Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

എസ് എസ് എൽ സി ജയിച്ചത് രണ്ടാം റാങ്കോടെ; ഡെപ്യൂട്ടി കലട്കറായി തുടങ്ങി കൺഫേഡ് ഐഎഎസ് വഴി ഉയരങ്ങളിലേക്ക്; പിണറായിയുമായി അടുക്കുന്നത് വൈദ്യുതി ബോർഡ് ചെയർമാനായിരിക്കെ; എല്ലാ ഇമേജും ഒറ്റയടിക്ക് തകരുന്നത് സ്വപ്ന വിഷയത്തിൽ; കനകംമൂലവും കാമിനിമൂലവും തകർന്ന ഒരു ഉദ്യോഗസ്ഥൻ; 'സൂപ്പർ മുഖ്യമന്ത്രി' ശിവശങ്കറിന്റെത് അസാധാരണ ഉയർച്ചയും വീഴ്ചയും

എസ് എസ് എൽ സി ജയിച്ചത് രണ്ടാം റാങ്കോടെ; ഡെപ്യൂട്ടി കലട്കറായി തുടങ്ങി കൺഫേഡ് ഐഎഎസ് വഴി ഉയരങ്ങളിലേക്ക്; പിണറായിയുമായി അടുക്കുന്നത് വൈദ്യുതി ബോർഡ് ചെയർമാനായിരിക്കെ; എല്ലാ ഇമേജും ഒറ്റയടിക്ക് തകരുന്നത് സ്വപ്ന വിഷയത്തിൽ; കനകംമൂലവും കാമിനിമൂലവും തകർന്ന ഒരു ഉദ്യോഗസ്ഥൻ; 'സൂപ്പർ മുഖ്യമന്ത്രി' ശിവശങ്കറിന്റെത് അസാധാരണ ഉയർച്ചയും വീഴ്ചയും

എം മാധവദാസ്

സൂപ്പർ മുഖ്യമന്ത്രി, കൺഫേഡ് ഐഎഎസ് മാത്രം ഉണ്ടായിട്ടും കേരളത്തിലെ മുഴുവൻ ഐഎഎസുകാരെയും നിയന്ത്രിക്കുന്ന വ്യകതിത്വം. ഏത് പ്രൊജക്്റ്റ് സംസ്ഥാനത്ത് നടപ്പിൽവരും എന്ന് തീരുമാനിക്കുന്നതിന്റെ അവസാനവാക്ക്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായി സർവാധികാരിയായി വിലസിയിടത്തുനിന്നാണ്, സ്വർണ്ണക്കടത്ത് കേസിൽ ജയിലിൽ ആകുന്നതിലേക്ക് എം ശിവശങ്കർ എന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ പതനം ഉണ്ടായത്.

'കനകം മൂലം കാമിനിമൂലം' എന്ന് ഒറ്റവാക്കിൽ വിശേഷിപ്പിക്കാവുന്ന ദുരന്തമാണ് ശിവശങ്കറിന് ഉണ്ടായത്. മലപ്പുറം ജില്ലാ കലക്ടർ തൊട്ട് വൈദ്യുതി ബോർഡിലും പൊതുവിദ്യാഭ്യാസ വകുപ്പിലുമൊക്കെ കാര്യക്ഷമതയുള്ള അഴിമതിരഹിതമായ ഉദ്യോഗസ്ഥനാണെന്ന പേരാണ്, ശരിക്കും എല്ലാ സർവാധികാരവും കൊടുത്ത് തന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി ശിവശങ്കറിനെ പിണറായി വിജയൻ നിയമിക്കാൻ കാരണം. ശിവശങ്കർ ഒരു കഴിവുകെട്ട ഉദ്യോഗസ്ഥാനാണെന്ന വാദം പ്രതിപക്ഷത്തിനുപോലും ഉണ്ടാവില്ല. പക്ഷേ അദ്ദേഹത്തെ അധികം ആശ്രയിച്ചുപോയതാണ് പിണറായിക്ക് പറ്റിയ തെറ്റ് എന്നാണ് ഇപ്പോൾ സിപിഎം കേന്ദ്രങ്ങൾ തന്നെ പറയുന്നത്.

ഒരുകാലത്ത് മുഖ്യമന്ത്രി ഏതൊക്കെ ഫയൽ ഒപ്പിടണമെന്ന് വരെ നിശ്ചയിച്ചിരുന്ന, മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിച്ചിരുന്ന ശിവശങ്കറാണ് സ്വർണക്കടത്ത് കേസിൽ ഇ.ഡിയുടെ കസ്റ്റഡിയിൽ ഉള്ളത്. സ്പ്രിങ്ക്‌ളർ വന്നപ്പോൾ പോലും കൂസലില്ലാതെ നിന്ന ഐടി സെക്രട്ടറി കൂടിയായ ശിവശങ്കറിന്റെ വിധി കുറിക്കപ്പെട്ട ദിവസം ജൂൺ 30 ആയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസ് തടഞ്ഞുവെച്ച ബാഗേജിനുള്ളിൽ സ്വർണം മാത്രമല്ല ഉണ്ടായിരുന്നത്. സന്ദീപ്, സരിത്ത് സ്വപ്ന അവിടെ നിന്ന് ശിവശങ്കർ. ബന്ധങ്ങളുടെ ചങ്ങല ഉന്നതങ്ങളിലേക്ക് എത്തിയത് വളരെപ്പെട്ടെന്നാണ്. ആദ്യഘട്ടത്തിൽ ശിവശങ്കറിനെ ചേർത്തുപിടിച്ച മുഖ്യമന്ത്രിക്ക് പിന്നീട് കൈവിടേണ്ടി വന്നു. സ്‌പെയ്‌സ് പാർക്കിലെ നിയമനത്തിലടക്കം ക്രമക്കേട് പകൽപോലെ വ്യക്തമായി. അവിടെ ശിവശങ്കർ എന്ന സംസ്ഥാനത്തെ മുതിർന്ന ഐഎഎസുകാരന്റെ നാളുകൾ കുറിക്കപ്പെട്ടു. പിന്നീട് കേരളം കണ്ടത് സമാനതകളില്ലാത്ത മാരത്തൺ ചോദ്യം ചെയ്യലുകളായിരുന്നു. എൻഐഎ. ഓഫീസിലേക്ക്, കസ്റ്റംസ് ഓഫീസിലേക്ക്, ഇഡി ഓഫീസിലേക്ക് ശിവശങ്കറിന്റെ പ്രയാണമാണ് ഓരോ ദിവസവും കണ്ടത്. ലൈഫ് മിഷനിൽ സിബിഐ കൂടി എത്തി. ഇപ്പോൾ പൂർണമായും കുരുങ്ങിയ നിസ്സഹായാവസ്ഥയിലും.

എസ്എസ്എൽസി റാങ്കോടെ പാസായ പ്രതിഭ

1963 ജനുവരി 24 ന് തിരുവനന്തപുരത്തെ ഇടത്തരം കുടുംബത്തിലാണ് എം ശിവശങ്കറിന്റെ ജനനം. എസ്എസ്എൽസി പരീക്ഷയിൽ രണ്ടാം റാങ്കോടെയാണു ജയിച്ചത്. തുടർന്നു പാലക്കാട് എൻഎസ്.എസ് എൻജിനീയറിങ് കോളജിൽ ബി.ടെക്കിനു ചേർന്നു. അവിടെ കോളജ് യൂണിയൻ ചെയർമാനായിരുന്നു. തുടർന്നു ഗുജറാത്തിലെ 'ഇർമ'യിൽനിന്നു റൂറൽ മാനേജ്മെന്റിൽ പിജി ഡിപ്ലോമ നേടി. പഠന ശേഷം കുറെക്കാലം റിസർവ് ബാങ്കിൽ ഓഫിസറായിരുന്നു. പിന്നീട് റവന്യു വകുപ്പിൽ ഡപ്യൂട്ടി കലക്ടറായി ജോലി ലഭിച്ചു. ആ പദവിയിലിരിക്കെ 1995ൽ കൺഫേഡ് ഐഎഎസ് ലഭിച്ചു. പക്ഷേ ഇത് അർഹതക്കുള്ള അംഗീകരമായാണ് പലരും വിലയിരുത്തിയത്.

2000 മാർച്ച് ഒന്നിന് ഐഎഎസിൽ സ്ഥിരപ്പെടുത്തി. മലപ്പുറം കലക്ടറും പിന്നീടു ടൂറിസം ഡയറക്ടർ, പൊതു വിദ്യാഭ്യാസ ഡയറക്ടർ, സെക്രട്ടറി, മരാമത്ത് സെക്രട്ടറി എന്നീ നിലകളിൽ മികവു കാട്ടി. വിദ്യാഭ്യാസ ഡയറക്ടറും സെക്രട്ടറിയുമായിരിക്കെ, പൊതുവിദ്യാഭ്യാസ മേഖലയിലെ അനാരോഗ്യകരമായ പല പ്രവണതകൾക്കും തടയിട്ടു. വൈദ്യുതി ബോർഡ് ചെയർമാനായിരിക്കെ ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകളിൽ ഒപ്പുവച്ചു കൊണ്ടു സംസ്ഥാനത്ത് പവർ കട്ട് ഒഴിവാക്കിയത് അദ്ദേഹത്തിന്റെ നേട്ടമായി. ശിവശങ്കർ സ്പോർട്സ് സെക്രട്ടറിയായിരിക്കെയാണു സംസ്ഥാനത്തു മികച്ച രീതിയിൽ ദേശീയ ഗെയിംസ് നടന്നത്. യുഡിഎഫ് സർക്കാറിന്റെ കാലത്ത് അന്ന് ദേശീയ ഗെയിംസിൽ ഉണ്ടായ ഗുരുതരമായ അഴിമതികൾ ശിവശങ്കറിന്റെയടക്കം പ്രതിഛായ കൊണ്ടാണ് സർക്കാർ പ്രതിരോധിച്ചത്. ശിവശങ്കർ വളഞ്ഞ വഴികൾ പടിച്ചതും അധികാരത്തിന്റെ ഇടനാഴികൾ മനസ്സിലാക്കിയതും ഈ കാലയാളവിലാണെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവർ പറയുന്നത്.മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായും ഐ.ടി വകുപ്പിന്റെ സെക്രട്ടറി സ്ഥാനവും വഹിച്ച ശിവശങ്കർ ഐ.എ.എസിൽ 2023 ജനുവരി 31 വരെ സർവീസ് ബാക്കിയുണ്ട്. അതിനിടയിലാണ് സ്വർണ്ണക്കടത്ത് ആരോപണ വിധേയമാകുന്നതും സസ്പെൻഷനിലാവുന്നതും.

എൽപ്പിച്ച ജോലികൾ കൃത്യവും കാര്യക്ഷവുമായി ചെയ്യുന്ന രീതി ശിവശങ്കറിനുണ്ട്. മാധ്യമങ്ങൾ കയറിയ ഇറങ്ങി പബ്ലിസിറ്റി നേടാനും അദ്ദേഹം ശ്രമിക്കാറില്ല. മലപ്പുറം ജില്ലാ കലക്ടർ ആയിരിക്കെയാണ് കോട്ടക്കുന്ന് വികസനം അടക്കമുള്ള ആ നാടിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികൾ നടപ്പാക്കിയത്. അതുപോലെ ഐടി മിഷനിലും അദ്ദേഹം അത്ഭുദങ്ങൾ കാട്ടി. ഏത് പുതിയ പ്രൊജ്ക്റ്റുകളും ശ്രദ്ധയോടെ കേൾക്കുന്ന, പുതിയകാര്യങ്ങൾ പഠിക്കാൻ അങ്ങേയറ്റം താൽപ്പര്യമുള്ള ഒരു ഉദ്യോഗസ്ഥാനായാണ് ശിവശങ്കറിനെ പലരും വിലയിരുത്തിയത്. മുരളി തുമ്മാരകുടിയെപ്പോലുള്ളവർ അത് പരസ്യമായി വ്യക്തമാക്കിയിട്ടുമുണ്ട്. ഒരുവേള ശിവശങ്കറിന്റെ അറസ്റ്റ് രണ്ടാം നമ്പി നാരയണനെയാണ് സൃഷ്ടിക്കുകയെന്നും പലരും അഭിപ്രായപ്പെട്ടിരുന്നു. പക്ഷേ സ്വപ്നയുടെ ലോക്കർ സംബന്ധിച്ച തെളിവുകളും വാട്സാപ്പ് ചാറ്റുകളും അദ്ദേഹത്തെ പുർണ്ണമായും പ്രതിരോധത്തിൽ ആക്കുകയാണ്.

നെറ്റോക്ക് പകരം മുഖ്യമന്ത്രി കണ്ടെത്തിയ വിശ്വസ്തൻ

നാല് വർഷത്തിലേറെക്കാലം സർക്കാർ തലപ്പത്തെ ചോദ്യം ചെയ്യപ്പെടാത്ത അധികാരകേന്ദ്രമായ നിന്ന വ്യക്തിയുടെ അസാധാരണ വീഴ്ചയാണ് എം.ശിവശങ്കറിലൂടെ ലോകം ഇപ്പോൾ കാണുന്നത്. കേരള മുഖ്യമന്ത്രിമാരുടെ പട്ടികയിൽ ഏറ്റവും കാർക്കശ്യക്കാരനായ മുഖ്യമന്ത്രിയെന്ന പറയാവുന്ന പിണറായി വിജയന്റെ ഭരണത്തിൽ ഏറ്റവും സ്വാധീനമുള്ള അധികാരകേന്ദ്രമായിരുന്നു എം.ശിവശങ്കർ.
നായനാർ മന്ത്രിസഭയിൽ പിണറായി വൈദ്യുതിമന്ത്രിയായിരുന്ന കാലത്ത് വകുപ്പ് സെക്രട്ടറിയായി ഒപ്പം പ്രവർത്തിച്ചപ്പോൾ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള അടുപ്പം. 2016-ൽ പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി വന്നപ്പോൾ അദ്ദേഹം തന്നെ കൈകാര്യം ചെയ്തിരുന്ന ഐടി വകുപ്പ് സെക്രട്ടറിയായി എം.ശിവശങ്കർ നിയമിതനായി. മുൻചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുമായി ഉണ്ടായ അഭിപ്രായ ഭിന്നതയെ തുടർന്ന് പടിയിറങ്ങിയപ്പോൾ പകരം ആ സ്ഥാനത്തേക്ക് മുഖ്യമന്ത്രിക്ക് തെരഞ്ഞെടുത്തത് വിശ്വസ്തനായ ശിവശങ്കറെയാണ്.

കെ-ഫോൺ അടക്കം സംസ്ഥാന സർക്കാരിന്റെ വളരെ നിർണായകമായ പല പദ്ധതികൾക്കും ചുക്കാൻ പിടിച്ചിരുന്നത് എം.ശിവശങ്കറായിരുന്നു. കേരള കേഡറിലെ ഏറ്റവും സ്വാധീനമുള്ള ഐഎഎസ് ഓഫീസറായി അദ്ദേഹം വിലയിരുത്തപ്പെട്ടു. മാധ്യമങ്ങളിൽ അപൂർവ്വമായി പ്രത്യക്ഷപ്പെടുന്ന വളരെ ശ്രദ്ധയോടെ സംസാരിച്ച് പൊതുശ്രദ്ധയിൽ നിന്നും മാറി നിന്നു പ്രവർത്തിച്ച ശിവശങ്കറിന് മികച്ചൊരു സിവിൽ സർവന്റ് എന്ന പ്രതിച്ഛായയാണ് ഇക്കാലമത്രയും ഉണ്ടായിരുന്നത്. സർക്കാരും പാർട്ടിയും തമ്മിലുള്ള ഏകോപനവും ഇടപെടലും ശക്തമാക്കാനായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് മുൻകൈയെടുത്ത് എം വിജയരാജനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചിരുന്നു. എന്നാൽ 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ പി.ജയരാജൻ വടകരയിൽ സ്ഥാനാർത്ഥിയായി വന്നതോടെ പാർട്ടി എം വിജയരാജനെ ആ സ്ഥാനത്ത് നിയമിച്ചു. നളിനി നെറ്റോയും പിറകേ എംവി ജയരാജനും പോയതോടെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏറ്റവും കരുത്തനായി എം.ശിവശങ്കർ മാറി മുഖ്യമന്ത്രിയുടെ നേരിട്ടുള്ള സംരക്ഷണം ഉണ്ടായിരുന്നതിനാൽ സിപിഎം നേതൃത്വത്തിനും അദ്ദേഹത്തിന് മേൽ വലിയ പിടി കിട്ടിയില്ല.

മന്ത്രിസഭ പോലും അറിയാതെ തീരുമാനങ്ങൾ

മുഖ്യമന്ത്രി വഴി കിട്ടിയ അമിതാധികാരം ക്രമേണെ ശിവശങ്കറിനെ ഏകാധിപതിയാക്കി. മഹാപ്രളയത്തിനു ശേഷം റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ കൺസൽറ്റന്റായി കെപിഎംജിയെ കൊണ്ടുവരാനുള്ള ശിവശങ്കറിന്റെ നീക്കം വിവാദമായിരുന്നു. ഒടുവിൽ കെപിഎംജിയെ സർക്കാരിനു മാറ്റിനിർത്തേണ്ടി വന്നു. പ്രളയത്തെ തുടർന്നു നഷ്ടപരിഹാരം നൽകുന്നതിന് ഐടി വകുപ്പ് മുൻകൈയെടുത്ത് മൊബൈൽ ആപ് കൊണ്ടുവന്നതു പരാതിക്കിടയാക്കി. റവന്യു വകുപ്പിനെ ഒഴിവാക്കിയായിരുന്നു ഈ നടപടി. ആപ് സൗജന്യമാണെന്നു പ്രചരിപ്പിച്ചെങ്കിലും അവസാനം 8 ലക്ഷം രൂപ നൽകേണ്ടി വന്നു.

കോവിഡ് നേരിടുന്നതിൽ സർക്കാർ മികച്ച പ്രതിച്ഛായയുമായി മുന്നേറുമ്പോഴാണു സ്പ്രിൻക്ലർ വിവാദം ഉണ്ടായത്. ഇതു ദേശീയതലത്തിൽ പോലും ചർച്ചയായി. ദുരന്ത നിവാരണ നിയമം ഭേദഗതി ചെയ്യാൻ ശ്രമിച്ചുവെങ്കിലും റവന്യു മന്ത്രി ഇടപെട്ടു തടഞ്ഞു. പ്രതിപക്ഷം ഇത് ആയുധമാക്കിയതിനെ തുടർന്നു സർക്കാരിനു തലയൂരേണ്ടി വന്നു. എൽഡിഎഫിൽ ഇതു തർക്കവിഷയമായപ്പോൾ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ കണ്ടു വിശദീകരിക്കാൻ സിപിഐ ആസ്ഥാനത്ത് ശിവശങ്കറെത്തി. സാധാരണ ഐഎഎസ് ഉദ്യോഗസ്ഥർ ചെയ്യാത്ത നടപടിയായിരുന്നു ഇത്. എങ്കിലും മുഖ്യമന്ത്രി അദ്ദേഹത്തെ തള്ളിപ്പറഞ്ഞില്ല.റവന്യു വകുപ്പിലെ ഡിജിറ്റൈസേഷൻ അട്ടിമറിച്ചതു ശിവശങ്കറാണെന്നു സിപിഐക്ക് ആക്ഷേപമുണ്ട്. ദുരന്ത നിവാരണ വകുപ്പിനെ റവന്യൂവിന്റെ നിയന്ത്രത്തിൽ നിന്നു തദ്ദേശഭരണത്തിനു കീഴിലേക്കു മാറ്റാനുള്ള ശ്രമവും സിപിഐയുടെ അനിഷ്ടത്തിന് ഇടയാക്കി. പലപ്പോഴും റവന്യു മന്ത്രിക്കു നേരിട്ടു മുഖ്യമന്ത്രിയോടു പരാതിപ്പെടേണ്ടി വന്നു. മദ്യവിൽപനയ്ക്കുള്ള ബവ്കോ ആപ് പൊളിഞ്ഞപ്പോഴും ആരോപണത്തിന്റെ മുന നീണ്ടതു ശിവശങ്കറിനു നേരെയാണ്. ഇ-ബസ് പദ്ധതിക്കു പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിനെ കൺസൽറ്റൻസിയാക്കിയതും അവർക്കു സെക്രട്ടേറിയറ്റിൽ ഓഫിസ് തുറക്കാൻ അനുമതി നൽകിയതും സജീവമായി നിൽക്കെയാണു സർണക്കടത്തു വിവാദം വരുന്നത്.

സാങ്കേതിക സർവകലാശാലയും കുസാറ്റും ഉണ്ടായിരിക്കെ ഐടി വകുപ്പിനു കീഴിൽ ഡിജിറ്റൽ സർവകലാശാല സ്ഥാപിക്കാനുള്ള തീരുമാനം പല മന്ത്രിമാരും അറിയുന്നതു മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തിയപ്പോഴാണ്. ടെക്നോപാർക്കിലെ ട്രിപ്പിൾ ഐടിഎംകെയെ ഡിജിറ്റൽ സർവകലാശാലയാക്കാനും തസ്തികകളനുവദിക്കാനും മുൻകയ്യെടുത്തത് ഐടി സെക്രട്ടറിയായിരുന്നു. പുറമേ, കാര്യവട്ടത്തു ചെറിയ തോതിൽ പ്രവർത്തിച്ചിരുന്ന ഐസിഫോസിനെ ഗവേഷണ കേന്ദ്രമാക്കി 11 തസ്തിക അനുവദിപ്പിച്ചു. കേരള വിസിയുടെ ശമ്പളമാണ് ഇതിന്റെ ഡയറക്ടർക്ക്. പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ ശമ്പളമാണു മറ്റുള്ളവർക്ക്. അതായത് ഇത് ശിവശങ്കർ അങ്ങ് തീരുമാനിക്കയാണ്. ഇവിടെയാണ് പിണറായിക്ക് സമ്പുർണ്ണമായി പിഴച്ചത്. സ്വപ്നയുടെ നിയമനം അടക്കമുള്ള ഒരുകാര്യവും മുഖ്യമന്ത്രി അറിഞ്ഞിരുന്നില്ലെന്നാണ് പറയുന്നത്. അത്രക്ക് ഹോൾഡായിരുന്നു പിണറായിക്കുമേൽ ശിവശങ്കറിന്.

സ്വപന കോടീശ്വരിയായത് ശിവശങ്കറിന്റെ തണലിൽ

കഴിഞ്ഞ യുഡിഎഫ് സർക്കാറിന്റെ അവസാന കാലത്ത് എല്ലാ ഇമേജും തകർത്ത് സരിതയാണെങ്കിൽ ഇപ്പോൾ അത് സ്വപ്നയാണ്. അത്തരം ഒരു അനുഭവത്തിൽനിന്നും നമ്മുടെ സർക്കാറുകൾ ഒന്നും പഠിക്കുന്നില്ല. ഒന്നോർത്തുനോക്കിയാൽ സരിതാ നായർ ഒന്നും സ്വപ്നയുടെ എഴയലത്ത് വരില്ല. ലൈംഗിക പീഡനത്തിന്റെയും ചൂഷണത്തിന്റെയും വാർത്തകൾ മാറ്റി നിർത്തിയാൽ, ഉമ്മൻ ചാണ്ടി ചോദിച്ചപോലെ അതിൽ പൊതുഖജനാവിന് എന്താണ് നഷ്ടമായിട്ടുള്ളത്. ബോധപൂർവം ആളുകളെ പറ്റിക്കാൻ അയിരുന്നെില്ലെന്നും സരിതയുടെ സോളാർ പദ്ധതി പൊളിയുകയാണ് ചെയ്തതെന്നും, പണം കൊണ്ടുപോയത് ബിജു രാധാകൃഷ്ണനാണെന്നും പിന്നീട് വിലയിരുത്തലുകൾ ഉണ്ടായിരുന്നു. ഒരു സംരംഭകക്ക് സ്വന്തം ശരീരംവെച്ച് സ്വാധീനം ഉണ്ടാക്കേണ്ട ഗതികേടും, മലയാളിയുടെ ലൈംഗിക ദാരിദ്രവുമായൊക്കെ ബന്ധപ്പെട്ട് ഒരു കേസ് സ്റ്റഡിതന്നെയാണ് സരിതാ കേസ്. പക്ഷേ ഇപ്പോഴത്തെ സ്വപ്നാ സുരേഷിന് മുന്നിൽ സരിതാ നയാർ ഒന്നുമല്ല. ഇന്നും പാപ്പരാണ് സരിത. പക്ഷേ സ്വപ്നയുടെ ബാങ്ക് അക്കൗണ്ടിൽ മുപ്പതും നാൽപ്പതും കോടികളാണ് ഇപ്പോഴും ഉള്ളത്. പീഡിഗ്രി വിദ്യാഭ്യാസം മാത്രമുള്ള ഈ സ്ത്രീ ഇതൊക്കെ എങ്ങനെ നേടിയെടുത്തുവെച്ച് ചിന്തിക്കുമ്പോഴാണ് ' ആയിരം സരിതക്ക് അര സ്വപ്ന' എന്ന സോഷ്യൽ മീഡിയയിലെ വാചകം ഓർമ്മവരുന്നത്.തന്റെ സൗന്ദര്യം ഉപേയോഗിച്ച് പവർ ബ്രോക്കർ അഥവാ അധികാര ദല്ലാൾ ആയി ആസൂത്രിതമായി കാശ് അടിച്ചുമാറ്റുകയാണ് സ്വപ്ന ചെയ്്തത്.

സോളാറിലെ പോലെയല്ല. ഇവിടെ പൊതുഖജനാവിനും നഷ്ടമുണ്ടായിട്ടുണ്ട്. വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കാറ്റടിച്ചാൽ തകരുന്ന രീതിയിലുള്ള ഫ്ള്ാറ്റ് നിർമ്മിക്കാനുള്ള സ്ഥലം ഇരുപത് കോടി രൂപ കൊടുത്താണ് സർക്കാർ എറ്റെടുത്തത്. അപ്പോൾ നഷ്ടം ആരുടേതാണ്. സർക്കാറിന് ഇതിൽ നേരിട്ട് പങ്കില്ലെന്ന് വേണമെങ്കിൽ വാദിക്കാം. യുഎഇയിലെ ക്രസന്റ്മിഷനും യുണിടാക്ക് കമ്പനിയും തമ്മിലാണ് കരാർ എന്ന് പറയാം. പക്ഷേ ആരാണ് യുണിടാക്കിന് കരാർ കൊടുത്തത് എന്ന ചോദ്യം ഉയരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരൻ, ലൈഫ് മിഷൻ സിഇഒ യുവി ജോസിനെ തറെന്റ കാബിനിലേക്ക് വിളിപ്പിച്ചപ്പോൾ മാത്രമാണ് കരാർ വിവരം ജോസ് അറിയുന്നത്. ശിവശങ്കരനും സ്വപ്നയും തമ്മിലുള്ള അടുപ്പവും ഇന്ന് ഏവർക്കും അറിയാം. അപ്പോൾ ഫലത്തിൽ ആരാണ് ഇതിലെ പ്രതിയെന്ന് വ്യക്തമാണ്. വടക്കാഞ്ചേരി ലൈഫ് മിഷനിൽ 20 കോടിയുടെ പദ്ധതിക്ക് സ്വപ്നയും കൂട്ടരും അടിച്ചുമാറ്റിത് 9 കോടി രൂപയാണ്. ഇതെല്ലാം നടക്കുന്നത് ശിവശങ്കറിന്റെ തണലിലാണ്.

സർക്കാറിന് ഒരു നഷ്ടവും വന്നിട്ടില്ലല്ലോ എന്ന് പറയുന്നവർ ഓർക്കേണ്ടത് സ്ഥലം ഏറ്റെടുക്കുന്നതിനായി സർക്കാർ 20 കോടി മുടക്കിയിട്ടുണ്ടെന്നാണ്. എന്നിട്ട് നിർമ്മിച്ച കെട്ടിടം എത്തരത്തിൽ ഉള്ളതാണ്. എന്നിട്ട് ഒരു കാറ്റടിച്ചാൽ മറിഞ്ഞുവീഴുന്ന കെട്ടിടമാണ് ലൈഫ് മിഷൻ പദ്ധതിക്കായി വടക്കാഞ്ചേരിയിൽ നിർമ്മിക്കുച്ചത്.കനകം മൂലം കാമിനമൂലം എന്നതിന്റെ മികച്ച ഉദാഹരണമാണ് ശിവശങ്കർ. മലയാളിയുടെ കുപ്രസിദ്ധമായ ലൈംഗിക ദാരിദ്രം തന്നെയാണ് ശിവശങ്കറിനെയും കടുക്കിയത്. ഒപ്പമുള്ള പാർട്ടികളയും യാത്രകളുമായി ആ സ്ത്രീ കിനാവള്ളിപോലെ അയാളിൽ പടർന്നു കയറി. അത് ലൈഫ് മിഷനായും മറ്റു കമ്മീഷനായും സർക്കാർ ഖജനാവ് ചോർത്തി. അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ഇത്തരം ഹണി ട്രാപ്പുകളിൽ നിന്ന് മാറി നിന്നല്ലെങ്കിൽ ഉണ്ടാകുന്ന പ്രത്യാഘാതവുമാണ് ശിവശങ്കറിന്റെ അനുഭവം ഓർമ്മിപ്പിക്കുന്നത്.

സ്വർണ്ണക്കടത്തിൽ പിണറായിയും കൈവിട്ടു

സ്പ്രിങ്ളർ വിവാദം കത്തിത്തീരുന്നതിന് മുൻപാണ് ഇടതുസർക്കാരിനെ കീഴ്മേൽ മറിച്ചു കൊണ്ട് സ്വർണക്കടത്ത് കേസ് രംഗത്തു വരുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്രചാനൽ വഴി യുഎഇ കോൺസുലേറ്റിന്റെ മേൽവിലാസത്തിൽ സ്വർണം കടത്തി കൊണ്ടു വന്നെന്ന കസ്റ്റംസിന്റെ കണ്ടെത്തൽ ദേശീയ രാഷ്ട്രീയത്തിൽ പോലും ഓളം സൃഷ്ടിച്ചു. കേസിൽ സർക്കാർ സ്ഥാപനമായ സൈബർ പാർക്കിലെ പ്രധാനിയായ സ്വപ്ന സുരേഷ് അറസ്റ്റിലാവുകയും അവരുടെ സംരക്ഷകനാണ് എം.ശിവശങ്കർ എന്ന് വെളിപ്പെടുകയും ചെയ്തതോടെ മുഖ്യമന്ത്രിയടക്കം ആരോപണനിഴലിലായി. സ്വർണക്കടത്ത് വാളായി തനിക്ക് നേരെ വരുന്നുവെന്ന് ബോധ്യപ്പെട്ടതോടെ കടുത്ത നടപടികളിലേക്ക് മുഖ്യമന്ത്രി കടന്നു പ്രിൻസിപ്പൽ സെക്രട്ടറി, ഐടി വകുപ്പ് സെക്രട്ടറി സ്ഥാനങ്ങളിൽ നിന്നും എം.ശിവശങ്കർ നീക്കം ചെയ്യപ്പെട്ടു. കഴിവുള്ള ഉദ്യോഗസ്ഥൻ എന്ന നിലയിൽ ശിവശങ്കറിനെ വിശ്വസിച്ചുവെന്നും എന്നാൽ തന്റെ വിശ്വാസം അയാൾ ദുരുപയോഗം ചെയ്തുവെന്നും മുഖ്യമന്ത്രി സിപിഎം സെക്രട്ടറിയേറ്റിൽ തുറന്നു പറഞ്ഞു.

ഈ വിവാദങ്ങൾക്ക് പിന്നാലെ ഒരു വർഷത്തെ അവധിക്കായി ശിവശങ്കർ അപേക്ഷ നൽകി. കസ്റ്റംസ്, ഇഡി, എൻഐഎ തുടങ്ങിയ കേന്ദ്രഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു ഇക്കാലമത്രയും ശിവശങ്കർ. കൊച്ചിയിലും തിരുവനന്തപുരത്തുമായി പോയ ആഴ്ചകളിൽ നൂറ് മണിക്കൂറോളം അദ്ദേഹം ചോദ്യം ചെയ്യപ്പെട്ടു. സ്വപ്ന, സരിത്ത്, സന്ദീപ് നായർ എന്നിവരുടെ മൊഴികളും ഫോൺ വിളികളും വാട്സാപ്പ് ചാറ്റുകളുമെല്ലാം ശിവശങ്കറിനെതിരെന്ന് വ്യക്തമായതോടെ അദ്ദേഹം ഏതു നിമിഷവും അറസ്റ്റ് ചെയ്യപ്പെടുമെന്ന് വ്യക്തമായിരുന്നു.

അദ്ദേഹത്തെ ഒരു തവണ അറസ്റ്റ് ചെയ്യാൻ കസ്റ്റംസ് നീക്കം നടത്തിയെങ്കിലും ദേഹാസ്വാസ്ഥ്യം അനുവഭപ്പെട്ടതിനെ തുടർന്ന് അതു പരാജയപ്പെട്ടു. ഇതിനിടെ മുൻകൂർജാമ്യം തേടി ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചു. കേന്ദ്ര ഏജൻസികളുടെ എതിർപ്പിനെ തുടർന്ന് ഹൈക്കോടതി അതു തടഞ്ഞു. ഇപ്പോൾ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഇഡി ശിവശങ്കറെ കസ്റ്റഡിയിലെടുത്തു കഴിഞ്ഞു. ഇനി അറസ്റ്റ് രേഖപ്പെടുത്തുക എന്ന സ്വാഭാവിക നടപടി ക്രമം മാത്രമാണ് ബാക്കി. പലതരം വാർത്തകളും വിവാദങ്ങളും സൃഷ്ടിച്ച ഒരുപാട് ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥർ കേരളത്തിലുണ്ടായിരുന്നു. എന്നാൽ ശിവശങ്കറിന്റേത് പോലെ അസാധാരണമായ ഉയർച്ചയും വീഴ്‌ച്ചയും സംഭവിച്ച മറ്റൊരാളില്ല തന്നെ.

ശിവശങ്കർ എന്നാൽ പിണറായിയുടെ ഫേക്ക് ഐഡി!

ഇതുവരെയുള്ള രാഷ്ട്രീയ ഉദ്യേഗസ്ഥ നടപടികൾ നോക്കിയാൽ അറിയാം ശിവശങ്കർ എന്നാൽ പിണറായിയുടെ ഒരു ഫേക്ക് ഐഡി ആണെന്ന് വ്യക്തമാണ്. മുഖ്യമന്ത്രി തന്നെ ആയിരുന്നു ഫലത്തിൽ അദ്ദേഹം. അതുകൊണ്ടുതന്നെ ഈ കേസിൽ മുഖ്യമന്ത്രിയുടെ രാജിക്കുവേണ്ടി തന്നെയാവും ഇനി പ്രതിപക്ഷ പ്രക്ഷോഭങ്ങൾ നീളുക. ശിവശങ്കറിനെ എൻഫോഴ്‌സ് ഡിപ്പാർട്ട്‌മെന്റ് കസ്റ്റഡിയിലെടുത്ത പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്. ട്ടിപ്പുകളുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.'മുഖ്യമന്ത്രിയാണ് ഒന്നാം പ്രതി. മുഖ്യമന്ത്രിയാണ് അഴിമതിക്കാരൻ. ഉളുപ്പുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെച്ചൊഴിയണം', ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തി. ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തത് മുഖ്യമന്ത്രിയെ കസ്റ്റഡിയിലെടുത്തതിന് തുല്യമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് എൻഫോഴ്സമെന്റ് ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തത്. ജാമ്യം തള്ളിയതിന് പിന്നാലെ ശിവശങ്കറിനെ പ്രവേശിപ്പിച്ച ത്രിവേണിയിലെ ആശുപത്രിയിൽ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ എത്തുകയായിരുന്നു. ഇന്ന് രാവിലെയാണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്.ശിവശങ്കറിന് മുൻകൂർ ജാമ്യം നൽകാൻ കഴിയില്ലെന്ന് ജസ്റ്റിസ് അശോക് മേനോൻ പറഞ്ഞു. ഇതോടെ അറസ്റ്റു തടഞ്ഞുള്ള ഹൈക്കോടതി ഉത്തരവ് അസാധുവായി. ശിവശങ്കറിന്റെ വാദം തള്ളിക്കൊണ്ടാണ് കോടതിയുടെ നടപടി.കസ്റ്റംസിനും എൻഫോഴ്സമെന്റിനും ഇനി തുടർനടപടികളുമായി മുന്നോട്ടുപോകാം. ശിവശങ്കരിന് ജാമ്യം അനുവദിക്കുന്നതിനെ കേന്ദ്ര ഏജൻസികൾ ശക്തമായി എതിർത്തിരുന്നു.സ്വർണ്ണക്കള്ളക്കടത്തിന്റെ ഗൂഢാലോചനയിൽ എം ശിവശങ്കറിന് സജീവ പങ്കുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത പദവി കള്ളക്കടത്തിനായി ദുരുപയോഗം ചെയ്തെന്നുമാണ് എൻഫോഴ്സ്മെന്റ് വാദം.

മുൻകൂർ ജാമ്യ ഹരജി നിയമപരമായി നിലനിൽക്കില്ലെന്ന് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ അന്വേഷണത്തിന്റെ പേരിൽ തനിക്ക് നേരെ നടക്കുന്നത് മാനസിക പീഡനമാണെന്നും കള്ളപ്പണ, കള്ളക്കടത്ത് ഇടപാടിൽ പങ്കില്ലെന്നും തന്നെ ജയിലിലടക്കാൻ ആണ് കേന്ദ്ര ഏജൻസികളുടെ ശ്രമമെന്നുമായിരുന്നു ശിവശങ്കറിന്റെ വാദം.നിലവിൽ മൂന്ന് കേന്ദ്ര ഏജൻസികൾ തന്നെ ചോദ്യം ചെയ്‌തെന്നും 38 മണിക്കൂർ ചോദ്യം ചെയ്‌തെങ്കിലും സ്വർണക്കടത്തിൽ പോലും തന്നെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവ് ഏജൻസിക്ക് ലഭിച്ചില്ലെന്നും ശിവശങ്കർ പറഞ്ഞിരുന്നു.

യു.എ.പി.എ അടക്കമുള്ള കുറ്റമാണ് അവർ ആരോപിച്ചത്. എന്നാൽ യു.എ.പി.എ ചുമത്താവുന്ന ഒരു തെളിവും ഇവർക്ക് ലഭിച്ചിട്ടില്ല. കേന്ദ്ര ഏജൻസികൾക്ക് മുകളിൽ വലിയ രാഷ്ട്രീയ സമ്മർദ്ദം ഉണ്ട്. അതുകൊണ്ട് തന്നെ ഏതെങ്കിലുമൊരു കേസിൽ കുറ്റം ചുമത്തി തന്നെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും അതുകൊണ്ട് തന്നെ മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ശിവശങ്കർ ആവശ്യപ്പെട്ടത്.

എന്നാൽ ഇന്ന് എൻ.ഐ.എയ്ക്ക് വേണ്ടി ഹാജരായ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അനൂപ് അമ്പലപ്പാട് ശിവശങ്കറിന്റെ ഈ ആരോപണമെല്ലാം നിഷേധിക്കുകയായിരുന്നു.ശിവശങ്കറിനെ പ്രതിയാക്കുന്ന കാര്യം പോലും നിലവിൽ ആലോചിച്ചിട്ടില്ലെന്നും അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഇല്ലെന്നും അതുകൊണ്ട് തന്നെ മുൻകൂർ ജാമ്യം നൽകേണ്ട കാര്യമില്ലെന്നുമായിരുന്നു അദ്ദേഹം കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചപ്പോൾ കോടതിയെ അറിയിച്ചത്. എൻ.ഐ.എയുടെ ഈ വാദം അംഗീകരിച്ചുകൊണ്ട് കോടതി ഹരജി തീർപ്പാക്കുകയായിരുന്നു. അതായത് വാദവും പ്രതിവാദവുമായി കേസ് ഇനിയും നീളുമെന്ന് ഉറപ്പ്. ശിവശങ്കർ എന്ന അസാധാരണ ഉദ്യോഗസ്ഥൻ കേരള രാഷ്ട്രീയത്തിൽ ഇനിയും ചർച്ചയാവുമെന്ന് ഉറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP