Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ

'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ

എം മാധവദാസ്

തിരുവനന്തപുരം: 1921ൽ മലബാറിലെ ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകൾ കേന്ദ്രീകരിച്ചു നടന്ന മാപ്പിള ലഹള, മലബാർകലാപം, ഖിലാഫത്ത് ലഹള എന്നൊക്കെ പേരിട്ട കലാപത്തെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പുതിയ പഠനം. കേരളത്തിൽ ഇഎംഎസ് അടക്കമുള്ള ഇടത് എഴുത്തുകാർ തൊട്ട് ലിബറൽ ബുദ്ധിജീവികൾ വരെ മലബാർ കലാപത്തെ വിലയിരുത്തിയത്, ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും എതിരായ കലാപമായും സ്വാതന്ത്ര്യ സമരമായിട്ടുമായിരുന്നു. അതിനിടിയിൽ കുറെ അക്രമപ്രവർത്തനങ്ങൾ ഉണ്ടായെന്നുമാണ് അവർ വിലയിരുത്തിയത്. എന്നാൽ എഴുത്തുകാരനും പ്രഭാഷകനും പ്രമുഖ സ്വതന്ത്ര ചിന്തകനുമായ ഡോ മനോജ് ബ്രൈറ്റ്. 'മലബാർ കലാപം സീരീസ്' എന്ന പേരിൽ ഫേസ്‌ബുക്കിൽ എഴുതുന്ന ലേഖന പരമ്പര വായിച്ചാൽ ഇതിന് ഘടകവിരുദ്ധമായ അഭിപ്രായമാണ് ഉണ്ടാവുക. മലബാർ കലാപം അടിമുടി വർഗീയമായിരുന്നെന്നും ഹിന്ദു വംശഹത്യതന്നെയായിരുന്നു അതിൽ ലക്ഷ്യമിട്ടിരുന്നതെന്നും ഈ തർജ്ജമ വായിച്ചാൽ വ്യക്താമാവും. ഡോ മനോജ് ബ്രൈറ്റ് ചരിത്ര രേഖകൾ ഉദ്ധരിച്ച് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പങ്കുവെക്കുന്നത്. രേഖകളുടെ തർജ്ജമ നടത്തുന്നു എന്നല്ലാതെ ഒരു കമന്റും അദ്ദേഹം പങ്കുവെക്കുന്നില്ല.

ഇഎംഎസും, ഡോ കെ കെ എൻ കുറുപ്പും, ഡോ എം ഗംഗാധരനും അടക്കമുള്ള ചരിത്രകാരന്മാരുടെ വീക്ഷണത്തിന് നേർ വിപരീതമാണ് ഡോ ബ്രൈറ്റിന്റെ ലേഖന പരമ്പരയുടെ ഉള്ളടക്കം. ജന്മിത്വത്തിനെതിരായ പ്രതിഷേധവും ബ്രിട്ടീഷ് ഭരണത്തിനെതിരായ വികാരവുമാണ് ഖിലാഫത്ത് സമരത്തിന്റെ അടിസ്ഥാന ഘടകമെന്ന ഇവരുടെ വിലയിരുത്തലല്ല, ഡോ ബ്രൈറ്റിന്റെ തർജജമ വായിക്കുമ്പോൾ കിട്ടുക. കൃത്യമായ വർഗീയ അജണ്ടയും, ഇസ്ലാമിലേക്കുള്ള മത പരിവർത്തനവും തന്നെയാണ് മലബാർ കലാബത്തിന്റെ അന്തർധാരയായി പ്രവർത്തിച്ചത് എന്ന ചിത്രമാണ് ഇവിടെ തെളിയുന്നത്.ഇസ്ലാമിലേക്കുള്ള മതം മാറ്റം കലാപകാരികളുടെ പ്രധാന അജണ്ടയായത് എങ്ങനെയെന്ന കോടതിയുടെ നിരീക്ഷണവും ഉദ്ധരിക്കുന്നണ്ട്. സമാനതകളില്ലാത്ത ക്രൂരതയെ മറച്ചുവെച്ചുകൊണ്ട് ്ഉള്ളവനും ഇല്ലാത്താവനും തമ്മിലുള്ള കലാപമാക്കി ഇതിനെ മാറ്റിയത് ഇടതുപക്ഷത്തിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയം തന്നെയാണെന്ന് സീരീസ് വായിക്കുമ്പോൾ വ്യക്തമാവും.

ഡോ ബ്രൈറ്റിന്റെ ലേഖന പരമ്പരയെ തുടർന്ന് ഫേസ്‌ബുക്കിൽ ഈ വിഷയത്തിൽ വലിയ സംവാദവും തുടങ്ങിയിട്ടുണ്ട്. സംഭവത്തിൽ മഹാത്മാഗാന്ധിയുടെ പങ്കും വിമർശന വിധേയമാകുന്നുണ്ട്. 'അന്നു കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച ആനിബസന്റ് റിപ്പോർട്ട് ചെയ്തത് ക്രൂരമായ ഹിന്ദു വംശഹത്യയാണ് മലബാർ കലാപം എന്നാണ്. പക്ഷെ ഗാന്ധി അതു സമ്മതിച്ചില്ല. അതുപോലെ കാലങ്ങളോളം ഉറങ്ങിക്കിടന്ന ഈ സമരത്തെ കർഷക കലാപമാക്കി മാറ്റിയതത് ഇഎംഎസ് ചെയ്ത വൻ ചതിയാണെന്നും വായനക്കാരിൽ പലരും പ്രതികരിക്കുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തോടനുബന്ധിച്ചുണ്ടായ ലഹളയുടെ ആരംഭത്തിനു കാരണമായത് തുർക്കിയിലെ അഭ്യന്തര പ്രശ്നങ്ങളായിരുന്നു. തുർക്കി ഭരിക്കുന്ന ഖലീഫയെ ബ്രിട്ടീഷുകാർ നിഷ്‌കാസനം ചെയ്തതിലും അദ്ദേഹത്തിന്റെ നേതൃത്വത്തെ ചോദ്യം ചെയ്തതിലും പ്രതിഷേധിച്ച് മുസ്ലീങ്ങൾ രൂപം നൽകിയ പ്രസ്ഥാനമായിരുന്നു ഖിലാഫത്ത് പ്രസ്ഥാനം. പക്ഷേ ഈ ഖിലാഫത്ത് കേരളത്തിൽ ബലപ്രയോഗത്തിലൂടെ മതം മാറ്റം എന്ന നിലയിലേക്കാണ് മാറുയിത്. ഇക്കാര്യം ചരിത്രകാരന്മാർ ബോധപുർവം മറച്ചുവെക്കുകയായിരുന്നെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.

'എന്തുതരം സമരമായിരുന്നെന്ന് വായനക്കാർ വിലയിരുത്തട്ടെ'

മാപ്പിള കലാപം സീരീസിന് മുന്നോടിയായുള്ള ഫേസ്‌ബുക്ക് പോസ്്റ്റിൽ ഡോ. മനോജ് ബ്രൈറ്റ് ഇങ്ങനെ എഴതുന്നു.'പഴയ ചില പുസ്തകങ്ങൾ കിട്ടി. ഒന്ന്, ദിവാൻ ബഹാദൂർ സി. ഗോപാലൻ നായർ (റിട്ടയേർഡ് ഡെപ്യൂട്ടി കളക്ടർ) 1923ൽ പ്രസിദ്ധീകരിച്ച The Moplah Rebellion,1921 എന്ന പുസ്തകം. അക്കാലത്തെ പത്ര വാർത്തകളും, ഔദോഗിക റിപ്പോർട്ടുകളും തീയതി അനുസരിച്ച് ക്രോഡീകരിച്ചാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. അതിനെത്തുടർന്ന് ലഹളക്കാലത്തെ ഔദ്യോഗിക ടെലഗ്രാമുകളും, റിപ്പോർട്ടുകളും ക്രോഡീകരിച്ചിട്ടുള്ള വേറെ ചില പുസ്തകങ്ങളും കിട്ടി. ടെലഗ്രാമുകളിലൂടെയും, ഔദ്യോഗിക റിപ്പോർട്ടുകളിലൂടെയും, പത്രകുറിപ്പുകളിലൂടെയും ചരിത്രം നമ്മുടെ മുന്നിൽ അനാവരണം ചെയ്യപ്പെടുന്നത് ഒരു സിനിമ കാണുന്ന രസത്തോടെ വായിച്ചു പോകാം. അതിലെ ചില ഭാഗങ്ങൾ തർജ്ജിമ ചെയ്യാമെന്ന് കരുതുന്നു. എന്നെങ്കിലും അതൊക്കെ പുസ്തകമാക്കുകയുമാകാം. എന്തായാലും കോപ്പിറൈറ് കഴിഞ്ഞ സാധനങ്ങളാണ്. നമ്മൾ മാപ്പിള കലാപത്തിന്റെ അലക്കിയ (sanitize) ചരിത്രം മാത്രം വായിച്ചാൽ പോരല്ലോ'.

മാപ്പിളകലാപം സീരീസിന്റെ ഒന്നാംഭാഗത്തിൽ ഡോ മനോജ് ബ്രൈറ്റ് ഇങ്ങനെ എഴുതുന്നു-'1921 ലെ മാപ്പിള കലാപത്തെക്കുറിച്ച് ഒരു പുതിയ സീരീസ് തുടങ്ങുന്നു. ഇതിന്റെ പ്രത്യേകത ഞാനായി ഒന്നും പറയുന്നില്ല എന്നതാണ്. അന്നത്തെ ഔദ്യോഗിക റിപ്പോർട്ടുകളും മറ്റും വിവർത്തനം ചെയ്ത് ആ സംഭവം നടന്ന ക്രമത്തിൽ ഇടുന്നു. അന്ന് നടന്നത് സ്വാതന്ത്ര്യ സമരമായിരുന്നോ, കാർഷിക സമരമായിരുന്നോ അതോ ഹിന്ദു വംശഹത്യ (genocide) ആയിരുന്നോ എന്നൊക്കെ വായിക്കുന്നവർക്ക് സ്വയം തീരുമാനിക്കാം.'- അദ്ദേഹം വ്യക്തമാക്കുന്നു. മദ്രാസ് മെയിൽ, കേരള പത്രിക, തുടങ്ങിയ പത്രങ്ങളും ഇ രാമമേനോൻ ബി എയുടെ എഴുത്തകളും നിരവധി ബ്രിട്ടീഷ് രേഖകളും ഡോ ബ്രൈറ്റ് ഉദ്ധരിക്കുന്നുണ്ട്.

ജീവനോടെ തൊലയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി

സ്വാതന്ത്ര്യ സമരമായിരുന്നോ, കാർഷിക സമരമായിരുന്നോ അതോ ഹിന്ദു വംശഹത്യയാണോ എന്നൊന്നും ലേഖകനായ ഡോ മനോജ് ബ്രൈറ്റ് തീരുമാനിക്കുന്നില്ലെങ്കിലും ഇത് കൃത്യമായ ഹിന്ദു വംശഹത്യതന്നെയാണെന്ന് മാപ്പിള കലാപം സീരീസിലൂടെ കടന്നുപോകുമ്പോൾ, വായനാക്കരന് വ്യക്തമാവും. സമാനകളില്ലാത്ത ക്രൂരതമാണ് മലബാർ കലാപത്തിൽ നടന്നത്. വ്യാപകമായ കൊള്ളയും കൊള്ളിവെപ്പും കൊലപാതകവും ബലാത്സഗവും, ഗർഭിണികളുടെ വയറുകീറി കുട്ടികളെ പുറത്തെറിയലും, ശവക്കുഴി കുഴിച്ചുകൊണ്ട് വെട്ടിക്കൊല്ലലും എല്ലാം വ്യാപകമായി നടമാടി.

1921 സിനിമയിൽ ഹീറോകളായി ചിത്രീകരിക്കുന്ന വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും, ചെമ്പ്രശ്ശേരി തങ്ങളും അടക്കമുള്ളവർ കലാപകാരികളുടെ അധീനതയിലുള്ള പ്രദേശങ്ങളിൽ വസിക്കുന്നവരിൽ ഇസ്ലാം മതം സ്വീകരിക്കാത്ത എല്ലാ ഹിന്ദുക്കളേയും കൊല്ലണം എന്ന് തീരുമാനിച്ചവരിൽ ഉണ്ടായിരുന്നു. ഹിന്ദുക്കൾ അവരുടെ സ്വന്തം ശവക്കുഴി കുഴിക്കാൻ നിർബന്ധിക്കപ്പെട്ട സംഭവങ്ങളും, പട്ടാളത്തിനു പാൽ നൽകിയ ഒരു ഹിന്ദുവിനെ ജീവനോടെ തൊലിയുരിച്ചതുമെല്ലാം രേഖകൾ ഉദ്ധരിച്ച് അദ്ദേഹം വിശദീകരിക്കുന്നു. അരക്കു കീഴ്പ്പോട്ട് തൊലിയുരിച്ചു കളഞ്ഞും, രണ്ടു കാലുകളും മുറിച്ചു കളഞ്ഞുമൊക്കെ പലരെയും കൊന്നുകളഞ്ഞതായും പത്ര റിപ്പോർട്ടുകളും രേഖകളും ഉദ്ധരിച്ച് ്ഡോ മനോജ് ബ്രൈറ്റ് എഴുതുന്നു.ഗുജറാത്ത് കലാപത്തിൽ സംഭവിച്ചപോലെ ഒരു കലാപകാരി ഏഴു മാസം ഗർഭിണിയായ ഒരു സ്ത്രീയുടെ വയർ കീറിപൊളിക്കുകയും, ഗർഭപാത്രത്തിൽ നിന്ന് ചത്ത കുഞ്ഞ് പുറത്തേക്കു നിൽക്കുന്ന തരത്തിൽ ആ സ്ത്രീ മരിച്ചു കിടക്കുന്നതും കണ്ടുവെന്നും മാപ്പിള കലാപത്തിന്റെ റിപ്പോർട്ടിലുമുണ്ട്. 'കലാപകാരികൾ മേലത്തൂരിൽ നിന്നുള്ള മാന്യയായ ഒരു നായർ സ്ത്രീയെ അവരുടെ ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് വിവസ്ത്രയാക്കി.അവരുടെ കൈകൾ പുറകിൽ പിടിച്ചു കെട്ടിയിരുന്നു. ആ ക്രൂരന്മാർ ബലാൽസംഗം ചെയ്യുന്നത് കണ്ട് അസഹ്യതയോടെ അവർ കണ്ണുകൾ അടച്ചപ്പോൾ വാൾ ചൂണ്ടി കണ്ണ് തുറപ്പിച്ച് അത് കാണാൻ നിർബന്ധിച്ചു.- കലപാം സബന്ധിച്ച ദേവധാറിന്റെ റിപ്പോർട്ട് ഡോ ബ്രൈറ്റ് ഉദ്ധരിക്കുന്നു.

ദിവാൻ ബഹാദൂർ സി. ഗോപാലൻ നായർ (റിട്ടയേർഡ് ഡെപ്യൂട്ടി കളക്ടർ) 1923ൽ പ്രസിദ്ധീകരിച്ച The Moplah Rebellion, 1921 എന്ന പുസ്തകത്തിലെ അതിക്രമങ്ങൾ (athrocities) എന്ന അദ്ധ്യായത്തിന്റെ വിവർത്തം ഡോ മനോജ് ബ്രൈറ്റ് എഴുതുന്നത് ഇങ്ങനെയാണ്.
അതിക്രമങ്ങളെ ഇങ്ങനെ തരം തിരിക്കാം:-

(1) സ്ത്രീകളെ ക്രൂരമായി മാനഭംഗപ്പെടുത്തുക.

(2) ആളുകളെ ജീവനോടെ തൊലിയുരിക്കുക

(3) പുരുഷന്മാരെയും,സ്ത്രീകളെയും,കുട്ടികളെയും കൂട്ടമായി വധിക്കുക

(4) ആയിരക്കണക്കിന് ആളുകളെ കൂട്ടമായി ബലമായി മതം മാറ്റുക. മതം മാറാൻ കൂട്ടാക്കാത്തവരെ കൊലപ്പെടുത്തുക.

(5) അർദ്ധ പ്രാണനായ ആളുകളെ കിണറ്റിലെറിയുക. മാറണമെത്തി പീഡനത്തിൽ നിന്ന് രക്ഷിക്കുന്നതുവരെ മണിക്കൂറുകളോളം വേദനയനുഭവിക്കാനായി വിടുക.

(6) കലാപപ്രദേശത്തെ ഏതാണ്ട് എല്ലാ ഹിന്ദു,ക്രിസ്ത്യൻ വീടുകളും അഗ്നിക്കിരയാക്കുക. ഇതിൽ മാപ്പിള സ്ത്രീകളും,കുട്ടികളും വരെ പങ്കെടുക്കും. സ്ത്രീകളുടെ ദേഹത്തുള്ള വസ്ത്രങ്ങൾ പോലും കൊള്ളയടിക്കുക. ചുരുക്കിപ്പറഞ്ഞാൽ അമുസ്ലിം ജനങ്ങളെ മുഴുവൻ തികച്ചും ദരിദ്രരാക്കുക.

(7) കലാപ പ്രദേശങ്ങളിലെ അമ്പലങ്ങൾ നശിപ്പിച്ചും, അശുദ്ധമാക്കിയും ഹിന്ദുക്കളുടെ മത വികാരങ്ങളെ അപമാനിക്കുക. ക്ഷേത്ര പരിസരത്തു വച്ച് പശുവിനെ കൊല്ലുക,അവശിഷ്ടങ്ങൾ വിഗ്രഹങ്ങളിൽ ചാർത്തുക, തലയോട്ടികൾ ചുവരിലും, മേൽക്കൂരയിലും തൂക്കുക.

ഇത്രയധികം പ്രശ്നങ്ങൾ ഉണ്ടായിട്ടും മലബാർ കലാപം ആ അർഥത്തിൽ കേരളം ചർച്ചചെയ്തിട്ടില്ല. ഫേസ്‌ബുക്കിൽ ഡോ മനോജ് ബ്രൈറ്റ് എഴുതിയ സീരീസിന്റെ ഏറ്റവും പുതിയ ലക്കം ഇങ്ങനെയാണ്.

മാപ്പിള കലാപം സീരീസ് (ഭാഗം 19)

10. ജീവനോടെ തൊലിയുരിക്കൽ.

കലാപകാരികളുടെ അധീനതയിലുള്ള പ്രദേശങ്ങളിൽ വസിക്കുന്നവരിൽ ഇസ്ലാം മതം സ്വീകരിക്കാത്ത എല്ലാ ഹിന്ദുക്കളേയും കൊല്ലണം എന്ന് വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും, ചെമ്പ്രശ്ശേരി തങ്ങളും തീരുമാനിച്ചതായി അടുത്തിടെയുള്ള പല റിപ്പോർട്ടുകളും കാണിക്കുന്നു. വെട്ടികൊല്ലുന്നതിനു മുൻപ് ഹിന്ദുക്കൾ അവരുടെ സ്വന്തം ശവക്കുഴി കുഴിക്കാൻ നിർബന്ധിക്കപ്പെട്ട സംഭവങ്ങൾ പോലും ഉണ്ടായിട്ടുണ്ട്. പട്ടാളത്തിനും, പൊലീസിനും ഭക്ഷണം നൽകുന്നവരെയും, അങ്ങനെ സംശയിക്കപ്പെടുന്നവരെയും ക്രൂരമായി ശിക്ഷിക്കാൻ പദ്ധതിയിടുന്നതായി വാർത്തയുണ്ട്. പട്ടാളത്തിനു പാൽ നൽകിയ ഒരു ഹിന്ദുവിനെ ജീവനോടെ തൊലിയുരിക്കാൻ ചെമ്പ്രശ്ശേരി തങ്ങൾ കൽപ്പിച്ചതായി പറയുന്നു. മേലത്തൂർ, മേൽമുറി, കരുവാരകുണ്ട്, തുവ്വൂർ മുതലായ സ്ഥലങ്ങളിൽ ഹിന്ദുക്കളെ കൃത്യമായി ഉന്മൂലനം ചെയ്യുന്നുണ്ടെങ്കിലും, കലാപകാരികൾക്കു താൽപര്യം തോന്നുന്ന ചെറുപ്പക്കാരികളെയും,പെൺകുട്ടികളെയും അവർ ബലമായി പിടിച്ചുകൊണ്ടു പോകുന്നുണ്ട്.എല്ലാ ദിവസവും നൂറുകണക്കിന് ഹിന്ദുക്കളാണ് സ്വരക്ഷക്കു വേണ്ടി പൊലീസിന്റെയും പട്ടാളത്തിന്റെയും സാന്നിധ്യമുള്ള മലപ്പുറം, വണ്ടൂർ, മഞ്ചേരി,അങ്ങാടിപ്പുറം മുതലായ സ്ഥലങ്ങളിലേക്ക് ഒഴുകുന്നത്. പക്ഷെ പട്ടാളത്തിനു വേണ്ട ഭക്ഷണമൊരുക്കാൻ പോലും ബുദ്ധിമുട്ടായതുകൊണ്ട് കഴിയുന്നത്ര അഭയാർത്ഥികളെ കോഴിക്കോട്ടേക്കും, പാലക്കാട്ടേക്കും, മറ്റു സ്ഥലങ്ങളിലേക്കും അയക്കുകയാണ്.
(മദ്രാസ് മെയിൽ, ഒക്ടോബർ 4,1921.)

11. കേരള പത്രിക, 1922 മാർച്ച് 1, ബുധനാഴ്ച. കൃഷ്ണൻ നായരുടെ മരണം ഏതു കഠിനഹൃദയന്റെയും മനസ്സലിയിക്കുന്നതാണ്.അദ്ദേഹം കലാപകാരികളെ അറസ്റ്റു ചെയ്യുന്നതിൽ വളരെ സഹായങ്ങൾ ചെയ്തിട്ടുണ്ട്. ഇത് മാപ്പിളയുടെ മനസ്സിൽ കോപമുണ്ടാക്കുകയും അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തു. ആദ്യം അരക്കു കീഴ്പ്പോട്ട് തൊലിയുരിച്ചു കളഞ്ഞു. അദ്ദേഹത്തിന് കുറെ സമയം ഈ വേദന സഹിക്കേണ്ടി വന്നു. അതിനു ശേഷം അദ്ദേഹത്തിന്റെ രണ്ടു കാലുകളും മുറിച്ചു കളഞ്ഞു. കുറെ സമയം ഈ വേദനയും അനുഭവിക്കേണ്ടി വന്നു. ഒടുവിൽ അദ്ദേഹത്തിന്റെ കഴുത്തും കണ്ടിച്ചു. അതിനു ശേഷമാണ് അദ്ദേഹം മരിച്ചത്. താമസിയാതെ തന്നെ ബാക്കി രണ്ടു പേരെയും വെട്ടി തുണ്ടമാക്കി. ബാക്കിയുള്ള മൂന്നു സഹോദരന്മാർ ഓടി രക്ഷപ്പെട്ടു.

12. ഒരു അഭയാർത്ഥിയുടെ മൊഴി. ഒരു കലാപകാരി ഏഴു മാസം ഗർഭിണിയായ ഒരു സ്ത്രീയുടെ വയർ കീറിപൊളിക്കുകയും, ഗർഭപാത്രത്തിൽ നിന്ന് ചത്ത കുഞ്ഞ് പുറത്തേക്കു നിൽക്കുന്ന തരത്തിൽ ആ സ്ത്രീ മരിച്ചു കിടക്കുന്നതും കണ്ടു. വേറൊരു സന്ദർഭത്തിൽ ആറു മാസം പ്രായമായ ഒരു കുഞ്ഞിനെ സ്വന്തം അമ്മയുടെ മാറിൽ നിന്ന് പറിച്ചെടുത്ത് രണ്ടു തുണ്ടമാക്കി.(മിസ്റ്റർ ദേവധാറിന്റെ റിപ്പോർട്ടിൽ നിന്ന്)

കലാപകാരികൾ മേലത്തൂരിൽ നിന്നുള്ള മാന്യയായ ഒരു നായർ സ്ത്രീയെ അവരുടെ ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് വിവസ്ത്രയാക്കി. അവരുടെ കൈകൾ പുറകിൽ പിടിച്ചു കെട്ടിയിരുന്നു. ആ ക്രൂരന്മാർ ബലാൽസംഗം ചെയ്യുന്നത് കണ്ട് അസഹ്യതയോടെ അവർ കണ്ണുകൾ അടച്ചപ്പോൾ വാൾ ചൂണ്ടി കണ്ണ് തുറപ്പിച്ച് അത് കാണാൻ നിർബന്ധിച്ചു.(മിസ്റ്റർ ദേവധാറിന്റെ റിപ്പോർട്ടിൽ നിന്ന്)

13. നിലമ്പൂരിലെ കൊള്ള. പുരാതന കാലം മുതൽ രാജ്യഭരണം നടത്തിയിരുന്ന പ്രഭു കുടുംബമായ തച്ചറക്കാവിൽ തിരുമുൽപ്പാടിന്റെ തലസ്ഥാനമായിരുന്നു നിലമ്പൂർ.

1921 ഓഗസ്റ്റ് ഇരുപത്തൊന്നാം തീയ്യതി ഞായറാഴ്ച, കോവിലകം കാവൽക്കാർ സ്ഥലത്തില്ലാതിരുന്ന സമയത്ത് പൂക്കോട്ടൂരിലെ വലിയൊരു സംഘം മാപ്പിളമാർ തോക്കുകളും, വാളുകളും,യുദ്ധകത്തികളുമായി കൊട്ടാരത്തിന്റെ പടിക്കലെത്തി. കൊട്ടാരം കാവൽക്കാർക്ക് ദുർബ്ബലമായ പ്രതിരോധമേ സാധ്യമായുള്ളൂ. അലക്കുകാരുടെ ജാതിയിൽ പെട്ട ഒരാൾ മാപ്പിളമാർക്കു നേരെ വെടിവച്ച് ഒരാളെ കൊന്നു. അദ്ദേഹം മറ്റൊരു മാപ്പിളയെക്കൂടി വെട്ടി വീഴ്‌ത്തിയെങ്കിലും, മാപ്പിളമാർ താമസിയാതെ ഇദ്ദേഹത്തെ കീഴ്പ്പെടുത്തി വെട്ടിനുറുക്കി. ബാക്കിയുള്ള കാവൽക്കാർ അടുത്തുള്ള വീട്ടിലേക്കു രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, മാപ്പിളമാർ പിൻതുടർന്നു ചെന്ന് അവിടെത്തെ അന്തേവാസികളായ രണ്ടു സ്ത്രീകളും, ഒരുകുട്ടിയുമടക്കം എല്ലാവരെയും കൊത്തിയരിഞ്ഞു. പതിനേഴു പേർ കൊല്ലപ്പെടുകയും, രണ്ടു പേർക്ക് മാരകമായി പരിക്കു പറ്റുകയും ചെയ്തു. ഇതേ സമയം നിലമ്പൂർ കുടുംബം, സ്ത്രീകളടക്കം വാതിലടച്ച് അകത്തിരുന്നു. ഇളയ തിരുമുൽപ്പാട് മാത്രം തന്റെ കുടുംബത്തോടൊപ്പം സ്വന്തം ബംഗ്ളാവിലായിരുന്നു. കൂടുതൽ ആളുകളും മൂത്ത തിരുമുൽപ്പാടിന്റെ കൊട്ടാരത്തിലേക്ക് ഇടിച്ചു കയറി അവിടെ കണ്ട എല്ലാം നശിപ്പിച്ചു. മുപ്പത്തയ്യായിരം രൂപയുടെ വസ്തുവകകൾ കൂടാതെ എട്ടു വർഷത്തെ രേഖകളും അഗ്‌നിക്കിരയാക്കി. കൂടുതൽ കലാപകാരികളും ഈ പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കവേ, വലിയൊരു കൂട്ടം സ്ത്രീകളുടെ കൊട്ടാരത്തിലേക്കു പാഞ്ഞ് ചെന്നു. ഇവിടെ പുരുഷന്മാരും, സ്ത്രീകളും, കുട്ടികളും, സേവകരുമടക്കം ഏതാണ്ട് നൂറ്റമ്പതു ജീവനുകൾ വാതിലുകൾ അടച്ചു പൂട്ടി അകത്തിരിക്കുകയായിരുന്നു. അര ഡസനോളം വാതിലുകൾ കലാപകാരികൾ തല്ലിപ്പൊളിച്ച് ഒടുവിൽ സ്ത്രീകളും, കുട്ടികളും അഭയം പ്രാപിച്ചിടത്തെത്തി. ആ സമയം കലാപകാരികൾക്കുള്ള എന്തോ സന്ദേശവുമായി ഒരാൾ വരികയും, അവരെല്ലാം കൊട്ടാരം തല്ലിപ്പൊളിക്കുന്നിടത്തേക്കു ഓടുകയും ചെയ്തു. നശീകരണമെല്ലാം കഴിഞ്ഞ ശേഷം, മഞ്ചേരി ട്രഷറി കൊള്ളയടിച്ച ശേഷം തങ്ങൾ കോവിലകത്തേക്കു മടങ്ങി വരുമെന്ന് നിലമ്പൂരിലെ ആളുകളോട് വിളിച്ചു പറഞ്ഞു കൊണ്ട് അവർ പൂക്കോട്ടൂർ ഭാഗത്തേക്കു നീങ്ങി.

മൊത്തം കുടുംബത്തേയും,ജോലിക്കാരെയും പുഴയുടെ മറുവശത്തുള്ള കാട്ടിലേക്കയച്ചു. അടുത്ത ദിവസം എല്ലായിടത്തും വ്യാപകമായ കൊള്ളകൾ നടന്നു. കോവിലകവും, നല്ല കാവലുണ്ടായിരുന്ന നൂറോളം വീടുകളും ഒഴിച്ച് പ്രദേശം മുഴുവൻ കൊള്ളയടിക്കപ്പെട്ടു. (മദ്രാസ് മെയിൽ,1921 സെപ്റ്റംബർ 17.)

മാപ്പിള കലാപം സീരീസ് (ഭാഗം 18)

5. ചെമ്പ്രശ്ശേരി തങ്ങളുടെ പ്രകടനങ്ങൾ. തുവ്വൂരിനും, കരുവാരകുണ്ടിനും ഇടക്ക് ഒഴിഞ്ഞു കിടക്കുന്ന ഒരു കുന്നിൽ ചെരിവിൽ ഒരു കിണറുണ്ട്. ഇവിടെ ചുറ്റുമുള്ള അംശങ്ങളിൽ നിന്നുള്ള ചെമ്പ്രശ്ശേരി തങ്ങളുടെ നാലായിരത്തോളം വരുന്ന അനുയായികൾ ഒരു വലിയ യോഗം ചേർന്നു. തങ്ങൾ ചെറിയൊരു മരത്തിന്റെ ചുവട്ടിൽ ഇരുന്നു. കലാപകാരികൾ നാൽപ്പതിലധികം ഹിന്ദുക്കളെ പിടികൂടി കൈകൾ പുറകിൽ കെട്ടി, തങ്ങളുടെ മുന്നിൽ കൊണ്ടുവന്നു. കലാപകാരികൾക്കെതിരെ പട്ടാളത്തെ സഹായിച്ചു എന്ന കുറ്റം ചുമത്തി. മുപ്പത്തിയെട്ടു പേരെ കൊല്ലാൻ വിധിച്ചു. മൂന്നു പേരെ വെടിവച്ചു കൊന്നു എന്നു പറയുന്നു. ബാക്കിയുള്ളവരെ ഓരോരുത്തരായി കിണറിനടുത്തേക്കു കൊണ്ടുവന്നു. അതിന്റെ തൊട്ടടുത്തായി ചെറിയൊരു മരമുണ്ട്. ആരാച്ചാർ അവിടെ നിന്ന് വാളു കൊണ്ട് കഴുത്തു വെട്ടിയ ശേഷം ശരീരം കിണറ്റിലേക്കു തട്ടിയിടും. ഇങ്ങനെ കിണറ്റിലേക്കെറിഞ്ഞവരിൽ പലരും മരിച്ചിരുന്നില്ല. എങ്കിലും രക്ഷപ്പെടാൻ ഒരു സാധ്യതയുമില്ലായിരുന്നു. കിണറിന്റെ വശങ്ങൾ ഉറപ്പുള്ള ചെങ്കല്ലിൽ പണിതതായിരുന്നു. കിണറ്റിൽ പടികളും ഇല്ലായിരുന്നു. കൂട്ടക്കൊലയുടെ മൂന്നാംദിവസം പോലും ചിലർ കിണറ്റിൽ നിന്ന് അലമുറയിടുന്നത് കേൾക്കാമായിരുന്നു എന്നു പറയുന്നു. തീർത്തും ഭീകരമായ ഒരു മരണമായിരുന്നിരിക്കും അവർക്കു ലഭിച്ചിരിക്കുക. ഈ കൊലപാതകങ്ങൾ ചെയ്യുന്ന സമയത്ത് മഴക്കാലമായിരുന്നതു കൊണ്ട് കിണറ്റിൽ കുറച്ചു വെള്ളമുണ്ടായിരുന്നെങ്കിലും ഇപ്പോൾ അത് വറ്റിപ്പോയിട്ടുണ്ട്. അവിടം സന്ദർശിക്കുന്ന ആർക്കും ദാരുണമായ ആ കാഴ്ച കാണാം. അടിയിൽ മുഴുവൻ മനുഷ്യരുടെ അസ്ഥികൾ നിറഞ്ഞിരിക്കുകയാണ്. എന്റെ അരികിൽ നിന്നിരുന്ന ആര്യസമാജത്തിന്റെ മിഷനറിയായ പണ്ഡിറ്റ് ഋഷിറാം മുപ്പതു തലയോട്ടികൾ എണ്ണി. ഒരു തലയോട്ടിയുടെ കാര്യം പ്രത്യേകം പറയേണ്ടതുണ്ട്. അത് കുമാരപ്പണിക്കർ എന്ന വൃദ്ധന്റെയാണെന്നു പറയുന്നു. അദ്ദേഹത്തിന്റെ തല അറക്കവാളുകൊണ്ട് രണ്ടായി ഈർന്നു മുറിക്കുകയായിരുന്നു. (ഇ. രാമ മേനോൻ ബി.എ)

6. മണ്ണൂർ കൂട്ടക്കൊല. പത്രക്കുറിപ്പ്, 1921 നവംബർ 14.കോഴിക്കോട്. ഈ മാസം ഒൻപതാം തീയ്യതി കലാപകാരികൾ മണ്ണൂരും, തേഞ്ഞിപ്പാലത്തും നടത്തിയ ആക്രമണത്തിൽ സ്ത്രീകളും,കുട്ടികളുമടക്കം നാൽപ്പത്തി നാല് ഹിന്ദുക്കൾ കശാപ്പു ചെയ്യപ്പെട്ടതായി കൃത്യമായ വിവരം ലഭിച്ചിരിക്കുന്നു. മനസ്സിലാക്കാൻ കഴിഞ്ഞിടത്തോളം ആക്രമണം ഉദ്ദേശ്യരഹിതമായിരുന്നു. കൊള്ള മാത്രമാണ് സാധ്യതയുള്ള ഏക ലക്ഷ്യം.

7. റബ്ബർ എസ്റ്റേറ്റുകൾ. മാപ്പിള കലാപകാരികൾ കരുവാരകുണ്ടിലെ പൊലീസ് സ്റ്റേഷൻ കൊള്ളയടിക്കുകയും ആയുധങ്ങളും,വെടിക്കോപ്പുകളും കൈവശപ്പെടുത്തുകയും ചെയ്ത ശേഷം കേരളം, പുല്ലങ്കോട് എസ്റ്റേറ്റുകളിലേക്കു പോയി. മിസ്റ്റർ ബ്രൗണും, മിസ്റ്റർ കോൾബ്രൂക്കും രക്ഷപ്പെട്ടത് കഷ്ടിച്ചാണ്. മിസ്റ്റർ ബ്രൗൺ സ്ഥലം വിട്ട ശേഷം കൂലികൾ എല്ലാ ബംഗ്ളാവുകളും കയ്യേറി വിലപിടിപ്പുള്ളതെല്ലാം കടത്തി. അതിനു ശേഷം ബംഗ്ളാവുകൾക്കും, ഫാക്ടറികൾക്കും, മറ്റു കെട്ടിടങ്ങൾക്കും തീയിട്ട ശേഷം പാലങ്ങളും, കലുങ്കുകളും തകർത്തു. നശീകരണം ഏറ്റവും പൂർണമായിരുന്നു.

കൂലികൾ അതിനു ശേഷം അവരുടെ കൊള്ളമുതലുകളുമായി രക്ഷപ്പെട്ടു. ആൾകൂട്ടം എല്ലാം അടിച്ചു തകർത്ത ശേഷം മിസ്റ്റർ ബ്രൗണിനെ പിന്തുടരാൻ നല്ലൊരു സംഘത്തെ സൈലന്റ് വാലി വഴിയിലൂടെ പുറകെ വിട്ടു. ഓറഞ്ച് തൊലികളും,കാൽപ്പാടും നോക്കിയാണ്അവർ വഴി മനസ്സിലാക്കിയത്. എങ്കിലും അവർക്ക് അദ്ദേഹത്തെ കിട്ടിയില്ല. അദ്ദേഹം സുരക്ഷിതമായി ഊട്ടിയിലെത്തി.എല്ലാ എസ്റ്റേറ്റുകൾക്കും ഇതേ വിധി തന്നെയായിരുന്നു. (മദ്രാസ് മെയിൽ)

8. മിസ്റ്റർ ഈറ്റന്റെ കൊലപാതകം. മിസ്റ്റർ ഈറ്റൺ കേരള എസ്റ്റേറ്റിലെ മിസ്റ്റർ ബ്രൗണിനടുത്തെത്താൻ ഏറ്റവും നേരിട്ടുള്ളതും, സാധാരണ ഉപയോഗിക്കുന്നതുമായ വഴിയിലൂടെയാണ് വന്നത്. അദ്ദേഹം തന്റെ സേവകനെയും, മൂന്നു നായ്ക്കളെയും കൂടെക്കൂട്ടിയിരുന്നു. നായ്ക്കൾ എന്തോ കണ്ട് കുരച്ചില്ലായിരുന്നെങ്കിൽ ഒരു പ്രശ്‌നവും ഉണ്ടാകുമായിരുന്നില്ല. അതാണ് അദ്ദേഹത്തെ ചതിച്ചത്. ഒരു മരത്തിൽ കയറിയ സേവകൻ മിസ്റ്റർ ഈറ്റനെ കൊലപ്പെടുത്തുന്നതിനു ദൃക്‌സാക്ഷിയായി. അദ്ദേഹത്തിന് റിവോൾവറിൽ നിന്ന് മൂന്നു വെടിയുതിർക്കാനുള്ള സമയമേ കിട്ടിയുള്ളൂ. അതിനു മുൻപ് അദ്ദേഹത്തിന്റെ സ്വന്തം കൂലികൾ ചാടിവീണ് അദ്ദേഹത്തെ ചവിട്ടിക്കൊന്നു. അതിനിടയിൽ ഇപ്രകാരം പറഞ്ഞുകൊണ്ട് പരിഹസിക്കുകയും, നിന്ദിക്കുകയും ചെയ്തു.''നീ ഇന്നിന്ന ആളെ അടിച്ചില്ലേ? എന്നാൽ ഇത് പിടിച്ചോ. നീ ഇന്ന ആളോട് ഇപ്രകാരം ചെയ്തില്ലേ? എന്നാൽ ഇതും, ഇതും കൂടി പിടിച്ചോ''.

മരിച്ചു കഴിഞ്ഞപ്പോൾ അവർ അദ്ദേഹത്തിന്റെ തല വെട്ടിയെടുത്ത് വലിയ ആഘോഷങ്ങളോടെ പൊതുവഴിയിൽ കൊണ്ടുപോയി സ്ഥാപിക്കുകയും, ശരീരം പുഴയിലെറിയുകയും ചെയ്തു. സേവകനെ പട്ടാളം പിന്നീട് കണ്ടെത്തി. (മദ്രാസ് മെയിൽ)

9. നമ്പൂതിരിമാർ അനുഭവിച്ച പീഡനങ്ങൾ. ഏറനാട്, കോഴിക്കോട് താലൂക്കുകളിലെ എല്ലാ പ്രായത്തിലും, അവസ്ഥയിലുമുള്ള, പുരുഷന്മാരും,സ്ത്രീകളും, കുട്ടികളുമടങ്ങുന്ന ഏതാണ്ട് എഴുന്നൂറോളം നമ്പൂതിരിമാർ ഇപ്പോൾ കോഴിക്കോട്ടെ സാമൂതിരി രാജാവിന്റെ സംരക്ഷണയിലുണ്ട്. അവരിൽ ധാരാളം ആളുകൾ മാങ്കാവ്,ചാലപ്പുറം കൊട്ടാരങ്ങളിൽ വസിക്കുന്നതായി അറിയുന്നു. ചെറുകോൽ നമ്പൂതിരിയുടെ ഇല്ലവും, ത്രിക്കല്ലൂർ ദേവസ്ഥാനത്തിന്റെ ചേളാരി മഠവും കൊള്ളയടിക്കപ്പെട്ടു. അടുത്തുള്ള കാരശ്ശേരി അംശത്തിലെ ധാരാളം ഇല്ലങ്ങളും കൊള്ളയടിക്കുകയോ, നശിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. അതുപോലെ കന്നിപ്പറമ്പ്,കൂരക്കോൽ അംശങ്ങളിലേയും. ഇവിടെ നായർ ഭവനങ്ങൾ പോലും വെറുതെ വിട്ടിട്ടില്ല. മേൽപ്പറഞ്ഞതു കൂടാതെ പറപ്പൂർ,ഉഗ്രപുരം, പുലയക്കോട്ട,ശ്രീകൃഷ്ണപുരം,ചാത്തമംഗലം,പെരുവെമ്പ്ര,കൊലോട്ടി,അമൃതമംഗലം എന്നീ സ്ഥലങ്ങളും കാര്യമായി ബാധിക്കപ്പെട്ടിട്ടുണ്ട്.

മുകളിൽ പറഞ്ഞവയിൽ പറപ്പൂരിലെ പോർക്കോട്ട് ഇല്ലവുമായി (ഏറനാട് താലൂക്ക്) ബന്ധപ്പെട്ട സംഭവങ്ങൾ പ്രത്യേകം പ്രസ്താവ്യമാണ്. ഇരുപത്തൊന്നാം തീയ്യതി രാത്രി എട്ടുമണിക്ക്അറുന്നൂറോളം കലാപകാരികൾ നമ്പൂതിരിയുടെ വീടു തകർത്ത് അകത്തു കയറി. ഏതാനും പേർ അവിടത്തെ അനന്തരാവകാശിയായ വാസുദേവൻ നമ്പൂതിരിയുടെ നെഞ്ചിൽ കയറിയിരുന്ന് കഴുത്തിൽ വാൾ വച്ച് അദ്ദേഹത്തിന്റെ വിലപിടിപ്പുള്ളതെല്ലാം സൂക്ഷിച്ചിരിക്കുന്ന സ്ഥലം കാണിച്ചു കൊടുക്കാൻ ഭീഷണിപ്പെടുത്തി. അത് വെളിപ്പെടുത്തിയപ്പോൾ കലാപകാരികൾ മുകൾനിലയിൽ ചെന്ന് അതെല്ലാം എടുക്കുകയും,അക്കാര്യം താഴെയുള്ള അവരുടെ സഖാക്കളെ അറിയിക്കുകയുംചെയ്തു. പേടിച്ചു വിറച്ച നമ്പൂതിരി അടുത്തുള്ള കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ സമ്പാദ്യങ്ങൾക്ക് പതിനായിരം രൂപയിൽ കൂടുതൽ മൂല്യമുള്ളതായി പറയുന്നു.

അടുത്ത ദിവസം രാവിലെ ഏഴു മണിക്ക് കലാപകാരികൾ മഠത്തിൽ ഇല്ലം കൈവശപ്പെടുത്തുകയും,സന്ധ്യയോടെ കൊള്ളയടിക്കുകയും ചെയ്തു. അതേ രാത്രി തന്നെ അവർ വട്ടപ്പുഴ, കുളങ്ങര, തെയ്യേരി ഇല്ലങ്ങൾ കൊള്ളയടിച്ചു. അടുത്ത ദിവസം രാവിലെ പാലക്കൽ,കോട്ടക്കൽ, തലേതൊടി എന്നിവിടങ്ങളിലെ ഇല്ലങ്ങളും കൊള്ളയടിച്ചു. ഇരുപത്തിനാലാം തീയ്യതി അഭയാർത്ഥികൾ കോഴിക്കോട്ടേക്ക് പലായനം ചെയ്യുന്നതിനിടയിൽ നേർമങ്ങാട്ട് അമ്പലത്തിൽ ഭക്ഷണം പാകം ചെയ്തു കൊണ്ടിരിക്കേ, ആയുധധാരികളായ കലാപകാരികൾ അമ്പലം വളഞ്ഞ്, വിഗ്രഹം പിഴുതെടുത്ത് കഷ്ണങ്ങളാക്കുകയും, പലരെയും ഇസ്ലാമിലേക്കു മതം മാറ്റാൻ ശ്രമിക്കുകയും ചെയ്തു. അഭയാർത്ഥികൾ സാമൂതിരിയുടെ കൊട്ടാരത്തിലേക്ക് കഷ്ടിച്ചു രക്ഷപ്പെട്ടു. ഇതേ ദേശത്തെ ഈശ്വരമംഗലം അമ്പലവും, ഏതാണ്ട് എല്ലാ ഹിന്ദു വീടുകളും കൊള്ളയടിക്കപ്പെട്ടു. ധാരാളം നമ്പൂതിരി സ്ത്രീകൾ അവർക്ക് ഒഴിച്ചു കൂടാനാകാത്ത മേൽവസ്ത്രവും, ഓലക്കുടയും, താലിയും (ആഭരണം) ഇല്ലാതെയാണ് എത്തിച്ചേർന്നത്. കോഴിക്കോട് താലൂക്ക്,പന്നിക്കോട്ട് അംശത്തിലെ ചുഴലിപ്പുറത്ത് മനയിലെ വാസുദേവൻ നമ്പൂതിരിയുടെ ഇല്ലം കൊള്ളയടിക്കപ്പെടുകയും, മതം മാറാൻ വിസമ്മതിച്ചതിനാൽ ഉടനടി കൊലചെയ്യപ്പെടുകയും ചെയ്തു.

തൃക്കഴികോട്ട് സ്വാമിയുടെ മനയുടെ അടുത്തുള്ള റെയിൽവേ ലൈനിൽ ഇരുപ്പുറപ്പിച്ച മുന്നൂറോളം കലാപകാരികൾ പത്തു പേരെ സ്വാമിയുടെ അടുത്തേക്കയച്ച് മുന്നൂറു രൂപ കൊടുക്കാൻ ആവശ്യപ്പെട്ടെങ്കിലും, നൂറു രൂപയും, ബാക്കി സ്വാമികളുടെ ആൾ എത്തിയ ശേഷം കൊടുക്കാം എന്ന വാഗ്ദാനവും അംഗീകരിച്ച് മടങ്ങിപ്പോയി. രാത്രി അവർ വീണ്ടും പ്രത്യക്ഷപ്പെട്ട് മഠം മുഴുവൻ കൊള്ളയടിച്ച്, പണവും, രത്നങ്ങളും,മറ്റു വിലപിടിച്ച വസ്തുക്കളുമായി രക്ഷപ്പെട്ടു. നിലമ്പൂർ,കോട്ടക്കൽ, മങ്കട എന്നിവിടങ്ങളിലെ നമ്പൂതിരിമാരുടെ വിവരങ്ങളും ഹൃദയഭേദകമാണ്. രക്ഷപ്പെട്ടു എന്നു കരുതിയിരുന്ന ചില നമ്പൂതിരി സ്ത്രീകളെയും,കുട്ടികളെയും കാണാനില്ല. ഒരു ദിവസം വൈകുന്നേരം നാലുമണിക്ക് അറുന്നൂറോളം മാപ്പിളമാർ വെട്ടത്ത് ഒരുപ്പുളശ്ശേരി നമ്പൂതിരിപ്പാടിന്റെ വീട്ടിലെത്തി പണപ്പെട്ടി തുറപ്പിച്ച് എടുക്കാവുന്നത്ര മുതലുമായി കടന്നു കളഞ്ഞു. വേറൊരു സംഘം ധാന്യപ്പുര തുറന്ന് നെല്ലും, പാത്രങ്ങളും കൊണ്ടുപോയി.

കവർച്ച ആറു മണിക്കൂറോളം നീണ്ടുനിന്നു.കൽപകഞ്ചേരിക്കടുത്തുള്ള പെരിങ്ങോട്ട് മനയിലും സമാനമായ കവർച്ചകൾ നടന്നു.നമ്പൂതിരിമാരുടെ പ്രധാന പുരോഹിതനായ തിരുനാവായ വാധ്യാരുടെ വീടും ആക്രമിക്കപ്പെട്ടു.പൂമുള്ളി മനയിൽ നിന്ന് നാലായിരം രൂപ പിടിച്ചു വാങ്ങി. കലാപകാരികൾ അവിടത്തെ ധാന്യപ്പുര കൊള്ളയടിച്ച് പന്ത്രണ്ടായിരം പറ നെല്ലും കടത്തിക്കൊണ്ടു പോയതായി അറിയുന്നു.ചേവൂർ നമ്പൂതിരിയുടെ ഇല്ലത്ത് കലാപകാരികൾ ഇരുപതാം തീയ്യതി മുതൽ ഇരുപത്തിനാലാം തീയ്യതി വരെ നാലു ദിവസം ഉണ്ടായിരുന്നു. അവർ ആവശ്യപ്പെട്ടതെല്ലാം കൊടുത്തു. അടുത്തുള്ള ആറ്റുപുറത്ത് ഭട്ടതിരിപ്പാടിനും അദ്ദേഹത്തിന്റെ ഇല്ലം കലാപകാരികൾക്കു വിട്ടുകൊടുക്കേണ്ടി വന്നു.പറപ്പൂർ ദേശത്ത് (ഏറനാട് താലൂക്ക്) ആകെയുള്ള എട്ട് ഇല്ലങ്ങളിലും കലാപകാരികൾ നാശനഷ്ടങ്ങൾ വരുത്തി. പൂക്കോട്ടൂർ ഇല്ലത്തെ ആളുകൾക്കാണ് ഏറ്റവും നഷ്ട്ടം പറ്റിയത്. അവർക്ക് അമ്പതിനായിരത്തോളം രൂപ നഷ്ടപ്പെട്ടു. കലാപകാരികൾ ഈ നമ്പൂതിരിമാരുടെ അമ്പലത്തിൽ കടന്ന് വിഗ്രഹം തകർക്കുകയും ഒരു പശുവിനെ കൊല്ലുകയും ചെയ്തു.

തക്കപ്പുരം ദേശത്തെ നമ്പൂതിരിമാരുടെ ഇല്ലം കൊള്ളയടിക്കപ്പെട്ടതുകൊണ്ട് മങ്കട കൊട്ടാരത്തിൽ അഭയം തേടി. നാറാസ്,പയ്യപ്പുള്ളി മനകളിലെ നമ്പൂതിരിമാരും ബുദ്ധിമുട്ടനുഭവിച്ചു. അഭയാർത്ഥികൾക്ക് സഹായം ചെയ്തതിന് മങ്കടയിലെ റാവു ബഹാദൂർ എം.സി. കൃഷ്ണവർമ്മ രാജ പ്രത്യേകം നന്ദി അർഹിക്കുന്നുണ്ട്.ഏറനാട് താലൂക്കിലെ വലിയ ചെമ്പോർനി മനയിൽ ഇരുപത്തിരണ്ടാം തീയ്യതി ആദ്യം ഇരുപത്തഞ്ചോളം മാപ്പിളമാർ വന്ന് ഒരു പറ നെല്ലും ഒരു രൂപയും ആവശ്യപ്പെട്ടു. മിനിറ്റുകൾ ഇട വിട്ട് അത്തരം അനേകം സംഘങ്ങൾ വന്നു. ഒടുവിൽ ഒരു വലിയ സംഘം വന്ന് തവണകളായി കുറേശ്ശേ തന്ന് നിങ്ങൾ ബുദ്ധിമുട്ടണ്ട എന്ന് അവരോടു പറഞ്ഞ് പതിനയ്യായിരം പറ നെല്ല് ധാന്യപ്പുരയിൽ നിന്ന് കടത്തിക്കൊണ്ടു പോയി. മിക്ക കലാപകാരികളും നമ്പൂതിരിയുടെ കുടിയാന്മാരാണെന്നു പറയുന്നു. (മദ്രാസ് മെയിൽ സെപ്റ്റംബർ 5,1921.)

മാപ്പിള കലാപം സീരീസ് (ഭാഗം 17) - പ്രസക്തഭാഗങ്ങൾ ഇങ്ങനെ

(1) നന്നമ്പ്ര അതിക്രമം. 1921 നവംബർ പതിനാലാം തീയ്യതി സായുധരായ വലിയൊരു സംഘം മാപ്പിളമാർ നന്നമ്പ്ര അംശത്തിലെ പൂഴിക്കൽ നാരായണൻ നായർ എന്ന ധനികനായ ഒരു ജന്മിയുടെ വീട്ടിൽ അതിക്രമിച്ചു കയറി. അവർ വീട് കൊള്ളയടിക്കുകയും, അവിടത്തെ ഒരു പെൺകുട്ടിയേയും, ആൺകുട്ടിയെയും പിടിച്ചുകൊണ്ടു പോകുകയും ചെയ്തു. അന്തേവാസികളായ ഒൻപതു പേരെയും അടുത്തുള്ള ഒരു പാറയിലേക്കു കൊണ്ടുപോയി ഏഴു പേരെ കൊലപ്പെടുത്തി. അഞ്ചു പേർ ഉടനെ മരിച്ചു. രണ്ടു പേർ മണിക്കൂറുകളോളം നരകിച്ചു. മാരകമായി മുറിവേറ്റ മറ്റു രണ്ടു പേരെ അവിടെ ഉപേക്ഷിച്ചു. ആ വീട്ടിലെ മാധവൻ നായർ എന്ന കുട്ടിയെ കൊന്ന് കിണറ്റിലെറിഞ്ഞു. നാരായൺ നായർ രക്ഷപ്പെട്ടു.

മാപ്പിളമാർക്കെതിരെയുള്ള കേസ് പരിഗണിക്കുന്ന സ്പെഷ്യൽ ജഡ്ജി ഇങ്ങനെ പറയുന്നു. ' ഈ കൊലപാതകങ്ങൾ വെറും മതഭ്രാന്തിനും, കൊള്ള മുതലിനോടുള്ള ആർത്തിക്കും അപ്പുറം വേറെന്തോ സൂചിപ്പിക്കുന്നതായി എനിക്ക് തോന്നുന്നു. കൊല ചെയ്യപ്പെട്ടവർ ഇസ്ലാം സ്വീകരിക്കാൻ വിസ്സമ്മതിക്കുകയോ, കലാപകാരികളെ എതിർക്കുകയോ, സ്വത്തു വകകൾ കൊടുക്കാതിരിക്കുകയോ ചെയ്തതുകൊണ്ടാണ് കൊല്ലപ്പെട്ടത് എന്നു കരുതാൻ ഒരു തെളിവുമില്ല. അവിടെ കയ്യിൽ പെടുന്ന എല്ലാ ആണുങ്ങളെയും കൊല്ലാൻ ഉദ്ദേശിച്ചാണ് കലാപകാരികൾ വന്നത് എന്നാണ് കാണുന്നത്. ബാക്കിയായവർ ഒന്നുകിൽ ഓടി രക്ഷപ്പെട്ടവരോ, അല്ലെങ്കിൽ മരിച്ചതായി കരുതി ഉപേക്ഷിക്കപ്പെട്ടവരോ ആണ്. ഒരുചെറിയ പെൺകുട്ടിയേയും, ആൺകുട്ടിയെയും തട്ടിക്കൊണ്ടു പോയത് ആക്രമണത്തിന്റെ മനഃപ്പൂർവ്വമായ നിഷ്ടൂരതയുടെ സൂചനയാണ്.''( കേസ് 116, 116 A of 1922 ന്റെ വിധിന്യായത്തിൽ നിന്ന്.)

നാരായണൻ നായർ തന്റെ വീടു കാവലിനായി ചുമതലപ്പെടുത്തിയ അയാളുടെ മാപ്പിള കാവൽക്കാരെ വിശ്വസിച്ചു. അവർ വിശ്വാസവഞ്ചന നടത്തി. മാപ്പിളമാർ കുടുംബത്തെ ഉന്മൂലനം ചെയ്യാൻ ആഗ്രഹിച്ചു. അവരതിൽ ഏതാണ്ട് വിജയിക്കുകയും ചെയ്തു. ആറാഴ്ചക്കു ശേഷം വിവരിക്കാനാകാത്ത തരം അപമാനങ്ങൾ സഹിക്കേണ്ടി വന്ന പെൺകുട്ടിയെ രക്ഷിക്കാൻ സാധിച്ചു.അഞ്ചു പേരെ വധശിക്ഷക്കു വിധിക്കുകയും, അഞ്ചു പേരെ ജീവപര്യന്തം നാടുകടത്തുകയും ചെയ്തു. ആർക്കറിയാം സംഘത്തിലെ എത്രപേർ പുറത്ത് സ്വതന്ത്രരായി നടക്കുന്നുണ്ടെന്ന്?

2. 1921 ഓഗസ്റ്റ് മുപ്പതാം തീയ്യതി നടന്ന, വിരമിച്ച പൊലീസ് ഇൻസ്‌പെക്ടർ ഖാൻ ബഹാദൂർ ചേക്കുട്ടിയുടെയും, ഹെഡ് കോൺസ്റ്റബിൾ ഹൈദ്രോസിന്റെയും കൊലപാതകം. മലബാറിലെ സ്പെഷ്യൽ ജഡ്ജിയുടെ നിരീക്ഷണങ്ങൾ. കേസ് നമ്പർ 73/22.
'കലാപത്തിലെ ഏറ്റവും ക്രൂരമായ രണ്ടു കൊലകളാണ് ഇവ. രണ്ടു വിശ്വസ്തരായ സർക്കാർ ജോലിക്കാർക്ക് അവരുടെ ഉത്തരവാദിത്വവും, രാജാവിനോടുള്ള കടമയും നിറവേറ്റുന്നതിനിടയിൽ കൊല്ലപ്പെട്ടു. രണ്ടിൽ ഏതാണ്ഏറ്റവും ഭയാനകവും, ഹീനവുമെന്ന് പറയാൻ ബുദ്ധിമുട്ടാണ്. ചേക്കുട്ടിയുടെ കാര്യത്തിൽ മരണപ്പെട്ടയാളെ തീർക്കുന്നതിനു മുൻപ് സ്ത്രീകളെ അവിടെനിന്നു പറഞ്ഞയക്കാനുള്ള മാന്യതയെങ്കിലും കാണിച്ചെങ്കിലും, പിന്നീട് തല ഒരു കുന്തത്തിൽ കോർത്തുകൊണ്ടുനടന്നത് അങ്ങേയറ്റം നീചമായ അപരാധമാണ്. ഹൈദ്രോസിന്റെ കാര്യത്തിൽ കൊല നടത്തിയത് അദ്ദേഹത്തിന്റെ ഭാര്യയുടേയും, മക്കളുടേയും മുന്നിൽ വച്ച്, കുട്ടികളുടെ യാചനയും, ഭർത്താവിനെ രക്ഷിക്കാനുള്ള ഭാര്യയുടെ അപേക്ഷയും വകവയ്ക്കാതെയായിരുന്നു.

ഭാര്യയുടെ സാക്ഷിമൊഴിയിൽ നിന്ന് ധീരനായ ആ മനുഷ്യൻ എങ്ങനെയാണ് മരണത്തെ അഭിമുഖീകരിച്ചതെന്നും, കൊലപാതകത്തിന്റെ തുല്യതയില്ലാത്ത നൃശംസതയും മനസ്സിലാക്കാനാകും.

3. പൊലീസ് ഇൻസ്പെക്ടർ മിസ്റ്റർ റീഡ്മാന്റെ കൊലപാതകം.1921 ഓഗസ്റ്റ് പത്തൊൻപതാം തീയ്യതി രാത്രി, അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ടായ മിസ്റ്റർ ലങ്കാസ്റ്റർ ഇൻസ്‌പെക്ടർ റീഡ്മാനും, ഒരുസംഘം പൊലീസുകാരുമായി മലപ്പുറത്തുനിന്ന് തിരൂരങ്ങാടിയിലേക്കു തിരിച്ചു. പക്ഷെ എട്ടു മൈലോളം ചെന്നപ്പോൾ, മിസ്റ്റർ റീഡ്മാന് സുഖമില്ലാതാകുകയും, അദ്ദേഹത്തിന്റെ സേവകനോടൊപ്പം ഒരു വണ്ടിയിൽ തിരികെ അയക്കേണ്ടി വരികയും ചെയ്തു. ഇരുപതാം തീയ്യതി വെളുപ്പിന്ഇൻസ്‌പെക്ടർ മലപ്പുറത്തെത്തി. അൽപം വിശ്രമിച്ചപ്പോൾ സുഖം തോന്നിയ അദ്ദേഹം തിരൂരങ്ങാടിയിൽ തന്റെ ആളൂകളോടൊപ്പം വീണ്ടും ചേരാൻ അനുവാദം ചോദിച്ചെങ്കിലും, അപ്പോൾ അനുവാദം കിട്ടിയില്ല. എങ്കിലും ഉച്ച തിരിഞ്ഞപ്പോൾ അപ്പോളും പോകാൻ തോന്നുന്നുണ്ടെങ്കിൽ അദ്ദേഹത്തിനു പോകാമെന്ന് അനുവാദം കിട്ടി. അദ്ദേഹം ഉടനെ തയ്യാറായി കളക്റ്ററുടെ കാറിൽ കയറി. കാറിന്റെ സാരഥി മാത്രമേ കൂടെ ഉണ്ടായിരുന്നുള്ളൂ. കാറിന്റെ പുറകെ കാലിയായ മൂന്നു ലോറികളും, അതിൽ ഏറ്റവും മുന്നിലുള്ള ഒന്നിൽ അദ്ദേഹത്തിന്റെ സേവകനായി കുഞ്ഞാലിയും ഉണ്ടായിരുന്നു. മലപ്പുറത്തുനിന്ന് എട്ടു മൈൽ പിന്നിട്ടപ്പോൾ ഈ ലോറി ഒരു കലാപസംഘം തടഞ്ഞ് അതിലുണ്ടായിരുന്ന എല്ലാവരെയും കൊലപ്പെടുത്തി. മിസ്റ്റർ റീഡ്മാനെ വഹിച്ചിരുന്ന കാർ മലപ്പുറത്തുനിന്ന് പന്ത്രണ്ടു മൈൽ അകലെയും, തിരൂരങ്ങാടിയിൽനിന്ന് രണ്ടു മൈൽ അകലെയുമുള്ള കടത്തു വരെ എത്തിയപ്പോൾ കലാപകാരികൾ ആക്രമിച്ചു. അവിടെ വച്ച് മിസ്റ്റർ റീഡ്മാൻ കൊല്ലപ്പെട്ടു. (മദ്രാസ് മെയിൽ ഒക്ടോബർ 3 1921.)

4. ഒരു കൂട്ടക്കൊല. 1921 ഒക്ടോബറിലോ, നവംബറിലോ കലാപത്തിന്റെ ഒരു നേതാവായ അവോക്കർ മുസലിയാർ ഒരു സംഘം ആളുകളുമായി കോഴിക്കോട് താലൂക്ക്, പുത്തൂർ അംശത്തിലെ മുതുമന ഇല്ലം കയ്യേറി. നാട്ടിൽ ചുറ്റുവട്ടത്തുള്ള ധാരാളം ഹിന്ദുക്കളെ, ചിലരെ കുടുംബമടക്കം പിടിച്ചു കൊണ്ടുവന്നു. അവരോട് ഇസ്ലാം സ്വീകരിക്കാൻ ആവശ്യപ്പെട്ടു. സമ്മതിച്ചവരെ മതം മാറ്റിയ ശേഷം മുസ്ലിയാരുടെ ഇഷ്ടം പോലെ പറഞ്ഞയക്കുകയോ, അവിടെ തന്നെ പിടിച്ചു വയ്ക്കുകയോ ചെയ്തു. ഇസ്ലാം സ്വീകരിക്കാൻ വിസമ്മതിച്ചവരെയെല്ലാം ഒരു മടിയും കൂടാതെ ഉടനടി വാളിനിരയാക്കി. ഇല്ലത്തിനോടനുബന്ധിച്ച് ഒരു സർപ്പക്കാവും കിണറുമുള്ള വിശുദ്ധ സ്ഥലമുണ്ടായിരുന്നു. കൊലക്കു വിധിക്കപ്പെട്ട ഹിന്ദുക്കളെ സർപ്പക്കാവിലേക്കു കൊണ്ടുപോയി, തലവെട്ടി കിണറ്റിലെറിഞ്ഞു. ഇങ്ങനെ പല തവണകളായി അവരെ തീർത്തു. ഏതാണ്ട് അമ്പതോ,അറുപതോ പേരെ കിണറ്റിൽ കണ്ടെത്തി.കേളപ്പൻ എന്നു പേരുള്ള ഒരു ഹിന്ദു അത്ഭുതകരമായി രക്ഷപ്പെട്ട് ഈ കഥ പറയാൻ ബാക്കിയായി. വാളുകൊണ്ട് തലയ്ക്കു പുറകിലും, കഴുത്തിനും രണ്ടു വെട്ടേറ്റ അദ്ദേഹം താഴെ വീണു. ബാക്കിയുള്ളവരുടെയെല്ലാം തല പൂർണ്ണമായി അറ്റുപോയെങ്കിലും, ഇദ്ദേഹം വെറും ഭാഗ്യം കൊണ്ട് തല അറ്റു പോകാതെ രക്ഷപ്പെട്ടു. ഇദ്ദേഹത്തിൽ ജീവൻ ബാക്കിയുണ്ടാകുമെന്ന് കലാപകാരികൾ കരുതിയില്ല. ഒരാൾ ഇദ്ദേഹത്തിന്റെ കാലിൽ പിടിച്ച് കിണറ്റിലേക്കെറിഞ്ഞു.

കിണർ ഏതാണ്ട് മുഴുവനായും ശവങ്ങളെക്കൊണ്ടു നിറഞ്ഞിരുന്നു. അവരുടെ മുകളിലേക്ക് വലിച്ചെറിയപ്പെട്ട കേളപ്പൻ കിണറിലേക്കു തൂങ്ങികിടന്നിരുന്ന ഒരു വള്ളിയുടെ സഹായത്തോടെ ഏതാണ്ട് രണ്ടു മണിക്കൂറിനു ശേഷം ഏന്തിവലിഞ്ഞ് പുറത്തെത്തി, ഒരുകൂട്ടം മരങ്ങളുടെ പുറകിൽ ഒളിച്ചു. ചെറിയ മഴയിൽ അൽപ്പം ആശ്വാസം കിട്ടിയ അദ്ദേഹം ഇരുട്ടിയ ശേഷം കാവു വിട്ട് പുറത്തിറങ്ങി. മുന്നോട്ടു തൂങ്ങിക്കിടക്കുന്ന സ്വന്തം തലയും താങ്ങിപ്പിടിച്ച് എട്ടോ, ഒൻപതോ മൈൽ ദൂരം പതുക്കെ ഇഴഞ്ഞു നീങ്ങി. അടുത്ത ദിവസം രാവിലെ അവശനായ ഇദ്ദേഹത്തെ സബ് ഇൻസ്‌പെക്ടർ കണ്ടെത്തി ആശുപത്രിലെത്തിച്ചു. അദ്ദേഹം ഒരു മാസം ചികിത്സയിലായിരുന്നു.(കേസ് നമ്പർ 32 അ/ 22 ന്റെ വിധിയിൽ നിന്ന്. 29 ജൂലൈ 1922.)

( മാപ്പിള കലാപം സംബന്ധിച്ച കൂടുതൽ അധ്യയങ്ങൾ ഡോ മനോജ് ബ്രൈറ്റിന്റെ ഫേസ്‌ബുക്ക് പേജിൽ ലഭ്യമാണ്.)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP