക്കുവാൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചു. എന്നാൽ എല്ലാ പ്രധാന തീരുമാനങ്ങളിലും എല്ലാ അംഗരാജ്യങ്ങളുടെയും അഭിപ്രായങ്ങൾ മാനിക്കണം എന്നൊരു ചട്ടം യൂണിയനിലുള്ളതിനാൽ ഗ്രീസിന്റെ നിർബന്ധത്തിന് വഴങ്ങി യൂറോപ്യൻ യൂണിയന് ഈ പ്രമേയത്തിൽ വെള്ളം ചേർക്കേണ്ടതായി വന്നു. വിമർശനം കേവലമൊരു അപലപനമാക്കി പ്രമേയം പാസ്സാക്കി.

തൊട്ടടുത്ത വർഷം ചൈനയിലെ മനുഷ്യാവകാശ ലംഘനത്തെ കുറിച്ചുള്ള പ്രമേയത്തെ പിന്താങ്ങാനുള്ള യൂറോപ്യൻ യൂണിയന്റെ തീരുമാനവും ഗ്രീസ് ഇടപെട്ട് തടഞ്ഞു. ഈ രണ്ട് സംഭവങ്ങളും കൃത്യമായി വിരൽചൂണ്ടുന്നത്, ഗ്രീസിന് മേൽ ചൈന നേടിയെടുത്ത അദൃശ്യമായ അധികാരത്തെയാണ്. ഇതേ സമയം ചൈന യൂറോപ്പിന്റെ മറ്റു ഭാഗങ്ങളേയും വരുതിയിലാക്കുകയായിരുന്നു. 2010 ൽ യൂറോപ്യൻ യൂണിയനിലെ 11 രാജ്യങ്ങളേയും അംഗങ്ങളല്ലാത്ത 5 രാജ്യങ്ങളേയുംചേർത്ത് സെൻട്രൽ ആൻഡ് ഈസ്റ്റേൺ യൂറോപ്പ്യൻ രാജ്യങ്ങളെ ചേർത്ത് 16പ്ലസ് വൺ എന്നൊരു സംഘടന രൂപീകരിക്കുകയും അതിന്റെ നേതാക്കളുടെഉച്ചകോടി ബൾഗേറിയയിൽ കൂടുകയും ചെയ്തു.

അറിയപ്പെടുന്ന പുസ്തകങ്ങളിലൊക്കെ എഴുതപ്പെട്ട കമ്മ്യുണിസം എന്ന തത്വശാസ്ത്രവുമായി ചൈനയ്ക്കോ ചൈനയുടെ കമ്മ്യുണിസ്റ്റ് പാർട്ടിക്കോ പുലബന്ധം പോലുമില്ലെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. മനുഷ്യ സ്വാതന്ത്ര്യത്തിന്റെ പരമമായ സ്വാതന്ത്ര്യം നിലനിൽക്കുന്ന ഭരണകൂടങ്ങളില്ലാത്ത ലോകം സ്വപ്നം കാണുന്ന കമ്മ്യുണിസത്തിന്റെ പേരിൽ, എതിർ ശബ്ദങ്ങളെ അടിച്ചമർത്തി ഭരിക്കുന്ന ഒരു മാഫിയാ ഭരണമാണ് ഇന്നവിടെ നിലനിൽക്കുന്നത്. ഇന്നല്ല, മാവോ സേതുങ്ങിന്റെ കാലം മുതൽക്കേ ഇതായിരുന്നു അവിടത്തെ അവസ്ഥ. ഇന്ന് ലോകത്തിന്റെ ആധിപത്യം കൈക്കലാക്കുവാനാണ് ഈ കമ്മ്യുണിസ്റ്റ് മാഫിയ ശ്രമിക്കുന്നത്. അതിന് അവർ പല തന്ത്രങ്ങളും ഒരുക്കുന്നുണ്ട്.

ബ്രിട്ടൻ നയങ്ങളെ സ്വാധീനിക്കുവാൻ 48 ഗ്രൂപ്പ് ക്ലബ്

ബ്രിട്ടനിലെ ഏറ്റവും പ്രമുഖരായ വ്യക്തികൾ അംഗങ്ങളായിട്ടുള്ളതാണ് 48 ഗ്രൂപ്പ് ക്ലബ്ബ്. ഒരു മുൻ പ്രധാനമന്ത്രി, രണ്ട് മുൻ ഉപ പ്രധാനമന്ത്രിമാർ, ഉയർന്ന രാഷ്ട്രീയ നേതാക്കൾ, ഓക്ക്സ്ബ്രിഡ്ജ് കോളേജുകളിലെ പ്രൊഫസർമാർ, എഴുത്തുകാർ, ലണ്ടൻ നഗരത്തിലെ പ്രമുഖ വ്യവസായികൾ തുടങ്ങിയവരൊക്കെ ഇതിൽ അംഗങ്ങളാണ്. അതായത്, ബ്രിട്ടന്റെ നയങ്ങളേയും നടപടികളേയും സ്വാധീനിക്കാൻ തക്ക സ്വാധീനമുള്ളവർ ഈ ക്ലബിൽ അംഗങ്ങളായി ഉണ്ട്.ഇനി ഈ ക്ലബ്ബിന്റെ ചരിത്രം ഒന്നറിയാം.

1954-ൽ കൊറിയൻ യുദ്ധകാലത്ത് ചൈനക്കെതിരെ അമേരിക്കയും ബ്രിട്ടനും സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിരുന്നു. പല പ്രധാന ചരക്കുകളും ചൈനയ്ക്ക് നൽകുന്നതിൽ നിന്നുള്ള വിലക്കും ഉണ്ടായിരുന്നു. ഈ സമയത്ത് ജാക്ക് പെറി എന്നൊരു ബിസിനസ്സുകാരൻ അന്നത്തെ ചൈനീസ് പ്രസിഡണ്ട് ചൗ എൻലായിയുമായി ഒരു ചർച്ച നടത്തുന്നു. തുടർന്നായിരുന്നു 48 ഗ്രൂപ്പ് ക്ലബ്ബ് രൂപീകരിക്കപ്പെടുന്നത്.

ബ്രിട്ടീഷ് കമ്മ്യുണിസ്റ്റ് പാർട്ടിയിലെ ഒരു രഹസ്യം അംഗമായിരുന്നു ജാക്ക് പെറി. അദ്ദേഹവും, അന്ന് ബ്രിട്ടീഷ് കൗൺസിൽ ഫോർ ദ പ്രൊമോഷൻ ഓഫ് ഇന്റർനാഷണൽ ട്രേഡിന്റെ സെക്രട്ടറിയായിരുന്ന റോണാൾഡ് ബെർഗർ, ഒരു വസ്ത്രവ്യാപാരിയായ ബെർണാർഡ് ബക്ക്മാൻ എന്നിവരും ചേർന്ന് ചൈന സന്ദർശിക്കുകയും ചെയ്തു. മറ്റു രണ്ടുപേരും ബ്രിട്ടീഷ് കമ്മ്യുണിസ്റ്റ് പാർട്ടിയുടെ രഹസ്യ അംഗങ്ങളായിരുന്നു.

1954- ക്ലബ്ബ് രൂപീകരിച്ചതിന് ശേഷം ഈ മൂവർ സംഘം നിരവധി തവണ ചൈന സന്ദർശിക്കുകയുണ്ടായി എന്നു മാത്രമല്ല ചൗ എൻലായിയുമായി വളരെ അടുത്ത ബന്ധം സ്ഥാപിക്കുകയും ചെയ്തു. അന്നത്തെ ബ്രിട്ടീഷ് അംബാസിഡർക്ക് പോലും ചൗ എൻലായിയെ കാണുവാൻ നിരവധി കടമ്പകൾ കടക്കേണ്ട സാഹചര്യമുണ്ടായിരുന്നപ്പോൾ ഇവർക്കത് എളുപ്പത്തിൽ സാധിക്കുമായിരുന്നു. ഉപരോധാനനന്തരം ഉയർന്നു വന്ന കച്ചവട സാധ്യതകൾ ശരിക്കും മുതലാക്കാൻ ഈ ബന്ധം അവരെ സഹായിച്ചു.

ഇതോടെ 48 വ്യാപാരികളെ ചേർത്ത് രൂപീകരിച്ച ക്ലബ്ബിലേക്ക് നിരവധി മുൻനിര രാഷ്ട്രീയ നേതാക്കളേയും, എഴുത്തുകാരേയും ബുദ്ധിജീവികളേയുമൊക്കെ ആകർഷിക്കാൻ അവർക്കായി. അതുവഴി ചൈനയെ കുറിച്ചുള്ള ബ്രിട്ടന്റെ സമീപനത്തിൽ കാര്യമായ മാറ്റം വരുത്താനും ആയി. ഇന്ന് 500 ൽ അധികം പ്രമുഖ അംഗങ്ങളോടെ ക്ലബ്ബ് പൂർവ്വാധികം ശക്തിയോടെ ചൈനക്കായി ബ്രിട്ടനിൽ പ്രവർത്തിക്കുന്നു. ചൈനയുടെ ഔദ്യോഗിക മാധ്യമം എഴുതിയതുപോലെ പോസിറ്റീവ് ബ്രിട്ടൻ-ചൈന ബന്ധം ശക്തപ്പെടുത്തുന്നതിന് സഹായിക്കുന്നു.

ക്ലബ്ബ് സ്ഥാപകനായ ജാക്ക് പെറിയുടെ മകൻ സ്റ്റീഫൻ പെറിയാണ് ഇന്ന് ക്ലബ്ബിന്റെ നേതൃത്വത്തിൽ. എപ്പോൾ ചൈന സന്ദർശിക്കുമ്പോഴും ഷീ ജിൻപിംഗിനെ കാണുവാൻ അദ്ദേഹത്തിന് അവസരം ലഭിക്കാറുണ്ട്. മാത്രമല്ല 2018-ൽ റിഫോം ഫ്രണ്ട്ഷിപ് മെഡൽ എന്ന ഔദ്യോഗിക ബഹുമതി നൽകി ചൈന അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു. മാത്രമല്ല, ക്ലബ്ബിന്റെ ആദ്യ സന്ദർശനത്തിന്റെ 65-)0 വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ചൈന കൗൺസിൽ ഫോർ പ്രൊമോഷൻ ഓഫ് ഇന്റർനാഷണൽ ട്രേഡ് 2018-ൽ ബെയ്ജിംഗിൽ വലിയ ആഘോഷം സംഘടിപ്പിക്കുകയും ചെയ്തു.

കമ്മ്യുണിസത്തിൽ ചൈന പുതിയതായി എഴുതിചേർത്ത ഷീയിസം പ്രചരിപ്പിക്കലും അതിന് പിന്തുണ നേടലുമാണ് ഇപ്പോൾ ക്ലബ്ബിന്റെ മുഖ്യ പരിപാടി. മനുഷ്യരശിയുടെ സഹവർത്തിത്തോടെയുള്ള ഭാവി എന്നതാണ് ഷീയിസത്തിന്റെ അന്തഃസത്ത. മനോഹരമായ വാക്കുകളിൽ എഴുതിച്ചേർക്കപ്പെട്ട ഈ സിദ്ധാന്തത്തിന്റെ മൂല തത്വം ചൈനയുടെ നേതൃത്വത്തിലുള്ള ലോകം എന്ന സ്വപ്നം തന്നെയാണ്.

ഇതുമായി ബന്ധപ്പെട്ട ഒരു സെമിനാറിൽ പ്രാസംഗികരിൽ ഒരാളായി എത്തിയത് പ്രശസ്ത എഴുത്തുകാരനും ബുദ്ധിജീവിയുമായ മാർട്ടിൻ ജാക്വസ് ആയിരുന്നു. ചൈന അമേരിക്ക സംഘർഷങ്ങൾക്ക് കാരണം അമേരിക്കയിൽ വളർന്ന് വരുന്ന ദേശീയതയാണെന്ന് കുറ്റപ്പെടുത്തിയ ആ ബുദ്ധിജീവി ഹോങ്കോംഗിൽ സ്വാതന്ത്ര്യത്തിനായി പോരാടുന്നവരെ തീവ്രവാദികൾ എന്നാണ് വിളിച്ചത്. അവരെ കർക്കശമായി നേരിടണമെന്നും അദ്ദേഹം പറഞ്ഞുവച്ചു. ഉണ്ണുന്ന ചോറിന് നന്ദികാണിക്കുന്ന ബുദ്ധിജീവി പാശ്ചാത്യ ലോകത്തിന്റെ അന്ത്യവും പുതിയ ലോകക്രമവും എന്നൊരു പുസ്തകവും എഴുതിയിട്ടുണ്ട്.

ലോകത്തെ വരുതിയിലാക്കുവാൻ പട്ടുപാതയും

ഒരു കാലത്ത് ചൈന ലോകരാഷ്ട്രങ്ങളുമായി വ്യാപാരം നടത്തിയിരുന്നത് പട്ടുപാത വഴിയായിരുന്നു. കരയിലൂടെയും സമുദ്രത്തിലൂടെയുമുള്ള ഈ പൗരാണിക വ്യാപാരപാത പുനർ നിർമ്മാണം ചെയ്യുവാനാണ് ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷിയേറ്റീവ് (ബി ആർ ഐ)എന്ന പദ്ധതിയുമായി എത്തിയത്. ചൈനയിൽ നിന്നും യൂറോപ്പിലേക്ക് നീളുന്ന പാത കടന്നുപോകുന്ന രാജ്യങ്ങളിലൊക്കെ വൻ തോതിൽ സാമ്പത്തിക നിക്ഷേപം നടത്തി അവരെയൊക്കെ വരുതിയിലാക്കുകയാണ് ചൈന.

അടിസ്ഥാന സൗകര്യ വികസനം എന്നപേരിൽ വായ്പയായി സാമ്പത്തിക സഹായം നൽകിയാണ് ഈ രാജ്യങ്ങളെ ചൈന വശീകരിക്കുന്നത്. അവസാനം കടക്കെണിയിൽ പെടുന്ന രാഷ്ട്രങ്ങൾക്ക് ചൈന മുന്നോട്ട് വയ്ക്കുന്ന നിബന്ധനകൾ പാലിക്കേണ്ടതായി വരും. ശ്രീലങ്കയിൽ ഇത്തരത്തിൽ ചൈനീസ് സഹായത്തോടെ നിർമ്മിച്ച തുറമുഖം വായ്പ തിരിച്ചടക്കാൻ കഴിയാത്തതിനാൽ ചൈനീസ് കമ്പനിക്ക് പാട്ടത്തിന് നൽകേണ്ടതായി വന്നു. ചൈനീസ് കമ്പനിക്ക് പൂർണ്ണമായ അധികാരമുള്ള ഈ തുറമുഖം നാളെ ഒരു ആവശ്യം വന്നാൽ സൈനികാവശ്യത്തിനും ചൈന ഉപയോഗിച്ചു കൂടായ്കയില്ല.

അതുപോലെയാണ് പല ആഫ്രിക്കൻ രാജ്യങ്ങളിലേയും അവസ്ഥ. ഇവിടങ്ങളിലെ തന്ത്രപ്രധാനമായ തുറമുഖങ്ങളുടെ നിയന്ത്രണം മാത്രമല്ല, വമ്പിച്ച തോതിലുള്ള ധാതു സമ്പത്തും കൈക്കലാക്കാൻ ഒരുങ്ങുകയാണ് ചൈന. കേവലം ഒരു രാജ്യത്തിൽ ഒതുങ്ങി നിൽക്കാതെ ലോകമുഴുവനും സാമ്പത്തികമായും സൈനികമായും സാന്നിദ്ധ്യം ഉറപ്പുവരുത്തുക എന്നതാണ് ചൈനയുടെ ലക്ഷ്യം.

ഇന്ത്യൻ കമ്മ്യുണിസ്റ്റ് പാർട്ടികളും ചൈനയും

റഷ്യൻ വിപ്ലവത്തെ പോലെ ഇന്ത്യൻ നേതാക്കളുടേയും ചിന്തകരുടേയും മനസ്സിനേയും ചിന്തകളേയും സ്വാധീനിക്കാൻ മാവോയുടെ സാംസ്‌കാരിക വിപ്ലവത്തിനായിട്ടില്ല എന്നത് സത്യമാണ്. എന്നാലും ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിക്ക് പിന്തുണ നൽകുന്ന ഒരു വിഭാഗം ഇന്ത്യൻ കമ്മ്യുണിസ്റ്റ് പാർട്ടിയിൽ ഉണ്ടായിരുന്നു. 1962-ൽ ചൈന ഇന്ത്യയിൽ അതിക്രമിച്ച് കയറിയിട്ടില്ല എന്നുപോലും അക്കാലത്ത് പല കമ്മ്യുണിസ്റ്റ് നേതാക്കളും പറഞ്ഞു നടന്നിരുന്നു.

ഇന്ത്യൻ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിലെ അതുല്യനായ നേതാവും പിന്നീട് പാർട്ടി വിട്ട് സ്വന്തമായി പാർട്ടി രൂപീകരിക്കുകയും ചെയ്ത മോഹിത് സെൻ തന്റെ ആത്മകഥയായ ''ട്രാവലർ ആൻഡ് ദി റോഡ് - ദി ജേർണി ഓഫ് അൻ ഇന്ത്യൻ കമ്മ്യുണിസ്റ്റ്'' എന്ന പുസ്തകത്തിൽ ഇക്കാര്യം പരാമർശിച്ചിട്ടുണ്ട്. തങ്ങൾ കീഴടക്കിയതെന്ന് പറയപ്പെടുന്ന പ്രദേശത്തിനു മേൽ ചൈനക്ക് പരമാധികാരമുണ്ടെന്ന് തെളിയിക്കുവാൻ ഭൂപടങ്ങളും, മറ്റു പൗരാണിക തെളിവുകളുമായാണ് പി സുന്ദരയ്യ യോഗങ്ങൾക്ക് എത്താറുള്ളതെന്ന് അദ്ദേഹം എഴുതുന്നുണ്ട്. ചൈനീസ് കമ്മ്യുണിസ്റ്റുകൾക്ക് ഇത്തരത്തിലുള്ള ആക്രമങ്ങൾ നടത്താനാവില്ലെന്നും ഇന്ത്യൻ ബൂർഷ്വാസി സാമ്രാജ്യത്വ ശക്തികളുമായി ചേർന്ന് കമ്മ്യുണിസ്റ്റ് സർക്കാരിനെ തകർക്കാനുള്ള ഗൂഢാലോചനയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം എന്നും മോഹിത് സെൻ പറയുന്നു.

കമ്മ്യുണിസ്റ്റ് തീവ്രവാദികൾ എടുത്ത ഈ മണ്ടൻ നയമാണ്, അന്നത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായ ഇന്ത്യൻ കമ്മ്യുണിസ്റ്റ് പാർട്ടിയെ ഇന്നത്തെ പരിതാപകരമായ നിലയിലേക്ക് എത്തിച്ചതെന്ന് പല രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തിയിട്ടുണ്ട്. ആത്യന്തികമായി ഇന്ത്യക്ക് വേണ്ടിയല്ല കമ്മ്യുണിസ്റ്റുകൾ നിലകൊള്ളുന്നതെന്ന ബോധം ജനങ്ങളിൽ ഉണ്ടാക്കുവാനേ ഇത്തരമൊരു നടപടി ഉപകരിച്ചുള്ളു. അതുകൊണ്ട് തന്നെയാണ് ഒരുകാലത്ത് സാമാന്യം ജനപിന്തുണയുണ്ടായിരുന്ന പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഇന്ന് പാർട്ടിക്ക് സാന്നിദ്ധ്യമില്ലാതെപോയത്.

ഇതേ തെറ്റ് തന്നെയാണ് ഈ 2020 ലും ഇന്ത്യൻ കമ്മ്യുണിസ്റ്റ് പാർട്ടി ചെയ്യുന്നത്. മത തീവ്രവാദികളുടെ സ്വഭാവത്തിലേക്ക് കമ്മ്യുണിസ്റ്റുകാർ മാറിയതാണ് ഇതിന് കാരണം. മതവിശ്വാസിയും മത തീവ്രവാദിയും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. മതവിശ്വാസി പരസ്പര ബഹുമാനവും സഹകരണവും ഒക്കെയായി, സ്വന്തം സമൂഹത്തിന്റെയും രാജ്യത്തിന്റെയും ഉന്നമനത്തിനായി ജീവിക്കുമ്പോൾ ഒരു മത തീവ്രവാദിക്ക്, രാജ്യാതിർത്തികളേക്കാൾ വലുത് തന്റെ മതനിഷ്ഠകളായിരിക്കും. കമ്മ്യുണിസത്തിനും വന്നു ചേർന്ന അപചയം അതു തന്നെയാണ്. ഇന്ത്യൻ കമ്മ്യുണിസ്റ്റ് പാർട്ടി ഇന്ത്യക്ക് വേണ്ടി നിലകൊള്ളാതെ സാർവ്വദേശീയ തൊഴിലാളിവർഗ്ഗം എന്ന ഉട്ടോപ്യൻ സ്വർഗ്ഗം തേടി നടക്കുന്ന ഒരു പറ്റം മത തീവ്രവാദികളുടെ സംഘടനയായി അധപതിച്ചു എന്നുതന്നെ പറയേണ്ടതായിവരും. ഇതിന് പക്ഷെ അവരെ പ്രേരിപ്പിക്കുന്നത് ചൈനീസ് സ്വാധീനം തന്നെയാണ്. 48 ഗ്രൂപ്പ് ക്ലബ്ബ് പോലുള്ള നിരവധി നിഴൽ സംഘടനകളിലൂടെ ബുദ്ധിജീവികളേയും മറ്റും കൂടെ നിർത്താനും അവർക്ക് കഴിയുന്നു.

അവസാനം ഭീഷണിയിലൂടെയും മെരുക്കാൻ ശ്രമം

ഇറ്റലിയിൽ കൊറോണവ്യാപനം ശക്തമായപ്പോൾ ഡോക്ടർമാരേയും മറ്റ് ആരോഗ്യ പ്രവർത്തകരേയും ആ രാജ്യത്തേക്ക് അയക്കാൻ ചൈന തീരുമാനിച്ചു. മാത്രമല്ല, മരുന്നുകളും മറ്റ് സുരക്ഷാ ഉപകരണങ്ങളും സൗജന്യമായി നൽകുകയും ചെയ്തു. ഇത് പക്ഷെ ചൈനയുടെ നല്ലമനസ്സായി കാണേണ്ടതില്ല. ഇറ്റലിയിലെ മാഫിയാ സംഘങ്ങൾ ചെയ്യുന്നതുപോലെ ആപത്തിൽ പെട്ടവരെ സഹായിച്ച് തങ്ങളുടെ വരുതിയിൽ നിർത്തുക എന്ന തന്ത്രം മാത്രമായിരുന്നു അത്. അതല്ലെങ്കിൽ, അമേരിക്കയിലേക്കുള്ള ഫാർമസ്യുട്ടിക്കൽ കയറ്റുമതി തടഞ്ഞാൽ അമേരിക്ക കോറോണയുടെ ഒരു സമുദ്രമാകുമെന്ന് ഭീഷണിപ്പെടുത്താൻ ചൈന തയ്യാറാകുമോ?

പല അമേരിക്കൻ നിർമ്മാതാക്കളും അവർക്കാവശ്യമായ സ്പെയർപാർട്ടുകളും മറ്റും നിർമ്മിക്കുന്നത് ചൈനയിലെ നിർമ്മാണ യൂണിറ്റുകളിലാണ്. വെന്റിലേറ്റർ പോലുള്ളവയുടെ സ്പെയർപാർട്ടുകളുടെ കയറ്റുമതി വൈകിപ്പിച്ച്, അമേരിക്കൻ കമ്പനികളുടെ ഉദ്പാദന പ്രക്രിയ ചൈന വൈകിപ്പിച്ച കാര്യം എല്ലാ അന്തരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. മാത്രമല്ല, ചൈന കുറച്ചുകൂടി മനുഷ്യത്വത്തോടെ പെരുമാറിയിരുന്നെങ്കിൽ ഇന്ന് കൊറോണ എന്ന മഹാവ്യാധി ലോകത്തെ ദുഃഖത്തിലാഴ്‌ത്തുകയില്ലായിരുന്നു എന്ന് ഇന്നലെയാണ് ഒരു ചൈനീസ് വൈറോളജിസ്റ്റ് പ്രസ്താവിച്ചത്. കൊറോണ പൊട്ടിപ്പുറപ്പെട്ട ആദ്യ മൂന്നാഴ്‌ച്ചക്കാലം അത് ഒളിപ്പിച്ചു വയ്ക്കാൻ ചൈന കാണീച്ച തിടുക്കമാണ് ഇത് ഒരു മഹാവ്യാധിയായി കത്തിപ്പടരുവാൻ ഇടയാക്കിയതെന്ന് സൗത്താംപ്ടൺ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ തെളിയുകയും ചെയ്തു.

ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള യുദ്ധവും ചൈന ആരംഭിച്ചിരിക്കുന്നു. ഈയിടെ ആസ്ട്രേലിക്കെതിരായി സൈബർ ആക്രമണം അഴിച്ചുവിട്ടെന്ന് ആരോപണമുണ്ടായിരുന്നു. അതുപോലെയാണ് ചൈന നടത്തുന്ന സാംസ്‌കാരിക അധിനിവേശം. ഇന്ന് ചെക് റിപ്പബ്ലിക്കിലെ ഏറ്റവും പ്രധാനപ്പെട്ട സർവ്വകലാശാലയായ ചാൾസ് യൂണിവേഴ്സിറ്റിയിൽ ചൈനയുടെ ചെക്ക് എംബസി ഒരു കോഴ്സ് തന്നെ സ്പോൺസർ ചെയ്യുന്നുണ്ട്. ബ്രിട്ടീഷ് യൂണിവേഴ്സിറ്റികൾ ഇന്ന് ഏതാണ് വലിയ അളവിൽ ചൈനീസ് വിദ്യാർത്ഥികളെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ആസ്ട്രേലിയയും അങ്ങനെത്തന്നെ.ഈ ഒരു സാഹചര്യം മുതലാക്കി 140 രാജ്യങ്ങളിൽ കൺഫ്യുഷയിസം ഇൻസ്റ്റിറ്റിയുട്ടുകൾ ചൈന ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. ചൈനയുടെ ഭാഷ, സംസ്‌കാരം, പൈതൃകം എന്നിവക്ക് പ്രചാരം കൊടുക്കുകയാണ് ഉദ്ദേശം. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ചൈനീസ് ലോക ഭാഷയാക്കുക.

ഒരു കൂട്ടം കമ്മ്യുണിസ്റ്റ് രാഷ്ട്രങ്ങളുടെ ചേരിയുണ്ടാക്കി അമേരിക്കയ്ക്ക് തുല്യശക്തിയായി നിൽക്കണമെന്നേ സോവിയറ്റ് യൂണിയന് താത്പര്യമുണ്ടായിരുന്നുള്ളു. അതുകൊണ്ട് തന്നെയാണ് ശീതയുദ്ധം ഒരിക്കലും ഒരു ലോക മഹായുദ്ധമായി പരിണമിക്കാതിരുന്നത്. എന്നാൽ ചൈനയുടെ ലക്ഷ്യം ഒരു രണ്ടാം ചേരിയല്ല, മറിച്ച് ലോകം മുഴുവൻ അവരുടെ കാൽക്കീഴിലാകുന്നതാണ്. അതിന് അവർ ഏത് മാർഗ്ഗവും ഉപയോഗിക്കും. അതുകൊണ്ടു തന്നെ അവരുമായി ഇടപെടുമ്പോൾ കൂടുതൽ കരുതൽ എടുക്കേണ്ടിയിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP