Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202329Friday

സമ്പന്ന കുടുംബത്തിൽനിന്ന് സന്യാസത്തിലേക്ക്; വൈദികരുടെ കാമഭ്രാന്ത് തിരിച്ചറിഞ്ഞതോടെ സഭ ഉപേക്ഷിച്ചു; അരനൂറ്റാണ്ട് ജീവിതം ഉഴിഞ്ഞുവെച്ചത് മധ്യ പ്രദേശിലെ ആദിവാസികൾക്കായി; വിദേശ യൂണിവേഴ്സിറ്റികളിൽ വിസിറ്റിങ്ങ് പ്രൊഫസർ; പക്ഷേ കേരളം പിച്ചക്കാരിയെന്ന് വിളിച്ച് അപമാനിച്ചു; ഈ 80ാം വയസ്സിൽ പിണറായി സർക്കാറിനെ വെള്ളം കുടിപ്പിക്കുന്നു; ദയാബായിയുടെ സമര ജീവിതം!

സമ്പന്ന കുടുംബത്തിൽനിന്ന് സന്യാസത്തിലേക്ക്; വൈദികരുടെ കാമഭ്രാന്ത് തിരിച്ചറിഞ്ഞതോടെ സഭ ഉപേക്ഷിച്ചു; അരനൂറ്റാണ്ട് ജീവിതം ഉഴിഞ്ഞുവെച്ചത് മധ്യ പ്രദേശിലെ ആദിവാസികൾക്കായി; വിദേശ യൂണിവേഴ്സിറ്റികളിൽ വിസിറ്റിങ്ങ് പ്രൊഫസർ; പക്ഷേ കേരളം പിച്ചക്കാരിയെന്ന് വിളിച്ച് അപമാനിച്ചു; ഈ 80ാം വയസ്സിൽ പിണറായി സർക്കാറിനെ വെള്ളം കുടിപ്പിക്കുന്നു; ദയാബായിയുടെ സമര ജീവിതം!

എം റിജു

80 വയസ്സുള്ള ഒരു വൃദ്ധയുടെ പോരാട്ട വീര്യം കണ്ട് അമ്പരന്ന് നിൽക്കയാണ് വിപ്ലവ കേരളം! വിലകുറഞ്ഞ വോയിൽ സാരിയും ധരിച്ച്, ചുക്കിച്ചുളിഞ്ഞ ശരീരമുള്ള ആ വൃദ്ധ എൻഡോസൾഫാൻ ദുരിതബാധിതർക്ക് നീതി കിട്ടുന്നതിനായി, നടത്തുന്ന സമരം 15 ദിവസം പിന്നിട്ടിരിക്കയാണ്. ഇന്നലെ മന്ത്രിമാരായ ആർ ബിന്ദുവും, വീണാജോർജും നേരിട്ട് എത്തി അഭ്യർത്ഥിച്ചിട്ടും അവർ സമരം തുടരുകയാണ്. ശരിക്കും ഗാന്ധിയുടെ ഡു ഓർ ഡൈ മോഡൽ സമരം. ഒന്നുകിൽ ഇരകൾക്ക് നീതി, അല്ലെങ്കിൽ തന്റെ മരണം!

സത്യത്തിൽ കേരളം അധികം അറിയാത്തതാണ് ദയാബായി എന്ന പേരിൽ സ്വയം ജ്ഞാനസ്നാനം ചെയ്ത, മേഴ്സി മാത്യു എന്ന പാലാക്കാരിയുടെ കഥ. ഗൗതമ ബുദ്ധനെപ്പോലെ എല്ലാ ആഢബരങ്ങളും ഉപേക്ഷിച്ച് അവർ ചെന്നത്തെിയത് ഉത്തരേന്ത്യയിലെ ആദിവാസികൾക്ക് അരികിൽ ആയിരുന്നു. കഴിഞ്ഞ അരനൂറ്റാണ്ടിലേറെ മധ്യപ്രദേശിലെ ആദിവാസികൾക്കായി പോരടിക്കുന്ന ദയാബായി ഇപ്പോൾ ഇതാ ഈ ജീവിതസായാഹ്നത്തിൽ സ്വന്തം നാട്ടിൽ ഒരു സമരമുഖം തുറന്നിരിക്കയാണ്.

വസ്ത്രത്തിന്റെയും, ശരീരപ്രകൃതിയുടെയും അടിസ്ഥാനത്തിൽ മുൻവിധിയോടെ നോക്കുന്ന ഒരു വിഭാഗം ദയാബായിയെ വല്ലാതെ പരഹസിച്ചിട്ടുമുണ്ട്. കാസർകോട്ടെ ബസ്സ്റ്റാൻഡിൽ ബസ് കാത്ത് നിറം മങ്ങിയ ചേല ചുറ്റിയിരിക്കുന്ന ഈ വൃദ്ധ, വർഷത്തിൽ പലതവണ അമേരിക്കയിലെയും യൂറോപ്പിലെയുമൊക്കെ പ്രശസ്തമായ യൂണിവേഴ്സിറ്റികളിൽ വിസിറ്റിങ് പ്രൊഫസർ ആയി ചെന്ന് ക്ലാസ്സ് എടുക്കുന്ന ലോകം അറിയുന്ന മഹതിയാണെന്ന് പലർക്കും അറിയില്ലായിരുന്നു. വനിതാ വുമൺ ഓഫ് ദ ഇയർ പുരസ്‌കാരം അടക്കമുള്ള നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങളും അവർ നേടിയിട്ടുണ്ട്. അസാധാരണമാണ് ആ പോരാട്ട ജീവിതം.

സമ്പന്ന കുടുംബത്തിൽ നിന്ന് സന്യാസത്തിലേക്ക്

അക്കാലത്തെ നിലവാരം വെച്ചുനോക്കുമ്പോൾ, എല്ലാവിധ സുഖസൗകര്യങ്ങളുമുള്ള ഒരു വീട്ടിലാണ് മേഴ്സി മാത്യുവെന്ന ദയാബായി 1941 ഫെബ്രുവരി 22, ജനിക്കുന്നത്.
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലെ പാലായ്ക്കു സമീപമുള്ള പൂവരണിയിൽ പുല്ലാട്ട് മാത്യുവിന്റെയും ഏലിക്കുട്ടിയുടെയും 14 മക്കളിൽ മൂത്തവളാണ്. സ്വതന്ത്ര്യ സമര സേനാനിയായിട്ടുകൂടി രാജ്യത്തിനുവേണ്ടി സേവനം നടത്തിയതിന്റെ പേരിൽ പെൻഷൻ വേണ്ട എന്ന് പറഞ്ഞ ആദർശ ധീരൻ ആയിരുന്നു പിതാവ്.

മേഴ്‌സി ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് കുഗ്രാമമായിരുന്ന വിളക്കുമാടത്തെ സ്‌ക്കൂളിൽ നിന്ന് കുട്ടികളും ടീച്ചർമാരും നഗരത്തിലേക്ക് വിനോദയാത്ര പോകുന്നത്. 1953 ആണ് കാലം. കോട്ടയം നഗരവും സിമന്റ് ഫാക്ടറിക്കടുത്ത് നടന്ന വലിയൊരു മേളയും കുട്ടികൾക്ക് വലിയ കൗതുകമായിരുന്നു. മറ്റ് കുട്ടികൾ റിബണും കൺമഷിയുമെല്ലാം വാങ്ങിയപ്പോൾ മേഴ്‌സി സപ്പോട്ടയുടേയും കറുവാമരത്തിന്റേയും തൈകളാണ് വാങ്ങിയത്. ടീച്ചർമാരും കൂട്ടുകാരും ഇത് കണ്ട് ചിരിച്ചു. വീട്ടിലെത്തിയപ്പോഴും കളിയാക്കലിന് കുറവുണ്ടായില്ല. പൂവരണി പുല്ലാട്ട് മാത്യു എന്ന മേഴ്‌സിയുടെ പപ്പമാത്രം അവളെ അഭിനന്ദിച്ചു. അന്ന് ആ ചെടികളെ ചേർത്തുപിടിച്ച പച്ചവിരലുകൾ പിന്നീടുള്ള ജീവിതത്തിൽ ഒരിക്കലും നഷ്ടമായല്ല എന്നാണ് ദയാബായി തന്റെ അത്മകഥയിൽ എഴുതുന്നത്.

സേവനമായിരുന്നു മേഴ്‌സിയുടെ ജീവിതലക്ഷ്യം. അതിനായി കണ്ടെത്തിയ മാർഗമായിരുന്നു കന്യാസ്ത്രീ ആവുക എന്നത്. സന്യസ്തവൃത്തിയിലേക്ക് തന്നെ ആകർഷിച്ച ഒരു സംഭവം ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ ദയാബായി പറയുന്നത് ഇങ്ങനെ. ''ഏകദേശം മൂന്ന് വയസ്സുള്ളപ്പോൾമുതൽ ജീവിതത്തിൽ സംഭവിച്ചതെല്ലാം എന്നെ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഞാനും എന്റെ സഹോദരനും ഇരട്ടകളായിരുന്നു. അന്ന് മമ്മയുടെ വീട് കൊച്ചി സംസ്ഥാനത്തായിരുന്നു. ഞങ്ങളുടേത് പാലായിലും. കൊച്ചിയിൽ നിന്ന് പപ്പ ഞങ്ങളെ പാലായിലേക്ക് കൊണ്ടുവരുന്ന യാത്ര ഇന്നും ഓർമയിലുണ്ട്. വഴിയിൽ പലതരം വൈകല്യമുള്ളവർ സഹായം അഭ്യർത്ഥിച്ച് നിൽക്കുന്നുണ്ടാകും. അപ്പോൾ അവരെക്കുറിച്ച് ഞാൻ പപ്പയോട് ചോദിക്കും. അവരുടെ അസുഖത്തെ കുറിച്ചും ബുദ്ധിമുട്ടുകളെ കുറിച്ചുമെല്ലാം പപ്പ എനിക്ക് പറഞ്ഞുതരും. ഒരിക്കൽ യാത്രയ്ക്കിടെ ഏറ്റുമാനൂരിലെത്തിയപ്പോൾ ബസ്സിൽ വച്ച് സഹോദരൻ ഛർദ്ദിച്ചു. ഉടൻ ബസ് നിർത്തി അവന് കഴുകാനുള്ള സൗകര്യമൊരുക്കി കൊടുത്തു. ആ സമയം എന്നെ ഒരുപരിചയവുമില്ലാത്ത രണ്ടുസ്ത്രീകൾ മടിയിലിരുത്തി താലോലിച്ചു. അതെന്നെ വല്ലാതെ സന്തോഷിപ്പിച്ചു. യാത്ര തുടരുന്നതിനിടെ അവരാരാണെന്ന് ഞാൻ പപ്പയോട് അന്വേഷിച്ചു. കന്യാസ്ത്രീകളാണെന്ന് മറുപടി കിട്ടിയപ്പോൾ പിന്നെ അങ്ങനെ പറഞ്ഞാൽ എന്താണ് ജോലി എന്നായി എന്റെ ചോദ്യം. സൂക്കേടുള്ളവരെ ശ്രുശ്രൂഷിക്കുന്നവരാണെന്ന് പപ്പ പറഞ്ഞുതന്നു.

അന്ന് ഞങ്ങളുടെ വീട് വലിയൊരു കൂട്ടുകുടുംബമായിരുന്നു. വീട്ടുജോലിക്കും പറമ്പിലെ പണിക്കുമൊക്കെയായി നിരവധി ആൾക്കാർ ഉണ്ടായിരുന്നു. ജോലിക്കാർക്ക് ഭക്ഷണം പുറത്താണ് നൽകുക. വീട്ടിനകത്ത് ചൈനീസ് സിറാമിക് പാത്രങ്ങളിൽ ഭക്ഷണം വിളമ്പുമ്പോൾ പുറത്ത് പണിക്കാർക്ക് ഇലയിലും മൺച്ചട്ടിയിലുമായിരുന്നു ഭക്ഷണം നൽകുന്നത്. അതിലെന്തോ നീതികേടുണ്ടെന്ന് തോന്നിയെങ്കിലും വീട്ടുകാരോട് ചോദിക്കാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. ഒരുദിവസം ഞാൻ അവരോടൊപ്പം പാള പാത്രത്തിൽ വെള്ളം കുടിച്ചു. ഇത് കണ്ട എന്റെ മുത്തശ്ശി എന്നെ വല്ലാതെ ചീത്ത പറഞ്ഞു ' ഇറങ്ങെടീ വെളിയിൽ..' . അതും കൂടി കേട്ടതോടെ എനിക്ക് വാശിയായി, ഞാൻ പണിക്കാരുടെ കൈയിലുണ്ടായിരുന്നു മൺചട്ടിയിലെ ഭക്ഷണം മുഴുവൻ കഴിഞ്ഞ് നാവുകൊണ്ട് നക്കുക കൂടി ചെയ്തു. അതോടെ എന്തെക്കെയോ പറഞ്ഞുകൊണ്ട് മുത്തശ്ശി ഉള്ളിലേക്ക് കയറിപ്പോയി. എനിക്കപ്പുറം ഒരു ശക്തിയുണ്ട്, അതാണ് എന്നെ എപ്പോഴും മുന്നോട്ട് നയിക്കുന്നത്.''- ദയാബായി പറയുന്നു.

16ാം വയസ്സിൽ തുടങ്ങിയ സാമൂഹിക പ്രവർത്തനം

പക്ഷേ ഈ കണ്ടതൊന്നുമല്ല, സന്യസ്ത സഭകളിൽ ഉണ്ടാവുന്നത് എന്ന് പിന്നീട് ദയാബായി തിരിച്ചറിയുകയും ചെയ്തു. കന്യാസ്ത്രീ ആവണം എന്ന ആഗ്രഹം കലശലായതോടെ, പതിനൊന്നാം ക്ലാസ്സ് കഴിഞ്ഞതോടെ പഠനം നിർത്തിയ മേഴ്സി മഠത്തിൽ ചേർന്നു. കേരളത്തിലെ കന്യാസ്ത്രീ മഠങ്ങളിലെ ആഡംബരങ്ങളോടും സുഖജീവിതത്തോടും വെറുപ്പായിരുന്നതിനാൽ വടക്കേ ഇന്ത്യയിലെ അധഃസ്ഥിതർക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന തോന്നലിൽ പതിനാറാമത്തെ വയസ്സിൽ ബീഹാറിലെ ഹസാരിബാഗിലെ ഹോളി കോൺവെന്റിലെത്തി.

വലിയ കെട്ടിടങ്ങളും ആഘോഷങ്ങളും നിറഞ്ഞ കോൺവെന്റ് അന്തരീക്ഷത്തിൽ ആഡംബര വസ്ത്രങ്ങളും പലതരം കേക്കുകളും പലഹാരങ്ങളുമൊക്കെയായി കോൺവെന്റ് നിവാസികൾ ആഘോഷപൂർവ്വം ക്രിസ്തുമസ്സ് കൊണ്ടാടുമ്പോൾ പെരുമഴയത്ത് കുട്ടികളെയും ഒക്കത്ത് കെട്ടി ഒറ്റവസ്ത്രം കൊണ്ട് ശരീരം മറച്ച് പള്ളിയുടെ മറുവശത്ത് കുർബാനക്കെത്തുന്ന ആദിവാസികളുടെ കഷ്ടവും വേർതിരിവും മേഴ്സി അനുഭവിച്ചറിഞ്ഞു. ആദിവാസികളുടെ ഗ്രാമത്തിലേക്ക് പോകണമെന്ന മേഴ്സിയുടെ ആവശ്യം പരിഗണിക്കപ്പെടാതായതോടെ കന്യാസ്ത്രീ പരിശീലനം പൂർത്തിയാക്കാതെ മഠത്തിൽ നിന്ന് പുറത്തുവന്നു.

വൈദികരുടെ കാമഭ്രാന്ത് തിരിച്ചറിഞ്ഞു

അതിനുശേഷം ബീഹാറിലെ പലാമ ജില്ലയിലെ ഗോത്രവർഗ്ഗമേഖലയായ മഹോദയിൽ ഒന്നരവർഷം അദ്ധ്യാപികയായി ജോലി ചെയ്തു. ഇതിനിടെ ബിഎസ്സി പാസായി. തുടർന്ന് ജബൽപൂരിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ഒന്നരക്കൊല്ലം അദ്ധ്യാപികയായി. തുടർന്ന് കേരളത്തിലെത്തി ഒരു ബിഷപ്പ് നടത്തുന്ന സ്ഥാപനത്തിൽ അശരണർക്കായി പ്രവർത്തിക്കാൻ നിശ്ചയിച്ചു. സ്ഥാപനത്തിലെ ആത്മീയതയുടെ മേലാപ്പണിഞ്ഞ വൈദികനിൽ നിന്നും കാമഭ്രാന്തിന്റെ ആവേശമുണ്ടായതോടെ അവിടംവിട്ട് മേഴ്സി മുംബൈയിലെത്തി. '' എന്റെ മനസ്സിനെ ആകെ ഉലച്ചു കളഞ്ഞ സംഭവം ആയിരുന്നു അത്. വൈദികർ എത്രമാത്രം ക്രിസ്തുവിന്റെ പാതയിൽനിന്ന് അകലെയാണെന്ന് മനസ്സിലാക്കാൻ ആ സംഭവം ഗുണം ചെയ്തു''- തന്റെ ആത്മകഥയിൽ ദയാബായി കുറിക്കുന്നു.

തുടർന്ന് പലയിടത്തും അലഞ്ഞു തിരിഞ്ഞു. തയ്യൽ പഠിച്ചു. കുറേനാൾ മദർ തെരേസയുടെ ചിൽഡ്രൻസ് ഹോമിലും ഓൾഡേജ് ഹോമിലും പ്രവർത്തിച്ചു. അവിടത്തെ ജീവിതരീതികളോടും ഒത്തുചേരാനായില്ല. യുദ്ധസമയത്ത് ബംഗ്ലാദേശ് അഭയാർത്ഥികളുടെ സേവനത്തിനായി ബംഗ്ലാദേശിലെത്തി.

ഇന്ത്യ-പാക് യുദ്ധം പ്രഖ്യാപിക്കുന്നത് ഈ സമയത്താണ്. ഇതേക്കുറിച്ച് ഗൃഹലക്ഷ്മയിക്ക് നൽകിയ അഭിമുഖത്തിൽ ദയാബായി ഇങ്ങനെ പറയുന്നു. ''ഇതറിഞ്ഞ പല കുടുംബസുഹൃത്തുക്കും മാതാപിതാക്കളോട് മേഴ്‌സിയെ വിടരുത് അപകടമാണെന്ന് എന്ന് പറഞ്ഞു. ബംഗ്ലാദേശ്, ബംഗാൾ മേഖലയിലാണ് യുദ്ധം. അപ്പോൾ അവർക്ക് പപ്പ നൽകിയ മറുപടി ഇങ്ങനെയായിരുന്നു . 'മരണത്തെ ഞങ്ങൾ പേടിക്കുന്നില്ല. അവൾക്ക് അപകടം സംഭവിക്കുമെന്ന് പറഞ്ഞ് യാത്ര തടഞ്ഞ് ഇവിടെ നിർത്തിയാൽ ചിലപ്പോൾ നാളെ മറ്റൊരു തരത്തിൽ മരണം അവളെ കാത്തിരിക്കുന്നുണ്ടാകും. അങ്ങോട്ട് സന്തോഷത്തോടെ അവളെ പറഞ്ഞയച്ച് ബംഗാളിൽ വച്ച് മേഴ്‌സിക്കെന്തെങ്കിലും സംഭവിച്ചാൽ സങ്കടമുണ്ടാകുമങ്കിലും ഇവളെയോർത്ത് ഞങ്ങൾക്ക് അഭിമാനിക്കാം. മറിച്ചാണെങ്കിൽ മനസ്താപം വരും.'

പോകുന്ന വഴിയിൽ ട്രെയിനിൽ വച്ച് ടി.ടിയും ഇതേ ചോദ്യം ആവർത്തിച്ചു. ''എല്ലാവരും യാത്രടിക്കറ്റും റദ്ദാക്കി വീട്ടിലിരിക്കുമ്പോൾ നിങ്ങൾ എന്തിനാണ് ബംഗാളിലേക്ക് പോകുന്നത്..?'' . ഞാൻ കാര്യം പറഞ്ഞപ്പോൾ സുരക്ഷിതയായി യാത്ര ചെയ്യൂ എന്നദ്ദേഹം പറഞ്ഞു. ആ യാത്രക്കിടെ മുടിയെല്ലാം ഞാൻ മുറിച്ചു. ആ മുടി പാർസലാക്കി കൊൽക്കത്തയിലെ ഞങ്ങളുടെ ബന്ധുവിനെ ഏൽപിച്ചു. അഥവാ ഞാൻ കൊല്ലപ്പെടുകയാണെങ്കിൽ എന്റെ ഓർമ്മയ്ക്ക് മമ്മായ്ക്ക് അത് അയച്ചുകൊടുക്കാൻ നിർദ്ദേശിച്ചു. ശേഷമാണ് ഞാൻ അഭയാർഥി ക്യാമ്പുകളിലേക്ക് പോയത്. അന്ന് തൊട്ട് ഏത് ധൈര്യമാണ് എന്നെ മുന്നോട്ട് നയിക്കുന്നതെന്നറിയില്ല.''- ദയാബായി വ്യക്തമാക്കുന്നു.


ദയാബായി ജനിക്കുന്നു

യുദ്ധഭീകരത നേരിട്ടുകണ്ട് മേഴ്സി സഭയുടെ നിയന്ത്രണത്തിലുള്ള വഴിയല്ല തന്റേതെന്ന് തിരിച്ചറിഞ്ഞു. ക്രിസ്തുവിന്റെ ജീവിതവും ബൈബിളിലെ വചനങ്ങളും സത്യത്തിൽ നിന്ന് ഏറെ അകലെയാണെന്ന് തോന്നിയപ്പോൾ അവിടം വിട്ടു മുംബൈയിലേക്കു മടങ്ങി. മുംബൈയിലെ നിർമ്മലാ നികേതനിൽ എം.എസ് ഡബ്ലിയുവിന് ചേർന്നു. പക്ഷെ സിലബസിനോടും പഠനരീതിയോടും പൊരുത്തപ്പെടാൻ കഴിയാതെ അവിടം വിട്ടു. മുംബൈയിലെ ഗ്രാമങ്ങളിലും ഡൽഹിയിലും ആന്ധ്രായിലെയും ഹരിയാനയിലെയും ദുരിതാശ്വാസ പുനർ നിർമ്മാണക്യാമ്പുകളിലുമായി എട്ടുവർഷം ചെലവഴിച്ചു. പിന്നീട് നിർമ്മലനികേതനിൽ പഠനം തുടർന്ന് എം.എസ് ഡബ്ല്യൂ പൂർത്തിയാക്കി. പഠനത്തിന്റെ ഭാഗമായി ഫീൽഡ് വർക്കിനായി മദ്ധ്യപ്രദേശിലെ ചിന്ത്വാഡിയിലെ സുള്ളഗപ്പയിൽ ഒരു ആദിവാസി വിധവയുടെ വീട്ടിൽ താമസിച്ചു പഠനം പൂർത്തിയാക്കി.

ഉന്നത ബിരുദങ്ങളും ആവശ്യത്തിന് പണവുമുണ്ടായിരുന്നിട്ടും കിട്ടാമായിരുന്ന സുഖപ്രദമായ ജോലി ഉപേക്ഷിച്ച് അവർ കഷ്ടത നിറഞ്ഞ ജീവിതമാണ് സ്വയം തെരഞ്ഞെടുത്തു. മദ്ധ്യപ്രദേശിലെ ഏറ്റവും പിന്നാക്കവിഭാഗമായ ഗോണ്ടുകൾ എന്ന ആദിവാസികളുടെ കൂടെ ചിഡ് വാര ഗ്രാമത്തിൽ അവരിലൊരാളായി ജീവിക്കാൻ തുടങ്ങി. നഗരത്തിന്റെ മോടി കൂടിയ വസ്ത്രങ്ങൾ ഉപേക്ഷിച്ച് ആദിവാസികളുടെ പരമ്പരാഗത വസ്ത്രം ധരിച്ചു. കടത്തിണ്ണകളിൽ അന്തിയുറങ്ങി. അവരോടൊപ്പം കൂലിപ്പണിയെടുത്തു. സ്വന്തം പേരു പോലും ഉപേക്ഷിച്ച് 'ദയാബായി' ആയി.

ആദിവാസികളെ ചൂഷണം ചെയ്ത് കൂലി വെട്ടിച്ചവർക്കെതിരെ ദയാബായിയുടെ നേതൃത്വത്തിൽ ആദിവാസികൾ രംഗത്തിറങ്ങി. പ്രായമായവർക്ക് റാന്തൽവിളക്കിന്റെ വെളിച്ചത്തിൽ ദയാബായി നിയമസാക്ഷരതാക്ലാസ്സുകൾ നടത്തി. കവിതകളിലൂടെയും തെരുവുനാടകങ്ങളിലൂടെയും അവരെ ബോധവൽക്കരിച്ചു. അവകാശങ്ങൾക്കുവേണ്ടി പോരാടാൻ അവരെ പ്രേരിപ്പിച്ചു. ഇത് ദയാബായിക്ക് പ്രബലരായ ശത്രുക്കളെയുണ്ടാക്കി. ഭൂവുടമകളെയും പൊലീസുകാരെയും രാഷ്ട്രീയക്കാരെയും ഒറ്റയാൾ പോരാട്ടത്തിലൂടെ ദയാബായി നേരിട്ടു. ഹരേ ബ്ലോക്കിലെ സാലുവ ഗ്രാമത്തിലെ പൊലീസ് സ്റ്റേഷനിൽ ഒരു കേസുമായി ബന്ധപ്പെട്ട് എഫ്‌ഐആർ എഴുതാത്തതിനെ ചോദ്യം ചെയ്ത ദയാബായിയെ എസ്‌ഐ മുഷ്ടി ചുരുട്ടി ഇടിച്ചു. മർദ്ദനത്തിൽ പല്ലുകൾ ഇളകിത്തെറിച്ചെങ്കിലും ദയാബായി പിന്മാറിയില്ല. പ്രാദേശിക കോൺഗ്രസ് നേതൃത്വം പലവട്ടം ദയാബായിയെ നേരിട്ട് ആക്രമിച്ചുവെങ്കിലും കോൺഗ്രസ് എംപി യായിരുന്ന കമൽനാഥ് അവരെ ശാരീരികമായി നേരിടാൻ ശ്രമിക്കരുത് എന്ന് നിർദ്ദേശം നൽകിയതുകൊണ്ടാണ് താൻ ഇന്നും ജീവിച്ചിരിക്കുന്നതെന്ന് ദയാബായി വ്യക്തമാക്കിയിട്ടുണ്ട്.

അവർ ആദിവാസികളെ അക്ഷരം പഠിപ്പിച്ചു. അവർക്കായി നിയമയുദ്ധങ്ങൾ നടത്തി. ഝാൻസീറാണിയെ പോലെ കുതിരപ്പുറത്ത് കയറി ഗ്രാമങ്ങൾ തോറും സഞ്ചരിച്ചു. അവരുടെ ഭാഷയിൽ സംസാരിച്ചു. തെരുവുനാടകങ്ങളും കവിതകളും പാട്ടുമൊക്കെ ആശയപ്രചാരണത്തിനായി ഉപയോഗിച്ചു.

ഗാന്ധിജിയുടേയും യേശുക്രിസ്തുവിന്റേയും ജീവിതവും ദർശനങ്ങളുമാണ് തന്നെ ഇന്നും പ്രചോദിപ്പിക്കുന്നത് ദയാബായി തന്റെ ആത്മകഥയിൽ പറയുന്നുണ്ട്. ക്രിസ്തുവിന്റെ പാതയും സഭയുടെ പാതയും വ്യത്യാസമാണെന്നും ക്രിസ്തു കഷ്ടപ്പെടുന്നവന്റെ കൂടെയാണെന്നും സഭ സമ്പന്ന വർഗ്ഗത്തിന്റെയും ആഡംബരങ്ങളുടെയും പുറകെയാണെന്നും ദയാബായി പറയുന്നു. മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്നതിന് മതത്തിന്റെ വേലിക്കെട്ടുകൾ വേണ്ടെന്ന് അവർ തുറന്നടിക്കുന്നു. ജീവിതത്തിൽ നന്മ പുലർത്തുന്ന, മണ്ണിനോടും പ്രകൃതിയോടും ആദരവുള്ള, കൃഷിയിൽ ആധ്യാത്മികത കണ്ടെത്തുന്ന ഒരു സമൂഹത്തെയാണ് നാടിന് വേണ്ടത്. ഗാന്ധിജിയുടെ വികസന മോഡൽ രാജ്യത്ത് തിരിച്ചു വരണമെന്നും പാശ്ചാത്യരെ അന്ധമായി അനുകരിക്കുന്നതാണ് എല്ലാം നശിപ്പിക്കുന്നതെന്നും അവർ പറയുന്നു.

കേരളം ചെകുത്താന്റെയും സ്വന്തം നാട്

സാധാരണ കേരളം ലോകത്തിന് മാതൃക, എന്ന തള്ളുകളിൽനിന്ന് തീർത്തും വ്യത്യസ്തമായ അഭിപ്രായമാണ് ഈ ലോകംമുഴവൻ സഞ്ചരിച്ച പാവങ്ങളുടെ അമ്മയ്ക്ക് പറയാനുള്ളത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളം ചെകുത്താന്റെയും സ്വന്തം നാടാണെന്നാണ് ദയയുടെ പക്ഷം. എന്തിനെയും പുച്ഛിച്ചു തള്ളുന്ന മലയാളികളുടെ മാനസികാവസ്ഥ കാരണം ഒരിക്കലും കേരളത്തിൽ ജീവിക്കാൻ വരില്ലെന്നും അവർ തറപ്പിച്ചു പറയുന്നു.

ഗൃഹലക്ഷ്മിക്ക് നൽകിയ അനുഭവത്തിൽ ദയാബായി ഇങ്ങനെ പറയുന്നു. ''പതിനാറാം വയസ്സിൽ കേരളം വിട്ടയാളാണ് ഞാൻ. പിന്നീട് ക്ലാസുകളെടുക്കാനും സമരങ്ങൾക്കും പുരസ്‌കാരങ്ങൾ സ്വീകരിക്കാനുമൊക്കെയാണ് കേരളത്തിലേക്ക് വന്നിട്ടുള്ളത്. ആദ്യകാലത്തെ കേരളത്തിന്റെ ഭൂപ്രകൃതിയും കാഴ്ചകളുമൊക്കെ എന്നെ സന്തോഷവതിയാക്കിയിരുന്നു. ഞാനും മലയാളി എന്ന നിലയിൽ അഭിമാനം കൊണ്ടിരുന്നു. എന്നാൽ എൻഡോസൾഫാൻ വിഷയത്തിൽ ഇടപെട്ടതോടെ ആ അഭിമാനമെല്ലാം പോയി. പലർക്കും ചീഞ്ഞ മനസ്ഥിതിയാണ്. ആദ്യമായി എൻഡോസൾഫാൻ പ്രദേശങ്ങൾ സന്ദർശിച്ച് തിരിച്ചുപോകുന്ന വേളയിൽ ട്രെയിൻ യാത്രയിൽ എന്റെ സങ്കടങ്ങളെല്ലാം ചേർത്ത് മലയാളത്തിൽ ഒരുപാട്ടെഴുതി. ആ കാലത്ത് എന്റെ ആരാധകൻ എന്ന് പറയുന്നൊരാൾ കൂടെ യാത്ര ചെയ്തിരിന്നു. ഈ പാട്ട് വീഡിയോ ചെയ്യണം എന്നൊരാഗ്രഹം ഞാൻ പ്രകടിപ്പിച്ചപ്പോൾ അയാളും അതിന് പിന്തുണനൽകി.

അങ്ങനെ ഞാൻ കാശുമുടക്കി വീഡിയോ ഷൂട്ട് ചെയ്തു. എഡിറ്റിങ് കാര്യങ്ങളെ ആരാധകനെന്ന് അവകാശപ്പെടുന്നയാളാണ് മേൽനോട്ടം വഹിച്ചത്. അവസാനം അതിന്റെ ഔട്ട് കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. വീഡിയോയുടെ അവസാനം ബന്ധപ്പെടേണ്ട നമ്പറെന്ന് പറഞ്ഞ് അയാളുടെയും സംഘടനയുടെയും നമ്പർ. വീഡിയോ കണ്ടവരെല്ലാം സാമ്പത്തികസഹായം നൽകാൻ അയാളുടെ നമ്പറിലേക്ക് വിളിക്കാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു അത്തരമൊരു ഇടപെടൽ. മനുഷ്യർ എത്രമാത്രം സ്വാർഥരാണെന്നാണ് ഞാനപ്പോൾ മനസ്സിലാക്കിയത്. അവനവന്റെ കാര്യസാധ്യത്തിനായി നല്ലവനായി അഭിനയിച്ച് കാര്യം നേടുന്ന രീതി. ഇതുവരെ ഞാൻ സാമ്പത്തികാവശ്യത്തിനായി ജീവിതത്തിൽ ആരുടെ മുന്നിലും ഞാൻ കൈനീട്ടിയിട്ടില്ല. ആരാധകനെന്ന് പറഞ്ഞ് വേറെരാൾ എന്റെ പേരിൽ ബക്കറ്റ് പിരിവ് നടത്തി. അതുകൂടിയായപ്പോൾ ആകെ നിരാശതോന്നി. മലയാളികൾ പലപ്പോഴും നമ്മളോട് ഇടപെടുന്നത് അവനെന്ത് ലാഭമുണ്ടാക്കാൻ പറ്റും എന്ന ചിന്തയോടെയാണ്. അതുകൊണ്ട് എന്തുകൊണ്ടേ കേരളത്തിൽ താമസിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. ആത്മാർഥതയുള്ള വളരെ കുറച്ച് മനുഷ്യരെ മാത്രമേ എനിക്ക് കേരളത്തിൽ കാണാൻ സാധിച്ചിട്ടുള്ളൂ''- അവർ പറയുന്നു.


പിച്ചക്കാരിയെന്ന് പറഞ്ഞ് അപമാനിക്കപ്പെട്ടു

മലയാളിയുടെ ഹീനമായ വംശീയ മുൻവിധിയുടെയും ഇരയാണ് അവർ. ലോകം ആദരിക്കുന്ന ഈ സ്ത്രീ കേരളത്തിൽ പലയിടത്തും, നാടോടി സ്ത്രീയെന്നും പിച്ചക്കാരിയെന്നും അപമാനിക്കപ്പെട്ടു. വസ്ത്രവും നിറവും നോക്കി ആളുകളെ വേർതിരിക്കുന്ന ഒരു വിഭാഗം കേരളത്തിലും ഉണ്ടെന്ന് തിരിച്ചറിയുന്ന നിമിഷം.

22 മാർച്ചിൽ, ദയാ ബായിക്ക് നേരേ ട്രെയിൻ യാത്രയ്ക്കിടെ കടുത്ത അധിക്ഷേപം വാർത്തയായിരുന്നു. എറണാകുളത്ത് നിന്നും രാജ്കോട്ടിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. ദയാ ബായിയുടെ വേഷത്തെ ചൊല്ലി സഹയാത്രികർ അധിക്ഷേപ പരാമർശം നടത്തുകയായിരുന്നു. ശിശുക്ഷേമ സമിതിയും ചൈൽഡ് ലൈനും ചേർന്ന് എറണാകുളത്ത് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ദയാ ബായി. പരിപാടി കഴിഞ്ഞ് കൊച്ചുവേളി-പോർബന്ദർ ട്രെയിനിൽ യാത്ര ചെയ്യവെയാണ് അപമാനം നേരിട്ടത്.

തന്റെ രൂപവും വസ്ത്രധാരണവും ചൂണ്ടി സഹയാത്രികരായ ഒരു കുടുംബം അധിക്ഷേപിക്കുകയായിരുന്നുവെന്ന് ദയാ ബായി അറിയിച്ചു.തന്റെ രൂപത്തെ ഇവർ ആക്ഷേപിച്ചെന്നും, കരഞ്ഞാണ് യാത്ര തുടർന്നതെന്നും അവർ പറയുന്നു. 'എന്റെ മുഖത്തിന് എന്താണ് കുഴപ്പം', ദയാഭായി ചോദിക്കുന്നു. 'അവളുടെ രൂപം കണ്ടില്ലേ, സ്ത്രീയാണോ പുരുഷനാണോ' എന്നെല്ലാമുള്ള ആക്ഷേപം, ദയാബായിയുടെ മനസിനെ വല്ലാതെ ഉലച്ചിരുന്നു.

സംഭവം അവർ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. ''എസ്3 കമ്പാർട്‌മെന്റിനുള്ളിൽ ഭാര്യയും ഭർത്താവും രണ്ടു മക്കളുമടക്കം നാലു പേരടങ്ങുന്ന ഒരു കുടുംബമാണ് ഉണ്ടായിരുന്നത്. യാത്രക്കാർ ഇല്ലാത്ത സീറ്റുകൾ പലതും അവർ കയ്യേറിയിരുന്നു. വാതിൽ അകത്തു നിന്ന് അടച്ചിരുന്നതിനാൽ ഇവരെ വിളിച്ചു തുറപ്പിക്കുകയായിരുന്നു. ഞങ്ങളെന്താ ജോലിക്കാരാണോ എന്നു ചോദിച്ചാണ് തുറന്നു നൽകിയത്. ഞാൻ ഒരു സീറ്റിൽ കൂനിക്കൂടിയിരുന്നു. എന്റെ സീറ്റിനടിയിലെ ഇവരുടെ ബാഗ് മാറ്റിത്തരാൻ ആവശ്യപ്പെട്ടു. അത് അവർക്ക് ഇഷ്ടപ്പെട്ടില്ല.

ഫോണിൽ ആരോടെങ്കിലും സംസാരിക്കുമ്പോൾ അതിനെക്കുറിച്ചു പറഞ്ഞ് ആക്ഷേപിച്ചു. അവരോടൊപ്പമുള്ള കുട്ടി ഇതിനിടെ ഫോൺ മുഴുവൻ ശബ്ദത്തിൽ വച്ചു. ശബ്ദം കുറയ്ക്കാൻ പറഞ്ഞപ്പോൾ തുടങ്ങിയ പടയാണ്. നിങ്ങൾക്കു വേണമെങ്കിൽ ഫ്‌ളൈറ്റിൽ പോകൂ എന്നായിരുന്നു മറുപടി. മറ്റു യാത്രക്കാർക്കു ബുദ്ധമുട്ടുണ്ടാക്കും വിധം ശബ്ദം ഉറക്കെ വയ്ക്കരുത് എന്നു റെയിൽവേ റൂളുണ്ടെന്നു പറഞ്ഞപ്പോൾ അതു കാണിച്ചു തരണമെന്നായി. അതിനു പിന്നാലെയാണ് അവളുടെ രൂപം കണ്ടില്ലേ, സ്ത്രീയാണോ പുരുഷനാണോ എന്നെല്ലാം പറഞ്ഞത്. ഇവരെക്കുറിച്ചു ഫേസ്‌ബുക്കിലിടണം. പിന്നെ പുറത്തിറങ്ങാൻ കഴിയരുത് എന്നെല്ലാം പറഞ്ഞ് ആക്ഷേപിച്ചുകൊണ്ടിരുന്നു. ജാംനഗറിലാണ് ഇവർ ഇറങ്ങിയതെന്നറിയാം. ഇതിനിടെ റെയിൽവേയിൽ പരാതിപ്പെടാൻ വിളിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.''- ദയാബായി അന്ന് പറഞ്ഞത് ഇങ്ങനെയാണ്.

വേഷവിധാനത്തിന്റെ പേരിൽ മുൻപും ദയാ ബായിക്ക് പരിഹാസം നേരിടേണ്ടി വന്നിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് കേരളത്തിൽ വെച്ച് ഒരു ബസ് യാത്രക്കിടെ വേഷത്തിന്റെ പേരിൽ 'നാലാം കിടസ്ത്രീ' എന്ന ആക്ഷേപം കേൾക്കേണ്ടി വരികയും ദയാ ബായിക്ക് വണ്ടിയിൽ നിന്ന് ഇറങ്ങിപ്പോകേണ്ടി വരികയും ചെയ്തിരുന്നു.ശരിക്കും പ്രബുദ്ധൻ എന്ന് പറയുന്ന മലയാളി ലജ്ജിക്കേണ്ടതുണ്ട് ഈ വാക്കുകൾ കേൾക്കുമ്പോൾ.

കേരളത്തിലേക്ക് സ്ഥിര താമസത്തിനില്ല

ഈ ദുരനുഭവങ്ങൾ കൊണ്ടെക്കെ ആയിരിക്കണം, അവർ ഈ വാർധക്യകാലത്തും, കേരളത്തിൽ സെറ്റിൽ ചെയ്യാൻ ആഗ്രഹിക്കുന്നില്ല. ദയാബായി തന്റെ ആത്മകഥയിൽ ഇങ്ങനെ പറയുന്നു. ''മദ്ധ്യപ്രദേശിലെ ബറൂളിയിൽ രണ്ടര ഏക്കർ സ്ഥലം പിതാവിന്റെ മരണശേഷം ഓഹരിയായിക്കിട്ടിയ പണം കൊണ്ട് വാങ്ങി. കടുത്ത പാറക്കെട്ടുകൾ നിറഞ്ഞ തരിശുഭൂമി കനത്ത അദ്ധ്വാനത്തിലൂടെ ഫലഭൂയിഷ്ഠമാക്കി. കടുത്ത ജലക്ഷാമമുണ്ടായിരുന്ന അവിടെ ഭൂമിയിൽ വീഴുന്ന ഒരു തുള്ളി വെള്ളം പോലും പുറത്തേക്കൊഴുക്കിക്കളയാതെ മണ്ണിലേക്ക് ആഴ്ന്നിറക്കുന്നു. അങ്ങനെ അവിടെ ഉറവകളുണ്ടായി. പുല്ലുകളും ചെടികളും മരങ്ങളും ഫലവൃക്ഷങ്ങളും ഇപ്പോൾ സമൃദ്ധമായി വളരുന്നു. എല്ലാം വിളയുന്ന മണ്ണ്. വീട്ടിൽ കൂട്ടിനു പട്ടിയും പൂച്ചയും. കൃഷിഭൂമിയിൽ പശുക്കളും കോഴിയും താറാവുമൊക്കെ. മണ്ണും ചെളിയും കൊണ്ടുണ്ടാക്കിയതാണ് വീട്. ഒരു രാസവസ്തുക്കളും അവർ ഉപയോഗിക്കുന്നില്ല, പാത്രം കഴുകാനുള്ള സോപ്പോ ഡിറ്റർജന്റോ പല്ലു തേക്കാനുള്ള പേസ്റ്റോ ഒന്നും. ഏതാണ്ട് സ്വയം പര്യാപ്തമായ ജീവിതം. കരയേണ്ടപ്പോൾ കരയുകയും ചിരിക്കേണ്ടപ്പോൾ ചിരിക്കുകയും പൊട്ടിത്തെറിക്കേണ്ടപ്പോൾ അങ്ങനെയും ചെയ്യുന്ന പച്ചയായ ജീവിതം.''

വരണ്ടുകിടക്കുന്ന ഭൂപ്രദേശത്തെ പച്ച തുരുത്തു പോലെയുള്ള ദയാബായിയുടെ കൃഷിയിടത്തിന് അരികിലൂടെ പോകുന്ന നാട്ടുകാർ പറഞ്ഞു തുടങ്ങി ബഹൻജീ, നിന്റെ ഭൂമിയിലൂടെ പോകുമ്പോൾ ചൂടുകാലത്തും പ്രത്യേകമായ തണുപ്പാണ്. പൊള്ളയായ വാക്കുകളും ചേതമില്ലാത്ത ഉപദേശങ്ങളുമല്ല ജീവിതത്തിലൂടെയാണ് ദയാബായി മാതൃകയാവുന്നത്. അതാണ് മേഴ്‌സി മാത്യുവിനെ ദയാ ബായിയിലേക്ക് ഉയർത്തുന്നതും ആ ഗ്രാമത്തിന്റെ അമ്മയാക്കിയാതും.മേഴ്‌സി എന്നാൽ ദയ എന്ന അർഥം മനസിലാക്കിയ ആദിവാസികൾ ഇട്ടപേരാണ് ദയാ ബായ്.ഗോത്രവർഗ്ഗ സ്ത്രീകളുടെ വിളിപ്പേരാണ് ബായ് എന്നത്.

പക്ഷേ ഇപ്പോൾ അവർ മധ്യപ്രദേശ് വിടാൻ ആഗ്രഹിക്കയാണ്. ''തമിഴ്‌നാട്ടിൽ അടക്കമുള്ള വിവധ സ്ഥലങ്ങളിൽ എന്റെ സുഹൃത്തുക്കൾ സ്ഥലം അന്വേഷിക്കുന്നുണ്ട്. പക്ഷേ എന്തായാലും കേരളത്തിലേക്ക് ഇല്ല''- ദയാ ബായ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

എൻഡോസൾഫാൻ ദുരിതം കണ്ട് പൊട്ടിക്കരഞ്ഞു

കേരളവുമായി ദയാബായിയെ അടുപ്പിച്ചത് എൻഡോസൾഫാൻ ദുരതി ബാധിതരു െവേദനയാണ്. ഗൃഹലക്ഷ്മിയിലെ അഭിമുഖത്തിൽ അവർ ഇങ്ങനെ പറയുന്നു. ''ആദ്യമായി എൻഡോസൾഫാൻ ഇരകളായ ഈ കുരുന്നുകളെ കണ്ടപ്പോൾ ഞാൻ പൊട്ടിക്കരയുകയായിരുന്നു. സാക്ഷരത കേരളത്തിൽ ഈ രീതിയിൽ ദുരിതം അനുഭവിക്കുന്ന കുട്ടികളും അമ്മമാരുമുണ്ടെന്ന തിരിച്ചറിവ് ഹൃദയം തകർത്തുകളഞ്ഞു. ഞാൻ ആദ്യമായി ഇവിടെ വന്ന് തിരിച്ച് മധ്യപ്രദേശിലെ വീട്ടിലെത്തിയപ്പോൾ കതകടച്ചിരുന്നു കരഞ്ഞു. വീട്ടിൽ കേൾക്കാനും ആശ്വസിപ്പിക്കാനും വേറെ ആരുമില്ലായിരുന്നു. ഞാൻ ഒറ്റയ്ക്കാണ്. എന്റെ കരച്ചിൽ കേട്ട് വളർത്തുപട്ടി വന്ന് വാതിലിന്റെ കതകിൽ കുറേ മുട്ടി. വാതിൽ തുറന്നുപ്പോൾ അവൻ ഓടിവന്ന് ദേഹത്തേക്ക് കയറി കണ്ണുനീരു നക്കിതുടച്ചു. ഈ സമരമുഖത്തേക്ക് എത്തുമ്പോൾ എന്റെ പ്രായം 75 ആയിരുന്നു. മധ്യപ്രദേശിൽ തന്നെ കൃഷിപ്പണിയുമൊക്കെയായി ഒതുങ്ങിയിരിക്കാം എന്ന് വിചാരിക്കുമ്പോഴാണ് ഈ വിഷയം അറിയുന്നത്.

ആ സമയത്ത് എന്റെ ആത്മകഥ എഴുതികൊണ്ടിരിക്കുകയായിരുന്നു. എന്നാൽ ഈ കുട്ടികളെ കണ്ട ശേഷം ആ എഴുത്ത് തുടരാൻ സാധിച്ചിട്ടില്ല. എന്നെ ശാരീരികമായും മാനസികമായും ഈ കാഴ്ചകൾ തളർത്തികളഞ്ഞു. ഒരു ഇമോഷണൽ ഷോക്ക് എന്ന് പറയാം. ഇപ്പോൾ കാസർഗോഡ് ഈ കുട്ടികൾക്കൊപ്പം ചെലവഴിക്കുന്ന സമയവും ജീവിതവും എനിക്കേറെ സന്തോഷം നൽകുന്നുണ്ട്.

ഞാൻ കാസർകോട് അമ്പലത്തറയിലെ സ്‌നേഹവീട്ടിലേക്ക് ആദ്യമായി വരുമ്പോൾ ഇതൊരു ചെറിയൊരു സ്ഥലമായിരുന്നു. എൻഡോസൽഫാൻ ബാധിതരായ കുറച്ച് കുട്ടികളെ മാതാപിതാക്കൾ രാവിലെ ഇവിടെ കൊണ്ട് വിടും. അവർക്ക് ഒന്നിച്ച് കളിക്കും ഭക്ഷണം കഴിക്കും. വൈകുന്നേരം അതത് വീടുകളിലേക്ക് മടങ്ങിപ്പോകും. ഇവരുടെ ജീവിതം കൂടുതൽ നന്നാക്കാൻ എന്തുചെയ്യാൻ സാധിക്കും എന്നാണ് ഞാൻ ചിന്തിച്ചത്. അങ്ങനെ വടകരയിലെ തണൽ എന്ന സംഘടനയുമായി ബന്ധപ്പെട്ട്. കുട്ടികൾക്ക് തെറാപ്പി നൽകാൻ അവർ സഹായിക്കാം എന്നറിയിച്ചു. ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, ബിഹേവിയർ തെറാപ്പി, സ്‌കിൽ ഡെവലപ്പ്‌മെന്റ് അങ്ങനെ കുറേ ചികിത്സകൾ ഇവിടെ നടക്കാൻ തുടങ്ങി. അത് കുട്ടികളിൽ വലിയ രീതിയുള്ള മാറ്റമുണ്ടാക്കി. ''- ദയാബായി ചൂണ്ടിക്കാട്ടുന്നു.

എൻഡോസൾഫാൻ ദുരിതബാധിതർക്കായി ചെയ്യേണ്ട കാര്യങ്ങളും അവർ ഇങ്ങനെ പറയുന്നു. ''ഇന്ന് ഈ ചെറിയൊരു കേന്ദ്രം മാത്രമേ ജില്ലയിലുള്ളൂ. ആറായിരത്തിലധികം വരുന്ന ആളുകൾ രോഗബാധിതരായി വിവിധ പഞ്ചായത്തുകളിലുണ്ട്. അവരിലേക്ക് കൂടി സ്‌നേഹവീടിന്റെ പ്രവർത്തണം എത്തണം. ചുരുങ്ങിയത് 15 കേന്ദ്രങ്ങളെങ്കിലും അതിനുവേണം. പിന്നെ കിടപ്പിലായ രോഗികളെ ചികിത്സിക്കാൻ മാതാപിതാക്കൾക്ക് പരിശീലനം ലഭിക്കണം. അതിനുവേണ്ടി പാലിയേറ്റീവ് കെയർ സെന്റേഴ്‌സ് ആരംഭിക്കണം. ഞാൻ പല പാലിയേറ്റീവ് സംഘടനകളെയും സമീപിച്ചെങ്കിലും അവരെല്ലാം പറഞ്ഞത് രാഷ്ട്രീയ ഇടപെടലുകൾ മൂലം ഇവിടെ അത്തരം പ്രവർത്തനങ്ങൾ നടത്താൻ സാധിക്കുന്നില്ലെന്നതാണ്. നല്ല ഡോക്ടർമാരുടെ സേവനം കാസർഗോഡിന് മാത്രം കേരള സർക്കാർ നൽകില്ല. ചോദിക്കുമ്പോൾ ഡോക്ടർമാർ കാസർകോട്ടേക്ക് വരാൻ ഇഷ്ടപ്പെടുന്നില്ല എന്നൊരു ന്യായമാണ് മന്ത്രിമാർ നിരത്തുന്നത്. മന്ത്രിമാർ ഉത്തരവിട്ടാൽ വരാത്ത ഡോക്ടർമാരുണ്ടോ..?

അങ്ങനെയുള്ളവർക്ക് സർക്കാർ എന്തിനാണ് ശമ്പളം നൽകുന്നത്..? കാസർഗോഡ് മികച്ചൊരു ആശുപത്രി എന്നത് ഇന്നും പാഴ്കിനാവ് മാത്രമായി അവശേഷിക്കുകയാണ്. എന്തിനും ഏതിനും മക്കളെയും നെഞ്ചോടുചേർത്ത് മംഗലാപുരത്തെ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് ഓടേണ്ട ഗതികേടിലാണ് ഇവിടത്തെ അമ്മമാർ. കോവിഡ് വന്നപ്പോൾ കർണാടക അതിർത്തികൾ അടച്ചപ്പോൾ കാസർഗോഡിന്റെ ആരോഗ്യ മേഖലയിലെ പ്രതിസന്ധി കൃത്യമായി എല്ലാവരും തിരിച്ചറിഞ്ഞതാണ്. അപ്പോൾ മലപോലെ ഒരുപാട് പ്രഖ്യാപനങ്ങൾ വന്നു, പക്ഷേ ഒന്നും നടന്നില്ല. മെഡിക്കൽ കോളജ് സംവിധാനം ഒരുനിഴൽരൂപം പോലെ മാത്രമാണ് ഇന്നും പ്രവർത്തിക്കുന്നത്. എല്ലാതരത്തിലും അവഗണനയാണ്. കേരളത്തിൽ എയിംസ് അനുവദിക്കുകയാണെങ്കിൽ അതിന് ഏറ്റവും അർഹതപ്പെട്ടത് കാസർഗോഡ് തന്നെയാണ്. മെഡിക്കൽ കോളജുകളും സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളുള്ള ജില്ലകളെ മാറ്റി ആ ലിസ്റ്റിൽ കാസർകോഡിനെ ഉൾപ്പെടുത്തണം. കാസർകോട് കേരളത്തിന്റെ ഭാഗം തന്നെയാണ്. ഈ ആവശ്യം നേടിയെടുക്കാൻ ഈ നാട് എന്റെ കൂടെ നിൽക്കും എന്നാണ് പ്രതീക്ഷ. എത്ര അവഗണന നേരിട്ടാലും എന്റെ മരണംവരെ ഞാൻ ഈ കുട്ടികൾക്ക് വേണ്ടി പോരാട്ടം തുടർന്നുകൊണ്ടേയിരിക്കും.''- ദയാ ബായി പറയുന്നു.

എന്തായാലും നമ്മുടെ സർക്കാർ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. ഉത്തരേന്ത്യയിൽ ജീവൻ പണയം വെച്ച് പോരാട്ടം നടത്തിയ സ്ത്രീയാണ് ദയാബായി. അവരുടെ വിൽപവറിന് മുന്നിൽ പിടിച്ചുനിൽക്കാൻ ഈ ഇരട്ടച്ചങ്കൊന്നും പോരാ. അതിനാൽ അവർ ഉന്നയിച്ച ആവശ്യങ്ങളിൽ തീരുമാനം ഉണ്ടാക്കി എത്രയും പെട്ടെന്ന് സമരം അവസാനിപ്പിച്ചില്ലെങ്കിൽ വലിയ ജനരോഷം ആയിരിക്കും സംസ്ഥാന സർക്കാറിനെ കാത്തിരിക്കുന്നത്.


വാൽക്കഷ്ണം: കേരളം വലിയ നവോത്ഥാന മണ്ണാണ് എന്ന് കരുതുന്നവർ, ദയാബായിക്ക് കേരളത്തിൽനിന്നുണ്ടായ അധിക്ഷേപങ്ങളെക്കുറിച്ച് കൂടി ചിന്തിച്ച് നോക്കണം. എന്നിട്ടും പുരോഗമന കേരളം എന്ന പേരാണ് സഹിക്കാൻ കഴിയാത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP