Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202301Saturday

നിരീശ്വരവാദിയിൽ നിന്ന് ഇസ്ലാമിസ്റ്റിലേക്ക്; ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന മുദ്രാവാക്യം വിളിച്ച് വളർന്നു; സിമിയിൽ നിന്ന് എൻഡിഎഫിലേക്ക്; കശ്മീരില്ലാത്ത ഭൂപടം പ്രസിദ്ധീകരിച്ചതിന് സസ്‌പെൻഷൻ; ലാദനെ ന്യായീകരിച്ച് വാഷിങ്ങ്ടൺ പോസ്റ്റിൽ അഭിമുഖം; വ്യക്തി ജീവിതത്തിൽ സാത്വികൻ; എൻഐഎ പിടിച്ച പോപ്പുലർഫ്രണ്ട് താത്വികാചാര്യൻ പ്രൊഫ. പി കോയയുടെ ജീവിതം

നിരീശ്വരവാദിയിൽ നിന്ന് ഇസ്ലാമിസ്റ്റിലേക്ക്; ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന മുദ്രാവാക്യം വിളിച്ച് വളർന്നു; സിമിയിൽ നിന്ന് എൻഡിഎഫിലേക്ക്; കശ്മീരില്ലാത്ത ഭൂപടം പ്രസിദ്ധീകരിച്ചതിന് സസ്‌പെൻഷൻ; ലാദനെ ന്യായീകരിച്ച് വാഷിങ്ങ്ടൺ പോസ്റ്റിൽ അഭിമുഖം; വ്യക്തി ജീവിതത്തിൽ സാത്വികൻ; എൻഐഎ പിടിച്ച പോപ്പുലർഫ്രണ്ട് താത്വികാചാര്യൻ പ്രൊഫ. പി കോയയുടെ ജീവിതം

എം റിജു

കോഴിക്കോട്: പോപ്പുലർഫ്രണ്ട് എന്ന വിവാദ ഇസ്ലാമിക സംഘടനയെ സംബന്ധിച്ച് അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ ദിനങ്ങളിലൂടെയാണ് കടന്നുപോയത്. കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരേസമയം റെയ്ഡ് നടത്തി നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തിരിക്കയാണ്. ഇരുട്ടിവെളുക്കും മുമ്പ് പോപ്പുലർ ഫ്രണ്ട് നേതൃത്വം ഒന്നടങ്കം ജയിലിൽ ആയി. ഇതുപോലെ ഒരു അടി അവർ പ്രതീക്ഷിച്ചിരുന്നില്ല.

കരമന അഷ്റഫ് മൗലവി, സാദിഖ് അഹമ്മദ്, ഷിയാസ്, അൻസാരി, മുജീബ്, നജ്മുദ്ദീൻ, സൈനുദ്ദീൻ, ഉസ്മാൻ, യഹിയ തങ്ങൾ, മുഹമ്മദലി, സുലൈമാൻ, ആസിഫ് മിർസ, ഒ.എം.എ.സലാം, അബ്ദു റഹ്മാൻ, പ്രെഫസർ പി.കോയ, അനീസ് അഹമ്മദ്, അഫ്സർ പാഷ, അബ്ദുൽ വാഹിദ്, ജസീർ, ഷഫീർ, അബൂബക്കർ, മുഹമ്മദ് ബഷീർ, നാസറുദ്ദീൻ എളമരം, മുഹമ്മദലി ജിന്ന, മുഹമ്മദ് ഷാഹിബ് എന്നിവരെയാണ് എൻഐഎ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനിയാണ് പോപ്പുലർ ഫ്രണ്ടിന്റെ താത്വിക ആചാര്യൻ എന്ന അറിയപ്പെടുന്ന കോഴിക്കോട് കാരന്തൂർ സ്വദേശിയായ പ്രൊഫസർ പി കോയ എന്ന 70കാരൻ. വ്യക്തിജീവിതത്തിൽ സൗമ്യനും മൃദുഭാഷിയുമായ ഈ മനുഷ്യനാണ്, ഇന്ത്യയിൽ പോപ്പുലർ ഫ്രണ്ട് എന്ന സംഘടനക്കുതന്നെ അടിത്തറ ഇട്ടതിൽ പ്രധാനി എന്നാണ് ആരോപണം. നിരീശ്വരവാദിയും അമേരിക്കൻ സ്നേഹിയുമായി ജീവിതം തുടങ്ങിയ ഇദ്ദേഹം ഇപ്പോൾ തീവ്ര ഇസ്ലാമിസത്തിൽ എത്തി നിൽക്കയാണ്.

സൗമ്യനും സ്വാതികനുമായ നേതാവ്

തീവ്രവാദവും വർഗീയതയും ആരോപിക്കപ്പെടുന്ന ഒരു സംഘടനയുടെ നേതാവിനെ കുറിച്ചുള്ള പൊതുബോധം വളരെ കർക്കശക്കാരൻ എന്നായിരിക്കും. എന്നാൽ ഇതിന് നേർ വിപരീതമാണ് പ്രൊഫസർ കോയ. സൗമ്യനും സ്വാതികനുമാണ്, കോഴിക്കോട് ആർട്സ് കോളജിൽ അടക്കം ഇംഗ്ലീഷ് പ്രൊഫസർ ആയിരുന്നു ഇദ്ദേഹം. പക്ഷേ ആശയപരമായി അതീവ അപകടകാരിയും. നിരന്തരമായി ഇരവാദവും ഇസ്ലാമിസവും കുത്തിവെച്ച്, പോപ്പുലർ ഫ്രണ്ടിന് ചെറുപ്പക്കാരുടെ ഇടയിൽ സ്വീകര്യത നേടിക്കൊടുത്തത് പ്രൊഫസർ കോയയുടെ അടക്കം ശ്രമങ്ങൾ കൊണ്ടായിരുന്നൂ.

1950ൽ കാരന്തൂരിൽ ജനിച്ച ഇദ്ദേഹം കാരന്തൂർ മദ്റസത്തുൽ ചിശ്തിയ്യ, കുന്ദമംഗലം സ്‌കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക പഠനം നടത്തിയത്. കോഴിക്കോട് ദേവഗിരി കോളജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും, കോഴിക്കോട് സർവകലാശാലയിൽ നിന്ന് ബിസിനസ് അഡ്‌മിനിസ്‌ട്രേഷനിൽ ഡിപ്ലോമയും നിയമത്തിൽ ബിരുദവും നേടി. ചേന്ദമംഗലൂർ കോളജ് അദ്ധ്യാപകൻ, സർക്കാർ സർവീസിൽ അസി. സെയിൽസ് ടാക്‌സ് ഓഫിസർ, ഖത്തർ പൊലീസ് വകുപ്പിൽ ഇൻസ്ട്രക്ടർ, കോളജ് വിദ്യാഭ്യാസ വകുപ്പിൽ ഇംഗ്ലീഷ് അധ്യപകൻ എന്നിങ്ങനെ സേവനം ചെയ്തു. അൽപകാലം പ്രബോധനം വാരികയിൽ സബ് എഡിറ്ററായിരുന്നു.

അടിയന്തരാവസ്ഥയെ തുടർന്ന് പിരിച്ചുവിട്ട ഐഡിയൽ സ്റ്റുഡൻസ് ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട്, സംസ്ഥാന കമ്മിറ്റിയംഗം, സ്റ്റുഡൻസ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി), കോഴിക്കോട് ഇസ്ലാമിക് യൂത്ത് സെന്റർ, നാഷനൽ ഡവലപ്‌മെന്റ് ഫ്രണ്ട് (എൻ.ഡി.എഫ്), മലേഷ്യൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏഷ്യൻ ഫെഡറേഷൻ ഓഫ് മുസ്ലിം യൂത്ത്, കോൺഫെഡറേഷൻ ഓഫ് ഹൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ (എൻ.സി.എച്ച്.ആർ.ഒ), പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ, സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) എന്നിവയുടെ സ്ഥാപകരിൽ ഒരാളും ജിദ്ദ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്ലാമിക് ഡവലപ്‌മെന്റ് ബാങ്ക് (ഐ.ഡി.ബി) സ്‌കോളർഷിപ്പ് പ്രോഗ്രാം ഓണററി കൗൺസിൽ, ആൾ ഇന്ത്യ മില്ലികൗൺസിൽ എക്‌സികൂട്ടിവ് അംഗം, ഇൻസറ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസ് (ഐ.ഒ.എസ്) കേരള ചാപ്റ്റർ കോഓഡിനേറ്റർ, ഡൽഹിയിലെ സ്റ്റുഡൻസ് ഇസ്ലാമിക് ട്രസ്റ്റ് ഭരണ സമിതിയംഗം എന്നിങ്ങനെയും പ്രവർത്തിച്ചിട്ടുണ്ട്.

നിലവിൽ കോൺഫെഡറേഷൻ ഓഫ് ഹൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ (എൻ.സി.എച്ച്.ആർ.ഒ) യുടെ ജനറൽ സെക്രട്ടറി, സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) യുടെ വക്താവ്, പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സമിതി അംഗം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്ജക്റ്റീവ് സ്റ്റഡീസ് കേരള ചാപ്റ്റർ കോർഡിനേറ്റർ, എംപവർ ഇന്ത്യാ ഫൗണ്ടേഷൻ ട്രസ്റ്റ് മെമ്പർ എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. പ്രൊഫ പി കോയ കലീം, പിഎംഎഫ്, ബാബർ എന്നീ പേരുകളിൽ ആനുകാലികങ്ങളിൽ ധാരാളമായി എഴുതാറുണ്ട്. നല്ല പ്രഭാഷകനുമാണ്. സോഷ്യൽ മീഡിയയിലും അദ്ദേഹത്തിന് നിരവധി ഫോളോവേഴ്സ് ഉണ്ട്.

തീവ്രവാദത്തെ പുകഴുത്തുന്ന പ്രൊഫസർ

അമർ സി ബക്ഷി എന്ന വാഷിങ്ങ്ടൺ പോസ്റ്റ് പ്രതിനിധിയുമായി 2007ൽ പ്രൊഫസർ കോയ നടത്തിയ അഭിമുഖം വൻ വിവാദമായി. 'പ്രൊഫസർ പ്രൈസൈസ് ടെററിസം' എന്ന തലക്കെട്ടിലാണ് വാഷിങ്ങ്ടൺ പോസ്റ്റ് അത് പ്രസിദ്ധീകരിച്ചത്. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തെ കോയ ന്യായീകരിക്കുന്നതാണ് പത്രം ഹൈലൈറ്റ് ചെയ്തത്. ''സെപ്റ്റംബർ 11-ന് ഈ വാർത്ത അറിഞ്ഞപ്പോൾ ഞാൻ വളരെ സന്തോഷവാനും ആവേശഭരിതനായിരുന്നു. ബിബിസി ഓൺ ചെയ്യാൻ ആരോ എന്നെ വിളിച്ചു പറഞ്ഞു. വിമാനം വേൾഡ് ട്രേഡ് സെന്ററിൽ ഇടിച്ചു വീഴുന്നത് ഞാൻ കണ്ടു, അത് തകർന്നു വീഴുന്നത് കണ്ടു. യുണൈറ്റഡ് സ്റ്റേറ്റ്‌സ് താഴേക്ക്.... ഞാൻ ചിരിച്ചു.. അമേരിക്കക്കാർക്ക് ലോകത്തോട് ചെയ്തതെല്ലാം ഒസാമ ബിൻ ലാദൻ തിരികെ നൽകി. അതൊരു അത്ഭുതകരമായ കാര്യമായിരുന്നു. നിസ്സഹായരായ ആളുകൾക്ക് മറ്റെന്താണ് ചെയ്യാൻ കഴിയുക?''- പ്രൊഫസർ കോയയുടെ ഈ വാക്കുകളോടെയാണ് വാർത്ത തുടങ്ങുന്നത്.

വാഷിങ്ങ്ടൺ പോസ്റ്റ് ലേഖനത്തിന്റെ പ്രസ്‌കതഭാഗങ്ങൾ ഇങ്ങനെയാണ്.''കേരളത്തിലെ കോഴിക്കോട് ആസ്ഥാനമായുള്ള ഇസ്ലാമിക സംഘടനയായ നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ (എൻഡിഎഫ്) 13 സുപ്രീം കൗൺസിൽ അംഗങ്ങളിൽ ഒരാളാണ് പി.കോയ. തീവ്രവാദത്തെ പിന്തുണച്ചതിന് 2001-ൽ ബിജെപി സർക്കാർ നിരോധിക്കുകയും 2003-ൽ മുംബൈയിൽ നടന്ന ട്രെയിൻ സ്‌ഫോടനത്തിൽ പങ്കുണ്ടെന്ന് ആരോപിക്കുകയും ചെയ്ത സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുടെ (സിമി) സ്ഥാപക അംഗങ്ങളിൽ ഒരാളാണ് അദ്ദേഹം.

പക്ഷേ, കോയ തീവ്രസ്വഭാവം പുറത്ത് കാണിക്കുന്നില്ല. ടൈം, ദി ഇക്കണോമിസ്റ്റ് തുടങ്ങിയ പാശ്ചാത്യ മാഗസിനുകൾ അടുക്കി വച്ചിരിക്കുന്ന ഒരു മേശയ്ക്കു പിന്നിൽ മരംകൊണ്ടുള്ള ഒരു ചെറിയ ഓഫീസിൽ അദ്ദേഹം ഇരിക്കുന്നു. ചെക്ക് ചെയ്ത ബ്രൗൺ ബട്ടൺ ഡൗൺ ഷർട്ട് ധരിച്ച കുറ്റിമീശയുള്ള റിച്ചാർഡ് പ്രയോറിനെ പോലെയാണ് അയാൾ. ഞങ്ങൾ മുമ്പ് പലതവണ കണ്ടുമുട്ടിയതുപോലെ, അദ്ദേഹം എന്നെ നിസ്സാരമായി അഭിസംബോധന ചെയ്യുന്നു.

ഒരിക്കൽ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന അദ്ദേഹം. ആധികാരികമായി ഇംഗ്ലീഷ് സംസാരിക്കും, ഓരോ പോയിന്റും പൂർത്തിയാക്കിയതിന് ശേഷവും മെറ്റൽ ഫ്രെയിമിലുള്ള തന്റെ കണ്ണട ക്രമീകരിച്ചുകൊണ്ട്. എന്റെ കോളേജ് പ്രൊഫസർമാരെ ഓർമ്മിപ്പിക്കുന്നു. പുസ്തകങ്ങളെ കുറിച്ച് സംസാരിക്കാൻ അവൻ ഇഷ്ടപ്പെടുന്നു: അരുന്ധതി റോയ്, ഗബ്രിയേൽ ഗാർസിയ മാർക്വേസ്, ചാൾസ് ഡിക്കൻസ്. ചോംസ്‌കി, സാർത്രെ, കാമുസ്, പിൽഗർ അങ്ങനെ''- വാഷിങ്ങ്ടൺ പോസ്റ്റ് വാർത്തയിൽ അമർ സി ബക്ഷി പറയുന്നു.


നിരീശ്വരവാദിയിൽ നിന്ന് ഇസ്ലാമിസ്റ്റിലേക്ക്

എന്നാൽ എന്തിനാണ് ഈ അക്രമാസക്തമായ വിദ്വേഷം വാഷിങ്ങ്ടൺ പോസ്റ്റ് ലേഖകൻ ചോദിക്കുമ്പോൾ കോയയുടെ മറുപടി ഇങ്ങനെയാണ്്. ''ഞാൻ അമേരിക്കയെ സ്നേഹിച്ചാണ് വളർന്നത്. ഏറ്റവും മഹത്തായ രാഷ്ട്രമാണതെന്ന് ഞാൻ കരുതി. കെന്നഡി എന്നെ ആകർഷിച്ചു. അദ്ദേഹം വളരെ സുന്ദരനായിരുന്നു. ഒരു സിനിമാ താരത്തെ പോലെ. അദ്ദേഹം മരിച്ചപ്പോൾ ഞാൻ കരഞ്ഞു.''

തുടർന്ന് തന്റെ ജീവിതം കോയ ഇങ്ങനെ പറയുന്നു. ''അത് 1965 ആയിരുന്നു, സ്‌കൂൾ കഴിഞ്ഞ് ദിവസത്തിൽ രണ്ട് മണിക്കൂർ മുഷിഞ്ഞ ഖുർആൻ പഠനത്തിനിടയിലും താൻ ഒരു സ്വതന്ത്ര ചിന്താഗതിക്കാരനായ നിരീശ്വരവാദിയായി.'' കോയയുടെ കുടുംബം മതവിശ്വാസികളായിരുന്നു, പക്ഷേ തീക്ഷ്ണതയുള്ളവരായിരുന്നില്ല. കുട്ടിക്കാലത്തെ മകന്റെ വിശ്വാസക്കുറവ് ബാപ്പയെ അലട്ടിയെങ്കിലും അതിനെതിരെ ഒരു നടപടിയും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. കോയയുടേത് ഒരു ഇടത്തരം കുടുംബം ആയിരുന്നു. കോഴിക്കോട് നിന്ന് പത്ത് കിലോമീറ്റർ അകലെ കുന്നമംഗലം എന്ന ചെറുപട്ടണത്തിൽ. പിതാവിന് ഒരു തുണിക്കട ഉണ്ടായിരുന്നു. കോയയുടെ സഹോദരങ്ങൾ ഇപ്പോൾ കേരളത്തിലും ഗൾഫിലും എഞ്ചിനീയർമാരായും ഡോക്ടർമാരായും ശാസ്ത്രജ്ഞരായും ജോലി ചെയ്യുന്നു. മാതാപിതാക്കൾ മരിച്ചു. പക്ഷേ അവർ വളരെക്കാലം ആരോഗ്യത്തോടെ ജീവിച്ചു.

ജനിച്ചപ്പോൾ മുതൽ ഒരേ വീട്ടിലാണ് താമസം. 29-ാം വയസ്സിൽ നിശ്ചയിച്ച വിവാഹത്തിന് ശേഷവും മൂന്ന് കുട്ടികളുടെ ജനനത്തിനു ശേഷവും അദ്ദേഹം കുട്ടിക്കാലത്തെ വീട്ടിൽ തന്നെ തുടർന്നു. അദ്ദേഹത്തിന് ഇപ്പോൾ 57 വയസ്സുണ്ട്, കുട്ടികളോടൊപ്പം അമേരിക്കൻ സിനിമകൾ എഴുതാനും പഠിപ്പിക്കാനും കാണാനും ഇഷ്ടപ്പെടുന്നു. അലാഡിൻ, എ ബഗ്‌സ് ലൈഫ്, ദ ലയൺ കിങ്, പൈറേറ്റ്സ് ഓഫ് ദ കരീബിയൻ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവ.

20ാം വയസ്സിൽ കോളേജിൽ പഠിക്കുമ്പോഴാണ് മതത്തോടുള്ള തന്റെ ആകർഷണം ആരംഭിച്ചതെന്ന് കോയ പറയുന്നു. എല്ലാ ദിവസവും ഉച്ചതിരിഞ്ഞ് ക്ലാസ് കഴിഞ്ഞ്, ടൗൺ ബസാറിൽ ഒരു ചായക്കടയിൽ സുഹൃത്തുക്കളോടൊപ്പം ചായ കുടിച്ച് വിശ്രമിക്കുമായിരുന്നു. അവിടെവെച്ച് ധാരാളം സുഹൃത്തുക്കളെ ലഭിച്ചു, അവരിൽ ഒരാൾ തന്റെ അയൽപക്കത്തെ പള്ളിയിൽ ജമാഅത്തെ ഇസ്ലാമി ഹിന്ദ് എന്ന ഇസ്ലാമിക സംഘടനയിൽ പ്രവർത്തിച്ചിരുന്ന വ്യക്തിയാണ്. തന്നേക്കാൾ 20 വയസ്സിന് മുകളിലുള്ളയാളാണ്.

കോയ പേരു പറയാത്ത ഗുരുനാഥൻ അവനോടും കൂട്ടുകാരോടും മണിക്കൂറുകളോളം സംസാരിച്ചുകൊണ്ടിരിക്കും. ''ഞങ്ങൾ എല്ലാവരും അടുത്ത സുഹൃത്തുക്കളായി,'' കോയ പറയുന്നു. 'തീർച്ചയായും, ചൂടേറിയ വാദങ്ങൾ ഉണ്ടായിരുന്നു. ഞാൻ അവനോട് പറയും, നിങ്ങൾക്ക് ശാസ്ത്രത്തിലൂടെ ദൈവത്തെ തെളിയിക്കാൻ കഴിയില്ല എന്ന്. പക്ഷേ നിങ്ങൾക്ക് നിരീശ്വരവാദം തെളിയിക്കാൻ കഴിയില്ലെന്ന് അദ്ദേഹവും പറയും.'

'പതുക്കെ, മെല്ലെ അവൻ എന്നെ സ്വാധീനിച്ചു.വിശ്വാസത്തിലേക്കുള്ള എന്റെ തിരിച്ചുവരവ് വളരെ സാവധാനമുള്ള ഒന്നായിരുന്നു. എന്തുകൊണ്ടെന്ന് എനിക്ക് പറയാനാവില്ല. അത് എനിക്ക് സംഭവിച്ചു.' കോയയുടെ കണക്കനുസരിച്ച്, അദ്ദേഹം പതിവായി പള്ളി സന്ദർശിക്കാൻ രണ്ട് വർഷമെടുത്തു. താമസിയാതെ ജമാഅത്തെ ഇസ്ലാമിയിൽ വിദ്യാർത്ഥി പ്രവർത്തകനായി ചേർന്നു. ബാപ്പ സന്തോഷിച്ചു.

സംഘടന തനിക്കായി പുതിയൊരു ലോകം തുറന്നിട്ടുണ്ടെന്ന് കോയ വിശ്വസിക്കുന്നു. ' കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം ജമാഅത്തെ ഇസ്ലാമി നടത്തുന്ന ഒരു പ്രതിവാര മുസ്ലിം മാസികയിൽ ചേരാൻ തീരുമാനിച്ചു. അതിലൂടെ രാജ്യത്തുടനീളമുള്ള പാർട്ടി അംഗങ്ങളുമായി ആശയവിനിമയം നടത്തി. ജീവിതത്തിൽ ആദ്യമായി അദ്ദേഹം കേരളം വിട്ട് ഡൽഹിയിലേക്ക് യാത്ര ചെയ്തു. പിന്നെ കൽക്കത്തയിലേക്ക് അടക്കം നിരവധി യാത്രകൾ. - ഇങ്ങനെയാണ് വാഷിംങ്ങ്ടൺ പോസ്റ്റിനോട് കോയ തന്റെ മാനസാന്തര കഥ പറയുന്നത്.

സിമിയിൽ നിന്ന് എൻഡിഎഫിലേക്ക്

ജമാഅത്തിലെ ജീവിതം തന്റെ ലക്ഷ്യബോധം വർദ്ധിപ്പിച്ചുവെന്ന് വാഷിങ്ങ്ടൺ പോസ്റ്റിലെ അഭിമുഖത്തിൽ പ്രൊഫസർ കോയ പറയുന്നു. ചരിത്രത്തിലേക്കും സമകാലിക ആഗോള സംഭവങ്ങളിലേക്കും അദ്ദേഹം കൂടുതൽ ശ്രദ്ധ ചെലുത്തിയപ്പോൾ, ഇസ്ലാമിക സമൂഹം അമേരിക്കയുമായി വിയോജിക്കുന്നു എന്ന തോന്നൽ വളർന്നു. 'ക്രമേണ സ്നേഹത്തിൽ നിന്ന് യു.എസിനോടുള്ള ശുദ്ധമായ വെറുപ്പിലേക്ക് എന്റെ മനോഭാവം മാറി. 1967-ലെ ഇസ്രയേൽ യുദ്ധത്തെക്കുറിച്ച് സംസാരിച്ചു, ഇന്ത്യയിലെ മുസ്ലീങ്ങളുടെ പോരാട്ടങ്ങൾ കണ്ടു, വാർത്തകൾ വായിച്ചു, ലോകമെമ്പാടുമുള്ള മുസ്ലീങ്ങളെ സഹായിക്കാനുള്ള ആഗോള അന്വേഷണത്തിന്റെ ഭാഗമായി സ്വയം ചിന്തിച്ചു. ആയിടെയാണ് ജമാഅത്തിൽ പിളർപ്പുണ്ടായത്. ഒടുവിൽ കോയയും മറ്റുള്ളവരും മാതൃസംഘടനയിൽ നിന്ന് പിരിഞ്ഞ് സിമി രൂപീകരിച്ചു.

അതിനിടെ കോഴിക്കോട് കോളേജിൽ മുഴുവൻ സമയ ഇംഗ്ലീഷ് പ്രൊഫസറായി ചേർന്നുവെന്നും എല്ലാ ദിവസവും രാവിലെ നാല് മണിക്കൂർ ഇംഗ്ലീഷ് പഠിപ്പിക്കുകയും തന്റെ ഒഴിവുസമയങ്ങൾ സിമി വികസിപ്പിക്കാൻ ഉപയോഗിക്കുകയും ചെയ്തുവെന്ന് കോയ പറയുന്നു. സമാന ചിന്താഗതിക്കാരായ ആളുകളെ കാണുന്നതിനായി അദ്ദേഹം ഗൾഫിലുടനീളം സഞ്ചരിച്ചു. പക്ഷേ ഫണ്ട് ശേഖരിച്ചുവെന്നത് അദ്ദേഹം വാഷിങ്ങ്ടൺ പോസ്റ്റിനോട് നിഷേധിച്ചു.

1993-ൽ ബാബറി മസ്ജിദ് തകർക്കപ്പെട്ടതിന് ശേഷം, ചില യുവാക്കാൾ ചേർന്ന് എൻഡിഎഫ് രൂപീകരിച്ചൂ. ഹിന്ദുത്വ തീവ്രവാദികൾ, അമേരിക്ക, ഇസ്രയേൽ, ഇന്ത്യൻ വരേണ്യവർഗം, അവരുടെ എല്ലാ നവലിബറൽ നയങ്ങളും. ഇതിനെതിരെയാണ് പോരാട്ടം. ഈ ശക്തികൾ ഇസ്ലാമിക ജീവിതരീതിയെ വെട്ടിച്ചുരുക്കാനാണ് ശ്രമിക്കുന്നതെന്ന് കോയ പറയുന്നു.വടക്കൻ കേരളത്തിൽ എൻഡിഎഫിന് വലിയ പിന്തണ കിട്ടിയെന്നം, ഇപ്പോൾ 30,000 സജീവ അംഗങ്ങളും ഒരു ലക്ഷത്തിലധികം അനുഭാവികളുമുണ്ടെന്ന് കോയ പറയുന്നു.

'നിങ്ങൾ ബിൻ ലാദനെ പ്രശംസിക്കുന്നു, എന്നാൽ അമേരിക്കക്കാരെ കൊല്ലാൻ നിങ്ങളുടെ യുവാക്കളെ പ്രോത്സാഹിപ്പിക്കുമോ?' അഭിമുഖം അവസാനിപ്പിക്കുന്നതി മുന്നോടിയായി വാഷിങ്ങ്ടൺ പോസ്റ്റ് ലേഖകൻ പ്രൊഫസർ കോയയോട് ചോദിക്കുന്നു.

'ഞാൻ അതിനെ പ്രോത്സാഹിപ്പിക്കില്ല. എന്നാൽ മരിക്കുന്നതും ഒരു മോശം കാര്യമല്ല. അത് നിങ്ങൾ കാര്യങ്ങൾ എങ്ങനെ കാണുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഇറാഖിൽ കുട്ടികളെ കൊന്നതിന് ശേഷം അമേരിക്കക്കാർ അവരുടെ സൈനികരെ അഭിനന്ദിക്കുന്നു. യുവ ആഫ്രിക്കൻ അമേരിക്കക്കാർ അവരുടെ രാജ്യത്തിനായി മരിക്കുന്നു. യുവ മുസ്ലീങ്ങൾ അവർക്കുവേണ്ടി മരിക്കുന്നു. എല്ലാം വിശ്വാസം.'- കോയ പറയുന്നു.

'അമേരിക്ക കേരളത്തെക്കുറിച്ച് വേവലാതിപ്പെടണോ?' എന്ന ചോദ്യത്തിന്, ''ഇവിടെ തീവ്രവാദം ഉണ്ടാകില്ല. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്, അതിനാൽ നമുക്ക് വിയോജിക്കുമ്പോൾ പ്രതിഷേധിക്കാനും വോട്ടുചെയ്യാനും കഴിയും. നമുക്ക് കൊല്ലേണ്ട ആവശ്യമില്ല. പക്ഷേ, ഇന്ത്യ പതുക്കെ മുസ്ലിംകളുടെ പിന്നാലെ വരുന്നുണ്ട്. പക്ഷേ, നമ്മുടെ അവകാശങ്ങളും ചിന്തിക്കാനുള്ള നമ്മുടെ അവകാശവും നഷ്ടപ്പെട്ടാൽ നമുക്ക് വേറെ വഴിയില്ലാതെയാകും. ആ രീതിയിൽ ഇസ്ലാം കാപട്യമല്ല. അക്രമം ന്യായീകരിക്കാം. പക്ഷേ ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്, അതിനാൽ ഞങ്ങൾക്ക് ഇപ്പോൾ മറ്റ് മാർഗങ്ങളുണ്ട്, വിഷമിക്കേണ്ട.' അദ്ദേഹ വീണ്ടും പുരികങ്ങൾ ഉയർത്തി പുഞ്ചിരിച്ചുകൊണ്ട് ചോദിക്കുന്നു, 'നിങ്ങൾ വിഷമിക്കുന്നുണ്ടോ?'- ഇങ്ങനെയാണ് വാഷിങ്ങ് ടൺ പോസ്റ്റ് വിവാദ അഭിമുഖം അവസാനിക്കുന്നത്.

എൻഡിഎഫിൽ നിന്ന് പോപ്പുലർ ഫ്രണ്ടിലേക്ക്

2007ൽ വാഷിങ്ങ്ടൺ പോസ്റ്റ് ഈ അഭിമുഖം എടുക്കുമ്പോൾ യുപിഎയുടെ ഭരണം ആയിരുന്നു. പക്ഷേ പിന്നീട് അങ്ങോട്ട് സംഘപരിവാർ വളർച്ച ശക്തമായി. അതോടെ എൻഡിഎഫ് പോപ്പുലർ ഫ്രണ്ടായി മാറി. അതിന്റെയും ബുദ്ധികേന്ദ്രം പ്രൊഫസർ കോയ ആണെന്നാണ് വിമർശകർ പറയുന്നത്. അതിനിടെ ഇദ്ദേഹം മലേഷ്യ അടക്കമുള്ള രാജ്യങ്ങൾ സന്ദർശിച്ചതും വിവാദമായിരുന്നു. പക്ഷേ കോയ വാഷിങ്ങ്ടൺ പോസ്്റ്റിനോട് പറഞ്ഞതുപോലെ അല്ലായിരുന്നു കാര്യങ്ങൾ. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന അതി തീവ്രമായ മുദ്രാവാക്യം ഉയർത്തിയ സംഘടനായിരുന്നു സിമി. ആ മുദ്രാവാക്യത്തിന്റെ ഉടമപോലും കോയയാണെന്ന് ആരോപണമുണ്ട്. സിമി നിരോധിക്കപ്പെട്ട് നിൽക്കള്ളിയില്ലാതായപ്പോൾ ആണ് അത് എൻഡിഎഫ് ആകുന്നത്. പിന്നീട് ഈ എൻഡിഎഫിന്റെ വികസിത രൂപമാണ് എസ്ഡിപിഐ എന്ന രാഷ്ട്രീയ പാർട്ടിയും പോപ്പുലർ ഫ്രണ്ടും.

പോപ്പുലർ ഫ്രണ്ട് ഉണ്ടാകുന്നത് മൂന്ന് സംഘടനകളുടെ ലയനത്തിലൂടെയാണ് . നാഷണൽ ഡമോക്രറ്റിക് ഫ്രണ്ട് എന്ന കേരളത്തിലെ സംഘടനയും, കർണ്ണാടക ഫോറം ഫോർ ഡിഗിനിറ്റിയും, തമിഴ് നാട്ടിലെ മനിത നീതി പസരൈയും. 2007 ലാണത്.ഇന്ത്യയിലെ അരികുവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ശാക്തീകരണമാണ് ഈ സംഘടനയുടെ ലക്ഷ്യമായി ഇവർ പുറത്തേക്ക് പറയുന്നത്. പക്ഷേ യാഥാർഥ്യം ഒരു ഇസ്ലാമിക രാജ്യം തന്നെയായിരുന്നു. ഈ നീക്കങ്ങൾക്കെല്ലാം ചുക്കാൻ പിടിച്ചവരിൽ പ്രധാനിയും പ്രൊഫസർ കോയ ആയിരുന്നു.

നേരത്തെ പ്രൊഫ. പി കോയ ഓണററി എഡിറ്ററായ ഇസ്ലാമിക വിജ്ഞാനകോശത്തിൽ കശ്മീരടക്കമുള്ള മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങൾ പച്ചനിറത്തിൽ കൊടുത്തത് വിവാദമായിരുന്നു. കശ്മീരില്ലാത്ത ഇന്ത്യൻ ഭൂപടം പ്രസിദ്ധീകരിച്ചുവെന്നാരോപിച്ച് ബിജെപി. അനുകൂല സംഘടനകൾ രംഗത്തെത്തി. ഇതേത്തുടർന്ന് കോയക്കെതിരേ കേസെടുത്ത് അദ്ദേഹത്തെ 2002 ജനുവരിയിൽ രണ്ടാഴ്ചയോളം കസ്റ്റഡിയിലെടുത്തു. സർവീസിൽ നിന്ന് സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് സസ്‌പെൻഷൻ പിൻവലിക്കുകയും അദ്ദേഹത്തിന് ഇക്കാലയളവിലുള്ള ശമ്പളമടക്കമുള്ള എല്ലാ ആനുകൂല്യങ്ങളും തിരികെ നൽകുകയും ചെയ്തു.

ഗവൺമെന്റ് കോളജിൽനിന്ന് വിരമിച്ചശേഷ കോയ പോപ്പുലർ ഫ്രണ്ടിന്റെ മുഖപത്രമായ തേജസ് ദിനപത്രത്തിന്റെ ചീഫ് എഡിറ്ററായി. മാധ്യമത്തിന്റെ വിജയം കണ്ട് തേജസ് തുടങ്ങാൻ ഉപദേശിച്ച ബുദ്ധികേന്ദ്രവും കോയ തന്നെ ആയിരുന്നു. അതിനിടെ കൈവെട്ടുകേസിലും കോയയുടെ പേര് ഉയർന്നു വന്നു. ന്യൂമാൻ കോളേജ് അദ്ധ്യാപകനായിരുന്ന പ്രൊഫസർ ടിജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ അന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ നസറുദ്ദീൻ എളമരം കേന്ദ്ര കമ്മിറ്റിയംഗം പ്രൊഫസർ പി കോയയ്ക്കും പൊലീസ് നോട്ടീസ് നൽകിയിരുന്നു. പക്ഷേ ചോദ്യം ചെയ്യലിനുശേഷം ഇരുവരുടെയും പങ്കാളിത്തം തെളിയിക്കാനായില്ല.

മതംമാറികളെ പ്രോൽസാഹിപ്പിക്കരുത്

ഇസ്ലാമിലേക്കുള്ള മതം മാറ്റത്തിന്റെ പേരിലാണ് പ്രൊഫസർ കോയ പിന്നീട വിവാദ പരുഷൻ ആയത്. ഇസ്ലാമിലേക്കുള്ള മതംമാറ്റം ആഘോഷിക്കേണ്ടതില്ലെന്ന വാദവുമായി അദ്ദേഹം രംഗത്ത് എത്തി. അപകർഷതാബോധം മൂലം ചെറിയ തോതിൽ പ്രശസ്തരായവർ വരെ ഇസ്ലാമിലേക്ക് വരുകയാണെന്ന് കോയ ആരോപിച്ചു. എഴുത്തുകാരൻ കമൽ സി നജ്മലിനെ പരോക്ഷമായി പരാമർശിച്ചുകൊണ്ടായിരുന്നു പ്രൊഫസറുടെ ഫേസ്‌ബുക്ക് പോസ്റ്റ്.

''കൊല്ലം ചവറയിൽ നിന്നുള്ള വലിയ ഏഴുത്തുകാരനോ നാടകകൃത്തോ ഒന്നുമല്ലാത്ത ഒരു വിദ്വാൻ ഇസ്ലാമിലേക്ക് വന്നപ്പോൾ അത് ഒരു സംഭവമാക്കാൻ മുസ്ലിം കേരളം ശ്രമിച്ചിരുന്നു. അയാൾ തന്നെ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രതിഷേധമോ നിരാശയോ പ്രകടിപ്പിക്കുന്ന വാക്കുകൾ പോസ്റ്റ് ചെയ്യുമ്പോൾ അത്തരം അമിതപ്രതികരണത്തിന്റെ അർത്ഥമില്ലായ്മ നമുക്ക് ബോധ്യമാവും.അത്തരം 'മതംമാറികളെ' നിരീക്ഷണത്തിൽ വെക്കുകയോ അവഗണിക്കുകയോ ചെയ്യുന്നതിലാണ് ബുദ്ധി''- കോയ ഫേസ്‌ബുക്കിൽ കുറിച്ചു.

ഇതിന് മുറുപടിയായി ആരായാലും പടച്ചവന്റെ പണി സ്വയം ഏറ്റെടുക്കരുതെന്നായിരുന്നു കമൽ സി നജ്മലിന്റെ മറുപടി.കമൽ സി നജ്മൽ തന്നെയും മകളേയും മതംമാറ്റത്തിന് നിർബന്ധിക്കുന്നെന്ന് ആരോപിച്ച് രണ്ടാം ഭാര്യയായ ദളിത് യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. ഒന്നുകിൽ ഇസ്ലാമിലേക്ക് മതം മാറണമെന്നും അല്ലെങ്കിൽ ഇസ്ലാം മതത്തിൽ പെട്ട ഒരു സ്ത്രീയെ വിവാഹം കഴിക്കാൻ സമ്മതിക്കണമെന്നും ആവശ്യപ്പെട്ട് കമൽ പീഡിപ്പിക്കുകയാണെന്നും യുവതി പരാതിയിൽ വ്യക്തമാക്കി. തന്നെ ബലാത്സംഗം ചെയ്‌തെന്നും യുവതി പരാതിയിൽ പറയുന്നുണ്ട്. പക്ഷേ പിന്നീട് വർഷങ്ങൾ കഴിഞ്ഞപ്പോൾ കമൽ സി ഇസ്ലാം ഉപേക്ഷിക്കുകയും ചെയതു.


ഫേസ്‌ബുക്കിൽ നിരന്തര ഇരവാദം

ഇപ്പോൾ ഈ 70ാം വയസ്സിലും പ്രൊഫസർ കോയ വിശ്രമിക്കുന്നില്ല. ഫേസ്‌ബുക്കിലൂടെ നിരന്തരം ഇരവാദ പോസ്റ്റുകൾ അദ്ദേഹം ഇട്ടുകൊണ്ടിരുന്നു. ശ്രീകൃഷ്ണ ജയന്തി സമയത്ത് മൂന്ന് കുട്ടികൾ കൃഷ്ണവേഷം കെട്ടി നടന്നുപോകുന്ന ഫോട്ടോ ഇട്ട്,''കേരളത്തിലെ ബാലാവകാശ കമ്മീഷൻ ഇതൊന്നുംകാണുന്നില്ലേ, യുവർ ഓണർ !'' എന്നായിരുന്നു കോയയുടെ കമന്റ്. എന്നാൽ നബിദിന ഘോഷയാത്രക്കും മറ്റുമായി അദ്ദേഹത്തിന്റെ മതത്തിലും സമാനമായ റാലികൾ കാണാറുണ്ട്. പക്ഷേ അത് അദ്ദേഹത്തിന് ബാലപീഡനമല്ല.

അതുപോലെ രാമായണ മാസം ആചരണത്തിനെതിരെയും കോയ രംഗത്ത് എത്തി.
'രാമായണ മാസം ആരുടെ ബുദ്ധി' എന്നാണ് തന്റെ പോസ്റ്റിൽ അദ്ദേഹം ചോദിക്കുന്നത്. ''കർക്കിടകം രാമായണമാസമാക്കി മാറ്റിയതിനു പിന്നിൽ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കുസാമർഥ്യം ഒളിഞ്ഞിരിക്കുന്നു. കർക്കിടകത്തിൽ ഹിന്ദു ഇതിഹാസമായ രാമായണം വായിക്കുന്ന ശീലം കേരളത്തിലെ ചില സവർണ സമുദായങ്ങളിൽ മാത്രം കണ്ടിരിക്കാം. എന്നാൽ 1982 ഏപ്രിൽ 4, 5 തിയ്യതികളിൽ എറണാകുളത്ത് ചേർന്ന വിശാല ഹിന്ദു സമ്മേളനമാണ് അങ്ങനെയൊരു തീരുമാനമെടുക്കുന്നത്'' എന്നാണ് അദ്ദേഹം പറയുന്നത്. സ്വന്തം മതത്തിലെ എത്രയേ കാര്യങ്ങളെ വിമർശിക്കാതെ പ്രെഫസർ എന്തിന് ഹിന്ദുക്കളുടെ പിന്നിലെ കൂടുന്നുവെന്നാണ് ഇതിനിതിരെ സോഷ്യൽ മീഡിയയിൽ ഉയർന്ന ചോദ്യം.

അതുപോലെ ജെൻഡർ ന്യൂട്രൽ യൂണിഫോമിനെതിരെയും പ്രൊഫസർ കോയ രംഗത്ത് എത്തി. 'സാരിയുടുക്കുന്ന മന്ത്രിമാർ' എന്നാണ് അദ്ദേഹം പരിഹസിക്കുന്നത്. ''സിപിഎമ്മും ഇടത്തുനിൽക്കുന്നവരെന്നു വീമ്പടിക്കുന്ന പുരോഗമന ചിന്തകരും ലിംഗസമത്വത്തിന് ഒരൊറ്റ നിർവചനമാണ് നൽകാറ്. പെണ്ണുങ്ങളൊക്കെ ആണുങ്ങളെപ്പോലെ വസ്ത്രം ധരിക്കുകയും ക്ലാസിലും ജോലിസ്ഥലത്തും ഇടകലർന്നിരിക്കുകയും ചെയ്താൽ അവർക്ക് ലിംഗനീതിയായി. വിദ്യാഭ്യാസ മന്ത്രി പെട്ടെന്നു ആ നിലപാട് മാറ്റിയതു എതിർപ്പ് ശക്തമായതുകൊണ്ടാണ്. സോവിയറ്റ് യൂണിയനിൽ ആ നയം നടപ്പിലാക്കുന്നതിനു മുമ്പു തന്നെ സോവിയറ്റ് ശീട്ടുകൊട്ടാരം തകർന്നു വീണിരുന്നു. പടിഞ്ഞാറ് സ്ത്രീകൾ, ജീൻസിടുമെങ്കിലും സ്തനഭാരം അൽപം കാണിക്കുന്ന, ഷർട്ടിടുന്നത് ഏതായാലും ലിംഗനീതിക്കായിരിക്കില്ല.''- അടിമുടി സ്ത്രീവിരുദ്ധമായ പോസ്റ്റിൽ കോയ ചൂണ്ടിക്കാട്ടുന്നു.

ഇങ്ങനെ പൊളിറ്റിക്കൽ ഇസ്ലാമിനുവേണ്ടി നിരന്തരം ഫൈറ്റ് ചെയ്യുകയാണ് പ്രൊഫസർ കോയ ചെയ്തിരുന്നത്. ഒരു പുരോഗമന മറയിട്ടുകൊണ്ട് നിരന്തരം മതം കുത്തിക്കയറ്റിയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം. ഇപ്പോൾ അറസ്റ്റിൽ ആയതും കോയ ഒരു പരിധിവരെ പ്രതീക്ഷിച്ചിരുന്നു. എന്നെങ്കിലും അവർ ഞങ്ങളെ കുടുക്കുമെന്ന് അദ്ദേഹം അടുത്ത സുഹൃത്തുക്കളോട് പറയാറുണ്ടായിരുന്നു.

ഇങ്ങനെ ഒക്കെ ആണെങ്കിലും പ്രൊഫസർ കോയയുടെ നാട്ടുകാർക്കും സഹൃത്തുക്കൾക്കും വിദ്യാർത്ഥികൾക്കുമെല്ലാം അദ്ദേഹത്തെ നല്ല മതിപ്പാണ്. സ്നേഹ സമ്പന്നനും, എന്ത് കാര്യത്തിനും മറ്റുള്ളവരെ സഹായിക്കാൻ മുന്നിട്ടറങ്ങുന്നവനുമാണ്, അദ്ദേഹം എന്നാണ് അവർ പറയുന്നത്. മതം തലക്കുപിടിക്കുന്നത് മനുഷ്യനെ എങ്ങനെ ദുഷിപ്പിക്കും എന്നതിന്റെ ഉദാഹരണം കൂടിയാണ് കോയയുടെ ജീവിതം. വ്യകതിപരമായി ആരോടും ഒന്നിനും പോകാത്ത മനുഷ്യൻ ആശയപരമായി ഭീകരൻ ആവുന്നു!

വാൽക്കഷ്ണം: നമ്മുടെ കേരളാ പൊലീസ് പോലെയല്ല എൻഐഎ. പിടിച്ചാൽ പിടിച്ചതുപോലെയാണ്. ഇനി ഈ നേതാക്കൾ എന്ന് പുറംലോകം കാണും എന്ന് ആർക്കും അറിയില്ല. മാധ്യമ പ്രവർത്തകൻ ആയിട്ടുപോലും സിദ്ദീഖ് കാപ്പന് രണ്ടുവർഷത്തിനുശേഷമാണ് ജാമ്യം കിട്ടുന്നത്. എന്നിട്ടും ഇപ്പോഴും പുറത്തിറങ്ങാൻ കഴിഞ്ഞിട്ടില്ല. ഇനി ഈ എഴുപതാം വയസ്സിൽ, ഈ പ്രെഫസറുടെ ഭാവി എന്താവുമെന്ന് കണ്ട് അറിയണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP