Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡിസ്‌ക്കോ ഡാൻസിലുടെ ഇളക്കിമറിച്ചു; ശ്രീദേവിയടക്കം നിരവധി പ്രണയങ്ങൾ; നക്സലിൽ നിന്ന് സിനിമയിലേക്ക്; സമാന്തര ബോളിവുഡ് ഉണ്ടാക്കിയ നടൻ; മോദിയുടെ ആരാധകൻ; ഇപ്പോൾ മരിച്ചുവെന്ന് വ്യാജ വാർത്ത; ചുവപ്പിൽ നിന്ന് കാവിയിലേക്ക്! ഇന്ത്യൻ മൈക്കിൾ ജാക്സൺ മിഥുൻ ചക്രവർത്തിയുടെ ജീവിതം

ഡിസ്‌ക്കോ ഡാൻസിലുടെ ഇളക്കിമറിച്ചു; ശ്രീദേവിയടക്കം നിരവധി പ്രണയങ്ങൾ; നക്സലിൽ നിന്ന് സിനിമയിലേക്ക്; സമാന്തര ബോളിവുഡ് ഉണ്ടാക്കിയ നടൻ; മോദിയുടെ ആരാധകൻ; ഇപ്പോൾ മരിച്ചുവെന്ന് വ്യാജ വാർത്ത; ചുവപ്പിൽ നിന്ന് കാവിയിലേക്ക്! ഇന്ത്യൻ മൈക്കിൾ ജാക്സൺ മിഥുൻ ചക്രവർത്തിയുടെ ജീവിതം

എം റിജു

'ഡി.... ഐ.... എസ്... സി... ഒ.. ഡിസ്‌ക്കോ, ഡിസ്‌ക്കോ'... തലയിൽ ഒരു കെട്ടും കൈയിൽ ഗിറ്റാറും, പളപളപ്പൻ ടൈറ്റ് പാൻസുമായി 'ഐ ആം എ ഡിസ്‌ക്കോ ഡാൻസർ' എന്ന് ആടിപ്പാടുന്ന ആ യുവകോമളൻ. 80 കളിൽ കാശ്മീർ മുതൽ കന്യാകുമാരിവരെയുള്ള യുവാക്കൾ അയാളെപ്പോലെ ഡിസ്‌ക്കോ കളിച്ചു. അയാളെ അനുകരിച്ച് മുടിവെട്ടി. അയാളുടെ സ്റ്റെലിൽ വസ്ത്രം ധരിച്ചു. സുരക്ഷാ ഉദ്യോഗസസ്ഥന്മാർ കൂടെയില്ലാതെ പുറത്തിറങ്ങി നടന്നാൽ ആൾക്കൂട്ടം നക്കിത്തിന്നുതീർക്കുന്ന രീതിയിലുള്ള ഒരു ചക്കര നടനായി ആ ബംഗാളി യുവാവ് മാറി!

82-ൽ ഇറങ്ങിയ ഡിസ്‌ക്കോ ഡാൻസർ എന്ന ഇന്ത്യയാകെ തരംഗം തീർത്ത ചിത്രം ഒരു പുതിയ സൂപ്പർ താരത്തെക്കുടി സമ്മാനിക്കയായിരുന്നു. അതാണ് മിഥുൻ ചക്രവർത്തിയെന്ന, ഒരുകാലത്ത് കാന്തത്തിലേക്ക് ഇരുമ്പെന്നപോലെ യുവാക്കൾ ആകർഷിക്കപ്പെട്ട നടൻ. 80-കളിലെ ഇന്ത്യയുടെ മൈക്കിൾ ജാക്സൺ. വെള്ളിത്തിരയിലെ തന്റെ ഫാസ്റ്റ് സ്റ്റെപ്പുകളിലൂടെ ഒരു തലമുറയെ ഇളക്കി മറിച്ച മിഥുൻ ചക്രവർത്തിയാണ് ബോളിവുഡിൽ ഡിസ്‌കോ ഡാൻസിനെ ഏറെ ജനപ്രിയമാക്കിയത്. പിന്നീട് ഡാൻസിങ്ങ് ഹീറോയിൽനിന്ന് മാറി മൂന്ന്
ദേശീയ അവാർഡുകൾ വാങ്ങുന്ന രീതിയിൽ മികച്ച നടനായി അയാൾ മാറി.

1976-ൽ സിനിമാജീവിതം ആരംഭിച്ച മിഥുൻ ചക്രബർത്തിക്ക് ഇന്നും സിനിമാപ്രേമികൾക്കിടയിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്. ഡിസ്‌കോ ഡാൻസർ, ജങ്, പ്രേം പ്രതിഗ്യാ, പ്യാർ ഝുക്ടാ നഹി, മർദ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ അദ്ദേഹം ഇന്ത്യയെമ്പാടും ആരാധകരെ സൃഷ്ടിച്ചു. താരപുത്രന്മാർ സൂപ്പർതാരങ്ങളായിരുന്ന കാലത്ത് യാതൊരു പിൻബലവുമില്ലാതെ കഠിനാധ്വാനത്തിലുടെ വളർന്നുവന്നതാരമാണ് അയാൾ. ഇപ്പോൾ മിഥുൻ വീണ്ടും വാർത്തകളിൽനിറയുന്നത്, അദ്ദേഹത്തിന്റെ അസുഖത്തെക്കുറിച്ചുള്ള വാർത്തകളിലുടെയാണ്. മരിച്ചുവെന്നുപോലും സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം നടന്നിരുന്നു. പക്ഷേ അസുഖത്തെ അതിജീവിച്ച് അദ്ദേഹം, ആശുപത്രിവിട്ടിരിക്കയാണ്.

അസാധാരണമായ ഒരു ജീവിതം കുടിയാണ് മിഥുൻ ചക്രവർത്തിയുടേത്. നടൻ, നർത്തകൻ, നിർമ്മാതാവ്, ഗായകൻ, എഴുത്തുകാരൻ എന്നിങ്ങളെ അദ്ദേഹം കൈവെക്കാത്ത മേഖലകളില്ല. അതുപോലെ രാഷ്ട്രീയത്തിലും. നക്സലൈറ്റായി തുടങ്ങി, സിപിഎമ്മുകാരനായി, പിന്നെ തൃണമൂലുകാരനായി ഒടുവിൽ ബിജെപിയിലാണ് ഈ 74-കാരന്റെ രാഷ്ട്രീയ ജീവിതം എത്തിയിരിക്കുന്നത്.


നക്സലിൽ നിന്ന് നടനിലേക്ക്

1950 ജൂലൈ 16 ന് പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലെ ഒരു മാധ്യവർഗ കടുംബത്തിലാണ് മിഥുൻ ചക്രവർത്തി ജനിച്ചത് .ബസന്ത കുമാർ ചക്രവർത്തി, ശാന്തി റാണി ചക്രവർത്തി എന്നിവരായിരുന്നു മാതാപിതാക്കൾ. ഓറിയന്റൽ സെമിനാരിയിൽ നിന്ന് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. അതിനുശേഷം കൊൽക്കത്തയിലെ സ്‌കോട്ടിഷ് ചർച്ച് കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം എടുത്തു. കോളജിൽ പഠിക്കുമ്പോൾ തന്നെ സിനിമയായിരുന്നു മിഥുന്റെ തലയിൽ. അങ്ങനെ ആവേശം മൂത്താണ് പൂണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ എത്തുന്നത്. അവിടുത്തെ പഠനമാണ് തന്നിലെ നടനെ വർത്തെടുത്തത് എന്ന് മിഥുൻ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

70കളിൽ കോളജ് വിദ്യാർത്ഥിയായിരുന്നു അയാൾ ബംഗാളിലെ തീവ്ര ഇടതുപക്ഷ പ്രസ്ഥാനങ്ങളിലേക്കാണ് ആകൃഷ്ടനായത്. യൗവനത്തിൽ രക്തരൂക്ഷിത വിപ്ലവം സ്വപ്നം കണ്ട നക്സലൈറ്റ് ആയിരുന്നു താൻ എന്ന് മിഥുൻ ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. 69-ൽ നക്സൽ ബന്ധത്തിന്റെ പേരിൽ മിഥുനോട് അച്ഛൻ കൊൽക്കത്ത വിടാൻ ആവശ്യപ്പെടുകയായിരുന്നു. സിനിമയിൽ എത്തിയിരുന്നില്ലെങ്കിൽ, താൻ വിപ്ലവകാരിയായി മാറുമായിരുന്നുവെന്നും അദ്ദേഹം പറയാറുണ്ട്. സിപിഐ എം എൽ പോലുള്ള പ്രസ്ഥാനങ്ങൾക്ക് വേണ്ടി തെരുവ് നാടകങ്ങളിൽ അഭിനയിച്ചായിരുന്നു മിഥുന്റെ തുടക്കം. അന്നൊക്കെ ഒരു പോക്ക് പോയാൽ മാസങ്ങൾ കഴിഞ്ഞാണ് മടങ്ങിയെത്തുക.

പക്ഷേ സഹോദരൻ വൈദ്യുതാഘാതമേറ്റ് മരിച്ചതിനെത്തുടർന്ന്, അദ്ദേഹം കുടുംബത്തിലേക്ക് മടങ്ങിയെത്തി, നക്സലൈറ്റ് കൂട്ടം വിട്ടു. ജനപ്രിയ നക്സൽ നേതാവ് രവി രഞ്ജനുമായി അടുത്തബന്ധം മിഥുന് ഉണ്ടായിരുന്നു. അദ്ദേഹമാണ് സിനിമയിൽ ഭാഗ്യം പരീക്ഷിക്കാൻ പറയുന്നത്. അന്ന് ബംഗാളി സിനിമയിൽ ഇതുപക്ഷ സംവിധായകർ ധാരാളം ഉണ്ടായിരുന്നു. 1976ൽ മൃണാൾ സെന്നിന്റെ കലാമൂല്യമുള്ള 'മൃഗയ' എന്ന ചിത്രത്തിലൂടെയാണ് ചക്രവർത്തി ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ആദ്യചിത്രത്തിനുതന്നെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടി അദ്ദേഹം എല്ലാവരെയും ഞെട്ടിച്ചു.


ആദ്യ നൂറുകോടി ക്ലബിലെ സിനിമ

പക്ഷേ അദ്യ ചിത്രത്തിൽ തന്നെ അവാർഡ് വാങ്ങിയെങ്കിലും ഒരു കൊമേർഷ്യൽ നടനായി അദ്ദേഹത്തെ ഹിന്ദി സിനിമാലോകം അംഗീകരിച്ചിരുന്നില്ല. അതിനുശേഷം അദ്ദേഹം ദോ അഞ്ജാനെ, ഫൂൽ ഖിലെ ഹേ ഗുൽഷൻ ഗുൽഷൻ തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തു. 1978-ൽ മേരാ രക്ഷക് ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന വിജയചിത്രം. 1979-ൽ കുറഞ്ഞ ബജറ്റ് ചിത്രമായ സുരക്ഷയിലൂടെ അദ്ദേഹം താരപദവിയിലേക്ക് ഉയർന്നു. ചിത്രത്തിന്റെ വിജയത്തിന് ശേഷം നിരവധി അവസരങ്ങൾ വന്നുതുടങ്ങി.

1980-കളിൽ ഹംസേ ബദ്കർ കൗൻ, ഹം സേ ഹേ സമാന, വോ ജോ ഹസീന തുടങ്ങിയ ചില ചിത്രങ്ങൾ അദ്ദേഹം ചെയ്തു. മൾട്ടി-സ്റ്റാർ സിനിമയായ ഹം പാഞ്ചിൽ ഭീമനായി അഭിനയിച്ചു. 1980ൽ ആദ്യമായി, ടാക്സി ചോറിൽ ഇരട്ടവേഷം ചെയ്തു. പിന്നീട് 19-ലധികം സിനിമകളിൽ അദ്ദേഹം ഇരട്ടവേഷം ചെത്തു. തുടർന്നാണ് 82ൽ ഡിസ്‌ക്കോ ഡാൻസർ ഇറങ്ങുന്നത്. ഈ ഒറ്റ ചിത്രത്തിലൂടെ മിഥുൻ ചക്രവർത്തി സൂപ്പർ സ്റ്റാറായി. 'ഐ ആം എ ഡിസ്‌ക്കോ ഡാൻസർ' എന്ന ഗാനം തരംഗമായി. സോവിയറ്റ് യൂണിയനിലും ചിത്രം വൻ വൻ വിജയമായി. മിഥുന്റെ ഈ ചിത്ത്രിലെ ജിമ്മിയെ ഇന്നും പ്രേക്ഷകർ ഓർക്കുന്നുണ്ട്. ഇന്ത്യയിൽ ആദ്യമായി 100 കോടി രൂപ നേടിയ ചിത്രമാണിത്. ഡിസ്‌കോ ഡാൻസർ കൂടാതെ, സുരക്ഷാ, സഹാസ്, വർദാത്, വാണ്ടഡ്, ബോക്സർ, പ്യാർ ജുക്താ നഹിൻ, ഗുലാമി, പ്യാരി ബെഹ്ന, അവിനാഷ്, ഡാൻസ് ഡാൻസ്, പ്രേം പ്രതിജ്ഞ, മുജ്രിം, അഗ്നിപഥ്, രാവൺ രാജ്, ജല്ലാദ് തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിനും ചക്രവർത്തി ഓർമ്മിക്കപ്പെടുന്നുണ്ട്.

ഇതുവരെ 350 ലധികം ചിത്രങ്ങളിൽ മിഥുൻ അഭിനയിച്ചിട്ടുണ്ട്. ഇതിൽ ഹിന്ദി, ബംഗാളി എന്നീ ഭാഷകളിലെ ചിത്രങ്ങൾ ഉൾപ്പെടുന്നു. 90-കളിൽ തമിഴ്‌നാട്ടിലെ ഊട്ടി കേന്ദ്രമാക്കി മിഥുൻ ഒരു സമാന്തര ബോളിവുഡ് വ്യവസായത്തിന് തുടക്കം കുറിച്ചു. ചെറിയ ബജറ്റിൽ നിർമ്മിച്ച 100-ഓളം ചിത്രങ്ങളിൽ അദ്ദേഹം നായകനായി അഭിനയിച്ചു. മാധ്യമങ്ങൾ പ്രസ്തുത ചലച്ചിത്രനിർമ്മാണത്തിന് 'മിഥുൻസ് ഡ്രീം ഫാക്ടറി ' എന്ന പേര് നൽകി. ചെറിയ നിർമ്മാതാക്കൾക്ക് വരമായിരുന്ന ഈ ചലച്ചിത്രനിര്മാണം 10 വർഷത്തോളം നിലനിന്നു. ഈ കാലയളവിൽ 1995 മുതൽ 1999 വരെ അദ്ദേഹം ഇന്ത്യയുടെ ഒന്നാം നമ്പർ നികുതി ദായകനയിരുന്നു. 1989ൽ 19 സിനിമകൾ നായകനായി ഇറങ്ങി ലിംക ബുക്ക് ഓഫ് റെക്കോർഡിൽ റെക്കോർഡ് ഉടമയായിരുന്നു. ആ റെക്കോർഡ് ഇപ്പോഴും ബോളിവുഡിൽ തകർക്കപ്പെട്ടിട്ടില്ല.

മുംബൈയിലെ പട്ടിണിക്കാലം

താരപുത്രന്മാർരും, ഗോഡ്ഫാദർമാർ ഉള്ളവരും മാത്രം തിളങ്ങുന്ന ഹിന്ദി സിനിമയിൽ കഠിനമായ പ്രയത്നത്തിലൂടെയാണ്, അവൻ വളർന്നുവന്നത്. മുംബൈയിലെ തെരുവുകളിൽ പട്ടിണി കിടന്ന് നേടിയെടുത്തതാണ് തന്റെ ജീവിതത്തിലെ ഓരോ വിജയവുമെന്ന് പല വേദികളിലും മിഥുൻ പറഞ്ഞിട്ടുണ്ട്.''നിറത്തിന്റെ പേരിൽ പലപ്പോഴും മാറ്റി നിർത്തപ്പെട്ടിട്ടുണ്ട്. വർഷങ്ങളോളം കളറിന്റെ പേരിൽ അപമാനിക്കപ്പെട്ടു. പലപ്പോഴും ഒഴിഞ്ഞ വയറുമായി ഉറങ്ങേണ്ടി വന്നിട്ടിണ്ട്.നിറ കണ്ണുകളോടെ ഉറങ്ങിയ രാത്രികൾ ഉണ്ടായിട്ടുണ്ട്''- ഒരു അഭിമുഖത്തിൽ മിഥുൻ വികാരധീനായി.

റോഡരികിൽ കിടന്ന് ഉറങ്ങിയ സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്റെ ജീവിതം ആരേയും പ്രചോദിപ്പിക്കുന്നില്ല. മറിച്ച് മാനസികമായി തകർക്കുകയും സ്വപ്നങ്ങൾ നേടിയെടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യും. അതുകൊണ്ടാണ് എന്റെ ജീവിതം സിനിമയാക്കാൻ ഞാൻ ആഗ്രഹിക്കാത്തത്.  .'എന്റെ ജീവിത യാത്ര റോസാപ്പൂക്കൾ നിറഞ്ഞ പാത ആയിരുന്നില്ല. വെല്ലുവിളികളും വേദനയും സഹിച്ചാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്. എനിക്ക് തരണം ചെയ്യാൻ സാധിച്ചുവെങ്കിൽ നിങ്ങൾക്കും കഴിയും. സിനിമാലോകം ഒരിക്കലും പരാജിതരെ ഓർക്കാറില്ല, നിങ്ങൾ ശ്രമിച്ചാലേ വിജയം നേടാൻ കഴിയു. ഞാനിവിടെത്താൻ അനേകം വെല്ലുവിളികൾ നേരിടേണ്ടി വന്നു.' -അഭിമുഖത്തിൽ മിഥുൻ പറഞ്ഞു.

കത്തിനിൽക്കുന്ന കാലത്തുതന്നെ അദ്ദേഹം വിവാഹിതനായി. 1979 ൽ നടി ഹെലീന ലൂക്കിനെ അദ്ദേഹം വിവാഹം കഴിച്ചു. പക്ഷേ നാലു മാസത്തിനുശേഷം ദ വേർപിരിഞ്ഞു. തുടർന്ന് 1979ൽ നടി യോഗിത ബാലിയെ വിവാഹം കഴിച്ചു.ചക്രവർത്തിക്കും യോഗിതയ്ക്കും മിമോ, ഉഷ്മി ചക്രവർത്തി, നമാഷി ചക്രവർത്തി, ദത്തുപുത്രി ദിഷാനി ചക്രവർത്തി എന്നീ നാല് മക്കളുണ്ട്. ജാഗ് ഉത ഇൻസാന്റെ (1984) സെറ്റിൽ വച്ച് പരിചയപ്പെട്ട നടി ശ്രീദേവിയുമായി പ്രണയബന്ധത്തിലായിരുന്ന അദ്ദേഹം, അവരെ വിവാഹം കഴിച്ചതായി റിപ്പോർട്ടുണ്ട്. മിഥുൻ തന്റെ ഭാര്യയെ ഉപേക്ഷിക്കാൻ വിസമ്മതിച്ചപ്പോൾ, ശ്രീദേവി പ്രണയം അവസാനിപ്പിക്കയാണെന്നാണ് പറയുന്നത്.


മാലിന്യക്കൂമ്പാരത്തിൽ നിന്ന് ദത്തുമകൾ

ജീവിത്തതിൽ അങ്ങയറ്റം സ്നേഹവും കരുതലും നിലനിർത്തുന്ന ഒരു വ്യക്തികൂടിയാണ് മിഥുൻ. ഇപ്പോൾ നടിയും, മീഡിയാ പേഴ്സണുമൊക്കെയായി തിളങ്ങി നിൽക്കുന്ന, മിഥുൻ ചക്രവർത്തിയുടെ മകൾ ദിഷാനി ചക്രവർത്തിയുടെ ജീവിത കഥ തന്നെ അതിന് ഉദാഹരണം. മിഥുൻ ചക്രവർത്തിയുടെ യഥാർത്ഥ മകളല്ല ദിഷാനി. അദ്ദേഹം തെരുവിൽ നിന്നും കണ്ടെത്തി രക്ഷപ്പെടുത്തിയ കുട്ടിയാണ് ദിഷാനി. മാലിന്യകൂമ്പാരത്തിൽ നിന്നുമാണ് ദിഷാനിയെ മിഥുൻ ചക്രവർത്തി രക്ഷപ്പെടുത്തുന്നതും മകളായി ദത്തെടുക്കുന്നതും.

.ഒരിക്കൽ ഒരു പത്രവാർത്തയിലൂടെയാണ് മിഥുൻ ചക്രവർത്തി ദിഷാനിയെക്കുറിച്ച് അറിയുന്നത്. ഒരു പിഞ്ചുകുഞ്ഞിനെ മാതാപിതാക്കൾ മാലിന്യ കൂമ്പാരത്തിന് അരികിൽ ഉപേക്ഷിച്ച് പോയെന്നായിരുന്നു വാർത്ത. ഈ കുട്ടിയെ ആ വഴി പോയവരിൽ ആരോ കണ്ടെത്തുകയായിരുന്നു. വാർത്ത കണ്ടതും മിഥുൻ ചക്രവർത്തി അവിടേക്ക് എത്തി. കുട്ടിയെ കണ്ടതും മിഥുൻ ചക്രവർത്തിയും ഭാര്യ യോഗിത ബലിയും അവളെ ദത്തെടുക്കാൻ തീരുമാനിക്കുക ആയിരുന്നു. തുടർന്ന് നിയമപ്രകാരമുള്ള നടപടികളെല്ലാം പൂർത്തിയാക്കി അവളെ അവർ സ്വന്തമാക്കി. മകളെ പോലെയല്ല മകളായി തന്നെയാണ് ദിഷാനിയെ മിഥുൻ ചക്രവർത്തി വളർത്തിയത്.

മൂന്ന് ആൺമക്കളായിരുന്നു മിഥുൻ ചക്രവർത്തിക്കുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ എല്ലാവരും ദിഷാനിയെ ജീവന് തുല്യം സ്നേഹിക്കുകയും വാൽസല്യം നൽകുകയും ചെയ്തു. ചെറുപ്പം മുതൽ തന്നെ സിനിമയും സിനിമാക്കാരും തന്നെയായിരുന്നു ദിഷാനിയുടെ ചുറ്റും. സ്വാഭാവികമായും ദിഷാനിയുടെ ഉള്ളിലും അഭിനയ മോഹം വളരുകയായിരുന്നു. സൂപ്പർ താരം സൽമാൻ ഖാന്റെ കടുത്ത ആരാധികയാണ് ദിഷാനി. ഇപ്പോൾ ന്യൂയോർക്കിലെ ഫിലിം അക്കാദമിയിൽ അഭിനയം പഠിച്ചിറങ്ങിയ ദിഷാനി സിനിമിലും അരേങ്ങേി. സോഷ്യൽ മീഡിയയിൽ സജീവമായ ദിഷാനിയുടെ ചിത്രങ്ങൾ വൈറലായി മാറാറുണ്ട്. അന്ന് മിഥുൻ ചക്രവർത്തിയുടെ കൈയിലുണ്ടായിരുന്ന കൊച്ചുകുട്ടി ഇന്ന് വളർന്നൊരു സുന്ദരിയായി മാറിയിരിക്കുകയാണ്. താനും മകളും നല്ല സുഹൃത്തുക്കൾ കൂടിയാണെന്നാണ് മിഥുൻ ഒരു അഭിമുഖത്തിൽ പറയുന്നത്.

കോടികളുടെ ബിസിനസുകൾ

സിനിമക്ക് ഒപ്പം സാമൂഹിക പ്രവർത്തനവും ബിസിനസ് സംരംഭങ്ങളും അദ്ദേഹത്തിനുണ്ട്. ദിലീപ് കുമാറും സുനിൽ ദത്തുമായി ചേർന്ന്, 1992-ൽ സിനി & ടിവി ആർട്ടിസ്റ്റ് അസോസിയേഷൻ എന്ന പേരിൽ ദരിദ്രരായ അഭിനേതാക്കളെ സഹായിക്കുന്നതിനായി അദ്ദേഹം ഒരു ട്രസ്റ്റ് സ്ഥാപിച്ചു. ഫിലിം സ്റ്റുഡിയോസ് ക്രമീകരണത്തിന്റെയും അലൈഡ് മസ്ദൂർ യൂണിയന്റെയും ചെയർപേഴ്‌സണായിരുന്നു മിഥുൻ. ഇന്നും സിനിമാ പ്രവർത്തകരുടെ ക്ഷേമത്തിനും അവരുടെ ആവശ്യങ്ങളും പ്രശ്നങ്ങളും പരിഹരിക്കാനും അദ്ദേഹം മുന്നിലുണ്ട്.

ടെലിവിഷനിലും അദ്ദേഹം നേട്ടങ്ങൾ കൊയ്തു. ബംഗാളി ഡാൻസ് റിയാലിറ്റി ഷോയായ ഡാൻസ് ബംഗ്ലാ ഡാൻസ് വലിയ ഹിറ്റായിരുന്നു. അതിനുശേഷം ചക്രവർത്തി ഡാൻസ് ഇന്ത്യ ഡാൻസ് എന്ന ആശയവും ഹിറ്റാക്കി. ഡാൻസ് ഇന്ത്യ ഡാൻസ് ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഗിന്നസ് വേൾഡ് റെക്കോർഡിലും ഇടം നേടി.

80കളിൽ പരസ്യ ചിത്രങ്ങളിലുടെ ശതകോടികളുടെ വരുമാനമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. 1980-കളുടെ അവസാനത്തിൽ ഇന്ത്യയുടെ പാനസോണിക് ഇലക്ട്രോണിക്സിന്റെ അംബാസഡറായിരുന്നു. ബംഗാൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ യൂണിറ്റായ ചാനൽ ടെന്നിന്റ മുഖവും അദ്ദേഹം ആയിരുന്നു. ശാരദ മീഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ലിമിറ്റഡ്, ആയിരുന്നു അതിന്റെ ഉടമസ്ഥർ. ഇതിന്റെ പേരിൽ ശാരദാ ചിട്ടിഫണ്ട് തട്ടിപ്പിലും മിഥുന്റെ പേര് വന്നു. അക്കാലത്ത് തൃണമൂലിന് ഒപ്പമായിരുന്നു, ഈ നടൻ. 200ലേറെപ്പേർ ജീവനൊടുക്കിയ ശാരദ തട്ടിപ്പന്റെ സൂത്രധാരൻ തൃണമൂൽ നേതാക്കൾ ആയിരുന്നു. ബംഗാളിലെ നിരവധി ഗ്രാമങ്ങളെ അത് പാപ്പരാക്കി. പക്ഷേ അതിൽ തനിക്ക് പങ്കില്ല എന്നാണ് മിഥുൻ ആവർത്തിക്കുന്നത്.

മോണാർക്ക് ഗ്രൂപ്പിന്റെ ഉടമയുമാണ് മിഥുൻ ചക്രവർത്തി. ഇത് ഹോസ്പിറ്റാലിറ്റി -വിദ്യാഭ്യാസ മേഖലയ്ക്ക് പേരുകേട്ടതാണ്. പാപ്പരാസി പ്രൊഡക്ഷൻസ് എന്ന പേരിൽ പ്രൊഡക്ഷൻ ഹൗസും അദ്ദേഹം ആരംഭിച്ചു. പക്ഷേ ഇടക്കാലത്ത് അദ്ദേഹത്തിന് വല്ലാതെ കൈപൊള്ളിയിട്ടുണ്ട്. നിർമ്മിച്ച സിനിമകളിൽ കുറേയെണ്ണം പരാജയപ്പെട്ടു. പുതിയ നടന്മാരുടെ വരവോടെ അഭിനയത്തിലും അവസരം കുറഞ്ഞു. പക്ഷേ രാഷ്ട്രീയമടക്കമുള്ള മേഖലകളിലുടെ അദ്ദേഹം ലൈംലൈറ്റിൽ തന്നെ നിന്നു.

ചുവപ്പിൽനിന്ന് കാവിയിലേക്ക്

ഒരു നക്സലൈറ്റായി തുടങ്ങിയ മിഥുന്റെ രാഷ്ട്രീയ ജീവിതം അമ്പരിപ്പിക്കുന്നതാണ്. പിന്നെ അദ്ദേഹം സിപിഎമ്മിലേക്ക് പോയി. സിപിഎം നേതാവ് സുഭാഷ് ചക്രവർത്തി അടക്കമുള്ളവർ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. പക്ഷേ പിന്നീട് മമതയിലേക്ക് ചായുന്ന ചക്രവർത്തിയെയാണ് ലോകം കണ്ടത്. 2014-ൽ തൃണമൂലിന്റെ പിന്തുണയിൽ അദ്ദേഹം രാജ്യസഭാംഗമായി. പക്ഷേ വൈകാതെ മമതയുമായി ഉടക്കി. അവസാനം കറങ്ങിത്തിരിച്ച് ബിജെപിയിലെത്തി. 2021 മാർച്ച് 7 -ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കൈലാഷ് വിജയവർഗിയയുടെയും സാന്നിധ്യത്തിൽ അദ്ദേഹം ബിജെപി ചേർന്നു.
ഇന്ന് മോദിയുടെ അടുത്ത സൃഹത്തും വലിയ ആരാധകനുമാണ് ഈ നടൻ. മോദിക്കുമാത്രമേ ഈ സമൂഹത്തിൽ മാറ്റം കൊണ്ടുവരാൻ കഴിയൂ എന്നും അദ്ദേഹം പലയിടത്തും പറഞ്ഞിട്ടുണ്ട്.

സ്ട്രോക്ക് വന്നതിനെത്തുടർന്ന് ചികിത്സയിൽക്കഴിയുകയായിരുന്ന മിഥുൻ ചക്രബർത്തി ആശുപത്രിവിട്ടപ്പോൾ, നടത്തിയ ഒരു പ്രസ്താവനയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. രാക്ഷസനെപ്പോലെയാണ് താൻ ഭക്ഷണം കഴിച്ചിരുന്നതെന്നും അതിനുള്ള ശിക്ഷ തനിക്ക് കിട്ടിയെന്നും വാർത്താ ഏജൻസിയായ എ.എൻ.ഐയോട് മിഥുൻ ചക്രബർത്തി പറഞ്ഞു. ''ആഹാരം കഴിക്കുന്നതിൽ എല്ലാവരും ഒരു നിയന്ത്രണമൊക്കെ വെയ്ക്കണം. മധുരപലഹാരങ്ങൾ കഴിച്ചാൽ ഒരു മാറ്റവും വരില്ല എന്ന തെറ്റിദ്ധാരണ പ്രമേഹരോഗികൾക്ക് ഉണ്ടാകരുത്. നിങ്ങളുടെ ഭക്ഷണക്രമം നിയന്ത്രിക്കുക.'' അദ്ദേഹം അഭ്യർത്ഥിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചാരണത്തിനിറങ്ങുന്നതിനേക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ''പശ്ചിമ ബംഗാളിലെ 42 ലോക്‌സഭാ മണ്ഡലങ്ങൾ ആര് ശ്രദ്ധിക്കും? ഞാൻ ചെയ്യും. ഞാൻ ബിജെപിയുമായി സജീവമായി ഇടപെടും. ആവശ്യപ്പെട്ടാൽ മറ്റു സംസ്ഥാനങ്ങളിലും പ്രചാരണത്തിന് പോകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എനിക്ക് വലിയ ബഹുമാനമുണ്ട്. ബിജെപി അതിന്റെ ഉന്നതിയിലെത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.'' മിഥുൻ ചക്രബർത്തി പറഞ്ഞു.

ആരോഗ്യം ശ്രദ്ധിക്കാത്തതിന് പ്രധാനമന്ത്രി ഞായറാഴ്ച തന്നെ ശകാരിച്ചതായും മിഥുൻ ചക്രബർത്തി കൂട്ടിച്ചേർത്തു. അതേസമയം പിതാവ് ആരോഗ്യവാനായിരിക്കുന്നെന്നും ഏവരുടേയും പ്രാർത്ഥനകൾക്ക് നന്ദിയുണ്ടെന്നും മിഥുൻ ചക്രബർത്തിയുടെ മകൻ നമശി ചക്രബർത്തി എക്സിൽ പോസ്റ്റ് ചെയ്തു. ഇപ്പോൾ 74 വയസ്സായ മിഥുൻ ചക്രവർത്തി പറയുന്നത് താൻ രാഷ്ട്രീയത്തിലും സിനിമയിലും ഇനിയും സജീവമാവുമെന്നാണ്. അത് സൂചിപ്പിക്കുന്നതും അയാളിലെ പോരാളിയെ തന്നെ.

വാൽക്കഷ്ണം: 90കളിൽ ഒരേസമയം അഞ്ച് ചിത്രങ്ങൾവരെയായണ് മിഥുൻ ചക്രവർത്തി കമ്മിറ്റ് ചെയ്തിരുന്നത്. വെറും രണ്ടുമണിക്കുർ മാത്രമായിരുന്നു അദ്ദേഹത്തിന് ഉറങ്ങാൻ സമയം കിട്ടിയിരുന്നത്. പത്തുകോടി രൂപ പ്രതിഫലം വാങ്ങിയ ആദ്യ ഹിന്ദി നടൻ എന്ന റെക്കോർഡും ഇദ്ദേഹത്തിന് സ്വന്തം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP