Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202112Saturday

അന്താരാഷ്ട്ര തലത്തിലുയർന്ന പ്രതിഷേധങ്ങൾ വകവയ്ക്കാതെ ദേശീയ സുരക്ഷാനിയമം പാസാക്കി ചൈന; ലോകത്തിലെ തന്നെ എണ്ണം പറഞ്ഞ ഫിനാൻഷ്യൽ ഹബ്ബുകളിൽ ഒന്നായ ഹോങ്കോംഗിന്റെ മരണമണി മുഴങ്ങിയെന്ന് നിരീക്ഷകർ; ഹോങ്കോംഗിന്റെ സ്വാതന്ത്ര്യം മരണമടഞ്ഞു എന്ന് ഹോങ്കോങ് നിവാസികൾ; ഹോങ്കോംഗിന്റെ ചരിത്രം ഇങ്ങനെ

അന്താരാഷ്ട്ര തലത്തിലുയർന്ന പ്രതിഷേധങ്ങൾ വകവയ്ക്കാതെ ദേശീയ സുരക്ഷാനിയമം പാസാക്കി ചൈന; ലോകത്തിലെ തന്നെ എണ്ണം പറഞ്ഞ ഫിനാൻഷ്യൽ ഹബ്ബുകളിൽ ഒന്നായ ഹോങ്കോംഗിന്റെ മരണമണി മുഴങ്ങിയെന്ന് നിരീക്ഷകർ; ഹോങ്കോംഗിന്റെ സ്വാതന്ത്ര്യം മരണമടഞ്ഞു എന്ന് ഹോങ്കോങ് നിവാസികൾ; ഹോങ്കോംഗിന്റെ ചരിത്രം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കാര്യം സമത്വം സുന്ദരം എന്നൊക്കെ വിളിച്ചു പറയുമെങ്കിലും ലോകത്തിലെ ഒരു കമ്മ്യുണിസ്റ്റ് ഭരണകൂടവും പൗരന്മാർക്ക് ഒരു പരിധിക്കപ്പുറമുള്ള സ്വാതന്ത്ര്യമൊന്നും അനുവദിച്ചിരുന്നില്ല. ഇപ്പോൾ നിലവിലുള്ള വിരലിലെണ്ണാവുന്ന കമ്മ്യുണിസ്റ്റ് ഭരണകൂടങ്ങളും അത് അനുവദിക്കുന്നില്ല. ജനാധിപത്യ ഭരണം ആവശ്യപ്പെട്ട് രംഗത്തിറങ്ങിയ വിദ്യാർത്ഥികളെ നിഷ്‌കരുണം കൊന്നുതള്ളിയ പാരമ്പര്യമുള്ളതാണ് ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിക്കും അത് നേതൃത്വം നൽകുന്ന ചൈനീസ് ഭരണകൂടത്തിനും അതുകൊണ്ട് തന്നെയാണ്, മനോഹരമായ ജനാധിപത്യ മാതൃക നിലനിൽക്കുന്ന ഹോങ്കോംഗിനെ നീരാളിപ്പിടുത്തത്തിൽ ഒതുക്കാൻ ചൈന ശ്രമിക്കുമ്പോൾ ലോകമാകമാനം പ്രതിഷേധമുയർന്നത്.

ലോകത്തിന്റെ പൂർവ്വ പശ്ചിമാർദ്ധഗോളങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇടനാഴി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹോങ്കോംഗ് ഇനി പൂർണ്ണമായും ചൈനയുടെ കീഴിൽ ആകും. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഫിനാൻഷ്യൽ ഹബ്ബുകളിൽ ഒന്നായ ഈ മുൻ ബ്രിട്ടീഷ് കോളനി ചൈനക്ക് കൈമാറുമ്പോൾ ഉണ്ടാക്കിയ കരാർ ലംഘിച്ചുകൊണ്ടാണ് ഇതിനായുള്ള നടപടികൾ ചൈന കൈക്കൊണ്ടത്. ലോകമാകമാനം ഉയർന്ന പ്രതിഷേധങ്ങൾ വകവയ്ക്കാതെ പുതിയ ദേശീയ സുരക്ഷാ നിയമം ചൈനീസ് പാർലമെന്റ് പാസ്സാക്കിയതോടെ ഹോങ്കോംഗ് അനുഭവിച്ചിരുന്ന സ്വാതന്ത്ര്യത്തിന് അവസാനമാവുകയാണ്.

ചൈനീസ് പ്രസിഡണ്ട് ഷീ ജിൻപിംഗിന്റേതുൾപ്പടെ 2,878 വോട്ടുകൾ ബില്ലിന് അനുകൂലമായി ലഭിച്ചപ്പോൾ ഒരു വോട്ട് മാത്രമാണ് ബില്ലിനെ എതിർത്ത് വന്നത്. ഇതിനെതിരെ ഹോങ്കോംഗിൽ പ്രതിഷേധം ആരംഭിച്ചുകഴിഞ്ഞു. എന്ത് പ്രതിഷേധമുണ്ടായാലും അടിച്ചമർത്തുമെന്ന ചൈനയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് ഹോങ്കോംഗിൽ പ്രതിഷേധം ഉരുണ്ടുകൂടുന്നത്. സുന്ദരമായ ദിനങ്ങൾ കഴിഞ്ഞുവെന്നും ഇനി ചൈനയുടെ അടിച്ചമർത്തൽ ഭരണമായിരിക്കും എന്നുമാണ് ജനാധിപത്യ മാതൃകയിൽ തെരഞ്ഞെടുക്കപ്പെട്ട ഹോങ്കോംഗ് ഭരണകൂടം ഇതിനെ കുറിച്ച് പ്രതികരിച്ചത്.

ഹോങ്കോംഗിന്റെ ചരിത്രം

പുരാതന ഭൂഖണ്ഡാന്തര സമുദ്രപാതയിലെ ഒരു പ്രധാന തുറമുഖമായിരുന്നു അബേർഡീൻ. പേൾ നദിയിലെ ശുദ്ധജലം കടലിൽ ചേരുന്ന അഴിമുഖത്തിനടുത്തുള്ള ഒരു ചെറിയ പ്രദേശമായിരുന്നു അന്നത്തെ ഹോങ്കോംഗ്. അന്ന് സുഗന്ധവ്യഞ്ജനങ്ങളുടെ വ്യാപാരം നടന്നിരുന്ന അബേർഡിൻ തുറമുഖത്തിനടുത്തുള്ള ഇവിടെയായിരുന്നു അവ സംഭരിച്ചിരിന്നുന്നത്. അങ്ങനെ സുഗന്ധമുള്ള തുറമുഖം എന്നർത്ഥം വരുന്ന ഹിയോങ്ങ്-കോങ്ങ് എന്ന പേര് ഈ സ്ഥലത്തിന് ലഭിച്ചു. എഴുതപ്പെട്ട ചരിത്രരേഖകളിൽ ഏറ്റവുമാദ്യം ഈ പേര് തെളിയുന്നത് 1780 ലാണ്. പിന്നീട് 1810 മുതൽക്കാണ് ഹോങ്കോംഗ് എന്ന പേര് രേഖകളിൽ ഉപയോഗിച്ച് തുടങ്ങുന്നത്.

ക്രിസ്തുവിന് മുൻപ് 214-)0 നൂറ്റാണ്ടിലാണ് ഈ ഭാഗം ചൈനയോട് കൂട്ടിച്ചേർക്കുന്നത്. പിന്നീട് പലപല വംശങ്ങൾ ഇവിടെ ഭരിക്കുകയുണ്ടായി. 1513- ൽ ഇവിടെ വ്യാപാരത്തിനായെത്തിയ പോർച്ചുഗീസുകാരാണ് ചൈനയുമായി ആദ്യമായി വ്യാപാരബന്ധം സ്ഥാപിക്കുന്നത്. എന്നാൽ ചില സൈനിക നടപടികളുടെ പേരിൽ 1520-ൽ ഇവർ പുറത്താക്കപ്പെടുകയായിരുന്നു. 1549-ൽ പോർച്ചുഗീസ് ചൈനയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുകയും 1557-ൽ മക്കാവു ദ്വീപ് സ്ഥിരം പാട്ടത്തിനെടുക്കുകയും ചെയ്തു.

പിന്നീട് പതിനെട്ടാം നൂറ്റാണ്ടിലാണ് ചൈനയും യൂറോപ്പുമായുള്ള ബന്ധം ശക്തമാകുന്നത്. ചൈനീസ് ഉദ്പന്നങ്ങളായ തേയില, പട്ട് പോർസെലീൻ എന്നിവയ്ക്ക് യൂറോപ്പിൽ ആവശ്യക്കാർ ഏറെയായിരുന്നു. എന്നാൽ യൂറോപ്യൻ ഉദ്പന്നങ്ങൾക്ക് ചൈനയിൽ പ്രിയം കുറവായിരുന്നു. അതിനാൽ സ്വർണം പോലുള്ള വിലപിടിപ്പുള്ള ലോഹങ്ങൾ പകരം വാങ്ങിയായിരുന്നു ചൈനാക്കാർ കച്ചവടം നടത്തിയിരുന്നത്. വ്യാപാരത്തിലെ ഈ അസമത്വം ഒഴിവാക്കാനായി ബ്രിട്ടീഷുകാർ വലിയതോതിൽ ഇന്ത്യൻ കറുപ്പ് ചൈനാക്കാർക്ക് വിൽക്കാൻ തുടങ്ങി.

കറുപ്പിന്റെ അമിതോപയോഗം പല കുഴപ്പങ്ങൾക്കും വഴിതെളിച്ചപ്പോൾ ചൈനീസ് ചക്രവർത്തി കറുപ്പ് നിരോധിച്ചു. ഇതിനെ തുടർന്നായിരുന്നു ബ്രിട്ടീഷുകാരുമായുള്ള ആദ്യ കറുപ്പ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ഈ യുദ്ധത്തിന്റെ അവസാനത്തിൽ പരാജയം സമ്മതിച്ച ചൈന 1842 ൽ ഹോങ്കോംഗ് ദ്വീപ് ബ്രിട്ടന് അടിയറവ് വെച്ചുകൊണ്ട് യുദ്ധത്തിൽ നിന്നും പിന്മാറുകയായിരുന്നു. രണ്ടാം കറുപ്പ് യുദ്ധത്തിലും ചൈന പരാജയമടഞ്ഞപ്പോൾ കൗലൂൺ ഉപദ്വീപും സ്റ്റോൺകട്ടേഴ്സ് ദ്വീപും ബ്രിട്ടന് കൈമാറേണ്ടിവന്നു. അങ്ങിനെയാണ് നിലവിലുള്ള ഹോങ്കോഗ്രൂപീകരിക്കുന്നത്. 1850 മുതൽ തന്നെ ഹോങ്കോംഗ് വിദേശ നിക്ഷേപം ആകർഷിച്ചിരുന്നു.

ഹോങ്കോഗിന്റെ വളർച്ച

ചില പുതിയ പ്രവിശ്യകൾക്കൂടി 1898-ൽ 99 വർഷത്തെ പാട്ടത്തിനെടുക്കുന്നതോടെയാണ് ഹോങ്കോംഗ് എന്ന ബ്രിട്ടീഷ് കോളനിയുടെ യഥാർത്ഥ വളർച്ച ആരംഭിക്കുന്നത്.1911 - ൽ ഇവിടത്തെ ആദ്യ സർവ്വകലാശാല നിലവിൽ വന്നു. 1924 - ൽ വിമാനത്താവളവും പ്രവർത്തനക്ഷമമായി. രണ്ടാം ലോകമഹായുദ്ധ കാലത്ത് അമേരിക്കയിലെ പേൾ ഹാർബർ ആക്രമിച്ച അതേ ദിവസം ജപ്പാൻ ഹോങ്കോംഗ് ആക്രമിച്ച് കീഴടക്കിയിരുന്നു. പിന്നീട് 1945 -ൽ ബ്രിട്ടീഷുകാർ ഹോങ്കോഗിന്റെ നിയന്ത്രണം തിരിച്ചുപിടിക്കുന്നതുവരെ നാല് വർഷക്കാലം ഈ നഗരം ജപ്പാന്റെ കീഴിലായിരുന്നു.

1940 കളിലെ ചൈനീസ് അഭ്യന്തര കലാപവും 1949 ൽ കമ്മ്യുണിസ്റ്റ് പാർട്ടി അധികാരത്തിലെത്തിയതും നിരവധി ചൈനീസ് പ്രമുഖരെ അതിർത്തികടന്ന് ഹോങ്കോംഗിലെത്തി താമസമാക്കുവാൻ പ്രേരിപ്പിച്ചു. 1950 ൽ തന്നെ വ്യവസായവത്ക്കരണം ആരംഭിച്ച ഹോങ്കോംഗിന്റെ സാമ്പത്തിക വളർച്ച അതിവേഗത്തിലായിരുന്നു. 1990 ഓടെ ഹോങ്കോംഗ് ലോകത്തിലെ ഒരു പ്രധാന ഫിനാൻഷ്യൽ ഹബ്ബായി മാറിയിരുന്നു. എന്നാലും അവസാനിക്കാറായ പാട്ടക്കരാറിനെ കുറിച്ചുള്ള ആശങ്ക ഹോങ്കോംഗിൽ നിഴലിക്കുവാൻ ആരംഭിച്ചിരുന്നു.

ബ്രിട്ടീഷുകാരുടെ പിന്മാറ്റവും ഒരു രാജ്യം രണ്ട് ഭരണം എന്ന സമ്പ്രദായവും

1979-ലാണ് ഹോങ്കോംഗ് കൈമാറ്റത്തെ കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കുന്നത്. അന്നത്തെ ഗവർണറായിരുന്ന മുറേ മാക് ലെഹോസും ചൈനീസ് പ്രസിഡണ്ട് ഡെംഗ് സിയാവോപിങ്ങുമായിട്ടായിരുന്നു ആദ്യ ചർച്ചകൾ. പിന്നീട് നയതന്ത്ര തലത്തിൽ നിരവധി ചർച്ചകൾക്കൊടുവിൽ 1984 ലാണ് ബ്രിട്ടീഷുകാർ ഹോങ്കോംഗ് ചൈനക്ക് കൈമാറുവാൻ തീരുമാനിച്ചത്. കരാറനുസരിച്ച് ബ്രിട്ടീഷുകാർ 1997 ൽ ഹോങ്കോഗ് ചൈനക്ക് കൈമാറുമെന്നും ഹോങ്കോഗിൽ നിലനിൽക്കുന്ന സാമ്പത്തിക രാഷ്ട്രീയ രീതികൾ 50 വർഷത്തേക്ക് കൂടി തുടര്ന്നുകൊണ്ടുപോകാൻ ചന അനുവദിക്കണമെന്നുമായിരുന്നു നിബന്ധനകൾ. അങ്ങനെ 1997 ജൂലായ് 1 നാണ് ഹോങ്കോംഗ് ചൈനക്ക് കൈമാറുന്നത്.

കൈമാറ്റത്തിന് ശേഷം ഹോങ്കോംഗിന് നിരവധി പ്രതിസന്ധികൾ അഭിമുഖീകരിക്കേണ്ടിവന്നു.ഹോങ്കോംഗിന്റെ ഡോളറിന്റെ മൂല്യം പിടിച്ചുനിർത്താൻ വിദേശകരുതൽ ധനം വരെ അന്നത്തെ ഹോങ്കോംഗ് ഭരണകൂടത്തിന് ഉപയോഗിക്കേണ്ടിവന്നു. അതിൽ നിന്നും കരകയറിയപ്പോഴേക്കും എച്ച്5 എൻ 1 പക്ഷിപ്പനിയുടെ ആക്രമണമെത്തി. തുടര്ന്നുണ്ടായ സാർസ് രോഗവും ഈ മേഖലയുടെ സാമ്പത്തിക രംഗത്തെ കാര്യമായി ബാധിച്ചു.

ഇതിനിടയിൽ ഹോങ്കോംഗിനെ പൂർണ്ണനിയന്ത്രണത്തിൽ കൊണ്ടുവരുവാൻ ചൈന പല വളഞ്ഞ വഴികളിൽ കൂടിയും ശ്രമിക്കുന്നുണ്ടായിരുന്നു. ചീഫ് എക്സിക്യുട്ടീവ് ഇലക്ഷന് മുൻപ് സ്ഥാനാർത്ഥികളുടെ പശ്ചാത്തലം നോക്കണം എന്ന തീരുമാനം വലിയ പ്രതിഷേധത്തിന് കളമൊരുക്കി. കുടവിപ്ലവം എന്നറിയപ്പെട്ട 2014 ലെ ഈ പ്രക്ഷോഭണം പക്ഷെ വലിയ വിജയം കണ്ടില്ല. 2016 ലെ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുക്കപ്പെട്ടാവരെ അയോഗ്യരാക്കിയ നടപടിയും വെസ്റ്റ് കൗലൂൺ അതിവേഗ റെയിൽവേ സ്റ്റേഷനിൽ ദേശീയ സുരക്ഷാനിയമം നടപ്പിലാക്കിയ നടപടിയുമെല്ലാം ഹോങ്കോംഗിന്റെ സ്വയം ഭരണാവകാശത്തിനു നേരേയുള്ള വെല്ലുവിളികളായിരുന്നു. കഴിഞ്ഞ വർഷം ചൈന നടപ്പിലാക്കിയ നാടുകടത്തൽ ഭേദഗതി നിയമവും ഹോങ്കോംഗിൽ വലിയ പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. ഒരുപക്ഷെ ഹോങ്കോംഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിഷേധമായിരുന്നു അത്.

ഹോങ്കോംഗിലെ  മിശ്ര സാമ്പത്തിക വ്യവസ്ഥ

മുതലാളിത്ത വ്യവസ്ഥക്ക് പ്രാധാന്യമുള്ള മിശ്ര സാമ്പത്തിക വ്യവസ്ഥയാണ് ഹോങ്കോംഗിൽ നിലവിലുള്ളത്. കുറഞ്ഞ നികുതി, സർക്കാർ തലത്തിലുള്ള ഇടപെടലുകളുടെ കുറവ്, വ്യവസ്ഥാപിതമായ ഒരു അന്താരാഷ്ട്ര സാമ്പത്തിക വിപണി എന്നിവ ഹോങ്കോംഗിനെ ലോകത്തിലെ കോർപ്പറേറ്റുകളുടെ പ്രിയപ്പെട്ട ഇടമാക്കി. ഹോങ്കോംഗ് സ്റ്റോക്ക് എക്സ്ചേഞ്ച് ലോകത്തിലെ ഏഴാമത്തെ വലിയ സ്റ്റോക്ക് എക്സ്ചേഞ്ചാണ്. ഭൂമിശാസ്ത്രപരമായ സ്ഥാനം നഗരത്തിനെ ലോകത്തെയാകെ ബന്ധിപ്പിക്കുന്ന ചരക്ക് ഗതാഗതത്തിന് അനുയോജ്യമായ ഇടമാക്കി മാറ്റി. ഒരുകാലത്ത് ഏഷ്യയിലെ ഏറ്റവും വലിയ ഉദ്പാദന മേഖലയായിരുന്ന ഹോങ്കോംഗ് ഇന്ന് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സേവന മേഖലയിലാണ്.

വിദ്യാഭ്യാസ രംഗത്തും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും ലോകത്തിലെ ഏതൊരു വൻനഗരവുമായി കിടപിടിക്കുന്ന ഹോങ്കോംഗിൽ വിവിധ ബഹുരാഷ്ട്ര കമ്പനികളുടെ ശക്തമായ സ്വാധീനമുണ്ട്. അമേരിക്കയുമായുള്ള വ്യാപാരബന്ധത്തിൽ പ്രത്യേക പദവി ലഭിച്ചിട്ടുള്ള ഹോങ്കോംഗിനോട് മറ്റ് പാശ്ചാത്യ രാജ്യങ്ങൾക്കും താത്പര്യമാണ്. സാംസ്‌കാരികമായും സാമൂഹികമായും ചൈനയുടെ മറ്റുഭാഗങ്ങളിൽ കാണുന്നതുപോലുള്ള കടുംപിടുത്തമില്ലായ്മയും, സർക്കാർ നിയന്ത്രണങ്ങളിലെ കുറവുമാണ് ഹോങ്കോംഗിനെ പാശ്ചാത്യ കോർപ്പറേറ്റുകൾക്ക് പ്രിയങ്കരമാക്കിയത്. വ്യവസ്ഥാപിതമായ സാമ്പത്തിക വിപണിയും, കിഴക്കിനേയും പടിഞ്ഞാറിനേയും ബന്ധിപ്പിക്കുന്ന ഇടനാഴി എന്ന പദവിയും ഈ പ്രിയം വർദ്ധിപ്പിക്കുവാൻ കാരണമായി.

ചൈനയുടെ പുതിയ ദേശീയ സുരക്ഷാ നിയമവും ഹോങ്കോംഗും

കൈവശം വന്നുചേർന്ന അന്നു മുതൽതന്നെ ഹോങ്കോംഗിൽ പൂർണ്ണമായ ആധിപത്യം ഉറപ്പിക്കാൻ ചൈന ശ്രമിക്കുകയായിരുന്നു. ഇതിനാൽ ചൈന സ്വീകരിച്ച വളഞ്ഞവഴികളെല്ലാം തന്നെ ഹോങ്കോംഗ് ജനതയുടെ പ്രതിഷേധത്തിന് വഴിതെളിയിക്കുകയും ചെയ്തു. എതിർക്കുന്ന പൗരന്മാരെ അടിച്ചമർത്തി മാത്രം മുന്നോട്ടുപോകാൻ ശീലിച്ച കമ്മ്യുണിസ്റ്റ് ഭരണത്തിന് ഈ പ്രതിഷേധങ്ങളെ ഉൾക്കൊള്ളുവാനുള്ള സഹിഷ്ണുത ഇല്ല എന്നതാണ് യാഥാർത്ഥ്യം. അതാണ് ഈ പുതിയ നിയമം കൊണ്ടുവരാനുള്ള കാരണവും.

ഈ പുതിയ നിയമമനുസരിച്ച്, ചൈനയിൽ നിന്നും വിട്ടുപോകാൻ ശ്രമിക്കുക, ചൈനയുടെ അധികാരത്തെ അംഗീകരിക്കാതിരിക്കുക, ഭീകരപ്രവർത്തനം, വിദേശ ഇടപെടലുകൾ എന്നിവ കുറ്റകരമായിരിക്കും. മാത്രമല്ല ചൈനയുടെ സെക്യുരിറ്റി ഏജൻസികൾക്ക് ഹോങ്കോംഗിൽ പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരിക്കും. ചുരുക്കത്തിൽ, കൂടുതൽ സ്വയം ഭരണാവകാശം ആവശ്യപ്പെടുന്ന ഹോങ്കോംഗിന് മേൽ ചൈന കൂടുതൽ അധികാരം സ്ഥാപിക്കുകയാണ് ഈ നിയമത്തിലൂടെ. മാത്രമല്ല, ഹോങ്കോംഗിന്റെ നിയമസഭയിൽ ഇത് ചർച്ചചെയ്യാതെ, ഭരണകൂടത്തിന്റെ പ്രഖ്യാപനത്തിലൂടെയായിരിക്കും ഇത് നടപ്പാക്കുകയും. അതായത്, ഹോങ്കോംഗിൽ ഇപ്പോൾ നിലവിലുള്ള ജനാധിപത്യ സമ്പ്രദായം അട്ടിമറിക്കപ്പെടുമെന്ന് ചുരുക്കം.

ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഭരണകൂടത്തെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതെയാകും. ചൈനയുടെ ബാക്കി ഭാഗങ്ങളിലേതുപോലെ ഹോങ്കോംഗിലും സർക്കരിന്റെ കടുത്ത നിയന്ത്രണങ്ങൾ വരും. ഇത് ഹോങ്കോംഗ് നിവാസികളെ മാത്രമല്ല, ഇവിടം ആസ്ഥാനമാക്കി വ്യാപാരം നടത്തുന്ന കമ്പനികളേയും പ്രതികൂലമായി ബാധിക്കും. ഹോങ്കോംഗിൽ ഇപ്പോൾ ഉള്ള സ്വാതന്ത്ര്യവും സർക്കാർ നിയന്ത്രണങ്ങളിലെ ഇളവുമെല്ലാം കാണീച്ച് വിദേശ നിക്ഷേപം ആകർഷിക്കാൻ മിക്ക ചൈനീസ് കമ്പനികളും ഹോങ്കോംഗിൽ സാന്നിദ്ധ്യം ഉറപ്പിച്ചിട്ടുണ്ട് എന്നറിയുമ്പോഴാണ് ഹോങ്കോംഗിന്റെ വർത്തമാനകാല വ്യവസ്ഥയുടെ മഹത്വം മനസ്സിലാകുക.

എന്നാൽ, ഈ പുതിയ കരിനിയമം നിലവിൽ വരുന്നതോടെ ചൈനയിലെ മറ്റേതൊരു നഗരത്തേയും പോലെ ഹോങ്കോംഗും പൂർണ്ണമായും ചൈനയുടെ കമ്മ്യുണിസ്റ്റ് ഭരണത്തിൽ കീഴിലാകും. അത് ഇപ്പോൾ ഈ നഗരം അനുഭവിക്കുന്ന പ്രൗഢിക്ക് മങ്ങലേല്പിക്കും എന്നുമാത്രമല്ല, പല വിദേശ നിക്ഷേപകരും പിൻവലിയാനും സാദ്ധ്യതയുണ്ട്. അന്താരാഷ്ട്ര വ്യാപാരരംഗത്ത് ഹോങ്കോംഗിന്റെ പ്രാധാന്യം നോക്കുമ്പോൾ, അന്താരാഷ്ട്ര വ്യാപാരത്തിന് കടുത്ത ഭീഷണീ തന്നെയാണീ നിയമം ഉണ്ടാക്കുക. അതുകൊണ്ട് തന്നെയാണ് ലോക രാജ്യങ്ങളെല്ലാം തന്നെ ഈ നിയമത്തിന് എതിരായി രംഗത്ത് എത്തിയിട്ടുള്ളത്.

അമേരിക്കയുമായുള്ള വ്യാപാരബന്ധത്തിൽ പ്രത്യേക പദവി അനുഭവിക്കുന്ന ഹോങ്കോംഗിന്റെ ആ പദവി ഇതോടെ റദ്ദാക്കിയേക്കുമെന്ന് കേൾക്കുന്നു. എന്നാൽ ഏകദേശം 31 ദശലക്ഷം ഡോളറിന്റെ വിപണീ അമേരിക്ക വേണ്ടെന്നുവയ്ക്കില്ല എന്ന ആത്മവിശ്വാസത്തിലാണ് ചൈന. 85,000 അമേരിക്കക്കാർ ഈ നഗരത്തിൽ ജീവിക്കുന്നു എന്നതും ഇക്കാര്യത്തിൽ പെട്ടെന്ന് ഒരു തീരുമാനത്തിന് അമേരിക്കയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.

ആധുനിക ലോകത്തെ സാമാന്യ മര്യാദകളിൽ ഒന്നാണ് പരസ്പരമുണ്ടാക്കുന്ന കരാറുകൾ പാലിക്കുക എന്നത്. ഹോങ്കോംഗ് കൈമാറ്റം ചെയ്യപ്പെടുമ്പോൾ ബ്രിട്ടനുമായുണ്ടാക്കിയ കരാർ പാലിക്കാത്തതിനെതിരെ കടുത്ത പ്രതിഷേധവുമായി അമേരിക്ക, കാനഡ, ആസ്ട്രേലിയ, ബ്രിട്ടൻ തുടങ്ങിയ രാഷ്ട്രങ്ങൾ രംഗത്തെത്തിക്കഴിഞ്ഞു. സാമ്പത്തിക താത്പര്യം മാത്രമല്ല, മനുഷ്യാവകാശ ലംഘനവും ഹനിക്കപ്പെടും എന്നുതന്നെയാണ് പാശ്ചാത്യലോകം വിശ്വസിക്കുന്നത്.

മനുഷ്യാവകാശ ലംഘനത്തിന്റെ ആദ്യ സൂചനകൾ കണ്ടുതുടങ്ങിയിരിക്കുന്നു. ഇന്നലെ ഈ ബില്ലിനെതിരെ പ്രതിഷേധവുമായി ഇറങ്ങിയ ജനക്കൂട്ടത്തിനു നേരെ ചൈനീസ് പൊലീസ് കുരുമുളക് സ്പ്രേ ഉപയോഗിച്ചു. അതുകൊണ്ടൊന്നും പ്രതിഷേധത്തെ അടക്കാൻ പറ്റില്ലെന്നാണ് ഹോങ്കോംഗ് പൗരന്മാർ പറയുന്നത്. എന്നാൽ ഏത് വിലകൊടുത്തും നിയമം നടപ്പാക്കും എന്നാണ് ചൈനീസ് സൈന്യം വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP