Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

മതനിന്ദക്ക് വധശിക്ഷക്ക് വിധിക്കപ്പെടുകയും പിന്നീട് മോചിതയായി നാട് വിടേണ്ടിവന്ന ആസിയാ ബീബിയുടെ കഥ പാക്കിസ്ഥാനിൽ ആവർത്തിക്കുന്നു; മതനിന്ദാക്കുറ്റം ചാർത്തിയ ക്രിസ്ത്യൻ ദമ്പതിമാരുടെ അന്തിമ വിചാരണ ഇന്ന്; ചെറിയ ചെറിയ കലഹങ്ങൾ വരെ മതനിന്ദയിലെത്തിക്കുന്ന മത ഭ്രാന്തിന്റെ മൂർദ്ധന്യാവസ്ഥയിൽ പാക്കിസ്ഥാൻ; അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ ഇടപെടലോടെ അക്രമങ്ങൾക്ക് കൂടുതലായി ഇരകളാകുന്നത് പാക്കിസ്ഥാനിലെ ക്രിസ്ത്യാനികൾ

മതനിന്ദക്ക് വധശിക്ഷക്ക് വിധിക്കപ്പെടുകയും പിന്നീട് മോചിതയായി നാട് വിടേണ്ടിവന്ന ആസിയാ ബീബിയുടെ കഥ പാക്കിസ്ഥാനിൽ ആവർത്തിക്കുന്നു; മതനിന്ദാക്കുറ്റം ചാർത്തിയ ക്രിസ്ത്യൻ ദമ്പതിമാരുടെ അന്തിമ വിചാരണ ഇന്ന്; ചെറിയ ചെറിയ കലഹങ്ങൾ വരെ മതനിന്ദയിലെത്തിക്കുന്ന മത ഭ്രാന്തിന്റെ മൂർദ്ധന്യാവസ്ഥയിൽ പാക്കിസ്ഥാൻ; അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ ഇടപെടലോടെ അക്രമങ്ങൾക്ക് കൂടുതലായി ഇരകളാകുന്നത് പാക്കിസ്ഥാനിലെ ക്രിസ്ത്യാനികൾ

മറുനാടൻ ഡെസ്‌ക്‌

വിവിധ രാജ്യങ്ങളിൽ മതനിന്ദ ഒരു കുറ്റമായി കരുതുന്നുണ്ട്. ചിലയിടങ്ങളിൽ ഒരു പ്രത്യേക വിശ്വാസം നിഷേധിക്കുന്നതുപോലും കുറ്റമാണ്. യു എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലിജിയസ് ഫ്രീഡം 2017 ൽ പുറത്തിറക്കിയ ഒരു അറിയിപ്പ് പ്രകാരം ലോകത്ത് 71 രാഷ്ട്രങ്ങളിലാണ് മതനിന്ദ ഒരു കുറ്റമായി പരിഗണിക്കുന്നത്. എന്നാൽ യു എസ് ലൈബ്രറി ഓഫ് കോൺഗ്രസ്സിന്റെ റിപ്പോർട്ട് പ്രകാരം 77 രാഷ്ട്രങ്ങളിൽ മതനിന്ദ കുറ്റമാണ്. എന്നാൽ ഇവയിൽ പലരാജ്യങ്ങളിലും ഈ നിയമം ഉപയോഗിക്കാറില്ലെന്നതാണ് വാസ്തവം. ഇസ്ലാമിക രാഷ്ട്രങ്ങളിലാണ് ഈ നിയമം ശക്തമായി നിലകൊള്ളുന്നതും ഇപ്പോഴും സജീവമായി ഉപയോഗിക്കപ്പെടുന്നതും.

മതനിന്ദ കുറ്റകരമാണെന്ന നിയമം ഒരിക്കലും മോശമായ ഒന്നല്ല, പക്ഷെ അതിന്റെ ഉപയോഗമാണ് അതിന്റെ നന്മതിന്മകൾ നിശ്ചയിക്കുക. ഉദാഹരണത്തിന് പല യൂറോപ്യൻ രാഷ്ട്രങ്ങളിലും ഈ നിയമം ഉപയോഗിക്കുന്നത് ന്യുനപക്ഷങ്ങളുടെ വിശ്വാസ സംരക്ഷണാർത്ഥമാണ്. ഒരു ന്യുനപക്ഷ മതത്തിന്റെ വിശുദ്ധ ഗ്രന്ഥം കത്തിക്കുകയും അതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത വ്യക്തിയെ 2017-ൽ ഡെന്മാർക്കിൽ ശിക്ഷിച്ചിരുന്നു. അതുപോലെ ഫിൻലാൻഡ്, ജർമ്മനി, അയർലാൻഡ് തുടങ്ങിയ രാഷ്ട്രങ്ങളിലും ന്യുനപക്ഷ വിശ്വാസ സംരക്ഷണാർത്ഥം ഈ നിയമം പലപ്പോഴായി നടപ്പിലാക്കിയിട്ടുണ്ട്. മറ്റു ചില രാഷ്ട്രങ്ങൾ ഇത്തരത്തിലുള്ള നിയമം ഉണ്ടായിരുന്നത് എടുത്തുമാറ്റിയിട്ടുണ്ട്.

ഒരു സമൂഹത്തിൽ ഒരു പ്രത്യേക വിശ്വാസക്കാർ മഹാഭൂരിപക്ഷമാകുമ്പോൾ, ന്യുനപക്ഷത്തിൽ പെട്ട വിശ്വാസികൾക്ക്, അവരുടെ വിശ്വാസത്തിൽ തുടരാൻ പല പ്രതിബന്ധങ്ങളും നേരിടേണ്ടിവരാൻ സാദ്ധ്യതയുണ്ട്. അത്തരം സാഹചര്യങ്ങളിൽ ന്യുനപക്ഷ വിഭാഗത്തിൽ പെട്ടവരുടെ, അതാത് വിശ്വാസങ്ങളിൽ തുടരുവാനുള്ള സാഹചര്യം ഒരുക്കുവാൻ ഒരു ജനാധിപത്യ ഭരണക്രമത്തിന് ബാദ്ധ്യതയുണ്ട്. അതിനായാണ് യൂറോപ്യൻ രാഷ്ട്രങ്ങൾ ഉൾപ്പടെ, ഈ നിയമം നിലനിൽക്കുന്ന പല രാഷ്ട്രങ്ങളിലും ഇത് ഉപയോഗിക്കുന്നത്. എന്നാൽ, പാക്കിസ്ഥാൻ ഉൾപ്പടെ പല രാഷ്ട്രങ്ങളിലും നേരെ വിപരീതമാണ് അവസ്ഥ. ഭൂരിപക്ഷത്തിന്റെ വിശ്വാസമനുസരിച്ചാണ് ഇവിടങ്ങളിൽ മതനിന്ദ കറ്റകരമാക്കുന്ന നിയമം പ്രവർത്തിക്കുന്നത്.

പാക്കിസ്ഥാനിൽ മതനിന്ദ കുറ്റാരോപണം നേരിടുന്ന ക്രിസ്ത്യൻ ദമ്പതിമാർ

മതനിന്ദാ കുറ്റാരോപണം നേരിടുന്ന ഷാഗുഫ്താ കൗസർ അവരുടെ ഭർത്താവ് ഷഫ്ഖത്ത് ഇമ്മാനുവൽ എന്നിവരുടെ കേസിന്റെ അന്തിമ വിചാരണ ഇന്ന് ലാഹോർ ഹൈക്കോടതിയിൽ നടക്കാനിരിക്കുകയാണ്. ഈ ദമ്പതിമാർക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നാണ് ഇവരുടെ വക്കീൽ പറയുന്നത്. എന്നിരുന്നാലും, പ്രതികളെന്ന് സംശയിക്കപ്പെടുന്നവർക്ക് അനുകൂലമായി വിധിയുണ്ടായാൽ ജഡ്ജിമാർ തീവ്രവാദികളുടെ കോപത്തിന് ഇരയാകുമെന്ന ഭയം അവർക്കുള്ളതിനാൽ വിധി എന്താകുമെന്ന് പറയുവാനുമാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

2014 ൽ പ്രവാചകനെ അപമാനിച്ചുകൊണ്ടുള്ള ഒരു സന്ദേശം സ്ഥലത്തെ ഒരു ഇമാമിന്റെ ഫോണിലേക്ക് അയച്ചു എന്നതാണ് ഇവരുടെ പേരിൽ ആരോപിക്കപ്പെടുന്ന കുറ്റം. സന്ദേശം അയച്ച ഫോൺ ഷഗുഫ്ത കൗസറിന്റെ പേരിലാണ് എന്നതാണ് ഇവർക്കെതിരെ ആരോപണമുയരാൻ കാരണം. പാക്കിസ്ഥാനിൽ മതനിന്ദ വധശിക്ഷ ലഭിക്കുവാനുള്ള കുറ്റമാണെങ്കിലും ഔദ്യോഗികമായി ഇതുവരെ ആരും വധിക്കപ്പെട്ടിട്ടില്ല. എന്നാൽ ഇതിന്റെ പേരിൽ ആൾക്കൂട്ട ആക്രമണങ്ങൾക്ക് വിധേയരായി ഒരു ഡസനിലധികം പേർ കൊല്ലപ്പെട്ടിട്ടുമുണ്ട്.

ഒരു ക്രിസ്ത്യൻ മെഷിനറി സ്‌കൂളിൽ ആയയായി ജോലിചെയ്യുന്ന ഷഗുഫതക്കോ അവരുടെ ഭർത്താവിനോ ഇതുപോലൊരു സന്ദേശം അയക്കാൻ മാത്രം വിദ്യാഭ്യാസമില്ലെന്നാണ് അവരുടെ സഹോദരൻ പറയുന്നത്. മാത്രമല്ല ഭർത്താവ് ഭാഗികമായി തളർന്ന ഒരു വ്യക്തികൂടിയാണ്. ക്രൂരമായി മർദിച്ചിട്ടാണ് പൊലീസ് തങ്ങളെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചതെന്ന് അവർ പറഞ്ഞതായി സഹോദരൻ വ്യക്തമാക്കുന്നു. മർദ്ദനത്തിൽ ഷഫ്ഖത്തിന്റെ ഒരു കാൽ ഒടിയുകയും ചെയ്തിട്ടുണ്ട്. അയൽക്കാരുമായി ഉണ്ടായ ഒരു ചെറിയ വാക്കുതർക്കത്തിന് പ്രതികാരമായി ആരോ ഇവരെ കുടുക്കിയതാണ് എന്നാണ് ഇവരുടെ വക്കീൽ പറയുന്നത്.

അന്താരാഷ്ട്രതലത്തിൽ തന്നെ ഏറെ ശ്രദ്ധേയമായ ആസിയാ ബീബി കേസിൽ ആസിയക്ക് വേണ്ടി ഹാജരായ സൈഫ് ഉൾ മലൂക്ക് തന്നെയാണ് ഈ കേസിൽ പ്രതിഭാഗത്തിന് വേണ്ടി ഹാജരാകുന്നത്. ഇവരുടെ കേസ് ആസിയയുടെ കേസിനേക്കാൾ ദുർബലമാണെന്നാണ് അദ്ദേഹം പറയുന്നത്. ഇക്കാര്യത്തിലും അന്താരാഷ്ട്ര ഇടപെടലുകൾ ഉണ്ടാകുമെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.വ്യക്തിവിദ്വേഷം തീർക്കാൻ മതനിന്ദാ നിയമം

ഇതാദ്യമായല്ല, വ്യക്തി വൈര്യാഗ്യങ്ങൾ മതനിന്ദാ കുറ്റത്തിൽ എത്തിനിൽക്കുന്നത്. കുറ്റാരോപിതൻ താൻ നിഷ്‌കളങ്കനാണെന്ന് തെളിയിക്കണം എന്നതാണ് ഈ കരിനിയമത്തിന്റെ വ്യവസ്ഥ. അതുകൊണ്ട് തന്നെ കുറ്റം ആരോപിക്കുന്നവർക്ക് അത് തെളിയിക്കുവാനുള്ള ബാദ്ധ്യതയില്ല. ഈ സൗകര്യമാണ് ഭൂരിപക്ഷ വിഭാഗത്തിൽ പെടുന്നവർ ന്യുനപക്ഷങ്ങൾക്കെതിരെ ഉപയോഗിക്കുന്നത്.

ആസിയാ ബീബിക്ക് നേരിടേണ്ടിവന്ന കഷ്ടതകൾക്ക് തുടക്കവും ഒരു വാക്കുതർക്കമായിരുന്നു. കാർഷിക തൊഴിലാളിയായ ആസിയയോട് അടുത്തുള്ള കിണറിൽ നിന്നും കുടിവെള്ളം കൊണ്ടുവരാൻ സഹപ്രവർത്തകർ ആവശ്യപ്പെടുന്നിടത്തുനിന്നായിരുന്നു ആസിയ ബീബിയുടെ കഷ്ടകാലം തുടങ്ങുന്നത്. പാക്കിസ്ഥാനിലെ നഗരങ്ങളിൽ, ആധുനിക വിദ്യാഭ്യാസം ചില മാറ്റങ്ങൾ മനുഷ്യരുടെ ചിന്താഗതിയിൽ വരുത്തിയിട്ടുണ്ടെങ്കിലും ഉൾനാടൻ ഗ്രാമങ്ങളിലെ ഭൂരിപക്ഷത്തിന്റെയും ചിന്താഗതി ഇപ്പോഴും നൂറ്റാണ്ടുകൾ പുറകിലാണ്. ഇസ്ലാം ഒഴിച്ചുള്ള മതവിശ്വാസികളേയെല്ലാം അവർ കാണുന്ന അശുദ്ധരായിട്ടാണ്.

അതുകൊണ്ടാണ് വെള്ളം എടുത്തുവരുമ്പോൾ ആ പാത്രത്തിൽ നിന്നും ഒരല്പം വെള്ളം അഹമ്മദീയ വിഭാഗത്തിൽ പെടുന്ന (പാക്കിസ്ഥാനിൽ അഹമ്മദീയ വിഭാഗത്തെ മുസ്ലീങ്ങളായി കണക്കാക്കുന്നില്ല) ആസിയാ ബീബി കുടിച്ചത് മറ്റുള്ളവർക്ക് ഇഷ്ടപ്പെടാതിരുന്നത്. വിശുദ്ധരായ തങ്ങൾക്ക് കുടിക്കാനുള്ള വെള്ളം അശുദ്ധമാക്കിയതിനും തങ്ങൾ കുടിക്കുന്ന പാത്രത്തിൽ നിന്നും വെള്ളം കുടിച്ചതിനും അവർ സംഘം ചേർന്ന് ആസിയാ ബീബിയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. അതിനിടയിൽ അവർ പ്രവാചകനെ നിന്ദിക്കുന്ന രീതിയിൽ സംസാരിച്ചു എന്നായിരുന്നു ആരോപണം.

പാക്കിസ്ഥാനിലെ മതഭ്രാന്തന്മാർ ഏറ്റെടുത്ത് വിവാദമാക്കിയ കേസിൽ അവസാനം അവർ കുറ്റക്കാരല്ലെന്ന് വിധിവന്നപ്പോൾ അക്രമാസക്തമായ സമരങ്ങളായിരുന്നു നടന്നത്. കോടതി വെറുതെ വിട്ട ആസിയാ ബീബിയെ കൊല്ലാൻ പോലും ആഹ്വാനമുണ്ടായി. ഭാഗ്യം കൊണ്ടുമാത്രമാണ് ആസിയാ ബീബിക്ക് അന്ന് രക്ഷപ്പെട്ട് കാനഡയിൽ എത്തിച്ചേരാൻ സാധിച്ചത്.

അതുപോലെ തന്നെയായിരുന്നു മതനിന്ദാ കുറ്റത്തിന് ആരോപിക്കപ്പെട്ട് നാല് വർഷത്തോളം പാക്കിസ്ഥാനിലെ ജയിലിൽ ഏകാന്ത തടവ് അനുഭവിക്കേണ്ടി വന്ന് സൈമ എന്ന യുവതിയുടെ കഥയും. കുട്ടികൾ തമ്മിൽ ഉണ്ടായ ഒരു വഴക്കിനെ തുടർന്ന് അയൽക്കാരായിരുന്നു കൃസ്തുമത വിശ്വാസിയായ സൈമക്കെതിരെ ഖുറാനെ അവഹേളിച്ചു എന്ന് ആരോപിച്ച് കേസുകൊടുത്തത്.ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സൈമ പക്ഷെ നാല് വർഷത്തിന് ശേഷം അപ്പീലിൽ കുറ്റക്കാരിയല്ലെന്ന് കണ്ട് ജയിൽ മോചിതയാവുകയായിരുന്നു.

ഇത്തരത്തിൽ വ്യക്തിപരമായ കണക്കുകൾ തീർക്കുവാൻ ഈ നിയമം ഉപയോഗിക്കുന്നു എന്നാണ് പാക്കിസ്ഥാനിലെ മനുഷ്യാവകാശ പ്രവർത്തകർ പറയുന്നത്. ഈ നിയമപ്രകാരം പ്രവാചകനെ അപമാനിച്ചാൽ വധശിക്ഷയും ഏതെങ്കിലും ഒരു മതത്തെ നിന്ദിച്ചാൽ ജീവപര്യന്തം തടവുമാണ് ശിക്ഷ. കോടതി കുറ്റവിമുക്തമാക്കിയാലും, രിക്കൽ മതനിന്ദ ആരോപിക്കപ്പെട്ടവർക്ക് പിന്നെ പാക്കിസ്ഥാനിൽ തുടരാൻ ബുദ്ധിമുട്ടാണ് എന്നതാണ് വസ്തുത. പ്രമുഖ അഭിഭാഷകനായ ജോസഫ് ഫ്രാൻസിസ് പറയുന്നത് ഇതുവരെ 120 ഒളം കേസുകളിൽ തന്റെ കക്ഷികൾക്ക് അനുകൂലമായി വിധി വന്നു എന്നും അവരിൽ പലരും ഇന്ന് വിദേശത്താണെന്നുമാണ്. എന്നാൽ മതനിന്ദ കുറ്റങ്ങളിൽ ഉന്നതകോടതികൾ അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് പ്രതികളെ വെറുതെ വിടുന്നത് എന്നായിരുന്നു മറ്റൊരു അഭിഭാഷകനായ ഗുലാം മുസ്തഫ ചൗധരി അഭിപ്രായപ്പെടുന്നത്.

ഇത്തരം കേസുകളിൽ കുറ്റവിമുക്തരായി പുറത്തുവന്ന പലരും പിന്നീട് കൊല്ലപ്പെടുകയായിരുന്നു. 1929-ൽ മതനിന്ദ ആരോപിക്കപ്പെട്ട, ന്യുനപക്ഷ വിഭാഗത്തിൽ പെട്ട ഒരു പ്രസാധകനെ കുറ്റവിമുക്തനാക്കിയപ്പോൾ അയാളെ കൊലപ്പെടുത്തിയ ഘാസി ഇം ദിനിനുവേണ്ടി ഹാജരായത് മുഹമ്മദാലി ജിന്നയായിരുന്നു. ഇന്ന് പാക്കിസ്ഥാനിൽ ഏറെ ബഹുമാനിക്കപ്പെടുന്ന ഒരു നാമമാണ് ഘാസി ഇം ദിനിന്റെത്. അയാളുടെ പേരിൽ റോഡുകൾ വരെയുണ്ട്.

അടുത്തകാലത്തായി ക്രിസ്ത്യാനികൾക്കെതിരെയുള്ള ആക്രമണങ്ങൾ പാക്കിസ്ഥാനിൽ വർദ്ധിച്ചിട്ടുണ്ട്. അതുപോലെത്തന്നെ മതനിന്ദാ കുറ്റത്തിന് ഇരകളാക്കപ്പെടുന്നതും കൂടുതലായി ക്രിസ്ത്യാനികളാണ്. ഇസ്ലാമിനെ അപമാനിക്കുന്നവർ എല്ലാവരും ഒരേ വാചകങ്ങളാണ് പറയുന്നതെന്നും, ഒരു അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമായി അവരെ ഇത് പഠിപ്പിക്കുകയാണെന്നുമൊക്കെയാണ് ഗുലാംമുസ്തഫാ ചൗധരിയേപ്പോലുള്ളവർ ആരോപിക്കുന്നതെങ്കിലും അതിൽ തെല്ലും കഴമ്പില്ല എന്ന് എളുപ്പം മനസ്സിലാകും.

പാക്കിസ്ഥാനിലെ കൃസ്ത്യാനികൾ

പാക്കിസ്ഥാനിലെ ന്യുനപക്ഷ വിഭാഗങ്ങളിൽ ഏറ്റവും അധികം ഉള്ളത് ഹിന്ദുക്കളും ക്രിസ്ത്യാനികളുമാണ്. മൊത്തം ജനസംഖ്യയുടെ 1.6% വീതമുണ്ട് ഇരു വിഭാഗങ്ങളും. പഞ്ചാബിന്റെ ഹൃദയഭാഗം പെഷവാർ തുടങ്ങിയ സ്ഥലങ്ങളിലാണ് ക്രിസ്ത്യാനികൾ കൂടുതലുള്ളത്. ഇന്ത്യ വിഭജനത്തിനു മുൻപ് എല്ലാ മതവിഭാഗങ്ങളും സഹിഷ്ണുതയോടെ കഴിഞ്ഞ ഇവിടെ പാക്കിസ്ഥാൻ രൂപീകരണത്തിനു ശേഷം ചിത്രം മാറുകയായിരുന്നു. വിഭജന സമയത്ത് 15% ന്യുനപക്ഷങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഇന്നത് 4% ആയി ചുരുങ്ങിയിട്ടുണ്ട്.

അന്നത്തെ ജാതിവ്യവസ്ഥയുടെ ക്രൂരതകളിൽ നിന്നും രക്ഷനേടാൻ മതം മാറിയ, അന്നത്തെ സാഹചര്യത്തിൽ താഴ്ന്ന ജാതിക്കാരായി കണക്കാക്കിയവരാണ് പാക്കിസ്ഥാനിലെ ക്രിസ്ത്യാനികളിൽ ഭൂരിപക്ഷവും. ബ്രിട്ടീഷ് സൈന്യം സ്ഥിതിചെയ്തിരുന്ന ഇടങ്ങളിൽ ഇവർക്ക് തൊഴിൽ നൽകുകയും ചെയ്തു. അതുകൊണ്ടുതന്നെ പാക്കിസ്ഥാനിലെ കന്റോണ്മെന്റ് നഗരങ്ങളിലെല്ലാം ലാൽ കുർത്തി എന്നൊരു മേഖലയുണ്ടാകും. അവിടെയായിരിക്കും ഭൂരിഭാഗം ക്രിസ്ത്യാനികളും വസിക്കുന്നത്.

തീരെ പാവപ്പെട്ടവരോ ഇടത്തരക്കാരോ ആണ് പാക്കിസ്ഥാനിലെ ക്രിസ്ത്യാനികളിൽ ഭൂരിപക്ഷം. എന്നാൽ ലാഹോർ പോലുള്ള നഗരങ്ങളിൽ, ബ്രിട്ടീഷ് ഭരണകാലത്ത് ഗോവയിൽ നിന്നും കുടിയേറിയ ധനികരും സമ്പന്നരുമായ കൃസ്ത്യാനികളും ഉണ്ട്. ഈ രണ്ടു വിഭാഗവും മതത്തിന്റെ പേരിലുള്ള വിവേചനം ഒരുപോലെ അനുഭവിക്കുന്നുമുണ്ട്. സമ്പന്നരായ ക്രിസ്ത്യാനികളിൽ പലരും ഇക്കാരണം കൊണ്ടുതന്നെ കാനഡ, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറുകയുമാണ്.

എന്തുകൊണ്ട് ക്രിസ്ത്യാനികൾ ഇരകളാകുന്നു

വിഭജനത്തെ തുടർന്ന് ഹിന്ദു-മുസ്ലിം കലാപം ഉണ്ടായപ്പോഴും ക്രിസ്ത്യാനികൾ താരതമ്യേന സുരക്ഷിതരായിരുന്നു. എന്നാൽ, 1990 കൾക്ക് ശേഷം ക്രിസ്ത്യാനികൾ കൂടുതലായി മതനിന്ദാ കുറ്റങ്ങളിൽ പ്രതികളാകുവാൻ തുടങ്ങി. മാത്രമല്ല, ഈ വിഭാഗത്തിന്റെ ആരാധനാലയങ്ങളും വീടുകളും കൂടുതലായി ആക്രമിക്കപ്പെടുവാനും ആരംഭിച്ചു.

2005 ൽ വിശുദ്ധഗ്രന്ഥത്തിന്റെ പേജുകൾ കത്തിച്ചു എന്ന് ആരോപിച്ച് ഫൈസലാബാദിൽ നടന്ന ആക്രമണങ്ങളിൽ നൂറുകണക്കിന് ആൾക്കാർക്കാണ് പലായനം ചെയ്യേണ്ടിവന്നത്. 2009-ൽ പഞ്ചാബിലെ ഗോജ്ര പട്ടണത്തിൽ ഒരു പള്ളിയും നാല്പതോളം വീടുകളും അഗ്നിക്കിരയാക്കി. 2013 ൽ പെഷവാറിൽ ഒരു പള്ളിയിൽ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടത് 80 പേരായിരുന്നു. 2015 ൽ ലാഹോറിൽ ഒരു പള്ളിക്ക് നേരേയുണ്ടായ ആക്രമണത്തിൽ 14 പേർ മരണമടയുകയും 70 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2016 -ൽ ഈസ്റ്റർ ആഘോഷത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ലാഹോറിൽ 70 പേരാണ് മരണമടഞ്ഞത്. ഏറ്റവും അവസാനം 2017-ൽ ക്വെറ്റയിലെ പള്ളി ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു.

ഇതിനു പുറമേയാണ് മതനിന്ദാകുറ്റം ചുമത്തപ്പെട്ടവരുടെ എണ്ണം. മിക്ക കേസുകളിലും കീഴ്‌ക്കോടതികൾ പ്രതികളെ വധശിക്ഷക്ക് വിധിച്ചെങ്കിലും ഉയർന്ന കോടതികൾ തെളിവുകളില്ല എന്ന കാരണത്താൽ ഇവരിൽ പലരേയും വെറുതെ വിടുകയായിരുന്നു. 2012-ൽ ഇങ്ങനെ വെറുതെ വെട്ട റിംഷ മസിഹ എന്ന ക്രിസ്ത്യൻ പെൺകുട്ടിയാണ് ഇത്തരത്തിൽ ആദ്യമായി കുറ്റവിമുക്തയാക്കപ്പെട്ട വ്യക്തി. അതേ പ്രദേശത്തെ ഒരു മതപുരോഹിതൻ ആ കുട്ടിയെ മനപ്പൂർവ്വം കേസിൽ കുടുക്കുകയായിരുന്നു എന്ന് പിന്നീട് തെളിഞ്ഞു.

മതനിന്ദാ കുറ്റം തെറ്റായി ഉപയോഗിക്കുകയായിരുന്നു എന്ന് പറഞ്ഞ അന്നത്തെ പഞ്ചാബ് ഗവർണർ സൽമാൻ തസീർ, ഇസ്ലാമിക തീവ്രവാദിയായ അംഗരക്ഷകന്റെ വെടിയേറ്റ് മരണമടഞ്ഞു. ഈ അംഗരക്ഷൻ കുറ്റക്കാരനാണെന്ന് കണ്ട് തൂക്കിക്കൊന്നപ്പോൾ പാക്കിസ്ഥാൻ വലിയ പ്രതിഷേധങ്ങൾക്ക് വഴി തെളിച്ചു. അതുപോലെ തന്നെ ഈ നിയമത്തിനെതിരെ ശബ്ദമുയർത്തിയ പാക്കിസ്ഥാൻ ന്യുനപക്ഷ കാര്യ മന്ത്രിയും പ്രമുഖ ക്രിസ്ത്യൻ നേതാവുമായ ഷഹബാസ് ബാട്ടിയെ താലിബാൻ 2011 ൽ വധിച്ചു.

ഇതിന് കാരണമായി നിരീക്ഷകർ പറയുന്നത് പാക്കിസ്ഥാനിൽ സാധാരണ മുസ്ലിം മതവിശ്വാസികൾക്കിടയിൽ വർദ്ധിച്ചു വരുന്ന തീവ്രവാദികളുടെ സ്വാധീനമാണ്. അഫ്ഗാനിസ്ഥാനിൽ താലിബനെതിരെ അമേരിക്ക് യുദ്ധത്തിന് ഒരുങ്ങിയത് തീവ്രവാദികളെ പ്രകോപിപ്പിച്ചിട്ടുണ്ട്. സാധാരണക്കാരെ വഴിതെറ്റിച്ച് അതിനുള്ള പ്രതികാരം പാക്കിസ്ഥാനിലെ ക്രിസ്ത്യാനികളിൽ തീർക്കുകയാണ് എന്നാണ് അവർ പറയുന്നത്. 2001-ൽ അമേരിക്കയുടെ യുദ്ധം ആരംഭിച്ച ഉടനെയാണ് തക്ഷശിലാ നഗരത്തിൽ നാല് പേരുടെ മരണത്തിനിടയാക്കിയ പള്ളി ആക്രമണം ഉണ്ടായത്.

സാധാരണക്കാരായ മുസ്ലിം മതവിശ്വാസികൾ ഇപ്പോഴും സമാധാനം ആഗ്രഹിക്കുന്ന പാക്കിസ്ഥാനിൽ പക്ഷെ തീവ്രവാദികൾക്ക് സ്വാധീനം ഏറി വരികയാണ്. പാശ്ചാത്യ സർക്കാരുകൾക്ക് നൽകുന്ന മുന്നറിയിപ്പായാണ് പല പാശ്ചാത്യ നിരീക്ഷകരും പാക്കിസ്ഥാനിൽ ഇപ്പോൾ വർദ്ധിച്ചുവരുന്ന, ക്രിസ്ത്യാനികൾക്കെതിരെയുള്ള ആക്രമണങ്ങൾക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. മാത്രമല്ല, പാശ്ചാത്യ ശക്തികളുമായി പൊരുത്തപ്പെട്ടുപോകാൻ താത്പര്യം കാണിക്കുന്ന പാക് സർക്കാരിനെ കുഴപ്പത്തിൽ ആക്കുക എന്നൊരു ഉദ്ദേശം കൂടിയുണ്ടിതിന് പുറകിൽ.

ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലും ഭീകരർക്ക് പിന്തുണ നൽകുന്ന പാക്കിസ്ഥാൻ പട്ടാളത്തിന്റെ പിന്തുണയും ഇതിനുണ്ട്. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് കാര്യമായ നിയന്ത്രണങ്ങൾ ഒന്നും സൈന്യത്തിന്റെ മേൽ ഇല്ലാതിരിക്കുന്ന സാഹചര്യത്തിൽ, വെറും പാവയായ പാക് സർക്കാരിന് ഇതിൽ കാര്യക്ഷമമായി ഇടപെടാനും ആകില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP