Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നേരത്തെ തന്നെ പൊലീസിന്റെ കർശന നിരീക്ഷണത്തിലായിരുന്ന ക്രിമിനലായിരുന്നു വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി; കൊള്ളയും കൊള്ളിവെപ്പും നടത്തിയെന്നല്ലാതെ ഇദ്ദേഹം പട്ടാളവുമായി ഏറ്റുമുട്ടിയിട്ടില്ല; ഹീറോയാക്കിയത് പച്ച നുണകൾ പടച്ചുവിട്ട 1921 സിനിമ; ഇടതുപക്ഷ ചരിത്രകാരന്മാരും ചരിത്രം തിരുത്തി; മതഭ്രാന്തന്മാരുടെ ലഹളയെ അവർ കാർഷിക വിപ്ലവമാക്കി മാറ്റി; എം സ്വരാജ് അടക്കമുള്ളവർ തള്ളിമറിക്കുന്ന മലബാർ കലാപ ചരിത്രം പൂർണ്ണമായും വ്യാജം; വിവാദ പഠനവുമായി ഡോ. മനോജ് ബ്രൈറ്റ്

നേരത്തെ തന്നെ പൊലീസിന്റെ കർശന നിരീക്ഷണത്തിലായിരുന്ന ക്രിമിനലായിരുന്നു വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി; കൊള്ളയും കൊള്ളിവെപ്പും നടത്തിയെന്നല്ലാതെ ഇദ്ദേഹം പട്ടാളവുമായി ഏറ്റുമുട്ടിയിട്ടില്ല; ഹീറോയാക്കിയത് പച്ച നുണകൾ പടച്ചുവിട്ട 1921 സിനിമ; ഇടതുപക്ഷ ചരിത്രകാരന്മാരും ചരിത്രം തിരുത്തി; മതഭ്രാന്തന്മാരുടെ ലഹളയെ അവർ കാർഷിക വിപ്ലവമാക്കി മാറ്റി; എം സ്വരാജ് അടക്കമുള്ളവർ തള്ളിമറിക്കുന്ന മലബാർ കലാപ ചരിത്രം പൂർണ്ണമായും വ്യാജം; വിവാദ പഠനവുമായി ഡോ. മനോജ് ബ്രൈറ്റ്

എം മാധവദാസ്

തിരുവനന്തപുരം: 1921ൽ മലബാറിലെ ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകൾ കേന്ദ്രീകരിച്ചു നടന്ന മാപ്പിള ലഹള, മലബാർകലാപം, ഖിലാഫത്ത് ലഹള എന്നൊക്കെ പേരിട്ട കലാപത്തെക്കുറിച്ച പുതിയ പഠനങ്ങൾ പുറത്തുവരുന്ന കാലമാണിത്. എഴുത്തുകാരനും സ്വതന്ത്രചിന്തകനുമായ ഡോ മനോജ് ബ്രൈറ്റ് എഴുതിയ ഫേസ്്ബുക്ക് പരമ്പരയായ 'മലബാർ കലാപം സീരീസ്' ആണ് ഇതുസംബന്ധിച്ച് കൂടുതൽ ചർച്ചകൾക്ക് വഴിവെച്ചത്. ദിവസങ്ങൾക്ക് മുമ്പ് പൗരത്വഭേദഗതി നിയമത്തെ എതിർത്തുകൊണ്ട് കേരള നിയമസഭയിൽ നടന്ന ചർച്ചയിൽ സിപിഎം എംഎൽഎ എം സ്വരാജ്, മലബാർ കലാപത്തിൽ ബ്രിട്ടീഷുകാരോട് പട പൊരുതിയ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഘോരഘോരം ഉദ്ഘോഷിച്ചത് നവമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ ഈ കഥയെല്ലാം വ്യാജമാണെന്നും നേരത്തെതന്നെ പൊലീസിന്റെ കർശന നിരീക്ഷണത്തിലായിരുന്ന ക്രിമിനലായിരുന്നു വാരിയൻ കുന്നത് കുഞ്ഞഹമ്മദ് ഹാജിയെന്ന്, അന്നത്തെ രേഖകൾ ഉദ്ധരിച്ച് ഡോ മനോജ് ബ്രൈറ്റ് വ്യക്തമാക്കുന്നു.ആർ.എച്ച്. ഹിച്ച് കോക്ക് 1924 ൽ പ്രസിദ്ധീകരിച്ച എ ഹിസ്റ്ററി ഓഫ് മലബാർ റെബല്യൻ എന്ന പുസ്തകവും, വാരിയൻകുന്നത് കോടതിയിൽ നൽകിയ മൊഴിയുടെയും അടിസ്ഥാനത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന നിരീക്ഷണം അദ്ദേഹം മുന്നോട്ടുവെക്കുന്നത്.

'ക്രിമനൽ പശ്ചാത്തലമുള്ള വാരിയകുന്നത് കുഞ്ഞഹമ്മദ് ഹാജിക്ക് സ്വാതന്ത്ര്യ സമരത്തെക്കുറിച്ചോ ഖിലാഫത്തിനെക്കുറിച്ചോ കാര്യമായ യാതൊരു അറിവും ഉണ്ടായിരുന്നില്ല. സ്വാതന്ത്ര്യ സമരത്തിലൊന്നും ഒരു താൽപര്യവും ഇല്ലായിരുന്ന ഇയാളെ മഞ്ചേരി ചന്തയിൽ വച്ച് യാദൃശ്ചികമായി ഇയാളുടെ പൂർവ്വ ചരിത്രമൊന്നും അറിയാതെയാണ് കോൺഗ്രസ് നേതാവ് മാധവൻ നായരും കൂട്ടരും സമീപിക്കുന്നത്.

ഇതറിഞ്ഞ പൊലീസ് കർശനമായ താക്കീതു കൊടുക്കുകയും ഇയാൾ അതിൽനിന്നു പിന്മാറി നല്ലനടപ്പ് തുടരുകയും ചെയ്തു. പിന്നീട് തിരൂരങ്ങാടിയിൽ വച്ച് പൊലീസ് സൂപ്രണ്ടും, മജിസ്‌ട്രേറ്റും കൊല്ലപ്പെട്ടു എന്ന് കേട്ടപ്പോൾ ഇനി ആരെയും പേടിക്കാനില്ല എന്നു തോന്നി അവസരവാദിയായ ഏതൊരു ക്രിമിനലിനേയും പോലെ മതിമറന്ന് ഇതിലേക്ക് ചാടുകയായിരുന്നു. അവരൊന്നും മരിച്ചിട്ടില്ല എന്ന സത്യം മനസ്സിലായപ്പോൾ തിരിച്ചു കയറാൻ പറ്റിയുമില്ല. കൊള്ളമുതലും കൊണ്ട് ഓടിയാലൊന്നും എവിടെയും എത്തില്ല എന്നറിയാമായിരുന്ന ഇയാൾ ആളുകളെ സംഘടിപ്പിച്ചാൽ രക്ഷകിട്ടുമായിരിക്കും എന്നു കരുതി. അങ്ങനെ എല്ലായിടത്തും ഓടി നടന്ന് ആളുകളെ ഇളക്കിവിടുന്നതല്ലാതെ ഇയാൾ ഒരിക്കൽ പോലും പട്ടാളവുമായി ഏറ്റു മുട്ടിയിട്ടില്ല. കലാപകാരികൾ രണ്ടു തവണയാണ് പട്ടാളവുമായി കാര്യമായി ഏറ്റുമുട്ടിയിരിക്കുന്നത്. ഓഗസ്റ്റ് 26 ലെ പൂക്കോട്ടൂർ യുദ്ധവും, നവംബർ 15 ലെ പാണ്ടിക്കാട് പട്ടാള ക്യാമ്പ് ആക്രമണവും. സ്ഥലത്തുണ്ടായിരുന്നിട്ടു പോലും ഇയാൾ ഇതിൽ രണ്ടിലും പങ്കെടുത്തിട്ടില്ല. നേരെ എതിർ ദിശയിലേക്കു ഓടുകയായിരുന്നു.'- ഡോ ബ്രൈറ്റ് എഴുയുന്നു.

ഇയാൾ ബ്രിട്ടീഷ് സൈന്യവുമായി ഏറ്റുമുട്ടിയിട്ടുമില്ല. സാഹചര്യം മുതലെടുത്ത് അത്യാവശ്യം കൊള്ളയും കൊള്ളിവെപ്പുമാണ് വാരിയൻ കുന്നത്ത് നടത്തിയത്. ഇയാളെ ഹീറോയാക്കിയത് 1921 സിനിമയാണ്. പച്ച നുണകളാണ് അതിൽ മുഴുവനുവനുമെന്നും ഡോ മനോജ് ബ്രൈറ്റ് ചൂണ്ടിക്കാട്ടുന്നു. എം സ്വരാജ് തള്ളുന്നതുപോലെ നെഞ്ചിൽ വെടിവെക്കാൻ വാരിയൻ കുന്നത് ആവശ്യപ്പെട്ടുവെന്നതിനൊന്നും തെളിവില്ല. നനഞ്ഞ പൂച്ചയെപ്പോലെ പൊലീസിനു മുന്നിൽ മൊഴി കൊടുക്കുന്ന ഇയാൾ നെഞ്ചിൽ തന്നെ വെടിവയ്ക്കാൻ ആവശ്യപ്പെട്ടു എന്നതൊക്കെ വെറും തള്ളാണ്. വിക്കിപീഡിയിൽ വന്ന ചരിത്രം നോക്കി ആവേശം കൊള്ളുകയാണ് സ്വരാജ് ചെയ്തതെന്നും ഡോ ബ്രൈറ്റ് ചൂണ്ടിക്കാട്ടുന്നു.

മതഭ്രാന്തന്മാരുടെ കലാപം കർഷക കലാപമായി

കേരളത്തിൽ ഇഎംഎസ് അടക്കമുള്ള ഇടത് എഴുത്തുകാർ തൊട്ട് ലിബറൽ ബുദ്ധിജീവികൾ വരെ മലബാർ കലാപത്തെ വിലയിരുത്തിയത്, ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും എതിരായ കലാപമായും സ്വാതന്ത്ര്യ സമരമായിട്ടുമായിരുന്നു. അതിനിടിയിൽ കുറെ അക്രമപ്രവർത്തനങ്ങൾ ഉണ്ടായെന്നുമാണ് അവർ വിലയിരുത്തിയത്. എന്നാൽ ഡോ മനോജ് ബ്രൈറ്റ്. 'മലബാർ കലാപം സീരീസ്' എന്ന പേരിൽ ഫേസ്‌ബുക്കിൽ എഴുതുന്ന ലേഖന പരമ്പര വായിച്ചാൽ ഇതിന് ഘടകവിരുദ്ധമായ അഭിപ്രായമാണ് ഉണ്ടാവുക. മലബാർ കലാപം അടിമുടി വർഗീയമായിരുന്നെന്നും ഹിന്ദു വംശഹത്യതന്നെയായിരുന്നു അതിൽ ലക്ഷ്യമിട്ടിരുന്നതെന്നും ഈ തർജ്ജമ വായിച്ചാൽ വ്യക്താമാവും. ഡോ മനോജ് ബ്രൈറ്റ് ചരിത്ര രേഖകൾ ഉദ്ധരിച്ച് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പങ്കുവെക്കുന്നത്.

ഇഎംഎസും, ഡോ കെ കെ എൻ കുറുപ്പും, ഡോ എം ഗംഗാധരനും അടക്കമുള്ള ചരിത്രകാരന്മാരുടെ വീക്ഷണത്തിന് നേർ വിപരീതമാണ് ഡോ ബ്രൈറ്റിന്റെ ലേഖന പരമ്പരയുടെ ഉള്ളടക്കം. ജന്മിത്വത്തിനെതിരായ പ്രതിഷേധവും ബ്രിട്ടീഷ് ഭരണത്തിനെതിരായ വികാരവുമാണ് ഖിലാഫത്ത് സമരത്തിന്റെ അടിസ്ഥാന ഘടകമെന്ന ഇവരുടെ വിലയിരുത്തലല്ല, ഡോ ബ്രൈറ്റിന്റെ തർജജമ വായിക്കുമ്പോൾ കിട്ടുക. കൃത്യമായ വർഗീയ അജണ്ടയും, ഇസ്ലാമിലേക്കുള്ള മത പരിവർത്തനവും തന്നെയാണ് മലബാർ കലാബത്തിന്റെ അന്തർധാരയായി പ്രവർത്തിച്ചത് എന്ന ചിത്രമാണ് ഇവിടെ തെളിയുന്നത്.ഇസ്ലാമിലേക്കുള്ള മതം മാറ്റം കലാപകാരികളുടെ പ്രധാന അജണ്ടയായത് എങ്ങനെയെന്ന കോടതിയുടെ നിരീക്ഷണവും ഉദ്ധരിക്കുന്നണ്ട്. സമാനതകളില്ലാത്ത ക്രൂരതയെ മറച്ചുവെച്ചുകൊണ്ട് ്ഉള്ളവനും ഇല്ലാത്താവനും തമ്മിലുള്ള കലാപമാക്കി ഇതിനെ മാറ്റിയത് ഇടതുപക്ഷത്തിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയം തന്നെയാണെന്ന് സീരീസ് വായിക്കുമ്പോൾ വ്യക്തമാവും.

ഡോ ബ്രൈറ്റിന്റെ ലേഖന പരമ്പരയെ തുടർന്ന് ഫേസ്‌ബുക്കിൽ ഈ വിഷയത്തിൽ വലിയ സംവാദവും തുടങ്ങിയിട്ടുണ്ട്. സംഭവത്തിൽ മഹാത്മാഗാന്ധിയുടെ പങ്കും വിമർശന വിധേയമാകുന്നുണ്ട്. 'അന്നു കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച ആനിബസന്റ് റിപ്പോർട്ട് ചെയ്തത് ക്രൂരമായ ഹിന്ദു വംശഹത്യയാണ് മലബാർ കലാപം എന്നാണ്. പക്ഷെ ഗാന്ധി അതു സമ്മതിച്ചില്ല. അതുപോലെ കാലങ്ങളോളം ഉറങ്ങിക്കിടന്ന ഈ സമരത്തെ കർഷക കലാപമാക്കി മാറ്റിയതത് ഇഎംഎസ് ചെയ്ത വൻ ചതിയാണെന്നും വായനക്കാരിൽ പലരും പ്രതികരിക്കുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തോടനുബന്ധിച്ചുണ്ടായ ലഹളയുടെ ആരംഭത്തിനു കാരണമായത് തുർക്കിയിലെ അഭ്യന്തര പ്രശ്നങ്ങളായിരുന്നു. തുർക്കി ഭരിക്കുന്ന ഖലീഫയെ ബ്രിട്ടീഷുകാർ നിഷ്‌കാസനം ചെയ്തതിലും അദ്ദേഹത്തിന്റെ നേതൃത്വത്തെ ചോദ്യം ചെയ്തതിലും പ്രതിഷേധിച്ച് മുസ്ലീങ്ങൾ രൂപം നൽകിയ പ്രസ്ഥാനമായിരുന്നു ഖിലാഫത്ത് പ്രസ്ഥാനം. പക്ഷേ ഈ ഖിലാഫത്ത് കേരളത്തിൽ ബലപ്രയോഗത്തിലൂടെ മതം മാറ്റം എന്ന നിലയിലേക്കാണ് മാറിയിത്. ഇക്കാര്യം ചരിത്രകാരന്മാർ ബോധപുർവം മറച്ചുവെക്കുകയായിരുന്നെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.

മതഭ്രാന്തന്മാർ നടത്തിയ കലാപത്തെ കർഷക കലാപമാക്കി മാറ്റിയ കഥയും പുതിയ പോസ്റ്റിൽ ഡോ ബ്രൈറ്റ് എഴുതുന്നു. 'മാപ്പിള കലാപത്തെക്കുറിച്ച് ഏറ്റവും അധികാരികവും സമകാലികവും എന്നു പറയാവുന്നത് മലബാറിലെ പൊലീസ് സൂപ്രണ്ടായിരുന്ന ആർ.എച്ച്. ഹിച്ച്കോക്ക് ഔദ്യോഗിക രേഖകളെ അടിസ്ഥാനപ്പെടുത്തി എഴുതി മദ്രാസ് ഗവർമെന്റ് 1924 ൽ പ്രസിദ്ധീകരിച്ച A History Of Malabar Rebellion,1921 എന്ന പുസ്തകമാണ്.( മതഭ്രാന്തന്മാരുടെ തേർവാഴ്ചയായിരുന്നു അന്ന് നടന്നത് എന്ന് വ്യക്തമായും പറയുന്ന ഈ പുസ്തകം ഇപ്പോൾ Peasant Revolt In Malabar എന്ന പേരിലാണ് അറിയപ്പെടുന്നത്. പേര് കേൾപ്പിക്കുമ്പോൾ തന്നെ കാർഷിക വിപ്ലവമാണ് നടന്നത് എന്ന് ബ്രിട്ടീഷുകാർ പോലും പറയുന്നുണ്ടല്ലോ എന്ന് തോന്നില്ലേ? അതിലാണ് കാര്യം.)

ഞാൻ വിവർത്തനം ചെയ്യുന്ന ഈ രേഖകളൊന്നും ആർക്കും കിട്ടാത്ത രഹസ്യ രേഖയൊന്നുമല്ല. നൂറോളം കൊല്ലമായി പരസ്യമായ രേഖകൾ തന്നെയാണ്. പക്ഷെ ഇതൊന്നും ഇതിനു മുൻപ് കേട്ടിട്ടില്ലല്ലോ, മലബാർ കലാപത്തെക്കുറിച്ചുള്ള ഒരു പുസ്തകത്തിലും ഇതൊന്നും കാണുന്നില്ലല്ലോ, അതെന്തുകൊണ്ടാണ് എന്ന് തോന്നുന്നുണ്ടെങ്കിൽ ആ ചോദ്യം ചോദിക്കേണ്ടത് എന്നോടല്ല. ആ ചരിത്രകാരന്മാരോടാണ്. കലാപത്തെക്കുറിച്ച് ഇറങ്ങിയിട്ടുള്ള അസംഖ്യം പഠനങ്ങളുടെ റഫറൻസ് സെക്ഷനിൽ നോക്കിയാൽ ഹിച്ച്കോക്കിന്റെ പുസ്തകത്തിന്റെ പേര് കാണാം. എന്നാൽ പുസ്തകത്തിൽ വിവരിക്കുന്ന കാര്യങ്ങൾ ഏതാണ്ട് ഒന്നും തന്നെ അവരുടെ ആരുടേയും പുസ്തകത്തിൽ കാണില്ല. ഇനി ഹിച്ച്‌കോക്കിന്റെതുകൊള്ളൂല്ലാത്ത പുസ്തകമാണെങ്കിൽ എന്തുകൊണ്ട് കൊള്ളൂല്ല എന്നെങ്കിലും അവരുടെ പഠനത്തിൽ കാണണ്ടേ? ചിലർ തുണ്ടു പടങ്ങൾ കമ്പ്യൂട്ടറിൽ സ്റ്റഡി മെറ്റീരിയൽസ് എന്ന ഫോൾഡറിൽ ഒളിപ്പിക്കുന്ന പോലെ ഹിച്ച്‌കോക്കിന്റെ A History Of Malabar Rebellion,1921 പേരുമാറ്റി Peasant Revolt In Malabar എന്നാക്കി ഒളിപ്പിക്കുന്നത് എന്തിനാണ്?'- ഡോ ബ്രൈറ്റ് ചോദിക്കുന്നു.

മലബാർ കലാപം ആസൂത്രിതമായ ഹിന്ദു വംശഹത്യ തന്നെയാണെന്നും ഇടതുപക്ഷ ചരിത്രകാരന്മാർ കൃത്യമായ ഒരു വ്യാജ നിർമ്മിതി ഉണ്ടാക്കിയെടുക്കയാണെന്നും ഡോ മനോജ് ബ്രൈറ്റ് തന്റെ പോസ്റ്റുകളിൽ നേരത്തെ ചൂണ്ടിക്കാട്ടുന്നു.

ഡോ മനോജ് ബ്രൈറ്റിന്റെ പുതിയ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ

എനിക്ക് ബോറടിച്ചതു കൊണ്ടും, വേറെ വിഷയങ്ങളിൽ താൽപര്യം വന്നതുകൊണ്ടും, ഇത് പിന്നീട് വേണമെങ്കിൽ പുസ്തകമാക്കാം എന്ന് തോന്നിയതുകൊണ്ടും മാപ്പിള കലാപം സീരീസിന് തൽക്കാലം അവധി കൊടുത്തെങ്കിലും ബ്രിട്ടീഷ് പട്ടാളം ''പരിണിതപ്രജ്ഞനാക്കിയ'' ധീരദേശാഭിമാനിയും ''മലയാളരാജ്യം'' സ്ഥാപകനും, ഒടുവിൽ ഒരു വെടിക്കെട്ട് ഡയലോഗും പറഞ്ഞ് തീർത്ത് വീരചരമം പ്രാപിക്കുകയും ചെയ്ത വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് സ്വരാജ് നിയമസഭയിൽ പറയുന്നതു കേട്ടപ്പോൾ സീരീസ് കുറച്ചു കൂടി തുടരാമെന്നു തോന്നി.

മാപ്പിള കലാപം സീരീസ് (ഭാഗം 22)

വാരിയൻകുന്നത്ത് അഥവാ ചക്കിപ്പറമ്പൻ കുഞ്ഞഹമ്മദ് ഹാജി (വാരിയൻ കുന്നത്ത് കുഞ്ഞമ്മദ് ഹാജി) 1922 ജനുവരി പത്താം തീയ്യതി മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ട് മുൻപാകെ നൽകുന്ന മൊഴി.

കലാപം ആരംഭിക്കുന്നത് ഞാൻ നെല്ലിക്കുത്തിലെ എന്റെ വീട്ടിൽ താമസിക്കുന്ന സമയത്താണ്. കുറച്ചു വർഷങ്ങൾക്കു മുൻപ് കളക്റ്ററുടെ ഒരു കത്ത് സാഹിബ്ബ് എനിക്കു നൽകിയതിനു ശേഷം ഞാൻ തുവ്വൂർക്കു പോയെങ്കിലും, അവിടെ വച്ച് പനി പിടിച്ച ഞാൻ നെല്ലിക്കുത്തിലേക്കു തന്നെ തിരിച്ചു പോയി. എന്റെ അമ്മയും, സഹോദരിയും, ഭാര്യയും, സഹോദരനുമെല്ലാം അവിടെയാണ്. ഞാൻ തുവ്വൂരിലാണെങ്കിൽ അവരിൽ ചിലർ നെല്ലിക്കുത്തിലുണ്ടാകും. അതുപോലെ തിരിച്ചും. ഒരു വർഷം മുൻപ് ഞാൻ മഞ്ചേരി ചന്തയിൽ പോയപ്പോൾ മാധവൻ നായരുടെ സഹോദരൻ കേശവൻ നായർ എനിക്ക് കുറച്ചു കടലാസുകൾ തന്നു. ഞാനതു തിരിച്ചു കൊടുത്തു. ആമു എന്നോട് അതേക്കുറിച്ച് സംസാരിച്ചിരുന്നു. പിന്നീട് പാലികത്തുണ്ടി അയമു (ഒരു റിസർവ്വ് പൊലീസുകാരൻ) നെല്ലിക്കുത്തിൽ ലീവിനു വന്നപ്പോൾ സാഹിബ്ബ് പാണ്ടിക്കാട്ടു വരുമ്പോൾ എന്നെ കാണുമെന്നും, സാഹിബ്ബ് അപ്പോൾ നീലഗിരിയിലാണെന്നും പറഞ്ഞു. എനിക്ക് സാഹിബ്ബിനെ കാണാൻ ആഗ്രഹമുണ്ടെന്ന് ഞാൻ പറഞ്ഞു. ഇത് കലാപത്തിന് ഇരുപതു ദിവസം മുൻപാണ്. സാഹിബ്ബിനോട് എന്റെ സങ്കടങ്ങൾ പറയാനും, സെക്ഷൻ 144 പ്രകാരം എന്റെ പേരിൽ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവിന് യാതൊരു അടിസ്ഥനവുമില്ലെന്നും പറയാനാണ് ഞാൻ സാഹിബ്ബിനെ കാണാൻ ആഗ്രഹിച്ചത്. ഇത് തുടങ്ങുന്നതിനു രണ്ടോ, മൂന്നോ മാസം മുൻപ് ആലി മുസലിയാർ വന്ന് ഒരു സഭ തുടങ്ങിയിരുന്നു. എന്റെ വീടിനടുത്തുള്ള പുഴക്കരയിലാണ് അത് നടത്താൻ തീരുമാനിച്ചതെങ്കിലും, തുക്കിടി സാഹിബ്ബും, അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ടും വന്ന് അത് നിർത്തിച്ചു. അവർ റോഡു വഴിയാണ് വന്നത്. ഞാൻ അവരെ കണ്ടതാണ്. അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് പാണ്ടിക്കാട്ടു വച്ച് എന്റെ പേർക്ക് നോട്ടീസയച്ചു. ഞാൻ കട്ടിലശ്ശേരി മുസലിയാരെയും, ഒരു മേലത്തൂർ നായരെയും- വക്കീൽ നാരായണ മേനോൻ- കണ്ടിരുന്നു. ഞാനവരെ പാണ്ടിക്കാട്ടും, നെല്ലിക്കുത്തിലും വച്ച് കണ്ടിട്ടുണ്ട്. അവർ വണ്ടിയിലാണ് സഞ്ചരിച്ചിരുന്നത്. മുസലിയാർ ഒരിക്കൽ പാലത്തിനടുത്ത് നിർത്തി പള്ളിയിൽ കയറി പ്രാർത്ഥിക്കുകയും ചെയ്തു. അവർ പണം ശേഖരിക്കുകയും, നോട്ടീസ് വിതരണം നടത്തുകയും ചെയ്യുന്നുണ്ടായിരുന്നു. കാര്യമെന്താണെന്ന് എനിക്ക് ശരിക്കും മനസ്സിലായില്ലെങ്കിലും, നിങ്ങൾ ചെയ്യന്നത് ശരിയല്ലെന്നു ഞാൻ പറഞ്ഞു. ഞാനയാളെ പലപ്പോഴും കണ്ടിട്ടുണ്ട്. പള്ളിപ്പുറത്തു വച്ചും കണ്ടിട്ടുണ്ട്. പട്ടിയിൽ ചേക്ക് അവരെ സഹായിച്ചിരുന്നു. അയാൾ ''സ്വയം ഭരണം'' നടപ്പിലാക്കാനാണ് പണം പിരിച്ചിരുന്നത്. ഇവിടെ ഒരു ഖിലാഫത്തും ഇല്ല. ഖിലാഫത്ത് തുർക്കിയുടെ വിഷയമാണ്. ഞങ്ങൾ ഒരു സഭയും തുടങ്ങിയിട്ടുമില്ല, പണം ശേഖരിച്ചിട്ടുമില്ല

ഞാൻ പൂക്കോട്ടൂർ സംഭവത്തെക്കുറിച്ച് ആദ്യം കേട്ടത് പേരപ്രം അധികാരിയും, തമ്പുരാനും കൂടി ഒരു മോഷണം കെട്ടിച്ചമച്ചെന്നും, ഇൻസ്‌പെക്ടർ കാര്യങ്ങൾ ഒത്തുതീർപ്പാക്കി എന്നുമാണ്. പിന്നീട് ചേക്ക് ഗുരുക്കളുടെ മകനാണ് തിരൂരങ്ങാടിയിൽ വെടിവയ്‌പ്പുണ്ടായെന്നും, പള്ളി വെടിവച്ചു തകർത്തെന്നും ആദ്യം പറയുന്നത്. പടിഞ്ഞാറു നിന്ന് ഏതാണ്ട് ഇരുപതോളം പേർ വന്നാണ് ഞങ്ങളോടു പറയുന്നത്. അവരുടെ കൂടെ വേറെ ആളുകളുംകൂടി. ഇത് തിരൂരങ്ങാടി സംഭവം നടന്നതിന്റെ അടുത്ത ദിവസമാണ്. അടുത്ത ദിവസം ചെമ്പ്രശ്ശേരി തങ്ങൾ വന്ന് ഭരണകർത്താക്കളെ വാക്കാൽ നിശ്ചയിച്ചപ്പോൾ ഞാൻ പാണ്ടിക്കാട്ടേക്കു പോയി. എനിക്ക് അധികാരപത്രമൊന്നും കിട്ടിയില്ല. മൂസ അധികാരിയും അവിടെയുണ്ടായിരുന്നു.

എനിക്ക് അച്ചടക്കം നിലനിർത്താനാകില്ല എന്നു പറഞ്ഞ് ഞാൻ ആദ്യം വിസമ്മതിച്ചതാണ്. ആലി മുസലിയാരും, സാഹിബ്ബും കൊല്ലപ്പെട്ടു എന്നവർ പറഞ്ഞു. പിന്നീട് ഞാൻ കരുവാരകുണ്ടിലേക്കു പോയി. ചേക്കുട്ടി എന്നോടൊപ്പം ചേർന്നു. അത്തുട്ടിയും കൂടെ ചേർന്നു. ചെമ്പ്രശ്ശേരി തങ്ങൾ കരുവാരകുണ്ടിൽ വന്നതിന്റെ അടുത്ത ദിവസം ഞാൻ അദ്ദേഹത്തെ കണ്ടു. കുറച്ചു ദിവസങ്ങൾക്കു ശേഷം ഞാൻ കാളികാവിലേക്കു പോയി. കുറച്ചു ദിവസങ്ങൾക്കു ശേഷം ഞാൻ കാളികാവ് അധികാരിയെ തങ്ങളോടൊപ്പം കണ്ടിരുന്നു. അദ്ദേഹം സ്വന്തം ഇഷ്ടപ്രകാരം കുറച്ചു ദിവസം കൂടെ പോയി. പയ്യനാടൻ മോയിനാണ് എടക്കരയിൽ വന്ന നീലഗിരി സബ് ഇൻസ്പെക്ടറെ വെടി വച്ചത്. സബ് ഇൻസ്‌പെക്ടർ ഉണ്ണിയനെ കുറിച്ച്, അദ്ദേഹം സ്വന്തം നാട്ടിലേക്കു പോയി എന്നു മാത്രമാണ് ഞാൻ അറിഞ്ഞത്. പാണ്ടിക്കാട് ആക്രമണ സമയത്ത് ഞാൻ കാളികാവിലായിരുന്നു. അല്ലല്ല, ഞാൻ കരുവാരകുണ്ടിലേക്കു പോയി, അവരോടൊപ്പം പുറപ്പെട്ട ശേഷം വേറെ വഴിക്കു പോയി. അത് തങ്ങളുടെ സ്വന്തം പ്രകടനമായിരുന്നു. ഞാൻ അനുമതി പത്രങ്ങൾ നൽകിയിരുന്നെങ്കിലും, ഒരിക്കലും വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചിട്ടില്ല. ഞാൻ ഗൂർഖ ക്യാമ്പിലേക്ക് ഒരിക്കലും കത്തയച്ചിട്ടില്ല. തങ്ങൾ കത്തയച്ചെന്നും, ഒരു മറുപടി കിട്ടിയെന്നും കേട്ടിരുന്നു. അമകുണ്ടൻ മമ്മതിനെ എനിക്ക് നേരത്തേ അറിയാം. ഞാനവരെ പറവെട്ടി വീട്ടിൽ വച്ച് അവസാനം കാണുമ്പോൾ എന്റെ അമ്മയും, പൊന്മളയിലെ അബ്ദുള്ള കുട്ടി ഹാജിയെ (ഇയാളെ തുടക്കത്തിൽ പട്ടാളം പിടികൂടിയിരുന്നു) വിവാഹം ചെയ്ത സഹോദരിയും,ഭാര്യയുമെല്ലാം തുവ്വൂരിൽ ഉണ്ടായിരുന്നു. അത് കണ്ണൻ ബട്ട്ലറുടെ ഉടമസ്ഥതയിലുള്ളതാണ്. കണ്ണത്തിൻപാലം വീരാനാണ് കണ്ണന്റെ തോക്ക് കൈവശപ്പെടുത്തിയത്.

ഞാനതു തിരിച്ചു വാങ്ങി കണ്ണനു കൊടുക്കാനായി കോയാമു ഹാജിയെ ഏൽപ്പിച്ചു. കീഴടങ്ങാനുള്ള ഉദ്ദേശത്തോടു കൂടിയാണ് ഞാൻ നെന്മിനിയിൽ പോയത്. പക്ഷെ പട്ടാളം വന്ന് ഞങ്ങൾക്കു നേരെ വെടി വച്ചു. ഞാൻ ഐദ്രു ഹാജിയെ കണ്ടിരുന്നു. പക്ഷെ ചോക്കാട് വച്ച് ഉണ്ണി മമ്മു ഹാജിയെ കണ്ടിട്ടില്ല. ഐദ്രു ഹാജി താൻ കീഴടങ്ങുമെന്നു പറഞ്ഞു. പുല്ലങ്കോട് എസ്റ്റേറ്റ് കൊള്ളയടിക്കുന്ന സമയം സാഹിബ്ബിന്റെ കുതിരയെ കൊണ്ടുപോയത് പുലത്ത് ചേക്കാണെന്നു ഞാൻ കേട്ടെങ്കിലും, ഞാനയാളെ അതിനു ശേഷം കണ്ടിട്ടില്ല. മൊയ്തീൻ കുട്ടി ഹാജി ബലമായുള്ള മതം മാറ്റം പോലുള്ള തെറ്റായ സംഗതികൾ ചെയ്യുന്നു എന്നു കേട്ടാണ് ഞാൻ അരീക്കോട്ടേക്കു പോയത്. അബ്ദു ഹാജിയും, കോയ കുഞ്ഞി കോയ തങ്ങളും അവിടെയുണ്ടായിരുന്നു. സ്വമനസ്സാലെയാണോ വന്നിരിക്കുന്നതെന്ന് ഞാൻ ഹിന്ദുക്കളോടു ചോദിച്ചു. അവർ അതേയെന്നു പറഞ്ഞു. പിന്നീട് വരാനാണ് താൽപര്യമെങ്കിൽ ഇപ്പോൾ വീട്ടിലേക്കു ഓടിക്കൊള്ളാൻ ഞാൻ പറഞ്ഞു. ഞാൻ കൊണ്ടോട്ടിയിൽ പോയില്ല. ഞാൻ കല്ലുവെട്ടി കുഴിയിലിന്റെ മകൻ കുഞ്ഞാലൻ കുട്ടിയെ അരീക്കോട് ബസാറിൽ വച്ച് കണ്ടിരുന്നു. ബാപ്പ കോഴിക്കോടാണെന്നു പറഞ്ഞു. എനിക്ക് കോയപ്പത്തൊടിയിലെ ആളുകളെ അറിയില്ല. ഇവിടെ കാണിച്ച .303 തോക്ക് ചെമ്പ്രശ്ശേരി തങ്ങളുടെ സംഘത്തിന് പാണ്ടിക്കാട്ടു നിന്ന് കിട്ടിയതാണ്. ആശാരിത്തൊടിക അലവിയാണ് അത് ആദ്യം കൈവശം വച്ചിരുന്നത്. പിന്നീട് രണ്ടു മൂന്നു തവണ കൈ മറിഞ്ഞിട്ടുണ്ട്. ചക്കിപ്പറമ്പൻ ഏനികുട്ടിയുടെ കൈവശം അരീക്കോട്ടു നിന്നു കിട്ടിയ ഒരു ദൂരദർശിനിയുണ്ടായിരുന്നു. ചേക്ക് കുരിക്കൾ ചാത്തങ്ങോട്ടുപുരത്തെ ഇല്ലങ്ങളിൽ രണ്ടു മൂന്നു വട്ടം കൊള്ളകൾ നടത്തിയിട്ടുണ്ട്. മൂസ അധികാരി രണ്ടു മൂന്നു ദിവസം കലാപകാരികളോടൊപ്പം നടന്ന ശേഷം വിട്ടു പോയി. അബ്ദു ഹാജി ഐദ്രുവിന്റെയും (ഹെഡ് കോൺസ്റ്റബിൾ) ചേക്കുട്ടിയുടെയും കൊലപാതകങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്.

ആർ.എച്ച്. ഹിച്ച് കോക്ക് 1924 ൽ പ്രസിദ്ധീകരിച്ച A History Of Malabar Rebellion,1921 ൽ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ചു പറയുന്ന കാര്യങ്ങൾ

മൊയ്തീൻ കുട്ടി ഹാജിയുടെ മകൻ വാരിയൻകുന്നത്ത് എന്ന ചക്കിപ്പറമ്പൻ കുഞ്ഞഹമ്മദ് ഹാജിയുടെ ചെയ്തികളെക്കുറിച്ചു പറയാം.1883 ൽ ജനിച്ച ഇയാൾ വെട്ടിക്കാട്ടിരി അംശത്തിലെ വള്ളുവനാട് സ്വദേശിയാണ്. ഇയാളുടെ അമ്മ ഇപ്പോളും ജീവിച്ചിരിപ്പുണ്ട്. തുവ്വൂരിലെ സമ്പന്നരായ മാപ്പിളമാരിൽ പെട്ട പാറവെട്ടി കുടുംബത്തിലെ അംഗമായ അവർക്ക് അവിടെ ഇപ്പോളും ഭൂസ്വത്തുക്കളുണ്ട്. ഇയാളുടെ പിതാവിന്റെ ഏതാണ്ട് എല്ലാ ബന്ധുക്കളേയും 1894 ലെ കലാപത്തിൽ പങ്കെടുത്തതിന് ഒന്നുകിൽ വെടിവച്ചു കൊല്ലുകയോ, അല്ലെങ്കിൽ നാടു കടത്തുകയോ ചെയ്തിട്ടുണ്ട്. ഇയാളുടെ പിതാവിനെ ജീവപര്യന്തം നാടു കടത്തിയതാണ്. ഇയാൾക്ക് അപ്പോൾ പതിനൊന്നോ, പന്ത്രണ്ടോ വയസ്സ് പ്രായമുണ്ട്. 1909 ൽ പാണ്ടിക്കാട് ചന്തയിൽ വന്ന പാലക്കാട്ടെ മൂത്തന്മാരുടെ സ്വർണം കൊള്ളയടിച്ച വലിയൊരു സംഭവമുണ്ടായി. കേസ് തെളിഞ്ഞില്ലെങ്കിലും കുഞ്ഞഹമ്മദ് ഹാജിയാണ് അത് ചെയ്തതെന്ന് പരസ്യമാണ്. അതേ കാലത്തു തന്നെ മഞ്ചേരിക്കും, പാണ്ടിക്കാടിനും ഇടയ്ക്കു വച്ച് തപാൽ വണ്ടി കൊള്ളയടിച്ച സംഭവത്തിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്. തപാൽ വണ്ടിയിലെ ഈ മോഷണത്തിന്റെ ബാക്കിപത്രമായി കലാപ സമയത്ത് ഒരു സംഭവം ഉണ്ടായിട്ടുണ്ട്.

കുഞ്ഞഹമ്മദ് ഹാജിയുടെ സഹോദര സ്ഥാനീയനായ വാരിയൻകുന്നത്ത് കുന്നൻകുട്ടി ഈ മോഷണത്തിൽ തന്റെ പിതാവിന്റെ വിഹിതം അമ്മാവനായ തൊണ്ടിയിൽ ഐദ്രു ഹാജി തട്ടിയെടുത്തതായി ആരോപിച്ച് അയാളെ കൊലപ്പെടുത്തി. തപാൽ വണ്ടിയിലെ കൊള്ളക്കു ശേഷം വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മെക്കയിലേക്കു പോയി. 1914 ൽ മലബാറിലേക്കു മടങ്ങി വന്ന അയാൾ തന്റെ മാതാവിനെ അവരുടെ സിവിൽ വ്യവഹാരങ്ങളിൽ സഹായിക്കാൻ കൂടി. 1894 മുതൽ വാരിയൻകുന്നത്ത് കുടംബത്തിന്റെ ഈ ശാഖയിലെ പ്രശ്നങ്ങൾ മുതലെടുത്ത് മറ്റു മാപ്പിളമാർ ഇവരുടെ മിക്കവാറും സ്വത്തുക്കൾ കൈക്കലാക്കിയിരുന്നു. തിരിച്ചെത്തിയ അയാൾക്ക് ഈ കാരണത്താൽ വിരോധികളുണ്ടായിരുന്നു. ഇയാൾ പ്രതികാരം ചെയ്യുമോ എന്നു ഭയന്ന് എതിരാളികൾ 1915 ൽ ഇയാളെ മാപ്പിള ആക്റ്റ് പ്രകാരമുള്ള ഒരു കുറ്റകൃത്യത്തിൽ പെടുത്താൻ ശ്രമിച്ചു. എങ്കിലും തെളിവുകൾ കെട്ടിച്ചമച്ചതാണ് എന്നു കണ്ടെത്തി. വള്ളുവനാട്ടിൽ നിന്ന് മാറിനിൽക്കുന്നതാണ് നല്ലത് എന്ന ഉപദേശപ്രകാരം അയാൾ കൊണ്ടോട്ടിക്കടുത്ത് നെടിയിരിപ്പിലേക്കു പോയി, അവിടെനിന്നു വിവാഹം കഴിച്ചു. പക്ഷെ 1919 ൽ തുവ്വൂരിലെക്കു മടങ്ങാൻ അനുവാദം ചോദിച്ചു. ഇയാൾക്ക് അറബി ഭാഷ നല്ലപോലെ എഴുതാനും വായിക്കാനും അറിയാം. കുറച്ച് ഭൂസ്വത്തുക്കളുടെ ഉടമയുമാണ്. അങ്ങനെ ഇയാളുടെ ആദ്യകാല ജീവിതം മോശമാണ്. കുപ്രസിദ്ധമായ ഒരു കുടുംബത്തിലാണ് ജനനം. ചെറുപ്പകാലം കഴിച്ചു കൂട്ടിയത് ഏറനാട്ടിലെ ഏറ്റവും മോശം കുറ്റവാളികളോടൊപ്പമാണ്.

ഗൗരവമുള്ള രണ്ടു കുറ്റകൃത്യങ്ങളിൽ പങ്കെടുത്ത് മെക്കയിലേക്ക് ഒളിച്ചോടി. മെക്കയിലെ ഇയാളുടെ പെരുമാറ്റത്തെക്കുറിച്ച് അറിയില്ലെങ്കിലും, ജിദ്ദയിൽ നിന്നുള്ള തീർത്ഥാടകരെ കൊള്ളയടിക്കുന്ന സംഘങ്ങളിൽ ഏറനാട്ടിലെ മാപ്പിളമാർ ഉണ്ടാകാറുണ്ട്. തിരിച്ചെത്തിയ ഇയാൾ കർശന നിരീക്ഷണത്തിലായിരുന്നു. അതിന്റെ നന്ദിയും ഉണ്ടായിരുന്നു. എന്തായാലും ആറു വർഷത്തോളം കുറ്റം പറയാനില്ലാത്ത ജീവിതമായിരുന്നു. 1920 ൽ ഹിന്ദുക്കൾ ഇയാളെ സമരത്തിൽ സജീവമായി പങ്കെടുപ്പിക്കാൻ ശ്രമിച്ചു. ഇതവർ അറിവില്ലായ്മ കൊണ്ടു ചെയ്തതാകാം. അവർ മഞ്ചേരി ചന്തയിൽ വച്ച് യാദൃശ്ചികമായി ഇയാളെ കാണുകയായിരുന്നു. ഇതുമായി ഒരു തരത്തിലും ബന്ധപ്പെടില്ല എന്ന് ഇയാൾ അധികാരികൾക്കു വാക്കു കൊടുത്തിരുന്നെങ്കിലും, ചുറ്റും നടക്കുന്നതെല്ലാം ഇയാൾ അറിഞ്ഞിരുന്നു. കാട്ടിലശ്ശേരി മുഹമ്മദ് മുസലിയാരെയും, എംപി. നാരായണ മേനോനെയും കണ്ടിട്ടുള്ള ഇയാൾ മനസ്സിലാക്കിയത് അവർ സമരം ചെയ്യുന്നത് നിലവിലെ അധികാരം അവരുടെ കൈകളിലെത്താനാണ് എന്നാണ്. അയാൾ പറയുന്നത് ഖിലാഫത്ത് തുർക്കിയുടെ വിഷയമാണ്,

ഇന്ത്യയുടേതല്ല എന്നാണ്. അടുത്തതായി ഇയാൾ പൂക്കോട്ടൂരിലെ ആദ്യത്തെ സംഭവവും, അത് ഒത്തുതീർന്ന കാര്യവും കേൾക്കുന്നു. പിന്നെ ഇയാൾ കേൾക്കുന്നത് അയാൾക്ക് നേരത്തെ പരിചയമുള്ള ആലി മുസലിയാർ കൊല്ലപ്പെട്ടു, തിരൂരങ്ങാടി പള്ളി തകർത്തു, പക്ഷെ പട്ടാളത്തിനു മേൽ വളരെ അഭിമാനകരമായ വിജയം നേടിയിരിക്കുന്നു, ജില്ലാ മജിസ്‌ട്രേറ്റും, ജില്ലാ പൊലീസ്സൂപ്രണ്ടും കൊല്ലപ്പെട്ടിരുന്നു എന്നൊക്കെ ഒരാൾ വന്ന് അറിയിക്കുന്നതാണ്. ഇതയാൾക്ക് താങ്ങാവുന്നതിലധികം ആവേശം നൽകി. മതിമറന്ന അയാൾ ഉടനെ സർക്കാരിന്റെ കടിഞ്ഞാൺ കയ്യിലെടുത്തു. മിക്കവാറും മുൻ പട്ടാളക്കാരെ അണിനിരത്തി ഒരു സംഘമുണ്ടാക്കി. അവരെ ആയുധമണിയിച്ച് തന്റെ രാജ്യം ഏകീകരിക്കാനുള്ള ശ്രമങ്ങളാരംഭിച്ചു.

അയാൾ പൊലീസ് സ്റ്റേഷൻ ആക്രമിച്ചും, കൊള്ളകൾ നടത്തിയും വെറുതെയിരിക്കുകയല്ല ചെയ്തത്. തന്റെ രാജ്യം മുഴുവൻ ചുറ്റിക്കറങ്ങി. അയാൾക്ക് അംഗരക്ഷകരായി അമ്പതോ, നൂറോ പേരടങ്ങുന്ന ഒരു സ്വകാര്യ സേനയുണ്ടായിരുന്നു. ചെല്ലുന്ന സ്ഥലങ്ങളിൽ നിന്നെല്ലാം ഇയാളുടെ കൂടെ ആളുകൾ കൂടുമെങ്കിലും, അയാൾ അവരെ ഒപ്പം കൊണ്ടു നടന്നിരുന്നില്ല. എല്ലാവർക്കും ഭക്ഷണം കൊടുക്കാനുള്ള ബുദ്ധിമുട്ടാകാം കാരണം. ഇരുപത്തിരണ്ടാം തീയ്യതി ഇയാൾ പാണ്ടിക്കാട്ടു നിന്ന് ആയുധങ്ങൾ കൊള്ളയടിക്കുകയും, വള്ളുവനാട്ടിലെ സ്വന്തം വീടിനടുത്തുള്ള നെല്ലിക്കുത്ത് പാലം തകർക്കുകയും ചെയ്ത ശേഷം കടത്ത് കാവലിനായി അളിയനായ മുസലിയാരകത്ത് അബ്ദുള്ളകുട്ടി ഹാജിയെയും സംഘത്തെയും ഏൽപ്പിച്ചു. 1921 ഓഗസ്റ്റ് ഇരുപത്തിമൂന്നാം തീയ്യതി ഇയാൾ എന്തു ചെയ്തു എന്നറിയില്ല. മിക്കവാറും ആയുധങ്ങൾ കൊള്ളയടിക്കുകയായിരുന്നിരിക്കാം.1921 ഓഗസ്റ്റ് 24 മുതൽ 26 വരെ ഇയാൾ മഞ്ചേരിയിലായിരുന്നു. അവിടെവച്ച് രാജാവായി സ്വയം പ്രഖ്യാപിച്ച ശേഷം അയാളുടെ ആദ്യത്തെ പ്രവർത്തികളിലൊന്ന് നമ്പൂതിരി ബാങ്ക് ആക്രമിക്കുകയായിരുന്നു. അതുകൊള്ളയടിക്കുകയല്ല, പണയപണ്ടങ്ങളുടെ ഉടമസ്ഥരെയും, ബാങ്ക് അധികാരികളെയും വരുത്തി ആഭരണങ്ങൾ ഉടമസ്ഥർക്ക് തിരിച്ചു കൊടുക്കുകയായിരുന്നു ചെയ്തത്. പൂക്കോട്ടൂരിൽ പട്ടാളം വന്ന വിവരമറിഞ്ഞ ഇയാൾ കരുവാരകുണ്ടിലേക്കു സ്ഥലം വിട്ടു.

കൂടുതൽ ആയുധങ്ങൾ ശേഖരിക്കാൻ ഉദ്ദേശിച്ച് അന്നു രാത്രി അവിടെ തങ്ങിയ ശേഷം അങ്ങാടിപ്പുറത്തേക്കു പോയി. അങ്ങാടിപ്പുറത്തെ കാര്യങ്ങൾ ഒട്ടും കാര്യക്ഷമമായല്ല നടക്കുന്നത് എന്ന് അഭിപ്രായമുള്ളതുകൊണ്ട് വഴിയിൽ വച്ച് വടക്കേ വള്ളുവനാട്ടിലെ സംഘത്തിലെ കുറെ ആളുകളെയും കൂടെക്കൂട്ടി. അതിനു ശേഷം പലയിടത്തും ഇയാളെ കണ്ടതായി പറയപ്പെടുന്നുണ്ട്. കലാപകാലത്തുടനീളം കോഴിക്കോടു മുതൽ നിലമ്പൂരിലും, മണ്ണാർക്കാടും ഏറ്റവും ഭയപ്പെടുത്തുന്ന നാമമായിരുന്നു ഇയാളുടേത്.

1921 സിനിമയിൽ പറയുന്നത് പച്ചനുണ

തുടർന്ന് ഡോ മനോജ് ബ്രൈറ്റ് ഇങ്ങനെ എഴുതുന്നു. -അപ്പോൾ കാര്യങ്ങൾ വ്യക്തമാണ്. നേരത്തെതന്നെ പൊലീസിന്റെ കർശ്ശന നിരീക്ഷണത്തിലായിരുന്ന ഒരു ക്രിമിനലായിരുന്നു വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. സ്വാതന്ത്ര്യ സമരത്തിലൊന്നും ഒരു താൽപര്യവും ഇല്ലായിരുന്ന ഇയാളെ മഞ്ചേരി ചന്തയിൽ വച്ച് യാദൃശ്ചികമായി ഇയാളുടെ പൂർവ്വ ചരിത്രമൊന്നും അറിയാതെയാണ് മാധവൻ നായരും കൂട്ടരും സമീപിക്കുന്നത്. ഇതറിഞ്ഞ പൊലീസ് കർശനമായ താക്കീതു കൊടുക്കുകയും ഇയാൾ അതിൽനിന്നു പിന്മാറി നല്ലനടപ്പ് തുടരുകയും ചെയ്തു. പിന്നീട് തിരൂരങ്ങാടിയിൽ വച്ച് പൊലീസ് സൂപ്രണ്ടും, മജിസ്‌ട്രേറ്റും കൊല്ലപ്പെട്ടു എന്ന് കേട്ടപ്പോൾ ഇനി ആരെയും പേടിക്കാനില്ല എന്നു തോന്നി അവസരവാദിയായ ഏതൊരു ക്രിമിനലിനേയും പോലെ മതിമറന്ന് ഇതിലേക്ക് ചാടുകയായിരുന്നു. അവരൊന്നും മരിച്ചിട്ടില്ല എന്ന സത്യം മനസ്സിലായപ്പോൾ തിരിച്ചു കയറാൻ പറ്റിയുമില്ല. കൊള്ളമുതലും കൊണ്ട് ഓടിയാലൊന്നും എവിടെയും എത്തില്ല എന്നറിയാമായിരുന്ന ഇയാൾ ആളുകളെ സംഘടിപ്പിച്ചാൽ രക്ഷകിട്ടുമായിരിക്കും എന്നു കരുതി. അങ്ങനെ എല്ലായിടത്തും ഓടി നടന്ന് ആളുകളെ ഇളക്കിവിടുന്നതല്ലാതെ ഇയാൾ ഒരിക്കൽ പോലും പട്ടാളവുമായി ഏറ്റു മുട്ടിയിട്ടില്ല. കലാപകാരികൾ രണ്ടു തവണയാണ് പട്ടാളവുമായി കാര്യമായി ഏറ്റുമുട്ടിയിരിക്കുന്നത്. ഓഗസ്റ്റ് 26 ലെ പൂക്കോട്ടൂർ യുദ്ധവും, നവംബർ 15 ലെ പാണ്ടിക്കാട് പട്ടാള ക്യാമ്പ് ആക്രമണവും. സ്ഥലത്തുണ്ടായിരുന്നിട്ടു പോലും ഇയാൾ ഇതിൽ രണ്ടിലും പങ്കെടുത്തിട്ടില്ല. നേരെ എതിർ ദിശയിലേക്കു ഓടുകയായിരുന്നു.

ഇയാളെ ഹീറോയാക്കിയത് 1921 സിനിമയാണ്. പച്ച നുണകളാണ് അതിൽ മുഴുവനും. സിനിമ തുടങ്ങുന്നതുതന്നെ കലക്ടറുടെ ഉത്തരവ് കുഞ്ഞഹമ്മദ് ഹാജി സ്വീകരിക്കില്ല,ആള് വല്യ ദേഷ്യക്കാരനാണ് എന്ന് ആലി മുസലിയാർ (മധു) പറഞ്ഞുകൊണ്ടാണ്. വാരിയൻകുന്നം ഖിലാഫത്തിലൊന്നും പങ്കെടുത്തിരുന്നില്ലെന്നും, മാധവൻ നായരുടെ കൂടെ കണ്ടതിന് നോട്ടീസ് കിട്ടിയ അയാൾ ഹിച്ച് കോക്കിനോട് സങ്കടം പറയാനും, സെക്ഷൻ 144 പ്രകാരം പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവിന് യാതൊരു അടിസ്ഥനവുമില്ലെന്നും പറയാനും നടക്കുകയായിരുന്നു എന്നതിന് അയാളുടെ മൊഴി തന്നെ തെളിവ്. ആലി മുസലിയാരുമായി പരിചയമുണ്ടെന്നല്ലാതെ സിനിമയിൽ കാണുന്നപോലെ അവർ അടുത്ത സുഹൃത്തുക്കളോ, സഹകാരികളോ ആയിരുന്നില്ല.

സിനിമയിൽ പട്ടാള ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്ത് ഇയാൾക്ക് പരിക്കു പറ്റിയതായാണ് കാണിക്കുന്നത്. തനിക്കു പ്രാമുഖ്യം കിട്ടില്ല എന്നതുകൊണ്ട് ആക്രമണത്തിൽ ചേരാതെ പാതി വഴിക്കു വച്ച് തിരിഞ്ഞോടുകയായിരുന്നു എന്ന് ഇയാളുടെ തന്നെ മൊഴിയിലുണ്ട്.

മാപ്പിള കലാപത്തെക്കുറിച്ച് ഏറ്റവും അധികാരികവും സമകാലികവും എന്നു പറയാവുന്നത് മലബാറിലെ പൊലീസ് സൂപ്രണ്ടായിരുന്ന ആർ.എച്ച്. ഹിച്ച്കോക്ക് ഔദ്യോഗിക രേഖകളെ അടിസ്ഥാനപ്പെടുത്തി എഴുതി മദ്രാസ് ഗവർമെന്റ് 1924 ൽ പ്രസിദ്ധീകരിച്ച A History Of Malabar Rebellion,1921 എന്ന പുസ്തകമാണ്.( മതഭ്രാന്തന്മാരുടെ തേർവാഴ്ചയായിരുന്നു അന്ന് നടന്നത് എന്ന് വ്യക്തമായും പറയുന്ന ഈ പുസ്തകം ഇപ്പോൾ Peasant Revolt In Malabar എന്ന പേരിലാണ് അറിയപ്പെടുന്നത്. പേര് കേൾപ്പിക്കുമ്പോൾ തന്നെ കാർഷിക വിപ്ലവമാണ് നടന്നത് എന്ന് ബ്രിട്ടീഷുകാർ പോലും പറയുന്നുണ്ടല്ലോ എന്ന് തോന്നില്ലേ? അതിലാണ് കാര്യം.)

ഞാൻ വിവർത്തനം ചെയ്യുന്ന ഈ രേഖകളൊന്നും ആർക്കും കിട്ടാത്ത രഹസ്യ രേഖയൊന്നുമല്ല. നൂറോളം കൊല്ലമായി പരസ്യമായ രേഖകൾ തന്നെയാണ്. പക്ഷെ ഇതൊന്നും ഇതിനു മുൻപ് കേട്ടിട്ടില്ലല്ലോ, മലബാർ കലാപത്തെക്കുറിച്ചുള്ള ഒരു പുസ്തകത്തിലും ഇതൊന്നും കാണുന്നില്ലല്ലോ, അതെന്തുകൊണ്ടാണ് എന്ന് തോന്നുന്നുണ്ടെങ്കിൽ ആ ചോദ്യം ചോദിക്കേണ്ടത് എന്നോടല്ല. ആ ചരിത്രകാരന്മാരോടാണ്. കലാപത്തെക്കുറിച്ച് ഇറങ്ങിയിട്ടുള്ള അസംഖ്യം പഠനങ്ങളുടെ റഫറൻസ് സെക്ഷനിൽ നോക്കിയാൽ ഹിച്ച്കോക്കിന്റെ പുസ്തകത്തിന്റെ പേര് കാണാം. എന്നാൽ പുസ്തകത്തിൽ വിവരിക്കുന്ന കാര്യങ്ങൾ ഏതാണ്ട് ഒന്നും തന്നെ അവരുടെ ആരുടേയും പുസ്തകത്തിൽ കാണില്ല. ഇനി ഹിച്ച്‌കോക്കിന്റെതുകൊള്ളൂല്ലാത്ത പുസ്തകമാണെങ്കിൽ എന്തുകൊണ്ട് കൊള്ളൂല്ല എന്നെങ്കിലും അവരുടെ പഠനത്തിൽ കാണണ്ടേ? ചിലർ തുണ്ടു പടങ്ങൾ കമ്പ്യൂട്ടറിൽ study materials എന്ന ഫോൾഡറിൽ ഒളിപ്പിക്കുന്ന പോലെ ഹിച്ച്‌കോക്കിന്റെ A History Of Malabar Rebellion,1921 പേരുമാറ്റി Peasant Revolt In Malabar എന്നാക്കി ഒളിപ്പിക്കുന്നത് എന്തിനാണ്?

സ്വരാജ് വള്ളിപുള്ളി വിടാതെ വിക്കിപീഡിയയാണ് ഉദ്ധരിക്കുന്നത്. മലയാളം വിക്കിപീഡിയയിൽ വാരിയൻ കുന്നത്തിനെ കുറിച്ചെഴുതിയിരിക്കുന്നത് വായിച്ചാൽ ചിരിച്ചു മരിക്കും. അതിലെ ചുരുങ്ങിയത് രണ്ടു തള്ളുകൾക്കെങ്കിലും ഹിച്ച്കോക്കിന്റെ പുസ്തകം റഫറൻസായി കൊടുത്തിരിക്കുന്നത് പച്ച നുണയാണ്. നനഞ്ഞ പൂച്ചയെപ്പോലെ പൊലീസിനു മുന്നിൽ മൊഴി കൊടുക്കുന്ന ഇയാൾ നെഞ്ചിൽ തന്നെ വെടിവയ്ക്കാൻ ആവശ്യപ്പെട്ടു എന്നതൊക്കെ വെറും തള്ളാണ്. വിക്കിയിൽ ഈ കാര്യത്തിന് ഹിച്ച്‌കോക്കിന്റെ പുസ്തകമാണ് റഫറൻസായി കൊടുത്തിരിക്കുന്നത്. ആ പുസ്തകത്തിലെവിടെയും അങ്ങനെ ഒരു കാര്യം പറയുന്നേയില്ല.- ഡോ ബ്രൈറ്റ് ചൂണ്ടിക്കാട്ടി.

വാരിയൻ കുന്നത് ധീര രക്തസാക്ഷിയെന്ന് സ്വരാജ്

എം സ്വരാജ് നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ മലബാർ കലാപത്തെ ബാധിക്കുന്ന പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്. 'ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരചരിത്രം നമ്മെ പഠിപ്പിക്കുന്നതെന്താണ്? മതപരമായ സമരമാണോ ഇവിടെ നടന്നത്? എല്ലാ മതവിഭാഗത്തിലും പെട്ടവർ ഇന്ത്യയെന്ന ഒരേ ആശയത്തിനുവേണ്ടി മതനിരപേക്ഷമായി അണിനിരന്ന സമരമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യസമരം. എല്ലാ മതവിഭാഗത്തിലുംപെട്ട വീരശൂരപരാക്രമികളായ എത്രയെത്ര രക്തസാക്ഷികൾ ഇവിടെയുണ്ട്. കേരളത്തിൽ എത്ര അനുഭവങ്ങളുണ്ട്. മുസ്ലിം ജനവിഭാഗത്തെയാകമാനം തുടച്ചുനീക്കാനും ആട്ടിപ്പായിക്കാനും ലക്ഷ്യംവയ്ക്കുന്ന ഈ നിയമം തയ്യാറാക്കുമ്പോൾ നിങ്ങൾ മലബാറിലെ സ്വാതന്ത്ര്യസമരങ്ങളുടെ ചരിത്രം പരിശോധിച്ചിട്ടുണ്ടോ? എത്രയെത്ര അനുഭവങ്ങളാണ് അവിടെ ഉള്ളത്. 1852ൽ ബ്രിട്ടൻ നാടുകടത്തിയ സയ്യിദ് ഫസൽ പൂക്കോയ തങ്ങളുടെ പേര് നിങ്ങൾ കേട്ടിട്ടുണ്ടോ? നിങ്ങൾക്ക് മമ്പുറം എന്നൊരു നാടിനെക്കുറിച്ച് അറിയുമോ? വാഴക്കാട് അടുത്തു കൊന്നാര എന്നൊരു ഗ്രാമമുണ്ട്. ആ കൊന്നാര മഖാം ഇന്നും ചരിത്ര സ്മാരകമായി നിലനിൽക്കുന്നു. ആ മുസ്ലിം ദേവാലയം ബ്രിട്ടൻ വെടിവെച്ച് തകർത്തതാണ്. അന്നത്തെ സ്വാതന്ത്ര്യസമരത്തിന്റെ ഒരു കേന്ദ്രം അതായിരുന്നു. ഇന്നും അതുവഴി കടന്നുപോകുമ്പോൾ കൊന്നാരം മഖാമിന്റെ വാതായനങ്ങളിൽ പതിഞ്ഞിട്ടുള്ള നീക്കംചെയ്യാത്ത വെടിയുണ്ടകൾ നിങ്ങൾക്കു കാണാം. അവിടെനിന്നും ബ്രിട്ടൻ അറസ്റ്റുചെയ്ത സയ്യിദ് മുഹമ്മദ് കോയ തങ്ങളെ കോയമ്പത്തൂരിൽ കൊണ്ടുപോയി തൂക്കിലേറ്റുകയാണ് ചെയ്തത്.

നിങ്ങൾക്ക് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്നൊരു പേര് അറിയുമോ. ബ്രിട്ടന്റെ സൈനികാധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ട് സ്വന്തമായി ഒരു രാഷ്ട്രംസ്ഥാപിച്ച ആളായിരുന്നു. തന്റെ റിപ്പബ്ലിക്കിന് അദ്ദേഹം ഇട്ട പേര് മലയാള രാജ്യമെന്നായിരുന്നു. ബലംപ്രയോഗിച്ച് ബ്രിട്ടൻ അദ്ദേഹത്തെ കീഴ്പ്പെടുത്തി. മൃഗീയമായി മർദ്ദിച്ചു. മീശയിലെ ഓരോ രോമങ്ങളും പിഴുതെടുത്ത് ബയണറ്റുകൊണ്ട് കുത്തി. അവസാനം ഒരു ഓഫർ മുന്നോട്ടുവച്ചു- നിങ്ങൾ മാപ്പപേക്ഷ എഴുതിത്ത്ത്തന്നാൽ, നിങ്ങൾ സ്വാതന്ത്ര്യസമരം അവസാനിപ്പിച്ചാൽ നിങ്ങൾക്ക് മക്കയിൽ സുഖമായി ജീവിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിത്തരാം എന്നായിരുന്നു അത്. ആ ഓഫറിന്റെ മുന്നിലും മൃതപ്രായനെങ്കിലും പുഞ്ചിരിമായാത്ത മുഖവുമായി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മറുപടി പറഞ്ഞുവത്രെ 'മക്ക എനിക്ക് ഇഷ്ടമാണ് പക്ഷേ നിങ്ങൾ അറിയണം ഞാൻ പിറന്നുവീണത് മക്കയിലല്ല. സമരപോരാട്ടങ്ങളുടെ വീരേതിഹാസമുറങ്ങുന്ന ഏറനാടിന്റെ മണ്ണിലാണ്. ഈ മണ്ണിൽ ഞാൻ മരിച്ചുവീഴും. ഈ മണ്ണിൽ ഞാൻ ലയിച്ചുചേരും'. അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചു. വിധി കേട്ട ഉടൻ അദ്ദേഹം പറഞ്ഞു. പിറന്ന നാടിനുവേണ്ടി രക്തസാക്ഷിയാകാൻ എനിക്കൊരു അവസരം കൈവന്നിരിക്കുന്നു. ഇതിന് രണ്ട് റക്കാത്ത് നമസ്‌കരിച്ച് ദൈവത്തോടുള്ള നന്ദി പ്രകാശിപ്പിക്കാൻ എനിക്ക് സമയംതരണം. അദ്ദേഹത്തിന്റെ അന്തിമാഭിലാഷപ്രകാരം മുന്നിൽനിന്ന് വെടിവച്ചാണ് അദ്ദേഹത്തെ കൊന്നത്. അന്ന് പുറകിൽ നിന്ന് കണ്ണുകെട്ടി വെടിവച്ചാണ് ആളുകളെ കൊന്നുകൊണ്ടിരുന്നത്. അവസാനത്തെ ആഗ്രഹം ചോദിച്ചപ്പോൽ അദ്ദേഹം പറഞ്ഞു, നിങ്ങളെന്റെ കണ്ണുകൾ മൂടികെട്ടരുത്, എന്നെ മുന്നിൽ നിന്ന് വെടിവയ്ക്കണം. അങ്ങനെ പറഞ്ഞ ധീരന്മാരുടെ നാടാണ് ഈ നാട്.

ആലി മുസലിയാരുടെ നാടാണ് ഈ നാട്. ഇന്ത്യയിലാകെ ഒരിടത്തുമാത്രമെ ബ്രിട്ടീഷ് പട്ടാളവുമായി സിവിലിയന്മാർ നേരിട്ട് ഏറ്റുമുട്ടിയിട്ടുള്ളു. അത് ഇന്നത്തെ മലപ്പുറം ജില്ലയിൽ ഉൾപ്പെടുന്ന പൂക്കോട്ടൂരിന്റെ മണ്ണിലാണ്. ഇന്നും അവിടെ യുദ്ധസ്മാരകമുണ്ട്. ബ്രിട്ടീഷ് പട്ടാളത്തെ തോൽപ്പിച്ചവരാണ് ഏറനാട്ടിലെ മാപ്പിളമാർ. ആ പ്രൗഡഗംഭീരമായ ഭൂതകാലം നിലനിൽക്കുമ്പോഴാണ് നിങ്ങൾ ഒരു ജനതയെ ആകമാനം സംശയത്തിന്റെ നിഴലിൽ നിർത്തി തുടച്ചുനീക്കാനുള്ള സമീപനം സ്വീകരിക്കുന്നത്.'- സ്വരാജ് ചൂണ്ടിക്കാട്ടി.

കലാപകാരികളെ ഭഗത് സിങ്‌ ആക്കരുത്

സ്വരാജിന്റെ നിലപാടുകളെ പൊളിച്ചെടുക്കി സ്വതന്ത്ര ചിന്തകനായ സജീവ് ആല എഴുതിയ പോസ്ററും വൈറൽ ആയിരുന്നു. സജീവ് അലയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്:

ഹോഹോ എന്തൊരു പ്രസംഗം...!

പൗരത്വബിൽ ചർച്ചയിൽ പങ്കെടുത്ത് എം സ്വരാജിന്റെ നിയമസഭയിൽ നടത്തിയ ആ സ്പീച്ച് കേൾക്കുന്ന ആരും രോമാഞ്ചഭരിതരാകും.

വാക്കുകളുടെ അനർഗ്ഗളപ്രവാഹം
ആശയവ്യക്തത കൃത്യത
ചരിത്രാഖ്യാനം വ്യാഖ്യാനം
അതിരുകളില്ലാത്ത മാനവികത
മതമില്ലാ മതിലില്ലാ മനുഷ്യസ്നേഹം

വാരിയം കുന്നത്ത് ഹാജി, ആലി മുസ്ലിയാർ.ഈ മഹാനേതാക്കളെ പറ്റി വരുടെ അന്ത്യനിമിഷങ്ങളെ പറ്റി സ്വരാജ് വിവരിക്കുന്നത് കേട്ടാൽ ബജ്റംഗ്ദളുകാരുടെ കണ്ണും കരളും വരെ നിറഞ്ഞൊഴുകും.എന്നെ മുന്നിൽ നിന്ന് വെടിവെക്കൂ എന്നാവശ്യപ്പെട്ട ധീരവീരശൂര പരാക്രമിയായ വാരിയം കുന്നത്ത് ഹാജി. ന്തിനാണാവോ ഈ ഹാജിയും മുസ്ലിയാരുമൊക്കെ പട നയിച്ചത്...?

ബ്രിട്ടീഷ് അടിമച്ചങ്ങലയിൽ കുടുക്കിലായ മാതൃരാജ്യത്തിന്റെ വിമോചനം. അതായിരുന്നോ ഈ മാപ്പിളലഹളക്കാരുടെ ഉദ്ദേശവും ലക്ഷ്യവും....?അങ്ങ് അകലേക്കലെ മുസ്ലിം ആത്മീയ നേതാവ് കൂടിയായിരുന്ന തുർക്കിയിലെ ഖലീഫയെ ബ്രിട്ടീഷുകാർ സ്ഥാനഭ്രഷ്ടനാക്കി. അതോടെ ലോകമെങ്ങുമുള്ള സുന്നി മുസ്ലീങ്ങളുടെ മതവികാരം വ്രണപ്പെട്ടു.

രോഷാകുലരായ ഇന്ത്യൻ വർഗീയവാദികൾ ഖിലാഫത്ത് ഉണ്ടാക്കി.എന്തുവിലകൊടുത്തും ഹിന്ദു-മുസ്ലിം ഐക്യം ഒപ്പിച്ചെടുക്കണം എന്ന പിടിവാശിയിലായിരുന്ന ഗാന്ധിജി ഖിലാഫത്തുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കി.അതിന്റെ എല്ലാ ദുരന്തഫലങ്ങളും അനുഭവിച്ചത് ഏറനാട്-വള്ളുവനാട് താലൂക്കുകളിലെ ഹിന്ദുക്കളായിരുന്നു.വംശഹത്യ അഥവാ ലവേിശര രഹലമിശെിഴ അതിനായിരുന്നു തെക്കൻ മലബാർ സാക്ഷ്യം വഹിച്ചത്.ഏത് കലാപത്തിലും എന്നപോലെ മലബാർ ലഹളയുടെ പീഡനം ഏറ്റുവാങ്ങിയത് മുഴുവൻ സ്ത്രീകളായിരുന്നു. ഉറ്റവരുടെ കണ്മുന്നിലിട്ട് അവർ പിച്ചിച്ചീന്തപ്പട്ടു.ഗുജറാത്ത് കലാപകാലത്ത് നടന്നുവെന്ന് ആരോപിക്കുന്ന പോലെ ഗർഭിണികളുടെ വയർ കുത്തിക്കീറപ്പെട്ടു.വീട്ടിൽനിന്ന് ഓടിരക്ഷപ്പെട്ട സാവിത്രിമാർ ചാത്തന്റെ മാടങ്ങളിൽ അഭയം തേടി ജീവൻ കാത്തു. മതം മാറാൻ വിസ്സമിതിച്ചവർ അതിഭീകരമായി കൊല ചെയ്യപ്പെട്ടു.

കേരളചരിത്രത്തിലെ ആദ്യത്തെ വർഗീയകലാപത്തിന് വംശഹത്യയ്ക്ക് നേതൃത്വം നല്കിയ കൊടുംപാതകികളായ വാരിയം കുന്നത്ത് അഹമ്മദ് ഹാജിയേയും ആലി മുസ്ലിയാരെയുമാണ് സഖാവ് സ്വരാജ് ഭഗത് സിംഗിനും ചന്ദ്രശേഖർ ആസാദിനും സമന്മാരാക്കി മഹത്വവത്ക്കരിച്ചത്.വാരിയം കുന്നത്ത് ഹാജി സ്ഥാപിച്ച ഖിലാഫത്ത് സാമ്രാജ്യത്തിന്റെ പേര് മലയാളരാജ്യം എന്നായിരുന്നുവെന്ന് പറഞ്ഞ് ഊറ്റം കൊണ്ട സ്വരാജ് അതൊരു ഇസ്ലാമിക രാഷ്ട്രമായിരുന്നുവെന്ന വസ്തുത സമർത്ഥമായി തമസ്‌ക്കരിച്ചു. സ്വന്തം അയലത്ത് ദിവസവും കണ്ടുവളർന്ന സ്ത്രീകളോടും കുഞ്ഞുങ്ങളോടും പോലും ഒരിറ്റ് കരുണ കാട്ടാതെ കൂട്ടക്കുരുതി നടത്തിയ മതവെറിയരായ നരാധന്മാരെ ഒറ്റയടിക്ക് സ്വാതന്ത്ര്യപ്പോരാളികളാക്കുന്ന ഇടതുപക്ഷ ചരിത്രകാരന്മാരുടെ പണിയാണ് വാഗ് വിലാസത്തിൽ അദ്വതീയനായ ശ്രീ. സ്വരാജും ഏറ്റെടുത്തത്.ഹിന്ദുമതത്തിന്റെ എക്കാലത്തെയും കടുത്ത വിമർശകനായിരുന്ന ഡോ.അംബേദ്ക്കറുടേയും കുമാരനാശാന്റെയും വിദേശ വനിതയായ ആനിബസന്റിന്റേയും വരെ മനസ്സുലച്ച പ്രാകൃത മതകലാപത്തെ വിശുദ്ധവത്ക്കരിച്ച് സെക്കുലറിസത്തെ പരിപോഷിപ്പിക്കാമെന്ന് ആരെങ്കിലും വിശ്വസിക്കുന്നുവെങ്കിൽ അവർ മൂഢസ്വർഗ്ഗവാസികളായിരിക്കും.

അതിന്റെ തെളിവാണ് ആർഎസ്എസ് എന്ന സംഘടന. ഹിന്ദുക്കൾ സംഘടിതരായില്ലെങ്കിൽ മലബാറിൽ നടന്ന വംശഹത്യ രാജ്യത്ത് എവിടെയും സംഭവിച്ചേക്കാം എന്ന ആശങ്കയും ഭീതിയുമാണ് ഹിന്ദുത്വ രാഷ്ട്രീയക്കാർ മുതലെടുത്തത്.നരേന്ദ്ര മോദിയും അമിത് ഷായും അവരുടെ അധികാരലബ്ദിക്ക് ഒരുപരിധിവരെ കടപ്പെട്ടിരിക്കുന്നത് ഈ വാരിയം കുന്നത്ത് അഹമ്മദ് ഹാജിമാരോടാണ്.

ഇസ്ലാമിക തീവ്രവാദികളെ പ്രീണിപ്പിക്കാൻ തസ്ലീമ നസ്റീനെ കൽക്കത്തയിൽ നിന്ന് ആട്ടിയോടിച്ചവർ ബംഗ്ളാദേശ് അഭയാർത്ഥികൾക്കായി വിതുമ്പുന്നത് കാണുമ്പോൾ സ്വബോധം നഷ്ടമാകാത്ത ചിലരെങ്കിലും ചിരിച്ചു പോകും.

ജീവനോടെ തൊലയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി

മലബാർ കലാപത്തിൽ നടന്ന ക്രൂരതകൾ മുൻ ലക്കങ്ങളിൽ ഡോ ബ്രൈറ്റ വിശദമായി എഴുതിയിരുന്നു. അത് ഇങ്ങനെയാണ്. സ്വാതന്ത്ര്യ സമരമായിരുന്നോ, കാർഷിക സമരമായിരുന്നോ അതോ ഹിന്ദു വംശഹത്യയാണോ എന്നൊന്നും ലേഖകനായ ഡോ മനോജ് ബ്രൈറ്റ് തീരുമാനിക്കുന്നില്ലെങ്കിലും ഇത് കൃത്യമായ ഹിന്ദു വംശഹത്യതന്നെയാണെന്ന് മാപ്പിള കലാപം സീരീസിലൂടെ കടന്നുപോകുമ്പോൾ, വായനാക്കരന് വ്യക്തമാവും. സമാനകളില്ലാത്ത ക്രൂരതമാണ് മലബാർ കലാപത്തിൽ നടന്നത്. വ്യാപകമായ കൊള്ളയും കൊള്ളിവെപ്പും കൊലപാതകവും ബലാത്സഗവും, ഗർഭിണികളുടെ വയറുകീറി കുട്ടികളെ പുറത്തെറിയലും, ശവക്കുഴി കുഴിച്ചുകൊണ്ട് വെട്ടിക്കൊല്ലലും എല്ലാം വ്യാപകമായി നടമാടി.

1921 സിനിമയിൽ ഹീറോകളായി ചിത്രീകരിക്കുന്ന വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും, ചെമ്പ്രശ്ശേരി തങ്ങളും അടക്കമുള്ളവർ കലാപകാരികളുടെ അധീനതയിലുള്ള പ്രദേശങ്ങളിൽ വസിക്കുന്നവരിൽ ഇസ്ലാം മതം സ്വീകരിക്കാത്ത എല്ലാ ഹിന്ദുക്കളേയും കൊല്ലണം എന്ന് തീരുമാനിച്ചവരിൽ ഉണ്ടായിരുന്നു. ഹിന്ദുക്കൾ അവരുടെ സ്വന്തം ശവക്കുഴി കുഴിക്കാൻ നിർബന്ധിക്കപ്പെട്ട സംഭവങ്ങളും, പട്ടാളത്തിനു പാൽ നൽകിയ ഒരു ഹിന്ദുവിനെ ജീവനോടെ തൊലിയുരിച്ചതുമെല്ലാം രേഖകൾ ഉദ്ധരിച്ച് അദ്ദേഹം വിശദീകരിക്കുന്നു. അരക്കു കീഴ്പ്പോട്ട് തൊലിയുരിച്ചു കളഞ്ഞും, രണ്ടു കാലുകളും മുറിച്ചു കളഞ്ഞുമൊക്കെ പലരെയും കൊന്നുകളഞ്ഞതായും പത്ര റിപ്പോർട്ടുകളും രേഖകളും ഉദ്ധരിച്ച് ്ഡോ മനോജ് ബ്രൈറ്റ് എഴുതുന്നു.ഗുജറാത്ത് കലാപത്തിൽ സംഭവിച്ചപോലെ ഒരു കലാപകാരി ഏഴു മാസം ഗർഭിണിയായ ഒരു സ്ത്രീയുടെ വയർ കീറിപൊളിക്കുകയും, ഗർഭപാത്രത്തിൽ നിന്ന് ചത്ത കുഞ്ഞ് പുറത്തേക്കു നിൽക്കുന്ന തരത്തിൽ ആ സ്ത്രീ മരിച്ചു കിടക്കുന്നതും കണ്ടുവെന്നും മാപ്പിള കലാപത്തിന്റെ റിപ്പോർട്ടിലുമുണ്ട്. 'കലാപകാരികൾ മേലത്തൂരിൽ നിന്നുള്ള മാന്യയായ ഒരു നായർ സ്ത്രീയെ അവരുടെ ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് വിവസ്ത്രയാക്കി.അവരുടെ കൈകൾ പുറകിൽ പിടിച്ചു കെട്ടിയിരുന്നു. ആ ക്രൂരന്മാർ ബലാൽസംഗം ചെയ്യുന്നത് കണ്ട് അസഹ്യതയോടെ അവർ കണ്ണുകൾ അടച്ചപ്പോൾ വാൾ ചൂണ്ടി കണ്ണ് തുറപ്പിച്ച് അത് കാണാൻ നിർബന്ധിച്ചു.- കലപാം സബന്ധിച്ച ദേവധാറിന്റെ റിപ്പോർട്ട് ഡോ ബ്രൈറ്റ് ഉദ്ധരിക്കുന്നു.

ദിവാൻ ബഹാദൂർ സി. ഗോപാലൻ നായർ (റിട്ടയേർഡ് ഡെപ്യൂട്ടി കളക്ടർ) 1923ൽ പ്രസിദ്ധീകരിച്ച The Moplah Rebellion, 1921 എന്ന പുസ്തകത്തിലെ അതിക്രമങ്ങൾ (athrocities) എന്ന അദ്ധ്യായത്തിന്റെ വിവർത്തം ഡോ മനോജ് ബ്രൈറ്റ് എഴുതുന്നത് ഇങ്ങനെയാണ്.
അതിക്രമങ്ങളെ ഇങ്ങനെ തരം തിരിക്കാം:-

(1) സ്ത്രീകളെ ക്രൂരമായി മാനഭംഗപ്പെടുത്തുക.

(2) ആളുകളെ ജീവനോടെ തൊലിയുരിക്കുക

(3) പുരുഷന്മാരെയും,സ്ത്രീകളെയും,കുട്ടികളെയും കൂട്ടമായി വധിക്കുക

(4) ആയിരക്കണക്കിന് ആളുകളെ കൂട്ടമായി ബലമായി മതം മാറ്റുക. മതം മാറാൻ കൂട്ടാക്കാത്തവരെ കൊലപ്പെടുത്തുക.

(5) അർദ്ധ പ്രാണനായ ആളുകളെ കിണറ്റിലെറിയുക. മാറണമെത്തി പീഡനത്തിൽ നിന്ന് രക്ഷിക്കുന്നതുവരെ മണിക്കൂറുകളോളം വേദനയനുഭവിക്കാനായി വിടുക.

(6) കലാപപ്രദേശത്തെ ഏതാണ്ട് എല്ലാ ഹിന്ദു,ക്രിസ്ത്യൻ വീടുകളും അഗ്നിക്കിരയാക്കുക. ഇതിൽ മാപ്പിള സ്ത്രീകളും,കുട്ടികളും വരെ പങ്കെടുക്കും. സ്ത്രീകളുടെ ദേഹത്തുള്ള വസ്ത്രങ്ങൾ പോലും കൊള്ളയടിക്കുക. ചുരുക്കിപ്പറഞ്ഞാൽ അമുസ്ലിം ജനങ്ങളെ മുഴുവൻ തികച്ചും ദരിദ്രരാക്കുക.

(7) കലാപ പ്രദേശങ്ങളിലെ അമ്പലങ്ങൾ നശിപ്പിച്ചും, അശുദ്ധമാക്കിയും ഹിന്ദുക്കളുടെ മത വികാരങ്ങളെ അപമാനിക്കുക. ക്ഷേത്ര പരിസരത്തു വച്ച് പശുവിനെ കൊല്ലുക,അവശിഷ്ടങ്ങൾ വിഗ്രഹങ്ങളിൽ ചാർത്തുക, തലയോട്ടികൾ ചുവരിലും, മേൽക്കൂരയിലും തൂക്കുക.

ഇത്രയധികം പ്രശ്നങ്ങൾ ഉണ്ടായിട്ടും മലബാർ കലാപം ആ അർഥത്തിൽ കേരളം ചർച്ചചെയ്തിട്ടില്ല.

മാപ്പിള കലാപം സീരീസ് (ഭാഗം 19)

ജീവനോടെ തൊലിയുരിക്കൽ.

കലാപകാരികളുടെ അധീനതയിലുള്ള പ്രദേശങ്ങളിൽ വസിക്കുന്നവരിൽ ഇസ്ലാം മതം സ്വീകരിക്കാത്ത എല്ലാ ഹിന്ദുക്കളേയും കൊല്ലണം എന്ന് വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും, ചെമ്പ്രശ്ശേരി തങ്ങളും തീരുമാനിച്ചതായി അടുത്തിടെയുള്ള പല റിപ്പോർട്ടുകളും കാണിക്കുന്നു. വെട്ടികൊല്ലുന്നതിനു മുൻപ് ഹിന്ദുക്കൾ അവരുടെ സ്വന്തം ശവക്കുഴി കുഴിക്കാൻ നിർബന്ധിക്കപ്പെട്ട സംഭവങ്ങൾ പോലും ഉണ്ടായിട്ടുണ്ട്. പട്ടാളത്തിനും, പൊലീസിനും ഭക്ഷണം നൽകുന്നവരെയും, അങ്ങനെ സംശയിക്കപ്പെടുന്നവരെയും ക്രൂരമായി ശിക്ഷിക്കാൻ പദ്ധതിയിടുന്നതായി വാർത്തയുണ്ട്. പട്ടാളത്തിനു പാൽ നൽകിയ ഒരു ഹിന്ദുവിനെ ജീവനോടെ തൊലിയുരിക്കാൻ ചെമ്പ്രശ്ശേരി തങ്ങൾ കൽപ്പിച്ചതായി പറയുന്നു. മേലത്തൂർ, മേൽമുറി, കരുവാരകുണ്ട്, തുവ്വൂർ മുതലായ സ്ഥലങ്ങളിൽ ഹിന്ദുക്കളെ കൃത്യമായി ഉന്മൂലനം ചെയ്യുന്നുണ്ടെങ്കിലും, കലാപകാരികൾക്കു താൽപര്യം തോന്നുന്ന ചെറുപ്പക്കാരികളെയും,പെൺകുട്ടികളെയും അവർ ബലമായി പിടിച്ചുകൊണ്ടു പോകുന്നുണ്ട്.എല്ലാ ദിവസവും നൂറുകണക്കിന് ഹിന്ദുക്കളാണ് സ്വരക്ഷക്കു വേണ്ടി പൊലീസിന്റെയും പട്ടാളത്തിന്റെയും സാന്നിധ്യമുള്ള മലപ്പുറം, വണ്ടൂർ, മഞ്ചേരി,അങ്ങാടിപ്പുറം മുതലായ സ്ഥലങ്ങളിലേക്ക് ഒഴുകുന്നത്. പക്ഷെ പട്ടാളത്തിനു വേണ്ട ഭക്ഷണമൊരുക്കാൻ പോലും ബുദ്ധിമുട്ടായതുകൊണ്ട് കഴിയുന്നത്ര അഭയാർത്ഥികളെ കോഴിക്കോട്ടേക്കും, പാലക്കാട്ടേക്കും, മറ്റു സ്ഥലങ്ങളിലേക്കും അയക്കുകയാണ്.
(മദ്രാസ് മെയിൽ, ഒക്ടോബർ 4,1921.)

കേരള പത്രിക, 1922 മാർച്ച് 1, ബുധനാഴ്ച. കൃഷ്ണൻ നായരുടെ മരണം ഏതു കഠിനഹൃദയന്റെയും മനസ്സലിയിക്കുന്നതാണ്.അദ്ദേഹം കലാപകാരികളെ അറസ്റ്റു ചെയ്യുന്നതിൽ വളരെ സഹായങ്ങൾ ചെയ്തിട്ടുണ്ട്. ഇത് മാപ്പിളയുടെ മനസ്സിൽ കോപമുണ്ടാക്കുകയും അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തു. ആദ്യം അരക്കു കീഴ്പ്പോട്ട് തൊലിയുരിച്ചു കളഞ്ഞു. അദ്ദേഹത്തിന് കുറെ സമയം ഈ വേദന സഹിക്കേണ്ടി വന്നു. അതിനു ശേഷം അദ്ദേഹത്തിന്റെ രണ്ടു കാലുകളും മുറിച്ചു കളഞ്ഞു. കുറെ സമയം ഈ വേദനയും അനുഭവിക്കേണ്ടി വന്നു. ഒടുവിൽ അദ്ദേഹത്തിന്റെ കഴുത്തും കണ്ടിച്ചു. അതിനു ശേഷമാണ് അദ്ദേഹം മരിച്ചത്. താമസിയാതെ തന്നെ ബാക്കി രണ്ടു പേരെയും വെട്ടി തുണ്ടമാക്കി. ബാക്കിയുള്ള മൂന്നു സഹോദരന്മാർ ഓടി രക്ഷപ്പെട്ടു.ഒരു അഭയാർത്ഥിയുടെ മൊഴി. ഒരു കലാപകാരി ഏഴു മാസം ഗർഭിണിയായ ഒരു സ്ത്രീയുടെ വയർ കീറിപൊളിക്കുകയും, ഗർഭപാത്രത്തിൽ നിന്ന് ചത്ത കുഞ്ഞ് പുറത്തേക്കു നിൽക്കുന്ന തരത്തിൽ ആ സ്ത്രീ മരിച്ചു കിടക്കുന്നതും കണ്ടു. വേറൊരു സന്ദർഭത്തിൽ ആറു മാസം പ്രായമായ ഒരു കുഞ്ഞിനെ സ്വന്തം അമ്മയുടെ മാറിൽ നിന്ന് പറിച്ചെടുത്ത് രണ്ടു തുണ്ടമാക്കി.(മിസ്റ്റർ ദേവധാറിന്റെ റിപ്പോർട്ടിൽ നിന്ന്)

കലാപകാരികൾ മേലത്തൂരിൽ നിന്നുള്ള മാന്യയായ ഒരു നായർ സ്ത്രീയെ അവരുടെ ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് വിവസ്ത്രയാക്കി. അവരുടെ കൈകൾ പുറകിൽ പിടിച്ചു കെട്ടിയിരുന്നു. ആ ക്രൂരന്മാർ ബലാൽസംഗം ചെയ്യുന്നത് കണ്ട് അസഹ്യതയോടെ അവർ കണ്ണുകൾ അടച്ചപ്പോൾ വാൾ ചൂണ്ടി കണ്ണ് തുറപ്പിച്ച് അത് കാണാൻ നിർബന്ധിച്ചു.(മിസ്റ്റർ ദേവധാറിന്റെ റിപ്പോർട്ടിൽ നിന്ന്). നിലമ്പൂരിലെ കൊള്ള. പുരാതന കാലം മുതൽ രാജ്യഭരണം നടത്തിയിരുന്ന പ്രഭു കുടുംബമായ തച്ചറക്കാവിൽ തിരുമുൽപ്പാടിന്റെ തലസ്ഥാനമായിരുന്നു നിലമ്പൂർ.

1921 ഓഗസ്റ്റ് ഇരുപത്തൊന്നാം തീയ്യതി ഞായറാഴ്ച, കോവിലകം കാവൽക്കാർ സ്ഥലത്തില്ലാതിരുന്ന സമയത്ത് പൂക്കോട്ടൂരിലെ വലിയൊരു സംഘം മാപ്പിളമാർ തോക്കുകളും, വാളുകളും,യുദ്ധകത്തികളുമായി കൊട്ടാരത്തിന്റെ പടിക്കലെത്തി. കൊട്ടാരം കാവൽക്കാർക്ക് ദുർബ്ബലമായ പ്രതിരോധമേ സാധ്യമായുള്ളൂ. അലക്കുകാരുടെ ജാതിയിൽ പെട്ട ഒരാൾ മാപ്പിളമാർക്കു നേരെ വെടിവച്ച് ഒരാളെ കൊന്നു. അദ്ദേഹം മറ്റൊരു മാപ്പിളയെക്കൂടി വെട്ടി വീഴ്‌ത്തിയെങ്കിലും, മാപ്പിളമാർ താമസിയാതെ ഇദ്ദേഹത്തെ കീഴ്പ്പെടുത്തി വെട്ടിനുറുക്കി. ബാക്കിയുള്ള കാവൽക്കാർ അടുത്തുള്ള വീട്ടിലേക്കു രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, മാപ്പിളമാർ പിൻതുടർന്നു ചെന്ന് അവിടെത്തെ അന്തേവാസികളായ രണ്ടു സ്ത്രീകളും, ഒരുകുട്ടിയുമടക്കം എല്ലാവരെയും കൊത്തിയരിഞ്ഞു. പതിനേഴു പേർ കൊല്ലപ്പെടുകയും, രണ്ടു പേർക്ക് മാരകമായി പരിക്കു പറ്റുകയും ചെയ്തു. ഇതേ സമയം നിലമ്പൂർ കുടുംബം, സ്ത്രീകളടക്കം വാതിലടച്ച് അകത്തിരുന്നു. ഇളയ തിരുമുൽപ്പാട് മാത്രം തന്റെ കുടുംബത്തോടൊപ്പം സ്വന്തം ബംഗ്ളാവിലായിരുന്നു. കൂടുതൽ ആളുകളും മൂത്ത തിരുമുൽപ്പാടിന്റെ കൊട്ടാരത്തിലേക്ക് ഇടിച്ചു കയറി അവിടെ കണ്ട എല്ലാം നശിപ്പിച്ചു. മുപ്പത്തയ്യായിരം രൂപയുടെ വസ്തുവകകൾ കൂടാതെ എട്ടു വർഷത്തെ രേഖകളും അഗ്‌നിക്കിരയാക്കി. കൂടുതൽ കലാപകാരികളും ഈ പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കവേ, വലിയൊരു കൂട്ടം സ്ത്രീകളുടെ കൊട്ടാരത്തിലേക്കു പാഞ്ഞ് ചെന്നു. ഇവിടെ പുരുഷന്മാരും, സ്ത്രീകളും, കുട്ടികളും, സേവകരുമടക്കം ഏതാണ്ട് നൂറ്റമ്പതു ജീവനുകൾ വാതിലുകൾ അടച്ചു പൂട്ടി അകത്തിരിക്കുകയായിരുന്നു. അര ഡസനോളം വാതിലുകൾ കലാപകാരികൾ തല്ലിപ്പൊളിച്ച് ഒടുവിൽ സ്ത്രീകളും, കുട്ടികളും അഭയം പ്രാപിച്ചിടത്തെത്തി. ആ സമയം കലാപകാരികൾക്കുള്ള എന്തോ സന്ദേശവുമായി ഒരാൾ വരികയും, അവരെല്ലാം കൊട്ടാരം തല്ലിപ്പൊളിക്കുന്നിടത്തേക്കു ഓടുകയും ചെയ്തു. നശീകരണമെല്ലാം കഴിഞ്ഞ ശേഷം, മഞ്ചേരി ട്രഷറി കൊള്ളയടിച്ച ശേഷം തങ്ങൾ കോവിലകത്തേക്കു മടങ്ങി വരുമെന്ന് നിലമ്പൂരിലെ ആളുകളോട് വിളിച്ചു പറഞ്ഞു കൊണ്ട് അവർ പൂക്കോട്ടൂർ ഭാഗത്തേക്കു നീങ്ങി.

മൊത്തം കുടുംബത്തേയും,ജോലിക്കാരെയും പുഴയുടെ മറുവശത്തുള്ള കാട്ടിലേക്കയച്ചു. അടുത്ത ദിവസം എല്ലായിടത്തും വ്യാപകമായ കൊള്ളകൾ നടന്നു. കോവിലകവും, നല്ല കാവലുണ്ടായിരുന്ന നൂറോളം വീടുകളും ഒഴിച്ച് പ്രദേശം മുഴുവൻ കൊള്ളയടിക്കപ്പെട്ടു. (മദ്രാസ് മെയിൽ,1921 സെപ്റ്റംബർ 17.)

മാപ്പിള കലാപം സീരീസ് (ഭാഗം 18)

ചെമ്പ്രശ്ശേരി തങ്ങളുടെ പ്രകടനങ്ങൾ. തുവ്വൂരിനും, കരുവാരകുണ്ടിനും ഇടക്ക് ഒഴിഞ്ഞു കിടക്കുന്ന ഒരു കുന്നിൽ ചെരിവിൽ ഒരു കിണറുണ്ട്. ഇവിടെ ചുറ്റുമുള്ള അംശങ്ങളിൽ നിന്നുള്ള ചെമ്പ്രശ്ശേരി തങ്ങളുടെ നാലായിരത്തോളം വരുന്ന അനുയായികൾ ഒരു വലിയ യോഗം ചേർന്നു. തങ്ങൾ ചെറിയൊരു മരത്തിന്റെ ചുവട്ടിൽ ഇരുന്നു. കലാപകാരികൾ നാൽപ്പതിലധികം ഹിന്ദുക്കളെ പിടികൂടി കൈകൾ പുറകിൽ കെട്ടി, തങ്ങളുടെ മുന്നിൽ കൊണ്ടുവന്നു. കലാപകാരികൾക്കെതിരെ പട്ടാളത്തെ സഹായിച്ചു എന്ന കുറ്റം ചുമത്തി. മുപ്പത്തിയെട്ടു പേരെ കൊല്ലാൻ വിധിച്ചു. മൂന്നു പേരെ വെടിവച്ചു കൊന്നു എന്നു പറയുന്നു. ബാക്കിയുള്ളവരെ ഓരോരുത്തരായി കിണറിനടുത്തേക്കു കൊണ്ടുവന്നു. അതിന്റെ തൊട്ടടുത്തായി ചെറിയൊരു മരമുണ്ട്. ആരാച്ചാർ അവിടെ നിന്ന് വാളു കൊണ്ട് കഴുത്തു വെട്ടിയ ശേഷം ശരീരം കിണറ്റിലേക്കു തട്ടിയിടും. ഇങ്ങനെ കിണറ്റിലേക്കെറിഞ്ഞവരിൽ പലരും മരിച്ചിരുന്നില്ല. എങ്കിലും രക്ഷപ്പെടാൻ ഒരു സാധ്യതയുമില്ലായിരുന്നു. കിണറിന്റെ വശങ്ങൾ ഉറപ്പുള്ള ചെങ്കല്ലിൽ പണിതതായിരുന്നു. കിണറ്റിൽ പടികളും ഇല്ലായിരുന്നു. കൂട്ടക്കൊലയുടെ മൂന്നാംദിവസം പോലും ചിലർ കിണറ്റിൽ നിന്ന് അലമുറയിടുന്നത് കേൾക്കാമായിരുന്നു എന്നു പറയുന്നു. തീർത്തും ഭീകരമായ ഒരു മരണമായിരുന്നിരിക്കും അവർക്കു ലഭിച്ചിരിക്കുക. ഈ കൊലപാതകങ്ങൾ ചെയ്യുന്ന സമയത്ത് മഴക്കാലമായിരുന്നതു കൊണ്ട് കിണറ്റിൽ കുറച്ചു വെള്ളമുണ്ടായിരുന്നെങ്കിലും ഇപ്പോൾ അത് വറ്റിപ്പോയിട്ടുണ്ട്. അവിടം സന്ദർശിക്കുന്ന ആർക്കും ദാരുണമായ ആ കാഴ്ച കാണാം. അടിയിൽ മുഴുവൻ മനുഷ്യരുടെ അസ്ഥികൾ നിറഞ്ഞിരിക്കുകയാണ്. എന്റെ അരികിൽ നിന്നിരുന്ന ആര്യസമാജത്തിന്റെ മിഷനറിയായ പണ്ഡിറ്റ് ഋഷിറാം മുപ്പതു തലയോട്ടികൾ എണ്ണി. ഒരു തലയോട്ടിയുടെ കാര്യം പ്രത്യേകം പറയേണ്ടതുണ്ട്. അത് കുമാരപ്പണിക്കർ എന്ന വൃദ്ധന്റെയാണെന്നു പറയുന്നു. അദ്ദേഹത്തിന്റെ തല അറക്കവാളുകൊണ്ട് രണ്ടായി ഈർന്നു മുറിക്കുകയായിരുന്നു. (ഇ. രാമ മേനോൻ ബി.എ)

മണ്ണൂർ കൂട്ടക്കൊല. പത്രക്കുറിപ്പ്, 1921 നവംബർ 14.കോഴിക്കോട്. ഈ മാസം ഒൻപതാം തീയ്യതി കലാപകാരികൾ മണ്ണൂരും, തേഞ്ഞിപ്പാലത്തും നടത്തിയ ആക്രമണത്തിൽ സ്ത്രീകളും,കുട്ടികളുമടക്കം നാൽപ്പത്തി നാല് ഹിന്ദുക്കൾ കശാപ്പു ചെയ്യപ്പെട്ടതായി കൃത്യമായ വിവരം ലഭിച്ചിരിക്കുന്നു. മനസ്സിലാക്കാൻ കഴിഞ്ഞിടത്തോളം ആക്രമണം ഉദ്ദേശ്യരഹിതമായിരുന്നു. കൊള്ള മാത്രമാണ് സാധ്യതയുള്ള ഏക ലക്ഷ്യം.

റബ്ബർ എസ്റ്റേറ്റുകൾ. മാപ്പിള കലാപകാരികൾ കരുവാരകുണ്ടിലെ പൊലീസ് സ്റ്റേഷൻ കൊള്ളയടിക്കുകയും ആയുധങ്ങളും,വെടിക്കോപ്പുകളും കൈവശപ്പെടുത്തുകയും ചെയ്ത ശേഷം കേരളം, പുല്ലങ്കോട് എസ്റ്റേറ്റുകളിലേക്കു പോയി. മിസ്റ്റർ ബ്രൗണും, മിസ്റ്റർ കോൾബ്രൂക്കും രക്ഷപ്പെട്ടത് കഷ്ടിച്ചാണ്. മിസ്റ്റർ ബ്രൗൺ സ്ഥലം വിട്ട ശേഷം കൂലികൾ എല്ലാ ബംഗ്ളാവുകളും കയ്യേറി വിലപിടിപ്പുള്ളതെല്ലാം കടത്തി. അതിനു ശേഷം ബംഗ്ളാവുകൾക്കും, ഫാക്ടറികൾക്കും, മറ്റു കെട്ടിടങ്ങൾക്കും തീയിട്ട ശേഷം പാലങ്ങളും, കലുങ്കുകളും തകർത്തു. നശീകരണം ഏറ്റവും പൂർണമായിരുന്നു.കൂലികൾ അതിനു ശേഷം അവരുടെ കൊള്ളമുതലുകളുമായി രക്ഷപ്പെട്ടു. ആൾകൂട്ടം എല്ലാം അടിച്ചു തകർത്ത ശേഷം മിസ്റ്റർ ബ്രൗണിനെ പിന്തുടരാൻ നല്ലൊരു സംഘത്തെ സൈലന്റ് വാലി വഴിയിലൂടെ പുറകെ വിട്ടു. ഓറഞ്ച് തൊലികളും,കാൽപ്പാടും നോക്കിയാണ്അവർ വഴി മനസ്സിലാക്കിയത്. എങ്കിലും അവർക്ക് അദ്ദേഹത്തെ കിട്ടിയില്ല. അദ്ദേഹം സുരക്ഷിതമായി ഊട്ടിയിലെത്തി.എല്ലാ എസ്റ്റേറ്റുകൾക്കും ഇതേ വിധി തന്നെയായിരുന്നു. (മദ്രാസ് മെയിൽ)

മിസ്റ്റർ ഈറ്റന്റെ കൊലപാതകം. മിസ്റ്റർ ഈറ്റൺ കേരള എസ്റ്റേറ്റിലെ മിസ്റ്റർ ബ്രൗണിനടുത്തെത്താൻ ഏറ്റവും നേരിട്ടുള്ളതും, സാധാരണ ഉപയോഗിക്കുന്നതുമായ വഴിയിലൂടെയാണ് വന്നത്. അദ്ദേഹം തന്റെ സേവകനെയും, മൂന്നു നായ്ക്കളെയും കൂടെക്കൂട്ടിയിരുന്നു. നായ്ക്കൾ എന്തോ കണ്ട് കുരച്ചില്ലായിരുന്നെങ്കിൽ ഒരു പ്രശ്‌നവും ഉണ്ടാകുമായിരുന്നില്ല. അതാണ് അദ്ദേഹത്തെ ചതിച്ചത്. ഒരു മരത്തിൽ കയറിയ സേവകൻ മിസ്റ്റർ ഈറ്റനെ കൊലപ്പെടുത്തുന്നതിനു ദൃക്‌സാക്ഷിയായി. അദ്ദേഹത്തിന് റിവോൾവറിൽ നിന്ന് മൂന്നു വെടിയുതിർക്കാനുള്ള സമയമേ കിട്ടിയുള്ളൂ. അതിനു മുൻപ് അദ്ദേഹത്തിന്റെ സ്വന്തം കൂലികൾ ചാടിവീണ് അദ്ദേഹത്തെ ചവിട്ടിക്കൊന്നു. അതിനിടയിൽ ഇപ്രകാരം പറഞ്ഞുകൊണ്ട് പരിഹസിക്കുകയും, നിന്ദിക്കുകയും ചെയ്തു.''നീ ഇന്നിന്ന ആളെ അടിച്ചില്ലേ? എന്നാൽ ഇത് പിടിച്ചോ. നീ ഇന്ന ആളോട് ഇപ്രകാരം ചെയ്തില്ലേ? എന്നാൽ ഇതും, ഇതും കൂടി പിടിച്ചോ''.

മരിച്ചു കഴിഞ്ഞപ്പോൾ അവർ അദ്ദേഹത്തിന്റെ തല വെട്ടിയെടുത്ത് വലിയ ആഘോഷങ്ങളോടെ പൊതുവഴിയിൽ കൊണ്ടുപോയി സ്ഥാപിക്കുകയും, ശരീരം പുഴയിലെറിയുകയും ചെയ്തു. സേവകനെ പട്ടാളം പിന്നീട് കണ്ടെത്തി. (മദ്രാസ് മെയിൽ)

നമ്പൂതിരിമാർ അനുഭവിച്ച പീഡനങ്ങൾ. ഏറനാട്, കോഴിക്കോട് താലൂക്കുകളിലെ എല്ലാ പ്രായത്തിലും, അവസ്ഥയിലുമുള്ള, പുരുഷന്മാരും,സ്ത്രീകളും, കുട്ടികളുമടങ്ങുന്ന ഏതാണ്ട് എഴുന്നൂറോളം നമ്പൂതിരിമാർ ഇപ്പോൾ കോഴിക്കോട്ടെ സാമൂതിരി രാജാവിന്റെ സംരക്ഷണയിലുണ്ട്. അവരിൽ ധാരാളം ആളുകൾ മാങ്കാവ്,ചാലപ്പുറം കൊട്ടാരങ്ങളിൽ വസിക്കുന്നതായി അറിയുന്നു. ചെറുകോൽ നമ്പൂതിരിയുടെ ഇല്ലവും, ത്രിക്കല്ലൂർ ദേവസ്ഥാനത്തിന്റെ ചേളാരി മഠവും കൊള്ളയടിക്കപ്പെട്ടു. അടുത്തുള്ള കാരശ്ശേരി അംശത്തിലെ ധാരാളം ഇല്ലങ്ങളും കൊള്ളയടിക്കുകയോ, നശിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. അതുപോലെ കന്നിപ്പറമ്പ്,കൂരക്കോൽ അംശങ്ങളിലേയും. ഇവിടെ നായർ ഭവനങ്ങൾ പോലും വെറുതെ വിട്ടിട്ടില്ല. മേൽപ്പറഞ്ഞതു കൂടാതെ പറപ്പൂർ,ഉഗ്രപുരം, പുലയക്കോട്ട,ശ്രീകൃഷ്ണപുരം,ചാത്തമംഗലം,പെരുവെമ്പ്ര,കൊലോട്ടി,അമൃതമംഗലം എന്നീ സ്ഥലങ്ങളും കാര്യമായി ബാധിക്കപ്പെട്ടിട്ടുണ്ട്.

മുകളിൽ പറഞ്ഞവയിൽ പറപ്പൂരിലെ പോർക്കോട്ട് ഇല്ലവുമായി (ഏറനാട് താലൂക്ക്) ബന്ധപ്പെട്ട സംഭവങ്ങൾ പ്രത്യേകം പ്രസ്താവ്യമാണ്. ഇരുപത്തൊന്നാം തീയ്യതി രാത്രി എട്ടുമണിക്ക്അറുന്നൂറോളം കലാപകാരികൾ നമ്പൂതിരിയുടെ വീടു തകർത്ത് അകത്തു കയറി. ഏതാനും പേർ അവിടത്തെ അനന്തരാവകാശിയായ വാസുദേവൻ നമ്പൂതിരിയുടെ നെഞ്ചിൽ കയറിയിരുന്ന് കഴുത്തിൽ വാൾ വച്ച് അദ്ദേഹത്തിന്റെ വിലപിടിപ്പുള്ളതെല്ലാം സൂക്ഷിച്ചിരിക്കുന്ന സ്ഥലം കാണിച്ചു കൊടുക്കാൻ ഭീഷണിപ്പെടുത്തി. അത് വെളിപ്പെടുത്തിയപ്പോൾ കലാപകാരികൾ മുകൾനിലയിൽ ചെന്ന് അതെല്ലാം എടുക്കുകയും,അക്കാര്യം താഴെയുള്ള അവരുടെ സഖാക്കളെ അറിയിക്കുകയുംചെയ്തു. പേടിച്ചു വിറച്ച നമ്പൂതിരി അടുത്തുള്ള കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ സമ്പാദ്യങ്ങൾക്ക് പതിനായിരം രൂപയിൽ കൂടുതൽ മൂല്യമുള്ളതായി പറയുന്നു.

അടുത്ത ദിവസം രാവിലെ ഏഴു മണിക്ക് കലാപകാരികൾ മഠത്തിൽ ഇല്ലം കൈവശപ്പെടുത്തുകയും,സന്ധ്യയോടെ കൊള്ളയടിക്കുകയും ചെയ്തു. അതേ രാത്രി തന്നെ അവർ വട്ടപ്പുഴ, കുളങ്ങര, തെയ്യേരി ഇല്ലങ്ങൾ കൊള്ളയടിച്ചു. അടുത്ത ദിവസം രാവിലെ പാലക്കൽ,കോട്ടക്കൽ, തലേതൊടി എന്നിവിടങ്ങളിലെ ഇല്ലങ്ങളും കൊള്ളയടിച്ചു. ഇരുപത്തിനാലാം തീയ്യതി അഭയാർത്ഥികൾ കോഴിക്കോട്ടേക്ക് പലായനം ചെയ്യുന്നതിനിടയിൽ നേർമങ്ങാട്ട് അമ്പലത്തിൽ ഭക്ഷണം പാകം ചെയ്തു കൊണ്ടിരിക്കേ, ആയുധധാരികളായ കലാപകാരികൾ അമ്പലം വളഞ്ഞ്, വിഗ്രഹം പിഴുതെടുത്ത് കഷ്ണങ്ങളാക്കുകയും, പലരെയും ഇസ്ലാമിലേക്കു മതം മാറ്റാൻ ശ്രമിക്കുകയും ചെയ്തു. അഭയാർത്ഥികൾ സാമൂതിരിയുടെ കൊട്ടാരത്തിലേക്ക് കഷ്ടിച്ചു രക്ഷപ്പെട്ടു. ഇതേ ദേശത്തെ ഈശ്വരമംഗലം അമ്പലവും, ഏതാണ്ട് എല്ലാ ഹിന്ദു വീടുകളും കൊള്ളയടിക്കപ്പെട്ടു. ധാരാളം നമ്പൂതിരി സ്ത്രീകൾ അവർക്ക് ഒഴിച്ചു കൂടാനാകാത്ത മേൽവസ്ത്രവും, ഓലക്കുടയും, താലിയും (ആഭരണം) ഇല്ലാതെയാണ് എത്തിച്ചേർന്നത്. കോഴിക്കോട് താലൂക്ക്,പന്നിക്കോട്ട് അംശത്തിലെ ചുഴലിപ്പുറത്ത് മനയിലെ വാസുദേവൻ നമ്പൂതിരിയുടെ ഇല്ലം കൊള്ളയടിക്കപ്പെടുകയും, മതം മാറാൻ വിസമ്മതിച്ചതിനാൽ ഉടനടി കൊലചെയ്യപ്പെടുകയും ചെയ്തു.

തൃക്കഴികോട്ട് സ്വാമിയുടെ മനയുടെ അടുത്തുള്ള റെയിൽവേ ലൈനിൽ ഇരുപ്പുറപ്പിച്ച മുന്നൂറോളം കലാപകാരികൾ പത്തു പേരെ സ്വാമിയുടെ അടുത്തേക്കയച്ച് മുന്നൂറു രൂപ കൊടുക്കാൻ ആവശ്യപ്പെട്ടെങ്കിലും, നൂറു രൂപയും, ബാക്കി സ്വാമികളുടെ ആൾ എത്തിയ ശേഷം കൊടുക്കാം എന്ന വാഗ്ദാനവും അംഗീകരിച്ച് മടങ്ങിപ്പോയി. രാത്രി അവർ വീണ്ടും പ്രത്യക്ഷപ്പെട്ട് മഠം മുഴുവൻ കൊള്ളയടിച്ച്, പണവും, രത്നങ്ങളും,മറ്റു വിലപിടിച്ച വസ്തുക്കളുമായി രക്ഷപ്പെട്ടു. നിലമ്പൂർ,കോട്ടക്കൽ, മങ്കട എന്നിവിടങ്ങളിലെ നമ്പൂതിരിമാരുടെ വിവരങ്ങളും ഹൃദയഭേദകമാണ്. രക്ഷപ്പെട്ടു എന്നു കരുതിയിരുന്ന ചില നമ്പൂതിരി സ്ത്രീകളെയും,കുട്ടികളെയും കാണാനില്ല. ഒരു ദിവസം വൈകുന്നേരം നാലുമണിക്ക് അറുന്നൂറോളം മാപ്പിളമാർ വെട്ടത്ത് ഒരുപ്പുളശ്ശേരി നമ്പൂതിരിപ്പാടിന്റെ വീട്ടിലെത്തി പണപ്പെട്ടി തുറപ്പിച്ച് എടുക്കാവുന്നത്ര മുതലുമായി കടന്നു കളഞ്ഞു. വേറൊരു സംഘം ധാന്യപ്പുര തുറന്ന് നെല്ലും, പാത്രങ്ങളും കൊണ്ടുപോയി.

കവർച്ച ആറു മണിക്കൂറോളം നീണ്ടുനിന്നു.കൽപകഞ്ചേരിക്കടുത്തുള്ള പെരിങ്ങോട്ട് മനയിലും സമാനമായ കവർച്ചകൾ നടന്നു.നമ്പൂതിരിമാരുടെ പ്രധാന പുരോഹിതനായ തിരുനാവായ വാധ്യാരുടെ വീടും ആക്രമിക്കപ്പെട്ടു.പൂമുള്ളി മനയിൽ നിന്ന് നാലായിരം രൂപ പിടിച്ചു വാങ്ങി. കലാപകാരികൾ അവിടത്തെ ധാന്യപ്പുര കൊള്ളയടിച്ച് പന്ത്രണ്ടായിരം പറ നെല്ലും കടത്തിക്കൊണ്ടു പോയതായി അറിയുന്നു.ചേവൂർ നമ്പൂതിരിയുടെ ഇല്ലത്ത് കലാപകാരികൾ ഇരുപതാം തീയ്യതി മുതൽ ഇരുപത്തിനാലാം തീയ്യതി വരെ നാലു ദിവസം ഉണ്ടായിരുന്നു. അവർ ആവശ്യപ്പെട്ടതെല്ലാം കൊടുത്തു. അടുത്തുള്ള ആറ്റുപുറത്ത് ഭട്ടതിരിപ്പാടിനും അദ്ദേഹത്തിന്റെ ഇല്ലം കലാപകാരികൾക്കു വിട്ടുകൊടുക്കേണ്ടി വന്നു.പറപ്പൂർ ദേശത്ത് (ഏറനാട് താലൂക്ക്) ആകെയുള്ള എട്ട് ഇല്ലങ്ങളിലും കലാപകാരികൾ നാശനഷ്ടങ്ങൾ വരുത്തി. പൂക്കോട്ടൂർ ഇല്ലത്തെ ആളുകൾക്കാണ് ഏറ്റവും നഷ്ട്ടം പറ്റിയത്. അവർക്ക് അമ്പതിനായിരത്തോളം രൂപ നഷ്ടപ്പെട്ടു. കലാപകാരികൾ ഈ നമ്പൂതിരിമാരുടെ അമ്പലത്തിൽ കടന്ന് വിഗ്രഹം തകർക്കുകയും ഒരു പശുവിനെ കൊല്ലുകയും ചെയ്തു.

തക്കപ്പുരം ദേശത്തെ നമ്പൂതിരിമാരുടെ ഇല്ലം കൊള്ളയടിക്കപ്പെട്ടതുകൊണ്ട് മങ്കട കൊട്ടാരത്തിൽ അഭയം തേടി. നാറാസ്,പയ്യപ്പുള്ളി മനകളിലെ നമ്പൂതിരിമാരും ബുദ്ധിമുട്ടനുഭവിച്ചു. അഭയാർത്ഥികൾക്ക് സഹായം ചെയ്തതിന് മങ്കടയിലെ റാവു ബഹാദൂർ എം.സി. കൃഷ്ണവർമ്മ രാജ പ്രത്യേകം നന്ദി അർഹിക്കുന്നുണ്ട്.ഏറനാട് താലൂക്കിലെ വലിയ ചെമ്പോർനി മനയിൽ ഇരുപത്തിരണ്ടാം തീയ്യതി ആദ്യം ഇരുപത്തഞ്ചോളം മാപ്പിളമാർ വന്ന് ഒരു പറ നെല്ലും ഒരു രൂപയും ആവശ്യപ്പെട്ടു. മിനിറ്റുകൾ ഇട വിട്ട് അത്തരം അനേകം സംഘങ്ങൾ വന്നു. ഒടുവിൽ ഒരു വലിയ സംഘം വന്ന് തവണകളായി കുറേശ്ശേ തന്ന് നിങ്ങൾ ബുദ്ധിമുട്ടണ്ട എന്ന് അവരോടു പറഞ്ഞ് പതിനയ്യായിരം പറ നെല്ല് ധാന്യപ്പുരയിൽ നിന്ന് കടത്തിക്കൊണ്ടു പോയി. മിക്ക കലാപകാരികളും നമ്പൂതിരിയുടെ കുടിയാന്മാരാണെന്നു പറയുന്നു. (മദ്രാസ് മെയിൽ സെപ്റ്റംബർ 5,1921.)

- ഈ രീതിയിലുള്ള കൊള്ളയുടെയും കൊലയുടെയും നിർബന്ധിത മത പരിവർത്തനത്തിന്റെയും കഥയാണ് ഡോ ബ്രൈറ്റ് പറയുന്നത്. എന്നാൽ ഇടതുപക്ഷ ചരിത്രകാരമ്മാർ പ്രചരിപ്പിച്ച മറ്റൊരു കള്ളക്കഥയാണ് എം സ്വരാജ് അടക്കമുള്ളവർ പ്രചരിപ്പിക്കുന്നത്.

ഡോ. മനോജ് ബ്രൈറ്റ്, മലബാർ കലാപം, വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP