Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202421Tuesday

ആദ്യ ദിനത്തിൽ കൂതറ മലങ്കൾട്ട്; മൂന്നാം ദിവസം മുതൽ പോസറ്റീവ് റിവ്യുകൾ; മോഹൻലാൽ ഫയർബ്രാൻഡായി എന്ന് സാധാരണ പ്രേക്ഷകർ; ഒരാഴ്ചക്കുള്ളിൽ നേടിയത് 24 കോടി; ഫാൻസ് പരാജയപ്പെടുത്താൻ ശ്രമിച്ചിട്ടും മുന്നേറുന്നു; വാലിബാന്റെത് ലോക സിനിമാ ചരിത്രം കണ്ടിട്ടില്ലാത്ത തിരിച്ചുവരവ്!

ആദ്യ ദിനത്തിൽ കൂതറ മലങ്കൾട്ട്; മൂന്നാം ദിവസം മുതൽ പോസറ്റീവ് റിവ്യുകൾ; മോഹൻലാൽ ഫയർബ്രാൻഡായി എന്ന് സാധാരണ പ്രേക്ഷകർ; ഒരാഴ്ചക്കുള്ളിൽ നേടിയത് 24 കോടി; ഫാൻസ് പരാജയപ്പെടുത്താൻ ശ്രമിച്ചിട്ടും മുന്നേറുന്നു; വാലിബാന്റെത് ലോക സിനിമാ ചരിത്രം കണ്ടിട്ടില്ലാത്ത തിരിച്ചുവരവ്!

എം റിജു

രു സൂപ്പർസ്റ്റാറിന്റെ കട്ട ഫാൻസ് ഒന്നടങ്കം, ആദ്യം ദിനംതന്നെ അറുബോറെന്ന് വിധിയെഴുതിയ ഒരു ചിത്രത്തിന്റെ അവസ്ഥ എന്തായിരിക്കും. ലോക ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കണം സ്വന്തം ആരാധകരിൽനിന്ന് മോശം അഭിപ്രായം ഉണ്ടായിട്ടും ഒരു ചലച്ചിത്രം തിരിച്ചുവരുന്നത്. മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ഇറങ്ങിയ 'മലൈക്കോട്ടെ വാലിബാൻ' എന്ന 65 കോടിയിലധികം മുടക്കിയെടുത്ത സിനിമ ആ അർഥത്തിലും അത്ഭുതമാണ്. ആൾക്കൂട്ടത്തിന്റെ സോഷ്യൽ സൈക്ക് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന വിഷയത്തിൽ, സോഷ്യോളജിസ്റ്റുകൾക്ക് പഠനം നടത്താവുന്ന ഒരു സംഭവം തന്നെയാണിത്.

പ്രതിഭാധനനായ ലിജോ ജോസ് പെല്ലിശ്ശേരിയും, മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം. മലയാളസിനിമ അടുത്തിടെ കണ്ട, കേട്ട ഏറ്റവും വലിയ ഹൈപ്പുള്ള ചിത്രമായി മാറാൻ 'മലൈക്കോട്ടൈ വാലിബന്' ഈയൊരു കാര്യം മാത്രം മതിയായിരുന്നു. പുറത്തുവന്ന ടീസറുകളും പോസ്റ്ററുകളും അഭിമുഖങ്ങളുമെല്ലാം ആ പ്രതീക്ഷയെ ഊട്ടിയുറപ്പിച്ചു. വാലിബാൻ റിലീസ് ദിനത്തിൽ ഗംഭീരമായ ആഘോഷമാണ്, ലാൽ ഫാൻസ് ഒരുക്കിയിരുന്നത്. അതിരാവിലെ 6മണിക്കാണ് ഫാൻസ് ഷോകൾ ആരംഭിച്ചത്. തീയേറ്ററിന് പുറത്ത് ശിങ്കാരിമേളവും പടക്കംപൊട്ടിക്കലും, കേക്ക് മുറിക്കലുമൊക്കെയായി ആകെ ബഹളം. സമീപകാലത്തെ തിരിച്ചടികളിൽനിന്ന് മാറി, ജീത്തുജോസഫ് സംവിധാനം ചെയ്ത 'നേര്' എന്ന ലാൽ സിനിമ ഹിറ്റായതും ആരാധകരുടെ ആത്മവിശ്വാസം വർധിപ്പിച്ചു.

പക്ഷേ ആദ്യഷോ കഴിഞ്ഞതു മുതൽ ഫാൻസിൽനിന്ന് നെഗറ്റീവ് കമന്റുകളാണ് ഉയർന്നുവന്നത്. കേക്ക് മുറിക്കാൻ പോലും ആരാധകരെ കിട്ടിയില്ല. അതിൽ അവരെ കുറ്റം പറയാനും കഴിയില്ല. കാരണം, മോഹൻലാൽ ഒരുയുദ്ധവീരനായി നിറഞ്ഞാടുന്ന, ആവേശം ത്രസിക്കുന്ന ഒരു സിനിമ പ്രതീക്ഷിച്ച് പോയവർക്ക് കണ്ടത്, എൽജെപിയുടെ പതിവ് ശൈലിയിൽ, പതുക്കെ നീങ്ങുന്ന ഒരു പടമാണ്. അതോടെ തീയേറ്ററിൽ തുടക്കം മുതൽ ഉണ്ടായ ചില കുശുകുശുക്കലുകൾ പതിയെ കൂവിലിലേക്ക് മാറി. സാധാരണ എത്രമോശം സിനിമായാലും തള്ളിമറയ്ക്കുന്ന ആരാധകർ ഇവിടെ നിയന്ത്രണം വിട്ടു. അതോടെ സോഷ്യൽ മീഡിയയിലും ട്രോളുകളും വിമർശനങ്ങളുമായി.

അദ്യദിനം മലങ്കൾട്ട്!

ചിത്രത്തിനു വ്യത്യസ്ഥമായ ഒരു ശീർഷകവും ഉണ്ടായിരുന്നു. 'മലയാളത്തിന്റെ മോഹൻലാൽ അവതരിക്കുന്ന മലൈകോട്ടൈ വാലിബൻ' എന്നായിരുന്നു അത്. ഫാൻസിനെ ഏറെ ത്രില്ലടിപ്പിച്ചു ആ വരികൾ. അസധാരണമായ അഡ്വാൻസ് ബുക്കിങ്ങിനും, ഒരു മലയാളം സിനിമയ്ക്ക് മുമ്പ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള ലോകമെമ്പാടുമുള്ള വിപുലമായ റിലീസിനും ഈ സിനിമ സാക്ഷ്യം വഹിച്ചു. 'വാലിബനിലൂടെ' കെജിഎഫ് മോഡലിൽ ഒരു പാൻ മലയാളം ഹിറ്റുണ്ടാവുമെന്നായിരുന്നു പ്രതീക്ഷ. അതനുസരിച്ച് ആദ്യ ദിനം ഫാൻസ് ഇരച്ചു കയറി. ആദ്യ ദിനത്തിൽ, ചിത്രം ദേശീയ തലത്തിൽ 5.5 കോടി രൂപയുടെ നെറ്റ് കളക്ഷൻ ചിത്രത്തിന് കിട്ടിയത്. പക്ഷേ രാവിലെയുള്ള സ്‌ക്രീനിങ്ങിൽ 59.81 ശതമാനം ഒക്യുപ്പൻസി നിരക്ക് ഉണ്ടായിരുന്നത് എങ്കിലും ഉച്ചയോടെ അത് 37.09 ശതമാനമായി കുറഞ്ഞു. ഇതിന് കാരണമായത് ലാൽ ഫാൻസിൽനിന്നുതന്നെ വന്ന നെഗറ്റീവ് കമന്റുകളായിരുന്നു.

ആദ്യദിനം നെഗറ്റീവ് കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. 'പണം പോയത് നിജം' എന്നത് ട്രെൻഡിങ്ങായി. 'ദേ പിന്നെയും ഡബിൾ ബാരൽ പോലെ എടുത്ത് വെച്ചേക്കുന്നുവെന്ന്' മറ്റു ചിലർ. 'പെല്ലിശ്ശേരി പറഞ്ഞത് പോലെ ആരെയും ഇമ്പ്രെസ്സ് ചെയ്യിക്കാൻ ഉദ്ദേശിച്ചിട്ടില്ലഞാനും ഇമ്പ്രെസ്സെഡ് ആയില്ല. വളരെ മോശം സിനിമ അനുഭവം, ആക്ഷൻ ബ്ലോക്ക്സ് വളരെ മോശം ആയി തോന്നി'- ഒരു കമന്റ് ഇങ്ങനെ.

അതിനിടയിലാണ്, ഇപ്പോൾ ഏറെ വിവാദ നായകനായ അശ്വന്ത് കോക്കിന്റെ റിവ്യൂവന്നത്. ലിജോ ഇതുവരെ എടുത്തതിൽ എറ്റവും മോശം സിനിമയാണെന്നും, ശരിക്കും ഒരു മലങ്കൾട്ട് തന്നെയാണെന്നും, അശ്വന്ത് ആഞ്ഞടിച്ചു. അപ്പോഴും ചിത്രത്തിൽ മോഹലാലിന്റെ പ്രകടനം മികച്ചതാണെന്ന് അദ്ദേഹം എടുത്തു പറഞ്ഞിരുന്നു. അശ്വന്ത് മാത്രമല്ല ഒരുപാട് സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റകളും ചിത്രത്തെ ടിപ്പിക്കൽ മലങ്കൾട്ട് എന്ന് പറഞ്ഞ് വിമർശിച്ചു. പന്നീട് അങ്ങോട്ട് നെഗറ്റീവ റിവ്യൂകളുടെ പെരുമഴയായിരുന്നു.

ചിത്രത്തിന്റെ സ്ലോ മൂവി പാറ്റേണും, നാടകം പോലത്തെ ഡയലോഗുകളും ഏറെ പരിഹസിക്കപ്പെട്ടു. ചിത്രത്തിൽ പ്രധാന കഥാാപത്രത്തെ അവതരിപ്പിച്ച ഹരീഷ് പേരടജയുടെ വെള്ളരിനാടക ശൈലിയിലുള്ള സംഭാഷണങ്ങൾ ട്രോളുകൾക്ക് ആക്കം കൂട്ടി. നടിമാർക്ക് പകരം എഐയാണോ ഉപയോഗിച്ചത് എന്നുമായി പരിഹാസം. അവസാനം ടീവി സീരിയൽ മോഡലിൽ അവിഹിതവും, സംശയവുമൊക്കെ വരുന്നതും വലിയ രീതിയിൽ ട്രോളായി.

ആത്മരതിക്കുവേണ്ടി ഇറക്കിയ സിനിമ

വാലിബൻ ആരാധകരുടെ രോഷം മുഴവൻ സംവിധാകൻ ലിജോ ജോസ് പെല്ലിശ്ശേരിയോടായിരുന്നു. ഒടിയൻ സംവിധായകൻ ശ്രീകുമാര മേനോന് തുല്യനാക്കി എഴുതി അവർ ലിജോയെയും വലിച്ചുകീറി ഭിത്തിയിൽ ഒട്ടിച്ചു. 'നോ പ്ലാൻ ടു ചേഞ്ച്, നോ പ്ലാൻ ടു ഇമ്പ്രസ്് 'എന്ന് ലിജോ നേരത്തെ പറഞ്ഞകാര്യങ്ങളും വലിയ രീതിയിൽ വിമർശിക്കപ്പെട്ടു. ഒരു വിമർശനം ഇങ്ങനെ-''ആത്മരതിക്ക് വേണ്ടി നിർമ്മിക്കുന്ന സിനിമ. ഈ രീതിയിൽ നിർമ്മിക്കുന്ന സിനിമകൾ പ്രേക്ഷകരുടെ മനസ്സോ മനഃശ്ശാസ്ത്രമോ പരിഗണിക്കാറില്ല. സിനിമ നിർമ്മിക്കുന്നവർ തന്നെ കണ്ട് ആത്മരതി കൊള്ളുന്നതിന് വേണ്ടി നിർമ്മിക്കുന്നതാണ് ഈ വിഭാഗത്തിൽ വരുന്നത്. അവസാനം വരെ ആകാംക്ഷയോടെ കണ്ടിരിക്കാനുള്ള മനക്കരുത്ത് ഇതിന്റെ സംവീധായകന് പോലും ഉണ്ടാകില്ല എന്നതാണ് സത്യം''.

ഗീവർഗീസ് ഇടിച്ചെറിയ കിഴക്കേകര എന്ന സോഷ്യൽ മീഡിയ ആക്റ്റീവിസറ്റ് ഫേസ്‌ബുക്കിൽ ഇങ്ങനെ കുറിക്കുന്നു. -''മലൈക്കോട്ടൈ വാലിബന് എന്താണ് സംഭവിച്ചത്? സിനിമ കണ്ടു. അറുബോർ. തുടക്കം എട്ടും പൊട്ടുമില്ലാതെ. ആദ്യ പകുതി സ്ലോ ആൻഡ് ലാഗിങ് .അടുത്ത പകുതി അവിയലാട്ടം! അങ്കമാലി ഡയറിയും, നൻപകൽ നേരത്ത് മയക്കവും, ചുരുളിയും, ഒക്കെ എടുത്ത് ആകെ ആശയക്കുഴപ്പമായോ എന്നറിയില്ല! ഇതൊരു നാടകമോ കവലയാട്ടമോ എന്നു നിശ്ചയമില്ലാതെ കുന്തം പോയി മിഴിച്ചിരുന്ന കാഴ്ചക്കാരുടെ മുമ്പിലൂടെ എവിടേക്കെന്നറിയാതെയുള്ള നായകന്റെ കാളവണ്ടി യാത്ര. കാളവണ്ടിയുടെ ഒരു കിലോമീറ്റർ യാത്ര ഇങ്ങനെ നീട്ടി കാണിക്കുമ്പോൾ അതിൽ വല്ല ഓസ്‌കർ അവാർഡും ഒളിഞ്ഞിരിപ്പുണ്ടോ എന്നറിയില്ല. എങ്കിലും പണ്ടത്തെ സിനിമകൊട്ടക പരസ്യത്തിന്റെ സ്റ്റാൻഡേർഡ് പോലുമില്ല അതിന്.

നാടോടികൾ ഗ്രാമങ്ങളിൽ വന്നു കാണിക്കുന്ന ചെപ്പടി വിദ്യയോ സിനിമ?അതോ, കാലഹരണപ്പെട്ട നാട്ടു പ്രമാണിമാരുടെ ചന്തഗുസ്തിയോ?അതുപോലെയൊക്കെ തോന്നും വാലിബൻ കണ്ടിരുന്നാൽ. മുമ്പൊരിക്കൽ ജെല്ലിക്കെട്ടിൽ തരികിടയെ കാളയുടെ പിന്നാലെ ഓടിച്ചത് ഇതിലും എത്രയോ ഭേദം.മോഹൻലാൽ തന്റെ ഭാഗം നന്നാക്കി.

ഈ കഥ എത്ര ഗംഭീരമാക്കി എടുക്കാമായിരുന്നു. തിരക്കഥ ഏതായാലും ഇതിലും മോശമാക്കി എഴുതാൻ പറ്റില്ല.ഇതിലെ പറങ്കിയുദ്ധം എന്തായിരുന്നു? മിമിക്രിക്കൂത്തോ?സംവിധായകന്റെ കാഴ്ചപ്പാട് ആകെ തെറ്റി, ഈ സിനിമയിൽ. കഥയില്ലാതെ കേറി വന്ന് പെട്ടെന്നൊരു. കഥയുണ്ടാക്കാൻ നോക്കി. അതാകെ പാളിപ്പോയ കാഴ്ച. അതിനാൽ എല്ലാം പിഴച്ചു.ഗ്രാമങ്ങളുടെ പേരു കേട്ടാൽ അര മലയാളം അര തമിഴ്... ആകെപ്പാടെ ഒരു സങ്കരച്ചുവ. ദൃശ്യത്തിൽ. കാണുന്നത് വെറും മരുഭൂമി.അത് ആകപ്പാടെ ആശയക്കുഴപ്പം ഉണ്ടാക്കി.

ബാഹുബലിയും കെ ജി എഫും ഒക്കെ കണ്ട് ഒരു മോഹം തോന്നി എടുത്ത സിനിമയാകും. അത്തരം സിനിമയൊക്കെ രാജമൗലിയുടെയോ ശങ്കറിന്റെയോ തലമണ്ട ഉള്ളവർ എടുക്കട്ടെ. താങ്കളുടെ തല ചുരുളിക്ക് പറ്റിയതാണ്. ഇതിനൊരു രണ്ടാം ഭാഗം ഉണ്ടെന്നു തോന്നിപ്പിച്ചാണ് വാലിബൻ അവസാനിപ്പിക്കുന്നത്.പാർക്കിങ് എന്ന തമിഴ് സിനിമ ഒന്നു കാണുക. ഒരു നിസ്സാരസംഭവത്തെ എങ്ങനെയാണ് ആകാംക്ഷ നിറച്ച് ജീവനുള്ള ഒരു തിരക്കഥയാക്കുന്നത് എന്ന് അതിൽ നിന്നു പഠിക്കുക.''- ഇങ്ങനെയാണ് ആ കുറിപ്പ് അവസാനിച്ചത്. ഇതുപാലെ എത്രയെത്ര കുറിപ്പുകൾ.

മൂന്നാം ദിനം മുതൽ പോസറ്റീവ്

പക്ഷേ ആദ്യത്തെ രണ്ടുദിവസത്തെ റിവ്യൂം ബോംബിങ്ങിനുശേഷം മൂന്നാം ദിവസം മുതൽ കളിമാറി. അത്ഭുതമെന്ന് പറയട്ടെ പിന്നീട് അങ്ങോട്ട് നല്ല റിവ്യൂകളാണ് വാലിബാനെക്കുറിച്ച് വന്നത്. ആദ്യത്തെ രണ്ടുദിവസത്തെ അഭിപ്രായം കേട്ട് തനിബോർ ചിത്രം എന്ന് പ്രതീക്ഷിച്ച് പോയവർ, വാലിബാനിലെ ഫൈറ്റ് സീനുകളും, ഫ്രെയിം ബ്യൂട്ടിയും, ഗാനങ്ങളുടെ പ്രത്യേകതയും, മോഹൻലാലിന്റെ ഉജ്ജ്വല പ്രകടനവുാെമക്കെ എടുത്തു പറഞ്ഞു. ''കെജിഎഫും ബാഹുബലിയും അടക്കമുള്ള അതിമാനുഷ സിനിമകൾ കണ്ട് കൈടിക്കുകയും ആത്മനിർവൃതിയണയുകയും ചെയ്യുന്ന മലയാളികൾ എന്തുകൊണ്ടാണ് 'മലൈക്കോട്ടൈ വാലിബൻ' കണ്ടിട്ട് ഇത്രയും നെഗറ്റീവും അധിക്ഷേപങ്ങളും പടച്ചു വിടുന്നത്' എന്നായിരുന്ന പലരുടെയും ചോദ്യം.

ബോളിവുഡ് സംവിധായകൻ അനുരാഗ് കാശ്യപ് മുതൽ നടൻ മധുപാൽവരെ വാലിബാനെ പിന്തുണച്ചു രംഗത്തുവന്നു. അനുരാഗ് കാശ്യപ് പറയുന്നു. '' മലൈക്കോട്ടൈ വാലിബൻ എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. അങ്കമാലിയോ ഈ.മ.യൗവോ പ്രതീക്ഷിച്ചല്ല ഞാൻ വാലിബൻ കാണുന്നത്. നിങ്ങൾ ഒരാളുടെ വീട്ടിൽ ചെല്ലുന്നു, അവർ മസാലദോശ തരുന്നു, അപ്പോൾ
ഞാൻ ബീഫായിരുന്നു പ്രതീക്ഷിച്ചത് എന്ന് പറയുന്നതിൽ എന്ത് കാര്യം!''- അനുരാഗ് ചൂണ്ടിക്കാട്ടി.

എഴുത്തുകാരനും പ്രഭാഷകനും സ്വതന്ത്രചിന്തകനുമായ പ്രവീൺ രവി ഇങ്ങനെ എഴുതുന്നു.-''അങ്ങനെ വാലിബൻ കണ്ടു. എനിക്കും ഭാര്യക്കും സിനിമ ഇഷ്ടപ്പെട്ടു. എന്റെ കുട്ടികൾക്ക് ഇഷ്ടപ്പെട്ടില്ല. അവർക്ക് ഒന്നും മനസിലായില്ല. നമ്മുടെ നാട്ടിലെ പല പ്രായമായ കുട്ടികൾക്കും ഇതേ പ്രശ്നം ആണ് സംഭവിച്ചത്.സിനിമയുടെ ടെക്നിക്കൽ വശങ്ങളെല്ലാം അതിമനോഹരം. ഒന്നും പറയാനില്ല മലയാളത്തിൽ ഇത്തരം ഒരു ചലച്ചിത്ര അനുഭവം ആദ്യമാണ് എന്നാണ് ഞാൻ കരുതുന്നത്. പണ്ട് കാലാപാനി കണ്ടപ്പോഴാണ് ഇങ്ങനെ ഒരു വൗ ഫാക്ടർ തോന്നിച്ചത്. ഏത് ലോകോത്തര ചിത്രത്തോടും കിടപിടിക്കാവുന്ന വിഷ്വൽസ്. പ്രത്യേകിച്ച് നിലാവുള്ള രാത്രികളിലെ ഓരോ ഷോട്ടും ഫ്രെയിമുകളാക്കി വീട്ടിൽ തൂക്കിയിടാം.

അശ്വന്ത് കോക്ക് ഉൾപ്പെടെ പരിഹസിച്ച കാര്യമാണ് ചിത്രത്തിലെ സംഘട്ടനവും ബാഗ്രൗണ്ട് മ്യൂസിക്കും. എന്നെ സംബന്ധിച്ച് കോട്ടയിലെ പോർട്ടുഗീസുകാരുമായുള്ള യുദ്ധം ഒഴിച്ച് ബാക്കി എല്ലാ ആക്ഷൻ രംഗങ്ങളും അടിപൊളിയായിരുന്നു. ഒരിക്കലും കെജിഎഫ് പോലെയോ ബാഹുബലി പോലെയോ അല്ല എന്നും പറയട്ടെ.. അതൊക്കെ പ്രതീക്ഷിച്ചു പോകുന്നവർക്ക് നിരാശ ആയിരിക്കും ഫലം. അതേപോലെ ബിജിഎം അടിപൊളിയായിരുന്നു എന്ന് പറയാതെ വയ്യ. നാടോടിക്കഥ പറയുമ്പോൾ അനിരുദ്ധ് ഇടുന്ന പോലെയുള്ള മ്യൂസിക് ഇടാൻ പറ്റില്ല എന്ന സാമാന്യബോധം എങ്കിലും അശ്വന്ത് കോക്കിനെ പോലുള്ള ആളുകൾ കാണിക്കണം എന്നാണ് പറയാനുള്ളത്.

ആദ്യദിനം ഇടിച്ചു കുത്തി പോയ മോഹൻലാൽ ഫാൻസും അതേപോലെ മലയാളത്തിലെ ഏറ്റവും വലിയ റിവ്യൂവറും ഈ സിനിമയെ വിലയിരുത്തുന്നതിൽ ലോക പരാജയമായിരുന്നു എന്ന് പറയാതെ വയ്യ.  ഈ സിനിമ ലിജോ ജോസ് പല്ലിശ്ശേരി മോഹൻലാലിന് കൊടുത്ത ഒരു ട്രിബ്യൂട്ട് ആണ് എന്നും വേണമെങ്കിൽ പറയാം. നമ്മൾ കണ്ട നിരവധി സിനിമകൾ ഇതിൽ ചേർത്തിരിക്കുന്നു, തെന്മാവിൻ കൊമ്പത്ത് , ഷോലെ,എംജിആർ സിനിമകൾ, അതേപോലെ ഷേക്സ്പിയർ കഥകൾ, ക്ലിന്റ് ഈസ്റ്റ്‌വുഡ് സിനിമകൾ, അങ്ങനെ അങ്ങനെ..

ഈ സിനിമയ്ക്ക് സംഭവിച്ച പാളിച്ച എന്തെന്നാൽ, പല കഥകളെ കൂട്ടിച്ചേർക്കുന്നതിൽ ഒരു സ്‌ക്രിപ്റ്റ് റൈറ്റർ എന്ന നിലയിൽ ലിജോ പൂർണമായി വിജയിച്ചില്ല എന്നതാണ്. ബ്ലെൻഡിങ് നഷ്ടപ്പെട്ടതുകൊണ്ട് പലപ്പോഴും ഇമോഷണൽ ആയി കഥാപാത്രങ്ങളും ആയി കണക്ട് ചെയ്യുന്നതിൽ പ്രേക്ഷകർ പരാജയപ്പെട്ടു.അവസാന 20 മിനിറ്റിലാണ് നമ്മൾ കഥാപാത്രങ്ങളുമായി ഇമോഷണൽ ആയി കണക്ട് ആവുന്നത്..ഈ ഒരു ലാഗ് ആണ് സിനിമയുടെ യഥാർത്ഥ പ്രശനം.

പക്ഷേ സിനിമയുടെ ദൃശ്യഭാഷ മനസ്സിലാകുന്നവർക്കും സാങ്കേതിക വശങ്ങൾ ആസ്വദിക്കുന്നവർക്കും ഈ പരിമിതിയെ മറികടക്കാൻ കഴിയും.അതുകൊണ്ട് തന്നെ ഈ സിനിമയെ അവർക്ക് ഇഷ്ടപ്പെടാതിരിക്കാൻ തരമില്ല.
അവസാനം മോഹൻലാലിനെ കുറിച്ച് പറയാതെ ഇത് പൂർത്തിയാക്കാൻ കഴിയില്ല.. എന്തൊരു അഭിനയമാണ് ലാലേട്ടാ..ലൗ യു . അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ്.. ''- ഇങ്ങനെയാണ് പ്രവീൺ രവി പോസ്റ്റ് അവസാനിപ്പിക്കുന്നത്. ചിത്രം ഇറങ്ങി ഒരാഴ്ച തികഞ്ഞപ്പോഴേക്കും പോസറ്റീവ് റിവ്യുകളുടെ അയ്യരുകളിയായി. ആദ്യമായിട്ടായിരിക്കണം, മലയാളികൾ ഒരു സിനിമയുടെപേരിൽ തീർത്തും വ്യത്യസ്തമായ നിലപാടുകൾ വെച്ചുപുലർത്തുന്നത്.

ലാലേട്ടേന്റെ ഉജ്ജ്വല പ്രകടനം

പക്ഷേ വിമർശകർപോലും എടുത്തുപറയുന്ന ഒന്നുണ്ട്. ഏറെക്കാലത്തിനുശേഷമാണ് മോഹൻലാലിനെ ഈ രീതിയിൽ ഫയർബ്രാൻഡായി കാണുന്നതെന്ന്. ഒടിയനിലെ ബോട്ടോക്സ് ഇഞ്ചക്ഷനുശേഷം മുഖം മാറിപ്പോയി എന്നും, അടുത്തകാലത്തായി വല്ലാതെ ക്ഷീണം തോനുന്നു എന്നരീതിയിലുള്ള ആരോപണങ്ങൾക്ക് ഒക്കെയും ഈ ചിത്രത്തിൽ ലാൽ അഭിനയിച്ച് മറുപടി പറയുന്നുണ്ട്.

മോഹൻലാലിന്റെ ഫിസിക്കിനെ നന്നായി പ്രയോജനപ്പെടുത്തുന്നുണ്ട് ചിത്രം. കഴുത്തിൽ വലിയ മാലയും താടിയും കെട്ടിവച്ച മുടിയുമൊക്കെയായി കരുത്തിന്റെ ആൾരൂപമായി വാലിബൻ എത്തുമ്പോൾ ആ കഥാപാത്രത്തിന്റെ ശക്തിയിലോ ഇടിപ്പെരുമയിലോ പ്രേക്ഷകനു സംശയമേതും തോന്നില്ല. ആദ്യകാഴ്ചയിൽ തന്നെ വാലിബൻ അവതാരത്തെ കൺവീൻസിങ് ആയി പ്രസന്റ് ചെയ്യുന്നുണ്ട് ലിജോ. മോഹൻലാലിന്റെ ഇൻട്രോയും ഗംഭീരമായിരുന്നു. രണ്ടുകാലുകളിൽനിന്ന് കഥാപാത്രത്തിലേക്ക് പോവുന്ന അവസ്ഥ. പക്ഷേ അവിടെയും അമിത പ്രതീക്ഷയുടെ ഭാരം വന്നു. ലിജോയുടെ അസിസ്റ്റന്റും പ്രശസ്ത സംവിധായകനുമായ ടിനു പാപ്പച്ചൻ പറഞ്ഞ 'തീയേറ്റർ കുലുങ്ങുമെന്ന' വാക്കുകൾ അമിത പ്രതീക്ഷയുണ്ടാക്കി. എന്നാൽ അതിന് പറ്റിയ ബിജിഎം കൊടുത്തതുമില്ല.

രൂപത്തിൽ മാത്രമല്ല, ആക്ഷൻ രംഗങ്ങളിലും നല്ല പ്രകടനമാണ് മോഹൻലാൽ കാഴ്ച വയ്ക്കുന്നത്. സംഘട്ടനസീനുകളിലെല്ലാം ആ മികവ് കാണാം. മോഹലാൽ കൂടിയില്ലെങ്കിൽ ഈ ചിത്രത്തിന്റെ അവസ്ഥ എന്താകുമായിരുന്നെന്ന് കണ്ടറിയേണ്ടതുണ്ട്.

പിന്നിൽ രാഷ്ട്രീയ കാരണങ്ങളോ?

പക്ഷേ അടുത്തകാലത്തുണ്ടായ ചില രാഷ്ട്രീയ കാരണങ്ങളും ലാലിനെതിരായ കാമ്പയിന് ഇടയാക്കിയതായി പറയുന്നുണ്ട്. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാചടങ്ങിന് ക്ഷണം ലഭിച്ചിട്ടും മോഹൻലാൽ പോയിരുന്നില്ല. ഇതുകൊണ്ട് സംഘപരിവാർ ചിത്രം ബഹിഷ്‌ക്കിക്കുമെന്നൊക്കെ നേരത്തെ പറഞ്ഞുകേട്ടിരുന്നു. പക്ഷേ അങ്ങനെ ഒന്നും യാഥാർഥത്തിൽ ഉണ്ടായിരുന്നില്ല. ചിത്രത്തിനെതിരെ ബോധപൂർവം ഡീഗ്രഡിങ്ങ് നടന്നോ, അതിനുപിന്നിൽ രാഷ്ട്രീയ കാരണങ്ങൾ ഉണ്ടോ എന്നൊന്നും ഇനിയും വ്യക്തമായിട്ടില്ല.

എന്നാൽ ചിത്രത്തിനുനേരേയുള്ള റിവ്യൂ ബോംബിങ്ങിനു പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങളുമുണ്ടെന്നാണ് നിർമ്മാതാവ് ഷിബു ബേബി ജോൺ പറയുന്നത്്. ''സിനിമ ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് പറയുന്നതിൽ തെറ്റില്ല. എന്നാൽ സിനിമാ വ്യവസായത്തെത്തന്നെ തകർക്കുന്നതാണ് ഇപ്പോൾ നടക്കുന്നത്. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സൗഹൃദത്തിന്റെ ആഴം അളക്കാനാവില്ല. അവരുടെ പേരിൽ ആരെങ്കിൽ സിനിമയെ തകർക്കാൻ ശ്രമിച്ചാൽ അവർ വിഡ്ഢികളാണ്. സംവിധായകൻ ലിജോ ജോസ് പെല്ലിശേരി മാനസികമായി തകർന്നിരിക്കുകയാണ്''- ഷിബു ബേബി ജോൺ മനോരമ ന്യൂസിനോടു പറഞ്ഞു.

''സിനിമയ്ക്കെതിരായ ആക്രമണത്തിൽ പുതുമ തോന്നുന്നില്ല. രാഷ്ട്രീയത്തിൽ ഇതൊക്കെ അനുഭവിച്ചിട്ടുള്ള ആളാണ് ഞാൻ. പക്ഷേ സിനിമയിലും ഇതുണ്ട് എന്ന് മനസ്സിലാക്കിയതിലുള്ള വിഷമം എനിക്കുണ്ട്. വളരെ പ്രതികൂലമായേക്കും എന്നൊരു ഘട്ടത്തിൽ ഭയന്നിരുന്നു. അതുപോലുള്ള റിവ്യൂ ബോംബിങ് നടന്നു. പക്ഷേ അത് മാറി ഇപ്പോൾ നല്ലൊരു സിനിമ എന്ന അഭിപ്രായം ഉയർന്നു വരുന്നുണ്ട്''- ഷിബു പറയുന്നു.

ഒരാഴ്ചകൊണ്ട് 24 കോടി

പക്ഷേ ചിത്രം പാളിപ്പോയത് മാർക്കറ്റിങ്ങിലാണ്. ഒരു സിനിമ പുറത്തിറങ്ങുമ്പോൾ അതിന് മുന്നോടിയായി വരുന്ന ടീസറുകളും ട്രെയിലറുകളുമെല്ലാം കാണുമ്പോൾ ചിത്രം ഏത് ജോണറിൽപ്പെടുന്നതാണെന്ന് ഏകദേശം ഒരു ധാരണയുണ്ടാവും. എന്നാൽ നമ്മൾ മനസിൽക്കാണുന്ന ജോണറുകൾ ഒന്നുമല്ല മലൈക്കോട്ടൈ വാലിബൻ എന്നതാണ് സത്യം. ഇത് ആരാധകരിൽ വലിയ ഷോക്കാണ് ഉണ്ടാക്കിയത്. ഒരു ബ്രഹ്മാണ്ഡ ചിത്രമായി ഇതിനെ മാർക്കറ്റ് ചെയ്യുന്നതിന് പകരം, വ്യത്യസ്തമായ ചിത്രം എന്ന ടാഗിലായിരുന്നു ഇറക്കേണ്ടിയിരുന്നത്.

ചിത്രം പ്രഖ്യാപിച്ചത് മുതൽ വല്ലാത്ത ഹൈപ്പ് ആണ് അണിയറക്കാർ നൽകി വന്നത്. ഒരു മുഖ്യധാര മോഹൻലാൽ ചിത്രത്തിന്, നൽകി വരുന്ന ബാൻഡ് വാഗൺ (പെരുമ്പറമുഴക്കം) എന്തിനായിരുന്നു വാലിബനു നൽകിയത് എന്നാണ് ചോദ്യം. നാളിതുവരെ താൻ പോലും മുമ്പ് സഞ്ചരിച്ച വഴിയിലൂടെ വീണ്ടും പോകാൻ മടി കാണിക്കുന്ന എൽജെപി എന്ന ലോകോത്തര ചലച്ചിത്രകാരൻ ഇങ്ങനെ ഒരു സാഹസം സ്വയം കാണിക്കുമെന്ന് കരുതുക വയ്യ. അപ്പോൾ പരമാവധി ലാഭം കൊയ്യൽ മാത്രം ലക്ഷ്യം വച്ച മറ്റു ചിലരുടെ മനസ്സിലെ അത്യാഗ്രഹമാണ് ഫാൻസുകാരുടെ മനസ്സിൽ വാലിബനെക്കുറിച്ച് തെറ്റായ പ്രതിച്ഛായ ഉണ്ടാകാൻ കാരണം എന്നു വേണം കരുതാൻ എന്നാണ് സോഷ്യൽ മീഡിയയുടെ വിമർശനം. തനിക്ക് ഒരു ചിത്രം മാർക്കറ്റ് ചെയ്യാൻ അറിയില്ലെന്നും, ആ പടത്തിന്റെ കഥ ഡിമാന്റ് ചെയ്യുന്നപോലുള്ള ഒരു ചിത്രം എടുത്ത് നിർമ്മാതാവിനെ ഏൽപ്പിക്കാനേ കഴിയൂ എന്നാണ് ലിജോ ജോസ് ഒരു അഭിമുഖത്തിൽ പറയുന്നത്.

അതേസമയം, ആദ്യ ദിവസം തന്നെ വാലിബനെതിരെ ഉണ്ടായ ആക്രമണങ്ങൾ ഒന്നും സിനിമയെ കാര്യമായി ബാധിച്ചിട്ടില്ലെന്നതാണ് കണക്കുകൾ വ്യക്തമാക്കുന്നത്. റിലീസ്ചെയ്ത് ഒരാഴ്ച തികയുമ്പോൾ സിനിമയുടെ ആഗോള കലക്ഷൻ 24.02 കോടിയാണ്. വ്യാഴാഴ്ചയായിരുന്നു ചിത്രത്തിന്റെ റിലീസ്. അതിനാൽത്തന്നെ നാല് ദിവസം നീണ്ട അവധി ദിവസങ്ങളാണ് സിനിമയ്ക്കു ലഭിച്ചത്. 26 റിപബ്ലിക് ദിനം പൊതു അവധി ആയതിനാൽ മികച്ച വാരാന്ത്യ സാഹചര്യമായിരുന്നു തിയറ്ററുകളിൽ. കേരളത്തിൽ നിന്ന് ആദ്യദിനം ചിത്രം നേടിയ കളക്ഷൻ 5.85 കോടി ആയിരുന്നു. ബോക്സ് ഓഫീസ് ട്രാക്കർമാരുടെ കണക്ക് അനുസരിച്ച് ആദ്യ നാല് ദിനങ്ങളിൽ കേരളത്തിൽ നിന്ന് ചിത്രം 11.02 കോടിക്കും 11.10 കോടിക്കുമിടയിലാണ് നേടിയിരിക്കുന്നത്. ജിസിസി, ഓവർസീസ് കലക്ഷൻ ഉൾപ്പടെ 12.27 കോടിയാണ് സിനിമയുടെ ആദ്യ ദിവസത്തെ ഗ്രോസ് കലക്ഷൻ. മോഹൻലാൽ സിനിമകളിൽ ഏറ്റവും മികച്ച നാലാമത്തെ വലിയ ഓപ്പണിങ്ങ് ആണ് വാലിബൻ.

സാധാരണ ആദ്യദിവസങ്ങളിൽ നെഗറ്റീവ് അഭിപ്രായം ഉണ്ടായാൽ ആ പടം ബോക്സോഫീസിൽ തകർന്ന് തരിപ്പിണമാവുകയാണ് പതിവ്. എന്നാൽ അവിടെയും എൽജെപി ചിത്രം അതിന്റെ ഉള്ളടക്കംപോലെ വ്യത്യസ്തമാവുന്നു.

വാൽക്കഷ്ണം: പക്ഷേ ഇപ്പോഴും വാലിബാൻ ഹിറ്റാവുമെന്ന് ഈ ലേഖകൻ കരുതുന്നില്ല. പരാജയത്തിന്റെ ഭാരം കുറയ്ക്കാൻ ഈ പുതിയ ട്രെൻഡുകൊണ്ട് കഴിയും. ഇത്രയും കോടികൾ മുടക്കി ബിഗ് ബജററ്റിൽ ചിത്രം എടുക്കുമ്പോൾ ലിജോ കുറേക്കൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP