Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കറുത്ത വർഗക്കാരന്റെ പ്രതിഷേധം ഏറ്റെടുത്ത് വെള്ളക്കാരും; ലോക്ക്ഡൗൺ മറന്നും മിക്ക സംസ്ഥാനങ്ങളിലും ലക്ഷങ്ങൾ പ്രതിഷേധത്തോടെ തെരുവിൽ; വൈറ്റ്ഹൗസിന് മുൻപിലും ആയിരങ്ങൾ; ജോർജിന്റെ ബോധം പോയിട്ടും മൂന്ന് മിനിറ്റ് കഴുത്തിൽ മുട്ടുവച്ച് വംശീയ വെറി തീർത്ത് പൊലീസുകാരൻ; ജനരോഷം കനത്തപ്പോൾ കൊലപാതകത്തിന് കേസെടുത്ത് പൊലീസ്; മുറിവേറ്റ കറുത്തവന്റെ ആത്മാഭിമാനം വീണ്ടും അമേരിക്കയുടെ ഉറക്കം കെടുത്തുമ്പോൾ

കറുത്ത വർഗക്കാരന്റെ പ്രതിഷേധം ഏറ്റെടുത്ത് വെള്ളക്കാരും; ലോക്ക്ഡൗൺ മറന്നും മിക്ക സംസ്ഥാനങ്ങളിലും ലക്ഷങ്ങൾ പ്രതിഷേധത്തോടെ തെരുവിൽ; വൈറ്റ്ഹൗസിന് മുൻപിലും ആയിരങ്ങൾ; ജോർജിന്റെ ബോധം പോയിട്ടും മൂന്ന് മിനിറ്റ് കഴുത്തിൽ മുട്ടുവച്ച് വംശീയ വെറി തീർത്ത് പൊലീസുകാരൻ; ജനരോഷം കനത്തപ്പോൾ കൊലപാതകത്തിന് കേസെടുത്ത് പൊലീസ്; മുറിവേറ്റ കറുത്തവന്റെ ആത്മാഭിമാനം വീണ്ടും അമേരിക്കയുടെ ഉറക്കം കെടുത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

റ് മിനിട്ടോളം വംശവെറിപൂണ്ട ഒരു പൊലീസുകാരന്റെ മുട്ടിനടിയിൽ കിടന്ന് ശ്വാസംമുട്ടി മരിച്ച ജോർജ്ജ് ഫ്ളോയിഡ് അമേരിക്കയിലെ കറുത്തവർഗ്ഗക്കാരുടെ രോഷത്തിന്റെ പ്രതീകമാവുകയാണ്. ഒളിഞ്ഞും തെളിഞ്ഞും പലപ്പോഴായി അനുഭവിച്ചുവന്ന വംശവെറിക്കെതിരെയുള്ള പ്രതിഷേധത്തിന്റെ കാതലാവുകയാണ്. മിക്ക സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തിപ്രാപിക്കുമ്പോൾ പകച്ചുനിൽക്കുന്ന ഭരണകൂടത്തിന്റെ പേടിസ്വപ്നമാവുകയാണ്.

വ്യാജരേഖ ചമച്ചു എന്ന കേസിൽ സംശയിക്കപ്പെടുന്ന ജോർജ്ജ് ഫ്ളോയിഡ് എന്ന കറുത്തവർഗ്ഗക്കാരനായ യുവാവ് കഴിഞ്ഞ ദിവസം വെള്ളക്കാരായ പൊലീസ് ഉദ്യോഗസ്ഥരുടെ വംശവെറിക്ക് ഇരയായി ജീവൻ വെടിഞ്ഞകാര്യം ലോകമാകെ പ്രതിഷേധം ഉയർത്തിയിരുന്നു. തികച്ചും മൃഗീയമായ രീതിയിൽ റോഡിൽ കിടക്കുന്ന ഫ്ളോയിഡിന്റെ കഴുത്തിൽ കാൽമുട്ടമർത്തി ശ്വാസം മുട്ടിച്ചാണ് കൊന്നത്. ഈ കൊലപാതകരംഗത്തിന്റെ വീഡിയോ ലോകമെമ്പാടും ലക്ഷക്കണക്കിന് ആൾക്കാരാണ് നിറകണ്ണുകളുമായി കണ്ടിരുന്നത്. തനിക്ക് ശ്വാസം മുട്ടുന്നു എന്ന് വിളിച്ച് കരയുന്ന ഫ്ളോയിഡിന്റെ മുഖം, ആ വീഡിയോ കണ്ടവർക്കൊന്നും അത്രപെട്ടെന്ന് മറക്കാനാകില്ല.

എന്നിട്ടും പൊലീസ് ഉദ്യോഗസ്ഥന് മാത്രം യാതോരു കുലുക്കവും ഉണ്ടായില്ല. വീഡിയോയിൽ ഈ പൊലീസുകാരനെ കണ്ട മറ്റൊരു കറുത്തവർഗ്ഗക്കാരനായ യുവാവും ഇയാൾക്കെതിരെ പരാതിയുമായി എത്തി. വർഷങ്ങൾക്ക് മുൻപ് ഒരു ഗാർഹിക പീഡനക്കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി തന്റെ വീട്ടിലെത്തിയ ഈ ഉദ്യോഗസ്ഥൻ വളരെ അടുത്തുനിന്ന് തന്റെ നേർക്ക് രണ്ടുതവണ വെടിയുതിർത്തു എന്നായിരുന്നു ഇയാൾ പറഞ്ഞത്. ഇതിന്റെ ഫലമായി വെടിയുണ്ട തുളച്ചുകയറിയ ഒരു ദ്വാരം ഇപ്പോഴും അയാളുടെ ഉദരത്തിലുണ്ട്.

വീഡിയോ പുറത്തുവന്ന ഉടൻ തന്നെ പ്രതിഷേധം ഇരമ്പാൻ തുടങ്ങിയിരുന്നു. കുറ്റവാളിയായ പൊലീസ് ഉദ്യോഗസ്ഥനേയും കൂട്ടാളികളായ മറ്റ് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരേയും പൊലീസിൽ നിന്നും പിരിച്ചുവിട്ടു എന്നറിയിപ്പ് വന്നിട്ടും ജനരോഷം അടങ്ങിയില്ല. കൊലപാതകകേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു പൊതുവായ ആവശ്യം. ഇന്നലെ ഈ പൊലീസ് ഉദ്യോഗസ്ഥന്റെ വീടിന് മുന്നിലും ജനങ്ങൾ തടിച്ചുകൂടി പ്രതിഷേധിച്ചിരുന്നു.

ഒരിറ്റ് ശ്വാസത്തിനായി കേഴുന്ന ജോർജ്ജ് ഫ്ളോയ്ഡ്

കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്ന വീഡിയോ ഒരു വിതുമ്പലോടെയല്ലാതെ മനുഷ്യത്വം അല്പമെങ്കിലും അവശേഷിച്ചിട്ടുള്ളവർക്ക് കണ്ടിരിക്കാനാകില്ല. എന്നാൽ, അതിലും ഹൃദസ്പർശിയായ മറ്റൊരു വീഡിയോ ഈ സംഭവം സംബന്ധിച്ച് ഇപ്പോൾ ലഭ്യമായിട്ടുണ്ട്. തീർത്തും വ്യത്യസ്തമായ ആംഗിളിൽ ചിത്രീകരിച്ച ഈ വീഡിയോയിൽ എനിക്ക് ശ്വാസം മുട്ടുന്നു എന്നും എഴുന്നേറ്റ് നില്ക്കാൻ അനുവദിക്കണമെന്നും ഫ്ളോയ്ഡ് നിലവിളിക്കുന്നത് വ്യക്തമായി കേൾക്കാം.

ഈ വീഡിയോയിൽ മൂന്ന് പൊലീസുകാരെയാണ് ഫ്ളൊയിഡിന്റെ പുറത്ത് കാണുന്നത്. വയർ വേദനിക്കുന്നു, കഴുത്ത് വേദനിക്കുന്നു, എനിക്ക് ശ്വസിക്കാൻ ആകുന്നില്ല എന്ന് കേണപേക്ഷിക്കുന്ന ഫ്ളോയിഡിനോഡ് ആ നരാധമന്മാർ ഒരു ദയവും കാണിക്കുന്നില്ല എന്നത് ഞെട്ടിക്കുന്നു. ഇതിനിടയിൽ വീഡിയോ എടുക്കുന്ന ആളോട് റോഡിന്റെ മറ്റേ ഭാഗത്തേക്ക് മാറിപ്പോകുവാൻ ഡെറെക് ഷോവിൻ എന്ന ഒന്നാം പ്രതിയായ പൊലീസുദ്യോഗസ്ഥൻ ആവശ്യപ്പെടുന്നുമുണ്ട്.

ആംബുലൻസിൽ കയറ്റുമ്പോഴേക്കും ഫ്ളോയിഡിന് മരണം സംഭവിച്ചു എന്നാണ് വിശ്വസിക്കപ്പെടുന്നത്. അപ്പോൾ നാഢീമിടിപ്പ് ഇല്ലായിരുന്നു എന്ന് ആംബുലൻസിലെ ജീവനക്കാർ പറഞ്ഞു.ഡെറെക് ഷോവിൻ, തോമസ് ലേയ്ൻ, ടൗ താവോ, അലക്സാൻഡർ കുയെങ്ങ് എന്നീ നാല് പൊലീസുകാരാണ് ഈ സംഭവത്തിൽ ഉൾപ്പെട്ടത്. ഇവരെ നാല് പേരെയും പൊലീസിൽ നിന്നും പിരിച്ചുവിട്ടതായി മിന്നീപോളിസ് പൊലീസ് അറിയിച്ചു.

ഡെറെക് ഷോവിന് ജാമ്യം

ജനരോഷം കനക്കുന്നതിനിടയിൽ കൊലപാതക കുറ്റം ചുമത്തി ഡെറെക് ഷോവിൻ എന്ന പൊലീസുദ്യോഗസ്ഥനെ മിന്നീപോളിസ് പൊലീസ് അറസ്റ്റ് ചെയ്തു. ഇര ബോധം കെട്ടു വീണിട്ടും മൂന്ന് മിനിറ്റോളം കഴുത്തിൽ മുട്ടുകാൽ അമർത്തിപ്പിടിച്ച് കൊന്ന കുറ്റത്തിനാണ് കേസെടുത്തത്. മിന്നെസോറ്റ ജുഡീഷ്യൽ ഡിസ്ട്രിക്ട് കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് 5,00,000 ഡോളർ കെട്ടിവച്ച് ജാമ്യം നൽകാൻ ഉത്തരവായതായാണ് വാർത്ത. മറ്റേതെങ്കിലും നിബന്ധനകൾ ഉണ്ടോ എന്നും ഡെറേക് ജാമ്യമെടുത്ത് പുറത്തുവന്നോ എന്നും വ്യക്തമല്ല.

മൂന്നാം ഡിഗ്രി കൊലപാതക കുറ്റത്തിന് വെള്ളിയാഴ്‌ച്ച ഡെറെകിനെ അറസ്റ്റ് ചെയ്തു എന്നാണ് ഹെന്നെപിൻ കൗണ്ട് അറ്റോർണി അറിയിച്ചത്. ക്രിമിനൽ കുറ്റത്തിന് ഉപോല്പകമായ തെളിവുകൾ ഇല്ലെന്നും ഷോവിൻ ഫ്ളോയിഡിന് മേൽ അധിക ശക്തി പ്രയോഗിച്ചതായി തെളിയിക്കാനാവില്ലെന്നും പ്രോസിക്യുട്ടർമാർ പറഞ്ഞതിന്റെ പിറ്റേന്നാണ് അറസ്റ്റ് നടന്നത് എന്നത് ശ്രദ്ധേയമാണ്. എന്നാൽ ഓട്ടോപ്സിയിൽ ഫ്ളോയ്ഡ് ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് തെളിഞ്ഞട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

രോഷാഗ്‌നി കത്തിപ്പടരുന്ന അമേരിക്ക

സംഭവം നടന്ന ഉടനെ ഇതിനെ നിശിതമായി വിമർശിച്ചുകൊണ്ട് പലരും രംഗത്ത് എത്തിയിരുന്നു. ആദ്യമാദ്യം വിമർശനങ്ങളിൽ ഒതുങ്ങിനിന്ന രോഷം ഉമിത്തീ പോലെ എരിഞ്ഞെരിഞ്ഞ് കത്തിപ്പടരുകയായിരുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഈ പൊലീസുകാരനെ കൊലപാതകുറ്റത്തിന് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധ സമരങ്ങളരങ്ങേറി. മിന്നീപൊലീസിൽ ബുധനാഴ്‌ച്ച രാത്രി സമരം അക്രമാസക്തമാവുകയും തുടർന്ന് നടന്ന വെടിവെപ്പിൽ ഒരാൾ മരണമടയുകയും ചെയ്തു.

സംഭവം നടന്ന മിന്നീപോളിസ് പ്രതിഷേധാഗ്‌നിയിൽ കത്തുകയാണ് എന്നാണ് അവിടെനിന്നും വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തൊട്ടടുത്തുള്ള സെയിന്റ് പോളിൽ ഏകദേശം 200 ബിസിനസ്സ് സ്ഥാപനങ്ങൾ നശിപ്പിക്കപ്പെട്ടു. ന്യുയോർക്ക്, കൊളമ്പസ്, ഓഹിയോ, ഡെൻവർ എന്നിവിടങ്ങളിലും പ്രതിഷേധം കനക്കുകയാണ്. പലയിടങ്ങളിലും പൊലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടുന്നുണ്ട്. സൗത്ത് കാലിഫോർണീയയിൽ സ്ഥാപനങ്ങള്ക്കും വാഹനങ്ങൾക്കും നേരെ കല്ലെറിഞ്ഞ ഒമ്പത് പേരെ അറസ്റ്റ് ചെയ്തു.

ന്യു മെക്സിക്കോയിലെ ആല്ബൂക്കർക്കിൽ ഒരു വാഹനത്തിൽ നിന്നും വെടിയുതിർത്തതിന് നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവിടെ പൊലീസിന് ഹെലികോപ്റ്ററിലെത്തി കണ്ണീർവാതകം പ്രയോഗിക്കേണ്ടിവന്നു, ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ. ന്യുയോർക്കിൽ എഴുപതോളം പേർ അറസ്റ്റിലായിട്ടുണ്ട്, ഓഹിയോയിലും കൊളമ്പസ്സിലും ലോസ് ഏഞ്ചൽസിലും സർക്കാർ കെട്ടിടങ്ങൾക്ക് നേരെ ആക്രമണവും ഉണ്ടായി.

സ്വത്വം തേടുന്ന ആഫ്രിക്കൻ-അമേരിക്കൻ വംശക്കാർ

സ്വാതന്ത്ര്യവും മനുഷ്യാവകാശവുമൊക്കെ മൂന്നാം രാജ്യങ്ങളിൽ ഉച്ചത്തിൽ ഉത്ഘോഷിക്കുമ്പോഴും അമേരിക്കയിൽ ഇതൊക്കെ ഉറപ്പാക്കാൻ ഭരണകൂടത്തിനാകുന്നില്ല എന്നതാണ് യാഥാർത്ഥ്യം. പഴയ അടിമകളുടെ പിന്മുറക്കാരായ ആഫ്രിക്കൻ-അമേരിക്കൻ വംശജരോട് എന്നും ചിറ്റമ്മ നയം മാത്രമാണ് ഏതൊരു ഭരണകൂടവും കാണിച്ചിട്ടുള്ളതെന്ന് ചരിത്രം വ്യക്തമാക്കുന്നു.

ജോർജ്ജ് ഫ്ളോയിഡിന്റേത് ആദ്യ സംഭവമല്ല. കഴിഞ്ഞ മാസമാണ് പ്രഭാത സവാരിക്കിടെ ഒരു കറുത്തവംശജനായ യുവാവ് വംശവെറിപൂണ്ട് വെള്ളക്കാരുടെ തോക്കിന് ഇരയായത്. കഴിഞ്ഞ മാർച്ചിൽ ബ്രിയോണ ടെയ്ലർ എന്ന കറുത്തവർഗ്ഗക്കാരി ഇതുപോലെ പൊലീസിന്റെ വെടിയുണ്ടകൾക്ക് മുന്നിൽ കീഴടങ്ങി മരണം വരിച്ചിരുന്നു.

പല ഉന്നതസ്ഥാനങ്ങളിലും കറുത്തവർഗ്ഗക്കാർ ഉണ്ടെങ്കിലും ഒരു സാധാരണ ആഫ്രിക്കൻ-അമേരിക്കൻ വംശജന് എന്നും എവിടെയും അവഗണനകൾ മാത്രമേ ലഭിക്കാറുള്ളു. മാത്രമല്ല, പലരും ഇത്തരക്കാരെ കുറ്റവാളികളായി കാണുവാനാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ ഇവരോട് അടുക്കുവാനും താത്പര്യം കാണിക്കാറില്ല. സ്വന്തം മണ്ണിൽ പാർശ്വവത്ക്കരിക്കപ്പെട്ട ഒരു ജനതയുടെ രോഷം അണപൊട്ടിയൊഴുകുന്നതാണ് ഇപ്പോൾ അമേരിക്കയിൽ കാണുന്നത്. ധാരാളം വെളുത്തവർഗ്ഗക്കാരും ഇവർക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

സമരം ആളിക്കത്തിയതോടെ വൈറ്റ്ഹൗസിന് മുന്നിലും കനത്ത പ്രതിഷേധ മുയര്ന്നു. പ്രതിഷേധക്കാർ മതിൽ ചാടിക്കടക്കാൻ ശ്രമിച്ചതോടെ വൈറ്റ്ഹൗസ് താത്ക്കാലികമായി ലോക്ക്ഡൗൺ ചെയ്യേണ്ടിവന്നു. സുരക്ഷാ ഉദ്യോഗസ്ഥരുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട പ്രതിഷേധക്കാർ അമേരിക്കൻ ദേശീയ പതാക കത്തിക്കുകയും ചെയ്തു. മിന്നീപോളീസിലേക്ക് മാറുന്നതിന് മുൻപ് ഫ്ളോയിഡ് താമസിച്ചിരുന്ന ഹൂസ്റ്റണിലും കലാപാന്തരീക്ഷമായിരുന്നു. ജോർജ്ജിന് നീതി ലഭിക്കണം, കറുത്തവന്റെ ജീവനും വിലയുണ്ട് തുടങ്ങിയ മുദ്രാവാക്യങ്ങളുമായായിരുന്നു പ്രതിഷേധപ്രകടനം.

കടുത്ത പ്രതിഷേധവുമായി ബാരക്ക് ഒബാമ

ജോർജ്ജ് ഫ്ളോയിഡിന്റെ കൊലപാതകത്തിൽ കടുത്ത പ്രതിഷേധവുമായി ബാരക്ക് ഒബാമയും രംഗത്തെത്തി. 2020 ലെ അമേരിക്കയിൽ ഇതൊരു സാധാരസംഭവമായി കാണുവാനാകില്ലെന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്. ഇത്തരം കുറ്റകൃത്യങ്ങൾക്ക് ഇടയാകുന്ന സാഹചര്യങ്ങളും പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വംശീയവെറി ഇപ്പോഴും ശക്തമായി നിലനിൽക്കുന്നതിൽ ആശങ്കപ്പെട്ട ഒബാമ പ്രഭാത സവാരിക്കിടെ കൊല്ലപ്പെട്ട യുവാവിന്റെ കാര്യവും എടുത്തു പറഞ്ഞു.

ലക്ഷക്കണക്കിന് അമേരിക്കക്കാരെ, അവരുടെ വംശത്തിന്റെ പേരിൽ മാത്രം വ്യത്യസ്തമായ രീതിയിൽ കാണുന്നത് വേദനാജനകമാണെന്ന് പറഞ്ഞ അദ്ദേഹം ഇത് അനുവദിക്കാനാവില്ലെന്നും പറഞ്ഞു.

പ്രതിഷേധക്കാരെ വിമർശിച്ച് ഡൊണാൾഡ് ട്രംപ്

ജോർജ്ജ് ഫ്ളൊയ്ഡ് സംഭവം അപലപനീയമാണെന്ന് പറയുമ്പോൾ തന്നെ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് അതിന്റെ പേരിൽ കഴിഞ്ഞ മൂന്ന് ദിവസമായി നടക്കുന്ന പ്രതിഷേധങ്ങളെ വിമർശിക്കുന്നതിയാണ് ഊന്നൽ കൊടുക്കുന്നത്. മരണമടഞ്ഞ ജോർജ്ജ് ഫ്ളോയിഡിന്റെ ഓർമ്മകളോട് അക്രമികളായ പ്രതിഷേധക്കാർ നീതികാട്ടിയില്ലെന്ന് ആരോപിക്കുമ്പോൾ തന്നെ, എന്തിന്റെ പേരിലായാലും അക്രമത്തെ മഹത്വവത്ക്കരിക്കരുതെന്നും പറഞ്ഞു.

സ്ഥിതിഗതികൾ സാധാരണനിലയിലാക്കാൻ ആവശ്യമെങ്കിൽ പട്ടാളത്തെ വിളിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP