Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തികഞ്ഞ സ്ത്രീ വിരുദ്ധനും ഫാസിസ്റ്റും; ഒന്നാന്തരം മദ്യപാനിയും സ്ത്രീലമ്പടനും; ആമസോണിന്റെ കശാപ്പുകാരനെന്നും വിളിപ്പേര്; മതവും മുതലാളിത്തവും കൂട്ടിക്കെട്ടിയുള്ള തീവ്ര വലതുപക്ഷവാദി; ഒരു ജനതയെ മൊത്തം കോവിഡ് മഹാമാരിക്ക് ഇട്ടുകൊടുത്ത അരവട്ടൻ; സഹികെട്ടതോടെ പുറത്താക്കാൻ ഇടതുപക്ഷവും വലതുപക്ഷവും ഒന്നിക്കുന്നു; ലോകത്തിലെ ഏറ്റവും അപകടകാരിയായ മനുഷ്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട ഒരു രാഷ്ട്രത്തലവന്റെ കഥ

തികഞ്ഞ സ്ത്രീ വിരുദ്ധനും ഫാസിസ്റ്റും; ഒന്നാന്തരം മദ്യപാനിയും സ്ത്രീലമ്പടനും; ആമസോണിന്റെ കശാപ്പുകാരനെന്നും വിളിപ്പേര്; മതവും മുതലാളിത്തവും കൂട്ടിക്കെട്ടിയുള്ള തീവ്ര വലതുപക്ഷവാദി; ഒരു ജനതയെ മൊത്തം കോവിഡ് മഹാമാരിക്ക് ഇട്ടുകൊടുത്ത അരവട്ടൻ; സഹികെട്ടതോടെ പുറത്താക്കാൻ ഇടതുപക്ഷവും വലതുപക്ഷവും ഒന്നിക്കുന്നു; ലോകത്തിലെ ഏറ്റവും അപകടകാരിയായ മനുഷ്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട ഒരു രാഷ്ട്രത്തലവന്റെ കഥ

എം മാധവദാസ്

'ദ മോസ്റ്റ് ഡേഞ്ചറസ് മാൻ ഓഫ് ദ വേൾഡ്'..ലോകത്തിലെ ഏറ്റവും അപകടകാരിയായ മനുഷ്യൻ! രാജ്യാന്തര വാർത്താ മാധ്യമങ്ങൾ മാത്രമല്ല ശാസ്ത്ര മാസികകളായ ദ ലാൻസെറ്റും, നേച്ചറും പോലും അതി നിശിതമായി വിമർശിച്ച, ലോകത്തിന്റെ ശാപം എന്നറിയപ്പെടുന്നത് ഇദ്ദേഹമാണ്. പെലയും, റൊണാൾഡോയും തൊട്ട് നെയ്മർ വരെയുള്ള ഒട്ടനവധി താരങ്ങളിലുടെ നമ്മുടെ അരുമകളായ ബ്രസീലിന്റെ പ്രസിഡന്റാണ് ഈ 65കാരൻ. പേര് മെസിയസ് ജെയർ ബോൾസോനാരോ. തികഞ്ഞ സ്ത്രീവിരുദ്ധൻ, തീവ്ര വലതുപക്ഷവാദി, ആമസോണിന്റെ കശാപ്പുകാരൻ, ഭിന്നലിംഗക്കാരെ അധിക്ഷേപിക്കുന്നവൻ, സത്രീലമ്പടൻ, ലാറ്റിനമേരിക്കയുടെ ട്രംപ് തുടങ്ങിയ നിരവധി അധിക്ഷേപങ്ങളാണ് ഇക്കാലമത്രയും കൊണ്ട് ഇദ്ദേഹം നേടിയെടുത്ത്. ഇപ്പോഴിതാ ബോൾസോനാരോ അങ്ങേയറ്റം വിവാദ പുരുഷനായി മാറിയിരിക്കുന്നത് കോവിഡിൽ അദ്ദേഹം നടത്തിയ വിവരക്കേടിന്റെ പശ്ചാത്തലത്തിലാണ്. കോവിഡ് ഒരു കെട്ടുകഥയാണെന്ന തിയറിയുണ്ടാക്കി തുടക്കം മുതൽ സോഷ്യൽ ഡിസ്റ്റൻസിങിനെയെല്ലാം പുച്ഛിച്ച് നടക്കുന്നയാളായിരുന്നു നമ്മുടെ കഥാനായകൻ. കോവിഡ് പടരുമ്പോഴും വലിയ ജാഥകൾ നയിച്ചും ഫോട്ടോക്ക് പോസ് ചെയ്തും, തെരുവുകളിൽ പരസ്യമായി എത്തി ഭക്ഷണം കഴിച്ചു അദ്ദേഹം വിവാദ നായകനായി.

ഒടുവിൽ ബ്രസീലിന്റെ അവസ്ഥ നോക്കുക. അമേരിക്ക കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള രാജ്യമാണ് അത്. 5,60,737 ആയി രോഗികളുടെ എണ്ണം ഉയർന്നപ്പോൾ മരണം 32,000ത്തോളമായി. ആമസോണിന്റെ തീരങ്ങളിലെല്ലാം ഇന്ന് ശവക്കുഴി മാടങ്ങൾ ഉയരുകയാണ്. എത്രപേർ മരിക്കുമെന്നുപോലും യാതൊരു നിശ്ചയുമില്ല. ഇതിനെല്ലാം ഇടയാക്കിയത് ഈ പ്രസിഡന്റിന്റെ ഭ്രാന്തൻ തീരുമാനങ്ങളും സെൽഫ്ഗോളുകളുമാണെന്ന് പറഞ്ഞ് പ്രസിഡന്റിനെതിരെ വൻ ജനരോഷമാണ് ബ്രസീലിൽ ഉയരുന്നത്. ഏറ്റവും വിചിത്രം ഈ തീവ്ര വലതുപക്ഷക്കാരനെതിരെ ഇടതുപക്ഷവും വലതുപക്ഷവും ഒന്നിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം അവർ ഒന്നിച്ച് പ്രകടന പത്രികവരെ പുറത്തിറക്കി. ലക്ഷ്യം ഒന്നേയുള്ളൂ.. ബോൾസോനാരോയെ പുറത്താക്കുക, ബ്രസീലിനെ രക്ഷിക്കുക.

എന്തൊരു ദുരന്തമെന്ന് ബ്രസീലിയൻ മാധ്യമങ്ങൾ

24 മണിക്കൂറിനിടയിൽ 474 മരണങ്ങൾ റിപ്പോർട്ട് ചെയ്തുവല്ലോയെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് 'അതിനെന്താ? ഞാൻ എന്തു ചെയ്യണമെന്നാണ് നിങ്ങൾ പറയുന്നത്' എന്നായിരുന്നു ബോൾസോനാരോയുടെ മറുപടി. ലോകത്തിലെ ഏറ്റവും അപകടകാരിയായ നേതാവെന്ന് ഈ വാർത്തയ്ക്ക് രാജ്യാന്തര മാധ്യമങ്ങൾ തലക്കെട്ടെഴുതി. എന്റെ രണ്ടാംപേരിൽ മിശിഹാ എന്നുണ്ട് എന്നുകരുതി എന്നിൽ നിന്ന് അദ്ഭുതങ്ങൾ പ്രതിക്ഷിക്കേണ്ടെന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞ പ്രസിഡന്റിനോട് തൽസ്ഥാനത്തു നിന്നു മാറിനിൽക്കാൻ മാത്രം ആവശ്യപ്പെടുന്നത് ഒരു ജനതയുടെ മാന്യതയുള്ള പ്രതികരണം മാത്രമാണെന്നു രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നു. 'എന്തൊരു ദുരന്തം' എന്നായിരുന്നു ബ്രസീലിലെ ഒരു പ്രമുഖപത്രത്തിന്റെ തലവാചകം തന്നെ. ബ്രസീലിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളി പ്രസിഡന്റ് ജെയർ ബോൾസോനാരോ ആണെന്നാണ് ബ്രിട്ടീഷ് മെഡിക്കൽ ജേണൽ ലാൻസെറ്റ് വിശേഷിപ്പിച്ചത്.

ബ്രസീലിൽ ഇന്ന് മരണത്തിന്റെ ഗന്ധമാണ് എവിടെയും. റിയോ ഡി ജനീറയിലെ  ചരിത്ര സ്റ്റേഡിയമായ മാറക്കാന പോലും ഇന്ന് മറ്റൊരു അങ്കത്തട്ടാണ്. കോവിഡിനെതിരെയാണ് പോരാട്ടം. പുതുക്കിപ്പണിത സ്റ്റേഡിയം ഇന്ന് 400 കിടക്കകൾ ഉള്ള ആശുപത്രിയാണ്. റിയോ ഡി ജനീറയിലെയും സാവോ പോളോയിലെയും ആശുപത്രികൾ കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞപ്പൊഴാണ് സ്റ്റേഡിയത്തിന്റെ വിശാലമായ കാർ പാർക്കിങ് ഏരിയയിൽ കോവിഡ് ചികിത്സ ആരംഭിച്ചത്. ഇവിടെ മാത്രമല്ല സാവോ പോളോ മുനിസിപ്പൽ സ്റ്റേഡിയം ഉൾപ്പെടെ രാജ്യത്തെ പ്രധാന കളിയിടങ്ങൾ എല്ലാം ആരവങ്ങളടക്കി ആശുപത്രികളുടെ നിശബ്ദതയിലേക്ക് കളിയുടെ ഗതി മാറ്റിക്കഴിഞ്ഞു. ഫുട്ബോൾ ലഹരി പടർത്തിയിരുന്ന തെരുവുകളിലും മൈതാനങ്ങളിലും എല്ലാം കോവിഡ് ചുവപ്പ് കാർഡ് ഉയർത്തിക്കൊണ്ടിരിക്കുന്നു.

ലോകത്ത് ഏറ്റവും കൂടുതൽ സാമ്പത്തിക അസമത്വം നിലനിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് ബ്രസീൽ. 13 മില്യൺ ജനങ്ങളും താമസിക്കുന്നത് ഫവേലാസ് എന്ന് വിളിപ്പേരുള്ള ചേരികളിലാണ്. ആകെ ജനസംഖ്യയുടെ 6 ശതമാനം വരുമിത്. ഇതിൽ ഭൂരിഭാഗവും സാവോ പോളോയിലും റിയോയിലുമാണ്. അതുകൊണ്ടുതന്നെ കോവിഡ് ഏറ്റവും കൂടുതൽ പടർന്നു പിടിച്ചതും ഈ നഗരങ്ങളിലാണ്. സമ്പന്നരുടെ കേന്ദ്രമായ ആഡംബര ഫ്ലാറ്റ് സമുച്ചയങ്ങൾക്ക് താഴെ അങ്ങേയറ്റം അസ്ഥിരമായ ജീവിതം, അനാരോഗ്യകരമായ സാഹചര്യം.

ഇവിടെയാണ് കോവിഡ് ആദ്യ ഗോൾ വീഴ്‌ത്തിയത്. മാർച്ച് 25 നാണ് ഇവിടെ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. സമ്പർക്ക പട്ടിക തയറാക്കൽ അസാധ്യം. പിന്നീടുള്ള ഓരോ ദിവസവും കോവിഡ് ദാക്ഷിണ്യമില്ലാതെ ബ്രസീലിന്റെ ഗോൾ വല കുലുക്കി കൊണ്ടിരുന്നു. 2014 ലോകകപ്പിൽ ജർമനിയുടെ ഗോൾ മഴയ്ക്ക് മുന്നിൽ നിരായുധരായി നീന്ന സ്വന്തം ടീമിനെ പോലെ, പ്രതിരോധിക്കാൻ മാർഗ്ഗങ്ങൾ ഒന്നും ഇല്ലാതെ ബ്രസീൽ കോവിടിനു മുന്നിൽ പകച്ച് നിന്നു. ചേരികളിൽ കോവിഡ് ആരെയൊക്കെ മാർക്ക് ചെയ്തിട്ടുണ്ടെന്നോ, അവർ ആരൊക്കെയായി സമ്പർക്കം പുലർത്തിയെന്നോ കണ്ടെത്താൻ ഒരു മാർഗ്ഗവുമില്ല.ഓരൊ ദിവസവും പ്രിയപ്പെട്ടവരിൽ ഒരാൾ മരിച്ചു വീഴുന്നത് കണ്ടു നിൽക്കേണ്ട ദുരവസ്ഥ. അവിടേക്ക് ആരോഗ്യപ്രവർത്തകർ എത്തിയില്ല. സന്നദ്ധ പ്രവർത്തകർ എത്തിക്കുന്ന ഭക്ഷണ പൊതികൾ കിട്ടും. മരണ ഭീതിയിൽ വിറങ്ങലിച്ച ആ ചേരികളിൽ നിന്നാണ് ബ്രസീലിൽ കോവിഡ് വ്യാപനത്തിന്റെ രണ്ടാം പകുതി തുടങ്ങുന്നത്. ലോകം മുഴുവൻ കീഴടക്കിയ മഹാമാരിക്ക് മുന്നിൽ ബ്രസീലിനു മുൻകരുതൽ ഇല്ലാതെ പോയത് എന്തുകൊണ്ടാണ്? അവിടെയാണ് അമ്പേ
പരാജയമായി പോയ ഒരു ഭരണകൂടത്തിന്റെ വീഴ്ചകൾ പ്രസക്തമാകുന്നത്.

അബദ്ധക്കൂമ്പാരങ്ങളുമായി ലാറ്റിനമേരിക്കയുടെ ട്രംപ്

'കോവിഡോ അതൊരു കെട്ടുകഥയാണ്... വിഭ്രാന്തിയുള്ളവരാണ് അതിനു മുൻകരുതലെടുക്കുന്നത്... ഇതൊരു ചെറിയ പനിയല്ലേ... എന്തിനാണ് ഇത്രയേറെ ഒച്ചയുണ്ടാക്കുന്നത്? എല്ലാവരും ഒരുദിവസം മരിക്കാനുള്ളതാണ്...' കോവിഡ് മഹാമാരിയുടെ തുടക്കത്തിൽ ബൊൽസൊനാരോയെന്ന പ്രതികരിച്ച വിധമാണിത്. തുടക്കംമുതൽ കോവിഡ് വിതയ്ക്കാനിരിക്കുന്ന വിപത്തിനെ ഗൗരവംകുറച്ചുകണ്ടു. രാജ്യത്ത് മരണം അയ്യായിരത്തിനടുത്തെത്തിയപ്പോൾ 'അതിനെന്താണ്' എന്നു ചോദിച്ചു. കണക്കുകളെയും ശാസ്ത്രത്തെയും വിദഗ്ധരുടെ ഉപദേശങ്ങളെയും പുച്ഛിച്ചുതള്ളി.

ഇതിനെല്ലാം പുറമേ വ്യാജവാർത്തകൾ ഒരു സങ്കോചവുമില്ലാതെ പരത്തുകയും ചെയ്തു, ആ രാഷ്ട്രത്തലവൻ. ബ്രസീലുകാർ പ്രതിരോധശക്തി നേടിയവരാണെന്നും അവരെ കോവിഡ് ബാധിക്കില്ലെന്നും വിളിച്ചുപറഞ്ഞു. സ്വന്തം ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ നിർദ്ദേശങ്ങളെയെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട് ബ്രസീലിയയിലെ തിരക്കേറിയ തെരുവുകൾ സന്ദർശിച്ചു. റെസ്റ്റോറന്റിലെത്തി ഭക്ഷണം കഴിച്ചു. മലമ്പനി മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിൻ യാതൊരു ശാസ്ത്രീയ പരിശോധനയുടെയും അടിസ്ഥാനമില്ലാതെ കോവിഡിനെ ഭേദമാക്കുമെന്ന് വാദിച്ചു.

കോവിഡെന്ന 'അപകടകാരിയല്ലാത്ത ഈ ചെറിയ പനി' നേരിടാൻ കായികക്ഷമതയുള്ള തന്റെ ശരീരം തയാറാണെന്നു മാസങ്ങൾക്കു മുൻപ് നൽകിയ സ്വന്തം പ്രസ്താവന ജെയർ ബോൾസോനാരോ ഇതുവരെ തിരുത്തിയിട്ടില്ല. രോഗം പടരാതിരിക്കാൻ സാമൂഹിക വിലക്കേർപ്പെടുത്തുന്നതിന് പകരം സമ്പദ്ഘടന തകരാതെ നോക്കുന്നതിനാണ് മുൻഗണന നൽകേണ്ടതെന്നു പരസ്യമായി പ്രഖ്യാപിച്ചു. സ്വന്തം ജനതയുടെ ജീവനേക്കാൾ പ്രധാനമാണ് രാജ്യത്തിന്റെ സമ്പദ്ഘടനയെന്ന നിലപാട് ജനങ്ങൾക്ക് മുന്നിൽ ബൊൾസൊനാരയുടെ വിശ്വാസ്യത തകർത്തു. വീട്ടിൽ അടച്ചിട്ടിരിക്കാതെ ജനം ജോലിക്കു പോകണമെന്നും ലോക്ഡൗൺ ബ്രസീൽ സമ്പദ് വ്യവസ്ഥയുടെ നടുവൊടിക്കുമെന്നും കോവിഡ് വന്നാൽ സംഭവിക്കാൻ പോകുന്ന നഷ്ടം അതുമായി താരതമ്യം ചെയ്യുമ്പോൾ നിസാരമായിരിക്കുമെന്നും ബോൾസൊനാരോ അറുത്തു മുറിച്ചു. ജനത്തെ തെറ്റിദ്ധരിപ്പിക്കുന്ന ബോൾസൊെനാരോയുടെ ഇത്തരം പ്രസംഗങ്ങൾ ട്വിറ്റർ നീക്കം ചെയ്തു. ഇതോടെയാണ് ലോകത്തിലെ ഏറ്റവും അപകടകാരിയായ നേതാവെന്ന് ഈ രാജ്യാന്തര മാധ്യമങ്ങൾ ബോൾസേനാരോയെ വിശേഷിപ്പിച്ചത്.

രാജ്യത്ത് നിർത്തിവച്ചിരിക്കുന്ന ഫുട്ബോൾ മൽസരങ്ങൾ പുനരാരംഭിക്കണമെന്നായിരുന്നു ബോൾസോനാരോയുടെ അടുത്ത സെൽഫ് ഗോൾ. ഫുട്ബോൾ താരങ്ങൾക്ക് വേണ്ട ശാരിരിക ക്ഷമതയുള്ളതിനാൽ അവരെ കോവിഡ് ബാധിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ട് പിടുത്തം. ചുരുങ്ങിയ പക്ഷം രാജ്യത്തെ പ്രമുഖ സ്റ്റേഡിയങ്ങളൊക്കെ കോവിഡ് ചികിൽസയ്ക്ക് വിട്ടുകൊടുത്തിരിക്കയാണ് എന്നെങ്കിലും അദ്ദേഹത്തിന് ചിന്തിക്കാമായിരുന്നു.

ബ്രസീലിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളി പ്രസിഡന്റ് ജെയർ ബോൾസോനാരോ ആണെന്നാണ് ബ്രിട്ടീഷ് മെഡിക്കൽ ജേണൽ ലാൻസെറ്റ് വിശേഷിപ്പിച്ചത്. രാജ്യം വലിയ വിപത്തിലേക്ക് പോകുമ്പോൾ കൂസലില്ലാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങി വിമർശകരെ വെല്ലുവിളിച്ചു. ആയിരങ്ങൾ അണിനിരന്ന റാലിയിൽ പങ്കെടുത്തു. കുട്ടികളെയുമായി ഫോട്ടോയ്ക്ക് പോസ് ചെയ്തു. പ്രസിഡന്റിനെ അനുകരിച്ച് ജനങ്ങളും കൂട്ടത്തോടെ തെരുവിലിറങ്ങി.

പ്രസിഡന്റിന്റെ വസതിയിൽ 1000 പേരെ വിളിച്ചു വരുത്തി ബാർബി ക്യൂ പാർട്ടി സംഘടിപ്പിക്കും എന്നായിരുന്നു അടുത്ത പ്രഖ്യാപനം. തൊട്ടുപിന്നാലെ പ്രസിഡന്റിന്റെ ഔദ്യോഗിക വക്താവ് ഒട്ടാവിയോ റീഗോ, ദേശീയ സുരക്ഷാ മന്ത്രി തുടങ്ങിയവരുൾപ്പെടെ 20 ഉന്നത ഉദ്യോഗസ്ഥരും രോഗ ബാധിതർ ആയി.ആരോഗ്യമന്ത്രി ലൂയിസ് ഹെന്റിക് മൻഡേറ്റയും നീതിന്യായ വകുപ്പു മന്ത്രി സെർജിയോ മോറോയും പ്രസിഡന്റിന്റെ നിലപാടുകൾക്ക് എതിരായിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയും മാധ്യമങ്ങളോട് ചടുലമായ വേഗത്തോടെ ശാസ്ത്രീയമായി കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്യുന്ന ചെറുപ്പക്കാരനായ ആരോഗ്യമന്ത്രി മൻഡേറ്റ വളരെപ്പെട്ടെന്ന് പ്രസിഡിന്റിനെക്കാൾ സ്വീകാര്യനായി മാറി. സാമൂഹ്യ അകലം പാലിക്കാൻ ജനങ്ങളെ ബോധവത്കരിക്കണമെന്നും ലോക് ഡൗണിന് നടപടി വേണമെന്നും മൻഡേറ്റ ജനങ്ങളെ ബോധവൽക്കരിച്ചു. പ്രസിഡന്റിന്റെ വാക്കുകൾ തള്ളി രാജ്യത്തെ 21 കോടിയിലധികം വരുന്ന ജനത്തിൽ ഭൂരിഭാഗവും വീട്ടിലിരുന്നു. ബോൾസോനാരോയുടെ രോഷം അണപൊട്ടി. അതോടെ ആരോഗ്യ മന്ത്രി പുറത്താവുകയാണ് ഉണ്ടായത്.

തന്നേക്കാൾ ജനപ്രീതി കൂടിയപ്പോൾ ആരോഗ്യമന്ത്രിയെ പുറത്താക്കി

രാജ്യത്തെ കോവിഡ് പ്രതിരോധത്തിനു ചുക്കാൻ പിടിച്ചതും ജനത്തെ പ്രചോദിപ്പിച്ചതും ആത്മധൈര്യം നൽകിയതുമെല്ലാം ആരോഗ്യ മന്ത്രി ലൂയിസ് ഹെന്റിക് മൻഡേറ്റയായിരുന്നു. പ്രസിഡന്റിന്റെ വാർത്താസമ്മേളനത്തേക്കാൾ ബ്രസീലുകാർ കേൾക്കാൻ ആഗ്രഹിച്ചതും മൻഡേറ്റയെ. സംസ്ഥാന ഗവർണർമാർ മൻഡേറ്റ നൽകുന്ന നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നു. 'ഞാനാണു പ്രസിഡന്റ്, എന്നെക്കാൾ വലിയവരില്ല' എന്നായിരുന്നു മൻഡേറ്റയുടെ ജനപ്രീതിയെ കുറിച്ചുള്ള ചോദ്യത്തിനു ബോൾസോനാരോയുടെ മറുപടി. സ്വന്തം സർക്കാരിലെ മന്ത്രി തന്നെക്കാൾ വലുതാകുന്നുവെന്ന ചിന്ത വലുതായപ്പോൾ കഴിഞ്ഞ ദിവസം മൻഡേറ്റയെ മന്ത്രിസഭയിൽനിന്നു ബോൾസോനാരോ പുറത്താക്കി. ചാർത്തിയ കുറ്റം ലളിതം, സാമൂഹിക അകലം പാലിക്കാൻ ജനത്തെ നിർബന്ധിക്കുന്നു. ( ഇവിടെ പിണറായി വിജയൻ ശൈലജ ടീച്ചറെ പുറത്താക്കിയാലുള്ള അവസ്ഥ നോക്കുക)

അമേരിക്കയിൽ ലോക്ഡൗൺ നടപടികൾ അവസാനിപ്പിക്കണമെന്ന പ്രചാരണങ്ങൾക്കു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെ ചുക്കാൻ പിടിച്ചപ്പോൾ അരയും തലയും മുറുക്കി സംസ്ഥാനത്തെ ഗവർണർമാർ രംഗത്തിറങ്ങിയ സമാന സാഹചര്യമാണ് ബ്രസീലിലും. ബ്രസീലിലെ 27 ൽ 24 ഗവർണർമാർ പ്രസിഡന്റിനെ അനുസരിക്കില്ലെന്നു പരസ്യനിലപാട് എടുത്തു. ഇത് വലിയ രാഷ്ട്രീയ പ്രതിസന്ധിയായി. ബ്രസീൽ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ സാവോ പോളോയിൽ ഗവർണർ ലോക് ഡൗൺ നടപടിയുമായി മുന്നോട്ട് പോയി. അവശ്യ സർവീസുകൾ ഒഴിച്ചു യാതൊന്നും സാവോ പോളോയിൽ പ്രവർത്തിച്ചില്ല. ലോക്ഡൗൺ നീട്ടുകയും ചെയ്തു. സാവോ പോളോയിലെ മരണനിരക്കിൽ തനിക്കു സംശയമുണ്ടെന്നും ഗവർണർമാർ രാഷ്ട്രീയലാഭത്തിനു വേണ്ടി തെറ്റായ കണക്കുകളാണു പുറത്തു വിടുന്നതെന്നും ജോ ഡോറിയയ്ക്കെതിരെ ബോൾസോനാരോ ആഞ്ഞടിച്ചു. റിയോ ഡി ജനീറോ ഗവർണർ വിൽസൺ വിറ്റ്സെൽ ഒരുപടി കൂടി കടന്ന് ബോൾസോനാരോയുടെ ജനദ്രോഹ നടപടികളെ ഹേഗിലെ രാജ്യാന്തര കോടതിയിൽ ചോദ്യം ചെയ്യുമെന്നു പ്രഖ്യാപിച്ചു..

സ്ഥിതി ഗുരുതരമായ റിയോ ഡി ജനീറയിൽ സാമൂഹ്യവ്യാപനം അപകടകരമായ അവസ്ഥയിലെത്തി.സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാത്തതോടെ മാഫിയ സംഘങ്ങൾക്ക് ലോക് ഡൗൺ പ്രഖ്യാപിക്കേണ്ടിവന്നു. പുറത്തിറങ്ങുന്നവർ പാഠം പഠിക്കുമെന്ന മുന്നറിയിപ്പുകളുമായി അവർ നോട്ടീസിറക്കി. റിയോ ഡി ജനീറയിലെയും മറ്റ് നാല് പ്രധാന നഗരങ്ങളിലെയും മെഡിക്കൽ ഓഫീസർമാർ അവരുടെ ആശുപത്രി സംവിധാനങ്ങൾ തകർച്ചയുടെ വക്കിലാണെന്ന മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. കൂടുതൽ രോഗികളെ പ്രവേശിക്കാൻ കഴിയാത്ത വിധം ആശുപത്രികൾ നിറഞ്ഞു.

മെൻഡേറ്റയ്ക്ക് പകരം സ്ഥാനമേറ്റ ആരോഗ്യമന്ത്രി നെൽസൺ ടീച്ചും ഒരു മാസം തികച്ചില്ല. ടീചിന്റെ രാജി രാജ്യത്ത് വലിയ ജനരോഷത്തിന് വഴിവെച്ചു.. ശാസ്ത്രലോകത്തിന്റെ അന്തിമ അംഗീകാരം ലഭിക്കാത്ത മലേറിയമരുന്ന് കൊറോണരോഗികളിൽ ഉപയോഗിക്കണമെന്ന ബൊൽസനാരോയുടെ പിടിവാശിയാണ് ടീച്ചിന്റെ രാജിയിലെത്തിച്ചത്.

ഹൃദ്രോഗ സാധ്യതയും മറ്റും കണ്ടതിനാൽ പിന്നീട് ഒഴിവാക്കാപ്പെട്ട ഹൈഡ്രോക്സി ക്ലോറോക്വിൻ ആണ് ട്രംപിനെപ്പോലെ ബ്രസീൽ പ്രസിഡന്റും അത്ഭുദമരുന്നായി കണ്ടത്. ഇതിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇയാൾ കത്തെഴുതുകയും ചെയ്തു. ലക്ഷമണന്റെ ജീവൻ രക്ഷിക്കാനായി ഹനുമാൻ ഹിമാലയത്തിൽനിന്ന് മരുന്ന് കൊണ്ടുവന്നതുപോലെ, രോഗികൾക്ക് യേശു കാഴ്ചശക്തി പുസ്ഥാപിച്ചപോലെ ഇന്ത്യയും ബ്രസീലും ഈ മഹാമാരിയെ അതിജീവിക്കും എന്നായിരുന്നു കത്തിൽ അദ്ദേഹം പറഞ്ഞത്.

പാത്രം കൊട്ടാൻ പറഞ്ഞപ്പോൾ തിരിച്ചുകൊട്ടി ജനം

കോവിഡ് പ്രതിരോധപ്രവർത്തനത്തിന് നേതൃത്വം വഹിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് പിന്തുണയേകാൻ പാത്രങ്ങൾ കൊട്ടണമെന്ന് ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിന് സമാനമായ ആഹ്വാനം ബ്രസീൽ പ്രസിഡന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായി.ആരോഗ്യപ്രവർത്തകരെ അഭിനന്ദിക്കാൻ ബാൽക്കണികളിൽ നിന്ന് കയ്യടിച്ചും പാത്രങ്ങളിൽ തട്ടിയും ശബ്ദമുണ്ടാക്കാൻ ആവശ്യപ്പെട്ട പ്രസിഡന്റിനെ ജനം അനുസരിച്ചു. പക്ഷേ മുദ്രാവാക്യത്തിനു കാര്യമായ വ്യത്യാസമുണ്ട്. 'ബോൾസോനാരോ ഔട്ട്, ഔട്ട്' എന്നായിരുന്നു ആ ശബ്ദം. തുടർച്ചയായി രാത്രികളിൽ ബ്രസീലുകാർ ബാൽക്കണികളിലും തെരുവീഥികളിലും പാത്രം കൊട്ടിയും കയ്യടിച്ചും ബോൾസോനാരോയ്ക്കെതിരെ പ്രതിഷേധിച്ചു കൊണ്ടിരിക്കുന്നു.

.ജനസാന്ദ്രതയേറിയ പ്രദേശങ്ങൾ ഏറെയുള്ള രാജ്യത്ത്, ഒരു രോഗിയെ കണ്ടെത്തിയാൽ ഒരു നിമിഷം പോലും വൈകാതെ നടപടിയെടുക്കേണ്ടതിന്റെ ആവശ്യകത ബ്രസീൽ ഭരണകൂടത്തിന് ഇതുവരെ മനസിലായിട്ടില്ല. കോവിഡിൽ തൊഴിൽ നഷ്ടപ്പെട്ടവരാണ് ജനസംഖ്യയിൽ പകുതിയും. പട്ടിണിയും ദാരിദ്രവും മുൻനിരയിൽ കളിക്കുമ്പോൾ ഒരുമനസോടെ ഒപ്പം നിൽക്കേണ്ട സർക്കാർ കയ്യൊഴിഞ്ഞതോടെ ആത്മവീര്യം നഷ്ടപ്പെട്ട ഒരു ടീമായി ബ്രസീൽ മാറിക്കഴിഞ്ഞു.

ദിവസം മരിക്കുന്നവരുടെ കണക്ക് ആയിരവും കടന്ന് ഉയരുമ്പോഴും ഇതൊരു മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് ബ്രസീലിലെ ആരോഗ്യപ്രവർത്തകർ പറയുന്നു. കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷമെന്നാണ് ഔദ്യോഗിക കണക്കെങ്കിലും ഇത് പത്തുലക്ഷം കടന്നിരിക്കാനാണ് സാധ്യതയെന്ന് പല പഠനങ്ങളും പറയുന്നു. ദിവസം തോറുമുള്ള പരിശോധനകളുടെ എണ്ണം വളരെ കുറവായതിനാൽ സർക്കാരിന്റെ കണക്ക് യാഥാർഥ്യത്തിന്റെ പകുതി പോലുമില്ലെന്നാണ് വാദം. ഐസലേഷന് പറ്റിയ സംവിധാനങ്ങളില്ല. ആവശ്യത്തിന് ആരോഗ്യപ്രവർത്തകരില്ല. അവർക്ക് ആവശ്യമായ സുരക്ഷാക്രമീകരണങ്ങളില്ല. കോവിഡ്് രോഗി മരിച്ചോയെന്നുള്ള സ്ഥിരീകരണം ബന്ധുക്കൾക്ക് കിട്ടാൻ രണ്ടാഴ്ചയെടുക്കും.ആശുപത്രികളെല്ലാം നിറഞ്ഞുകവിഞ്ഞതോടെ പുതിയ രോഗികൾക്ക് പ്രവേശനം നൽകുന്നില്ല.

മതിയായ ശമ്പളം പോലും കിട്ടാത്തതിനാൽ ആരോഗ്യപ്രവർത്തകരിൽ ഒരുവിഭാഗം നിസ്സഹകരണത്തിലാണ്. മരണസംഖ്യ സംബന്ധിച്ച് പുറത്തുവരുന്ന കണക്കുകൾ യാഥാർഥ്യത്തിലും വളരെ താഴെയാണെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. പട്ടിണിയിലായിപ്പോയ ജനങ്ങൾക്കായി ക്രിയാത്മകമായ ഒരു സാമ്പത്തിക പാക്കേജ് പോലും പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. ഫെബ്രുവരിയിലാണ് ലാറ്റിനമേരിക്കയിലെ ആദ്യ കോവിഡ് കേസ് ബ്രസീലിൽ റിപ്പോർട്ട് ചെയ്യുന്നത്.ലോകം മുഴുവൻ വൈറസിനെ നേരിടാൻ സർവസന്നാഹനങ്ങളും പുറത്തെടുത്തപ്പോൾ അന്ന് തൊട്ടിന്നുവരെ ബ്രസീൽ ഭരണകൂടം എന്ത് ചെയ്തു എന്നതാണ് ചോദ്യം. ആശുപത്രികളിൽ ഐസിയുകളും വെന്റിലേറ്ററുകളുമില്ലാത്ത അവസ്ഥ. ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ കുഴിമാടമൊരുങ്ങുന്നുണ്ട് സാവോപോളോയിൽ. മരണസംഖ്യ കുത്തനെ ഉയർന്നതോടെ ശ്മശാനങ്ങൾ നിറഞ്ഞു കവിഞ്ഞു. ഇത് പൂർണമായും നിറയാൻ ഇനി ദിവസങ്ങൾ മാത്രം മതി, ആമസോൺ മഴക്കാടുകൾക്ക് സമീപമുള്ള സെമിത്തേരിയിൽ ശവപ്പെട്ടികൾ കൂട്ടമായി കുഴിച്ചു മൂടുന്ന ചിത്രങ്ങൾ വാർത്താ ഏജൻസികൾ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ആമസോൺ വനത്തിലും കുഴിമാടങ്ങൾ ഉയരുകയാണ്.

തികഞ്ഞ സ്ത്രീ വിരുദ്ധനും ഫാസിസ്റ്റും

ഇത്തവണ റിപബ്ലിക് ദിന ആഘോഷങ്ങളിൽ ഇന്ത്യയുടെ മുഖ്യ അതിഥിയായിരുന്നു ബോൾസൊനാരോ ഇത്തവണത്തെ വിശിഷ്ടാതിഥിക്കെതിരെ കടുത്ത വിമർശനമാണ് വിവിധ കോണുകളിൽ നിന്നും ഉയർന്നിരുന്നത്.ബ്രസീലിൽ വെച്ച് നടന്ന ബ്രിക്സ് ഉച്ചകോടിയിൽ വച്ചായിരുന്നു മോദി ബോൾസൊനാരോയെ റിപബ്ലിക് ദിന പരിപാടിക്കായി ക്ഷണിച്ചത്. എന്നാൽ സ്ത്രീ വിരുദ്ധനായ , ഫാസിസ്റ്റ് നിലപാടുകൾ കൊണ്ട് കുപ്രസിദ്ധനായ , ആമസോണിന്റെ കശാപ്പുകാരൻ എന്നറിയപ്പെടുന്ന ബോൾസൊനാരോയെ റിപബ്ലിക് ദിന പരിപാടിയിൽ പങ്കെടുപ്പിക്കുന്നതിനെതിരെ സാമൂഹിക, സാംസ്‌കാരിക , രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ കടുത്ത പ്രതിഷേധമാണ് ഉയർത്തുന്നത്.

സ്ത്രീ വിരുദ്ധത നിറഞ്ഞ, വംശീയവിദ്വേഷമുണർത്തുന്ന, വിവേചനപരമായ, ലൈംഗിക ന്യൂനപക്ഷങ്ങളെ അവമതിക്കുന്ന നിരവധി പ്രസ്താവനകൾ നടത്തിയ നേതാവാണ് ബൊൾസൊനാരോ. 2014 ൽ ബ്രസീൽ പാർലമെന്റിൽ ബോൾസൊനാരോ നടത്തിയ ലൈംഗിക പരാമർശം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ബ്രസീലിന്റെ പ്രതിപക്ഷ പാർട്ടി അംഗമായ മരിയ ഡോ റൊസാരിയോയോട് ഞാൻ നിങ്ങളെ ബലാത്സംഗം ചെയ്യില്ല, കാരണം നിങ്ങൾ അതിനുള്ള യോഗ്യതയില്ലെന്നായിരുന്നു ബോൾസൊനാരോ പറഞ്ഞത്. വിമർശനം കടുത്തെങ്കിലും മാപ്പ് പറയാൻ ബൊൾസനാരോ തയ്യാറായില്ലെന്ന് മാത്രമല്ല, ഭംഗിയില്ലാത്തതിനാലാണ് മരിയയെ താൻ ബലാത്സംഗം ചെയ്യാത്തെതെന്ന് ആവർത്തിക്കുകയും ചെയ്തു.

സ്വന്തം മകളെ കുറിച്ച് പൊതുവേദിയിൽ സംസാരിച്ചപ്പോഴും ബൊൾസൊനാരോ സ്ത്രീ വിരുദ്ധ നിലപാട് ആവർത്തിച്ചു. തനിക്ക് അഞ്ച് മക്കളുണ്ട്. നാല് ആൺകുട്ടികൾ, പിന്നെ ബലഹീനതയുടെ ഒരു നിമിഷത്തിൽ അഞ്ചാമത്തെ കുട്ടി പിറന്നു. അതൊരു പെൺകുട്ടിയായിരുന്നുവെന്നായിരുന്നു ബൊൾസനാരോ പറഞ്ഞത്. പെൺകുട്ടികൾ കുടുംബത്തിന് ക്ഷീണമാണെന്നും ബോൾസൊരാനോ പറഞ്ഞിട്ടുണ്ട്.

ഇത് മാത്രമല്ല തന്റെ നാല് മക്കൾ സ്വവർഗരതിക്കാർ ആകുന്നതിലും ഭേദം വണ്ടിയിടിച്ച് മരിക്കുന്നതാണെന്നായിരുന്നു ഒരിക്കൽ നടത്തിയ പരാമർശം. പരസ്പരം രണ്ട് പുരുഷന്മാർ പൊതുനിരത്തിൽ ചുംബിക്കുന്നത് കണ്ടാൽ താൻ അവരെ തല്ലിയോടിക്കുമെന്നും ബോൾസൊനാരോ പറഞ്ഞിട്ടുണ്ട്.തീവ്രവലതുപക്ഷ നേതാവായ ബോൾസൊനാരോ 2018 ഡിസംബറിലാണ് ബ്രസീലിന്റെ 38ാ-മത്തെ പ്രസിഡന്റായി ബോൾസൊനാരോ സ്ഥാനമേൽക്കുന്നത്.

ആമസോണിന്റെ അന്തകൻ

സുപ്രസിദ്ധ ചാനലായ നാഷണൽ ജിയോഗ്രാഫിക്ക് ആമസോണിന്റെ അന്തകൻ എന്നാണ് ബോൾസൊനാരോയെ വിമർശിച്ചത്. വൻകിട അഗ്രി കമ്പനികൾക്ക് വേണ്ടി
ആമസോണിലെ കൈയേറ്റം പ്രോൽസാഹിപ്പിക്കുന്നത് പ്രസിഡന്റ് തന്നെയാണത്രേ. ലോകത്തെ അത്യപൂർവ ആവാസ വ്യവസ്ഥ ഇല്ലാതാവുമ്പോളും ഇയാൾ വികസനം വരുമെന്നൊക്കെയാണ് പറയുന്നത്.

. ആമസോണ് കത്തിയെരിയുമ്പോൾ നിഷ്‌ക്രിയമായിരുന്നബ്രസീൽ ഭരണകൂടത്തിനെതിരെ ഇങ്ങ് കേരളത്തിൽ വരെ പ്രതിഷേധമുയർന്നിരുന്നു. ലോകത്തിന്റെ പല ഭാഗത്തും നടന്ന അത്തരം ചെറുതും വലുതുമായ സമരങ്ങളാണ് ആമസോണിൽ ഒരു പരിധിവിട്ട് കടന്നുകയറുന്നതിൽ നിന്ന് ബ്രസീൽ ഭരണകൂടത്തെ പിന്തിരിപ്പിച്ചത്. എന്നാൽ കോവിഡിന്റെ മറവിൽ ഇന്ന് അതിവേഗം വെളുക്കുകയാണ് ആമസോൺ.

ആമസോൺ സംരക്ഷണത്തിനായി അഹോരാത്രം പ്രവർത്തിക്കുന്ന പരിസ്ഥിതി പ്രവർത്തകൻ സെസികോ കൊല്ലപ്പെടുന്നത് ഏപ്രിൽ രണ്ടിനാണ്. കഴിഞ്ഞ ആറുമാസത്തിനിടെ ആമസോണിൽ കൊല്ലപ്പെടുന്ന അഞ്ചാമത്തെ പരിസ്ഥിതി പ്രവർത്തകൻ. ആമസോണിലെ പ്രത്യേക ട്രെബൽ വിഭാഗങ്ങളിൽപെട്ട ഇവരെല്ലാം ആമസോൺ സംരക്ഷണത്തിന് കയ്യും മെയ്യും മറന്ന് നിന്നവരാണ്. ആമസോണിലെ ട്രൈബൽ മേഖലയിൽ കോവിഡ് തീപോലെ പടരുകയാണ്.വനം കാക്കാൻ ആളില്ല. ആ പുകമറയിലാണിപ്പോൾ വനം കൊള്ള വീണ്ടും സജീവമായത്. മരങ്ങൾ മുറിച്ച് കടത്തലും വെട്ടിത്തെളിച്ചും തീയിട്ടും കൃഷിയിറക്കലും സജീവം. എല്ലാത്തിനും ഒത്താശ നൽകുന്നത് ഭരണകൂടവും. കൊളംബിയക്കും പെറുവിനും ബ്രസീലിനും ഇടയിലുള്ള ആമസോൺ മേഖലയിലിൽ സംരക്ഷിത ട്രൈബൽ മേഖലയിൽ പോലും കോവിഡ് വ്യാപകമാകുന്നുവെന്ന് പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസേഷൻ മുന്നറിയിപ്പ് നൽകി. 305 ട്രൈബൽ വിഭാഗങ്ങൾ ഇവിടുണ്ട്.ഇതിൽ 40 വിഭാഗങ്ങളിലും കോവിഡ് സാന്നിധ്യമറിയിച്ചു കഴിഞ്ഞു.ഒറ്റപ്പെട്ട് കഴിയുന്ന ഈ പ്രദേശത്തൊന്നും കാര്യക്ഷമമായ പരിശോധന പോലും നടക്കുന്നില്ല.പല ട്രെബൽ വിഭാഗങ്ങളിലും ആരോഗ്യസ്ഥിതി തൃപ്തികരമാണെങ്കിലും പുറത്തുനിന്നുള്ള വൈറസ് ബാധയെ അതിജീവിക്കാനുള്ള ശേഷിയില്ലെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. സ്വന്തം കമ്യൂണിറ്റിയെ സംരക്ഷിക്കാൻ പല ട്രൈബുകളും കർശനമായ സ്വയം സംരക്ഷണ നടപടികൾ നടപ്പാക്കുന്നു. ആമസോൺ വനസംബന്ധിയായ നിയമനിർമ്മാണങ്ങളും നയരൂപീകരണങ്ങളും ബോൾസൊനാരോ കൃഷിമന്ത്രാലയത്തിനു വിട്ടു.അഗ്രിബിസിനസ്സ് ലോബിക്ക് വലിയ സ്വാധീനമുള്ള മന്ത്രാലയമാണ് കൃഷിമന്ത്രാലയം. പുതിയ ഗോത്രവർഗ റിസർവ്വുകൾ സൃഷ്ടിക്കാനുള്ള അധികാരവും പുതിയൊരു മന്ത്രാലയത്തിന് കൈമാറി.

ഈ നീക്കത്തിനെതിരെ ഗോത്രവർഗ നേതാക്കൾ രംഗത്തു വന്നിട്ടുണ്ട്. പുതിയ റിസർവ്വുകൾ സൃഷ്ടിക്കുന്നത് അഗ്രിബിസിനസ്സ് ലോബിക്കു വേണ്ടിയാണെന്ന് ഇവർ ആരോപിക്കുന്നു. നിലവിൽ ഇത്തരം കേന്ദ്രങ്ങളിൽ ചെറിയ തോതിലുള്ള കൃഷികളാണ് നടക്കുന്നത്. എന്നാൽ, പുതിയ റിസർവ്വുകൾ വരുന്നതോടെ കാർഷികഭീമന്മാർക്ക് കാട്ടിൽ സ്വതന്ത്രമായി ഇടപെടാനുള്ള വഴിയൊരുങ്ങും. ആദിവാസികൾക്കെതിരായ ആക്രമണങ്ങൾ വർധിക്കുകയാകും ഫലമെന്നും നേതാക്കൾ പറയുന്നു. വനനശീകരണം കൂടുതൽ ശക്തമാകുകയും ചെയ്യും.

ആമസോൺ വ്യവസായത്തിനായി പരുവപ്പെടുത്തണമെന്നും ആദിവാസി സമൂഹത്തെ പരീഷ്‌കൃതരാക്കണമെന്നും നിരന്തരം വാദിക്കുന്ന പ്രസിഡന്റ് തന്നെയാണ് യഥാർഥത്തിൽ ഇവിടെ കോവിഡിനേക്കാൾ വലിയ വില്ലൻ.

തീവ്ര വലതനെതിരെ ഇടതും വലതും ഒന്നിക്കുമ്പോൾ

ബോൾസൊനാരോയെകൊണ്ട് സഹികെട്ടപ്പോൾ ബ്രസീലിൽ ഇപ്പോൾ ഇടത് വലത് പാർട്ടികൾ ഒന്നിച്ചിരിക്കയാണ്. നമ്മുടെ നാട്ടിൽ കോൺഗ്രസും സിപിഎമ്മും ഒന്നിച്ചതുപോലുള്ള
അവസ്ഥ.ബ്രസീലിയൻ ജനാധിപത്യത്തെയും മനുഷ്യജീവനുകളെയും സംരക്ഷിക്കുന്നതിനായി ഒരു ഐക്യമുന്നണി രൂപീകരിച്ചുകൊണ്ട് ബ്രസീലിലെ പ്രമുഖ രാഷ്ട്രീയക്കാർ ചേർന്ന് പ്രകടന പത്രിക പ്രസിദ്ധീകരിച്ചു. പ്രസിഡന്റ് ജെയർ ബോൾസോനാരോയുടെ സ്വേച്ഛാധിപത്യ പ്രകോപനങ്ങൾക്കും, ദുരന്തമായ കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കും ഇടയിലാണ് പ്രധാന രാഷ്ട്രീയ നീക്കങ്ങൾ നടക്കുന്നത്. 'മോവിമെന്റോ എസ്റ്റാമോസ് ജുന്റോസ്' (We're In This Together Movement) എന്ന പേരിൽ പുതിയ ഐക്യമുന്നണി രൂപീകരിക്കപ്പെട്ടിരിക്കുന്നത്.

ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ ബ്രസീൽ മഹാമാരിയുടേയും ഏറ്റവും വലിയ കേന്ദ്രമായി മാറി. ഓരോ ദിവസവും ആയിരത്തോളം പേരാണ് കോവിഡ് ബാധിച്ച് മരണപ്പെടുന്നത്. 'ജനാധിപത്യം വേണോ ക്രൂരത വേണോ' എന്നതാണ് പ്രധാന ചോദ്യമെന്ന് ഇടതുപക്ഷ കോൺഗ്രസുകാരനായ മാർസെലോ ഫ്രീക്സോ ട്വീറ്റ് ചെയ്തു. ബോൾസോനാരോയുടെ ദശലക്ഷക്കണക്കിന് എതിരാളികൾക്ക് ഒന്നിക്കാൻ കഴിയുന്നില്ലെങ്കിൽ ബ്രസീലിന്റെ ജനാധിപത്യം അപകടത്തിലാകുമെന്നാണ് മറ്റൊരു പ്രമുഖ ഇടതുപക്ഷക്കാരനായ ഫ്ലാവിയോ ഡിനോ പറഞ്ഞത്.

1980 കളിൽ രണ്ട് പതിറ്റാണ്ട് സൈനിക ഭരണം അവസാനിപ്പിച്ച ചരിത്രപരമായ ജനാധിപത്യ അനുകൂല പ്രചാരണമായ 'ദിറെറ്റാസ് ജെയിൽ' എന്ന സമരമാണ് പുതിയ പ്രസ്ഥാനത്തിന് പ്രചോദനമായതെന്ന് ഡിനോ പറയുന്നു. 'ബോൾസോനാരോ ചിലപ്പോൾ വെറുമൊരു കാരിക്കേച്ചറാണ്, ഒരു പരിഹാസ്യ കഥാപാത്രം. പക്ഷേ അയാൾ അപകടകാരിയാണ്. അയാളും അയാളുടെ തീവ്ര വലതുപക്ഷ അനുയായികളും അപകടകാരികളാണ്' എന്നും ഡിനോ കൂട്ടിച്ചേർത്തു.

കൊറോണ വൈറസിനോടുള്ള ബോൾസോനാരോയുടെ പ്രതികരണം മൂലമുണ്ടായ മരണത്തിൽ പ്രതിഷേധിച്ചുകൊണ്ടാണ് താൻ പുതിയ പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നതെന്ന് വലതുപക്ഷക്കാരനായ പാട്ടുകാരൻ ലോബാവോ പറഞ്ഞു. ഈ പരിഹാസവും പൊതുജനാരോഗ്യത്തോടുള്ള ഈ അശ്രദ്ധയും തുടരാൻ ഇനിയും അനുവദിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പക്ഷേ അൽപ്പം അരവട്ടുണ്ടെന്ന്  തോന്നിപ്പിക്കുന്ന രീതിയിൽ പെരുമാറുന്നു ബോൾസോനാരോക്ക് അതൊന്നും പ്രശ്നമല്ല.

സാവോപോളോയുടെ ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച ബാൾസോനാരോ എന്നും മതത്തെയും രാഷ്ട്രീയത്തെയും കൂട്ടിക്കെട്ടിയാണ് വിജയ ഫോർമുലയുണ്ടാക്കിയത്. സൈന്യത്തിൽനിന്ന് വിരമിച്ചശേഷം അഴിമതി ചോദ്യം ചെയ്ത് നടത്തിയ ഒരു പ്രസ്താവനയിലുടെ ജയിലായാണ് രാഷ്ട്രീയ തുടക്കം. കൃസ്റ്റിയൻ ഡെമോക്രാറ്റിക്ക് പാർട്ടിയിൽ ചേർന്നുകൊണ്ട് കൃത്യമായി മതത്തെ എടുത്തുകൊണ്ടാണ് അദ്ദേഹം വളർന്നത്. പിന്നീട് പലതവണ പാർട്ടി മാറി. അപ്പോഴൊക്കെ മതവും മുതലാളിത്തവും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. സോഷ്യൽ ക്രിസ്ത്യൻ പാർട്ടി, സോഷ്യൽ ലിബറൽ പാർട്ടി എന്നിങ്ങനെ പാർട്ടി മാറി. കഴിഞ്ഞ ഇലക്ഷൻ കാലത്തും മതവും മുതലാളിത്തവും തന്നെയായിരുന്നു വർക്കേഴ്സ പാർട്ടിയെ പിന്തള്ളി അധികാരത്തിൽ കയറാൻ അദ്ദേഹത്തെ സഹായിച്ചത്. വ്യക്തി ജീവിതത്തിൽ ആകട്ടെ തികഞ്ഞ മദ്യപാനിയും സ്ത്രീലമ്പടനുമാണ് ഇദ്ദേഹമെന്നും ആരോപണമുണ്ട്.പക്ഷേ ഇത്രയൊക്കെ ആയിട്ടും ബോൾസോനാരോ കുലുങ്ങിയിട്ടില്ല. തള്ളിനും വീമ്പ് പറച്ചിലിനും യാതൊരു കുറവുമില്ല. പക്ഷേ ഇത് അമിതമായ ആത്മവിശ്വാസംമാത്രമാണെന്നാണ് ബ്രസീലയൻ മാധ്യമങ്ങൾ വിലയിരുത്തുന്നത്. ബോൾസോനാരോയെ ബ്രസീൽ അത്രയേറെ വെറുത്തു കഴിഞ്ഞുവെന്നും പതനം ആസന്നമാണെന്നുമാണ് ഇവർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP