Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പട്ടിണിമൂലം ജനം പാറ്റയെയും പല്ലിയെും തൊട്ട് നരമാസം വരെ തിന്ന കാലം! ദ്രുത വ്യവസായവത്ക്കരണത്തിൽ മരിച്ചു വീണത് രണ്ടരക്കോടി ഗ്രാമീണർ; പാരമ്പര്യത്തെ തച്ചുടക്കാനുള്ള സാംസ്കാരിക വിപ്ലവത്തിൽ പൊലിഞ്ഞത് ഒരുകോടി; പത്തുലക്ഷം പേരെ കൊല്ലാൻ ഇടയാക്കിയത് ഒരു നീന്തൽ ചിത്രം; ലോകത്തിൽ ഏറ്റവും കൂടുതൽ പേരുടെ മരണത്തിനിടയാക്കിയ സൈക്കോ കമ്യൂണിസ്റ്റിന്റെ കഥ!

പട്ടിണിമൂലം ജനം പാറ്റയെയും പല്ലിയെും തൊട്ട് നരമാസം വരെ തിന്ന കാലം! ദ്രുത വ്യവസായവത്ക്കരണത്തിൽ മരിച്ചു വീണത് രണ്ടരക്കോടി ഗ്രാമീണർ; പാരമ്പര്യത്തെ തച്ചുടക്കാനുള്ള സാംസ്കാരിക വിപ്ലവത്തിൽ പൊലിഞ്ഞത് ഒരുകോടി; പത്തുലക്ഷം പേരെ കൊല്ലാൻ ഇടയാക്കിയത് ഒരു നീന്തൽ ചിത്രം; ലോകത്തിൽ ഏറ്റവും കൂടുതൽ പേരുടെ മരണത്തിനിടയാക്കിയ സൈക്കോ കമ്യൂണിസ്റ്റിന്റെ കഥ!

എം റിജു

ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത ദുരന്തം എന്താണെന്ന് ചോദിച്ചാൽ പെട്ടന്ന് ചെർണോബിൽ ആണവ ദുരന്തം തൊട്ട്, നരേന്ദ്ര മോദിയുടെ നോട്ട് നിരോധനം വരെയുള്ള ഒരു പാട് കാര്യമാണ് മനസ്സിലൂടെ കടന്നുപോവുക. പക്ഷേ ഉത്തരം അതൊന്നുമല്ല. അത് കമ്യൂണിസ്റ്റ് ചൈനയിൽ സാക്ഷാൽ മാവോസേതൂങ്ങ് നടപ്പാക്കിയ ഒരു മണ്ടൻ പദ്ധതിയാണ്. പേര് ദ ഗ്രേറ്റ് ലീപ്പ് ഫോർവേഡ് അഥവാ മഹത്തായ കുതിപ്പ്. കാർഷിക സമ്പദ്വ്യവസ്ഥയുമായി ജീവിക്കുന്നെൈ ചനയിലെ ഗ്രാമങ്ങളിൽ ഒരു സുപ്രഭാരത്തിൽ മാവോ വ്യവസായം അടിച്ചേൽപ്പിച്ചു. ഫലമോ, ഒന്നും രണ്ടുമല്ല, രണ്ടരക്കോടി ജനങ്ങളാണ് പട്ടിണി കിടന്ന് മരിക്കേണ്ടി വന്നത്!

ലോകത്തിൽ ഏറ്റവും കൂടതൽ പേരുടെ മരണത്തിനിടയാക്കിയ വ്യക്തി ആരാണെന്ന് ചോദിച്ചാൽ, നമ്മുടെ മുന്നിൽ ആദ്യം തെളിഞ്ഞുവരുന്ന പേര് അഡോൾഫ് ഹിറ്റ്ലറിന്റെതായിരിക്കും. അറുപതു ലക്ഷം യഹൂദന്മാരെ ഗ്യാസ് ചേംബറിലിട്ട്, കൊന്നതടക്കം മൊത്തം, രണ്ടരക്കോടി ജനങ്ങളുടെ ഉന്മൂലനത്തിന് ഹിറ്റ്‌ലർ നേതൃത്വം കൊടുത്തുവെന്നാണ് പറയുന്നത്. കൂട്ടക്കൊലകളുടെ കാര്യത്തിൽ കമ്യൂണിസ്റ്റ് നേതാവ് ജോസഫ് സ്റ്റാലിനും മോശമല്ല. സ്റ്റാലിന്റെ 'ഗുലാഗ്' എന്ന നിർബന്ധിത തൊഴിലിടങ്ങളിൽ മരിച്ചുവീണത് ഇരുപത്തഞ്ചുലക്ഷത്തിനും മുപ്പതുലക്ഷത്തിനുമിടയിൽ ആളുകളാണ്. 1932 നും 1933 നും ഇടയിൽ ഉക്രൈനിൽ അരങ്ങേറിയ കിരാത പട്ടിണിക്കിട്ടുകൊല്ലൽ ഏഴുലക്ഷത്തിനും പതിനൊന്നുലക്ഷത്തിനുമിടയിൽ പാവങ്ങളാണ് ഇല്ലാതാക്കിയത്. വർഗശത്രുക്കൾ എന്ന പേരിൽ ലക്ഷക്കണക്കിന് സോവിയറ്റ് കർഷകരാണ് സ്റ്റാലിന്റെ കാലത്ത് തൂക്കിലേറ്റപ്പെട്ടത്. യുദ്ധത്തിൽ കൊല്ലപെട്ട ലക്ഷങ്ങൾ വേറെയും. മൊത്തം രണ്ടുകോടിയെങ്കിലും മനുഷ്യർ സ്റ്റാലിൻ കാരണം ഇല്ലാതായിട്ടുണ്ടാവുമെന്നാണ് കരുതുന്നത്.

പക്ഷേ ലോകത്തിലെ എറ്റവും കൂടുതൽ പരുടെ മരണത്തിനിടയാക്കിയ വ്യക്തി ഇവർ രണ്ടപേരുമല്ല. അത് നമ്മുടെ മധുരമനോഞ്ജമെന്നും ചങ്കാണെന്നും കേരളത്തിലെ ഇടതുബുദ്ധിജീവികൾ അടക്കം പാടി നടക്കുന്ന, ചൈനയുടെ കമ്യൂണിസ്റ്റ് നേതാവ് മവോ സേതൂങ്ങാണ്!

ലോകംകണ്ട ഏറ്റവും വലിയ കൊലപാതകി

ഏകദേശം അഞ്ചരക്കോടി ജനങ്ങളാണ് രണ്ടു ദശാബ്ദത്തിലേറെ നീണ്ട മാവോയുടെ ഭരണത്തിൽ പിടഞ്ഞുവീണ് മരിച്ചത്! പക്ഷേ മാവോക്ക് ഇതൊക്കെ വെറും അക്കങ്ങൾ മാത്രമായിരുന്നു. മഹത്തായ വിപ്ലവലക്ഷ്യത്തിനുവേണ്ടി ചിലരെ ബലികൊടുക്കുന്നതിൽ യാതൊരു തെറ്റുമില്ല എന്നാണ് മാവോ വിശ്വസിച്ചിരുന്നത്.

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം എന്നാൽ ഫലത്തിൽ മാവോയുടെ ചരിത്രം കൂടിയാണ്. 1893ൽ ചൈനയിലെ ഹുനാൻ പ്രവിശ്യയിലാണ് മാവോ ജനിച്ചത്.ദരിദ്രനായ ഒരു കർഷകനായിരുന്നു പിതാവ്. മാവോയുടെ 8ാമത്തെ വയസ്സിൽ അദ്ദേഹം ഗ്രാമത്തിലുള്ള സ്‌കൂളിൽ പോയിത്തുടങ്ങി എങ്കിലും, 13ാമത്തെ വയസ്സിൽ സ്‌കൂൾ വിദ്യാഭ്യാസം മതിയാക്കി തങ്ങളുടെ കൃഷിയിടത്തിൽ പണിയെടുക്കാനായി തുടങ്ങി. എന്നാൽ സെക്കണ്ടറി വിദ്യാഭ്യാസത്തിനായി അദ്ദേഹം വീണ്ടും സ്‌കൂളിൽ ചേർന്നു. പിന്നെ ഉപരിപഠനത്തിനായി ബെയ്ജിങ്ങിലെത്തി. അവിടെവെച്ച് കമ്യൂണിസ്റ്റ് പാർട്ടിയിൽ ആകൃഷ്ടനായ മാവോ പടിപടിയായി ഉയരുകയായിരുന്നു.

രണ്ട് ദശകങ്ങളിലേറെ നീണ്ട ആഭ്യന്തര കലാപങ്ങൾക്കും യുദ്ധങ്ങൾക്കും ശേഷം 1949 ഒക്ടോബർ 1 ന് പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന സ്ഥാപിക്കപ്പെട്ടപ്പോൾ മുതൽ നേതാവ് ചൈനീസ് വിമോചനത്തിന് നേതൃത്വം കൊടുത്ത ഗറില്ലാ പോരളി സാക്ഷാൽ മവോ സേ തൂങ് തന്നെയായിരുന്നു. 1943 മുതൽ 1976 വരെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ ചെയർമാൻ മാവോ ആയിരുന്നു. ഈ കാലയളവിൽ അദ്ദേഹം , ചെയർമാൻ മാവോ എന്നറിയപ്പെട്ടു. ചൈനീസ് ജനത ഉണർന്നഴുന്നേറ്റു എന്ന മാവോ പ്രഖ്യാപിച്ചു. പക്ഷേ കാര്യങ്ങൾ അങ്ങനെ ആയിരുന്നില്ല. സാമ്പത്തികമായും സാമൂഹികമായും ചൈന പിറകോട്ട് അടിക്കയായിരുന്നു.

ഇരുമ്പുരുക്കിയില്ലെങ്കിൽ പട്ടാളം വെടിവെക്കും

1958 ജനുവരിയിലാണ് മാവോ, മഹത്തായ മുന്നേറ്റം എന്ന പേരിൽ രണ്ടാം പഞ്ചവത്സരപദ്ധതി അവതരിപ്പിക്കച്ചത്.ചൈനയെ വൻതോതിലുള്ള ഒരു സാമ്പത്തിക ശക്തിയാക്കാനായി മാവോ എടുത്ത മണ്ടൻ തീരുമാനങ്ങളിൽ ഒന്നായിരുന്നു അത്രി ദ്രുത വ്യവസായവത്ക്കരണം ലക്ഷ്യമിട്ടുകൊണ്ടുള്ള 'ദ ഗ്രേറ്റ് ലീപ്പ് ഫോർവേഡ് ' എന്ന പദ്ധതി. അതുപ്രകാരം ചൈനയിലെ ഗ്രാമങ്ങളെ ഒറ്റയിടിക്ക് കാർഷിക വൃത്തിയിൽ നിന്ന് വ്യവസായിക വൃത്തിയിലേക്ക് കൊണ്ടുവരാനായിരുന്നു തീരുമാനും. കാർഷിക ഉൽപ്പാദനം നിർത്തി ഇരുമ്പും ഉരുക്കും നിർമ്മിക്കാൻ സർക്കാർ ആവശ്യപ്പെട്ടാൽ സാധാരണക്കാരൻ എന്തു ചെയ്യും. അങ്ങനെ ചെയ്തില്ലെങ്കിൽ വർഗ ശത്രുക്കളായി കണ്ട് പട്ടാളം വെടിവെച്ച് കൊല്ലും. ഓരോരുത്തരും അവരവരുടെ വീടുകളിലുള്ള മരസാധനങ്ങളും, പാത്രങ്ങളും, എല്ലാം കൂട്ടിയിട്ട് തീകൊടുത്തു. അതിലിട്ട് ലോഹം ഉരുക്കാൻ തുടങ്ങി.

പുതിയ പദ്ധതി അനുസരിച്ച് നേരത്തെയുണ്ടായിരുന്ന ചെറിയ, കർഷക കൂട്ടായ്മകളെ ഏകോപിപ്പിച്ച് വലിയ കർഷക ഗ്രാമ സമുദായങ്ങളെ രൂപീകരിച്ചു. കർഷകരെ മറ്റ് ജോലികളിലേക്കായി നിയോഗിച്ചു. അവരെല്ലാം ഇരുമ്പ്, ഉരുക്ക് വ്യവസായങ്ങളിൽ പണിയെടുക്കാൻ നിർബന്ധിതരായി. ചില സ്വകാര്യ ഭക്ഷ്യ ഉൽപന്നങ്ങൾ നിരോധിച്ചു. കന്നുകാലി വളർത്തലും മറ്റു ചില കാർഷിക വിളകളും സർക്കാരിന്റെ നിയന്ത്രണത്തിലേക്കായി മാറ്റി.ഈ പുതിയ മുന്നേറ്റത്തിൽ മാവോയും മറ്റു ചില പാർട്ടി അംഗങ്ങളുമെല്ലാം കൃഷിയിൽ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലാത്തതും, അശാസ്ത്രീയവുമായ പുതിയ ചില സാങ്കേതികവിദ്യകൾ പരീക്ഷിക്കാൻ ആവശ്യപ്പെട്ടു. തൊഴിൽ ശക്തിയെ ഇരുമ്പ്, ഉരുക്ക് നിർമ്മാണത്തിലേക്കും കൂടി തിരിച്ചു വിട്ടുകൊണ്ടുള്ളതായിരുന്നു ഈ പുതിയ വിദ്യകൾ.
ഇത് ചൈനയിലെ കാർഷികവ്യവസ്ഥയെ ആകെ തകിടം മറിച്ചു. നാണ്യവിളകളുടെ ഉല്പാദനത്തിൽ 15% കുറവ് രേഖപ്പെടുത്തി. അടുത്ത കൊല്ലം ഈ കുറവ് 10% ശതമാനമായി കുറഞ്ഞു.

മനുഷ്യൻ മനുഷ്യനെ തിന്നകാലം

പക്ഷേ ഭക്ഷ്യക്ഷാമത്തെക്കുറിച്ച് മാവോക്ക് കിട്ടിയ റിപ്പോർട്ടുകൾ അദ്ദേഹം തള്ളിക്കളയുകയായിരുന്നു. കർഷകർ, മുടന്തൻ ന്യായങ്ങൾ പറയുകകയാണ് എന്നായിരുന്നു മാവോയുടെ അഭിപ്രായം. വലതുപക്ഷക്കാരും, സർക്കാരിനെതിരേ പ്രവർത്തിക്കുന്നവരും കൂടി ഭക്ഷ്യധാന്യങ്ങൾ പൂഴ്‌ത്തിവെച്ചിരിക്കുകയാണ് എന്ന് ചെയർമാൻ പ്രഖ്യാപിച്ചു. സർക്കാരിന്റെ അധീനതയിലുള്ള നിലവറകൾ തുറക്കാൻ മാവോ വിസമ്മതിച്ചു. ഈ നടപടികൾ കർഷകരുടെ കൂട്ട ആത്മഹത്യകളിലേക്കു നയിച്ചു. ഇതു കൂടാതെ ക്രൂരമായ മറ്റു നടപടികളും മാവോ നടപ്പിലാക്കി. പാർട്ടി നേതാക്കൾ ഗ്രാമങ്ങളിലേക്കു പോയി, പൂഴ്‌ത്തിവെച്ചിരിക്കുന്ന ധാന്യങ്ങൾക്കു വേണ്ടിയുള്ള തിരച്ചിൽ തുടങ്ങി. സംശയം തോന്നിയവരെ പോലും ക്രൂരമായ മർദ്ദനങ്ങൾക്കിരയാക്കി. ധാരാളം സാധാരണക്കാരായ കർഷകർ ഈ മർദ്ദനമുറകൾ കൊണ്ട് മരണമടഞ്ഞു.

ഈ പുതിയ മുന്നേറ്റ പദ്ധതി മാവോയുടെ പ്രതിച്ഛായ തകർത്തു, അതിന്റെ ഫലമായി 1962 ൽ ഈ പുതിയ നയം നിർത്തലാക്കാനായി തീരുമാനിച്ചു. അധികാര കൈമാറ്റം നടത്താൻ അദ്ദേഹം നിർബന്ധിതനായി. എന്നാലും, സർക്കാരും പാർട്ടിയും ഈ സംഭവങ്ങളുടെ പേരിൽ മാവോയെ ഭാഗികമായേ കുറ്റപ്പെടുത്തിയുള്ളു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ ചെയർമാൻ എന്ന സ്ഥാനത്തിലേക്കു മാവോ മാറി, പ്രസിഡന്റ് സ്ഥാനം ലിയു ഷാവോക്കി എന്ന പുതിയ നേതാവിനു വേണ്ടി ഒഴിഞ്ഞുകൊടുത്തു.

ഗ്രേറ്റ് ലീപ് ഫോർവേർഡ് ഒരു തികഞ്ഞ പരാജയമായിരുന്നു. ഔദ്യോഗിമായി ഉരുക്ക് ഉല്പാദനം അതിന്റെ നിശ്ചയിക്കപ്പെട്ട അളവിൽ എത്തിയിരുന്നു എങ്കിലും, അതിന്റെ ഗുണനിലവാരത്തെക്കുറിച്ച് വ്യാപകമായ സംശയങ്ങളുണ്ടായിരുന്നു. ഇത് ഒരു കുടിൽ വ്യവസായം പോലെയാണ് നടപ്പിലാക്കിയത്. അസംസ്‌കൃത പദാർത്ഥങ്ങൾ വീടുകളിൽ തന്നെയുള്ള ചൂളകളിൽ ഇട്ടാണ് ഉരുക്കിയിരുന്നത്. ഇന്ധനമായി ഉപയോഗിച്ചിരുന്നത് വെറും കരി ആയിരുന്നു. ഉരുക്ക് ഉരുകാനാവശ്യമായ തിളനില ഇത്തരം ഇന്ധനങ്ങൾക്കു നൽ്കാനാവുമായിരുന്നില്ല. തന്മൂലം, വേണ്ട രീതിയിലുള്ള ഗുണനിലവാരം ഉറപ്പാക്കാനായി കഴിഞ്ഞില്ല. പട്ടിണിയും പരിവട്ടവുമായി അക്കാലത്ത് ജനം ചൈനീസ് ഗ്രാമങ്ങളിൽ മരിച്ചു വീഴുകയായിരുന്നു.

തെറ്റായ നയങ്ങളുടെ അനന്തരഫലം ചൈനയെ അടുത്ത പത്തുവർഷത്തോളം പിന്തുടർന്നു. കൃഷിഭൂമിയിൽ ഉടമസ്ഥാവകാവശം നിരോധിച്ചതും, കൂട്ടുകൃഷി നിർബന്ധമാക്കിയതും കാർഷിക മേഖലയെ അസ്ഥിരമാക്കി. സ്വകാര്യ കൃഷി ചെയ്തവരെ ഭരണകൂടം നിരന്തരം വേട്ടയാടി. വ്യവസായവത്ക്കരണത്തിന് വനം നശിപ്പിച്ചത് പ്രകൃതി ദുരന്തങ്ങൾക്കും പകർച്ചവ്യാധികൾക്കും ഇടയാക്കി. ചൈനക്കാർ പല്ലിയെയും പാറ്റയെയും ഒക്കെ വ്യാപകമായി തിന്നാൻ തുടങ്ങിയതും ഇക്കാലത്തായിരുന്നു. ഒടുവിൽ അതും ഇല്ലാതായി. ഒപ്പം കൊടിയ ക്ഷാമവും. അതിഭീകരമായ പട്ടിണിയാണ് അക്കാലത്ത് ചൈനയിൽ ഉണ്ടായതെന്നാണ് നിഷ്പക്ഷ ചരിത്രകാരന്മാർ എഴുതുന്നു. പട്ടിണിമൂലം മരിച്ചുവീഴുന്നവരുടെ ജഡങ്ങൾ തിന്നവർ മാത്രം അതിജീവിച്ചു. ഗ്രാമങ്ങളിൽ നരമാസഭോജനം വ്യാപകമായി. മനുഷ്യശവങ്ങൾക്കായി ജനം അടിപിടികൂടി. എത്ര ദയനീയമായ അവസ്ഥ.

അപഹാസ്യമായ കുരുവി യുദ്ധം

പക്ഷേ ചൈനയിലെ പട്ടിണിക്ക് കാരണക്കാരായി മാവോ ഭരണകൂടം കണ്ടെത്തിയ വില്ലന്റെ പേരുകേട്ടാൽ ആരും അമ്പരന്നുപോകും. കുരുവികൾ! പഴങ്ങളും ധാന്യങ്ങളും നശിപ്പിക്കുന്ന കുരുവികളെ നിർമ്മാർജ്ജനം ചെയ്താൽ ചൈനയിൽ പട്ടിണി മാറുമെന്ന് വിശ്വസിച്ച മാവോയും കമ്മ്യൂണിസ്റ്റ് റെവലൂഷണറി പാർട്ടിയും വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങളാണ് ക്ഷണിച്ച് വരുത്തിയത്.മാവോ സേതൂങിന്റെ മുന്നോട്ടുള്ള മഹാ കുതിപ്പ് പദ്ധതിയുടെ ഭാഗമായ ഒരു ശുചിത്വ യജ്ഞമായിരുന്നു ചതുർകീട യജ്ഞം എന്ന് ചൈനീസ് അധികാരികൾ നാമകരണം ചെയ്ത പരിപാടി.1958-1962 കാലഘട്ടത്തിൽ നടന്ന മഹാ കുതിപ്പ് പദ്ധതിയിലെ ആദ്യ യജ്ഞമായിരുന്നു കുരുവി നിർമ്മാർജ്ജനം. നിർമ്മാർജ്ജനം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ട നാല് കീടങ്ങൾ ഈച്ച, എലി, കൊതുക് കുരുവി എന്നിവയായിരുന്നു. കുരുവികളിൽ പ്രധാനമായും ലക്ഷ്യമിട്ടത് യുറേഷ്യൻ മരക്കുരുവികളേയാണ്.

മനുഷ്യർ അധ്വാനിച്ചുണ്ടാക്കിയ ധാന്യവിളകൾ തിന്നു തീർക്കുന്നു എന്നതുകൊണ്ടാണ് കുരുവികളെ നിർമ്മാർജ്ജനം ചെയ്യാൻ അഹ്വാനം നൽകിയത്.കുരുവികളുമായുള്ള യുദ്ധം തീരുന്നതുവരെ ആരും ഇതിൽനിന്ന് പിന്മാറരുത് എന്നും സേതൂങ്ങ് പ്രഖ്യാപിച്ചു. ചെയർമാന്റെ തിരുവായ്ക്ക് പിന്നെ എതിർവായില്ല. 630 ദശലക്ഷം ആളുകൾ സകുൾകുട്ടികൾ വരെ കുരുവികളുമായി യുദ്ധത്തിന് എത്തി. പരസ്പരം മൽസരവീര്യത്തോടെ ജനങ്ങൾ തെരുവിൽ മാർച്ച് ചെയ്തു. മാവോയുടെ ആഹ്വാനത്തോടെ ഒറ്റ ദിവസം കൊണ്ട് കുരുവി ചൈനയുടെ വർഗ ശത്രുവായി.

പാത്രങ്ങൾ മുട്ടി ഒച്ചയുണ്ടാക്കി കുരുവികളെ പേടിപ്പിക്കലായിരുന്നു ഏറ്റവും പ്രചാരത്തിലുണ്ടായിരുന്ന കുരുവി ഉന്മൂലന തന്ത്രം. നിരന്തരമായ ശബ്ദങ്ങൾ കാരണം എങ്ങും പറന്നിറങ്ങാൻ കഴിയാതെ പാവും കുരുവികൾ ക്ഷീണിച്ച് ചത്തുവീണു. കുരുവി കൂടുകൾ നശിപ്പിക്കുക മുട്ടകൾ പൊട്ടിച്ച് കളയുക, കുരുവി കുഞ്ഞുങ്ങളെ വകവരുത്തുക, കുരുവികളേയും മറ്റ് പറവകളേയും ആകാശത്ത് നിന്നും വെടിവെച്ചിടുക തുടങ്ങിയ സകലലമുറകളും സ്‌കൂൾ വിദ്യാർത്ഥികൾ അടക്കമുള്ള ബഹു സഹസ്രം ജനം നടപ്പാക്കി. ധാരാളം പക്ഷികൾ വംശനാശത്തിന്റെ വക്കില്ലെത്തി.

ഉന്മൂലം ചെയ്യുന്ന കീടങ്ങളുടെ തോതനുസരിച്ച് സ്‌കൂളുകൾക്കും മറ്റ് സംഘടനകൾക്കും, സർക്കാർ/ തൊഴിലാളി കൂട്ടായ്മകൾക്കും അംഗീകാരങ്ങളും പാരിതോഷികങ്ങളും നൽകപ്പെട്ടു. ചൈനീസ് പൗരന്മാർക്ക് പ്രവേശനാനുമതിയില്ലാത്ത നയതന്ത്രകാര്യലായങ്ങളിലും ഭവനങ്ങളിലും ധാരാളം കുരുവികൾ ചേക്കേറി. അവയെ ആട്ടിപ്പായിക്കാൻ കാര്യാലയ പരിസരത്തേക്ക് കടക്കാൻ വിദേശികൾ അനുവദിക്കാതിരുന്നത് സംഘർഷങ്ങൾക്ക് ഇടനൽകി. പോളിഷ് എംബസി ഇത്തരത്തിൽ അനുമതി നിഷേധിച്ചപ്പോൾ ജനങ്ങൾ ചെണ്ടകളുമായി പരിസരം വളഞ്ഞു മുട്ടു തുടങ്ങി. പേടിച്ച് വിരണ്ട കിളികൾ പറക്കാൻ കൂട്ടാക്കാതെ രണ്ട് ദിവസത്തിനുള്ളിൽ കെട്ടിടത്തിൽ തന്നെ ചത്തോടുങ്ങി. ചത്ത കിളികളെ നീക്കം ചെയ്യാൻ പോളിഷ് അധികൃതർ ഏറെ അധ്വാനിക്കേണ്ടി വന്നു.

1958ൽ തുടങ്ങിയ കുരുവിക്കൊല രണ്ട് വർഷത്തിനുള്ളിൽ തന്നെ ഭീകരമായ ദുരന്തങ്ങൾ സൃഷ്ടിച്ചു. കുരുവികൾ ധാന്യവിളകൾ മാത്രമല്ല ഭക്ഷിക്കുന്നത് എന്നും ധാന്യവിളകളുടെ സ്വാഭാവിക പരാദങ്ങളായ അനവധി പ്രാണികളേയും അവ നശിപ്പിക്കുമായിരുന്നെന്നും വളരെ വൈകിയാണ് ചൈനീസ് ഭരണകൂടം തിരിച്ചറിഞ്ഞത്. കുരുവികളുടെ ഉന്മൂലനം വെട്ടുക്കിളികളടക്കമുള്ള പ്രാണികളുടെ അഭൂതപൂർവ്വമായ ആക്രമത്തിനു വഴിവെച്ചു. വ്യവസായവൽക്കരണത്തിനു വേണ്ടി നടത്തിയ വനനശീകരണം, പുതിയ ഇനം വളങ്ങൾ എന്നീ പുത്തൻ പരിഷ്‌കാരങ്ങളും കുരുവിഹത്യയും വെട്ടുക്കിളി ആക്രമവും എല്ലാം കൂടി ചേർന്നപ്പോൾ കൊടിയ ക്ഷാമമായി. 1960ൽ കുരുവിയെ ചതുർകീട പട്ടികയിൽ നിന്നും മാറ്റി പകരം മൂട്ടകളെ ഉൾപ്പെടുത്തി. പക്ഷേ അപ്പോഴേക്കും ക്ഷാമവും പട്ടിണി മരണങ്ങളും പിടി വിട്ടിരുന്നു.എന്നാൽ മാവോയെ അനുകൂലിക്കുന്നവർ ഇതെല്ലാം തള്ളിപ്പറഞ്ഞു. പട്ടിണി മരണസംഖ്യപോലും അവർ ചോദ്യം ചെയ്തു.

സാംസ്‌കാരിക വിപ്ലവത്തിലും കൊല്ലപ്പെട്ടത് ലക്ഷങ്ങൾ

1966 മുതൽ 1976 വരെ, ചൈനയിൽ നടന്ന മറ്റൊരു മണ്ടൻ പരിപാടിയാണ്, ദ ഗ്രേറ്റ് പ്രോലിറ്റേറിയൻ കൾച്ചറൽ റെവല്യൂഷൻ അഥവാ കൾച്ചറൽ റെവല്യൂഷൻ. ഗ്രേറ്റ് ലീപ് ഫോർവേർഡ് എന്ന വികസന മുന്നേറ്റത്തിലൂടെ നഷ്ടപ്പെട്ട പാർട്ടിയുടേയും, ചെയർമാൻ മാവോയുടേയും പ്രതിച്ഛായ തിരിച്ചുപിടിക്കാനായി നടത്തിയ ഒരു ക്യാംപയിൻ ആയിരുന്നു ഇത്. മുതലാളിത്തത്തെ നീക്കം ചെയ്തെങ്കിലും ജനം മാറിയിട്ടില്ല എന്നാണ് മാവോയ്ക്ക് തോന്നിയത്. പരമ്പരാഗതവും, സാംസ്‌കാരികവും ആയ എല്ലാ ഘടകങ്ങളേയും തച്ചുടച്ച് പകരം മാവോയിസം നടപ്പിൽ വരുത്തുക എന്ന അജണ്ട കൂടി ഇതിനുണ്ടായിരുന്നുവെന്നാണ്, ഫ്രാങ്ക് ഡിക്കോട്ടറിനെപ്പോലുള്ള എഴുത്തുകാർ പറയുന്നത്.

പാരമ്പര്യത്തെയും വിശ്വാസത്തെയും എല്ലാം മാറ്റി വിപ്ലവത്തിന് അനുയോജ്യമായി മനുഷ്യനെ മാറ്റിയെടുക്കണം എന്നായിരുന്നു മാവോയുടെ ആവശ്യം. അതിന്റെ ഭാഗമായി മതവിശ്വാസികൾ പരക്കെ പീഡിപ്പിക്കപ്പെട്ടു. ആരാധനലായങ്ങൾ തകർക്കപ്പെട്ടു. അഫ്ഗാനിൽ താലിബാൻ ബുദ്ധ പ്രതിമ തകർത്ത പോലെ ചൈനയിൽ ഉടനീളം ബുദ്ധ വിഹാരങ്ങളും പ്രതിമകളും തകർക്കപ്പെട്ടു. ടിബറ്റ് ഏറ്റവും മോശമായ രീതിയിൽ ആക്രമിക്കപ്പെട്ടു. ടിബറ്റൻ ബുദ്ധ സന്യാസിമാർ പരമ്പരാഗത വസ്ത്രം ഉപേക്ഷിക്കേണ്ടി വന്നു, ബുദ്ധവിഹാരങ്ങൾ റെഡ് ഗാർഡ്‌സ് തകർത്തു, മതഗ്രന്ഥങ്ങൾ കത്തിക്കപ്പെട്ടു.

ഇതോടെ സമൂഹത്തിൽ ഒരു അരക്ഷിതാവസ്ഥ രൂപപ്പെട്ടു. റെഡ് ഗാർഡുകൾ എന്നറിയപ്പെടുന്നു യുവാക്കളുടെ ഒരു സംഘടന നാടുനീളെ അക്രമവുമായി ഇറങ്ങി. ചെൻ യുവാനെപോലുള്ള തത്ത്വചിന്തകർ വരെ പീഡിക്കപ്പെട്ടു. അരാജകത്വത്തിന്റെ അവസ്ഥയിലേക്ക് രാജ്യം സഞ്ചരിക്കാൻ തുടങ്ങി. സാസ്‌കാരിക വിപ്ലവത്തിന്റെ കാലത്ത് സ്‌കൂളുകൾ അടച്ചു പൂട്ടി. യുവാക്കളോട് നദീ തീരത്തിലേക്കു പോയി കർഷകർക്കു ശിഷ്യപ്പെടുവാൻ ഉത്തരവായി. അവിടെ അവർക്ക് കഠിനാധ്വാനവും, മറ്റു പല ജോലികളും ചെയ്യേണ്ടി വന്നു. പലരും കെട്ടിടങ്ങളിൽനിന്ന് ചാടി പരസ്യമായി ആത്മഹത്യ ചെയ്തു. തങ്ങൾ ഒളിച്ചോടിയെന്ന പേരിൽ വീട്ടുകാർ പീഡിപ്പിക്കപ്പെടാതിരിക്കാനാണ് ആളുകൾ പരസ്യമായി ആത്മഹത്യ ചെയ്തത്. പാരച്യൂട്ട്സ് എന്നായിരുന്നു ഇങ്ങനെ ജീവനൊടുക്കുന്നവർ അറിയപ്പെട്ടിരുന്നത്.

മാവോ ഇതിനെക്കുറിച്ചറിഞ്ഞപ്പോൾ, പ്രത്യേകിച്ച് ആളുകൾ ആത്മഹത്യ ചെയ്യുന്നു എന്നറിഞ്ഞപ്പോൾ പ്രതികരിച്ചത് ഇങ്ങനെയാണ് . 'ആത്മഹത്യ ചെയ്യാൻ പോകുന്നവരെ രക്ഷിക്കാൻ ശ്രമിക്കരുത്, ചൈന ഒരു ജനബാഹുല്യമുള്ള രാജ്യമാണ്. കുറച്ചുപേർ ആത്മഹത്യ ചെയ്തതുകൊണ്ട് അത് അങ്ങനെ അല്ലാതാവുന്നില്ല'. ശത്രുപക്ഷത്തുള്ളവരെ വകവരുത്താൻ സർക്കാർ റെഡ് ഗാർഡുകൾക്ക് അധികാരം നല്കി. ഇങ്ങനെയും നിരവധി പേർ മരിച്ചു. എവിടെ നോക്കിയാലും മരണം.

മരണത്തെ ആഘോഷിച്ച നേതാവ്

1969 ൽ സാംസ്‌കാരിക വിപ്ലവം അവസാനിച്ചതായി മാവോ പ്രഖ്യാപനം നടത്തി. എന്നാൽ 1976 ൽ മാവോയുടെ മരണത്തോടെയാണ് അത് അവസാനിച്ചത് എന്ന് പീപ്പിൾ റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു.
സാംസ്‌കാരിക വിപ്ലവത്തിന്റെ കാലഘട്ടത്തിൽ ചൈനക്ക് മാന്ദ്യം സംഭവിച്ചിരുന്നുവെന്നും ആയുധ- സൈനികകാര്യങ്ങളിൽ പാശ്ചാത്യ സാമ്പത്തികവ്യവസ്ഥയെ വെല്ലുന്നതായി ചൈനയുടേത്. ഈ കാലഘട്ടത്തിലാണ് ചൈന തങ്ങളുടെ ആദ്യത്തെ ഹൈഡ്രജൻ ബോംബ് പരീക്ഷിക്കുന്നത്. ആദ്യത്തെ ആണവ അന്തർവാഹിനികൾ രാജ്യത്തിനായി സമർപ്പിച്ചു. സാങ്കേതികവിദ്യയുടേയും, ശാസ്ത്രത്തിന്റേയും മേഖലയിൽ ചൈന ഒരു കുതിച്ചു ചാട്ടം തന്നെ നടത്തുകയുണ്ടായി. പക്ഷേ അതിന് കോടിക്കണക്കിന് ജനങ്ങളുടെ ജീവനും കൊടുക്കേണ്ടി വന്നു.
.
കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ ഈ കൂട്ടക്കുരുതികളെ മഹത്ത്വവൽക്കരിച്ചിരുന്നു. കൂട്ടമരണങ്ങൾ അവർക്ക് ഒരു ശീലമായിക്കഴിഞ്ഞു. ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും എന്ന ആശയസംഹിതയിൽ വിശ്വസിച്ചിരുന്നവരായിരുന്നു ആ നേതാക്കൾ. വൻകിട ജലസേചന പദ്ധതികളുമായി ബന്ധപ്പെട്ട് ആയിരങ്ങൾ കുടിയൊഴിക്കപ്പെട്ടു, കൊല്ലപ്പെട്ടു. ഗാൻസു പ്രവിശ്യകളിലെ ജനങ്ങൾ ഇത്തരം പദ്ധതികളെ മരണനിലങ്ങൾ എന്നാണ് വിശേഷിപ്പിച്ചിരുന്നത്.

'മരണമാണ് ജീവനേക്കാൾ നല്ലത്, അതില്ലെങ്കിൽ ഒരു നവീകരണം സാദ്ധ്യമല്ല. കൺഫ്യൂഷ്യസ് ഇപ്പോഴും ജീവിച്ചിരിക്കുകയാണെങ്കിൽ എത്ര ഭീകരം ആയിരിക്കുമത്.ആളുകൾ മരിക്കുമ്പോൾ ആഘോഷം വേണ്ടതു തന്നെയാണ്. മരണത്തിനു നല്ല ഗുണവശങ്ങളുണ്ട്, അത് മറ്റൊന്നിനു വളമായി തീരുംം''- മാവോ ഒരിക്കൽ പറഞ്ഞത് അങ്ങനെയാണ്. എത്ര ഭീകരമാണ് ഈ വാക്കുകൾ എന്നോർക്കുക. ഇന്നായിരുന്നെങ്കിൽ എജ്ജാതി സൈക്കോ എന്നായിരിക്കും സോഷ്യൽ മീഡിയ പറയുക.

മാഡം മാവോ ക്രൂരതയുടെ പര്യായം

മാഡം മാവോയെക്കുറിച്ച് പറയാതെ ചൈനയുടെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം പൂർത്തിയാവില്ല. മാവോയുടെ നാലമാത്തെ ഭാര്യയായ ജിയാങ് ക്വിങ് കൊന്ന് തള്ളിയതും പതിനായിരങ്ങളെയാണ്. അക്കാലത്തെ ചൈനക്കാർ ഭയഭക്തി ബഹുമാനത്തോടെ അവരെ മാഡം മാവോയെന്നാണ് വിളിച്ചിരുന്നത്. ദാരിദ്രമയമായ ബാല്യത്തിനുശേഷം ഒരു നാടക നടിയെന്ന നിലയിലാണ് അവർ ബെയ്ജിങ്ങിൽ എത്തുന്നത്. ആ വാസത്തിൽ അവർക്ക് മൂന്ന് ഭർത്തക്കന്മാർ ഉണ്ടായിരുന്നു. പക്ഷേ മൂന്നു ബന്ധങ്ങളും അധികകാലം നീണ്ടില്ല. പിന്നീടാണ് ഇവർ മാവോയെ പരിചയപ്പെടുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയിലെ പലരുടെയും എതിർപ്പിനിടയിലും ഇരുവരും 1938 നവംബറിൽ വിവാഹിതരായി.

1949ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ സർവാധികാരത്തിലുള്ള പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിതമായി, മാവോ അതിന്റെ പരമോന്നത നേതാവും. ജിയാങ് പ്രഥമവനിതയെന്ന പെരുമയേറിയ സ്ഥാനത്തെത്തി. താമസിയാതെ രാഷ്ട്രീയത്തിലും ഭരണകാര്യങ്ങളിലുമുള്ള അവരുടെ സ്വാധീനം വർധിച്ചു. ചൈനയുടെ കലാ സാംസ്‌കാരിക, സാഹിത്യ, സിനിമാമേഖലകളിൽ ജിയാങ് കൈകടത്തിത്തുടങ്ങി.

ഇതേ സമയത്താണ് ചൈനയിൽ സാംസ്‌കാരിക വിപ്ലവം അരങ്ങേറുന്നത്. നിലവിലുള്ള എല്ലാത്തരം സാംസ്‌കാരിക പ്രവർത്തനങ്ങളെയും കലകളെയും തച്ചുടച്ച ഈ വിപ്ലവത്തിനു ചുക്കാൻ പിടിക്കാൻ നിയോഗിക്കപ്പെട്ടത് ജിയാങ്ങിനൊപ്പം ഴാങ് ചുങ്‌ഖ്യോ, യോ വെന്യുവാൻ, വാങ് ഹോങ്വെൻ എന്നീ നേതാക്കളാണ്. ഗാങ് ഓഫ് ഫോർ എന്ന പേരിൽ ഇവർ അറിയപ്പെട്ടു. പിൽക്കാലത്ത് ചൈനയിലെ കുപ്രസിദ്ധ പേരുകളിലൊന്നായി ഇതു മാറി.

സാംസ്‌കാരിക വിപ്ലവത്തോടെ, വർഷങ്ങളുടെ പാരമ്പര്യമുള്ള ചൈനയുടെ കല, സാംസ്‌കാരിക, സാഹിത്യരംഗം പല്ലെല്ലാം കൊഴിഞ്ഞ്, ജിയാങ്ങിന്റെ ആജ്ഞകൾ അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു യന്ത്രമായി മാറി. മാവോ സെതൂങ്ങിന്റെ വീരസ്യങ്ങളും പാർട്ടി നിലപാടുകളും വിളിച്ചുപറയാനായിരുന്നു മേഖലയുടെ നിയോഗം. ഇതിനെല്ലാം ജിയാങ് വിദഗ്ധമായി ചുക്കാൻ പിടിച്ചു.

അടക്കാനാവാത്ത അസൂയയും ഒന്നിനോടും അഡ്ജസ്റ്റ് ചെയ്യാത്ത പ്രകൃതവും ഇവർക്കുണ്ടായിരുന്നെന്നു പറയപ്പെടുന്നു. രണ്ടു ഷോട്ട് സെഡേറ്റീവുകളും മൂന്ന് ഉറക്കഗുളികകളും ദിവസേന ഉപയോഗിച്ചാണ് ഇവർ ഉറങ്ങിയിരുന്നത്.പക്ഷികളുടെ സ്വരങ്ങൾ ഇവർ ഇഷ്ടപ്പെട്ടിരുന്നില്ല. അതിനാൽ, ജിയാങ് ഉറങ്ങുമ്പോൾ വീട്ടിനു പരിസരത്തെ മരങ്ങളിലേക്കു വരുന്ന പക്ഷികളെ ആട്ടിയോടിക്കാൻ വീട്ടുജോലിക്കാർ ശ്രദ്ധയോടെ നിന്നു. സാംസ്‌കാരിക വിപ്ലവം കൊടുമ്പിരികൊണ്ടിരുന്നപ്പോൾ പാശ്ചാത്യമായ സിനിമ ഉൾപ്പെടെ കലകൾക്കു ചൈനയിൽ വിലക്കുണ്ടായിരുന്നു. ബൂർഷ്വാസി കല എന്നാണ് ഇതിനെ ജിയാങ് തന്നെ വിശേഷിപ്പിച്ചത്. എന്നാൽ ഇതേ നിയമം സ്വയം പാലിക്കാൻ ജിയാങ് തയാറായിരുന്നില്ല. ഹോളിവുഡ് നടി ഗ്രേറ്റ ഗാർബോയുടെ സിനിമകൾ കാണാനായിരുന്നു അവർക്ക് ഏറ്റവും താൽപര്യം.

കൊല ഹരമാക്കിയ ലേഡി സൈക്കോ

തനിക്കെതിരെ നിൽക്കുന്നവർ അല്ലെങ്കിൽ തനിക്ക് താൽപര്യമില്ലാത്തവരെ യാതൊരു ദയയുമില്ലാതെ ആക്രമിക്കുന്നതിൽ ജിയാങ് യാതൊരു മടിയും കാട്ടിയില്ല. അങ്ങനെ പാർട്ടിയിലെ തങ്ങളുടെ എതിരാളികളെയെല്ലാം ഇവർ കൊന്നൊടുക്കി.

മാവോയുടെ മരണശേഷം ഇവർക്കും വൻ തിരിച്ചടികൾ ഉണ്ടായി. മാവോയുടെ വിയോഗത്തിൽ പ്രത്യേകിച്ച് വലിയ ദുഃഖമൊന്നും ജിയാങ് കാണിച്ചിരുന്നില്ല. പിന്നീട് നടന്ന അധികാരവടംവലികളിലായിരുന്നു അവർക്ക് താൽപര്യം. തന്റെ ഭർത്താവ് അത്രനാൾ കൈയാളിയ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ചെയർമാൻ എന്ന സ്ഥാനത്തേക്കു വരണമെന്നായിരുന്നു അവരുടെ ആഗ്രഹം. എന്നാൽ സ്ഥിതിഗതികൾ മാറിമറിഞ്ഞു.
പിന്നീട് അധികാരത്തിലെത്തിയവർ, ജിയാങ്ങിനെ ഇനിയും കയറൂരിവിടുന്നത് നല്ലതല്ലെന്നു തീർച്ചപ്പെടുത്തി. ജിയാങ് ഉൾപ്പെടെ ഗ്യാങ് ഓഫ് ഫോറിലെ എല്ലാ അംഗങ്ങളും താമസിയാതെ അറസ്റ്റ് ചെയ്യപ്പെട്ടു. അപ്പോഴേക്കും ഡെങ്‌സിയാവോ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ അനിഷേധ്യ നേതാവായി മാറിയിരുന്നു. ഇതാണ് സത്യത്തിൽ ചൈനയുടെ ജാതകം തിരുത്തിയത്. ജീവപരന്ത്യം തടവാണ് അവർക്ക് കിട്ടിയത്. തന്റെ തടവിന്റെ പത്താം വർഷത്തിൽ, 1991 മേയിൽ ജിയാങ് ആത്മഹത്യ ചെയ്തു. ഏറെ കൊട്ടിഘോഷിച്ചു ജിയാങ് നടത്തിയ സാസ്‌കാരിക വിപ്ലവത്തിന് രജതജൂബിലി തികയുന്നതിന് രണ്ടു ദിവസം മുൻപായിരുന്നു ആ തൂങ്ങിമരണം.

നാലുവിവാഹം; അസഖ്യം ലൈംഗിക പങ്കാളികൾ

തൊഴിലാളികളുടെ നേതാവായി അവകാശപ്പെടുമ്പോഴും മവോ ആഡംബര ജീവിതമാണ് നയിച്ചിരുന്നതും. ചൈനീസ് സാമ്രാജ്യാധിപന്മാർ താമസിച്ചിരുന്ന കൊട്ടാരത്തിനടുത്തുള്ള ഒരു സ്ഥലത്ത് തനിക്കു താമസിക്കാനായി ഒരു വീട് പണിയുവാൻ മാവോ ആവശ്യപ്പെട്ടു. വീടിനോടു ചേർന്ന് ഒരു നീന്തൽകുളവും മറ്റു കെട്ടിടങ്ങളും നിർമ്മിക്കാനായി മാവോ ഉത്തരവിട്ടു. മാവോയുടെ തന്റെ പ്രധാന ജോലികളെല്ലാം ചെയ്തിരുന്നത് ഒന്നുകിൽ കിടപ്പുമുറിയിൽ അല്ലെങ്കിൽ നീന്തൽകുളത്തിനരികിൽ വെച്ചും. അത്യാവശ്യം വേണ്ട അവസരങ്ങളില്ലല്ലാതെ ഔദ്യോഗിക വസ്ത്രം ധരിക്കാൻ മാവോ ഇഷ്ടപ്പെട്ടിരുന്നില്ല. നാലുവിവാഹം കഴിച്ചിരുന്ന മാവോക്ക് എണ്ണമറ്റ ലൈംഗിക പങ്കാളികളും ഉണ്ടായിരുന്നു. തികഞ്ഞ മദ്യപാനിയും പുകവലിക്കാരനുമായിരുന്നു അദ്ദേഹം. മരണകാരണമായ ഹൃദയാഘാതം ഉണ്ടായതുവരെ ഈ ദുശ്ശീലം കൊണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു.

മാവോയുടെ ജീവിതത്തിന്റെ അവസാനകാലങ്ങളിൽ അദ്ദേഹം ഒരുപാട് രോഗങ്ങൾക്ക് അടിമയായിരുന്നു. പാർക്കിൻസൺ രോഗം, മോട്ടോർ ന്യൂറോൺ ഡിസീസ്, കടുത്ത പുകവലി മൂലമുണ്ടായ കരൾ രോഗങ്ങൾ എന്നിവ അദ്ദേഹത്തെ തളർത്തിയിരുന്നു.

ഒരു ചിത്രം മുലം മരിച്ചത് പത്തുലക്ഷം പേർ!

മാവോ യാങ്്സീ നദിനീന്തിക്കടക്കുന്ന ഒരു ചിത്രമുണ്ട്. അത് പത്തുലക്ഷംപേരുടെ മരണത്തിന് ഇടയാക്കിയ ചിത്രം എന്നാണ് അറിയപ്പെടുന്നത്. ലോകം കണ്ട ഏറ്റവും ശക്തമായ പ്രോപഗണ്ട ചിത്രം ആണിത്. 73 കാരനായ മാവോയുടെ ആരോഗ്യ നില മോശമാണ് എന്ന് അഭ്യൂഹങ്ങൾപരക്കുന്ന കാലം. ചൈനയുടെ യഥാർത്ഥ ഭരണാധികാരി താൻ ആണെന്നും, താൻ പൂർണ ആരോഗ്യവാനാണെന്നും കാണിക്കാൻ മാവോയും കമ്മ്യൂണിസ്റ് പാർട്ടിയും ചേർന്ന് നടത്തിയ നാടകം ആയിരുന്നു ഈ നീന്തൽ നാടകം. നദിയുടെ ഇരു കരകളിലുമായി ചുവന്ന കൊടി പിടിച്ചു നൂറു കണക്കിന് കമ്മ്യൂണിസ്റ് അണികൾ മാവോക്ക് ആർപ്പു വിളിച്ചു. ചിലർ കൊടികളുമായി മാവോയുടെ കൂടെ നീന്തി. അങ്ങനെ എല്ലാം കൊണ്ടും ഒരു സിനിമയെ വെല്ലുന്ന ഒരു പ്രോഗ്രാം.

65 മിനിറ്റ് കൊണ്ട് 73 കാരനായ മാവോ 15 കിലോമീറ്ററോളം നീന്തി എന്നാണ് കമ്മ്യൂണിസ്റ് പാർട്ടി അവകാശപ്പെട്ടത്. ഒരു മൈൽ നീന്താൻ മാവോ എടുത്തത് 8 മിനിട്ടിൽ താഴെ, ലോക റെക്കോർഡ് ഏകദേശം 20 മിനിട്ടിൽ താഴെ ആയിരുന്നു. അതായത് ലോകത്തു ഏറ്റവും വേഗതയുള്ള നീന്തൽ കാരൻ കമ്മ്യൂണിസ്റ് പുസ്തകങ്ങളിൽ ഒരുപക്ഷെ മാവോ ആയിരിക്കാം.

ഒറ്റയടിക്ക് മണ്ടത്തരം എന്ന് തോന്നാവുന്ന ഈ പ്രോപഗണ്ട പക്ഷെ ചൈനയിൽ വൻ വിജയം ആയിരുന്നു. യുവാക്കൾ മാവോയുടെ കൂടെ അണി നിരന്നു. 'റെഡ് ഗാർഡ്സ് ' എന്ന മാവോ അനുകൂല അർദ്ധ സൈനിക സംഘടന ചൈനയിൽ ഉടനീളം , വിപ്ലവത്തിന് തടസ്സമാവുന്ന റിവിഷനിസ്റ്റുകളെയും വേട്ടയാടി. പത്തുലക്ഷത്തോളം പേർക്ക് അങ്ങനെയും ജീവൻ നഷ്ടമായി എന്നാണ് പറയുന്നത്. മാത്രമല്ല ഇത് പിന്നെ ചൈനയിൽ ഒരു ആചാരമായി. മാവോയുടെ മരണശേഷവും അദ്ദേഹത്തിന്റെ ഓർമ്മ പുതുക്കാനായി നദിയിൽ ഇതുപോലെ നീന്തൽ മത്സരങ്ങൾ നടത്തപ്പെട്ടു. അത് ഇന്നും തുടരുന്നു.

മാവോയുടെ മരണശേഷം, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയിൽ ഡെങ്ങ് സിയാവോപിംഗിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം ആളുകൾക്കാണ് പ്രാമുഖ്യം കിട്ടിയത്. ഇവർ രക്തരഹിതമായ ഒരു വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുത്തു. പിൽക്കാലത്ത് ഡെങ്ങ് സിയാവോ പിങ്ങ് കൊണ്ടുവന്ന മുതലാളിത്ത വികസന നയങ്ങൾ ആണ് ചൈനയെ ഇന്നു കാണുന്ന നേട്ടങ്ങളിലേക്ക് നയിച്ചത്. പൂച്ച കുറത്തതായാലും വെളത്തതായാലും വേണ്ടില്ല എലിയെ പിടിച്ചാൽ മതി എന്ന ഡെങ്ങിന്റെ നയമാണ് അക്ഷരാർഥത്തിൽ ചൈനയെ രക്ഷിച്ചത്. ഇന്ന് മാവോയിസത്തിലൂടെയല്ല ശുദ്ധമായ മുതലാളിത്തത്തിലൂടെയാണ് ചൈന ജീവിക്കുന്നത്. ചൈനയുടെ സിഇഒ എന്ന് അറിയപ്പെടുന്ന ഷീജിൻ പിങ്ങിനെ നയങ്ങൾ ഒക്കെ ഇക്കാര്യം അടിവരയിടുന്നു.

വാൽക്കഷ്ണം: ചൈന മാവോയെ പൂർണ്ണമായും തള്ളി മുതലാളിത്ത പാതയിലേക്ക നീങ്ങിയിട്ടും ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ എന്താണ് സംഭവിക്കുന്നത്. ഇവിടെ മാവോയിസിത്തിന് ഇപ്പോഴും മാർക്കറ്റുണ്ട്. മാവോയിസ്റ്റുകളുടെ സായുധ ആക്രമണം ഇന്ത്യയുടെ സുരക്ഷക്കു തന്നെ ഭീഷണിയാവുന്നു. കേരളത്തിലും വിശുദ്ധനായ നേതാവിന്റെ പരിവേഷമാണ് മാവോക്ക് ലഭിക്കുന്നത് എന്ന് ഓർക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP