Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

62ൽ തോറ്റോടിയ ഇന്ത്യയല്ല ഇത്; ചൈനയേക്കൾ ആധുനികമായ വ്യോമസേനയുള്ളത് ഇന്ത്യക്ക്; മിറാഷ് ജാഗ്വർ പോർവിമാനങ്ങളും കരുത്ത്; ബെയ്ജിങ്ങിനെപ്പോലും എരിച്ച്കളയാൻ കഴിയുന്ന സൂര്യയെന്ന ഭൂഖണ്ഡാനതര മിസൈൽ ഭാരതത്തിന്റെ 'ബ്രഹ്മാസ്ത്രം'; അംഗബലം ചൈനക്ക് ഗുണം ചെയ്യില്ല; ഇന്ത്യാ- ചൈന യുദ്ധമുണ്ടായാൽ മേൽക്കോയ്മ ഇന്ത്യക്ക്; അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനം ചൈനയെ ഞെട്ടിക്കുന്നു

62ൽ തോറ്റോടിയ ഇന്ത്യയല്ല ഇത്; ചൈനയേക്കൾ ആധുനികമായ വ്യോമസേനയുള്ളത് ഇന്ത്യക്ക്; മിറാഷ് ജാഗ്വർ പോർവിമാനങ്ങളും കരുത്ത്; ബെയ്ജിങ്ങിനെപ്പോലും എരിച്ച്കളയാൻ കഴിയുന്ന സൂര്യയെന്ന ഭൂഖണ്ഡാനതര മിസൈൽ ഭാരതത്തിന്റെ 'ബ്രഹ്മാസ്ത്രം'; അംഗബലം ചൈനക്ക് ഗുണം ചെയ്യില്ല; ഇന്ത്യാ- ചൈന യുദ്ധമുണ്ടായാൽ മേൽക്കോയ്മ ഇന്ത്യക്ക്; അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനം ചൈനയെ ഞെട്ടിക്കുന്നു

എം മാധവദാസ്

ന്ത്യ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്തതാണ് 1962ലെ ചൈനാ യുദ്ധം. അതുവരെ 'ഇന്ത്യാ ചൈന ഭായീ ഭായീ' എന്ന് വിശ്വസിച്ചിരുന്ന നമ്മുടെ എല്ലാ പ്രതീക്ഷകളും തകർത്തായിരുന്നു മാവോസേതൂങ്ങിന്റെ ചൈനയുടെ പൊടുന്നനെയുള്ള ആക്രമണം. ലീപ്പ് ഫോർവേഡ് അടക്കമുള്ള മാവോയുടെ വികസന പരിപാടികൾ വൻ തോതിൽ പരാജയെപ്പെട്ടതോടെ ചൈനയിൽ ഉണ്ടായ ആഭ്യന്തര പ്രതിസന്ധി മറികടക്കാൻ കൂടിയായിരുന്നു ആ യുദ്ധമെന്ന് പിന്നീട് വിലയിരുത്തപ്പെട്ടിട്ടുണ്ട്. പക്ഷേ ഇന്ത്യ ലജ്ജിച്ചു തലതാഴ്‌ത്തേണ്ട അവസ്ഥയാണ് 62ലെ ദയനീയമായ തോൽവിൽയിൽ ഉണ്ടായത്. അത് പിടിച്ചെടുത്ത ലഡാക്കിന്റെ ഒരു ഭാഗം ഇപ്പോളും ചൈനയുടെ കൈയിലാണ്.

അതിനുശേഷം കാര്യങ്ങൾ എത്രയോ മാറി. ഇന്ത്യൻ സൈന്യത്തിൽ വൻതോതിലുള്ള ആധുനികവത്ക്കണം നടന്നു. ഇന്ത്യ ഒരു ആണവ ശക്തിയുമായി മാറി. ചൈനയും വെറുതെ ഇരിക്കയായിരുന്നില്ല. ആൾബലം കൊണ്ടും സൈനിക ബലം കൊണ്ടും കണക്കുനോക്കുമ്പോൾ അവർ ഇന്ത്യയേക്കാളും വലിയ സൈനിക ശക്തിയായി. പരസ്പരം ബഹുമാനിക്കുന്ന ശത്രുക്കൾ ആയതുകൊണ്ടുതന്നെ ആയിരിക്കണം 1975നുശേഷം ഈ രണ്ടു രാജ്യങ്ങളു തമ്മിൽ രക്തച്ചൊരിച്ചിൽ ഉണ്ടായിട്ടില്ല. ചാണക്യതന്ത്രത്തിലെ വാചകങ്ങൾ ഓർമ്മയില്ലേ. തന്നെക്കേൾ കഴിവള്ളവനോട് ഒരിക്കലും ഏറ്റുമുട്ടരുത്, തോൽവി ഉറപ്പാണ്. തനിക്കും സമം നിൽക്കുന്നവനോടും ഏറ്റുമുട്ടാൻ പോകരുത്, ചിലപ്പോൾ തോറ്റുപോവും. പക്ഷേ തന്നേക്കാൾ ദുർബലനെ നിർദയം അടിച്ചമർത്തണം. ചൈന പയറ്റുന്നതും ഇതേ തന്ത്രം തന്നെയാണ്.

75നുശേഷം ഇതുവെരെ ഇന്ത്യ- ചൈന അതിർത്തിയിൽ രക്തച്ചൊരിച്ചിൽ ഇല്ലാത്തിന് ഒരു പ്രധാന കാരണവും ചൈനക്ക് കിടപിടിക്കുന്ന സൈനിക ശക്തിയായി ഇന്ത്യ വളർന്നു എന്നതുകൊണ്ട് കൂടിതന്നെയാണെന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങൾ നിരീക്ഷിക്കുന്നു. എന്നാൽ ഇന്ന് കാര്യങ്ങൾ വീണ്ടും മാറിമറയുകയാണ്. ഇന്ത്യൻ സേനയും ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയും (പിഎൽഎ) ലഡാക്കിലെ ഗാൽവൻ താഴ്‌വരയിൽ നേർക്കുനേർ എത്തിയിട്ട് മാസമൊന്നായിരിക്കുന്നു. സംഘർഷം വർധിപ്പിച്ച് തിങ്കളാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ ഇരുഭാഗത്തും സൈനികർ കൊല്ലപ്പെട്ടു. എത്ര ചൈനീസ് പട്ടാളക്കാർ കൊല്ലപ്പെട്ടുവെന്ന കാര്യത്തിൽ കൃത്യമായ കണക്കില്ലെങ്കിലും കുറഞ്ഞത് 20 ഇന്ത്യൻ സൈനികർ മരിച്ചിരിക്കാമെന്നാണ് ലഭ്യമാകുന്ന വിവരം.

ഈസമയത്ത് ലോകമാധ്യമങ്ങൾ ഉയർത്തുന്ന ചോദ്യം ഇന്ത്യയും ചൈനയും തമ്മിൽ വീണ്ടും ഒരു യുദ്ധം ഉണ്ടാകുമോ, ഉണ്ടായാൽ ആർക്കാവും മേൽക്കൈയെന്നാണ്. 62ലെപ്പോലെ ഒരു ഏകപക്ഷീയ യുദ്ധം ആരും പ്രതീക്ഷിക്കുന്നില്ല. മാത്രമല്ല ചൈനക്ക് കനത്ത തിരിച്ചടി കിട്ടുമെന്നും പഠനങ്ങൾ പുറത്തുവരുന്നുണ്ട്. അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്‌സിറ്റി നടത്തിയ ഒരു പഠനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ചയാകുന്നത്. ഇരു രാജ്യങ്ങളും ഏറ്റുമുട്ടിയാൽ ഇന്ത്യയ്ക്ക് പരമ്പരാഗതമായ ഒരു മേൽക്കോയ്മ നിലനിൽക്കുന്നുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. കാര്യങ്ങൾ വഷളായാൽ 1962ൽ ഉണ്ടായത് പോലെ തിരിച്ചടി ഉണ്ടായേക്കില്ലെന്നാണ് ഹാർവാർഡ് കെന്നഡി സ്‌കൂളിലെ ബെൽഫർ സെന്റർ ഫോർ സയൻസ് ആൻഡ് ഇന്റർനാഷണൽ അഫയേഴ്‌സ് പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. ഇന്ത്യയുടെയും ചൈനയുടെയും സൈനിക ശേഷി വിശകലനം ചെയ്താണ് ഈ പഠനം പുറത്തിറക്കിയത്.

സംശയിക്കേണ്ട ഇന്ത്യ ഒരു പുലി തന്നെയാണ്

ലോകത്തിലെ യുദ്ധങ്ങളുടെ ചരിത്രം എടുത്തുനോക്കിയാൽ അറിയാം അംഗബലവും ആയുധബലവും മാത്രം നോക്കിയല്ല ജയിച്ചിട്ടുള്ളത്. കൊച്ചു വിയറ്റ്നാമിന്റെ മുന്നിൽ അമേരിക്കയുടെ സകല അടവും പൂട്ടിപ്പോയത് ഓർമ്മയില്ലേ. നാലുപാടുനിന്നും അറബ് രാജ്യങ്ങൾ ആക്രമിച്ചിട്ടും ഇസ്രയേൽ എന്ന കൊച്ചു രാജ്യം അവരെയെല്ലാം തറപറ്റിച്ചത് ലോക ചരിത്രമാണ്. യുദ്ധം നടക്കുന്ന പ്രദേശത്തിന്റെ ഭൂമിശാസ്ത്രം, സൈനികരുടെ മാനസിക ബലം, അന്താരാഷ്ട്ര പിന്തുണ, ആധുനികവത്ക്കരിക്കപ്പെട്ട ആയുധങ്ങൾ തുടങ്ങി നിരവധി കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരു യുദ്ധത്തിന്റെ ആത്യന്തികമായ വിജയം. അലക്സാണ്ടർ ചക്രവർത്തിയുടെ സൈന്യം കീഴടങ്ങിയത് മലേറിയക്ക് മുന്നിലായിരുന്നു. ലോകം പിടിച്ചെടുക്കാനെത്തിയ ഹിറ്റ്ലറുടെ സേനക്ക്, സോവിയറ്റ് യൂണിയന്റെ അതിശക്തമായ ചെറുത്തുനിൽപ്പിനേക്കാൾ വിനയായത് അതിശൈത്യമായിരുന്നു.

അങ്ങനെ ഒരു യുദ്ധമുണ്ടായാലുള്ള സാമൂഹിക സാഹചര്യങ്ങൾ കൂടി നോക്കിയാണ് വാർ അനലിസ്റ്റുകൾ ആർക്ക് മേൽക്കോയ്മ എന്ന് നിർണ്ണയിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ ഇന്ത്യയുടെ പരമ്പരാഗതമായി നിലനിൽക്കുന്ന മേൽക്കോയ്മ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ലെന്നാണ് ് ഹാർവാർഡ് ഗവേഷകർ പറയുന്നത്. ഇരു രാജ്യങ്ങളുടെയും ആണവ ശക്തി പോലും പരിഗണിച്ചു നടത്തിയതാണ് പഠനം. കൂടാതെ, വ്യോമസേനകളുടെ കരുത്തും പരിഗണിച്ചു. പ്രശ്‌നം വഷളായാൽ വ്യോമ സേനകളായിരിക്കും ലൈൻ ഓഫ് ആക്ച്വൽ കണ്ട്രോളിൽ എത്തുക.െൈ ചനയേക്കൾ ആധുനികമായ വ്യോമ സേന ഇന്ത്യാക്കുണുള്ളത്. ഇന്ത്യയ്ക്ക് ചൈനയ്‌ക്കെതിരെയുള്ള യുദ്ധത്തിൽ കൂടുതൽ ആത്മവിശ്വാസമുണ്ട്. എന്നാൽ, ഇത് ഇന്ത്യയിൽ നടക്കുന്ന ചർച്ചകളിൽ അംഗീകരിക്കപ്പെടാറില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

പിഎൽഎയുടെ പരമ്പരാഗത ശക്തിയെയും റിപ്പോർട്ട് വിശകലനം ചെയ്യുന്നുണ്ട്. കരസേനകളുടെ കാര്യത്തിലുള്ള താരതമ്യം തെറ്റിധാരണാജനകമാണെന്നും അവർ പറയുന്നു. ഇന്ത്യയ്‌ക്കെതിരെ ഒരു യുദ്ധം തുടങ്ങിയാൽ പോലും ചൈനീസ് സേനയുടെ അംഗബലം അവർക്ക് ഗുണകരമാവില്ല. സേനയുടെ പല വിഭാഗങ്ങളും ടിബറ്റിലും സിൻജിയാങിലുമുള്ള കലാപകാരികൾക്കെതിരെ നിലയുറപ്പിച്ചിരിക്കുകയാണ്. ചൈനയുടെ സേനാംഗങ്ങളിൽ ഭൂരിഭാഗവും ഇന്ത്യയുടെ അതിർത്തി പ്രദേശത്തല്ല നിലയുറപ്പിച്ചിരിക്കുന്നത്. എന്നാൽ, ഇന്ത്യയ്ക്ക് സേനയെ വേണമെങ്കിൽ പൂർണമായും ചൈനയ്‌ക്കെതിരെ തിരിക്കാമെന്നാണ് ഗവേഷകർ വാദിക്കുന്നത്. അതായത് ചൈനീസ് വിവിധ ഇടങ്ങളിലായി ചിതറിത്തെറിച്ച് കിടക്കുമ്പോൾ ഇന്ത്യക്ക് അതിനെ ഒറ്റയടിക്ക് ഏകോപിപ്പിക്കാൻ കഴിയുമെന്ന് ചുരുക്കം.

പിഎൽഎയുടെ വ്യോമസേനയ്ക്കും ഇന്ത്യൻ അതിർത്തിയിൽ സാന്നിധ്യം കുറവാണ്. അതേസമയം, ഇന്ത്യൻ വ്യോമസേനയ്ക്ക് മുഴുവൻ ശക്തിയോടെയും നീങ്ങാൻ സാധിക്കും. ചൈനീസ് വ്യോമസേനയുടെ വലിയൊരു വിഭാഗത്തെ തന്നെ റഷ്യയുടെ അതിർത്തി പ്രദേശത്ത് വിന്യസിച്ചിരിക്കുകയാണ്. ഇന്ത്യയ്ക്ക് ഒരേ സമയം 101 പോർവിമാനങ്ങൾ വരെ ചൈനയ്‌ക്കെതിരെ പ്രയോഗിക്കാൻ കഴിയുമെന്നും റിപ്പോർട്ടിൽ പറയുന്നു. മാത്രമല്ല ഏത് യുദ്ധത്തെയും വിജയിപ്പിക്കുന്നത് സഖ്യങ്ങളാണ്. ഇന്ത്യാ- ചൈന യുദ്ധമുണ്ടായാൽ അത് ഒരു മൂന്നാലോക മഹായുദ്ധത്തിലേക്ക് എത്തുമെന്ന് ഉറപ്പാണ്. ഇന്ത്യ,അമേരിക്ക, എന്നീ രാജ്യങ്ങൾ ഒരു ഭാഗത്തും ചൈന, പാക്കിസ്ഥാൻ, നേപ്പാൾ എന്നിവ മറുഭാഗത്തുമായിട്ടായിരിക്കും അതുണ്ടാവുക. ഇന്ത്യൻ സഖ്യത്തോടൊപ്പാണ് ലോകത്തിലെ ഭൂരിഭാഗം രാഷ്ട്രങ്ങളും എന്നതാണ് ഇന്നത്തെ സാഹചര്യം. കാരണം കോവിഡ് അടക്കമുള്ള പ്രശ്നങ്ങളിൽ ചൈന ലോകത്തിനുമുന്നിൽ കുറ്റവാളിയെപ്പോലെ നിൽക്കുന്ന സമയം ആണിത്.

പോർ വിമാനങ്ങളും മിസൈലുകളും ഇന്ത്യയുടെ കരുത്ത്

ഇന്ത്യൻ വ്യോമസേനയുടെ പോർവിമാനമായ എസ്യു-30 എംകെഐ ഏതു ചൈനീസ് പോർവിമാനത്തേക്കാളും മികച്ചതാണെന്നും ഹാർവാർഡ് പഠനം പറയുന്നു. ഇരു രാജ്യങ്ങളുടെയും കൈയിലുള്ള നാലാം തലമുറയിലെ പോർവിമാനങ്ങളെക്കുറിച്ചുള്ള സമ്പൂർണ പഠനവും നടത്തിയിട്ടുണ്ട്. ചൈനയുടെ ജെ-10 യുദ്ധ വിമാനങ്ങൾ സാങ്കേതികമായി ഇന്ത്യയുടെ മിറാഷ്-2000നോട് കിടപിടിക്കുമെന്നു പറയുന്നുണ്ട്. എന്നാൽ, ഇന്ത്യയുടെ എസ്യു- 30എംകെഐ യുദ്ധവിമാനം എല്ലാ ചൈനീസ് പോർവിമാനങ്ങളെക്കാളും മികവുറ്റതാണ്. ചൈനയ്ക്ക് നാലാം തലമുറയിൽ ഏകദേശം 101 പോർവിമാനങ്ങളാണ് ഉള്ളത്. ഇവയിൽ പലതും റഷ്യൻ അതിർത്തി പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. അതേസമയം, ഇന്ത്യയ്ക്ക് ഇത്തരത്തിലുള്ള 122 പോർവിമാനങ്ങളുണ്ട്. ഇവയെല്ലാം ചൈനയ്‌ക്കെതിരെ പ്രയോഗിക്കാമെന്നാണ് പഠനം പറയുന്നത്. ഇതിന് പുറമേ ജാഗ്വർ പോർ വിമാനങ്ങളും ഇന്ത്യയുടെ മുതൽക്കൂട്ടാണ്.

ലക്ഷ്യവേധിയായ അഗ്നി മിസൈലുകളും ഇന്ത്യയുടെ ബ്രഹ്മാസ്ത്രം തന്നെയാണ്. അഗ്നി 3- 1990 മൈൽ, അഗ്നി-2- 1240 മൈൽ എന്നിവയും ലക്ഷ്യവേധിയാണ്. 16,000 കിലോമീറ്റർ അകലെയുള്ള ലക്ഷ്യത്തിൽ കൃത്യമായി എത്താൻ കഴിയുന്ന സൂര്യയെന്ന ഭൂഖണ്ഡാന്തര മിസൈലാണ് ഇന്ത്യയുടെ മറ്റൊരു തുറുപ്പു ചീട്ട്. അഗ്നി 5നും താണ്ടാൻ കഴിയും 6000 കിലോമീറ്റർ പരിധി. ന്യൂഡൽഹിയിൽനിന്ന് ബെയ്ജിങ്ങിലേക്കുള്ള ദൂരം വെറും 3766 കിലോ മീറ്റാണ്. അതായത് അഗ്‌നി മിസൈൽ മാത്രം വെച്ച് ഇന്ത്യക്ക് ബെയ്ജിങ്ങിനെ അഗ്‌നിക്കിരയാക്കാൻ കഴിയുമെന്ന് ചുരുക്കം. ഇത് ചൈനക്കും നന്നായി അറിയാം. അവർക്കും അതി ശക്തമായ മിസൈലുകൾ കൈവശമുണ്ട്. 'പക്ഷേ പരസ്പരം കത്തിത്തീരാൻ ആരാണ് ആഗ്രഹിക്കുക. അതുകൊണ്ടുതന്നെ ഇന്ത്യാ- ചൈന എന്നല്ല ലോകത്ത് എത് ആണവശക്തികൾ തമ്മിലുള്ള നേരിട്ടുള്ള യുദ്ധം ഉണ്ടാകാനുള്ള സാധ്യത വിരളമാണ്'- ന്യൂയോർക്ക് ടൈംസിന്റെ എഷ്യാ പെസഫിക്ക് ലേഖകൻ നിരഞ്ജൻ മൽഹോത്ര ഇങ്ങനെയാണ് എഴുതിയത്. ഉത്തര കൊറിയ അമേരിക്കയെപോലും വിറപ്പിക്കുന്നതും ഇതേ ആണവശക്തിയുടെ ബലത്തിലാണ്.

കണക്കിൽ മുന്നിൽ ചൈന തന്നെ

ഇന്ത്യയേക്കാൾ ശക്തമാണ് ചൈനയുടെ മിസൈൽ സംവിധാനം. പ്രധാനമായും രണ്ട് മിസൈലുകളാണ് ചൈനയുടെ കുന്തമുനകൾ. മധ്യദൂര ബാലിസ്റ്റ് മിസൈൽ ആയ ഡിഎഫ്-21, ദീർഘദൂര ബാലിസ്റ്റിക്ക് മിസൈൽ ആയ ഡിഎഫ് -31 എന്നിവയാണ് അവ.ഡിഎഫ് 31ന് ആഫ്രിക്കൻ ഭൂഖണ്ഡംവരെ എത്താൻ കഴിയും. ഇതിനുപുറമെ എട്ടുമാസം മുമ്പ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക്ക് മിസൈൽ ആയ ഡിഎഫ്-41 എന്നതും ചൈന പുറത്തിറക്കിയിരുന്നു.ലോകത്തിൽ ഏറ്റവും ദൂരത്തേക്ക് തൊടുക്കാവുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക്ക് മിസൈൽ ഇതാണെന്ന് പറയുന്നു. 17000 കിലോമീറ്ററാണ് ഇതിന്റെ പരിധി. 31 മിനുട്ട് കൊണ്ട് ഈ മിസൈലിന് അമേരിക്കയിലുള്ള ലക്ഷ്യത്തിൽവരെ എത്താൻ കഴിയും.

ചൈനയ്ക്ക് കുറഞ്ഞത് 90 ലേറെ ഭൂഖണ്ഡാന്തര മിസൈലുകളുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഇതിൽ 66 എണ്ണം കരയിൽനിന്നു കരയിലേക്ക് തൊടുക്കാവുന്നതും 24 എണ്ണം കടലിൽനിന്ന് തൊടുക്കാവുന്നതുമാണ്. മറ്റ് കര വ്യോമ നാവിക സേനയുടെ എണ്ണം കണക്കിലെടുക്കുമ്പോൾ ചൈന തന്നെയാണ് മുന്നിൽ. പക്ഷേ ഇന്ത്യൻ സൈന്യവും ഒട്ടും പിന്നിലല്ല. 23 ലക്ഷം സൈനികരാണു ചൈനയ്ക്കുള്ളത്. ഇന്ത്യക്കാകട്ടെ 13 ലക്ഷവും. പ്രതിരോധച്ചെലവിന്റെ കാര്യത്തിൽ ചൈന ഏറെ മുന്നിലാണ് - 261.1 ബില്യൻ ഡോളർ. ഇന്ത്യയുടേത് 71.1 ബില്യൻ ഡോളർ. 13,000 ടാങ്കുകളാണ് ചൈനയ്ക്കുള്ളത്. ഇന്ത്യക്ക് 4400 എണ്ണവും. 40,000ത്തിലധികം കവചിത യുദ്ധവാഹനങ്ങൾ ചൈനയ്ക്കുള്ളപ്പോൾ ഇന്ത്യക്കു വെറും 2800 എണ്ണം മാത്രമാണുള്ളത്. റോക്കറ്റ് പ്രൊജക്ടേഴ്സിന്റെ കാര്യത്തിലും സ്ഥിതി ഭിന്നമില്ല. ചൈനയ്ക്ക് 2050 എണ്ണവും ഇന്ത്യക്ക് 226 എണ്ണവും.

ചൈനയ്ക്ക് 714 യുദ്ധക്കപ്പലുകളുണ്ട്. ഒരു വിമാനവാഹിനി കപ്പലും 51 വൻകിട പോർ കപ്പലുകളും 35 നശീകരണ കപ്പലുകളും 35 കോർവെറ്റ് പോർക്കപ്പലുകളും 68 മുങ്ങിക്കപ്പലുകളും 220 പട്രോൾ ബോട്ടുകളും 51 ചെറു ബോട്ടുകളും ചൈനീസ് നാവികസേനയ്ക്കുണ്ട്. ഇന്ത്യക്ക് 295 യുദ്ധക്കപ്പലുകളും 11 നശീകരണ കപ്പലുകളും 2335 കോർവെറ്റ് പോർകപ്പലുകളും 15 മുങ്ങിക്കപ്പലുകളും 139 പട്രോൾ ബോട്ടുകളും 6 ചെറു ബോട്ടുകളമുണ്ട്.

ചൈനീസ് വിമാനങ്ങളുടെ എണ്ണം 2955 വരും. 1271 പോർ വിമാനങ്ങളും 1385 ആക്രമണ വിമാനങ്ങളും 782 ട്രാൻസ്പോർട്ടറുകളും 352 റെയ്ഡർ എയർ ക്രാഫ്റ്റുകളുമാണ് ചൈനയ്ക്കുള്ളത്. ചൈനയുടെ 912 ഹെലിക്കോപ്റ്ററുകളിൽ 206 എണ്ണം അറ്റാക്കർ ഹെലിക്കോപ്റ്ററുകളാണ്. ഇന്ത്യൻ വ്യോമസേനയിലെ വിമാനങ്ങളുടെ എണ്ണം 2102 വരും. ഇതിൽ 676 എണ്ണം പോർ വിമാനങ്ങളാണ്. 809 ആക്രമണ വിമാനങ്ങളും 857 ട്രാൻസ്പോർട്ടറുകളും 323 റെയ്ഡർ എയർ ക്രാഫ്റ്റുകളും ഇന്ത്യയ്ക്കുണ്ട്. ഹെലിക്കോപ്റ്ററുകളുടെ എണ്ണം 666 വരും. ഇതിൽ 16 എണ്ണം അറ്റാക്കർ ഹെലിക്കോപ്റ്ററുകളാണ്. ചൈനീസ് സേനയ്ക്കു സർവീസ് നടത്താവുന്ന വിമാനത്താവളങ്ങളുടെ എണ്ണം 507 എണ്ണവും ഇന്ത്യയുടേത് 346 ഉം ആണ്.

പക്ഷേ ചൈനീസ് വ്യോമശക്തി പൂർണമായി ഇന്ത്യക്കെതിരെ വിന്യസിക്കാൻ കഴിയില്ലെന്നാണ് വിദഗ്ധരുടെ പക്ഷം. ശക്തമായ ആക്രമണം നടത്തണമെങ്കിൽ അതിർത്തിയിൽനിന്നു കുറഞ്ഞത് 300 കിലോമീറ്റർ അകലെയെങ്കിലും യുദ്ധവിമാനങ്ങൾ വിന്യസിക്കണം. എന്നാൽ ഇന്ത്യക്കെതിരെ ചൈയ്ക്ക് യുദ്ധവിമാനങ്ങൾ ടിബറ്റിലോ സമീപത്തോ മാത്രമേ വിന്യസിക്കാനാവൂ. ഈ മേഖലയിൽ അതിനുള്ള സൗകര്യം പരിമിതമായതു ചൈനയ്ക്കു തിരിച്ചടിയാകും. ടിബറ്റിൽ അഞ്ച് എയർഫീൽഡുകളും സിങ്ചിയാങ്ങിൽ രണ്ടെണ്ണവുമാണ് ചൈനയ്ക്കുള്ളത്. കൂടുതൽ എയർഫീൽഡുകൾ ടിബറ്റിൽ സജ്ജമാക്കുകയാണ് ചൈന. ഈ എയർഫീൽഡുകൾ തമ്മിലുള്ള ദൂരക്കൂടുതലും ചൈനയെ വലയ്ക്കുമെന്നു വിദഗ്ദ്ധർ വിലയിരുത്തുന്നു.

സൈനിക നീക്കങ്ങൾ തുടങ്ങി അമേരിക്കയും

ഈ ഘട്ടത്തിൽ എറ്റവും പ്രധാനമാവുക അമേരിക്കയുടെ പിന്തണുണ ആർക്കെന്നാണ്. അടുത്തകാലത്തായി ഇന്ത്യ- യുഎസ് ബന്ധം ഏറെ മെച്ചെപ്പെട്ടുവരുന്ന സമയമാണ്. അതുകൊണ്ടുതന്നെ ട്രംപ് ഒരിക്കലും മോദിയെ കൈവിടാൻ തയ്യാറാവില്ല. മാത്രമല്ല കോവിഡ് അടക്കമുള്ള നിരവധി വിഷയങ്ങളിലും അമേരിക്ക ചൈനയെ വെറുത്തിരിക്കയാണ്. മറ്റൊരു വൻ ശക്തിയായ റഷ്യയിൽനിന്നും യാതൊരു പിന്തുണയും ചൈനക്ക് കിട്ടാൻ ഇടയില്ല. മാത്രമല്ല റഷ്യയുമായിപ്പോലും ഇപ്പോൾ ചൈനക്ക് അതിർത്തി പ്രശ്നങ്ങളുമുണ്ട്.

ഇപ്പോൾ ചൈനയ്ക്ക് കനത്ത വെല്ലുവിളി ഉയർത്തി വിപുലമായ സേനാവിന്യാസവുമായി യുഎസ് രംഗത്തെത്തിയതിൽ അസ്വസ്ഥരാണ് ചൈന. പസിഫിക് സമുദ്രത്തിലാണു മൂന്നു വൻ വിമാനവാഹിനി കപ്പലുകളുമായി യുഎസിന്റെ അസാധാരണ സേനാവിന്യാസം. വർഷങ്ങൾക്കു ശേഷമാണു ചൈനയ്‌ക്കെതിരെ ഒരേ സമയം മൂന്നു വിമാനവാഹിനിക്കപ്പൽ യുഎസ് നാവികസേന വിന്യസിച്ചത്. ഇത് തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു. ഇന്ത്യൻ അതിർത്തിയിലെ പ്രശ്‌നങ്ങൾ മുതലെടുക്കാനുള്ള അമേരിക്കൻ നീക്കമായി ഇതിനെ ചൈന കാണുന്നു.

യുഎസ്എസ് റൊണാൾഡ് റീഗൻ, യുഎസ്എസ് തിയോഡോർ റൂസ്വെൽറ്റ് എന്നിവ പടിഞ്ഞാറൻ പസിഫിക്കിലും യുഎസ്എസ് നിമിറ്റ്‌സ് കിഴക്കു ഭാഗത്തുമാണു പട്രോളിങ് നടത്തുന്നതെന്നു യുഎസ് നേവി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഓരോ കപ്പലിലും അറുപതിലേറെ വിമാനങ്ങളുണ്ട്. 2017ൽ ഉത്തര കൊറിയയുടെ ആണവായുധ ഭീഷണികളെ തുടർന്നുള്ള വിന്യാസത്തിനു ശേഷം പസിഫിക് സമുദ്രത്തിൽ ഇത്രയും യുഎസ് സൈനിക സാന്നിധ്യം ആദ്യമാണ്. ഗൽവാൻ താഴ് വരയിലെ സംഘർഷം മൂന്നാംലോക മഹായുദ്ധത്തിന് വിത്ത് പാകിയെന്ന ഭീതി ശക്തമാണ്. ഇതിന് പിന്നാലെയാണ് ചൈനയ്‌ക്കെതിരെ അമേരിക്കയും പടയൊരുക്കം നടത്തുന്നത്. പാക്കിസ്ഥാനുമായി ചേർന്ന് നേപ്പാളിനെ കൂട്ടു പിടിച്ച് ഇന്ത്യയെ വെല്ലുവിളിക്കാൻ ഇറങ്ങിയ ചൈനയ്ക്ക് അമേരിക്കയുടെ ആ നീക്കം പ്രതീക്ഷിക്കാവുന്നതിലും അപ്പുറമായിരുന്നു. ചൈനയും അമേരിക്കയും തമ്മിലെ നയതന്ത്ര ബന്ധവും വഷളാണ്.

പ്രതിവർഷം അഞ്ച് ട്രില്യനിലേറെ ഡോളറിന്റെ വാണിജ്യ ചരക്കുനീക്കം നടക്കുന്ന ദക്ഷിണ ചൈനാ കടൽ മേഖലയിൽ വർഷങ്ങളായി ചൈന അവകാശവാദം ഉന്നയിക്കുന്നുണ്ട്. വിയറ്റ്‌നാം, ഫിലിപ്പീൻസ്, മലേഷ്യ, ബ്രൂണെയ്, തയ്വാൻ എന്നീ രാജ്യങ്ങളും ചൈനയുടെ അവകാശ വാദത്തെ തള്ളിക്കളയുന്നു. ചൈനയ്ക്കു ദക്ഷിണ ചൈന കടലിൽ ചരിത്രപരമായി ഒരു അവകാശവും അധികാരവും ഇല്ലെന്ന രാജ്യാന്തര ട്രിബ്യൂണൽ വിധിയും ലോകത്തിന് മുമ്പിലുണ്ട്. ഇത് അംഗീകരിക്കാൻ ചൈന തയ്യറാല്ല. ഇതുകൊണ്ടാണ് അമേരിക്ക ഈ മേഖലയിൽ പിടി മുറുക്കുന്നത്. തായ് വാനിലും ഹോങ്കോങിലും ചൈന നടത്തുന്ന ഇടപെടലുകളും ഇന്ത്യയും അമേരിക്കയും അംഗീകരിക്കുന്നില്ല.

ദക്ഷിണ ചൈനാ കടലും പ്രക്ഷുബ്ധം

ലഡാക്കിൽനിന്ന് ഉയർന്ന മൂന്നാലോക മഹായുദ്ധത്തിന്റെ അലകൾ ദക്ഷിണ ചൈനാ കടലിനെയും അക്ഷരാർഥത്തിൽ പ്രക്ഷുബ്ധമാക്കിയിരിക്കയാണ്. 2018ൽ ചൈനീസ് നാവിക സേനയുടെ കരുത്ത് ലോകത്തിനു മുന്നിൽ തെളിയിച്ച് ദക്ഷിണ ചൈനാ കടലിൽ അവർ അഭ്യാസപ്രകടനങ്ങൾ നടത്തിയിരുന്നു. പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ സാന്നിധ്യത്തിലായിരുന്നു പ്രകടനം. ചൈനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാവിക കരുത്തു തെളിയിക്കലായിരുന്നു അത്. 10,000 നാവികരും 48 യുദ്ധകപ്പലുകളും 76 യുദ്ധവിമാനങ്ങളും അഭ്യാസപ്രകടനങ്ങളിൽ പങ്കാളികളായി. മുഴുവൻ സമയവും ഷി ജിൻപിങ് സൈനികർക്കൊപ്പം നിന്നു അഭ്യാസം വീക്ഷിക്കുകയും ചെയ്തു. ഇതിന് പിന്നിൽ കടലിലെ കരുത്ത് ലോകത്തെ അറിയിക്കുകയെന്ന ലക്ഷ്യമായിരുന്നു. ഇതോടെയാണ് അമേരിക്കയും ഈ മേഖലയിൽ സൈനിക വിന്യാസം കൂട്ടിയത്. ഇതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ യുദ്ധകപ്പലുകളുടെ വരവും.

വിമാനവാഹി കപ്പലുകൾക്ക് പുറമെ യുദ്ധക്കപ്പലുകളും പോർവിമാനങ്ങളും യുഎസ് വിന്യസിച്ചതായും റിപ്പോർട്ടുണ്ട്. കോവിഡ് വ്യാപന ഭീഷണി നിലനിൽക്കുമ്പോഴും അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ഗുവാമിൽ പട്രോളിങ് നടത്തുന്നതിനിടെ തിയോഡോർ റൂസ്വെൽറ്റ് ഇവിടെ എത്തിയത്. കോവിഡ് ഭീതി മുതലെടുത്തു ദക്ഷിണ ചൈനാ കടലിൽ കൂടുതൽ പ്രദേശങ്ങൾ ചൈന പിടിച്ചടക്കുന്നുണ്ടെന്ന സൂചനകളെ തുടർന്നാണു യുഎസ് സേനയുടെ നീക്കമെന്നാണു വിലയിരുത്തൽ. ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ 35 ചൈനീസ് സൈനികർ കൊല്ലപ്പെട്ടുവെന്നും യു എസ് ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യയുടെ ഭാഗത്ത് 20 സൈനികരുടെ വീരമൃത്യവും. ഈ അമേരിക്കൻ നിലപാടും ചൈനയ്ക്ക് തിരിച്ചടിയാണ്. ഇതിന് പിന്നാലെയാണ് യുദ്ധ കപ്പലുകളുടെ വരവ്.

നേരത്തെ വ്യാപാരത്തർക്കത്തിൽ രണ്ടു പക്ഷത്തായ യുഎസും ചൈനയും കോവിഡ് മഹാമാരിയുടെ ഉദ്ഭവത്തെച്ചൊല്ലി വീണ്ടും അകന്നു. കൊറോണവൈറസ് വ്യാപനത്തിന്റെ തുടക്കത്തിൽ വിവരം പുറംലോകത്തെ അറിയിക്കാതെ ബെയ്ജിങ് മറ്റുരാജ്യങ്ങളെ ചതിച്ചുവെന്നും നടപടിയെടുക്കണമെന്നും നിരന്തരമായി യുഎസ് ആവശ്യപ്പെടുന്നതിനിടെയാണ് സൈനിക നീക്കമെന്നതു ശ്രദ്ധേയമാണ്. തർക്കത്തിലുള്ള ദക്ഷിണ ചൈനാ കടലിലെ സൈനികരെ ഭയപ്പെടുത്തുകയാണ് ഉദ്ദേശ്യമെന്നു ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി മുഖപത്രമായ ഗ്ലോബൽ ടൈംസ് ചൂണ്ടിക്കാട്ടി. കടുത്ത വിമർശനമാണ് ഗ്ലോബൽ ടൈംസ് ഉയർത്തുന്നത്.

'വിമാനവാഹിനി കപ്പലുകളുടെ വിന്യാസത്തിലൂടെ യുഎസ് ഒരു കാര്യം തെളിയിക്കാനാണു ശ്രമിക്കുന്നത്; പസിഫിക് മേഖലയിലെയും ലോകത്തിലെ ആകെത്തന്നെയും ഏറ്റവും കരുത്തരായ നാവിക ശക്തിയാണ് അമേരിക്ക എന്നത്. ദക്ഷിണ ചൈന കടലിൽ പ്രവേശിച്ച്, ക്‌സിഷാ- നാൻഷാ ദ്വീപുകളിലെ (പാരാസെൽ - സ്പ്രാറ്റ്‌ലി) ചൈനീസ് പട്ടാളക്കാരെ ഭയപ്പെടുത്തുകയാണ്. മാത്രമല്ല, സമീപത്തു കൂടെ സഞ്ചരിക്കുന്ന ജലയാനങ്ങളെയും ഭീഷണിപ്പെടുത്തുന്നു. ആധിപത്യ രാഷ്ട്രീയം പയറ്റുകയാണു യുഎസ് ലക്ഷ്യം'.- ബെയ്ജിങ്ങിലെ നേവൽ വിദഗ്ധൻ ലി ജീയെ ഉദ്ധരിച്ച് ഗ്ലോബൽ ടൈംസ് അഭിപ്രായപ്പെട്ടു.

മേയിലും ചൈനയ്‌ക്കെതിരെ അമേരിക്കയുടെ അപ്രതീക്ഷിത നീക്കമുണ്ടായിരുന്നു. ദക്ഷിണ ചൈനാക്കടലിലെ തർക്ക പ്രദേശത്തിന് സമീപം നാല് ബി -1 ബി ഹെവി ബോംബറുകളെയും നൂറുകണക്കിനു സൈനികരെയുമാണു യുഎസ് വ്യോമസേന വിന്യസിച്ചത്. നാലു ബോംബറുകളും ഗുവാമിലാണ് ലാൻഡ് ചെയ്തത്. യുദ്ധവിമാനങ്ങളും ഉദ്യോഗസ്ഥരും ഗുവാമിലെ ആൻഡേഴ്‌സൺ എയർഫോഴ്‌സ് ബേസിൽ എത്തിയതായി യുഎസ് സ്ട്രാറ്റജിക് കമാൻഡ് പ്രസ്താവനയിലാണ് അറിയിച്ചത്. ബി -1 ബി ലാൻസറുകളിൽ മൂന്നെണ്ണം നേരിട്ട് താവളത്തിലേക്കും ഒന്ന് നാവികസേനയെ പരിശീലിപ്പിക്കുന്നതിനായി ജപ്പാൻ ഭാഗത്തേക്കുമാണു തിരിച്ചുവിട്ടത്.

സഖ്യകക്ഷികൾ, പങ്കാളികൾ, സംയുക്ത സേന എന്നിവരുമായുള്ള പസിഫിക് വ്യോമസേനയുടെ പരിശീലന ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി ഒൻപതാം ബോംബ് സ്‌ക്വാഡ്രൺ, ഏഴാം ബോംബ് വിങ്ങിൽ നിന്നുള്ള നാല് ബോംബറുകളും 200 ഓളം വ്യോമസേനക്കാരെയുമാണ് വിന്യസിച്ചത്. ദക്ഷിണ ചൈനാക്കടലിൽ ഒരു ജോടി ബി -1 ബി ബോംബറുകൾ ഫ്‌ളൈഓവർ നടത്തിയതിന് തൊട്ടുപിന്നാലെ ആയിരുന്നു വ്യോമസേനയുടെ പുതിയ നീക്കങ്ങൾ. അതിനു മുമ്പ് നാവികസേനയുടെ യുദ്ധക്കപ്പലുകൾ ദക്ഷിണ ചൈനാക്കടലിലെ തർക്കപ്രദേശങ്ങളിലും സാന്നിധ്യം അറിയിച്ചിരുന്നു.

ആണവശക്തിയാതിനാൽ ആരും യുദ്ധം ആഗ്രഹിക്കുന്നില്ല

'അണവായുധങ്ങളാണ് ലോകത്ത് സമാധാനം ഉണ്ടാക്കിയതെന്ന' പ്രശസ്തമായ വാചകം ഇന്ത്യക്കുനേരെ ചൈനീസ് യുദ്ധ ഭീഷണിയുണ്ടാകുമ്പോഴും ഏറെ പ്രസക്തമാണ്. എല്ലാവിധ എതിർപ്പുകളും ഉണ്ടായിട്ടും ഇന്ത്യയെ അണവ ശക്തയാക്കി മാറ്റിയെടുക്കാൻ യത്‌നിച്ച നെഹുറു ഇന്ദിരാഗാന്ധി തൊട്ട് വാജ്‌പേയി വരെയുള്ള പ്രധാനമന്ത്രിമാരെ നാം നമിച്ചുപോവുക ഇപ്പോഴാണ്. 62ൽ ഇന്ത്യ ചൈനതോട് തോറ്റ യുദ്ധത്തിന്റെ അതേ അവസ്ഥയല്ല ഇന്ന് ഒരു നേരിട്ടുള്ള യുദ്ധം ഉണ്ടായാൽ കാണുക. കാരണം ഇരു രാജ്യങ്ങളും ആണവ ശക്തികളാണ്. കര വ്യോമ നാവിക സേനയുടെ എണ്ണക്കൂടുതൽ വെച്ച് നോക്കുമ്പോൾ ചൈനീസ് സൈന്യം ഇന്ത്യയേക്കാൾ മുന്നിലാണെങ്കിലും ഇപ്പോഴും ഇന്ത്യയുമായി ഒരു യുദ്ധം ചീന ആഗ്രഹിക്കുന്നില്ല. കാരണം ലോകത്തിലെ ഏറ്റവും കരുത്തുള്ള മിസൈൽ സംവിധാനങ്ങൾ ഉള്ള ആണവ ശക്തിയാണ് ഇന്ന് ഇന്ത്യ. അതുകൊണ്ടുതന്നെ നേരിട്ടുള്ള ഒരു യുദ്ധത്തിന് ചൈന മൂൻകൈയടുക്കില്ല.

മാത്രമല്ല ഏതൊരു യുദ്ധവും കെടുതികളുടെ കാലമാണ് സമ്മാനിക്കുക. ചൈനയാവട്ടെ വളരുന്ന ഒരു സാമ്പത്തിക ശക്തിയും. അതുകൊണ്ടുതന്നെ കോർപ്പറേറ്റ് ശക്തികളുടെ താൽപ്പര്യം എന്നും സമാധാനത്തിന് വേണ്ടിയാണ്. ചൈനക്കും അത് കാണാതിരിക്കാൻ ആവില്ല. പ്രത്യേകിച്ചും കോവിഡിന്റെ പശ്ചാത്തലത്തിൽ പല വമ്പൻ കമ്പനികളും ചൈന വിട്ടുപോവുകയാണ്. അവർ ഇന്ത്യയിലേക്ക് അടക്കം വരും എന്നതാണ് ചൈനയുടെ അടിസ്ഥാന പ്രശ്നം. എന്നാൽ ഒരു യുദ്ധം ഉണ്ടാകുന്നതോടെ കൂടുതൽ കമ്പനികൾ ചൈന വിട്ടുപോവുകയും ചൈന ഒരു നിക്ഷേപ സൗഹൃദമല്ലാത്ത പ്രദേശമാവുകയും ചെയ്യും. അത് ഒരിക്കലും അവർ ആഗ്രഹിക്കുന്നില്ല.

മാത്രമല്ല, കമ്പികൊണ്ടും കല്ലുകൊണ്ടും തോക്കിൻ പാത്തികൊണ്ടും ഇന്ത്യൻ സൈനികരെ അടിച്ചുകൊന്നു എന്ന ഈ വാർത്ത പുറത്തുവന്നതുതന്നെ ചൈനക്ക് വലിയ വ്യാപാര നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇപ്പോൾ തന്നെ ബോയ്കോട്ട് ചൈന കാമ്പയിൻ അമേരിക്കയിൽ ശക്തമായി കഴിഞ്ഞിരിക്കയാണ്. ലക്ഷങ്ങളുടെ നഷ്ടമാണ് ചൈനീസ് കമ്പനികൾക്ക് ഇതുമൂലം ഉണ്ടാകുന്നത്. ബുദ്ധിയുള്ള ഒരു ഭരണാധികാരിയും ഈ ബഷിഷ്‌ക്കരണത്തിന് മൂർച്ചകൂട്ടുന്ന യുദ്ധം എന്ന തീരുമാനം എടുക്കില്ല എന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ ഇന്ത്യാ- ചൈന യുദ്ധത്തിനുള്ള സാധ്യതകൾ വിദൂരമാണെന്നുതന്നെയാണ് അന്താരാഷ്ട്ര വിദഗ്ധരുടെ വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP