Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'മുസ്ലീങ്ങളും ക്രിസ്ത്യാനികളും കമ്യുണിസ്റ്റുകാരും രാഷ്ട്രത്തിന്റെ ശത്രുക്കൾ; ഹിന്ദുക്കളല്ലാത്തവർക്ക് പൗരാവകാശങ്ങൾ പോലും നൽകരുത്'; ഹിറ്റ്‌ലറുടെ കൂട്ടക്കൊലയെയും ന്യായീകരിച്ചു; ഹിന്ദുത്വയുടെ ബൈബിളെന്നെ് അറിയപ്പെടുന്ന വിചാരധാര എഴുതി; നാഗ്പൂരിൽ ഒതുങ്ങിനിന്ന ആർഎസ്എസിനെ ഇന്ത്യ മുഴുവൻ വളർത്തി; വിവാദ പുരുഷനായ 'ഗുരുജി' ഗോൾവാൾക്കറുടെ കഥ

'മുസ്ലീങ്ങളും ക്രിസ്ത്യാനികളും കമ്യുണിസ്റ്റുകാരും രാഷ്ട്രത്തിന്റെ ശത്രുക്കൾ; ഹിന്ദുക്കളല്ലാത്തവർക്ക് പൗരാവകാശങ്ങൾ പോലും നൽകരുത്'; ഹിറ്റ്‌ലറുടെ കൂട്ടക്കൊലയെയും ന്യായീകരിച്ചു; ഹിന്ദുത്വയുടെ ബൈബിളെന്നെ് അറിയപ്പെടുന്ന വിചാരധാര എഴുതി; നാഗ്പൂരിൽ ഒതുങ്ങിനിന്ന ആർഎസ്എസിനെ ഇന്ത്യ മുഴുവൻ വളർത്തി; വിവാദ പുരുഷനായ 'ഗുരുജി' ഗോൾവാൾക്കറുടെ കഥ

എം മാധവദാസ്

മാധവ സദാശിവ ഗോൾവാൾക്കർ! ആ പേര് ഇന്ന് കേരളക്കരയിലും ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജിയുടെ രണ്ടാമത്തെ ക്യാംപസിന് ഈ ആർഎസ്എസ് സൈദ്ധാന്തികന്റെ പേരിടാൻ കേന്ദ്രം തീരുമാനിച്ചതോടെയുള്ള വിവാദങ്ങൾ സോഷ്യൽ മീഡിയയിലടക്കം കൊടുമ്പിരികൊള്ളുകയാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ എന്നും വിവാദ നായകനായിരുന്നു ഈ ആർഎസ്എസ് മുൻ സർസംഘ്ചാലക്. ആർഎസ്എസിന്റെ ബൈബിൾ എന്നറിയപ്പെടുന്ന വിചാരധാരയുടെ കർത്താവ്, രാഷ്ട്രീയ ഹിന്ദുത്വയെ ഉയർത്തിപ്പിടിച്ച് ഹിറ്റ്ലർ മോഡൽ വർണ്ണശുദ്ധി രാഷ്ട്രീയത്തിന്റെ പ്രായോജകൻ, വെറുപ്പിന്റെ വ്യാപാരി.. അങ്ങനെ പോകുന്ന ഗോൾവാൾക്കറുടെ കുപ്രസിദ്ധികൾ. ആധുനികകാലത്ത് ആർഎസ്എസിനെപോലും താങ്ങനാവുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ അതിതീവ്ര ആശയങ്ങൾ.

പക്ഷേ ഒരു കാര്യം വ്യക്താമണ്. ഇന്ത്യയിൽ തീവ്ര ഹിന്ദുത്വരാഷ്ട്രീത്തിന് വിത്തിട്ടതും തട്ടൊരുക്കിയതും അനുയായികൾക്കിടയിൽ പരംപൂജനീയ ഗുരുജി എന്നറിയപ്പെട്ടിരുന്നന്ന ഗോൾവാൾക്കർ തന്നെയാണ്. ജീവിതകാലത്തുടനീളവും മരണത്തിനു ശേഷവും ഒട്ടനവധി വിമർശനങ്ങൾ വംശവെറിയുടെ ആശയങ്ങളുടെ പേരിൽ അദ്ദേഹം നേരിട്ടിട്ടുണ്ട്. അങ്ങേയറ്റം ശാസ്ത്രവിരുദ്ധവും മാനവിക വിരുദ്ധവും ആയിരുന്നു ഗോൾവാൾക്കർ പലർത്തിയിരുന്നു ആശയങ്ങളിലും പലതും. ശാസ്ത്രം എപ്പോഴും മതത്തിന് താെഴ യിരിക്കണം എന്ന് പരസ്യമായി നിലപാട് എടുത്ത വ്യക്തിയായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ ഡീഅഡിക്ഷൻ സെന്ററുകൾക്ക് ജോണിവാക്കർ എന്നോ ഹണി ബീ എന്നോ ഒക്കെ പേരിടുന്നതുപോലുള്ള അശ്ളീലമാണ്, ഒരു ഗവേഷണ സ്ഥാപനത്തിന് ഗോൾവാൾക്കറുടെ പേര് ഇടുന്നത് എന്നാണ് പരക്കെ ഉയരുന്ന വിമർശനം.

പ്രൊഫസറിൽ നിന്ന് ഗുരുജിയിലേക്ക്

1906 ഫെബ്രുവരി മാസം 19ന് മഹാരാഷ്ട്രയിലെ നാഗ്പൂരിനടുത്തുള്ള രാംടേക്കിലാണ് മാധവ സദാശിവ ഗോൾവാൾക്കർ ജനിച്ചത്. മധു എന്ന് വിളിപ്പേരുണ്ടായിരുന്ന ഇദ്ദേഹം മാതാപിതാക്കളുടെ ഒൻപതുമക്കളിൽ നാലാമനായിരുന്നു. ഈ മകനൊഴികെ ബാക്കിയെല്ലാ കുട്ടികളും ചെറുപ്രായത്തിൽത്തന്നെ മരണമടഞ്ഞു. ഗോൾവാൾക്കർ ജനിച്ച് അധികം കഴിയാതെ ഇന്നത്തെ ഛത്തീസ്‌ഗഢിൽ ഉൾപ്പെടുന്ന ഒരു ഉൾഗ്രാമത്തിലെ സ്‌കൂൾ അദ്ധ്യാപന ജോലി പിതാവിന് ലഭിച്ചു. ചെറുപ്പത്തിൽ തന്നെ അനായാസേന ഇംഗ്ലീഷും ഹിന്ദിയും കൈകാര്യം ചെയ്യുന്ന തരത്തിൽ മകന് വിദ്യാഭ്യാസം നൽകുന്നതിന്റെ ഉത്തരവാദിത്വം പിതാവാണ് ഏറ്റെടുത്തത്.

ആർഎസ്എസിന്റെ നേതൃത്വവും ആശയലോകവും വളർന്നുവന്ന തരത്തിലുള്ള സവർണ്ണ ജാതി ചുറ്റുപാടുകളിൽ തന്നെയാണ് ഗോൾവാൾക്കർ വളർന്നതെങ്കിലും, ആദ്യകാല വിദ്യാഭ്യാസമോ പ്രവർത്തനവഴികളോ അദ്ദേഹത്തെ നേരിട്ട് ആർഎസ്എസിലേക്ക് എത്തിച്ചില്ല. നാഗ്പൂരിൽ സ്‌ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി, ബനാറസ് ഹിന്ദു സർവ്വകാലാശാലയിൽ ഉപരിപഠനത്തിന് പോയ ഗോൾവാൾക്കർ 1928ൽ എം.എസ്സി ബയോളജി പൂർത്തിയാക്കി.മദ്രാസ് അഖ്വേറിയത്തിലെ ഒരു വർഷം നീണ്ട ഗവേഷണത്തിന് ശേഷം 1930ൽ ലക്ചററായി അദ്ദേഹം ബനാറസ് സർവ്വകലാശാലയിൽ തിരിച്ചെത്തി.

ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന സമയം മുതൽക്കേ പണ്ഡിറ്റ് മദന മോഹന മാളവ്യയെപ്പോലുള്ള നേതാക്കളുടെ ആശയങ്ങൾ ഗോൾവാൾക്കറെ സ്വാധീനിച്ചിരുന്നുതായി അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാർ കുറിക്കുന്നു. 1933ൽ ഗോൾവൽക്കർ മാതാപിതാക്കളോടൊപ്പം നാഗ്പൂരിലേയ്ക്ക് തിരിച്ചുവന്നു. വൈകാതെ അദ്ദേഹം ഡോക്ടർ കേശവ ബലിറാം ഹെഡ്ഗേവാറിനെ പരിചയപ്പെട്ടു. നാഗ്പൂരിലെത്തിയതിനു ശേഷം അദ്ദേഹം നിയമം പഠിക്കുകയും പ്രാക്ടീസ് ചെയ്യുകയും ചെയ്തിരുന്നു. അതോടൊപ്പംതന്നെ ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കായി യുവാക്കളെ സജ്ജീകരിക്കാനും അദ്ദേഹം യത്നിച്ചു.സ്വാമി അഖണ്ഡാനന്ദനിൽ നിന്നും സന്യാസം സ്വീകരിച്ച ഗോൾവൽക്കർ വിവാഹിതനായില്ല. നീണ്ട ദീക്ഷയും തോളൊപ്പമെത്തുന്ന ചുരുളൻ മുടിയും എല്ലാ കാര്യങ്ങളിലും അവഗാഹവുമുണ്ടായിരുന്ന അദ്ദേഹത്തെ മുതിർന്ന ആളുകൾ പോലും 'ഗുരുജി' എന്നു വിളിക്കാൻ തുടങ്ങി. ഡോക്ടർ ജിയും ഗുരുജിയും പിന്നെ ഒരു ജനതയുടെ ജാതകം തിരുത്തി എഴുതി.

ആർഎസ്എസിന്റെ ബൈബിൾ എഴുതിയ വ്യക്തി

കേശവ ബാലറാം ഹെഡ്ഗേവാറിന്റെ മരണ ശേഷം ആർഎസ്എസ്സിന്റെ സർസംഘചാലക് ചുമതല ഗോൾവാൾക്കറിൽ വന്നുചേർന്നു. സർസംഘചാലക് പദവിയിൽ മരണം വരെ, മുപ്പത്തിമൂന്നു വർഷം സേവനമനുഷ്ഠിച്ചു. ഏറ്റവും കൂടുതൽ കാലം ആർഎസ്എസ്സിന്റെ സർസംഘ ചാലക് ചുമതലയിൽ ഇരുന്ന വ്യക്തിയും അദ്ദേഹം തന്നെയാണ്.ഈ കാലയളവിൽ അദ്ദേഹം ഭാരതം മുഴുവൻ ചുറ്റിസഞ്ചരിച്ചു. ഇത്ര വിശദമായ ഭാരതപര്യടനം മറ്റാരും ചെയ്തിരിക്കില്ല. ഓരോ വർഷവും, ഓരോ സംസ്ഥാനങ്ങളിലും ചുരുങ്ങിയത് രണ്ടുതവണയെങ്കിലും അദ്ദേഹം സന്ദർശനം നടത്തിയിരുന്നു.

അദ്ദേഹം മേധാവിയാകുമ്പോൾ ആർഎസ്എസ് അഥവാ സംഘ് അറിയപ്പെട്ട് വരുന്നതേയുള്ളൂ. മഹാരാഷ്ട്രയുടെ വിദർഭ മേഖലയിലപ്പുറം അത് കാര്യമായ ഒരു സാന്നിധ്യം പോലുമല്ലായിരുന്നു അക്കാലത്ത്. പക്ഷേ ഗോൾവാൾക്കറിന്റെ നേത്യത്വത്തിൽ ആർഎസ്എസ് സൃഷ്ടിച്ച കോളിളക്കം ചെറുതല്ല. ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹ അദ്ദേഹത്തെ കുറിച്ച് പറയുന്നത് 'വെറുപ്പിന്റെ ആചാര്യൻ' (guru of hate) എന്നാണ്. ഗോൾവാൾക്കറുടെ സിദ്ധാന്തങ്ങളെ കുറിച്ചുള്ള തന്റെ പുസ്തകത്തിന് ജ്യോതിർമയ ശർമ്മ നൽകിയ തലക്കെട്ട് 'ഭീതിദമായ കാഴ്ചപ്പാട്' (Terrifying Vision) എന്നാണ്.

രാമചന്ദ്രഗുഹ ഇങ്ങനെ നിരീക്ഷിക്കുന്നു. 'ഇന്ത്യ-പാക് വിഭജന കാല അക്രമങ്ങളെ ആളിക്കത്തിക്കുന്നതിൽ ആർഎസ്എസിന്റെ പങ്ക് അതിപ്രധാനമായിരുന്നു. ഗാന്ധിജിയുടെ കൊലപാതകത്തെ തുടർന്ന് ആർഎസ്എസ് നിരോധിക്കപ്പെട്ടു. ഗോൾവാൾക്കറിന്റെ കീഴിൽ ആർഎസ്.എസിന് എഴുതപ്പെട്ട ഒരു ഭരണഘടനയുണ്ടായി. ശാഖകൾ എന്നറിപ്പെടുന്ന പ്രദേശിക ഘടകങ്ങൾക്കപ്പുറത്തേയ്ക്ക് സംഘടന വളർന്നു. രാഷ്ട്രീയത്തിൽ ജനസംഘ്, വിദ്യാർത്ഥികൾക്കിടയിൽ അഖില ഭാരതീയ വിദ്യാർത്ഥി പരിഷദ്, മതം പ്രത്യേകമായി നോക്കുന്നതിന് വിശ്വഹിന്ദുപരിഷദ്, വ്യവസായ മേഖലതൊഴിലാളികൾക്കിടയിൽ ഭാരതീയ മസ്ദൂർ സംഘ് എന്നിങ്ങനെ വിവിധ ബഹുജന സംഘടനകളും സൃഷ്ടിക്കപ്പെട്ടു.

ഗോൾവാൾക്കർ മരിക്കുമ്പോഴേയ്ക്ക് ആർഎസ്എസ് രാജ്യം മുഴുവൻ വ്യാപിച്ചിരുന്നു. ആർഎസ്എസും സഹോദര സംഘടനകളും ചേർന്ന സംഘപരിവാർ എന്ന ശൃംഖല ഇന്ത്യൻ സമൂഹത്തിന്റെ ഏതാണ്ട് എല്ലാ ആകാരങ്ങളിലേയ്ക്കും ആഴത്തിൽ നുഴഞ്ഞു കയറിയിരുന്നു. അദ്ദേഹത്തിന്റെ ആശയങ്ങളുടെ സ്വാധീനം ആ മരണത്തോടെ അവസാനിച്ചില്ല. ഗോൾവാൾക്കറുടെ വിശാലമായി പരന്നുകിടക്കുന്ന എഴുത്തുകളുടേയും പ്രസംഗങ്ങളുടേയും ആറ്റിക്കുറുക്കലായ വിചാരധാര എന്ന പുസ്തകമാണ് ആർഎസ്എസിന്റെ ബൈബിൾ.'- രാമചന്ദ്ര ഗുഹ വ്യക്തമാക്കുന്നു.

'ഹിറ്റ്ലറിൽ നിന്ന് ഇന്ത്യക്കും പഠിക്കാനുണ്ട്'

ഹിന്ദുത്വയെ കുറിച്ചുള്ള സവർക്കറുടെ പുസ്തകം എപ്പോഴും ശ്രദ്ധാകേന്ദ്രമായിരുന്നുവെങ്കിലും സൈദ്ധാന്തിക പ്രശ്‌നങ്ങൾ ഉയരുമ്പോൾ സാധാരണ സ്വയം സേവകരുടെ ഉത്തരത്തിന്റെ വേരുകൾ ഗോൾവാൾക്കറുടെ 1966-ൽ പുറത്തിറങ്ങിയ 'വിചാരധാര' (Bunch of Thoughts) എന്ന പുസ്തകത്തിലായിരിക്കും. ഈ പുസ്തകം നേരിട്ട് വായിക്കാത്ത സ്വയംസേവകരും ശാഖാപരിശീലനത്തിന്റെ ഭാഗമായ സൈദ്ധാന്തിക ചർച്ചകളിലൂടെ വിചാരധാരയുടെ ഉള്ളടക്കം ആവർത്തിച്ച് കേട്ട് മനസിലാക്കിയിരിക്കും.ഗോൾവാൾക്കവരുടെ മറ്റൊരു പുസ്തകത്തോട് ആർഎസ്എസ് ഔദ്യോഗികമായി അൽപ്പം അകലം പാലിക്കുന്നുണ്ട്. 1939ൽ, ഗോൾവാൾക്കർ ആർഎസ്എസ് മേധാവിയാകുന്നിന്റെ ഒരു വർഷം മുമ്പ് പ്രസിദ്ധീകരിച്ച 'നാം, നമ്മുടെ രാഷ്ട്രസ്വത്വ നിർവ്വചനം' എന്ന പുസ്തകമാണത്.

രാഷ്ട്രസ്വത്വത്തിൽ, ഗോൾവാൾക്കർ സംശയലേശമന്യേ ഹിന്ദു സംസ്‌കാരത്തെ വളർത്തുന്ന പദ്ധതിയെ ജർമ്മനിയിലെ സെമിറ്റിക് മതവിരുദ്ധതയുമായി താരതമ്യപ്പെടുത്തുന്നുണ്ട്. 'വംശത്തിന്റേയും സംസ്‌കാരത്തിന്റേയും സംശുദ്ധി നിലനിർത്തുന്നതിന് സെമിറ്റിക് മതക്കാരായ യഹൂദരെ ഉന്മൂലനം ചെയ്തുകൊണ്ട് ജർമ്മനി ലോകത്തെ ഞെട്ടിച്ചു. വംശാഭിമാനമാണ് അതിന്റെ ഔന്നിത്യത്തിൽ ഇവിടെ തെളിഞ്ഞു കാണുന്നത്. വേരോളം ആഴത്തിൽ വൈജാത്യങ്ങളുള്ള വംശങ്ങൾക്കും സംസ്‌കാരങ്ങൾക്കും ഒരു ഏകീകൃത ലോകത്ത് അലിഞ്ഞു ചേരുക എന്നത് ഏതാണ്ട് അസാധ്യമായ കാര്യമാണെന്നും ജർമ്മനി ലോകത്തിന് കാണിച്ചു തന്നു, ഇതാകട്ടെ, ഇന്ത്യയ്ക്ക് പാഠങ്ങൾ ഉൾക്കൊള്ളാനും പ്രയോജനമുണ്ടാക്കാനുമുള്ള കാര്യമാണ്''-ഗോൾവാൾക്കൾ 'രാഷ്ട്രസ്വത്വ'ത്തിൽ എഴുതുന്നു.

ഈ കാഴ്പ്പാടിനെ യുക്തിസഹമായി ഗോൾവാൾക്കർ ഉപസംഹരിക്കുന്നത് ഈ വാദമുയർത്തിയാണ്: ''ഹിന്ദുസ്ഥാനിലെ വിദേശ മതങ്ങൾ ഹിന്ദു സംസ്‌കാരവും ഭാഷയും സ്വീകരിച്ച് ഹിന്ദുമതത്തെ ബഹുമാനിക്കാനും ആദരിക്കാനും പഠിക്കണം. ഹൈന്ദവ ദേശത്തെ ഹിന്ദു വംശം, സംസ്‌കാരം എന്നിവയല്ലാത്ത ഒരു ആശയത്തേയും വാഴ്‌ത്താൻ പാടില്ല. അല്ലെങ്കിൽ ഒരു അവകാശവാദവും ഉന്നയിക്കാതെ, ഒരു ആനുകൂല്യത്തിനും അർഹതയില്ലാതെ, പൗരത്വ അവകാശമടക്കം ഒരു പരിഗണനയും ലഭിക്കാതെ ഹിന്ദു രാജ്യത്തിന് കിഴ്‌പ്പെട്ട് കഴിയണം''. ഇക്കാലത്തെന്തായാലും രാജ്യത്തെ ചെറു ഹൈന്ദവസംഘടനകൾക്കു പോലും ഇപ്പോഴും മാർഗ്ഗദീപം ഗോൾവാൾക്കാറായ ആർഎസ്എസ് അടക്കമുള്ളവർക്ക് ഈ കാഴ്ചപ്പാടുകൾ പൂർണ്ണമായും അംഗീകരിക്കാനായിട്ടില്ല.

സ്വാതന്ത്ര്യം ഹിന്ദു രാഷ്ട്രത്തിൽ മാത്രം

ഗോഡ്സെയും സവർക്കറയേും പോലെ അഖണ്ഡഭാരതത്തിൽ വിശ്വസിച്ചിരുന്ന വ്യക്തിയായിരുന്നു ഗോൾവാൾക്കറും. സ്വാതന്ത്ര്യം യാഥാർത്ഥ്യമാവുക ഹിന്ദു രാഷ്ട്രത്തിൽ മാത്രമാണെന്നും അതുവരെ പാരതന്ത്ര്യം മാത്രമാണെന്നും അദ്ദേഹം ഒരിക്കൽ പ്രഖ്യാപിച്ചു. ഭരണഘടനയെ മനുസ്മൃതിയെ ഉൾക്കൊള്ളാത്തത്, ഹിന്ദു വിരുദ്ധം, അഭാരതീയം എന്നിങ്ങനെ ആക്ഷേപിച്ച് അദ്ദേഹം തള്ളിക്കളയുന്നു.

മുസ്ലീങ്ങളും കൃസ്ത്യാനികളും കമ്മ്യുണിസ്റ്റുകാരും ഹിന്ദു രാഷ്ട്രത്തിന്റെ ആന്തരിക ശത്രുക്കളാണെന്ന് അദ്ദേഹം പഖ്യാപിച്ചു.( വിചാരധാര- ഗോൾവാൾക്കർ,ആറാം പതിപ്പ്, കുരുക്ഷേത്ര പ്രകാശൻ,പേജ് 217-242 വരെ. ) ' സെമിറ്റിക് വംശങ്ങളെ ഉന്മൂലനം ചെയ്ത് ലോകത്തെ ഞെട്ടിച്ച, വംശീയാഭിമാനം അതിന്റെ പരകോടിയിലെത്തിയ ജർമ്മനിയിൽ നിന്ന് ഹിന്ദുസ്ഥാന് പഠിക്കാനും പ്രയോജനപ്പെടുത്താനും നല്ലൊരു പാഠമുണ്ട് ' (We or our nationhood defined, M. S. Golwalkar, Bharat Publications, Page 35 ) എന്നും ഹിന്ദു വംശത്തിൽ ഉൾപ്പെടാത്തവർക്ക് 'പൗരാവകാശങ്ങൾ പോലും ' നൽകരുത് (അതേ പുസ്തകം, പേജ് 48 ) എന്നുമൊക്കെയുള്ള അനേകം അഭിപ്രായങ്ങളിലൂടെ മത രാഷട്ര വാദത്തിന്റെ വെറുപ്പിന്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിച്ച് ഇന്ത്യയെ വർഗ്ഗീയമായി ആഴത്തിൽ ഭിന്നിപ്പിച്ചയാളാണ്.വിദ്വേഷ പ്രത്യയശാസ്ത്രത്തിന്റെ വിളനിലങ്ങളാണ് അദ്ദേഹത്തിന്റെ പുസ്തകങ്ങളും പ്രസംഗങ്ങളുമെല്ലാം..

1930കളിൽ ജർമ്മനിയിൽ യഹൂദന്മാർക്കെതിരായി നടന്ന നാസി വംശശുദ്ധീകരണത്തെ ഇദ്ദേഹം പിന്തുണയ്ക്കുകയുണ്ടായിട്ടുണ്ട്. ഇത് ഇന്ത്യക്കാർക്ക് പഠിക്കുകയും ഇതിൽനിന്ന് ലാഭം നേടുകയും ചെയ്യാവുന്നതാണ് എന്നും അദ്ദേഹം താൻ രചിച്ച വീ, ഓർ അവർ നേഷൻഹുഡ് ഡിഫൈൻഡ് എന്ന കൃതിയിൽ അഭിപ്രായപ്പെടുന്നു. ഗോൾവാൾക്കറിന്റെ നിരീക്ഷണം: 'വംശത്തിന്റെയും സംസ്‌കാരത്തിന്റെയും ശുദ്ധി നിലനിറുത്താനായി സെമിറ്റിക് വംശങ്ങളെ - യഹൂദന്മാരെ - ഉന്മൂലനം ചെയ്തുകൊണ്ട് ജർമനി ലോകത്തെ ഞെട്ടിച്ചു. ഏറ്റവും ഉയർന്ന തലത്തിലുള്ള വംശാഭിമാനമാണ് ഇവിടെ വെളിവായത്. ആഴത്തിലുള്ള വ്യത്യാസങ്ങളുള്ള വംശങ്ങളെയും സംസ്‌കാരങ്ങളെയും ഒരു സമൂഹത്തിലേയ്ക്ക് കൂട്ടിച്ചേർക്കാനാവില്ല എന്നും ജർമനി കാട്ടിത്തരുന്നു. ഹിന്ദുസ്ഥാനിലുള്ള നമുക്ക് പഠിച്ച് ഗുണഫലങ്ങളെടുക്കാവുന്ന ഒരു നല്ല പാഠമാണിത്.'- എത്ര അപകടകരമായ ആശയമാണ് ഗോൾവാൾക്കർ ഉന്നയിക്കുന്നത് എന്ന് നോക്കുക.

മുസ്ലീങ്ങളും ക്രിസ്ത്യനികളും കമ്യൂണിസ്റ്റുകാരും ശത്രുക്കാൾ

'സവർണ്ണ ജാതി ഹിന്ദുക്കൾ ബ്രിട്ടിഷുകാർക്ക് എതിരെ സമരം ചെയ്തു അവരുടെ ഊർജ്ജം പാഴാക്കരുത്. നിങ്ങളുടെ ശത്രുക്കൾ ബ്രീട്ടീഷുകാർ അല്ല. മുസ്ലീ്ലീങ്ങളും, ക്രിസ്ത്യാനികളുമാണ് നിങ്ങളുടെ ശത്രുക്കൾ അവരോടു യുദ്ധം ചെയ്യണം' എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അതുപോലെ കമ്യൂണിസ്റ്റുകളെയും ശത്രുക്കളയാണ് അദ്ദേഹം കണ്ടത്.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനെക്കുറിച്ച് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്, അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ സമാഹരിച്ച് തയ്യാറാക്കിയ വിചാരധാര എന്ന ഗ്രന്ഥത്തിൽ ഇങ്ങനെ പറയുന്നു. രാഷ്ട്രത്തെകുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിന്റെ അടിസ്ഥാനം രൂപീകൃതമായിട്ടുള്ള ഭൂമിശാസ്ത്രപമായ ദേശീയതാ വാദത്തെയും സാമാന്യമായ അപകടത്തേയും കുറിച്ചുള്ള സിദ്ധാന്തങ്ങൾ നമ്മുടെ ഹിന്ദുത്വ രാഷ്ട്രത്തിന്റെ ഗുണപരവും പ്രചോദനാത്മകവുമായ ധാരണയെ തകർക്കുന്നതും നിരവധി 'സ്വാതന്ത്ര്യപ്രക്ഷോഭങ്ങൾ' വളരാൻ അവസരം ലഭിക്കുന്നവയുമാണ്. അവ പൂർണ്ണമായും ബ്രിട്ടീഷ് വിരുദ്ധ പ്രസ്ഥാനങ്ങളാണ്. ബ്രിട്ടീഷ് വിരുദ്ധതയെ ദേശസ്നേഹത്തോടും ദേശിയതാവാദത്തോടും സമീകരിക്കപ്പെട്ടു. പ്രതിലോമപരമായ ഈ വീക്ഷണം സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ മുഴുവൻ ഗതിയിലും അതിലെ നേതാക്കളിലും സാധാരണക്കാരിലും വിനാശകരമായ ഫലങ്ങൾ സൃഷ്ടിച്ചു.

ജനാധിപത്യത്തെ കുറിച്ച് ഗോൾവാൾക്കർ പറയുന്നത് ഇങ്ങനെയാണ്: 'ജനങ്ങൾക്കു വേണ്ടി, ജനങ്ങളാൽ' എന്ന ജനാധിപത്യാശയം രാഷ്ട്രഭരണത്തിൽ എല്ലാവരും തുല്യരാണെന്ന അർത്ഥത്തിൽ, ഒരളവോളം പ്രായോഗിക തലത്തിലെ മിത്താകുന്നു.' (വിചാരധാര) സമത്വത്തെക്കുറിച്ച് ഗോൾവൽക്കർ ഇങ്ങനെ പറയുന്നുണ്ട്: 'സമത്വമെന്നത് കമ്യൂണിസ്റ്റ്കാരുടെ മൗലിക തത്ത്വമാണല്ലോ. പക്ഷേ അത് നില നിൽക്കുന്നത് ഒരു തെറ്റായ അടിസ്ഥാനത്തിന്മേലാണ്. അതായത് ഭൗതികതയുടെ അടിസ്ഥാനം. ഞാൻ വെറും ഭൗതിക വസ്തു മാത്രമാണെങ്കിൽ, സമത്വത്തിന്റെ അടിസ്ഥാനത്തിൽ മറ്റുള്ളവരുമായി സഹകരിക്കണമെന്നുള്ള വികാരങ്ങൾ ഉൾക്കൊള്ളുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല. മറ്റുള്ളവരെ വിഴുങ്ങിക്കൊണ്ട് എന്തുകൊണ്ട് എനിക്ക് ജീവിച്ചുകൂടാ? ' (വിചാരധാര)

'കഴിവും പാരമ്പര്യവുമുള്ള രാഷ്ട്രങ്ങളുടെ അനുഭവം ഉൾക്കൊണ്ട് ഹിന്ദുസ്ഥാനിലെ വിദേശ വംശങ്ങൾ ഹൈന്ദവ സംസ്‌കാരവും ഭാഷയും ഉൾക്കൊള്ളണം, ഹിന്ദുമതത്തെ ബഹുമാനിക്കാൻ പഠിക്കുകയും ഹിന്ദു സംസ്‌ക്കാരത്തെയും വംശത്തെയും ആദരവോടെ സാംശീകരിക്കാനും കഴിയണം. ഹിന്ദുരാഷ്ട്രത്തിന്റെ മഹദ്വത്കരണമൊഴിച്ച് മറ്റൊരാശയവും അവരിൽ ഉണ്ടാകരുത്. അതായത് ഹിന്ദു വംശത്തിന്റെതല്ലാത്ത മറ്റൊരു നിലനിൽപ്പിനെ ഉപേക്ഷിക്കണം, അല്ലെങ്കിൽ ഒന്നും അവകാശപ്പെടാതെ, ഒരു ആനുകൂല്യവും ചോദിക്കാതെ, ഒരു തരത്തിലുള്ള മുൻഗണനയ്ക്കും അവകാശമില്ലാതെ ഹൈന്ദവ രാജ്യത്തിന്റെ കീഴിൽ കഴിയാം . ഒരു പൗരന്റെ അവകാശം പോലും ലഭിക്കാതെ.'- ഇതായിരുന്നു ഗോൾവാൾക്കറുടെ വാദം.

കേരളം ലൈംഗിക കോളനി

കേരളത്തെയും അതിനിശിതമായി അപമാനിച്ച വ്യക്തിയാണ് ഗോൾവാൾക്കർ എന്നതിന് തെളിവുകൾ ഉണ്ട്. ജെ രഘുവിനെപോലുള്ള ചരിത്രകാരന്മാർ നേരത്തെ ചൂണ്ടിക്കാട്ടിയതാണിത്. 1960 ഡിസംബർ 17ന് ഗുജറാത്ത് സർവ്വകലാശാലയുടെ സ്‌കൂൾ ഓഫ് സോഷ്യൽ സയൻസിൽ നടത്തിയ പ്രഭാഷണത്തിൽ പറഞ്ഞിരുന്നു. അന്ന് ആർഎസ്എസ് സർസംഘ് ചാലക് ആയിരുന്ന 'ഗുരുജി' ഗോൾവാൾക്കർ പറഞ്ഞത് ഇങ്ങനെയാണ്. ചരിത്രകാരൻ ജെ രഘു ഇങ്ങനെ എഴുതുന്നു.

''ഉത്തരേന്ത്യൻ ബ്രാഹ്മണർ കേരളത്തിൽ കുടിയേറി സ്ഥിരവാസമാക്കിയത്, അവിടുത്തെ മനുഷ്യരെ ഉദ്ധരിക്കുന്നതിനു വേണ്ടിയാണ്. നമ്പൂതിരി കുടുംബത്തിലെ ഇളയ സന്താനങ്ങൾക്ക്, നായർ സ്ത്രീകളുമായുള്ള 'സംബന്ധ'വ്യവസ്ഥയുണ്ടാക്കിയത്, സങ്കരപ്രജനനം (cross breading) പോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ്. എല്ലാ ജാതിയിലെയും സത്രീകളുടെ ആദ്യസന്താനം നമ്പൂതിരിയുടേതായിരിക്കണമെന്ന ധീരമായൊരു നിയമവും അവരുണ്ടാക്കി. ഈ നിയമമനുസരിച്ച്, നമ്പൂതിരി സന്താനത്തെ പ്രസവിച്ചശേഷം മാത്രമെ, സ്ത്രീകൾ സ്വന്തം ഭർത്താക്കന്മാരുടെ കുട്ടികളെ പ്രസവിക്കാവൂ. ഈ പരീക്ഷണം ഇന്ന് വ്യഭിചാരമെന്ന് ആക്ഷേപിക്കപ്പെടുമെങ്കിലും യഥാർത്ഥത്തിൽ അങ്ങനെയായിരുന്നില്ല....'' (ഈ പ്രസംഗം ആർഎസ്എസ്സിന്റെ ഇംഗ്ലീഷ് മുഖപത്രമായ ഓർഗനൈസറിൽ 1961 ജനുവരി 12 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പക്ഷേ, 2004ൽ ഗോൾവാൾക്കറുടെ 'സമാഹൃത കൃതി'കൾ ഹിന്ദിയിൽ പ്രസിദ്ധീകരിച്ചപ്പോൾ, ഈ ഭാഗം ഒഴിവാക്കി.)

'ഇതിന്റെ പിന്നിലെ യുക്തി എന്താണ്? താഴ്ന്ന വംശജരും താഴ്ന്ന ജാതിക്കാരും ഉന്നതവംശജരായ ബ്രാഹ്മണരുമായി ലൈംഗികബന്ധമുണ്ടാക്കിയാൽ, സന്തതികളുടെ 'വംശഗുണം' വർദ്ധിക്കുമെന്ന് മേൽപ്പറഞ്ഞ പ്രഭാഷണത്തിൽ 'ഗുരുജി' വ്യക്തമാക്കിയിട്ടുണ്ട്. സങ്കരപ്രജനന പരീക്ഷണങ്ങൾ അടുത്തകാലത്തുമാത്രമാണ് പ്രചാരത്തിൽ വന്നത്. പക്ഷേ മനുഷ്യരിൽ ഈ പരീക്ഷണം നടത്താൻ ഇന്നും ആധുനിക ശാസ്ത്രത്തിനു കഴിഞ്ഞിട്ടില്ല. എന്നാൽ, നൂറ്റാണ്ടുകൾക്കു മുമ്പു തന്നെ ഈ പരീക്ഷണം വിജയകരമായി നടത്തിയവരാണ് ഉത്തരേന്ത്യൻ ബ്രാഹ്മണരെന്നും 'ഗുരുജി' പ്രസംഗിച്ചു. അവർ തെരഞ്ഞെടുത്ത പരീക്ഷണശാലയിൽ വെച്ച് 'നമ്പൂതിരിശാസ്ത്രജ്ഞർ' സൃഷ്ടിച്ച സന്തതിപരമ്പരകളാണ് കേരളത്തിലെ മനുഷ്യർ! ജെ രഘു ചൂണ്ടിക്കാട്ടുന്നു.

ഗാന്ധിജി മരിച്ചപ്പോൾ മധുര പലഹാര വിതരണം

ഗോൾവാൾക്കറെ സംബന്ധിച്ച കേരളത്തിൽ ഏറ്റവും പ്രശസ്തമായത് രണ്ട് ഓർമ്മക്കുറിപ്പുകളാണ്. ഒന്ന് പ്രശസ്തത കവി ഒഎൻവിയുടെയും രണ്ട് ഇന്ത്യൻ ക്ഷീര വിപ്ലവത്തിന്റെ നായകൻ വർഗീസ് കുര്യന്റെതുമാണ്. ഒ.എൻ.വി കുറിപ്പ് എഴുതിയത് ഇങ്ങനെ. ''ഗാന്ധിജി വെടിയേറ്റ് മരിക്കുന്നതിന് ഒരാഴ്ച മൂൻപ് തിരുവനന്തപുരം തൈക്കാട് മൈതാനിയിൽ ആർഎസ്എസിന്റെ ഒരു യോഗം നടക്കുന്നു. ഗുരുജി ഗോൾവാൾക്കർ ആണ് പ്രഭാഷകൻ. ദേശീയ ഐക്യത്തേയും സ്വാതന്ത്ര്യത്തേയും കുറിച്ച് അദ്ദേഹം എന്ത് പറയുന്നു എന്ന് കേൾക്കാൻ കോളേജിൽ നിന്ന് ഞാനുൾപ്പെടെ ഒരു ചെറിയ സംഘം തൈക്കാട്ടേക്ക് പോയി.

ഗോൾവാൾക്കർ അതിനിശിതമായി ഗാന്ധിജിയെ വിമർശിച്ച് സംസാരിക്കുന്നു. എന്റെ ഓർമ്മശരിയാണെങ്കിൽ മലയാറ്റൂരും കരുനാഗപ്പള്ളി കാർത്തികേയനും യോഗാനന്തരം ചില ചോദ്യങ്ങൾ ഗോൾവാൾക്കറോട് ചോദിച്ചു ' ശാന്തമായി മറുപടി പറയുന്നതിന് പകരം അയാൾ ഞങ്ങളെ തല്ലാൻ മൗനാനുവാദം നൽകുകയാനുണ്ടായത്. യോഗത്തിലുണ്ടായിരന്നവർ ഞങ്ങളെ തല്ലാൻ തുടങ്ങി.ഞങ്ങളും തിരിച്ചവരെ തല്ലി.രണ്ടാഴ്ച കഴിഞ്ഞ് ഒരു ദിവസം കോളേജിൽ നിന്ന് ഹോസ്റ്റലിൽ എത്തിയപ്പോഴാണ് ഗാന്ധിജി വെടിയേറ്റു മരിച്ച വിവരം അറിയുന്നത്.

കനത്ത ദുഃഖത്തോടെ തൈക്കാട് മൈതാനത്തിന് സമീപത്ത് കൂടെ ഞങ്ങൾ നടന്ന് പോകബോൾ അതിനടുത്ത് ഒരു ആർഎസ്സകാരന്റെ വീട്ടിൽ മധുര പലഹാരം വിതരണം ചെയ്യുന്നത് കണ്ട് അക്രമത്തിന് തുനിഞ്ഞ ഞങ്ങളെ വരദരാജൻ നായർ സമാധാനിപ്പിച്ച് കറുത്ത ബാഡ്ജ് ധരിപ്പിച്ച് ഒരു മൗന ജാഥയാക്കി മാറ്റി. വർഷങ്ങൾക്ക് ശേഷം ഇന്നും ഗോൾവാക്കരുടെ പ്രസംഗവും മധുര പലഹാര വിതരണവും എന്റെ മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഓർമ്മയായി അവശേഷിക്കുന്നു.'- ഒഎൻവി ചൂണ്ടിക്കാട്ടി.

പശുവിന്റെ മാംസവും പാലും ഒരേ ജീവശാസ്ത്ര പ്രക്രിയയിലൂടെ രൂപം കൊള്ളുന്നതിനാൽ പാലു കുടിക്കുന്നതും ശരിയല്ലല്ലോ എന്ന് ഗോൾവാൾക്കറോട് ഒരു യോഗത്തിൽ നേരിട്ട് ചോദിച്ച ഭാർഗ്ഗവയെക്കുറിച്ച് ധവളവിപ്ലവത്തിന്റെ പിതാവ് വർഗ്ഗീസ് കുര്യൻ എഴുതിയിട്ടുണ്ട്. എന്നാൽ ഇതിന് ഗോൾവാൾക്കാർക്ക് മറുപടി ഉണ്ടായിരുന്നില്ല. 'എല്ലാം രാഷ്ട്രീയമല്ലേ?' എന്ന് ചോദിച്ച് അദ്ദേഹം തർക്കത്തിൽ നിന്ന് പിൻവാങ്ങുകയായിരുന്നുവെന്ന് വർഗീസ് കുര്യൻ എഴുതുന്നു. അന്ന് ഗോൾവാൾക്കർ ആർഎസ്എസിന്റെ വളർച്ചക്കായി തുറന്നുവിട്ട പശുരാഷ്ട്രീയം ഇന്ന് ഇന്ത്യയെ എവിടെ കൊണ്ട് എത്തിച്ചുവവെന്ന് ചിന്തിക്കുക.

ഗോൾവാൾക്കർ ജൂൺ 5, 1973-ൽ ക്യാൻസർ ബാധിതനായി അന്തരിച്ചു . തന്റെ മരണശേഷം തുറക്കാനായി മൂന്ന് കത്തുകൾ അദ്ദേഹം അവശേഷിപ്പിച്ചു . ഒന്ന് തന്റെ പിൻഗാമിയായി ബാലാസാഹെബ് ദേവറസ്സിനെ നിയോഗിക്കുകയും അടുത്തത് സ്വയം സേവകർക്കുള്ള കത്തും, മൂന്നാമത്തേത് തന്റെ മരണാനന്തരം ചെയ്യേണ്ട കാര്യങ്ങളും ആയിരുന്നു

ഗോൾവാൾക്കറിനെ തള്ളി ആർഎസ്എസ്

ആധുനിക കാലത്ത് പലപ്പോഴും ബിജെപിക്കും ആർഎസ്എസും തലവേദനയായിട്ടുണ്ട് ഗോൾവാൾക്കറുടെ തീവ്ര ആശയങ്ങൾ. അദ്ദേഹത്തിന്റെ 'വീ, ഓർ അവർ നേഷൻഹുഡ് ഡിഫൈൻഡ്' എന്ന ഗ്രന്ഥത്തെ ആർഎസ്എസിന് തള്ളിപ്പറയേണ്ടിയും വന്നു. 2006ൽ ആർഎസ്എസ്. ഔദ്യോഗികമായിതന്നെ ഈ ഗ്രന്ഥത്തെ തള്ളിപ്പറഞ്ഞു. 'പക്വതയെത്തിയ കാലത്തെ ഗുരുജിയുടെയോ ആർഎസ്എസ്സിന്റെയോ കാഴ്‌ച്ചപ്പാടുകളെ ഈ പുസ്തകം പ്രതിനിധീകരിക്കുന്നില്ല' എന്നായിരുന്നു ആർഎസ്എസ്സിന്റെ വിശദീകരണം. 2006ൽ ഡൽഹി സർവ്വകലാശാലയുടെ ലക്ചറർ രാകേഷ് സിൻഹ രചിച്ച് ആർഎസ്എസ്. ഔദ്യോഗികമായി പ്രകാശനം ചെയ്ത ബുക്ക്‌ലെറ്റിൽ 'ഇത് തന്റെ കാഴ്‌ച്ചപ്പാടുകളല്ലെന്നും ജി.ഡി. സവർക്കറുടെ രാഷ്ട്ര മീമാംസ എന്ന ഗ്രന്ഥത്തിന്റെ ചുരുക്കിയ രൂപമാണെന്നും' തന്റെ ജീവിതകാലത്ത് ഗോൾവാൾക്കർ വെളിപ്പെടുത്തിയിരുന്നു എന്ന് അവകാശപ്പെടുന്നു.

എന്നാൽ ദ ആർഎസ്എസ്. ആൻഡ് ദ ബിജെപി.: എ ഡിവിഷൻ ഓഫ് ലേബർ എന്ന കൃതിയിൽ എ.ജി. നൂറാനി, 'വീ, ഓർ അവർ നേഷൻഹുഡ് ഡിഫൈൻഡ്' ന്ന പുസ്തകത്തെ കയ്യൊഴിയാനായി ആർഎസ്എസ്. മുന്നോട്ടുവയ്ക്കുന്ന വാദങ്ങൾ കളവാണെന്നും ഈ കൃതിയിലെ ''കഠിനമായ സത്യസന്ഥതയാണ്'' യഥാർത്ഥ കാരണമെന്നും അവകാശപ്പെടുന്നു. അതായത് ഓരോ സംഘപരിവാറുകാരന്റെയും രഹസ്യ സ്വപ്നമാണ് ഗോൾവാൾക്കർ പങ്കുവെച്ചത്്. മുൻ പ്രധാനമന്ത്രി എ ബി വാജപേയിയും, നരേന്ദ്ര മോദിയും ഗോൾവാൾക്കരെ പുകഴ്‌ത്തി പലതവണ സംസാരിച്ചിട്ടുണ്ട്.

ഗോൾവാൾക്കറിനെ കുറിച്ചുള്ള തന്റെ ലേഖനത്തിൽ നരേന്ദ്ര മോദി, വിഭിന്നമായ ആകർഷങ്ങളിൽ പെട്ടുപോയതിനെപ്പറ്റി ഗോൾവാൾക്കർ ഒരിക്കൽ ചോദ്യം ചെയ്യപ്പെട്ടതിനെ കുറിച്ച് പറയുന്നുണ്ട്. മോദി എഴുതുന്നു: ''തരുൺ ഭാരത് എന്ന ദിനപത്രത്തിന്റെ എഡിറ്റർ ഭാവ്‌സാഹേബ് മഡ്‌ഖോൽകർ ഒരിക്കൽ ഗുരുജിയുമായി ദീർഘ സംഭാഷണത്തിലേർപ്പെട്ടു. ഡോക്ടർജിയും സന്നിഹിതനായിരുന്നു. അദ്ദേഹം ചോദിച്ച ഒരു ചോദ്യം ഇങ്ങനെയായിരുന്നു 'താങ്കൾ ആർഎസ്എസ് ഇടയ്ക്ക് വച്ച് വിട്ട് ബംഗാളിൽ രാമകൃഷ്ണാശ്രമത്തിന്റെ പ്രവർത്തനത്തിന് പോയി എന്നും സ്വാമി വിവേകാനന്ദന്റെ സഹശിഷ്യനായിരുന്നയാളിൽ നിന്ന് സന്യാസദീക്ഷ സ്വീകരിച്ചുവെന്നും കേട്ടു. അതിന് ശേഷം ആർഎസ്എസിലേക്ക് തിരിച്ചുവന്നതെങ്ങനെയാണ്''?

മോദി എഴുതുന്നത് ഈ ചോദ്യത്തിൽ ഗോൾവാൾക്കാർ അസ്തപ്രജ്ഞനായി എന്നാണ്. ''അദ്ദേഹം അർദ്ധനിലീമിതനായി ആലോചനയിൽ മുഴുകി. കുറച്ചേറെ സമയത്തിന് ശേഷം പതുക്കെ അദ്ദേഹം സംസാരം ആരംഭിച്ചു-'നിങ്ങൾ ചോദിച്ചത് അപ്രതീക്ഷിതമായ ഒരു ചോദ്യമാണ്. ആശ്രമത്തിന്റേയും ആർഎസ്എസിന്റേയും പ്രവർത്തനങ്ങൾ തമ്മിൽ വ്യത്യസമുണ്ടോ ഇല്ലയോ എന്ന കാര്യത്തിന് കൂടുതൽ ആധികാരികമായി ഉത്തരം നൽകാൻ കഴിയുക ഡോക്ടർജിക്കാണ്. എനിക്കാകട്ടെ ദേശരാഷ്ട്ര നിർമ്മാണത്തോടൊപ്പം എല്ലാക്കാലത്തും ആത്മീതയോടും ചായ്വുണ്ടായിരുന്നു. ബനാറസ്, നാഗ്പൂർ, കൽക്കത്ത എന്നിവടങ്ങളിൽ നിന്ന് ഞാൻ ആർജ്ജിച്ച കാര്യങ്ങൾ കൂടുതൽ നന്നായി പ്രാവർത്തികമാക്കാൻ കഴിയുക ആർഎസ്എസിൽ പ്രവർത്തിച്ചുകൊണ്ടാണ്. അതുകൊണ്ട് ഞാനിപ്പോൾ ആർഎസ്എസിനായി സ്വയം സർപ്പിച്ചിരിക്കുകയാണ്. ഇത് സ്വാമി വിവേകാനന്ദന്റെ സന്ദേശത്തിന്റെ മാർഗ്ഗത്തിലുള്ളതാണെന്നാണ്. എന്നെ ഏറ്റവും സ്വാധീനിച്ചിട്ടുള്ളത് അദ്ദേഹമാണ്. ആർഎസ്എസിൽ നിന്നുകൊണ്ട് അദ്ദേഹത്തിന്റെ ലക്ഷ്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാനാകും എന്നാണ് ഞാൻ കരുതുന്നത്.''

നാഗ്പൂരിൽ നിന്ന് അമ്പത് കിലോമീറ്ററോളം ദൂരെയുള്ള രാംടേക് പട്ടണത്തിലുള്ള ഗോൾവാൾക്കറുടെ കുടുംബവീട് ഇപ്പോൾ നവീകരിച്ച് സ്മാരകമായി സൂക്ഷിച്ചിരിക്കയാണ്. ആർസ്എസിന്റെ ജില്ലാ ആസ്ഥാനം കൂടിയാണത്. അദ്ദേഹത്തിന്റെ കുടുംബ ദേവതയുടെ ഒരു ചെറിയ പൂജാസ്ഥാനമുണ്ട് വാതിലിനരികെ തന്നെ. താഴെ നിലയിലുള്ള വിശാലമുറിയിൽ ഒരു സ്റ്റൂളിൽ ആർഎസ്എസിന്റെ ഭാവനയിലുള്ള ഇന്ത്യയുടെ- ഭാരത് മാതാ മാപ്പ് ചില്ലിട്ട് വച്ചിട്ടുണ്ട്. അതിന് പുറകിലുള്ള ചുമരിൽ ഹെഡ്‌ഗേവാർ, ഗോൾവാൾക്കർ, ഗോൾവാൾക്കറുടെ മാതാപിതാക്കൾ എന്നിവരുടെ ചിത്രങ്ങൾ തൂങ്ങിക്കിടക്കുന്നുണ്ട്. കേന്ദ്രമന്ത്രിമാർ അടക്കമുള്ള പലരും അവിടെയെത്താറുമുണ്ട്.

പരസ്യമായി ഗോൾവാൾക്കറോട് അത്ര അടുപ്പം കാട്ടാതിരിക്കുക എന്ന തന്ത്രം ഇപ്പോൾ ബിജെപി കൈവെടിയുന്നുവെന്നതിന്റെ സൂചനയാണ്, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജിയുടെ രണ്ടാമത്തെ ക്യാംപസിന് അദ്ദേഹത്തിന്റെ പേരിടാൻ എടുത്ത തീരുമാനത്തിൽനിന്ന് വ്യക്താമവുന്നത്. സവർക്കറുടെ ചായാചിത്രം പാർലിമെന്റിൽ വന്നതുപോലെ, ഇത്രയും വിദ്വേഷ ആശയങ്ങൾ പ്രചരിപ്പിച്ച ഒരു മുനുഷ്യൻ ഭാവിയിൽ ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട നേതാവായി മാറുന്ന രീതിയിലുള്ള സോഷ്യൽ എഞ്ചനീയറിങ്ങ് സംഘപരിവാർ കൊണ്ടുപിടിച്ച് നടത്തുന്നുമുണ്ട്. ഹിന്ദുത്വ ശക്തികൾ ഇന്ത്യയിൽ ആ രീതിയിൽ പിടിമുറിക്കിക്കഴിഞ്ഞെന്ന് വ്യക്തം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP