Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202218Tuesday

പൊതുയോഗത്തിൽ പേരിടപ്പെട്ട നേതാവ്; ഇന്ദിരാഗാന്ധിയുടെ മർദനം ഫുൾടൈം രാഷ്ട്രീയക്കാരനാക്കി; അഴിമതി വീരന്മാരിൽ നിന്ന് കരുണാനിധി കുടുംബത്തെ രക്ഷിച്ചു; മകനെപോലും മന്ത്രിസഭയിൽ എടുത്തില്ല; പിതാവിന് ആറടി മണ്ണ് നൽകാത്തവരോടും ക്ഷമിച്ചു; മാസ്‌ക്കു വേണ്ടാത്ത രീതിയിലേക്ക് കോവിഡിനെ ഒതുക്കിയ മാജിക്ക്; ഇന്ത്യയിലെ ഏറ്റവും ജനപ്രിയ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ജീവിതകഥ

പൊതുയോഗത്തിൽ പേരിടപ്പെട്ട നേതാവ്; ഇന്ദിരാഗാന്ധിയുടെ മർദനം ഫുൾടൈം രാഷ്ട്രീയക്കാരനാക്കി; അഴിമതി വീരന്മാരിൽ നിന്ന് കരുണാനിധി കുടുംബത്തെ രക്ഷിച്ചു; മകനെപോലും മന്ത്രിസഭയിൽ എടുത്തില്ല; പിതാവിന് ആറടി മണ്ണ് നൽകാത്തവരോടും ക്ഷമിച്ചു; മാസ്‌ക്കു വേണ്ടാത്ത രീതിയിലേക്ക് കോവിഡിനെ ഒതുക്കിയ മാജിക്ക്; ഇന്ത്യയിലെ ഏറ്റവും ജനപ്രിയ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ജീവിതകഥ

എം റിജു

യിരങ്ങൾ ആർത്തുവിളിക്കുന്ന ഒരു പൊതുയോഗത്തിൽവെച്ച് പരസ്യമായാണ് ആ നവജാത ശിശുവിന് സ്റ്റാലിൻ എന്ന് പിതാവ് പേരിട്ടത്. 1953 മാർച്ച് 1ന് അവൻ ജനിച്ച വാർത്ത പിതാവ് കരുണാനിധി അറിയുന്നത്, അതിനും അഞ്ച് ദിവസം കഴിഞ്ഞ്, റഷ്യയുടെ സർവാധിപതി ജോസഫ് സ്റ്റാലിൻ മരിച്ചതിന്റെ അനുശോചനയോഗം മദ്രാസിൽ നടക്കുമ്പോഴാണ്. അന്ന് ദ്രാവിഡ കക്ഷികളും കമ്യൂണിസ്റ്റ് പാർട്ടികളും ഒന്നിച്ച് പ്രവർത്തിക്കുന്ന കാലമാണ്. വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന മുത്തുവേൽ കരുണാനിധി എന്ന യുവ നേതാവ്, സ്റ്റാലിന്റെ സോവിയറ്റ് ചെമ്പട എങ്ങനെയാണ് ഹിറ്റലറെ തടുത്തിനിർത്തിയത് എന്നൊക്കെ പറയുമ്പോൾ ജനം കൈയിടിക്കുകയും ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. ആ വേദിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ തന്നെയാണ് തനിക്ക് ഒരു മകനുണ്ടായ വിവരം ഒരു കുറിപ്പായി കരുണാനിധിയുടെ കൈയിൽ എത്തുന്നുത്. ചാട്ടൂളിപോലെത്തെ ഡയലോഗുകൾ സിനിമയിൽ എഴുതാൻ മാത്രമല്ല ജീവിതത്തിലും പ്രയോഗിക്കാൻ അറിയുന്ന ആളായിരുന്നു കരുണാനിധി. ആ വൈകാരിക നിറച്ചുകൊണ്ട് ജനത്തെ ഈ വാർത്ത അറിയിച്ച് കരുണാനിധി പ്രഖ്യാപിച്ചു. ഈ കുട്ടിക്ക് ഇടുന്ന പേര് സ്റ്റാലിൻ എന്നാണ്. ജനം ഇളകി മറിഞ്ഞു.

ആ കുട്ടിയാണ് ഇന്ന് ഇന്ത്യയിലെ ഏറ്റവും നല്ല ഭരണാധികാരിയെന്ന് പേരുകേട്ട എം.കെ സ്റ്റാലിൻ എന്ന മുത്തുവേൽ കരുണാനിധി സ്റ്റാലിൻ. സത്യത്തിൽ അയ്യാദുരെ എന്ന പേരായിരുന്നു കുട്ടിക്കിടാൻ കരുണാനിധി കരുതിവെച്ചിരുന്നത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗുരുവായ പെരിയാറിന്റെ മറ്റൊരുപേരായ അയ്യായും, അണ്ണാദുരെയുടെ ദുരെയും ചേർത്തുള്ള മിശ്രിതം. പക്ഷേ കാലം കാത്തുവെച്ച പേര് മറ്റൊന്നായിരുന്നു. ഈ പേര് തനിക്ക് വിനയായ കാര്യം പിന്നീട് സ്റ്റാലിൻ തന്നെ പറഞ്ഞിട്ടുണ്ട്. സോവിയറ്റ് യൂണിയന്റെ തകർച്ചക്ക്ശേഷം റഷ്യയിലേക്ക് ഒരു യാത്രപോയപ്പോൾ സ്റ്റാലിൻ എന്ന് പേർകേട്ട് എമിഗ്രേഷൻ ഉദ്യോഗസ്ഥർ ഞെട്ടി. കാരണം ആ പേര് അവിടെ അപ്പോഴേക്കും അത്രക്ക് വെറുക്കപ്പെട്ട് കഴിഞ്ഞിരുന്നു. എങ്ങനെയാണ് ഈ പേരു വന്നത് ,ജോസഫ് സ്റ്റാലിന്റെ ആരാധകനാണോ എന്നതിനെല്ലാം മറുപടി കൊടുത്തശേഷമാണ് അവർ അകത്തേക്ക് വിട്ടതെന്ന് സ്റ്റാലിൻ തന്നെ എഴുതിയിട്ട്.

ലോകം ക്രൂരതുടെ പര്യായമായി വിലയിരുത്തുന്ന സ്റ്റാലിൻ എന്ന പേരുംവെച്ച് ലോകത്തിൽ ഇന്ന് എറ്റവും കൂടുതൽ ആദരിക്കപ്പെടുന്ന വ്യക്തിത്വമാണ്് എം.കെ സ്റ്റാലിൻ എന്ന തമിഴ്‌നാട് മുഖ്യമന്ത്രി. ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹം തമിഴകത്തെ മാറ്റിമറിച്ചു കഴിഞ്ഞു. ദേശീയ മാധ്യമങ്ങൾ തൊട്ട് ബി.ബി.സിപോലുള്ള ലോക മാധ്യമങ്ങളിൽവരെ സ്റ്റാലിൻ ഇന്ന് വാർത്തയാവുന്നു. ഇന്ത്യയിൽ ഒരു മുഖ്യമന്ത്രിക്കും കിട്ടാത്ത കൾട്ട് ഫിഗർ ജനപ്രീതിയാണ് അദ്ദേഹത്തിന് ഇപ്പോൾ കൈവന്നിരിക്കുന്നത്.

'തമിഴ്‌നാടിന് ഒരു മുഖ്യമന്ത്രിയുണ്ട്'

തമിഴ്‌നാട്ടിൽ കോവിഡിനെ നേരിട്ടതും, റേഷൻ കടകൾ വഴി എല്ലാവർക്കും 4000 രൂപ നൽകിയതും, സ്വകാര്യ ആശുപത്രിയിലും കോവിഡ് ചികിത്സ സൗജന്യമാക്കിയത് അടക്കമുള്ള ഒട്ടനവധി നടപടി ക്രമങ്ങൾ സ്റ്റാലിനെ ജനപ്രിയനാക്കി. അതോടൊപ്പം വെറുതെ സൗജന്യങ്ങൾ മാത്രം കൊടുത്ത് ഖജനാവ് പാപ്പരാക്കാനും അദ്ദേഹം തയ്യാറല്ല. 25000 കോടിയുടെ നിക്ഷേപത്തിനാണ് അധികാരമേറ്റ് ആദ്യത്തെ അഞ്ചുമാസത്തിനുള്ളിൽ തന്നെ അദ്ദേഹം തമിഴകത്തുകൊണ്ടുവരുന്നത്. അതായത് എല്ലാ അർഥത്തിലുമുള്ള തമിഴ്‌നാടിന്റെ സമ്പൂർണ്ണ വികസനമാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. ഇന്ത്യാ ടുഡെ നടത്തിയ 'മൂഡ് ഓഫ് നേഷൻ' സർവേയിൽ രാജ്യത്തെ മികച്ച മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത് സ്റ്റാലിനെയാണ്. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്ക് ആണ് രണ്ടാമത്. നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നാമതും. നേരത്തെ ഈ ലിസ്റ്റിൽ ഒന്നാമതുള്ള അരവിന്ദ് കെജ്രിവാൾ ഇപ്പോൾ ഒമ്പതാമതാണ്. ഇതോടെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിരുദ്ധ മുന്നണിയെ സ്റ്റാലിൻ നയിക്കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. എഴുത്തുകാരൻ രാമചന്ദ്ര ഗുഹയൊക്കെ ഇക്കാര്യം പരസ്യമായി എഴുതിയിട്ടുണ്ട്.

ഇപ്പോൾ സ്റ്റാലിൻ ശരിക്കും ഒരു കൾട്ട് ഫിഗർ ആയിട്ടുണ്ട്. ടീഷർട്ടിട്ട് റോഡിലുടെ നടക്കുന്ന മുഖ്യമന്ത്രി. വ്യായാമം ചെയ്യുന്ന വീഡിയോ പുറത്തുവിടുന്ന മുഖ്യമന്ത്രി. കുട്ടികൾക്ക് കത്തയക്കുന്നു, മെട്രോയിൽ യാത്ര ചെയ്യുന്നു, ഉമ്മൻ ചാണ്ടി മോഡലിൽ ജന സമ്പർക്ക പരിപാടി നടത്തുന്നു... ആകെ ഓളം. പരാതികൾക്ക് ഓൺ ദ സ്പോട്ടിലാണ് നടപടി. കാറ് തടഞ്ഞുവെച്ച് ഒരു വൃദ്ധ ഒരു പരാതി പറയുന്നതും, മുഖ്യമന്ത്രി തൽക്ഷണം പരിഹരിക്കുന്നതുമായ ഒരു വീഡിയോ നേരത്തെ വൈറൽ ആയിരുന്നു. അതുപോലെ ജാതിവിവേചനത്തിൽ ഇടപെട്ടതും, ഗുണ്ടകളെ അമർച്ച ചെയ്തതുെമല്ലാം ആ ജനപ്രീതിക്ക് ആക്കം കൂട്ടി. തമിഴ്‌നാട്ടിൽ എന്തും നടക്കും എന്ന ധാരണ മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞൂ. കടക്കൽ ചന്ദ്രനിലൂടെ മമ്മൂട്ടി തള്ളിയത് കടമെടുത്താൽ 'തമിഴ്‌നാടിന് ഒരു മുഖ്യമന്ത്രിയുണ്ട്, സ്റ്റാലിൻ എന്നാണ് അയാളുടെ പേര്' എന്ന് അഭിമാനത്തോടെ പറയാം. നേരത്തെ ഡി.എം.കെയുടെയും എ.ഐ.എ.ഡി.എം.കെയുടെയും മാറിമാറിയുള്ള അഴിമതിയുടെ വാർത്തകളാണ് തമിഴ്‌നാട്ടിൽനിന്ന് കേൾക്കാറുള്ളത്.

ഇന്ദിരാഗാന്ധി 'വളർത്തിയ' നേതാവ്

തമിഴ്‌നാടിന്റെ മുഖ്യമന്ത്രിപദത്തിൽ അഞ്ചുതവണയായി രണ്ടുപതിറ്റാണ്ടു നീണ്ട ഭരണകാലം, ഒരു ജനതയുടെ ഹൃദയത്തെ വാക് സാമർഥ്യത്താൽ കീഴടക്കിയ നേതാവ്. ഇതായിരുന്നു മുത്തുവേൽ കരുണാനിധി. മൂന്നു ഭാര്യമാരിലായി കരുണാനിധിക്ക് ആറു മക്കളുണ്ടായിരുന്നെങ്കിലും ദയാലു അമ്മാളിന്റെ മൂന്നാമത്തെ മകനായി ജനിച്ച സ്റ്റാലിനായിരുന്നു പിൻഗാമിയാകാനുള്ള അവസരം ലഭിച്ചത്.

നമ്മുടെ നാട്ടിലെ മക്കൾ രാഷ്ട്രീയം പോലെ പിതാവിന്റെ പെട്ടി പിടിച്ച് മുഖ്യമന്ത്രിയായ ആളല്ല സ്റ്റാലിൻ. 14ാം വയസ്സിൽ ഡി.എം.കെയുടെ വിദ്യാർത്ഥി വിഭാഗത്തിൽ പ്രവർത്തനം തുടങ്ങി പടിപടിയാണ് അദ്ദേഹം പാർട്ടിയിൽ ഉയർന്നത്. അതും സ്വന്തം കുടുംബത്തിൽ നിന്നുള്ള അതികഠിനമായ എതിർപ്പുകൾ മറികടുന്നുകൊണ്ട്. എന്നും ജയിക്കാനായി ജനിച്ചവനും ആയിരുന്നില്ല സ്റ്റാലിൻ. തോൽവിയറിയാത്ത കലൈഞ്ജറിന്റെ മകൻ ആദ്യ തെരഞ്ഞെടുപ്പ് തൊട്ട് രണ്ടുതവണ തോൽക്കുകയായിരുന്നു.

14 വയസ്സ് പ്രായമുള്ളപ്പോൾ, 1967-ലെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ പ്രവർത്തിച്ചുകൊണ്ട് രാഷ്ട്രീയരംഗത്തിലേക്ക് പ്രവേശിച്ചു. 1973ൽ, ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ജനറൽ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അടിയന്തരാവസ്ഥക്കാലത്ത് മിസ പ്രകാരം ജയിലിലടയ്ക്കപ്പെട്ടു. അന്ന് സ്റ്റാലിന് ക്രൂര മർദനമേറ്റു. അവിടെ നിന്നാണ് സത്യത്തിൽ ഈ നേതാവിന്റെ ഉദയം. കരുണാനിധി പറയാറുള്ളത് ഞാനല്ല, ഇന്ദിരാഗാന്ധിയാണ് സ്റ്റാലിനെ രാഷ്ട്രീയ നേതാവ് ആക്കിയത് എന്നായിരുന്നു

1984ലെ ആദ്യ തെരഞ്ഞെടുപ്പിൽ തൗസന്റ് ലൈറ്റ്സ് മണ്ഡലത്തിൽ നിന്നുള്ള അദ്യ മത്സരം തോൽവിയിലാണ് കലാശിച്ചത്. എന്നാൽ 89ൽ ജയിച്ചു. പിന്നീട് 91ൽ വീണ്ടും തോൽവി. പിന്നെ അദ്ദേഹം തോറ്റിട്ടില്ല. 1996-ൽ ചെന്നൈ നഗരത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മേയറായി സ്റ്റാലിൻ ചുമതലയേൽക്കുകയുണ്ടായി. 2001ൽ വീണ്ടും മേയറായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജയലളിത, ഒരു സർക്കാരിൽ ഒരു വ്യക്തിക്ക് ഒരേ സമയം രണ്ട് പദവികൾ വഹിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള തമിഴ്‌നാട് മുനിസിപ്പൽ നിയമം പാസാക്കുകയുണ്ടായി. ഈ സമയം എംഎ‍ൽഎ.യായി സ്റ്റാലിൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് അദ്ദേഹം ചെന്നൈ മേയർ സ്ഥാനം രാജിവയ്ക്കുകയുണ്ടായി. എന്നാൽ മദ്രാസ് ഹൈക്കോടതി ഈ നിയമം മരവിപ്പിക്കുകയുണ്ടായി. പക്ഷേ സ്റ്റാലിൻ സുപ്രീം കോടതിയിൽ അപ്പീൽ ചെയ്യുകയുണ്ടായില്ല. ഈ മേയർ പദവിയാണ് സത്യത്തിൽ സ്റ്റാലിനെ രാഷ്ട്രീയക്കാരനെ വളർത്തിയത്. 2006ൽ മന്ത്രിയായി. നോക്കുക നീണ്ട മൂന്ന് പതിറ്റാണ്ട് പ്രവർത്തിച്ചാണ് അദ്ദേഹം മന്ത്രിയാവുന്നത്. 2009 ഉപമുഖ്യമന്ത്രിയായി. ഈ സമയത്താണ് കരുണാനിധി സ്റ്റാലിനെ തന്റെ പിൻഗാമിയായി പ്രഖ്യാപിക്കുന്നത്. അതോടെ രാഷ്ട്രീയ ദളപതി മു.ക സ്റ്റാലിൻ എന്ന പേര് വന്നു.

കുടുംബത്തിൽനിന്നും പാർട്ടിയും നിന്നും വിമത നീക്കങ്ങൾ

പിതാവ് കരുണാനിധിയെപ്പോലെ തീപ്പൊരി പ്രാസംഗികനല്ല. എഴുത്തുകാരനുമല്ല. വലിയ കരിസ്മയുള്ള വ്യക്തിത്വവുമല്ല. സ്റ്റാലിൻ ഒരു സാധാരണക്കാരൻ മാത്രമായിരുന്നു. അതുകൊണ്ടുതന്നെ കലൈഞ്ജർ കരുണാനിധിക്കുപോലും ഈ മകനിൽ ആദ്യകാലത്ത് വേണ്ടത്ര വിശ്വാസം ഉണ്ടായിരുന്നില്ല. മ കുടുംബത്തിൽനിന്നും സ്റ്റാലിന് എന്നും എതിർപ്പുകൾ ഉണ്ടായിരുന്നു. മുത്ത മകൻ അഴഗിരിയായിരുന്നു സ്റ്റാലിന്റെ വളർച്ചക്കെതിരെ എറ്റവും കൂടുതൽ ചരട് വലിച്ചിരുന്നത്. പറയത്തക്ക വിദ്യാഭ്യാസമോ നേതൃപാടാമോ ഇല്ലാത്ത അഴഗിരിയുടെ പല നീക്കങ്ങളും പാർട്ടിക്ക് നാണക്കേടാണ് ഉണ്ടാക്കിയത്. ഒന്നാം യു.പി.എ സർക്കാറിൽ ഡി.എം.കെയുടെ പേരിൽ ഉയർന്നുവന്ന പല അഴിമതികളിലും അഴഗിരിക്ക് പങ്കുണ്ടായിരുന്നു. തികഞ്ഞ ഗുണ്ടാവിളായട്ടവും അഴഗിരിയുടെ നേതൃത്വത്തിൽ നടന്നിരുന്നു. ഡി.എം.കെക്ക് പിരിവ് നൽകാതിരിക്കുന്ന വ്യാപാരികളുടെ ചവറ് കൊട്ടിയിടുന്നതും പൊലീസിനെകൊണ്ട് പീഡിപ്പിക്കുന്നതുമെല്ലാം അഴഗിരിയുടെ ഹോബിയായിരുന്നു. പിന്നീട് അഴഗിരി സ്റ്റാലിനോട് കലഹിച്ച് പാർട്ടി വിട്ടുപോയി എതിർ പാളയത്തിൽ ചേർന്നെങ്കിലും ക്ലച്ച് പിടിച്ചില്ല.

കവിയും ഒന്നാന്തരം പ്രാസംഗികയും മാധ്യമ പ്രവർത്തകയുമായ കനിമൊഴി സ്റ്റാലിന് പകരം ഡി.എം.കെയുടെ ഉന്നതങ്ങളിൽ എത്തുമെന്ന് കരുതിയവർ ഉണ്ട്. പക്ഷേ 2ജി അഴിമതിക്കഥകൾ അവരുടെ പ്രതിഛായക്ക് മങ്ങലേൽപ്പിച്ചു. മരുമകൻ മുരൈശാലി മാരനോടായിരുന്നു കരുണാനിധിക്ക് മക്കളേക്കാർ പ്രിയം. മാരന്റെ അകാലത്തിനുള്ള വേർപാടും, കരുണാനിധിയെ തളർത്തിയിരുന്നു.

പക്ഷേ ഇവർക്കൊന്നുമില്ലാത്ത ഒരു കഴിവ് സ്റ്റാലിന് ഉണ്ടായിരുന്നു. കഠിനാധ്വാനം. അതുകൊണ്ടുതന്നെ കരുണാനിധിക്കും മനസ്സിലായി പാർട്ടിയെ നയിക്കാൻ സ്റ്റാലിൻ വേണമെന്ന്. ഒരു കേഡർ പാർട്ടിയായ ഡി.എം.കെയിൽ കരുണാനിധി കഴിഞ്ഞാൽ രണ്ടാം സ്ഥാനം, ഉണ്ടായിരുന്നു വൈകോ എന്ന വൈ ഗോപാലസ്വാമിയെന്ന നേതാവ് പാർട്ടിവിടുന്നതും സ്റ്റാലിന് അമിത പരിണഗന കൊടുക്കുന്നുവെന്ന് ആരോപിച്ചാണ്. പക്ഷേ വൈകോയുടെ പാർട്ടി ഒന്നും എവിടെയും എത്തിയില്ല.

മകനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചില്ല

ജയലളിത തരംഗത്തിൽ തകർന്ന് തിരിപ്പണമായിപ്പോയ പാർട്ടിയെ തിരിച്ചുകൊണ്ടുവരിക എന്ന ഭാരിച്ച ഉത്തരവാദിത്വം ഒറ്റക്ക് സ്റ്റാലിന്റെ തലയിൽ ആയിരുന്നു. ഒന്നാം യു.പി.എ സർക്കാറിൽ എ രാജ അടക്കമുള്ള ഡി.എം.കെ മന്ത്രിമാരുടെ അഴിമതി പാർട്ടിക്ക് അത്ര വലിയ ചീത്തപ്പേരാണ് ഉണ്ടാക്കിക്കൊടുത്തത്. അതുകൊണ്ട് അഴിമതിക്കെതിരെ പാർട്ടിക്ക് അകത്തുനിന്നുകൊണ്ടുതന്നെ സ്റ്റാലിൻ ശുദ്ധീകരണം തുടങ്ങി. മാരന്റെ മകൻ ദയാനിധി മാരനും സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനുമെല്ലാം സിനിമാ മേഖലയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. അഴിമതിയുടെ മണം അടിക്കുന്നതിനാൽ ഇവരെ സ്റ്റാലിൻ അടുപ്പിക്കാറില്ലെന്നാണ് പറയുന്നത്. എംഎ‍ൽഎയായ ഉദയനിധിക്ക് എന്ത് സമ്മർദം വന്നിട്ടും സ്റ്റാലിൻ മന്ത്രിസ്ഥാനം നൽകിയതുമില്ല. നേരത്തെ രണ്ട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ സിനിമാക്കാരിൽനിന്ന് ഒരു അകലം പാലിച്ചാണ് സ്റ്റാലിന്റെ നിൽപ്പ്.

അധികാരത്തിൽ ഏറിയ ഉടനെ തന്നെ അദ്ദേഹം പറഞ്ഞ കാര്യമാണ് തന്നെ ആരും വണങ്ങേണ്ടതില്ലെന്നും, പുകഴ്‌ത്തേണ്ടതില്ലെന്നും. അതുപോലെ തന്നെ വഷളായിക്കൊണ്ടിരിക്കുന്ന തമിഴ്‌നാട്ടിലെ ആഭ്യന്തര വകുപ്പും സ്റ്റാലിൻ ശുദ്ധീകരിച്ചു. സാക്ഷാൽ അമിത് ഷായുടെ കയ്യിൽ വിലങ്ങണിയിച്ചതിന്റെ പേരിൽ ഒതുക്കി മൂലയ്ക്കിരുത്തിയ ഐപിഎസ് ഉദ്യോഗസ്ഥൻ പി. കന്തസാമിയെ നിർണായക പോസ്റ്റായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ഡിജിപിയാക്കി.

പൊലീസ് അതിക്രമങ്ങൾ ഉണ്ടായാൽ പണി കാണില്ലെന്ന് പരസ്യമായി മുന്നറിയിപ്പ് നൽകി. സ്വന്തം എസ്‌കോർട്ട് വെട്ടിക്കുറിച്ചു. മുഖ്യമന്ത്രി പോകുമ്പോൾ സാധാരണക്കാരന് അസൗകര്യം ഉണ്ടാവരുതെന്ന് പ്രഖ്യാപിച്ചു. എക്കാലവും വ്യക്തിപൂജയിൽ അഭിരമിക്കുന്നവർ ആയിരുന്നു തമിഴ്‌നാട് നേതാക്കൾ. അണ്ണാദുരരെയും എം.ജി.ആറും എന്തിന് സ്റ്റാലിന്റെ പിതാവ് കരുണാനിധിവരെ ഈ സംസ്‌ക്കാരത്തിൽനിന്ന് മുക്തനായിരുന്നില്ല. ജയലളിതയുടെ കാലം എത്തിയതോടെ വ്യക്തിപൂജ എല്ലാ സീമകളും ലംഘിച്ചു. മണിക്കൂറുകളോളം വെയിലത്തുനിന്ന് അമ്മയുടെ കാലിൽ വീഴുന്ന എംഎ‍ൽഎ മാരൊക്കെ ദയനീയ കാഴ്ചകൾ ആയിരുന്നു. ജയലളിതയെ ബഹുമാനിച്ചില്ലെന്ന കാരണത്താൽ സാക്ഷൽ രജനീകാന്തിന്റെ വാഹനത്തെപ്പോലും പൊലീസ് തടഞ്ഞതും, തുടർന്ന് ക്ഷുഭിതനായ രജിനി ഇറങ്ങി നടന്നപ്പോൾ ചെന്നൈ നഗരം സ്തംഭിച്ചതുമെല്ലാം ഗതകാല കഥകൾ. അവിടെയാണ് സ്റ്റാലിൻ വ്യത്യസ്തനാവുന്നത്.

ഡി.എം.കെ അധികാരത്തിൽ ഏറ്റ അന്ന് ചെന്നൈയിലെ 'അമ്മ ഹോട്ടൽ' അടിച്ചു തകർത്ത സ്വന്തം പാർട്ടി പ്രവർത്തകരെ അകത്തിട്ടുകൊണ്ട് സ്റ്റാലിൻ ഒരു ഓർമ്മപ്പെടുത്തലാണ് നടത്തിയത്. അക്രമം കാട്ടിയാൽ ഏത് പാർട്ടിക്കാരനുനേരെയും മുഖം നോക്കാതെ നടപടിയുണ്ടാവും. അണ്ണാ ഡി.എം.കെ ഭരണകാലത്ത് വിവിധ പാർട്ടി നേതാക്കൾക്കും മാധ്യമ സ്ഥാപനങ്ങൾക്കും മാധ്യമ പ്രവർത്തകർക്കുമെതിരെ ചുമത്തിയ അന്യായ കേസുകളെല്ലാം പിൻവലിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവും മുഖ്യമന്ത്രിയുടെ പ്രീതി വർദ്ധിപ്പിക്കാനിടയാക്കി.

കൂടാതെ മുൻ സംസ്ഥാന സർക്കാറിന്റെ കാലത്തെ അഴിമതി അന്വേഷിക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനവും നടപ്പാക്കിത്തുടങ്ങിയിട്ടുമുണ്ട്. മുന്മന്ത്രിമാരായ എം.ആർ. വിജയഭാസ്‌ക്കർ, എസ്‌പി വേലുമണി തുടങ്ങിയവരുടെ വീടുകളിലും സ്ഥാപനങ്ങളിലും വിജിലൻസ് റെയ്ഡ് നടത്തിയതും ഇരുവർക്കുമെതിരെ അവിഹിത സ്വത്ത് സമ്പാദനത്തിന് കേസുകളും രജിസ്റ്റർ ചെയ്തതുമുൾപ്പെടെയുള്ള മുഖംനോക്കാതെയുള്ള നടപടികൾ സ്റ്റാലിൻ സർക്കാർ കൈക്കൊണ്ടു.

ജയലളിതയുടെ കാലത്ത് കുപ്രസിദ്ധമായ മന്നാർഗുഡി മാഫിയ ഇനി ആവർത്തിക്കില്ലെന്ന് സ്റ്റാലിൻ ഉറപ്പുനൽകുന്നു. ജയയുടെയും ശശികലയുടെ കോടനാട് എസ്റ്റേറ്റ് കണ്ടുകെട്ടിക്കഴിഞ്ഞു. ഇങ്ങനെ പിടിച്ചെടുക്കുന്ന പണം വികസനത്തിനായി ഉപയോഗിക്കണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. 

കോവിഡിൽ ശരിക്കും സൂപ്പർ ഹീറോ

കേരളത്തിൽ വാക്സിനുവേണ്ടി നാം സ്ളോട്ട് ബുക്ക് ചെയ്ത് പരക്കം പായുമ്പോൾ തമിഴ്‌നാട്ടിൽനിന്ന് ഒരു അസാധാരണമായ കാഴ്ച കണ്ടത് ഓർമ്മയില്ലേ. ഫസ്റ്റ് ഡോസ് വാക്സിൻ, സെക്കൻഡ് ഡോസ് വാക്സിൻ എന്ന് പറഞ്ഞ്, അമ്മികൊത്തണമോ അമ്മി എന്ന മോഡലിൽ ആരോഗ്യ പ്രവർത്തകർ ഓരോ വീടും കയറിയിറങ്ങുകയാണ്! ആധാർ നമ്പർ മാത്രം കൊടുത്താൽ മതി. അപ്പോൾ വാകസിൻ എടുക്കാം.

ഇതാണ് സ്റ്റാലിൻ മാജിക്ക് എന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. എങ്ങനെയാണ് ഈ നേട്ടം കൈവരിച്ചത് എന്ന് നോക്കണം. സ്വകാര്യ സംരഭകരെയും സ്റ്റാലിൻ വിശ്വാസത്തിലെടുത്തു. അതായത് നമ്മുടെ നാട്ടിലെ യൂസഫലി, രവിപിള്ള പോലെയുള്ള വ്യവസായികളെഒക്കെ സംഘടിപ്പിച്ച് അവർക്ക് നികുതിയിളവ് കിട്ടുന്ന സാമൂഹിക്ഷേമ ഫണ്ട് സമാഹരിച്ചു വാക്സിൻ വാങ്ങിപ്പിച്ചു. ഒപ്പം കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്തി അധിക ഡോസും വാങ്ങി. ബുക്കിങ്ങിലെ കൺഫ്യൂഷൻ ഒഴിവാക്കാൻ അങ്ങോട്ട് വാക്സിൻ എത്തിക്കുന്ന പദ്ധതി തുടങ്ങി. ഇന്ന് ഫലത്തിൽ മാസ്‌ക്ക് ഇല്ലാത്ത അവസ്ഥയിലേക്കാണ് തമിഴ്‌നാട് നീങ്ങുന്നത്. കേരളത്തിന് പറ്റിയ പ്രശ്നം സ്വകാര്യമേഖലയെ വിശ്വാസത്തിൽ എടുക്കാൻ അയില്ല എന്നതാണ്. മാത്രമല്ല തമിഴകത്ത് സ്വകാര്യ ആശുപത്രികളും കോവിഡ് ചികിത്സ സൗജന്യമാണ്്. എത്ര ബിൽ ആയാലും സർക്കാർ അടക്കും.

സ്റ്റാലിൻ അധികാരം എൽക്കുന്ന സമയത്ത് കോവിഡ് രണ്ടാം തരംഗം മൂർധന്യത്തിൽ ആയിരുന്നു. എവിടെയും ആശങ്കമാത്രം. സ്റ്റാലിൻ വൈകിച്ചില്ല. മുഖ്യമന്ത്രി തന്നെ പി.പി.ഇ കിറ്റ് അണിഞ്ഞുകൊണ്ട് ആശുപത്രികളിൽ എത്തിയതോടെ ആരോഗ്യ പ്രവർത്തകരുടെ ആത്മവിശ്വാസം വർധിച്ചു. നമ്മുടെ നാട്ടിലോ. നല്ല പ്രവർത്തി പരിചയമുള്ള ശൈലജ ടീച്ചറെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റുകയാണ് നാം ചെയ്തത്്! അതുപോലെ നമ്മുടെ ബെഹ്റയും മനോജ് എബ്രഹാമും ഒന്നും ആയിരുന്നില്ല അദ്ദേഹത്തിന്റെ ഉപദേശകർ. ലോകത്ത് എവിടെയുമുള്ള നല്ല ടീമുമായി മുഖ്യമന്ത്രി സംവദിച്ചു. കേരളം ആന്റജൻ ടെസ്റ്റുകളുടെ പിറകെ പോയപ്പോൾ തമിഴ്‌നാട് കൂടുതൽ കൃത്യതയുള്ള ആർ.ടി.പി.സി.ആർ ടെസ്റ്റുകളാണ് നടത്തിയത്. ഇത് വൻ തോതിൽ ഗുണം ചെയ്തുവെന്ന് പിന്നീട് വെളിപ്പെട്ടു. ആമയും മുയലും ഓട്ട മത്സരം നടത്തിയപോലെ അവസാനം കോവിഡ് റേസിൽ തമിഴ്‌നാട് എല്ലാവരെയും വെട്ടിച്ചു. വാഷിങ്്ടൺ പോസ്റ്റ് തള്ളുകൾ മാത്രം കേരളത്തിൽ ബാക്കിയായി. അതുപോലെ ദീർഘകാലത്തെ അടച്ചിടൽ വിനയാവുമെന്ന് സ്റ്റാലിന് ഉറപ്പായിരുന്നു. പെട്ടെന്ന് വിപണി തുറന്നത് തമിഴ്‌നാട്ടിലാണ്. നമ്മൾ തീയേറ്റുകൾ ഇപ്പോഴും ഹാഫ് ഓക്കിപ്പെൻസിയിൽ നടത്തുമ്പോൾ തമിഴ്‌നാട് ഫുൾ ഫെഡ്ജിലാണ്. സ്‌കൂളുകളും കോളജുകളും തുറന്നു.

അതുപോലെയാണ് നാലായിരം രൂപ റേഷൻ കാർഡിന് കൊടുക്കുന്നത് അടക്കമുള്ള കോവിഡ് കാല പാക്കേജുകൾ. എട്ടുകോടി മനുഷ്യരുള്ള ഒരു ജനതയെ രക്ഷിക്കുന്ന ഒരാളെ സൂപ്പർ ഹീറോ അല്ലാതെ എന്ത് വിളിക്കാനാണ്. ഇത്തരം ജനക്ഷേമ പദ്ധതികൾക്കുള്ള പണം എവിടെനിന്ന് എന്ന് ചോദിച്ചാൽ പുതിയ വ്യാപാര-വ്യവസായ സംരംഭങ്ങളിലൂടെ അധിക നിക്ഷേപം എന്നാണ് സ്റ്റാലിന്റെ മറുപടി.

പകയുടെ രാഷ്ട്രീയം അവസാനിപ്പിച്ചു

പക്ഷേ സ്റ്റാലിനെ ചരിത്രത്തിൽ അടയാളപ്പെടുത്താൻ പോകുന്നത് ഇതിന്റെ ഒന്നും പേരിലയ്യ. തമിഴകത്തെ പകയുടെ രാഷ്ട്രീയം അവസാനിപ്പിച്ചുവെന്ന പേരിലാണ്. ഡി.എം.കെക്കും എ.ഐ.ഡി.എം.കെക്കും ഒന്നും ഇപ്പോൾ പഴയ ശത്രുതയില്ല. ചിരിച്ച് സംസാരിക്കുന്ന മുഖ്യമന്ത്രി അവരെ ഒന്നിപ്പിക്കുന്നു. കരുണാനിധി എല്ലാ അർഥത്തിലും ജയലളിതയെ ശത്രുവായി കണ്ടു. അവർ തിരച്ചു. എന്നാൽ പ്രതിപക്ഷത്തോടുള്ള സ്റ്റാലിറ്റിന്റെ രാഷ്ട്രീയം ഇതല്ല. സത്യപ്രതിഞ്ജാ ചടങ്ങിൽ പ്രതിപക്ഷ നേതാക്കൾക്ക് മുൻ നിരയിൽ സീറ്റ് അനുവദിച്ചു. കഴിഞ്ഞ തവണ ജയലളിതുടെ ആരോഹണത്തിന് 9ാം നിരയിലായിരുന്നു സ്റ്റാലിന് സീറ്റ് അനുവദിച്ചത്. കരുണാനിധി മരിച്ചപ്പോൾ അദ്ദേഹത്തെ മറീന ബീച്ചിൽ അടക്കാൻ ആറടി മണ്ണിനുവേണ്ടി അന്നത്തെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയോട് കെഞ്ചേണ്ടി വന്ന ദുരനുഭവം സ്റ്റാലിനുണ്ട്. പക്ഷേ ആ പകയും അദ്ദേഹം സൂക്ഷിച്ചിട്ടില്ലെന്നാണ് പ്രവർത്തനത്തിൽനിന്ന് ബോധ്യമാവുന്നത്.അതുപോലെതന്നെ മുൻ മുഖ്യമന്ത്രി ഒ.പനീർ ശെൽവത്തിന്റെ ഭാര്യ മരിച്ചപ്പോൾ സ്റ്റാലിൻ നേരിട്ടുപോയി അദ്ദേഹത്തെ ആശ്വസിപ്പിച്ചിരുന്നു. ഇതൊന്നും തമിഴ്‌നാട്ടിൽ പതിവുള്ളതല്ല. നടി ഖുശുബു ഒരിക്കൽ പറഞ്ഞിരുന്നു. കേരളത്തിലെ രാഷ്ട്രീയക്കാരെപ്പോലെ ഒന്നിച്ച് ഇരിക്കുകയോ കണ്ടാൽ മിണ്ടുകകൂടി ചെയ്യുന്നവരല്ല തമിഴ് രാഷ്ട്രീയക്കാർ എന്ന്. ജയലളിതയെ നിയമസഭയിൽ ഇട്ട് എംഎ‍ൽഎമാർ തല്ലിയതും, കരുണാനിധിയെ പാത്രിരാത്രിയിൽ പോയി ജയയുടെ പൊലീസ് അറസ്റ്റ് ചെയ്തതും ഒന്നും ആരും മറന്നിട്ടില്ല. സ്്റ്റാലിൻ ആ പോരിനെല്ലാം അവധി കൊടുക്കയാണ്.

അടുത്ത പ്രധാനമന്ത്രി സ്ഥാനാർത്ഥി?

കേന്ദ്രം സർക്കാറുമായി നല്ല ബന്ധത്തിൽ പോകുമ്പോൾ തന്നെ ഹിന്ദി അടിച്ചേൽപ്പിക്കൽ, നീറ്റ് പരീക്ഷ തുടങ്ങിയകാര്യങ്ങളിൽ തമിഴ്‌നാടിന്റെ ആവശ്യങ്ങളിൽ ഒരു വിട്ടുവീഴ്ക്കും സ്റ്റാലിൻ തയ്യാറല്ല. തമിഴ്‌നാടിനെ വിഭജിച്ച് കൊങ്കുനാട് രൂപവത്കരിക്കണമെന്ന് ബിജെപി ഉണ്ടാക്കിയ അനാവശ്യവിവാദം നോക്കുക. തമിഴ്‌നാടിന്റെ വിഭജിക്കണമെന്ന് പറയുന്നവർ ഈ നാട്ടിൽ നിൽക്കേണ്ട കാര്യമില്ലെന്ന മുഖമടച്ച മറുപടിയാണ് സ്റ്റാലിൻ നൽകിയത്. ഇതോടെ ബിജെപി പ്രശ്നത്തിൽനിന്ന് പിന്മാറി. ഇതോടെയാണ് ബിജെപിയെ നേരിടാൻ സ്റ്റാലിനെപ്പോലെ ഒരു കരുത്തൻ വേണമെന്ന പ്രചാരണവും തുടങ്ങിയത്.

ഇപ്പോൾ തമിഴകം ഏതാണ്ട് പൂർണ്ണമായി സ്റ്റാലിന് കീഴടങ്ങിയ അവസ്ഥയിലാണ്. രജനികാന്ത് പാർട്ടി പ്രഖ്യാപനത്തിൽനിന്ന് പിന്മാറി. കമലിന്റെ പാർട്ടി ഒന്നുമായില്ല. പ്രതിപക്ഷം അതീവ ദുർബലം. ഈ രീതിയിൽ പോവുകയാണെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ സംയുക്ത പ്രധാനമന്ത്രി സ്ഥാനാർത്ഥി സ്റ്റാലിൻ ആയിരിക്കുമെന്ന് തമിഴക പത്രങ്ങൾ പ്രചാരണം നടത്തുന്നുണ്ട്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭൂരിപക്ഷം നഷ്ടമാവുകയും കൂട്ടുകക്ഷി സഭയ്ക്ക് സാധ്യത തെളിയുകയും ചെയ്താൽ തമിഴ്‌നാട്ടിൽ ഡിഎംകെ നേടുന്ന ഓരോ സീറ്റും നിർണ്ണായകമാകും. 30 സീറ്റിൽ ലോക്‌സഭയിൽ ജയിക്കാനായാൽ രാജ്യത്തിന്റെ നിർണ്ണായക സ്വാധീന ശക്തിയായി സ്റ്റാലിൻ മാറും. മുമ്പ് കർണാടകയിൽ നിന്ന് ദേവഗൗഡ പ്രധാനമന്ത്രിയായ അനുഭവം നമ്മുടെ മുന്നിലുണ്ട്.

അങ്ങനെ വന്നാൽ തമിഴ്മക്കളുടെ പ്രതിനിധിയായി ഒരു പ്രധാനമന്ത്രി ഉണ്ടാവുമോ. കാമരാജ പറഞ്ഞപോലെ പാർക്കാലാം. എല്ലാം കാത്തിരുന്ന് കാണാം!

വാൽക്കഷ്ണം: സ്റ്റാലിനെകൊണ്ട് ഒരു ദോഷവും കേരളത്തിനുണ്ട്. മുല്ലപ്പെരിയാറിൽ കേരളത്തിന്റെ കണ്ണീർ അദ്ദേഹവും മുൻഗാമികളെപ്പോലെ കാണുന്നില്ല. കേസ് നടത്തുന്നതിനും കാര്യങ്ങൾ നേടിയെടുക്കുന്നതിലുമുള്ള അദ്ദേഹത്തിന്റെ പ്രാഗൽഭ്യം ഇവിടെയ കേരളത്തിന് വിനയാവും. ഇപ്പോഴിതാ മുല്ലപ്പെരിയാറിൽ നിന്ന് മരംമുറിക്കുന്നത് കേരള മന്ത്രിസഭ അറിഞ്ഞിട്ടുപോലുമില്ല. എന്നിട്ടും പിണറായി സർക്കാർ ലോകത്തരമാണെന്ന തള്ളാണ് സഹിക്കാൻ കഴിയാത്തത്!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP