Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202001Sunday

30 രൂപ പോക്കറ്റിലിട്ട് തോക്കെടുത്ത അയാൾക്ക് 30 വർഷത്തെ ക്രിമിനൽ ജീവിതത്തിന് ശേഷം ആസ്തി 30,000 കോടി; പതിനൊന്ന് ലക്ഷ്വറി കാറുകൾ; ഒരു പത്രത്തിന്റെ മുഴവൻ പേജിലും അച്ചടിച്ചാൽ ഒതുങ്ങാത്ത സ്വത്തു വിവരങ്ങൾ; തുളു ബ്രാഹ്മണിൽനിന്ന് അധോലോക നായകനിലേക്കും പിന്നീട് സാമൂഹിക പ്രവർത്തകനിലേക്കും; വേലക്കാർക്കു പോലും കൊടുത്തത് സ്ഥലവും മൂന്ന് ലക്ഷംരൂപയും; 'ദ ഗ്രേറ്റസ്റ്റ് ഗ്യാംഗ്സ്റ്റർ എവർ' എന്ന് സിനിമക്ക് അടിസ്ഥാനമായ മുത്തപ്പ റായ് വീണ്ടും വാർത്തകളിൽ നിറയുമ്പോൾ

30 രൂപ പോക്കറ്റിലിട്ട് തോക്കെടുത്ത അയാൾക്ക് 30 വർഷത്തെ ക്രിമിനൽ ജീവിതത്തിന് ശേഷം ആസ്തി 30,000 കോടി; പതിനൊന്ന് ലക്ഷ്വറി കാറുകൾ; ഒരു പത്രത്തിന്റെ മുഴവൻ പേജിലും അച്ചടിച്ചാൽ ഒതുങ്ങാത്ത സ്വത്തു വിവരങ്ങൾ; തുളു ബ്രാഹ്മണിൽനിന്ന് അധോലോക നായകനിലേക്കും പിന്നീട് സാമൂഹിക പ്രവർത്തകനിലേക്കും; വേലക്കാർക്കു പോലും കൊടുത്തത് സ്ഥലവും മൂന്ന് ലക്ഷംരൂപയും; 'ദ ഗ്രേറ്റസ്റ്റ് ഗ്യാംഗ്സ്റ്റർ എവർ' എന്ന് സിനിമക്ക് അടിസ്ഥാനമായ മുത്തപ്പ റായ് വീണ്ടും വാർത്തകളിൽ നിറയുമ്പോൾ

എം മാധവദാസ്

'പോക്കറ്റിൽ 30 രൂപയുമായാണ് അയാൾ ജീവിതം ആരംഭിച്ചത്. 30 വർഷത്തെ ക്രിമിനൽ ജീവിതത്തിന് ശേഷം അയാൾക്കുണ്ടായിരുന്നത് 30,000 കോടിയുടെ ആസ്തിയാണ്. സാധാരണ ഒരു കൊലക്കേസിന്റെ വിചാരണയ്ക്ക് ഇന്ത്യയിൽ 20 വർഷമെടുക്കുന്നു. എന്നാൽ മുത്തപ്പറായ് 21 മാസം കൊണ്ട് 20 കൊലക്കേസുകളിൽ നിന്ന് കുറ്റവിമുക്തനാക്കപ്പെട്ടു. കുറ്റകൃത്യത്തിലൂടെ ഒന്നും നേടാനാവില്ലെന്ന് ചരിത്രം പറയുന്നു. എന്നാൽ പലതും നേടാനാവുമെന്ന് അയാൾ തെളിയിച്ചു. ഇപ്പോൾ അയാൾ ലക്ഷക്കണക്കിന് ആളുകളാൽ പൂജിക്കപ്പെടുന്നു, എന്തുകൊണ്ട്?' ബാക്കി സ്‌ക്രീനിൽ കാണാം.'- 2016ൽ തന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമായ 'ദ ഗ്രേറ്റസ്റ്റ് ഗ്യാംഗ്സ്റ്റർ എവർ' എന്ന പ്രഖ്യാപിച്ചുകൊണ്ട് പ്രശസ്ത സംവിധായകൻ രാം ഗോപാൽ വർമ്മ പറഞ്ഞത് മുത്തപ്പറായ് എന്ന, കത്തിയും കൊടുവാളും മാത്രം പരിചിതമായിരുന്ന ബെംഗളൂരു അധോലോകത്തെ തോക്ക് കൊണ്ട് നിയന്ത്രിച്ച ബ്രാഹ്മൺ അധോലോക നായകൻ നട്ടാല നാരായണ റായി മകൻ മുത്തപ്പറായിയുടെ കഥയായിരുന്നു. തന്റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമ ആയിരിക്കുമെന്ന് രാം ഗോപാൽ വർമ്മ പറയഞ്ഞിരുന്നത്.

വേദനിക്കുന്ന കോടീശ്വരൻ എന്ന പരിഹാസവാക്കോടെ മുത്തപ്പറായിയെ കണ്ടവരും ഏറെയുണ്ട്. എല്ലാ അധോലേകാ പ്രവർവർത്തനങ്ങളും നിർത്തിവെച്ച് സാമൂഹിക സേവനവുമായ ജീവിക്കയായിരുന്നു അവസാന കലാത്ത് ഇദ്ദേഹം. 2020ൽ ബ്രയിൻ ട്യൂമർ ബാധിച്ച് മരിച്ചപ്പോൾ, പാവപ്പെട്ട നൂറുകണക്കിന് കന്നഡിഗരാണ് മുത്തപ്പ റായിയുടെ മരണത്തിൽ കണ്ണീർ വാർത്തത്. ഇപ്പോഴിതാ മുത്തപ്പറായ് വീണ്ടും വാർത്തകളിൽ നിറയുകയാണ്. അത് അദ്ദേഹത്തിന്റെ ശതകോടികൾ ആസ്തിയുള്ള സ്വത്തുക്കളെ സംബന്ധിച്ച കേസുമായി ബന്ധപ്പെട്ടാണ്.

ഒരു പത്രത്തിന്റെ മുഴവൻ പേജിലും ഒതുങ്ങാത്ത സ്വത്തുവിവരങ്ങൾ

കർണാടകത്തിൽ അങ്ങോളമിങ്ങോളമായി മുത്തപ്പാ റായിക്ക് ഉണ്ടായിരുന്ന സ്വത്തുവകകളുടെ വിവരം കൊടുക്കാൻ ഒരു കന്നഡ പത്രം ചെലവിട്ടത് ഒരു പേജ് മുഴുവനാണ്. പക്ഷേ ബിനാമി സ്വത്തുക്കൾ ഇതിന്റെ എത്രയോ ഇരട്ടിയുണ്ടെന്നാണ് പറയപ്പെടുന്നത്. ബെംഗളൂരു മുതൽ മൈസൂർ വരെ. മാണ്ട്യ മുതൽ ഷിമോഗ വരെ പല പല സ്വത്തുക്കൾ മുത്തപ്പക്ക് ഉണ്ടായിരുന്നു. ചിലത് നെൽപ്പാടങ്ങൾ ആണെങ്കിൽ ചിലത് ഇൻഡസ്ട്രിയൽ പ്ലോട്ടുകൾ, മറ്റു ചിലത് വീടുകൾ, പിന്നെ ചില ഫ്ളാറ്റുകൾ അങ്ങനെ എണ്ണിയാലൊടുങ്ങാത്ത സ്വത്തുക്കളുടെട ഉടമയായിരുന്നു മരിച്ച മുത്തപ്പ. അതിനു പുറമെ എണ്ണമറ്റ ഷെയറുകളും ഇക്വിറ്റി നിക്ഷേപങ്ങളും മുത്തപ്പക്ക് വേറെയും ഉണ്ടായിരുന്നു. മുത്തപ്പയുടെ ആറു ബാങ്ക് അക്കൗണ്ടുകളിലും പണം കുമിഞ്ഞു കൂടി കിടക്കുകയാണ്. ഒരു റേഞ്ച് റോവർ, രണ്ടു ലാൻഡ് ക്രൂയിസറുകൾ, ഒരു മിനികൂപ്പർ, രണ്ടു മെഴ്സിഡസ് ബെൻസ്, ഒരു ഓഡി എന്നിങ്ങനെ പതിനൊന്ന് ലക്ഷ്വറി കാറുകളാണ് ആഡംബര കാർ ഭ്രമക്കാരനായിരുന്ന മുത്തപ്പയുടെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നത്.

കഴിഞ്ഞ മുത്തപ്പാറായിയുടെ രണ്ടാമത്തെ ഭാര്യ, അദ്ദേഹത്തിന്റെ ആദ്യ ഭാര്യയിലുള്ള രണ്ടുമക്കൾക്കെതിരെ ട സ്വത്തിൽ തനിക്കും മൂന്നിലൊന്ന് അവകാശമുണ്ട് എന്നുകാണിച്ച് കോടതിയിൽ കേസിനുപോയി. ഇതോടെയാണ് മൂന്നുപതിറ്റാണ്ടു കാലം ബംഗളുരുവിലെ കിടുകിടാ വിറപ്പിച്ചിരുന്ന ഒരു അധോലോക നായകന്റെ ജീവിതം വീണ്ടും മാധ്യമങ്ങളിൽ തലക്കെട്ടായത്.

കഴിഞ്ഞ പത്തുവർഷത്തോളം നഗരത്തിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി തന്റെ ജീവിതം ഉഴിഞ്ഞിട്ടിരുന്ന സോഷ്യൽ ആക്ടിവിസ്റ്റ് എന്നിങ്ങനെ രണ്ടു മുഖങ്ങളുണ്ടായിരുന്നു, മുത്തപ്പാറായി എന്ന അറുപത്തെട്ടുകാരന്. അതുകൊണ്ടുതന്നെ, മരിക്കാൻ നേരത്തേക്ക് നിയമസാധുതയുള്ള കോടിക്കണക്കിനു സ്വത്തുക്കൾ ഈ ഭൂമിയിൽ വിട്ടിട്ടാണ് ഈ അധോലോക നായകൻ ഇഹലോകവാസം വെടിഞ്ഞത്. മരിക്കും മുമ്പ് വിൽപത്രമൊന്നും എഴുതിയിരുന്നില്ല മുത്തപ്പ റായി. അതോടെ, 2016 -ൽ മരണപ്പെട്ട ആദ്യഭാര്യയിൽ മുത്തപ്പക്ക് ഉണ്ടായിരുന്ന റിക്കി, റോക്കി എന്നിങ്ങനെ രണ്ടു മക്കളും, ആദ്യഭാര്യ രേഖയുടെ മരണാനന്തരം മുത്തപ്പ വിവാഹം കഴിച്ചിരുന്ന രണ്ടാം ഭാര്യ അനുരാധയും തമ്മിൽ വലിയൊരു നിയമ പോരാട്ടത്തിനാണ് കളമൊരുങ്ങിയിരുക്കുന്നത്. ഒരു സ്വകാര്യവ്യക്തിയുടെ പേരിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്വത്ത്കേസാവും ഇതെന്നാണ് ദേശീയമാധ്യമങ്ങൾ വിലയിരുത്തുന്നത്.

തുളു ബ്രാഹ്മണിൽനിന്ന് അധോലോക നായകനിലേക്ക്

സാധാരണ അധോലോക നായകന്മാരുടെ ചരിത്രം എടുത്താൽ കിട്ടുന്ന ഒരു കറുത്ത ജീവിത കഥയല്ല മുത്തപ്പറായിയുടെതേ്. യാതൊരു ക്രിമനൽ പശ്ചാത്തലവും ഇല്ലാത്ത സാധാരണ കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. വലിയ വ്യവസായിയായി വളരണമെന്ന ആഗ്രഹമാണ് അവനെ വഴിതെറ്റിച്ചത് എന്നാണ് ഇന്ത്യൻ എക്സപ്രസ് പത്രത്തോട് ഇദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറഞ്ഞിരുന്നത്.

മംഗലാപുരത്തിനടുത്തുള്ള പുട്ടൂരിൽ തുളു ബ്രാഹ്മണ ദമ്പതികളായ നെട്ടാല നാരായണ റായി, സുശീല റായി ദമ്പതികളുടെ മകനായി ജനിച്ച മുത്തപ്പ, കൊമേഴ്സിൽ ബിരുദം നേടിയ ശേഷം എഴുപതുകളിൽ വിജയാ ബാങ്കിൽ ക്ലർക്കായിട്ടാണ് തന്റെ ജീവിതം തുടങ്ങുന്നത്. എന്നാൽ, ഒരു വലിയ വ്യവസായി ആയി മാറണം എന്നായിരുന്നത്രേ ഇദ്ദേഹത്തിന്റെ ആഗ്രഹം. അതിനായി പല വഴികളും നോക്കി. ഒന്നും നടന്നില്ല. ഒടുവിൽ ബാങ്ക്ജോലിക്കൊപ്പം മുത്തപ്പ സമാന്തരമായി ബംഗളൂരിലെ ബ്രിഗേഡ് റോഡിൽ 'ഒമർ ഖയ്യാം' എന്ന പേരിൽ ഒരു ബാർ ആൻഡ് കാബറെയും നടത്താൻ തീരുമാനിച്ചു. അതായിരുന്നു മുത്തപ്പയെ പിന്നീട് അധോലോ നഗരത്തിന്റെ അഴുക്കുചാലുകളിലേക്ക് എത്തിച്ചത്. ബാർ തുടങ്ങി അൽപ്പകാലം മുന്നോട്ടുപോയതോടെ അധോലോകത്തിന്റെ പ്രശ്നവും തുടങ്ങി. അധോലോക സംഘങ്ങൾ ആ ബാറിന്റെ നടത്തിപ്പിന് ഭീഷണിയായപ്പോൾ, തന്റെ ബിസിനസ് സംരക്ഷിക്കാൻ വേണ്ടി ആയുധമെടുത്താൻ മുത്തപ്പാ റായി അധോലോക നായകനായി മാറിയത് എന്നാണ് ബെംഗളൂരുവിൽ പ്രചരിക്കുന്ന കഥ. അല്ലാതെ അയാൾ ഒരു ക്രിമിനൽ മനസ്സുള്ള വ്യക്തി അല്ലെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.

ഉന്നത രാഷ്ട്രീയ സ്വാധീനമുള്ള മംഗലാപുരം അധോലോകം ഒരിക്കൽ റായുടെ ബാർ തല്ലിത്തകർത്തു. പ്രൊട്ടക്ഷൻ മണി കൊടുക്കാത്തതാണ് പ്രശ്നം. പക്ഷേ റായ് അതിന് തിരിച്ചടിച്ചത് അതുവെരെ അവർ കണ്ടിട്ടില്ലാത്ത ഒരു സാധനം കൊണ്ടായിരുന്നു. ഒരു നാടൻ തോക്ക്. അടിക്കാൻ വന്നവരെ വെടിവെച്ച് ഓടിച്ച ആ ബ്രാഹ്മണ യുവാവ് വളരെപ്പെട്ടെന്ന് അധോലോക ക്രേന്ദ്രങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു.

തകർത്തത് കോൺഗ്രസ് സപോർസേഡ് ആധോലോകത്തെ

കർണാടകയിൽ ചില കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ നടന്ന അധോലോക പ്രവർത്തനങ്ങളുടെ ഉപോൽപ്പന്നമാണ് മുത്തപ്പറായി എന്നും പല എഴുത്തുകാരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എഴുപതുകളിലെ ബെംഗളൂരു അധോലോകം നിയന്ത്രിച്ചിരുന്നത് അന്നത്തെ കർണാടക മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ദേവരാജ് ഉർസിന്റെ മരുമകനായ എംഡി നടരാജ് ആയിരുന്നു. മുഖ്യമന്ത്രിയുടെ മകൾ നാഗരത്നയുമായി പ്രേമവിവാഹിതനായിരുന്ന നടരാജിന്റെ പുറമേക്കുള്ള മേൽവിലാസം ഒരു രാഷ്ട്രീയ നേതാവിന്റേതായിരുന്നു എങ്കിലും, അയാൾ ബംഗളുരുവിലെ തെരുവുകളിൽ നിന്ന് കൈപിടിച്ചുയർത്തിയ ഒരു തെരുവുഗുണ്ട എംപി ജയരാജ് അയാളുടെ അധോലോക ഗ്യാങ്ങിന്റെ ക്രിമിനൽ പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിച്ചു. 1974 -ലാണ് നടരാജും ജയരാജും കൂടി കോൺഗ്രസിലെ യൂത്ത് വിങ് എന്നമട്ടിൽ 'ഇന്ദിരാ ബ്രിഗേഡ്' എന്നൊരു ഗ്രൂപ്പ് ഉണ്ടാക്കുന്നത്. ജയരാജ് ആയിരുന്നു അതിന്റെ ബെംഗളൂരു ചാപ്റ്റർ പ്രസിഡന്റ്. അന്നത്തെ കർണാടക രാഷ്ട്രീയത്തെ ഉരുക്കുമുഷ്ടികൊണ്ട് നിയന്ത്രിച്ചിരുന്ന ഉന്നത ജാതിക്കാരായ രാഷ്ട്രീയ എതിരാളികളെയും മറ്റു ബിസിനസ് ടൈക്കൂണുകളെയും തന്റെ ചൊൽപ്പടിക്ക് നിർത്താൻ, ആവശ്യമുള്ളപ്പോൾ അടിച്ചമർത്താൻ ഇങ്ങനെ ഒരു ബ്രിഗേഡിന്റെ ആവശ്യമുണ്ടായിരുന്നു നടരാജിന്. എംപി ജയരാനെക്കൂടാതെ കോഠ്വാൾ രാമചന്ദ്ര, ഓയിൽ കുമാർ എന്നീ ഗുണ്ടകളും അന്ന് ബെംഗളൂരു പട്ടണത്തിൽ സജീവമായിരുന്നു.

അന്ന് പക്ഷേ, മുത്തപ്പ റായി മംഗളുരു കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. ബെംഗളൂരു അധോലോകവുമായി മുത്തപ്പക്ക് വിശേഷിച്ച് ഒരു ബന്ധവും ഉണ്ടായിരുന്നില്ല. പക്ഷേ വിധി മുത്തപ്പറായിയെ ബംഗലൂരുവിലും എത്തിച്ചു. അവിടെ അല്ലറ ചില്ലറ ജോലികളുമായി കഴിഞ്ഞിരുന്ന തന്റെ സഹോദരനെ കോഠ്വാൾ രാമചന്ദ്ര വെട്ടിപ്പരിക്കേൽപ്പിച്ച വിവരമാണ് ഒരിക്കൽ മുത്തപ്പറായി അറിഞ്ഞത്. അതിന് പകരം വീട്ടാൻ ബംഗലൂരിവിലേക്ക് വണ്ടി കയറിയ ആ യുവാവ് പിന്നെ ആ അധോലോകത്തിന്റെ രാജാവ് ആയശേഷമാണ് ആയുധം താഴെ വെച്ചത്.

കൊലപാതക പരമ്പരകളിലൂടെ നേതൃത്വത്തിലേക്ക്

അതിനു ശേഷം, ബെംഗളൂരു അധോലോകത്തിന്റെ സീനിൽ ഉണ്ടായിരുന്ന മുത്തപ്പാ റായി. തന്റെ സഹോദരനെ അടിച്ചവരെ തിരിച്ചടിച്ച മുത്തപ്പറായി പിന്നെ മംഗലൂരുവിലേക്ക് തിരിച്ചുപോയില്ല. അയാൾ ബാർ വ്യവസായം ബംഗലൂരുവിലും വ്യാപിപ്പിച്ചു. പക്ഷേ അപ്പോൾ അതിന്റെ പ്രധാന എതിരാളികൾ കോൺഗ്രസ് അധോലോകമായിരുന്നു. അവർക്ക് അതേ നാണയത്തിൽ തിരിച്ചടികൊടുക്കാൻ അയാളും കച്ചമുറുക്കി.

1989 -ൽ നടന്ന എംപി ജയരാജിന്റെ കൊലപാതകത്തോടെയാണ് ബെംഗളൂരു അധോലോകത്തിന്റെ സെന്റർ സ്റ്റേജിലേക്ക് മുത്തപ്പറായി പ്രവേശിക്കുന്നത്. മൈസൂരു ജയിൽ പരിസരത്തു വെച്ച് ജയരാജനെതിരെ മുത്തപ്പ റായിയുടെ സംഘത്തിന്റെ ആദ്യ വധശ്രമം നടന്നു എങ്കിലും, വെട്ടാൻ വന്നവരെ തൊഴിച്ചു വീഴ്‌ത്തി ജയരാജ് ജയിൽ കോമ്പൗണ്ടിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു. മുത്തപ്പ റായി അധികം താമസിയാതെ അടുത്ത ആക്രമണം നടത്താൻ പ്ലാനിട്ടു. ഇത്തവണ മൈസുരുവിലെ തന്നെ കൃഷ്ണ രാജേന്ദ്ര ആശുപത്രിയിലെ ജയിൽ വാർഡിനുള്ളിൽ വച്ചായിരുന്നു. എന്നാൽ, കഴിഞ്ഞ ആക്രമണത്തിനു ശേഷം തയ്യാറെടുത്ത് തന്നെയാണ് ജയരാജും ഇരുന്നത്. അയാളുടെ കിടക്കയ്ക്ക് ചുവട്ടിൽ നാടൻ ബോംബുകൾ നിറച്ച ഒരു സഞ്ചി ഉണ്ടായിരുന്നു. ചിറ്റൂരിലുള്ള നക്സലൈറ്റ് സുഹൃത്തുക്കളിൽ നിന്നാണ് ജയരാജൻ ആ പ്രത്യാക്രമണത്തിന് വേണ്ട ബോംബുകൾ കിട്ടിയത്. അങ്ങനെ രണ്ടാമത്തെ ആക്രമണവും പരാജയപ്പെട്ടു. അത് മുത്തപ്പ റായിയുടെ അപമാനഭാരം ഏറ്റി. 1989 -ൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ച ജയരാജ് ചിഹ്നമായി തെരഞ്ഞെടുത്തത് 'കടുവ'യായിരുന്നു. വിചാരണക്കാലയളവിൽ ജയിലിലായിരുന്നു ജയരാജ് എങ്കിലും, പ്രചാരണത്തിനായി പതിനഞ്ച് ദിവസത്തെ ജാമ്യം അനുവദിക്കപ്പെട്ട അയാൾ പുറത്തിറങ്ങി.

അടുത്ത ആക്രമണത്തിന്റെ പ്ലാൻ മുത്തപ്പ നേരിട്ടായിരുന്നു. അമർ ആൽവാ എന്ന വിദ്യാർത്ഥിയൂണിയൻ നേതാവ് വഴിയും മുംബൈ അധോലോകത്തു നിന്നും ഒക്കെയായി നിരവധി ഷൂട്ടർമാർ ആ അവസാനത്തെ ഓപ്പറേഷന് തയ്യാറെടുത്തു. പൊലീസ് സ്റ്റേഷനിൽ ഒപ്പിടാൻ പോവുന്ന വഴി ലാൽ ബാഗ് ചൗക്കിൽ വെച്ച് ജയരാജിനെ തീർക്കാം എന്നായിരുന്നു പ്ലാൻ. അതുപ്രകാരം ലാൽ ബാഗ് ചൗക്കിൽ എത്തിയപ്പോൾ റായിയുടെ സംഘത്തിലെ ഒരു ഫിയറ്റ് കാർ ജയരാജിന്റെ അംബാസഡറിന്റെ കുറുകെ വന്നു വഴി ബ്ലോക്ക് ചെയ്തു. ഇരുവശങ്ങളിലും ഓരോ മോട്ടോർ ബൈക്കുകൾ വന്നു നിന്നു. ജയരാജിന്റെ കാറിനു റിവേഴ്‌സ് ചെയ്യാനുള്ള വഴി ഒരു അംബാസിഡറും കേറി തടഞ്ഞു. നാലുവശങ്ങളിൽ നിന്നും വെടിയുണ്ടകളുടെ പ്രവാഹമായിരുന്നു പിന്നെ. ജയരാജിന്റെ സഹോദരൻ ഉമേഷ് ആയിരുന്നു ഡ്രൈവിങ് സീറ്റിൽ. പിൻ സീറ്റിലായിരുന്നു ജയരാജും അഭിഭാഷകനും ഇരുന്നത്. ജയരാജിനെ ലക്ഷ്യമാക്കി വെടിയുണ്ടകൾ തുരുതുരാ പുറപ്പെട്ടു. ജയരാജും വക്കീലും അവിടെ വെച്ചുതന്നെ കൊല്ലപ്പെട്ടു. വെടിയുണ്ടകൾ ജയരാജിനെ മാത്രം ലക്ഷ്യമിട്ടായിരുന്നു പുറപ്പെട്ടത് എന്നതിനാൽ ഉമേഷ് മാത്രം ജീവനോടെ രക്ഷപ്പെട്ടു. അതുവരെ ബെംഗളൂരുവിലെ വിറപ്പിച്ച ജയരാജ് കരുതിക്കൂട്ടിയുള്ള ഒരാക്രമണത്തിൽ കൊല്ലപ്പെട്ടു എന്ന വാർത്ത കേട്ടാണ് അടുത്ത പ്രഭാതത്തിൽ ബെംഗളൂരു നഗരം ഉറക്കമുണർന്നത്.

പിന്നീടങ്ങോട്ട് ബെംഗളൂരു നഗരത്തിൽ ഒരേയൊരു ഡോൺ മാത്രമേ ഉണ്ടായിരുന്നുള്ളു. മുത്തപ്പ റായി. മുത്തപ്പയുടെ അപ്രമാദിത്തത്തിന് എതിരു നിന്ന അമർ ആൽവാ, ഓയിൽ കുമാർ, ശരദ് ഷെട്ടി എന്നിവർ അയാളുടെ തോക്കിനിരയായി. അന്നത്തെ മറ്റൊരു ഗ്യാങ്സ്റ്റർ ആയ ശ്രീധറിനെ വധിക്കാനും മുത്തപ്പ റായി ശ്രമിച്ചുവെങ്കിലും അത് പരാജയപെട്ടു. ശ്രീധർ പിന്നീട് നന്നായി, അഗ്നി എന്നൊരു ടാബ്ലോയിഡ് പത്രം നടത്താൻ തുടങ്ങി.

ക്രിമിനലിൽനിന്ന് സാമൂഹിക പ്രവർത്തകനിലേക്ക്

വാളെടുത്തവൻ വാളാൽ എന്നത് അധോലോകത്തിന്റെ എക്കാലത്തെയും അലിഖിത നിയമം ആണെല്ലോ. എതിരാളികൾ മുത്തപ്പറായിയുടെ ജീവനും നോട്ടമിട്ടു. കത്തിയും കൊടുവാളും മാത്രം പരിചിതമായിരുന്ന ബെംഗളൂരു അധോലോകത്തെ തോക്ക് കൊണ്ട് റായ് നിയന്ത്രിച്ചു തുടങ്ങിയിട്ട് 10 വർഷം അങ്ങനെ പോയി. അപ്പോഴെക്കും നൂറുകണക്കിന് ബാറുകളും റസ്റ്റോറന്റുകളുമുള്ള സംരംഭകനായി അദ്ദേഹം മാറിയിരുന്നു. രണ്ടായിരത്തിൽ മുത്തപ്പ റായ്ക്ക് നേരെയുണ്ടായ വധശ്രമമുണ്ടായി. ഡ്രൈവർ കൊല്ലപ്പെട്ടു. റായ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പക്ഷേ തന്റെ റൂട്ട് എതിരാളികൾ മനസ്സിലാക്കിയതോടെയാണ് മുത്തപ്പറായ് തകർന്നുപോയത്. അദ്ദേഹത്തിന്റെ മാനസാന്തരത്തിന്റെ തുടക്കവും ഇവിടെ നിന്നാണ് എന്നാണ് ജീവചരിത്രകാരന്മാർ പറയുന്നത്. പാളയത്തിൽ ചാരനുണ്ടെന്ന് മനസ്സിലാക്കിയയോടെ അദ്ദേഹം ഇന്ത്യ വിടാൻ തീരുമാനിച്ചു.

റായി ആദ്യം മുംബൈയിലേക്കാണ് പോയത്. അക്കാലത്ത് ഡി കമ്പനിയുമായി അദ്ദേഹത്ത് നല്ല ബന്ധമുണ്ടായിരുന്നു. എന്നാൽ ഇവരുടെ മയക്കുമരുന്ന് ആയുധക്കച്ചവടം തുടങ്ങിയവയോടെ റായിക്ക് യോജിക്കാൻ ആയില്ല. അതുകൊണ്ടുതന്നെ മുബൈയിൽനിന്ന് റായി ദുബൈയിലേക്കും സ്ഥലം വിട്ടു. പിന്നെ അവിടെ ഇരുന്നാണ് ഇന്ത്യയിലെ പ്രവർത്തനങ്ങളെ നിയന്ത്രിച്ചത്. പക്ഷേ പാസ്പോർട്ട് കേസിൽ 2002-ൽ യുഎഇ ഇന്ത്യയിലേക്ക് തിരികെ നാടുകടത്തി. വ്യാജ പാസ്പോർട്ടിലായിരുന്നു അയാൾ യുഎഇയിൽ എത്തിയത്.

തിരികെ ഇന്ത്യയിലെത്തിയ റായിയെ കാത്തിരിക്കുന്നത് നിരവധി കേസുകൾ ആയിരുന്നു. മറ്റൊരു അധോലോക നായകനായ ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധത്തെക്കുറിച്ചറിയുന്നതിനായി സിബിഐ, ഇന്റലിജൻസ് ബ്യൂറോ, റോ, കർണാടക പൊലീസ്, ഐബി തുടങ്ങി നിരവധി ഏജൻസികൾ ഇയാളെ ചോദ്യം ചെയ്തിരുന്നു. കുറച്ചുവർഷം സെൻട്രൽ ജയിലിൽ ചെലവിട്ട ശേഷം, ശേഷിച്ച കേസുകളിൽ നിന്നൊക്കെ കുറ്റവിമുക്തനാക്കപ്പെട്ട് മുത്തപ്പ റായി ജയിൽ മോചിതനായി. ഇതാണ് എവരെയും ഞെട്ടിച്ചത്. രാം ഗോപാൽ വർമ്മയെ ആകർഷിച്ചതും ഈ ഘടകം ആയിരുന്നു. ആളുകൾ സാക്ഷിപറയാന തയ്യാറാവാത്തത് തൊട്ട് ജഡ്ജിമാരെ സ്വാധീനിച്ചതുവരെയുള്ള വിവിധ ഘടകങ്ങൾ ഇതിന് കാരണമായി പറയുന്നുണ്ട്. മറ്റൊരുകാര്യം മറ്റ് അധോലോക നായകന്മാരെപ്പോലെ തനി ക്രൂരനായിരുന്നില്ല ഇദ്ദേഹമെന്നതും, അന്നും സാമൂഹിക പ്രവർത്തനങ്ങളിൽ ശ്രദ്ധിച്ചിരുന്നതുകൊണ്ട് ഒരു റോബിൻ ഹുഡ് ഇമേജായിരുന്നു റായിക്ക് ഉണ്ടായിരുന്നത് എന്നുമാണ്. പക്ഷേ കുറ്റ വിമുക്തനായ ശേഷം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു പുതിയ ഒരു മുനുഷ്യനെയാണ് കാണാൻ കഴിഞ്ഞത്.

പരിചാരകർക്ക് സ്ഥലവും മൂന്നുലക്ഷം രൂപയും

പിന്നീടങ്ങോട്ട് സാമൂഹിക പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. 2008 -ൽ മുത്തപ്പ റായി ജയ കർണാടക എന്ന പേരിൽ ഒരു സാമൂഹിക സേവന സംഘടന തുടങ്ങി. കന്നഡ് ഭാഷ പ്രചരിപ്പിക്കാനും പാവങ്ങൾക്ക് ചികിൽസാഹായം നൽകാനും അവർ ശ്രമിച്ചു. നൂറുകണക്കിന് ആളുകൾക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. കമ്പളയോട്ടം പ്രോത്സാഹിപ്പിക്കാൻ ശ്രമങ്ങൾ നടത്തി. കർണാടക അത്ലറ്റിക് അസോസിയേഷന്റെ പ്രസിഡന്റായി.

പക്ഷേ ഇതെല്ലാം തട്ടിപ്പാണെന്നും ഒരു വിഭാഗം ആരോപിച്ചിരുന്നു. തന്റെ അധോലോക പ്രവർത്തനങ്ങൾക്ക് പൊടിയിടാനുള്ള മറ മാത്രമാണ് ഈ സാമൂഹിക പ്രവർത്തനം എന്നായിരുന്നു ചിലർ പറഞ്ഞിരുന്നത്. എന്നാൽ നിഷ്പക്ഷരായ മാധ്യമ പ്രവർത്തകർ പറഞ്ഞത് ശരിക്കും അദ്ദേഹത്തിന് മാനസാന്തരം ഉണ്ടായിരുന്നുവെന്നതാണ്. എല്ലാ അധോലോക പ്രവർത്തനങ്ങളിൽനിന്നും ബാർ ബിസിനസിൽ നിന്നും അദ്ദേഹം അവസാനകാലത്ത് മാറി നിൽക്കാൻ ശ്രമിച്ചു. ജീവനക്കാർക്ക് ജോലിപോകും എന്ന ഒറ്റക്കാരണത്താൽ മാത്രമാണ് ബാറുകൾ നിലനിർത്തിയത്.

പക്ഷേ തലച്ചോറിൽ അർബുദം സ്ഥിരീകരിച്ചതോടെ പൊതുവേദികളിൽ നിന്ന് ഒഴിഞ്ഞു. കുപ്രസിദ്ധ കുറ്റവാളി രവി പൂജാരി അറസ്റ്റിലായതിന് പിന്നാലെ മുത്തപ്പ റായിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇരുപത് വർഷം മുമ്പുണ്ടായ കൊലപാതകക്കേസിലായിരുന്നു അത്. പക്ഷേ അതിൽ തുമ്പൊന്നും കിട്ടിയില്ല. 2020 മെയ് 15 -നായിരുന്നു ബ്രെയിൻ ട്യൂമർ മൂർച്ഛിച്ച് മുത്തപ്പ മരണപ്പെട്ടത്. ജനുവരിയിൽ തന്റെ കൊട്ടാരസദൃശമായ മാളികയിൽ ഒരു പത്രസമ്മേളനം നടത്തിയ മുത്തപ്പ പറഞ്ഞു നിർത്തിയത് ഇങ്ങനെയായിരുന്നു,' ഞാൻ ഒരാളെയും ഭയപ്പെടാതെയാണ് ഇത്രനാളും ജീവിച്ചത്. തൊട്ടടുത്തെത്തി നിൽക്കെയാണ് എന്നറിയാം, എനിക്ക് മരണത്തെയും പേടിയില്ല.' മുത്തപ്പ റായ് പൊതുജനമധ്യത്തിൽ പറഞ്ഞ അവസാന വാക്കുകളായിരുന്നു അത്.

അച്ഛന്റെ ഇച്ഛ പ്രകാരം, അവസാനകാലം വരെയും ആ ബംഗ്ളാവിൽ അദ്ദേഹത്തെ പരിചരിച്ച സേവകർ ഓരോരുത്തർക്കും മൂന്നു ലക്ഷം രൂപയും, ഓരോ പ്ലോട്ടും വീതം നൽകും എന്ന് മക്കൾ അറിയിച്ചു. എന്തായാലും, തല്ക്കാലം മുത്തപ്പാ റായിയുടെ സ്വത്തുക്കളെല്ലാം തന്നെ സിവിൽ കേസിൽ പെട്ട് കിടക്കുന്ന സാഹചര്യത്തിൽ, കേസിൽ ഒരു വിധി വന്നാലേ ആ തീരുമാനവും നടപ്പിലാക്കാൻ സാധ്യതയുള്ളൂ.

ബംഗലൂരുവിന്റെ സമാധാന പുനഃസ്ഥാപകൻ

മറ്റൊരു രീതിയിൽ പറഞ്ഞാൽ നാം ഇന്നുകാണുന്ന ബംഗലൂരുവിന്റെ എല്ലാ ഐശ്വര്യങ്ങൾക്കും കാരണം മുത്തപ്പ റായി ആണെന്നാണ് ഇന്ത്യാ ടുഡെ ലേഖകൻ രാജീവ് സുദർശനൻ നിരീക്ഷിക്കുന്നത്. 'കാരണം അദ്ദേഹം അധോലോക പ്രവർത്തനത്തിൽനിന്ന് പിന്മാറിയില്ലെങ്കിൽ ഇന്ന് കാണുന്ന സമാധാന നഗരം എന്ന പേര് ഒന്നും ഈ നഗരത്തിന് കിട്ടില്ലായിരുന്നു. ഇന്ന് ഇന്ത്യയുടെ ഐടി ഹബ് ആണ് ഈ നഗരം. പക്ഷേ ഇവിടെ സമാധാനം ഇല്ലായിരുന്നെങ്കിൽ വിദേശ രാജ്യങ്ങളിലെ കമ്പനികൾ ഒന്നും ഇവിടെ എത്തില്ലായിരുന്നു.'- രാജീവ് ഇങ്ങനെയാണ് എഴുതിയത്.

അതുപോലെ തന്നെ രാംഗോപാൽ വർമ്മയുടെ ചിത്രം മുടങ്ങിയതിന് പിന്നിലും റായുടെ തന്നെ എതിർപ്പാണെന്ന് പറയുന്നു. വർമ്മയുടെ സംവിധാനത്തിൽ ബോളിവുഡ് താരം വിവേക് ഒബ്റോയ് നായകനായ ചിത്രം ഷൂട്ടിങ്ങ് തുടങ്ങിയെങ്കിലും എന്തുകൊണ്ടോ പൂർത്തിയായില്ല. 'ദ ഗ്രേറ്റസ്റ്റ് ഗ്യാംഗ്സ്റ്റർ എവർ' എന്ന തലക്കെട്ടിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത് വിട്ടിരുന്നു. പക്ഷെ തന്റെ അധോലോക ജീവിതം പർവതീകരിക്കുന്നതിൽ മുത്തപ്പറായിക്കുള്ള കടുത്ത എതിർപ്പാണ് ചിത്രം നടക്കാതെ പോവാൻ ഇടായക്കിയത്. പക്ഷേ ഇപ്പോൾ ഈ ചിത്രം വീണ്ടും പുനർജ്ജീവിക്കുമെന്നും വിവരങ്ങൾ വരുന്നുണ്ട്.

'മുത്തപ്പറായിയുടെ ജീവിതത്തിലെ പല രസകരമായ സംഭവങ്ങളും തിരശ്ശീലയിലൂടെ പറയണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നത്. അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ തന്നെ ചിത്രം പ്രഖ്യാപിക്കുകയും ചെയ്തു. ഇപ്പോൾ വീണ്ടും ചിത്രത്തെ കുറിച്ച് ആലോചിക്കുകയാണ്. മുത്തപ്പ റായിയുടെ ജീവിതത്തോട് സത്യസന്ധത പുലർത്താൻ പറയുന്ന ഒരു സംവിധായകനെ, അതേ പോലെ താരങ്ങളെയും അണിയറ പ്രവർത്തകരെയും ലഭിക്കുകയാണെങ്കിൽ ചിത്രം നടക്കും'- ആദ്യ സംരഭത്തിലെ നിർമ്മാതാവ് ആയിരുന്ന ജി. മനോഹർ പറയുന്നു. അങ്ങനെ സ്വത്തുകേസും, സിനിമയുമൊക്കെയായി മുത്തപ്പ റായ് വീണ്ടും വാർത്തകളിൽ നിറയുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP