Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആയിരക്കണക്കിന് അമേരിക്കക്കാർ ജോർജ്ജ് ഫ്‌ളോയിഡിന്റെ മരണത്തിൽ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നു; ഇതിന് മുൻപ് മറ്റു പല കറുത്ത വർഗ്ഗക്കാരും കൊല്ലപ്പെട്ടപ്പോൾ കാണാത്തത്ര ശക്തമായ പ്രതിഷേധം; പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ട്രംപിന് പണിപാളുമെന്ന് വിലയിരുത്തൽ; കോവിഡിനിടയിലും അമേരിക്ക പ്രതിഷേധ കടലായതിന്റെ കാരണങ്ങൾ അന്വേഷിക്കുമ്പോൾ

ആയിരക്കണക്കിന് അമേരിക്കക്കാർ ജോർജ്ജ് ഫ്‌ളോയിഡിന്റെ മരണത്തിൽ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നു; ഇതിന് മുൻപ് മറ്റു പല കറുത്ത വർഗ്ഗക്കാരും കൊല്ലപ്പെട്ടപ്പോൾ കാണാത്തത്ര ശക്തമായ പ്രതിഷേധം; പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ട്രംപിന് പണിപാളുമെന്ന് വിലയിരുത്തൽ; കോവിഡിനിടയിലും അമേരിക്ക പ്രതിഷേധ കടലായതിന്റെ കാരണങ്ങൾ അന്വേഷിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

മിന്നീപോളിസ് പൊലീസിന്റെ മുട്ടിനുകീഴെ ഏകദേശം ഒമ്പതുമിനിറ്റോളം ശ്വാസം മുട്ടിപ്പിടഞ്ഞശേഷം ജീവൻ വെടിഞ്ഞ ജോർജ്ജ് ഫ്‌ളോയ്ഡ് അമേരിക്കൻ പൊലീസിന്റെ അതിക്രമത്തിൽ മരിക്കുന്ന ആദ്യത്തെ കറുത്തവർഗ്ഗക്കാരനല്ല. ടമിർ റൈസ്, മൈക്കൽ ബ്രൗൺ, എറിക് ഗാർനർ തുടങ്ങിയവർ പൊലീസിന്റെ നിഷ്ഠൂരതക്ക് ഇരയായി ജീവൻ വെടിഞ്ഞപ്പോഴും പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇത്തവണ തികച്ചും വ്യത്യസ്തമായിരുന്നു അവസ്ഥ. പ്രതിഷേധം ഏറെനാൾ നീണ്ടുനിൽക്കുന്നു എന്നു മാത്രമല്ല അത് രാജ്യമൊട്ടാകെ വ്യാപിക്കുകയും ചെയ്തിരിക്കുന്നു. തലസ്ഥാനമായ വാഷിങ്ടൺ ഡി സിയിലും അമ്പത് സംസ്ഥാനങ്ങളിലും വ്യാപിച്ച പ്രതിഷേധം വെള്ളക്കാർക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ പോലും ശക്തിയായി തുടരുന്നു.

അത് മാത്രമല്ല, തദ്ദേശ ഭരണകൂടങ്ങൾ, കായികരംഗം, ബിസിനസ്സ് രംഗത്തുള്ളവർ തുടങ്ങിയവരും ഇതിന് പിന്തുണ പ്രഖ്യാപിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. അതിൽ ഏറ്റവും പ്രധാനമായത് പൊലീസ് വകുപ്പ് തന്നെ പിരിച്ചുവിട്ട് പുതിയ സേനയേ രൂപീകരിക്കും എന്ന മിന്നീപോളീസ് സിറ്റി കൗൺസിലിന്റെ പ്രഖ്യാപനമാണ്. മറ്റൊരു കാര്യം, ഇത്തവണത്തെ ബ്ലാക്ക് ലൈവ്‌സ് മാറ്റർ പ്രക്ഷോഭം വംശ-വർണ്ണ വേർതിരിവുകളില്ലാതെ എല്ലാവരും ഏറ്റെടുത്തു എന്നതാണ്.

വെള്ളക്കാർ ഉൾപ്പടെ വിവിധ വംശങ്ങളിൽ പെട്ട ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധത്തിന് പിന്തുണയുമായി തെരുവിലിറങ്ങിയത്. ഈ പ്രക്ഷോഭം ഇത്രയും ആളിപ്പടരാൻ ഒരുപാട് ഘടകങ്ങൾ സ്വാധീനിച്ചിട്ടുണ്ട് എന്നാണ് പ്രമുഖരായ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

നിഷ്ഠൂര കൊലപാതകവും കൃത്യമായ തെളിവുകളും

ഏകദേശം ഒമ്പത് മിനിറ്റോളമണ് പൊലീസ് ഉദ്യോഗസ്ഥനായ ഡെറെക് ഷോവിൻ ഫ്‌ളോയ്ഡിന്റെ കഴുത്തിൽ തന്റെ കാല്മുട്ട് ചേർത്ത് അമർത്തിയത്. എനിക്ക് ശ്വാസം മുട്ടുന്നു എന്ന് കരഞ്ഞു പറഞ്ഞിട്ടാണ് ഫ്‌ളോയ്ഡ് ജീവൻ വെടിയുന്നത്. ഇതെല്ലാം, വീഡിയോയിലൂടെ കണ്ടത് ലക്ഷങ്ങളായിരുന്നു എന്നതാണ് ഈ സംഭവത്തെ മറ്റ് പൊലീസ് അതിക്രമങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ഇതിന് മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ട പൊലീസ് അതിക്രമങ്ങളിലെല്ലാം പൊലീസുകാർക്ക് ഒഴിഞ്ഞു മാറുവാനുള്ള ലൂപ്പ് ഹോളുകൾ ഉണ്ടായിരുന്നു.

ഇതിനു മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ട പൊലീസ് അതിക്രമങ്ങൾക്കൊന്നിനും ഇത്രയും വ്യക്തമായ തെളിവുകൾ ഉണ്ടായിരുന്നില്ല. സ്വന്തം ജീവൻ അപകടത്തിൽ ആകുമെന്ന് കണ്ട് പെട്ടെന്ന് എടുക്കേണ്ടിവന്ന തീരുമാനം എന്ന നിലയിലായിരുന്നു ഇത്തരം അക്രമസംഭവങ്ങളെ പൊലീസ് ഉദ്യോഗസ്ഥർ ചിത്രീകരിക്കാറുണ്ടായിരുന്നത്. പ്രതി ആയുധമേന്തിയെന്നും തങ്ങളെ ആക്രമിച്ചു എന്നുമൊക്കെ കഥകൾ എഴുതുമായിരുന്നു. എന്നാൽ അത് ഇത്തവണ നടന്നില്ല.

ജോർജ്ജ് ഫ്‌ളോയ്ഡിന്റെ കൊലപാതകത്തിന് കൃത്യമായ തെളിവുമായി വീഡിയോ എത്തി. ഫ്‌ളോയ്ഡ് നിരായുധനായിരുന്നു എന്ന് അതിൽ വ്യക്തമായിരുന്നു. മാത്രമല്ല, പൊലീസിനെ ആക്രമിക്കാൻ പോയിട്ട് ശ്വാസമെടുക്കാൻ പോലും കഷ്ടപ്പെടുന്ന ഫ്‌ളോയ്ഡിനെയാണ് ജനങ്ങൾ വീഡിയോയിൽ കണ്ടത്. ശ്വാസം മുട്ടുന്നു എന്നുള്ള നിലവിളിയും ജനങ്ങളുടെ മനസ്സിനെ സ്വാധീനിച്ചു. ജീവിതത്തിൽ ഇതാദ്യമായി ഒരു പ്രതിഷേധത്തിൽ പങ്കെടുക്കുന്ന പലരും പറഞ്ഞത് ഈ വീഡിയോ കണ്ടശേഷം വീട്ടിൽ ഇരിക്കാൻ കഴിഞ്ഞില്ലെന്നാണ്.

ആത്മഹത്യയായും കൊലപാതകമായുമൊക്കെ നിരവധി മരണങ്ങളുടേ വീഡിയോകൾ ഇതിനു മുൻപും സോഷ്യൽ മീഡിയകളിൽ വന്നിട്ടുണ്ട്. പക്ഷെ, പ്രാണവായു കിട്ടാതെ അലറിവിളിച്ച് മരണമടയുന്ന ദയനീയ കാഴ്‌ച്ച ഇതിന് മുൻപ് കണ്ടിട്ടില്ലെന്നാണ് അവർ പറയുന്നത്. മാത്രമല്ല, പലരുടെ ഉള്ളിലും കറുത്തവർഗ്ഗക്കാരോട് കാട്ടുന്ന വിവേചനത്തിനെതിരെ വർഷങ്ങളായി പുകഞ്ഞുകൊണ്ടിരുന്ന അമർഷം ഒരു തീയായി പുറത്തുകൊണ്ടുവരുവാനും ഈ വീഡിയോക്ക് കഴിഞ്ഞു.

കൊറോണ, ലോക്ക്ഡൗൺ, തൊഴിലില്ലായ്മ

ചില അദൃശ്യശക്തികൾ ഒത്തുചേരുമ്പോഴാണ് ചരിത്രം ഗതിമാറിയൊഴുകുന്നത് എന്ന് പറയാറുണ്ട്. ഇക്കാര്യത്തിലും അത് സംഭവിച്ചു എന്നുതന്നെവേണം കരുതാൻ. കോവിഡെന്ന മഹാമാരി പതിനായിരക്കണക്കിന് അമേരിക്കക്കാരെ കൊന്നൊടുക്കുമ്പോൾ, അതിനെ തടയുവാൻ കാര്യക്ഷമമായ നടപടികൾ ഭരണം കൂടം സ്വീകരിച്ചില്ല എന്ന അമർഷം പൊതുവേ ജനങ്ങൾക്കിടയിലുണ്ട്. ഒബാമ കെയർ പോലുള്ള, സാധാരണക്കാർക്ക് സൗജന്യ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്ന പദ്ധതികൾ എടുത്തുകളഞ്ഞ ട്രംപിന്റെ നടപടികൾ, ഈ മഹാവ്യാധിയുടെ കാലത്ത് ഈ വിഭാഗത്തില്‌പ്പെട്ട പലരേയും വിപരീതമായി ബാധിച്ചു. സമൂഹത്തിന്റെ താഴെ തട്ടിൽ ഉള്ളവരും ഇടത്തരക്കാരും ഇതിന്റെ ദൂഷ്യഫലം നന്നായി അനുഭവിച്ചവരാണ്.

അതിനു പുറമേയാണ് ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട ദുഃഖത്തിൽ നിന്നും ഉടലെടുക്കുന്ന കോപം. അത് സർക്കാരിന് നേരെ തിരിഞ്ഞിരിക്കുന്ന അവസരത്തിലാണ് ഇത്തരത്തിലൊരു പ്രശ്‌നമുണ്ടാകുന്നത്. മാത്രമല്ല, കൊറോണാ വ്യാപനവുമായി അനുബന്ധിച്ചുണ്ടായ ലോക്ക്ഡൗൺ കൂടുതൽ അമേരിക്കക്കാരെ വീടിനുള്ളിൽ അടച്ചുപൂട്ടിയിട്ടു. ഇത് ടി വി പോലുള്ള ഇലക്ട്രോണിക് മാധ്യമങ്ങൾ കാണുവാൻ അവരെ നിർബന്ധിപ്പിച്ചു. മാത്രമല്ല, സോഷ്യൽ മീഡിയയിലും മുൻപത്തേക്കാളേറെ ആളുകൾ സജീവമാകാൻ തുടങ്ങി. ഇത് കൂടുതൽ പേർ വാർത്ത അറിയുന്നതിനിടയാക്കി.

അമേരിക്കയെപ്പോലെ തിരക്കുപിടിച്ചൊരുജീവിതം നയിക്കുന്ന ജനത മുൻപെങ്ങുമില്ലാത്തവിധം അലസ ജീവിതം നയിക്കുവാൻ തുടങ്ങിയപ്പോഴാണ് ഈ പ്രശ്‌നം ഉണ്ടാകുന്നതും അത് അവരുടെ ശ്രദ്ധയിൽ പെടുന്നതും. കോവിഡ് പരത്തുന്ന മരണഭീതി, നഷ്ടപ്പെട്ട സ്വാതന്ത്ര്യവുമായി വീടുകൾക്കുള്ളിൽ അടച്ചിടപ്പെട്ട അവസ്ഥ എന്നിവയ്ക്ക് പുറമേയായിരുന്നു ഇടിത്തീപോലെ പലരുടെയും തലയിൽ വീണ തൊഴിൽ നഷ്ടം എന്ന ദുരന്തം.1930 കളിലെ മഹാമാന്ദ്യത്തിന് ശേഷം ഇത്രയധികം പേർക്ക് തൊഴിൽ നഷ്ടപ്പെട്ട ഒരു കാലഘട്ടം അമേരിക്കയിൽ ഉണ്ടായിട്ടില്ല.

തൊഴിലില്ലായ്മ ഏകദേശം 13% കണ്ട് വർദ്ധിച്ചു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. തൊഴിൽ നഷ്ടപ്പെട്ടവർക്ക് നിരാശമാത്രമല്ല, മോഹഭംഗങ്ങളിൽനിന്നും ഉണ്ടാകുന്ന അരിശവും ഉണ്ടായി. പ്രത്യേകിച്ച ജോലിയൊന്നുമില്ല. ഉള്ളിൽ സർക്കാരിനോട് ഒടുങ്ങാത്ത കോപം. ഇനി എന്ന് തിരിച്ചുപിടിക്കാനാവുമെന്നാറിയാത്ത ജീവിതത്തെക്കുറിച്ചോർത്തുള്ള നിസ്സഹായത. ഇതെല്ലാം ആയിരക്കണക്കിന് ആളുകളെ തെരുവിലേക്ക് ആകർഷിക്കാൻ കാരണമായതായി നിരീക്ഷകർ വിലയിരുത്തുന്നു.



ഇത് അവസാനത്തെ ആശ്രയമായിരുന്നു

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ജോർജ്ജിയയിൽ വെള്ളക്കാർ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് ജോഗിംഗിനെത്തിയ അഹ്മൗദ് ആർബറി എന്ന 25 കാരനായ കറുത്തവർഗ്ഗക്കാരനെ രണ്ട് വെള്ളക്കാർ ചേർന്ന് വെടിവച്ചു കൊന്നത്. ഗ്രിഗറി എന്നയാളും അയാളുടെ മകനായ ട്രാവിസ് മെക് മൈക്കലും ചേർന്നായിരുന്നു ഈ ക്രൂര കൊലപാതകം നടത്തിയത്. കള്ളനെന്ന് തെറ്റിദ്ധരിച്ചായിരുന്നു ഇത് ചെയ്തത് എന്നായിരുന്നു അവരുടെ വാദം. എന്നാൽ ആർബറി ആ സമയത്ത് നിരായുധനായിരുന്നു.

അതിനുശേഷം മാർച്ച് 13 ന് കെന്റുക്കിയിലെ ലൂയിസ്വില്ലേയിലെ തന്റെ അപ്പാർട്ട്‌മെന്റിൽ വച്ച് ബ്രിയോണാ ടെയ്‌ലർ എന്ന കറുത്തവർഗ്ഗക്കാരിയായ യുവതി പൊലീസിന്റെ വെടിയേറ്റു മരിക്കുന്നു. ഒരു എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ആയിരുന്ന ഈ യുവതിയുടെ വസതിയിൽ പൊലീസ് എത്തുന്നത് അർദ്ധരാത്രിക്ക് ശേഷമായിരുന്നു. മയക്കു മരുന്നുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് അവർ വാറന്റുമായി എത്തിയത്. തുടർന്ന് ടെയ്‌ലറുടെ ആൺസുഹൃത്തുമായി ഏറ്റുമുട്ടേണ്ടി വന്നു എന്നാണ് പൊലീസ് ഭാഷ്യം. ഏതായാലും പൊലീസിന്റെ എട്ട് വെടിയുണ്ടകളായിരുന്നു ആ യുവതിയുടെ മൃതദേഹത്തിൽ ഉണ്ടായിരുന്നത്.

അടുത്തടുത്ത് നടന്ന ഈ രണ്ട് സംഭവങ്ങൾ അമേരിക്കയിലെ കറുത്തവർഗ്ഗക്കാർക്കിടയിൽ ഭീതി പടർത്തിയിരുന്നു എന്നത് സത്യമാണ്. അധികം വൈകാതെ ഫ്‌ളോയ്ഡിന്റെ നിഷ്ഠൂരമായ കൊലപാതകവും കൂടിയായപ്പോൾ പിന്നെ പ്രതികരിക്കാതിരിക്കാൻ നിവർത്തിയില്ലെന്ന് വന്നു. അവരെ സംബന്ധിച്ചിടത്തോളം ഇനിയെങ്കിലും വംശീയ വെറിയിൽ നിന്നും രക്ഷപ്പെടാനുള്ള അവസാന ശ്രമമായിരുന്നു ഇത്.



വർണ്ണവ്യത്യാസങ്ങൾ മറന്ന് ആർത്തിരമ്പിയ പ്രതിഷേധം

ഇത്തവണ ബ്ലാക്ക് ലൈവ്‌സ് മാറ്റർ പ്രക്ഷോഭണം കറുത്തവർഗ്ഗക്കാരിൽ മാത്രമായി ഒതുങ്ങിയില്ല എന്നതാണ് ഇത് ഇത്രയധികം വ്യാപിക്കുവാനും ശക്തമാകുവാനും കാരണം. കൃത്യമായ കണക്ക് ലഭ്യമല്ലെങ്കിലും, ഇത്തവണ ഈ പ്രക്ഷോഭണത്തിൽ വെള്ളക്കാർ ഉൾപ്പടെയുള്ള നിരവധി മറ്റു വംശജർ പങ്കെടുത്തിരുന്നു. അമേരിക്കൻ ജനതയുടെ ചിന്താഗതിയിൽ വരുന്ന മാറ്റത്തിന്റെ സൂചനയായാണിതിനെ മിക്ക നിരീക്ഷകരും കാണുന്നത്. വംശീയവിദ്വേഷം ഒരു മോശം കാര്യമായി കൂടുതൽ കൂടുതൽ അമേരിക്കക്കാർ കാണുവാൻ തുടങ്ങിയിരിക്കുന്നു എന്നർത്ഥം.

മാത്രമല്ല, തുടർച്ചയായ ഇത്തരം അക്രമസംഭവങ്ങൾ ഒരുപക്ഷെ നാളെ തങ്ങൾക്ക് നേരേയും ഉണ്ടാകാമെന്ന മറ്റ് ന്യുനപക്ഷ വംശജരുടെ ഭീതി അവരേയും ഈ പ്രതിഷേധത്തിന്റെ ഭാഗമാക്കി എന്നു കരുതുന്നവരും ഏറെയാണ്. നിരവധി ഏഷ്യൻ വംശജരും മറ്റും ഈ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതായി വിവിധ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മാത്രമല്ല, ഇത്തവണ പ്രക്ഷോഭം വെള്ളക്കാർക്കെതിരായ ഒരു പ്രക്ഷോഭമായി മാറ്റാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. വംശീയ വിദ്വേഷത്തിനെതിരെയായിരുന്നു ഇത്തവണ സമരം, ഏതെങ്കിലും വംശത്തിനെതിരെ ആയിരുന്നില്ല.

പ്രതിഷേധത്തിനെതിരെ ഉണ്ടായ പൊലീസ് നടപടികൾ

അമേരിക്കയിൽ നടന്ന പ്രതിഷേധങ്ങളിൽ ഏറിയപങ്കും സമാധാനപരമായി നടന്നവയായിരുന്നു. പലയിടങ്ങളിലും പൊലീസ് ഉദ്യോഗസ്ഥർ വരെ പ്രതിഷേധക്കാർക്ക് പിന്തുണയുമായി എത്തിയിരുന്നു. എന്നാൽ ചിലയിടങ്ങളിൽ പ്രതിഷേധക്കാർക്കെതിരെ പൊലീസ് സ്വീകരിച്ച നടപടികൾ എരിതീയിൽ എണ്ണയൊഴിക്കുന്നതിന് തുല്യമായിരുന്നു. വൈറ്റ് ഹൗസിനു മുന്നിൽ സമാധാനമായി പ്രതിഷേധിച്ചിരുന്ന പ്രകടനക്കാരെ, ട്രംപിന് തൊട്ട് മുന്നിലുള്ള പള്ളിയിൽ പോയി ചിത്രമെടുക്കാനായി ബലമായി ഒഴിപ്പിച്ച നടപടി ഇത്തരത്തിൽ ഉള്ള ഒന്നായിരുന്നു.

മാധ്യമപ്രവർത്തകർ ഉൾപ്പടെ നിരവധി പേരെയാണ് മുളകുപൊടി സ്‌പ്രേയും മറ്റും ഉപയോഗിച്ച് പൊലീസ് നീക്കിയത്. ഇത്തരത്തിലുള്ള നടപടികൾ കൂടുതൽ ആളുകളെ പൊലീസിന് എതിരാക്കി.

പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ട്രംപിന് പണിപാളുമോ

ഈ പ്രതിഷേധം ഇത്രയധികം കത്തിയാളുന്നതിന് ഇടയാക്കിയ അവസാനത്തെ, എന്നാൽ ഒട്ടും അപ്രധാനമല്ലാത്ത കാരണം പ്രസിഡണ്ട് തെരഞ്ഞെടുപ്പ് അടുത്തു വരുന്നു എന്നതാണ്. ട്രംപിന്റെ എതിരാളികൾ ഇത് പരമാവധി മുതലെടുക്കുന്നു. ഇന്നലെ ഫ്‌ളോയ്ഡിന്റെ ശവസംസ്‌കാര വേളയിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബിഡന്റെ വീഡിയോ സന്ദേശം കാണിച്ചിരുന്നു എന്നതിനെ ഇതുമായി കൂട്ടിവായിക്കുക. പൊതുവേ ഒരല്പം വംശീയ വെറി ഉള്ളയാൾ എന്നതാണ് ട്രംപിന്റെ പ്രതിച്ഛായ.

അത് കൂടുതൽ വ്യക്തമാക്കുവാൻ ഈ സംഭവത്തോടെ അദ്ദേഹത്തിന്റെ എതിരാളികൾക്ക് കഴിഞ്ഞു. ജനങ്ങളുടെ രോഷം ശമിപ്പിക്കാനുള്ള നടപടികളേക്കാൾ ഏറെ ട്രംപ് ശ്രദ്ധിച്ചത് ഈ പ്രക്ഷോഭത്തെ അടിച്ചമർത്താനായിരുന്നു. സൈന്യത്തെ ഇറക്കുമെന്ന് വരെ അദ്ദേഹം പറഞ്ഞു. ഇതും പ്രക്ഷോഭത്തിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കാൻ ഇടയാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP