Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'കൊറോണയുടെ ആക്രമണം പേൾ ഹാർബറിൽ ജപ്പാൻ നടത്തിയ ആക്രമണത്തേക്കാളും, 9/11 ലെ ആക്രമണത്തേക്കാളും ഭീകരമാണ്'; ട്രംപിന്റെ കടുത്ത വാക്കുകളിൽ അപകടം മണത്ത് ലോകം; അമേരിക്ക തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ ഇനിയൊരു യുദ്ധത്തിനു കൂടി സാദ്ധ്യതയുണ്ടോ? കോവിഡിൽ ഇടിഞ്ഞ ജനപ്രീതി വർധിപ്പിക്കാൻ ട്രംപിന് മുന്നിൽ ചൈനയുമായുള്ള യുദ്ധം മാത്രമോ പോംവഴി? യുഎസ്-ചൈന യുദ്ധത്തിന്റെ സാദ്ധ്യതകൾ ലോകം ചർച്ച ചെയ്യുമ്പോൾ

'കൊറോണയുടെ ആക്രമണം പേൾ ഹാർബറിൽ ജപ്പാൻ നടത്തിയ ആക്രമണത്തേക്കാളും, 9/11 ലെ ആക്രമണത്തേക്കാളും ഭീകരമാണ്'; ട്രംപിന്റെ കടുത്ത വാക്കുകളിൽ അപകടം മണത്ത് ലോകം; അമേരിക്ക തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ ഇനിയൊരു യുദ്ധത്തിനു കൂടി സാദ്ധ്യതയുണ്ടോ? കോവിഡിൽ ഇടിഞ്ഞ ജനപ്രീതി വർധിപ്പിക്കാൻ ട്രംപിന് മുന്നിൽ ചൈനയുമായുള്ള യുദ്ധം മാത്രമോ പോംവഴി? യുഎസ്-ചൈന യുദ്ധത്തിന്റെ സാദ്ധ്യതകൾ ലോകം ചർച്ച ചെയ്യുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

''കൊറോണയുടെ ആക്രമണം പേൾ ഹാർബറിൽ ജപ്പാൻ നടത്തിയ ആക്രമണത്തേക്കാളും, 9/11 ലെ ആക്രമണത്തേക്കാളും ഭീകരമാണ് '' ട്രംപിന്റെ ഈ പ്രസ്താവനയാണ് അമേരിക്കൻ ചൈനീസ് യുദ്ധത്തിന്റെ സാദ്ധ്യതകളെ കുറിച്ച് പുതിയ ചർച്ചകൾക്ക് വഴിതെളിച്ചിട്ടുള്ളത്. ഈ രണ്ട് സംഭവങ്ങൾക്കും ഒരുപാട് സാമ്യതകളുണ്ട്.ഈ രണ്ട് സംഭവങ്ങളും അമേരിക്കയെ നയിച്ചത് മഹായുദ്ധങ്ങളിലേക്കായിരുന്നു. മാത്രമല്ല. ഈ യുദ്ധങ്ങൾ, മറ്റ് പ്രതിസന്ധികളൊക്കെ തരണം ചെയ്ത്, വീണ്ടും അധികാരത്തിലെത്താൻ അതാത് കാലത്തെ അമേരിക്കൻ പ്രസിഡണ്ടുമാരെ സഹായിച്ചിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ ട്രംപിന്റെ വാക്കുകൾ വ്യാഖ്യാനിച്ച് ഒരു യുദ്ധത്തിനുള്ള സാധ്യതകൾ ലോക മാധ്യമങ്ങൾ തള്ളിക്കളയുന്നില്ല.

രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുക്കാതെ മാറിനിന്ന അമേരിക്കയെ അതിലേക്ക് വലിച്ചിഴച്ചത് ജപ്പാന്റെ പേൾ ഹാർബറിൽ നാവികവ്യുഹത്തിനെതിരായി നടത്തിയ ആക്രമണമായിരുന്നു. ഡച്ചുകാരുടെയും ബ്രിട്ടീഷുകാരുടെയുമൊക്കെ ഏഷ്യയിലെ കോളനികൾ ആക്രമിക്കുന്നതിൽ പ്രതിബന്ധമായി അമേരിക്കയുടെ പസഫിക് നാവികവ്യുഹം വരാതിരിക്കുവാൻ ജപ്പാൻ കാണിച്ച ഒരു അതിബുദ്ധിയായിരുന്നു അത്. അതിനവർക്ക് വലിയ വിലയും കൊടുക്കേണ്ടി വന്നു. അതുപോലെ തന്നെയാണ് അൽക്വയ്ദ നടത്തിയ 9/11 ആക്രമണവും. ഇതായിരുന്നു ഭീകരതക്കെതിരെയുള്ള ആഗോളയുദ്ധത്തിന് അമേരിക്കയെ പ്രേരിപ്പിച്ചത്.

യുദ്ധം ജയിച്ച് തെരഞ്ഞെടുപ്പും ജയിക്കുന്നവർ

രണ്ട് മഹായുദ്ധങ്ങൾക്ക് കാരണങ്ങളായപ്പോൾ, ആ യുദ്ധങ്ങൾ നിലവിലുള്ള പ്രസിഡണ്ടുമാരെ വീണ്ടും തെരഞ്ഞെടുക്കുന്നതിൽ കലാശിച്ചു. ലോകമഹായുദ്ധമുൾപ്പടെയുള്ള കാലഘട്ടത്തിൽ അമേരിക്കയെ നയിച്ച റൂസ്വെൽട്ട് നാലുവർഷം തുടർച്ചയായി തെരഞ്ഞെടുക്കപ്പെട്ട ഒരേയൊരു അമേരിക്കൻ പ്രസിഡണ്ടായെങ്കിൽ, ഭീകരതയ്‌ക്കെതിരെയുള്ള യുദ്ധം ജോർജ് ബുഷ് ജൂനിയറിനെ അധികാരത്തിൽ തിരിച്ചെത്താൻ കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്.ഈ രണ്ട് യുദ്ധങ്ങൾ മാത്രമല്ല, ചെറുതും വലുതുമായ പല യുദ്ധങ്ങളും അമേരിക്ക പ്രധാനമായും നടത്തിയിട്ടുള്ളത് പ്രസിഡണ്ട് തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾക്കിടയിലായിരുന്നു എന്ന് ചരിത്രം പഠിക്കുന്നവർക്ക് അറിയാവുന്ന കാര്യമാണ്. 1812-ൽ ബ്രിട്ടനുമായുള്ള യുദ്ധസമയത്ത് ജെയിംസ് മാഡിസൺ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മുതൽ ആവർത്തിക്കുന്ന ചരിത്രമാണിത്.

ഇത്തവണയും ഒരു യുദ്ധം ആരും പ്രതീക്ഷിച്ചിരുന്നതാണ്. ഇറാനായിരിക്കും ഇരയെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. ഇറാനിലെ ഒരു ഉന്നത സൈനികോദ്യോഗസ്ഥനെ വധിച്ചതു തന്നെ ഒരു യുദ്ധത്തിനായി ഇറാനെ പ്രകോപിക്കുവാനായിരുന്നു എന്നാണ് ലോകരാഷ്ട്രീയത്തെ അടുത്തുനിന്ന് വീക്ഷിക്കുന്ന പല നിരീക്ഷകരും കരുതുന്നത്. ഇറാൻ ആ പ്രകോപനത്തിൽ വീഴാതിരുന്നതോ, അതോ ഇനിയൊരു യുദ്ധത്തിനുള്ള ആഗോള പിന്തുണ സമാഹരിക്കാൻ അമേരിക്കയ്ക്ക് കഴിയാതെപോയതോ മാത്രമല്ല ആ യുദ്ധം ഒഴിവായി പോകുവാൻ കാരണം. വലിയ തെറ്റില്ലാത്ത രീതിയിലേക്ക് അമേരിക്കയുടെ സാമ്പത്തിക സ്ഥിതി വരുന്ന തെരഞ്ഞെടുപ്പിൽ ട്രംപിന് വിജയിക്കാനാവശ്യമായ വോട്ടുകൾ നേടിത്തരുമെന്ന കണക്കുകൂട്ടൽ കൂടിയായിരുന്നു.

ട്രംപിന്റെ പ്രതീക്ഷകളെയൊക്കെ തകിടം മറിച്ചുകൊണ്ടാണ് കോവിഡ് 19 എന്ന മഹാവ്യാധി എത്തുന്നത്. അമേരിക്കയെ ഒരു മഹാദുരന്തമായി പിടികൂടിയ വ്യാധി പതിനായിരങ്ങളുടെ ജീവനെടുക്കുക മാത്രമല്ല, അമേരിക്കയുടെ സാമ്പത്തികസ്ഥിതി തകർക്കുക കൂടി ചെയ്തു. ഇത് തകരാതിരിക്കാൻ ട്രംപ്, ലോക്ക്ഡൗൺ വൈകിക്കുന്നത് ഉൾപ്പടെ പല ശ്രമങ്ങളും നടത്തിയെങ്കിലും അതെല്ലാം വിജയിച്ചില്ല എന്നു മാത്രമല്ല, ഈ മഹാദുരന്തത്തെ കൈകാര്യം ചെയ്തതിൽ വരുത്തിയ വീഴ്‌ച്ചകൾക്ക് പഴി ഒട്ടേറെ കേൾക്കേണ്ടിയും വന്നിരിക്കുന്നു. ചുരുക്കം പറഞ്ഞാൽ, കൊറോണക്ക് മുൻപ് ട്രംപിന് അനുകൂലമായി നിന്ന സാമ്പത്തിക ഭദ്രത ഇപ്പോൾ ഇല്ലെന്ന് മാത്രമല്ല, ദുരന്തം തടയാത്തതിന് പ്രധാന പ്രതിയായി ആരോപിക്കപ്പെടുകയും ചെയ്യുന്നു. ഇത്തരമൊരു സാഹചര്യത്തിൽ മറ്റാരേക്കാൾ യുദ്ധം അനിവര്യമാണ് അധികാരത്തിൽ തിരിച്ചെത്താൻ ആഗ്രഹിക്കുന്ന ട്രംപിന്.

പിന്നിൽ ആയുധ മാഫിയയുടെ അജണ്ടയോ?

അമേരിക്കയുടെ രാഷ്ട്രീയത്തിൽ ഏറെ സ്വാധീനം ചെലുത്തുന്ന ഒന്നാണ് ആയുധ മാഫിയ. ആയുധ നിർമ്മാതാക്കളായിരുന്നു എക്കാലവും അമേരിക്കയുടെ വിദേശ നയങ്ങൾ തീരുമാനിച്ചിരുന്നത് എന്ന ആരോപണം എല്ലാക്കാലവും ഉയർന്നിരുന്നു. അതിധനികരായ ഇവരുടെ ഇച്ഛക്കനുസരിച്ചായിരുന്നു അമേരിക്കൻ തെരഞ്ഞെടുപ്പുകളുടെ അജണ്ട പോലും തയ്യാറായിരുന്നതെന്നും ആരോപണം നിലനിൽക്കുന്നുണ്ട്. രാഷ്ട്രീയ പാർട്ടികൾക്കുള്ള സാമ്പത്തിക സഹായം മറ്റൊന്ന്. സാമാന്യം വലിയ അളവിലുള്ള യുദ്ധങ്ങളൊന്നും അടുത്ത കാലത്ത് ഉണ്ടാകാതിരുന്ന ലോകത്തിൽ അവരുടെ വ്യാപാരമഭിവൃദ്ധിപ്പെടുന്നില്ല എന്ന യാഥാർത്ഥ്യം അവർക്കറിയാം. ഭരണകൂടത്തിൽ അതീവ സ്വാധീനമുള്ള ഒരു സംഘത്തിന്റെ താത്പര്യത്തിന് എതിരായി നിൽക്കുവാൻ ലോകത്ത് ഒരു ഭരണകൂടത്തിനും സാധിക്കില്ല എന്നത് ഒരു പരമാർത്ഥം മാത്രമാണ്.

കഴിഞ്ഞ കുറേക്കാലമായി ചൈന അമേരിക്കയ്ക്ക് ഒരു ഭീഷണിയായി വളർന്ന് വരുന്നത് അവർ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. സാമ്പത്തിക ശക്തിയായും ആയുധശക്തിയായും ചൈന വളരുന്നത് എന്നും അമേരിക്കയ്ക്ക് ഭീഷണിയാണ്. അന്താരാഷ്ട്ര വാണിജ്യത്തിൽ ചൈന പിന്തുടരുന്ന അന്തസിന് നിരക്കാത്ത പല നടപടികളും, സാങ്കേതിക വിദ്യയുടെ മോഷണം ഉൾപ്പടെ, അവർക്ക് അന്താരാഷ്ട്ര തലത്തിൽതന്നെ ഒരുപാട് ശത്രുക്കളെ നേടിക്കൊടുത്തിട്ടുണ്ട്. ഇത് മനസ്സിലാക്കിയ ചൈനയും അവരുടെ ആയുധശക്തി വികസിപ്പിച്ചുകൊണ്ടിരുന്നു.

ഈ സാഹചര്യത്തിലാണ് അഫ്ഗാനിസ്ഥാനിൽ നിന്നും പിൻവാങ്ങാനുള്ള അമേരിക്കയുടെ തീരുമാനത്തെ വിലയിരുത്തേണ്ടത്. ഈ തീരുമാനത്തിലെത്താനുള്ള പലകാരണങ്ങളിൽ ഒന്നായി പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ പറഞ്ഞത്, അഫ്ഗാനിസ്ഥാനിൽ നിന്നും പിൻവാങ്ങിയാൽ കൂടുതൽ സൈന്യത്തെ ഏഷ്യാ പസഫിക് മേഖലയിൽ വിന്യസിക്കാൻ സാധിക്കും എന്നാണ്. ഇന്ന്, ഈ മേഖലയിൽ അമേരിക്കയോട് മത്സരിക്കാൻ കഴിവുള്ളത് ചൈനക്ക് മാത്രമാണ്. മാത്രമല്ല, തെയ്വാൻ ഉൾപ്പടെ ചൈനയുടെ പല ശത്രു രാജ്യങ്ങൾക്കും ധൈര്യത്തോടെ ഈ മേഖലയിൽ കഴിയുവാൻ സാധിക്കുന്നത് ഈ മേഖലയിലെ അമേരിക്കൻ സൈന്യത്തിന്റെ സാന്നിദ്ധ്യം മൂലമാണ്.

ചൈനീസ് യുദ്ധം കുട്ടിക്കളിയല്ല

ആഫ്രിക്കൻ മേഖലയിലേയും തങ്ങളുടെ സാന്നിദ്ധ്യം കുറയ്ക്കുവാൻ അമേരിക്ക ശ്രമിക്കുന്നുണ്ട്. ഇതും ഏഷ്യാ പസഫിക് മേഖലയിലേക്കായിരിക്കും തിരിച്ചുവിടുക. ഇതിനെല്ലാം പുറമേ സി എൻ ബി സി ക്ക് നൽകിയ ഒരു അഭിമുഖത്തിൽ എസ്പർ പറഞ്ഞത്, വൻശക്തിയാകാനുള്ള മത്സരത്തിൽ പ്രധാന എതിരാളി ചൈനയാണെന്നാണ് റഷ്യക്ക് ഇക്കാര്യത്തിൽ രണ്ടാം സ്ഥാനവും ഇറാന് മൂന്നാം സ്ഥാനവുമാണ് അദ്ദേഹം നൽകിയത്. എന്നാൽ ചൈനയുമായുള്ള യുദ്ധം അത്ര നിസാരമായ ഒന്നല്ല എന്നും അദ്ദേഹം പറയുന്നുണ്ട്. സദ്ദാം ഹുസൈന് സർവ്വനാശം വിതയ്ക്കാൻ സാധിക്കുന്ന ആയുധങ്ങൾ ഉണ്ടായിരുന്നില്ല. അൽ-ക്വയ്ദയ്ക്ക് നേവി ഉണ്ടായിരുന്നില്ല അതുപോലെ ഇസ്ലാമിക് സ്റ്റേറ്റിന് വ്യോമസേനയുമില്ല. എന്നാൽ ചൈനക്ക് ഇതെല്ലാം ഉണ്ട് എന്ന അദ്ദേഹത്തിന്റെ പ്രസ്താവന തന്നെ, ചൈനയുമായി യുദ്ധം ചെയ്യുന്നതിന് മുൻപ് അമേരിക്ക എല്ലാ തയ്യാറെടുപ്പുകളും നടത്തും എന്നതിന്റെ സൂചനയായി കണക്കാക്കാം. അഫ്ഗാനിസ്ഥാനിൽ നിന്നുൾപ്പടെയുള്ള സൈന്യ പുനർ വിന്യാസത്തെ ഈ തയ്യാറെടുപ്പുകളുടെ ഭാഗമായി കാണാവുന്നതാണ്.

ലോകത്തിലെ പല വികസിത രാജ്യങ്ങളുമായും വ്യാപാരബന്ധമുള്ള ചൈനയെ ഒറ്റക്ക് നേരിടാൻ ആകില്ലെന്ന് അമേരിക്കക്കറിയാം. ലോക രാഷ്ട്രങ്ങളുടെ പിന്തുണയോടു കൂടി മാത്രമേ ഒരു ആക്രമണം സാധ്യമാകു. പ്രത്യക്ഷത്തിലുള്ള യുദ്ധത്തിനൊപ്പം, സാമ്പത്തിക ഉപരോധം ഉൾപ്പടെയുള്ള ആയുധങ്ങൾ പ്രയോഗിച്ചാൽ മാത്രമേ ചൈനയെ വീണ്ടും ഉയർത്തെഴുന്നേൽക്കാൻ സാധിക്കാത്ത വിധം തകർക്കാനാകൂ എന്നും അമേരിക്ക മനസ്സിലാക്കുന്നു.അതുകൊണ്ട് തന്നെയാണ് തക്ക സമയത്തിനായി അമേരിക്ക കാത്തിരിക്കുന്നത്.

ഇതിനിടയിലാണ് കോവിഡ് എന്ന മഹാമാരി ലോകമാകെ പടർന്ന് പിടിക്കുന്നത്. കൊറോണ മനുഷ്യ സൃഷ്ടിയാണെന്നും, ചൈന തുറന്നുവിട്ടതാണെന്നും അതല്ല, വുഹാനിലെ ലാബിൽ നിന്നും ചാടിപ്പോയതാണെന്നും ഒക്കെയുള്ള ആരോപണങ്ങൾ സംശയത്തിന്റെ ആനുകൂല്യം നൽകി തള്ളിക്കളഞ്ഞാലും, ലോകത്തിൽ കോവിഡ് ഇത്രയധികം വ്യാപകമാകുവാൻ കാരണം ഇതിന്റെ ആരംഭ കാലഘട്ടത്തിൽ ചൈന ലോകത്തോടായി പറഞ്ഞ അസത്യങ്ങളും അർദ്ധസത്യങ്ങളും ആണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. അതുകൊണ്ട് തന്നെയാണ് ചൈനയുമായി വ്യാപാരബന്ധം പുലർത്തുന്ന, സ്വതവെ ആഗോളകാര്യങ്ങളിൽ നിഷ്പക്ഷത പുലർത്താറുള്ള ആസ്‌ട്രേലിയ ഉൾപ്പടെയുള്ള രാജ്യങ്ങൾ ചൈനക്ക് എതിരായി രംഗത്ത് എത്തിയത്.

അന്താരാഷ്ട്രതലത്തിലും ഒറ്റപ്പെട്ട് ചൈന

ഇപ്പോൾ തന്നെ, ചൈനക്ക് എതിരായി രംഗത്ത് എത്തിയിട്ടുള്ള ജപ്പാൻ, തീർച്ചയായും ഒരു യുദ്ധമുണ്ടായാൽ അമേരിക്കയുടെ സഖ്യകക്ഷിയായേക്കും എന്നതിൽ സംശയമൊന്നുമില്ല. ഏഷ്യയിലെ മറ്റൊരു വൻശക്തിയായ ഇന്ത്യ പ്രത്യക്ഷത്തിൽ നിഷ്പക്ഷ നിലപാടെടുത്താലും അമേരിക്കയെ പിന്തുണയ്ക്കുന്ന രീതിയിൽ പെരുമാറാനാണ് സാദ്ധ്യത എന്ന് അമേരിക്ക കണക്കുകൂട്ടുന്നു. മറ്റൊരു ആണവ ശക്തിയായ പാക്കിസ്ഥാനും അമേരിക്കക്കെതിരെ നേരിട്ട് രംഗത്ത് വരാൻ ആകില്ല.

കൊറോണയുടെ ദുരിതമേറ്റുവാങ്ങിയ യൂറോപ്പ്യൻ രാഷ്ട്രങ്ങളിൽ ഇറ്റലി ഒഴികെയുള്ളവർ പലവിധത്തിൽ ചൈനക്ക് എതിരായി നിലയുറപ്പിച്ചു കഴിഞ്ഞു. നേരിട്ടുള്ള ഒരു യുദ്ധത്തിന് അവർ തയ്യാറായില്ലെങ്കിൽ പോലും സാമ്പത്തിക ഉപരോധം ഉൾപ്പടെയുള്ള കാര്യങ്ങളിൽ അവർ അമേരിക്കക്കൊപ്പം നിൽക്കുവാനാണ് സാധ്യത്. അങ്ങനെ ഒരു യുദ്ധമുണ്ടായാൽ പൊതുവെ അമേരിക്കയ്ക്ക് അനുകൂലമായ സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. ഇത് മറ്റാരേക്കാൾ നന്നായി അറിയാവുന്നത് ട്രംപിന് തന്നെയാണ്. കൊറോണയിൽ കൂപ്പുകുത്തിയ പ്രതിച്ഛായയും ജനപിന്തുണയും തിരിച്ചുപിടിക്കാൻ ട്രംപ് കാണുന്നതും ഈ ഒരു യുദ്ധമായിരിക്കാൻ സാദ്ധ്യതകൾ ഏറെയുണ്ട്. അതിന്റെ മുന്നൊരുക്കമായിരിക്കാം കൊറോണയെ പേൾ ഹാർബറും, 9/11 ആക്രമണവുമായി നടത്തിയ താരതമ്യവും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

അതേസമയം ചർച്ചകൾ പലവഴിക്ക് പുരോഗമിക്കുന്നുണ്ടെങ്കിലും യുഎസ്- ചൈന യുദ്ധമുണ്ടാകാനുള്ള സാധ്യത വിരളമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. കാരണം ഇരു രാജ്യങ്ങളും ആണവ ശക്തികൾ ആണ്. അതുകൊണ്ടുതന്നെ അവർ പരസ്പരം പേടിക്കുന്നു. ആണവായുധങ്ങളാണ് ലോകത്ത് സമാധാനം ഉണ്ടാക്കിയതെന്ന് പ്രശസ്ത ശാസ്ത്രകാരൻ യുവാൽ നോഹ ഹരാരി ഒരിക്കൽ പറഞ്ഞിരുന്നു. അതുപോലെ കോർപ്പറേറ്റുകൾ അടക്കമുള്ള ഒരു സാമ്പത്തിക ശക്തിയും ഇനിയൊരു യുദ്ധം ഉണ്ടായിക്കാണാൻ ആഗ്രഹിക്കുന്നില്ല. കാരണം കോവിഡിൽ തകർന്നടിഞ്ഞ വിപണി പൂർണ്ണമായും തകരുന്നതിന് തുല്യമായിരിക്കും അത്. പക്ഷേ പ്രത്യക്ഷയുദ്ധം നടന്നില്ലെങ്കിലും പരോക്ഷയുദ്ധവും നിഴൽ യുദ്ധവും ഈ രണ്ടുരാജ്യങ്ങളും തമ്മിൽ ഇനിയും ഉണ്ടാകും. പഴയ സോവിയറ്റ് യൂണിയൻ - അമേരിക്ക ശീതയുദ്ധത്തെ ഓർമ്മിപ്പിക്കുന്ന രീതിയിലായിരിക്കും ഇനിയുള്ള യുഎസ്- ചൈന ബന്ധമെന്നും പൊതുവെ വിലയിരുത്തപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP