Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

'അലി, കൂലി, ബംഗാളി, നേപ്പാളി.. കടക്ക് പുറത്ത്'; 1983ൽ അസമിലെ കുടിയേറ്റ കലാപത്തിൽ ആറ് മണിക്കൂറിൽ കൂട്ടക്കശാപ്പ് ചെയ്തത് രണ്ടായിരത്തിൽ അധികം മുസ്ലിങ്ങളെ; 79 മുതൽ ആറുവർഷം നീണ്ട കലാപം അവസാനിച്ചത് രാജീവ്ഗാന്ധിയുമായി ഉണ്ടാക്കിയ കരാറിൽ; മുസ്ലിംങ്ങൾ പോലും ആവശ്യപ്പെട്ടത് ഒരു കുടിയേറ്റക്കാരനും ഈ മണ്ണിൽ വേണ്ടെന്ന്; ഇത് ഒരു സുപ്രഭാതത്തിൽ അമിത്ഷാ ഉണ്ടാക്കിയതല്ല; കേരളത്തിൽ പ്രചരിപ്പിക്കുന്ന പോലെ ഇത് ഹിന്ദു-മുസ്ലിം പ്രശ്നവുമല്ല; ചോരയിൽ കുതിർന്നുണ്ടായ അസം പൗരത്വ രജിസ്റ്ററിന്റെ കഥ

'അലി, കൂലി, ബംഗാളി, നേപ്പാളി.. കടക്ക് പുറത്ത്'; 1983ൽ അസമിലെ കുടിയേറ്റ കലാപത്തിൽ ആറ് മണിക്കൂറിൽ കൂട്ടക്കശാപ്പ് ചെയ്തത് രണ്ടായിരത്തിൽ അധികം മുസ്ലിങ്ങളെ; 79 മുതൽ ആറുവർഷം നീണ്ട കലാപം അവസാനിച്ചത് രാജീവ്ഗാന്ധിയുമായി ഉണ്ടാക്കിയ കരാറിൽ; മുസ്ലിംങ്ങൾ പോലും ആവശ്യപ്പെട്ടത് ഒരു കുടിയേറ്റക്കാരനും ഈ മണ്ണിൽ വേണ്ടെന്ന്; ഇത് ഒരു സുപ്രഭാതത്തിൽ അമിത്ഷാ ഉണ്ടാക്കിയതല്ല; കേരളത്തിൽ പ്രചരിപ്പിക്കുന്ന പോലെ ഇത് ഹിന്ദു-മുസ്ലിം പ്രശ്നവുമല്ല; ചോരയിൽ കുതിർന്നുണ്ടായ അസം പൗരത്വ രജിസ്റ്ററിന്റെ കഥ

എം മാധവദാസ്

ന്യൂഡൽഹി: ആറു മണിക്കൂറിനുള്ളിൽ രണ്ടായിരം പേരെ കൊന്നൊടുക്കുക! ഇന്ത്യയെ ഞെട്ടിച്ച 83ലെ അസമിലെ നെല്ലി കൂട്ടക്കൊല ഇങ്ങനെയായിരുന്നു. കലാപകാരികൾ അസമികളും കൊല്ലപ്പെട്ടവർ മുസ്ലീങ്ങളും. പ്രശ്നം രാജ്യത്ത് ഇന്നും കത്തുന്ന പൗരത്വ പ്രശ്നം തന്നെ. ബംഗ്ലാദേശിൽ നിന്ന് കുടിയേറി വന്ന മുസ്ലീങ്ങൾ ജനസംഖ്യ വർധിപ്പിക്കയാണെന്നും
തങ്ങളുടെ തൊഴിലിന് അടക്കം ഭീഷണിയാണെന്നും കാണിച്ച് 1979ൽ തുടങ്ങിയ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം നീണ്ടത് ആറുവർഷത്തേക്കാണ്. 'അലി, കൂലി, ബംഗാളി, നേപ്പാളി' എന്നതായിന്നു പ്രക്ഷോഭത്തിന്റെ മുദ്രാവാക്യം. അസമിൽ അലി എന്നതുകൊണ്ട് മുസ്ലിമിനെയും, കൂലി എന്നതു കൊണ്ട് തേയില തോട്ടങ്ങളിലെ ആദിവാസി തൊഴിലാളികളെയും, ബംഗാളി എന്നതു കൊണ്ട് ബംഗാളി സംസാരിക്കുന്ന ഹിന്ദുക്കളെയും, നേപ്പാളി എന്നാൽ ഗൂർഖ ഗോത്രവിഭാഗത്തെയും ആണ് ഉദ്ദേശിക്കുന്നത്. ഇവർക്കെതിരെ അടിക്കടി കലാപവും ഉണ്ടായി. അസമിൽ 'ചെഞ്ചോരയൊഴുകിയ ആ കാലം' എന്നാണ് വിനോദ് മേത്തയെപ്പോലുള്ള പത്രക്കാർ ആ കാലത്തെ വിശേഷിപ്പിച്ചത്.

തുടർന്നാണ് അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധി നേരിട്ടുവന്ന് അസം കരാർ ഉണ്ടാക്കുന്നത്. പൗരത്വ രജിസ്റ്ററിന്റെ തുടക്കവും ഇവിടെ നിന്നാണ്. അന്ന് രാജീവ്ഗാന്ധി നടത്തിയ അന്വേഷണത്തിൽ അസമികൾ ഒറ്റക്കെട്ടായി ബംഗാളികൾക്കെതിരെ തിരിഞ്ഞത്. അസമികൾ എന്നു സ്വത്വത്തിൽ അവിടുത്തെ ഹിന്ദുക്കളും മുസലീങ്ങളും ഒന്നിച്ചു. ബംഗാളിയെന്ന് പറഞ്ഞ് അവർ വേർതിരിക്കുന്നതിലും ഹിന്ദുക്കളും മുസ്ലീങ്ങളും ഉണ്ട്. ഇപ്പോഴും അസമിൽ പ്രക്ഷോഭം നടക്കുന്നത് പൗരത്വ ഭേദഗതി ബില്ലിന് എതിരായിട്ടില്ല. പൗരത്വ ബിൽ വന്നതോടെ തങ്ങളുടെ പൗരത്വ രജിസ്റ്റർ റദ്ദാകുമെന്നും, ഇതുപ്രകാരം പുറത്തായ 20 ലക്ഷംപേരിൽ 13 ലക്ഷം ഹിന്ദുക്കളെ രക്ഷിച്ചെടുക്കാനാണ് ബിജെപി ശ്രമിക്കുന്നവെന്നാണ് അവർ ആരോപിക്കുന്നത്. ഇതാണ് പ്രക്ഷോഭത്തിന്റെ അടിസ്ഥാന കാരണം. ബിജെപിയുടെ സഖ്യ കക്ഷിയായ അസം ഗണപരിഷത്ത്പോലും മൂഴുവൻ കുടിയേറ്റക്കാരെയും പുറത്താക്കണം എന്നാണ് അവശ്യപ്പെടുന്നത്. അസമിലെ പരമ്പരാഗത വിഭാഗക്കാർ എന്ന് പറയുന്ന ഹിന്ദുക്കളും മുസ്ലീങ്ങളും ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ്. പൗരത്വ നിയമത്തിന്റെ ഭേദഗതിയോടെ ഹിന്ദു കുടിയേറ്റക്കാർക്കു കൂടി നിയമ സാധുത ലഭിക്കുന്നതോടെ തങ്ങളുടെ സംസ്ഥാനം കുടിയേറ്റക്കാരുടെ നിയന്ത്രണത്തിലുള്ള ഒരു പ്രദേശമായി മാറുമോ എന്നതാണ് അസമിലെ തദ്ദേശീയരുടെ പ്രധാന ഭീതി. എൻആർസി യിൽ നിന്ന് ഒഴിവാക്കപ്പെട്ട ബംഗാൾ ഹിന്ദു കുടിയേറ്റക്കാർ, പൗരത്വനിയമഭേദഗതിയുടെ പേരിൽ ആനുകൂല്യം കിട്ടി ഇന്ത്യൻ പൗരന്മാരാകാൻ ഇരിക്കുന്നവർ ഏറിവന്നാൽ അഞ്ചുലക്ഷം പേർ മാത്രമാണ് എന്നാണ് ബിജെപി പറയുന്ന ന്യായം. അത് അസമിന്റെ ജനസംഖ്യയിൽ പ്രകടമായ മാറ്റവുമുണ്ടാക്കാൻ പോന്നതല്ല എന്നുമാണ് ബിജെപിയുടെ വാദം.

ഏറ്റവും പ്രധാനപ്പെട്ടതായി ഓർക്കേണ്ട മറ്റൊരു കാര്യം അസാമീസ് സ്വത്വം എന്നാൽ ഹിന്ദു സ്വത്വം അല്ല എന്നുള്ളതാണ്. മുസ്ലിം സ്വത്വവും കൂടി ചേരുന്നതാണ് അസാമീസ് സ്വത്വം. പല ആദിവാസി വിഭാഗങ്ങൾ വസിച്ചിരുന്ന അസാമിലേക്ക് ഹിന്ദുക്കൾക്കും മുൻപേ എത്തിയത് മുസ്ലിംകളാണ് എന്ന് പല ചരിത്രകാരന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ആദ്യമായി അസാമിലെ പൗരത്വ പ്രശ്‌നം ഒരു ഹിന്ദു-മുസ്ലിം വിഷയമല്ല എന്ന് മനസ്സിലാക്കേണ്ടതുണ്ട്. എന്നാൽ അതൊ ഹിന്ദു-മുസ്ലിം പ്രശ്‌നമാണ് എന്ന് വരുത്തി തീർക്കുക ആണ് സംഘ്പരിവാറും കൂട്ടരും ചെയ്യുന്നത്. കലാപകാലത്തെ പ്രധാന ബിജെപി നേതാക്കളായ വാജ്‌പേയിയും അദ്വാനിയും മുരളി മനോഹർ ജോഷിയുമെല്ലാം അസാം മുന്നേറ്റത്തിന് പിന്തുണ പ്രഖ്യാപിച്ച് ആസാം സന്ദർശിച്ചിരുന്നു. ഇപ്പോൾ കേരളത്തിലെ ഇടതുപക്ഷ നേതാക്കൾവരെ ഇത് ഒരു ഹിന്ദു-മുസ്ലിം പ്രശ്നമാക്കി ചിത്രീകരിക്കുകയകണ്.

അതായത് കേരളത്തിലെ സുഡാപ്പികൾ എന്ന് അധിക്ഷേപിക്കപ്പെടുന്ന മതമൗലിക വാദികളും, ഇടത്-വലത് നേതാക്കളും ആസൂത്രിതമായി പ്രചരിപ്പിക്കുന്നപോലെ അസമിലെ പ്രശ്നം വർഗീയമല്ല. വംശീയമാണ്. അസമിലെ പൗരത്വ നിയമം ഒരു സുപ്രഭാതത്തിൽ അമിത്ഷാ ഉണ്ടാക്കിയതുമല്ല. സ്വതന്ത്രലബ്ധിക്കാലത്തിന് മുമ്പ് തുടങ്ങിയ പ്രശ്നങ്ങളെ, ഈ സർക്കാറിന്റെ മാത്രം പിരിടിക്കിടുമ്പോൾ, സംഘപരിവാർ ആഗ്രഹിക്കുന്ന രീതിയിലുള്ള മതധ്രുവീകരണത്തിന് അറിയാതെ തലവെച്ച കൊടുക്കയാണ് കോൺഗ്രസും സിപിമ്മും അടക്കമുള്ള പാർട്ടികൾ.

ബ്രിട്ടീഷ്‌കാലം മുതൽ തുടങ്ങിയ പ്രശ്നം

അസമിലെ പൗരത്വ പ്രശ്‌നം തുടങ്ങുന്നത് 2014ൽ ദേശീയ പൗരത്വ പട്ടിക പുതുക്കാൻ ആരംഭിക്കുന്നതോടെയല്ല. പതിറ്റാണ്ടുകളായി അസമിൽ നടക്കുന്ന ഏറ്റവും സങ്കീർണമായ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ വിഷയമാണിത്. മറ്റു രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ജമ്മു കശ്മീർ, പഞ്ചാബ്, നാഗാലാന്റ് തുടങ്ങിയ സംസ്ഥാനങ്ങൾ ഉൾപ്പെടെ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഇത്തരമൊരു ദേശീയ പൗരത്വ പട്ടിക ഉണ്ടായിരുന്നില്ല. ഇതിന്റെ ചരിത്രം തുടങ്ങുന്നത് ബ്രിട്ടീഷുകാരുടെ കാലത്താണെന്ന് പറയാം. ഇപ്പോഴത്തെ പല വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ഉൾപ്പെട്ടിരുന്ന ആസാം 1826ൽ ആണ് ബർമയുടെ (മ്യാന്മർ) പക്കൽ നിന്നും ബ്രിട്ടൻ പിടിച്ചെടുക്കുന്നത്. 1826 മുതൽ ആസാം ബംഗാൾ പ്രസിഡൻസിയുടെ കീഴിൽ ചേർക്കപ്പെട്ടു. 1874ൽ ബ്രിട്ടൻ ഭരണപരമായ ആവശ്യങ്ങൾക്കായി അസാം ഒരു പുതിയ പ്രസിഡൻസിയായി പ്രഖ്യാപിച്ചു. പുതുതായി രൂപീകരിക്കപ്പെട്ട പ്രവിശ്യയിലേക്ക് കിഴക്കൻ ബംഗാളിന്റെ ഭാഗമായ സിൽഹേറ്റും ചേർക്കപ്പെട്ടു. പിന്നീട് ബംഗാൾ വിഭജനത്തിനു ശേഷം കിഴക്കൻ ബംഗാൾ മുഴുവനായും അസാം പ്രസിഡൻസിയോട് ചേർക്കുകയുണ്ടായി. ബംഗാൾ വിഭജനത്തിനെതിരായി നടന്ന ശക്തമായ പ്രക്ഷോഭങ്ങൾക്കൊടുവിൽ ബ്രിട്ടൻ 1911ൽ തീരുമാനം പിൻവലിച്ചെങ്കിലും ബംഗാളി മേധാവിത്തം ഉള്ള സിൽഹേറ്റ് അപ്പോഴും അസാമിനൊപ്പം നിലനിറുത്തി. ഇത് 1947ൽ കിഴക്കൻ പാക്കിസ്ഥാൻ രൂപീകരിക്കുന്നത് വരെ തുടർന്നു.

1947 വരെ പശ്ചിമ ബംഗാളും കിഴക്കൻ ബംഗാളും സസാമും ഉൾപ്പെടുന്ന ഈ മേഖല ഒരൊറ്റ രാജ്യമായിരുന്നു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം മനുഷ്യനിർമ്മിതമായ അതിർത്തി രൂപീകരിക്കുന്നത് വരെ ആളുകൾ അതിരുകൾക്കപ്പുറത്തേക്ക് സഞ്ചരിച്ചിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങൾ വരെ കൊളോണിയൽ ഭരണകൂടം തേയിലത്തോട്ടങ്ങളിൽ പണിയെടുക്കുന്നതിനായും പിന്നീട് ബ്രഹ്മപുത്രയുടെ തീരങ്ങളിലെ ഫലഭൂയിഷ്ഠമായ ഭൂമിയിൽ കൃഷി ചെയ്യുന്നതിനായും ജനസംഖ്യയേറിയ ബംഗാൾ പ്രദേശങ്ങളിൽ നിന്ന് ജനവാസം കുറഞ്ഞ ആസാം മേഖലകളിലേക്ക് ആളുകൾ കുടിയേറിപ്പാർക്കുന്നത് പ്രോത്സാഹിപ്പിച്ചു. കുടിയേറിപ്പാർത്തവർ കാലക്രമേണ സമ്പത്ത് കൈവരിക്കുകയും ആസാമിൽ ഭൂമി സ്വന്തമാക്കുകയും ചെയ്തു. ഇതാണ് തദ്ദേശീയരായ ആസാമീസ് ജനതയെ ആദ്യമായി ചൊടിപ്പിച്ചത്. 1930 മുതൽ ആസാമിലേക്കുള്ള കുടിയേറ്റത്തെ തദ്ദേശവാസികൾ എതിർക്കാൻ തുടങ്ങി. ഈ പ്രദേശത്തെ തദ്ദേശവാസികൾ തങ്ങളുടെ ആസാമീസ് സ്വത്വവും ഭാഷയും ന്യൂനപക്ഷമായിത്തീരുമെന്ന് ഭയക്കുകയും അതിനെതിരെ ശബ്ദിക്കുകയും ചെയ്തു. സ്വാതന്ത്ര്യത്തിനു ശേഷവും ആസാം രാഷ്ട്രീയത്തിന്റെ കേന്ദ്ര ബിന്ദുവായി ഈ വിഷയം നിലനിന്നു. അത് 1951ൽ, ആദ്യത്തെ പൗരത്വ പട്ടികയുടെ പ്രഖ്യാപനത്തിലേക്ക് നയിക്കുകയും ചെയ്തു. 1951 വരെയുള്ള വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ പേരുകളാണ് ആദ്യത്തെ പൗരത്വ പട്ടികയിൽ ഉൾപ്പെടുത്തിയത്. എന്നാൽ ആ പട്ടികയോടെ പ്രശ്‌നങ്ങൾ അവസാനിച്ചില്ല.

ഇന്ത്യ ഏറ്റവുമധികം അതിർത്തി പങ്കിടുന്നത്, വിശിഷ്യാ ഇന്ത്യയുടെ വടക്കു-കിഴക്കൻ ഭാഗങ്ങൾ, ബംഗ്ലാദേശുമായാണ്. അതിർത്തി എന്ന ആശയം വ്യത്യസ്ത തരത്തിലാണ് വിഭാവനം ചെയ്യപ്പെടുന്നത്. ഒരു ദേശീയ സ്വത്വത്തിൽ നിന്നു കൊണ്ടുള്ള മധ്യവർഗ ആശയത്തിൽ നിന്നും തീർത്തും വ്യത്യസ്തമായിട്ടായിരിക്കും റോഡരുകിൽ ജീവിക്കുന്ന ഒരാൾ അല്ലെങ്കിൽ ആദിവാസി ജനത അതിർത്തി, ദേശീയത എന്നീ ആശയങ്ങളെ ഉൾകൊള്ളുന്നത്. പാക്കിസ്ഥാൻ രൂപീകരണത്തിന് ശേഷം ഇന്ത്യയിലേക്ക് വ്യാപകമായി കുടിയേറ്റം നടന്നിട്ടുണ്ട്. കിഴക്കൻ പാക്കിസ്ഥാനിലെ ആഭ്യന്തര വിഷയങ്ങൾ കൊണ്ടും പട്ടിണി കൊണ്ടും ജീവിതമാർഗം തേടിയും നാടുവിട്ടു വന്നവരും മുസ്ലിം രാജ്യത്ത് നിന്ന് പലായനം ചെയ്‌തെത്തിയ ഹിന്ദുക്കളും അക്കൂട്ടത്തിലുണ്ട്. ഇങ്ങനെ വന്നവരിൽ ഒട്ടനവധിപേരെ ഇന്ത്യ തിരിച്ചയക്കുകയും ചെയ്തിട്ടുണ്ട്. 1950ലെ The Immigrants (Expulsion From Assam) Act പ്രകാരം 1950കളിൽ ആസാമിൽ നിന്ന് 2.5 ലക്ഷം പേരെയും 1960കളിൽ 6 ലക്ഷം പേരെയും കിഴക്കൻ പാക്കിസ്ഥാനിലേക്ക് തിരിച്ചയക്കുകയുണ്ടായി. 1971ൽ. ബംഗ്ലാദേശ് യുദ്ധസമയത്തു ലക്ഷകണക്കിന് അഭയാർഥികളാണ് ഇന്ത്യയിലേക്ക് വന്നത്. ഇന്ദിരാ ഗാന്ധിയും മുജിബു റഹ്മാനും തമ്മിലുണ്ടിയ കരാർ പ്രകാരം മിക്കവരും തിരിച്ചു പോയെങ്കിലും ഒരുപാടു പേർ ഇന്ത്യയിൽ തന്നെ തുടർന്നു എന്ന് കരുതപ്പെടുന്നു.

'അലി, കൂലി, ബംഗാളി, നേപ്പാളി'

1971നു ശേഷം, കുടിയേറ്റ പ്രശ്‌നം മൂർധന്യാവസ്ഥയിൽ തുടരുന്ന സമയത്താണ്, 1979ൽ മംഗാൾദോയി ലോക്‌സഭ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകുന്നത്. ഏകേദശം 45000 ബംഗ്ലാദേശികൾ വോട്ടുകൾ രേഖപ്പെടുത്തി എന്ന് ആരോപിക്കപ്പെട്ടു. തുടർന്നുണ്ടായ രാഷ്ട്രീയ കലാപങ്ങൾ അസാം മുന്നേറ്റത്തിന് (Assam movement) വഴിതെളിച്ചു. ആസാമീസ് സ്വത്വത്തിനും ജനസംഖ്യക്കും മേൽ ബംഗാളി ജനസംഖ്യ വർധിക്കുന്നതിനെതിരെ തുടങ്ങിയ ഈ സമരം പലതവണ അക്രമസ്വഭാവം പ്രകടിപ്പിച്ചു. അത് ഒടുവിൽ 1983ലെ നെല്ലി കൂട്ടക്കൊലയ്ക്കും വഴിവെച്ചു. ബ്രിട്ടീഷുകാരുടെ കാലത്ത് ആസാമിലേക്ക് കുടിയേറിപ്പാർത്ത, കിഴക്കൻ ബംഗാളിൽ വേരുകളുള്ള രണ്ടായിരത്തിലധികം മുസ്ലിംകളെ ആണ് വെറും ആറു മണിക്കൂർ സമയത്തിൽ കൂട്ടക്കൊല ചെയ്തത്. ബോഡോകളും മുസ്‌ലീങ്ങളുമായിട്ടായിരുന്ന ഏറ്റവും രക്തരൂക്ഷിത കലാപം. ഇന്നും ഈ മേഖലയിൽ ഇടക്കിടെ ബോഡോ കലാപങ്ങൾ ഉണ്ടായിട്ടുണ്ട്. അമ്പുവില്ലും കുന്തവും അടക്കമുള്ള തങ്ങളുടെ പരമ്പരാഗത ആയുധങ്ങൾ ഉപയോഗിച്ച് പൊടുന്നനെയുള്ള ആക്രമണങ്ങളും, രാത്രിയിൽ വീടിന് തീയിടകയുമായിരുന്നു ബോഡോകൾ പ്രധാനമായും ചെയ്തത്.

 

ഒടുവിൽ, ആറു വർഷം നീണ്ടുനിന്ന ആസാം മുന്നേറ്റം 1985ൽ ആസാം കരാറിലൂടെ (Assam accord) അവസാനിച്ചു. പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായി ആസാം മുന്നേറ്റത്തിലെ പ്രമുഖ കക്ഷികളായ ആസാം സ്റ്റുഡന്റ് യൂണിയനും ഓൾ ആസാം ഗനാ സംഗ്രാം പരിഷത്തുമാണ് ആസാം കരാറിൽ ഒപ്പു വെച്ചത്. ആസാം കരാർ പ്രസ്താവിച്ച ഏറ്റവും പ്രധാനപ്പെട്ട രണ്ടു കാര്യങ്ങൾ ഇവയാണ്. 1) 1971 മാർച്ച് 24 ന് ശേഷം ആസാമിലേക്ക് വന്ന എല്ലാവരും വിദേശികൾ ആണ്. 2) 1951ൽ തയാറാക്കിയ പൗരത്വ പട്ടിക പുതുക്കും.

അസം പ്രക്ഷോഭത്തിന്റെ തുടക്കകാലത്ത് വിദേശികളെ മാത്രമല്ല അസാമീസ് അല്ലാത്ത ഇന്ത്യാക്കാരെയും നാടുകടത്തണം എന്ന ആവശ്യമുയർന്നിരുന്നു. ഇത്പിന്നീട് 'അലി, കൂലി, ബംഗാളി, നേപ്പാളി' എന്നിവർക്കെതിരെ ഉള്ള പ്രക്ഷോഭമായി മാറി. ആസാമിൽ അലി എന്നതുകൊണ്ട് മുസ്ലിമിനെയും, കൂലി എന്നതു കൊണ്ട് തേയില തോട്ടങ്ങളിലെ ആദിവാസി തൊഴിലാളികളെയും, ബംഗാളി എന്നതു കൊണ്ട് ബംഗാളി സംസാരിക്കുന്ന ഹിന്ദുക്കളെയും, നേപ്പാളി എന്നാൽ ഗോർഖാ ഗോത്രവിഭാഗത്തെയും ആണ് ഉദ്ദേശിക്കുന്നത്. ആസാമിലെ പുരോഗമന വിഭാഗം പ്രായോഗികത കണക്കിലെടുത്ത് പല ഒത്തുതീർപ്പുകളും നടത്തി. 1971 മാർച്ച് 24ന് പൗരത്വം നൽകുന്നതിനുള്ള അവസാന തിയ്യതിയായി നിശ്ചയിച്ചത് ഒരു വിട്ടുവീഴ്‌ച്ചാ സമവാക്യമായിരുന്നു.

കിഴക്കൻ ബംഗാൾ 'കിഴക്കൻ പാക്കിസ്ഥാൻ' ആവുകയും അതു പിന്നീട് ബംഗ്ലാദേശ് ആവുകയും ചെയ്തത് ബംഗാളിൽ നിന്നും കുടിയേറി പാർത്തവർ മുഴുവൻ മുസ്ലിംകൾ ആണ് എന്ന പ്രതീതിയുണ്ടാക്കി. ഇപ്പോൾ ആസാം ഭരിക്കുന്ന ബിജെപിയും ചരടു വലിക്കുന്ന ആർ.എസ്.എസും ഈ പ്രചരണം ഉപയോഗിച്ചാണ് മുതലെടുപ്പു നടത്തുന്നത്. എന്നാൽ ഈ പ്രചരണം തെളിയിക്കുവാൻ വിശ്വാസയോഗ്യവും വസ്തുതാപരവുമായ യാതൊരു കണക്കുകളും ഇല്ല എന്നതാണ് യാഥാർഥ്യം. കുടിയേറി വന്നവർ പ്രധാനമായും സാമ്പത്തികമായ ഉന്നമനം പ്രതീക്ഷിച്ച് എത്തിയവരാണ്. മതം ആയിരുന്നു കാരണമെങ്കിൽ ഒരു മുസ്ലിം രാജ്യം ഉപേക്ഷിച്ച് മുസ്ലിംകൾ കുടിയേറി പാർക്കേണ്ടതില്ലല്ലോ.

1985ലെ കരാർ പ്രകാരം പൗരത്വ പട്ടിക പുതുക്കൽ നടപടികൾ തുടങ്ങാൻ 30 വർഷം കൂടി എടുത്തു. ഒടുവിൽ 2014ൽ ആണ് സുപ്രീം കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പുതുക്കൽ നടപടി ആരംഭിച്ചത്. പൗരത്വ പട്ടികയ്ക്ക് ആസാമിൽ വലിയ ജനപിന്തുണ ഉണ്ടായിരുന്നു. ആസാമീസ്-ബംഗാളി പ്രശ്‌നം എന്നെന്നേക്കുമായി അവസാനിപ്പിക്കുവാൻ പൗരത്വ പട്ടികയോടെ സാധിക്കും എന്ന് ആസാമീസ് ജനത വിശ്വസിക്കുന്നു. എന്നാൽ പൗരത്വ പട്ടിക മാത്രമല്ല ആസാമിൽ വിദേശികളെ കണ്ടുപിടിക്കുന്നതിനായി പ്രവർത്തിക്കുന്നത്. 1962 മുതൽ 'അതിർത്തി പൊലീസ്' (Border Police) എന്നൊരു പ്രത്യേക പൊലീസ് സംവിധാനവും, 1983 മുതൽ Foreigners Tribunal എന്നൊരു പ്രത്യേക കോടതി സംവിധാനവും പ്രവർത്തിക്കുന്നുണ്ട്. കൂടാതെ 1998 മുതൽ ഇലക്ഷൻ കമ്മീഷൻ വോട്ടർ ഐഡി കാർഡിൽ ഡി എന്ന് രേഖപ്പെടുത്താൻ തുടങ്ങി. ഡി എന്ന് വച്ചാൽ ഡൗട്ട്ഫുൾ, അഥവാ സംശയമുള്ള വോട്ടർ എന്നർഥം.ഡി വോട്ടർമാർ അവരുടെ രേഖകൾ Foreigners Tribunal ഹാജരാക്കി തിരുത്തണം. പൗരത്വം തെളിയിക്കാൻ സാധിക്കാത്ത പക്ഷം അവരെ വിദേശി ആയി പ്രഖ്യാപിച്ച് ഡിറ്റൻഷൻ സെന്ററുകളിലേക്ക് അയക്കും. ഡിറ്റൻഷൻ സെന്ററുകൾ ജയിലുകളിൽ തന്നെ പ്രവർത്തിക്കുന്ന ജയിലിനു സമാനമായ ഒരു സംവിധാനം ആണ്. അക്ഷരത്തെറ്റു മൂലം രണ്ട് രേഖകളിലെ പേരുകൾ യോജിക്കുന്നില്ല എന്ന കാരണം കൊണ്ടു പോലും ഡിറ്റൻഷൻ സെന്ററുകളിൽ 5 വർഷം കഴിയേണ്ടിവന്നവരുണ്ട്.

സമരങ്ങൾക്ക് പിന്നിൽ ആൾ അസം സ്റ്റുഡന്റസ് യൂണിയൻ

1979 -ൽ തുടങ്ങി ആറുവർഷം നീണ്ടുനിന്ന അസം കലാപത്തിന് ശേഷം ഗുവാഹത്തിയിലെ നിരത്തുകളിൽ ഇത്ര വലിയൊരു പ്രക്ഷോഭം ഇതാദ്യമാണ്. അന്ന് തെരുവുകളിൽ കലാപം നയിച്ച യുവാക്കളിൽ പലരും ഇന്ന് വൃദ്ധരാണ്. ഇന്ന് പൗരത്വ നിയമ ഭേദഗതിക്കെതിരെ അക്രമാസക്തമായ പ്രകടനങ്ങളുടെ അകമ്പടിയോടെ തെരുവുകൾ രണഭൂമികളാക്കിനടത്തുന്ന പ്രക്ഷോഭങ്ങളുടെ മുൻനിരയിൽ നിൽക്കുന്ന പലരും അന്ന് ജനിച്ചിട്ടുപോലുമില്ല. കേന്ദ്രസർക്കാരിന്റെ നയങ്ങളോട് എതിരിട്ടുകൊണ്ട് ജമ്മു കശ്മീരിൽ തുടങ്ങിയ പ്രശ്‌നങ്ങൾ നാലുമാസങ്ങൾക്കിപ്പുറം അടങ്ങുന്ന ഈ വേളയിൽ, കേന്ദ്രത്തിന്റെ നയങ്ങളോടുള്ള അടുത്ത പ്രതിഷേധത്തിന് അസമിൽ തിരികൊളുത്തപ്പെട്ടതേയുള്ളൂ. ഈ അവസരത്തിൽ പഴയ അസം കലാപത്തിന്റെ തിക്തഫലങ്ങൾ അനുഭവിച്ചവർ, വേണ്ടപ്പെട്ടവരുടെ ജീവൻ നഷ്ടമാകുന്നതിന് സാക്ഷ്യം വഹിക്കേണ്ടിവന്നവർ ഒന്നടങ്കം പറയുന്നത് ഇനിയൊരു കലാപം കൂടി അസമിന് താങ്ങാനാവില്ല എന്നാണ്.

ആൾ അസം സ്റ്റുഡന്റസ് യൂണിയൻ(AASU) സെക്രട്ടറിയായ സമുജ്ജ്വൽ ഭട്ടാചാര്യ അവകാശപ്പെടുന്നത് ഈ പ്രക്ഷോഭങ്ങൾ അസം ജനതയുടെ സ്വാഭിമാനത്തെ ചോദ്യം ചെയ്യുന്ന കേന്ദ്രസർക്കാരിന്റെ നയങ്ങളോടുള്ള സ്വദേശികളുടെ സ്വാഭാവികമായ പ്രതികരണങ്ങളാണ് എന്നാണ്. അസം പ്രദേശത്തെ എല്ലാ സംഘടനകളും ഒറ്റക്കെട്ടായിട്ടാണ് ഈ നിയമഭേദഗതിക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്. ഡിസംബർ 10 -ന് അസം ബന്ദ് ആയിരുന്നു. നോർത്ത് ഈസ്റ്റ് സ്റ്റുഡന്റസ് ഓർഗനൈസേഷന്റെ (എൻഇഎസ്ഒ) ബാനറിൽ 11-നും ശക്തമായ പ്രതിഷേധങ്ങൾ തെരുവുകളിൽ ഉയർന്നു. ജനുവരിയിൽ ഇങ്ങനെ ഒരു ബില്ലിനെപ്പറ്റി പറഞ്ഞുതുടങ്ങിയ സമയം തൊട്ടുതന്നെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്ന എൻഇഎസ് ഒ യുടെ ആഹ്വാനപ്രകാരം നടന്ന പ്രതിഷേധങ്ങൾക്കിടയിലാണ് അക്രമസംഭവങ്ങൾ നടക്കുന്നത്. അക്രമങ്ങളെത്തുടർന്നാണ് കൃത്യമായ ഒരു നേതൃത്വം പ്രതിഷേധങ്ങൾക്ക് വേണമെന്ന അഭിപ്രായമുയർന്നത്. അതേത്തുടർന്ന് ഡിസംബർ 12 -ന് ലതാശീൽ മൈതാനത്ത് നടന്ന സംയുക്തയോഗത്തിൽ, തുടർന്നുള്ള പ്രക്ഷോഭങ്ങളിൽ തികഞ്ഞ ഏകോപനസ്വഭാവവും, ജനാധിപത്യപരമായ സമരരീതികളും ഉണ്ടായിരിക്കണം എന്ന് തീരുമാനമായി.

ഈ സമരങ്ങളുടെ മുൻനിരയിൽ എന്തായാലും (എഎഎസ്‌യു) നേതാവായ സമുജ്ജ്വൽ ഭട്ടാചാര്യ തന്നെയാണ് ഉള്ളത്. പ്രതിഷേധങ്ങളുടെ ദിശ നിയന്ത്രിക്കുന്നതും എഎഎസ്യു തന്നെ. ഒപ്പം നോർത്ത് ഈസ്റ്റ് സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ (എൻഇഎസ്ഒ) യും സജീവമായി രംഗത്തുണ്ട്. അസമിൽ ആദ്യമായി പ്രതിഷേധങ്ങൾ തുടങ്ങുന്നത് നെസോയുടെ പ്രസിഡന്റായ സാമുവൽ ബി ജൈർവയുടെ ആഹ്വാനപ്രകാരമാണ്. 'ഒരു കാലഗണനയുമില്ലാതെ മറ്റുരാജ്യങ്ങളിലെ ഹിന്ദുക്കൾക്ക് ഇന്ത്യൻ പൗരത്വം അനുവദിച്ചുതുടങ്ങിയാൽ, ഭാവിയിൽ അത് വൻതോതിലുള്ള അനധികൃത കുടിയേറ്റത്തിന് ഇടയാക്കും. അത് തദ്ദേശീയരെ സാരമായി ബാധിക്കും. നാളെ വരുന്നവരും പറയും അവർ പത്തുവർഷം മുമ്പാണ് വന്നതെന്ന്. ഒരു രേഖയുമില്ലാതെ വരുന്നവൻ ഇന്നലെയാണ് പത്തുവർഷം മുമ്പാണോ വന്നത് എന്നത് എങ്ങനെ തെര്യപ്പെടുത്തും' എന്നാണ് ജൈർവ ചോദിക്കുന്നത്.

ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റം അസമിന്റെ ജനസംഖ്യാ പ്രാതിനിധ്യം തന്നെ മാറ്റിമറിച്ചിട്ടുണ്ട്. മുമ്പ് അസമിൽ രണ്ടു ജില്ലകളിൽ മാത്രം മുസ്ലിം ജനസംഖ്യ കൂടുതൽ ഉണ്ടായിരുന്നത്, ഇന്ന് പതിനൊന്നു ജില്ലകളിൽ ആയിട്ടുണ്ട്. ഇന്ന് അസമിലെ 126 നിയമസഭാ സീറ്റുകളിൽ 51 -ലും ഫലത്തെ നിർണായകമായി സ്വാധീനിക്കുന്നത് പശ്ചിമ ബംഗാളിൽ നിന്ന് കുടിയേറിപ്പാർത്ത മുസ്ലിം ജനതയാണ്. അസം മൂവ്‌മെന്റിന്റെ ഭാഗമായി ഉടലെടുത്ത, പിന്നീട് ഏറെക്കാലം സംസ്ഥാനം ഭരിച്ച പാർട്ടിയായ അസം ഗണപരിഷത്ത് ഇന്ന് രാഷ്ട്രീയനിഷ്‌കാസനത്തിന്റെ വക്കിൽ എത്തിനിൽക്കുന്നത് ഈ ഒരു മാറ്റത്തിന്റെ പ്രകടമായ ലക്ഷണമാണ്.

എൻആർസി പരിശോധിച്ചത് 6.2 കോടി രേഖകൾ

പക്ഷേ, പട്ടിക പുതുക്കൽ കരുതിയ പോലെ സുഗമമായിരുന്നില്ല. 3.29 കോടി ജനങ്ങളിൽ നിന്നും 6.2 കോടി രേഖകൾ ആണ് എൻആർസി ശേഖരിച്ചത്. 1971നു മുൻപ് ഒരാളോ അവരുടെ പൂർവികരോ ആസാമിൽ താമസിച്ചിരുന്നു എന്ന് തെളിയിക്കേണ്ട രേഖകൾ ആണ് ഹാജരാക്കേണ്ടിയിരുന്നത്. അത്രയും പഴയ രേഖകൾ കൈവശമുള്ളവർ കുറവാണെന്ന് ചിലപ്പോൾ തോന്നും. എന്നാൽ ആസാമിൽ കാലങ്ങളായി തുടരുന്ന പ്രതിസന്ധി മൂലം ഒട്ടുമിക്ക കുടുംബങ്ങളും കഴിയുന്നത്ര രേഖകളും സൂക്ഷിച്ചുവെച്ചിട്ടുണ്ട്. പക്ഷേ എല്ലാ വർഷവും ബ്രഹ്മപുത്രയിലെ പ്രളയം മൂലം ആസാമിലെ ഏകദേശം 40 ശതമാനത്തോളം ഭൂമി വെള്ളത്തിനടിയിലാവാറുണ്ട്. ഈ അവസ്ഥ കണക്കിലെടുത്ത് പൗരത്വ പട്ടിക പുതുക്കുന്ന കമ്മീഷൻ പതിനഞ്ചോളം രേഖകൾ അനുവദിച്ചിരുന്നു. എന്നാൽ അവസാന സമയങ്ങളിൽ പതിനഞ്ചിൽ പത്തു രേഖകൾ മാത്രം സ്വീകരിച്ചാൽ മതിയെന്ന് സുപ്രീം കോടതി വിധി വരികയുണ്ടായി. ഇത് ലക്ഷക്കണക്കിനാളുകളെ ബാധിച്ചു. കല്യാണം കഴിഞ്ഞ സ്ത്രീകൾ ഹാജരാക്കുന്ന സർട്ടിഫിക്കറ്റുകളും ഒഴിവാക്കിയവയിൽ ഉൾപ്പെടും. ഇത് കാരണം നിലവിൽ പട്ടികയ്ക്ക് പുറത്തുള്ളവരിൽ 55 ശതമാനവും സ്ത്രീകളാണ്.

ഇപ്പോൾ ഈ പൗരത്വ പട്ടിക പൗരത്വ ദേഗതി ബില്ലിലൂടെ ബിജെപി അട്ടിമറിച്ചുവെന്നാണ് അസമികൾ പറയുന്നത്. ഹിന്ദുവായാലും മുസ്ലിമായാലും ആസാമിലേക്കിനി കുടിയേറ്റക്കാരെ വേണ്ട എന്ന് ആസ്സാമീസ് ജനത തീർത്തു പറയുന്നത്. പാക്കിസ്ഥാൻ ബംഗ്ലാദേശ് അഫ്ഗാനിസ്ഥാൻ എന്നിവടങ്ങളിലെ ്മുസ്ലീങ്ങളല്ലാത്ത കുടിയേറ്റക്കാർക്ക് ഇളവ് നൽകി, ഹിന്ദുക്കളായ ബംഗാളികളെ ഇവിടോക്ക് ഡബ്ബ് ചെയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് അസമികൾ പറയുന്നത്.

മോദി സർക്കാറിന്റെ ഏറ്റവും വിശ്വസ്തനായ പ്രചാരകനായാണ് മാധ്യമ പ്രവർത്തകനും റിപ്പബ്ലിക്കൻ ടിവി വാർത്താ മേധാവി അർണബ് ഗോസാമി അറിയപ്പെടുന്നത്. പല സന്നിദ്ധഘട്ടങ്ങളിലും എൻഡിഎ സർക്കാറിന്റെ നാവായിരുന്നു ഈ മാധ്യമ പ്രവർത്തകൻ. എന്നാൽ ചരിത്രത്തിൽ ആദ്യമായി മോദി സർക്കാറിനെതിരെ തിരിഞ്ഞിരിക്കയാണ് അർണബും. പൗരത്വഭേദഗതി ബില്ലിൽ മോദി സർക്കാറിനെ വിമർശിച്ച അർണബ് ''നിങ്ങളിൽ പലരും ബിൽ പാസാക്കുന്നത് ആഘോഷിക്കുമ്പോൾ, വടക്കുകിഴക്കൻ ഭാഗത്തുള്ള ഞങ്ങളുടെ സഹോദരീസഹോദരന്മാരെ മറക്കരുത്... അവർ കടുത്ത ആശങ്കയിലാണ്,' എന്നാണ് ചൂണ്ടിക്കാട്ടുന്നത്. ബുധനാഴ്ച രാത്രിയിലെ ചാനൽ പരിപാടിയിലാണ് പ്രേക്ഷരെ അത്ഭുതപ്പെടുത്തിക്കൊണ്ട് അർണബിന്റെ പരാമർശം.

''രാഷ്ട്രീയമായി, ഇത് നരേന്ദ്ര മോദി സർക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ വിജയമാണ്, ''ഗോസാമി തന്റെ ഷോയിൽ പറഞ്ഞു. ഡിസംബർ നാലിന് മന്ത്രിസഭ പാസാക്കിയപ്പോൾ അർണബ് വിമർശനം ഉയർത്തിയിരുന്നു. ബിജെപിക്കാരെ സംബന്ധിച്ച് അർണബ് 'രാജ്യത്തിന്റെ ശബ്ദമാണ്'. കുറച്ചു കാലമായി ബിജെപിയുടെ ടെലിവിഷൻ പ്രചാരണ സൈന്യത്തിന്റെ ചീഫ്. എന്നാൽ പൗരത്വ ഭേദഗതി ബില്ലിൽ അർണബ് ഗോസാമിയുടെ പെട്ടെന്നുള്ള മലക്കം മറിച്ചിൽ അദ്ദേഹത്തിന്റെ സംഘപരിവാർ ആരാധകരെ ആശയക്കുഴപ്പത്തിലാക്കി. കഴിഞ്ഞ ദിവസം ബിജെപിയെ 'പ്രീണിപ്പിക്കൽ രാഷ്ട്രീയം'ത്തിന്റെ പേരിൽ ഗോസാമി വീണ്ടും ശക്തമായി വിമർശിച്ചു. ആർഎസ്എസിനെ പരാമർശിച്ച് ''നാഗ്പൂർ പ്രീതിപ്പെടുത്തൽ'' എന്നാണ് ഗോസാമി പൗരത്വബില്ലിനെ വിശേഷിപ്പിച്ചത്. 'ബിജെപി സംഘപരിവാറിനെ പ്രീണിപ്പിക്കാൻ ശ്രമിക്കുകയാണ്...ഹിന്ദുക്കൾ എവിടെ പോകുമെന്ന് പറയുന്നു... ബിജെപിയോട് ഞാൻ പറയുന്നു... തീർച്ചയായും പാക്കിസ്ഥാനിൽ നിന്നോ ബംഗ്ലാദേശിൽ നിന്നോ ആരെങ്കിലും പോകുന്നത് ഞങ്ങളുടെ ആശങ്കയല്ല... അവരെ മലേഷ്യയിലേക്ക് പോകട്ടെ, അല്ലെങ്കിൽ ജോർദാനിലേക്ക് പോകട്ടേ, അല്ലെങ്കിൽ വത്തിക്കാൻ സിറ്റിയിലേക്ക് പോകട്ടെ. . പാക്കിസ്ഥാനിനിന്നും ബംഗ്ലാദേശിൽ നിന്നോ ഉള്ള ഹിന്ദുക്കൾക്ക് വരാൻ ഞങ്ങൾ ധർമ്മശാലയല്ല.'- അർണബ് ചൂണ്ടിക്കാട്ടി.

ഉറങ്ങിക്കിടന്ന വംശീയ രാഷ്ട്രീയത്തെ ബിജെപി തുറന്നുവിടുമ്പോൾ

ബംഗാളി-ആസാമി വിവേചനം ഇവിടെ ഇന്നും ശക്തമാണ്. ബിജെപിക്കാകട്ടെ ബംഗാളികൾക്കിടയിൽ നല്ല വേരുണ്ട്. ബംഗാളി സംസാരിക്കുന്ന ബരാക് താഴ്‌വരയിലെ സിൽചാറിൽ നിന്നാണ് ആർഎസ്എസും അസമിലെ ബിജെപിയും അവരുടെ പടയോട്ടം തുടങ്ങിയത്. വടക്കുകിഴക്കൻ മേഖലയിലെ അവരുടെ വികാസം ഹിന്ദു ബംഗാളികൾക്കിടയിൽ ഈ അടിത്തറയിൽ നിന്നാണ് സംഭവിച്ചത്. 1947ലും 1971ലെ ബംഗ്ലാദേശ് യുദ്ധകാലത്തുമൊക്കെ ഇവിടേക്ക് വൻതോതിൽ അഭയാർഥി പ്രവാഹം ഉണ്ടായിട്ടുണ്ട്. ഈ ബംഗാളി ഹിന്ദുക്കളുടെ വോട്ടുകളുടെ ഏകീകരണമാണ് അസം മാത്രമല്ല വ്ടക്കുകിഴക്കൻ സംസ്ഥാനളിൽ മൊത്തമായി ബിജെപിയെ തുണച്ചത്. അണികളിൽനിന്ന് വ്യത്യസ്തമായി, അസമിൽ മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ തൊട്ടുള്ള മന്ത്രിമാരിൽ ഭൂരിഭാഗവും ആൾ അസം സ്റ്റുഡൻസ് യൂണിയന്റെ മുൻ നേതാക്കളാണ്. അസം ഗണപരിഷത്തിന്റെ നേതാക്കളായും പ്രവർത്തിച്ച ഇവർ പിന്നീട് ബിജെപിയിലേക്ക് ചേക്കേറുകയായിരുന്നു. ഇവർ എല്ലാതന്നെ ബംഗാളി വിരുദ്ധ സമരത്തിലൂടെയാണ് മുഖ്യധാരയിലേക്കക്ക് കടന്നുവന്നത്. അവരിൽ ഈ വികാരം ഇപ്പോഴും ശക്തമാണുതാനും. പൗരത്വ വിഷയത്തിൽ സമരം തുടങ്ങിയതോടെ ബിജെപിയിൽനിന്ന് പ്രമുഖർ രാജിവെച്ചു കഴിഞ്ഞു. പല ബിജെപി ആർഎസ്എസ് ഓഫീസുകളും ആക്രമിക്കപ്പെടുയാണ്.

ബംഗാളികളും അസാമികളും ഗോത്രവർഗക്കാരും ഗോത്രേതരരും തമ്മിലുള്ള സംഘർഷത്തിന്റെ ചരിത്രം ഇപ്പോൾ വടക്കുകിഴക്കൻ ഇന്ത്യയിൽ വളരെ പഴയതാണ്. അവിടത്തെ രാഷ്ട്രീയം വംശീയ രാഷ്ട്രീയത്തിന്റെ ആധിപത്യമാണ്. എന്നാൽ ബിജെപി അത് ദേശീയ രാഷ്ട്രീയത്തിന്റെ വിശാല സപെക്ട്രത്തിലേക്കാണ് കൊണ്ടുപോയത്. അപ്പോളും വംശീയ രാഷ്ട്രീയം കനലായി കിടക്കയായിരുന്ന. പൗരത്വ ബിൽ പാസാക്കിയതോടെ ബിജെപിയെ അത്ഭുതപ്പെടുത്തിക്കൊണ്ട്, ഈ വംശീയ രാഷ്ട്രീയം പുറത്തുചാടി. അസമിനെ ''വിദേശികളിൽ'' നിന്ന് രക്ഷിക്കുകയെന്നത് പ്രാഥമിക രാഷ്ട്രീയ ആശങ്കയായി തുടരുന്നു.അസമിനും വടക്കുകിഴക്കൻ രാജ്യത്തിനും മറഞ്ഞിരിക്കുന്ന ചെറുത്തുനിൽപ്പിന്റെ ഒരു നീണ്ട ചരിത്രമുണ്ട്. ഇവർ ഒരിക്കലും പുറത്തുനിന്നുള്ളവരുടെ ആധിപത്യത്തെ ഇഷ്ടപ്പെടുന്നില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യസമരകാലത്ത് പോലും ഇന്ത്യൻ പ്രധാന ഭൂപ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തരാണെന്ന ബോധം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിലനിന്നിരുന്നതായി പ്രൊഫസർ സഞ്ജിബ് ബറുവ ഫ്രണ്ട്ലൈനിനായി അടുത്തിടെ എഴുതിയ ലേഖനത്തിൽ വിവരിക്കുന്നു. 1937 ൽ ജവഹർലാൽ നെഹ്റുവും ആസാമിലെ പൊതു ബുദ്ധിജീവിയായ ജ്ഞാനനാഥ് ബോറയും തമ്മിലുള്ള തർക്കത്തെക്കുറിച്ച് ചരിത്രകാരനായ ബോധിസത്വ കാർ എഴുതിയ വിവരണത്തിൽ നിന്നുള്ള ഒരുഭാഗം ബറൂവ ഇങ്ങനെ വിവരിക്കുന്നു. ''അസമിലെത്തിയ നെഹ്റു അത്ഭുതപ്പെട്ടു. ജനങ്ങൾ അറിയേണ്ടത് കിഴക്കൻ ബംഗാളിൽനിന്നുള്ള കുടിയേറ്റത്തെക്കുറിച്ചായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരം പോലും അവർക്ക് പ്രശ്‌നമായിരുന്നില്ല'- ബറുവ ചൂണ്ടിക്കാട്ടി.

വടക്കുകിഴക്കൻ ഇന്ത്യയിൽ ഹിന്ദു ദേശീയതയും ചെറിയ ദേശീയതകളും തമ്മിലുള്ള പോരാട്ടത്തിൽ, കഴിഞ്ഞ കുറെക്കാലമായി ചെറിയ ദേശീയത ഉറങ്ങിക്കിടക്കയായിരുന്നു. പൗരത്വബില്ലിനെ തുറന്നുവിട്ട് ബിജെപി അത് വീണ്ടും ഉണർത്തുകയാണ് ചെയ്തത്.

എത്ര ഡിറ്റൻഷൻ സെന്റുകൾ നിർമ്മിക്കും?

തദ്ദേശീയരുടെ സമ്മർദത്തിന് വഴങ്ങി ഇത്രയുംപേരെ പുറത്താക്കിയാൽ ഇനി എന്തുചെയ്യും എന്നതാണ് അടുത്ത ചോദ്യം.പക്ഷേ, എല്ലാത്തിനുമുപരി അറിഞ്ഞിരിക്കേണ്ടത് തങ്ങളുടെ പൗരന്മാർ ഇന്ത്യയിലേക്ക് അനധികൃതമായി എത്തിയിട്ടുണ്ടെന്ന് ബംഗ്ലാദേശ് ഒരിക്കലും സമ്മതിച്ചിട്ടില്ല എന്നുള്ളതാണ്. കൂടാതെ 2013 ൽ ഇന്ത്യയും ബംഗ്ലാദേശും ഒപ്പുവെച്ച കൈമാറ്റ ഉടമ്പടിയിൽ കുടിയേറ്റക്കാരെ അതിന്റെ അധികാര പരിധിയിൽ നിന്നുമൊഴിവാക്കാവുന്ന പല ഉപഘടകങ്ങളും ചേർത്തിട്ടുണ്ട്. അതായത് ഇന്ത്യ വേണമെന്ന് വച്ചാൽ പോലും വിദേശികളായി രാജ്യം കണക്കാക്കുന്ന ആളുകളെ ബംഗ്ലാദേശിലേക്കയക്കാൻ സാധിക്കില്ല എന്നർഥം. അത് മറ്റാരേക്കാളും കേന്ദ്രം ഭരിക്കുന്ന ബിജെപിക്കറിയാം. വിദേശികളെ പാർപ്പിക്കാൻ വേണ്ടി കുറച്ചു മാസങ്ങൾ മുൻപു മാത്രമാണ് ആസാമിലെ ആദ്യത്തെ ഡിറ്റൻഷൻ സെന്റർ നിർമ്മിക്കുവാൻ കേന്ദ്ര സർക്കാർ പണം അനുവദിച്ചത്. ജയിലുകൾക്കുള്ളിൽ ഇപ്പോൾ പ്രവർത്തിക്കുന്ന ഡിറ്റൻഷൻ സെന്ററുകളിലോ, പുതുതായി നിർമ്മിക്കുന്ന ഡിറ്റൻഷൻ സെന്ററുകളിലോ ഇത്രയധികം ആളുകളെ ഉൾക്കൊള്ളിക്കാൻ സാധ്യമല്ല. പിന്നെ സംഭവിക്കാൻ സാധ്യതയുള്ളത് ഇപ്പോൾ ബംഗ്ലാദേശിൽ റോഹിങ്ക്യൻ അഭയാർഥികൾ കഴിയുന്നത് പോലെ അന്താരാഷ്ട്ര സഹായത്തോടെ ക്യാമ്പുകളിൽ പാർപ്പിക്കുകയാണ്. ഇത് ഇന്ത്യക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയും അന്താരാഷ്ട്ര ബന്ധങ്ങളിൽ പിളർപ്പുമുണ്ടാക്കും. അതായത് അതീവ സങ്കീർണ്ണ പ്രശ്നങ്ങളാണ് ഇവയെന്ന് ചുരുക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP