Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

ബാത്ത് ടബ്ബിൽ മുങ്ങി മരിച്ച ശ്രീദേവി; മദ്യത്തിൽ 'മുങ്ങി'മരിച്ച ഗുരുദത്ത്; ഡി കമ്പനി കൊന്ന് തള്ളിയ ഗുൽഷൻ കുമാർ; സ്വയം ജീവനൊടുക്കിയ ദിവ്യഭാരതിയും സിൽക്ക്സ്മിതയും തൊട്ട് മലയാളത്തിന്റെ വിജയശ്രീ വരെ; സുശാന്ത് സിങ് രജ്പുതിന്റെ മരണം ഒറ്റപ്പെട്ടതല്ല; അഞ്ചുവർഷത്തിനുള്ളിൽ ബോളിവുഡിൽ മാത്രം ജീവനൊടുക്കിത് ഇരുപതോളം കലാകാരന്മാർ; ഇന്ത്യൻ സിനിമയിലെ ദുരൂഹ മരണങ്ങളുടെ കഥ

ബാത്ത് ടബ്ബിൽ മുങ്ങി മരിച്ച ശ്രീദേവി; മദ്യത്തിൽ 'മുങ്ങി'മരിച്ച ഗുരുദത്ത്; ഡി കമ്പനി കൊന്ന് തള്ളിയ ഗുൽഷൻ കുമാർ; സ്വയം ജീവനൊടുക്കിയ ദിവ്യഭാരതിയും സിൽക്ക്സ്മിതയും തൊട്ട് മലയാളത്തിന്റെ വിജയശ്രീ വരെ; സുശാന്ത് സിങ് രജ്പുതിന്റെ മരണം ഒറ്റപ്പെട്ടതല്ല; അഞ്ചുവർഷത്തിനുള്ളിൽ ബോളിവുഡിൽ മാത്രം ജീവനൊടുക്കിത് ഇരുപതോളം കലാകാരന്മാർ; ഇന്ത്യൻ സിനിമയിലെ ദുരൂഹ മരണങ്ങളുടെ കഥ

എം മാധവദാസ്

'ഒരു സെലിബ്രിറ്റി മരിക്കുമ്പോൾ മാത്രമേ നിങ്ങൾ അറിയുന്നുള്ളൂ. ബോളിവുഡ്ഡിന്റെ ഈ പളപ്പിന് പിന്നിൽ ഒരു പാടുപേരുടെ കണ്ണീരിന്റെയും കഥകൾ ഉണ്ട്. കഴിഞ്ഞ അഞ്ചുവർഷത്തിനുള്ള ഹിന്ദി ഫിലിം ഇൻഡസ്ട്രിയുമായി ബന്ധപ്പെട്ട് മരിച്ചവർ 20 ഓളം പേരാണ്. പ്രശസ്തർ അല്ലാത്തതുകൊണ്ട് അവരുടെ മരണങ്ങൾ ഒറ്റക്കോളത്തിൽ ഒതുങ്ങുന്നു.'- എഴുത്തുകാരി ശോഭാ ഡേ കഴിഞ്ഞദിവസംകുറിച്ചതാണിത്. മുബൈ സിനിമ പശ്ത്താലമാക്കിയുള്ള പുതിയ നോവലിന്റെ പണിപ്പുരയിലുള്ള എഴുത്തുകാരിക്ക് പറയാനുള്ളത്, സിനിമയുടെ ഗ്ലാമറിന് അപ്പുറത്തുള്ള പച്ചയായ ജീവിതാണ്.

'7 യുവ ടെക്നീഷ്യൻസും 5 നിർമ്മാതാക്കളും കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ മരിച്ചതായി എനിക്കറിയാം. എല്ലാം തുലഞ്ഞ് നാടുവിട്ടവരും ഉണ്ട്. ഈ കോവിഡിന്റെ പശ്ലാത്തലത്തിൽ ഈ വിപണി അടച്ചിട്ടതോടെ ഒലിച്ചുപോയത് ശതകോടികളാണ്. എത്രപേർ ഡിപ്രഷൻ വന്നു മരിക്കും എന്ന് കാണേണ്ടതാണ്. ' -മൂംബൈ ഫിലിം ലേബേഴ്സ് ഫെഡറേഷൻ എന്ന സംഘടനയുടെ സെക്രട്ടറി ആത്മാറാം മിശ്ര ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. നമ്മുടെ നാട്ടിലെ ഫെഫ്ക്കയപ്പോലെ ബോളിവുഡ് സിനിമാ പ്രവർത്തകരുടെ കൂട്ടായ്മയാണ് ലേബേഴ്സ് ഫെഡറേഷൻ.

ബോളിവുഡ് നടൻ സുശാന്ത് സിങ് രജ് പുതിന്റെ മരണത്തിൽ ഇന്ത്യ മുഴുവൻ തേങ്ങുകയാണ്. പക്ഷേ അപ്പോഴും ഇത് ഒരു ഒറ്റപ്പെട്ട സംഭവം ആയിരുന്നില്ല. സെലിബ്രിറ്റികളുടെ ചോരകൊണ്ട് ചുവന്നതാണ് ബോളിവുഡ്‌ മൂന്ന് രീതിയിലാണ്  ബോളിവുഡ് ദുരന്തങ്ങളെ സിനിമാ
പത്രപ്രവർത്തകൻ പങ്കജ് സേഥ് ഒക്കെ രേഖപ്പെടുത്തുന്നത്. ഏറ്റവും കൂടതൽ ഇവിടെ നടന്നിട്ടുള്ളത് നടിമാരുടെ ആത്മഹത്യകളാണ്. ഡിപ്രഷനായിരുന്നു അതിൽ ഏറ്റവും വില്ലനായത്. രണ്ടാമത്തേ് കൊലപാതകങ്ങളാണ്. കാസറ്റ് രാജാവ് എന്നറിയപ്പെടുന്ന ഗുൽഷൻ കുമാറിന്റെ വധം അടക്കം ഡി കമ്പനി നടത്തിയ കൊലപാത പരമ്പരകളാണ് ഇത്. സിനിമകൾ പാളീസായും ഒന്നുമല്ലാതെയായും  ഇൻഡസ്ട്രി   വിടുകയും കാണാതാവുകയും ചെയ്യുന്നവരെയാണ് മൂന്നാമത്തെ ദുരന്തത്തിൽ പങ്കജ് സേഥ് പെടുത്തുന്നത്്.
സുശാന്തിന്റെ  മരണത്തോടെ ബോളിവുഡിലെ ദുരൂഹമരണങ്ങൾ വീണ്ടും ചർച്ചയാവുകയാണ്.

ബോളിവുഡിൽ നടി ദിവ്യാഭാരതിയുടെ മരണത്തിൽ ദാവൂദിന്റെ അധോലോക സംഘത്തിന് പങ്കുണ്ടെന്ന വാദം ശക്തമായിരുന്നു. ഫെമിന മിസ് ഇന്ത്യയും താരവുമായ നഫീസ ജോസഫ്, എഴുപതുകളിൽ ബോളിവുഡിന്റെ ഹരമായിരുന്ന ഗ്‌ളാമർ നടി പർവീൺ ബാബി, അമിതാഭിന്റെ നായിക ആയിരുന്ന ജിയാ ഖാൻ തുടങ്ങിയവരുടെ മരണങ്ങളിലെ ദുരൂഹതകൾ ഇപ്പോഴും മാറാതെ നിൽക്കുന്നു.

തമിഴ്-തെലുങ്ക് നടിമാരായ പ്രത്യൂഷ, സിമ്രാന്റെ സഹോദരി മൊണാൽ നവാൽ, ഫടാഫട് ജയലക്ഷ്മി, മോഡലും അഭിനേത്രിയുമായ ശിഖ ജോഷി, വിവേക ബാബാജ, പ്രത്യുഷ ബാനർജി, ഡിംപിളിന്റെ സഹോദരി റീം കപാഡിയ, കൊൽക്കത്തയിലെ നടി ദിഷ ഗാംഗുലി തുടങ്ങിയവരുടെ മരണങ്ങളും അസ്വാഭാവികമായിരുന്നു. മലയാളത്തിലും തമിഴിലും മാദകറാണിയായി തിളങ്ങിയ സിൽക്ക് സ്മിതയുടേയുൾപ്പെടെ നിരവധി താരങ്ങളുടെ മരണങ്ങളും ചർച്ചയായി. മലയാളത്തിന്റെ  പ്രിയ നായികമാർ ആയിരുന്ന വിജയശ്രീ, ശോഭ, മയൂരി തുടങ്ങിയവരുടെ മരണങ്ങളും ഈ പട്ടികയിലുണ്ട്.

മദ്യത്തിൽ മുങ്ങി മരിച്ച ഗുരുദത്ത്

അമ്പത്, അറുപത് കാലഘട്ടത്തിൽ ഹിന്ദി സിനിമയിലെ  മുടിചൂടാമന്നന്മ്മാരിൽ ഒരാളായി
കണക്കാക്കപ്പെട്ടിരുന്ന അപൂർവ വ്യക്തിത്വങ്ങളിൽ ഒന്നായിരുന്നു ഗുരുദത്തിന്റേത്. വസന്തകുമാർ ശിവശങ്കർ പദുകോൺ എന്നായിരുന്നു യഥാർത്ഥ നാമം എങ്കിലും അദ്ദേഹം അറിയപ്പെട്ടത് ഗുരുദത്ത് എന്ന തന്റെ തിരനാമത്തിലൂടെയായിരുന്നു. അനവദ്യസുന്ദരങ്ങളായ സിനിമകൾ സംവിധാനം ചെയ്യുക മാത്രമല്ല, അവയിൽ പലതിലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുകകൂടി ചെയ്തിട്ടുണ്ട് ആ അസാമാന്യപ്രതിഭ.

1964 ഒക്ടോബർ 10 -ന് അദ്ദേഹത്തെ മുംബൈ പെഡ്ഡർ റോഡിലുള്ള തന്റെ ബംഗ്ലാവിൽ ഗുരുദത്തിന്റെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അളവിൽ കവിഞ്ഞ മദ്യവും, ഉറക്ക ഗുളികകളും അകത്തുചെന്നായിരുന്നു ദത്തിന്റെ മരണം. അച്ഛന്റേത് കരുതിക്കൂട്ടിയുള്ള മരണമല്ലായിരുന്നു എന്ന് മകൻ അരുൺ ദത്ത് പിന്നീട് പറഞ്ഞു എങ്കിലും, ജീവിതത്തിൽ വിടാതെ പിടികൂടിയിരുന്ന കൊടിയ വിഷാദം അദ്ദേഹത്തിന്റെ തീരുമാനങ്ങളെ കാര്യമായി സ്വാധീനിച്ചിരുന്നു എന്നുറപ്പാണ്. അന്നത്തെ സുപ്രസിദ്ധ ഗായിക ഗീത റോയ് ചൗധരിയെ വിവാഹം കഴിച്ച് സന്തോഷത്തോടെ കഴിയുന്നതിനിടെയാണ് വഹീദാ റഹ്മാൻ എന്ന നായികയുമായി ചേർത്തുകൊണ്ട് ഗുരുദത്തിനെപ്പറ്റി ഗോസിപ്പുകൾ പ്രചരിച്ചു തുടങ്ങിയത്. ആ കഥകളുടെ പേരിൽ ഇരുവരും തമ്മിൽ വഴക്കുണ്ടായി. ആ ദാമ്പത്യത്തിൽ വിള്ളലുകൾ വന്നു. മക്കളെയും കൊണ്ട് ഗീതാ ദത്ത് സ്വന്തം വീട്ടിലേക്ക് പോയതിന്റെ പിന്നാലെ ഗുരുദത്തിനുണ്ടായ വിഷാദം, അദ്ദേഹത്തിന്റെ അമിത മദ്യപാനത്തിലേക്കും, ഒടുവിൽ വെറും മുപ്പത്തൊമ്പതാം വയസ്സിലെ അകാലമരണത്തിലേക്കുമാണ് നയിച്ചത്.

ബാത്ത് ടബ്ബിൽ മുങ്ങി മരിച്ച ശ്രീദേവി

2018 ഫെബ്രുവരി 14ന് ദുബായിലെ എമിറേറ്റ്‌സ് ടവർ ഹോട്ടലിലെ ബാത്ത് ടബ്ബിൽ മരിച്ച നിലയിൽ കണ്ടെത്തിയ നടി ശ്രീദേവിയെ ചൊല്ലിയുള്ള വിവാദങ്ങൾ ഇന്നും അവസാനിച്ചിട്ടില്ല. പൊലീസ് ഇക്കാര്യം അപകട മരണം തന്നെയാണെന്ന് സമ്മതിക്കുമ്പോളും ഗൂഢാലോചനാ സിദ്ധാന്തങ്ങൾക്ക് ഇന്നും യാതൊരു കുറവും വന്നിട്ടില്ല. ഭർത്താവും ബോളിവുഡ് നിർമ്മാതാവുമായ ബോണി കപൂറിനെ അടക്കം സംഭവത്തിൽ ദുബായ് പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു.ഹോട്ടലിലെ ഇരുപത് ജീവനക്കാരെയും ദുബായ് പൊലീസ് ചോദ്യം ചെയ്തിരുന്നു.

ഭർത്താവ് ബോണി കുപൂർ തന്നെയാണ് പ്രധാനമായും ആരോപിതനായത്. അനന്തരവന്റെ വിവാഹം കഴിഞ്ഞ് മുംബൈയിലേക്ക് മടങ്ങിയ ബോണി കപൂർ പെട്ടന്ന് ദുബായിലേക്ക് മടങ്ങി എത്തിയതാണ് പൊലീസിന്റെ സംശയത്തിന്റെ കാരണം. സർപ്രൈസ് ഡിന്നർ നൽകി ശ്രീദേവിയെ അമ്പരപ്പിക്കുന്നതിന് വേണ്ടിയാണ് മടങ്ങി എത്തിയതെന്നാണ് ബോണി കപൂർ പൊലീസിന് നൽകിയ മറുപടി.ദുബായിൽ സ്ഥിരതാമസമാക്കിയ ശ്രീദേവിയുടെ സഹോദരി ശ്രീലതയേയും പൊലീസ് ചോദ്യം ചെയ്തു. ശ്രീദേവിയും ബോണി കപൂറും തമ്മിൽ ചില പ്രശ്‌നങ്ങളുണ്ടായിരുന്നതായി ശ്രീലത പൊലീസിനോട് പറഞ്ഞുവെന്നാണ് വിവരം. ശ്രീദേവിയുടെ ശരീരത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്തിയതായി ഫേറൻസിക് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

മദ്യലഹരിയിൽ ശ്രീദേവി ബാത്ത് ടബിലേക്ക് വീഴുകയും മുങ്ങി മരിക്കുകയുമായിരുന്നെന്ന് പൊലീസ് പറയുന്നത്. ഈ രീതിയിലുള്ള വീഴ്ചയിൽ മരണം സംഭവിക്കാമെന്ന് പൊലീസ് ശാസ്ത്രീയമായി തെളിയിക്കുകയും ചെയ്തിട്ടുണ്ട്. വെള്ളത്തിൽ മുങ്ങുമ്പോൾ സ്വയം രക്ഷപ്പെടാനുള്ള പ്രവണത കാണിക്കുന്നതാണു സ്വാഭാവിക രീതി. എന്നാൽ, ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കിലോ കുഴഞ്ഞുവീഴുന്നതു പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാലോ സ്വയം രക്ഷപ്പെടാനുള്ള ശേഷി നഷ്ടപ്പെടുമെന്നാണ് പൊലീസ് തെളിയിച്ചത്. പക്ഷേ എന്നിട്ടും വിവാദങ്ങൾ അവസാനിച്ചിട്ടില്ല.

ദിവ്യഭാരതി ഡി കമ്പനിയുടെ ഇരയോ

നക്ഷത്രം പോലെ തിളങ്ങുന്ന കണ്ണുകൾ, ആകർഷകമായ പുഞ്ചിരി, പ്രസരിപ്പുള്ള മുഖം, ദിവ്യാ ഭാരതി എന്ന നടിയെ ഓർക്കുമ്പോൾ പ്രേക്ഷകരുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് നൊമ്പരപ്പെടുന്ന ഓർമകളാണ്. അകാലത്തിൽ പൊലിഞ്ഞ പ്രതിഭ. കൗമാരകാലത്തു തന്നെ സിനിമയിൽ ചുവടുറപ്പിച്ച ദിവ്യ അന്തരിച്ചത് 19-ാമത്തെ വയസ്സിലാണ്. മൂന്ന് വർഷങ്ങൾക്കുള്ളിൽ തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലായി അഭിനയിച്ചത് ഇരുപത്തിരണ്ട് സിനിമകളിൽ.

ഓംപ്രകാശ് ഭാരതി-മീരാ ഭാരതി ദമ്പതികളുടെ മകളായി 1974 ലാണ് ദിവ്യ ജനിക്കുന്നത്. 16-ാം വയസ്സിൽ പഠനം ഉപേക്ഷിച്ച് സിനിമ തിരഞ്ഞെടുക്കുകയായിരുന്നു ഈ പെൺകുട്ടി. വെങ്കിടേഷ് നായകനായ ബോബ്ലിരാജ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു ദിവ്യയുടെ തുടക്കം. പിന്നീട് നിലാ പെണ്ണേ എന്ന തമിഴ് ചിത്രത്തിൽ വേഷമിട്ടു. തെലുങ്കിൽ ശ്രദ്ധ നേടിയ ദിവ്യ വിശ്വാത്മാ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലെത്തുന്നത്. വളരെ പെട്ടന്നായിരുന്നു സൂപ്പർനായികാ പദവിയിലേക്കുള്ള ദിവ്യയുടെ വളർച്ച. ശ്രീദേവിയുടെ പുതു തലമുറയിലെ മുഖമായി പലരും ദിവ്യയെ വിശേഷിപ്പിച്ചു. മുഖഭാവം കൊണ്ടും അഭിനയശൈലിയിലും ശ്രീദേവിയുമായി ദിവ്യ സാദൃശ്യം പുലർത്തിയിരുന്നു.

18-ാമത്തെ വയസ്സിൽ ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ സാജിദ് നാഡിയാദ്വാലയുമായി ദിവ്യ പ്രണയത്തിലാവുകയും വിവാഹിതയാവുകയും ചെയ്തു. വിവാഹത്തിന് ശേഷവും ദിവ്യ സിനിമാരംഗത്ത് സജീവമായിരുന്നു. ്1993 ജൂൺ നാലിനായിരുന്നു താമസിക്കുന്ന ഫ്ലാറ്റിന്റെ അഞ്ചാം നിലയിൽ നിന്ന് വീണാണ് ദിവ്യ മരിക്കുന്നത്. മദ്യലഹരിയിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

ദിവ്യ മരിക്കുന്ന സമയത്ത് വീട്ടിൽ ജോലിക്കാരിയും ഫാഷൻ ഡിസൈനർ നീത ലുല്ല, ഭർത്താവ് ശ്യം ലുല്ല എന്നിവർ ഉണ്ടായിരുന്നു. മൂവരും ടെലിവിഷൻ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. അതിനിടയിൽ ദിവ്യ ബാൽക്കണയിലേക്ക് പോയി. അവിടെ വച്ചാണ് അപകടം സംഭവിക്കുന്നത്. താഴെ വീണ ദിവ്യക്ക് ജീവനുണ്ടായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അവർ മരിച്ചിരുന്നു.

ദിവ്യയുടെ മരണത്തെ സംബന്ധിച്ച് ഒരുപാട് കഥകൾ പ്രചരിച്ചു. ആത്മഹത്യയാണെന്നും കൊലപാതകമാണെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഭർത്താവ് സാജിദ് നാഡിയാദ്വാലക്കെതിരേയും ആരോപണങ്ങൾ ഉയർന്നു. 1998 ലാണ് ദിവ്യയുടെ മരണത്തെ സംബന്ധിച്ച കേസ് പൊലീസ് അവസാനിപ്പിക്കുന്നത്. അപകടമരണമാണെന്നാണ് പൊലീസ് നിഗമനം. ഇന്നും ഇത് സംബന്ധിച്ച ദുരൂഹത അവസാനിച്ചിട്ടില്ല. അധോലോക നായകൻ ദാവൂദ് ഇബ്രാഹീണിന്റെ പേര് ചർച്ചയായി. പക്ഷേ അന്വേഷണം ആ വഴിക്ക് നീങ്ങിയില്ല. പക്ഷേ ഇന്നും സിനിമാ പിന്നാമ്പുറങ്ങളിൽ ചർച്ചായുന്നത് അന്ന് മുബൈ സിനിമാലോകം നിയന്ത്രച്ചിരുന്ന ഡി കമ്പയുടെ പേരാണ്. ദാവൂദിന്റെ സമ്മർദം സഹിക്കാനാവാതെ ആയിരുന്നു ഈ മരണം എന്ന് വിശ്വസിക്കുന്നവരാണ് ഹിന്ദി സിനിമാലോകത്ത് ഇന്നും കൂടുതൽ.

പ്രണയ നൈരാശ്യം ജീവനെടുത്ത നടിമാർ

മറ്റൊരു താരസുന്ദരിയായിരുന്ന നഫീസ ജോസഫ് വീട്ടീൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിലും പൊലീസ് അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിരുന്നില്ല. മുംബൈയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ 2004 ജൂലൈ 29നു കണ്ടെത്തുകയായിരുന്നു ഈ സുന്ദരിയെ. ഫെമിന മിസ് ഇന്ത്യ യൂണിവേഴ്സും 1997ലെ വിശ്വസുന്ദരി മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയും ചെയ്ത താരം എംടിവി അവതാരകയായും ശ്രദ്ധ നേടിയിരുന്നു.

എഴുപതുകളിൽ ഹിന്ദി സിനിമയിലെ ഗ്ലാമർ റാണിയായിരുന്നു പർവീൺ ബാബി. 2005 ജനുവരി 21നു മുംബൈ ജുഹുവിലെ ഫ്ളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. രക്തത്തിൽ മദ്യത്തിന്റെ സാന്നിധ്യമുണ്ടായിരുന്നെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അമ്പതോളം ചിത്രങ്ങളിൽ അഭിനയിച്ച താരമാണ് പർവീൺ. 55-ാം വയസ്സിലാണ് അവരുടെ മരണം. 2005 ജനുവരി 22ന് തന്റെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. റെസിഡന്റ് സൊസൈറ്റി സെക്രട്ടറി വിവരമറിയിച്ചാണ് പൊലീസ് എത്തുന്നത്. മൂന്നുദിവസമായി പേപ്പറും പാലും എടുത്തിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി. ഭക്ഷണാവശിഷ്ടം ഉള്ളിൽ ഉണ്ടായിരുന്നില്ലെന്നും മദ്യത്തിന്റെ അംശം ഉണ്ടെന്നുമായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. അമിത മദ്യപാനമാണോ മരണകാരണം അതോ ആത്മഹത്യയാണോ എന്ന കാര്യത്തിൽ വ്യക്തതയുണ്ടായില്ല

പ്രശസ്ത മോഡലും മുൻ മിസ് മൊറീഷ്യസുമായ വിവേക ബാബാജി മുംബൈ ഫ്ളാറ്റിൽ 2010 ജൂൺ 25നു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതും സാധാരണമായി പൊലീസ് എഴുതി തള്ളി. ആത്മഹത്യയുമായി ബന്ധപ്പെട്ട് കാമുകൻ ഗൗതം വോറയെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്തിരുന്നു 'കാമസൂത്ര' മോഡൽ എന്ന നിലയിൽ ശ്രദ്ധേയയായ വിവേക പ്രണയനൈരാശ്യത്തെ തുടർന്നാണു ജീവനൊടുക്കിയതെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്. അതിനപ്പുറം കേസ് മുന്നോട്ട് പോയില്ല. തന്റെ 37-ാം വയസ്സിലായിരുന്നു വിവേകയുടെ മരണം. മുംബൈയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ഫ്‌ളാറ്റിൽ നിന്ന് ഒരു ഡയറിയിൽ ഗൗതംവോറ.. നീയാണെന്ന് കൊന്നത് എന്നെഴുതിയ കുറിപ്പ് കണ്ടെത്തി. കാമുകനിൽ നിന്ന് അകന്നതോടെ അതിൽ നിരാശയായി ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് പറഞ്ഞങ്കിലും 2012ൽ കേസിൽ പുനരന്വേഷണം ഉണ്ടാവുകയും ഗൗതം അറസ്റ്റിലാവുകയും ചെയ്തു. മറ്റൊരു കൊലപാതകത്തിൽ ഗൗതമിന് ബന്ധമുണ്ടെന്ന് കണ്ടതോടെയായിരുന്നു ഇത്.

നിശ്ശബ്ദ്' എന്ന ചിത്രത്തിൽ അമിതാഭ് ബച്ചന്റെ നായികയായി ശ്രദ്ധ നേടിയ ജിയാ ഖാനും ആരാധകരുടെ നടുക്കുന്ന ഓർമ്മയാണ്. 2013 ജൂൺ നാലിനു മുംബൈ ജുഹുവിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംവിധാന സഹായിയായ സൂരജ് പാഞ്ചോളിക്കെതിരെ പൊലീസ് കേസെടുത്തു. സൂരജ് അകന്നതിനെത്തുടർന്നു ജിയ നിരാശയിലായിരുന്നു. ഇതിന് പിന്നിലും അധോലോക ബന്ധങ്ങൾ ചർച്ചയായിരുന്നു. പക്ഷേ പൊലീസിന് മുന്നോട്ട് പോകാനായില്ല. ഗായികയും മോഡലും കൂടിയായിരുന്നു ജിയ. 1988ൽ ന്യൂയോർക്കിൽ ജനിച്ച ജിയ തന്റെ 25-ാം വയസ്സിലാണ് മരണപ്പെടുന്നത്. അമ്മയും സഹോദരിമാരും വീട്ടിൽ ഇല്ലാതിരുന്ന സമയത്തായിരുന്നു മരണം. മരണം നടന്ന് നാലാം ദിവസം ഒരു ആത്മഹത്യാ കുറിപ്പ് കിട്ടി. അടുത്തിടെ ഗർഭച്ഛിദ്രം നടത്തിയ വിവരം അതിലുണ്ടായിരുന്നു. ശരീരത്തിൽ നിരവധി പാടുകളും കണ്ടു. ഇതോടെ മരണത്തിൽ ദുരൂഹത ഉയർന്നു. കൊലപാതകമാണെന്ന് അമ്മ പരാതി നൽകി. ആദിത്യ പഞ്ചോളിയുടെ മകൻ സൂരജ് പഞ്ചോളിയുമായി ലിവ്- ഇൻ ബന്ധത്തിലായിരുന്നു ജിയ. സംഭവത്തെ തുടർന്ന് സൂരജ് അറസ്റ്റിലായെങ്കിലും ഒടുവിൽ ആത്മഹത്യയാണെന്ന നിഗമനമാണ് സിബിഐയുടെ വരെ അന്വേഷണത്തിൽ വ്യക്തമായത്.

ദാവൂദ് ഇബ്രാഹിം നടത്തിയ കൊലകൾ

80 കളുടെ പകുതി മുതലിങ്ങോട്ട് മുബൈയിൽ സാക്ഷാൽ ദാവൂദ് ഇബ്രാഹിമിന്റെ ഭരണമായിരുന്നു. ബോളിവുഡ്ഡിൽ ആര് വാഴണം ആര് വീഴണം എന്നൊക്കെ തീരുമാനിച്ചിരുന്നത് സാക്ഷൽ ദാവൂദ് തന്നെയായിരുന്നു. 6 നിർമ്മാതാങ്ങളെയാണ് ഈ കാലഘട്ടത്തിൽ ഡി കമ്പനി വെടിവെച്ചുകൊന്നത്. കാസറ്റ് രാജാവ് എന്നറിയപ്പെട്ടിരുന്ന ഗുൽഷൻ കുമാറിനെ വെടിവെച്ചു കൊന്ന ദാരുണ സംഭവം ആയിരുന്നു ഇതിൽ ഏറ്റവും കൂടുതൽ ഭീതി വിതച്ചത്. 1997 ഓഗസ്റ് 12 ന് മുബൈയിലെ ജുഹുവിലെ ജീത് നഗറിൽ വച്ചാണ് ഗുൽഷൻ കുമാറനെ കൊന്നത്. അഞ്ചു വർഷം നീണ്ട വിചാരണയ്ക്കു ശേഷം 2002 ഏപ്രിൽ 24 ബുധനാഴ്ചയാണ് കോടതി കേസിൽ വിധി പറഞ്ഞപ്പോൾ ഒരു പ്രതിമാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ദാവൂദിന്റെ പേര് ചർച്ചയിൽപോലും വന്നില്ല.

പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത ബോളിവുഡ് മസാല ചിത്രങ്ങൾക്ക് സമമാണ് മുംബൈ അധോലോക നായകന്മാരും ബോളിവുഡ് സുന്ദരികളും തമ്മിലുള്ള ബന്ധം. സിനിമയുടെ വെള്ളിവെളിച്ചത്തിൽ തിളങ്ങി നിൽക്കുമ്പോൾ അധോലോക നായകന്മാരുടെ ഇരുണ്ട ജീവിതത്തിന്റെ ഭാഗമാകുകയും ഒടുവിൽ സിനിമയിൽ നിന്നുതന്നെ അപ്രത്യക്ഷമാകുകയും ചെയ്ത നടിമാർ അനവധിയാണ്. 90 കളിൽ ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ച കഥകളിൽ സാക്ഷാൽ ദാവൂദ് ഇബ്രാഹീമിന്റെ നായികയായിരുന്നു സൂപ്പർ നായികയായിരുന്ന മന്ദാകിനി. രാം തേരി ഗംഗാ മൈലി പോലെയുള്ള ചിത്രങ്ങളിൽ നായികയായിരുന്നു മന്ദാകിനി 1994 ൽ അധോലോക നായകനൊപ്പം നിൽക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നതായിരുന്നു കഥകൾക്ക് ആധാരം.

സൽമാൻഖാന്റെയും ഷാരൂഖിന്റെയും അമീർഖാന്റെയുമൊക്കെ നായികയായി ഒട്ടേറെ ചിത്രങ്ങളിൽ ഇന്ത്യൻ യുവതയുടെ ഹൃദയമിടിപ്പായിരുന്ന മമതാ കുൽക്കർണ്ണിയും അധോലോക ബന്ധങ്ങളുടെയും ഗ്‌ളാമറിന്റെയും കാര്യത്തിൽ ചൂടൻ താരമായിരുന്നു. ചോട്ടാരാജനുമായി ബന്ധപ്പെട്ടായിരുന്നു മമതയുടെ പേരുകൾ പുറത്തുവന്നത്. കള്ളക്കടത്തിന് 1997 ൽ യുഎഇ പൊലീസ് അറസ്റ്റ് ചെയ്തു 25 വർഷം തടവിന് ശിക്ഷിച്ച മാഫിയഡോൺ വിക്കി ഗോസ്വാമിയെയാണ് വിവാഹം ചെയ്തത്. തടവ് കഴിഞ്ഞ് പുറത്തുവന്ന ശേഷം 2012 ൽ ഇവർ ഗോസ്വാമിയെ വിവാഹം കഴിച്ചു.

വ്യാജരേഖ ചമയ്ക്കലിന്റെ പേരിൽ പോർച്ചുഗലിലെ ലിസ്‌ബണിൽ വെച്ച് പിടിയിൽ ആയപ്പോഴാണ് അബുസലിം മോണിക്കാബേദി പ്രണയകഥ തലക്കെട്ടുകളായത്. മോണിക്കാബേദിയിലേക്ക് വരെ ആരോപണം നീണ്ടു. പഞ്ചാബിൽ ഇപ്പോൾ സമാധാനപരമായ ജീവിതം നയിക്കുകയാണ് മോണിക്ക. ക്രിമിനൽ ഹാജി മസ്താന്റെ കാലം മുതലാണ് അധോലോകത്തിന്റെ സിനിമയിലെ സാമ്പത്തിക താൽപ്പര്യം ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. കഴിഞ്ഞ കാല നടി മധുബാലയെ പോലെ തോന്നിക്കുമായിരുന്നു സോണയായിരുന്നു ഇയാളുടെ പ്രണയഭാജനം. സിനിമാ നിർമ്മാണത്തിലേക്ക് ഹാജി മസ്താൻ കടന്നതു മുതൽ ഇവരുടെ പ്രണയം പൊട്ടിവിടരാൻ അധിക സമയം വേണ്ടി വന്നില്ല. ഹാജി മസ്താന്റെ ജീവിതവുമായി ബന്ധപ്പെട്ട സിനിമയായിരുന്നു 'വൺസ് അപ്പോൺ എ ടൈം ഇൻ മുംബൈ'. ദാവൂദ് ഇബ്രാഹീമുമായി ബന്ധപ്പെട്ട് തന്നെ ഏറെ കേട്ട നടിയാണ് പാക് മോഡൽ അനിതാ ആയൂബും. അനിതയെ സിനിമയിൽ അഭിനയിക്കണമെന്ന് ആവശ്യപ്പെട്ട് ദാവൂദ് നൽകിയ കത്ത് ഒരു സംവിധായകൻ നിരസിച്ചതും അദ്ദേഹത്തെ ദാവൂദ് വധിച്ചതുമെല്ലാം വലിയ വാർത്തയായിരുന്നു.

സിൽക്ക് സ്മിത പറയാൻ മറന്ന ആ പ്രധാന കാര്യം

സിൽക്ക് സ്മിത കടിച്ചൂവെച്ച ഒരു ആപ്പിൾ കാൽലക്ഷം രൂപക്ക് ലേലം ചെയ്തുപോയ ഒരു കാലമുണ്ടായിരുന്നു മദിരാശിയിയിൽ! ശരിക്കും തെന്നിന്ത്യൻ സിനിമയുടെ മാദകറാണിയായിരുന്ന അവർ.സ്മിത ഓർമ്മയായിട്ട് ഇരുപത്തിയൊന്ന് വർഷം പിന്നിടുന്നു. ആന്ധ്രാക്കാരിയായ സ്മിതയെ സിനിമയിൽ എത്തിച്ചത് ദാരിദ്രം തന്നെയായിരുന്നു. നാലാം ക്ലാസ്സിൽ പഠിത്തം നിർത്തി അന്ന് ഒൻപത് വയസ്സുണ്ടായിരുന്ന സ്മിത, സിനിമയിൽ അഭിനയിക്കുക എന്ന ലക്ഷ്യവുമായി സ്വന്തം അമ്മായിയുടെ കൂടെ തെന്നിന്ത്യൻ സിനിമയുടെ ഈറ്റില്ലമായ ചെന്നെയിലേക്ക് താമസം മാറ്റുകയായിരുന്നു.വിജയലക്ഷ്മി എന്നായിരുന്നു സിൽക്കിന്റെ ആദ്യ നാമം. ചെറുപ്പത്തിലേതന്നെ സ്മിത എന്ന് പേർ തിരുത്തുകയാണുണ്ടായത്. തമിഴിലെ ആദ്യ ചിത്രമായ വണ്ടിച്ചക്രത്തിൽ സിൽക്ക് എന്ന ഒരു ബാർ ഡാൻസറുടെ വേഷമായിരുന്നു സ്മിതയ്ക്ക്. അന്നത്തെ കറുത്ത മെലഞ്ഞ പെൺകുട്ടിയാണ് പിന്നീട് ആയിരക്കണക്കിന് ചെറുപ്പക്കാരുടെ ഉറക്കംകെടുത്തിയ മാദക സുന്ദരിയെന്ന് പറഞ്ഞ് അറിയിക്കേണ്ടതാണ്.സിലുക്ക് സിലുക്ക് സിലുക്ക് എന്ന സിനിമയിലെ അഭിനയവും കൂടിയായപ്പോൾ അവർക്ക് സിൽക്ക് എന്ന പേരു ഉറച്ചു.മൂന്നാം പിറ എന്ന സിനിമയിലെ ധീരമായ വേഷവും, നൃത്തവും സിൽക്കിനെ പ്രശസ്തിയിലേക്കുയർത്തി. തുടർന്നുള്ള പതിനഞ്ച് വർഷത്തോളം സിൽക്ക്, തെന്നിന്ത്യൻ മസാല പടങ്ങളിൽ അഭിനയിച്ചു. അക്കാലത്ത് സിൽക്കിന്റെ അത്ര പ്രശസ്തിയുള്ള മറ്റൊരു ഗ്ലാമർ നടിയും ദക്ഷിണേന്ത്യയിൽ ഉണ്ടായിരുന്നില്ല.

നാലാംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള വിജയലക്ഷ്മി എന്ന സാധാരണ പെൺകുട്ടി തെന്നിന്ത്യൻ സിനിമയിൽ പിന്നീട് ഗ്‌ളാമർ താരമായി വളർന്ന് ആരാധകരുടെ മനസ്സുകളിൽ ഇടംനേടിയ കഥയാണ് സിൽക്ക് സ്മിത എന്ന അഭിനേത്രിയുടെ ജീവിതം. സിനിമയുടെ അണിയറയിൽ ടച്ചപ്പ് ആർടിസ്റ്റാറയി എത്തിയ സിൽക്ക് ക്യാരക്ടർ റോളുകളിലൂടെ അഭിനയ മേഖലയിലേക്ക് കടന്നു വരുകയും അവരുടെ ശരീര വടിവിലെ മാദകത്വം തിരിച്ചറിഞ്ഞ സംവിധായകർ അത്തരം വേഷങ്ങളിലൂടെ അവരെ ഉപയോഗിക്കുകയുമായിരുന്നു. തെന്നിന്ത്യൻ സിനിമാലോകത്ത് നാന്നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ച താരമാണ് സിൽക്ക് സ്മിത. പതിനേഴ് വർഷക്കാലം അവർ സിനിമാലോകത്ത് നിറഞ്ഞുനിന്നു. 1996 സെപ്റ്റംബർ 23ന് ചെന്നൈയിൽ വച്ചായിരുന്നു 35-ാം വയസ്സിൽ സ്മിതയുടെ മരണം. എങ്ങനെ മരിച്ചുവെന്ന വിവരം ഇപ്പോഴും ചർച്ചയാണ്. വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതോടെ ആത്മഹത്യയാണെന്ന് പ്രചരണം ഉണ്ടായി.

എന്നാൽ നല്ല നിലയിൽ ജീവിച്ചുവന്ന അവർ ആത്മഹത്യ ചെയ്യുന്നത് എന്തിന് എന്ന ചോദ്യത്തിന് ഉത്തരമില്ല. മരിക്കുന്നതിന് തലേന്ന് തന്റെ സുഹൃത്തും നർത്തകിയുമായ അനുരാധയോട് വീട്ടിലേക്ക് വരാനും തനിക്ക് പ്രധാനപ്പെട്ടൊരു കാര്യം സംസാരിക്കാനുണ്ടെന്നും സ്മിത പറഞ്ഞിരുന്നു. പിറ്റേന്ന് എത്താമെന്ന് അനുരാധ പറഞ്ഞെങ്കിലും സ്മിത അന്ന് മരിച്ച വിവരമാണ് പുറത്തുവന്നത്. പല താരങ്ങളും പ്രമുഖരും കടന്നു പോയ ജീവിതത്തിൽ ഒന്നുമല്ലാതായി തീർന്നുവെന്നു മനസിലാക്കിയ താരം ആ ജീവിതത്തിൽ നിന്നുമുള്ള ഒളിച്ചോട്ടമായി മരണത്തെ തിരഞ്ഞെടുത്തുവെന്ന നിഗമനമാണ് ഉണ്ടായത്. ഏകത കപൂർ സംവിധാനം ചെയ്ത ഡേർട്ടി പിക്ചർ സിൽക്കിന്റെ ജീവിതം ആവിഷ്‌കരിച്ച സിനിമയാണ്.

വിജയശ്രീയും ശോഭയും: മലയാളത്തിന്റെ നൊമ്പരം

ദരൂഹമരണങ്ങൾക്ക് ഏറെയാന്നും പിറകില്ല മലയാള സിനിമയും. സിനിമയിൽ യവനസുന്ദരിയായി തിളങ്ങി നിൽക്കുന്നതിനിടയിൽ 21-ാം വയസ്സിലാണ് വിജയശ്രീയുടെ മരണം. പൊന്നാപുരം കോട്ട എന്ന ചിത്രവുമായി ബന്ധപ്പെട്ട ചില സംഭവങ്ങളാണ് ഇവരുടെ മരണത്തിനു പിന്നിലെന്ന് ആരോപണം ഉയർന്നു. ചിത്രത്തിൽ ഒരു പാട്ട് സീനിൽ നായികയുടെ നീരാട്ട് ചിത്രീകരിച്ചിരുന്നു. അൽപവസ്ത്രധാരി ആയി നിന്ന നടിയുടെ വസ്ത്രം അതിനിടെ വെള്ളത്തിൽ ഒലിച്ചുപോയെന്നും അത് കാര്യമാക്കാതെ ചിത്രീകരണം തുടർന്നെന്നും ഇതിൽ മനംനൊന്താണ് അവർ മരിച്ചതെന്നും ആയിരുന്നു അക്കാലത്തെ ചർച്ചകൾ. ഈ വിഷയം അവരുടെ ജീവിതത്തെ ബാധിച്ചുവെന്ന തരത്തിൽ പ്രചരണമുണ്ടായി. ജയരാജ് നായിക എന്ന പേരിൽ വിജയശ്രീയുടെ ജീവിതകഥയെ അടിസ്ഥാനമാക്കി ഒരു ചിത്രം ഒരുക്കിയിരുന്നു. വിജയശ്രീയുടേത് ഒരു കൊലപാതകമായിരുന്നു എന്ന വാദമാണ് ഈ ചിത്രത്തിൽ ഉയർത്തിയത്.

ശോഭ എന്ന പേര് കേൾക്കുമ്പോൾ മലയാളിയുടെ മനസ്സിലേക്ക് ബാലുമഹേന്ദ്ര എന്ന് പേരുകൂടി എത്തും. മലയാള സിനിമയിൽ ഗ്രാമീണത്വമുള്ള നായികയായി വിലസിയ ശോഭയും സംവിധായകൻ ബാലു മഹേന്ദ്രയും തമ്മിലുണ്ടായിരുന്ന പ്രണയം അന്നത്തെ സിനിമാ ഗോസിപ്പുകളിൽ നിറഞ്ഞു നിന്നിരുന്നു. ബാലുമഹേന്ദ്രയുമായുള്ള പ്രണയത്തകർച്ചയാണ് പതിനേഴാം വയസ്സിൽ ആ ജീവിതത്തിന് തിരശ്ശീലയിട്ടത് എന്ന വാദമാണ് ഉയരുന്നത്. ശോഭയുടെ ജീവിതത്തെ അടിസ്ഥാനമാക്കി 'ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്' എന്ന ചിത്രം കെ.ജി. ജോർജ് സംവിധാനം ചെയ്തിരുന്നു. ജീവിത യാത്ര എന്ന ചിത്രത്തിൽ ബാലതാരമായാണ് 1965ൽ ശോഭ സിനിമാ രംഗത്ത് എത്തുന്നത്. വിവാഹിതനായ ബാലു മഹേന്ദ്ര 1978ൽ ശോഭയെ രഹസ്യമായി വിവാഹം ചെയ്തുവെന്നായിരുന്നു അക്കാലത്തെ ചർച്ചകൾ. തന്റെ 17-ാം വയസ്സിൽ ആണ് 1980 മെയ് ഒന്നിന് ശോഭ ആത്മഹത്യ ചെയ്തത്. ഉർവശി അവാർഡ് നേടിയ ആദ്യ മലയാളതാരം കൂടിയായിരുന്ന ശോഭ.

ആകാശഗംഗയെന്ന ചിത്രത്തിലെ പൂച്ചക്കണ്ണുള്ള സുന്ദരി മയൂരിയെ അത്രപെട്ടന്നു സിനിമാ ലോകം മറക്കില്ല. ജീവിതത്തിലെ പ്രതീക്ഷകൾ നഷ്ടമായി എന്നൊരു കുറിപ്പ് മാത്രം എഴുതിവച്ച് മയൂരി ആത്മഹത്യ ചെയ്യുകയായിരുന്നു. സിനിമാലോകത്തുനിന്ന് ഉണ്ടായ തിരിച്ചടിയാണ് മയൂരിയെ മരണത്തിലേക്ക് നയിച്ചതെന്ന സൂചനകളും പുറത്തുവന്നു. ശാലിനി എന്ന പേരിൽ തമിഴ് സിനിമാലോകത്തും അറിയപ്പെട്ട നടിയാണ് മയൂരി. സമ്മർ ഇൻ ബത്‌ലഹേം ആണ് മലയാളത്തിലെ ആദ്യ ചിത്രം. ഇരുപതോളം ചിത്രങ്ങളിലാണ് മയൂരി വേഷമിട്ടത്. 2005ലായിരുന്നു തന്റെ 22-ാം വയസ്സിൽ മയൂരിയുടെ മരണം. സഹോദരന്റെ പേരിൽ എഴുതിയ കുറിപ്പിലാണ് ജീവിതത്തിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്നും പോകുന്നുവെന്നും മയൂരി എഴുതിവച്ചത്.

റാണി പത്മിനയുടെ കൊലപാതകം

1986 ഒക്ടോബർ പതിനഞ്ച്. കത്തിക്കാളുന്ന സൗന്ദര്യവും മികച്ച അഭിനയപാടവവും കൊണ്ട് പ്രേക്ഷകഹൃദയങ്ങളെ പുളകം കൊള്ളിച്ച നടി റാണി പത്മിനിയും അവരുടെ അമ്മയും ക്രൂരമായി കൊലച്ചെയ്യപ്പെട്ട ദിവസം. ഒരു കാലത്ത് മലയാള സിനിമ ലോകം അടക്കി വാണ റാണി പത്മിനിയുടെ മരണം സംഭവിച്ചതാകട്ടെ സിനിമയിൽ പ്രശസ്തിയുടെയും സമ്പത്തിന്റെയും കൊടുമുടിയിൽ നിൽക്കുമ്പോഴാണ്.

1981 ൽ കഥയറിയാതെ എന്ന ചിത്രത്തിൽ തുടങ്ങി ആശ, ഇനിയെങ്കിലും,ആക്രോശം, മനസ്സേ നിനക്കു മംഗളം, കുയിലിനെതടി, കിളിക്കൊഞ്ചൽ, നസീമ, ഉയിർത്തെഴുന്നേൽപ്പ്, മരുപ്പച്ച തുടങ്ങി ഒരുപിടി നല്ല വേഷങ്ങൾ റാണിയെ തേടിയെത്തി. എങ്കിലും റാണി പത്മിനിയെന്ന നടിയിൽ സംവിധായകന്മാർ ചൂഷണം ചെയ്തത് അവരുടെ സെക്‌സി ഇമേജായിരുന്നു. നഗ്‌നതാ പ്രദർശനത്തിന്റെ പേരിൽ റാണി ഒരുപാട് വിവാദങ്ങളും ക്ഷണിച്ചുവരുത്തി. ബാലൻ.കെ.നായരോടൊപ്പം അഭിനയിച്ച ഒരു കുപ്രസിദ്ധബലാത്സംഗരംഗം റാണിയുടെ ഇമേജിനെ നന്നായി ബാധിച്ചു. ഇടക്ക് ഹിന്ദി സിനിമിയൽ അവർ ഒരു കൈ നോക്കിയെങ്കിലും വിജയിച്ചില്ല.

അതുകൊണ്ട് ബോംബെ വിട്ട് വീണ്ടും മദ്രാസിലെത്തിയ റാണി വെസ്റ്റ് അണ്ണാനഗറിലെ പതിനെട്ടാം നമ്പർ അവന്യൂവിലെ വലിയൊരു ബംഗ്ലാവ് വാടകയ്‌ക്കെടുത്തു. ബംഗ്ലാവിൽ താമസമാരംഭിച്ച ഉടനെ,പുതിയ വാച്ച്മാൻ,അടുക്കളക്കാരൻ,  ഡ്രൈവർ എന്നിവരെ ആവശ്യമുണ്ടെന്നു കാണിച്ച് റാണി പത്രപരസ്യം നൽകി. ഡ്രൈവറെ ആവശ്യമുണ്ട് എന്ന പത്രപ്പരസ്യം കണ്ടാണ് റാണിയുടെ വീട്ടിലേക്കു ജോലി തേടി ജെബരാജ് എന്ന വ്യക്തി എത്തുന്നത്. ജെബരാജ് ജോലിയിൽ പ്രവേശിച്ചു കൃത്യം ഒരുമാസം കഴിഞ്ഞപ്പോൾ വാച്ചറായി ലക്ഷ്മി നരസിംഹൻ എന്നയാളും അവിടെ ജോലിക്ക് വന്നു. കാർ മോഷണക്കേസിൽ നിരവധി തവണ ശിക്ഷ അനുഭവിച്ചിട്ടുള്ള ക്രിമിനലാണ് ജെബരാജ് എന്നും, അതിലുപരി ജെബരാജും നരസിംഹനും സുഹൃത്തുക്കളാണ് എന്നതും അമ്മക്കും മകൾക്കും അജ്ഞാതമായ കാര്യമായിരുന്നു. ഇവരെ കൂടാതെ ഗണേശൻ എന്ന പാചകക്കാരനും ഇതിനോടകം റാണിയുടെ ബംഗ്ലാവിൽ ജോലിയിൽ പ്രവേശിച്ചിരുന്നു. ഒരിക്കൽ അവസരം കിട്ടിയപ്പോൾ റാണിയെ കടന്നുപിടിക്കാൻ ശ്രമിച്ച ജെബരാജിനെ റാണി പൊതിരെ തല്ലുകയും അപ്പോൾ തന്നെ ജോലിയിൽ നിന്നും പിരിച്ചുവിടുകയും ചെയ്തു.ഇതാണ് റാണിയെ കൊല്ലുക എന്നകൊല്ലുക എന്ന ക്രൂരകൃത്യത്തിന് അയാളെ പ്രേരിപ്പിച്ചത്.

ഇതിനിടെ വാടകയ്ക്ക് താമസിച്ചിരുന്ന ബംഗ്ലാവ് മേടിച്ചാൽ കൊള്ളാമെന്നൊരു ആഗ്രഹം റാണിയിലുണ്ടായി. അതിനായി പ്രസാദ് എന്ന ഇടനിലക്കാരനോട് റാണി സംസാരിക്കുകയും ആ ബംഗ്ലാവിന്റെ മൊത്തം വിലയും ക്യാഷായി തന്നെ താൻ കൈ മാറാമെന്ന് വാക്കാൽ പറഞ്ഞുറപ്പിക്കുകയുമുണ്ടായി. ഈ വിവരമറിഞ്ഞ ജെബരാജ്,അതുകൊണ്ട് തന്നെ റാണിയുടെ വീട്ടിൽ കുറെയേറെ പണവും പൊന്നും ഉണ്ടായിരിക്കുമെന്ന് ഊഹിച്ചു. കൊലപാതകത്തിനായി വാച്ച്മാനേയും കുക്കിനേയും ജെബരാജ് ഒപ്പം കൂട്ടി. 1986 ഒക്ടോബർ 15 ന് റാണിക്കും അമ്മയ്ക്കും കൊലപാതകികൾ മരണസമയം കുറിച്ചു. രാത്രിയിൽ അമിതമായി മദ്യപിക്കുന്ന ശീലം അമ്മയ്ക്കും മകൾക്കും ഉണ്ടായിരുന്നു. ഈ സമയത്ത് ഇരുവരെയും വധിക്കാനായിരുന്നു പദ്ധതി. അന്നും പതിവുപോലെ അമ്മയും മകളും രാത്രിയിൽ നന്നായി മദ്യപിച്ചു. എന്തോ ആവശ്യത്തിന് റാണി അടുക്കളയിലേക്ക് പോയ സമയത്ത് ഇന്ദിരയെ കഠാര കൊണ്ട് തുരുതുരെ കുത്തിവീഴ്‌ത്തി. അമ്മയുടെ അലർച്ച കേട്ട് ഓടിയെത്തിയ റാണി കണ്ടത് കഴുത്തിലും വയറിലും കുത്തേറ്റ് ചോരയിൽ കുളിച്ചുകിടന്ന അമ്മയെയാണ്. റാണി അപകടം മനസ്സിലാക്കി മുകളിലേക്ക് ഓടിരക്ഷപ്പെടാൻ ശ്രമിച്ച റാണിയെ ഇന്ദിരയുടെ മുന്നിലിട്ട് ബലാത്സംഗം ചെയ്തതു. ശേഷം അവരെ കുത്തിക്കൊലപ്പെടുത്തി. കൊലപാതകത്തിനുശേഷം 15 ലക്ഷത്തോളം വിലവരുന്ന ആഭരണങ്ങളും, 10,000 രൂപയും മൂന്നായി ഭാഗം വച്ച് പ്രതികൾ മൂന്ന് വഴിക്ക് മുങ്ങി.

ഒക്ടോബർ ഇരുപതാം തിയതി നേരത്തേ പറഞ്ഞതനുസരിച്ചു വീട് വാങ്ങുന്ന കാര്യം സംസാരിക്കാൻ ബ്രോക്കർ പ്രസാദ് റാണിയുടെ വീട്ടിലെത്തി. എന്നാൽ കോളിങ് ബെൽ അടിച്ചിട്ടും ആരും വാതിൽ തുറന്നില്ല അപ്പോഴാണ് വല്ലാത്ത ഒരു ദുർഗന്ധം പ്രസാദ് ശ്രദ്ധിച്ചത്. പിറകു വശത്തെ വാതിൽ ചെറുതായി ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ.പ്രസാദ് അതിലൂടെ അകത്തു കയറിയതോടെ ദുർഗന്ധം രൂക്ഷമായി.മേലേയ്ക്ക് കയറുന്തോറും ഈച്ചകളുടെ ശല്യം കൂടിക്കൂടി വന്നതോടെ പ്രസാദ് ഭയന്നു. ഒടുവിൽ എത്തിപ്പെട്ടത് ഒരു കുളിമുറിയിലായിരുന്നു.അവിടെ ചത്തുവീർത്തു കിടക്കുന്ന രണ്ട് ശവശരീരങ്ങൾ കണ്ട് പ്രസാദ് അലറി നിലവിളിച്ചു കൊണ്ട് ഇറങ്ങിയോടി.പ്രസാദ് വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സംഭവസ്ഥലത്തെത്തി.

അപ്പോഴേക്കും രണ്ട് ജഡങ്ങളും ചീഞ്ഞളിഞ്ഞിരുന്നു.ആ ജഡങ്ങൾ അവിടെ നിന്നും ഒന്നനക്കിയാൽ പോലും കഷ്ണങ്ങളായി വേർപ്പെടാമെന്നിരിക്കെയുള്ള അവസ്ഥയിൽ പോസ്റ്റ്‌മോർട്ടം കുളിമുറിയിൽ തന്നെ നടത്താമെന്നു പൊലീസ് സർജൻ അഭിപ്രായപ്പെട്ടു.അങ്ങനെ പിറ്റേന്ന് രാവിലെ റാണിയുടെയും അവരുടെ അമ്മയുടെയും പോസ്റ്റ്‌മോർട്ടം കഴിഞ്ഞു.കാര്യമറിഞ്ഞ് അവിടെ എത്തിയവരിൽ സിനിമക്കാരായി,നടന്മാരായ കൊച്ചിൻ ഹനീഫയും രാമുവും മാത്രമേ ഉണ്ടായിരുന്നുള്ളൂ.പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് തക്ക സമയത്തിന് ആംബുലൻസ് എത്തി ചേരാത്തത് കാരണം ഒരു ടാക്‌സിയുടെ ഡിക്കിയിലാണ് ഇരുവരുടെയും ജഡങ്ങൾ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അവരുടെ ജഡങ്ങൾ സീറ്റിൽ വയ്ക്കാൻ പോലും ആ ടാക്‌സിഡൈവർ സമ്മതിച്ചില്ല.രണ്ട് പേരുടെയും ജഡങ്ങൾ ഏറ്റുവാങ്ങാൻ ആരും എത്തിയതുമില്ല. മോർച്ചറിയിൽ നിന്നും മൃതദേഹങ്ങൾ ചലച്ചിത്ര പരിഷത്ത് ഏറ്റുവാങ്ങി. മലയാള സിനിമയിൽ കത്തിനിന്ന ഒരു താരറാണിയുടെ മരണം അങ്ങനെയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP