Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മക്കൾക്കായി ഒന്നും സമ്പാദിക്കാത്ത കമ്യൂണിസ്റ്റ് നേതാവിന്റെ മകൾ; രക്തം കൊടുത്ത് ഇഷ്ടം ഭക്ഷണം കഴിച്ച ദാരിദ്ര്യത്തിന്റെ കോളജ് കാലം; പൊലീസിൽ നിന്നേറ്റത് ക്രൂരമർദനങ്ങൾ; ബികോമും ബിബിഎയുമുള്ള വിദ്യാസമ്പന്ന; എസ്എഫ്ഐയുടെ തീപ്പൊരി ഇപ്പോൾ 'ഭർത്താവിന്റെ ശവം വിറ്റുജീവിക്കുന്നവൾ'; ഇരട്ടച്ചങ്കനെ തലകുനിപ്പിക്കുന്ന വനിത; കെ കെ രമയുടെ പോരാട്ട ജീവിതം

മക്കൾക്കായി ഒന്നും സമ്പാദിക്കാത്ത കമ്യൂണിസ്റ്റ് നേതാവിന്റെ മകൾ; രക്തം കൊടുത്ത് ഇഷ്ടം ഭക്ഷണം കഴിച്ച ദാരിദ്ര്യത്തിന്റെ കോളജ് കാലം; പൊലീസിൽ നിന്നേറ്റത് ക്രൂരമർദനങ്ങൾ; ബികോമും ബിബിഎയുമുള്ള വിദ്യാസമ്പന്ന; എസ്എഫ്ഐയുടെ തീപ്പൊരി ഇപ്പോൾ 'ഭർത്താവിന്റെ ശവം വിറ്റുജീവിക്കുന്നവൾ'; ഇരട്ടച്ചങ്കനെ തലകുനിപ്പിക്കുന്ന വനിത; കെ കെ രമയുടെ പോരാട്ട ജീവിതം

എം റിജു

കേരളത്തിന്റെ  ആസ്ഥാന വിധവ, ചാവുപായിൽ നിന്ന് രാഷ്ട്രീയം പറഞ്ഞവൾ, ഭർത്താവിന്റെ ശവം വിറ്റുജീവിക്കുന്നവൾ.....' ഒരു വനിതാ എംഎൽഎയെക്കുറിച്ച് കേരളത്തിലെ സോഷ്യൽ മീഡിയയിൽ നിറയുന്ന അധിക്ഷേപ പദങ്ങളാണ് ഇവയൊക്കെ. അതും അവരുടെ ഭർത്താവിനെ 51 വെട്ട്വെട്ടി കൊന്നിട്ടും അരിശം തീരാതെ!

ഇടക്കിടെ ഉണ്ടാവുന്നതാണ് കെ കെ രമക്ക് നേരെയുള്ള സൈബർ ആക്രമണം. നേരത്തെ എം എം മണിയെപ്പോലെ ഒരു മുതിർന്ന നേതാവാണ് അവരെ വിധവയെന്ന് വിളിച്ച് അധിക്ഷേപിച്ചത്. ഇപ്പോഴിതാ ലൈഫ് മിഷൻ വിവാദങ്ങളെ തുടർന്ന് സ്പീക്കറുടെ ഓഫീസിനുമുന്നിൽ പ്രക്ഷോഭം നടത്തവെ, രമയുടെ കൈയൊടിഞ്ഞത് വ്യാജമാണെന്നാണ് സൈബർ സഖാക്കൾ പറയുന്നത്. സ്പീക്കറുടെ ഓഫീസിനുമുന്നിൽ പ്രതിഷേധിക്കായിരുന്നതങ്ങളെ വാച്ച് ആൻഡ് വാർഡ് വലിച്ചിഴച്ചെന്നും സലാം എംഎൽഎ ചവിട്ടിയെന്നമാണ് രമ പറയുന്നത്. പ്രധാനപ്പെട്ട ഒരു വിഷയം ചർച്ച ചെയ്യാനായില്ലെങ്കിൽ പിന്നെ എന്തിനാണ് സഭയെന്നും അവർ ചോദിക്കുന്നു. ഇനി തന്റെ കൈയിലുള്ള കെട്ട് വ്യാജമാണെങ്കിൽ അതും പരിശോധിക്കാമെന്നും, വീണാ ജോർജിന് കീഴിലെ ഡോക്ടർമാർ തന്നെയാണ് തന്റെ കൈ ചികിത്സിച്ചതെന്നും അവർ പറയുന്നു.

പക്ഷേ അപ്പോഴേക്കും രമയുടെ കൈയൊടിഞ്ഞത് വ്യാജമാണെന്ന രീതിയിൽ സൈബർ സഖാക്കൾ പ്രചാരണം ശക്തിപ്പെടുത്തിക്കഴിഞ്ഞു. ഷാഫി പറമ്പിൽ എംഎൽഎ കെ കെ രമക്ക് പ്ലാസ്റ്ററിട്ട് കൊടുക്കുന്ന ട്രോളുകളും നിറഞ്ഞു. ചിലർ ആവട്ടെ ഒന്നുകൂടി കടന്ന് പഴയ ആസ്ഥാന വിധവ വിളിയും, ഭർത്താവിന്റെ ശവം വിറ്റുജീവിക്കുന്നവളും ആവർത്തിച്ചു. ഇതിനെതിരെ കെ കെ രമ പരാതി നൽകിയിട്ടും പൊലീസ് നടപടിയൊന്നും എടുത്തിട്ടില്ല.

140 എംൽഎമാരും നിരവധി വനിതാ നേതാക്കളും ഉള്ള കേരളത്തിൽ എന്തുകൊണ്ട് വടകര എം എൽ എ കെ.കെ രമ മാത്രം നിരന്തരം അവഹേളിക്കപ്പെടുകയും വ്യക്തിഹത്യയ്ക്ക് ഇരയാവുകയും ചെയ്യുന്നുവെന്നത് വല്ലാത്ത ഒരു ചോദ്യമാണ്. അവിടെയാണ് സിപിഎം വെച്ചുപുലർത്തുന്ന പകയുടെ രാഷ്ട്രീയം നാം അറിയുന്നത്. താൻ കുലംകുത്തിയെന്ന് വിളിച്ച ടി പിയുടെ ഭാര്യക്ക് മുന്നിൽ ഇരട്ടച്ചങ്കനായ പിണറായിക്കുപോലും മുട്ടിടിക്കും. കാരണം അത്രക്ക് ഉപദ്രവിച്ചിട്ടുണ്ട് അവർ സ്ത്രീയെ. എന്നിട്ടും പകയോടെ വീണ്ടും ഉപദ്രവിക്കുന്നു.

പക്ഷേ കെ കെ രമയുടെ ജീവിതം എടുത്താൽ അറിയാം, ഭർത്താവിന്റെ രക്തം വിറ്റ് വളർന്നവൾ അല്ല അവളെന്ന്. രമ വിളച്ചതിൽ കൂടുതൽ ഇൻക്വിലാബുകൾ ഒന്നും ഇവിടെ ആരും വിളിച്ചിട്ടില്ല. ശരിക്കും ഒരു പോരാട്ട ജീവിതം തന്നെയാണ് അവരുടേത്. സൈബർ സഖാക്കൾ വലപ്പോഴെങ്കിലും ഓർക്കേണ്ടതാണ് ഈ ജീവിതകഥ.

ത്യാഗിയായ പിതാവിന്റെ മകൾ

കുട്ടിക്കാലം മുതൽക്കുതന്നെ രാഷ്ട്രീയം രക്തത്തിൽ അലിഞ്ഞുപോയതാണ് കെ കെ രമക്ക്. കോഴിക്കോട് നടുവണ്ണുരിലെ ഉറച്ച കമ്യൂണിസ്റ്റ് കുടുംബത്തിലാണ് ജനനം. അച്ഛൻ കെ കെ മാധവൻ നിസ്വാർഥനായ ഒരു കമ്യുണിസ്ററുകാരൻ ആയിരുന്നു. ദേശാഭിമാനി നാട്ടിൽ മുഴവൻ പ്രചരിപ്പിച്ച് വിറ്റ് നടന്ന പിതാവിനെയാണ് കുട്ടിക്കാലത്തെ രമയുടെ ഓർമ്മയിൽ നിൽക്കുന്നത്. നടുവണ്ണൂരിൽ പാർട്ടി വളർത്തുന്നതിൽ മുൻപന്തിയിൽനിന്ന് പ്രവർത്തിച്ച, മാധവേട്ടൻ ദീർഘകാലം പാർട്ടിയുടെ എരിയാ സെക്രട്ടറി ആയിരുന്നു. നടുവണ്ണുർ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.

കണ്ണച്ചുംകണ്ടി മാധവൻ എന്ന കെ കെ മാധവന്റെ ജീവിതം കമ്യൂണിസ്റ്റുപാർട്ടിക്ക് വേണ്ടി സമർപ്പിച്ചതായിരുന്നു. മേഖലയിലെ പാർട്ടിയുടെ സൗമ്യ സാന്നിധ്യം. 53ൽ ഫീസ് നൽകാൻ ഗതിയില്ലാതെ 7ാം ക്ലാസിൽവെച്ച് പഠിത്തം നിർത്തിയ വ്യക്തിയാണ് മാധവൻ. 57ലെ ഇഎംഎസ് സർക്കാർ പത്താംക്ലാസ് വരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കിയത് തന്റെ ജീവിതത്തിൽ കണ്ട എറ്റവും വലിയ നേട്ടമായി അദ്ദേഹം വിശേഷിപ്പിച്ചിരുന്നു. 1956ൽ അഭിവക്ത കമ്യുണിസ്റ്റ് പാർട്ടിയിലെ അംഗമായി പാർട്ടി പ്രവർത്തനം തുടങ്ങി. 1958ലാണ് അദ്ദേഹം ദേശാഭിമാനി ഏജന്റ് ആവുന്നത്. പുലർച്ചെ മുതൽ തുടങ്ങുന്ന പണിയാണ്. വിമോചനസമരം കാലത്തും, അതിനുശേഷമുള്ള തെരഞ്ഞെടുപ്പ് പരാജയ കാലത്തും ദേശാഭിമാനി വിതരണം ശ്രമകരമായ ജോലിയായിരുന്നു. കൂക്കി വിളിയും തെറിവിളിയും അതിജീവിച്ചു. അങ്ങനെ പാർട്ടിയും പത്രവും വളർത്തിയ ആ സാധുമനുഷ്യനെയും അയാളുടെ മകളെയും അധിക്ഷേപിച്ചുകൊണ്ട് നിരവധി വാർത്തകളാണ് ടി പി വധത്തിനുശേഷം ദേശാഭിമാനിയിൽ വന്നത്!

64ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിനുശേഷം മാധവൻ നേരിട്ടത് വലിയ പ്രതിസന്ധിയായിരുന്നു. അന്ന് നേതാക്കൾ എല്ലാം സിപിഐയിൽ ആയിരുന്നു. പക്ഷേ കെ കെ മാധവനെപ്പോലുള്ളവർ അണികളിൽ ആത്മവിശ്വാസം നിറച്ചതോടെ സിപിഎം വളർന്നു. ഉള്ള്യേരി, നടുവണ്ണുർ ,കോട്ടുർ പഞ്ചായത്തുകൾ ചേർത്ത് ഒരു ലോക്കൽ കമ്മറ്റിയായപ്പോൾ മാധവൻ സെക്രട്ടിയായി. 67ൽ പ്രേരമ്പ്ര ഏരിയാ കമ്മറി അംഗമായി. ബാലുശ്ശേരി ഏരിയ കമ്മറ്റി നിലവിൽ വന്നപ്പോൾ അതിന്റെ സെക്രട്ടറിയായി മൂന്ന് തവണണ പ്രവർത്തിച്ചു. 79 മുതൽ അഞ്ചു കൊല്ലം നടുവന്നുർ പഞ്ഞായത്ത് പ്രസിഡന്റായി.

വെളുപ്പിന് നാലുമണിക്ക് എഴുനേറ്റ്, തലയിൽ ദേശാഭിമാനി കെട്ടുമായി നാട്ടിടവഴകൾ താണ്ടി ഇറങ്ങുന്ന സാധുമനുഷ്യനെ പഴയ തലമുറയിലെ നടവണ്ണുരുകാർക്ക് ഇന്നും ഓർമ്മയുണ്ട്. മകളെ ടിപിക്ക് കൈപിടിച്ച് കൊടുത്തും അദ്ദേഹം തന്നെയാണ്. എന്നാൽ മരുമകനെ പാർട്ടി അരുകൊല ചെയ്തതിൽ പ്രതികരിച്ച മാധവേട്ടനെ, അദ്ദേഹത്തിന്റെ 75ാം വയസ്സിൽ പാർട്ടി പുറത്താക്കുകയായിരുന്നു! പുറത്താക്കുമ്പോൾ അദ്ദേഹം ബാലുശ്ശേരി ഏരിയാകമ്മറ്റി അംഗമായിരുന്നു. എന്നാൽ അതിന് മുമ്പുതന്നെ ഈ ക്രുരതയിൽ മനം നൊന്ത് താൻ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കയാണെന്ന്, അദ്ദേഹം അഭിമുഖം കൊടുത്തിരുന്നു. പക്ഷേ മാന്യമായി വിരമിക്കാനുള്ള അവസരംപോലും കൊടുക്കാതെ ആ വന്ദ്യവയോധികനെ പാർട്ടി പുറത്താക്കി. ഒറ്റവെട്ടിന് കൊല്ലാമായിരുന്നിട്ടും, 51 വെട്ടി പകതീർത്തപോലെ!

രക്തം കൊടുത്ത് പൊറാട്ട തിന്ന കാലം

ഇപ്പോഴത്തെ പാർട്ടി നേതാക്കളെപ്പോലെ സൈഡ് ബിസിനസുകൾ ഒന്നും മാധവേട്ടന് ഇല്ലായിരുന്നു. അതിനാൽ വീട്ടിൽ ദാരിദ്രവും മോശമില്ലാതെ ഉണ്ടായിരുന്നു. അക്കാലം ഒരു അഭിമുഖത്തിൽ കെ കെ രമ ഇങ്ങനെ ഓർക്കുന്നു. '' ഞങ്ങൾ നാലുമക്കളിൽ മുന്നുപേരും രാഷ്ട്രീയത്തിൽ ഉണ്ടായിരുന്നു. അതിൽ ഞാനും എന്റെ ചേച്ചിയും സജീവമായി പ്രവർത്തിച്ചവരാണ്. പ്രീഡിഗ്രി ഫസ്റ്റ് ഇയർ ഗുരുവായൂരപ്പൻ കോളജിലാണ് പഠിച്ചത്. ഫസ്റ്റ് ഇയറിൽ തന്നെ പീഡിഗ്രി റെപ്രസെന്റിറ്റീവ് ആയി. വളരെ സജീവായ എസ്എഫ്ഐ പ്രവർത്തനമാണ് പിന്നീട് ഉണ്ടായത്. ക്രിസ്ത്യൻ കോളജിലാണ് ഡിഗ്രി പഠിച്ചത്. ആ സമയത്ത് എസ്എഫ്ഐയുടെ സംസ്ഥാന കമ്മറ്റി മെമ്പർ ആയി ഉയരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ, കാലിക്കറ്റ് സർവകലാശാല സെനറ്റ് മെമ്പർ ഒക്കെ ആയി പ്രവർത്തിച്ചു. സമരങ്ങളിൽ സജീവമായിരുന്നു. ''- അവർ ഓർക്കുന്നു.

വനിതക്ക് നൽകിയ അഭിമുഖത്തിൽ കെ കെ രമ അക്കാലത്തെ സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ച് പറയുന്നുണ്ട്. ''കോളജിൽ പഠിക്കുന്ന സമയത്ത് ഞാനും സുഹൃത്ത് അനിതയും കൂടി ആശുപത്രിയിൽ പോയി രക്തം കൊടുക്കം. നാനൂറ് രൂപയാണ് പ്രതിഫലം. അത് കിട്ടിയാൽ ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കലാണ് ആദ്യം ചെയ്യുന്നത്. പൊറോട്ടയൊക്കെ അങ്ങനെയാണ് രുചിക്കുന്നത്''. അത്രക്ക് സാമ്പത്തിക ബുദ്ധിമുട്ടിലൂടെയാണ് അവർ കടന്നുപോയത്. നോക്കണം ഇന്ന് ഒരു സിപിഎം ഏരിയാ സെക്രട്ടറിയുടെ കുടുംബത്തിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാവുമോ. പക്ഷേ മാധവേട്ടനെപ്പോലുള്ള നിസ്വാർഥ പ്രവർത്തകർക്ക് കുടുംബത്തിന് വേണ്ടി ഒന്നും സമ്പാദിക്കാൻ കഴിഞ്ഞില്ല.

ഇന്ന് സൈബർ സഖാക്കൾ എഴുതി മറിക്കുന്നപോലെ, ഭർത്താവിന്റെ ഫോട്ടോവെച്ച് എംഎൽഎ ആയ സ്ത്രീയല്ല കെ കെ രമ. കോളജ് കാലത്ത് അവർക്ക് നിരവധി സമരങ്ങളിലാണ് പങ്കെടുത്തത്. അന്ന് കിട്ടാത്ത മർദനങ്ങളില്ല. ഒരു അഭിമുഖത്തിൽ അവർ പറയുന്നു. '' അടികൊള്ളത്താ ദിവസങ്ങൾ ഉണ്ടായിരുന്നില്ല. നിരവധി പ്രാവശ്യം അടികൊണ്ട് ഞാൻ ഹോസ്പിറ്റലിൽ കിടന്നിട്ടുണ്ട്. ഒരു മാസം ഉഴിച്ചിൽ നടത്തിയിട്ടുണ്ട്. ലാത്തികൊണ്ട് പുറത്ത് കുത്തേറ്റതിനാൽ എഴുനേറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയുണ്ടായി. അന്ന് ഒരുമാസത്തോളം പാർട്ടിയാണ് ചികിത്സിച്ചത്. പി രാജീവ്, പ്രദീപ് കുമാർ, എം സി ജോസഫൈൻ, യു പി ജോസഫ് ഒക്കെ അന്ന് കൂടെയുണ്ടായിരുന്നു.

ജാതകമില്ലാത്തവരുടെ ജീവിതപ്പൊരുത്തം

തിരക്കേറിയ വിദ്യാർത്ഥി രാഷ്ട്രീയത്തിന് ഇടയിലാണ് കെ കെ രമ, ടി പി ചന്ദ്രശേഖരൻ എന്ന അക്കാലത്തെ കരിസ്മാറ്റിക്ക് നേതാവിനെ കണ്ടുമുട്ടുന്നത്. എന്നാൽ ഇന്ന് പലരും പറയുന്നതുപോലെ അവർ തമ്മിൽ കലശലായ പ്രണയം ഒന്നുമില്ലായിരുന്നു. ആ കാലം വനിതക്ക് നൽകിയ അഭിമുഖത്തിൽ കെ കെ രമ ഇങ്ങനെ അനുസ്മരിക്കുന്നു.
'' ഞാൻ എസ്എഫ്ഐയിൽ ചേർന്നതിനുശേഷം പങ്കെടുത്ത സെമിനാറിൽ ക്ലാസെടുക്കാൻ വന്നപ്പോഴാണ് ടി പിയെ ആദ്യം കാണുന്നത്. പെൺകുട്ടികളുടെ ഭാഗത്തേക്ക് അദ്ദേഹം ശങ്കയോടെ മാത്രമായിരുന്നു, നോക്കിയിരുന്നത്. മുണ്ടു നിലത്ത് വലിച്ചിഴച്ച് നടന്നിരുന്ന നേതാവിനെ എനിക്ക് ഇഷ്ടമായില്ല. രാഷ്ട്രീയത്തിൽ സജീവമായിരുന്ന ചേച്ചി പ്രേമയോട് ഞാനത് പറയുകയും ചെയ്തു.

വിവാഹത്തിന് വീട്ടിൽ നിർബന്ധിച്ചിരുന്നെങ്കിലും ടി പി പിടികൊടുത്തില്ല. അതുകാരണം അനിയന്റെ വിവാഹമാണ് ആദ്യം കഴിയുന്നത്. പാർട്ടി ബന്ധംവെച്ച് ആ വിവാഹത്തിൽ പങ്കെടുക്കാൻ ഞാൻ പോയിട്ടുണ്ട്. കൂടെയുള്ള പെൺകുട്ടികൾ എല്ലാവരും സാരിയായിരുന്നു. പക്ഷേ ഞാൻ സാരി കൊണ്ടുപോകാത്തതുകൊണ്ട് ടി പിയുടെ അമ്മയുടെ സാരിയാണ് ഉടുത്തത്. എല്ലാവരും നിർബന്ധിച്ചപ്പോൾ അന്ന് അവിടെ തങ്ങി. രാത്രി കല്യാണത്തിരക്ക് ഒഴിഞ്ഞ് എല്ലാവരും ചീട്ട് കളിക്കാനിരുന്നു. ആ സമയത്ത് ടി പിയുടെ അനുജന്മാർവന്ന് എന്റെ ഫോട്ടോ എടുത്തു. എനിക്ക് കാര്യം മനസ്സിലായില്ല. ടി പിയുടെ മുഖത്താണെങ്കിൽ യാതൊരു ഭാവഭേദവുമില്ല. അടുക്കളയിൽനിന്ന് അടക്കം പറച്ചിൽ ഉണ്ടായത്രേ. 'ഈ കുട്ടിയെ ചന്ദ്രന് ഇഷട്മാണെന്ന് തോനുന്നു. അതാണ് കല്യാണത്തിന് പിടിതരാത്തത്'. എനിക്കറിയില്ലായിരുന്നു, ടിപിക്ക് എന്നെ ഇഷ്ടമാണെന്ന്.

കോട്ടയത്തു നടന്ന വനിതാ ക്യാംപിൽ, ഞങ്ങൾ പെൺ സംഘത്തെ കൊണ്ടുപോയത് ടി പി യാണ്. കെഎസ്ആർടിസി ബസിലാണ് യാത്ര. മഴയുള്ള രാത്രിയിൽ ഞങ്ങൾക്ക് രണ്ടുപേർക്കും ഒരു സീറ്റിൽ ഇരിക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴും ഇഷ്ടം പറഞ്ഞിട്ടില്ല.
പാർട്ടിയിലെ ഒരു സഖാവ് വഴിയാണ് കല്യാണാലോചന വന്നത്. അപ്പോഴും എന്റെ ആദ്യ മറുപടി താൽപ്പര്യമില്ല എന്നായിരുന്നു. പാർട്ടി വീണ്ടും ആവശ്യപ്പെട്ടപ്പോൾ എനിക്കദ്ദേഹത്തോട് സംസാരിക്കണം എന്ന് പറഞ്ഞു. രമ വടകരക്ക് വരൂ എന്ന് ടി പി ക്ഷണിച്ചു.

പാർക്ക് അല്ലെങ്കിൽ ബീച്ച് അങ്ങനെ ഒരിടത്ത് ഇരുന്ന സംസാരിക്കാം എന്നാണ് കരുതിയത്. പക്ഷേ പാർട്ടി ഓഫീസിലേക്കാണ് കൊണ്ടുപോയത്. നിറയെ ആളുകളും ചർച്ചകളും. ഞാനൽപ്പം കെറുവിച്ച് തിരിച്ചിറങ്ങി. പിന്നീട് ദിവസങ്ങൾക്ക് ശേഷം ഒരു സുഹൃത്തിന്റെ വീട്ടിൽ വച്ചാണ് ഞങ്ങൾ മനസ്സുതുറന്ന് സംസാരിക്കുന്നത്.  അതിനുശേഷം എന്റെ ജീവിതത്തിൽ ഇനി മറ്റൊരാളില്ല എന്ന തരത്തിൽ ടിപിയുമായി പ്രണയത്തിൽ അകപ്പെട്ടു. വാക്കുകളിലും പ്രവർത്തിയിലും സത്യസന്ധനായ മനുഷ്യൻ. ഞങ്ങൾക്ക് ജാതകങ്ങൾ ഉണ്ടായിരുന്നില്ല. പക്ഷേ പത്തിൽ പത്ത് മനപ്പൊരുത്തം ഉണ്ടായിരുന്നു.''- കെ കെ രമ പറയുന്നു.

വിവാഹത്തിനായി ജോലി രാജിവെക്കുന്നു

പക്ഷേ രമയുടെ അമ്മക്കും സഹോദരങ്ങൾക്കും ഈ വിവാഹത്തിൽ താൽപ്പര്യം ഉണ്ടായിരുന്നു. കാരണം അച്ഛൻ മുഴുവൻ സമയ രാഷ്ട്രീയക്കാരൻ ആയതിന്റെ ബുദ്ധിമുട്ടുകൾ ആ കുടുംബത്തിന് നന്നായി അറിയാമായിരുന്നു. പക്ഷേ കെ കെ മാധവന് ടിപിയെ വലിയ കാര്യമായിരുന്നു.

രമ ഓർക്കുന്നു. ''ബികോമും ബിബിഎയും പൂർത്തിയാക്കിയശേഷം വയനാട് ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ജോലി ചെയ്തു. ഹോസ്റ്റലിലാണ് താമസം. രണ്ടുമാസം കഴിഞ്ഞപ്പോഴേക്കും ചന്ദ്രേട്ടേനെ പിരിഞ്ഞിരിക്കാൻ വയ്യാതെയായി. ഞാൻ ജോലി രാജിവെച്ചു. ടിപിയെ മുഴുവൻ സമയം രാഷ്ട്രീയത്തിലേക്ക് വിടണം. പകരം, രമക്ക് പാർട്ടി ജോലി വാങ്ങിത്തരും എന്നൊരു കരാർ ഉണ്ടായിരുന്നു വിവാഹ സമയത്ത്. മോനുണ്ടായി കഴിഞ്ഞാണ് കോർപ്പറേറ്റീവ് സഹകരണബാങ്കിൽ ജോലി കിട്ടുന്നത്. ഇപ്പോൾ മാനേജരാണ്. എംഎൽഎ ആയതുകൊണ്ട് ലീവിലാണ്. ''. നോക്കണം ബികോമും ബിബിഎയും കഴിഞ്ഞതാണ് രമ. പക്ഷേ സൈബർ സഖാക്കൾ അവരെ വിദ്യാഭ്യാസമില്ലാത്തവൾ എന്നുവരെ ആക്ഷേപിക്കുന്നു.

''ടിപിയുടെ കൊലപാതകത്തിനുശേഷം പൊടുന്നനെ രാഷ്ട്രീയത്തിലേക്ക് വന്ന ആളല്ല ഞാൻ. പക്ഷേ വിവാഹത്തിനശേഷമാണ് രാഷ്ട്രീയത്തിൽനിന്ന് അൽപ്പം പിറകോട്ട് പോയത്. എനിക്ക് മാനസികമായി അൽപ്പം വിട്ടുനിൽക്കണമെന്ന് തോന്നിയതുകൊണ്ടാണ് നേതൃരംഗത്തേക്ക് വരേണ്ട എന്ന് തീരുമാനിച്ച് മാറിനിന്നത്. പക്ഷേ പ്രാദേശികമായ അപ്പോഴും പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ''- കെ കെ രമ പറയുന്നു.

''മത്തായി ചാക്കോ എന്നെ ഡിവൈഎഫ്ഐയുടെ സംസ്ഥാന നേതൃത്വത്തിലേക്ക് വരാൻ ഒരുപാട് നിർബന്ധിച്ചതാണ്. പക്ഷേ ഞാൻ സ്വയം പിൻവാങ്ങിയതാണ്. ടിപി കൊല്ലപ്പെട്ട് കിടക്കുമ്പോൾ പോലും എനിക്ക് തോന്നിയ വികാരം എന്റെ പോരാട്ടം അവിടം കൊണ്ട് അവസാനിപ്പിക്കാൻ പാടില്ല എന്നാണ്. ഞാൻ ചന്ദ്രശേഖരനെ വിറ്റുകാശാക്കുന്നു എന്നൊക്കെ പറയുന്ന ആളുകൾ മോളായ്ശ്രീ ഹാഷ്മിയെയും സഫ്ദർ ഹാഷ്മിയെയും പറ്റി സംസാരിക്കാറുണ്ട്. തന്റെ ഭർത്താവ് ഒരു നാടകത്തിന്റെ വേഷത്തിൽ കൊല്ലപ്പെട്ട്, മണിക്കുറുകൾക്കുള്ളിൽ, അതേവേഷത്തിൽ അരങ്ങിലാടിയ ആളാണ് മോളായ്ശ്രീ ഹാഷ്മി. മോളായ്ശ്രീ സ്ഫ്ദർ ഹാഷ്മിയെ വിറ്റുകാശാക്കുകയാണെന്ന് ഇവർ പറയുമോ.''- രമയുടെ ചോദ്യങ്ങൾക്ക് ആർക്കും മറുപടിയില്ല.

എന്നും തിരക്കായിരുന്നു ടിപിക്ക്. അതിന്റെ പരിഭവും രമക്ക് ഉണ്ടായിരുന്നു. ''
മോനെ പ്രസവിക്കുന്ന സമയത്ത് ചന്ദ്രേട്ടേൻ ജാഥയിലാണ്. ആശുപത്രിയിൽ അഡ്‌മിറ്റായ ദിവസം രാവിലെ മുതൽ രാത്രിവരെ കുടെയുണ്ടായിരുന്നു. ചന്ദ്രേട്ടൻ പോയ്ക്കോ, രണ്ടുദിവസം കഴിഞ്ഞേ ഉണ്ടാവൂ എന്ന് പറഞ്ഞാണ് വിട്ടത്. പക്ഷേ അന്നുതന്നെ എനിക്ക് വേദന തുടങ്ങി. പ്രസവം കഴിഞ്ഞെത്തുമ്പോൾ ചന്ദ്രേട്ടൻ മുറിയിലുണ്ട്. മോനുമുണ്ട്. ഞങ്ങൾ അച്ഛനും അമ്മയും ആയിരിക്കുന്നു. വീട്ടുകാർ എല്ലാവരുടെയും ഇടയിൽവെച്ച് ചന്ദ്രേട്ടൻ എന്റെ കൈയിൽ അമർത്തിപ്പിടിച്ചു. ആ ഹൃദയത്തുടിപ്പ് ഇപ്പോഴും എന്റെ ഉള്ളം കൈയിൽ മിടിക്കുന്നുണ്ട്. അതാണ് എന്റെ ഊർജം. ''- വനിതക്ക് നൽകിയ അഭിമുഖത്തിൽ രമ പറയുന്നു.

51വെട്ടിന് കൊല്ലപ്പെടുന്നു

കൊല്ലപ്പെടുമ്പോൾ ടി പിക്ക് പ്രായം 51 വയസ്സാണ്. കിട്ടിയ വെട്ടുകളുടെ എണ്ണവും അത്ര തന്നെ. സിപിഎമ്മിനെ തനിക്ക് നന്നായി അറിയാമെന്നും അവർ ഒരാളെ കൊല്ലാൻ തീരുമാനിച്ചാൽ അത് നടപ്പാക്കുമെന്നും അദ്ദേഹം പലരോടും പറഞ്ഞിരുന്നു. സാധാരണ സിപിഎമ്മിനെ വെല്ലുവിളിച്ചവർ ഒക്കെ ജന പിന്തുണ ഇല്ലാതെ ഒന്നുമല്ലാതെ ആയിപ്പോവുകയാണ് പതിവ. പക്ഷേ പിണറായി 'കുലംകുത്തിയെന്ന്' വിളിച്ചിട്ടും ഒഞ്ചിയം മേഖലയിൽ സിപിഎമ്മിന് നിഷ്‌ക്കാസനം ചെയ്ത് ആർ എം പി വളർന്നു. പക്ഷേ അതിന് ടി പി എന്ന ജനകീയനായ നേതാവ് കൊടുക്കേണ്ടി വന്നത് വലിയ വിലയാണ്.

ഏറാമല പഞ്ചായത്ത് ഭരണം സംഭവിച്ച വിഷയങ്ങളെ തുടർന്നുണ്ടായ പൊട്ടിത്തെറിക്കൊടുവിലാണ് ഒരു വിഭാഗം പ്രവർത്തകർ സിപിഎം. വിട്ടത്. വടകരയിലെ വിമതർ ടി.പിയുടെ നേതൃത്വത്തിൽ സംഘടിക്കുകയും പാർട്ടി കരുതിയതിലും സ്വാധീനം മേഖലയിൽ അവർക്ക് സൃഷ്ടിക്കുകയും ചെയ്തതോടെയാണ് ടി.പി. പാർട്ടിയുടെ കണ്ണിലെ കരടായി മാറിയത്. 2009 ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിച്ച ടി.പി. 23,000-ത്തോളം വോട്ടുകൾ പിടിച്ചത് സിപിഎമ്മിന് തിരിച്ചടിയാവുകയും മുല്ലപ്പള്ളി രാമചന്ദ്രന്റെ വിജയത്തിലേക്ക് വഴിതുറക്കുകയും ചെയ്തു. അതോടെ അവർ ടിപിയെയും സ്‌കെച്ചിട്ടു.

2012 മെയ് 4 വെള്ളിയാഴ്‌ച്ച രാത്രി 10.15-ഓടെയാണ് വടകര കൈനാട്ടിക്ക് സമീപം വള്ളിക്കാട് ടൗണിൽ വച്ച് ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെടുന്നത്. ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന ചന്ദ്രശേഖരനെ ഇന്നോവ കാർ കൊണ്ട് ഇടിച്ചു വീഴ്‌ത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവം കണ്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും ഇവർക്ക് നേരെ ബോംബെറിഞ്ഞ അക്രമികൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

ആ ദിവസം എല്ലാം തീർന്നെന്ന് കരുതി കരഞ്ഞ് ഇരുന്നില്ല കെ കെ രമ. അവർ പോരാടൻ തീരുമാനിച്ചു. ടി പിയുടെ മരണത്തിന് പിറ്റേന്ന് കൊടുത്ത 'കൊല്ലാം പക്ഷേ തോൽപ്പിക്കാനാവില്ല' എന്ന പ്രതികരണം പ്രകമ്പനങ്ങൾ സൃഷ്്ടിച്ചു. ടി പി വധത്തിന്റെ ആസൂത്രകരെതേടി അവർ നിരന്തരം പോരാടി. പിതാവ് കൊല്ലപ്പെടുമ്പോൾ വെറും
17 വയസ്സുണ്ടായിരുന്നു മകൻ അഭിനന്ദിനെ ബിടെക്ക് പഠിപ്പിച്ച് ഗൾഫിൽ എഞ്ചിനീയറാക്കി. എല്ലാറ്റിനുമൊടുവിൽ കഴിഞ്ഞ തവണ ഇടതുകോട്ടയായ വടകര പിടിച്ച് എംഎൽഎയുമായി. ശരിക്കും ഒരു മധുര പ്രതികാരം തന്നെ.

ടി പി പുനർജ്ജനിക്കുമ്പോൾ

ജീവിച്ചിരിക്കുന്ന ചന്ദ്രശേഖരനേക്കാൾ സിപിഎമ്മിന് മറുപടി പറയേണ്ടി വരിക കൊല്ലപ്പെട്ട ചന്ദ്രശേഖരനോടായിരിക്കുമെന്ന രമയുടെ വാക്കുകളാണ് 15-ാം നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയാപ്പോൾ അന്വർഥമായത്. വടകരിൽ ജയിച്ചത് താനല്ലെന്നും ടി.പി. ചന്ദ്രശേഖരനാണെന്നുമുള്ള കെ.കെ. രമയുടെ പ്രതികരണം അങ്ങനെ വന്നതാണ്. ടി പി വധത്തിന് പിന്നിൽ പ്രവർത്തിച്ച, ഇനിയും കണ്ടെത്താൻ കഴിയാത്ത മൊസ്റ്റർ ബ്രെയിനിനെ കണ്ടെത്താനുള്ള പോരാട്ടം തന്നെയായിരിക്കും ഇനിയങ്ങോട്ടുമെന്ന രമയുടെ മറുപടിയും ശ്രദ്ധേയമായി. സത്യപ്രതിജ്ഞാ ചടങ്ങിൽ അവർ എത്തിയത് ടി പിയുടെ ഫോട്ടോ അടങ്ങിയ ബാഡ്ജ് കുത്തിയാണ്. കുലംകുത്തിയുടെ ഓർമ്മകൾ അവിടെയും പിണറായിയെ വേട്ടയാടിക്കാണും.

ടി.പി. ചന്ദ്രശേഖരൻന്റെ മൊബൈൽ നമ്പർ ഔദ്യോഗിക നമ്പറായി സ്വീകരിച്ചതിന് പിന്നാലെ ഔദ്യോഗിക വാഹനത്തിലും ആ ഓർമകളെ രമ നിലനിർത്തി. എംഎ‍ൽഎയുടെ ഔദ്യോഗിക വാഹനത്തിന് ടി.പിയുടെ ബൈക്കിന്റെ നമ്പറാണ് നൽകിയിരിക്കുന്നത്. രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെല്ലാം സജീവമായിരുന്ന ടി.പി. ചന്ദ്രശേഖരൻന്റെ ബൈക്കിന്റെ നമ്പറായ കെഎൽ 18 എ 6395 എന്ന നമ്പർ നാട്ടുകാർക്കെല്ലാം സുപരിചിതമായിരുന്നു. ഈ ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് ഇടിച്ചുവീഴ്‌ത്തി വെട്ടിക്കൊല്ലുന്നത്. ടി.പിയുടെ മൊബൈൽ നമ്പറായിരുന്ന 9447933040 ആണ് രമയുടെ ഔദ്യോഗിക നമ്പറായി ഉപയോഗിക്കുന്നത്. ഏത് ആവശ്യങ്ങൾക്കും സഖാവ് ടി.പിയെ ആളുകൾ എങ്ങനെയാണോ ബന്ധപ്പെട്ടിരുന്നത്, ഇനിയും അതുപോലെ ഏത് സമയത്തും ആ നമ്പറിൽ വിളിക്കാമെന്ന് എംഎ‍ൽഎ പറഞ്ഞിരുന്നു.

അതായത് രമയിലുടെ എല്ലാ അർത്ഥത്തിലും ടി പി പുനർജ്ജനിക്കയാണ്. സിപിഎം ഭയക്കുന്നതും അതുതന്നെതാണ്.

അധിക്ഷേപങ്ങളിൽ തളരില്ല

സൈബർ സഖാക്കൾ മാത്രമല്ല കൈരളി ടീവിയും, ദേശാഭിമാനിയും നിരന്തരം രമക്കെതിരെ അധിക്ഷേപ വാർത്തകൾ കൊടുക്കാറുണ്ട്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശ ദിവസം, വടകരയിലെ ആർ.എംപി സ്ഥാനാർത്ഥിയായിരുന്ന രമ ഒരു പെൺകുട്ടിയോട് അസഭ്യം പറഞ്ഞെന്ന തരത്തിൽ പ്രചരിപ്പിച്ച വീഡിയോ പ്രചരിപ്പിച്ചത് സാക്ഷാൽ കൈരളി ടീവിയാണ്. ഈ കേസിൽ തെളിവില്ലെന്നാണ് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. ആറു വർഷമായി അന്വേഷിച്ചിട്ടും ഈ പ്രചാരണത്തിനുപയോഗിച്ച ഒറിജിനൽ വീഡിയോ ടേപ്പ് കൈരളി ടി.വിക്ക് ഹാജരാക്കാനോ, കെ.കെ.രമയുടെ യഥാർഥ ശബ്ദമാണോ വീഡിയോ ഫൂട്ടേജിലുള്ളതെന്ന് കണ്ടെത്താനോ കഴിഞ്ഞില്ലെന്നാണ് പൊലീസ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.

തെരഞ്ഞെടുപ്പിന്റെ തലേന്ന് കൈരളി പീപ്പിൾ ടി.വിയും, സിപിഎം ഉന്നത നേതൃത്വവും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി നിർമ്മിച്ചെടുത്ത വ്യാജ വീഡിയോ ആണ് ഇതിനായി ഉപയോഗിച്ചതെന്നായിരുന്നു രമയുടെ ആരോപണം. ഇത് കണ്ടെത്തണമെന്നാവശ്യപ്പെട്ട് 2016ൽ വടകര റൂറൽ എസ്‌പിക്ക് രമ പരാതി നൽകിയത്. അതുപോലെ സൈബർ അധിക്ഷേപങ്ങൾക്കെതിരെ നിരവധി തവണ പരാതിപ്പെട്ടിട്ടും ഫലം ഉണ്ടായിട്ടില്ല.

കെ കെ രമ പറയുന്നു. ''2012ന് ശേഷം വ്യക്തിപരമായി ഒരുപാട് അധിക്ഷേപങ്ങൾ കേണ്ടുകൊണ്ടിരിക്കുന്ന ആളാണ് ഞാൻ. ചാവുപായിൽ നിന്ന് രാഷ്ട്രീയം പറഞ്ഞവൾ എന്നാണ് ആദ്യം ഞാൻ കേട്ട വാക്ക്. സാമൂഹിക മാധ്യങ്ങളെല്ലാം ആസ്ഥാന വിധവ, ഭർത്താവിന്റെ ശവം വിറ്റുജീവിക്കുന്നവൾ അങ്ങനെ പലതും എന്നെ വിളിച്ചു. ഇതിന്റെ തുടർച്ച തന്നെയാണ് ഞാൻ ഇപ്പോൾ കേട്ടുകേട്ടുകൊണ്ടിരിക്കുന്നത്. ഈ പ്രയോഗങ്ങൾ ഒന്നും ഞങ്ങൾക്ക് പുത്തരിയല്ല, 2008ൽ ആർഎംപി രൂപീകരിച്ചത് മുതൽ കേൾക്കുന്നതാണ് ഇത്തരം വാക്കുകൾ. ഇതൊന്നും വകവെക്കാതെ രാഷ്ട്രീയ പ്രവർത്തനവുമായി മുന്നോട്ട് പോവുന്നവരാണ്.

 

അന്ന് അവർ പറഞ്ഞത് ആറ് മാസം കൊണ്ട് ഈ പാർട്ടിയെ അവസാനിപ്പിക്കും എന്നാണ്, വടകരയ്ക്ക് അപ്പുറത്തേക്ക് പോവില്ലെന്ന് അവർ എഴുതിത്ത്ത്ത്തള്ളിയ പാർട്ടിയാണ് ഒരു നിയമസഭാ അംഗം ഉണ്ടാവുന്ന നിലയിലേക്ക് വളർന്നത്. അതവർക്ക് സഹിക്കാനാവുന്നില്ല. ഇതിലൊന്നും ഞാൻ തളരുകയോ കുലുങ്ങുകയോ ഇല്ല, പറയുന്നവർക്ക് മാത്രമാണ് അതിന്റെ ദോഷം. കേൾക്കുന്ന എന്നെ സംബന്ധിച്ചിടത്ത് ഇതൊന്നും ഒരു പ്രശ്‌നമേയല്ല.''- സൈബർ ആക്രമണങ്ങിലും അധിക്ഷേപങ്ങളിലും തളാരതെ രമ മുന്നോട്ട് കുതിക്കയാണ്.

വാൽക്കഷ്ണം: എന്തിനാണ് 51 തവണ വെട്ടി അവർ ആ മൃതദേഹം വികൃതമാക്കിയത് എന്നാണ് കെ കെ രമ ഒരിക്കൽ ചോദിച്ചത്. പൗരുഷം നിറഞ്ഞ തുളുമ്പിയിരുന്നു ആ മുഖം, ഡോക്ടർമാർ നാലുമണിക്കുർ സമയം അധ്വാനിച്ചാണ് തുന്നിക്കൂട്ടിയത്. വെറുമൊരു ക്വട്ടേഷൻ കൊലയായിരുന്നില്ല ടി പി വധം. എന്നിട്ടു അരിശം തീരാതെ അവർ ഇപ്പോൾ ആ കൊല്ലപ്പെട്ടവന്റെയും ഭാര്യയും വെട്ടുന്നു. ലജ്ജാകരം!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP