Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മഞ്ഞിൽ വിരിഞ്ഞ പൂക്കളുടെ സൗഭാഗ്യം; ടി പി ബാലഗോപാലനായി കുടുംബങ്ങളുടെ ഹൃദയത്തിലേക്ക്; രാജാവിന്റെ മകനിലൂടെ ദേവാസുരത്തിലേക്ക് വളർന്ന മംഗലശ്ശേരി നീലകണ്ഠൻ; മൂവായിരം രൂപയിൽ നിന്ന് 10 കോടിയിലെത്തിയ പ്രതിഫലം; ഒരടി പിന്നോട്ട് പോകുമ്പോൾ രണ്ടടി മുന്നാട്ട്; 62ാം പിറന്നാൾ ആഘോഷം ബറോസിലെ സംവിധായക കുപ്പായത്തിൽ; ലാലിസം മലയാളിക്ക് വിസ്മയം ആകുമ്പോൾ

മഞ്ഞിൽ വിരിഞ്ഞ പൂക്കളുടെ സൗഭാഗ്യം; ടി പി ബാലഗോപാലനായി കുടുംബങ്ങളുടെ ഹൃദയത്തിലേക്ക്; രാജാവിന്റെ മകനിലൂടെ ദേവാസുരത്തിലേക്ക് വളർന്ന മംഗലശ്ശേരി നീലകണ്ഠൻ; മൂവായിരം രൂപയിൽ നിന്ന് 10 കോടിയിലെത്തിയ പ്രതിഫലം; ഒരടി പിന്നോട്ട് പോകുമ്പോൾ രണ്ടടി മുന്നാട്ട്; 62ാം പിറന്നാൾ ആഘോഷം ബറോസിലെ സംവിധായക കുപ്പായത്തിൽ; ലാലിസം മലയാളിക്ക് വിസ്മയം ആകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മലയാള സിനിമയുടെ മോഹന ലാലിസം- അതാണ് മോഹൻലാൽ എന്ന നടനെ കുറിച്ച് ഓരോ മലയാളിക്കും പറയാൻ ഉണ്ടാകുക. ഓരോ വീടുകളിലെയും അംഗമാണ് മോഹൻലാൽ. അങ്ങനെയുള്ള മഹാനടനത്തിന് ഇന്ന് 62 വയസു തികയുകയാണ്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലെ വില്ലൻവേഷത്തിൽ അഭിനയ ജീവിതം തുടങ്ങിയ മോഹൻലാൽ ഇപ്പോൾ ബറോസ് എന്ന സിനിമയിലൂടെ സംവിധായക വേഷത്തിലേക്കും ചുവടു വെക്കുന്നു എന്നതാണ് ഈ പിറന്നാൾ കാലത്തെ പ്രത്യേകത.

ഖത്തറിലായിരുന്ന മോഹൻലാൽ ജന്മദിനത്തിൽ മുംബയിലെത്തും. സുഹൃത്തുക്കൾക്കും ആരാധകർക്കുമൊപ്പം കേക്ക് മുറിച്ചുള്ള ആഘോഷം മുംബയിലാണ് നടക്കുക. ജന്മനക്ഷത്രമായ ഇടവത്തിലെ രേവതി ഇത്തവണ 26നാണ്. അന്ന് വിവിധ ക്ഷേത്രങ്ങളിൽ പൂജ നടത്താൻ അമ്മ ശാന്തകുമാരി ഏർപ്പാട് ചെയ്തുകഴിഞ്ഞു. കൊച്ചിയിലെ വീട്ടിലാണ് അമ്മ.ലാലേട്ടന്റെ പിറന്നാൾ ദിനം പതിവുപോലെ ആരാധകർ ആഘോഷമാക്കും. സർക്കാരിന്റെ 'മൃതസഞ്ജീവനി' പദ്ധതിയുമായി സഹകരിച്ച് സംസ്ഥാനത്തൊട്ടാകെ ആരാധകർ ഇന്ന് അവയവദാന സമ്മതപത്രം നൽകും.

ഫാൻസ് അസോസിയേഷന്റെ വിവിധ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ അനാഥാലയങ്ങളിലും മഹിളാ മന്ദിരങ്ങളിലും പിറന്നാൾ സദ്യയൊരുക്കും.തിരുവനന്തപുരത്ത് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് ഹാളിൽ നടക്കുന്ന ആഘോഷ പരിപാടി വൈകിട്ട് മൂന്നിന് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. 100 വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം തുടങ്ങിയവ ഉണ്ടായിരിക്കും. മോഹൻലാൽ സംവിധാനം ചെയ്യുന്ന 'ബറോസി'ന്റെ അവസാനഘട്ട ജോലികൾക്കായി താരം അടുത്ത മാസം വിദേശത്തേക്കു പോകും. ഇന്നലെ ഒ.ടി.ടിയിൽ റിലീസ് ചെയ്ത ലാൽ സിനിമ 'ട്വൽത്ത് മാൻ' നേടിയത് മികച്ച പ്രതികരണം.

ഒരടി പിന്നോട്ട് പോകുമ്പോൾ രണ്ടടി മുന്നാട്ടു പോകുന്ന വിസ്മയം

പുലിമുരുകനിലെ ആ വിഖ്യാതമായ ഡയലോഗ് ഓർമ്മയില്ലേ. പുലി ഒരു ചുവട് പിന്നോട്ടായുന്നത് മുന്നോട്ട് കുതിക്കാൻ വേണ്ടിയാണെന്ന്. മോഹൻലാൽ എന്ന മലയാളത്തിലെ എക്കാലത്തെയും വലിയ സിനിമാതാരത്തിന്റെ അഭിനയ ജീവിതം നോക്കിയാലും ഈ ഒരുപാറ്റേൺ പ്രകടമാണ്. തുടർച്ചയായി പല പടങ്ങളും ഫ്‌ളോപ്പ് ആവുകയും 'ലാൽ യുഗം അവസാനിച്ചോ' എന്നോക്കെയുള്ള ചർച്ചകൾ വരുമ്പോഴേക്കും ഒരു വമ്പൻ ഹിറ്റുമായി അദ്ദേഹം തിരിച്ചുവരും. 1986ൽ 'രാജാവിന്റെ മകനിലൂടെ' നേടിയ സൂപ്പർതാര പദവിയിൽ മൂന്നര പതിറ്റാണ്ട് മോഹൻലാൽ തുടരുന്നത് ഈ ഉയർച്ചകളിലുടെയും താഴ്ചകളിലുടെയുമാണ്.

ലാലേട്ടൻ എന്ന മലയാളികളുടെ വികാരം സമാനതകൾ ഇല്ലാത്ത ട്രോളുകളിലൂടെ കടന്നുപോവുന്ന സമയമാണിത്. ബ്രഹ്മാണ്ഡ ഹൈപ്പോടെ ഇറങ്ങിയ 'മരക്കാർ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രം പ്രതീക്ഷകൾക്ക് ഒത്ത് ഉയരാത്തതാണ് പ്രശ്‌നമായി. അന്നുയർന്ന വിമർശനങ്ങളെ അതിജീവിച്ചു കൊണ്ടുള്ള തിരിച്ചുവരവാണ് ട്വൽത്ത് മാനിലൂടെ ലാൽ നടത്തുന്നത്. വിജയങ്ങൾ മാത്രം സമ്മാനിക്കാൻ കഴിയുന്ന ഒരു നടനും ലോകത്ത് എവിടെയുമില്ല. സാമുവൽ എൽ ജാക്‌സണും, ടോം ഹാങ്ക്‌സും, ടോം ക്രൂസും തൊട്ട് ജാക്കി ചാൻവരെയുള്ള ലോക താരങ്ങളും നമ്മുടെ രജനീകാന്ത് തൊട്ട് ആമിർഖാൻവരെയുള്ള ഇന്ത്യൻ താരങ്ങളെയും നോക്കിയാൽ, വിജയവും പരാജയവും അവരുടെ കൂടെപ്പിറപ്പാണെന്ന് കാണാം.

എന്നാൽ ചലച്ചിത്ര വിപണിയിൽ ഒരു തിരിച്ചടിയുടെ ഉത്തരവാദിത്വം മൊത്തം നടന്റെ പിടലിക്ക് വെക്കാനും കഴിയില്ല. സംവിധായകനും തിരക്കഥാകൃത്തും അടങ്ങുന്ന വലിയ ഒരു ടീമിന്റെ കൂട്ടായ്മയാണെല്ലോ അത്. മോഹൻലാലിനെ സംബന്ധിച്ചിടത്തോളം ആണെങ്കിൽ, തിരിച്ചടികൾ ഒട്ടും പുത്തരിയല്ല. 1978ൽ വെറും 18ാം വയസ്സിൽ തിരനോട്ടം എന്ന റിലീസ് വർഷങ്ങൾ വൈകിയ ചിത്രത്തിൽ കുട്ടപ്പൻ എന്ന കഥാപാത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച്, രണ്ടുവർഷങ്ങൾക്കവെറും 20ാം വയസ്സിൽ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ വില്ലനിലൂടെ സജീവ നടനായ, വെറും 26ാമത്തെ വയസ്സിൽ രാജാവിന്റെ മകനിലുടെ സൂപ്പർ സ്റ്റാറായ മോഹൻലാലിലെ, ഈ 62ാം വയസ്സിലും എഴുതി തള്ളാൻ കഴിയാത്ത പോരാളിയാണ്. ആറാട്ട് സിനിമയിൽ വിമർശനങ്ങൾ കേട്ടെങ്കിലും അത് വിപണിയിൽ വിജയമായിരുന്നു. ഇപ്പോൾ ട്വൽത്ത് മാനിലൂടെ ലാൽ മുന്നോട്ടു പോകുന്നു. എപ്പോഴോക്കെ ഒന്ന് പിറകോട്ട് പോയിട്ടുണ്ടോ, തൊട്ടടുത്ത വർഷം തന്നെ അതി ശക്തമായി വമ്പൻ ഹിറ്റകളോടെ കയറി വന്നതാണ് ലാലേട്ടന്റെ ചലച്ചിത്ര ജീവിതം. അത് തന്നെയാണ് ഇവിടെ ആവർത്തിക്കുന്നതും.

ലോകത്തിന്റെ എറ്റവും പ്രായം കുറഞ്ഞ സൂപ്പർ സ്റ്റാർ

മോഹൻലാൽ എന്ന നടന്റെ അഭിനയജീവിതം കേരളത്തിലെ കൊച്ചു കുട്ടികൾക്കുപോലും സുപരിചിതമാണ്. മമ്മൂട്ടിയടക്കമുള്ള നിരവധി നടന്മാരെപ്പോലെ ചാൻസ് ചോദിച്ച് അലഞ്ഞും, കോടമ്പോക്കത്തെ പൈപ്പ്വെള്ളം കുടിച്ചും, പട്ടിണികിടന്നും നടനായ ഒരു അനുഭവം അദ്ദേഹത്തിനില്ല. തികച്ചും ആക്‌സ്മികമായി എം.ജി കോളജിലെ സൗഹൃദ കൂട്ടായ്മയിൽ അയാൾ നടനായി മാറി. 1980ൽ മഞ്ഞിൽ വിരഞ്ഞ പൂക്കൾ റിലീസ് ആയതിനുശേഷം ലാലിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ചെവിയുടെ രണ്ട് വശത്തേക്കും തൂക്കിയിട്ട മുടിയും, ചരിഞ്ഞ നടത്തവുമായി വന്ന നരേന്ദ്രൻ എന്ന വില്ലൻ ഏറെ ശ്രദ്ധിക്കപ്പെടുവെങ്കിലും, മലയാള സിനിമയുടെ ജാതകം തിരുത്തക്ക രീതിയിൽ ഒരു സൂപ്പർ താരമായി ഈ പയ്യൻ മാറുമെന്ന് അന്ന് ആരും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു.

ഒന്ന് രണ്ട് വർഷങ്ങൾ പിന്നെ ലാലിന് കൊടും വില്ലന്റെ വേഷമായിരുന്നു. എന്നാൽ പ്രിയദർശൻ, സത്യൻ അന്തിക്കാട്, ഫാസിൽ, ശശികുമാർ ചിത്രങ്ങളിലൂടെ വളരെ പെട്ടെന്ന് അദ്ദേഹം ഹാസ്യവും, ആക്ഷനും, ക്യാരട്കർ റോളുകളുമെല്ലാം വഴങ്ങുന്ന സകലകലാ വല്ലഭനായി. മമ്മൂട്ടി നിഷേധിച്ച ഒരു ചിത്രം ലാലിനെ സൂപ്പർ സ്റ്റാറുമാക്കി. രാജാവിന്റെ മകൻ. തമ്പി കണ്ണന്താനം മമ്മൂട്ടിയെ വെല്ലുവിളിച്ച് പറഞ്ഞപോലെ അത് പുതിയ ഒരു താരോദയമായി. മലയാളി സ്വന്തം ഭാഷയിലെ ഒരു ചിത്രത്തിൽ ആദ്യമായി മെഷീൻ ഗണ്ണ് കാണുന്നതും ഈ ചിത്രത്തിലാണ്. 86ൽ സൂപ്പർ താര പദവിയിലേക്ക് കയറുമ്പോൾ, മോഹൻലാലിന് പ്രായം വെറും 26! ലോക സിനിമയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സൂപ്പർതാരം. പക്ഷേ തുടർന്ന് അങ്ങോട്ടുള്ള അദ്ദേഹത്തിന്റെ യാത്രകളും സുഗമമായിരുന്നില്ല. ഏതൊരു താരത്തെയും പോലെ വീണും ഉരുണ്ടും പിന്നെയും എഴുനേറ്റും തന്നെ ആയിരുന്നു ആ യാത്ര.

ശബ്ദംമാറി ഭീതി ഉയർത്തിയ പ്രിൻസ്

96-97 കാലഘട്ടത്തിലാണ് മോഹൻലാൽ തന്റെ കരിയറിലെ ഏറ്റവും വലിയ തിരിച്ചടികളിലൊന്ന് നേരിട്ടത്. 1996 ഓണക്കാലത്താണ്, ബാഷ എന്ന രജനീകാന്ത് സിനിമയുടെ സംവിധായകൻ സുരേഷ് കൃഷ്ണ മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത 'ദി പ്രിൻസ്' എന്ന സിനിമ റിലീസ് ആയത്. പക്ഷേ അത് ലാൽ ആരാധകർക്കിടയിൽ ഞെട്ടലാണ് ഉണ്ടാക്കിയത്.

മോഹൻലാലിന്റെ കടുത്ത ആരാധകനും നിരൂപകനുമായ സഫീർ അഹമ്മദ് ആ സംഭവത്തെക്കുറിച്ച് ഇങ്ങനെ എഴുതുന്നു. 'കേരളത്തിലെ തിയേറ്ററുകളെ ജനസമുദ്രമാക്കി ദി പ്രിൻസിന്റെ ആദ്യ ഷോ ആരംഭിച്ചു. സിനിമ തുടങ്ങി മോഹൻലാലിന്റെ ഇൻട്രൊ രംഗം കഴിഞ്ഞപ്പോൾ തന്നെ തിയേറ്ററിന്റെ ഇരുട്ടിൽ പ്രേക്ഷകർ പരസ്പരം പിറുപിറുത്തു 'എന്താ മോഹൻലാലിന്റെ ശബ്ദം ഇങ്ങനെ, ശബ്ദത്തിന് എന്ത് പറ്റി'. സിനിമ പുരോഗമിക്കും തോറും മോഹൻലാലിന്റെ ഇത് വരെ പരിചിതമല്ലാത്ത ആ അസഹനീയമായ ശബ്ദം കേട്ട് പ്രേക്ഷകർ അക്ഷമരായി തുടങ്ങി, അസ്വസ്ഥരായി തുടങ്ങി. അത് തിയേറ്ററുകളിൽ വൻ കൂവലുകളായി മാറി. ശബ്ദമാറ്റം കാരണം ദി പ്രിൻസിലെ മാസ് രംഗങ്ങളിലും പ്രണയരംഗങ്ങളിലും സെന്റിമെന്റൽ രംഗങ്ങളിലും ഒക്കെ പ്രേക്ഷകർ നിർത്താതെ കൂവി. മോഹൻലാലിന്റെ സിനിമ ജീവിതത്തിൽ ഇത്രമാത്രം കൂവലുകൾ ഏറ്റ് വാങ്ങിയ വേറെ ഒരു സിനിമ ഉണ്ടാകില്ല.

മോഹൻലാലിന്റെ കാലം കഴിഞ്ഞു, ഇനി സിനിമയിൽ അഭിനയിക്കില്ല എന്നൊക്കെ പറഞ്ഞ് വിമർശകർ തലപൊക്കി. ഒപ്പം മോഹൻലാലിന് തൊണ്ടയിൽ കാൻസർ ആണെന്നുള്ള വാർത്തയും കാട്ടുതീ പോലെ പടർന്നു. മോഹൻലാലിനെ ഇഷ്ടപ്പെടുന്നവരൊക്കെ ഈ വാർത്തകൾ കേട്ട് സങ്കടത്തിലായി. പ്രിൻസിന് ശേഷം 1997ൽ ഇറങ്ങിയ മണിരത്നത്തിന്റെ ഇരുവറിനും, ഐ.വി.ശശിയുടെ വർണ്ണപ്പകിട്ടിനും പ്രേക്ഷകരെ പൂർണമായ തോതിൽ സംതൃപ്തരാക്കാൻ സാധിച്ചില്ല. ഒരു വർഷത്തോളം പെട്ടിയിലിരുന്ന ശേഷം റിലീസായ പ്രതാപ് പോത്തന്റെ ഒരു യാത്രാമൊഴിയും ഹിറ്റായില്ല. അപ്പോഴാണ് 1997 ഏപ്രിൽ മാസത്തിന്റെ പ്രിയദർശന്റെ ചന്ദ്രലേഖ എത്തുന്നത്.

തങ്ങളുടെ ആ പഴയ മോഹൻലാലിനെ തിരിച്ച് കിട്ടിയ സന്തോഷത്തിൽ സാധാരണയിലും കൂടുതൽ കരഘോഷം മുഴക്കിയാണ് പ്രേക്ഷകർ ചന്ദ്രലേഖയെ സ്വീകരിച്ചത്. വിമർശകർക്ക് കിട്ടിയ തക്കതായ മറുപടി ആയിരുന്നു ചന്ദ്രലേഖ ബോക്സ് ഓഫീസിൽ നേടിയ വമ്പൻ വിജയം. 1997 വിഷു സീസണിൽ ഫാസിലിന്റെ അനിയത്തിപ്രാവ് നേടിയ സർവ്വകാല റെക്കോർഡ് കളക്ഷൻ ഭേദിച്ച് കൊണ്ടാണ് ചന്ദ്രലേഖ തിയേറ്ററുകൾ വിട്ടത്. ലാലിന്റെ ശബ്ദമാറ്റത്തെ പറ്റി അപ്പുക്കുട്ടൻ/ആൽഫി എന്ന കഥാപാത്രത്തിലൂടെ തന്നെ പറയിപ്പിച്ച് പ്രിയദർശൻ കൈയടി വാങ്ങിച്ചു.'- സഫീർ അഹമ്മദ് വ്യക്തമാക്കുന്നു.

ഇയിടെയാണ് സഫീർ അഹമ്മദ് ഇതുസംബന്ധിച്ച് പോസ്റ്റ് ഇട്ടത്. അത് വൈറലായതോടെ ആരാധകനെ ഞെട്ടിച്ച് മോഹൻലാലിന്റെ മറുപടിയും ശബ്ദസന്ദേശമായി എത്തി. തൊണ്ടയിലെ പ്രശ്‌നങ്ങൾ അല്ലായിരുന്നു, പ്രിൻസ് സിനിമയിലെ മിക്‌സിങ്ങിലെ പ്രശ്‌നമാണെന്നാണ് ലാലേട്ടൻ ശബ്ദ സന്ദേശത്തിൽ വ്യക്തമാക്കിയത്. ''ഈ ചിത്രത്തിൽ ബാക്കിയെല്ലാവരും പുറത്തുനിന്നുള്ളവരാണ്. പ്രകാശ് രാജ്, ഗിരീഷ് കർണാട് തുടങ്ങിയവർ. അവർക്കുവേണ്ടി വോയസ് ബാലൻസ് ചെയതേപ്പോൾ പറ്റിയതാണ് അത്. തമിഴ് ആൾക്കാർ ആരോ ആണ് മിക്‌സ്് ചെയ്തത്. അവർക്ക് നമ്മുടെ വോയ്‌സിനെക്കുറിച്ച് അറിയില്ല. അങ്ങനെ പറ്റിയതാണ്.''- മോഹൻലാൽ പറയുന്നു.

വിമർശകരുടെ വായടപ്പിച്ച ബാലേട്ടൻ

അതുപോലെ തന്നെ തന്റെ ഈ അതുല്യനടന്റെ കരിയറിലെ വെല്ലുവിളി നിറഞ്ഞ കാലമായിരുന്നു 2001 മുതലുള്ള രണ്ടുവർഷം. രാവണപ്രഭുവെന്ന സൂപ്പർ ഹിറ്റിനശേഷം തുടച്ചയായ അഞ്ചു ലാൽ ചിത്രങ്ങളാണ് ബോക്‌സോഫീസിൽ വീണത്. പ്രജ, ഒന്നാമൻ, താണ്ഡവം, മിസ്റ്റർ ബ്രഹ്മചാരി, കളിച്ചുണ്ടൻ മാമ്പഴം എന്നീ ചിത്രങ്ങൾ. ഇതിനിടയിൽ ചതുരംഗം എന്ന കെ മധു ചിത്രം ആവറേജായി കടന്നുപോയി. അതോടെയാണ് സിനിമാ വാരികളിൽ ചിലത് മോഹൻലാലിന് ചരമക്കുറിപ്പ് എഴുതാൻ തുടങ്ങി. 2002ന്റെ ഫ്‌ളാഷ് ബാക്ക് എഴുതിയ ഒരു വാരികയുടെ തലക്കെട്ടുതന്നെ 'സൂപ്പറുകൾ ആവിയായ താര വർഷം' എന്നായിരുന്നു. മോഹൻലാലിന് എക്കാലവും ഹിറ്റ് നൽകിയ പ്രിയദർശന്റെ കളിച്ചുണ്ടൻ മാമ്പഴം പോലും, ആവറേജിൽ ഒതുങ്ങിയതോടെ ലാൽ യുഗം അവസാനിച്ചുവെന്ന് വിലയിരുത്തലുകൾ വന്നു.

പക്ഷേ ആരും പ്രതീക്ഷിക്കാത്ത ഒരു അസാധാരണ കുടുംബചിത്രത്തിലൂടെ തൊടടുത്ത വർഷം ലാൽ അതിശക്തമായി തിരിച്ചുവന്നു. വി എം വിനുവിന്റെ ബാലേട്ടൻ എന്ന കുടുംബ ചിത്രം 110 ദിവസമാണ് നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കപ്പെട്ടത്. ചിത്രം കഴിഞ്ഞ ഉടനെ ആരാധകർ തന്നെ തോളിലേറ്റി കൊണ്ടുപോലത് മറക്കാൻ കഴിയില്ല എന്ന് വി എം വിനു പറയുന്നു. ശരിക്കും മോഹൻലാലിന് ബോക്‌സോഫീസിലേക്ക് കിട്ടിയ ലൈഫ് ആയിരുന്നു അത്.

ദൃശ്യത്തിലൂടെ കിട്ടിയത് ആഗോള വിപണി

അതുപോലെ മോഹൻലാലിനും മലയാള സിനിമക്കും വിപണിയുടെ പുതുസാധ്യകൾ കൂടി പരിചയപ്പെടുത്തിയ ചിത്രമായിരുന്നു 2013ലെ ദൃശ്യം. ദൃശ്യം ഇറങ്ങുന്നതും മോഹൻലാലിന്റെ നല്ല സമയത്ത് ആയിരുന്നില്ല. പതിവുപോലെ മമ്മൂട്ടി വേണ്ടെന്ന് പറഞ്ഞ ചിത്രവും ആയിരുന്നു ഇത്. കർമ്മയോദ്ധ, ലോക്പാൽ, റെഡൈ്വൻ, ലേഡീസ് ആൻഡ് ജെന്റിൽ മാൻ, ഗീതാഞ്ജലി എന്നീ ചിത്രങ്ങൾ തുടർച്ചയായി പരാജയപ്പെട്ട സമയം. ഇതിൽ ലോക്പാൽ ഹിറ്റ്‌മേക്കർ ജോഷിയുടെ പടം ആയിരുന്നു. ലേഡീസ് ആൻഡ് ജന്റിൽ മാൻ സിദ്ധീഖ്-ലാലിലെ സിദ്ധീഖിന്റെയും, ഗീതാഞ്ജലി സാക്ഷാൽ പ്രിയദർശന്റെതും. ഇത്രയും പ്രഗൽഭരുടെ പടങ്ങൾ പരാജയപ്പെട്ടതിന്റെ സമയത്ത് വരുന്ന, ദൃശ്യത്തെക്കുറിച്ച് അതുകൊണ്ട് ആരാധകർക്കുപോലും അമിത പ്രതീക്ഷയുണ്ടായിരുന്നില്ല. പക്ഷേ ചിത്രം ബ്ലോക്ക് ബസ്റ്റായി. മലയാളത്തിൽനിന്ന് ആദ്യമായി അമ്പത് കോടി ക്ലബിലെത്തിയ ചിത്രമായി എന്നു മാത്രമല്ല, ചൈനയും, മലേഷ്യയും, കൊറിയയും, ഇന്തോനേഷ്യയും ഉൾപ്പെടെ, 17ഭാഷകളിൽ അത് റീമേക്ക് ചെയ്യപ്പെട്ടു. ഹിന്ദിയും, തമിഴും, തെലുങ്കും ഉൾപ്പെടെയുള്ള ഭൂരിഭാഗം ഇന്ത്യൻ ഭാഷകളിലേക്കും അത് മൊഴിമാറ്റം ചെയ്യപ്പെട്ടു.

മോഹൻലാലിന്റെയും മലയാള സിനിമയുടെയും വിപണി മൂല്യം, കടൽ കടത്തിയ ചിത്രം കൂടിയായിരുന്നു അത്. ദൃശ്യത്തിന്റെ വൻ വിജയത്തോടെ ചൈനതൊട്ട് അമേരിക്കവരെയുള്ള വിവിധ രാജ്യങ്ങളുടെ വിപണിയാണ്, മലയാള സിനിമക്കായി തുറന്നത്. ഈ കോവിഡ് കാലത്ത് ഒ.ടി.ടിയിൽ ഇറങ്ങിയ ദൃശ്യം -2 അതിനെയും കവച്ചുവെച്ചു. ആമസോൺ പ്രൈമിലൂടെ ഇറങ്ങിയ ചിത്രം അവരുടെ ട്രെൻഡിങ്ങിൽ വന്നത് മലയാള സിനിമയുടെയും കരുത്തായി. പ്രാദേശിക ഭാഷകളിലെ സിനിമകൾക്കും വൻ സ്വീകാര്യതയുണ്ടെന്ന് ആമസോണും തിരിച്ചറിഞ്ഞ നിമിഷം അതായിരിക്കണം. മലയാളത്തിലെ എത്രയോ ചിത്രങ്ങൾക്ക് ഒ.ടി.ടി എൻട്രി കിട്ടാനും അത് തുണച്ചു. ഇതാണ് മോഹൻലാൽ എന്ന നടൻ പിറകോട്ട് അടിച്ചാലുള്ള പ്രശ്‌നവും. അത് ബാധിക്കുക മലയാളത്തിലെ മൊത്തം വിപണിയെയാണ്. ഹേറ്റേഴ്‌സ് അത് മനസ്സിലാക്കുന്നില്ല.

ഒപ്പത്തിലൂടെ വീണ്ടും ബ്രേക്ക് നൽകി പ്രിയൻ

ആ സമയത്ത് ലാൽ സിനിമകൾക്കും കഷ്ടകാലമായിരുന്നു. ദൃശ്യം വൻ തോതിലുള്ള ലാൽ തരംഗത്തിന് വീണ്ടും വിത്തിട്ടെങ്കിലും അതിനുശേഷം മറ്റ് ചിത്രങ്ങൾക്ക് സ്വീകാര്യത കിട്ടിയില്ല. ദൃശ്യത്തിനുശേഷം ഇറങ്ങിയ മിസ്റ്റർ ഫ്രോഡ്, കൂതറ, പെരുച്ചാഴി, എന്നും എപ്പോഴും, ലൈല ഓ ലൈല, ലോഹം, കനൽ എന്നീ ചിത്രങ്ങൾ അടുപ്പിച്ച് പരാജമായി. ഇതിൽ സത്യൻ അന്തിക്കാടിന്റെ എന്നും എപ്പോഴും, രഞ്ജിത്തിന്റെ ലോഹം എന്നിവ കഷ്്ടിച്ച് മുടക്കുമുതൽ തിരിച്ചുപിടിച്ചുവെന്നുമാത്രം. ഓരോ ചിത്രം വരുമ്പോഴും ചെണ്ടക്കൊട്ടും വാദ്യമേളങ്ങളുമായി തീയേറ്ററിൽ ആരവങ്ങൾ ഉയർത്തുന്ന ഫാൻസിനുപോലും ആവേശം നിലച്ചുപോയ കാലം. 2016ൽ പ്രിയദർശന്റെ സംവിധാനത്തിൽ ഒപ്പം തീയേറ്റിറിൽ എത്തുമ്പോൾ ഫാൻസിന്റെ ഭാഗത്തുനിന്നുപോലും അമിതമായ ആരവം ഉണ്ടായിരുന്നില്ല. പക്ഷേ ആദ്യഷോ കഴിഞ്ഞതോടെ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തു.

ആ വർഷം തന്നെ ബ്ലോക്ക് ബസ്റ്ററായ പുലിമുരുകൻ എത്തി. മലയാളം ആദ്യമായി നൂറുകോടിയുടെ മധുരം നുണഞ്ഞു. പിന്നാലെ ഇറങ്ങിയ മുന്തിരവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രവും സൂപ്പർ ഹിറ്റായി. അതോടൊപ്പം ജനതാഗ്യാരോജ് എന്ന ലാൽ ജൂനിയർ എൻ.ടി. ആറിനൊപ്പം എത്തിയ ചിത്രവും വമ്പൻ വിജയമായി. ലാലിന്റെ പ്രതിഫലം അഞ്ചുകോടിയിലേക്ക് ഉയരുന്നതും ഈ കാലത്താണ്.

അതിനുശേഷം ഇറങ്ങിയ ചിത്രങ്ങൾ നോക്കുക. വൻ ഹൈപ്പിൽ വന്ന വില്ലനും, ഒടിയനും പരാജയമായി. ഒടിയൻ ഇനീഷ്യൽ ഹൈപ്പിന്റെയും മാർക്കറ്റിങ്ങിന്റെയും ഫലമായി മുടക്കുമുതൽ തിരിച്ചുപിടിച്ചെങ്കിലും. ഇന്ന് മരക്കാറിലെ 'ബെട്ടിയിട്ട ബാഴ' ഡയലോഗ് പോലെ തന്നെ ജനം അന്ന് ട്രോളിയത് ഒടിയനിലെ 'ഇത്തിരി കഞ്ഞി എടുക്കട്ടേ' എന്ന ഡയലോഗ് പൊക്കിക്കാട്ടിയായിരുന്നു. എന്നാൽ തൊട്ടടുത്ത ചിത്രം ലൂസിഫർ മലയാളത്തിലെ എല്ലാ കളക്ഷൻ റെക്കോർഡുകളും ഭേദിച്ച് 200 കോടി ക്ലബിലെത്തി. അതാണ് മോഹൻലാലിന്റെ മാജിക്ക്. ഒന്നോ രണ്ടോ മൂന്നോ ചിത്രങ്ങളുടെ പരാജയം കൊണ്ട് ഒന്നും നിങ്ങൾക്ക് അദ്ദേഹത്തെ എഴുതിത്ത്ത്ത്തള്ളാൻ ആവില്ല.

മോഹൻലാലിന്റെ കരിയർ നോക്കിയാൽ നമുക്ക് കാണാം, ഹിറ്റുകളുടെ ഒരു പരമ്പരക്കൊപ്പം കടത്തനാടൻ അമ്പാടി തൊട്ട് ഒടിയൻവരെ ഫ്‌ളോപ്പുകളും അദ്ദേഹത്തിന്റെ കൂടെപ്പിറപ്പാണ്. ഇത് ലാലിന് മാത്രമല്ല, ലോകത്തിലെ എല്ലാതാരങ്ങളുടെയും അവസ്ഥ അതാണ്.

3000രൂപയിൽനിന്ന് പ്രതിഫലം 10 കോടിയിലേക്ക്

മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ വെറും, മൂവായിരം രൂപക്ക് തുടങ്ങിയ നടന്റെ പ്രതിഫലം രാജാവിന്റെ മകനിലൂടെ രണ്ടുലക്ഷമായി. കിരീടത്തിൽ അഭിനയിക്കുന്ന 89ൽ ലാലിന്റെ പ്രതിഫലം നാലരലക്ഷം രൂപയായിരുന്നു. മലയാള സിനിമയിൽ ആദ്യമായി ഒരു കോടി രൂപ പ്രതിഫലം വാങ്ങിയ നടനും ലാൽ തന്നെ. ഇപ്പോൾ അത് താരങ്ങൾ വാങ്ങുന്ന പ്രതിഫലം സംബന്ധിച്ച് ഐഎംഡിബി റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെയാണ്.' മോഹൻലാൽ തന്നെയാണ് മോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം. ഒരു സിനിമയ്ക്ക് അദ്ദേഹം 8 മുതൽ 11 കോടി വരെയാണത്രേ പ്രതിഫലമായി വാങ്ങുന്നത്. മറ്റ് ഭാഷാ ചിത്രങ്ങൾക്ക് മോഹൻലാൽ 8 കോടി വരെ വാങ്ങാറുള്ളതായി നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ബിഗ് ബോസ് എന്ന ടിവി റിയാലിറ്റി ഷോയിൽ അവതാരകനാകാനും മോഹൻലാൽ കോടികളാണ് വാങ്ങുന്നത്. രണ്ടാം സീസൺ വരെ 12 കോടിയാണ് വാങ്ങിയിരുന്നതെങ്കിൽ സീസൺ ത്രീയ്ക്കായി 18 കോടിയാണ് അദ്ദേഹം വാങ്ങിതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.'

തൊട്ടടുത്ത് നിൽക്കുന്ന മമ്മൂട്ടിക്ക് ലാലിന്റെ പകുതി പ്രതിഫലമോ ലാൽ ഉണ്ടാക്കിയ പോലുള്ള ഒരു കളക്ഷൻ റെക്കോർഡുകളോ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. 365 ദിവസങ്ങൾ തുടർച്ചയായി തീയേറ്റിൽ പ്രദർശിപ്പിച്ച ചിത്രങ്ങൾ ( ചിത്രം, മണിച്ചിത്രത്താഴ്), ആദ്യത്തെ അമ്പതുകോടി, നൂറുകോടി ചിത്രങ്ങൾ ( പുലിമുരുകൻ), ആദ്യത്തെ ഇരുനൂറുകോടി ചിത്രം ( ലൂസിഫർ), ഒ.ടി.ടിയിൽ ട്രെൻഡിങ്ങായ ആദ്യ മലയാള ചിത്രം എന്നിങ്ങനെയുള്ള റെക്കോർഡുകൾ എല്ലാം മോഹൻലാലിന് ഒപ്പമാണ്. മമ്മൂട്ടിക്ക് ആകെട്ടെ അന്യഭാഷകളിൽവരെ മലയാളത്തിന്റെ വിപണി തുറന്ന ന്യൂഡൽഹി കഴിഞ്ഞാൽ, കോടികളുടെ ബ്രഹ്മാണ്ഡ കളക്ഷൻ വരുന്ന, ആഗോള വിപണിയിലും വിറ്റുപോകുന്ന ചിത്രങ്ങൾ ഉണ്ടായിട്ടില്ല. മധുരരാജയെന്ന ശരാശരി ചിത്രം നൂറുകോടി ക്ലബിൽ കയറിയെന്നാണ് ആരാധകർ പറയുക. ഇത് എത്രമാത്രം ശരിയാണെന്നതിന് യാതൊരു ഉറപ്പുമില്ല. പക്ഷേ ഇപ്പോൾ ദൂൽഖർ സൽമാന്റെ 'കുറുപ്പ്', കേരളത്തിൽ ഹാഫ് ഓക്കിപ്പെൻസി മാത്രം ആയിരുന്നിട്ടു, വെറും അഞ്ചുദിവസം കൊണ്ടാണ് ഗ്ലോബൽ കളക്ഷൻ വഴി 50 കോടി ക്ലബിൽ എത്തിയത്.

അതോടെ ഡി ക്യൂവിനു സൂപ്പർതാര പദവി ലഭിച്ചിരിക്കയാണ്. അതായത് ഇനിയുള്ള എതാനും വർഷങ്ങൾ മലയാളത്തിൽ ലാൽ- മമ്മൂട്ടി ഫാൻഫൈറ്റിനു പകരം ലാൽ- ദുൽഖർ എന്ന ദ്വയത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുക എന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. മാത്രമല്ല ഏതാണ്ട് ഒരേകാലത്ത് ഫീൽഡിൽ എത്തിയ മോഹൻലാലും മമ്മൂട്ടിയും എന്നും പരസ്പര ബഹുമാനത്തോടെയും സ്‌നേഹത്തോടെയുമാണ് മുന്നോട്ട് പോയത്. ആരാധകക്കൂട്ടങ്ങൾ തമ്മിൽ ഏറ്റുമുട്ടി മരണംവരെ ഉണ്ടാകുന്ന തമിഴിലെയും തെലുങ്കിലെയും രീതി ഇവിടെ ഉണ്ടായിട്ടില്ല. പക്ഷേ ഇത്തവണ മരക്കാറിനെ ഡീഡ്രേ് ചെയ്യുന്നതിൽ ബോധപൂർവം മമ്മൂട്ടി ഫാൻസ് പണിയെടുക്കുന്നുവെന്നാണ് ലാൽ ആരാധകരുടെ പരാതി. മരക്കാറുടെ വ്യാജൻ യ്യൂട്യൂബിൽ അപ്ലോഡ്‌ചെയ്തതിന് പിടിയിലാണ് ആൾ പോലും പറഞ്ഞത് ഫാൻ ഫൈറ്റിന്റെ ഭാഗമായി തമാശക്കായി ചെയ്തതാണെന്നാണ്. സിനിമയെ സിനിമയായി കാണുകയും ആ രീതിയിൽ വിമർശിക്കുകയും ചെയ്യാതെ, ഇതോടൊപ്പം ജാതിയും മതവും പൊളിറ്റിക്കൽ കറക്ടനസ്സും എല്ലാം ചേർത്താണ് ഇപ്പോൾ ലാലിനെതിരെ ഹേറ്റ് കാമ്പയിൻ നടക്കുന്നത്.

'ഞാൻ കച്ചവടക്കാരൻ തന്നെയാണ്'

സിനിമയിൽനിന്ന് കിട്ടിയതിന്റെ ഏറെയും സിനിമയിൽതന്നെ ചെലവിട്ട വ്യക്തികൂടിയാണ് മോഹൻലാൽ. ചലച്ചിത്ര താരങ്ങളായ സീമ, മമ്മൂട്ടി എന്നിവർക്കൊപ്പം കാസിനോ എന്ന സിനിമാ നിർമ്മാണ കമ്പനിയിൽ അദ്ദേഹം പങ്കാളിയായിരുന്നു. അതിനുശേഷം 'ചിയേഴ്‌സ്' എന്ന പേരിൽ കെ.ടി കുഞ്ഞുമോനൊപ്പം ചേർന്ന് ചില സിനിമകൾ നിർമ്മിച്ചു. പിന്നീടാണ് പ്രണവം ആർട്ട്‌സ് എന്ന പേരിൽ സ്വന്തമായി ചലച്ചിത്ര നിർമ്മാണക്കമ്പനി തുടങ്ങിയത്. പിന്നീട് ആശീർവാദ് സിനിമാസ് എന്ന പേരിൽ ുൻ ഡ്രൈവറും ബിസിനസ്സ് പങ്കാളിയുമായ ആന്റണി പെരുമ്പാവൂരുമായി പുതിയൊരു സംരംഭം തുടങ്ങി.

പ്രണവം ആർട്‌സിന്റെ ബാനറിൽ നിർമ്മിച്ച ചില ചിത്രങ്ങൾ വലിയ സാമ്പത്തിക നഷ്ടമാണ് മോഹൻലാലിന് ഉണ്ടാക്കിയത്. എന്നാൽ പതിവുപോലെ അദ്ദേഹം അതിന്റെ ബാധ്യത ആരൂടെ മേലും ചാർത്തിയില്ല. 25 വർഷം മുമ്പ് എടുത്ത കാലാപാനി ഇന്നും ക്ലാസ് ചിത്രമാണ്. പക്ഷേ അത് ഉയർന്ന പ്രൊഡക്ഷൻ കോസ്റ്റ് കാരണം സാമ്പത്തികമായി വിജയിച്ചില്ല. അതിനുശേഷം വന്ന ഷാജി എൻ കരുണിന്റെ വാനപ്രസ്ഥവും, ദേശീയ അവാർഡും, കാൻ ഫെസ്റ്റിവലിലെ പ്രദർശനവും ഒക്കെയായി വാർത്തകളിൽ സ്ഥാനം പിടിച്ചെങ്കിലും വലിയ സാമ്പത്തിക നഷ്ടമാണ് ലാലിന് ഉണ്ടാക്കിയത്. ഇതുസംബന്ധിച്ച് സംവിധാകയൻ ഷാജി എൻ കരുൺ ഇങ്ങനെ പറയുന്നു. ''വാനപ്രസ്ഥം നഷ്ടമായെന്നൊക്കെ പലരും പറയുമ്പോഴും, മോഹൻലാൽ ഒരിക്കലും അതേക്കുറിച്ച് പറഞ്ഞിട്ടില്ല. കലാമൂല്യമുള്ള സിനിമകൾക്ക് ലാഭം പ്രതീക്ഷിക്കാതെ മുടക്കാൻ എത്രപേർക്ക് കഴിയും'.

താൻ നേരിട്ടുള്ള സിനിമാ നിർമ്മാണം താൽക്കാലികമായി നിർത്തിവെക്കാനും മോഹൻലാൽ പറയുന്ന ഒരു കാരണം ഇതുതന്നെയാണ്. കാരണം താൻ നിർമ്മാതാവായാൽ മറ്റുപല കമ്മിറ്റ്‌മെൻസും അതിന്റെ ഭാഗമായി ഉണ്ടാവും. ആരോടും 'നൊ' പറയാൻ കഴിയാത്ത മനസ്സ് പ്രശ്‌നമാവും. അതുകൊണ്ടുതന്നെയാണ് നിർമ്മാണം ആന്റണി പെരുമ്പാവൂർ ഏറ്റെടുത്തത്. മോഹൻലാലിന്റെ ഡൈവറായി വന്ന് സ്വ പ്രയത്‌നം കൊണ്ട് ഉയർന്ന് നിർമ്മാതാവായ വ്യക്തിയാണ് ആന്റണി. പക്ഷേ ശരാശരി മലയാളിക്ക് ഇപ്പോഴും ആന്റണിയെ പുഛമാണ്. തൊഴിലാളികളുടെ ഉയർച്ചക്കുവേണ്ടി സദാ വാദിക്കുന്ന ഒരു സമൂഹം തന്നെ ആന്റണിയെ ഡ്രൈവർ എന്ന് ആക്ഷേപിക്കുന്നു. പക്ഷേ നോക്കുക, താൻ നല്ലൊരു കച്ചവടക്കാരൻ കൂടിയാണെന്ന് ആന്റണി പലവട്ടം തെളിയിച്ചിട്ടുണ്ട്. മരക്കാറിനെ അദ്ദേഹം മാർക്കറ്റ് ചെയ്ത രീതി നോക്കുക. എന്നാൽ ഒരു അടഞ്ഞ കമ്യൂണിസ്റ്റ് ചിന്തയുടെ ഹാങ്ങോവർ മാറിയിട്ടില്ലാത്ത മലയാളിക്ക്, ബിസിനസ്, മാർക്കറ്റിങ്ങ് എന്ന വാക്കുകൾ തന്നെ അലർജിയാണ്.

മരക്കാറിന്റെ പ്രമോഷനായി അവസാനം നൽകിയ അഭിമുഖത്തിൽ മോഹൻലാൽ വെട്ടിത്തുറന്ന് പറയുന്നുണ്ട്. 'അതേ ഞാൻ കച്ചവടക്കാരൻ തന്നെയാണ്. അതിന് എന്താണ് കുഴപ്പം. നൂറുകോടി മുടക്കിയാൽ നൂറ്റൊന്നുകോടി കിട്ടണം എന്നുതന്നെയല്ലേ ഏവരും ആഗ്രഹിക്കുക. സിനിമയെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് ആളുകളുടെ ഉപജീവനം ഈ ലാഭത്തിൽനിന്നാണെന്ന് ഓർക്കണം'. ഒരു തിരിച്ചടികൊണ്ടൊന്നും തീർന്നുപോകുന്നതല്ല മോഹൻലാലിന്റെ 40 വർഷം നീണ്ട സിനിമ ജീവിതം. ഒരടി പിന്നോട്ടെങ്കിൽ അടുത്തതിന് മൂന്നടി മുന്നോട്ട് എന്ന നിലയിൽ അദ്ദേഹം പുലിയാവുമെന്നതാണ് ചരിത്രം. ബറോസ്, എമ്പൂരാൻ, തുടങ്ങിയ വലിയ പ്രോജക്റ്റുകൾ വരാനുണ്ട്. ബിഗ് ബോസ് റിയാലിറ്റി ഷോയിലെ അവതാരക വേഷത്തിലൂടെ മിനി സ്‌ക്രീനിലും സജീവമാണ് അദ്ദേഹം. ഈ ഷോക്കായി 18 കോടി രൂപയാണ് ലാൽ പ്രതിഫലമാി വാങ്ങുന്നത്. ആ താരമൂല്യം ഇനിയും നിലനിൽക്കുമെന്ന് മലയാളികൾക്ക് അറിയാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP