Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

കോവിഡ് പടരുമ്പോളും ഇറ്റലിയിൽ നടന്നത് 'ഹഗ് എ ചൈനീസ്' കാമ്പയിൻ; ലക്ഷ്യമിട്ടത് ചൈനക്കാർ അനുഭവിക്കുന്ന വംശീയ വിവേചനത്തിനെതിരെ സന്ദേശം നൽകുക; എല്ലാവരും വിശ്വസിച്ചത് രോഗത്തെക്കുറിച്ച് ചൈന പറഞ്ഞ തെറ്റായ കഥകൾ; മാസ്‌ക്കും ഗ്ലൗസും പോലുമില്ലാതെ ഇറ്റലിക്കാർ മരിച്ചുവീഴുമ്പോൾ സഹായിക്കാതെ കൈ കഴുകി ഷീജിൻ പിൻ; യൂറോപ്പിലെ ഏക സൗഹൃദ രാജ്യത്തെ ചൈന നിഷ്‌ക്കരുണം വഞ്ചിച്ചെന്ന് മാധ്യമങ്ങൾ; ഇറ്റലിയെ ശവപ്പറമ്പാക്കിയതിന് പിന്നിലും ചൈനീസ് ചതി

കോവിഡ് പടരുമ്പോളും ഇറ്റലിയിൽ നടന്നത് 'ഹഗ് എ ചൈനീസ്' കാമ്പയിൻ; ലക്ഷ്യമിട്ടത് ചൈനക്കാർ അനുഭവിക്കുന്ന വംശീയ വിവേചനത്തിനെതിരെ സന്ദേശം നൽകുക; എല്ലാവരും വിശ്വസിച്ചത് രോഗത്തെക്കുറിച്ച് ചൈന പറഞ്ഞ തെറ്റായ കഥകൾ; മാസ്‌ക്കും ഗ്ലൗസും പോലുമില്ലാതെ ഇറ്റലിക്കാർ മരിച്ചുവീഴുമ്പോൾ സഹായിക്കാതെ കൈ കഴുകി ഷീജിൻ പിൻ; യൂറോപ്പിലെ ഏക സൗഹൃദ രാജ്യത്തെ ചൈന നിഷ്‌ക്കരുണം വഞ്ചിച്ചെന്ന് മാധ്യമങ്ങൾ; ഇറ്റലിയെ ശവപ്പറമ്പാക്കിയതിന് പിന്നിലും ചൈനീസ് ചതി

എം മാധവദാസ്

'ഇറ്റലിയുടെ ദേശീയ ശബ്ദം ഇന്ന് ആംബുലൻസുകളുടെ സൈറനാണ്. രാജ്യത്തിന്റെ ഗന്ധം ശവങ്ങളുടെതും'- കോവിഡിൽ ഇരുപതിനായിരത്തോളം പേർ മരിക്കുകും ഒന്നരലക്ഷത്തിലധികം പേർ രോഗികളാവുകയും ചെയ്ത ഇറ്റലിയുടെ സമകാലീന അവസ്ഥയെക്കുറിച്ച് യുവ കവി 
അന്റോണിയോ ലോറെ പറഞ്ഞ വാക്കുകളാണിത്. ചിരിച്ചും ഉല്ലസിച്ചും ചുബിച്ചും യുവത്വം ആർത്തിരിമ്പിയിരുന്നു മിലാനും വെനീസുമെല്ലാം ഇന്ന് ശ്മശാന മൂകമാണ്. ലോക ടൂറിസം വ്യവസായത്തിന്റെ തലസ്ഥാനമെന്ന് അറിയപ്പെടുന്ന ഇറ്റലിയിലേക്ക് ഇന്ന് ആരും വരുന്നില്ല എന്നുമാത്രമല്ല, വൈറസ് വാഹകർ എന്ന രീതിയിൽ ഭീതിയോടെയാണ ഇറ്റലിക്കാരെ ലോകം കാണുന്നത്. ചൈനീസ് വൈറസ് എന്നപേര് വളരെ പെട്ടെന്ന് ഇറ്റാലിയൻ വൈറസ് എന്നായി മാറുകയാണെന്ന് ബിബിസി അടക്കമുള്ള ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇപ്പോൾ ഇറ്റലിൽ മാധ്യമ പോസ്റ്റുമോർട്ടങ്ങളുടെ കാലം കൂടിയാണ്. ഈ വൈറസ് പടർന്നതിനു പിന്നിൽ ചൈനയുടെ ചതിയാണെന്നാണ് ഇപ്പോൾ മാധ്യമങ്ങളിൽ ഉയരുന്ന പ്രധാന വിവാദം. യൂറോപ്പിൽ ചൈനയുമായി ഏറ്റവും നല്ല ബന്ധം പുലർത്തുന്നത് ഇറ്റലിയാണ്. എന്നിട്ടും ചൈന തങ്ങളെ ചതിച്ചുവെന്നാണ് ലാ റിപ്പബ്ലിക്ക എന്ന പ്രമുഖ പത്രം ചൂണ്ടിക്കാട്ടുന്നത്.

ഹഗ് എ ചൈനീസ് ക്യാമ്പയിൻ ഒരു ചതി

യൂറോപ്പിൽ ഏറ്റവുമധികം ചൈനക്കാരുള്ളത് ഇറ്റലിയിലാണ്-3.3 ലക്ഷം. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന്റെ സ്വപ്നമായ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവുമായി (Belt and Road Initiative (BRI)
ഒപ്പുവെക്കുന്ന ഏക യൂറോപ്യൻ രാജ്യമായി 2019 മാർച്ചിൽ അവർ മാറി. ലോകമെമ്പാടും ചൈനയുടെ സഹായത്തോടെ പാലങ്ങളും റോഡുകളും തുറമുഖങ്ങളും നിർമ്മിക്കുന്ന അതി ബൃഹത്തായ പദ്ധതിയാണിത്. ഇറ്റലി ചൈനയുമായുള്ള സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കാൻ കിണഞ്ഞു ശ്രമിക്കുന്നതിൽ യൂറോപ്യൻ യൂണിയനും അമേരിക്കയ്ക്കും എതിർപ്പുണ്ട്. ഇറ്റാലിയൻ പ്രധാനമന്ത്രി ജ്യുസപ്പേ കോണ്ടേക്ക് ചൈനയുമായി അടുത്ത ബന്ധമാണ്. ചൈനയുമായുള്ള സൗഹൃദം വ്യാപാര വാണിജ്യരംഗങ്ങളിൽ ഗുണം ചെയ്യുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അതുകൊണ്ടുതന്നെ വുഹാനിൽ വൈസ് ബാധ ഉണ്ടായപ്പോൾ ചൈനക്ക് എല്ലാ പിന്തുണയും കൊടുത്ത രാജ്യമായിരുന്നു ഇറ്റലി.

കോവിഡ പൊട്ടിപ്പുറപ്പെട്ടതോടെ ലോകത്തെമ്പാടും ചൈനക്കാരെ മറ്റൊരു കണ്ണിൽ നോക്കുന്ന സാഹചര്യം ഉണ്ടായി. എന്നാൽ വർഷങ്ങളായുള്ള വ്യാപാര വാണിജ്യ ബന്ധവും ചൈനക്കാരുടെ സ്ഥിര സാന്നിധ്യവും ഇറ്റലിയിൽ മാത്രം ഇതുണ്ടായില്ല. മാത്രമല്ല ചൈനക്കാരെ ഒറ്റപ്പെടുത്തുന്നതിനെതിരെ വലിയ പ്രതിഷേധം രാജ്യത്ത് ഉയർന്നു. ഫെബ്രുവരി ആദ്യവാരം ഇറ്റയിൽ നടന്ന ഹഗ് എ ചൈനീസ് (ഒരു ചൈനക്കാരനെ ആലിംഗനം ചെയ്യുക) കാമ്പെയിൻ വലിയ പ്രതികരണമാണ് ഉണ്ടാക്കിയത്. ഫ്‌ളോറൻസ് മേയർ ഡാരിയോ നാർഡെല്ലയാണ് തുടക്കമിട്ടത്. കോവിഡ് വ്യാധിയുടെ പേരിൽ ഇറ്റലിയിൽ ചൈനക്കാർ അനുഭവിക്കുന്ന വംശീയ വിവേചനത്തിനും വെറുപ്പിനും ഏതിരെ സന്ദേശം നൽകാനുള്ള ശ്രമമായിരുന്നു അത്. നൂറ് കണക്കിന് ഇറ്റാലിയൻ പൗരന്മാർ ചൈനക്കാരെ ആലിംഗനം ചെയ്തും ചുംബിച്ചും ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വാരിവിതറി. സാമൂഹികമായ അകലംപാലിക്കാൻ ലോകമെമ്പാടും പരസ്പരം ഉപദേശിക്കുന്ന കാലത്ത് ഇത്തരമൊരു സ്‌നേഹപ്രകടനം വലിയ വിമർശനം ക്ഷണിച്ചുവരുത്തി. മറ്റേതെല്ലാം രീതിയിൽ ചൈനീസ് ജനതയോടുള്ള ഐക്യദാർഡ്യം പ്രകടിപ്പിക്കാമായിരുന്നു എന്ന ചോദ്യം പലരും ഉന്നയിച്ചു.

ഈ സമയത്താണ് കോവിഡ് ഇറ്റലിയിൽ ഏറ്റവും കൂടുതൽ പടർന്നത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ വുഹാനിൽ മാത്രം ഉള്ള ഒരു പ്രാദേശിക പ്രതിഭാസം ആയാണ് ചൈന അത് ഇറ്റലിയെ ധരിപ്പിച്ചത്. പ്രധാനമന്ത്രി ജ്യുസപ്പേ കോണ്ടേ അടക്കമുള്ളവർ അങ്ങനെയാണ് വിശ്വസിച്ചിരുന്നത്. മാത്രമല്ല ഈ സമയത്ത് ഹഗ് കാമ്പയിൻ നടത്തിയാൽ അത് ഇരുരാജ്യങ്ങളിലെയും ബന്ധം സുദൃഡമാവുമെന്നും കോണ്ടെ കരുതി. പക്ഷേ ചൈന പറഞ്ഞതെല്ലാം കളവായിരുന്നു. അപ്പോഴേക്കും രോഗം വുഹാൻ കടന്ന് ലോകത്തിന്റെ നാനാഭാഗങ്ങളിലും എത്തിയിരുന്നു. ലക്ഷങ്ങൾ കോവിഡ് ബാധിതരായിട്ടും ആയിരങ്ങളുടെ കണക്ക് മാത്രമാണ് ചൈന പുറത്തു്വിട്ടത്. ഇപ്പോഴും വുഹാനിൽ വെറും മൂവായിരത്തിലധികം പേർ മരിച്ചുവെന്ന് മാത്രമാണ് ചൈന പറയുന്നത്. പക്ഷേ നാൽപ്പതിനായിരത്തോളംപേർ മരിച്ചുവെന്നായിരുന്നു അനൗദ്യോഗിക കണക്ക്.

കോവിഡ് പകർച്ചയെ തുടർന്ന് ഇരുരാജ്യങ്ങൾക്കിടയിലുള്ള വിമാന സർവീസ് ആദ്യം നിറുത്തിവെക്കുന്ന യൂറോപ്യൻ യൂണിയൻ രാജ്യവും ഇറ്റലി തന്നെ-2020 ജനുവരി 31 ന്. ഫെബ്രുവരി ആദ്യ വാരത്തിലാണ് ഹഗ് എ ചൈനീസ് കാമ്പയിൻ നടന്നത്. വിമാനത്താവളം അടക്കുംവരെയും വുഹാനിൽനിന്ന് മിലാനിലേക്ക് നിരവധി സർവീസുകൾ ദിവസവും നടന്നിരുന്നു. ചൈനയിലുള്ള തങ്ങളുടെ ബന്ധുക്കളെ കാണാൻ എത്തിയവും വ്യാപാര ആവശ്യങ്ങൾക്ക് വന്നവരും അപ്പോഴേക്കും ഇറ്റലിയിൽ രോഗം പടർത്തിയിരുന്നു. എന്നാൽ ഇതറിയാതെ തങ്ങളുടെ നേതാക്കളുടെ വാക്ക വിശ്വസിച്ച് ചൈനാക്കാരെ കെട്ടിപ്പടിച്ച് നടന്ന ഇറ്റലിക്ക് പണികിട്ടുകയും ചെയതു.

അതുകൊണ്ടുതെന്നെ ഇതൊരു ചൈനീസ് ചതിയാണെന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ ഇപ്പോൾ രോഷം കൊള്ളുന്നത്. നാടിനുണ്ടായ നഷ്ടം തിരിച്ചു പിടിക്കാൻ ചൈനക്കെതിരെ അന്താരാഷ്ട്ര കോടതയിൽ പോവണമെന്നുള്ള ആവശ്യങ്ങൾവരെ മാധ്യമങ്ങൾ ഉന്നയിക്കുന്നുണ്ട്. വ്യാപാര ബന്ധങ്ങളുടെപേരിൽ ചൈനയെ അനുകൂലിക്കാൻ പോയ പ്രധാനമന്ത്രിക്കെതിരെയും വൻ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്. ചൈന കൃത്യമായ കണക്കുകൾ പുറത്തുവിടുകയും രോഗത്തിന്റെ വ്യാപനം വെളിപ്പെടുത്തുകയും ചെയ്യുകയായിരുന്നെങ്കിൽ ഈ കെണിയിൽ്നിന്ന് തങ്ങൾക്ക് രക്ഷപ്പെടാൻ കഴിയുമായിരുന്നെന്നാണ് മാധ്യമങ്ങൾ വിമർശിക്കുന്നത്. ഇപ്പോൾ ഇറ്റലി കോവിഡിന്റെ തലസ്ഥാനമായപ്പോൾ ചൈനയിൽ കോവിഡിൽ നിന്ന് വിമുക്തി നേടിയതിന്റെ ആഘോഷം നടക്കയാണ്. ഇപ്പോൾ ഇറ്റലിക്കാരനെയാണ് ലോകം വൈറസ് വാഹകൻ എന്ന വംശീയ മുൻവിധിയോടെ കാണുന്നത്. അപ്പോൾ എന്തുകൊണ്ട് ചൈനയിൽ ഹഗ് ആൻ ഇറ്റാലിയൻ എന്ന പേരിൽ കാമ്പയിൻ നടക്കുന്നില്ല എന്നാണ് മാധ്യമപ്രവർത്തകനായ പാട്രിക്ക് ഹാർക്ക് രോഷം കൊള്ളുന്നത്. പേരിന് കുറച്ച് ഡോക്ടർമാരെ അയച്ചു എന്നല്ലാതെ മാസ്‌ക്കും, ഗ്ലൗസും, വെന്റിലേറ്റും ഒന്നുമില്ലാതെ ജനങ്ങൾ മരിക്കുന്നത് കൈയും കെട്ടിനിൽക്കുന്ന ഇറ്റാലിയൻ ആരോഗ്യമേഖലയെ സഹായിക്കാനുള്ള ഒരു നടപടിയും ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടായതുമില്ല. ചൈന എന്തുകൊണ്ട് ഇറ്റലിയിലേക്ക് മാസ്‌ക്ക്പോലും എത്തിക്കുന്നില്ല എന്നാണ് മാധ്യമങ്ങൾ ചോദിക്കുന്നത്. ഡോക്ടർമാരെ അയച്ചുവെന്ന് പറഞ്ഞ് കൈ കഴുകുകയാണ്‌
ഷീ ജിൻ പിൻ അടക്കമുള്ളവർ ചെയ്തത്.

ചൈനയുണ്ടാക്കിയ ചെർണോബിൽ ദുരന്തം

ചൈനയുണ്ടാക്കിയ ചെർണോബിൽ ദുരന്തം എന്നാണ് ഇപ്പോൾ പാശ്ചാത്യമാധ്യമങ്ങൾ ഇതിനെ വിശേഷിപ്പിക്കുന്നത്. നിസ്സാരമായി പരിഹരിക്കാവുന്ന ഒരു  പ്രശ്‌നത്തെ
ഭരണകുടത്തിന്റെ ധാർഷ്ട്യം മൂലം ആണവദുരന്തമാക്കിയ സോവിയറ്റ് യൂണിയനെപ്പോലെ തന്നെയാണ്, ഒരു മാംസ മാർക്കറ്റിൽനിന്ന് ഉണ്ടായ വൈറസിനെ അവിടെതന്നെ കെടുത്താനുള്ള എല്ലാ അവസരങ്ങളും നശിച്ചിച്ച് ഒരു മഹാമാരിയെ ലോകത്തിലേക്ക് കയറ്റുമതി ചെയ്ത ചൈനയിലും സംഭവിക്കുന്നത്.

ചെർണോബിൽ ദുരന്തത്തിൽ  31പേർ  മാത്രമാണ് മരിച്ചതെന്ന്
കമ്യൂണിസ്റ്റ് സോവിയറ്റ് യൂണിയൻ നൽകിയ കണക്ക് ഓർക്കണം. ഈ ഇരുമ്പുമറ ഇപ്പോഴും നിലനിൽക്കുന്നു. നാൽപ്പതിനായിരത്തോളംപേർ വൂഹാനിൽ കോവിഡ് മൂലം മരിച്ചുവെന്ന് പാശ്ചാത്യമാധ്യമങ്ങൾ അവിടുത്തെ ശ്മാനങ്ങളിൽനിന്ന് കൊടുത്ത ചിതാഭസ്മത്തിന്റെ കണക്കും, പേരു വെളിപ്പെടുത്താത്ത പ്രദേശവാസികളുമായുള്ള അഭിമുഖവുമൊക്കെ  എടുത്തതിന്റെ
അടിസ്ഥാനത്തിൽ പറയുമ്പോഴും ചൈന പറയുന്നത് വെറും മൂവായിരത്തിലേറെ മരണങ്ങളുടെ കണക്ക് മാത്രമാണ്! മരണസംഖ്യയിൽ മാത്രമല്ല ചെർണോബിൽ ദുരന്തവും കോവിഡ് വ്യാപനവും തമ്മിലുള്ള അഭൂതപൂർവമായ സാമ്യം ഇരിക്കുന്നത്. ചെർണോബിൽ ദുരന്തത്തിനു ശേഷം, പതിനായിരക്കണക്കിനു കുട്ടികളെ ആണവധൂളിയിലൂടെ മാർച്ച് ചെയ്യാൻ നിര്ബ്ബന്ധിതരാക്കും വിധം കീവ് നഗരത്തിലെ മെയ് ദിന പരേഡ് നടത്തിയേ പറ്റൂ എന്ന് സോവിയറ്റ് അധികൃതർ നിർബ്ബന്ധം പിടിക്കുകയുണ്ടായി. ഇതേ നിർബ്ബന്ധബുദ്ധിയുടെ സമാനദൃശ്യമാണ് കഴിഞ്ഞ മാസം വുഹാനിൽ കാണാനായത് .വുഹാനിലെ ബൈബുട്ടിങ് ജില്ലയിൽ , നാൽപ്പതിനായിരത്തോളം കുടുംബങ്ങൾ തയാറാക്കിയ ഭക്ഷ്യവിഭവങ്ങൾ പങ്കിട്ടുകൊണ്ടുള്ള നവവത്സര വിരുന്നു നടത്താൻ അധികൃതർ തീരുമാനിച്ചു.സമൂഹവിരുന്നിന്റെ ഇരുപതാം വർഷത്തിൽ, വിഭവങ്ങളുടെ എണ്ണത്തിൽ ഒരു റിക്കാർഡ് സൃഷ്ടിക്കാൻ സംഘാടകർ ശ്രമിച്ചു . നാൽപ്പതിനായിരം കുടുംബങ്ങൾ ഉണ്ടാക്കിയ 13, 986 തരം വിഭവങ്ങൾ വിളമ്പിക്കൊണ്ടാണ് , ആയിരക്കണക്കിന് ആൾക്കാർ പങ്കെടുത്ത ആ സമൂഹവിരുന്ന് നടന്നത് ! അപ്പോഴും കോവിഡ് പടരുകയായിരുന്നു. ഭരണകൂടം നൽകിയ ഉറപ്പിൽ നിരപരാധികളായ മനുഷ്യർ അതൊന്നും അറിഞ്ഞില്ല.

ഇതേ ഫീഡ്ബാക്കാണ് ചൈന തങ്ങളുമായി അടുത്ത ബന്ധം പുലർത്തിയ എല്ലാരാജ്യങ്ങൾക്കും നൽകിയത്. ഇതിൽ ഇറ്റലിയും ഉൾപ്പെടും. അത്  വിശ്വസിച്ചവർക്കൊക്കെ
പണി കിട്ടിയെന്ന് ചുരുക്കം. ഒരൊറ്റ മാംസമാർക്കറ്റിൽ നിന്ന് ഉടലെടുത്ത ഉദ്ഭവ സ്ഥാനത്ത് തന്നെ നിഷ്പ്രയാസം തടയാമായിരുന്ന വൈറസ് ബാധയെ ചൈന വഷളാക്കി. രോഗം ആദ്യം കണ്ടെത്തിയ ഡോക്ടറെ  പിടിച്ച് അകത്തിടുകയാണ് ചൈന ചെയ്തത്. ആളുകൾ മരിച്ചുവീഴുമ്പോളും രോഗം മനുഷ്യനിൽനിന്ന് മനുഷ്യനിലേക്ക് പടരും എന്നതിന് തെളിവില്ലെന്ന് ഭരണകൂടം പറഞ്ഞു. ഇതു വിശ്വസിച്ച പാവം ജനം ഒന്നുമറിയാതെ ഇടപഴകി വീണ്ടും കോവിഡ് പടർത്തി. ലോകത്തിന്റെ നാനാഭാഗത്തേക്കും കയറ്റുമതി ചെയ്തു. ആ രീതിയിൽ നോക്കുമ്പോൾ ചൈനീസ് ഭരണകൂടത്തിന് ഈ രോഗത്തിന്റെ സൃഷ്ടിയിൽ വലിയ പങ്കുണ്ട്. അതുകൊണ്ടാണ് ചൈനക്കെതിരെ കേസ് പോകണണെന്ന് ഇറ്റലിയിൽനിന്നുവരെ ആവശ്യം ഉയരുന്നത്.

രോഗം പടർത്തിയതിന് പിന്നിലും ചുംബനവും കെട്ടിപ്പിടുത്തവും

ചൈനക്കാരനെ ചുംബിച്ചതിന് പിന്നാലെ ഇറ്റലിക്കാരുടെ അഭിസംബോധന രീതികളും കോവിഡ് പടരുന്നതിന് ഇടയാക്കിയെന്ന് ദ ഗാർഡിയൻ അടക്കമുള്ള പത്രങ്ങൾ ചൂണ്ടിക്കാട്ടുന്നു. സൗന്ദര്യ ആരാധകരും സുഖലോലുപരുമായ ജനത'- വിക്കീപീഡിയയിൽ പോലും ഇറ്റലിക്കാരെ പൊതുവെ വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്. പൊതുവെ നിർഭയരും സഞ്ചാരപ്രിയരും ശുഭാപ്തിവിശ്വാസക്കാരും ആഘോഷ പ്രിയരും സഞ്ചാരപ്രിയരുമാണണ് ഇറ്റലിക്കാർ. അതുപോലെ തങ്ങളുടെ കഴിവിൽ അമിതമായി ആത്മിശ്വാസം പുലർത്തുന്നവരും. ഇതുതന്നെയാണ് കോവിഡ് കാലത്ത് വിനയായതെന്ന് റീഡിങ്ങ് സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിലെ പ്രൊഫസർ മറീന ഡെല്ല ജിയൂസ്റ്റ ലൈവ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

'നിങ്ങൾ ഹലോ എന്ന് പറയുമ്പോൾ പരസ്പരം ചുംബിക്കുക എന്നതാണ് ഇറ്റലിക്കാരുടെ പതിവ്. മെഡിറ്ററേനിയനുചുറ്റും ആളുകൾ തമ്മിൽ ഉയർന്ന ശാരീരിക സമ്പർക്കം ഉണ്ട്. ആളുകൾ യൂറോപ്പിലെ മറ്റ് ഭാഗങ്ങളേക്കാൾ വർഷത്തിൽ യാത്രചെയ്യുന്നും ഇറ്റലിക്കാരാണ്'- പ്രൊഫസർ മറീന ഡെല്ല ജിയൂസ്റ്റ ചൂണ്ടിക്കാട്ടുന്നു. ഈ ചുംബന സംസ്‌ക്കാരം തന്നെയാണ് ഇറ്റലിയെ സത്യത്തിൽ കുടുക്കിയത്. കെട്ടിപ്പിടിച്ച് ചുംബിക്കുക ആ നാട്ടിലെ ഒരു സംബോധന രീതിയിയാണ്. ജനുവരിയിൽ കോവിഡിന്റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തിട്ടും തികഞ്ഞ അലംഭാവമാണ് നാട്ടുകാരും ഭരണകൂടവും കാണിച്ചത്. ചൈന ഹസ്തദാനം നിരോധിച്ചുതുകൊണ്ടാണ് പിടിച്ചു നിന്നത്. ഹസ്താദാനത്തിനു പകരം കാലുകൾ പരസ്പരം മുന്നോട്ടുവെച്ച് ഒരു അഭിവാദന രീതയാണ് ചൈന സ്വീകരിച്ചത്. എന്നാൽ കൊറോണയുടെ സ്റ്റേജ് ഒന്നും രണ്ടും ഘട്ടത്തിനും ഇറ്റലിക്കാർ ചുംബനവും കെട്ടിപ്പിടുത്തവും ഒഴിവാക്കിയല്ല. കാരണം അമിത ആത്മവിശ്വാസം തന്നെ.

മാത്രമല്ല കത്തിയും മുള്ളും ഉപയോഗിക്കുന്നതിനാൽ ഇറ്റലിയടക്കമുള്ള യൂറോപ്പ്യൻസിന് പൊതുവെ കൈ കഴുകേണ്ടി വരുന്നില്ല. ഇതും രോഗം പടരുന്നതിന് ഇടയാക്കി. അതുപോലെ അച്ചടക്കമില്ലാത്ത പൗരന്മാരും എന്തിന് സർക്കാർ വാർത്ത ചോർത്തുന്ന മാധ്യമങ്ങളും ഇന്ന് ഇറ്റലിയിൽ വ്യാപകമായി വിമർശിക്കപ്പെടുകയാണ്. ഒരു ഇറ്റലിക്കാരനായ പത്തനംതിട്ട 'അച്ചായനും' കുടുംബവുമാണ് കൊറോണ കേരളത്തിൽ പടർത്തിയതിൽ മുന്നിൽ നിൽക്കുന്നതെങ്കിൽ, ഐസോലേഷനിൽ നിന്ന് ചാടിപ്പോയ കുറേ ഇറ്റാലിയൻ പൗരന്മാരാണ് അവിടെയും സ്ഥിതിഗതികൾ വഷളാക്കിയത്. ഇറ്റലിയുടെ 25 ശതമാനം ക്വാറന്റൈൻ ചെയ്ത് റെഡ് സോൺ പ്രഖ്യാപിച്ച സമയത്ത് 10000 ത്തോളം ആളുകൾ സൂത്രത്തിൽ കടന്ന് കളഞ്ഞ് ഇറ്റലിയുടെ മറ്റുഭാഗങ്ങളിലുള്ള തങ്ങളുടെ വീടുകളിലേക്ക് പോയതാണ് പ്രശ്നം സങ്കീർണ്ണമാക്കിയതെന്ന് എപ്പിഡമോളജി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. മാർച്ച് 2, 3 എന്നീ തീയതികളിലായാണ് ഇവർ കടുന്നു കളഞ്ഞത്. ഇറ്റലിയിൽ പ്രമുഖർക്ക് രണ്ട് വീടുകൾ ഉണ്ട്. യാത്രചെയ്യാൻ പാടില്ലാത്ത റെഡ് സോണിൽനിന്ന് അവർ ഗ്രാമങ്ങളിലെ തങ്ങളുടെ വീട്ടിലേക്ക് കടന്നു.

പക്ഷേ ഇതോടെ രോഗം രാജ്യം മുഴുവൻ എത്തി. രാജ്യം മൊത്തം മാർച്ച് 9 ഓടെ ക്വാറന്റൈൻ ചെയ്യേണ്ടി വന്നിരിക്കുന്നു. വൃദ്ധർ മാത്രമാണ് ഈ രോഗം വന്നാൽ മരിക്കുക എന്ന തെറ്റിദ്ധാരണയും ഇക്കാലത്ത് യുവാക്കൾക്ക് ഉണ്ടായിരുന്നു. മരിച്ചവരിൽ ഭൂരിഭാഗും വയോധികർ ആയിരുന്നെങ്കിലും ഇപ്പോൾ യുവാക്കളും മരിക്കുന്നുണ്ട്. ജപ്പാൻ കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കുടുതൽ ആയുർദൈർഘ്യമുള്ള രാജ്യമാണ് ഇറ്റലി. മരണ നിരക്ക് കൂടാൻ അതും ഒരു കാരണമായി. പക്ഷേ കൊറോണ സ്റ്റേജ് 2വിലേക്ക് കടന്നിട്ടും. ഇറ്റലിക്കാർ വീട്ടിൽ ഒതുങ്ങിയില്ല. അവർ അപ്പോഴുംവലിയ കൂട്ടമായി റെസ്റ്റോറന്റുകളിലും ബാറുകളിലും കറങ്ങി നടന്നു. അതിനുള്ള വലിയ വിലയാണ് പിന്നീട് കൊടുക്കേണ്ടി വന്നത്. മനുഷ്യാവകാശങ്ങൾക്ക് പുല്ലുവില കൽപ്പിക്കുന്ന ചൈനപോലുള്ള രാജ്യങ്ങൾ ചെയ്യുന്നപോലെ, ആളുകളെ അടിച്ചമർത്താൻ അപ്പോളും ഇറ്റാലിയൻ ഭരണകൂടം ശ്രമിച്ചിട്ടുമില്ല. പുറത്തിറങ്ങുന്നവർക്ക് പിഴയുൾപ്പെടയുള്ള കാര്യങ്ങൾ ഏർപ്പെടുത്തി വരുമ്പോഴേക്കും കാര്യങ്ങൾ എല്ലാം കൈവിട്ടുപോയിരുന്നു. ഇപ്പോഴിതാ ശക്തമായ മാധ്യമ വിചാരണ ഇറ്റലിയിൽ നടക്കയാണ്. അതിൽ അവർ കാര്യമായി കുറ്റപ്പെടുത്തുന്നതും ചൈനീസ് ഇരുമ്പുമറയെ തന്നെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP