Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാർട്ടൂണിസ്റ്റിൽ നിന്ന് മുബൈയുടെ സർവാധിപതിയായ ബാൽ താക്കറേ; ഹിന്ദു അധോലോകം വരെ ഉണ്ടാക്കി; അന്തർമുഖനായ ഫോട്ടോഗ്രാഫറിൽ നിന്ന് മുഖ്യമന്ത്രിയായ ഉദ്ധവ്; വഴിപിരിഞ്ഞ രാജ്താക്കറേ എന്ന കസിൻ; ഓട്ടോ ഡ്രൈവറിൽ നിന്ന് മുഖ്യമന്ത്രിപദത്തിലേക്ക് എത്തുന്ന ഷിൻഡേ; പത്താംക്ലാസും ഗുസ്തിയും, വർഗീയതയും, ചാക്കിടലും; മറാത്താ 'കുതിരക്കച്ചവടത്തിന്റെ' കഥ!

കാർട്ടൂണിസ്റ്റിൽ നിന്ന് മുബൈയുടെ സർവാധിപതിയായ ബാൽ താക്കറേ; ഹിന്ദു അധോലോകം വരെ ഉണ്ടാക്കി; അന്തർമുഖനായ ഫോട്ടോഗ്രാഫറിൽ നിന്ന് മുഖ്യമന്ത്രിയായ ഉദ്ധവ്; വഴിപിരിഞ്ഞ രാജ്താക്കറേ എന്ന കസിൻ; ഓട്ടോ ഡ്രൈവറിൽ നിന്ന് മുഖ്യമന്ത്രിപദത്തിലേക്ക് എത്തുന്ന ഷിൻഡേ; പത്താംക്ലാസും ഗുസ്തിയും, വർഗീയതയും, ചാക്കിടലും; മറാത്താ 'കുതിരക്കച്ചവടത്തിന്റെ' കഥ!

എം റിജു

ത് കുതിരക്കച്ചവടമല്ല, ശരിക്കും കഴുതക്കച്ചവടമാണ്! ജനങ്ങളെ കഴുതകൾ ആക്കുന്ന കച്ചവടം. ദ ഗ്രേറ്റ് ഇന്ത്യൻ റിസോർട്ട് പൊളിറ്റിക്സിനെ ആ രീതിയിലാണ് സത്യത്തിൽ വിശേഷിപ്പിക്കേണ്ടത്. എംഎൽഎമാരെ തട്ടിക്കൊണ്ടുപോകലും, റിസോർട്ടിൽ താമസിപ്പിക്കലും, അവിടെനിന്ന് പുറത്ത് ചാടി ഓടലും, കോടികൾ കൊടുത്ത ചാക്കിലാക്കലുമൊക്കെ, നാം കർണ്ണാടകയിലും, ഗോവയിലും, മാധ്യപ്രദേശിലും, രാജസ്ഥാനിലുമൊക്കെയായി പലതവണ കണ്ടു. സുപ്രീം കോടതി വരെ ഈ റിസോർട്ട് രാഷ്ട്രീയത്തിനെതിരെ രംഗത്തെത്തി. എന്നിട്ടും അത് വീണ്ടും ആവർത്തിക്കയാണ്. ഇത്തവണ അത് മഹാരാഷ്ട്രയിൽ ആണെന്ന് മാത്രം.

മഹാ വികാസ് അഖാഡി സർക്കാർ എന്ന് വിളിക്കുന്ന, മഹാരാഷ്ട്രയിലെ ശിവസേന, കോൺഗ്രസ്, എൻസിപി സർക്കാരാണ് ഇപ്പോൾ നിലം പതിക്കാൻ ഒരുങ്ങുന്നത്. ആകെയുള്ള 55 ശിവസേന എംഎൽഎമാരിൽ 37 പേരെയും വിമതർ റാഞ്ചിയതോടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നില പരുങ്ങലിൽ ആയിരിക്കയാണ്. ഈ വിമത എംഎൽഎമാരെ ഇപ്പോൾ കൂട്ടത്തോടെ അസമിലെ ഗുവാഹത്തിയിലെ ഒരു റിസോർട്ടിലേക്ക് മാറ്റിയിരിക്കയാണ്. നേരത്തെ സൂറത്തിലെ റിസോർട്ടിൽ നിന്ന് രണ്ട് എംഎൽഎ മാർ രക്ഷപ്പെട്ട് ഔദ്യോഗിക പക്ഷത്ത് എത്തിയത് വാർത്തയായിരുന്നു. മണിക്കൂറുകൾ നടന്നാണത്രേ, ഈ തടങ്കലിൽനിന്ന് ഇവർ രക്ഷപ്പെട്ടത്!

അതായത് മറാത്ത രാഷ്ട്രീയം വീണ്ടും കലുഷിതമാവുകയാണെന്ന് ചുരുക്കം. ശിവസേനയിലെ ആഭ്യന്തര പ്രശ്നങ്ങളാണ് ഇപ്പോഴത്തെ കലാപത്തിലെ ഫോക്കസ്. പ്രധാനമായും മറാത്ത രാഷ്ട്രീയത്തിലും, ശിവസേനയിലും മൂന്ന് കഥാപാത്രങ്ങൾ ആണുള്ളത്. ബാൽതാക്കറേ, സഹോദരപുത്രൻ രാജ്താക്കറേ, മകനും നിലവിലെ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. ഇപ്പോഴിതാ നാലാമത് ഒരു കഥാപാത്രം കൂടി രംഗത്ത് എത്തുകയാണ്. അതാണ് വിമത നേതാവ് എകനാഥ് ഷിൻഡേ. ഓട്ടോറിക്ഷാ ഡ്രൈവറിൽ നിന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്ന രാഷ്ട്രീയ അത്ഭുതം. പക്ഷേ ശിവസേനാ രാഷ്ട്രീയം അങ്ങനെതന്നെയാണ്. പത്താംക്ലാസും, ഗുസ്തിയും, വർഗീയതയും, വംശീയതയും, മണ്ണിന്റെ മക്കൾ വാദവുമൊക്കെയാണ് ഈ രാഷ്ട്രീയത്തിന്റെ അടിസ്ഥാനം.

കാർട്ടൂണിസ്റ്റിൽ നിന്ന് ഫാസിസ്റ്റിലേക്ക്

'ഞാൻ ഹിറ്റ്‌ലറുടെ ഒരു വലിയ ആരാധകനാണ്. അങ്ങനെ പറയാൻ എനിക്കൊരു നാണവും തോന്നുന്നില്ല. അയാൾക്കും എനിക്കും പൊതുവായി ഉള്ള പല കാര്യങ്ങളുമുണ്ട്''- ഇങ്ങനെ പച്ചക്ക് പറയാൻ ഇന്ത്യയിൽ ഒരു നേതാവിനും കഴിയില്ല. അതാണ് ബാൽ താക്കറേ എന്ന ബാലസാഹബ് കേശവ് താക്കറെ. ചില രേഖകൾ അനുസരിച്ച് താക്കറേയുടെ കുടുംബം ബീഹാറിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് കുടിയേറി പാർത്തവരാണ്. മണ്ണിന്റെ മക്കൾ വാദം ഉന്നയിച്ച് കൊണ്ട് മലയാളികളെ അടക്കം അടിച്ച് ഓടിച്ചുകൊണ്ട് വളർന്ന താക്കറേയും, മഹാരാഷ്ട്രയുടെ മകൻ അല്ല എന്നതാണ് വാസ്തവം.

സാമൂഹിക പ്രവർത്തകനായ കേശവ് താക്കറെയുടെ മകനായി, 1926ൽ ജനിച്ച ബാൽ താക്കറെ, ഫ്രീ പ്രസ് ജേർണലിൽ കാർട്ടൂണിസ്റ്റായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് ടൈംസ് ഒഫ് ഇന്ത്യയിലും പ്രത്യക്ഷപ്പെട്ട അദ്ദേഹത്തിന്റെ കാർട്ടൂണുകൾ ജനപ്രിയമായിരുന്നു. 1960 ൽ സഹോദരനൊപ്പം ചേർന്നു മാർമിക് എന്ന കാർട്ടൂൺ വാരിക ആരംഭിച്ചു. താക്കറെയുടെ രാഷ്ട്രീയ പ്രവേശനത്തിനുള്ള ചവിട്ടുപടിയായിരുന്നു മാർമിക്. തന്റെ കൂടെ ഫ്രീ പ്രസ് ജേർണലിൽ പ്രവർത്തിച്ച, ആരോടും അധികം മിണ്ടാത്ത കാർട്ടുണിസ്റ്റിനെ, ഒ വി വിജയനെപ്പോലുള്ള എഴുത്തുകാർ അനുസ്മരിച്ചിട്ടുണ്ട്.

കാർട്ടുൺ വിട്ട് രാഷ്ട്രീയത്തിൽ ഇറങ്ങിയതാണ് താക്കറേയുടെ ജീവിതത്തിൽ നിർണ്ണായകമായത്. അവിടെയുമുണ്ട് ഹിറ്റ്ലറുമായി സാമ്യം. ഹിറ്റ്ലറും ഒരു പരാജയപ്പെട്ട ചിത്രകാരൻ ആയിരുന്നു. നാട്ടുകാരായ മറാത്തികളുടെ താൽപ്പര്യം സംരക്ഷിക്കാനെന്ന് പറഞ്ഞാണ്, 1966 ജൂൺ 19 നു ശിവസേന എന്ന സംഘടനയ്ക്കു താക്കറെ രൂപം നൽകിയത്. ദസ്‌റ ആഘോഷത്തിനിടെ മധ്യ മുംബൈയിലെ ശിവാജി പാർക്കിൽ വമ്പൻ റാലിയെ അഭിസംബോധന ചെയ്തായിരുന്നു പുതിയ പാർട്ടിയുടെ പ്രഖ്യാപനം. മഹരാഷ്ട്ര മറാത്തികൾക്ക് എന്നു പ്രഖ്യാപിച്ച താക്കറെ, കുടിയേറ്റക്കാരായ ദക്ഷിണേന്ത്യക്കാർക്കെതിരേ ശബ്ദമുയർത്തി. മണ്ണിന്റെ മക്കൾ വാദത്തിന്റെ പേരിൽ മുംബൈ കലാപ കലുഷിതമായി.

1969ൽ കർണാടകയുമായുള്ള അതിർത്തി തർക്കത്തിന്റെ പേരിൽ ബാൽ താക്കറേ അറസ്റ്റ് ചെയ്യപ്പെടുകയും തുടർന്ന് ശിവസേന ബന്ദിന് ആഹ്വാനം ചെയ്യുകയും ചെയ്തു. ബോംബെ നഗരത്തിൽ അന്ന് നടമാടിയ അക്രമങ്ങൾ മൂന്നു ദിവസങ്ങൾ നീണ്ടു. തെക്കേ ഇന്ത്യക്കാരെ തുടർച്ചയായി തിരഞ്ഞുപിടിച്ചു അക്രമിച്ചു. ലുങ്കിയുടുത്ത് പുറത്തിറങ്ങുന്നവരെ വളഞ്ഞിട്ട് തല്ലി. ദക്ഷിണേന്ത്യൻ ഭക്ഷണശാലകൾ തല്ലിത്തകർത്തു. അന്ന് തെക്കേയിന്ത്യക്കാരെ സംബോധന ചെയ്യാൻ അവരുപയോഗിച്ച പദമാണ് 'സാലെ മദ്രാസി ലോഗ്'. ( സന്മനസ്സുള്ളവർക്ക് സമാധാനം, സിനിമയിൽ തിലകൻ ചെയ്ത 'ദാമോദർജി' എന്ന കഥാപാത്രമൊക്കെ ഓർമ്മപ്പെടുത്തത് ഈ കാലമാണ്)

ഒരു വർഷത്തിന് ശേഷം, കമ്യൂണിസ്റ്റ് പാർട്ടി എംഎൽഎ ആയിരുന്ന കൃഷ്ണ ദേശായിയെ കൊലപ്പെടുത്തിയതും ഞെട്ടലായി. അതിലും നിരവധി സേന പ്രവർത്തകർ അറസ്റ്റിലായി. അന്ന് സിഐടിയുവിനെയും ഇടതുപക്ഷത്തെയും ഒതുക്കാൻ കോൺഗ്രസ് പോലും ശിവസേനക്ക് പിന്തുണ കൊടുത്തിരുന്നു. 1989 ൽ സാമ്ന എന്ന പാർട്ടി പത്രം ആരംഭിച്ചു.

ബാൽതാക്കറേ ഗോഡ്‌സേയെ പുകഴ്‌ത്തിയും സംസാരിച്ചിരുന്നു. 1991 മെയ് 16ന് പൂനൈയിൽ വച്ചായിരുന്നു അത്. ഗോഡ്‌സേ ഒരു വാടകക്കൊലയാളിയല്ലെന്നും രാഷ്ട്രത്തെ വഞ്ചിച്ച ഗാന്ധിയെയാണ് ഗോഡ്‌സേ കൊന്നതെന്നും താക്കറേ പറഞ്ഞപ്പോൾ, അന്നത്തെ ബിജെപി അദ്ധ്യക്ഷൻ പ്രമോദ് മഹാജനോ അദ്വാനിയോ കുറ്റപ്പെടുത്തിയില്ല. തന്റെ നിലപാടിനോട് വിയോജിക്കുന്നു എങ്കിൽ തിരഞ്ഞെടുപ്പ് സഖ്യത്തിൽ നിന്നു വിട്ടുപോവാൻ താക്കറേ അന്നു ബിജെപിയെ വെല്ലുവിളിച്ചു. ആരും ഒരക്ഷരം മിണ്ടിയില്ല.

ഹിന്ദു അധോലോകം പോലും ഉണ്ടാക്കുന്നു

ദാവൂദ് ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള മുസ്ലിം അധോലോകത്തിന് പകരം ഹിന്ദു അധോലോകം പോലും താക്കറേ ഉണ്ടാക്കി. അരുൺ ഗാവ്ലി എന്ന കുപ്രസിദ്ധ ക്രമിനിലിന്റെ നേതൃത്വത്തിൽ. 'പാക്കിസ്ഥാന് ദാവൂദ് ഇബ്രാഹീം ഉണ്ടെങ്കിൽ നമുക്ക് അരുൺ ഗാവ്ലിയുണ്ടെന്ന്' ഒരു പൊതുയോഗത്തിൽ അദ്ദേഹം പരസ്യമായി പറഞ്ഞു!

സാമ്ന പത്രത്തിലുടെ താക്കറെ മുസ്ലീങ്ങൾക്കും ദലിതർക്കും എതിരെ പലപ്പോഴും വിഷം ചീറ്റി. താക്കറെയുടെ മണ്ണിന്റെ മക്കൾ വാദം, സംവരണം പോലെയുള്ള അടിയാള വർഗങ്ങൾക്കായുള്ള പദ്ധതികൾക്ക് എതിരാണ്. മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിനെ എതിർത്തുകൊണ്ട് തന്റെ ഒ.ബി.സി വിരുദ്ധതയും അയാൾ പ്രകടമാക്കി ഈ സമയത്ത് ടൈം മാഗസിന് നൽകിയ ഒരു അഭിമുഖത്തിൽ താക്കറേ ഇങ്ങനെ പറഞ്ഞു- 'മുസ്ലീങ്ങളെ ഒരു പാഠം പഠിപ്പിക്കേണ്ടത് ആവശ്യമാണ്. അവർ മുംബൈ വിട്ടു ഓടിയാൽ നന്ന്. ഇല്ലെങ്കിൽ അവരെ ചവിട്ടി പുറത്താക്കണം''. മുംബൈ ആക്രമണത്തിന്റെ പേരിൽ പാക് ക്രിക്കറ്റ് താരങ്ങളെ ഇന്ത്യയിൽ പ്രവേശിപ്പിക്കില്ലെന്ന കടുത്ത നിലപടാണ് താക്കറെ സ്വകീരിച്ചത്.. ഇന്ത്യാ- പാക് ക്രിക്കറ്റ് മത്സരമായാലും പാക് ഗായകരുടെ ഗസൽ നിശ ആയാലും പിച്ച് കുത്തി കുഴിച്ചും സ്റ്റേജ് തല്ലി തകർത്തും അതെല്ലാം താക്കറേയുടെ അനുയായികൾ അലങ്കോലപ്പെടുത്തി.

മുംബൈ കലാപത്തിൽ താക്കറക്കും ശിവസേനക്കും വലിയ പങ്കുണ്ടെന്ന് ശ്രീകൃഷ്ണ കമ്മീഷൻ എടുത്തു പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ല. ബാബറി മസ്ജിദിന്റെ തകർച്ചക്ക് ശേഷം ധാരാവിയിലും മറ്റും ശിവസേന നടത്തിയ വിജയാഘോഷ ജാഥകളെ കമ്മീഷൻ പ്രത്യേകം പരാമർശിച്ചിരുന്നു. 'ഈ ജാഥകളിൽ പ്രകോപനപരമായ പല മുദ്രാവാക്യങ്ങളും സേന ഉപയോഗിക്കുക ഉണ്ടായി. മുസ്സൽമാന്റെ സ്ഥാനം പാക്കിസ്ഥാനിലോ അല്ലെങ്കിൽ കല്ലറയിലോ ആണെന്നായിരുന്നു ശിവസേനയുടെ ഒരു മുദ്രാവാക്യം.''- കമ്മീഷൻ ചൂണ്ടിക്കാട്ടി.

ഹേറ്റ് സ്പീച്ചിന്റെ പേരിൽ 1999 മുതൽ 2005 വരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും വോട്ടുചെയ്യുന്നതിനും തിരഞ്ഞെടുപ്പ് കമ്മീഷൻ താക്കറെയെ വിലക്കിയതാണ് ഇദ്ദേഹത്തിന് എതിരെയുണ്ടായ ഏക നടപടി. വിവാദ പ്രസ്താവന നടത്തിയതിന്റെ പേരിൽ ഒരിക്കൽ മാത്രമാണ് താക്കറെയെ പൊലീസ് അറസ്റ്റ് ചെയ്തത്. അതും ഒരു മണിക്കൂർ. പിന്നീട് ഇദ്ദേഹത്തിനെതിരെ നിരവധി പേർ കേസ് ഫയൽ ചെയ്തെങ്കിലും പുലിമടയിൽ കയറിചെല്ലാൻ നിയമം മടിച്ചു നിന്നു.

പക്ഷേ വ്യക്തി ജീവിതത്തിൽ ഏറെ ശാന്തനും സരസനും, കലാകാരന്മാരെ പ്രോൽസാഹിപ്പിക്കുന്ന വ്യക്തിയുമായിരുന്നു, ബാൽ താക്കറെ എന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവർ പറയുന്നത്. മുംബൈയിൽ താമസമാക്കിയ നിർമ്മാതാവും വ്യവസായിയുമായ ഗുഡ് നൈറ്റ് മോഹനൊക്കെ ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയത്തിൽ ശക്തമായി എതിർക്കുമ്പോഴും, താക്കറെ തന്നെ നിരവധി പാക് പൗരന്മാരെ സ്വീകരിച്ച് വിരുന്ന് നൽകിയതിന്റെ ചരിത്രമുണ്ട്. ക്രിക്കറ്റ് താരം മിയാൻദാദ്, നുസ്‌റത്ത് ഫത്തേഹ് അലി ഖാൻ തുടങ്ങിയവരൊക്കെ താക്കറെയുടെ ഉറ്റ സുഹൃത്തുക്കളായിരുന്നു.

ഡിറ്റോ കോപ്പിയാവാൻ രാജ്താക്കറേ

സത്യത്തിൽ, അന്തർമുഖനായ ഉദ്ധവ് ആയിരുന്നില്ല, ബാൽതാക്കറേയുടെ ഡിറ്റോ കോപ്പിയെന്ന് പറയുന്നത് രാജ് താക്കറെ എന്ന സഹോദര പുത്രനാണ്. ബാൽ താക്കറെയുടെ ഇളയ സഹോദൻ ശ്രീകാന്ത് താക്കറെയുടെ മകനാണ് രാജ് താക്കറെ. ബാൽ താക്കറെയുടെ മാതൃകയിൽ കാർട്ടൂണിസ്റ്റായിരുന്നു ചെറുപ്പത്തിൽ രാജ് താക്കറെയും. മുംബൈയിലെ സർ ജെജെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് ആർട്ടിൽ നിന്നുള്ള ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. ഇതിനു ശേഷമായിരുന്നു ബാൽ താക്കറെ സ്ഥാപിച്ച 'മാർമിക്' എന്ന ആഴ്ചപ്പതിപ്പിൽ രാജ് താക്കറെ കാർട്ടൂണിസ്റ്റായി ചേർന്നതും. തുടർന്ന് ശിവസേനയുടെ വിദ്യാർത്ഥി വിഭാഗമായ ഭാരതീയ വിദ്യാർത്ഥി സേനയുടെ തലപ്പത്തെത്തി രാഷ്ട്രീയ ജീവിതമാരംഭിച്ചു.

1990ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനിങ്ങിയതോടെ പൊതുവേദിയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. രൂപത്തിലും സംസാരത്തിലും പ്രസംഗത്തിലുമെല്ലാം താക്കറെയെ അനുകരിച്ചിരുന്ന രാജിനെ അന്നു മുതൽ താക്കറെയുടെ പിൻഗാമി എന്നാണ് വിശേഷിപ്പിച്ചിരുന്നത്. സ്വതവേ അന്തർമുഖനായിരുന്ന, ബാൽ താക്കറെയുടെ മകൻ ഉദ്ധവ് താക്കറെ എല്ലായ്‌പ്പോഴും തിരശീലയ്ക്ക് പിന്നിലുമായിരുന്നു. എന്നാൽ തന്റെ പിൻഗാമി ആരായിരിക്കണമെന്ന വീതംവയ്പിൽ മരുമകനേക്കാൾ കൂടുതലായി മകനെയാണ് ബാൽ താക്കറെ കണ്ടത്. അതോടെ ശിവസേന എന്ന പാർട്ടിയുടെയും മഹാരാഷ്ട്രയിൽ താക്കറെ കുടുംബം പടുത്തുയർത്തിയ സാമ്രാജ്യത്തിന്റെയും കടിഞ്ഞാൺ ഉദ്ധവ് താക്കറെയുടെ കൈയിലായി.

പാർട്ടിയിൽ താൻ ഉദ്ധവിനും താഴെ രണ്ടാമനായെന്ന് മനസ്സിലായതോടെ പൊട്ടിത്തെറിച്ച രാജ് താക്കറെ 2005 നവംബറിൽ ശിവസേനയിൽ നിന്നു രാജി വച്ചു, പുതിയ പാർട്ടി രൂപീകരിക്കുമെന്നും പ്രഖ്യാപിച്ചു. 2006 മാർച്ചിൽ തന്റെ മഹാരാഷ്ട്ര നവനിർമ്മാൺ സേന എന്ന രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചുകൊണ്ടാണ് രാജ് താക്കറെ അടുത്ത ഇന്നിങ്സ് ആരംഭിക്കുന്നത്. 1966ൽ ശിവസേന രൂപീകരിച്ചപ്പോൾ ബാൽ താക്കറെ ഉയർത്തിയ 'മണ്ണിന്റെ മക്കൾ' മുദ്രാവാക്യം തന്നെയായിരുന്നു രാജ് താക്കറെയുടെയും പിടിവള്ളി. അന്ന് ദക്ഷിണേന്ത്യക്കാരായിരുന്നു ആക്രമിക്കപ്പെട്ടതെങ്കിൽ ഇത്തവണ അത് യുപിയിലേയും ബിഹാറിലേയും കുടിയേറ്റ തൊഴിലാളികളായിരുന്നു. മറാത്തി ഭാഷയും 'മറാത്തി മാനൂസും' (മറാത്തി മനുഷ്യർ) ആണ് പ്രഥമം എന്നതായിരുന്നു രാജ് താക്കറെയുടെ രാഷ്ട്രീയം.

സത്യത്തിൽ ബാൽ താക്കറേപോലും കരുതാത്ത വിദ്വേഷത്തിന്റെ എപ്പിസോഡാണ് രാജ് താക്കറെ പറയറ്റിയത്. 2008ൽ വടക്കേ ഇന്ത്യക്കാർക്കെതിരെയുള്ള വിദ്വേഷ പ്രചരണങ്ങളും ആക്രമണങ്ങളും തുടർച്ചയായി നടന്നു. മുംബൈ നഗരത്തിലേക്ക് പുതുതായി ഒരു ഉത്തരേന്ത്യൻ തൊഴിലാളിയേയും പ്രവേശിപ്പിക്കരുതെന്നും നേരത്തേ എത്തിയവർ, മഹാരാഷ്ട്രക്കാരാണ് ഈ സ്ഥലത്തിന്റെ പ്രഥമ അവകാശികളെന്നു മനസ്സിലാക്കി പെരുമാറണം തുടങ്ങിയ മുന്നറിയിപ്പുകളും മുന്നോട്ടു വച്ചു. തുടക്കത്തിൽ ഈ വാദത്തിനു പിന്തുണക്കാരുണ്ടായെങ്കിലും കാര്യമായി മുന്നേറിയില്ല, രാജ് അറസ്റ്റിലുമായി.

പിന്നീട് അതേ വർഷം തന്നെ മുംബൈയിലെ കടകൾക്ക് ഇംഗ്ലിഷ് ബോർഡുകൾക്കൊപ്പം മറാത്തി ഭാഷയിലുള്ള ബോർഡുകളും വേണമെന്ന തീട്ടൂരവും പുറപ്പെടുവിച്ചു. ഇക്കാര്യത്തിൽ ബൃഹദ് മുംബൈ മുനിസിപ്പൽ കോർപറേഷൻ നിയമം പാസാക്കിയിരുന്നെങ്കിലും അത് നടപ്പായിരുന്നില്ല. തുടർന്ന് എംഎൻഎസ് പ്രവർത്തകർ മറാത്തി ഭാഷയിലല്ലാത്ത ബോർഡുകളിൽ കരിഓയിൽ പൂശി. തുടർന്ന് മിക്ക കടകളും ഈ നിയമം പാലിച്ചു.

ഇത്തരം പ്രവർത്തനങ്ങളിലൂടെ മുംബൈയിൽ ചെറിയ തോതിൽ സാന്നിധ്യമുറപ്പിച്ചെങ്കിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇത് പോരായിരുന്നു. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റുകളൊന്നും കിട്ടിയില്ലെങ്കിലും ശിവസേന-ബിജെപി സഖ്യത്തിനു പ്രശ്നമുണ്ടാക്കാൻ രാജ് താക്കറെയ്ക്ക് കഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിലാകട്ടെ, 288 സീറ്റുകളിൽ 11 എണ്ണം മാത്രമേ വിജയിച്ചുള്ളൂവെങ്കിലും നഗര മേഖലകളിലും ബിജെപി-ശിവസേന സഖ്യത്തിന്റെ വോട്ടുകൾ ചോർത്തി. 2014ൽ, ലോക്സഭാ സീറ്റുകളിലൊന്നും വിജയിച്ചതുമില്ല, നിയമസഭയിൽ ഇത് ഒരു സീറ്റായി കുറയുകയും ചെയ്തു.

2019ൽ നടന്ന നിയമസഭാ തിരഞ്ഞടുപ്പിൽ 100 സീറ്റിൽ മത്സരിച്ചെങ്കിലും വീണ്ടും ഒരു സീറ്റിൽ മാത്രമായി വിജയം ഒതുങ്ങി. ഈ തിരഞ്ഞെടുപ്പിനു പിന്നാലെയാണ് മഹാരാഷ്ട്രയുടെ തിരഞ്ഞെടുപ്പ് രംഗം അടിമുടി മാറുന്നതും ശിവസേന-ബിജെപി സഖ്യം വേർപിരിഞ്ഞ് സേന എൻസിപി കോൺഗ്രസ് പാർട്ടികൾ ചേർന്ന് മഹാ വികാസ് അഘാഡിക്ക് രൂപം നൽകി അധികാരത്തിലേറുന്നതും. അതിനുശേഷമാണ് മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണിക്കെതിരെ രാജ് താക്കറെ വലിയ കാമ്പയിൻ അഴിച്ചു വിട്ടത്. വാങ്ക്് വിളിക്ക് പകരം ഹനുമാൻ ചാലിസ ചൊല്ലലുമൊക്കെയായി അയാൾ മുബൈയിൽ നിരന്തരം അസ്വസ്ഥതകൾ അഴിച്ചുവിട്ടു. പക്ഷേ ഉദ്ധവ് താക്കറേയുടെ പക്വമായ നിലപാടുകൾ ആണ് ഇതെല്ലാം ഒരു പ്രശനത്തിലേക്ക് പോകതെ പരിഹരിച്ചത്.

ഉദ്ധവ് എന്ന ആക്സിഡന്റൽ ചീഫ് മിനിസ്റ്റർ

സത്യത്തിൽ അധികാര രാഷ്ട്രീയത്തിൽ അത്രയൊന്നും താൽപ്പര്യം ഇല്ലാത്ത വ്യക്തിയായിരുന്നു ഉദ്ധവ് താക്കറെ. രാഷ്ട്രീയത്തിലേക്ക് ചുവട് വയ്ക്കും മുമ്പ് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായിരുന്നു ഇദ്ദേഹം. താക്കറെയുടെ മൂന്ന് ആൺമക്കളിൽ ഏറ്റവും ഇളയവനാണ് ഉദ്ധവ്. എങ്കിലും രാഷ്ട്രീയ കാര്യം വന്നപ്പോൾ 2003ൽ വർക്കിങ് പ്രസിഡന്റ ആക്കി പാർട്ടിയുടെ ചരട് അദ്ദേഹം ഏൽപ്പിച്ചത് ഉദ്ധവിനെയാണ്.

തന്റെ പിതാവിൽനിന്ന് വ്യത്യസ്തമായി, സൗമ്യനും, മൃദുഭാഷിയും, സമാധാന പ്രേമിയുമായിരുന്നു ഉദ്ധവ്. ആധുനിക വികസിത മറാത്തയെ ലക്ഷ്യമിടുന്ന വ്യക്തിത്വം. ശിവസേനയെ മര്യാദക്കാരുടെ പാർട്ടിയാക്കാൻ പ്രത്യക്ഷപ്പെട്ട സൗമ്യ മുഖമായിരുന്നു ഉദ്ധവിന്റെത് എന്നുപോലും അന്ന് മാധ്യമങ്ങൾ എഴുതി. ബാൽ താക്കറെയുടെ തീപ്പൊരി പ്രസംഗമൊന്നും വശമില്ലെങ്കിലും, ഇദ്ദേഹവും നല്ലൊരു കമ്യൂണിക്കേറ്ററാണ്. ഉദ്ധവ് താക്കറെയാണ് ശിവസേനയുടെ മുഖ്യമന്ത്രി ഒപ്ഷനെങ്കിൽ മാത്രമേ സഖ്യം സമ്മതിക്കൂവെന്ന കർശന നിലപാടാണ് എൻസിപിയും, കോൺഗ്രസും എടുത്തത്.

ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലൂടെയാണ് ഉദ്ധവിന്റെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ തുടക്കം. ശിവസേനാ നേതാവും മുഖ്യമന്ത്രിയുമായിരുന്ന നാരയൺ റാണെക്കെതിരെ സാമ്‌നയിലൂടെ രൂക്ഷ വിമർശനമാണ് ഉദ്ധവ് ഉന്നയിച്ചിരുന്നത്. ഉദ്ധവ്-റാണെ തർക്കം ഒടുവിൽ റാണെയുടെ പുറത്തുപോകലിന് വഴിവെച്ചു. ശിവസേനയിൽ നിന്ന് രാജിവെച്ച റാണെ പിന്നീട് കോൺഗ്രസിലെത്തി. ഇപ്പോൾ ബിജെപി പാളയത്തിലാണ് നാരായൺ റാണെ.

2002ലെ മുംബൈ കോർപറേഷൻ തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തോടെ ഉദ്ധവ് താക്കറെ പാർട്ടിയിൽ ശക്തിപ്രാപിച്ചു. 2003 മുതൽ പാർട്ടിയുടെ വർക്കിങ് പ്രസിഡന്റായി. 2012ൽ ബാൽ താക്കറെയുടെ മരണ ശേഷം പാർട്ടിയുടെ അമരക്കാരനായി. ഇതിനിടെ 2006ൽ ബന്ധുവായ രാജ് താക്കറെ പാർട്ടിവിട്ട് മഹാരാഷ്ട്ര നവനിർമ്മാൺ സേന രൂപവത്കരിച്ചു. ഇന്ന് താക്കറെയുടെ തീവ്രത പുറത്തെടുക്കുന്നത് ഈ സംഘടനയാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അതുവരെയുള്ള രാഷ്ട്രയ അജണ്ടയിൽ നിന്ന് ഒരു യു ടേൺ ആണ് ഉദ്ധവ് എടുത്തത്. ബിജെപിയുമായി ശിവസേനയുടെ ബന്ധം അപ്പോഴേക്കും അങ്ങേയറ്റം വഷളായിരുന്നു. അവരുടെ വല്ല്യേട്ടൻ മനോഭാവത്തിന് ഒരു തിരിച്ചടി വേണമെന്ന് ശിവസേനക്ക് അകത്തുനിന്നുതന്നെ വിമർശനം ഉയർന്ന കാലം. അപ്പോഴാണ് എൻസിപിയും കോൺഗ്രസും ഉദ്ധവിനെ മുഖ്യമന്ത്രിയാക്കുനുള്ള ഓപ്ഷനുമായി വരുന്നത്. 1966ൽ ശിവസേനയുടെ രൂപവത്കരണത്തിന് ശേഷം ആദ്യമായാണ് കോൺഗ്രസുമായി കൈകോർത്ത് സർക്കാർ രൂപീകരിക്കുന്നത് എന്നതും ചരിത്രം. ഒരു തെരഞ്ഞെടുപ്പിലും ഉദ്ധവ് താക്കറെ മത്സരിച്ചിട്ടില്ല എന്നോർക്കണം.

പക്ഷേ ഭരണപരിചയം തീരെ ഇല്ലാഞ്ഞിട്ടും, ഒരു മികച്ച മുഖ്യമന്ത്രിയായി അദ്ദേഹം വളർന്നു. കോവിഡ് കാലത്തെ മറാത്താ സർക്കാറിന്റെ പ്രവർത്തനങ്ങൾ എല്ലാവരും പ്രംശസിച്ചു. രാജ്യത്തെ അഞ്ചാമത്തെ മികച്ച മുഖ്യമന്ത്രിയായി പല സർവേകളിലും ഉദ്ധവ് സ്ഥാനം പിടിച്ചു. വർഗീയ കലാപങ്ങളും, അസ്വസ്ഥതകളും ഇല്ലാതെ ഭരണം മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിഞ്ഞു. പള്ളികളിലെ ഉച്ചഭാഷിണി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര നവനിർമ്മാൺ സേന നടത്തുന്ന പ്രക്ഷോഭത്തേയും ഉദ്ധവ് വിമർശിച്ചിരുന്നു. 'മറാത്തക്കാരല്ലാത്തവരെ അവർ ആദ്യം ആക്രമിച്ചു. ഇപ്പോൾ ഹിന്ദുക്കൾ അല്ലാത്തവർക്ക് എതിരെ തിരിഞ്ഞിരിക്കുന്നു. സുപ്രീംകോടതി എല്ലാ ഉച്ചഭാഷിണികളുടെയും കാര്യത്തിലാണ് ഉത്തരവിറക്കിയത്. ഇതിൽ ഒരു മതത്തെ മാത്രം ലക്ഷ്യം വയ്ക്കരുത്'- തീർത്തും മതേതരമായാണ് ഈ വിഷയത്തിൽ ഉദ്ധവ് മറുപടി നൽകിയത്. പക്ഷേ പുറത്ത് കീർത്തി വർധിക്കുമ്പോഴും അകത്ത് തനിക്കെതിരെ വിമത നീക്കം നടക്കുകയാണെന്ന് ഉദ്ധവ് അറിഞ്ഞില്ല.

കഴിഞ്ഞ ദിവസം, വിമതനീക്കം ഉറപ്പിച്ചതോടെ അങ്ങേയറ്റം വികാരഭരിതനായാണ് അദ്ദേഹം പ്രസംഗിച്ചത്. 1992 ജൂലൈയിൽ, ശിവസേനയ്ക്ക് അകത്തും പുറത്തുമുള്ള വിമർശകരിൽ നിന്ന് തന്റെ പ്രവർത്തന ശൈലിക്ക് നേരെ വിമർശനങ്ങൾ നേരിടേണ്ടി വന്നപ്പോൾ, ബാൽ താക്കറെ, പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് പരസ്യമായി വാഗ്ദാനം ചെയ്ത് പലരെയും ഞെട്ടിച്ചിരുന്നു. ഇതോടെ ലക്ഷക്കണക്കിന് പേർ ശിവസേന ഭവന് പുറത്ത് ബാൽ താക്കറെയുടെ പിന്നിൽ അണിനിരന്നു, പാർട്ടിയിൽ അദ്ദേഹം കൂടുതൽ ശക്തനായി, 20 വർഷത്തിന് ശേഷം മരിക്കുന്നതുവരെ അദ്ദേഹത്തിന് അത്തരമൊരു കലാപം പിന്നീട് നേരിടേണ്ടി വന്നില്ല.

ഇപ്പോൾ, ആ സാഹചര്യത്തിന് സമാനമായ ഒരു പ്രസംഗമാണ് ഉദ്ധവ് കഴിഞ്ഞ ദിവസം നടത്തിയത്. 'ഞാനൊരിക്കലും ഒരു കസേരയ്‌ക്കോ സ്ഥാനത്തിനോ അധികാരത്തിനോ വേണ്ടി കൊതിച്ചിട്ടില്ല, അണികൾ പറഞ്ഞാൽ അതെല്ലാം ഉപേക്ഷിക്കാൻ ഞാൻ തയ്യാറാണ്. ഞാൻ ഒരിക്കലും ഹിന്ദുത്വത്തിലും താക്കറെയുടെ ആശയങ്ങളിലും വെള്ളം ചേർത്തിട്ടുമില്ല''- അദ്ദേഹം വികാരധീനയായി പറഞ്ഞു. തന്റെ ഭരണ നേട്ടങ്ങൾ ഒന്നൊന്നായി എടുത്തുപറയാനും ഉദ്ധവ് തയ്യാറായി. പക്ഷേ അതുകൊണ്ട് കാര്യമായ ഫലം ഒന്നും ഉണ്ടായില്ല. വിമതരിൽ ഒരാൾ പോലും മനസ്സുമാറ്റിയില്ല. ഇതോടെ ഫ്ടനാവീസിനുശേഷം മഹാരാഷ്ട്ര കണ്ട നല്ല ഒരു മുഖ്യമന്ത്രി പടിയിറങ്ങുമെന്ന് ഉറപ്പായിരിക്കയാണ്.

പഴയ ഓട്ടോ ഡൈവർ മുഖ്യമന്ത്രിസ്ഥാനത്തേക്ക്

ഇപ്പോൾ 37 ശിവസസേനാ വിമതർ അടക്കം 44 പേരുടെ പിന്തുണയുള്ള ഏകനാഥ് ഷിൻഡെ മുഖ്യമന്ത്രിയാവുമെന്നാണ് അറിയുന്നത്. എന്നാൽ ശിവസേനയിൽ പിളർപ്പുണ്ടാവുമോ എന്നകാര്യം ഇനിയും വ്യക്തമായിട്ടില്ല. ഇത്രയും കാലം താക്കറെ കുടുംബം നേരിട്ടാണ് ശിവസേന രാഷ്ട്രീയത്തെ നിയന്ത്രിച്ചിരുന്നത്. എന്നാൽ ആദ്യമായാണ് ആ കടുംബത്തിന് പുറത്തുള്ള ഒരാൾ ഇത്രക്ക് കരുത്തൻ ആവുന്നത്. ശരിക്കും ഒരു രാഷ്ട്രീയ അത്ഭുതം തന്നെയാണ് ഏക്നാഥ് ഷിൻഡേയുടെ ജീവിതം.

മുബൈ രാഷ്ട്രീയത്തിലെ ഹൃദയഭുമികയാണ് താനെയിലെ ഓട്ടോ ഡ്രൈവറായാണ്് ഷിൻഡേ പ്രവർത്തനം തുടങ്ങിയത്. യാതൊരു രാഷട്രീയ പാരമ്പര്യവും ഇല്ലാത്ത കുടുംബം. അന്നത്തെ അഷ്ടിക്ക് വകതേടുന്ന ഒരു സാധാരണ മനുഷ്യൻ. പക്ഷേ വളരെ പെട്ടെന്ന് അദ്ദേഹം ബാൽ താക്കറേയുടെ ആശയങ്ങളിൽ ആകൃഷ്ടനായി. അങ്ങനെ ശിവസേനയിൽ ചേർന്നു. സേനക്ക് ഓട്ടോ ഡ്രൈവർമാരുടെ യൂണിറ്റ് ഉണ്ടാക്കിയാണ് ആദ്യ പ്രവർത്തനം.

ഷിൻഡെയുടെ രാഷ്ട്രീയം കോർപ്പറേഷൻ തെരഞ്ഞെടുപ്പിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1980കളിൽ താനെയിലെ ഒരു ശാഖയുടെ തലവനായ ഒരു ശിവസൈനികനായിരുന്നു ഷിൻഡെ. താനെ മുനിസിപ്പൽ കോർപ്പറേഷനിൽ അംഗമായ ഷിൻഡെ പതിയെ രാഷ്ട്രീയ വളർച്ച ആരംഭിക്കുകയായിരുന്നു. ഇവിടെനിന്ന് രണ്ട് തവണ വിജയിച്ച ഷിൻഡെ മൂന്ന് തവണ സിവിൽ ഏജൻസി സ്റ്റാൻഡിങ് കമ്മിറ്റി അംഗവുമായി. ഈ സാഹചര്യത്തിലാണ് അദ്ദേഹം ബാൽ താക്കറെയുമായി അടുക്കുന്നത്. പിന്നെ വെച്ചടി വെച്ചടി കയറ്റമായിരുന്നു.

2004ൽ ആദ്യമായി എം എൽ എ ആയി. തുടർന്ന് തുടർച്ചയായി നാല് തിരഞ്ഞെടുപ്പുകളിൽ വിജയിച്ചു, അദ്ദേഹത്തിന്റെ മകൻ ശ്രീകാന്ത് ഷിൻഡെ കല്യാണിൽ നിന്നുള്ള സേനാംഗമാണ്. മുംബൈയിലെ ഉപഗ്രഹ നഗരവും പാർട്ടിയുടെ ശക്തികേന്ദ്രവുമായ താനെയിൽ സേനയുടെ ഏറ്റവും മുതിർന്ന നേതാവാണ് ഏക്‌നാഥ് ഷിൻഡെ. 2014ൽ മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. പിന്നീട് ശിവസേനയും ബിജെപിയും ഒന്നിച്ചപ്പോൾ അദ്ദേഹം മന്ത്രിയായി. 2019 ജനുവരിയിൽ നിർമ്മാണം ആരംഭിച്ച എക്സ്പ്രസ് വേ, അന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ഷിൻഡെയുടെ കീഴിൽ വന്ന മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്മെന്റ് കോർപ്പറേഷനാണ് (എം എസ് ആർ ഡി സി) വികസിപ്പിച്ചത്. ഈ സമയത്ത് മുംബൈ-നാഗ്പൂർ എക്സ്പ്രസ് വേയെച്ചൊല്ലി സേനയിൽ ഭിന്നത ഉണ്ടായിരുന്നുവെന്ന് പറയുന്നു. താക്കറേ കുടുംബം പറയുന്നത് കേൾക്കാതെ ടെൻഡർ കൊടുത്താണ് പ്രശ്നമെന്നാണ് മുംബൈ പത്രങ്ങൾ പറയുന്നത്.

ഉദ്ധവുമായി മാനസികമായ അകലാൻ മറ്റൊരു കാരണംകൂടി ഉണ്ടായി. നേരത്തെ രാജ്താക്കറേക്ക് സംഭവിച്ച അതേ കാരണം. പാർട്ടിയിലെ രണ്ടാമൻ താൻ ആണെന്നായിരുന്നു ഷിൻഡേ കരുതിയത്. എന്നാൽ ശിവസേനയിൽ ഉദ്ധവ് താക്കറെയുടെ പിൻഗാമിയായി ആദിത്യ താക്കറെയെ പ്രതിഷ്ഠിക്കാനുള്ള നീക്കവും ഷിൻഡെയിൽ നിരാശയുണ്ടാക്കി.

ഇക്കഴിഞ്ഞ, ഫെബ്രുവരി 9 നാണ് ഷിൻഡെയ്ക്ക് 58 വയസ് തികഞ്ഞത്. ഈ സമയം താനെയിൽ ചിലയിടത്ത് ഭാവി മുഖ്യമന്ത്രി എന്ന് പറഞ്ഞ് ഷിൻഡെയുടെ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു. 2019 ലെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷവും താനെയിലെ ശിവസൈനികർ അദ്ദേഹത്തെ പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചിരുന്നു. ഇതും പാർട്ടിയിൽ വലിയ അഭിപ്രായ ഭിന്നതക്ക് കളമൊരുക്കി. അതോടെയാണ് ബിജെപിയുമായി ഷിൻഡേ കൂടുതൽ അടുത്തത്.

2019 ലെ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ബിജെപിയുമായി തെറ്റിപിരിഞ്ഞതിൽ ഏക്‌നാഥ് ഷിൻഡെ അസ്വസ്ഥനായിരുന്നു. വിമത നീക്കത്തെ തുടർന്ന് മഹാരാഷ്ട്ര നിയമസഭയിലെ സഭാ നേതാവ് സ്ഥാനത്തുനിന്നും പാർട്ടിയുടെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും ശിവസേന അദ്ദേഹത്തെ നീക്കിയിരുന്നു. എന്നാൽ താനും തന്റെ അനുയായികളും ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെയും അന്തരിച്ച സേനാ ഫയർബ്രാൻഡ് ആനന്ദ് ദിഗെയുടെയും ആശയങ്ങൾക്ക് എതിരായി പോകില്ലെന്ന് ഷിൻഡെ ട്വീറ്റ് ചെയ്തിരുന്നു.

എല്ലാവരും ഇറക്കുന്നത് താക്കറേ കാർഡ്

അതോടെ ഷിൻഡേ ഒതുങ്ങിയെന്നായിരുന്നു എല്ലാവരും കരുതിയത്. പക്ഷേ പുലി പിന്നോട്ട് നീങ്ങുന്നത്, മുന്നോട്ട് കുതിക്കാനാണെന്ന് ഉദ്ധവിന് മനസ്സിലായില്ല. ഇപ്പോൾ ഹിന്ദുത്വ കാർഡ് പുറത്തെടുത്ത് 37 എംഎൽഎമാരെയാണ് ഷിൻഡേ വളച്ചെടുത്തത്. ബാൽ താക്കറെയുടെ നയങ്ങളിൽ ഉദ്ധവ് വെള്ളം ചേർത്തുവെന്നും, മതേതര പാർട്ടികളുമായി കൈകോർത്തത് വലിയ തെറ്റാണെന്നുമാണ് വാദം. ഇതിനെല്ലാം പിന്നിൽ ബിജെപിയാണെന്ന് എല്ലാവർക്കും അറിയാം. ഫലത്തിൽ ഷിൻഡേയിലുടെ ബിജെപി ശിവസേനയെ വിഴുങ്ങുകയാണ് ചെയ്തത്. ഇതിനുള്ള ആളും അർഥവും ഇറക്കിയത് അമിതാഷാ ആണെന്നതും പരസ്യമായ രഹസ്യമാണ്.

ബാൽ താക്കറെ കൂട്ടുപിടിച്ചാണ് ഏകനാഥ് ഷിൻഡെ പക്ഷ ഉദ്ധവിനെ ആക്രമിക്കുന്നത്. ബാൽ താക്കറെയുടെ പഴയ പ്രസംഗ വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ ഇവർ വൈറലാക്കുകയാണ്. കോൺഗ്രസുമായി കൂട്ടുകൂടുന്നവരെ, 'ഇറ്റാലിയൻ വനിതയെ കുമ്പിടുന്ന നട്ടെല്ലില്ലാത്തവർ' എന്നാണ് 2010ൽ ബാൽ താക്കറെ വിശേഷിപ്പിച്ചത്. കോൺഗ്രസ് പാർട്ടി എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ നട്ടെല്ലില്ലാത്ത വർഗ്ഗം അധികാരത്തിൽ നിന്നും പോയാൽ അല്ലാതെ ഈ രാജ്യം ഗതിപിടിക്കില്ലെന്നും പ്രസംഗത്തിൽ ബാൽ താക്കറെ പറയുന്നു. മകൻ ഉദ്ധവിന്റെ സാന്നിധ്യത്തിലായിരുന്നു താക്കറെയുടെ പ്രസംഗം. ആ ഉദ്ധവ് ആണ് പിന്നീട് കോൺഗ്രസിനൊപ്പം ചേർന്ന് സർക്കാർ രൂപീകരിച്ച്, ഇപ്പോൾ നാണം പടിയിറക്കത്തിന്റെ വക്കിൽ നിൽക്കുന്നത്.

തന്റേതാണ് യഥാർത്ഥ ശിവസേനയെന്നാണ് ഷിൻഡെയുടെ വാദം. 'ബാലാസാഹേബ് താക്കറെ വിഭാവനം ചെയ്ത ഹിന്ദുത്വവാദി ശിവസൈനികർ എനിക്കൊപ്പമാണ്. കുറച്ചു പേർ അകന്ന് നിൽക്കുകയാണ്. എന്നാൽ ഹിന്ദുത്വം എന്ന പൊതുധാരയിൽ നിന്ന് മാറി അധികകാലം അവർക്ക് തുടരാൻ കഴിയില്ല'-ഷിൻഡെ പറയുന്നു. പക്ഷേ ഷിൻഡേക്ക് എതിരാളിയായി യുവനേതാവ് ആദ്യത്യ താക്കറെ അവിടെയുണ്ട്. സൗമ്യനായ പിതാവ് ഉദ്ധവിന്റെ രക്തമല്ല, കണ്ണിന് കണ്ണ് പല്ലിന് പല്ല് എന്ന മുത്തച്ഛൻ ബാൽതാക്കറേയുടെ ശൈലിയാണ് ആദിത്യയുടെത്. അതുകൊണ്ട് മഹാരാഷ്ട്രയിൽ കളി ഇനിയും ബാക്കിയാണ്.

വാൽക്കഷ്ണം: രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ എന്തെല്ലാം ഉണ്ടെങ്കിലും, മഹാരാഷ്ട്ര കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിയായിരുന്നു ബിജെപിയുടെ ദേവേന്ദ്ര ഫട്നാവീസ്. കേരളം പോലും എടുക്കാത്ത അന്ധവിശ്വാസ നിർമ്മാർജന ബിൽ പാസാക്കിയ മുഖ്യമന്ത്രി. ഇപ്പോഴിതാ വികസനം മാത്രം അജണ്ടയാക്കിയ മികച്ച മുഖ്യമന്ത്രിയെന്ന് പേരുകേട്ട ഉദ്ധവും പടിയിറങ്ങുന്നു. രാഷ്ട്രീയം പലപ്പോഴും അങ്ങനെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP