Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202019Monday

ഫിലിപ്പ് എം പ്രസാദിനെ പോലുള്ളവർ സായിബാബ ഭക്തരായി; വെള്ളത്തൂവൽ സ്റ്റീഫൻ സുവിശേഷ പ്രാസംഗികരായപ്പോൾ അജിതയും കൂട്ടരും കളംമാറിയത് മനുഷ്യവകാശ പ്രവർത്തനങ്ങളിലേക്ക്; 70കളിലെ തിരിച്ചടിക്കു ശേഷം കുറ്റിയറ്റു പോയിട്ടും കേരളത്തിൽ നവ നക്സലിസം ഒരു ചെറിയ വിഭാഗത്തെയെങ്കിലും സ്വാധീനിക്കുന്നത് എങ്ങനെയാണ്? ഏറ്റുമുട്ടലാണോ രാഷ്ട്രീയ പരിഹാരമാണോ മാവോയിസ്റ്റുകളെ നേരിടാൻ വേണ്ടത്? മോദിയും പിണറായിയും ഒരു പോലെ തോക്കെടുക്കുമ്പോൾ മാവോയിസ്റ്റ് പ്രശ്നത്തിനുള്ള പരിഹാരമെന്താണ്?

ഫിലിപ്പ് എം പ്രസാദിനെ പോലുള്ളവർ സായിബാബ ഭക്തരായി; വെള്ളത്തൂവൽ സ്റ്റീഫൻ സുവിശേഷ പ്രാസംഗികരായപ്പോൾ അജിതയും കൂട്ടരും കളംമാറിയത് മനുഷ്യവകാശ പ്രവർത്തനങ്ങളിലേക്ക്; 70കളിലെ തിരിച്ചടിക്കു ശേഷം കുറ്റിയറ്റു പോയിട്ടും കേരളത്തിൽ നവ നക്സലിസം ഒരു ചെറിയ വിഭാഗത്തെയെങ്കിലും സ്വാധീനിക്കുന്നത് എങ്ങനെയാണ്? ഏറ്റുമുട്ടലാണോ രാഷ്ട്രീയ പരിഹാരമാണോ മാവോയിസ്റ്റുകളെ നേരിടാൻ വേണ്ടത്? മോദിയും പിണറായിയും ഒരു പോലെ തോക്കെടുക്കുമ്പോൾ മാവോയിസ്റ്റ് പ്രശ്നത്തിനുള്ള പരിഹാരമെന്താണ്?

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: 'ചൂഷകനായ ജന്മിയുടെ വീടിന് ബോംബു വെക്കാനായി പോവുമ്പോൾ, തൊട്ടടുത്ത തൊഴുത്തിലെ പശുക്കുട്ടിയുടെ ദൈന്യത കണ്ട് ആക്രമണത്തിൽ നിന്ന് പിന്മാറിപ്പോന്ന ലോല മനസ്‌ക്കർ'- നക്സൽ നേതാവ് കനു സന്യാൽ തന്റെ അത്മകഥയിൽ പറഞ്ഞ ഈ സംഭവം പിന്നീട് ഒ വി വിജയനെപ്പോലുള്ള എഴുത്താർ ആവർത്തിച്ച് അനശ്വരമാക്കി. സത്യത്തിൽ അടിസ്ഥാനപരമായി അതായിരുന്നു ഇന്ത്യയിലെ നക്സലൈറ്റുകൾ എന്നു പറയുന്ന മാവോവാദികൾ. നിന്ദിതരോടും പീഡിതരോടുമുള്ള അവരുടെ മനസ്സിന്റെ അഗാധമായ ഐക്യദാർഡ്യ്മാണ് അവരരെയൊക്കെ സായുധപോരാട്ടം എന്നതെറ്റായ ആശയത്തിലേക്ക് എത്തിച്ചത്.

ചൂഷണരഹിത സമൂഹം സ്വപ്നം കണ്ടവർ. അവർ സായുധപോരാട്ടത്തിന്റെ വഴി തെരഞ്ഞെടുത്തത് എന്നും വിമോചനത്തിന്റെ ആശയം ഉള്ളിൽ പേറിക്കൊണ്ടു തന്നെയായിരുന്നു. അതൊരു രാഷ്ട്രീയപോരാട്ടം കൂടിയാണ്. പക്ഷേ എന്നും കമ്മ്യൂണിസം ഒരു കനലായി കൊണ്ടുനടക്കുന്ന കേരളത്തിൽ പോലും, ഇപ്പോൾ മവോവാദികൾക്ക് തിരിച്ചുകൊടുക്കുന്നത് എന്താണ്? അട്ടപ്പാടി മഞ്ചക്കണ്ടി വനത്തിൽ പൊലീസ് ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടുവെന്ന വാർത്തകൾ പുറത്തുവരുമ്പോൾ കേരളം വീണ്ടും ഭീതിയിലാണ്. നിലമ്പൂരിലും വയനാട്ടിലും പാലക്കാടുമായി കഴിഞ്ഞ രണ്ടരവർഷത്തിനുള്ളിൽ നടന്ന ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടത് 7 മാവോവാദികൾ. അറുപതുകളിലും എഴുപതുകളിലുമായി കേരളത്തിൽ നിലനിന്ന നക്സൽ സായുധ പോരാട്ടങ്ങളും, പ്രതിരോധങ്ങളും ഇതോടെ ഓർമ്മയിൽ വരികയാണ്. ഏറ്റവും വിചിത്രം സിപിഎം പോലുള്ള ഒരു കമ്യൂണിസ്റ്റ് പാർട്ടി ഭരിക്കുമ്പോൾ തന്നെയാണ് ഈ ഏറ്റുമുട്ടൽ കൊലകൾ കേരളത്തിൽ ഉണ്ടാകുന്നത് എന്നാണ്. രാഷ്ട്രീയ എതിരാളികളെ വെടിവെച്ച് കൊല്ലുന്ന ഒരു സംസ്‌ക്കാരം കേരളത്തിലും കടന്നുവരുന്നുവെന്നത് ഭീതിയോടെ മാത്രമേ കാണാൻ കഴിയൂ.

ഉത്തരേന്ത്യൻ സംസ്്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി കേരളത്തിൽ കാര്യമായ ഒരു ആക്രമണങ്ങളും മാവോയിസ്റ്റുകൾ നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഈ രീതിയിലാണോ അവരെ നേരിടേണ്ടത് എന്ന ചോദ്യം ഉയർന്നുവരുന്നുണ്ട്. പക്ഷേ ആന്ധ്രമുതൽ ജാർഖണ്ഡ് വരെ നീളുന്ന തങ്ങളുടെ വിഹാര ഭൂമികയായ ദണ്ഡകാരണ്യകത്തിൽ, ട്രെയിനുകൾ ബോംബുവെച്ച് തകർത്തും, പട്ടാളവാഹനങ്ങളെ മൈൻ വെച്ചുതകർത്തും മാവോയിസ്റ്റുകൾ നടത്തുന്ന കൂട്ടക്കുരുതിക്ക് യാതൊരു ന്യായീകരണവുമില്ല. കണ്ണിന് കണ്ണ് പല്ലിന് പല്ല് എന്ന ശൈലിയാണോ, അതോ രാഷ്ട്രീയ പരിഹാരമാണോ ഈ വിഷയത്തിൽ വേണ്ടത് എന്ന കാര്യത്തിലും ചർച്ചകൾ പുരോഗമിക്കയാണ്. പക്ഷേ പൊലീസ് പറയുന്നപോലെ കേരളം ഒരിക്കലും നക്സലിസത്തിന്റെ ഹബ്ബ് അല്ലെന്നും, മനുഷ്യവകാശ പ്രവർത്തകരെയും, ആക്റ്റീവിസ്റ്റുകളെയും, ആദിവാസി-ദലിത് പ്രവർത്തകരെയും വേട്ടയാടാനുള്ള ഒരു മറമാത്രമാണിതെന്നുമാണ്, വ്യാപകമായി വിമർശനം ഉയരുന്നത്.

നവ നക്സലിസം കേരളത്തിൽ വന്നത് ഇങ്ങനെയാണ്?

70കളിലെ വിപ്ലവ സ്വപ്നങ്ങളും വസന്തത്തിന്റെ ഇടിമുഴക്ക സ്വപ്നവുമൊക്കെ ചീറ്റിപ്പോയത് വലിയ തിരിച്ചടിയാണ് കേരളത്തിലെ മവോയിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ഉണ്ടാക്കിയത്. ഫിലിപ്പ് എം പ്രസാദിനെപ്പോലുള്ള നക്സലുകൾ സായിബാബ ഭക്തരായി. വെള്ളത്തൂവൽ സ്റ്റീഫനെപ്പോലുള്ള പലരും സുവിശേഷ പ്രാസംഗികരുമായി. കെ അജിതയെപ്പോലുള്ള ബാക്കിയുള്ളവർ മനുഷ്യവകാശ പ്രവർത്തനങ്ങളിലേക്കാണ് തങ്ങളുടെ കർമ്മ മണ്ഡലം മാറ്റിയത്.

കേരളത്തിൽ കുറ്റിയറ്റുപോയ മവോയിസം പിന്നെ തിരിച്ചുവരുന്നത് 2011-ന് ശേഷമാണ്. ആദിവാസി-ദലിത് വിഭാഗങ്ങളുടെ ഭൂസമരം അടക്കമുള്ള വിഷയങ്ങൾ സജീവമായി ഉയർത്തിക്കൊണ്ടുവന്നാണ് ഇവർ ഒരു ചെറിയ വിഭാഗം യുവാക്കളിൽ പിന്തുണ നേടിയെടുത്തത്. ഈ വ്യാപകമായ അസമത്വങ്ങൾ മാവോയിസ്റ്റുകൾക്ക് സമൂഹത്തിൽ വേരുപിടിക്കാനുള്ള അവസ്ഥയുണ്ടാക്കിക്കൊടുതെന്ന് മുൻ നക്സൽ നേതാവു ഇപ്പോൾ മനുഷ്യാവകാശ പ്രവർത്തകനുമായ ഗ്രോ വാസു പ്രതികരിച്ചിരുന്നു. പിന്നീട് ഏതാനും ചില വ്യക്തികളെ കേന്ദ്രീകരിച്ചായിരുന്നു മാവോയിസ്റ്റ് പ്രവർത്തനങ്ങൾ. രൂപേഷ്-ഷൈമ ദമ്പതികൾ, കഴിഞ്ഞ തവണ വയനാട്ടിൽ ഏറ്റമുട്ടലിൽ കൊല്ലപ്പെട്ട പോരാട്ടം ജലീൽ, മുരളി കണ്ണമ്പള്ളിയുടെ ചില അനുയായികൾ തുടങ്ങിയവരാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. കേരളത്തിലെ നവ നക്സലുകൾ എന്നാണ് ഇവർ അറിയപ്പെടുന്നത്.

അട്ടപ്പാടിയിലെ മാവോവാദികൾ ഭവാനി ദളമെന്നും വയനാടൻ കാടുകളിൽ പ്രവർത്തിക്കുന്നവർ കബനി ദളമെന്നും നിലമ്പൂർ വനത്തിലുള്ളവർ നാടുകാണി ദളമെന്നുമാണ് അറിയപ്പെടുന്നത്. പുറമേ കർണാടകയിലും തമിഴ്‌നാട്ടിലും വേറെയും ഓരോ ദളങ്ങളുണ്ട്. 2014 മുതൽ ഭവാനി ദളത്തിന് കീഴിൽ അട്ടപ്പാടി വനത്തിൽ നിലയുറപ്പിച്ച മാവോവാദികൾ ശിരുവാണി മേഖലയിലേക്കുകൂടി പ്രവർത്തനം വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. അട്ടപ്പാടിയിൽ ആകെയുള്ള 192 ആദിവാസി ഊരുകളിൽ കേവലം 19 ഊരുകൾ കേന്ദ്രീകരിച്ചാണ് 50 അംഗങ്ങളുണ്ടെന്ന് പറയപ്പെടുന്ന ഭവാനിദളത്തിന്റെ പ്രവർത്തനം. വയനാട് തിരുനെല്ലി സ്വദേശി സോമനാണ് ഈ ദളത്തിന്റെ അമരത്ത്. ഇവരുടെ അംഗബലം ഇപ്പോൾ 18ൽ നിന്ന് 7ായി ചുരുങ്ങിയിട്ടുണ്ട്. ഈ ഏഴുപേരെ പിടിക്കാനാണ് കോടികൾ ചെലവിട്ടുള്ള മവോയിസ്റ്റ് വേട്ടയെന്ന് ഓർക്കണം.

വനിതകളടക്കമുള്ള ചില മാവോവാദികൾ ആദിവാസികളുമായി നിരന്തര സമ്പർക്കം പുലർത്തിവന്നിരുന്നു. ഊരുകളിൽ പലതവണ വരുകയും ഭക്ഷണസാധനങ്ങളും മറ്റും വാങ്ങിപ്പോകുകയും ചെയ്യാറുണ്ടെങ്കിലും ഒരവസരത്തിലും ഇവർ അക്രമകാരികളാവുകയോ ഭീഷണിപ്പെടുത്തുകയോ ഉണ്ടായിട്ടില്ലെന്ന് ആദിവാസികൾ പറയുന്നു. തങ്ങളുടെ നീറുന്ന പ്രശ്നങ്ങൾ എണ്ണിപ്പറഞ്ഞെത്തുന്ന മാവോവാദികളെ ഒറ്റുകൊടുക്കാനോ എതിർക്കാനോ ആദിവാസികളും തയാറല്ല. മാവോവാദികളുമായുള്ള ആദിവാസികളുടെ ചങ്ങാത്തം അവസാനിപ്പിക്കാൻ പൊലീസ് നിരന്തരസമ്പർക്ക പരിപാടി സംഘടിപ്പിച്ചിരുന്നു. ചൊവ്വാഴ്ച വെടിയേറ്റ് മരിച്ച തമിഴ്‌നാട് സ്വദേശി മണിവാസകം കബനിദളം നേതാവാണ്.

വിപ്ലവ ദമ്പതികളിലൂടെ വളർന്നു വന്ന പ്രസ്ഥാനം

ദക്ഷിണേന്ത്യയിൽ മവോയിസ്റ്റ് പ്രസ്ഥാനത്തെ വളർത്തിയതിന്റെ സൂത്രധാരനായി പൊലീസ് കാണുന്നത് മാവോയിസ്റ്റ് നേതാവും മലയാളിയുമായ രൂപേഷിനെയാണ്. കേരളത്തിൽ സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്യുന്നതും രൂപേഷ് തന്നെയായിരുന്നു. 2015ൽ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ വച്ച് ആന്ധ്രാ പൊലീസാണ് രൂപേഷിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യ ഷൈന, മലയാളിയായ അനൂപ്, തമിഴ്‌നാട് സ്വദേശിയായ കണ്ണൻ, വീരമണി എന്നിവരുൾപ്പെടെ അഞ്ചു പേർ കൂടി രൂപേഷിനൊപ്പം പിടിയിലായിട്ടുണ്ട്. ഇന്ന് മാവോയിസ്റ്റ് വേട്ടയിൽ മുതലക്കണ്ണീർ ഒഴുക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അന്ന് കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്നു.കേരള പൊലീസിന്റെ ചരിത്രത്തിലെ നല്ല വാർത്തകളിലൊന്നാണ് രൂപേഷിന്റെ അറസ്റ്റെന്ന് രമേശ് ചെന്നിത്തല അന്ന് പ്രതികരിച്ചത്. ഇത്് കേരളത്തിലെ മാവോയിസ്റ്റ് നീക്കത്തിന് കനത്ത തിരിച്ചടിയാണെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

അക്കാലത്ത് കേരളത്തിൽ മാവോയിസ്റ്റ് സംഘടനയിൽ ഭിന്നിപ്പ് രൂക്ഷമായിരുന്നു. ഇതുമൂലമുള്ള ഒറ്റികൊടുപ്പാണ് അറസ്റ്റെന്ന സംശയവും പ്രബലമാണ്. വയനാട്ടിൽ റാപ്പിഡ് ആക്ഷൻ ഫോഴ്‌സിനെ നേരെ വെടിവയ്‌പ്പ് നടത്തിയും രൂപേഷിന്റെ നേതൃത്വത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ നിറ്റാ ജലാറ്റിൻ ഓഫീസിലേക്കും മറ്റും നടന്ന ആക്രമണങ്ങളും വിവാദമായി. ഈ സാഹചര്യത്തിലാകാം രൂപേഷ് വയനാടൻ കാടുകളിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് മാറിയതെന്നാണ് പൊലീസ് വിലയിരുത്തൽ. കേരളത്തിൽ സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്ത് രൂപേഷിന്റെ വിഡിയോ പ്രത്യക്ഷപ്പെട്ടതു മുതൽ പൊലീസ് ഈ മാവോയിസ്റ്റ് നേതാവിന് പിറകെയായിരുന്നു. രൂപേഷും ഭാര്യ ഷൈനയും പലപ്പോഴും പൊലീസ് വല മുറിച്ചു കടന്നു. ഷൊർണൂരിലെ തീവണ്ടി അട്ടിമറിയും ആന്ധ്രയിലെ മാവോവാദി നേതാക്കളെ കേരളത്തിൽ ഒളിവിൽ താമസിപ്പിച്ചതും അടക്കമുള്ള കേസുകളിൽ രൂപേഷിനെ പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നു. പത്തു വർഷമായി രൂപേഷും അഞ്ചുവർഷമായി അദ്ദേഹത്തിന്റെ ഭാര്യ ഷൈനയും ഒളിവിലായിരുന്നു.

രൂപേഷ് ഒളിവു ജീവിതത്തിനിടയിൽ എഴുതിയ നോവലിൽ 'മാവോയിസ്റ്റ്' ഡി സി ബുക്‌സ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിച്ചിരിക്കുന്നു. മാവോയിസ്റ്റ് പ്രവർത്തനങ്ങളുടെയും അതിനെതിരെയുള്ള പൊലീസ് സന്നാഹങ്ങളുടെയും വിശദാംശങ്ങളാണ് നോവലിന്റെ പൊതുവായ പ്രമേയം. ഇതും പൊലീസിന് വലിയ നാണക്കേടായി. പലപ്പോഴും പൊലീസ് വല സമർത്ഥമായി പൊട്ടിച്ച് കടക്കാൻ രൂപേഷിനും ഭാര്യയ്ക്കുമായി. സുന്ദരിയെന്ന വനിതാ മാവോയിസ്റ്റ് നേതാവും ഇവർക്കൊപ്പം ചേർന്നതോടെ വയനാട് കേന്ദ്രീകരിച്ച് പ്രവർത്തനം ശക്തമാക്കി. ക്വാറികളിലും മറ്റും പരസ്യ ആക്രമണങ്ങൾ നടത്തി. ചാനലുകളിൽ താനാണ് നേതാവെന്ന് വ്യക്തമാക്കി രൂപേഷ് പ്രത്യക്ഷപ്പെടുകയും ചെയ്തു. കേരളാ പൊലീസിന്റെ റാപ്പിഡ് ആക്ഷൻ ഫോഴ്‌സും കമാണ്ടോകലും വയനാടൻ കാടുകൾ അരിച്ചു പെറുക്കി. പക്ഷേ രൂപേഷിനെ മാത്രം കിട്ടിയില്ല.

ഇതിനിടെയാണ് സംസ്ഥാനത്തെ മാവോ പ്രസ്ഥാനത്തിൽ ഭിന്നത രൂക്ഷമാകുന്നത്. മാവോയിസ്റ്റുകളിലെ പ്രധാന വിഭാഗത്തിന്റെ പ്രവർത്തനത്തെ എതിർത്ത് തീവ്രസമരങ്ങൾ നടത്തണമെന്നഭിപ്രായമുള്ള വിമതവിഭാഗം സംഘടനാ പ്രവർത്തനം താൽക്കാലികമായി നിർത്തിയതായാണ് റിപ്പോർട്ടുകൾ. പശ്ചിമഘട്ട സോണൽ കമ്മിറ്റി ഇതോടെ സംസ്ഥാനത്തെ വിപ്ലവ പ്രവർത്തനത്തിന് ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ അവധി നൽകിയിട്ടുണ്ട്. അടുത്ത കാലത്തായി സംഘടനയിൽ എത്തിയ നക്‌സൽ അനുഭാവികളാണ് നിലവിലെ നേതൃത്വത്തിനെതിരായി രംഗത്ത് വന്നത്. ആക്രമണസ്വഭാവമുള്ള ജനകീയസമരങ്ങൾ കൂടുതൽ നടത്തണമെന്ന നിലപാടുള്ളവരാണ് പുതുതായി സംഘടനയിൽ ചേർന്ന നക്‌സൽ അനുഭാവികൾ. ഇതോടെ രൂപേഷിന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെട്ടു.

സിപിഐ (എംഎൽ ലിബറേഷൻ) 2006ലാണ് മാവോയിസ്റ്റ് ഗ്രൂപ്പുമായി കൈകോർക്കുന്നത്. ഇതോടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ആന്ധ്രയിൽ മാത്രം ഒതുങ്ങി നിന്നിരുന്ന അതിവിപ്ലവ പ്രവർത്തനം പശ്ചിമഘട്ടത്തിന്റെ വനവഴികളിലൂടെ മലയാള മണ്ണിലുമെത്തി. ആദ്യം കേവലം പോസ്റ്ററുകളിലൂടെയും നോട്ടീസുകളിലൂടെയും മാത്രം ആദിവാസികളെ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനമെങ്കിൽ പിന്നീട് അത് പ്രത്യക്ഷ ആക്രമണങ്ങളിലേക്ക് വഴിമാറി. രൂപേഷ് ഉൾപ്പെടെയുള്ള പ്രമുഖരായ മാവോയിസ്റ്റ് നേതാക്കളുടെയെല്ലാം എതിർപ്പ് സോണൽ കമ്മിറ്റിയിൽ പ്രതിഫലിച്ചെങ്കിലും ഭൂരിപക്ഷം കേഡർമാരും പരസ്യമായ സായുധസമരത്തെ അനുകൂലിച്ചില്ല.ന്നുഇതോടെയാണ് കേന്ദ്രീകൃത ജനാധിപത്യ രീതിയിൽ തന്നെ പ്രവർത്തിക്കുന്ന മാവോയിസ്റ്റ് ഗ്രൂപ്പ് കോർപ്പറേറ്റുകൾക്കും ഭൂമാഫിയയ്ക്കുമൊക്കെ എതിരായി സായുധ വിപ്ലവം സംഘടിപ്പിച്ചത്.

അർബൻ ദളങ്ങൾ എന്ന പേരിൽ നാഗരിക ഗ്രൂപ്പുകളുണ്ടാക്കി തിരഞ്ഞെടുക്കപ്പെട്ട ഏതാനും പ്രവർത്തകരെ മാത്രം മുൻനിരയിൽ നിർത്തി ആക്രമണം നടത്തുക എന്ന തന്ത്രം തുടക്കത്തിൽ പൂർണമായി വിജയിപ്പിച്ചെടുക്കാൻ മാവോയിസ്റ്റുകൾക്ക് സാധിച്ചെങ്കിലും ഏറ്റവും ഒടുവിൽ നടന്ന പാലക്കാട് ചന്ദ്രനഗർ റസ്റ്റോറന്റ് അക്രമണക്കേസിൽ മൂന്നു പേർ പിടിയിലായതോടെ തീരുമാനം തെറ്റാണെന്ന തരത്തിൽ പാർട്ടിക്കുള്ളിൽ തന്നെയാണ് വീണ്ടും അഭിപ്രായങ്ങൾ ഉയർന്നിരുന്നത്. തങ്ങളുടെ സമരം ശരിയായിരുന്നുവെന്നുംരുഎന്നാൽ പുതിയ രാഷ്ട്രീയ പ്രവർത്തനത്തിനായി പ്രത്യക്ഷ ആക്രമണം താൽക്കാലികമായി അവസാനിപ്പിക്കുകയാണ് എന്നുമുള്ള തരത്തിൽ സോണൽ കമ്മറ്റി കൺവീനർ ജോഗിയുടെ പേരിൽ നോട്ടീസ് ഇറങ്ങിയെങ്കിലും പിന്നീട് പാർട്ടിയിൽ ഭിന്നത രൂക്ഷമാകുകയായിരുന്നു. എന്തായാലും വസന്തത്തിന്റെ ഇടിമുഴക്കത്തിനു കാതോർത്തു ചുവപ്പിന്റെ അതിവിപ്ലവ രാഷ്ട്രീയം ഉയർത്തി ആയുധമെടുത്ത് കീഴാളപക്ഷം ചേർന്നു പോരാട്ടം നടത്തുന്ന മാവോവാദികൾ രണ്ടു വഴിക്കായത് കേരളാ പൊലീസിനേയും സന്തോഷിപ്പിച്ചു. വിമതരിൽ നിന്ന് വിവരങ്ങൾ ചോർത്താനും നീക്കം നടന്നു. ഇതിന്റെ ഭാഗമായാണ് രൂപേഷും കൂട്ടരേയും വലയിൽ വീഴ്‌ത്താനായതെന്നും സൂചനയുണ്ട്.

പ്രവീൺ എന്ന രൂപേഷ് രാമചന്ദ്രന്റെയും സുമയുടെയും മകനായി തൃശ്ശൂർ വാടാനപ്പള്ളിയിലാണ് ജനിച്ചത്. കേരളത്തിൽ മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് അദൃശ്യമായി നേതൃത്വം വഹിച്ച വ്യക്തി എന്ന നിലയിലാണ് രൂപേഷ് ശ്രദ്ധേയനാവുന്നത്. നിലവിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)ന്റെ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യുറോ മെമ്പറുമാണ് അദേഹം. തൃശ്ശൂർ ആസ്ഥാനമായി രാഷ്ട്രീയ പ്രവർത്തനം നടത്തിയിരുന്ന രൂപേഷ് ശ്രീ കേരള വർമ്മ കോളേജിലാണ് ബിരുദപഠനം നടത്തിയിരുന്നത്. ആദ്യകാല സിപിഐ(എം.എൽ) പ്രവർത്തകനായ അദ്ദേഹം വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയ രംഗത്തെക്ക് കടന്നുവന്നത്. സിപിഐ(എം.എൽ)ന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ കേരള വിദ്യാർത്ഥി സംഘടന (കെ.വി എസ്) ആയിരുന്നു രൂപേഷിനെ രാഷ്ട്രീയ വളർച്ചക്ക് കാരണമായത്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)ന്റെ കേന്ദ്ര കമ്മിറ്റി അംഗവും മുൻ കേരള ഹൈക്കോടതി ക്ലാർക്കുമായ ഷൈനിയാണ് ഭാര്യ. അമരീന്ദ (ആമി), താച്ചു എന്നിവർ മക്കളാണ്. ഇവരും പൗരാവകാശ പ്രവർത്തനങ്ങളിൽ സജീവമാണ്. എന്നാൽ രൂപേഷ് ഒറ്റുകാരനാണെന്നും പൊലീസ് ചാരനാണെന്നും വിശ്വസിക്കുന്ന ഒരു വിഭാഗവും മവോയിസ്റ്റുകളുടെ ഇടയിൽ ഉണ്ട്.

ത്യാഗത്തിന്റെ പ്രതീകമായി മുരളി കണ്ണമ്പള്ളി

നാൽപ്പതു വർഷത്തോളം ഒളിവിൽ പിന്നീട് ഒരു നാലുവർഷത്തോളം നീളുന്ന ജയിൽ വാസം. മുരളി കണ്ണമ്പള്ളി എന്ന നക്സൽ നേതാവിന്റെ ജീവിതം സഹനങ്ങളുടേത് മാത്രമാണ്. നാലുമാസം മുമ്പ് ജയിലിൽനിന്ന് പുറത്തിറങ്ങിയ മവോയിസ്റ്റ് സൈന്ധാന്തികനായ മുരളി കണ്ണമ്പള്ളിയുടെ കഥയൊക്കെ മാവോയിസ്റ്റുകളുടെ ത്യാഗത്തിന്റെ ജീവിക്കുന്ന സ്മാരകങ്ങളാണ്. ഓസ്‌ട്രേലിയയിൽ ഹൈക്കമ്മീഷണറായിരുന്ന കണ്ണമ്പള്ളി കരുണാകര മേനോന്റെ മകന സുഖലോലുപമായ ജീവിത പാത കളഞ്ഞാണ് ആദിവാസികൾക്കും പാർശ്വവക്തൃതർക്കുംവേണ്ടി പോരടിക്കാൻ ഇറങ്ങിയത്. അടിയന്തരാവസ്ഥയിൽ പൊലീസ് മർദ്ദിച്ചു കൊന്ന രാജന്റെ സഹപാഠി നോം ചോംസ്‌കി അടക്കമുള്ള ബുദ്ധിജീവികളുടെ സുഹൃത്താണ്. രാജ്യദ്രോഹം കുറ്റം ചുമത്തി തടവറയിലാക്കിയപ്പോൾ മോചിപ്പിക്കാൻ ശബ്ദമുയർത്തിയത് ഇറ്റലിയും സ്‌പെയിനും ഫ്രാൻസും ജർമനിയും അടക്കമുള്ള രാജ്യങ്ങളാണെന്നതും ഓർക്കണം. മുരളി ഒരു തീവ്രാവാദിയല്ല, മനുഷ്യവകാശ പ്രവർത്തകൻ ആണെന്നാണ് ഈ രാജ്യത്തെ ബുദ്ധിജീവികൾ പറയുന്നത്.

ഓസ്ട്രേലിയയിൽ ഹൈക്കമ്മിഷണറായിരുന്ന കണ്ണമ്പള്ളി കരുണാകരമേനോന്റെ മകൻ എന്നതു തന്നെയായിരുന്നു മുരളിയുടെ അഡ്രസ്. ലോകം ബഹുമാനിക്കുന്ന ഡിപ്ലോമാറ്റ്. പിതാവിനെ കണ്ടുവളർന്ന മുരളി കണ്ണമ്പള്ളി എന്നാൽ ആർഭാഢവും ബഹുമാനവും ലഭിക്കുന്ന ആ ജീവിതവഴിയിലേക്ക് തിരിഞ്ഞില്ല. മറിച്ച് അടിച്ചമർത്തപ്പെട്ടന്റെ ശബ്ദമാവാൻ മാവോയിസ്റ്റ് ആശയങ്ങളായിരുന്നു അദ്ദേഹം തിരഞ്ഞെടുത്തത്. ആ വിപ്ലവ വഴിയിൽ ഒപ്പം നടന്നവർ പലവഴി തെറ്റിപ്പിരിഞ്ഞു പോയെങ്കിലും പോരാട്ടം തുടർന്നു മുരളി കണ്ണമ്പള്ളി. ഒടുവിൽ മാവോ ബന്ധത്തിന്റെ പേരിൽ പിടിക്കപ്പെട്ട് നാലു വർഷമായി പൂന യെർവാദ ജയിലിൽ കഴിയേണ്ടി വന്നു.

എറണാകുളം ഇരുമ്പനം സ്വദേശിയായ മുരളി കണ്ണമ്പള്ളി അടിയന്തരാവസ്ഥക്കാലം മുതലാണ് തീവ്ര ഇടതുപക്ഷപ്രസ്ഥാനങ്ങളിൽ സജീവമായി പ്രവർത്തിച്ചു തുടങ്ങിയത്. അന്ന് കോഴിക്കോട് ആർ.ഇ.സി.(ഇപ്പോൾ എൻ.ഐ.ടി.)യിൽ പഠനം നടത്തുകയാിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ കൊടിയ മർദനമേറ്റുമരിച്ച രാജന്റെ സഹപാഠിയായിരുന്നു മുരളി. ഇടയ്ക്കുവെച്ച് പഠനം ഉപേക്ഷിച്ച് പൂർണമായി സംഘടനാപ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചു. 1976-ലെ കോഴിക്കോട് കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ പ്രതിചേർക്കപ്പെട്ടിരുന്നു.ജയിലിൽ വിചാരണത്തടവുകാരനായി കഴിഞ്ഞിരുന്ന മുരളിക്ക് ചികിത്സ നൽകണമെന്നാവശ്യപ്പെട്ട് കൗൺസിൽ ഫോർ അഡ്വാൻസ്മെന്റ് ആൻഡ് പ്രൊട്ടക്ഷൻ ഓഫ് കോൺസ്റ്റിറ്റിയൂഷണൽ റൈറ്റ്സ് ഇൻ ഇന്ത്യ എന്ന സംഘടനയും അന്താരാഷ്ട്രപ്രശസ്തരായ ഗായത്രി ചക്രവർത്തി സ്പിവാക്, നോം ചോംസ്‌കി, പാർഥ ചാറ്റർജി, ജൂഡിത്ത് ബട്ട്ലർ തുടങ്ങിയ ചിന്തകരും രംഗത്തെത്തിയിരുന്നു. 'ജസ്റ്റിസ് ഫോർ മുരളി' എന്ന പേരിൽ ഇന്ത്യയിൽ പലയിടത്തും മുരളി കണ്ണമ്പള്ളിയുടെ ജയിൽമോചനത്തിനായി പ്രവർത്തനങ്ങൾ നടന്നിരുന്നു. 'വേൾഡ് ടു വിൻ' എന്ന അന്താരാഷ്ട്രമാസികയുടെ പത്രാധിപരായിരുന്നു.

രാഷ്ട്രീയ സമ്പദ്ശാസ്ത്രത്തെക്കുറിച്ചും ദലിത് പഠനങ്ങളെക്കുറിച്ചും കൃത്യമായ ധാരണ ഉണ്ടായിരിക്കുകയും കേരളത്തിലെ കാർഷിക ബന്ധങ്ങളെ തലനാരിഴ കീറി പരിശോധിക്കുന്ന 'ഭൂമി, ജാതി, ബന്ധനം' എന്ന പുസ്തകം രചിക്കുകയും ചെയ്ത വ്യക്തിയാണ് അജിത് എന്ന പേരിൽ അറിയപ്പെട്ട കണ്ണമ്പള്ളി. അന്താരാഷ്ട്ര ജേർണലുകളിൽ അടക്കം നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. 1984-ൽ ഫ്രാൻസിൽ വച്ചു നടന്ന റവല്യൂഷണറി ഇന്റർനാഷണൽ മൂവ്‌മെന്റ് സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഏക നേതാവാണ് മുരളി. അജിത് എന്ന പേരിൽ ഇന്ത്യൻ മാവോയിസ്റ്റ് മുന്നേറ്റങ്ങളെ കുറിച്ച് അഞ്ചു പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

മഹാരാഷ്ട്ര ഭീകര വരുദ്ധ സ്‌ക്വാഡ് (എടിഎസ്) മുരളിയെ അറസ്റ്റ് ചെയ്യുമ്പോൾ ആശുപത്രിയിൽ ഇദ്ദേഹത്തിന് സഹായിയായി നിന്ന ഇസ്മായിലും അന്ന് അറസ്റ്റിലായിയിരുന്നു. നക്‌സലൈറ്റ് മുദ്രകുത്തപ്പെട്ട് കസ്റ്റഡിയിലെത്തിയ മുരളി കണ്ണമ്പള്ളിക്കെതിരെ പ്രാഥമിക കുറ്റപത്രത്തിൽ ചാർത്തിയ വകുപ്പുകൾ നിസാരമാണ്. 40 വർഷമായി ഒളിവിലായിരുന്ന മുരളിക്കെതിരെ ചുമത്തിയ കേസുകളിൽ ആൾമാറാട്ടമാണ് പ്രധാനപ്പെട്ട ഒന്ന്. കേസ് കോടതിയിലെത്തുന്ന മുറയ്ക്ക് മറ്റ് കേസ്സുകൾ കൂടി ചുമത്തുകയാണ് പതിവ്. ജാമ്യം നിഷേധിക്കാൻ കൂട്ടായ പരിശ്രമം തന്നെ നടന്നു.

നഗ്നമായ മനുഷ്യാവകാശ ലംഘനവും ഇന്ത്യൻ ഭരണഘടന ഒരു പൗരന് അനുവദിക്കുന്ന അടിസ്ഥാന അവകാശങ്ങളെ കാറ്റിൽ പറത്തുന്നതുമായിരുന്നു മുരളി കണ്ണമ്പള്ളിയുടെയും ഇസ്മായിലിന്റെയും അറസ്റ്റ് എന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ചുകൊണ്ട് മനുഷ്യാവകാശ പ്രവർത്തകർ തയാറാക്കിയ പ്രസ്താവന അയച്ചു കൊടുത്തപ്പോൾ പ്രമുഖ പൊളിറ്റിക്കൽ സയന്റിസ്റ്റ് പാർത്ഥ ചാറ്റർജി പറഞ്ഞത്, ഇവരുടെ മോചനത്തിനായി ഒപ്പിട്ട ആളുകളുടെ പട്ടികയിൽ തന്റെ പേർ കൂടി ചേർക്കൂ എന്നാണ്. നോം ചോംസ്‌കി, ജൂഡിത്ത് ബട്ലർ, ഗായത്രി ചക്രവർത്തി സ്പിവാക് തുടങ്ങി ലോകത്തെ അറിയപ്പെടുന്ന ബുദ്ധിജീവികളും അദ്ദേഹത്തിന്റെ മോചനത്തിനായി ശബ്ദമുയർത്തിയിരുന്നു. ഇറ്റലി, സ്‌പെയിൻ, ഫ്രാൻസ്, ജർമനി, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ മുരളിയുടെ മോചനത്തിനായി പ്രചരണം നടന്നു.

നോട്ടപ്പുള്ളിയായി പാണ്ടിക്കാട്ടെ വിപ്ലവം കുടുംബം

മാസങ്ങൾക്ക് മുമ്പ് വയനാട്ടിൽ പൊലീസും മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സി.പി. ജലീലായിരുന്നു പൊലീസ് ലിസ്റ്റിലെ മറ്റൊരു നോട്ടപ്പുള്ളി. ദലിത്-മനുഷ്യാവകാശ- പരിസ്ഥിതി പ്രവർത്തകകനുമാണെന്നും അക്രമകാരിയായി കണക്കാൻ കഴിയില്ലെന്നും നാട്ടുകാർ പറയുന്നു. പുതുതലമുറയിലെ പലർക്കും ജലീലിനെ അറിയില്ലെങ്കിലും ദലിത് കോളനികളിലെ കൊള്ളപ്പലിശക്കും പരിസ്ഥിതി ചൂഷണങ്ങൾക്കും കോർപ്പറേറ്റ് ചൂഷണത്തിനുമെതിരെ പ്രതികരിച്ച ചെറുപ്പക്കാരനായിരുന്നു ഇദ്ദേഹമെന്ന് മലപ്പുറത്തെ മനുഷ്യാവകാശ പ്രവർത്തകർ പറയുന്നത്.

പാണ്ടിക്കാട്ടെ വിപ്ലവം കൂടുംബം എന്ന് അറിയപ്പെടുന്നതാണ് ജലീലിന്റെ കുടുംബം. മനുഷ്യവകാശ പ്രവർത്തകൻ പോരാട്ടം റഷീദിന്റെ അനിയനാണ് ജലീൽ. സഖാവ് എന്നറിയപ്പെടുന്ന മൊയ്തീൻ എന്ന മാവോയിസ്റ്റ് നേതാവാണ് ഇവരുടെ മൂത്ത സഹോദരൻ. ഇവരുടെ മറ്റൊരു സഹോദരനായ സിപി ഇസ്മയിലും ജയിലിലാണ്. വളർന്നതോടെ ജലീലും അതേ സമരപാത തെരഞ്ഞെുടുക്കയായിരുന്നു. മലപ്പുറത്തെ ദലിത് കോളനികളിൽ കൊള്ളപ്പലിശക്കാർക്കെതിരെ സമരം നടത്തിയ ജലീലിനെ പലരും ഇപ്പോഴും ഓർക്കുന്നുണ്ട്. പിയുസിഎൽ എന്ന സംഘടനയുമായി ബന്ധപ്പെട്ട നിലമ്പൂരിലെ എസ്റ്റേറ്റ് വിൽപ്പനക്കെതിരെയൊക്കെ അദ്ദേഹം സമരം നടത്തിയിരുന്നു. പക്ഷേ കഴിഞ്ഞ കുറേക്കാലമായി ജലീലിനെ കുറിച്ച് കാര്യമായ വിവരങ്ങളൊന്നുമില്ലെന്ന് നാട്ടകാർ പറയുന്നു. 2014 മുതൽ ഒളിവിലായിരുന്നു.

സിപഐ (എംൽ) നക്‌സൽ ബാരിയിൽ മുണ്ടൂർ രാവുണ്ണിയുടെ കൂടെ പ്രവർത്തിച്ചു വരികയായിരുന്നു ഇവർ. 2014ൽ ഇവർ സിപിഐ എംഎൽ മാവോയിസ്റ്റിൽ ലയിക്കുകയാരുന്നു .1989ൽ കെ. വേണു സിപിഐഎംഎൽ സെൻട്രൽ റീ ഓർഗനൈസിങ് കമ്മറ്റി (സിആർസി) പിരിച്ചു വിട്ടപ്പോൾ അതിൽ കുറച്ചു പേർ റെഡ് ഫ്‌ളാഗ് തുടങ്ങി വിവിധ സംഘടനകളുണ്ടാക്കി ചേക്കേറി. എന്നാൽ മുണ്ടൂർ രാവുണ്ണിയും മുരളി കണ്ണമ്പള്ളിയും നക്‌സലൈറ്റ് പാത തന്നെ പിന്തുടർന്നു. ആദ്യം കേരള കമ്യൂണിസ്റ്റ് പാർട്ടി എന്ന പേരിലായിരുന്നു പ്രവർത്തിച്ചിരുന്നത്. പിന്നെ സിപിഐ എംഎൽ നക്‌സൽബാരിയെന്നായി. കേരളത്തിലും ആന്ധ്രയും മാത്രമായിരുന്നു ഇവരുടെ പ്രവർത്തന മേഖല. ആന്ധ്രക്കാരനായ റൗഫ് ആയിരുന്നു സിപിഐ എംഎൽ നക്‌സൽബാരിയുടെ അഖിലേന്ത്യാ സെക്രട്ടറി. ഈ സംഘടനയിലെ സജീവ പ്രവർത്തകരായിരുന്നു സഹോദരങ്ങളായി സി.പി.ജലീൽ, സി.പി. റഷീദ്, സി.പി. ഇസ്മായിൽ എന്നിവർ. എഡിബി വിരുദ്ധ സമരങ്ങൾ, കാർഷിക മേഖലയിലെ പ്രശ്‌നങ്ങൾ, വയനാട് നൂൽപ്പുഴയിൽ സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ വണ്ടിയാക്രമിച്ച് അരിയും സാധനങ്ങളും കവർന്നതുൾപ്പെടെയുള്ള സമരങ്ങൾ ഇവർ നടത്തിയിരുന്നു. ആദിവാസി സമര സംഘം, പോരാട്ടം എന്നിങ്ങനെയുള്ള തുറന്ന മുഖമുള്ള പേരുകളിലായിരുന്നു ഈ സമരങ്ങളെല്ലാമെന്നാണ് പൊലീസ് പറയുന്നത്.2014 മെയ് ഒന്നിന് നടന്ന രഹസ്യ ചർച്ചയിലാണ് ആശയപരമായി ഒന്നിക്കാനും സിപിഐഎംൽ മാവോയിസ്റ്റിൽ ലയിക്കാനും ഇവർ തീരുമാനിച്ചത്. ലയനം നടന്ന കാര്യം രഹസ്യമായിരുന്നു. തുറന്ന മുഖമുള്ള സംഘടനകളുടെ പേരിൽ ഇവർ പ്രവർത്തനം നടത്തിവരികയുമായിരുന്നു. പോരാട്ടവഴിയിൽ സിപിഐഎംഎൽ നക്‌സൽബാരിയുടെ ആദ്യത്തെ രക്തസാക്ഷിയാണ് സി.പി. ജലീൽ.

നിലമ്പൂരിൽ മാവോയിസ്റ്റുകളായ കുപ്പുദേവരാജിനെയും അജിതയെയും ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതിനുശേഷം പൊലീസിന്റെ നോട്ടപ്പുള്ളിയായിരുന്നു പാണ്ടിക്കാട്ടെ ഈ വിപ്ലവ കുടുംബം. പലതവണയായി പോരാട്ടം റഷീദിനെ പൊലീസ് കസ്ററഡിയിലെടുത്തിരുന്നു. പാണ്ടിക്കാട്ടെ റഷീദിന്റെ വീട്ടിൽ ഓരോ ആഴ്ചയിലും പൊലീസ് എത്തുമായിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്.നിലമ്പൂരിലെ മാവോയിസ്റ്റ് കൊലപാതകത്തിനശേഷം ശക്തമായ കരുനീക്കമാണ് പൊലീസ് റഷീദിനെ കുടുക്കാനായി നടത്തിയത്. കോയമ്പത്തൂരിൽ വെച്ച് മാവോയിസ്റ്റ് നേതാക്കൾക്ക് പെൻ ഡ്രൈവ് കൈമാറാൻ ശ്രമിച്ചു എന്നതിന്റെ പേരിലും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഒരു ആശയം പ്രചരിപ്പിക്കുകയല്ലാതെ താൻ ക്രമ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തിട്ടില്ലെന്നാണ് റഷീദ് പറയുന്നത്. അന്നുതൊട്ടെു തന്നെ ജലീലും പൊലീസിന്റെ ലിസ്റ്റിൽ ഉണ്ടെന്നാണ് പറയുന്നത്. ജലീലിനെ ഏറ്റുമുട്ടലിൽ കൊല്ലൂമെന്ന് നേരത്തെ സംശയമുണ്ടായിരുന്നതായും ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അങ്ങനെ ഭീഷണിപ്പെടുത്തിയതായും മനുഷ്യാവകാശ പ്രവത്തകർ പറയുന്നുണ്ട്.

വസന്തത്തിന്റെ ഇടിമുഴക്കത്തിന് കാതോർത്തവർ

ഇന്ത്യയിലെ നക്സൽ പ്രസ്ഥാനത്തിന്റെ ചിരിത്രം തുടങ്ങുന്നതും ബംഗാളിൽനിന്നാണ്.1967ൽ പശ്ചിമ ബംഗാളിലെ നക്‌സൽബാരി ഗ്രാമത്തിൽ നിന്ന് സായുധ കർഷക കലാപത്തിന്റെ വാർത്തകൾ വന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ റിവിഷനിസത്തിനെതിരെ പോരാടി രൂപീകരിച്ച സിപിഎം അതേ റിവിഷനിസ്റ്റ് പാതയിലേയ്ക്ക് പോവുന്നു എന്ന ആരോപണം ഉന്നയിച്ചവരാണ് അതിന് പിന്നിൽ പ്രവർത്തിച്ചത്. ജന്മിമാരുടേയും ഭൂപ്രഭുക്കന്മാരുടേയും തലയറുക്കുന്ന ഉന്മൂലന സിദ്ധാന്തം മുന്നോട്ട് വച്ച ചാരു മജുംദാറായിരുന്നു ഇതിന്റെ പ്രധാന നേതാവ്. നക്‌സൽബാരിയിലെ സായുധ കലാപത്തെ ചൈനയിലെ പീക്കിങ് (ബീജിങ്) റേഡിയോ 'വസന്തത്തിന്റെ ഇടിമുഴക്കം' എന്ന് വിളിച്ചു.ഇന്ത്യൻ വിപ്ലവത്തിന്റെ ശരിയായ പാത സായുധസമരം മാത്രമാണെന്ന പ്രഖ്യാപനം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ പീപ്പിൾസ് ഡെയ്‌ലി അഭിപ്രായപ്പെട്ടു. 1950-ൽ തെറ്റായ രാഷ്ട്രീയ ലൈൻ എന്ന് വിലയിരുത്തി അവിഭക്ത സിപിഐ ഉപേക്ഷിച്ച സായുധ സമരപാത അങ്ങനെ പുനർജ്ജനിച്ചു. അമർ ബാഡി, തൊമാർ ബാഡി, നക്‌സൽ ബാഡി... നക്‌സൽ ബാരി മുദ്രാവാക്യങ്ങൾ ഉയർന്നു.

നക്‌സൽബാരിയിലെ സായുധകലാപം കേരളത്തിലും അലയൊലികൾ സൃഷ്ടിച്ചു. സിപിഎമ്മിന്റെ പ്രവർത്തനങ്ങളിൽ അതൃപ്തിയുണ്ടായിരുന്ന ഒരു സംഘം വിമതർ സംഘടിക്കാൻ തുടങ്ങി. കോഴിക്കോട് സ്വദേശിയായ കുന്നിക്കൽ നാരായണനും ഭാര്യ മന്ദാകിനിയുമാണ് ഇതിന് തുടക്കം കുറിച്ചത്. കണ്ണൂരിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായിരുന്ന എ വർഗീസ്, അന്ന് 18 വയസ് മാത്രം പ്രായമുണ്ടായിരുന്ന, നാരായണന്റെ മകൾ അജിത തുടങ്ങി നിരവധി ചെറുപ്പക്കാർ നക്‌സലൈറ്റ് പ്രസ്ഥാനത്തിൽ ആകൃഷ്ടരായി.കേരളത്തിലെ അടിസ്ഥാന വർഗങ്ങളുടെ മോചനത്തിന് ഏക മാർഗം സായുധ വിപ്ലവമാണ് എന്ന് അവർ പ്രചരിപ്പിച്ചു. ബഹുജനപിന്തുണ, സംഘടനയുടെ പ്രവർത്തനശേഷി, ആയുധ ശേഷിയും വിഭവശേഷിയും ഇതൊന്നും പരിഗണിക്കാതെയുള്ള എടുത്തുചാട്ടമായിരുന്നു നക്‌സൽ മുന്നേറ്റം.

പിന്നീട് സംസ്ഥാനത്തും അഖിലേന്ത്യാടിസ്ഥാനത്തിലും പലഗ്രൂപ്പുകളായി ഛിന്നഭിന്നമായി. പീപ്പിൾസ് വാർ ഗ്രൂപ്പും മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്റർ ഓഫ് ഇന്ത്യയും ചേർന്ന് 2004-ൽ സിപിഐ (മാവോയിസ്റ്റ്) രൂപം കൊണ്ടു. ഇന്ന് രാജ്യത്തെ ഏറ്റവും വലിയ നക്സലൈറ്റ് ഗ്രൂപ്പും മാവോയിസ്റ്റുകളാണ്.

തലശ്ശേരി - പുൽപ്പള്ളി ആക്രമണങ്ങൾ

1968-ൽ തലശേരി പൊലീസ് സ്റ്റേഷൻ ആക്രമണത്തോടെയാണ് കേരളത്തിൽ നക്‌സലൈറ്റ് പ്രസ്ഥാനം സാന്നിധ്യമറിയിക്കുന്നത്. കേരളത്തിലെ ആദ്യത്തെ നക്‌സലൈറ്റ് ആക്രമണം. ഇഎംഎസ് നമ്പൂതിരിപ്പാടായിരുന്നു അന്ന് മുഖ്യമന്ത്രി. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തിരുന്നതും ഇഎംഎസ് തന്നെ. 1968 നവംബർ 22-നാണ് കുന്നിക്കൽ നാരായണന്റെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ ആക്രമിച്ചത്. രണ്ട് ദിവസം കഴിഞ്ഞ് വയനാട്ടിലെ പുൽപ്പള്ളിയിൽ വർഗീസിന്റെ നേതൃത്വത്തിലുള്ള നക്‌സലൈറ്റ് സംഘം പൊലീസ് സ്റ്റേഷൻ ആക്രമിച്ചു. ഫിലിപ്പ് എം പ്രസാദ്, അജിത, തേറ്റമല കൃഷ്ണൻകുട്ടി എന്നിവരാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്. വയനാട്ടിലെ ആദിവാസികളേയും കർഷകത്തൊഴിലാളികളേയും സംഘടിപ്പിക്കാനായി സിപിഎം നിയോഗിച്ച അരീക്കാട് വർഗീസ് സായുധ സമര പാതയിലേക്ക് തിരിയുകയായിരുന്നു.

1970 ഫെബ്രുവരി 18 കേരളത്തിലെ മാവോവാദികളുടെ ചരിത്രത്തിൽ നിർണ്ണായകമാണ്. അന്നാണ് വയനാട്ടിലെ തിരുനെല്ലിയിൽ നിന്ന് വർഗീസിനെ അറസ്റ്റ് ചെയ്യുകയും വ്യാജ ഏറ്റുമുട്ടലിന്റെ ഭാഗമായി പൊലീസ് വെടിവച്ചുകൊല്ലുകയും ചെയ്തു. സി അച്യുതമേനോനാണ് അക്കാലത്ത് കേരള മുഖ്യമന്ത്രി. സിഎച്ച് മുഹമ്മദ് കോയ ആഭ്യന്തര മന്ത്രിയും. കേരളത്തിലെ ആദ്യത്തെ അറിയപ്പെട്ട വ്യാജ ഏറ്റമുമുട്ടൽ കൊലപാതകം. ഐജി ലക്ഷ്മണയുടെ ആവശ്യവും ഭീഷണിയും പ്രകാരം താനാണ് വർഗീസിനെ വെടിവച്ച് കൊന്നതെന്ന് 1998-ൽ മുൻ കോൺസ്റ്റബിൾ രാമചന്ദ്രൻ നായർ വെളിപ്പെടുത്തി. വർഗീസ് കൊല്ലപ്പെട്ട് 40 വർഷത്തിന് ശേഷം ലക്ഷ്മണ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു

1970 ജൂലൈ 30 ന് പാലക്കാട് ജില്ലയിലെ കോങ്ങാട് നാരായണൻകുട്ടി നായർ എന്ന ജന്മിയെ തലവെട്ടി കൊന്ന സംഭവം വലിയ കോളിളക്കമുണ്ടാക്കി. എംഎൻ രാവുണ്ണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊല നടത്തിയത്. ഈ കേസിൽ രാവുണ്ണിയും മുരളിയും ഭാസ്‌കരനും അടക്കമുള്ളവർ അറസ്റ്റിലായി.1976-ൽ അടിയന്തരാവസ്ഥക്കാലത്ത് കോഴിക്കോട് ജില്ലയിലെ കായണ്ണ പൊലീസ് സ്റ്റേഷൻ നക്‌സലൈറ്റുകൾ ആക്രമിച്ചു. മുരളി കണ്ണമ്പള്ളി അടക്കമുള്ളവർ ഈ ആക്രമണവുമായി ബന്ധപ്പെട്ട് പിന്നീട് അറസ്റ്റിലായി. കോഴിക്കോട് റീജിയണൽ എഞ്ചിനിയറിഗ് കോളേജ് വിദ്യാർത്ഥിയായ പി രാജനെ ഈ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പിടിച്ചുകൊണ്ടുപോയത് വിവാദമായി. രാജൻ പൊലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ടു എന്നകാര്യം വ്യക്തമാണെങ്കിലും മൃതദേഹം എന്ത് ചെയ്തു എന്ന കാര്യത്തിൽ അവ്യക്തത ഇന്നും തുടരുന്നു.പല സ്ഥലങ്ങളിലും നക്‌സലൈറ്റ് ഗ്രൂപ്പുകൾ ഒറ്റപ്പെട്ട ആക്ഷനുകളും ഉന്മൂലനങ്ങളും പിന്നീടും നടത്തിയെങ്കിലും 80-കളോടെ കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനം ഛിന്നഭിന്നമാവുകയും നാമാവശേഷമാവുകയും ചെയ്തു. അജിതയും കെ വേണുവും ഫിലിപ്പ് എം പ്രസാദും അടക്കമുള്ളവർ ജയിൽ മോചിതരായ ശേഷം സാമൂഹ്യപ്രവർത്തനങ്ങളിലേയ്ക്ക് തിരിഞ്ഞു. എഴുപതുകളിൽ കേരളത്തിലെ വലിയൊരു വിഭാഗം ചെറുപ്പക്കാരെ രാഷ്ട്രീയമായും സാംസ്‌കാരികമായും ആകർഷിക്കുകയും പൊതുരംഗത്ത് സജീവമാക്കുകയും ചെയ്ത നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ അന്ത്യം കുറിക്കപ്പെട്ടു.

ഏറ്റുമുട്ടൽ മരണം ഉണ്ടായപ്പോഴെല്ലാം കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാർ

നക്സലൈറ്റുകളും മാവോവാദികളും ഏറ്റുമുട്ടലിൽ മരിക്കുമ്പോഴെല്ലാം സംസ്ഥാനം ഭരിച്ചത് കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാർ. ആയിരുന്നുവെന്നതാണ് ഏറ്റവും വിചിത്രം. വയനാട് തിരുനെല്ലിയിൽ 1970 ഫെബ്രുവരി 18ന് വർഗീസ് കൊല്ലപ്പെടുമ്പോൾ സി. അച്യുതമേനോനായിരുന്നു മുഖ്യമന്ത്രി. കോൺഗ്രസ്, മുസ്ലിം ലീഗ്, ആർ.എസ്‌പി, കേരള കോൺഗ്രസ് പിന്തുണയോടെയായിരുന്നു സർക്കാർ. ആഭ്യന്തരം കൈയാളിയത് സി.എച്ച്. മുഹമ്മദ് കോയ. ഏറ്റുമുട്ടലിൽ വർഗീസ് കൊല്ലപ്പെട്ടെന്നായിരുന്നു അന്നത്തെ പൊലീസ് ഭാഷ്യമെങ്കിലും 28 വർഷത്തിനുശേഷം കോൺസ്റ്റബ്ൾ രാമചന്ദ്രൻ നായരുടെ വെളിപ്പെടുത്തലോടെ സത്യം പുറത്തുവന്നു. ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം വെടിവെച്ചു കൊല്ലുകയായിരുന്നെന്നായിരുന്നു വെളിപ്പെടുത്തൽ. തുടർന്ന് സിബിഐ അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ മുൻ ഐ.ജി ലക്ഷ്മണയെ 2010ൽ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. നിലമ്പൂർ വെടിവെപ്പിൽ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനുമെതിരെ സിപിഐ രംഗത്തുവന്നിരുന്നു. മാവോവാദികളെ വെടിവെച്ചുകൊല്ലുന്നതിനെതിരെ സിപിഎം പി.ബി അംഗം എം.എ. ബേബിയടക്കമുള്ളവരും പരോക്ഷ വിമർശനമുയർത്തിയിരുന്നു.

വേണ്ടത് ചോരക്കളിയല്ല; രാഷ്ട്രീയ പരിഹാരം

അതേസമയം കേരളത്തിൽ കാര്യമായ ചലനങ്ങൾ ഒന്നുമില്ലെങ്കിലും, ദേശീയ രാഷ്ട്രീയത്തിൽ ഇന്നും കത്തിനിൽക്കുന്ന പ്രശ്നമാണ് മാവോയിസം. മന്മോഹൻസിങ്് പ്രധാനമന്ത്രി പദം ഒഴിച്ചപ്പോൾ പറഞ്ഞത് ഇന്ത്യനേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മാവോയിസ്റ്റുകൾ തന്നെയാണെന്നാണ്.എട്ടുവർഷം മുമ്പ് ഡൽഹി ഭരണം പിടിക്കാൻ ശക്തിയുണ്ടെന്ന് അവകാശവാദം ഉന്നയിക്കാൻ കഴിയുന്ന രീതിയിൽ മാവോയിസ്റ്റുകൾ കിഷൻജിയുടെ നേതൃത്വത്തിൽ വളരുകയുണ്ടായി. കിഷൻജിയും പിന്നീട് ഏറ്റുമുട്ടിൽ കൊല്ലപ്പെടുകയായിരുന്നു. ഇങ്ങനെ മാറിയും മറിഞ്ഞും തിരിച്ചടികൾ നേരിട്ടിട്ടും എന്തുകൊണ്ട് മാവോയിസ്റ്റുകൾ ഇപ്പോഴും ഇന്ത്യക്ക് ഭീഷണി ഉയർത്തത്തക്ക വളർച്ചയിലേക്ക് വീണ്ടും പുനർജനിക്കുന്നത്?

അമൃത്യസെന്നിപ്പോലുള്ള സാമ്പത്തിക- സാമൂഹിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത് ഇന്ത്യയുടെ വ്യവസ്ഥിതി മാറണം എന്നുതന്നെതാണ്. ആന്ധ്ര പ്രദേശിന്റെ ഉദാഹരണമാണ് ഇതിനായി എടുത്തുകാട്ടുന്നത്. വർഷങ്ങൾക്കു മുമ്പ് പീപ്പിൾസ് വാർ ഗ്രൂപ്പ് ശക്തിയാർജിച്ച് കൊണ്ടിരുന്ന ഘട്ടത്തിൽ ആന്ധ്ര പ്രദേശിൽ നിന്നും ഒരു വാർത്ത വന്നിരുന്നു. ഭയം പിടികൂടിത്തുടങ്ങിയിരുന്ന ഫ്യൂഡൽ പ്രുഭുക്കന്മാരിൽ പലരും തങ്ങളുടെ കൈവശമുള്ള ആയിരക്കണക്കിന് ഏക്കർ ഭൂമിയിൽ നിന്നും നല്ലൊരുപങ്ക് ഭൂമി ഭൂരഹിതർക്ക് പതിച്ചുനൽകാൻ സന്നദ്ധമാകുകയാണെന്നും പക്ഷേ സർക്കാർ ഇടപെട്ട് അത് വിലക്കുകയായിരുന്നു എന്നുമായിരുന്നു വാർത്ത. ആ വിലക്കലിന്റെ തിക്തഫലം അനുഭവിച്ചത് ആന്ധ്രയിലെ സമാധാന കാംക്ഷികളായ ജനങ്ങളായിരുന്നു. കേരളത്തിൽ സംഭവിച്ചതു പോലെ പേരിനെങ്കിലും ഉള്ള ഒരു ഭൂപരിഷ്‌കരണ നിയമം നക്‌സൽ സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ നടപ്പാക്കാൻ അവിടുത്തെ ഭരണക്കാർക്ക് കഴിഞ്ഞിരുന്നുവെങ്കിൽ മാവോയിസം ഇവിടങ്ങളിൽ ഇ ത്ര മാത്രം ശക്തിപ്പെടുമായിരുന്നില്ല.

ഭൂമിയും വിഭവങ്ങളും അടിസ്ഥാന ജനവിഭാഗങ്ങൾക്കിടയിൽ തുല്ല്യമായി വിതരണം ചെയ്യുന്ന നിയമനിർമ്മാണങ്ങൾ നടത്താത്തതിന്റെ പ്രശ്‌നമാണ് ഇവിടെ നടക്കുന്നതെന്നാണ് രാമചന്ദ്രഗുഹയെപ്പോലുള്ള എഴുത്തുകാർ ചൂണ്ടിക്കാട്ടുന്നത്. ഇതിന് ഭരണാധികാരികൾ മുൻകൈയെടുത്താൽ പകുതി പ്രശ്‌നം അതോടെ അവസാനിക്കും. അതിന് കാലാകാലങ്ങളിൽ ഇന്ത്യ ഭരിക്കുന്നവരും അതാതു സംസ്ഥാനങ്ങളിൾ ഭരണം കൈയാളുന്നവരും തയ്യാറാകുമോ എന്നതുതന്നെയാണ് കാതലായ പ്രശ്‌നം. സാമ്പത്തികമായ അസമത്വങ്ങൾ തന്നെയാണ് ഏതു ജനവിഭാഗത്തേയും പോരാട്ടത്തിന്റെ പാതയിലേക്ക് തള്ളിവിടാൻ പ്രേരിപ്പിക്കുന്ന ഘടകം എന്നതിരിച്ചറിവ് മാത്രം മതിയാകും മാവോയിസത്തെ എതിരിടാൻ.

പക്ഷേ പ്രധാനമന്ത്രി നരേരന്ദമോദിതൊട്ട് നമ്മുടെ പിണറായി വിജയൻ വരെ ഇത്തരം രാഷ്ട്രീയ പരിഹാരങ്ങളിൽ വിശ്വസിക്കുന്നില്ല. അവർ തോക്കെടുക്കുകയാണ്. ഭാഗ്യംകെട്ട ഈ നാട്ടിൽ ചോരക്കളി അവസാനിക്കില്ലെന്ന് ചുരുക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP