Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202029Thursday

ആണിനും പെണ്ണിനും നൂൽബന്ധമില്ലാതെയും ഇവിടെ ജീവിക്കാം; മദ്യവും മയക്കുമരുന്നുമായി രാവേറെ നീളുന്ന സ്വതന്ത്ര രതിമേളകൾ; 93 റോൾസ് റോയ്‌സ് കാറുകളടക്കം 600 കോടി ഡോളറിന്റെ സ്വാമ്രാജ്യം; ഒടുവിൽ അമേരിക്കൻ ഭരണകൂടത്തിന് ഭീഷണിയായ ആത്മീയ അധോലോകമായി; മരിച്ചിട്ടും പുസ്‌കങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഇന്നും 'സജീവം' ; ലോക്ഡൗൺ കാലത്ത് ലോകം ഏറ്റവുമധികം വായിച്ചത് ഈ ഇന്ത്യൻ ഫ്രീസെക്സ് ഗുരുവിനെ; പുനർജ്ജനിക്കുന്ന ഓഷോ കൾട്ടുകളുടെ ഭീതിയിൽ അമേരിക്ക

ആണിനും പെണ്ണിനും നൂൽബന്ധമില്ലാതെയും ഇവിടെ ജീവിക്കാം; മദ്യവും മയക്കുമരുന്നുമായി രാവേറെ നീളുന്ന സ്വതന്ത്ര രതിമേളകൾ; 93 റോൾസ് റോയ്‌സ് കാറുകളടക്കം 600 കോടി ഡോളറിന്റെ സ്വാമ്രാജ്യം; ഒടുവിൽ അമേരിക്കൻ ഭരണകൂടത്തിന് ഭീഷണിയായ ആത്മീയ അധോലോകമായി; മരിച്ചിട്ടും പുസ്‌കങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഇന്നും 'സജീവം' ; ലോക്ഡൗൺ കാലത്ത് ലോകം ഏറ്റവുമധികം വായിച്ചത് ഈ ഇന്ത്യൻ ഫ്രീസെക്സ് ഗുരുവിനെ; പുനർജ്ജനിക്കുന്ന ഓഷോ കൾട്ടുകളുടെ ഭീതിയിൽ അമേരിക്ക

എം മാധവദാസ്

മേരിക്കയെ ഏറ്റവും അധികം വിറപ്പിച്ച ഇന്ത്യാക്കാരൻ ആരായിരിക്കുമെന്ന് ചോദിച്ചാൽ രജനീഷ് ചന്ദ്രമോഹൻ ജെയിൻ എന്ന മധ്യപ്രദേശുകാരന്റെ പേരാണ് യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പറയുക. ഭഗവാൻ രജനീഷ്് എന്നും ഓഷോ രജനീഷ് എന്നും അറിയപ്പെട്ട അദ്ദേഹം, വിമർശകരുടെ ഭാഷയിൽ ഇന്ത്യൻ ഫ്രീ സെക്‌സ് ഗുരുവും, ആത്മീയ അധോലോകത്തിന്റെ അധ്യക്ഷനുമാണ്. എന്നാൽ വിമർശകരുടെ പത്തിരട്ടിയോളം വരുന്ന ലോകമെമ്പാടുമുള്ള ആരാധകർക്ക് നിരവധി മനോഹര പുസ്തകങ്ങളുടെ രചയിതാവും, സുന്ദരമായ ഇംഗ്ലീഷിൽ സർക്കാസം ചാലിച്ച് സംസാരിക്കാൻ കഴിയുന്ന, കാന്തക്കല്ലുകൾ പതിച്ചപോലുള്ള കണ്ണുകൾ ഉള്ള ഒരു അവധൂതനാണ്. അവരുടെ അഭിപ്രായത്തിൽ ഓഷോ ജനിച്ചിട്ടും മരിച്ചിട്ടുമില്ല. ഈ ഗ്രഹം സന്ദർശിച്ച് കടന്നുപോയതേ ഉള്ളൂ!

അനുകൂലിച്ചും പ്രതികൂലിച്ചുമായി ഇത്രയേറെ വായിക്കപ്പെട്ട ഒരു എഴുത്തുകാരൻ വേറയുണ്ടാവില്ല. ഏറ്റവും ഒടുവിൽ, ഈ ലോക്ഡൗൺ കാലത്ത് ലോകം ഏറ്റവും അധികം വായിച്ച പത്ത് പുസ്തകങ്ങളുടെ ലിസ്റ്റ് പരിശോധിച്ചപ്പോൾ അതിലും ഓഷോയുണ്ട്. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും സീഡികളും ഇന്ത്യയേക്കാൾ ഉപരിയായി അമേരിക്കയടക്കമുള്ള പാശ്ചാത്യനാടുകളിൽ വൻ തോതിൽ വിറ്റഴിക്കപ്പെടുന്നു. ഓഷോയുടെ പേരിൽ വാട്‌സാപ്പ് ഗ്രൂപ്പുകളും ഫേസ്‌ബുക്ക് കൂട്ടായ്മകളും സജീവമാണ്. അദ്ദേഹത്തിന്റെ ജീവിത രീതികളുമായി വിയോജിപ്പുള്ളവർപോലും, പുസ്തകങ്ങളിലെയും പ്രഭാഷണങ്ങളിലെയും തീപ്പിടിപ്പിക്കുന്ന ആശയങ്ങളോട് യോജിക്കുന്നവരാണ്. 'മരിച്ചിട്ടും മനുഷ്യന്റെ മസ്തിഷ്‌ക്കത്തിന് തീപ്പിടിപ്പിക്കുന്ന ബൗദ്ധിക സാന്നിധ്യം' എന്നാണ് അദ്ദേഹത്തെ ടൈം മാഗസിൻ വിശേഷിപ്പിക്കുന്നത്. ഓഷോ കൾട്ടുകൾ നവമാധ്യമങ്ങളിൽ സജീവമാകുന്നതിനെ അൽപ്പം ഭീതിയോടുകൂടിയാണ്, പൂർവകാല അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ അമേരിക്ക കാണുന്നതും. സ്‌നേഹ പ്രഭാഷണങ്ങളിൽ തുടങ്ങി ഒടുവിൽ സമാന്തര ഭരണകൂടം ആവാൻ ശ്രമിച്ച സാക്ഷാൽ ഓഷോയുടെ ഓർമ്മകൾ അവർ മറന്നിട്ടില്ല. അതുകൊണ്ടുതന്നെ ജീവിച്ചിരുക്കുന്ന ഓഷോയേക്കാൾ കരുത്തനാണ്, മരിച്ച ഓഷോ എന്നും വിലയിരുത്തലുകൾ വരുന്നുണ്ട്.

ഓഷോയുടെ കൃതികൾ ഇതു വരെ 55 ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. മൂൻ ഇന്ത്യൻ പ്രധാനമന്ത്രി മന്മോഹൻസിങ്, എഴുത്തുകാരൻ ഖുശ്വന്ത് സിങ്, അഭിനേതാക്കളായ വിനോദ് ഖന്ന, അമേരിക്കൻ കവി റൂമി തുടങ്ങിയവർ തൊട്ട് നമ്മുടെ മോഹൻലാൽവരെയുള്ള പ്രശസ്തർ ഓഷോയുടെ ആരാധകർ ആണെന്ന് തുറന്ന് സമ്മതിച്ചിട്ടുണ്ട്. ഇന്ത്യൻ പാർലമന്റ് വായനശാലയിൽ രണ്ട് വ്യക്തികളുടെ മാത്രം എല്ലാ കൃതികളും സൂക്ഷിച്ചിരിക്കുന്നുണ്ട്. ഓഷോയുടെയും ഗാന്ധിയുടെയുമാണവ. പൂണെയിലെ ഓഷോ അന്താരാഷ്ട്ര ധ്യാനകേന്ദ്രം പ്രതിവർഷം രണ്ടുലക്ഷം ആളുകൾ സന്ദർശിക്കുന്നുണ്ട്. താൻ എഴുതിയ നിരവധി പുസ്‌കങ്ങൾ മറന്നുകൊണ്ട് ലൈംഗികതയെക്കുറിച്ചുള്ള തന്റെ അഭിപ്രായം മാത്രമാണ് പൊതുസമൂഹം ചർച്ച ചെയ്യുന്നതെന്ന് ഓഷോ നേരത്തെ പറഞ്ഞിരുന്നു. മരിച്ചിട്ട് ഇത്രകാലം കഴിഞ്ഞിട്ടും ലോകം അതുതന്നെ ചർച്ച ചെയ്യുന്നു.

എഴുത്തുകാരനും സാമൂഹിക ശാസ്ത്രജ്ഞനുമായ മാർഷൽ മക്‌ലൂഹന്റെ അഭിപ്രായത്തിൽ ഒരു കൗണ്ടർ കൾച്ചർ കൾട്ടുകൾ രൂപപ്പെടുന്നതിന് ഒരു സാമൂഹിക സാഹചര്യം വേണം. രണ്ടാംലോക മഹായുദ്ധം ലോകത്തിന് സമ്മാനിച്ച കൊടിയ കെടുതികളുടെ ഭാഗമായിട്ടാണ്, ഹിപ്പി സംസ്‌ക്കാരം അടക്കമുള്ളവ പടർന്നു പിടിച്ചത്. ഇപ്പോൾ ഈ കോവിഡ് കാലവും സമാനമായ വിഷാദവും ഗ്രേറ്റ് ഡിപ്രഷനുമാണ് ലോകത്തിൽ ഉണ്ടാക്കിയത്. വിഷാദത്തിന് പരിഹാരം നിർദ്ദേശിച്ചുകൊണ്ട് എല്ലാവിധ ഭൗതിക സുഖങ്ങൾക്കുള്ളിൽ നിന്നു കൊണ്ട് 'ആത്മീയ' ജീവിതം നയിക്കാമെന്നതായിരുന്നു ഓഷോയെ വ്യത്യസ്തനാക്കുന്നത്. അതുകൊണ്ടുതന്നെ ഈ സമയം കൗണ്ടർ കൾച്ചർ ഗ്രൂപ്പുകൾക്ക് വളർന്നുവരാൻ പറ്റിയത് കൂടിയാണ്. പുസ്തങ്ങളിലൂടെയും ഓഡിയോ-വീഡിയോകളിലൂടെയും സമൂഹമാധ്യമങ്ങളിൽ പുനർജ്ജനിക്കുന്ന ഓഷോ കൾട്ടുകളെ അൽപ്പം ഭീതിയോടെ തന്നെയാണ് അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങൾ കാണുന്നതും. ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടർന്നുണ്ടായ സവിശേഷമായ സാഹചര്യത്തിൽ പ്രത്യേകിച്ചും.

 തുടക്കം സാമുദായിക പരിഷ്‌ക്കർത്താവായി

രജനീഷ് എന്ന വിളിപ്പേരുണ്ടായിരുന്ന ചന്ദ്രമോഹൻ ജയിൻ, ഡിസംബർ 11 1931ന് മധ്യപ്രദേശ് സംസ്ഥാനത്തെ കുച്ച്വാഡ ഗ്രാമത്തിൽ ഒരു തുണി വ്യാപാരിയുടെ പതിനൊന്നു മക്കളിൽ മൂത്തവനായാണ് ജനിച്ചത്. ഏഴാം വയസ്സിൽ അപമൃത്യു സംഭവിക്കും എന്ന് ജാതകത്തിൽ കണ്ടതിനാൽ മാതാപിതാക്കൾ അദ്ദേഹത്തെ അത്രയുംകാലം മുത്തഛന്റെ പരിചരണത്തിൽ വളരെ ശ്രദ്ധയോടെയാണ് വളർത്തിയത്. എല്ലാവിധ സ്വാതന്ത്ര്യവും ലഭിച്ചിരുന്ന മാതൃഗൃഹത്തിലെ താമസം തന്റെ വളർച്ചയെ വളരെയധികം സ്വാധീനിച്ചു എന്ന് അദ്ദേഹം പിൽക്കാലത്ത് പറഞ്ഞിട്ടുണ്ട്. ഏഴു വയസ്സു മുതൽ മാതാപിതാക്കളുടെ കൂടെ ജീവിച്ച രജനീഷ് പഠിക്കാൻ മിടുക്കനും ചെറുപ്രായത്തിൽ തന്നെ നല്ല പ്രാസംഗികനുമായിരുന്നു. സാഗർ സർവ്വകലാശാലയ്ക്കു കീഴിലുള്ള ഡി. എൻ. ജയിൻ കലാലയത്തിൽ നിന്ന് 1955 തത്വശാസ്ത്രത്തിൽ ബിരുദവും, 1957 ൽ വൈശിഷ്ട്യമായി ബിരുദാനന്തര ബിരുദവും അദ്ദേഹം നേടി.

യാഥാസ്ഥിതികരായ ജയിൻ ആചാരങ്ങൾക്കെതിരെ നിലകൊണ്ടാണ് രജനീഷിന്റെ പൊതുപ്രവർത്തനങ്ങളുടെ തുടക്കം. തരൻപന്തി ജയിൻ സമുദായം 1939 മുതൽ ജബൽപ്പൂരിൽ നടത്തിയിരുന്ന 1951ലെ സർവ്വ മത സമ്മേളനത്തിലാണ് രജനീഷ് പൊതു വേദിയിൽ ആദ്യമായി പ്രസംഗിക്കുന്നത്. മൗലികചിന്തകനായ രജനീഷിന്റെ പ്രസംഗങ്ങൾ യാഥാസ്ഥിതികരായ ജയിനന്മാർക്ക് ഉൾക്കൊള്ളുവാൻ സാധിക്കാതെ വന്നപ്പോൾ 1968 നുശേഷം അവർ അദ്ദേഹത്തെ ക്ഷണിക്കാതെയായി. വിവാഹം കഴിപ്പിക്കുവാനുള്ള മാതാപിതാക്കളുടെ ശ്രമങ്ങളെ എതിർത്ത രജനീഷിന് തന്റെ അമ്മയുടെ പിതാവിന്റെ ഭാഗത്തു നിന്നും വളരെ സ്വാതന്ത്ര്യവും പിന്തുണയും ലഭിച്ചിരുന്നു.

21 മാർച്ച് 1953 ൽ തനിക്ക് ആത്മീയ പ്രബോധോദയം സംഭവിച്ചു എന്ന് രജനീഷ് പറയുന്നു. 'ഏഴു ദിവസത്തെ തീവ്രമായ ആത്മീയാനുഭവങ്ങൾക്കു ശേഷം ഞാൻ പൂന്തോട്ടത്തിൽ ചെന്നു. ഞാൻ അവിടേയ്ക്കു കടന്ന നിമിഷത്തിൽ എല്ലാം തേജോമയമായി. ആ കൃപാനുഗ്രഹം അവിടമൊട്ടാകെ പരന്നു. ഞാൻ ആദ്യമായി ആ പൂന്തോട്ടത്തിന്റെ ഭംഗി ആസ്വദിക്കുകയായിരുന്നു. ഇലകളുടെ പച്ചപ്പും, അവയിലെ ജീവനും, ജീവരസം വരെയും എനിക്ക് ആസ്വദിക്കുവാൻ സാധിച്ചു. ആ പൂന്തോട്ടം ആകെ സജീവമായതു പോലെ. ചെറു പുൽക്കൊടികൾ വരെ അതി സുന്ദരമായിരുന്നു .ഞാൻ ചുറ്റും നോക്കി. ഒരു മരം മാത്രം അത്യുജ്ജ്വലമായ പ്രകാശം വമിപ്പിക്കുന്നതായി തോന്നി. ആ മരച്ചുവട്ടിലേക്ക് ഞാൻ ആകർഷിക്കപ്പെടുകയായിരുന്നു. അത് ഞാൻ തിരഞ്ഞെടുത്തതായിരുന്നില്ല. ദൈവം സ്വയം തിരഞ്ഞെടുത്തതായിരുന്നു...ഞാൻ ആ മരച്ചുവട്ടിലിരുന്നപ്പോൾ എന്റെ ചിന്തകൾ ശാന്തമായി. ഈ പ്രപഞ്ചം മുഴുവൻ തേജോമയമായി'- അദ്ദേഹം പിന്നീട് ഇതേക്കുറിച്ച് എഴുതിയത് ഇങ്ങനെയാണ്. ( ചെറുപ്പത്തിൽ തന്നെ കിട്ടിയ അമിത സ്വാതന്ത്ര്യം മുതലെടുത്ത് തുടങ്ങിയ മയക്കുമരുന്ന് ഉപയോഗത്തിലൂടെയുള്ള മായിക അനുഭൂതിയാണ് ഈ അനുഭവം എന്നാണ് അദ്ദേഹത്തിന്റെ വിമർശകർ പറയുന്നത്)

വായിച്ച് തലതിരിഞ്ഞുപോയ പയ്യൻ

സമ്മാനങ്ങളുമായി എത്തുന്നവരോട് കളിപ്പാട്ടങ്ങൾക്കു പകരം പുസ്തകങ്ങൾ ചോദിക്കുമായിരുന്ന കുട്ടി. ബുക് ഷെൽഫിലെ എണ്ണമില്ലാത്ത പുസ്തകങ്ങൾ കുറഞ്ഞകാലം കൊണ്ടു വായിച്ചു തീർത്ത കൗമാരക്കാരൻ. കോളേജ് പഠന കാലത്ത് പട്ടിണി കിടന്നു പുസ്തകങ്ങൾക്കുള്ള പണം സ്വരുക്കൂട്ടിയ വിദ്യാർത്ഥി. അതായിരുന്നു രജനീഷ്. ചെറുപ്രായത്തിലേ ഖലീൽ ജിബ്രാനെയും ടോൾസ്റ്റോയിയെയും രജനീഷ് വായിച്ചിരുന്നു. ദസ്‌തെയോവ്‌സ്‌കിയുടെയെയും ഗോർക്കിയുടെയും പുസ്തകങ്ങൾ പരിചിതമായിരുന്നു. പിന്നീടുള്ള രണ്ടു വർഷങ്ങളിൽ വായന തത്ത്വചിന്തയിലേക്കു കടന്നു. സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടിൽ, ബർട്രന്റ് റസ്സൽ.

കോളേജ് വിദ്യാർത്ഥിയായിരിക്കെ, ലൈബ്രറിയിലെ രജിസ്റ്ററിൽ ഒട്ടേറെ പുസ്തകങ്ങൾക്ക് നേരെ ഒപ്പ് വീണത് ഓഷോയുടെ പേരിൽ മാത്രമായിരുന്നുവെന്ന് അധികൃതർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഗദർവാര പബ്ലിക് ലൈബ്രറിയിലെ മൂവായിരം പുസ്തകങ്ങൾ അക്കാലത്തു വായിച്ചു തീർത്ത അപൂർവം പേരിൽ ഒരാളും ഓഷോ ആയിരുന്നത്രേ. പെൻസിൽ കൊണ്ടുപോലും പുസ്തകങ്ങളിൽ വരയ്ക്കുന്നത് യുവാവായിരുന്ന ഓഷോയ്ക്ക് സഹിക്കുമായിരുന്നില്ല. വായിച്ചുനിർത്തിയിടത്ത് പേജ് മടക്കി സൂക്ഷിക്കുന്നവരോടും ദേഷ്യമായിരുന്നു അദ്ദേഹത്തിന്. തന്റെ പുസ്തകങ്ങളിലൊന്ന് അനുവാദമില്ലാതെ കൊണ്ടുപോയ അമ്മാവനോട് ഓഷോ നീരസം വച്ചുപുല ർത്തിയിരുന്നു വർഷങ്ങളോളം.

വീട്ടിൽ കൊച്ചുമകനൊരു ചെറിയ ലൈബ്രറിയുണ്ടെന്ന് ഓഷോയുടെ മുത്തച്ഛൻ പറഞ്ഞിട്ടുണ്ട്. വലിയൊരു ലൈബ്രറിക്കുള്ളിലെ ചെറിയൊരു മുറിയിലാണ് അവൻ താമസിക്കുന്നതെന്ന് പിന്നീടദ്ദേഹത്തിന് മാറ്റിപ്പറയേണ്ടി വന്നതു ചരിത്രം !പൂണെയിലെ ഓഷോയുടെ വീട് ഇന്ന് ലൈബ്രറിയാണ്. പേര് 'Lao Tzu'. ഒരു ലക്ഷത്തിലധികം പുസ്തകങ്ങളുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ ലൈബ്രറികളിലൊന്ന്. പുസ്തകങ്ങളുടെ ഒരു വലിയ വീടെന്നും പറയാം. രണ്ടു നില കെട്ടിടത്തിൽ കിടപ്പുമുറിയും ഡ്രസിങ് റൂമും ഒഴിച്ചാൽ ബാക്കിയെല്ലായിടത്തും പുസ്തകങ്ങൾ !

 

ലൈബ്രറിയുടെ രൂപകൽപ്പനയ്ക്കുമുണ്ട് സവിശേഷത. ഷെൽഫുകളിൽ ഒരേ നിറത്തിലും വലിപ്പത്തിലുമുള്ള പുസ്തകങ്ങൾ അദ്ദേഹം ഒരുമിച്ചു സൂക്ഷിച്ചിട്ടില്ല. കാഴ്ചയിൽ പൊങ്ങിയും താഴ്ന്നുമൊഴുകുന്ന തിരമാലകളുടെ പ്രഭാവം പുസ്തകക്കൂട്ടത്തിനുമുണ്ടാകണം എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.
ഒരു ലക്ഷത്തിഅറുപത്തയ്യായിരം പുസ്തകങ്ങൾ ഓഷോ വായിച്ചിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. വായന കഴിഞ്ഞ പുസ്തകങ്ങളിൽ കയ്യൊപ്പ് പതിപ്പിക്കാൻ മറന്നിരുന്നില്ല. എന്നാൽ, ഒരിക്കൽ വായന അദ്ദേഹം ഉപേക്ഷിച്ചു. കണ്ണട വയ്ക്കാതെ വായന തുടരാനാകില്ലെന്ന് ഡോക്ടർമാർ പറഞ്ഞപ്പോഴായിരുന്നു ആ കടുത്ത തീരുമാനം. പുസ്തകത്തിനും തനിക്കുമിടയിൽ കണ്ണട പോലും അദ്ദേഹം സഹിച്ചില്ല. 'നോട്ട്‌സ് ഓഫ് എ മാഡ്മാൻ' ൽ അദ്ദേഹം പറയുന്നു:'To hell with all books, because I hate spectacles.' I hate all kinds of specs because they obstruct, they come in between. I want things face to face, directly, immediate.

വായിച്ചുവായിച്ച് തലതിരിഞ്ഞുപോയ പയ്യൻ എന്നായിരുന്നു അക്കാലത്ത് ചില നാട്ടുകാർ രജനീഷിനെ കുറിച്ച് പറച്ചത്.

ഫിലോസഫി പ്രൊഫസറിൽനിന്ന് 'ഭഗവാനി'ലേക്ക്

കുറച്ചു കാലത്തേക്ക് റായ്‌പ്പൂർ സംസ്‌കൃത കലാലയത്തിൽ അദ്ധ്യാപകനായിരുന്നു രജനീഷ്. 1966 വരെ ജബൽപ്പൂർ സർവകലാശാലയിൽ തത്ത്വശാസ്ത്ര പ്രഫസ്സറായിരുന്നു. ഈ കാലയളവിൽ അദ്ദേഹം ഭാരതമാകെ സഞ്ചരിക്കുകയും ആചാര്യ രജനീഷ് എന്ന പേരിൽ സമഷ്ടിവാദത്തേയും ഗാന്ധിയേയും വിമർശിച്ച് പലയിടത്തും പ്രഭാഷണങ്ങൾ നൽകുകയുമുണ്ടായി. 1962ൽ 3 മുതൽ 10 ദിവസങ്ങൾ വരെ നീണ്ടു നിൽക്കുന്ന ധ്യാന പരമ്പരകൾക്ക് തുടക്കം കൊടുക്കുകയും, ജീവനെ ഉൽബുദ്ധമാക്കുന്ന മുന്നേറ്റം എന്ന് അർത്ഥം വരുന്ന 'ജീവൻ ജാഗ്രുതി ആന്ദോളൻ' എന്ന സംഘടനക്ക് രൂപം കൊടുക്കുകയും ചെയ്തു. 1966 ൽ അദ്ധ്യാപനവൃത്തി ഉപേക്ഷിച്ചു. 1968 ൽ, ഹൈന്ദവ നേതാക്കൾ ലൈംഗികതയ്‌ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്നതിലെ കാപട്യത്തെപ്പറ്റി പ്രസംഗിച്ചത് അവരിൽ രോഷം ഉളവാക്കി. ഈ പ്രസംഗമാണ് സത്യത്തിൽ രജനീഷിനെ പ്രശസ്തനാക്കിയത്.

1968 ൽ നടന്ന രണ്ടാമത് ലോക ഹിന്ദു സമ്മേളനത്തിൽ, വ്യവസ്ഥാപിത മതങ്ങളേയും പൗരോഹിത്യത്തേയും വിമർശിച്ച് പ്രസംഗിച്ചത് വിവാദമായിരുന്നു. 1969ൽ രജനീഷിന്റെ ചില സുഹൃത്തുക്കൾ ചേർന്ന് ഒരു സ്ഥാപനത്തിന് രൂപം നൽകി. രജനീഷ് താമസം മുംബൈയിൽ ഒരു വാടക കെട്ടിടത്തിലേക്ക് മാറ്റി. 1970 സെപ്റ്റംബർ 26 ന് തുറസ്സായ ഒരു ധ്യാന കേന്ദ്രത്തിൽ വച്ച് ആദ്യമായി ഒരു ശിഷ്യന് സന്ന്യാസ ദീക്ഷ നൽകി. അദ്ദേഹത്തിന്റെ അഭിനവ സന്യാസി സങ്കൽപ്പത്തിൽ ശിഷ്യന്മാർ പരമ്പരാഗതമായി തപസ്വികൾ ധരിച്ചിരുന്ന കാവി വസ്ത്രമാണ് ധരിക്കേണ്ടിയിരുന്നത് പക്ഷെ പരമ്പരാഗത സന്യാസികളുടെ ബ്രഹ്മചര്യം അനുഷ്ഠിച്ചുള്ള ജീവിതചര്യ പിന്തുടരണമെന്ന് യാതൊരു നിർബന്ധവും ഉണ്ടായിരുന്നില്ല..

1971 മുതൽ അദ്ദേഹം ഭഗവാൻ ശ്രീ രജനീഷ് എന്ന നാമത്തിലാണ് അറിഞ്ഞിരുന്നത്. സന്ദർശകരുടെ ഒഴുക്ക് വർധിച്ചതിനാലും, ആരോഗ്യപരമായ കാരണങ്ങളാലും 1974 ൽ, തന്റെ ബോധോദയത്തിന്റെ 21ാംവാർഷിക ദിനത്തിൽ, ഓഷോ തന്റെ ആസ്ഥാനം മുംബൈക്ക് അടുത്തുള്ള പൂണെയിലേക്കു മാറ്റി. അവിടെ ആറ് ഏക്കർ സ്ഥലത്തിനുള്ളിൽ നിർമ്മിച്ചിരുന്ന രണ്ട് വീടുകളായിരുന്നു ഓഷോ അന്താരാഷ്ട്ര ധ്യാന കേന്ദ്രം. ഓഷോയുടെ പ്രഭാഷണങ്ങളിൽ ആകൃഷ്ടരായി അനവധി വിദേശികൾ ശിഷ്യന്മ്മാർ ആയിരുന്നു. ഇതോടെ 'ആശ്രമവും' വികസിച്ചുകൊണ്ടിരുന്നു. 1980 ൽ, പ്രഭാഷണം നൽകുന്നതിനിടെ ഒരു ഹിന്ദു മൗലികവാദി ഓഷോയെ വധിക്കുവാൻ ശ്രമിച്ചിരുന്നു. ഓർക്കണം എക്കാലവും ഹിന്ദു മതമൗലിക വാദികളുടെ കണ്ണിലെ കരടായിരുന്നു ഓഷോ. 1974 മുതൽ 1981 വരെ അദ്ദേഹം പൂണെ ആശ്രമത്തിൽ തുടർന്നു.

 

ഭോഗം ധ്യാനംപോലെ മനോഹരമായ അവസ്ഥ

പക്ഷേ രജനീഷിനെ ലോക പ്രശസ്തനാക്കിയത് ഇതൊന്നും ആയിരുന്നില്ല. അദ്ദേഹം മുന്നോട്ടുവെച്ച് ലൈംഗിക സങ്കൽപ്പങ്ങൾ തന്നെയായിരുന്നു. ലൈംഗികത ഒരു പാപമല്ലെന്നും സ്ത്രീക്കും പുരുഷനും ഉഭയസമ്മതത്തോടെ എപ്പോഴും എവിടെയും സെക്‌സിൽ ഏർപ്പെടാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.
ലൈംഗികതയിലൂടെ ആത്മീയതയുടെ പരമപദപ്രാപ്തിയിലേക്ക് അതായത്് മോക്ഷത്തിലേക്ക് എത്തിച്ചേരാം എന്നുള്ള ഭാരതീയ താന്ത്രിക സങ്കൽപ്പത്തിന്റെ ആധുനിക വക്താവ് കൂടി ആയിരുന്നു അദ്ദേഹം.

ഭോഗം ഒരു ധ്യാനം പോലെ മനോഹരമായ അവസ്ഥയാണെന്നാണ് രജനീഷ് പറഞ്ഞിട്ടുള്ളത്. ഭോഗിക്കുന്ന സമയത്ത് ഒരാൾ എല്ലാം മറന്ന് മറ്റൊരു തലത്തിലേക്ക് യാത്ര ചെയ്യുകയാണ്. അപ്പോൾ അവന്റെ മനസ്സിൽ മറ്റൊന്നുമില്ല. എല്ലാ ചിന്തകളും അവൻ വലിച്ചെറിയുകയാണ്. മറ്റൊരു രീതിയിൽ വ്യാഖ്യാനിച്ചാൽ ലൈംഗികതയിലൂടെ മാത്രമേ ആത്മീയതയിലേക്ക് നമ്മൾ എത്തിപ്പെടുകയുള്ളു.അതിനാൽ ആത്മീയതയ്ക്കായുള്ള പൂർണ്ണത കൈവരിക്കാൻ എളുപ്പമല്ലെന്നും ലൈംഗികമായ അടിച്ചമർത്തലിലൂടെ ആത്മീയയാത്ര സാധ്യമല്ലെന്നും ഓഷോ പറയുന്നു. ലൈംഗികതയിൽ നിന്ന് സ്വാഭാവിക മുക്തി നേടി ആത്മീയതയുടെ പടവുകൾ കയറിയവരാണ് നമ്മൂടെ സന്യാസിമാർ. ഇത് തെറ്റാണെന്നും ഓഷോ വാദിച്ചു.

'പുരുഷന്റെ സ്‌നേഹം ഏറെക്കുറെ ഒരു ശാരീരികാവശ്യമാണ്. സ്ത്രീയുടെ സ്‌നേഹം അങ്ങനെയല്ല. അവൾ ഒരു പ്രണയം കൊണ്ടുതന്നെ സംതൃപ്തയാണ്. സ്ത്രീ പുരുഷന്റെ ശരീരമല്ല നോക്കുന്നത്, അവന്റെ ആന്തരിക ഗുണങ്ങളെയാണ്. എന്നെ പുരുഷനോ സ്ത്രീയോ ആയി കണ്ടുകൊണ്ട് ശ്രവിക്കരുത്. അവബോധമായി അറിഞ്ഞുകൊണ്ട് കേൾക്കുക.'- ഓഷോ പറയുന്നു.

 

'ലൈംഗികത 14ൽ തുടങ്ങി 41ൽ അവസാനിക്കുന്നു'

'ഓഷോയും ലൈംഗികതയും' എന്ന പുസ്തകത്തിൽ അദ്ദേഹം പറയുന്ന പ്രശസ്തമായ വാക്യമാണ് ലൈംഗികത 14ാം വയസ്സിൽ തുടങ്ങി 41ൽ അവസാനിക്കുന്നുവെന്നത്. ഈ ചെറിയ കാലയളവിൽ ലൈംഗികതയിലൂടെ സുഗമമായി സഞ്ചരിച്ച വ്യക്തിക്ക് അതിന്റെ തീവ്രത തന്നെ പിന്തുടരുന്നില്ലെന്ന് മനസിലാകും. ഈ ചെറിയ കാലഘട്ടത്തിൽ എന്തിന്റെ പേരിലും ലൈംഗികത അടിച്ചമർത്തപ്പെട്ട വ്യക്തിക്ക് പ്രായമേറിയാലും സെക്സ് മനസിലും ശരീരത്തിലും ചലനങ്ങൾ സൃഷ്ടിച്ച് കൊണ്ടിരിക്കും. അതിനാൽ ആത്മീയതയ്ക്കായുള്ള സാംസ്ഥ്യം കൈവരിക്കാൻ എളുപ്പമല്ലെന്നും, ലൈംഗികമായ അടിച്ചമർത്തലിലൂടെ ആത്മീയയാത്ര സാധ്യമല്ലെന്നും അദ്ദേഹം പറയുന്നു. ലൈംഗികതയിൽ നിന്ന് സ്വാഭാവിക മുക്തി നേടി ആത്മീയതയുടെ പടവുകൾ കയറിയവരാണ് നമ്മൂടെ സന്യാസിമാർ. എന്നാൽ ലൈംഗികതയിൽ നിന്ന് വിട്ട് നിന്നാലെ ആത്മീയ മുക്തിയുണ്ടാകൂ എന്ന പടിഞ്ഞാറൻ ചിന്താഗതികൾ നമ്മളിൽ അധിനിവേശം നടത്തി. ഇത് ലൈംഗികമായ അടിച്ചമർത്തലിന് കാരണമായി. ബ്രഹ്മചര്യം എന്ന വാക്കു പോലും ലൈംഗികതയുമായി ബന്ധമില്ലാത്തത് എന്ന് വ്യാഖ്യാനിക്കാൻ ഇട വരുത്തി - ഒഷോ പറയുന്നു

'രതിയിൽ ഏർപ്പെടെണ്ടത് ശരീരങ്ങൾ കൊണ്ടാണ് ..അതാണ് അതിന്റെ തുടക്കം. ഓരോ രതിയും അവസാനി ക്കുമ്പോൾ ഉണ്ടാകുന്ന ശൂന്യതയിൽ നിന്നാണ് , ആ താൽക്കാലിക വിരക്തിയിൽ നിന്നാണ് ഹൃദയ ലൈംഗികതയുടെ സാധ്യതകൾ ഉണ്ടാവുന്നത് തന്നെ ! ഒരുപക്ഷെ ആദ്യമായി അത്തരം ഒരു ചിന്ത വരുന്ന ഇണകൾക്ക് തോന്നിയേക്കാം കുറച്ചു കൂടി പ്രണയത്തോടെ ഹൃദയങ്ങൾ കൊണ്ട് ലൈംഗികത ആവാമായിരുന്നു എന്ന് ! ഹൃദയങ്ങൾ ! ഒരിക്കൽ ഈ ചിന്ത ഉണർന്നാൽ നിങ്ങൾ ഹൃദയ ലൈംഗികതയെ അന്വേഷിച്ചു കൊണ്ടേയിരിക്കും , നിങ്ങളുടെ ചിന്തകളിൽ, ചിരിയിൽ അടുപ്പങ്ങളിൽ പ്രകടനങ്ങളിൽ ..അത് തീർച്ചയായും നിങ്ങളെ ഹൃദയ ലൈംഗികതയിലേക്ക് നയിക്കും !കോപിക്കുമ്പോൾ നിങ്ങൾക്ക് പ്രണയിക്കാൻ കഴിയില്ല'- ഓഷോ പറയുന്നു.

താങ്കളൊരു ഫ്രീ സെക്സ് ഗുരുവാണോ എന്ന ചോദ്യത്തിന് ഓഷോ പറയുന്ന ഉത്തരം കേൾക്കുക- ''എന്റെ അഭിപ്രായത്തിൽ സെക്സ് എന്നത് ലളിതവും മനോഹരവുമായ ഒരു സ്വാഭാവിക പ്രതിഭാസമാണ്. രണ്ടു വ്യക്തികൾ അന്യോന്യം ഊർജ്ജം പങ്കുവെക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ അതിൽ ആർക്കും ഇടപെടേണ്ട കാര്യമില്ല. മാത്രമല്ല, ''ഫ്രീ സെക്സ്'' എന്ന പ്രയോഗം വിരൽ ചൂണ്ടുന്നത് നിങ്ങൾക്ക് ലൈംഗികതയും ഒരു വില്പനച്ചരക്ക് ആണ് എന്നതിലേക്കാണ്. അതായത് അതു വിലകൊടുത്തു വാങ്ങേണ്ടിയിരിക്കുന്നു. ഒന്നുകിൽ ഒരു ദിവസത്തേക്ക് അഭിസാരികയിൽ നിന്നോ, അല്ലെങ്കിൽ ഒരു ജീവിതകാലത്തേക്ക് ഒരു ഭാര്യയിൽ നിന്നോ. രണ്ടായാലും അതു വിലകൊടുത്തു വാങ്ങേണ്ടതാണ് എന്ന്. അതേ ഞാൻ ഫ്രീ സെക്സിൽ വിശ്വസിക്കുന്നു. സെക്സ് എന്നത് പങ്കുവെക്കാനുള്ള ആഹ്‌ളാദിക്കുവാനുള്ള ഏതൊരാളുടെയും ജന്മാവകാശമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.'

എന്നാൽ ഓഷോയെ സംബന്ധിച്ചാകട്ടെ അദ്ദേഹം ലോകത്തോടു പറഞ്ഞ നിരവധി കാര്യങ്ങളിൽ ഒന്നു മാത്രമായിരുന്നു ലൈംഗികത. അമിതവും അസാധാരണവുമായ ഒരു പ്രാധാന്യവും അദ്ദേഹം സെക്സിന് നല്കിയില്ല. അദ്ദേഹം തന്നെ പറയുന്നതു നോക്കുക ''ഞാനൊരു പുസ്തകം എഴുതിയിട്ടുണ്ട്. എഴുതിയതല്ല, എന്റെ പ്രഭാഷണങ്ങൾ ശേഖരിക്കപ്പെട്ടതാണ്. അതിന്റെ പേര് ലൈംഗികതയിൽ നിന്ന് അതിബോധത്തിലേക്ക് എന്നാണ്. അതിനു ശേഷം എന്റെ നൂറു കണക്കിനു പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ആരും മറ്റൊന്നും വായിക്കുന്നതായി തോന്നുന്നില്ല. പ്രത്യേകിച്ചും ഇന്ത്യയിൽ. അവരെല്ലാം ലൈംഗികതയിൽ നിന്നും അവബോധത്തിലേക്ക് വായിക്കുന്നു. അവരെല്ലാം അതിനെ വിമർശിക്കുകയും ചെയ്യുന്നു.'- ഇത് ഇന്നും പ്രസക്തമാണ്. ലോകത്ത് എല്ലായിടത്തും ഓഷോ എന്ന് പറഞ്ഞാൽ ഇപ്പോഴും സെക്സ് തന്നെ.

സമൂഹ രതിമേളകൾ സ്ത്രീകൾക്ക് വേണ്ടി!

തന്റെ സമൂഹ രതിമേളകളിലും ഒരു ഫെമിസ്റ്റ് സങ്കൽപ്പമാണ് ഓഷോ മുന്നോട്ടുവെക്കുന്നത്. ഒരു വേഴ്ചക്കുശേഷം പുരുഷൻ തളർന്നുപോവുകയും സ്ത്രീക്ക് അനന്ദത്തിനായി കാത്തുകിടക്കുകയും ചെയ്യുമ്പോൾ അവർക്ക് എന്തുകൊണ്ട് മറ്റൊരു പങ്കാളിയെ കൊടുത്തുകൂട എന്ന ആശയമാണ് ഓഷോ ഉയർത്തുന്നത്. രതിയെക്കുറിച്ച് ഓഷോ ഇങ്ങനെ പറയുന്നു. 'സെക്സ് പാപമാണെന്ന് ആരാണ് പറഞ്ഞത്? സെക്സ് വൃത്തികേടാണ് എന്ന് വരുത്തിത്തീർത്തത് ആരാണ്?ജീവൻ രൂപപ്പെടുന്നത് സെക്സിൽ നിന്നല്ലേ. . . ജീവൻ നിലനിൽക്കുന്നതും സെക്സ് ഉള്ളതു കൊണ്ടല്ലേ.. സ്വാഭാവികമായ വികാരമാണ് ലൈംഗികത. പുഴയൊഴുകുന്നതു പോലെ, കാറ്റു വീശുന്നതു പോലെ, പൂ മണക്കുന്നതു പോലെ, മഴ പൊഴിയുന്നതു പോലെ, തികച്ചും സ്വാഭാവികമായ ജൈവതാളം.

പ്രണയം എന്ന മനോഹരമായ വാക്കിന്റെ പിന്നിൽ എന്തിന് അതിനെ ഒളിപ്പിക്കണം? കാൽപനികയുടെ മേഘപടലങ്ങൾ കൊണ്ട് എന്തിനതിനെ മൂടണം?പലർക്കും സെക്സ് ഒരാശ്വാസമാണ്. മനസിന്റെ പിരിമുറുക്കത്തിൽ നിന്നും താൽക്കാലിക മോചനത്തിനാണ് പലരും സെക്സിൽ ഏർപ്പെടുന്നത്. രതി നൽകുന്ന പരമാനന്ദം അവർക്ക് അന്യമാണ്. എത്തിപ്പിടിക്കാനാവാത്ത വിധം അപ്രാപ്യ്‌രമാണ് അവർക്ക് രതിയുടെ യഥാർത്ഥ ശക്തിയും ചൈതന്യവും.ലൈംഗികാവയവങ്ങളിലൂടെ അനുഭവപ്പെടുന്ന നേരിയ അനുഭൂതിയെ രതിമൂർച്ഛയായി അവർ തെറ്റിദ്ധരിക്കുന്നു.അതല്ല യഥാർത്ഥ അനുഭൂതി. സെക്സിൽ പങ്കെടുക്കുന്നു എന്ന പ്രാധാന്യമേ ലൈംഗികാവയവങ്ങൾക്കുള്ളൂ. യഥാർത്ഥ അനൂഭൂതിയെന്നത് ശരീരമാകെ ത്രസിപ്പിക്കുന്ന അവാച്യമായ ഒരനുഭവമാണ്.എന്താണ് രതിമൂർച്ഛ എന്ന് പലരും ചോദിക്കുന്നു. 

ശരീരത്തിന്റെ പ്രസക്തി നഷ്ടപ്പെട്ട് അത് വെറും ഊർജം മാത്രമാവുന്ന അവസ്ഥയെന്നാണ് ഞാൻ അതിനെ നിർവചിക്കുന്നത്.ശരീരം ഒരു മിന്നൽപിണറായി മാറുന്ന അവസ്ഥ.ശരീരത്തിന്റെ അനന്തകോടി അണുക്കളും ഒന്നായി, ഒരേ താളത്തിൽ ഉലയണം.രതിമൂർച്ഛയിലാവുക എന്നു പറഞ്ഞാൽ നിങ്ങൾ ശരീരത്തിന്റെ ആദിമ രൂപത്തിലേയ്ക്ക് മടങ്ങുന്നു എന്നാണ്.ശരീരം വലിയ സമുദ്രമാണെങ്കിൽ അതിന്റെ ഏറ്റവും ആഴമുള്ള ബിന്ദുവാണ് രതിമൂർച്ഛ.അവിടെയെത്തുമ്പോൾ നിങ്ങൾ ഉപരിതലം മറക്കുന്നു. ആഴങ്ങളിലേയ്ക്കുള്ള യാത്രയും അവിടെയെത്തുമ്പോഴുള്ള നിർവൃതിയും മാത്രമാണ് സത്യം. വെറുമൊരു സ്പന്ദനം മാത്രമായി അവിടെയെത്തുക. ആ യാത്രയും അനുഭവവും അറിയുക.

എളുപ്പം എത്തിപ്പിടിക്കാവുന്നതല്ല ഈ അവസ്ഥ. ലൈംഗികമായ പരമാനന്ദം അനുഭവിക്കണമെങ്കിൽ മനസിനെ പാകപ്പെടുത്തണം. അത് ക്ലേശകരമാണ്. എന്നാലും എത്തിപ്പിടിക്കേണ്ട ലക്ഷ്യം അത്രയും പ്രാധാന്യമുള്ളതുമാണ്.ഒരു നിമിഷത്തിൽ തീരുന്ന ക്രിയ.വെറും ഒരു സ്ഖലനത്തിന്റെ - മൂർച്ഛയുടെ നൈമിഷിക സുഖമല്ല രതിമൂർച്ഛ. അത് വളരെ തുച്ഛമാണ്. അർത്ഥമില്ലാത്തതും.അത് നിങ്ങൾക്ക് നിരാശ മാത്രമാണ് നൽകുന്നത്. ക്ഷീണവും. പഴയ മനുഷ്യനിൽ നിന്നും ഒരു മാറ്റവും നിങ്ങൾക്ക് ഉണ്ടാകുന്നില്ല. നിങ്ങൾ ഒന്നും നേടുന്നില്ല.നിങ്ങളുടെ പങ്കാളിയെക്കുറിച്ച് ആലോചിച്ചു നോക്കൂ. സ്ത്രീയിലേയ്ക്ക് പ്രവേശിക്കാൻ പുരുഷന് എപ്പോഴും വ്യഗ്രതയാണ്. അവന്റെ ഉത്തരധ്രുവം എപ്പോഴും പ്രവർത്തനക്ഷമവും.

അതുകൊണ്ടു തന്നെ അവളെ ഉണർത്തുന്നതിന് അവന് ക്ഷമയേതുമില്ല. തന്റെ കർമ്മം എളുപ്പത്തിൽ കഴിക്കണമെന്ന സ്വാർത്ഥ വിചാരം മാത്രം.അവനെ സ്വീകരിക്കാൻ അവളുടെ ദക്ഷിണ ധ്രുവം എളുപ്പത്തിൽ തയ്യാറാവില്ല. മുന്നൊരുക്കങ്ങൾ വേണ്ടവിധം നടത്തിയില്ലെങ്കിൽ വേദന മാത്രമാണ് രതി അവൾക്ക് നൽകുന്നത്. ശാരീരികമായും മാനസികമായും.സെക്സ് ലളിതമാണെന്ന് പുരുഷൻ കരുതുന്നു. എന്തിന് വെറുതെ സമയം കളയണമെന്നാണ് അവന്റെ വിചാരം. എത്രയും വേഗം അവളിലേയ്ക്ക് പ്രവേശിക്കുക. മിനിട്ടുകൾക്കുള്ളിൽ കാര്യം നടത്തുക. ഇതാണ് പുരുഷന്റെ രീതി.എന്നാൽ ഇത് ക്രൂരതയാണെന്ന് ഓർമ്മിക്കുക. അവളുടെ ശരീരത്തിൽ ഒരു മരവിപ്പ് മാത്രമാണ് നിങ്ങളുടെ പ്രയത്നം അവശേഷിപ്പിക്കുന്നത്.

ഒരു ചെറിയ അവയവത്തിനു ചുറ്റും ഏതാനും നിമിഷം മാത്രം നീണ്ടു നിൽക്കുന്ന സുഖകരമെന്ന് തോന്നുന്ന ഒരു മരവിപ്പ് തന്നെയാണ് നിങ്ങൾക്കും കിട്ടുന്നത്.ഇതല്ല പരമമായ അനൂഭൂതി. ഇത് വെറുമൊരു ആശ്വാസം മാത്രമാണ്. ഇതിനെ രതിമൂർച്ഛയെന്ന് വിളിക്കാനാവില്ല.രതിമൂർച്ഛയനുഭവിക്കാത്ത ശരീരം വെറും ശവമാണ്. നിഷ്‌ക്രിയരായ പങ്കാളികളായി പരസ്പരം സംഭവിക്കുന്നതെന്തെന്നറിയാതെ ആത്മ - പര വഞ്ചനകളിൽ അവസാനിക്കുന്നു ഓരോ ലൈംഗികവേഴ്ചയും.

അതി തീവ്രമായ ആഗ്രഹമുണരുമ്പോൾ മാത്രം സെക്സിൽ ഏർപ്പെടുക. അല്ലാത്തപ്പോൾ നിർദ്ദയം അതിൽ നിന്നും ഒഴിഞ്ഞു നിൽക്കുക. ഇല്ലാത്ത വികാരം ഉണ്ടെന്ന് ഭാവിക്കുന്നത് നല്ലതല്ല.ലൈംഗികതയെ പുരുഷൻ പേടിക്കുന്നുണ്ടോ? ഉണ്ട്. ലൈംഗികതയെയും സ്ത്രീ ശരീരത്തെയും അവന് പേടിയാണ്.ഉണർന്നു കഴിഞ്ഞ സ്ത്രീശരീരത്തെ പുരുഷൻ വല്ലാതെ പേടിക്കുന്നു. എല്ലാ മതങ്ങളും എല്ലാ സമൂഹവും സ്ത്രീയെ അടിച്ചമർത്തുന്നതിന്റെ അടിസ്ഥാനകാരണം ഇതാണ്.തുടർച്ചയായി പല ലൈംഗികമൂർച്ഛകളനുഭവിക്കാൻ ശേഷിയുള്ളതാണ് സ്ത്രീ ശരീരം. എന്നാൽ പുരുഷ ശരീരത്തിന് ജൈവപരമായി ഈ കഴിവില്ല.

ഒരു വേഴ്ചയ്ക്കു ശേഷം അവൻ വല്ലാതെ തളർന്നു പോകുമ്പോഴും സ്ത്രീ ശരീരം അടുത്ത അങ്കത്തിന് സജ്ജമാണ്.ശാരീരികമായ പ്രത്യേകതകളെ കഴിവുകേടായി വ്യാഖ്യാനിച്ച് സ്ത്രീയെ പീഡിപ്പിക്കുകയാണ് പുരുഷൻ.സ്ഖലന ശേഷം തളർന്നു പോകുന്ന പുരുഷ ശരീരവും അടുത്ത രതിമൂർച്ഛ അനുഭവിക്കാൻ കൊതിക്കുന്ന സ്ത്രീ ശരീരവും. സുന്ദരമായ കൽപനയാണത്. പലരും പക്ഷേ ഓർക്കാനിഷ്ടപ്പെടാത്ത അനുഭവവും.എങ്ങനെയാണ് ഇത് അതിജീവിക്കുന്നത്?ഒരാൾ ഒഴിഞ്ഞു കൊടുത്ത് അടുത്തയാളെ ജോലിയേൽപ്പിച്ച് പരിഹരിക്കാവു.- ഓഷോ വ്യക്തമാക്കി. ഈ സങ്കൽപ്പങ്ങളെല്ലാം ഇന്ത്യയേക്കാൾ എറെ സ്വീകരിക്കപ്പെട്ടത് അമേരിക്കയിലും യൂറോപ്പിലും ആയിരുന്നു. വളരെ പെട്ടെന്ന് രജനീഷ് അവിടെ പോപ്പുലർ ആയി.

അറസ്റ്റ് ഭയന്ന് ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക്

ലോകത്തിലെ നാനാഭാഗത്തുനിന്നും ആരാധകരും അനുനായികളും കാന്തമലയിലേക്ക് ഇരുമ്പെന്നപോലെ രജനീഷിലേക്ക് അകർഷിക്കപ്പെട്ട കാലമായിരുന്നു എൺപതുകൾ. ഇതിനിടെ ഇന്ത്യയിൽ അദ്ദേഹത്തിന് എതിരെ നികുതി വെട്ടിപ്പ് കേസുകളും ഉണ്ടായി. അറസ്റ്റിനു മുൻപ് ഓഷോ ചികിത്സയ്ക്ക് എന്ന വ്യാജേന ഇന്ത്യ വിടുയായിരുന്നു. ഇതേ സമയത്ത് പ്രമേഹം, ശ്വാസം മുട്ടൽ, നടുവേദന തുടങ്ങിയ രോഗങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു.1981 ഏപ്രിൽ 10ന് പതിനഞ്ച് വർഷത്തെ പ്രഭാഷണ പരമ്പരകൾക്കു ശേഷം ഓഷോ മൂന്നരവർഷം നീണ്ട മൗനവ്രതത്തിൽ കടന്നു.

ഓഷോയുടെ അനുയായികൾ വാസ്‌കോ കൗണ്ടിയിൽ (ഒറിഗോൺ), ഏകദേശം 60 കോടി ഡോളർ മുടക്കി വാങ്ങിയ 64,000 ഏക്കർ വിസ്തൃതിയുള്ള മേച്ചിൽ പ്രദേശം നിയമപരമായി രജനീഷ്പുരം എന്ന നഗരമായി സംഘടിപ്പിച്ചു. 1981 മധ്യത്തോടെ ഓഷോ അവിടെ എത്തുകയും അടുത്ത നാലു വർഷങ്ങൾ അവിടെ കഴിയുകയും ചെയ്തു. ആത്മീയ ഗുരുവിനു ചേരാത്തരീതിയിൽ ആഡംബര സമൃദ്ധിയിൽ രജനീഷ്പുരത്ത് കഴിഞ്ഞ ഓഷോയ്ക് 90 റോൾസ് റോയ്സ് വാഹനങ്ങളും വീടിനുള്ളിൽത്തന്നെ നീന്തൽക്കുളവും ഉണ്ടായിരുന്നു.1984 ഒക്ടോബറിൽ ഓഷോ തന്റെ മൗന വ്രതം അവസാനിപ്പിച്ചു. 1985 ജൂലൈ മുതൽ പ്രഭാഷണ പരമ്പരകൾ വീണ്ടും തുടങ്ങി.

പക്ഷേ അപ്പോഴേക്കും അമേരിക്കയിൽ ഓഷോ അനുയായികൾ ഒരു സമാന്തര ഭരണകൂടം ആയി മാറിയിരുന്നു. 'വൈൽഡ് കൺട്രി' എന്ന നെറ്റ് ഫളിക്‌സിന്റെ പ്രശസ്തമായ ഡോക്യുമെന്ററി തുറന്നുകാട്ടിയത് ഇതാണ്.

'യോനികളുടെ അധിപൻ'

സ്വതന്ത്ര ലൈംഗികകതും മദ്യത്തിന്റെ മയക്കുമരുന്നിന്റെയും അമിതമായ ഉപയോഗവും കാരണം പാശ്ചാത്യ മാധ്യമങ്ങൾ പലപ്പോഴം ഓഷായോ വിമർശിച്ചിട്ടും ഉണ്ടായിരുന്നു. പാശ്ചാത്യ അച്ചടി മാധ്യമങ്ങൾ ഓഷോയ്ക്ക് 'യോനികളുടെ അധിപൻ' എന്ന ഒരു പദവിയാണ് ചാർത്തിക്കൊടുത്തത്. ആഡംബര പ്രിയനായിരുന്ന ഓഷോ. ഭൗതിക ദാരിദ്ര്യം ആത്മീയതയെ ഒരു തരത്തിലും ബാധിക്കില്ലഎന്ന് വിശ്വസിച്ചിരുന്നു. താൻ പണക്കാരന്റെ ഗുരുവാണന്ന് പലപ്പോഴും ഓഷോ പറഞ്ഞിരുന്നു.

തന്റെ പ്രഭാഷണങ്ങളിൽ ഓഷോ, കുടുംബം, രാഷ്ട്രം, മതം തുടങ്ങിയ സമൂഹാധിഷ്ഠിത നിലപാടുകളെ ശക്തമായി വിമർശിക്കുകയും, രാഷ്ട്രീയക്കാരേയും പുരോഹിതന്മാരേയും , തുല്യമായി അവഹേളിക്കുകയും ചെയ്തിരുന്നു - അവർ തിരിച്ചും. ദന്ത ചികിത്സയ്ക്കിടെ വേദന സംഹാരിയായുപയോഗിച്ചിരുന്ന നൈട്രസ് ഓക്സൈഡ് വാതകത്തിന്റെ സ്വാധീനത്തിൽ ഓഷോ.മൂന്ന് കൃതികൾ പറഞ്ഞെഴുതിച്ചിട്ടുണ്ട്(ഗ്ലിംപ്സസ് ഒഫ് എ ഗോൾഡൻ ചൈൽഡ്ഹുഡ്, നോട്സ് ഒഫ് എ മാഡ്മാൻ, ബുക്സ് ഐ ഹാവ് ലവ്ഡ്) ഓഷോനൈട്രസ് ഓക്സൈഡിന് അടിമയായിരുന്നു എന്നും ആരോപിച്ചിരുന്നു.

സമ്പത്ത് ആർജിക്കുന്നത് ഒരു തെറ്റായി ഓഷോ കണ്ടിരുന്നില്ല. ഇന്ന് 'ട്രാൻസ്' സിനിമയിൽ സൗബിൻ ഫഹദിനോട് ചോദിക്കുന്ന ചോദ്യത്തിലേതു പോലെ, വർഷങ്ങൾക്കു മുൻപ് നടത്തിയ ഒരു ഇന്റർവ്യൂവിൽ ഓഷോയോട് ഒരു അവതാരകൻ ചോദ്യം ചോദിക്കുന്നുണ്ട്. ഓഷോയുടെ റോൾസ് റോയ്സ് കാറുകളുടെ എണ്ണമാണ് ആ ചോദ്യം എന്ന വ്യത്യാസമേ ഉള്ളു. നിങ്ങൾക്ക് 50 റോൾസ് റോയ്സ് കാറുകളുണ്ടല്ലോ എന്ന ചോദ്യത്തിനാണ്, '50 അല്ല, 90 റോൾസ് റോയ്സ്' എന്ന ഓഷോയുടെ മറുപടി വരുന്നത്.

ഓഷോയോടു ഒരാൾ ചോദിച്ചു, ' സ്വാമി നമ്മൾ മരിച്ചു കഴിഞ്ഞാൽ സ്വർഗത്തിലോ നരകത്തിലോ പോവുക..?? ' ഓഷോ ചിരിച്ചു കൊണ്ട് പറഞ്ഞു ' പ്രിയ സുഹൃത്തേ നിങ്ങൾ നരകത്തിലായിരിക്കും, ഞാൻ സ്വർഗത്തിലും..' ആഗതൻ നീരസം പൂണ്ടു...' അതെന്താ സ്വാമി നരകം ?'

' സുഹൃത്തേ...നിങ്ങൾ ഇപ്പോഴെ മരിച്ചു കഴിഞ്ഞാലുള്ള അവസ്ഥ ഓർത്തു വിഷമത്തിലാണ്. എല്ലാ വിഷമങ്ങളും കൂടി, നിങ്ങൾ ഇപ്പോഴേ നരകത്തിൽ തന്നെയല്ലേ. ഇവിടത്തെ സ്വർഗം കാണാൻ കഴിയാത്ത നിങ്ങൾ എങ്ങനെയാണ് സ്വർഗത്തിൽ ചെന്നാൽ പോലും അതനുഭവിക്കുക. കാരണം അതൊരു ശീലമാണ്. ഈ നരകത്തിലും ജാഗ്രതയോടെ സുബോധത്തോടെ സങ്കടത്തിലും സന്തോഷത്തിലും മധ്യസ്ഥായിയിൽ. അവ അനുഭവിക്കുമ്പോഴും കേവല ആഹ്ലാദത്തിൽ നിങ്ങൾ നിറയുക. അപ്പോൾ ഒന്ന് മനസ്സിലാകും, സങ്കടവും സന്തോഷവും എല്ലാം ഇടകലർന്ന ഈ ജീവിതത്തിന്റെ സന്തോഷം. അതിന്റെ കേവലാഹ്ലാദം. അപ്പോൾ നിങ്ങളനുഭവിക്കും സ്വർഗമെന്നാൽ ഈ ജീവിതം തന്നെയാണെന്ന്. അല്ലെങ്കിൽ, നിങ്ങളുടെ അവബോധമാണ് സ്വർഗമെന്ന്.. അതില്ലാതെ നിങ്ങൾ നരകത്തിലായാലും സ്വർഗത്തിലായാലും നിങ്ങൾക്ക് 'നരകപീഡ' തന്നെയായിരിക്കും. പിന്നെ ഞാൻ എവിടെയായാലും എനിക്ക് പരാതിയില്ല. കാരണം, ഭൂമിയിലെ ഈ നരകത്തിൽ തന്നെ എനിക്കൊരു സ്വർഗം തീർക്കാൻ കഴിയുന്നുണ്ട്. പിന്നെ നരകത്തിലായാലും എനിക്കെന്താ. അവിടെയും ഞാനൊരു റോസാ കമ്പ് നടും തീർച്ച..... ഓഷോ വ്യക്താക്കി.

കിടപ്പുമുറിയിൽ ജീവിക്കുന്നവർ

രജനീഷിന്റെ അനുയായികൾ രജനീഷ് പുരം എന്ന നഗരം പണിതീർത്ത് അവരുടെ ലോകം സൃഷ്ടിക്കാനും 1980-കളിലെ തങ്ങളുടെ അനുഷ്ഠാന രീതികളിൽ തുടർന്നും ജീവിക്കാനും കൈക്കൊണ്ട തന്ത്രങ്ങളാണ് വൈൽഡ് വൈൽഡ് കൺട്രിയിൽ അനാവൃതമാകുന്നത്. 100 ദശലക്ഷം ഡോളർ ചെലവിട്ടാണ് ഉട്ടോപ്യൻ ആശയങ്ങളുമായുള്ള നഗരം പണിതുയർത്താൻ അവർ ഒരുമ്പെട്ടത്. റോൾസ് റോയ്‌സ് ഗുരു എന്നാണ് ഓഷോ യുഎസിൽ അറിഞ്ഞിരുന്നതുപോലും.

സന്യാസികൾ അല്ലെങ്കിൽ രജനീഷികൾ എന്നറിയപ്പെട്ട അയാളുടെ അനുയായികൾ, ഒറിഗോണിന്റെ പ്രാന്തപ്രദേശത്തുള്ള, ആന്റിലോപ്പ് എന്ന ചെറിയ നഗരത്തിനടുത്ത് 64,000 ഏക്കർ വരുന്ന ഒരു മേച്ചിൽപ്രദേശത്തേക്ക് മാറി. നാട്ടുകാർക്ക്, ഈ സന്യാസികൾ, ആ പട്ടണത്തിന്റെ നന്മയെ എന്നെന്നേക്കുമായി നശിപ്പിച്ച പുറം നാട്ടുകാരായിരുന്നു. നഗ്നരായുള്ള വെയിൽ കായൽ പതിവ് കാഴ്‌ച്ചയായതോടെ നാട്ടുകാർ ഇവരെ ഒരു രതി ആസക്ത കുലമായി കണക്കാക്കാൻ തുടങ്ങി. രാത്രികൾ ഇതിലേറെ ബുദ്ധിമുട്ടായി. അവരുണ്ടാക്കിയിരുന്ന ഒച്ചയും ബഹളവും കാരണം ആന്റിലോപ്പുകാർ അവരെ 'കിടപ്പുമുറിയിൽ ജീവിക്കുന്നവർ' എന്നാണ് വിശേഷിപ്പിച്ചത്.81 മുതലുള്ള അഞ്ചുവർഷക്കാലം കൊണ്ട് രജനീഷ് പുരം വിവിധ കാരണങ്ങളാൽ വാർത്താത്തലക്കെട്ടുകളിൽ സ്ഥാനം പിടിച്ചു.

ആന്റിലോപ് പട്ടണത്തിൽ കിട്ടാവുന്ന എല്ലാ ഭൂമിയും വാങ്ങിക്കൂട്ടിയ രജനീഷികൾ, നിലനിൽക്കണമെങ്കിൽ നഗര സമിതിയിൽ പ്രാതിനിധ്യം ഉണ്ടാകണമെന്ന് പെട്ടെന്നുതന്നെ മനസിലാക്കി. അതിനവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കണം. അന്നവർ നേരിട്ടിരുന്ന എതിർപ്പിന്റെ പശ്ചാത്തലത്തിൽ രജനീഷികളല്ലാത്ത ആരും അവർക്ക് വോട്ട് ചെയ്യുമായിരുന്നില്ല. എന്നിട്ടും വിജയം ഉറപ്പിക്കാൻ, മാ ആനന്ദ് ഷീല എന്ന രജീഷിശന്റ അസിസ്റ്റന്റ് എടുത്തത് ക്രൂരമായ നടപടികൾ ആയിരുന്നു. വാസ്‌കോ കൗണ്ടിയിലെ സലാഡ് ബാറുകളിലും ഭക്ഷണശാലകളിലും വിഷം കലർത്തുന്ന പരിപാടി തുടങ്ങി. തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയിൽ 750-ലേറെപ്പേർ ഗുരുതരമായ തരത്തിൽ രോഗബാധിതരായി.

വെള്ളത്തിൽ വിഷം കലർത്തി വാസ്‌കോ കൗണ്ടി കമ്മീഷണർ ബില്ല് ഹൽസിനെ വിഷബാധയേൽപ്പിക്കാനും സംഘം ശ്രമിച്ചു എന്നാരോപണമുണ്ടായി. സന്യാസികളെപ്പോലും വിഷപ്രയോഗത്തിൽ നിന്നും ഒഴിവാക്കിയില്ല. ഷീലയെ ധിക്കരിക്കാൻ ശ്രമിച്ചവരെയെല്ലാം അവർ നോട്ടമിട്ടു. തനിക്ക് ബോധക്കേടുണ്ടാക്കിയ കാപ്പി പോലൊന്ന് ഒരു ദിവസം കുടിച്ചതായി സണ്ണി എന്ന സന്യാസിനി പറയുന്നു. പിന്നീട് പലതും കൂട്ടിവായിച്ചപ്പോളാണ്, താൻ രജനീഷുമായി സംസാരിക്കുന്നതു ഷീല കണ്ടെന്നും അതിൽ നിന്നുണ്ടായ വെറും അസൂയയാണ് ഈ വിഷപ്രയോഗത്തിന് കാരണമെന്നും മനസിലായതെന്ന് സണ്ണി പറയുന്നു.പിന്നീട് ഷീല തടവിലാവാൻ ഇടയായ കുറ്റങ്ങളിലൊന്ന് ഈ ജൈവാക്രമണമായിരുന്നു. 

തോക്കുകൾ കൂട്ടിവെച്ച സർവസംഗ പരിത്യാഗികൾ

സമാധാനസ്നേഹികളായ സന്യാസിമാർ സ്വയ'രക്ഷക്കായി' ഒരു സേന തന്നെയുണ്ടാക്കി. ദിവസം മുഴുവൻ വെടിയുടെ ശബ്ദങ്ങൾ അവരുടെ കേന്ദ്രത്തിൽ നിന്നും കേൾക്കാമായിരുന്നു എന്നു പരമ്പരയിൽ ആന്റിലോപ്പിലെ നാട്ടുകാർ പറയുന്നു. ഒരു ഘട്ടത്തിലും തങ്ങളുടെ കയ്യിലുണ്ടായിരുന്ന ആയുധങ്ങളുടെ കൃത്യം കണക്ക് രജനീഷികൾ പുറത്തു പറഞ്ഞില്ല. എന്നാൽ അത് ഒറിഗോൺ സംസ്ഥാനത്തിനുണ്ടായിരുന്നതിനെക്കാൾ കൂടുതലായിരുന്നു എന്ന് പരമ്പര സൂചിപ്പിക്കുന്നു. സന്യാസിനികളിൽ ഒരാളായ ജെയിൻ സ്ട്രോക് പറഞ്ഞത്, താൻ വിവിധ സംസ്ഥാനങ്ങളിൽ പോയി, പല കടകളിൽ നിന്നുമായി ആയുധങ്ങൾ വാങ്ങി ഷീലയ്ക്ക് കൈമാറിയിരുന്നു എന്നാണ്. നഗരത്തിൽ എഫ്ബിഐ നടത്തിയ പരിശോധനയിൽ ഈ ആയുധങ്ങൾ കണ്ടെടുത്തു.

രജനീഷികളല്ലാത്തവരെ വിഷബാധയേൽപ്പിച്ച് തെരഞ്ഞെടുപ്പിൽ ജയിക്കാൻ ഷീല ശ്രമിച്ചു. പക്ഷേ കൂടുതൽ വോട്ടുകൾ കിട്ടാനായി യു എസിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് അവർ ബസുകൾ അയച്ചു. സൗജന്യ ഭക്ഷണം, മദ്യം, താമസിക്കാൻ താവളം എന്നിവ വാഗ്ദാനം ചെയ്തു തെരുവിൽ അലയുന്ന നിരവധി പേരെ രജനീഷ് പുരത്തെത്തിച്ചു. അവരെ വോട്ടർമാരാക്കി രേഖയിൽ ചേർത്തു തെരഞ്ഞെടുപ്പിൽ ജയിക്കലായിരുന്നു ലക്ഷ്യം.ചില ഉദ്യോഗസ്ഥരെയും സന്യാസികളെയും വധിക്കാനും ഷീലയും സംഘവും ലക്ഷ്യമിട്ടു. രജനീഷിന്റെ ഡോക്ടർ ദേവ രാജ് ഒരു വധശ്രമത്തിൽ നിന്നും രക്ഷപ്പെട്ടു. അറ്റോർണി ജനറലിന്റെ കാര്യാലയത്തിലെ ചിലരെ വധിക്കാനും സംഘം പദ്ധതിയിട്ടിരുന്നു. ദേവ രാജ് രജനീഷിനെ കൊല്ലുമെന്ന് ഷീല കരുതിയതിനാലാണ് അയാളെ വധിക്കാൻ ഷീല ശ്രമിച്ചത്.

1980-കൾ വരെയുണ്ടായതിൽ ഏറ്റവും വലിയ ഫോൺ ചോർത്തലും ഷീല നടത്തി. ഓഷോയുടെ വീടടക്കം രജനീഷ് പുറത്തെ പല വീടുകളിൽ നിന്നും ഷീല ഫോൺ ചോർത്തി. രജനീഷ് അയാളുടെ വീട്ടിന്നകത്ത് നടത്തിയ എല്ലാ സംസാരങ്ങളും ശബ്ദലേഖനം ചെയ്യുകയും വിശകലനം ചെയ്യുകയും ചെയ്തു. 10,000ത്തിലേറെ ടേപ്പുകൾ എഫ് ബി ഐ പിന്നീട് കണ്ടെത്തി.വലിയതോതിലുള്ള കുടിയേറ്റത്തട്ടിപ്പും രജനീഷികൾക്ക് നേരെ ആരോപിക്കപ്പെട്ടു. ഈ കുറ്റാരോപണത്തിന്റെ പേരിലാണ് രജനീഷിനോട് ഇന്ത്യയിലേക്ക് പോകാൻ ആവശ്യപ്പെട്ടതും. അനുയായികളിൽ നിരവധിപേർ യു എസ് പൗരന്മാർ അല്ലായിരുന്നു. രജനീഷിന്റെ വിശ്വാസികൾ വിവാഹത്തിൽ വിശ്വസിച്ചിരുന്നില്ല. അപ്പോൾ ഈ സന്യാസികളെ യു എസിൽ താമസിപ്പിക്കാൻ രജനീഷികൾ തന്ത്രപൂർവം ഒരു വഴികണ്ടെത്തി. ഒരു യു എസ് പൗരത്വമുള്ളയാൾക്കൊപ്പം പങ്കാളിയാകാൻ ഇവരോട് ആവശ്യപ്പെടും. അവർ യു എസിലെ മറ്റൊരു സംസ്ഥാനത്ത് താമസമാക്കുകയും അവിടെ വിവാഹം കഴിച്ച് രജനീഷ് പുരത്തേക്ക് തിരിച്ചുവരികയും ചെയ്യും. ഇത് കുടിയേറ്റ നിയമങ്ങളുടെ ലംഘനമായിരുന്നു.

ഹൃദയാഘാതമോ താലിയം വിഷബാധയോ?

ഓഷോ ഈ പ്രശ്നങ്ങളിലൊന്നും കുറ്റാരോപിതനായില്ലയെങ്കിലും, അദ്ദേഹത്തിന്റെ ഖ്യാതിയെ, വിശേഷിച്ച് പാശ്ചാത്യ രാജ്യങ്ങളിൽ, പരിഹരിക്കാവുന്നതിനപ്പുറം ബാധിച്ചു. 1985 ഒക്ടോബറിൽ, ഓഷോയെ നോർത്ത് കരോളീനയിൽ വച്ച് അമേരിക്കയിൽ നിന്ന് രക്ഷപെടുന്നതിനിടെ അറസ്റ്റ് ചെയ്തു. ലഘുവായ കുടിയേറ്റ നിയമ ലംഘനങ്ങൾ ആരോപിക്കപ്പെട്ട ഓഷോ, രാജ്യം വിട്ടുപോകാമെന്ന ഉറപ്പിന്മേൽ പന്ത്രണ്ട് ദിവസത്തെ തടവിനു ശേഷം മോചിതനായി.ഓഷോ പിന്നീട് ലോകമാകെ സഞ്ചരിച്ച് തന്റെ പ്രഭാഷണ പരമ്പരകൾ തുടർന്നു. ഇരുപതിലേറെ രാജ്യങ്ങൾ ഓഷോയ്ക്ക് സന്ദർശനാനുമതി നിഷേധിച്ചിരുന്നു.

1986 ജൂലൈയിൽ ഇന്ത്യയിലെത്തിയ ഓഷോ, 1987 ജനുവരിയിൽ പൂണെയിലെ ആശ്രമത്തിലേക്കു മടങ്ങി. 1988 ഡിസംബറിൽ ഓഷോ എന്ന പേര് സ്വീകരിച്ചു.1990 ജനുവരി 19 ന് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഓഷോ അന്തരിച്ചു.ഹൃദയാഘാതമാണ് മരണകാരണമെന്ന് പറയുന്നതെങ്കിലും, അമേരിക്കയിൽ തടവിൽ കഴിഞ്ഞ സമയത്ത് അമേരിക്കൻ സർക്കാർ അദ്ദേഹത്തിന് അണുപ്രസരണ ശേഷിയുള്ള ഏതോ വിഷവസ്തു നൽകിയെന്നും അത് താലിയം എന്ന രാസവസ്തുവാണെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. മരണശേഷം ഓഷോയുടെ അനുയായികൾ പലരും അത് താലിയം വിഷബാധയാണെന്ന് വിശ്വസിച്ചു.

ഓഷോയുടെ ചിതാഭസ്മം പൂണെയിലെ ആശ്രമത്തിൽ സൂക്ഷിച്ചിട്ടുണ്ട്. സ്മാരക ലേഘനത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു, 'ഓഷോ. ജനിച്ചിട്ടില്ല, മരിച്ചിട്ടില്ല. ഡിസംബർ 11 1931നും, ജനുവരി 19 1990നും ഇടയ്ക്ക് ഈ ലോകം സന്ദർശിക്കുക മാത്രം ചെയ്തു.'

പുനർജ്ജനിക്കുന്ന ഓഷോ കഥകൾ

തികഞ്ഞ ഫലിത പ്രിയനായിരുന്നു ഓഷോ. ഇന്നും ലോകത്ത് ബെസ്റ്റ് സെല്ലാറാണ് ഓഷോയുടെ കഥകളും ഫലിതങ്ങളും. മലയാളത്തിൽ മോഹൻലാൽ അടക്കം സമാഹരിച്ച ഓഷോ ഫലിതങ്ങൾ ഉണ്ട്. 'ചിരി പലതരത്തിലുണ്ട്. ശരീരംകൊണ്ട് ഗോഷ്ഠികാണിച്ച് ചിലർ ചിരിപ്പിക്കുന്നു. മറ്റു ചിലർ അനുകരണങ്ങളിലൂടേയും സംസാര ശൈകളിലൂടെയും ചിരിപ്പിക്കുന്നു. ഇനിയും ചിലരുണ്ട്, സൂക്ഷ്മമായ വാക്കും അഗാധമായ ഉൾക്കാഴ്ചയും തത്വചിന്തയും ചേർത്ത് ചിരിയുണർത്തുന്നവർ. സംസ്‌കൃതമായ ഫലിതമാണത്. ചിരിയിലൂടെ പല സത്യങ്ങളും ജീവിതത്തിന്റെ നിസ്സാരതകളും വെളിവാക്കിത്തരികയാണ് അവർ ചെയ്യുന്നത്'' എന്ന് മോഹൻ ലാൽ ഓഷോഫലിതങ്ങളെക്കുറിച്ച് എഴുതുന്നു.

ചില ഓഷോ കഥകൾ നോക്കുക.

ഡാർലിങ്ങ്

കുട്ടികളുടെ മുമ്പിൽ വെച്ച് ഒരിക്കലും പോരാടരുതെന്ന് ഭാര്യയും ഭർത്താവും തീരുമാനിച്ചു. അതുകൊണ്ട് അവരുടെ പോരാട്ടങ്ങളെല്ലാം പുഞ്ചിരികളിലും ഡിയർ' ഡാർലിങ്ങ്' വിളികളിലും പൂഴ്‌ത്തിവയ്ക്കപ്പെട്ടു. ഒരു ദിവസം തങ്ങളുടെ രണ്ടുപുത്രന്മാർ വൈരബുദ്ധിയോടെ പോരാടിക്കൊണ്ടിരിക്കുന്നത് കണ്ടപ്പോൾ മാത്രമാണ് തങ്ങളുടെ മുഖംമൂടി അണിയലിന്റെ പരിണതി അവർക്ക് മനസ്സിലായത്. ആരാണ് വഴക്ക് തുടങ്ങിയതെന്ന് അന്വേഷിച്ചപ്പോൾ രണ്ട് കുട്ടികളിൽ ഒരാൾ ഇങ്ങനെയാണ് നിലവിളിച്ചത്.  അവനെന്നെ ആദ്യം ഡാർലിങ്ങ് എന്നു വിളിച്ചു മമ്മി''

നിഷ്‌കളങ്കത

കൊച്ചു പീറ്ററും കൊച്ചു ജോണിയും അമ്മൂമ്മയോട് ചോദിച്ചു, കുഞ്ഞുങ്ങൾ എങ്ങിനെയാണ് ജനിക്കുന്നത് അമ്മൂമ്മേ?'കൊററികൾ അവയുടെ കൊക്കുകളിൽ കൊത്തിക്കൊണ്ടുവരുന്നു, അവരെ' അമ്മൂമ്മ മറുപടി പറഞ്ഞു.കൊച്ചു പീറ്ററും കൊച്ചു ജോണിയും പരസ്പരം നോക്കി. കൊച്ചു ജോണി പറഞ്ഞു, നീയെന്താണ് ചിന്തിക്കുന്നതു പീറ്ററെ? ഇവരോട് നമ്മളതു പറയണോ?'വേണ്ട! വേണ്ട!' പീറ്റർ പറഞ്ഞു, അവരെ അവരുടെ നിഷ്‌കളങ്കതയിൽ വിട്ടേക്ക്

വികലാംഗ പെൻഷൻ

ഗൗസപ്പി, യുണൈറ്റഡ് സ്റ്റേറ്റ്‌സിൽ കുടിയേറി പാർത്തവൻ, ജീവിതകാലം മുഴുവൻ കഠിനമായി ജോലി ചെയ്തു. അവസാനം അയാളുടെ അറുപത്തിയഞ്ചാമത്തെ പിറന്നാളുമായി. ഗവൺമെന്റ് ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കാനുള്ള പ്രായം. അപേക്ഷിക്കാനായി അയാൾ സോഷ്യൽ സെക്യൂരിറ്റി ഓഫീസിലേക്ക് ചെന്നു.  പ്രായം തെളിയിക്കാനുള്ള സർട്ടിഫിക്കറ്റ ഹാജരാക്കണമെന്ന് ക്ലാർക്ക് പെൺകുട്ടി ആവശ്യപ്പെട്ടു. അയാൾക്കാണെങ്കിൽ ജനനസർട്ടിഫിക്കറ്റില്ല. വിഷണ്ണനായി വീട്ടിലെത്തിയ അയാൾക്ക് പൊടുന്നനെ ഒരാശയം തോന്നി. അയാൾ ഓഫീസിലേക്ക് കുതിച്ചു. ക്ലാർക്ക് യുവതിയുടെ അടുത്തേക്ക് ഓടിച്ചെന്ന അയാൾ തന്റെ ഷർട്ട് തുറന്നുകാട്ടി നരച്ച രോമങ്ങൾ പ്രദർശിപ്പിച്ചു.

നിങ്ങൾക്ക് അറുപത്തിയഞ്ചായിക്കാണും, നിങ്ങളുടെ മാറിലെ നരച്ച രോമങ്ങളെല്ലാം അത് കാണിക്കുന്നുണ്ട്' യുവതി പറഞ്ഞു.ഗൗസപ്പിക്കു വളരെ സന്തോഷമായി, തനിക്ക് ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് ഭാര്യയെ അറിയിക്കാൻ അയാൾ വീട്ടിലേക്ക് ഓടി.'നിങ്ങൾക്കതെങ്ങനെ കിട്ടി' ഭാര്യ ചോദിച്ചുഞാൻ ഇതുപോലെ എന്റെ ഷർട്ട് തുറന്നുകാണിച്ചു. ഈ നരച്ച രോമങ്ങൾ മുഴുവൻ ഞാനവൾക്ക് കാണിച്ചുകൊടുത്തു!'മണ്ടച്ചാരെ, നിങ്ങളൊരു അവസരം തുലച്ചല്ലോ!' ഭാര്യ ആക്രോശിച്ചു, 'നിങ്ങൾക്കു നിങ്ങളുടെ ട്രൗസർ തുറന്നു കാണിക്കാമായിരുന്നു. എന്നിട്ട് ഒരു വികലാംഗ പെൻഷന് അപേക്ഷിക്കാമായിരുന്നു!'

ഈ രീതിയിലുള്ള സെക്സ് നർമ്മങ്ങളിലൂടെയാണ് നവമാധ്യമങ്ങളിലെ ഓഷോകൾട്ടുകൾ ആളെ കൂട്ടുന്നതെന്ന് വിമർശനമുണ്ട്. പക്ഷേ കഥകളും ഫലിതങ്ങളും ആസ്വദിച്ചതുകൊണ്ട് ആരാണ് വഴിതെറ്റിപ്പോവുകയെന്നും ഈ ഭീതിയെല്ലാം അനാവശ്യമാണെന്നുമാണ് ഓഷോയെ അനുകൂലിക്കുന്നവർ പറയുന്നത്. തങ്ങൾ ഓഷോ കഥകളിലെ സാഹിത്യവും നർമ്മവുമാണ് ആസ്വദിക്കുന്നയെന്നും അല്ലാതെ അദ്ദേഹത്തിന്റെ ജീവിതമല്ലെന്നും ഇവർ പറയുന്നു. എന്തായാലും മരിച്ചിട്ടും മരിക്കാതെ ഇപ്പോഴും ഓഷോ ലോകത്തെ പിന്തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP