Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ദലിത്-മുസ്ലിം-കർഷക വോട്ടുകളിൽ പിടിച്ച് കോൺഗ്രസ്- എൻസിപി സഖ്യം കയറിവരുന്നു; കഴിഞ്ഞ തവണത്തെ വെറും ആറുസീറ്റിൽനിന്ന് പ്രതിപക്ഷ സംഖ്യം 20നും 25നും ഇടയിൽ സീറ്റുകൾ നേടും. 48ൽ 42ഉം നേടിയ മോദി തരംഗം ഇത്തവണയില്ലെന്ന് വ്യക്തം; മുന്നിലെത്തുമെങ്കിലും 15ലേറെ സീറ്റുകൾ ബിജെപി- ശിവസേന സഖ്യത്തിന് കുറയും; രാജ്താക്കറേ ശിവസേനക്ക് ഭീഷണിയാവുമ്പോൾ പ്രിയങ്ക ചതുർവേദി കോൺഗ്രസിനും ഭീഷണി; മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ചിത്രം അവലോകനം ചെയ്യുമ്പോൾ

ദലിത്-മുസ്ലിം-കർഷക വോട്ടുകളിൽ പിടിച്ച് കോൺഗ്രസ്- എൻസിപി സഖ്യം കയറിവരുന്നു; കഴിഞ്ഞ തവണത്തെ വെറും ആറുസീറ്റിൽനിന്ന് പ്രതിപക്ഷ സംഖ്യം 20നും 25നും ഇടയിൽ സീറ്റുകൾ നേടും. 48ൽ 42ഉം നേടിയ മോദി തരംഗം ഇത്തവണയില്ലെന്ന് വ്യക്തം; മുന്നിലെത്തുമെങ്കിലും 15ലേറെ  സീറ്റുകൾ ബിജെപി- ശിവസേന സഖ്യത്തിന്  കുറയും; രാജ്താക്കറേ ശിവസേനക്ക് ഭീഷണിയാവുമ്പോൾ പ്രിയങ്ക ചതുർവേദി കോൺഗ്രസിനും ഭീഷണി; മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ചിത്രം അവലോകനം ചെയ്യുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മഹാരാഷ്ട്ര ഇക്കുറി ആർക്കൊപ്പം? 48 മണ്ഡലങ്ങളിലെയും പോളിങ്ങ് പുർത്തിയാവുന്നതോടെ സി വോട്ടർ അടക്കമുള്ള പ്രമുഖ സർവേ എജൻസികൾ ബിജെപി- ശിവസേന സഖ്യത്തിനുതന്നെയാണ് മേൽക്കെ പ്രവചിക്കുന്നതെങ്കിലും, കഴിഞ്ഞ തവണത്തെതിൽനിന്ന് വെച്ചുനോക്കുമ്പോൾ 15 ഓളം സീറ്റുകൾ അവർക്ക് കുറയുമെന്നാണ് കരുതുന്നത്. 2014ൽ ആകെയുള്ള 48 സീറ്റിൽ 42നും ബിജെപി- സേന സഖ്യത്തിനായിരുന്നു. കോൺഗ്രസ് - എൻസിപി സഖ്യത്തിന് വെറും 6 സീറ്റുകൾ മാത്രമാണ് കിട്ടിയത്. എന്നാൽ ഇത്തവണ കോൺഗ്രസ് സഖ്യം 20നും 25നും ഇടയിലേക്ക് ഉയരുമെന്നും, 42ൽ നിന്ന് 25 താഴെയായി ബിജെപി സേനാസഖ്യം പിന്നോക്കം പോകുമെന്നുമാണ് തെരഞ്ഞെടുപ്പ് വിശകല വിദഗ്ധരുടെ അഭിപ്രായം.ദലിത്-മുസ്ലിം-കർഷക വോട്ടുകളാണ് കോൺഗ്രസ് സഖ്യത്തെ തുണക്കുന്നത്. കഴിഞ്ഞ ത്വണത്തെ മോദി പ്രഭാവം ഇത്തവന നഗരങ്ങളിൽ മാത്രമാണുള്ളത്.

യുപി കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും കൂടുതൽ സീറ്റുകളുള്ള സംസ്ഥാനമായ മാഹാരാഷ്യ്‌രിൽ, പോളിങ് ഘടനയും ശതമാനങ്ങളിലെ ഏറ്റക്കുറച്ചിലുകളും കണക്കുകൂട്ടിയാണ് രാഷ്ട്രീയ വിദഗ്ധരുടെ വിലയിരുത്തൽ. സംസ്ഥാനത്ത് 60.68 ശതമാനമാണ് പോളിങ്. 60.32 ശതമാനമായിരുന്നു 2014 ൽ. കഴിഞ്ഞ തവണ ബിജെപി 23ഉം ശിവസേന 18ഉം സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസ് രണ്ടും എൻ.സി.പി നാലും സീറ്റുകളിൽ ഒതുങ്ങുകയായിരുന്നു. പിന്നീട് നടന്ന ഉപ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഒരു സീറ്റ് എൻ.സി.പി തിരിച്ചുപിടിച്ചു. ഇത്തവണ വിദർഭ, മറാത്ത്വാഡ, വടക്കൻ മഹാരാഷ്ട്ര മേഖലകളിൽ കോൺഗ്രസും പശ്ചിമ മഹാരാഷ്ട്രയിൽ എൻ.സി.പിയും നിലമെച്ചപ്പെടുത്തുമെന്ന ഉറപ്പാണ്. ശരദ് പവാറിന്റെ ശക്തികേന്ദ്രമാണ് പശ്ചിമ മഹാരാഷ്ട്ര. പവാർ ആകട്ടെ മോദിയെ ശക്തമായി വിമർശിച്ചുകൊണ്ട ഈ 79ാം വയസ്സിനും തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായിരുന്നു. 72 റാലികളിലാണ് പവാർ പങ്കെടത്തത്.എല്ലായിടത്തും അദ്ദേഹം മോദിയെ നിർത്തിപ്പൊരിക്കയും ചെയ്തു.

കൊങ്കൺ, മുംബൈ മേഖലകളിൽ ബിജെപി, സേന സഖ്യത്തിന് സാരമായ ഉലച്ചിൽ തട്ടാൻ ഇടയില്ലെന്നാണ് കണക്കുകൂട്ടൽ. നോട്ടുനിരോധനം, ജി.എസ്.ടി തുടങ്ങി ബിജെപിക്ക് എതിരെയുള്ള കാതലായ വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിൽ കോൺഗ്രസ് സഖ്യം വിജയിച്ചിട്ടില്ല. നഗരങ്ങളിൽ മോദിയുടെ പ്രതിച്ഛായക്ക് മങ്ങലേൽപിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ലെന്നും വിലയിരുത്തപ്പെടുന്നു. നഗരങ്ങളിൽ കരുത്തുകാട്ടുന്ന ശിവസേനയുടെ വോട്ട്ബാങ്ക് മറാത്തിയാണ്. എന്നാൽ, ബിജെപിക്ക് എതിരാകുന്ന ഒരു പ്രധാന ഘടകമാണ് രാജ് താക്കറെ. അതിനാൽ നഗരത്തിലും കോൺഗ്രസ് സഖ്യത്തിന് മെച്ചമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന വിലയിരുത്തലുമുണ്ട്. ആറു മണ്ഡലങ്ങളുള്ള മുംബൈയിൽ മൂന്നിൽ ബിജെപി സഖ്യത്തിന് മേൽകൈ ഉണ്ടെന്നും ബാക്കിയിടങ്ങളിൽ മറാത്തി, ദലിത്, മുസ്ലിം വോട്ട് എങ്ങോട്ടെന്നതിനെ ആശ്രയിച്ചിരിക്കുമെന്നുമാണ് മറ്റൊരു പക്ഷം. മണ്ഡലങ്ങളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്്ട്രയിൽനിന്നും പരമാവധി സീറ്റുകൾ നേടുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. അസാധ്യമെന്നു തോന്നിയ ബിജെപി- ശിവസേന സഖ്യം സാധ്യമായതാണ് ഇവിടെ ഭരണപക്ഷത്തിന്റെ വിജയം. പക്ഷേ അപ്പോഴും പഴയ അസ്വാരസ്യങ്ങൾ ബാക്കിയുണ്ടുതാനും.

സേനാ- ബിജെപി സഖ്യം സാധ്യമായത് അമിത്ഷായുടെ മിടുക്ക്

തെരഞ്ഞെടുപ്പിന് മൂന്നുമാസം മുമ്പുവരെയും ബിജെപി- ശിവസേനാ സഖ്യം യാഥാർഥ്യമാവുമെന്ന പ്രതീക്ഷയില്ലായിരുന്നു. ബിജെപിയുടെ കടുത്ത വിമർശകാരിയിരുന്നു ശിവസേന.പാർട്ടി അധ്യക്ഷൻ അമിത് ഷായുടെയും നീക്കമാണ് ഇവിടെ സഖ്യത്തിലേക്ക് നയിച്ചത്. എൻഡിഎയിലെ മുഖ്യ സഖ്യകക്ഷി ഒറ്റയ്ക്കു മത്സരിക്കുമെന്നാണ് ഏറെ നാൾ ഭീഷണി മുഴക്കി വന്നത്. കിട്ടിയ അവസരത്തിലെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുച്ഛിച്ചും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പുകഴ്‌ത്തിയും വന്ന ശിവസേനയ്ക്കു മനം മാറിയതിനു പിന്നിൽ കുശാഗ്രബുദ്ധിയോടെ ബിജെപി നടത്തിയ രാഷ്ട്രീയ നീക്കങ്ങളുണ്ട്.

കേന്ദ്രത്തിൽ വീണ്ടും വലിയ ഒറ്റക്കക്ഷിയാകുക ബിജെപി തന്നെയാവുമെന്നു ശിവസേനയെ ബോധ്യപ്പെടുത്തിയതായിരുന്നു ഇതിൽ പ്രധാനം. വലിയ കക്ഷിക്കു സർക്കാരുണ്ടാക്കാൻ ക്ഷണം കിട്ടും. അപ്പോൾ തിരഞ്ഞെടുപ്പു കാലത്തു കൂടെ നിൽക്കാതിരുന്ന ശിവസേനയെ ഒഴിവാക്കും; എൻസിപിയെ ഉൾപ്പെടുത്തും. ഇതോടെ, രാഷ്ട്രീയമായി ശിവസേന ഒറ്റപ്പെടാനുള്ള സാധ്യതയാണു ബിജെപി മുന്നോട്ടു വച്ചത്. ഇതോടൊപ്പം സീറ്റുകൾ ഏറെക്കുറെ തുല്യമായി വീതം വയ്ക്കാനുള്ള തീരുമാനം കൂടിയായപ്പോൾ ശിവസേന കൂടെ നിന്നു: 25 സീറ്റ് ബിജെപിക്ക്; 23 ശിവസേനയ്ക്ക്. കേന്ദ്ര സർക്കാരിൽ സഹമന്ത്രി കൂടിയായ രാംദാസ് അത്തെവാലയുടെ റിപ്പബ്ലിക്കൻ പാർട്ടി ഇതോടെ ബിജെപി സഖ്യത്തിൽനിന്ന് പുറത്തുമായി. പക്ഷേ ഇത്ര നാൾ കേന്ദ്ര ഭരണത്തിന്റെ രൂക്ഷവിമർശകരായിരുന്ന ശിവസേനയുടെ മുൻകാല വാക്കുകളും ചെയ്തികളും പ്രതിപക്ഷം ആയുധമാക്കിയിട്ടുണ്ട്.

മോദി തരംഗത്തിന്റെ ആനുകൂല്യം ഇത്തവണ എൻഡിഎക്ക് കിട്ടിയിട്ടില്ല. വിഷയങ്ങൾ അനുദിനം മാറിമറിയുമ്പോൾ, മിന്നലാക്രമണത്തിന്റെയും ദേശീയവികാരത്തിന്റെയും അലകൾ എത്രത്തോളം ശക്തമെന്നു തൽക്കാലം തിട്ടപ്പെടുത്താനുമാവില്ല. കേന്ദ്ര, സംസ്ഥാന ഭരണ നേട്ടങ്ങളും കോട്ടങ്ങളും കൂടി ചർച്ചാവിഷയമാകുമ്പോൾ ബിജെപി ശിവസേന സഖ്യത്തിനു നീന്തിക്കയറേണ്ടത് ഒഴുക്കിനെതിരെയാണ്. അതിൽ അവർ എത്ര പ്ിടിച്ചുനിന്നു എന്നത് പെട്ടി പൊട്ടിക്കുമ്പോഴെ അറിയാൻ കഴിയൂ.

പ്രതിപക്ഷ മഹാസഖ്യവും ലക്ഷ്യത്തിലെത്തിയില്ല

മറുപുറത്ത്, കോൺഗ്രസ്, ലക്ഷ്യമിട്ട പ്രതിപക്ഷ മഹാസഖ്യം ഫലവത്തായില്ല. തൽക്കാലം എൻസിപിയുമായി മാത്രമേ കോൺഗ്രസിന് ധാരണയാവാൻ കഴിഞ്ഞുള്ളൂ. പ്രകാശ് അംബദ്കറുടെ ബഹുജൻ മഹാസഖ്യത്തെയും രാജു ഷെട്ടിയുടെ സ്വാഭിമാനി പക്ഷത്തെയും കൂടെ നിർത്താനുള്ള ശ്രമങ്ങൾ ഫലവാത്തായിട്ടില്ല. ചിലയിടത്ത് ബിജെപിയെ തോൽപ്പിക്കുക എന്ന അജണ്ടവെച്ച് ഇവർ കോൺഗ്രസിനെ പിന്തുണക്കുന്നു എന്ന് മാത്രം. നിരവധി ദലിത് സംഘടനകളും അസദുദീൻ ഉവൈസിയുടെ എഐഎംഐഎം ഉൾപ്പെടെ ചെറു പാർട്ടികളും പ്രകാശ് അംബദ്കർക്കൊപ്പമുണ്ട്.

സംസ്ഥാനത്തെ പിടിച്ചുലയ്ക്കുന്ന മുഖ്യ വിഷയം കാർഷിക പ്രതിസന്ധിയാണ്. അതുതന്നെയാണ് കോൺഗ്രസ് സഖ്യത്തിന്റെ പ്രചാരണ വിഷയവും. കർഷക ആത്മഹത്യകൾ പെരുകുന്നു. ഉൽപന്നങ്ങൾക്കു വിലയില്ല. കർഷകരക്ഷാ പദ്ധതികൾ വിജയിക്കുന്നില്ല. 750 കിലോ സവാള വിറ്റുകിട്ടിയ 1064 രൂപ പ്രധാനമന്ത്രിക്ക് അയച്ചുകൊടുത്തു പ്രതിഷേധിച്ച വസന്ത് സാഠെ എന്ന നാസിക് കർഷകൻ സംസ്ഥാനത്തിന്റെ തന്നെ പ്രതീകമായിരിക്കുന്നു. രാഷ്ട്രീയ സ്വാധീനത്തേക്കാളുപരി സംഘടനാബലമുള്ള ഇടതു പാർട്ടികളും സ്വതന്ത്ര സംഘടനകളും കർഷകരെയും തൊഴിലാളികളെയും അണിനിരത്തി നടത്തുന്ന വൻ പ്രതിഷേധങ്ങൾ അടിയൊഴുക്കാകാം. പലയിടത്തും ഇടതുപക്ഷം കോൺഗ്രസിനെ തുണക്കുന്നുമുണ്ട്.

മോദിയെ വിറപ്പിച്ച് രാജ് താക്കെറെ

ഒരു സീറ്റിൽ പോലും മത്സരിക്കാത്ത ഒരു വ്യക്തയാണ് , ഇപ്പോൾ മോദിക്ക് ഏറ്റുവും വലിയ ഭീഷണിയായത്. അത് മറ്റാരുമല്ല. മഹാരാഷ്ട്ര നവനിർമ്മാൺ സേനയുടെ അധ്യക്ഷൻ രാജ് താക്കറെയാണത്. തിരഞ്ഞെടുപ്പ് അങ്കം മുറുകിയ മഹാരാഷ്ട്രയിൽ അപ്രതീക്ഷിതമായ മാസ് എൻട്രിയായിരുന്നു രാജ് താക്കറെ നടത്തിയത്. തിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ പോലും മത്സരിക്കുന്നില്ലെങ്കിലും മോദി സർക്കാരിനെ വിമർശനങ്ങളാൽ കീറിമുറിച്ചാണ് താക്കറെയുടെ പ്രചാരണണം നടത്തിയത.

ശിവസേനയുടെ സ്ഥാപകനായ ബാൽ താക്കറെയുടെ സഹോദരന്റെ മകനാണ് രാജ് താക്കറെ. മികച്ച പ്രാസംഗികനും രാഷ്ട്രീയ ഇടപെടലുകൾ നടത്താൻ കഴിവുള്ള നേതാവും യുവാക്കളുടെ ഇടയിൽ വലിയ സ്വാധീനമുള്ളയാളുമായിരുന്നു രാജ് താക്കറെ. ബാൽ താക്കറെയ്ക്ക് ശേഷം ശിവസേനയ്ക്കാര് എന്ന ചോദ്യത്തിന് അത് രാജ് താക്കറെ ആയിരിക്കുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാൽ കണക്കുകൂട്ടലുകളെയെല്ലാം തെറ്റിച്ച് ബാൽ താക്കറെ തന്റെ പിൻഗാമിയായി നിയോഗിച്ചത് മകനായ ഉദ്ധവ് താക്കറയെയാണ്. സ്വാഭാവികമായും ഇത് രാജ് താക്കറെയിൽ അതൃപ്തിക്കിടയാക്കി. ഇക്കാരണത്താൽ തെറ്റിപ്പിരിഞ്ഞ രാജ് താക്കറെയും സംഘവും ചേർന്ന് 2005ൽ സ്വന്തമായി രൂപീകരിച്ച പാർട്ടിയാണ് മഹാരാഷ്ട്ര നവനിർമ്മാൺസേന.

ശിവസേനയുടെ ആശയങ്ങൾ കാലഹരണപ്പെട്ടെന്നും തങ്ങളാണ് മഹാരാഷ്ട്ര ജനതയ്ക്കു വേണ്ടി നിലയുറപ്പിക്കുന്ന യഥാർഥ സേന എന്നും വാദിച്ചാണ് എംഎൻഎസ് മഹാരാഷ്ട്രയിൽ കാലുറപ്പിക്കാൻ നോക്കിയത്. ഇത് ഫലം കാണാതിരുന്നില്ല. ശിവസേന വിട്ടപ്പോൾ കൂടെ ചേർന്നവരെ മുൻനിർത്തി അടുത്ത മുൻസിപ്പൽ തിരഞ്ഞെടുപ്പിലും പിന്നാലെ 2009ലെത്തിയ നിയമസഭാ തിരഞ്ഞെടുപ്പിലും എംഎൻഎസിന് മികച്ച നേട്ടമുണ്ടാക്കാനായി. 13 സീറ്റുകളാണ് 2009ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എംഎൻഎസ് നേടിയത്. അങ്ങനെ സംസ്ഥാന പാർട്ടിയെന്ന പദവിയും എംഎൻഎസിന് ലഭിച്ചു. എന്നാൽ തുടക്കത്തിൽ വലിയ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും അത് തുടരാൻ സാധിക്കാത്തത് പാർട്ടിക്ക് തിരിച്ചടിയായി. തിരഞ്ഞെടുപ്പ് വിജയം നിലനിർത്താനോ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കാനോ എംഎൻഎസിന് ആയില്ല. പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ എംൻഎസിന്റെ ശക്തിക്ഷയിക്കുന്ന കാഴ്ചയാണ് മഹാരാഷ്ട്ര കണ്ടത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും കെട്ടിവെച്ച കാശ് പോലും കിട്ടാത്ത തരത്തിൽ വലിയ പരാജയമാണ് എംഎൻഎസ് നേരിട്ടത്. ഒരു സീറ്റ് മാത്രമാണ് പാർട്ടിക്ക് ലഭിച്ചത്. നേതാക്കളുടെ കൂറുമാറ്റത്തോടൊപ്പം പാർട്ടിയും ക്ഷയിച്ചുതുടങ്ങുകയും എംഎൻസിന്റെ രാഷ്ട്രീയ ചിത്രത്തിന് മങ്ങലേൽക്കുകയും ചെയ്തു. എംഎൻഎസിന്റെ പ്രവർത്തനങ്ങൾ വെറും വാഗ്ദാനങ്ങളിൽ ഒതുങ്ങിയെന്നായിരുന്നു അണികൾക്കിടയിൽ നിന്നുപോലും ഉയർന്ന വിമർശനം.

എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങവേ എംഎൻഎസ് വീണ്ടും ചിത്രത്തിലെത്തി. പിണക്കം മറന്ന് എംഎൻഎസ് ശിവസേനക്കൊപ്പം ചേരുമെന്നും അതല്ല, പ്രതിപക്ഷത്തിൽ ചേരുമെന്നും അഭ്യൂഹങ്ങൾ ഉയർന്നെങ്കിലും അതൊന്നും ഉണ്ടായില്ല. രണ്ടിലും ചേരാതെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതും ഉണ്ടായില്ല. പകരം, പ്രതീക്ഷിക്കാത്ത ട്വിസ്റ്റുമായൊരു മാസ് എൻട്രിയാണ് രാജ് താക്കറെ മഹാരാഷ്ട്രയിൽ നടത്തിയത്. പിണക്കം മറന്ന് മഹാസഖ്യത്തിൽ ചേരുമെന്ന് ചിലരെങ്കിലും പ്രതീക്ഷിച്ചിരുന്ന രാജ് താക്കറെ തെരുവുകളിൽ മോദിക്കെതിരെ പ്രസംഗിക്കാനെത്തി. കേന്ദ്രസർക്കാരിന്റെ തെറ്റുകുറ്റങ്ങൾ എണ്ണിപ്പറഞ്ഞ്, കടുത്ത ചോദ്യങ്ങളുന്നയിച്ച് മോദി മുക്തഭാരതത്തിനുള്ള പ്രചാരണങ്ങൾക്ക് രാജ് തീകൊളുത്തി.

മോദിക്കെതിരെ ആഞ്ഞടിക്കാൻ ബിഗ് സ്‌ക്രീനുകളുമായാണ് രാജ് താക്കറെ തെരുവുകളിലെത്തിയത്. സ്റ്റേജ് ഷോയ്ക്ക് സമാനമായ സജ്ജീകരണങ്ങളോടെ മോദിയുടെ വാഗ്ദാനങ്ങൾ അടങ്ങിയ പ്രസംഗവും പത്രവാർത്തകളും പ്രദർശിപ്പിച്ച് അതിൽ എത്രയെണ്ണം നടപ്പിലായെന്ന് ജനക്കൂട്ടത്തിനു മുന്നിലേയ്ക്ക് ചോദ്യങ്ങളെറിയും. കേവലം രാഷ്ട്രീയപ്രസംഗം എന്നതിലുപരി 'ബിജെപിയുടെ പൊള്ളത്തരത്തെ പൊളിച്ചടുക്കാനുള്ള ശ്രമമാണ് താക്കറെ നടത്തിയത്. മോദിയും സർക്കാരും ഫോട്ടോഷോപ്പ് രാഷ്ട്രീയമാണ് രാജ്യത്ത് നടത്തുന്നതെന്നും രാജ് ആരോപിക്കുന്നുണ്ട്. ബിജെപി അനുകൂല വാർത്തകളുടെ യാഥാർഥ്യം പുറത്തുകൊണ്ടുവരാനുള്ള ശ്രമങ്ങളെല്ലാം രാജ് നടത്തുന്നു. ഇവയുടെ ആഘാതം ചെറുതല്ലെന്ന് വ്യക്തമാണ്.

കോൺഗ്രസിന് വിനയായി പ്രിയങ്ക ചതുർവേദി

ഇവിടെ കോൺഗ്രസിന് ഏറ്റവും വലിയ ഭീഷണിയായി മാറിയത് പാർട്ടി വിട്ട് ശിവസേനയിലെത്തിയ മുൻ വക്താവും തീപ്പൊരി പ്രാസംഗികയുമാല പ്രിയങ്കാ ചതുർവേദിയാണ്. വലിയ പാർട്ടിയിൽനിന്ന് ചെറിയ പാർട്ടിയിലേക്ക് പോയതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, ചെറിയപാർട്ടിയിൽ വലിയൊരു പങ്ക് വഹിക്കാനുണ്ടെന്നായിരുന്നു അവരുടെമറുപടി.

1965-ൽ ഉത്തർപ്രദേശിലെ മഥുരയിൽനിന്ന് മുംബൈയിലേക്ക് കുടിയേറിയതാണ് പ്രിയങ്കയുടെ കുടുംബം. ഗോരേഗാവിലാണ് കുടുംബം താമസിക്കുന്നത്. മുംബൈയിൽ ജനിച്ചുവളർന്ന പ്രിയങ്ക ജുഹുവിലെ നർസി മോൻജി കോളേജിൽനിന്ന് ബി.കോം. ബിരുദം നേടി. കോളേജ് വിദ്യാഭ്യാസത്തിനുശേഷം ചാനൽ വിയുടെ കോ-ഓർഡിനേറ്ററായി പ്രവർത്തിച്ചു. പിന്നീട് റിക്രൂട്ട്മെന്റ് സ്ഥാപനം തുടങ്ങി. 2011-ൽ ഇന്ത്യൻ സ്‌കൂൾ ഓഫ് ബിസിനസ് വിമൻസ് പ്രോഗ്രാം എന്ന പ്രസ്ഥാനവുമായി ബന്ധപ്പെട്ടുപ്രവർത്തിച്ചു. ബുക്ക് റിവ്യൂ ബ്ലോഗും അവർ നടത്തുന്നുണ്ട്.
പ്രിയങ്കയുടെ പൊതുയോഗങ്ങളിലെ വൻ ജനാവലി വോട്ടാകുമെന്ന വിശ്വാസത്തിലാണ് ബിജെപി- ശിവസേന സഖ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP