Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കൊക്കേയിനും മരിജുവാനയും ഉപയോഗിച്ചത് പലതവണ പിടിക്കപ്പെട്ടു; ലോകകപ്പിൽനിന്ന് പുറത്തായത് ഉത്തേജക മരുന്ന് ഉപയോഗിച്ചതിന്; കാലുകൊണ്ടെന്ന പോലെ കൈ കൊണ്ടും ഗോളടിക്കാൻ വിദഗ്ധൻ; കുത്തഴിഞ്ഞ ലൈംഗിക ജീവിതത്തിന്റെ പേരിലും ആരോപിതൻ; കാസ്ട്രോയുടെയും ഷാവേസിന്റെയും സുഹൃത്തായ കമ്യൂണിസ്റ്റ്; മാറഡോണയുടേത് ത്രില്ലർ സിനിമയെപ്പോലുള്ള സംഭവ ബഹുലമായ ജീവിതം

കൊക്കേയിനും മരിജുവാനയും ഉപയോഗിച്ചത് പലതവണ പിടിക്കപ്പെട്ടു; ലോകകപ്പിൽനിന്ന് പുറത്തായത്  ഉത്തേജക മരുന്ന് ഉപയോഗിച്ചതിന്; കാലുകൊണ്ടെന്ന പോലെ കൈ കൊണ്ടും ഗോളടിക്കാൻ വിദഗ്ധൻ; കുത്തഴിഞ്ഞ ലൈംഗിക ജീവിതത്തിന്റെ പേരിലും ആരോപിതൻ; കാസ്ട്രോയുടെയും ഷാവേസിന്റെയും സുഹൃത്തായ കമ്യൂണിസ്റ്റ്; മാറഡോണയുടേത് ത്രില്ലർ സിനിമയെപ്പോലുള്ള സംഭവ ബഹുലമായ ജീവിതം

എം മാധവദാസ്

ഫ്രീഡാൻ എന്ന ഉത്തേജക മരുന്നിന്റെ പേര് കടുത്ത ഫുട്ബോൾ പ്രേമികൾ ആയ മലപ്പുറത്തുകാരെങ്കിലും ഒരിക്കലും മറുന്നുപോകില്ല. 1994ൽ അമേരിക്കയിൽ നടന്ന ലോകകപ്പിൽ ഫുട്ബോൾ ദൈവം മാറഡോണ പുറത്താകുന്നത് ആ ഉത്തേജകമരുന്ന് ഉപയോഗിച്ചാണ്. ഗ്രീസുമായുള്ള അവസാന മൽസരത്തിലെ മാറഡോണയുടെ മിന്നുന്ന പ്രകടനം കണ്ടവർ അമ്പരന്നുപോകും. തന്റെ 34ാം വയസ്സിലും അയാൾ ഒരുപടക്കുതിരയെപ്പോലെ ചീറിപ്പാഞ്ഞ് ഗോളടിച്ചപ്പോൾ, ടെലിവിഷനിൽ പാതിരാത്രിക്ക് കളികണ്ട് നമ്മൾ ആർത്തുവിളിച്ചത് മറക്കാനാവില്ല. എന്നാൽ തൊട്ടടുത്ത കളിയിൽ തന്നെ കാൽപ്പന്തിന്റെ ദൈവം പുറത്തായി. വില്ലൻ എഫ്രീഡാൻ എന്ന ഉത്തേജക മരുന്നും. അങ്ങനെ ആ ലോകരാജവിന്റെ ലോകകപ്പ് അവസാനിച്ചു.

മാറഡോണയെ സംബന്ധിച്ച് ഇത്തരം ഉയർച്ച താഴ്ചകൾ ഒന്നും യാതൊരു പ്രശ്നവും ഉണ്ടാക്കുന്നത് അല്ലായിരുന്നു. ശരിക്കും കുപ്പയിലെ മാണിക്യമായിരുന്നു അയാൾ.

പത്താം വയസ്സിൽ കളി തുടങ്ങിയ പത്തൊമ്പതുകാരൻ

ദാരിദ്രത്തോട് പടവെട്ടി വളർന്നുവെന്ന കളിക്കാരനാണ് ഡീഗോ. ബ്യൂണസ് അയേഴ്സിന്റെ തെക്കൻ പ്രാന്തപ്രദേശത്തെ ചേരിയിൽ ഒരു ദരിദ്രകുടുംബത്തിലായിരുന്നു ജനിച്ചത്. അർജന്റീനയിലെ കൊറിയന്റസ് പ്രവിശ്യയിൽ നിന്നും ബ്യൂണസ് അയേഴ്സിലേക്ക് കുടിയേറിയതായിരുന്നു അവർ. അർധപ്പട്ടിക്കാരിൽനിന്ന് കോടീശ്വരൻ ആയിട്ടും മാറഡോണ വന്ന വഴി മറന്നില്ല. തന്റെ ദുരിത ബാല്യം പറയാൻ അദ്ദേഹത്തിന് യാതൊരു മടിയും ഉണ്ടായിരുന്നില്ല.

പത്താം വയസിൽ തദ്ദേശീയ ക്ലബായ എസ്ട്രെല്ല റോജാക്ക് വേണ്ടി കളിക്കുമ്പോൾത്തന്നെ തന്റെ പ്രകടനങ്ങൾ കൊണ്ട് മാറഡോണ ശ്രദ്ധേയനായി. തുടർന്ന് അർജന്റിനോസ് ജൂനിയഴ്സിന്റെ ഒരു ജൂനിയർ ടീമായ ലോസ് സെബൊളിറ്റാസിൽ അംഗമായി. അർജന്റീനയിലെ ഒന്നാം ഡിവിഷൻ കളികളുടെ ഇടവേളകളിലെ പന്തടക്കപ്രകടനങ്ങൾ മറഡോണക്ക് മാധ്യമശ്രദ്ധ നൽകി. അർജന്റീനോസ് ജൂനിയേഴ്സിൽ കളിക്കുമ്പോൾ കുട്ടിയായിരുന്ന മറഡോണയെ പലപ്പോഴും പ്രായം കൂടിയവരുടെ കളികളിൽ തുരുപ്പു ചീട്ടായി പരിശീലകൻ കളിക്കാനിറക്കുമായിരുന്നു. 16 വയസാവുന്നതിനു മുമ്പേ അർജന്റിനോസ് ജൂനിയഴ്സിനു വേണ്ടി ഒന്നാം ഡിവിഷണിൽ കളിക്കാനാരംഭിച്ചു. അർജന്റീന പ്രൊഫഷണൽ ലീഗിൽ കളിക്കാനിറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ മറഡോണയായിരുന്നു. 1976 മുതൽ 1980 വരെയുള്ള കാലയളവിൽ അർജന്റീനോസ് ജൂനിയേഴ്സിനു വേണ്ടി മറഡോണ 166 മത്സരങ്ങൾ കളിക്കുകയും അതിൽ നിന്ന് 111 ഗോളുകൾ നേടുകയും ചെയ്തു. 1975-ൽ അർജന്റീന ഒന്നാം ഡിവിഷൻ ലീഗിലെ 20 ടീമുകളിൽ പത്തൊമ്പതാം സ്ഥാനത്തായിരുന്ന അർജന്റീനോസ് ജൂനിയേഴ്സ്, 1980-ൽ രണ്ടാം സ്ഥാനത്തേക്കെത്തിയതിൽ മാറഡോണയുടെ പങ്ക് എടുത്തുപറയത്തക്കതാണ്.

1981-ൽ മറഡോണ ബൊകാ ജൂനിയേഴ്സിലേക്ക് മാറി. പത്തു ലക്ഷം പൗണ്ടായിരുന്നു കൈമാറ്റത്തുക. ബൊക്ക ജൂനിയേഴ്സിനു വേണ്ടി 1982 വരെ കളിച്ച മറഡോണ, 1982-ൽ ടീമിനെ ലീഗ് ജേതാക്കളാക്കുന്നതിൽ പ്രമുഖപങ്കുവഹിച്ചു.

ആദ്യ അന്താരാഷ്ട്ര മൽസരം കളിച്ചത് 16ാ മത്തെ വയസ്സിൽ

പ്രൊഫഷണൽ ക്ലബ് ഫുട്ബോളെന്നപോലെ അർജന്റീനക്കു വേണ്ടിയുള്ള അന്താരാഷ്ട്രപ്രകടനങ്ങളും മാറഡോണയെ ലോകപ്രശസ്തനാക്കുന്നതിൽ പങ്കുവഹിച്ചു. 1977 ഫെബ്രുവരി 27-ന് ഹംഗറിക്കെതിരെ തന്റെ പതിനാറാം വയസ്സിൽ മാറഡോണ ആദ്യ അന്താരാഷ്ട്രമൽസരം കളിച്ചു. 1979 ജൂൺ 2നാണ് സ്‌കോട്ട്ലന്റിനെതിരെയുള്ള മൽസരത്തിലാണ് മാറഡോണ സീനിയർതലത്തിലുള്ള ആദ്യത്തെ അന്താരാഷ്ട്ര ഗോൾ നേടുന്നത്.

ദേശീയ ടീമിൽ അംഗമായിരുന്നിട്ടും പരിചയക്കുറവെന്ന കാരണത്താൽ മറഡോണയ്ക്ക് 1978 ലോകകപ്പ് സംഘത്തിൽ ഇടം കിട്ടിയില്ല. 1979-ലെ യൂത്ത് ഫുട്ബോൾ ലോകകപ്പ് നേടിയ അർജന്റീന സംഘത്തിൽ മാറഡോണ അംഗമായിരുന്നു. ഈ ടൂർണ്ണമെന്റിലെ മികച്ച കളിക്കാരനുള്ള സ്വർണ്ണപ്പന്ത് നേടുകയും ചെയ്തു.1982-ൽ ലോകകപ്പിൽ അരങ്ങേറ്റം. ഈ ലോകകപ്പിന്റെ രണ്ടാം ഘട്ടത്തിൽ ഇറ്റലിയോടും ബ്രസീലിനോടും തോറ്റ് അർജന്റീന പുറത്തായി. ബ്രസീലിന്റെ കളിക്കാരൻ ജോവോ ബാറ്റിസ്റ്റാ ഡസിൽവയെ ചവിട്ടിവീഴ്‌ത്തിയതിന് മറഡോണ ചുവപ്പുകാർഡ് കണ്ട് പുറത്താകുകയും ചെയ്തു. ആദ്യലോകകപ്പിൽ തന്നെ ചുവപ്പ്കാർഡ് മാറഡോണയുടെ കൂടെയുണ്ട്. 1982 മുതൽ 1994 വരെയുള്ള നാല് ഫിഫ ലോകകപ്പുകളിൽ മറഡോണ അർജന്റീനക്കു വേണ്ടി കളത്തിലിറങ്ങി. മറഡോണയുടെ നേതൃത്വത്തിൽ അർജന്റീന 1986-ൽ ലോകകപ്പ് വിജയിക്കുകയും 1990-ൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. 1986 ലോകകപ്പിലെ മികച്ച കളിക്കാരനുള്ള സ്വർണ്ണപ്പന്തും മറഡോണക്കായിരുന്നു. യൂത്ത് ലോകകപ്പിലും സീനിയർ ലോകകപ്പിലും സ്വർണ്ണപ്പന്ത് നേടിയിട്ടുള്ള ഒരേയൊരു കളിക്കാരനാണ് മറഡോണ.അർജന്റീനക്കു വേണ്ടി 91 മത്സരങ്ങളിലായി 34 ഗോളുകൾ മറഡോണ നേടിയിട്ടുണ്ട്.

ഇറ്റലിയിൽ എത്തിയത് ജീവിതം മാറ്റിമറിച്ചു

1982-ലെ ലോകകപ്പിനു ശേഷം, യൂറോപ്പിലെ പ്രശസ്തമായ ഫുട്ബോൾ ക്ലബ്ബായ ബാഴ്സലോണ മറഡോണയെ സ്വന്തമാക്കി. കൈമാറ്റത്തുകയായിരുന്ന അമ്പത് ലക്ഷം പൗണ്ട്, അന്നത്തെ ലോകറെക്കോഡായിരുന്നു. 1983ൽ മറഡോണയുൾപ്പെട്ട ബാഴ്സലോണ സംഘം, റിയൽ മാഡ്രിഡിനെ തോൽപ്പിച്ച് കോപ ഡെൽ റെയ് കപ്പും, അത്‌ലെറ്റിക്കോ ബിൽബാവോയെ തോൽപ്പിച്ച് സ്പാനിഷ് സൂപ്പർ കപ്പും സ്വന്തമാക്കി. എങ്കിലും ബാഴ്സലോണയിൽ കളിക്കുന്ന കാലയളവ് പരിക്കുകളുടേയും രോഗത്തിന്റേയ്യും വിവാദങ്ങളുടേയും കാലമായിരുന്നു.ഹെപറ്റൈറ്റിസും, കളിക്കിടെ സംഭവിച്ച മണിബന്ധത്തിലെ പരിക്കും അദ്ദേഹത്തെ അലട്ടി ഫുട്ബോൾ ജീവിതത്തിന്റെ ഭാവി തന്നെ അനിശ്ചിതത്വത്തിലാക്കി. ബാഴ്സലോണ ടീം മേധാവികളുമായി, പ്രത്യേകിച്ച് ക്ലബ് അദ്ധ്യക്ഷൻ ജോസെപ് ല്യൂയിസ് ന്യൂനെസുമായുള്ള തുടർച്ചയായ വിവാദങ്ങളും ഇക്കാലത്ത് ശ്രദ്ധിക്കപ്പെട്ടു. ഇതിനെത്തുടർന്ന് 1984-ൽ മറഡോണ ബാഴ്സലോണ വിട്ട് ഇറ്റലിയിലെ നെപ്പോളി ക്ലബിലേക്ക് ചേക്കേറി. ഇത്തവണത്തെ കൈമാറ്റത്തുകയായിരുന്ന 69 ലക്ഷം പൗണ്ടും മറ്റൊരു റെക്കോഡായിരുന്നു.

പക്ഷേ ഈ നെപ്പോളി ബന്ധം തന്നെയാണ് മാറഡോണക്ക് എക്കാലവും വിനയായതും. ഇവിടെ വച്ചാണ് അദ്ദേഹം കൊക്കേയിൽ ഉപയോഗിക്കാൻ പഠിക്കുന്നത് എന്നാണ് ജീവചരിത്രകാരന്മാർ പറയുന്നത്. മദ്യവും മയക്കമരുന്നും സുന്ദരികളെയും ഇഷ്ടപ്പെടുന്ന മാറഡോണ ഇറ്റാലിയൻ മാഫിയയുടെ വലയിൽ വീഴുകയായിരുന്നുവെന്നും പലരും പറയുന്നു. 1984 മുതൽ 1991 വരെ മറഡോണ നെപ്പോളിക്കു വേണ്ടി കളിക്കുകയും ഒട്ടേറെ കിരീടവിജയങ്ങളിൽ പങ്കാളിയാകുകയും ചെയ്തു. ഇക്കാലയളവാണ് മറഡോണയുടെ ഫുട്ബോൾ ജീവിതത്തിന്റെ സുവർണ്ണകാലമായി കണക്കാക്കപ്പെടുന്നത്. 86ലെ ലോകകപ്പ് അദ്ദേഹത്തെ
ഫുട്ബോൾ ദൈവമാക്കി.

ദൈവത്തിന്റെ കൈയിൽ പിറന്ന ആ ഗോളുകൾ

1986 ലോകകപ്പിലെ സൂപ്പർതാരമായിരുന്നു മാറഡോണ. ജൂൺ 22ന് മെക്‌സിക്കോയിലെ അസ്‌ടെക്ക് സ്റ്റേഡിയത്തിൽ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലായിരുന്നു മാറഡോണയുടെ ഏറ്റവും 'കുപ്രസിദ്ധവും' 'സുപ്രസിദ്ധവു'മായ ഗോളുകൾ പിറന്നത്. രണ്ടം പകുതി തുടങ്ങി ആറു മിനിറ്റു പിന്നിട്ടപ്പോഴായിരുന്നു 'ദൈവത്തിന്റെ കൈ' എന്ന പേരിൽ വിഖ്യാതമായ വിവാദ ഗോൾ. പെനൽറ്റി ബോക്‌സിനു പുറത്ത് വച്ച് ഉയർന്നെത്തിയ പന്ത് ക്ലിയർ ചെയ്യാൻ ശ്രമിച്ച ഇംഗ്ലണ്ടിന്റെ സ്റ്റീവ് ഹോഡ്ജിന് പിഴച്ചു. അടിച്ചകറ്റാൻ ശ്രമിച്ച പന്ത് ഇംഗ്ലണ്ടിന്റെ ഗോൾമുഖത്തേയ്ക്കാണ് ഉയർന്നെത്തിയത്. പന്തു തട്ടിയകറ്റാൻ ചാടിയുയർന്ന ഇംഗ്ലീഷ് ഗോളി പീറ്റർ ഷിൽട്ടനൊപ്പമെത്തിയ മാറഡോണയുടെ ഇടംകൈയിൽ തട്ടി ഗോൾ വീഴുകയായിരുന്നു. .ഇംഗ്ലണ്ടിന്റെ കളിക്കാർ ഹാൻബോൾ എന്നു പറഞ്ഞ് വളഞ്ഞെങ്കിലും ടുണീസിയക്കാരൻ റഫറി അലി ബെന്നസീർ ഗോൾ അനുവദിച്ചു.ഉപായത്തിൽ നേടിയതാണെങ്കിലും ആ ഗോളിലേക്കു വഴിയൊരുക്കിയത് മറഡോണയുടെ തന്നെ ഒറ്റയാൻ മുന്നേറ്റമായിരുന്നു.

ആദ്യ ഗോളിന്റെ നാണക്കേടു മുഴുവൻ കഴുകിക്കളഞ്ഞ അനശ്വര മുഹൂർത്തം നാലു മിനിറ്റുകൾക്കുശേഷം പിറന്നു. മാറഡോണ സ്വന്തം ഹാഫിൽനിന്നാരംഭിച്ച ഒറ്റയാൻ മുന്നേറ്റത്തിന്റെ പരിസമാപ്തി അതിമനോഹരമായ ഗോളിലാണ് അവസാനിച്ചത്. സെൻട്രൽ സർക്കിളിൽനിന്ന് ഒന്നിനു പിന്നാലെ ഒന്നായി നാലു ഡിഫൻഡർമാരെ ഡ്രിബിൾ ചെയ്ത് മുന്നിലെത്തുമ്പോൾ പ്രതിബന്ധം ഇംഗ്ലിഷ് ഗോളി പീറ്റർ ഷിൽട്ടൻ മാത്രം. അദ്ദേഹത്തെയും ഡ്രിബിളിൽ മറികടന്ന് മുന്നിലെ ഗോൾ വലയത്തിലേക്ക് പന്തെത്തിക്കുമ്പോൾ മാറഡോണ കുറിച്ചത് ചരിത്രം. ഫുട്‌ബോൾ ആരാധകർക്ക് എത്ര കണ്ടാലും മതിവരാത്ത കാഴ്ചയായ ആ ഗോളിന്റെ ഓർമയ്ക്കായി പിറ്റേന്നു തന്നെ അസ്‌ടെക്ക് സ്റ്റേഡിയത്തിൽ സ്മരണിക ഫലകം സ്ഥാപിച്ചു. മറഡോണ നേടിയ ആ ഉജ്ജ്വലമായ ഗോളാണ് അർജന്റീനയെ സെമിയിലേക്കും തുടർന്ന് ഫൈനലിലേക്കും കിരീടത്തിലേക്കും നയിച്ചത്.

'ദൈവത്തിന്റെ' ആ കൈ കാണിച്ച കുസൃതിയെക്കുറിച്ച് മറഡോണ പിന്നീട് കുറ്റസമ്മതം നടത്തി.''മാപ്പു പറയുകയും കാലത്തിനു പിന്നോട്ടു നടന്ന് ചരിത്രത്തെ മാറ്റിയെഴുതുകയും ചെയ്യാൻ കഴിയുമെങ്കിൽ ഞാനതു ചെയ്യുമായിരുന്നു. പക്ഷേ, അതു സാധ്യമല്ലല്ലോ. ഗോൾ ഗോളായിത്തന്നെ നിലനിൽക്കും. അർജന്റീന ചാംപ്യന്മാരായും ഞാൻ മികച്ച കളിക്കാരനായും ചരിത്രത്തിൽ നിലനിൽക്കും.'' മാറഡോണ പറഞ്ഞു. പിന്നീടുള്ള മാറഡോണയുടെ ജീവിതം ചരിത്രമാണ്. ഒരു തുറന്ന പുസ്‌കംപോലെ.

'ജീവിതത്തെ പന്തുപോലെ തട്ടിയ ഭ്രാന്തൻ'

'ജീവിതത്തെ പന്തുപോലെ തട്ടിയ ഭ്രാന്തൻ' എന്നതിനേക്കാൾ നല്ല വിശേഷണം മാറഡോണക്ക് കൊടുക്കാൻ കഴിയില്ല. പ്രതിഭയും എക്സൻട്രിസവും ലഹരിയുടെ നീരാളിപ്പിടുത്തവുമൊക്കെയായി എപ്പോൾ എങ്ങനെ പ്രതികരിക്കും എന്ന് അറിയാത്ത രീതിയിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.

90ലെ ലോകപ്പിനുശേഷം അദ്ദേഹം ലഹരിയിലേക്ക് വഴുതിവീണതായി പല എഴുത്തുകാരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പെലെയെപ്പോലെ അച്ചടക്കത്തോടെ ജീവിക്കുന്ന വ്യകതിയാലിരുന്നില്ല മാറഡോണ. മദ്യവും മയക്കുമരുന്നും സ്ത്രീകളും എന്നും അദ്ദേഹത്തിന് വീക്ക്നെസ്സ് ആയിരുന്നു.

1991 മാർച്ച് 17-ന് ഒരു ഫുട്ബോൾ മൽസരത്തിനു ശേഷമുള്ള പരിശോധനയിൽ മറഡോണ, മയക്കുമരുന്ന് (കൊക്കെയ്ൻ) ഉപയോഗിച്ചതായി കണ്ടെത്തി. ഇതിനെത്തുടർന്ന് 15 മാസത്തേക്ക് ഫുട്ബോളിൽ നിന്ന് അദ്ദേഹത്തെ വിലക്കി. ഇതിനു ശേഷം 1992-ൽ സ്പെയിനിലെ സെവിയ്യ ക്ലബിലേക്ക് മാറി. ഒരു വർഷം സെവിയ്യക്കു വേണ്ടി കളിച്ച് 1993-ൽ ജന്മനാട്ടിലേക്ക് മടങ്ങി. അതിനുശേഷം ദീർഘകാലത്തെ വ്യായാമത്തിനും കൗൺസലിങ്ങിനും ശേഷമാണ് 94ലെ ലോകകപ്പിൽ അദ്ദേഹം മടങ്ങിയെത്തിയത്. പക്ഷേ അത് എഫ്രീഡീൻ എന്ന മയക്കുമരുന്നിൽഒതുക്കി.

ഫുട്ബോളിൽനിന്ന് വിരമിച്ചിട്ടും ലോകത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി തന്നെയായിരുന്നു മാറഡോണ്. ലോകത്തിൽ എവിടെപ്പോയാലും പാപ്പരാസികൾ അദ്ദേത്തിന് ചുറ്റും കൂടും. മാറഡോണക്ക് എത്ര കാമുകിമാർ ഉണ്ടെന്ന് ആർക്കും അറിയുമായിരുന്നില്ല. കേരളത്തിൽ മാറഡോണ എത്തിയപ്പോൾ രഞ്ജനി ഹരിദാസിന്റെ കൂടെ നൃത്തം ചെയ്തപ്പോൾ 'ഇതാ മാറഡോണയുടെ പുതിയ കാമുകി' എന്ന പേരിലാണ് മാധ്യമങ്ങൾ അത് ആഘോഷിച്ചത്. മാറഡോണയുടെ പേരിൽ സ്വവഗാനുരാഗ ബന്ധവും പറഞ്ഞുകേട്ടിരുന്നു. 90ലെ ലോകകപ്പിൽ മാറഡോണയും സഹതാരവും പ്രഗൽഭ ഫോർവേഡുമായ ക്ലോഡിയോ കനീജിയയും തമ്മിൽ ഒരോഗോൾ അടിക്കുമ്പോഴും ചുണ്ടുകൾ ചേർത്ത് ചുംബിച്ചതും വിവാദമായിരുന്നു. മാറഡോണയുടെ ഭാര്യ ഇത് എതിർത്തുവെന്നും അന്ന് വാർത്തയുണ്ടായി.

പാപ്പരാസികളുമായി എന്നും മല്ലിടാനായിരുന്നു അക്കാലത്ത് മാറഡോണയുടെ യോഗം. ഒരിക്കൽ തന്റെ വസതിയിലേക്ക് അതിക്രമിച്ച് കടന്ന പത്രക്കാരെ വെടിവെച്ച കേസിലും അദ്ദേഹം പ്രതിയായി. മദ്യവും മയക്കുമരുന്നും ജീവിതം നശിപ്പിക്കുമെന്ന് ആരും പറഞ്ഞിട്ടും ഡീഗോ കേട്ടില്ല. തൽഫലമായി പൊണ്ണത്തടിയാണ് അദ്ദേഹത്തിന് ഉണ്ടായത്. അത് പിന്നെ ആമാശയം ചുരുക്കുന്ന ശസ്ത്രക്രിയ ചെയ്ത് ഒരു പരിധിവരെ കുറക്കുയായിരുന്നു. ഫുട്ബോൾ രാജാവിന്റെ അകാല മരണം പോലും ഉണ്ടായത് അനിനിയന്ത്രിതമായ കുടിയും തീറ്റയും കൊണ്ടാണെന്നും പറയുന്നു.

കാസ്ട്രോയുടെയും ഷാവേസിന്റെയും സുഹൃത്ത്

ഇങ്ങനെയൊക്കയാണെങ്കിലും രാഷ്ട്രീയമായി എന്നും ഇടതുപക്ഷത്തിന് ഒപ്പം നിന്ന വ്യകതിയായിരുന്നു ഡീഗോ. ക്യൂബൻ നേതാവ് കാസ്ട്രോയുടെയും വെനിസ്വലൻ നേതാവ് ഹ്യൂഗോ ഷാവേസിന്റെയും പ്രിയ സുഹൃത്തായിരുന്നു അദ്ദേഹം. കാസ്ട്രാ മാറഡോണക്കായി പ്രത്യേക ഹവാന ചരുട്ടുകൾ കൊടുത്തയക്കുമായിരുന്നു. ഇറാക്കിലെ അമേരിക്കൻ അധിനിവേശത്തലടക്കം അമേരിക്കയെ വിമർശിച്ച ഡീഗോ, ഒരുവേള രാഷ്ട്രീയത്തിൽ ഇറങ്ങുമെന്നും ഏവരും കരുതിയിരുന്നു.

പക്ഷേ രാഷ്ട്രീയത്തിൽ അല്ല ഫുട്ബോളിൽ കോച്ച് എന്ന നിലയിലാണ് അദ്ദേഹം വീണ്ടും എത്തിയത്.
മറഡോണ വ്യക്തിഗത മികവിനൊപ്പം പ്ലേമേക്കർ എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട താരമായിരുന്നു. അർജന്റീനയിൽ ദ്ദിയേഗോയ്ക്കു ശേഷവും ഒട്ടേറെ പ്രതിഭാധനന്മാർ ഉണ്ടായിട്ടുണ്ട്. 1998 ലോകകപ്പ് സംഘത്തിലുണ്ടായിരുന്ന ഏരിയൽ ഒർട്ടേഗയെ മറഡോണക്കു സമാനമായി വാഴ്‌ത്തപ്പെട്ടെങ്കിലും പരിക്കേറ്റ് പുറത്തായ അദ്ദേഹത്തിന് 2002 ലോകകപ്പ് സംഘത്തിൽപ്പോലും ഇടം കണ്ടില്ല.

വിജയപരാജയങ്ങളോ നേടിയ ഗോളുകളുടെ എണ്ണമോ നോക്കിയിട്ടായിരുന്നില്ല ഫുട്ബോൾ ലോകം മറഡോണയെ വിലയിരുത്തിയിരുന്നത്. പന്തടക്കത്തിൽ മറഡോണയെ വെല്ലാൻ ആളുകൾ കുറവാണ്. എതിരാളികൾ എത്രപേരുണ്ടേങ്കിലും അവരുടെ ഇടയിലൂടെ നുഴഞ്ഞുകയറാനും കൂട്ടുകാർക്കു വിദഗ്ദ്ധമായി പന്തു കൈമാറാനും, ആ കൈമാറ്റം അതി സൂക്ഷ്മവും കൃത്യവുമാക്കാനും മറഡോണയ്ക്ക് എന്നും കഴിഞ്ഞിരുന്നു. ഫൗൾ ചെയ്തുകൊണ്ടാണ് പലപ്പോഴും എതിരാളികൾ ഇദ്ദേഹത്തെ നേരിട്ടിരുന്നത്. പത്തുപേയെും ഒറ്റക്ക് ഡ്രിബിൾ ചെയ്ത് ഗോളടിക്കാനുള്ള കഴിവുള്ള താരം ഇന്ന് എവിടെയാണ്.

മാറേഡാണ എപ്പോഴും ദേഷ്യപ്പെടാറുള്ള ഒരു ചോദ്യമായിരുന്നു, 'മാറഡോണയാണോ, പെലെയാണോ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമെന്നത്'. അത് താനാണെന്ന് മാറഡോണക്ക് ഒരു സംശയവും ഉണ്ടായിരുന്നു. 2000ൽ ഫിഫയുടെ തിരഞ്ഞെടുപ്പിൽ നൂറ്റാണ്ടിന്റെ ഫുട്‌ബോൾ താരം പെലെയായിരുന്നെങ്കിലും ഫിഫയുടെ വെബ്‌സൈറ്റിലൂടെ ആരാധകർ ഏറ്റവും കൂടുതൽ വോട്ട് നൽകിയത്. മാറഡോണയായ്ക്കായിരുന്നു. 78, 000 വോട്ടുകൾ മറഡോണ നേടിയപ്പോൾ പെലെയ്ക്ക് 26, 000 വോട്ടുകളേ കിട്ടിയിരുന്നുള്ളു. ന

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP