Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202118Tuesday

വൈറസിനു മുന്നിൽ വിറങ്ങലിച്ച് നിന്ന ഒരു വർഷം; ഏറ്റവും കൂടുതൽ വാർത്തകളിൽ നിറഞ്ഞതും കോവിഡ് 19; അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പും മധ്യപൂർവ ദേശത്തിനായുള്ള സമാധാനക്കരാറും കണ്ട വർഷം; പുടിനായുള്ള ഹിതപരിശോധനയും ബ്രക്‌സിറ്റ് കരാറും; ലോകത്തെ കണ്ണീരണിയിച്ച മറഡോണയുടെ വിയോഗവും ഇനി ഓർമ്മയുടെ താളുകളിൽ

വൈറസിനു മുന്നിൽ വിറങ്ങലിച്ച് നിന്ന ഒരു വർഷം; ഏറ്റവും കൂടുതൽ വാർത്തകളിൽ നിറഞ്ഞതും കോവിഡ് 19; അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പും  മധ്യപൂർവ ദേശത്തിനായുള്ള സമാധാനക്കരാറും കണ്ട വർഷം; പുടിനായുള്ള ഹിതപരിശോധനയും ബ്രക്‌സിറ്റ് കരാറും; ലോകത്തെ കണ്ണീരണിയിച്ച മറഡോണയുടെ വിയോഗവും ഇനി ഓർമ്മയുടെ താളുകളിൽ

ന്യൂസ് ഡെസ്‌ക്‌

കോവിഡ് വ്യാപനം ലോകത്തെ നിശ്ചലമാക്കിയ ഒരു വർഷം. കോവിഡിന്റെ കരിനിഴലിൽ, ഭീതിയിൽ ലോകജനത വിറകൊണ്ടപ്പോൾ ഒളിംപിക്‌സ് അടക്കം 2020 കലണ്ടർ വർഷത്തിനായി കരുതിവച്ച ഒട്ടേറെ നല്ല നിമിഷങ്ങളാണ് മാറ്റിവയ്‌ക്കേണ്ടി വന്നത്.

ഒട്ടുമിക്ക രാജ്യങ്ങളിലേയും ജനജീവിതം നിശ്ചലമായി. രാജ്യാന്തര വിമാന സർവീസുകളും ആഭ്യന്തര ഗതാഗതവും നിലച്ച്  തുരുത്തുകളിൽ മനുഷ്യജീവിതം ഒറ്റപ്പെട്ടു പോയ നാളുകൾ. രോഗവ്യാപനം തടയാൻ ലോക്ഡൗൺ ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങിയതോടെ പിന്നീട് വീടായി മാറി ലോകം.

2020 ന്റെ തുടക്കത്തിലെത്തിയ കോവിഡ് ഇപ്പോഴും വാർത്തകളിൽ തലക്കെട്ടായി തുടരുകയാണ്. ലോകത്തിന്റെ വിവിധ കോണുകളിൽ അരങ്ങേറിയ പല സംഭവങ്ങളും വേണ്ടത്ര പ്രാധാന്യം പോലും ലഭിക്കാതെ മറയുന്ന അവസ്ഥ.

ഓസ്‌ട്രേലിയയിലെ തീപിടിത്തവും, അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പും, താലിബാൻ യുഎസ് കരാറും, ഇസ്രയേൽ യുഎഇ കരാറും, ലഡാക്ക് അതിർത്തിയിൽ ചൈന ഉയർത്തിയ വെല്ലുവിളികളും, അമേരിക്ക - ചൈന ശീത സമരവുമെല്ലാം പോയ വർഷത്തിന്റെ കണക്കെടുപ്പിൽ വലിയ വാർത്തകളായി തുടരുന്നു.

ഇതിനിടെ അർജന്റീന ഫുട്‌ബോൾ ഇതിഹാസം ഡിയേഗോ മറഡോണയുടേതടക്കം ലോകത്തെ കണ്ണീരിലാഴ്‌ത്തിയ വിയോഗങ്ങൾ. എങ്കിലും പിന്നിട്ട വർഷത്തിലുടനീളം വാർത്തകളിൽ നിറഞ്ഞത് കോവിഡ് തന്നെയെന്ന് നിസംശയം പറയാം.

കോവിഡ് -19 എന്ന മഹാമാരി

ചൈനയിലെ വുഹാനിൽ കോവിഡ് 19 പടരുന്നുവെന്ന വാർത്ത 2019 ന്റെ ഒടുവിൽ മാധ്യമങ്ങളിലൂടെ വന്നുതുടങ്ങിയപ്പോൾ അതിന് ഈ ലോകത്തെ നിശ്ചമാക്കാനുള്ള കരുത്തുണ്ടെന്ന് ആരും കരുതിയിരുന്നില്ല.

ചൈനയുടെ അതിർത്തകൾ കടന്ന് ലോക രാജ്യങ്ങളിലേക്കു കോവിഡ് വ്യാപിച്ചു തുടങ്ങിയത് 2020 ന്റെ ആദ്യമാസങ്ങളിലാണ്. ചൈനയിൽ നിന്ന് മടങ്ങിയെത്തിയവരിൽ നിന്നും വിവിധ യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും വേഗത്തിൽ കോവിഡ് കരിനിഴൽ വീഴ്‌ത്തി.

ആദ്യം അവഗണിച്ച രോഗവ്യാപനം ആളുകളെ കൊന്നൊടുക്കാൻ തുടങ്ങിയതോടെ അധികൃതരെ ജാഗ്രതപ്പെടുത്തി. പിന്നാലെ രോഗവ്യാപനം തടയാനുള്ള കടുത്ത നിയന്ത്രണങ്ങൾ. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും യുഎസിൽ നിന്നുമടക്കം സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയവരിലൂടെ മറ്റ് രാഷ്ട്രങ്ങളിലേക്കും അതിവേഗമെത്തി.

ബ്രസീൽ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലും കോവിഡ് പിടിമുറുക്കി. പിന്നെ കണ്ടത് ലോകം നിശ്ചലമായ അവസ്ഥ. കോളജുകളും സ്‌കൂളുകളും ഓഫിസുകളും ആരാധനാലയങ്ങളും സിനിമാ തിയറ്ററുകളും എന്ന് വേണ്ട മനുഷ്യജീവിതവുമായി ബന്ധപ്പെട്ടു നിൽക്കുതെല്ലാം നിശ്ചലതയിൽ. ഒരു വർഷക്കാലം നീണ്ടിട്ടും കൃത്യമായ പ്രതിരോധ മരുന്നുകളില്ലാതെ വ്യാപനം പിടിച്ചുകെട്ടാനാവാതെ ഒട്ടുമിക്ക രാജ്യങ്ങളും വലഞ്ഞു.

ജനങ്ങളും ഭരണകൂടവും കോവിഡിനൊപ്പം ജീവിക്കാൻ ഇപ്പോൾ പഠിച്ചുകഴി്ഞ്ഞു. വർക്ക് ഫ്രം ഹോം വ്യാപകമായി. ഗ്രൗണ്ടിൽ കാണികളില്ലാതെ കളികൾ നടത്തി ടിവി സംപ്രേഷണത്തിലൂടെ ജനങ്ങളിൽ എത്തിച്ചു. നിയന്ത്രണങ്ങളോടെ ജീവനക്കാർ ഓഫിസിൽ പോകാൻ തുടങ്ങി. നിശ്ചിത ആളുകളെ പങ്കെടുപ്പിച്ചു വിവാഹവും മറ്റു ചടങ്ങുകളും സംഘടിപ്പിക്കാൻ അനുമതിയായി. ആരാധനാലയങ്ങൾ നിയന്ത്രണങ്ങളോടെ തുറന്നു.

കോവിഡിന് ഒപ്പം തന്നെ അതിനെ ചെറുക്കാനുള്ള വാക്‌സീനു വേണ്ടി പരീക്ഷണങ്ങളും ആരംഭിച്ചു. ലോകാരോഗ്യ സംഘടന തന്നെ മുൻകൈയെടുത്തു. ഓക്ഫഡ് സർവകലാശാലയും അസ്ട്രാ സെനക്കയുമായി ചേർന്നു തയാറാക്കിയ വാക്‌സീൻ ആണ് ആദ്യം പ്രഖ്യാപിച്ചതെങ്കിലും പിന്നീടുള്ള നിരീക്ഷണങ്ങളിൽ അതു വേണ്ടത്ര വിജയിച്ചതായി അംഗീകരിക്കപ്പെട്ടില്ല. 2020 ഡിസംബർ രണ്ടാം വാരം അമേരിക്കൻ കമ്പനിയായ ഫൈസറിന്റെ വാക്‌സീൻ ബ്രിട്ടനിൽ പൊതുജനങ്ങൾക്കായി നൽകിത്തുടങ്ങി. 95 ശതമാനം വിജയമാണ് കമ്പനി അവകാശപ്പെടുന്നത്.

പിന്നീട് അമേരിക്കയും വാക്‌സിനേഷൻ ആരംഭിച്ചു. റഷ്യയും ചൈനയും വാക്‌സീനുകളുമായി രംഗത്ത് എത്തിയെങ്കിലും ഫൈസറിനാണ് വ്യാപകമായ അംഗീകാരം ലഭിച്ചത്. ഇതോടെ ലോകത്തിന് ആശ്വാസവും ജനങ്ങൾക്ക് പ്രതീക്ഷയുമായി.

എന്നാൽ ഡിസംബർ അവസാനമായപ്പോഴേക്കും ബ്രിട്ടനിൽ നിന്നുള്ള മറ്റൊരു വാർത്ത വീണ്ടും ജനങ്ങളെ ഭീതിയിലാഴ്‌ത്തി. കോവിഡ് -19 ന് കാരണമായ കൊറോണ വൈറസ് ജനിതകമാറ്റം സംഭവിച്ച് വ്യാപിക്കുന്നു. ഇപ്പോൾ പല രാജ്യങ്ങളും ബ്രിട്ടനിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നിർത്തി വച്ചിരിക്കുകയാണ്. പുതിയ വൈറസിനെക്കുറിച്ചുള്ള വിവരങ്ങൾക്ക് കാതോർത്തുകൊണ്ടാണ് 2020 അവസാനിക്കുന്നത്.

എന്നാൽ കോവിഡ് വാക്‌സിനിലൂടെ വൈറസിനെ അതിജീവിക്കാനുള്ള കരുത്ത് ലോകജനത 2021ൽ നേടുമെന്ന് പ്രതീക്ഷിക്കാം. എന്നാൽ പകർച്ച വ്യാധികൾ ഒപ്പമുള്ളതാണെന്നും മൃഗങ്ങളുടേതടക്കമുള്ള ആരോഗ്യ വ്യവസ്ഥിതി മികച്ച രീതിയിൽ പരിപാലിക്കപ്പെടേണ്ടതാണെന്നുമുള്ള ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് കാണാതെ പോകാൻ പാടില്ല.

അമേരിക്കയെ ഇനി നയിക്കുക ജോ ബൈഡൻ

തികച്ചും വ്യത്യസ്തമായ ശൈലിയോടെ അമേരിക്ക ഭരിച്ച ഡോണൾഡ് ട്രംപ് ഒരിക്കൽക്കൂടി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ ലോകം ഉറ്റുനോക്കി. രണ്ടാം ഊഴത്തിനായി വീണ്ടും ട്രംപിനെ അമേരിക്കൻ ജനത തെരഞ്ഞെടുക്കുമോ എന്ന്.

അമേരിക്കൻ ദേശീയത എന്ന പേരിട്ട് വിളിച്ച് വെള്ളക്കാർക്ക് മുൻഗണന കൊടുത്തും കുടിയേറ്റക്കാരെ പിന്തള്ളിയുമുള്ള ട്രംപ് നടപ്പാക്കിയ നയങ്ങൾ നേരിട്ടുകണ്ട, അനുഭവിച്ച അമേരിക്കൻ ജനത ഏത് രീതിയിലാകും തെരഞ്ഞെടുപ്പിൽ പ്രതികരിക്കുക എന്നത് ഏവർക്കും ആകാംഷ ഉണർത്തുന്നതായിരുന്നു. നവംബർ 3 നായിരുന്നു തിരഞ്ഞെടുപ്പ്.

അമേരിക്കൻ പ്രസിഡന്റിന്റെ രണ്ടാം ഊഴം പൊതുവേ വലിയ ആവേശവും വാശിയും സൃഷ്ടിക്കാറില്ല. നിലവിലുള്ള പ്രസിഡന്റിന് ഒരാവർത്തികൂടി കൊടുക്കുന്നതാണ് അമേരിക്കയുടെ പതിവ്. എന്നാൽ ട്രംപിന്റെ ശൈലികൾ പൊതുവേ വിമർശിക്കപ്പെട്ടതും സർവേകളിൽ ബൈഡൻ മുന്നിട്ടു നിന്നതും തിരഞ്ഞെടുപ്പിന്റെ ആവേശം വർധിപ്പിച്ചു.

ജനതയെ രണ്ടു ചേരിയിൽ ഭിന്നിപ്പിച്ച ട്രംപിന്റെ നയങ്ങൾ തന്നെയാണ് ഏറ്റവും കൂടുതൽ ചർച്ചയായത്. ട്രംപ് പക്ഷക്കാരായ തീവ്ര ചിന്താഗതിക്കാർ വംശീയത ആളിക്കത്തിച്ചു. ലോക രാജ്യങ്ങളോടുള്ള നയത്തിലും ട്രംപ് വ്യത്യസ്തത പുലർത്തിയിരുന്നു. അമേരിക്ക ഫസ്റ്റ് എന്ന നയം പല രാജ്യങ്ങളുമായുമുള്ള നയതന്ത്രബന്ധത്തെത്തന്നെ ബാധിച്ചു. അതിനാൽ അമേരിക്കൻ തിരഞ്ഞെടുപ്പിന് ലോക രാജ്യങ്ങൾക്കും പതിവിൽ കൂടുതൽ ആകാംക്ഷയുണ്ടായി.

ഒടുവിൽ സർവേ ഫലങ്ങൾ ശരിവച്ച് ബൈഡൻ വിജയിച്ചു. എന്നാൽ ഫലം വന്ന ആദ്യ ദിവസങ്ങളിൽ അമേരിക്കയും ലോക രാജ്യങ്ങളും അനിശ്ചിതത്വത്തിലായിരുന്നു. വ്യക്തമായ ഭൂരിപക്ഷത്തിന്റെ അഭാവത്തിൽ അമേരിക്ക അരാജകത്വത്തിലേക്ക് പോകുമോ എന്നതായിരുന്നു ആശങ്ക.

ട്രംപ് അധികാരം ഒഴിയാൻ ഉദ്ദേശിക്കുന്നില്ലെന്നും കോടതിയെ സമീപിക്കുമെന്നും വാർത്തകൾ വന്നതോടെ ആശങ്ക വർധിച്ചു. എന്നാൽ പിന്നീട് കൂടുതൽ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ബൈഡന് വ്യക്തമായ ഭൂരിപക്ഷമായി. ഇലക്ടറൽ കോളജ് വോട്ടെടുപ്പിലും വിജയിച്ച് ബൈഡന്റെ അധികാരം ഉറപ്പിച്ചാണ് 2020 വിട പറയുന്നത്.

അടുത്ത വർഷം ആദ്യ മാസം തന്നെ അധികാരക്കൈമാറ്റം നടക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. കൊറോണ പ്രതിരോധത്തിലടക്കം രാജ്യത്തെ സുപ്രധാന വിഷയങ്ങളിൽ ഉറച്ച നിലപാടുകൾ ബൈഡൻ സ്വീകരിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

അമേരിക്ക -ചൈന ശീതസമരം ഉച്ചസ്ഥായിയിൽ

അമേരിക്ക ഫസ്റ്റ് എന്ന നയം ശക്തമായി മുന്നോട്ടു വച്ച ട്രംപ് ഭരണകൂടം വ്യാപാരക്കരാറുകളിലടക്കം എടുത്ത തീരുമാനങ്ങൾ ചൈനയെ കാര്യമായി പിടിച്ചുലച്ചു എന്ന് പറയാതെവയ്യ. ലോകത്തിലെ ഒന്നാം സാമ്പത്തിക ശക്തിയായ അമേരിക്കയും രണ്ടാം സാമ്പത്തിക ശക്തിയായ ചൈനയും തമ്മിലുള്ള സാമ്പത്തിക കിടമത്സരങ്ങളാണ് 2020 ൽ ലോകം കണ്ടത്.

അമേരിക്ക റഷ്യ ശീത സമരത്തിലെന്നപോലെ കടുത്ത നിലപാടുകളുമായി അമേരിക്കൻ ഭരണകൂടം മുന്നോട്ട് പോകുന്ന കാഴ്ച. ചൈന കുറഞ്ഞ ചെലവിൽ അത്യാധുനിക സാങ്കേതിക വിദ്യയുമായി അമേരിക്കൻ, യൂറോപ്യൻ വിപണികൾ കീഴടക്കുന്നത് അമേരിക്കൻ താൽപര്യങ്ങൾക്കു ശക്തമായ തിരിച്ചടിയായി.

രാജ്യ രഹസ്യങ്ങൾ ചോർത്തുന്നതായി ആരോപിച്ച് ചൈനീസ് കമ്പനികളെയും ആപ്പുകളെയും അമേരിക്ക നിരോധിച്ചു. മാത്രമല്ല, സ്വന്തം ചേരിയിൽ നിൽക്കുന്ന രാജ്യങ്ങളെ സ്വാധീനിച്ചും ചൈനയ്ക്കു നിയന്ത്രണം ഏർപ്പെടുത്തി. ട്രംപിന്റെ അമേരിക്ക ഫസ്റ്റ് നയവും ശീത സമരത്തിന് ആക്കം കൂട്ടി.

ലോക പൊലീസ് എന്ന നിലയിലുള്ള അമേരിക്കയുടെ അപ്രമാദിത്വം ചൈന ചോദ്യം ചെയ്യാൻ തുടങ്ങിയതും ശത്രുതയ്ക്ക് ആക്കം കൂട്ടി. നാറ്റോ മാതൃകയിൽ ചൈന ദക്ഷിണേഷ്യൻ രാജ്യങ്ങളെ ഒന്നിച്ചു കൂട്ടാൻ ശ്രമം നടത്തിയെങ്കിലും അമേരിക്ക ഒരു പടി മുന്നേ ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ ദക്ഷിണേഷ്യൻ വമ്പന്മാരുമായി നയതന്ത്രബന്ധം ശക്തമാക്കി ചൈനയുടെ മുന്നിൽ വന്മതിൽ പോലെ നിന്നു.

തായ്വാൻ ഏറ്റെടുക്കാനുള്ള ചൈനയുടെ നീക്കത്തെ ശക്തമായി തടഞ്ഞും ഹോങ്കോങ്ങിനുള്ള പ്രത്യേക അവകാശങ്ങൾ ചൈന നിർത്തലാക്കിയതിനെ അപലപിച്ചും അമേരിക്ക നിലപാടുകൾ ശക്തമാക്കി. അമേരിക്കയുടെ സഖ്യ രാജ്യങ്ങളും ഒപ്പമുണ്ട്. സൗത്ത് ചൈന കടലിലെ അമേരിക്കൻ, ചൈന നാവിക ശക്തി പ്രകടനങ്ങളും 2020 ലെ വാർത്തകളിൽ നിറഞ്ഞു നിന്നു.

ഓസ്‌ട്രേലിയയെ കണ്ണീരിലാഴ്‌ത്തിയ തീപിടുത്തം

ലോക ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തങ്ങളിൽ ഒന്നിനാണ് 2020ൽ ഓസ്‌ട്രേലിയയിൽ സാക്ഷ്യം വഹിച്ചത്. പുതുവർഷ ആഘോഷങ്ങളുടെ ആഹ്ലാദ നിമിഷങ്ങൾ പങ്കിട്ടുതീരുംമുമ്പെ അഗ്നബാധ ഓസ്‌ട്രേലിയെ വലച്ചു. 2019 അവസാന മാസങ്ങളിൽ കുറ്റിക്കാടുകളിൽ പടർന്നു തുടങ്ങിയ അഗ്നിബാധ 2020 ജനുവരിയിൽ രൗദ്രഭാവം പൂണ്ടു. ന്യൂ സൗത്ത് വെയ്ൽസിലാണ് ഏറ്റവും കൂടുതൽ ആഘാതം വിതച്ചത്.

.

ജനുവരി മൂന്നിന് ഇവിടെ 7 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒരു കോടി ഹെക്ടറാണ് തീപിടിത്തത്തിൽ കത്തി നശിച്ചത്. 100 കോടി ജീവിജാലങ്ങൾ വെന്തു വെണ്ണീറായി. 2000 ലേറെ വീടുകൾ തുടച്ചുമാറ്റപ്പെട്ടു. 29 പേർക്ക് ജീവൻ നഷ്ടമായി. ലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. മെൽബണിലെ അന്തരീക്ഷ മലിനീകരണം ലോകത്തിലെ ഏറ്റവും മോശമായ നിലയിൽ എത്തി.

മധ്യപൂർവ ദേശത്തിനായി ഒരു സമാധാനക്കരാർ

മധ്യപൂർവ ദേശത്ത് സമാധാനത്തിന്റെ പുതിയ അധ്യായം കുറിച്ചുകൊണ്ട് ഇസ്രയേലും യുഎഇയും സുപ്രധാന കരാറിൽ ഒപ്പുവച്ചതും 2020ലായിരുന്നു. പൂർണ നയതന്ത്ര ബന്ധം സ്ഥാപിക്കാൻ വഴിയൊരുക്കുന്ന കരാർ. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആയിരുന്നു ചരിത്രം സൃഷിടിച്ച ഈ കരാറിന്റെ മധ്യസ്ഥൻ.

2020 ഓഗസ്റ്റ് 13 നാണ് കരാർ സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. സെപ്റ്റംബർ 15 ന് വൈറ്റ് ഹൗസിൽ കരാർ ഒപ്പിട്ടു. ഫലസ്തീൻ പ്രദേശമായ വെസ്റ്റ് ബാങ്ക് കൂട്ടിച്ചേർക്കാനുള്ള തീരുമാനം മരവിപ്പിക്കാൻ ഇസ്രയേൽ സമ്മതിച്ചത് കരാറിനു ശക്തി പകർന്നു.

ഇസ്രയേലുമായി സമാധാന കരാർ ഉണ്ടാക്കുന്ന ആദ്യ ഗൾഫ് രാജ്യവും മൂന്നാമത്തെ അറബ് രാജ്യവുമാണ് യുഎഇ. ഈജിപ്തും ജോർദാനുമാണ് നേരത്തേ കരാറിൽ ഏർപ്പെട്ട രാജ്യങ്ങൾ. യുഎഇ കരാർ പ്രഖ്യാപനത്തിനു പിന്നാലെ ബഹ്‌റൈനും ഇസ്രയേലുമായി നയതന്ത്രബന്ധം സാധാരണ നിലയിലാക്കാൻ തീരുമാനിച്ചു.

യുഎസ് - താലിബാൻ സമാധാന കരാർ

വർഷങ്ങൾ നീണ്ട അഫ്ഗാൻ കലാപങ്ങൾക്ക് അറുതി കണ്ട വർഷം കൂടിയാണ് കടന്നുപോകുന്നത്. ഖത്തർ മുൻകയ്യെടുത്തു നടത്തിയ ചർച്ചകളുടെ ഫലമായി ഫെബ്രുവരി 29 ന് അമേരിക്കയും താലിബാനും ദോഹയിൽ സമാധാനക്കാർ ഒപ്പു വച്ചു. കരാർ പ്രകാരം ഘട്ടംഘട്ടമായി അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാനിൽനിന്ന് പിൻവാങ്ങും. താലിബാനും അഫ്ഗാൻ സർക്കാരും തമ്മിൽ സമാധാന ചർച്ചകൾ തുടരും.

അഫ്ഗാനിലെ കലാപങ്ങൾക്കും കൂട്ടക്കൊലകൾക്കും ഇതോടെ അറുതി വരുമെന്നാണ് പ്രതിക്ഷ. അഫ്ഗാനിൽ സമാധാനം പുലരുന്നത് ലോകത്തിനു തന്നെ ആശ്വാസമാണ്. ലോക സമാധാനത്തിനു തന്നെ ഒരു ഘട്ടത്തിൽ താലിബാൻ ഭീഷണിയായി മാറിയിരുന്നു. അമേരിക്ക അഫ്ഗാനിൽ സാന്നിധ്യമുറപ്പിച്ചെങ്കിലും കലാപങ്ങൾ തുടർന്നു പോന്നു. ഈ സംഘർഷാവസ്ഥയ്ക്കു പരിഹാരം ഉണ്ടാക്കാൻ 2012 മുതൽ ചർച്ചകൾ ആരംഭിച്ചതാണെങ്കിലും ഇപ്പോഴാണ് യാഥാർഥ്യമായത്.

ശത്രുതയുടെ മൂർച്ഛകൂട്ടി ഇറാനും അമേരിക്കയും

ആദ്യം ജനറൽ ഖാസിം സുലൈമാനി, പിന്നെ ആണവ ശാസ്ത്രജ്ഞൻ ഫക്രിസാദേഹ്

2020 പുതു വർഷത്തിന്റെ ആദ്യ നാളുകളിലാണ് ഇറാനിലെ ജനറൽ ഖാസിം സുലൈമാനി വധിക്കപ്പെട്ടത്. ഇറാഖ് പ്രധാനമന്ത്രിയുടെ ക്ഷണ പ്രകാരം എത്തിയതായിരുന്നു സുലൈമാനി. ബഗ്ദാദിലൂടെ സഞ്ചരിക്കുമ്പോൾ വ്യോമാക്രമണത്തിലൂടെയാണ് അമേരിക്ക സുലൈമാനിയെ വധിച്ചത്. ലോക സമാധാനത്തിന് കടുത്ത വെല്ലുവിളി ഉയർത്തിയ സംഭവം.

ഇറാനിലെ ശക്തനായ സേനാ കമാൻഡറും മധ്യ പൂർവ ദേശത്തെ സൈനിക നീക്കങ്ങളുടെയും തീവ്രവാദ വിഭാഗങ്ങളുടെയും തീരുമാനങ്ങളെ സ്വാധീനിച്ച വ്യക്തിയുമായിരുന്നു. അമേരിക്ക, ഇറാൻ ശത്രുത വർധിച്ചതോടെ ഖാസിം സുലൈമാനി അമേരിക്കയുടെ കണ്ണിലെ കരടായി. സുലൈമാനിയുടെ വധം ഇറാനെതിരെയുള്ള യുദ്ധപ്രഖ്യാപനമായാണ് വിലയിരുത്തപ്പെട്ടത്. പ്രതികാരം ചെയ്യുമെന്ന് ഇറാൻ പ്രഖ്യാപിക്കുകയും ബഗ്ദാദിലെ അമേരിക്കൻ സേനാകേന്ദ്രത്തിലേക്ക് റോക്കറ്റ് ആക്രമണം നടത്തുകയും ചെയ്തു. ഇറാഖും അമേരിക്കയ്‌ക്കെതിരെ രംഗത്ത് വന്നു. റഷ്യയും അമേരിക്കൻ നടപടിയെ വിമർശിച്ചതോടെ മധ്യപൂർവ ദേശത്ത് എന്തും സംഭവിക്കാമെന്ന സ്ഥിതിയായിരുന്നു.

2020 ന്റെ തുടക്കത്തിൽ ജനറൽ ഖാസിം സുലൈമാനിയാണ് വധിക്കപ്പെട്ടതെങ്കിൽ അവസാനത്തിൽ മറ്റൊരു കൊലപാതകം ഇറാനെ നടക്കു. മധ്യപൂർവ മേഖലയെ വീണ്ടും സംഘർഷത്തിലാക്കു്ന്നതായി മാറി . ഇറാന്റെ പ്രതിരോധ ഗവേഷണ പദ്ധതി തലവനും പ്രമുഖ ആണവ ശാസ്ത്രജ്ഞനുമായ ഫക്രിസാദേഹിന്റെ വധം.

ഫക്രിസാദേഹ് സഞ്ചരിച്ച വാഹനത്തിലേക്ക് വിദൂര നിയന്ത്രിത തോക്ക് ഉപയോഗിച്ച് നിറയൊഴിക്കുകയായിരുന്നു. ഡിസംബറിൽ അരങ്ങേറിയ കൊലപാതകത്തിനു പിന്നിൽ ആരെന്നു കണ്ടെത്തി തിരിച്ചടിക്കുമെന്ന് പ്രതികരിച്ച ഇറാൻ ഇസ്രയേലിനെതിരെ ആരോപണവും ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ഇസ്രയേൽ ഇത് നിഷേധിച്ചിരിക്കുകയാണ്.

അധിനിവേശം തുടർന്ന് ചൈന; ലഡാക്ക് അതിർത്തിയിൽ സംഘർഷം

1962 ലെ ഇന്ത്യ - ചൈന യുദ്ധത്തിനു ശേഷം ഇന്ത്യയും ചൈനയും വീണ്ടുമൊരു ഏറ്റുമുട്ടലിന്റെ അടുത്തുവരെയെത്തിയ വർഷമാണ് 2020. ഇന്ത്യ - ചൈന അതിർത്തി തർക്കമാണ് ഇക്കുറിയും പ്രശ്‌നങ്ങൾക്കു തുടക്കമിട്ടത്.

കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയോടു ചേർന്ന് ഗൽവാനിൽ ചൈനയുമായുള്ള സംഘർഷത്തെ തുടർന്ന് 20 ഇന്ത്യൻ സൈനികർ വീരമ്യത്യു വരിച്ചു. ഒട്ടേറെ പേർക്ക് പരുക്കേറ്റു. ചൈനീസ് ഭാഗത്തും ആളപായമുണ്ടായെങ്കിലും എത്ര പേർ കൊല്ലപ്പെട്ടുവെന്ന് ചൈനീസ് സർക്കാർ വെളിപ്പെടുത്തിയിട്ടില്ല.

അതിർത്തി പിന്മാറ്റ ധാരണ ലംഘിച്ച് ചൈനീസ് സേന ഏകപക്ഷീയമായി മുന്നോട്ടു കയറിയതിനെത്തുടർന്നാണ് സംഘർഷമുണ്ടായത്. ചൈനയുമായുള്ള സംഘർഷം യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചു. ഇരു രാജ്യങ്ങളും അതിർത്തിയിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കുകയും ആയുധങ്ങൾ ശേഖരിക്കുകയും ചെയ്തതോടെ ലോക രാഷ്ട്രങ്ങൾക്കിടയിലും ആശങ്കയായി.

അതിർത്തിയിൽ ശക്തിമായ നടപടികൾ സ്വീകരിച്ചതിനൊപ്പം ചൈനക്കെതിരെ മറ്റു മേഖലകളിലും ഇന്ത്യ നടപടികൾ കർശനമാക്കി. 371 സാധനങ്ങൾക്ക് ഇറക്കുമതി നിയന്ത്രണം ഏർപ്പെടുത്തി. ടിക് ടോക് ഉൾപ്പെടെ 52 ചൈനീസ് ആപ്പുകൾ നിരോധിച്ചു. 2020 അവസാനിക്കുമ്പോഴും ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷത്തിന് കാര്യമായ അയവ് വന്നിട്ടില്ല.

പുടിന് വേണ്ടി ഹിതപരിശോധന

ലോകത്തിന്റെ ഭാഗധേയം നിർണയിക്കാൻ പോന്ന രാജ്യങ്ങളുടെ പട്ടികയിൽ സുപ്രധാന സ്ഥാനത്താണ് റഷ്യ. അതിനാൽ അവിടുത്തെ ഭരണാധികാരി ആര് എന്നത് ലോകത്തിനു പ്രധാനം തന്നെ. റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിന് 2036 വരെ ഭരണത്തിൽ തുടരാൻ അവസരം ഒരുക്കുന്ന ഭരണഘടനാ ഭേദഗതിക്ക് ജനകീയ അംഗീകാരം ലഭിച്ചത് ലോകം ശ്രദ്ധിച്ച സംഭവമായിരുന്നു.

ജൂലൈയിൽ നടന്ന ഹിത പരിശോധനയിലാണ് പുടിൻ 77.9 ശതമാനം വോട്ടോടെയാണ് ആധിപത്യം ഉറപ്പിച്ചത്. 2024 ൽ ആണ് പുടിന്റെ നിലവിലെ കാലാവധി തീരുക. തുടർന്നു രണ്ടു പ്രാവശ്യം കൂടി പ്രസിഡന്റ് സ്ഥാനത്തേക്ക് മൽസരിക്കാൻ ഭേദഗതിയോടെ അവസരം ലഭിക്കും. 6 വർഷമാണ് പ്രസിഡന്റിന്റെ കാലാവധി. തുടർച്ചയായി 2 പ്രാവശ്യം പ്രസിഡന്റ് ആകാനേ കഴിയൂ എന്ന നിലവിലുള്ള വ്യവസ്ഥയാണ് ഭേദഗതി ചെയ്തത്.

ബ്രക്‌സിറ്റ് യാഥാർത്ഥ്യമാകുന്നു

യൂറോപ്യൻ യൂണിയൻ ബന്ധം അവസാനിപ്പിച്ചുകൊണ്ടുള്ള ബ്രക്‌സിറ്റ് കരാർ യാഥാർത്ഥ്യമാകുകയാണ്. 2020 ജനുവരി 31ന് യുകെ, യൂറോപ്യൻ യൂണിയൻ വിട്ടതിനുശേഷമുള്ള 11 മാസത്തെ ട്രാൻസിഷൻ പിരീഡിന് സമാപനമായിരിക്കുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഒപ്പുവച്ച ബ്രെക്സിറ്റ് വാണിജ്യ കരാർ പുതുവത്സരദിനത്തിൽ നിയമമായി മാറുന്നു.

പാർലമെന്റിലെ വോട്ടെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചതോടെയാണ് കരാർ യാഥാർത്ഥ്യമാകുന്നത്. വാണിജ്യം, മത്സ്യബന്ധനം, വാണിജ്യനിയമങ്ങൾ, തർക്കങ്ങളിലുള്ള ഒത്തുതീർപ്പ് എന്നിവ വിശദമായി പ്രതിപാദിക്കുന്നതാണ് 1200 പേജുള്ള പുതിയ ബ്രെക്സിറ്റ് വാണിജ്യ കരാർ. രാജ്യ താത്പര്യം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തിൽനിന്ന് അണുവിട വ്യതിചലിച്ചിട്ടില്ലെന്ന് ബോറിസ് ജോൺസൺ വ്യക്തമാക്കിക്കഴിഞ്ഞു.

ഇനിയില്ല മറഡോണ

മൈതാനത്ത് എപ്പോഴും അപ്രതീക്ഷിതമായത് കരുതി വച്ചയാളായിരുന്നു മറഡോണ. തന്റെ മാസ്മരിക നീക്കങ്ങളിലൂടെ എന്നും വിസ്മയിപ്പിച്ച അർജന്റീന ഫുട്‌ബോൾ ഇതിഹാസം ഡിയേഗോ മറഡോണ ലോകത്തെയൊന്നാകെ കണ്ണീരിലാഴ്‌ത്തി വിടവാങ്ങി. ഹൃദയാഘാതമാണു മരണകാരണമെന്നായിരുന്നു വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തത്. തലച്ചോറിൽ രക്തം കട്ടപിടിച്ചതിന് ശസ്ത്രക്രിയയ്ക്കു വിധേയനായ മറഡോണ ആശുപത്രി വിട്ട് രണ്ടാഴ്ച പിന്നിടുംമുമ്പെ മരണം തേടിയെത്തി. ഒക്ടോബർ 30ന് അറുപതാം പിറന്നാൾ ആഘോഷിച്ച് 26 ദിവസം പിന്നിടുമ്പോഴായിരുന്നു അന്ത്യം.

ബ്യൂനസ് ഐറിസിലെ തെരുവുകളിൽനിന്ന് ഫുട്ബോൾ ലോകത്തെ കിരീടം വയ്ക്കാത്ത രാജാവെന്ന സ്ഥാനത്തെത്തിയ മറഡോണയുടെ പ്രതിഭയുടെ ചിറകിലേറിയാണ് 1986ൽ അർജന്റീന ലോകകപ്പ് ജേതാക്കളായത്. സെമിയിൽ ഇംഗ്ലണ്ടിനെതിരെ 'ദൈവത്തിന്റെ കൈ' എന്നറിയപ്പെടുന്ന വിവാദഗോളടക്കമുള്ള രണ്ടു ഗോളുകൾ ലോകപ്രശസ്തമാണ്. ആറ് ഇംഗ്ലിഷ് താരങ്ങളെ വെട്ടിച്ച് 60 മീറ്റർ ഓടിക്കയറി നേടിയ രണ്ടാം ഗോൾ 'നൂറ്റാണ്ടിന്റെ ഗോൾ' പിന്നീടു വിശേഷിപ്പിക്കപ്പെട്ടു.

അർജന്റീനയുടെ തലസ്ഥാന നഗരമായ ബ്യൂനസ് ഐറിസിന്റെ പ്രാന്തപ്രദേശത്തുള്ള ലാനസിൽ 1960 ഒക്ടോബർ 30ന് ആണ് മറഡോണയുടെ ജനനം.1977 ഫെബ്രുവരി 27നു 16-ാം വയസ്സിൽ ഹംഗറിക്കെതിരെയാണ് രാജ്യാന്തര അരങ്ങേറ്റം. 1978ൽ അർജന്റീന യൂത്ത് ലോകകപ്പ് ജേതാക്കളാകുമ്പോൾ നായകൻ. 1979ലും 80ലും സൗത്ത് അമേരിക്കൻ പ്ലെയർ ഓഫ് ദി ഇയർ ബഹുമതി.

1982ൽ ലോകകപ്പിൽ അരങ്ങേറ്റം. നാലു ലോകകപ്പ് കളിച്ചു. 1986 ലോകകപ്പിൽ മികച്ച താരത്തിനുള്ള പുരസ്‌കാരവും നേടി. 1994ൽ രണ്ടു മത്സരങ്ങൾ കളിച്ചതിനു പിന്നാലെ ഉത്തേജക പരിശോധനയിൽ പിടിക്കപ്പെട്ടു പുറത്തായി. നാലു ലോകകപ്പുകളിലായി 21 മത്സരങ്ങളിൽനിന്ന് 8 ഗോളുകൾ നേടി. അർജന്റീനയുടെ ജഴ്‌സിയിൽ 91 രാജ്യാന്തര മത്സരങ്ങൾ കളിച്ചു. 34 ഗോളുകൾ. 2010 ലോകകപ്പിൽ അർജന്റീനയുടെ മുഖ്യപരിശീലകനായി. അർജന്റീനയിലെ ജിംനാസിയ ക്ലബ്ബിന്റെ പരിശീലകനായിരിക്കെയാണ് ലോകത്തോട് വിടപറയുന്നത്.

മറഞ്ഞു കിംകി ഡുക്കും

വിഖ്യാത ദക്ഷിണ കൊറിയൻ സംവിധായകൻ കിംകി ഡുക്കിന്റെ വിയോഗവും 2020 കണ്ടു. ലോകത്തെയൊന്നാകെ പിടിച്ചുലച്ച കോവിഡ് മഹാമാരി ത്‌ന്നെയാണ് കിംകി ഡുക്കിന്റെ മരണത്തിനും ഇടയാക്കിയത്. വെനീസ് ചലച്ചിത്ര മേളയിലെ ഗോൾഡൻ ലയൺ പുരസ്‌കാരമടക്കം നിരവധി വിഖ്യാത പുരസ്‌കാരങ്ങൾ ലഭിച്ച കിംകി ഡുക്ക് മലയാളികളായ സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായിരുന്നു.

സ്പ്രിങ് സമ്മർ ഫാൾ വിന്റർ... ആൻഡ് സ്പ്രിങ് എന്ന സിനിമയിലൂടെയാണ് മലയാളികൾ ആദ്യമായി കിംകി ഡുക്ക് എന്ന കൊറിയൻ ചലച്ചിത്രകാരന്റെ ആരാധകരായത്. ഐഎഫ്എഫ്കെയിൽ കിം കി ഡുക്ക് ചിത്രങ്ങൾ സ്ഥിരസാന്നിധ്യമായിരുന്നു. എത്രവെയിലുകൊണ്ടും ചലച്ചിത്രോത്സവത്തിൽ കിംകി ഡുക്ക് സിനിമകൾക്കായി പ്രേക്ഷകർ വരിനിന്നു. 2004ൽ 'ത്രീ അയൺ' , 2012ലെ 'പിയാത്ത'യും 2013ലെ 'മോബിയാസും' ഉണ്ടാക്കിയ 'കിം തരംഗം' 2014ലെ 'വൺ ഓൺ വൺ' സിനിമയിലെത്തിയപ്പോഴും അവസാനിച്ചില്ല.

തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് യുവാക്കളുടെ തള്ളിക്കയറ്റത്തിൽ കിംകിം ഡുക്ക് സിനിമകളും ഇറാനിയൻ സിനിമകളും ചെറുതല്ലാത്ത പങ്കാണ് വഹിച്ചത്.. പ്രാദേശിക ഫിലിം ഫെസ്റ്റിവലുകളിലും കിം കി ഡുക്ക് ചിത്രങ്ങൾ വ്യാപകമായി പ്രദർശിപ്പിച്ചു. സമരിറ്റൻ ഗേൾ, ത്രീ അയേൺ, ടൈം, സ്പ്രിങ്, സമ്മർ, ഫാൾ, വിന്റർ... ആൻഡ് സ്പ്രിങ് എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങൾ.

ജോർജ് ഫ്‌ളോയ്ഡ് & ബ്ലാക്ക് ലൈവ്‌സ് മാറ്റർ

2020 മെയ്‌ 25നാണ് ലോകത്തെ നടുക്കിയ ആ സംഭവം അരങ്ങേറിയത് ജോർജ് ഫ്‌ളോയ്ഡ് എന്ന ആഫ്രോ അമേരിക്കൻ വംശജൻ മിനിയാപൊളിസ് പൊലീസുകാരനായ ഡെറിക് ഷോവിൻ കഴുത്തിൽ കാൽമുട്ട് അമർത്തി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. അമേരിക്കയിൽ ആഫ്രോ അമേരിക്കൻ വംശജർക്കെതിരായ അതിക്രമങ്ങൾക്കെതിരെ അമേരിക്കയിൽ അരങ്ങേറിയത് വൻ പ്രക്ഷോഭം.പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഭരണാധികാരിയായിരുന്ന ഡോണൾഡ് ട്രംപിന് കുറച്ചുനേരം വൈറ്റ്ഹൗസിലെ ബങ്കറിൽ അഭയം തേടേണ്ടിവന്നു. പ്രതിഷേധത്തിന് പുതിയ രൂപവും ഭാവവും കൈവന്നു. രാജ്യാന്തര തലത്തിൽ കായിക രംഗത്ത് നിന്നടക്കം പിന്തുണയേറി. വംശീയാതിക്രമങ്ങൾക്കെതിരെ പോരാടാൻ 2013ൽ പ്രവർത്തനം ആരംഭിച്ച ബ്ലാക്ക് ലൈവ്‌സ് മാറ്റർ പ്രതിഷേധത്തിന് വീര്യം പകർന്നു.

ആ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കിം ജോങ് ഉൻ

ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കജനകമായ റിപ്പോർട്ടുകൾ പുറത്തുവന്നു. ഹൃദ്രോഗ ശസ്ത്രക്രിയക്ക് വിധേയനായ കിം ജോങ് ഉൻ കോമയിലാണെന്നും സഹോദരി കിം യോ ജോങ് അധികാരം ഏറ്റെടുത്തെന്നുമായിരുന്നു റിപ്പോർട്ട്. പിന്നീടിത് ഉത്തര കൊറിയ നിഷേധിച്ചെങ്കിലും കിമ്മി?െന്റ ആരോഗ്യനിലയെക്കുറിച്ചുള്ള ദുരൂഹതക്ക് അന്ത്യമായില്ല.

ഒറ്റനോട്ടത്തിൽ

അമേരിക്കന് തെരഞ്ഞെടുപ്പില് ഇന്ത്യന് വംശജൻ ഡെമോക്രാറ്റിക് കോൺഗ്രസ് സ്ഥാനാര്ഥി രാജ കൃഷ്ണമൂര്ത്തി മൂന്നാം തവണയും ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ന്യൂസിലൻഡിൽ തുടർച്ചയായ രണ്ടാം തവണയും പ്രധാനമന്ത്രിയായി ജസീന്ത ആര്‌ഡേൻ. മന്ത്രിസഭയില് അംഗമായി ചരിത്രംകുറിച്ച് എറണാകുളം പറവൂര് കാരി പ്രിയങ്ക രാധാകൃഷ്ണനും.

സുരക്ഷ, ഊർജം, ടൂറിസം ഉൾപ്പെടെയുള്ള മേഖലകളിൽ ഇസ്രയേലും യു.എ.ഇയും തമ്മിൽ ധാരണയായി.

ശ്രീലങ്കയിൽ പ്രധാനമന്ത്രിയായി മഹിന്ദ രാജപക്‌സ അധികാരമേറ്റു. നാലാം തവണയാണ് മഹിന്ദ രാജപക്‌സ ലങ്കൻ പ്രധാനമന്ത്രിയാകുന്നത്. 26 അംഗ മന്ത്രിസഭയിൽ പ്രധാനമന്ത്രിയടക്കം രാജപക്‌സ കുടുംബത്തിലെ നാലുപേർ ഇടംനേടി.

ബൈറൂത്ത് സ്‌ഫോടത്തിന്റെ പശ്ചാത്തലത്തിൽ ജനരോഷമുയർന്നതിനെ തുടർന്ന് ലബനീസ് പ്രധാനമന്ത്രി ഹസൻ ദിയാബ് രാജിവെച്ചു.
യാനസ് യാൻഷ സ്ലൊവീനിയൻ പ്രധാനമന്ത്രി.

രണ്ടാം ലോകയുദ്ധകാലത്ത് നാസി ക്യാമ്പുകളിൽ യഹൂദർ കൂട്ടക്കൊലക്ക് ഇരയായതിൽ നെതർലൻഡ്‌സ് മാപ്പുചോദിച്ചു.

ഐക്യരാഷ്ട്രസഭയുടെ സസ്റ്റെയിനബ്ൾ ഡെവലപ്‌മെന്റ് സൊലൂഷൻസ് പുറത്തിറക്കിയ ആഗോള സന്തോഷ സൂചികയിൽ തുടർച്ചയായ മൂന്നാംവർഷവും ഫിൻലൻഡ് ഒന്നാമത്.
ഗ്രീസിന്റെ ആദ്യ വനിത പ്രസിഡന്റായി കാതറീന സാ കെല്ലാരോപുലോ ചുമതലയേറ്റു.

മഹാത്മ ഗാന്ധിയെ ആദരിച്ച് ഓഗസ്റ്റ് 15ന് ബ്രിട്ടൻ നാണയം പുറത്തിറക്കി.

ഹോപ് മാർസ് മിഷൻ (അൽ അമൽ) എന്ന പേരിലുള്ള യു.എ.ഇയുടെ ആദ്യ ചൊവ്വ പര്യവേക്ഷണ ദൗത്യം വിജയത്തിലേക്ക്. ഗൾഫ് രാജ്യങ്ങളിൽനിന്ന് ആദ്യ ചൊവ്വ പര്യവേക്ഷണം നടത്തുന്ന രാജ്യവും യു.എ.ഇ ആണ്.

ഗാബോണിന്റെ ആദ്യ വനിത പ്രധാനമന്ത്രിയായി റോസ് ക്രിസ്റ്റ്യൻ ഒസൗക റപോണ്ടയെ നിയമിച്ചു.

തുർക്കിയിലെ പ്രശസ്തമായ അയാ സോഫിയ മ്യൂസിയം പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ മസ്ജിദായി പ്രഖ്യാപിച്ചു.

കോവിഡ് വൈറസിനെ പ്രതിരോധിക്കുന്നതു സംബന്ധിച്ച അഭിപ്രായഭിന്നതയെ തുടർന്ന് ലോകാരോഗ്യസംഘടനയിൽനിന്ന് (ഡബ്ല്യു.എച്ച്.ഒ) അമേരിക്ക പിൻവാങ്ങി.

ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി ജൂൻ കാസ്റ്റെക്‌സിനെ നിയമിച്ചു.

മിഖായേൽ മിഷുസ്തിനെ റഷ്യൻ പ്രധാനമന്ത്രിയായി പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ നാമനിർദ്ദേശം ചെയ്തു.

ഹോങ്കോങ്ങിനു മേൽ പൂർണ അധികാരം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ചൈന ഹോങ്കോങ് സുരക്ഷ നിയമം പാസാക്കി.

അയർലൻഡിൽ കൂട്ടുകക്ഷി ഭരണത്തിന്റെ ഭാഗമായി പുതിയ പ്രധാനമന്ത്രിയായി മിഖായേൽ മാർട്ടിൻ അധികാരമേറ്റു. ഇന്ത്യൻ വംശജനായ ലിയോ വരദ്കർ ഉപപ്രധാനമന്ത്രിയായും സ്ഥാനമേറ്റു.

യു.എസ് ശാസ്ത്ര ഗവേഷണ സ്ഥാപനമായ നാഷനൽ സയൻസ് ഫൗണ്ടേഷൻ മേധാവിയായി ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ സേതുരാമൻ പഞ്ചനാഥനെ നിയമിച്ചു.

യു.എസ് മാധ്യമപ്രവർത്തകൻ ഡാനിയേൽ പേളിനെ വധിച്ച അൽഖാഇദ ഭീകരൻ അഹ്മദ് ഉമർ ശൈഖിന്റെ വധശിക്ഷ പാക്കിസ്ഥാൻ റദ്ദാക്കി.

വെനിസ്വേലൻ പ്രസിഡന്റ് നികളസ് മദൂറോക്കെതിരെ യു.എസ് മയക്കുമരുന്ന് കള്ളക്കടത്ത് കുറ്റം ചുമത്തി.

കോവിഡിനെ നേരിടാൻ അഞ്ചുലക്ഷം കോടി ഡോളർ ചെലവഴിക്കാൻ ജി20 ഉച്ചകോടിയുടെ തീരുമാനം.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ സമയം ചെലവഴിക്കാനായി ബിൽഗേറ്റ്‌സ് മൈക്രോസോഫ്റ്റിന്റെ പടിയിറങ്ങി.

ഇസ്രയേലിൽ സർക്കാർ രൂപവത്കരിക്കാൻ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ എതിരാളി ബെന്നി ഗാന്റ്‌സിന് ക്ഷണം.

ലോകമെമ്പാടും മീടു പ്രക്ഷോഭത്തിനു തുടക്കമിട്ട ബലാത്സംഗക്കേസുകളിൽ ഹോളിവുഡ് നിർമ്മാതാവായിരുന്ന ഹാർവി വെയിൻസ്റ്റെയിനെ 23 വർഷം തടവിന് ശിക്ഷിക്കാൻ യു.എസ് കോടതി വിധി.

അഫ്ഗാനിസ്താന് രണ്ട് പ്രസിഡന്റുമാർ. അഷ്‌റഫ് ഗനി സത്യപ്രതിജ്ഞ ചെയ്ത വേളയിൽതന്നെ എതിരാളിയായി മത്സരിച്ച അബ്ദുല്ല അബ്ദുല്ലയും സമാന്തര സത്യപ്രതിജ്ഞ ചെയ്തു. തെരഞ്ഞെടുപ്പിൽ വിജയിച്ചത് താനാണെന്നാണ് അബ്ദുല്ലയുടെ അവകാശവാദം.

സുഡാൻ പ്രധാനമന്ത്രി അബ്ദുല്ല ഹംദോക് വധശ്രമത്തിൽനിന്ന് രക്ഷപ്പെട്ടു.

മ്യാന്മർ നേതാവ് ഓങ്‌സാൻ സൂചിക്ക് നൽകിയിരുന്ന ഫ്രീഡം ഓഫ് സിറ്റി പുരസ്‌കാരം ബ്രിട്ടൻ തിരിച്ചെടുത്തു.

മുൻ ആഭ്യന്തരമന്ത്രി മുഹ്യിദ്ദീൻ യാസീനെ മലേഷ്യയുടെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു.

ശ്രീലങ്കയിൽ കാലാവധി പൂർത്തിയാക്കാൻ ആറുമാസം ശേഷിക്കെ, പ്രസിഡന്റ് ഗോട്ടബയ രാജപക്‌സ പാർലമെന്റ് പിരിച്ചുവിട്ടു.

അയർലൻഡ് പ്രധാനമന്ത്രി ലിയോ വരദ്കർ രാജിവെച്ചു.

മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദ് രാജിവെച്ചു.

ആഗോള ഭീകര സംഘടനയായ അൽഖാഇദയിലെ രണ്ടാമൻ ഖാസിം അൽ റയ്മിയെ വധിച്ചതായി യു.എസ് പ്രഖ്യാപനം.ഇന്ത്യൻ വംശജനായ ഋഷി സുനകിനെ ബ്രിട്ടീഷ് ധനമന്ത്രിയായി നിയമിച്ചു. ഐ.ടി ഭീമൻ ഇൻഫോസിസിന്റെ സഹസ്ഥാപകൻ നാരായണമൂർത്തിയുടെ മരുമകനാണിദ്ദേഹം.

തായ്‌ലൻഡിൽ സൈനികൻ 17 പേരെ വെടിവെച്ചുകൊന്നു. ആക്രമിയെ പിന്നീട് വെടിവെച്ചുകൊന്നു.

മുംബൈ ഭീകരാക്രമണ കേസിന്റെ സൂത്രധാരനും ജമാഅത്തുദ്ദഅ്വ തലവനുമായ ഹാഫിസ് സഈദിന് പാക്കിസ്ഥാനിൽ 11 വർഷം തടവുശിക്ഷ.

മാസങ്ങൾ നീണ്ട ഇംപീച്ച്‌മെന്റ് വിചാരണക്കൊടുവിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ കുറ്റമുക്തനാക്കി. ട്രംപിനെതിരെ ജനപ്രതിനിധിസഭ പാസാക്കിയ ഇംപീച്ച്‌മെന്റ് പ്രമേയം സെനറ്റ് തള്ളിയതോടെയാണ് ട്രംപ് കുറ്റമുക്തനായത്.

ബഹിരാകാശത്ത് ഏറ്റവും നീണ്ട കാലയളവ് ഒറ്റക്ക് ചെലവഴിച്ച വനിതയെന്ന് റെക്കോഡിട്ട നാസയുടെ ബഹിരാകാശ യാത്രിക ക്രിസ്റ്റീന കൗക്ക് ഭൂമിയിൽ തിരിച്ചെത്തി.
തരൺജീത് സിങ് സന്ധുവിനെ അമേരിക്കയിലെ ഇന്ത്യൻ സ്ഥാനപതിയായി നിയമിച്ചു.

17 വർഷം നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ ജോലിസ്ഥലങ്ങളിലെ സ്ത്രീ -പുരുഷ വിവേചനമവസാനിപ്പിച്ച് ബ്രിട്ടനിൽ തുല്യവേതന നിയമം നിലവിൽവന്നു. വേതനം നൽകുന്നതിൽ ബി.ബി.സി
ചാനലിന്റെ വിവേചനത്തിനെതിരെ പ്രശസ്ത അവതാരകയായ സമീറ അഹമ്മദിന്റെ നിയമപോരാട്ടമാണ് വിജയം കണ്ടത്.

ഇറാനു വേണ്ടി ഒളിമ്പിക് മെഡൽ നേടിയ ഏക വനിതയായ കിമിയ അലിസാദേഹ് രാജ്യം വിട്ടു.

രാജകീയ ചുമതലകളിൽനിന്ന് മാറിനിൽക്കാനുള്ള ഹാരി രാജകുമാരെന്റയും ഭാര്യ മേഗൻ മർകലിന്റെയും തീരുമാനത്തിന് ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ അംഗീകാരം.

തായ്വാനിൽ സായ് ഇങ് വെൻ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

ഒമാെന്റ പുതിയ ഭരണാധികാരിയായി സുൽത്താൻ ഹൈതം ബിൻ താരിഖ് ബിൻ തൈമൂർ ആൽ സഈദ് അധികാരമേറ്റു.

ഇറാൻ റെവലൂഷനറി ഗാർഡ് ജനറൽ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം യുദ്ധസമാനമായി. സുലൈമാനിയുടെ വധത്തിനു ശേഷം ഇസ്മാഈൽ ഖാനിയെ ഇറാൻ റെവലൂഷനറി ഗാർഡ് തലവനായി നിയമിച്ചു.

പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ആദ്യമായി പ്രതിരോധമന്ത്രിയാകുന്ന വനിതയായി ലബനാനിലെ സൈന അകർ.

43 വർഷങ്ങൾക്കു ശേഷം ക്യൂബക്ക് വീണ്ടും പ്രധാനമന്ത്രി. ടൂറിസം മന്ത്രി മാനുവൽ മറീരോ ക്രൂസ് ആണ് ക്യൂബയുടെ പുതിയ പ്രധാനമന്ത്രി.

ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിനൽകിയ കേസിൽ ഫേസ്‌ബുക്കിന് ബ്രസീൽ 11.76 കോടി രൂപ പിഴ ചുമത്തി.

ഇന്ത്യൻ വംശജനായ ശ്രീനിവാസൻ യു.എസിലെ കോർട്ട് ഓഫ് അപ്പീൽസിൽ ചീഫ് ജഡ്ജിയായി നിയമിതനായി.

ഗൂഗ്‌ളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റിന്റെ സിഇഒ ആയി ഇന്ത്യക്കാരനായ സുന്ദർപിച്ചെ.

ഫിൻലൻഡിൽ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി സന്ന മരീൻ ചുമതലയേറ്റു.

മൂൺ ജെ ഇൻ ദക്ഷിണ കൊറിയയിൽ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

ബ്രിട്ടനിൽ ജെറമി കോർബിന്റെ രാജിയെ തുടർന്ന് പ്രതിപക്ഷമായ ലേബർ പാർട്ടിയുടെ നേതാവായി കിയർ സ്റ്റാർമർ ചുമതലയേറ്റു.

ഇറാഖിൽ മുസ്തഫ അൽ ഖാളിമി പ്രധാനമന്ത്രിയായി അധികാരമേറ്റു.

ജപ്പാനിൽ തുടർച്ചയായി ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി എന്ന ബഹുമതി സ്വന്തമാക്കിയ ഷിൻസോ ആബെ രാജിവെച്ചു.

ദത്തൻ ലാലിന് ലോകഭക്ഷ്യപുരസ്‌കാരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP