Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

82ാം വയസ്സിലും 18 മണിക്കൂർ ജോലി ചെയ്യുന്ന 'മുത്തശ്ശി'; സ്പീക്കറാവുന്ന യുഎസ് കോൺഗ്രസിലെ ആദ്യ വനിത; ബുഷിന്റെ യുദ്ധക്കൊതിയെ എതിർത്ത മനുഷ്യസ്നേഹി; ട്രംപിനെ 'പഞ്ഞിക്കിട്ട' പെൺപുലി; ബിസിനസിലൂടെ കോടീശ്വരി; തായ്വാൻ സന്ദർശനത്തിലൂടെ വേൾഡ് ഹീറോ; ചൈനയെ വിറപ്പിക്കുന്ന നാൻസി പെലോസിയുടെ കഥ!

82ാം വയസ്സിലും 18 മണിക്കൂർ ജോലി ചെയ്യുന്ന 'മുത്തശ്ശി'; സ്പീക്കറാവുന്ന യുഎസ് കോൺഗ്രസിലെ ആദ്യ വനിത; ബുഷിന്റെ യുദ്ധക്കൊതിയെ എതിർത്ത മനുഷ്യസ്നേഹി; ട്രംപിനെ 'പഞ്ഞിക്കിട്ട' പെൺപുലി; ബിസിനസിലൂടെ കോടീശ്വരി; തായ്വാൻ സന്ദർശനത്തിലൂടെ വേൾഡ് ഹീറോ; ചൈനയെ വിറപ്പിക്കുന്ന നാൻസി പെലോസിയുടെ കഥ!

എം റിജു

82 വയസ്സൊക്കെ ആയാൽ, കുഴിയിലേക്ക് കാലും നീട്ടി ഇരുന്ന്, രാമനാമം ജപിച്ച് കഴിച്ചുകൂട്ടേണ്ട കാലം എന്നൊക്കെയാണ് നമ്മുടെ നാട്ടിൽ പറയുക. ഈ പ്രായത്തിൽ ഒരു സ്ത്രീക്ക് ലോകത്തിന്റെ ഭാഗധേയം നിർണ്ണയിക്കുന്ന രീതിയിൽ ഇടപെടാൻ കഴിയുക! ഇന്ത്യയിലൊന്നും സങ്കൽപ്പിക്കാൻപോലും കഴിയാത്ത കാര്യമാണ്, നാൻസി പൊലോസി എന്ന, ആമേരിക്കൻ പ്രതിനിധി സഭയുടെ സ്പീക്കർക്ക് കഴിഞ്ഞത്. ലോകം ഇന്നലെ അക്ഷരാർഥത്തിൽ കാതോർത്തത് അവരുടെ വാക്കുകൾക്ക് വേണ്ടി ആയിരുന്നു. ചൈന തങ്ങളുടേതാക്കാൻ നോക്കുന്ന തായ്വാനിൽ സന്ദർശിക്കുകയും ആ രാജ്യത്തിന് ഒപ്പമെന്ന് പറയുകയും ചെയ്തതോടെ, ഒറ്റ ദിവസം കൊണ്ട്, അവർ വേൾഡ് ഹീറോ ആയി.

അമേരിക്കയ്ക്ക് പുറത്ത് അധികം അറിയപ്പെടാതിരുന്ന വ്യക്തിയായിരുന്നു നാൻസി. എന്നാൽ ചൈനയുടെ ഭീഷണി മറികടന്ന് തായ്വാൻ സന്ദർശിച്ചതോടെ, ഗൂഗിളിൽ ഏറ്റവും കൂടുതൽ സേർച്ച് വന്ന പേരും അവരുടേതായി. പ്രായത്തിന് തളർത്താൻ കഴിയാത്ത അരെയും അമ്പരപ്പിക്കുന്ന ഊർജസ്വലതയാണ് നാൻസിയുടെ പ്രത്യേകത. വായനയും പഠനവും ഡിബേറ്റുമായി ഈ പ്രായത്തിലും 18 മണിക്കുർ ജോലിചെയ്യുന്ന വർക്കഹോളിക്ക്. വെറും നാലുമണിക്കൂർ മാത്രമാണത്രേ അവർ ഉറങ്ങുക. ലോകത്തിലെ ഏറ്റവും വലിയ ഫാസിസ്റ്റ് ശക്തികളിലൊന്നായ ചൈനയെ, വിറപ്പിച്ചതോടെ അവർ ലോക മാധ്യമ ശ്രദ്ധ നേടി എന്നേയുള്ളൂ. ശരിക്കും യൗവന കാലം തൊട്ടേ അവർ ഒരു പോരാളിയാണ്.

അമേരിക്കൻ കോൺഗ്രസിന് അകത്തും പറുത്തുമായി ജനാധിപത്യത്തിനും, അഴിമതിക്കും, ലിംഗ വിവേചനത്തിനും, സാമൂഹിക അസമത്വത്തിനും എതിരെ അവർ പൊരുതുന്നു. കൊലക്കൊല്ലിയായ മൂൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെപ്പോലെ വിറപ്പിച്ചവളാണ് ഈ ഡെമോക്രാറ്റിക്ക് പാർട്ടിയുടെ നേതാവ്. 2020ൽ തന്നെ ലോകത്തിലെ എറ്റവും സ്വാധീനമുള്ള നൂറു വനിതകളുടെ ലിസ്റ്റ് ഫോബ്സ് മാഗസിൽ എടുത്തപ്പോൾ, അതിൽ എഴാം സ്ഥാനത്ത് ഈ മുത്തശ്ശി ആയിരുന്നു.

എന്തുകൊണ്ട് അമേരിക്കൻ സ്പീക്കർ?

2019 ജനുവരി മുതൽ ഇവർ അമേരിക്കൻ ജനപ്രതിനിധി സഭയുടെ സ്പീക്കറായി സേവനമനുഷ്ഠിക്കയാണ്. മുമ്പ് 2007 മുതൽ 2011 വരെ സ്പീക്കർ സ്ഥാനം വഹിച്ചിരുന്നു. ഈ സ്ഥാനത്തെത്തുന്ന ആദ്യവനിതയായ നാൻസി അങ്ങനെ അമേരിക്കൻ ചരിത്രത്തിൽ ഇടം പിടിച്ചു.

നമ്മുടെ നാട്ടിലെ സ്പീക്കറെപ്പോലെയല്ല, അമേരിക്കൻ കോൺഗ്രസിന്റെ സ്പീക്കർ. ഇവിടെ പലപ്പോഴും ഒരാളെ സ്പീക്കർ ആക്കുന്നത്, മന്ത്രിസ്ഥാനം കൊടുക്കാൻ പറ്റാത്തതിന്റെ രാഷ്ട്രീയ പരിഹാരം എന്ന നിലയിലാണ്. ഇന്ത്യയിൽ സ്പീക്കർ ആയിക്കഴിഞ്ഞാൽ പിന്നെ അയാളുടെ രാഷ്ട്രീയ ജീവിതം ഇല്ലാതാവുന്നു. അയാൾ പിന്നെ രാഷ്ട്രീയം പറയാതെ നിഷ്പക്ഷന്റെ വേഷത്തിൽ നടക്കണ്ടേി വരുന്നു. സോമനാഥ് ചാറ്റർജി ലോക്സഭാ സ്പീക്കർ ആയപ്പോൾ ഉയർന്നുകേട്ട വിമർശനം, ഇത്രയും കാലിബർ ഉള്ള ഒരു നേതാവിന്റെ രാഷ്ട്രീയ ജീവിതം നശിപ്പിച്ചുവെന്നാണ്. കേരളത്തിൽ എം ബി രാജേഷ് സ്പീക്കറായപ്പോഴും സമാനമായ വാദങ്ങൾ കേട്ടു.

എന്നാൽ അമേരിക്കയിൽ അങ്ങനെ ഒരു അവസ്ഥയില്ല. സ്പീക്കർ തീർത്തും പൊളിറ്റിക്കൽ ജീവിയാണ്. സ്പീക്കർ ആയിരിക്കുമ്പോൾ തന്നെ നാൻസി പൗലോസ് അതിശക്തമായ ട്രംപിനെ വിമർശിക്കുക, മാത്രമല്ല, ചില പേപ്പറുകൾ കീറി എറിയുകയും ചെയ്തിരുന്നു. അമേരിക്കൻ പാർലമെന്റി രീതി അനുസരിച്ച്, പ്രസിഡന്റും, വൈസ് പ്രസിഡന്റും കഴിഞ്ഞാൽ രാജ്യത്തിന്റെ മൂന്നാമനാണ് സ്പീക്കർ. പ്രസിഡന്റിന് ആ ചുമതല നിർവഹിക്കാൻ കഴിയാതെ വരികയാണെങ്കിൽ, ഓട്ടോമാറ്റിക്ക് ആയി ഭരണം വൈസ് പ്രസിഡന്റിലേക്ക് മാറും. എന്നാൽ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും ഒരുപോലെ അനാരോഗ്യമോ, അവർ കൊല്ലപ്പെടുകയോ ചെയ്താൽ അധികാരം സ്പീക്കർക്കാണ്. അതുകൊണ്ടുതന്നെയാണ് സ്പീക്കർ പദവി എന്നത് യുഎസിലെ വലിയൊരു അധികാര പദവിയായി കണക്കാക്കപ്പെടുന്നത്.

ആ അർത്ഥത്തിൽ അമേരിക്കയുടെ മൂന്നാമൻ തന്നെയാണ് സ്പീക്കർ. അതുകൊണ്ടുതന്നെയാണ് നാൻസി പൊലോസിയുടെ സന്ദർശനം വാർത്തകളിൽ ഇടം പിടിക്കുന്നതും. ഇപ്പോൾ നാൻസിയുടെ ജീവിത കഥ തെരയുന്നവരുടെ എണ്ണവും വർധിക്കയാണ്.

കുടുംബം ആഗ്രഹിച്ചത് കന്യാസ്ത്രീയാക്കാൻ

നാൻസി പട്രീഷ്യ പെലോസി എന്നതാണ്, ഈ അഭിനനവ ഹീറോയുടെ മുഴുവൻ പേര്. 26 മാർച്ച് 1940ന് അമേരിക്കയിലെ ബാൾട്ടിമോർ നഗരത്തിലാണ് ഇവർ ജനിച്ചത് .അമ്മ അൻൻസിയാറ്റ ഡി അലസാൻഡ്രോയ്ക്കും അച്ഛൻ തോമസ് ഡി അലസാൻഡ്രോ ജൂനിയറിനും ജനിച്ച ആറ് മക്കളിൽ ഇളയവളാണ്. മാതാപിതാക്കൾ ഇറ്റാലിയൻ വംശജരാണ്. പലപ്പോഴും ഇറ്റലിയിൽനിന്ന് അമേരിക്കയിൽ കുടിയേറി എത്തിയവർ, മാഫിയകളുടെ പേരിലാണ് അറിയപ്പെടാറുള്ളത്. ഫ്രാൻസിസ് ഫോർഡ് കപ്പോളയുടെ പ്രശസ്തമായ ചലച്ചിത്രം 'ഗോഡ്ഫാദർ' ഒക്കെ ഈ കഥയാണ് പറയുന്നത്. പക്ഷേ അമേരിക്കയുടെ സാമ്പത്തിക- രാഷ്ട്രീയ രംഗത്ത് നിർണ്ണായക സ്വാധീനം ചെലുത്തിയ ഇറ്റാലിയൻ വംശജരും ഉണ്ടെന്ന് നാൻസിയുടെ അനുഭവം ഓർമ്മിപ്പിക്കുന്നു.

നാൻസി തന്റെ ആറ് മൂത്ത സഹോദരന്മാർക്കൊപ്പമാണ് ബാൾട്ടിമോറിൽ വളർന്നത്. തനിക്ക് ചുറ്റം പ്രായമായ പുരുഷ വ്യക്തികൾ ഉണ്ടായിരുന്നത് ഭയം ഉണർത്താൻ പര്യാപ്തമായിരുന്നു, എന്നാണ് അവർ പിന്നീട് പറഞ്ഞത്. എന്നാൽ സഹോദരന്മ്മാർക്ക് അവൾ ഏറെ പ്രിയപ്പെട്ടവൾ ആയിരുന്നു. കടുത്ത വിശ്വാസി കുടുംബമായിരുന്നു നാൻസിയുടേത്. അതുകൊണ്ടുതന്നെ അഞ്ച് ആങ്ങളമാർക്ക് സഹോദരിയായി ഒരു പെങ്ങൾ വന്നപ്പോൾ അവളെ നേർച്ചയായി കന്യാസ്ത്രീ മഠത്തിലേക്ക് അയച്ചാലോ എന്ന് കുടുംബത്തിൽ ആലോചന വന്നു. പക്ഷേ നാൻസിക്ക് അത് ഇഷ്ടമായിരുന്നില്ല. അതുകൊണ്ടുതന്നെ വീട്ടുകാർ നിർബന്ധിച്ചതുമില്ല. ( ഇതാണ് ഇന്ത്യൻ സമൂഹവും അമേരിക്കൻ സമൂഹവും തമ്മിലുള്ള പ്രകടമായ വ്യത്യാസം. ഇന്ത്യയിലാണ് നാൻസി ജനിച്ചിരുന്നെങ്കിൽ അവളുടെ ഇഷ്ടത്തിന് യാതൊരു വിലയും ഉണ്ടാവുമായിരുന്നില്ല. മാതാപിതാക്കളുടെ ഇഷ്ടം അനുസരിച്ച് അവൾ കന്യാസ്ത്രീ മഠത്തിൽ എത്തിയേനെ!)

ചെറുപ്പത്തിലേ രാഷ്ട്രീയം കണ്ടാണ് നാൻസി വളർന്നത്. അച്ഛൻ അവളുടെ ജനനസമയത്ത്തന്നെ അമേരിക്കൻ കോൺഗ്രസ് പ്രതിനിധിയായിരുന്നു. അമ്മ ഡെമോക്രാറ്റിക് വനിതകളുടെ സംഘാടകയായിരുന്നു. നാൻസിയുടെ ആദ്യകാല ജീവിതത്തിൽ അമ്മയോടൊപ്പമാണ് പൊതുപരിപാടികളിൽ പങ്കെടുത്തത്. തന്നിലെ രാഷ്ട്രീയക്കാരിയെ വാർത്തെടുത്തത് അമ്മയാണെന്നാണ് അവർ പറയുക.

കെന്നഡിയുടെ ആരാധിക

കന്യാസ്ത്രീ ആയില്ലെങ്കിലും നാൻസിയും ഒരു അടിയുറച്ച കത്തോലിക്കാ വിശ്വാസി ആയാണ് വളർന്നത്. ബാൾട്ടിമോറിലെ പെൺകുട്ടികൾക്ക് വേണ്ടിയുള്ള കാത്തലിക് ഹൈസ്‌കൂളായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നോട്ടർ ഡാമിലാണ് അവർ പഠിച്ചത്. 1962ൽ വാഷിങ്ടണിലെ ഡിസി ക്ലാസ്സിലെ ട്രിനിറ്റി കോളേജിൽ പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി. ട്രിനിറ്റി കോളേജിലെ അധ്യയനത്തിലുടെയാണ്, രാഷ്ട്രീയത്തിൽ ഇടപെടണം എന്ന ആഗ്രഹം ഉണ്ടാകുന്നതെന്ന് നാൻസി പറയുന്നു. അവിടെവെച്ചുതന്നെയാണ് പ്രണയവും തുടർന്ന് വിവാഹവും ഉണ്ടായത്.

എന്നാൽ ബിരുദമെടുക്കുന്നതിന് മമ്പേ തന്നെ അവൾ രാഷ്ട്രീയത്തിൽ വളരെയധികം സജീവമായിരുന്നു. അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ വലിയ ആരാധക കൂടിയായിരുന്നു അവർ. 1961 ജനുവരിയിൽ യുഎസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ജോൺ എഫ്. കെന്നഡിയുടെ ഉദ്ഘാടന പ്രസംഗത്തിൽ തൊട്ടടുത്തുതന്നെ സന്നിഹിതയാവാനുള്ള ഭാഗ്യം, അന്നത്തെ യുവ സുന്ദരിക്ക് ഉണ്ടായി. ( ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം എന്താണ് എന്ന് ചോദിച്ചാൽ അവർ പറയുക, കെന്നഡിയുടെ മരണം എന്നുമാണ്) തുടർന്നുള്ള വർഷങ്ങളിൽ, സാൻ ഫ്രാൻസിസ്‌കോയിലേക്ക് മാറുന്നതിന് മുമ്പ് നാൻസി കോൺഗ്രസുകാരായ ഡാനിയൽ ബ്രൂസ്റ്ററിനും സ്റ്റെനി ഹോയറിനും ഒപ്പം പ്രവർത്തിച്ചു.

സാൻ ഫ്രാൻസിസ്‌കോയിലാണ് നാൻസി തിരഞ്ഞെടുപ്പിലൂടെ ഡെമോക്രാറ്റിക് ദേശീയ സമിതിയിൽ അംഗമായത്. അതിനുശേഷം, അവൾ പതുക്കെ ഉയരാൻ തുടങ്ങി., 1986 ൽ രോഗബാധിതനായ ഒരു കോൺഗ്രസ് വനിത സാല ബർട്ടൺ വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പറഞ്ഞു. പകരം, നാൻസിയെ തന്റെ പിൻഗാമിയായി പിന്തുണയ്ക്കാൻ അവർ ഡെമോക്രാറ്റുകളോട് ആവശ്യപ്പെട്ടു. ഡെമോക്രാറ്റുകൾ നാൻസിക്ക് വളരെയധികം പിന്തുണ നൽകി, അവർ ജയിച്ചു. 1987 ൽ സത്യപ്രതിജ്ഞ നാൻസി ആദ്യമായി സത്യപ്രതിഞ്ജ ചെയ്തപ്പോൾ പിതാവ് വീൽച്ചെയറിൽ ഇരുന്നാണ് കാണാൻ വന്നത്. ഇത് അങ്ങേയറ്റം വൈകാരികമായ നിമിഷം ആയിരുന്നെന്നാണ് അന്ന് അവർ പറഞ്ഞത്.

ബുഷിനെതിരെ ആഞ്ഞടിച്ചു

1987ൽ 47ാം വയസ്സിലാണ് പെലോസി ആദ്യമായി കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അമേരിക്കയുടെ ശരാശരി രാഷ്ട്രീയ പ്രായം നോക്കുമ്പോൾ അത് വൈകി തന്നെയാണ്. പക്ഷേ അതിനുശേഷം അവർക്ക് തിരുഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 2019 ൽ അവർ തിരഞ്ഞെടുക്കപ്പെടുമ്പോൾ ഇത് 17ാം തവണത്തെ ജയം ആയിരുന്നു. നമ്മുടെ ഉമ്മൻ ചാണ്ടിയെയും കെഎം മാണിയെയും ഒക്കെപ്പോലെ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടുനിൽക്കുന്ന സമാജികത്വം!

സാൻ ഫ്രാൻസിസ്‌കോ ഉൾപ്പെടുന്ന കാലിഫോർണിയയിലെ പന്ത്രണ്ടാമത്തെ കോൺഗ്രസ് ജില്ലയെയാണ് ഇവർ ഇപ്പോൾ പ്രതിനിധീകരിക്കുന്നത്. പ്രതിനിധി സഭയിൽ 2003 മുതൽ ഡെമോക്രാറ്റുകളുടെ നേതാവാണ്. ഇതും ചരിത്രമാണ്. ഒരു പാർട്ടിക്ക് നേതൃത്വം നൽകിയ ആദ്യ വനിതയാണ് ഇവർ. റിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം വഹിക്കുമ്പോൾ പ്രതിപക്ഷ നേതാവായും ഡെമോക്രാറ്റിക് ഭൂരിപക്ഷ കാലഘട്ടത്തിൽ സ്പീക്കർ ആയും സ്ഥാനം വഹിച്ചു.

ബുഷിനെതിരെ ആഞ്ഞടിച്ചതോടെയാണ് ലോകം നാൻസിയെ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഇറാഖ് യുദ്ധത്തിനോട് എതിർപ്പ് പ്രകടിപ്പിച്ച പെലോസി, 2005 ൽ സാമൂഹ്യ സുരക്ഷയെ ഭാഗികമായി സ്വകാര്യവൽക്കരിക്കാനുള്ള ബുഷ് അഡ്‌മിനിസ്ട്രേഷന്റെ ശ്രമവും എതിർത്തു. ആദ്യത്തെ സ്പീക്കർഷിപ്പിനിടെ അഫോർഡബിൾ കെയർ ആക്റ്റ്, ഡോഡ്-ഫ്രാങ്ക് വാൾസ്ട്രീറ്റ് പരിഷ്‌കരണം, ഉപഭോക്തൃ സംരക്ഷണ നിയമം, അമേരിക്കൻ റിക്കവറി ആൻഡ് റീ-ഇന്വെസ്റ്റ്മെന്റ് ആക്റ്റ് എന്നിവ ഉൾപ്പെടെ നിരവധി സുപ്രധാന ബില്ലുകൾ പാസാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.

2010 ലെ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് ജനപ്രതിനിധി സഭയിലെ ഭൂരിപക്ഷം ഇല്ലാതായതിനെ തുടർന്ന് 2011 ജനുവരിയിൽ പെലോസിക്ക് സ്പീക്കർ സ്ഥാനം നഷ്ടപ്പെട്ടു. പക്ഷേ 2018 ലെ ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ സഭയുടെ നിയന്ത്രണം തിരിച്ചുപിടിച്ചു. 2019 ജനുവരി 3 ന് പെലോസി വീണ്ടും സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. 1955 ൽ സാം റെയ്ബർണിന് ശേഷം ഈ സ്ഥാനത്തേക്ക് മടങ്ങിവരുന്ന ആദ്യത്തെ മുൻ സ്പീക്കറായി.

ട്രംപിനെ 'പഞ്ഞിക്കിട്ട' എതിരാളി

ബുഷിനോട് കട്ടക്ക് കട്ട നിന്നപോലെ ട്രംപിനും ഒത്ത എതിരാളിയായിരുന്നു അവർ. ട്രംപിന്റെ കോവിഡ് കാലത്തെ പല നയങ്ങളെയും അവർ നിശിതമായി വിമർശിച്ചു. ഒരുവേളം ട്രംപിന്റെ മുഖത്തേക്ക് പേപ്പറുകൾ വലിച്ചെറിഞ്ഞും പ്രതിഷേധിച്ചു. ട്രംപിന്റെ ഭാന്തൻ നയങ്ങൾ അമേരിക്കയ്ക്ക് തീരാകളങ്കമാണ് ഉണ്ടാക്കുന്നത് എന്നായിരുന്ന നാൻസിയുടെ വാദം. 2019 സെപ്റ്റംബർ 24 ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് വാദം കേൾക്കുന്നതായി പെലോസി പ്രഖ്യാപിച്ചു. തോറ്റിട്ടും അത് സമ്മതിക്കാതെ അധികാരത്തിൽ കടിച്ചു തൂങ്ങാൻ ശ്രമിച്ച, ട്രംപിനെ അധികാരത്തിൽ നിന്ന് അടിയന്തരമായി നീക്കം ചെയ്യാൻ സ്പീക്കർ നാൻസി പെലോസിയാണ് തീരുമാനിച്ചത്.

''ഇത് ഏറ്റവും ഗൗരവമേറിയ അടിയന്തരാവസ്ഥയാണ്,'' യുഎസ് ക്യാപിറ്റലിൽ നടന്ന അക്രമത്തെ ഉദ്ധരിച്ച് പെലോസി പറഞ്ഞു. 'ട്രംപ് വളരെ അപകടകാരിയായ വ്യക്തിയാണ്. അധികാരത്തിൽ ഇനിയും തുടരുന്നത് അമേരിക്കയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കുമെന്നു മാത്രമല്ല, ജനങ്ങളുടെ ജീവൻ അപകടപ്പെടുത്തുകയും ചെയ്യും,'' അവർ പറഞ്ഞു.തന്റെ ചുമതലകൾ നിർവഹിക്കാൻ കഴിയില്ലെന്ന് കരുതുന്ന ഒരു പ്രസിഡന്റിനെ നീക്കം ചെയ്യാൻ കോൺഗ്രസ്സിനെ അനുവദിക്കുന്ന യു എസ് ഭരണഘടനയുടെ 25ാം ഭേദഗതി നടപ്പാക്കാൻ വൈസ് പ്രസിഡന്റ്് മൈക്ക് പെൻസിനോടും ട്രംപിന്റെ ക്യാബിനറ്റ് അംഗങ്ങളോടും അവർ ആവശ്യപ്പെട്ടു.

''വൈസ് പ്രസിഡന്റും ക്യാബിനറ്റും പ്രവർത്തിച്ചില്ലെങ്കിൽ, ഇംപീച്ച്മെന്റുമായി മുന്നോട്ട് പോകാൻ കോൺഗ്രസ് തയ്യാറായേക്കാം,'' നാൻസി പെലോസി പറഞ്ഞു. പ്രസിഡന്റ് നമ്മുടെ രാജ്യത്തിനും നമ്മുടെ ജനങ്ങൾക്കും നേരെ പറഞ്ഞറിയിക്കാനാവാത്ത വിധമുള്ള ആക്രമണമാണ് നടത്തിയതെന്നും അവർ കൂട്ടിച്ചേർത്തു. ''അധികാര ദുർവിനിയോഗം, അമേരിക്കൻ ഐക്യനാടുകളിലെ തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രതിനിധി സംഘത്തിനെതിരെ ആക്രമിക്കാൻ ഒരു ജനക്കൂട്ടത്തെ പ്രേരിപ്പിച്ചത്, സർക്കാർ സംവിധാനങ്ങളെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയത്, ഗവണ്മെന്റ് മന്ദിരങ്ങളെ തകർക്കാൻ ശ്രമിച്ചത് എന്നിവ മാപ്പർഹിക്കാത്ത കുറ്റമാണ്''- നാൻസി തന്റെ പ്രസംഗത്തിൽ ആഞ്ഞടിച്ചു. എന്തായാലും ഇതോടെ ട്രംപിന് കാര്യം പിടികിട്ടി. അധികാരത്തിൽ കടിച്ചുതൂങ്ങിയാൻ ഇവർ പിടിച്ച് പുറത്താക്കും. അതോടെ അയാൾ അൽപ്പം വീരവാദം അടിച്ച് വൈറ്റ് ഹൗസ് ഒഴിയുകയും ചെയ്തു.

ചൈനയുടെ നിതാന്ത ശത്രു

ഇതാദ്യമായല്ല നാൻസി പെലോസി ചൈനയെ ചൊടിപ്പിക്കുന്നത്. 30 വർഷംമുൻപ്, 1989ലെ ടിയാനന്മെൻ പ്രക്ഷോഭത്തിൽ രക്തസാക്ഷികളായവരെ അനുകൂലിച്ച് ബാനറുകൾ ഉയർത്തിപ്പിടിച്ചാണ് അവർ ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരേയുള്ള നിലപാട് വ്യക്തമാക്കിയത്. അവിടുന്നിങ്ങോട്ട് ഒട്ടേറെത്തവണ പെലോസി ചൈനയുടെ ക്രൂരതകളെ തുറന്നുകാട്ടിയിട്ടുണ്ട്. ടിബറ്റും തയ്വാനുമാണ് ചൈനയുടെ രണ്ട് രാഷ്ട്രീയ ദൗർബല്യങ്ങൾ. രണ്ടിടത്തും പെലോസി പലവിധത്തിൽ ഇടപെട്ടിട്ടുണ്ട്. അഞ്ചുവർഷംമുമ്പാണ്, ടിബറ്റൻ ആത്മീയനേതാവ് ദലൈലാമയെ ഹിമാചൽപ്രദേശിലെ ധർമശാലയിൽവെച്ച് ഇവർ കണ്ടത്. ഇതും ചൈനയെ വെറിപിടിപ്പിച്ചിരുന്നു സാമ്പത്തികരംഗത്ത് രണ്ടാമനായി വളർന്നെങ്കിലും ഏകാധിപത്യ പ്രവണതയും മനുഷ്യാവകാശലംഘനങ്ങളുമാണ് ചൈനയെ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ന് പ്രതിക്കൂട്ടിൽ നിർത്തുന്നത്. ഇതേ കാര്യത്തിൽ പിടിച്ചാണ് നാൻസി പെലോസി ചൈനയെ നിരന്തരം ആക്രമിക്കുന്നത്.

ഇത് ചൈനയുടെ കാര്യത്തിൽ മാത്രമല്ല, പൊതുവെ അഴിമതിയും അക്രമവും അനീതിയും എവിടെ കണ്ടാലും ഇടപെടുന്ന ഒരു സ്വഭാവക്കാരിയാണ് അവർ. ഒരു വിശ്വാസി ആയിരുന്നിട്ടും കത്തോലിക്കാ സഭാ വലിയ തോതിൽ കാമ്പയിൻ നടത്തിയിട്ടും ഗർഭചിദ്ര നിരോധനത്തോട് തനിക്ക് യോജിപ്പില്ല എന്ന് അവർ തുറന്ന് പറഞ്ഞിരുന്നു. അതുപോലെ കടകളിൽനിന്ന് തോക്ക് വാങ്ങാൻ കിട്ടുന്ന അമേരിക്കയിലെ നിയമം ഒഴിവാക്കണമെന്നും, തോക്കിന്റെ ഉപയോഗം അടിയന്തരമായി കുറക്കാനുള്ള നടപടികൾ വേണമെന്നുമാണ് നാൻസിയുടെ പക്ഷം. ലിംഗസമത്വത്തിന്റെ കാര്യത്തിലും എൽജിബിടി കമ്യൂണിറ്റിക്ക് പിന്തുണകൊടുക്കുന്ന കാര്യത്തിലുമൊക്കെ തീർത്തും പുരോഗമന നിലപാടാണ് അവർ കൈക്കൊണ്ടത്.

16 മില്യണിലധികം ആസ്തിയുള്ള കോടീശ്വരി

സാധാരണ അവിഹിത ബന്ധങ്ങളുടെയും ഡിവോഴ്സുകളുടെയും പേരിൽ കുപ്രസിദ്ധമാണ് അമേരിക്കൻ നേതാക്കളുടെ ജീവിതം. പക്ഷേ ഇതിലും നാൻസി തീർത്തും വ്യത്യസ്തയായി. നാൻസിയും ഭർത്താവായ പോൾ പെലോസിയും നല്ല സുഹൃത്തുക്കൾ കൂടിയാണ്. 1963ൽ തുടങ്ങിയ വിവാഹം ബന്ധം ഇപ്പോഴും തുടരുന്നു. അമേരിക്കൻ സെലിബ്രിറ്റികളുടെ ഏറ്റവും ദൈർഘ്യമേറിയ വൈവാഹിക ജീവിതമാണിത്. 

കോളജിൽ പഠിക്കുമ്പോഴാണ് അവർ കണ്ടുമുട്ടുകയും ഡേറ്റിങ് ആരംഭിക്കുകയും ചെയ്തത്. അവർക്ക് ആറുവർഷത്തിനുള്ളിൽ 5 കുട്ടികളാണ് ഉണ്ടായത്. എഴുത്തുകാരനും, ബിസിനസുകാരനും, ടെക്ക്നോക്രാറ്റും ഒക്കെയായി മക്കൾ നല്ല രീതിയിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നു.

നമ്മുടെ നാട്ടിലെപോലെ, രാഷ്ട്രീയക്കാർ ബിസിനസ് ചെയ്യുന്നത് അമേരിക്കയിൽ ഒരു പാപമല്ല. അയുകൊണ്ടുതന്നെ ബിനാമി ഇടപാടുകൾ അവിടെ ഒരുപാട് കുറയുന്നുണ്ട്. ഒരു ജോലിയുമില്ലാതെ രാഷ്ട്രീയം മാത്രം തൊഴിലാക്കുന്നതാണ് അവിടെ പരിഹസിക്കപ്പെടാറുള്ളത്. നാൻസി പെലോസിയുടെ ഭർത്താവ് പോൾ ഒരു പ്രമുഖ ബിസിനസുകാരനാണ്. ഇതിൽ നാൻസിക്കും ഷെയർ ഉണ്ട്. മാത്രമല്ല റിയൽ എസ്റ്റേറ്റും, കൺസൾട്ടനസിയും അടക്കം, അവർക്കും സ്വന്തമായി ബിസിനസ് ഉണ്ട്. അതുകൊണ്ടുതന്നെയാണ് ഈ പ്രായത്തിലും അവർക്ക് 18 മണിക്കൂർ ജോലിചെയ്യേണ്ടതായി വരുന്നത്.

ഇന്ന് നാൻസിയുടെ ആസ്തി 16 മില്യണിലധികം ഡോളറാണ്. യുഎസ് കോൺഗ്രസിലെ സമ്പന്നരായ 13 അംഗങ്ങളിൽ 25ാം സ്ഥാനത്താണ് അവർ. സമ്പത്തിന്റെ സിംഹഭാഗവും ഭർത്താവിനൊപ്പം നടത്തുന്ന സംയുക്ത ബിസിനസുകളിൽ നിന്നാണ്. രണ്ട് പതിറ്റാണ്ടിലേറെ നിയമനിർമ്മാണ ചുമതലകളിൽ നിന്ന് അവൾ നേടുന്ന ശമ്പളവും വേതനവും ഇതിനൊപ്പമുണ്ട്. സാൻ ഫ്രാൻസിസ്‌കോയിലെ അവരുടെ വീടിനുതന്നെ കോടിക്കണക്കിന് ഡോളർ വിലമതിക്കും. ഇന്ന് ഡെമോക്രാറ്റിക്ക് പാർട്ടിയുടെ ഫണ്ട് റെയ്സർ കൂടിയാണ് നാൻസി. എങ്ങനെ ഏതെല്ലാം വിധത്തിൽ പണം പാർട്ടിക്ക് സ്വരൂപിക്കാം എന്ന് ഈ ബിസിനസുകാരിക്ക് നന്നായി അറിയാം.

അമിതമായി വിമാനയാത്ര നടത്തി എന്നല്ലാതെ പറയത്തക്ക അഴിമതി ആരോപണം അവർക്ക് വന്നിട്ടില്ല. ഈ വിമാനയാത്രാ വിവാദത്തെയും അവർ കൃത്യമായി മറുപടി നൽകി. സ്പീക്കർ എന്ന നിലയിൽ സുരക്ഷാ ഭീഷണിയുള്ളതിനാൽ അവർക്ക് വിമാനം ഉപയോഗിക്കാമെന്നും മുൻഗാമികൾ ചെത്ത കാര്യവും, നിയമവശങ്ങളും ഉദ്ധരിച്ചാണ് അവർ ഇക്കാര്യം ഖണ്ഡിച്ചത്. ഹോബി എന്താണ് എന്ന ചോദ്യത്തിന്, വായന, ക്രോസേ് വേഡ് പസിലുകൾ, കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം സമയം ചെലവഴിക്കുക എന്നാണ് അവർ നൽകിയ മറുപടി. ആരോഗ്യത്തിന്റെ രഹസ്യമെന്ത് എന്ന ചോദ്യത്തിന് കഠിനാധ്വാനം എന്നും.

ഇനി പ്രസിഡന്റ് പദവിയിലേക്ക്?

കേരളത്തിലെ പഴയ തറവാടുകളിലെ കാരണവന്മ്മാരെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് പലപ്പോഴും ചൈനയുടെ രീതികൾ. എവിടെയും അതിർത്തി മാന്തിക്കൊണ്ടരിക്കും. അൽപക്കക്കാർക്കും ബന്ധുക്കൾക്ക് ഒരു സ്വൈര്യവും കൊടുക്കില്ല. അതുപോലെ എവിടെയൊക്കെ അതിർത്തി പ്രദേശങ്ങളുണ്ടോ അവിടെയൊക്കെ ചൈനക്ക് പ്രശ്നങ്ങളുമുണ്ട്. അരുണാചൽ പ്രദേശ്പോലും അവരുടേതാണെന്നാണ് ചൈന അവകാശപ്പെടുന്നത്. ഒരു പുല്ലുപോലും മുളക്കാത്ത അതിർത്തി മഞ്ഞുമലകൾ പോലും ചൈന വിട്ടുകൊടുക്കില്ല. ഈ സഹചര്യത്തിലാണ് ചൈനയെ എതിരിടാൻ അമേരിക്ക വരുന്നത്, പ്രതീക്ഷയോടെയാണ് ലോകം കാണുന്നത്. അവിടെ നാൻസിയുടെ ഉറച്ച ശബ്ദം പ്രതീക്ഷ നൽകുന്നതാണ്. ഹോങ്കോങ്ങിനും, തായ്വാനും മാത്രമല്ല, ചൈനയുടെ ഭീഷണി നേരിടുന്ന ഇന്ത്യയും ശ്രീലങ്കയും അടക്കമുള്ള രാജ്യങ്ങൾക്ക് ആശ്വാസമാവുകയാണ് നാൻസിയുടെ വാക്കുകൾ.

ഇപ്പോൾ ഉയർന്ന ആഗോള പ്രശസ്തിമൂലം ഇനി നാൻസി അടുത്ത പ്രസിഡന്റ് സ്ഥാനാർഥയാവുമെന്ന് അഭ്യൂഹമുണ്ട്. പ്രായത്തെ ഒട്ടും ഗൗനിക്കാത്ത ഒരു ജനതയാണ് അമേരിക്ക. നാൻസി പെലോസിക്ക് ആരോഗ്യമുണ്ടെങ്കിൽ അവർ നേതൃത്വത്തിൽ എത്തുമെന്നും ഉറപ്പാണ്. നിലവിൽ വൈസ് പ്രസിഡന്റ് കമല ഹാരിസിനാണ് അതിനുള്ള സാധ്യത. കമലയുടെ അടുത്ത സുഹൃത്ത് കുടിയാണ് നാൻസി. കാര്യങ്ങൾ എങ്ങനെ പഠിച്ച് അവതരിപ്പിക്കണമെന്ന് നാൻസിയിൽനിന്നാണ് താൻ പഠിച്ചതെന്നാണ് കമല പറയുന്നത്.

തീരെ തണുപ്പനും മിതഭാഷിയുമാണ് നിലവിലെ പ്രസിഡന്റ് ജോ ബൈഡൻ. വിവിധ അസുഖങ്ങൾ കാരണം കിളിപോയ അവസ്ഥയിലാണ് ഈ 80 കാരൻ. പക്ഷേ നാൻസി മുത്തശ്ശിയാവട്ടെ 82ാം വയസ്സിലും ഊർജസ്വലയാണ്. ബുഷിന്റെ കാലത്ത് സദ്ദാമിനെ വധിച്ചപോലെ, ഒബാമയുടെ കാലത്ത് ലാദനെ തീർത്തപോലെ, ട്രംപിന്റെ കാലത്ത് ബാഗ്ദാദിയെ കൊന്നപോലെ ( അവർ ഒരു പട്ടിയെപ്പോലെ മരിച്ചു എന്നാണ് ട്രംപ് പറഞ്ഞിരുന്നത്) ആഘോഷിക്കാവുന്ന ഒരു നേട്ടമായിരുന്നു, ഇപ്പോൾ അൽഖായിദ തലവൻ അൽ സവാഹിരിയെ വധിച്ചതും. പക്ഷേ ബൈഡന് അത് ഒട്ടും മാർക്കറ്റ് ചെയ്യാൻ കഴിയുന്നില്ല എന്ന് ഡേമോക്രാറ്റുകൾക്കിടയിൽനിന്ന് മുറുമുറുപ്പ് ഉയരുന്നുണ്ട്. അങ്ങനെ നോക്കുമ്പോൾ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ് എന്ന പദവി, നാൻസി പെലോസിയെ തേടിയെത്തിക എന്നത് വിദൂര സാധ്യതയല്ലെന്നാണ് ചില രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

വാൽക്കഷ്ണം: 'തലനരച്ചതല്ലെന്റെ വാർധക്യം,' എന്ന കവി വാക്യം ഓർമ്മവരുന്നത് നാൻസി പൗലോസി എന്ന 82 കാരിയെ കാണുമ്പോഴാണ്. നമ്മുടെ നാട്ടിലാണെങ്കിൽ കിഴവി, തള്ള എന്നിങ്ങനെയുള്ള എന്തെല്ലാം ബോഡി ഷെയിമിങ്ങ് ആരോപണങ്ങളായിരുന്നു അവർ നേരിടേണ്ടി വരിക!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP