ആകാശത്തിലെ പറവയെപ്പോലെ ഒരു നടൻ! സമ്പാദ്യവുമില്ല കടവുമില്ല കുടുംബവുമില്ല; എ.ടി.എം കാർഡും ബാങ്ക് അക്കൗണ്ട് പോലും ഉണ്ടായത് അടുത്ത കാലത്ത്; കൊൽക്കൊത്തയിൽ നാടോടിയായി അലയുമ്പോൾ തോന്നിയ നടന മോഹം; തമിഴകത്തെ നാടകങ്ങളിൽ നിന്ന് വെള്ളിത്തിരിയിലേക്ക്; മിന്നൽ മുരളിയിലെ സൂപ്പർ വില്ലൻ ഗുരു സോമസുന്ദരത്തിന്റെ ജീവിത കഥ

എം റിജു
നാന പടേക്കർ, വിജയ് സേതുപതി, നവാസുദ്ദീൻ സിദ്ദിഖീ, മനോജ് ബാജ്‌പേയ്, പിന്നെ അന്തരിച്ച ഇർഫാൻ ഖാൻ.....കട്ടലോക്കൽ എന്ന് വിളിക്കുന്ന പച്ചയായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിയുന്ന ഇന്ത്യൻ സിനിമയിലെ അസാധ്യനടന്മാർ. ഈ ലിസ്റ്റിലേക്ക് ഒരു പുതിയ നടൻകൂടി വരുന്നുവെന്ന്, ഇന്ത്യാടുഡെ പോലുള്ള 'ദേശീയ മാധ്യമങ്ങൾ എഴുതുന്നു. അതാണ് ഗുരു സോമസുന്ദരം എന്ന നായകനെ ഞെട്ടിച്ച മിന്നൽ മുരളിയിലെ വില്ലൻ. മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രമായ 'മിന്നൽ മുരളി' നെറ്റ്ഫ്ളിക്സിലൂടെ തരംഗമാവുമ്പോൾ, ഏവരും അന്വേഷിക്കുന്നത് ചിത്രത്തിലെ പ്രതിനായകൻ ഷിബുവിനെ ചെയ്ത നടൻ ആരാണെന്നാണ്. നാൽപത്തിയാറുകാരനായ ഗുരു സോമസുന്ദരം എന്ന നടൻ നിമിഷങ്ങൾ കൊണ്ടാണ് കേരളത്തിലെ കുട്ടികളുടെ അടക്കം പ്രിയങ്കരനായത്.
ആ ചിരി, കരച്ചിൽ, ഇടറിയ ശബ്ദം, മുഖത്ത് വിരിയുന്ന ഭാവങ്ങളുടെ സമുദ്രം , ഒരിക്കൽ കൂടി വിസ്മയിപ്പിക്കുകയാണ് ഗുരു സോമസുന്ദരം. നായകനെ നിഷ്പ്രഭനാക്കിയ അഭിനയപ്രതിഭ. സോഷ്യൽ മീഡിയ ഈ നടനെ ഇപ്പോഴും വാഴ്‌ത്തുകയാണ്. വൈറലായ ഒരു പോസ്റ്റ് ഇങ്ങനെ-''നീ വിട്ടോ, ഇതെനിക്കുള്ള പണിയാണ് എന്ന് പറഞ്ഞു നായകനെ സേഫ് ആക്കുന്ന, സ്വന്തം ബീഡി വലിക്കാൻ കൊടുക്കുന്ന, പറ്റില്ലെങ്കിൽ വലിക്കണ്ട എന്ന് പറയുന്ന, പ്രണയിനിയുടെ ചേട്ടനെ കൊല്ലാണ്ട് തരമില്ലാത്തതുകൊണ്ട് മാപ്പ് പറഞ്ഞോണ്ടു കൊല്ലുന്ന, സ്വന്തം അമ്മയെ ഭ്രാന്തി എന്ന് വിളിച്ചാൽ നിങ്ങൾക്ക് ഇഷ്ടപ്പെടുമോ എന്ന ലോജിക്കൽ ചോദ്യം ചോദിക്കുന്ന, ഇത് നമുക്ക് തീർത്താൽ പോരെ മറ്റുള്ളവരെ ഉൾപ്പെടുത്തണോ എന്ന് നായകനോട് ചോദിക്കുന്ന, പ്രണയിനി മാത്രം മതി, കൂട്ടി നാട് വിട്ടോളാം എന്ന് വാക്ക് പറയുന്ന, ഒരു കുഞ്ഞിന്റെ ഓപ്പറേഷന് വേണ്ടി ബാങ്ക് കുത്തി തുറക്കാൻ പോലും മുതിരുന്ന, ഇനിയിവിടെ നിക്കറും ഇട്ടോണ്ട് നടക്കാൻ പറ്റില്ല ഉഷയെ കൊണ്ട് വരുവാണ് എന്ന് പറയുന്ന, ബീഡി വലിച്ചോണ്ടു പടക്കം തെറുക്കുന്ന മൂപ്പിലാനെ വിലക്കുന്ന, ഭ്രാന്തൻ എന്ന പേരു മാറ്റാൻ അമ്മയുടെ ഫോട്ടോ ഒരു നിമിഷം എടുക്കാൻ ശങ്കിക്കുന്ന, സ്വന്തം പ്രണയിനിയോട് അപമര്യാദയായി പെരുമാറിയ മുതലാളിയെ പഞ്ഞിക്കിട്ട, സ്വന്തം കൂട്ടുകാരനെ കുത്തിയ കാളയെ കൊന്ന, പ്രണയം മനസ്സിൽ അടക്കി പിടിച്ചു 28 വർഷം കാത്തിരുന്ന, കളഞ്ഞു പോയ പേഴ്‌സ് തിരികെ കിട്ടിയപ്പോൾ അതിന്റെ സന്തോഷം പങ്കു വെക്കാൻ ആരേലും ഉണ്ടായിരുന്നെങ്കിൽ എന്ന് പ്രതീക്ഷിച്ചു ചുറ്റിലും നോക്കുന്ന, എജ്ജാതി വില്ലൻ ഷിബു. ഗുരു സോമസുന്ദരം. അസാധ്യ പ്രകടനം .. മനസ്സ് നിറഞ്ഞു.''- സോഷ്യൽ മീഡിയ ഇത്രമേൽ ഒരു നടനുവേണ്ടി ആർത്തുവിളിക്കുന്നത് അടുത്തകാലത്തൊന്നും കണ്ടിട്ടില്ല.
ഇതാ പണത്തോട് ആർത്തിയില്ലാത്ത ഒരു നടൻ
പക്ഷേ സിനിമയെ അതിശയിപ്പിക്കുന്ന ജീവിതമാണ് സത്യത്തിൽ ഗുരു സോമസുന്ദരത്തിന്റെത്. പത്തുവർഷത്തിനുള്ളിൽ വെറും 25ഓളം സിനിമകൾ മാത്രമാണ് ചെയ്തത്. ആരണ്യകാണ്ഡവും ജോക്കറും അടക്കം ദേശീയ ശ്രദ്ധനേടിയ വേഷങ്ങൾ കിട്ടിയിട്ടും ഗുരു സെലക്റ്റീവായി. തനിക്ക് ഇഷട്മുള്ള വേഷങ്ങൾ മാത്രമേ ചെയ്യൂവെന്നാണ് ഈ നടന്റെ നിലപാട്. ഒരിക്കൽ നാടകത്തിൽനിന്ന് സിനിമയിൽ എത്തിയാൽ പിന്നെ നാടകത്തിലേക്ക് തിരിച്ചുപോകാൻ വലിയ മടിയുള്ളവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ ഗുരുവിന് അതില്ല. വർഷത്തിൽ രണ്ടോമൂന്നോ സിനിമകൾ മാത്രം അഭിനയിച്ച് ബാക്കിയുള്ള സമയം മുഴുവൻ നാടകത്തിനുവേണ്ടി ചെലവിടുകയാണ് അദ്ദേഹം ചെയ്യുന്നത്.
എന്തുകൊണ്ട് അധികം സിനിമകൾ ചെയ്യുന്നില്ല എന്ന ചോദ്യത്തിന് ഒരു അഭിമുഖത്തിൽ ഗുരു സോമസുന്ദരം ഇങ്ങനെ ഉത്തരം പറഞ്ഞു- 'ആകാശത്തിലെ പറവയെപ്പോലെയാണ് ഞാൻ. എനിക്ക് കടമില്ല, ഇഎംഇ യുമില്ല. അതുകൊണ്ട് തന്നെ ഇത്ര സിനിമകളിൽ അഭിനയിച്ച് ഇത്ര കാശ് സമ്പാദിക്കണം എന്ന പ്രഷറുമില്ല. സാമ്പത്തിക ചിന്ത വന്ന് കഴിഞ്ഞാൽ അത് ഒരു ആർട്ടിസ്സിന്റെ പ്രകടനത്തെ ബാധിച്ചേക്കാം എന്നാണ് എന്റെ അഭിപ്രായം. ഇപ്പോൾ എനിക്ക് ഏതു സിനിമയിൽ അഭിനയിക്കണം എന്ന് ഫ്രീയായി തീരുമാനമെടുക്കാൻ പറ്റുന്നുണ്ട്'- സോമസുന്ദരം പറയാത്തത്് ചില കാര്യങ്ങൾ കൂടി അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്ക് പറയാനുണ്ട്. ഈയടുത്തകാലത്താണത്രേ അദ്ദേഹം ബാങ്ക് അക്കൗണ്ടും എ.ടി.എം കാർഡുംവരെ എടുത്തത്. അതും ചിത്രങ്ങളിൽനിന്ന് തനിക്ക് ലക്ഷങ്ങൾ പ്രതഫലം വന്നശേഷം. അതുവരെ കറൻസിയായി വാങ്ങുന്ന കാശ് നാടക പ്രവർത്തനത്തിന് വേണ്ടി ഉപയോഗിക്കയാിരുന്നു. ഭാര്യയും മക്കളുമൊന്നും ഈ നാടോടി അഭിനയജീവിക്ക് ഇല്ല. ഒരു നടിയുമായി പ്രണയത്തിലാണെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നെങ്കിലും അതൊന്നും വിവാഹത്തിലേക്ക് എത്തിയില്ല. അതുകൊണ്ടുതന്നെ കാശിനെക്കുറിച്ചല്ല, ചെയ്യുന്ന കഥാപാത്രത്തെക്കുറിച്ചാണ് തന്റെ വേവലാതിയെന്ന് സോമസുന്ദരം പറയുന്നു.
പത്തുകാശ് കൂടുതൽ കിട്ടുകയാണെങ്കിൽ എന്ത് കോപ്രായത്തിനും നിൽക്കുന്ന മെഗാ- സൂപ്പർ താരങ്ങളുടെ കലത്താണ് കാശിന് ആർത്തിയില്ലാത്ത ഒരു നടൻ എന്നത് നമ്മെ ഞെട്ടിക്കും. പക്ഷേ സേമാസുന്ദരത്തിന്റെ ജീവിതകഥകേട്ടാൽ ഈ തീരുമാനത്തിലൊന്നും യാതൊരു അത്ഭുദവുമില്ലെന്ന് കാണാം.
അന്തർമുഖനിൽനിന്ന് നടനിലേക്ക്
ജന്മനാടായ മധുരയിലെ സഹപാഠികൾക്ക്, തങ്ങളുടെ കുടെ പഠിച്ചിരുന്ന സോമു എന്ന സോമസുന്ദരമാണ് ഇപ്പോൾ നടനായി വിലസുന്നത്, എന്നറിഞ്ഞപ്പോൾ ഞെട്ടലാണ്. കാരണം അന്നൊന്നും സ്റ്റേജിൽ കയറുകപോയിട്ട് മറ്റുള്ളവരോട് സംസാരിക്കുകപോലും അദ്ദേഹം ചെയ്തിരുന്നില്ല. അധികം ആരോടും സംസാരിക്കാത്ത പ്രകൃതവുമായിരുന്നു. ഇവർ എങ്ങനെ നടനായി എന്നാണ് അവർ അത്ഭുദം കൂറുന്നത് എന്നാണ് തമിഴ് പത്രം ദിനതന്തിയിൽ വന്ന ഒരു ഫീച്ചർ. പക്ഷേ മധുരെയെക്കുറിച്ച് പറയുമ്പോൾ സോമസുന്ദരത്തിന് ആയിരം നാക്കാണ്. തൂങ്കാ നഗരം അഥവാ ഉറങ്ങാത്ത നഗരം പേരുള്ള മധുരൈ ടൗണിൽ മാത്രം എൺപതോളം സിനിമാ തിയേറ്ററുകൾ ഉണ്ടായിരുന്ന കാലമാണ് തന്നിലെ നടനെ ഉണർത്തിയത് എന്നാണ് അദ്ദേഹം പറയുക.
സ്വാഭാവികമായും സിനിമ കാണൽ ആയിരുന്നു സോമുവിന്റെയും പ്രധാന വിനോദം. കൂടാതെ ഏഴ് വയസ്സ് മുതൽ വീടിന് അടുത്ത് തന്നെയുള്ള മധുരൈ സെൻട്രൽ ലൈബ്രറിയിലെ നിത്യ സന്ദർശകനും. സ്‌കൂൾ വിദ്യാഭ്യാസം മധുരൈയിലും അമ്മയുടെ നാടായ തഞ്ചാവൂരിലുമായി പൂർത്തിയാക്കിയ സോമു അതിനു ശേഷം മധുരൈയിൽ തന്നെ മെക്കാനിക്കൽ എൻജിനീയറിങിൽ ഡിപ്ലോമ പൂർത്തിയാക്കി. തുടർന്ന് കുറച്ചുനാൾ ടി.വി എസ് ഇൻഡസ്ട്രീസിൽ ജോലി നോക്കി.
ജോലിയിലും അധിക കാലം തുടരാൻ സോമുവിന് കഴിഞ്ഞില്ല. ചെറിയൊരു ബിസിനസ്സ് തുടങ്ങി. പിന്നെ അതും നിർത്തി. ഒന്നിലും മനസ്സുറയ്ക്കാത്ത പ്രക്ഷുബ്ധമായ ദിനങ്ങൾക്കൊടുവിൽ അയാൾ വീട് വിട്ടിറങ്ങി. സ്വയം അന്വേഷണത്തിന്റെ നീണ്ട പ്രയാണങ്ങൾ.ഈ സമയത്തുകൊൽക്കത്തയിൽ രണ്ടു മാസത്തോളം തെരുവുകളിൽ കഴിഞ്ഞ അനുഭവവും ഉണ്ട്. ഈ സമയത്താണ് താൻ വജീവിതം ശരിക്കും അറിഞ്ഞത് എന്നാണ് സോമസുന്ദരം 'ആനന്ദവികടന്' നൽകിയ അഭിയുഖത്തിൽ പറയുന്നത്. കൈയിൽ കാശില്ലാത്തതിനാൽ കണ്ടയിടത്ത് ഉറങ്ങിയും, ക്ഷേത്രങ്ങളിൽനിന്ന് ഭക്ഷണം കഴിച്ചുമൊക്കെ നാടോടിയെപ്പോലെ ആയിരുന്നു ആ ജീവിതം. ഇതിനിടയിൽ എപ്പോഴോ ആണ് ഒരു വെളിപാട് പോലെ നടൻ ആവണമെന്ന ആഗ്രഹം ഉണ്ടാകുന്നത്. കൊൽക്കൊത്തയിൽ കണ്ട ചില നാടകങ്ങളും സിനികളും ഇതിനെ പ്രേരണായി. അങ്ങനെ തിരിച്ച് കള്ളവണ്ടി കയറി ചെന്നൈയിൽ എത്തുന്നു.
തുണയായത് നടൻ നാസർ
2002 ചെന്നൈയിൽ എത്തിയ സോമസുന്ദരത്തിന് അവിടെയും അലച്ചിലുകൾ ആണ് വിധിച്ചിരുന്നത്. ഒടുവിൽ നടൻ നാസറിനെ കണ്ടാൽ രക്ഷയുണ്ട് എന്ന് ആരോ പറഞ്ഞതിനെ തുടർന്ന് അദ്ദേഹത്തെ കാണാൻ എത്തി. ''നിനക്ക് ക്ഷമയുണ്ടെങ്കിൽ, പ്രയത്നിക്കാൻ തയ്യാറാണെങ്കിൽ ഞാനൊരു മേൽവിലാസം തരാം. അവിടെ മിനിമം മൂന്ന് വർഷമെങ്കിലും പിടിച്ച് നിൽക്കാൻ സാധിച്ചാൽ നിന്നെ ഞാൻ നടനാക്കാം''-അഭിനയ മോഹവുമായി തന്റെ ചെന്നൈയിലെ ഓഫീസിൽ എത്തിയ ചെറുപ്പക്കാരനോട് ആദ്യം കയർത്ത് സംസാരിച്ച നടൻ നാസർ അയാളുടെ തീക്ഷ്ണമായ ആഗ്രഹം മനസ്സിലാക്കി പിന്നീട് പറഞ്ഞ വാക്കുകൾ ആണ് ഇത്. നടനാവണമെന്ന ആഗ്രഹത്തിൽ വീടും കൂടും ഉപേക്ഷിച്ച് മുന്നും പിന്നും നോക്കാതെ എടുത്ത് ചാടി പുറപ്പെടുന്നവരെ നിത്യേന കാണുന്നതുകൊണ്ടാണ് നാസർ സോമസുന്ദരത്തോട്് ആദ്യം ദേഷ്യപ്പെട്ടത്. നാസർ നൽകിയ മേൽവിലാസമാകട്ടെ 'കൂത്തുപ്പട്ടറൈ'യുടെതായിരുന്നു. പ്രമുഖ തമിഴ് നാടക സംഘവും അഭിനയ പരിശീലന കേന്ദ്രവുമായ കൂത്തുപ്പട്ടറൈ.
പശുപതി, കലൈറാണി, വിജയ് സേതുപതി, വിമൽ, തുടങ്ങിയ നടന്മാരെ സിനിമാ ലോകത്തിന് നൽകിയ കളരി. അവിടെ എത്തിപ്പെട്ട ആ ചെറുപ്പക്കാരന് പക്ഷേ നാസറിന്റെ മൂന്ന് കൊല്ലം തുടരണമെന്ന നിർദ്ദേശം പാലിക്കാൻ കഴിഞ്ഞില്ല. പകരം പത്തു കൊല്ലം അയാൾ അവിടം തന്റെ തട്ടകമാക്കി. നാടകാചാര്യൻ എൻ മുത്തുസ്വാമിയുടെയും മറ്റു പരിശീലകരുടെയും കീഴിൽ ഒരു നടൻ അങ്ങനെ സ്ഫുടം ചെയ്തെടുക്കപ്പെട്ടതാണ് സോമുവിനുള്ളിലെ നടൻ. കൂത്തുപ്പട്ടറൈയിലെത്തി രണ്ടാം വർഷം തന്നെ നാടകങ്ങളിൽ ലീഡ് റോൾ ചെയ്യാൻ തുടങ്ങി സോമസുന്ദരം. തന്റെ ജീവിതത്തിൽ ഒരു ഗോഡ് മദറിന്റെ സ്ഥാനമുള്ള ഗുരുവമ്മ എന്ന സ്ത്രീയുടെ പേര് കൂടി തന്റെ പേരിനൊപ്പം ചേർത്ത് ഗുരു സോമസുന്ദരം എന്ന് പേര് നവീകരിച്ചതും ഈ സമയത്താണ്.
അടഞ്ഞ ശബ്ദം വഴി കിട്ടിയ ആദ്യ സിനിമ
സ്റ്റേജിൽ സോമു അഭിമുഖീകരിച്ച പ്രധാന പ്രശ്നം ശബ്ദം ഉച്ചത്തിലാക്കാൻ ചെയ്യാൻ കഴിയുന്നില്ല എന്നതായിരുന്നു. വളരെ നേർത്ത ശബ്ദം ആയിരുന്നു സോമുവിന്റെത്. പക്ഷേ അതൊരു അനുഗ്രഹമായി മാറിയത്, ആയി മാറിയത് 2004ൽ സംവിധായകൻ ത്യാഗരാജൻ കുമാരരാജ, സോമസുന്ദരം അഭിനയിച്ച 'ചന്ദ്രഹരി' എന്ന നാടകം കണ്ടപ്പോൾ ആയിരുന്നു. താൻ സംവിധാനം ചെയ്യാൻ പോകുന്നോരു സിനിമയിൽ ഇതേ ശബ്ദത്തിൽ സംസാരിക്കുന്ന ഒരു കഥാപാത്രമുണ്ടെന്നും സോമു തന്നെ അത് ചെയ്യണമെന്നും കുമാരരാജ പറഞ്ഞുറപ്പിച്ചു. അത് യാ ഥാർത്ഥ്യമാകാൻ പിന്നെയും ആറ് വർഷങ്ങൾ എടുത്തു എന്ന് മാത്രം (കുമാര രാജയുടെ ആരണ്യകാണ്ഡം സിനിമയിൽ സോമസുന്ദരത്തിന്റെ ശബ്ദം ശ്രദ്ധിച്ചാൽ ഇത് മനസ്സിലാക്കാം..മിന്നൽ മുരളിയിൽ നാട്ടുകാരേ.. ഓടി വരണേ..കടക്ക് തീ പിടിച്ചേ.. എന്ന് ഹൈ പിച്ചിൽ പറയുമ്പോൾ ഈ ശബ്ദം കേറി വരുന്നുണ്ട്).
നിരന്തരമായ പരിശീലനത്തിലൂടെ സോമസുന്ദരം തന്റെ ശബ്ദത്തിന്റെ പരിമിതികളെ മറികടന്നു. അഭിനയത്തോടൊപ്പം ആക്റ്റിങ്ങ് വർക്ക്ഷോപ്പുകൾ കണ്ടക്ട് ചെയ്യുന്ന ട്രെയിനറിലേക്ക് വളർന്നു. കോർപ്പറേറ്റ് ഹൗസുകൾ, കുട്ടികൾ, വയോജനങ്ങൾ, ട്രാൻസ് ജെൻഡേഴ്സ് തുടങ്ങി നിരവധി ഗ്രൂപ്പുകൾക്ക് വർക്ക്ഷോപ്പ് നടത്തി. 2010ൽ ആരണ്യകാണ്ഡത്തിലൂടെ സിനിമയിലേക്കും. ഈ ചലച്ചിത്രത്തിൽ അഭിനയിക്കുന്നതിനു വേണ്ടി ഗുരു, തന്റെ ശരീരഭാരം കുറയ്ക്കുകയും തന്റെ ചലന ശൈലികൾക്കും ശരീര ഭാഷയ്ക്കുമൊക്കെ മാറ്റങ്ങൾ വരുത്തുകയും ചെയ്തു. 2011 റിലീസ് ആയ ആരണ്യ കാണ്ഡം, ആ വർഷം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ കരസ്ഥമാക്കുകയും ഗുരുവിന്റെ അഭിനയം നിരൂപക പ്രശംസ കരസ്ഥമാക്കുകയും ചെയ്തു. ഇതാ ഒരു പുതിയ നടൻ എന്നായിരുന്നു തമിഴ് നിരൂപകർ എഴുതിയത്. ആരണ്യ കാണ്ഡത്തിലെ അഭിനയം കണ്ട മണി രത്നം, തന്റെ അടുത്ത ചലച്ചിത്രമായ കടലിൽ ഗുരു സോമസുന്ദരത്തിന് ഒരു ചെറിയ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരം നൽകുകയും ചെയ്തു.
തുടർന്ന് കടൽ, പാണ്ഡ്യനാട്, ജിഗർതണ്ടാ, കുറ്റമേ ദണ്ടനൈ, ജോക്കർ, വഞ്ചകർ ഉലകം , പേട്ട തുടങ്ങിയ സിനിമകളിലൂടെ തമിഴിലെ എണ്ണം പറഞ്ഞ നടന്മാരിൽ ഒരാളായി സോമസുന്ദരം. ഇതിനിടെ അഞ്ച് സുന്ദരികൾ, കോഹിനൂർ എന്നീ മലയാള സിനിമകളിലും അഭിനയിച്ചു. അഞ്ചുസുന്ദരികൾ എന്ന സിനിമാഖണ്ഡത്തിൽ സമീർതാഹിർ എം മുകന്ദന്റെ കഥയെ അടിസ്ഥനാമാക്കിചെയ്ത ചിത്രത്തിലെ ബാലപീഡനകനായ ഫോട്ടോഗ്രാഫറെ കണ്ടവർ മറക്കാൻ ഇടയില്ല. അത്രക്ക് പെർഫക്റ്റ് ആയിരുന്നു ആ വേഷം.
സിനിമയിൽ തന്റെ കഥാപാത്രത്തിന് വേണ്ടി സ്വയം ഒരു പശ്ചാത്തലം എഴുതി തയാറാക്കുകയും (കഥാപാത്രത്തിന്റെ അച്ഛൻ, അമ്മ, കുടുംബാംഗങ്ങൾ, സാമൂഹിക പശ്ചാത്തലം എന്നിങ്ങനെ) മിനിമം നാല് ടേക് എങ്കിലും എടുക്കാൻ സംവിധായകരോട് അഭ്യർത്ഥിക്കുകയും ചെയ്യുന്ന വ്യത്യസ്തനായ നടനാണ് ഗുരു സോമസുന്ദരം. ഇതാണ് സോമസുന്ദരം അധികം സിനിമകൾ എടുക്കാത്തിന്റെ കാരണവും. ചില സംവിധായകർക്ക് ഈ നടൻ ചോദിക്കുന്ന രീതിയിൽ കഥാപാത്രങ്ങളുടെ ഡീറ്റെലിയിങ്ങ് പറയാൻ കഴിയില്ല. അതോടെ സോമസുന്ദരം ആ ചിത്രം ഒഴിവാക്കും. നടൻ ആകാനായിരുന്നു ആഗ്രഹം. അതിന് നാടകം ഇല്ലേ. പിന്നെ നല്ല സിനിമകൾ വരുമ്പോൾ ചെയ്താൽ മതിയെന്ന് അദ്ദേഹം തീരുമാനിക്കുന്നു.
ജോക്കറിൽ ദേശീയ അവാർഡിന് അരികിലെത്തി
2016 ൽ ഇറങ്ങിയ രാജു മരുഗൻ സംവിധാനം ചെയ്ത ജോക്കർ സിനിമയിലൂടെ ദേശീയ അവാർഡിന് അരികിൽ എത്തിയ പ്രതിഭയാണ് ഇദ്ദേഹം. ഇപ്പോഴും പലരും സോമുവിന്റെ ഏറ്റവും മികച്ച പടമായി വിലയിരുത്തുന്നത് ജോക്കറിനെ തന്നെയാണ്. കേന്ദ്രസർക്കാരിന്റെ കക്കൂസ് രാഷ്ട്രീയത്തെ ഇത്രയേറെ പരിഹസിച്ച, സംഘപരിവാർ കാലത്തെ ഇന്ത്യയിലെ നാട്ടിൻപുറങ്ങളുടെ പൊള്ളുന്ന യാഥാർത്ഥ്യങ്ങളെ തുറന്നു കാണിച്ച ജോക്കർ അതിന്റെ രാഷ്ട്രീയ ഉള്ളടക്കം കൊണ്ടാണ് അവാർഡിന് പരിഗണിക്കപ്പെടാതെ പോയതെന്ന് അക്കാലത്തുതന്നെ വിമർശനം ഉയർന്നിരുന്നു.
പ്രസിഡന്റ് ഓഫ് ഇന്ത്യയെന്ന് സ്വയം വിശ്വസിച്ച് അഴിമതിക്കും അവഗണനകൾക്കുമെതിരേ പോരാടുന്ന,നെഞ്ചിനുള്ളിൽ അലിവും കരുണയും സ്‌നേഹവും നിറഞ്ഞ, വട്ടൻ എന്ന് നാട്ടുകാരുടെ പരിഹാസം ഏറ്റുവാങ്ങി ജീവിക്കുന്ന മന്നാർ മന്നനായി അസാധ്യ പ്രകടനമാണ് ഗുരു സോമസുന്ദരം കാഴ്‌ച്ചവച്ചിരിക്കുന്നത്. ഒരു മനുഷ്യൻ തീർത്തും നിസ്സഹായനായി പോകുന്ന അവസ്ഥ ഈ നടനോളം അഭിനയിച്ചു ഫലിപ്പിക്കാൻ കഴിവുള്ളവർ ഉണ്ടോ എന്ന് ഈ പടം കണ്ടാൽ തോന്നിപ്പോവും. മിന്നൽ മുരളിയിലെ ഷിബുവും അക്കാര്യം ഉറപ്പിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ വന്ന ഒരു കുറിപ്പ് ഇങ്ങനെയാണ്. '''ഒരു ചിരിക്കു പിന്നിൽ പലതരം വികാരങ്ങൾ ഒളിപ്പിക്കാൻ കഴിയുന്ന മാന്ത്രിക വിദ്യ കൂടി വശത്താക്കിയ നടനാണ് ഗുരു സോമസുന്ദരം. ഷിബുവിന്റെ ചിരികൾ ശ്രദ്ധിച്ചാൽ മതി, പ്രണയം, പ്രതികാരം, വേദന, നിസ്സഹായത, അലിവ്; ഇതെല്ലാം അയാൾ കേവലമൊരു ചിരിയിലൂടെ പ്രകടിപ്പിക്കുന്നുണ്ട്. ഉഷ തിരിച്ചു വന്നുവെന്നറിയുമ്പോൾ, ഉഷയെ കാണാൻ വീട്ടിൽ ചെല്ലുമ്പോൾ, ചായക്കടയിൽ വച്ച് ഉഷയെ കാണുമ്പോൾ, തന്റെ കരുതൽ തെളിയിക്കാനുള്ള സാഹചര്യം ആശുപത്രിയിൽ വച്ച് നഷ്ടപ്പെട്ടു പോകുമ്പോൾ, തനിക്കൊപ്പം വരാൻ ഉഷയെ ക്ഷണിക്കുമ്പോൾ, 28 വർഷത്തെ കാത്തിരിപ്പിനുശേഷം ഉഷ തന്റെ സ്വന്തമായെന്നറിയുമ്പോൾ, എല്ലാം നശിപ്പിക്കാനുള്ള ഭ്രാന്ത് പൂക്കുമ്പോഴെല്ലാം ഷിബുവിന്റെ ചുണ്ടിലും കാണാം ഒരു ചിരി.''
ഷിബുവിലൂടെ ഒരു സംസ്ഥാന അവാർഡ് എങ്കിലും ഗുരു സോമസുന്ദരം സ്വന്തമാക്കുമെന്ന്. അതുകേൾക്കുമ്പോൾ ഓർമ വരുന്നത് 2017 ലെ ദേശീയ ചലച്ചിത്ര പുരസ്‌കര പ്രഖ്യാപനമാണ്. ആ വർഷം മികച്ച നടന്മാരുടെ പട്ടികയിൽ അമിതാഭ് ബച്ചൻ(പിങ്ക്), നവാസുദ്ദീൻ സിദ്ദിഖീ(രമൺ രാഘവ് 2.0), വിനായകൻ(കമ്മട്ടിപ്പാടം), മനോജ് ബാജ്‌പേയ്(അലിഗഡ്) എന്നിവർക്കൊപ്പം ജോക്കറിലെ പ്രകടനത്തിന് ഗുരു സോമസുന്ദരവും ഉണ്ടായിരുന്നു. ഏറ്റവും കഠിനമായ തെരഞ്ഞെടുപ്പായിരിക്കും, ഇത്തവണ ജൂറി ശരിക്കും വിയർക്കുമെന്നൊക്കെ അന്ന് എഴുതുകയും പറയുകയുമൊക്കെ ചെയ്തതാണ്. ഗുരുവിനെ തേടി ആ പുരസ്‌കാരം വന്നെത്തുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ, സംഭവിച്ചതോ? 2017 ൽ മികച്ച നടന്നുള്ള 64ാമത് ദേശീയ പുരസ്‌കാരം പോയത് അക്ഷയ് കുമാറിന്റെ കൈകളിലേക്കായിരുന്നു. അവസാന റൗണ്ടിൽ പേരുപോലും ഇല്ലാതിരുന്ന അക്ഷയ് കുമാറിന്റെ കൈകളിലേക്ക്!
അവാർഡ് പ്രഖ്യാപനത്തിനുശേഷം ജൂറി നടത്തിയ പ്രസ്താവനയിൽ പറഞ്ഞത് അവസാന റൗണ്ടിൽ മൂന്നുപേർ മത്രമെ ഉണ്ടായിരുന്നുള്ളൂവെന്നും അതിൽ രണ്ടു പേർ അക്ഷയ് കുമാറും മോഹൻലാലും ആയിരുന്നുവെന്നുമാണ്.അടുത്ത തമാശ, ഇരുഭാഷകളിലെ അഭിനയത്തിന് എന്ന പേരു പറഞ്ഞ് ജനത ഗാരേജ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പുലിമുരുകൻ എന്നീ ചിത്രങ്ങൾക്ക് മോഹൻ ലാലിന് പ്രത്യേക ജൂറി പുരസ്‌കാരവും കൊടുത്തതാണ്. പ്രത്യേക പരാമർശത്തിന് പോലും അർഹതിയില്ലാത്ത പ്രകടനമായിരുന്നോ ഗുരു ജോക്കറിൽ നടത്തിയത്? ഒരു തെന്നിന്ത്യൻ സംവിധായകൻ ജൂറിയുടെ തലപ്പത്ത് ഇരിക്കുമ്പോഴായിരുന്നു ഇങ്ങനെയെല്ലാം നടന്നതെന്നുമോർക്കണം. ആരായിരുന്നു ജൂറി ചെയർമാൻ എന്നല്ലേ, സാക്ഷാൽ പ്രിയദർശൻ! അന്ന് ആനന്ദവികടൻ എന്ന തമിഴ് മാസിക എഴുതിയത് ജനങ്ങളുടെ അവാർഡ് ഗുരുസോമസുന്ദരത്തിന് ആണെന്നാണ്.
ഇത്തരം നാണം കെട്ട കളികൾ നടക്കുന്ന സിനിമാലോകത്താണ് പണത്തോടും പ്രശ്സതിയോടും ഒട്ടും താൽപ്പര്യമില്ലാത്ത ഒരു നടൻ ജീവിക്കുന്നത്. മിന്നൽ മുരളിയിലുടെ വൻ പ്രശസ്തിവന്നിട്ടും ഈ നടൻ വിനായാന്വിതനാവുകയാണ്.
മിന്നൽ മുരളിയിൽ വിളിച്ചപ്പോൾ ഷോക്കായിപ്പോയി
മിന്നൽ മുരളിയിലെ മുഖ്യവില്ലൻ താൻ ആണെന്ന് അറിഞ്ഞപ്പോൾ ശരിക്കും ഷോക്കായിപ്പോയെന്നാണ് ഈ നടൻ ഒരു അഭിമുഖത്തിൽ പറയുന്നത്. വിനയം തുളുമ്പുന്ന ആ വാക്കുകൾ ഇങ്ങനെ. -''ചെറുപ്പം മുതലെ സൂപ്പർ ഹീറോ സിനിമകൾ എല്ലാം ഞാൻ തിയേറ്ററിൽ പോയി തന്നെ കണ്ടിട്ടുണ്ട്. അപ്പോഴെല്ലാം തന്നെ നായകനെക്കാൾ എനിക്ക് ഇഷ്ടപ്പെട്ടിട്ടുള്ളത് വില്ലനെയാണ്. അപ്പോൾ മിന്നൽ മുരളിയിൽ സൂപ്പർ വില്ലന്റെ വേഷമാണെന്ന് പറഞ്ഞപ്പോൾ ഞാൻ ഷോക്കായിപ്പോയി. എന്നെ കളിയാക്കുകയാണോ എന്ന് സംശയവും തോന്നി. പക്ഷെ ബേസിൽ പറഞ്ഞു, അല്ല നിങ്ങൾ തന്നെയാണ് വില്ലനെന്ന്. ആ സമയത്ത് എനിക്ക് മലയാളം ശരിക്കും അറിയില്ലായിരുന്നു. കഥ പറഞ്ഞ് ഒരു നാല് അഞ്ച് മാസം കഴിഞ്ഞായിരുന്നു ചിത്രീകരണം. അങ്ങനെ ഞാൻ സ്‌ക്രിപ്പ്റ്റ് കേട്ട് മലയാളം പഠിക്കാൻ തുടങ്ങി. യൂട്യൂബിൽ നോക്കിയാണ് കൂടുതലും പഠിച്ചത്്. അതിപ്പാൾ നന്നായി വർക്കൗട്ടായി. ഈ പടത്തിന്റെ ക്രഡിറ്റ് ഈ ടീമിനാണ്''-
ഇപ്പോഴിതാ കൈ നിറയെ സിനിമകൾ ആണ് ഈ കലക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഈ നടനെ തേടിയെത്തുന്നത്. മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭം 'ബറോസിൽ'നിന്നാണ് ആദ്യ വിളി വന്നത്.''ലാലേട്ടന്റെ സംവിധാനത്തിൽ ഞാൻ അഭിനയിക്കാൻ പോവുകയാണ്. ബറോസിൽ ഞാനുണ്ടാവും. ലാലേട്ടനോട് മിന്നൽ മുരളി ഇറങ്ങുന്നതിന് ഒരാഴ്ച മുന്നെ സംസാരിച്ചിരുന്നു എന്നാണ് ഗുരു സോമസുന്ദരം പറയുന്നത്. മലയാളത്തിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട താരം മോഹൻലാലാണ്.അദ്ദേഹത്തിന്റെ ഹിസ് ഹൈനസ് അബ്ദുള്ള, അങ്കിൾ ബൺ, നമ്പർ 20 മദ്രാസ് മെയിൽ തുടങ്ങിയ ചിത്രങ്ങളൊക്കെ തിയേറ്ററിൽ പോയി കണ്ടിട്ടുണ്ട്'- ആവേശത്തോടെ ഗുരു സോമസുന്ദരം പറയുന്നു.
നനാപടേക്കർക്കൊപ്പം ചേർത്തുവെക്കാൻ കഴിയുന്ന രീതിയിൽ പ്രകടനമുള്ള ഈ നടന്റെ വിളയാട്ടകാലമായിരിക്കും ഇനിയുള്ളതെന്ന് ഉറപ്പാണ്. ഒരു നടൻ എന്നതിൽനിന്ന് ഉപരിയായി നല്ലൊരു മനുഷ്യസ്നേഹിയും, സാമൂഹിക പ്രവർത്തകനും, നാടകനടനുമാണ് ഗുരു സോമസുന്ദരം. മറ്റുള്ളവരിൽനിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതും ഇതുതന്നെ.
വാൽക്കഷ്ണം:''കടശീലെ ബിരിയാണിയിൽ കാട് കത്തിക്കുന്ന മലയാളി സൈക്കോവില്ലനെ അവർ ഇറക്കിയപ്പോൾ ഒരൊറ്റ ആഴ്‌ച്ചക്കകം മിന്നൽ മുരളിയിൽ നാട് കത്തിക്കുന്ന തമിഴ് സൈക്കോവില്ലനെ നമ്മളും ഇറക്കി. മലയാളി ഡാ. പൊളി ഡാ.'' സോഷ്യൽ മീഡിയയിൽ കണ്ട കൗതുകകരമായ ഒരു കമന്റായിരുന്നു ഇത്. പക്ഷേ തിരിച്ച് ചിന്തിച്ചുനോക്കുക, മലയാളം- തമിഴ് ഇൻഡസ്ട്രി വ്യത്യാസം ഇല്ലാതെ അഭിനേതാക്കൾക്ക് അവസരം കിട്ടുന്നു. ഭാഷയുടെ അതിർവരമ്പിൽ കലാകാരന്മാരെ ഇനി മൂടിവെക്കാൻ കഴിയില്ല എന്ന് ചുരുക്കം.
കടപ്പാട്- സിനിമാ പാരെഡീസോ ഗ്രുപ്പ്- ഫേസ്‌ബുക്ക്
ഇന്ത്യടുഡെ, ദിനതന്തി, ആനന്ദവികടൻ
- TODAY
- LAST WEEK
- LAST MONTH
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- അമ്മ മലയാളിയും അച്ഛൻ മറാഠിയും; ഡിവോഴ്സ് കഴിഞ്ഞ് 'യാത്ര' സീരിയലിലെ കണക്ക് നോട്ടം ചുമതലയായി; അന്യഭാഷാ നടികളെ ലിപ് സിങ്ക് ചെയ്യാൻ സഹായിച്ച് തുടക്കം; പിന്നെ മേനോന്റെ സംവിധാന സഹായി; കുംബളങ്ങി നൈറ്റ്സിലെ ബേബി മോളുടെ അമ്മയായ നടി; വിടവാങ്ങുന്നത് മലയാള സിനിമയിലെ ദി കോച്ച്; അംബികാ റാവു മടങ്ങുമ്പോൾ
- എന്നെ ചൊറിയരുത്, ഞാൻ മാന്തും, അത് ചെയ്യിപ്പിക്കരുത്; ഗണേശ് കുമാർ നടത്തിയ വിമർനത്തിന്റെ പകുതി പോലും താൻ ചെയ്തിട്ടില്ല; അമ്മ മാഫിയ സംഘമാണെന്ന് പറഞ്ഞയാൾ ഗണേശ് കുമാറാണ്; അപ്പപ്പോൾ കാണുന്നവരെ അപ്പാ എന്ന് വിളിക്കുന്നവരാണ് അമ്മയിലെ അംഗങ്ങളെന്നും പറഞ്ഞു; ഗണേശിന് രൂക്ഷ വിമർശനവുമായി ഷമ്മി തിലകൻ
- പള്ളിയിൽ പോയ യുവതി മടങ്ങി എത്തിയില്ല; മകളെ കാണാനില്ലെന്ന് വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി പിതാവ്; ലിയയുടെ വാർത്ത കേട്ട് പൊട്ടിക്കരഞ്ഞ പിതാവിനെ കണ്ട് കണ്ണീരോടെ പൊലീസുകാരും
- ഔദ്യോഗിക വാഹനത്തിൽ സ്വകാര്യ യാത്ര: ലതിക സുഭാഷ് 97,140 രൂപ തിരിച്ചടയ്ക്കണമെന്ന് നിർദ്ദേശം; കേരള വനംവികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ പ്രകൃതി ശ്രീവാസ്തവയുമായുള്ള അസ്വാരസ്യങ്ങൾ വിവാദങ്ങൾക്ക് കാരണം
- താര സുന്ദരി പ്രൗഢിയോടെ ജയിൽ വാസം; കോവിഡ് പരോൾ കഴിഞ്ഞ് എത്തിയത് ആഡംബര വാഹന അകമ്പടിയിൽ; സന്ദർശകർ കൂടുതലും പ്രമുഖർ; പേരിന് മാസ്ക്കും നൈററിയും തുന്നുന്ന ജയിലിലെ തയ്യൽക്കാരി ഇപ്പോഴും വി ഐ പി; മൊബൈൽ ഉപയോഗിച്ചതിനും അച്ചടക്ക ലംഘനത്തിനും ജയിലുകൾ മാറിമാറി എത്തിയത് കണ്ണൂരിൽ; കാരണവർ വധക്കേസ് പ്രതി ഷെറിന് ഇത് സുഖവാസമോ?
- അതിഥികൾക്കുള്ള ഉപഹാരം പിന്നീട് എത്തിച്ചെന്ന് ശിവശങ്കർ; ഞാൻ ബാഗേജ് ഒന്നും എടുക്കാൻ മറന്നില്ലെന്ന് പിണറായി വിജയനും; സ്വപ്നയുടെ ആരോപങ്ങൾ 'ശ്രദ്ധയിൽ പെട്ടില്ലെന്ന്' നിയമസഭയിൽ പറഞ്ഞ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിന് എത്തിയപ്പോൾ പ്രതികരിച്ചത് എല്ലാം അറിയുന്ന പടത്തലവനെ പോലെ; മുഖ്യമന്ത്രിയുടെ ഉത്തരം അവകാശ ലംഘനമോ?
- ഇനി ഷോപ്പിങ് മാളുകളും സ്വിമ്മിങ് പൂളുകളും പാർക്കുകളും ആകാശത്തും; പറന്നു കൊണ്ടിരിക്കുന്ന ഹോട്ടലിൽ 5000 പേർക്ക് ഒരേസമയം ഇരിക്കാം; കടലിലെ ഒഴുകുന്ന കൊട്ടാരം മോഡലിൽ ആകാശത്തും കൊട്ടാരം പണിയാൻ ഒരുമിച്ച് ലോകം
- ഉടമസ്ഥൻ പെട്ടി തുറന്നപ്പോൾ 40 ലക്ഷത്തിന്റെ കറൻസി അപ്രത്യക്ഷം; ബന്ധുക്കളെ ബന്ദിയാക്കി വിലപേശി ഇടനിലക്കാരനെ ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുത്തി; കാസർകോട് കുമ്പളയിലെ പ്രവാസി യുവാവിന്റെ കൊലപാതകത്തിന് കാരണം ഡോളർ കടത്തിലെ ചതി; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
- നാലു കൊല്ലം പാവങ്ങളെ ചതിച്ച് കുവൈത്തിലെത്തിച്ച് പീഡിപ്പിച്ചു; ബഹുനീല വീട് വച്ച് നാട്ടിലെ താരമായി; ആഡംബര കാറിൽ കറങ്ങി ഉന്നതരുടെ കൂട്ടുകാരനായി; മനുഷ്യക്കടത്തിൽ മജീദ് ഉണ്ടാക്കിയത് കോടികൾ; കുവൈത്തിൽ നിന്നും ഇയാൾ മുങ്ങി; കുഴൽപ്പണം കടത്തിയത് സിറിയയിലെ ഭീകരർക്കോ?
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്‌കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- റെയിൽവേയിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് കല്യാണം; എല്ലാ ദിവസവും ഭാര്യയെ റെയിൽവേ സ്റ്റേഷനിൽ ജോലിക്കു കൊണ്ടാക്കിയ ഭർത്താവും; ആർഭാട ജീവിതത്തിന് വേണ്ടി ബിനീഷാ ഐസക് ചെയ്തതെല്ലാം തട്ടിപ്പ്; വ്യാജ ടിക്കറ്റ് എക്സാമിനർ ചമഞ്ഞ ഇരിട്ടിക്കാരിക്ക് പിന്നിലും 'മാഡം'; കണ്ണൂർ തൊഴിൽ തട്ടിപ്പിൽ മുഖ്യ ആസൂത്രകയെ തേടി പൊലീസ്
- ഭാര്യയുടെ ആദ്യഭർത്താവിലെ മകളെ പൊന്നു പോലെ നോക്കിയ രണ്ടാനച്ഛൻ; ഭാര്യയോട് ആത്മാർത്ഥ മാത്രം കാട്ടിയിട്ടും വഞ്ചിക്കപ്പെട്ടപ്പോൾ സ്വന്തം രക്തത്തിൽ പിറന്ന മകനുമായി ജീവിതം അവസാനിപ്പിച്ചു; വില്ലനായത് ബഹറിനിലേക്ക് പറന്ന ഇവന്റ് മാനേജ്മന്റ് സുഹൃത്ത്; നൃത്താധ്യാപികയ്ക്കുള്ളത് ഡോക്ടറേറ്റും ഉന്നത ബന്ധങ്ങളും; ശിവകലയ്ക്ക് ഒന്നും സംഭവിക്കാൻ ഇടയില്ല
- താര സുന്ദരി പ്രൗഢിയോടെ ജയിൽ വാസം; കോവിഡ് പരോൾ കഴിഞ്ഞ് എത്തിയത് ആഡംബര വാഹന അകമ്പടിയിൽ; സന്ദർശകർ കൂടുതലും പ്രമുഖർ; പേരിന് മാസ്ക്കും നൈററിയും തുന്നുന്ന ജയിലിലെ തയ്യൽക്കാരി ഇപ്പോഴും വി ഐ പി; മൊബൈൽ ഉപയോഗിച്ചതിനും അച്ചടക്ക ലംഘനത്തിനും ജയിലുകൾ മാറിമാറി എത്തിയത് കണ്ണൂരിൽ; കാരണവർ വധക്കേസ് പ്രതി ഷെറിന് ഇത് സുഖവാസമോ?
- വക്കീൽ ഓഫിസൽ നിന്നും ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ അമിത വേഗത്തിലെത്തിയ അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിച്ചുവോ? അപകടം രാത്രി 11 മണിയോടെ; അതീവ ഗുരുതരാവസ്ഥയിലുള്ള സുഹൃത്തിനെ കോഴിക്കോട്ടേക്ക് മാറ്റിയത് സന്ദീപ് വാര്യർ: ആരോഗ്യ നില അതീവ ഗുരുതരം
- നേരത്തേ ഒരു വിവാഹം കഴിച്ചിട്ടുള്ള ശിവകല വിവാഹമോചനം നേടിയശേഷം പ്രകാശിനെ വിവാഹം ചെയ്തു; വീട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എതിർപ്പ് മറികടന്ന് താൻ തിരഞ്ഞെടുത്ത ജീവിതം തികഞ്ഞ പരാജയമായെന്ന് ആത്മഹത്യാ കുറിപ്പ്; ആറ്റിങ്ങലിലെ അപകട ആത്മഹത്യയിൽ കുടുംബ പ്രശ്നം
- എ എ റഹീമിന് എതിരായ വ്യാജ പ്രചാരണത്തിന് അദ്ധ്യാപിക അറസ്റ്റിൽ എന്ന് ആദ്യം വ്യാജ വാർത്ത; വാർത്തയുമായി ബന്ധമില്ലാത്ത അദ്ധ്യാപികയുടെ മകളുടെ ചിത്രവും വീഡിയോ വഴി പ്രചരിപ്പിച്ചു; കൈരളി ചാനലിന് കിട്ടിയത് എട്ടിന്റെ പണി; ചാനൽ, സംപ്രേഷണ ചട്ടം ലംഘിച്ചെന്ന് എൻബിഡിഎസ്എ
- ചുരുങ്ങിയത് ഒരേക്കർ സ്ഥലം വേണം; പരിശീലകൻ പ്ലസ്ടു പാസാകണം; അഞ്ചുവർഷത്തെ ഡ്രൈവിങ് പരിചയം വേണം; അക്രഡിറ്റേഷനില്ലാത്ത ഡ്രൈവിങ് സ്കൂളുകൾക്ക് അനുമതിയില്ല; കോവിഡിൽ നിന്ന് കരകയറി വരുന്ന ഡ്രൈവിങ് സ്കൂളുകളുടെ കഞ്ഞികുടി മുട്ടിക്കാൻ പുതിയ നിയമം ജൂലൈ മുതൽ
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- എന്ത് മനുഷ്യനാണ് സുരേഷ് ഗോപി; അരികത്തേക്ക് മിണ്ടാൻ ചെന്ന എന്നെ ഒന്നു നോക്കുകപോലും ചെയ്യാതെ അദ്ദേഹം പോയി; അമ്മ ചടങ്ങിനെത്തിയ സുരേഷ്ഗോപിയുടെ വേറിട്ട അനുഭവം പറഞ്ഞ് നടൻ സുധീർ
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്‌കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- സീരിയൽ താരം ഹരിത.ജി.നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ സിനിമ എഡിറ്റർ വിനായക്; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
- ജോലി ഇല്ലാത്തതിനാൽ തെരുവുകൾ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്; സിനിമകൾ ചെയ്യാൻ ഇപ്പോഴും താത്പര്യം: ജീവിതം പറഞ്ഞ് ഐശ്വര്യ
- ശിവലിംഗത്തെ വാട്ടർ ഫൗണ്ടനോട് ഉപമിച്ച് നിരന്തര അധിക്ഷേപവുമായി ഇസ്ലാമിക പ്രതിനിധി; നുപുർ ശർമ തിരിച്ചടിച്ചത് ഞാൻ നിങ്ങളുടെ മത വിശ്വാസത്തെ പറ്റി തിരിച്ചു പറഞ്ഞാൽ സഹിക്കുമോ എന്ന് ചോദിച്ച്; തുടർന്ന് പറഞ്ഞത് ആയിഷയുടെ വിവാഹം അടക്കമുള്ളവ
- ഞാൻ അവനൊപ്പമാണ്; അഞ്ചാറ് തവണ ഒരു സ്ഥലത്ത് ഒരാളുടെ കൂടെ പോയി നിരന്തരമായി പീഡിപ്പിക്കപ്പെടുക എന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല; ഏത് പൊട്ടനും മനസിലാവും ഇക്കാര്യങ്ങളൊക്കെ; വിജയ ബാബുവിന് പിന്തുണയുമായി സംസ്ഥാന അവാർഡ് ജേതാവായ നടൻ മൂർ
- ദുഃഖങ്ങൾ ഒന്നുമില്ലാതെ ആസ്വദിച്ചു നടന്നത് സുകുമാരന്റെ ഭാര്യാ പദവിയിൽ; മക്കളോടുള്ള അസൂയ പലപ്പോഴും എന്റെ പുറത്തിടാൻ ശ്രമിക്കാറുണ്ട് ചിലർ; മല്ലിക സുകുമാരൻ മനസ്സ് തുറക്കുന്നു; പൃഥ്വി വിമർശിക്കപ്പെടുന്നത് തെരഞ്ഞെടുക്കുന്ന സിനിമയുടെ പേരിൽ; പൃഥ്വിരാജ് കടുത്ത വിശ്വാസി; മല്ലിക സുകുമാരനുമായുള്ള അഭിമുഖം
- 'മര്യാദക്ക് ജീവിക്കാൻ കഴിയാത്തവർ പാക്കിസ്ഥാനിലേക്ക്'; റാസ്പുടിൻ ഡാൻസിൽ ലൗ ജിഹാദ് കലർത്തി; ഗുരുവായൂരിലെ ഥാർ വിവാദത്തിലെ ഹീറോ; സ്വന്തം കക്ഷിക്ക് പിഴ വാങ്ങിച്ചുകൊടുത്തതും 'ചരിത്രം'; വർഗീയ കേസ് സ്പെഷ്യലിസ്റ്റും തീവ്ര ഹിന്ദുവും; കറൻസിക്കടത്ത് വിവാദങ്ങളുടെ സൂത്രധാരൻ; പിണറായിയുടെ കരടായ അഡ്വ കൃഷ്ണരാജിന്റെ കഥ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍