Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202119Saturday

ആയിരം സരിതക്ക് അര സ്വപ്ന! വട്ടപൂജ്യത്തിൽനിന്ന് 30 കോടിയുടെ ആസ്തിയിലേക്ക് എത്തിയ സ്വപ്ന; ലൈഫ് മിഷനിൽ 20 കോടിയുടെ പദ്ധതിയിൽ 9 കോടി കമ്മീഷൻ; ലൈഫ് മിഷൻ സിഇഒ പദ്ധതി വിവരം അറിഞ്ഞത് ശിവശങ്കർ പറയുമ്പോൾ; സർക്കാർ സ്ഥലമെടുപ്പിന് കോടി മുടക്കിയിട്ട് കിട്ടിയത് കാറ്റടിച്ചാൽ വീഴുന്ന ഫ്ളാറ്റ്; ഹാബിറ്റാറ്റ് ശങ്കറിന്റെ പ്ലാൻ മോഷ്ടിച്ച് തന്ത്രമൊരുക്കൽ; ഈ അഴിമതിയും ഇട്ടച്ചങ്കൻ പിണറായിക്ക് തീരാ നാണക്കേട്; ഇത് ലൈഫ് മിഷനോ അതാ അധോലോക ഇടപാടോ?

ആയിരം സരിതക്ക് അര സ്വപ്ന! വട്ടപൂജ്യത്തിൽനിന്ന് 30 കോടിയുടെ ആസ്തിയിലേക്ക് എത്തിയ സ്വപ്ന; ലൈഫ് മിഷനിൽ 20 കോടിയുടെ പദ്ധതിയിൽ 9 കോടി കമ്മീഷൻ; ലൈഫ് മിഷൻ സിഇഒ പദ്ധതി വിവരം അറിഞ്ഞത് ശിവശങ്കർ പറയുമ്പോൾ; സർക്കാർ സ്ഥലമെടുപ്പിന് കോടി മുടക്കിയിട്ട് കിട്ടിയത് കാറ്റടിച്ചാൽ വീഴുന്ന ഫ്ളാറ്റ്; ഹാബിറ്റാറ്റ് ശങ്കറിന്റെ പ്ലാൻ മോഷ്ടിച്ച് തന്ത്രമൊരുക്കൽ; ഈ അഴിമതിയും ഇട്ടച്ചങ്കൻ പിണറായിക്ക് തീരാ നാണക്കേട്; ഇത് ലൈഫ് മിഷനോ അതാ അധോലോക ഇടപാടോ?

എം മാധവദാസ്

ലോകത്തിലെ ഏറ്റവും ലാഭമുള്ള ബിസിനസുകൾ ഏതാണെന്ന ചോദ്യത്തിന് അന്താരാഷ്ട്ര വിശകലന- റേറ്റിങ്ങ് ഏജൻസിയായ ബ്ലൂർബർഗ് ചൂണ്ടിക്കാട്ടുന്നത് രണ്ട് ഇടപാടുകളയൊണ്. മരുന്ന് വ്യവസായം, ആയുധ വ്യാപാരം. ഈ രണ്ടിലുമുള്ള പരമാവധി ലാഭം 25 ശതമാനമാണ്. നിയമവിരുദ്ധമായ മയക്കുമരുന്ന് വ്യവസായത്തിനുപോലും 30 ശതമാനത്തിൽ കൂടതൽ ലാഭം ആരും കൽപ്പിക്കുന്നില്ല. എന്നാൽ നമ്മുടെ വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഇടപാട് നോക്കുക. ഒറ്റയടിക്ക് അതിൽ സ്വപ്നയും കൂട്ടരും കമ്മീഷൻ അടിച്ചത് 40 ശതമാമാണ്! അതായത് ലോകത്തിലെ എറ്റവും ലാഭകരമായ ഒരു ബിസിനസാണ്, ഈ കമ്യൂണിസ്റ്റ് സർക്കാറിനെ നോക്കുകുത്തിയാക്കിക്കൊണ്ട് സ്വപ്ന നടത്തിപ്പോന്നത്. ചങ്ങാത്ത മുതലാളിത്തം എന്ന് കമ്യൂണിസ്്റ്റ് ടെർമിനോളജിയിൽ പറയുന്ന വർജിത വസ്തുവിന് ഏറ്റവും നല്ല ഉദാഹരണം.

ഒന്നോർത്തുനോക്കിയാൽ സരിതാ നായർ ഒന്നും സ്വപ്നയുടെ എഴയലത്ത് വരില്ല. ലൈംഗിക പീഡനത്തിന്റെയും ചൂഷണത്തിന്റെയും വാർത്തകൾ മാറ്റി നിർത്തിയാൽ, ഉമ്മൻ ചാണ്ടി ചോദിച്ചപോലെ അതിൽ പൊതുഖജനാവിന് എന്താണ് നഷ്ടമായിട്ടുള്ളത്. ബോധപൂർവം ആളുകളെ പറ്റിക്കാൻ അയിരുന്നെില്ലെന്നും സരിതയുടെ സോളാർ പദ്ധതി പൊളിയുകയാണ് ചെയ്തതെന്നും, പണം കൊണ്ടുപോയത് ബിജു രാധാകൃഷ്ണനാണെന്നും പിന്നീട് വിലയിരുത്തലുകൾ ഉണ്ടായിരുന്നു. ഒരു സംരംഭകക്ക് സ്വന്തം ശരീരംവെച്ച് സ്വാധീനം ഉണ്ടാക്കേണ്ട ഗതികേടും, മലയാളിയുടെ ലൈംഗിക ദാരിദ്രവുമായൊക്കെ ബന്ധപ്പെട്ട് ഒരു കേസ് സ്റ്റഡിതന്നെയാണ് സരിതാ കേസ്. പക്ഷേ ഇപ്പോഴത്തെ സ്വപ്നാ സുരേഷിന് മുന്നിൽ സരിതാ നയാർ ഒന്നുമല്ല. ഇന്നും പാപ്പരാണ് സരിത. പക്ഷേ സ്വപ്നയുടെ ബാങ്ക് അക്കൗണ്ടിൽ മുപ്പതും നാൽപ്പതും കോടികളാണ് ഇപ്പോഴും ഉള്ളത്. പീഡിഗ്രി വിദ്യാഭ്യാസം മാത്രമുള്ള ഈ സ്ത്രീ ഇതൊക്കെ എങ്ങനെ നേടിയെടുത്തുവെച്ച് ചിന്തിക്കുമ്പോഴാണ് ' ആയിരം സരിതക്ക് അര സ്വപ്ന' എന്ന സോഷ്യൽ മീഡിയയിലെ വാചകം ഓർമ്മവരുന്നത്.

 

തന്റെ സൗന്ദര്യം ഉപേയോഗിച്ച് പവർ ബ്രോക്കർ അഥവാ അധികാര ദല്ലാൾ ആയി ആസൂത്രിതമായി കാശ് അടിച്ചുമാറ്റുകയാണ് സ്വപ്ന ചെയ്്തത്. സ്വർണ്ണക്കടത്തിലായാലും ലൈഫ് മിഷനിലായാലും അത് വ്യക്തമാണ്. കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതോടെ സ്വർണ്ണക്കടത്ത് എന്ന ദേശവിരുദ്ധ പ്രവർത്തനത്തേക്കാൾ വലിയ പ്രവർത്തിയായാണ് വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതി ഉയർന്നു വരുന്നത്. എ രാജയുടെ ടു ജി അഴിമതിക്കാലത്തെ നീരറാഡിയമാരെപ്പോലെ പിണറായി സർക്കാറിന്റെ ഇടനാഴികളിൽ തമ്പടിച്ച് കരാറുകൾ അടിച്ചുമാറ്റുന്ന സ്വപ്നയുടെയും കൂട്ടരുടെയും രീതി പുറത്താവുകയാണ്. സോളാറിലെ പോലെയല്ല. ഇവിടെ പൊതുഖജനാവിനും നഷ്ടമുണ്ടായിട്ടുണ്ട്. വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കാറ്റടിച്ചാൽ തകരുന്ന രീതിയിലുള്ള ഫ്ള്ാറ്റ് നിർമ്മിക്കാനുള്ള സ്ഥലം ഇരുപത് കോടി രൂപ കൊടുത്താണ് സർക്കാർ എറ്റെടുത്തത്. അപ്പോൾ നഷ്ടം ആരുടേതാണ്.

സർക്കാറിന് ഇതിൽ നേരിട്ട് പങ്കില്ലെന്ന് വേണമെങ്കിൽ വാദിക്കാം. യുഎഇയിലെ ക്രസന്റ്മിഷനും യുണിടാക്ക് കമ്പനിയും തമ്മിലാണ് കരാർ എന്ന് പറയാം. പക്ഷേ ആരാണ് യുണിടാക്കിന് കരാർ കൊടുത്തത് എന്ന ചോദ്യം ഉയരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരൻ, ലൈഫ് മിഷൻ സിഇഒ യുവി ജോസിനെ തറെന്റ കാബിനിലേക്ക് വിളിപ്പിച്ചപ്പോൾ മാത്രമാണ് കരാർ വിവരം ജോസ് അറിയുന്നത്. ശിവശങ്കരനും സ്വപ്നയും തമ്മിലുള്ള അടുപ്പവും ഇന്ന് ഏവർക്കും അറിയാം. അപ്പോൾ ഫലത്തിൽ ആരാണ് ഇതിലെ പ്രതിയെന്ന് വ്യക്തമാണ്.

രണ്ടാം ലാവലിൻ കരാർ ആയിട്ടാണ് പലരും വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയെ വിലയിരുത്തുന്നത്. കാരണം ഇടനിലക്കാരും കമ്മീഷനും തന്നെയായിരുന്നു ലാവലിനിലും വിവാദമായത്. മലബാർ കാൻസർ സെന്ററിനെ ലാവലിൻ കമ്പനി സഹായിക്കുന്നുവെന്നും അത് തടയപ്പെടും എന്നുമായിരുന്നു അന്ന് സിപിഎം പ്രതിരോധം ഉയർത്തിയത്. ഇന്ന് ക്രസന്റ് മിഷനും വടക്കാഞ്ചേരിയിലെ ആശുപത്രി പണിയുന്നു. അങ്ങനെ യുഎഇയുടെ സഹായത്തോടെ നടക്കുന്ന സമഗ്ര വികസനം അട്ടിമറിക്കുന്നുവെന്നാണ് ഭരണപക്ഷം പറയുന്നത്. പക്ഷേ എല്ലാറ്റിനും പിറകിൽ ഈ ദല്ലാൾ സംസ്‌ക്കാരമാണെന്ന് വ്യക്തമാണ്. ഒരു ഇടതുപക്ഷ സർക്കാറിന് ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്താണ് അത്. ഇതോടൊപ്പം കേരളത്തിലെ പതിനായിക്കണക്കിന് ആളുകൾക്ക് വീട് വെച്ചുകൊടുക്കുന്ന നിർണ്ണയകമായ ലൈഫ് മിഷൻ പദ്ധതിയും അട്ടിമറിക്കപ്പെടുമെന്നും സിപിഎം പ്രതിരോധം ഉയർത്തുന്നു. എന്നാൽ കേരളത്തിൽ നടക്കുന്ന ലൈഫ് മിഷൻ പദ്ധതിയല്ല വടക്കാഞ്ചേരി ലൈഫ് മിഷൻ. ഒന്നിലെ അഴിമതി ചൂണ്ടിക്കാട്ടുമ്പോൾ മൊത്തം പദ്ധതിയുടെ മെറിറ്റ് ഉയർത്തിക്കാട്ടിയുള്ള പ്രതിരോധം ചപല വാദം തന്നെയാണ്.

എന്താണ് ലൈഫ് മിഷൻ പദ്ധതി

സത്യത്തിൽ കേരളത്തിന്റെ അഭിമാന പദ്ധതി തന്നെയാണ് ലൈഫ് മിഷൻ. നൂറുകണക്കിന് ഭവന രഹിതർ ആണ് ഇതിൽ വീട് കിട്ടിയിട്ടുള്ളയത്. കേരളത്തിൽ ഭവനരഹിതരായ എല്ലാവർക്കും വീടു വെച്ചു കൊടുക്കാൻ കേരള സർക്കാർ 2016ൽ ആരംഭിച്ച പദ്ധതിയാണ് ലൈഫ് മിഷൻ. മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒന്നാം ഘട്ടത്തിൽ മുൻകാലങ്ങളിലെ ഭവനപദ്ധതികളിൽ കൂടെ വീടു നിർമ്മാണം തുടങ്ങിയ, എന്നാൽ പൂർത്തീകരിക്കാൻ സാധിക്കാത്ത വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചു. രണ്ടാം ഘട്ടത്തിൽ, ഭവനരഹിതരായ എന്നാൽ ഭൂമി സ്വന്തമായുള്ള കുടുംബങ്ങൾക്ക് വീടു നിർമ്മിച്ചു കൊടുക്കുന്ന പദ്ധതിയായിരുന്നു. അവസാനം ലഭ്യമായ കണക്കനുസരിച്ച് ഈ ഘട്ടം 83% പൂർത്തിയായി. മൂന്നാമത്തെ ഘട്ടത്തിൽ, ഭൂരഹിതരായവർക്ക് ഫ്‌ളാറ്റ് നിർമ്മിച്ചു കൊടുക്കുന്ന പദ്ധതിയാണ്. ഇതിലാണ് വടക്കാഞ്ചേരിയിലെ വിവാദമായ ഫ്‌ളാറ്റ് സമുച്ചയനിർമ്മാണം പെടുന്നത്.

കേരള സർക്കാരിന്റെ തനതു ഫണ്ടിനോടൊപ്പം കേന്ദ്രപദ്ധതികൾക്കായി വകയിരുത്തിരിക്കുന്ന ഫണ്ടും ഇതുവരെ ഈ പദ്ധതിക്കായി വകയിരുത്തിരുന്നുണ്ട്. അതായത് ലൈഫ് പദ്ധതിയുടെ മൊത്തം ക്രഡിറ്റും പിണറായി സർക്കാറിനല്ല. കേന്ദ്രത്തിനുമുണ്ട്. മൂന്നാം ഘട്ടം മുതൽ, സർക്കാരേതര ഏജൻസികളുടെ പങ്കാളിത്തവും ലൈഫ് മിഷനായി പ്രയോജനപ്പെടുത്തുന്നുണ്ട്. ലൈഫ് മിഷൻ അടുത്തവർഷം പൂർത്തീകരിക്കുമ്പോൾ ഭവനരഹിതരില്ലാത്ത ലോകത്തിലെ ആദ്യ ജനവിഭാഗമായി മലയാളികൾ മാറുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.

ഇതിൽ മൂന്നാമത്തെ വിഭാഗത്തിൽ പെടുത്തിയാണ് വടക്കാഞ്ചേരിയിൽ ഫ്ളാറ്റ് നിർമ്മാണം തുടങ്ങുന്നത്. ഫ്്ളാറ്റിനുള്ള ഭൂമി 20 കോടി കൊടുത്ത് സർക്കാർ വാങ്ങുകയായിരുന്നു. സർക്കാരേതര ഏജൻസികളുടെ പങ്കാളിത്തവും ലൈഫ് മിഷനായി പ്രയോജനപ്പെടുത്താമെന്നുണ്ടല്ലോ. അങ്ങനെയാണ് യുഎഇയിലെ സന്നദ്ധ സംഘടനയായ റെഡ് ക്രസ്ന്റ് ഈ പ്രൊജക്റ്റ് ഏറ്റെടുക്കുന്നത്. അതായത് സംസ്ഥാന സർക്കാർ പത്തു പെസ മുടക്കേണ്ട. എല്ലാം അവർ നോക്കിക്കോളും. ഒറ്റനോട്ടത്തിൽ എത്ര ലാഭം.

റെഡ് ക്രസന്റ് ബിനാമിയോ?

കേരളത്തിലെ പ്രളയപുനഃനിർമ്മാണത്തിന്റെ സമയത്താണ് യുഎഇയിലെ ചാരിറ്റി സംഘടനയായ റെഡ് ക്രെസെന്റ് സംസ്ഥാനത്തെ സഹായിക്കാനായി മുന്നോട്ടു വരുന്നത്. എന്നാൽ, ചില സാങ്കേതികകാരണങ്ങളാൽ അന്ന് ആ സഹായം നൽകാൻ സാധിച്ചിരുന്നില്ല. അങ്ങനെയാണ് ലൈഫ് മിഷന്റെ മൂന്നാം ഘട്ടത്തിൽ ഈ സഹായവാഗ്ദാനം നടപ്പിലാക്കാനായി അവർ മുന്നോട്ടു വന്നത്.സർക്കാർ സ്ഥലം നൽകിയാൽ ലൈഫ് മിഷൻ ഫ്‌ളാറ്റ് സമുച്ചയം നിർമ്മാണവും, സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള ആശുപത്രിയും 21 കോടി രൂപ ചെലവഴിച്ച് സംസ്ഥാനത്തിനായി നിർമ്മിച്ചു തരുമെന്നായിരുന്നു റെഡ് ക്രെസെന്റിന്റെ വാഗ്ദാനം. അതിനായുള്ള ചെലവ് റെഡ് ക്രെസെന്റ് മുഖാന്തിരം ലഭ്യമാക്കുമെന്നും ധാരണയായി. ഈ ധാരണപ്രകാരം പദ്ധതിപ്രവർത്തനങ്ങൾക്കായുള്ള കരാർ ആർക്കു കൊടുക്കുമെന്നതും റെഡ് ക്രെസെന്റിന്റെ ഉത്തരവാദിത്തമായിരിക്കും. വിദേശ രാജ്യങ്ങളിലൊക്കെ ഇത്തരം ചാരിറ്റി സംഘനകൾ ഉണ്ട്. മൂന്നാംലോക രാജ്യങ്ങളിൽ സന്നദ്ധ പ്രവർത്തനം നടത്തുന്നതിന് അവർക്ക് വൻ ഫണ്ടിങ്ങൂം ടാക്സ് ഇളവും മറ്റും ലഭിക്കുന്നുണ്ട്.

ഇങ്ങനെ ഒരു സർക്കാരേതര ഏജൻസി ലൈഫ് മിഷനു വേണ്ടി ഫ്ളാറ്റ് സമുച്ചയം നിർമ്മിക്കുമ്പോൾ, അത് സർക്കാർ അംഗീകാരം നൽകുന്ന രൂപരേഖയ്ക്കനുസരിച്ചായിരിക്കണമെന്ന നിബന്ധന സർക്കാർ വെച്ചിട്ടുണ്ട്. ഇങ്ങനെയാണ് സർക്കാർ നിഷ്‌കർഷിക്കുന്ന ഗുണനിലവാരം ഫ്‌ളാറ്റുകൾക്കുണ്ടാകുമെന്ന് ഉറപ്പു വരുത്തുന്നത്. പക്ഷേ ഇവിടെ ആ പരിശോധന ആരും നടത്തിയില്ല. വടക്കാഞ്ചേരി ഫ്ളാറ്റിന്റെ പണി പകുതി ആയപ്പോൾ ആണ് ഇത് മോശമായ അവസ്ഥയിലാണ് പണി പുരോഗമിക്കുന്നതെന്ന് മനസ്സിലായത്. അന്ന് പക്ഷേ അതിന്റെ ഉള്ളുകള്ളികൾ ആർക്കും മനസ്സിലായിരുന്നില്ല. ഒരു പക്ഷേ സ്വർണ്ണക്കടത്ത് വിവാദം ഉണ്ടായില്ലെങ്കിൽ ഇതിന്റെ ഉള്ളുകള്ളികൾ ആർക്കും മനസ്സിലാവുമായിരുന്നില്ല.

സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ യുഎഇ കോൺസുലേറ്റ് മുൻ ഉദ്യോഗസ്ഥ സ്വപ്ന സുരേഷ് എൻഐക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ വിവാദം തുടങ്ങുന്നത്. അവരുടെ അക്കൗണ്ടിൽ കണ്ട ഒരു തുകയുടെ ഉറവിടം ലൈഫ് മിഷനുമായി ബന്ധപ്പെട്ട് യുഎഇ ചാരിറ്റി സംഘടനയായ റെഡ് ക്രെസെന്റ് നിർമ്മിച്ചു നൽകാനുദ്ദേശിക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തിന്റെ കരാറുമായി ബന്ധപ്പെട്ട് അവർക്ക് ലഭിച്ച കൈക്കൂലിയാണ് എന്നായിരുന്നു ആ മൊഴി. അതോടെയാണ് കേരളം ശരിക്കും ഞെട്ടിയത്. യൂണിടാക്ക് എന്ന കമ്പനിക്കാണ് റെഡ് ക്രെസെന്റ് കരാർ നൽകിയത്. ഈ കരാർ നൽകിയത് യൂണിടാക്ക് കമ്പനി റെഡ് ക്രെസെന്റിന് കോഴ നൽകിയത് മൂലമാണെന്നും, അതിന്റെ ഒരു പങ്കാണ് തന്റെ അക്കൗണ്ടിലെ ഒരു കോടി രൂപയെന്നുമാണ് മൊഴി. ഈ വിവാദം തുടക്കം മുതൽ ഉയർത്തിക്കൊണ്ടുവന്നത് അനിൽ അക്കര എംഎൽഎയാണ്. അനിൽ അക്കരയുടെ പരാതിയിൽ കേസിൽ സിബിഐയും എത്തി. ഞെട്ടിപ്പിക്കുന്ന കണ്ടെത്തലാണ് ഇതുസംബന്ധിച്ച് സിബിഐ നടത്തിയത്.

എന്നാൽ ഫ്‌ളാറ്റ് നിർമ്മിക്കാനും ആശുപത്രി നിർമ്മിക്കാനുമുള്ള കരാറിൽ റെഡ്ക്രസന്റിന് പകരം ഒപ്പിട്ടത് യുഎഇ കോൺസൽ ജനറലാണെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 2019 ജൂലൈയിലാണ് വടക്കാഞ്ചേരിയിൽ ഫ്‌ളാറ്റ് നിർമ്മാണത്തിന് സഹായം നൽകുന്നതിനായി സർക്കാരിന് വേണ്ടി ലൈഫ് മിഷൻ സിഇഒയും റെഡ്ക്രസന്റും തമ്മിൽ ധാരണാ പത്രം ഒപ്പിടുന്നത്. എന്നാൽ ഇതിന് പുറമെ ഒരു ഉപകരാർ കൂടിയുണ്ടായിരുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ. ഇ ഉപകരാറിലാണ് റെഡ്ക്രസന്റിന് പകരം കേരളത്തിലെ യുഎഇ കോൺസൽ ജനറൽ ഒപ്പിട്ടത്.

2019 ജൂലൈ 31 നാണ് ഈ കരാർ ഒപ്പിട്ടത്. വടക്കാഞ്ചേരിയിലെ തലപ്പള്ളി താലൂക്കിൽ പെട്ട സ്ഥലത്ത് 140 ഓളം പാർപ്പിടസമുച്ചയം നിർമ്മിക്കാനുള്ളതാണ് കരാർ. 500 ചതുരശ്ര അടി വിസ്തീർണമുള്ള സമുച്ചയം നിർമ്മിക്കാൻ ഉദ്ദേശിച്ചത്. ടെൻഡർ മുഖേനെയാണ് ഇതിലേക്ക് യുണിടാക്കിനെ തിരഞ്ഞെടുത്തതെന്ന് കരാരറിൽ പറയുന്നു.70 ലക്ഷം യുഎഇ ദിർഹത്തിന്റെ കരാറാണ് യുണിടാക്കും യുഎഇ കോൺസുലേറ്റും തമ്മിൽ ഒപ്പുവെച്ചിരിക്കുന്നത്. ഇതോടൊപ്പം ഫ്‌ളാറ്റ് സമുച്ചയത്തിന് സമീപത്ത് കുട്ടികൾക്കും അമ്മമാർക്കുമുള്ള ആശുപത്രി പണിയുന്നതിനായുള്ള കരാറുമുണ്ട്. എറണാകുളത്തെ സെയ്ന്റ് വെഞ്ചേഴ്‌സ് എന്ന സ്ഥാപനവുമായാണ് ആശുപത്രി നിർമ്മാണത്തിനുള്ള കരാർ. ഈ കരാറിലും ഒപ്പിട്ടിരിക്കുന്നത് യുഎഇ കോൺസൽ ജനറലാണ്. 30 ലക്ഷം ദിർഹത്തിന്റെതാണ് കരാർ. ഈ കമ്പനിയെയും ടെൻഡറിലൂടെയാണ് തിരഞ്ഞെടുത്തതെന്നാണ് രേഖകളിൽ പറയുന്നത്. അപ്പോൾ റെഡ് ക്രസ്റ്ന്റ് ആരാണ് എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.

സിബിഐ പറയുന്നു ഇത് അധോലോകം

വടക്കാഞ്ചേരിയിലെ സർക്കാർ ഭൂമിയിൽ ഫ്ളാറ്റ് നിർമ്മിക്കുന്ന യുണിടാക് കമ്പനിയുടെ ഉടമയാണ് സിബിഐ കേസിൽ ഒന്നാം പ്രതിയാക്കിയിട്ടുള്ള സന്തോഷ് ഈപ്പൻ. ഇദ്ദേഹത്തിന് പുറമേ യൂണിടാക്കിലെ ജീവനക്കാരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ക്രിമിനൽ ഗൂഢാലോചന, വിദേശ സംഭാവന നിയന്ത്രണ ചട്ടലംഘനത്തിലെ 35(3) വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ലൈഫ് മിഷൻ ഭവന നിർമ്മാണ പദ്ധതിയുടെ മറവിൽ കേന്ദ്രാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചതിന് വിദേശ സംഭാവന നിയന്ത്രണ നിരോധന നിയമത്തിലെ 35ാം വകുപ്പ് പ്രകാരമാണ് സിബിഐ ലൈഫ് മിഷൻ ഇടപാടിൽ അന്വേഷണം നടത്തി വരുന്നത്.

ലൈഫ് മിഷൻ പദ്ധതിക്ക് കീഴിൽ യുഎഇ റെഡ് ക്രസന്റുമായി യുണിടാക് ഉണ്ടാക്കിയ കരാർ നിയമാനുസൃതമല്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. കരാറിൽ പിഴവുകളുണ്ടെന്നും കേന്ദ്രസർക്കാർ ചൂണ്ടിക്കാണിച്ചിരുന്നു 20 കോടിയുടെ ലൈഫ് മിഷൻ പദ്ധതിയിൽ 9 കോടി രൂപയുടെ അഴിമതി നടന്നിട്ടുള്ളതായി ആരോപണമുന്നയിച്ച് അനിൽ അക്കരെ എംഎൽഎയും സിബിഐയ്ക്ക് പരാതി നൽകിയിരുന്നു. പരാതിയിൽ ലൈഫ് മിഷന്റെ മുൻ സിഇഒ, ഇപ്പോഴത്തെ സിഇഒ, സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സരിത്ത്, സന്ദീപ് നായർ, യുണിടാക് എംഡി സന്തോഷ് ഈപ്പൻ, ലൈഫ് മിഷൻ അധ്യക്ഷൻ മുഖ്യമന്ത്രി എന്നിവർക്കെതിരെ കേസെടുക്കണമെന്നാണ് എംഎൽഎ പരാതിയിൽ ആവശ്യപ്പെട്ടത്.

ലൈഫ് മിഷൻ ഇടപാട് അധോലോക ഇടപാടാണെന്നാണ് സിബിഐ കോടതിയിൽ അറിയിച്ചു. ലൈഫ് മിഷനും യുഎഇ റെഡ്ക്രസന്റും തമ്മിലുണ്ടാക്കിയ ധാരണാപത്രം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ഹൈജാക്ക് ചെയ്യുകയായിരുന്നുവെന്നും സിബിഐ ഇന്നലെ കോടതിയിൽ പറഞ്ഞത്. ശിവശങ്കരൻ തന്റെ ഓഫീസിലേക്ക് ലൈഫ് മിഷൻ സിഇഒ. യു.വി.ജോസിനേയും ഗീതു എന്ന ഉദ്യോഗസ്ഥയേയും വിളിച്ച് വരുത്തി. അപ്പോൾ മാത്രമാണ് ഇത്തരമൊരു നിർമ്മാണക്കരാറിലേക്ക് എത്തിയ കാര്യം സിഇഒ. ആയ യു.വി.ജോസ് അറിയുന്നത്. കേസിൽ യു.വി.ജോസ് പ്രതിയാകുമോ, മുഖ്യമന്ത്രി സാക്ഷിയാകുമോ എന്ന കാര്യം ഇപ്പോൾ പറയാനാകില്ലെന്നും സിബിഐ. പറഞ്ഞു.

യു.എ.ഇ കോൺസുലേറ്റിലേക്ക് റെഡ്ക്രസന്റിൽ നിന്ന് പണം വന്നതായി യാതൊരു തെളിവും ഇതുവരെ ലഭ്യമായിട്ടില്ല. യൂണിടാക്കിന് ലഭിച്ച പണം കോൺസുലേറ്റിന്റെ അക്കൗണ്ടിൽ നിന്നാണ് റെഡ്ക്രസന്റിൽ നിന്നല്ല. തന്നെയുമല്ല യു.എ.ഇ.കോൺസുൽ ജനറലും യൂണിടാക്കും തമ്മിൽ ഉണ്ടാക്കിയിരിക്കുന്ന കരാർ സംബന്ധിച്ചും വിശദമായ അന്വേഷണം വേണമെന്നും സിബിഐ. പറഞ്ഞു.ഈ കരാറിലേക്ക് യൂണിടാക്കിനെ എത്തിച്ചത് ടെണ്ടറിന്റെ പിൻബലത്തിലല്ല. ടെണ്ടർ നടപടികളുണ്ടായിട്ടില്ല. കമ്മീഷൻ ഉറപ്പിച്ച ശേഷം നടന്ന കരാറാണ് ഇതെന്നാണ് സിബിഐ. വാദം. 40 ശതമാനം കമ്മീഷൻ പോയ പദ്ധതിയാണ് ഇത്. 20 ശതമാനം കോൺസുൽ ജനറലിനും 10 ശതമാനം സ്വപ്നയ്ക്കും കമ്മീഷനായി ലഭിച്ചെന്നും സിബിഐ. പറഞ്ഞു.

കരാറുമായി ബന്ധപ്പെട്ട് യുണിടാക്ക് ആദ്യം സമീപിക്കുന്നത് സന്ദീപ് നായരെയാണ്. പിന്നീട് സരിത്തിനെയും സ്വപ്നയെയും കണ്ടു. ഇവരെല്ലാം തന്നെ കുപ്രസിദ്ധ കള്ളക്കടത്തുകേസുമായി ബന്ധപ്പെട്ട് നിലവിൽ ജയിലിലാണ്. കരാറിലേർപ്പെട്ട ശേഷം പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതികൾക്കായി സ്വപ്ന സുരേഷ്, യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പനെ വിളിച്ച് എം.ശിവശങ്കറിനെ കാണണമെന്ന് ആവശ്യപ്പെട്ടതായും സന്തോഷ് ഈപ്പന്റെ മൊഴി ഉദ്ധരിച്ച് സിബിഐ. പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ എം.ശിവശങ്കറിനെ സന്തോഷ് ഈപ്പൻ ഓഫീസിലെത്തി കാണുന്നു. ആ സമയത്ത് ശിവശങ്കർ യു.വി.ജോസിനേയും ഗീതുവിനേയും ഓഫീസിലേക്ക് വിളിച്ചുവരുത്തുന്നു. അവിടെവച്ചാണ് ലൈഫ്മിഷൻ സിഇഒ. യു.വി.ജോസ് യൂണിടാക് ഉടമകളെ കാണുന്നത്. അപ്പോഴാണ് ഇത്തരത്തിലുള്ള കരാർ ഉള്ള കാര്യം സിഇഒ അറിയുന്നത്. യൂണിടാക്കിന് എല്ലാ സഹായവും ചെയ്തുകൊടുക്കാൻ യു.വി.ജോസിനോട് ശിവശങ്കർ ആവശ്യപ്പെട്ടു.

ഇടപടുമായി ബന്ധപ്പെട്ട് വലിയ അഴിമതിയാണ് നടന്നിരിക്കുന്നതെന്ന് വാദിച്ച സിബിഐ ഇടപാടിൽ സംശയകരമായ നിരവധി കാര്യങ്ങളുണ്ടെന്നും അധോലോക ഇടപാടാണ് നടന്നിരിക്കുന്നതെന്നും വ്യക്തമാക്കി.

30% കമ്മിഷനിൽ 20% യുഎഇ കോൺസൽ ജനറലിന്

സ്വപ്ന ആവശ്യപ്പെട്ട 3.8 കോടി രൂപയാണ് സന്തോഷ് ഈപ്പൻ നൽകിയത് എന്നാണ് സിബിഐ ചൂണ്ടിക്കാട്ടുന്നത്. ഈ പണം കൈപ്പറ്റിയത് കോൺസുലേറ്റിലെ ഖാലിദിന് നൽകി. ഈ പണം നീല നമ്പരുള്ള വാഹനത്തിലാണ് കൊണ്ടുപോയത്. തുടർന്ന് സ്വപ്നയെ വിളിച്ചു, കാത്തുനിൽക്കാൻ ആവശ്യപ്പെട്ട സ്വപ്ന പണം മുഴുവൻ ഉണ്ടെന്നു തിട്ടപ്പെടുത്തിയതിനുശേഷം തിരിച്ചുവിളിച്ചു. തുടർന്നു പണം നൽകിയ ബാഗ് തിരിച്ചുനൽകിയെന്ന് സിബിഐ പറയുന്നു. യുണിടാക്ക് ഉടമ സന്തോഷ് ഈപ്പൻ ഇതെല്ലാം സമ്മതിച്ചെന്നാണ് സിബിഐ വിശദീകരിക്കുന്നത്. എന്നാൽ ഈ ഇടപാടിൽ സർക്കാരിന് പങ്കില്ലെന്നും അതുകൊണ്ട് തന്നെ ലൈഫ് മിഷനെ കേസിൽ പ്രതിയാക്കാൻ കഴിയില്ലെന്നുമാണ് സംസ്ഥാന സർക്കാരിന്റെ വാദം.

ലൈഫ് മിഷനിൽ 97 അപ്പാർട്‌മെന്റുകൾ നിർമ്മിക്കാനാണു സ്വപ്ന ആവശ്യപ്പെട്ടത്. 30% കമ്മിഷനിൽ 20% യുഎഇ കോൺസൽ ജനറലിനാണെന്നു സ്വപ്ന പറഞ്ഞു. 30 ലക്ഷം ദിർഹം കമ്മിഷനാണു സ്വപ്നയും യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥൻ ഖാലിദും ആവശ്യപ്പെട്ടത്. 40% തുക മുൻകൂർ ലഭിച്ചതിനുശേഷമേ കമ്മിഷൻ നൽകുകയുള്ളൂ എന്നാണ് യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ പറഞ്ഞത്. അപ്പാർട്‌മെന്റുകളുടെ എണ്ണം 100 ൽനിന്ന് 140 ആയി വർധിപ്പിക്കാൻ നിർദ്ദേശിച്ചപ്പോൾ എണ്ണം കൂടിയാൽ കമ്മിഷൻ അത്രയും നൽകാനാവില്ലെന്നു സന്തോഷ് ഈപ്പൻ പറഞ്ഞു. പിന്നീട് കമ്മിഷൻ കുറച്ചു. 20% കോൺസൽ ജനറലിനു പോകുമെന്നാണു സ്വപ്ന പറഞ്ഞത്. 6% സ്വപ്നയ്ക്കും കിട്ടിയെന്ന് സിബിഐ പറയുന്നു. കമ്മിഷൻ ലഭിച്ചതിനുശേഷം സ്വപ്ന ശിവശങ്കറുമായി കൂടിക്കാഴ്ചയും ഒരുക്കിയെന്നും പറയുന്നു.

ലൈഫ് മിഷൻ ധാരണാപത്രം റെഡ് ക്രസന്റുമായാണെന്നാണ് സംസ്ഥാന സർക്കാർ വാദം. റെഡ് ക്രസന്റാണ് യൂണിടാക്കിനെയും സെയിൻ വെഞ്ചേഴ്‌സിനെയും കണ്ടെത്തിയതും കരാർ ഏൽപിച്ചതും. ഇടപാടുകൾ വിദേശസംഭാവനാ നിയന്ത്രണ നിയമത്തിന്റെ കീഴിൽ വരുന്നില്ല. പദ്ധതിയുമായി ബന്ധപ്പെട്ടു സർക്കാരോ, സർക്കാർ ജീവനക്കാരോ വിദേശത്തുനിന്നു പണം സ്വീകരിച്ചിട്ടില്ല. ഇതു കള്ളപ്പണം വെളുപ്പിക്കലോ ഹവാല ഇടപാടോ അല്ല. ആദ്യം വിദേശസംഭാവനാ നിയന്ത്രണ നിയമ ലംഘനമാണു സ്ഥാപിക്കേണ്ടത്. ബാധകമല്ലാത്ത ഒരു നിയമം മുന്നോട്ടുവച്ച് അതിന്റെ പേരിൽ മറ്റു വാദങ്ങൾ കെട്ടിപ്പൊക്കുകയാണെന്നും സർക്കാർ എതിർവാദമുയർത്തി.

കഴിഞ്ഞ വർഷം ജൂണിൽ യൂണിടാക് ജീവനക്കാരനു ലഭിച്ച ഫോൺ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണു കരാർ സംബന്ധിച്ച കാര്യങ്ങൾ അറിഞ്ഞതെന്നു സന്തോഷ് ഈപ്പൻ പറഞ്ഞതായി സിബിഐ ഹൈക്കോടതിയെ ബോധിപ്പിച്ചു. യുഎഇ കോൺസുലേറ്റിന്റെ കരാർ സംബന്ധിച്ച വിവരം ലഭിച്ചതിനെത്തുടർന്നു യൂണിടാക് ഉദ്യോഗസ്ഥർ തിരുവനന്തപുരത്തു പോയി സ്വർണക്കടത്തു കേസ് പ്രതി സന്ദീപ് നായരെ കാണുകയായിരുന്നു. 30% കമ്മിഷൻ മുൻകൂറായി നൽകണമെന്നു പറഞ്ഞപ്പോൾ കമ്പനി പ്രതിനിധികൾ ആദ്യം നിരസിച്ചു. രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും വിളി വന്നു. തുടർന്നു കമ്പനി പ്രതിനിധികളും സരിത്, സന്ദീപ് സ്വപ്ന എന്നിവരും തിരുവനന്തപുരം ഹോട്ടലിൽ കൂടിക്കാഴ്ച നടത്തി.

യുഎഇ സർക്കാർ സാമ്പത്തിക സഹായത്തോടെയുള്ള സർക്കാർ പദ്ധതിയായതിനാൽ കേരള സർക്കാരിന്റെ എല്ലാ സഹായവും ലഭിക്കുമെന്നും നിയമപരമായ എല്ലാ അനുമതികളും വാങ്ങി നൽകാനുള്ള ഏർപ്പാടു ചെയ്യാമെന്നും സ്വപ്ന ഉറപ്പുനൽകിയെന്നും യൂണിടാക് ഉടമ പറഞ്ഞു. സന്തോഷ് ഈപ്പൻ 2019 ജൂലൈ അവസാനം യുഎഇയിൽ പോയി കോൺസൽ ജനറലിനെ കണ്ടു. പദ്ധതി രേഖകൾ കാണിച്ചു. രണ്ട് കരാർ തയാറാക്കാൻ കോൺസൽ ജനറൽ നിർദ്ദേശിച്ചു. അപ്പാർട്‌മെന്റ് നിർമ്മാണത്തിനു യൂണിടാക് ആൻഡ് ഡവലപ്പേഴ്‌സിനും ആശുപത്രിക്കു സെയിൻ വെഞ്ചേഴ്‌സിനും കരാർ ഉണ്ടാക്കി.

ഇത് എങ്ങനെ ടെൻഡർ നടപടിയുടെ ഭാഗമാണെന്നു പറയുമെന്നു സിബിഐ കോടതിയിൽ ചോദിച്ചു. ആരും അറിയാതെ രഹസ്യ ഇടപാടാണ് നടന്നത്. ധാരണാപത്രം വെറും കബളിപ്പിക്കലാണെന്നും സിബിഐ വാദിച്ചു. റെഡ് ക്രസന്റ് അല്ല കോൺസുലേറ്റ് അക്കൗണ്ടിൽ നിന്ന് പണം നൽകിയതെന്നും കോടതിയിൽ സിബിഐ വാദമുയർത്തി. ലൈഫ് മിഷന്റെ വടക്കാഞ്ചേരി പദ്ധതിയുടെ മറവിൽ അധോലോക ഇടപാടാണ് നടന്നതെന്ന് സിബിഐ. ഹൈക്കോടതിയിൽ വിശദീകരിച്ചു. എല്ലാ വസ്തുതകളും പുറത്തുകൊണ്ടുവരാൻ ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്നും വ്യക്തമാക്കി. എന്നാൽ, ഫെഡറൽ സംവിധാനത്തെ തകർക്കുന്നതാണ് സിബിഐ.അന്വേഷണമെന്ന് ലൈഫ് മിഷൻ ആരോപിച്ചു. സിബിഐ.അന്വേഷണം ചോദ്യം ചെയ്ത് ലൈഫ് മിഷൻ സിഇഒ.യു.വി.ജോസ് നൽകിയ ഹർജി പരിഗണിക്കവെയാണ് ഇക്കാര്യങ്ങൾ ഉന്നയിക്കപ്പെട്ടത്.

സിബിഐ. അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് നിയമമുണ്ട്. ഇതിനായി സംസ്ഥാന സർക്കാർ അഭ്യർത്ഥിക്കുകയോ ഹൈക്കോടതി ഉത്തരവിടുകയോ വേണം. ഇവിടെ അതുണ്ടായിട്ടില്ലെന്നും ലൈഫ് മിഷനുവേണ്ടി ഹാജരായ സുപ്രീംകോടതിയിലെ അഭിഭാഷകൻ കെ.വി. വിശ്വനാഥൻ വാദിച്ചു.

ഹാബിറ്റാറ്റ് ശങ്കറിന്റെ പ്ലാൻ മോഷ്ടിച്ചു

സർക്കാറിന്റെ വിവിധ പദ്ധതികൾ നടപ്പാക്കി കോടിക്കണക്കിന് രൂപ കിട്ടാനുള്ള വ്യക്തിയാണ് ഹാബിറ്റാറ്റ് ശങ്കർ. വടക്കാഞ്ചേരി ലൈഫ് പദ്ധതിക്കായി ഹാബിറ്റാറ്റ് തയാറാക്കിയ പ്ലാൻ മോഷ്ടിച്ച് സ്വപ്നാ സുരേഷിന് നൽകിയത് മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി കൂടിയായ എം ശിവശങ്കറാണെന്ന സംശയത്തിലാണ് സിബിഐ ഏറ്റവും ഒടുവിൽ നിൽക്കുന്നത്. പ്ലാൻ അതേപടി ചോർന്ന് സ്വപ്നയുടെയും സംഘത്തിന്റെയും കൈവശം എത്തി. സിബിഐ അന്വേഷണത്തിനെതിരെ ലൈഫ് മിഷനും യൂണിടാക് ഉടമയും നൽകിയ ഹർജികൾ ഹൈക്കോടതിയിൽ വാദത്തിനെത്തിയപ്പോൾ സിബിഐയാണ് പ്ലാൻ മോഷണം വ്യക്തമാക്കിയത്. ഈ സാഹചര്യത്തിൽ ശിവശങ്കറിനെ കേസിൽ പ്രതി ചേർക്കും. അറസ്റ്റും ചെയ്യാൻ സാധ്യതയുണ്ട്. പരമാവധി തെളിവ് ശേഖരിച്ച ശേഷമാകും ഈ നടപടി.

വടക്കാഞ്ചേരി പദ്ധതിയുടെ കൺസൽറ്റന്റായിരുന്ന ഹാബിറ്റാറ്റ് ബിൽഡേഴ്‌സ് തയാറാക്കിയ സൈറ്റ് പ്ലാൻ, ഡ്രോയിങ് തുടങ്ങിയവ സന്ദീപ്, സ്വപ്ന, സരിത് എന്നിവരുടെ കൈവശമെത്തി. ഇതാണു യൂണിടാക്കിനു കൈമാറിയത്. പദ്ധതിക്കായി യൂണിടാക് നൽകിയത് ഇതേ പ്ലാനും ഡ്രോയിങ്ങുമാണ്. ഇത് ശിവശങ്കർ എടുത്തു നൽകിയെന്നാണ് സിബിഐയുടെ വിലയിരുത്തൽ. ഇതിന് വേണ്ട തെളിവുകൾ ശേഖരിക്കും. സ്വപ്നയേയും സ്ന്ദീപിനേയും വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം. വലിയ അഴിമതിയാണ് ലൈഫ് മിഷൻ എന്ന നിലപാടിൽ സിബിഐ ഉറച്ചു നിൽക്കുകയാണ്. കേസിൽ ഹൈക്കോടതിയിലെ വിധി നിർണ്ണായകമാകും.

എന്നാൽ ലൈഫ് മിഷനിൽ നിന്ന് ഹാബിറ്റാറ്റിനെ ഒഴിവാക്കിയതല്ലെന്ന് ഹാബിറ്റാറ്റ് ചെയർമാൻ ജി ശങ്കർ. വടക്കാഞ്ചേരി പദ്ധതിയിൽ നിന്ന് സ്വയം ഒഴിഞ്ഞതാണെന്നും പദ്ധതിയുടെ കൺസൾട്ടൻസി മാത്രമായിരുന്നു ഹാബിറ്റാറ്റെന്നും ശങ്കർ പറയുന്നു. ഹാബിറ്റാറ്റ് നൽകിയ രൂപരേഖയിൽ ആശുപത്രി ഉണ്ടായിരുന്നില്ല. പദ്ധതി 15 കോടി രൂപയ്ക്കുള്ളിൽ നിയന്ത്രിക്കണമെന്ന് സർക്കാർ അന്ന് ആവശ്യപ്പെട്ടിരുന്നു. മേഖലയിലെ തന്റെ അറിവ് വെച്ച് യൂണിടാക് എന്ന കമ്പനിയെകുറിച്ച് മുമ്പ് കേട്ടിട്ടില്ല. പൂർണ്ണമായും ഹാബിറ്റാറ്റ് നൽകിയ രൂപരേഖയിലാണോ ഫ്‌ളാറ്റ് നിർമ്മാണം എന്നറിയില്ലെന്നും ശങ്കർ പറഞ്ഞു.

'സാങ്കേതികമായ ചില കാരണങ്ങളാലാണ് ഒഴിവാകാൻ തീരുമാനിക്കുന്നത്. സഹകരണം ഉഭയസമ്മതത്തോടെയാണ് നിർത്തിയത്. ഒഴിവാകാനായി ഞങ്ങൾ അപേക്ഷ കൊടുത്തു. ഏപ്രിലിൽ വന്ന കത്തിനകത്ത് വിദേശ ഏജൻസിയാണ് സ്‌പോൺസർഷിപ്പ് എന്നറിഞ്ഞു. സംസ്ഥാന സർക്കാരുമായുള്ള ധാരണയിൽ ഒരു സംഘടന സഹായിക്കാമെന്നേറ്റിട്ടുണ്ടെന്നും പറഞ്ഞു. പക്ഷെ പിന്നീടുള്ള ചർച്ചയിൽ 15 കോടി രൂപയ്ക്കുള്ളിൽ പദ്ധതി അടങ്കൽ കുറച്ച് റീഡിസൈൻ ചെയ്യാൻ ആവശ്യപ്പെട്ടു. അങ്ങനെ റീഡിസൈൻ ചെയ്തു സോഫ്റ്റ് കോപ്പിയും നൽകി. പിന്നീടാണ് പിന്മാറുന്നത്', ശങ്കർ കൂട്ടിച്ചേർത്തു.

സർക്കാർ 20 കോടി മുടക്കിയിട്ട് കിട്ടിയത് കാറ്റടിച്ചാൽ വീഴുന്ന കെട്ടിടം

സർക്കാറിന് ഒരു നഷ്ടവും വന്നിട്ടില്ലല്ലോ എന്ന് പറയുന്നവർ ഓർക്കേണ്ടത് സ്ഥലം ഏറ്റെടുക്കുന്നതിനായി സർക്കാർ 20 കോടി മുടക്കിയിട്ടുണ്ടെന്നാണ്. എന്നിട്ട് നിർമ്മിച്ച കെട്ടിടം എത്തരത്തിൽ ഉള്ളതാണ്.

ഒരു കാറ്റടിച്ചാൽ മറിഞ്ഞുവീഴുന്ന കെട്ടിടമാണ് ലൈഫ് മിഷൻ പദ്ധതിക്കായി വടക്കാഞ്ചേരിയിൽ നിർമ്മിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. വടക്കാഞ്ചേരിയിലെ ചരൽ പറമ്പിൽ ലൈഫ് മിഷൻ ഭൂരഹിതർക്കായി നിർമ്മിക്കുന്ന പാർപ്പിട സമുച്ചയം സന്ദർശിച്ച ശേഷം കോൺഗ്രസ് സംഘടിപ്പിച്ച ഏകദിന സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാവപ്പെട്ട കുടുബങ്ങളോടുള്ള ചതിയാണിത്. അവിടെ ജീവിക്കുന്നവർക്ക് മന്ത്രി എ.സി മൊയ്തീൻ ഇൻഷ്വറൻസ് എടുത്തു കൊടുക്കണം. ലൈഫ് മിഷൻ ഫ്ളാറ്റ് നിർമ്മാണത്തിലെ അഴിമതിയും ക്രമക്കേടും കണ്ടെത്താൻ സിബിഐ അന്വേഷണം നടത്തണം എന്നും ചെന്നിത്തല പറഞ്ഞു.

പരാതിയെ കുറിച്ച് വിശദമായ അന്വേഷണം നടത്താൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിട്ടുണ്ട്. അനിൽ അക്കര എം എൽ എ സമർപ്പിച്ച പരാതിയിലാണ് നടപടി.. ലൈഫ് പദ്ധതിയിൽ വീട് നിർമ്മിക്കാൻ സർക്കാരിന് കൃത്യമായ ചട്ടങ്ങളുണ്ട്. എന്നാൽ ധാരണാപത്രത്തിലെ വ്യവസ്ഥകളെല്ലാം ഉദ്യോഗസ്ഥർ കാറ്റിൽ പറത്തിയതായി പരാതിയിൽ പറയുന്നു. കെട്ടിട സമുച്ചയത്തിൽ അഗ്നി രക്ഷാ സംവിധാനം ഏർപ്പെടുത്തിയിട്ടില്ലെന്ന് പരാതിയിൽ പറയുന്നു.കെട്ടിടം നിർമ്മിക്കുന്ന യൂണിടാകിനും സെയിൽ വെഞ്ചേഴ്സിനും പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിട നിർമ്മാണ ലൈസൻസില്ലെന്ന് പരാതിയിൽ പറയുന്നു. കെട്ടിടത്തിന് സർക്കാർ അംഗീകരിച്ച പ്ലാനോ എസ്റ്റിമേറ്റോ ഇല്ല. കെട്ടിടനിർമ്മാണത്തിന് ഗുണനിലവാരവുമില്ല. 2018 ൽ ഉരുൾപൊട്ടലുണ്ടായ കുറാഞ്ചേരിക്ക് സമീപത്തായിട്ടും റവന്യു- പരിസ്ഥിതി വകുപ്പിന്റെ അനുമതിയും പദ്ധതിക്കുണ്ട്.

അഴിമതി പുറത്തുവന്നത് അനിൽ അക്കരയുടെ ഇടപെടലിൽ

ഈ അഴിമതി പുറത്തുവന്നത് അനിൽ അക്കരെ എംഎൽഎയുടെ ശക്തമായ ഇടപെടലിനെ തുടർന്നാണ്. എന്നാൽ അനിൽ അക്കരയെ വികസന വിരുദ്ധനാക്കി ചിത്രീകരിക്കാനാണ് സിപിഎം ശ്രമിച്ചത്. ഭവനരഹിതർക്ക് ഇദ്ദേഹം പരവെക്കുകയാണെന്നായിരുന്നു ആരോപണം. പക്ഷേ വടക്കാഞ്ചേരി ഫ്ളാറ്റും കേരളത്തിലെ ലൈഫ് മിഷനും തമ്മിൽ പ്രത്യക്ഷത്തിൽ യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാണ്. എന്നിട്ടും നിരവധിപേരുടെ ഭവന സ്വപ്നങ്ങൾ അട്ടിമറിക്കുന്നുവെന്നാണ് സിപിഎം പ്രചാരണം. വീട് നഷ്ടപ്പെടുന്നുവെന്ന് പറഞ്ഞ് ഇല്ലാത്ത കുട്ടിയുടെ കത്തുപോലും പ്രചരിച്ചു. ഈ കുട്ടിയെ കാത്ത് അനിൽ അക്കരെ ബൂത്ത് കെട്ടി ഇരുന്നതോടെ ആ കാപസ്യൂൾ പ്രചാരണവും അവസാനിച്ചു.

ലെഫ് മിഷൻ ഫ്ളാറ്റ് സമുച്ചയം നിർമ്മാണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോട് പത്ത് ചോദ്യങ്ങളുമായി അനിൽ അക്കര എംഎ‍ൽഎ. വന്നതും വലിയ വർത്തായായിരുന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഒപ്പിട്ട കരാർ പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടിട്ടും പുറത്തുവിടാത്തതെന്ത്, പദ്ധതിയിൽ യൂണിറ്റാക്കിന് പുറമേ സെയിൻ വെഞ്ചേഴ്സ് എന്ന കമ്പനിയുടെ പങ്കാളിത്തം എന്താണ്, യൂണിറ്റാക്കിന് വിദേശസംഘടനയുടെ ഫണ്ട് ഉപയോഗിച്ച് പദ്ധതികൾ നടത്താനുള്ള കേന്ദ്ര സർക്കാർ അനുമതിയുണ്ടോ തുടങ്ങിയ പത്ത് കാര്യങ്ങളാണ് എംഎ‍ൽഎ. ചോദിച്ചത്.

അനിലിന്റെ ഇടപെടലിനെ തുടർന്ന് ചട്ടംലംഘിച്ചും അശാസ്ത്രീയമായും പണിയുന്ന ഫ്ളാറ്റിന്റെ നിർമ്മാണം പൂർണ്ണമായും നിർത്തിവെച്ചിട്ടുണ്ട. വടക്കാഞ്ചേരി നഗരസഭയിൽ സിബിഐ നടത്തിയ പരിശോധനയിൽ നിരവധി രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. മൂന്നംഗ സിബിഐ സംഘമാണ് രണ്ട് മണിക്കൂറോളം പരിശോധന നടത്തിയത്. പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച ശേഷമായിരിക്കും സിബിഐ അടുത്ത നടപടി സ്വീകരിക്കുക. ഭൂമി ഇടപാടുകൾ സംബന്ധിച്ച രേഖകൾ, വൈദ്യുതിക്ക് അനുമതി നൽകിയത് സംബന്ധിച്ച രേഖകളാണ് പിടിച്ചെടുത്തത്.

അപ്പോഴും കേരളസർക്കാരിനല്ല കോഴ കൊടുത്തത്, സർക്കാരിന്റെ അറിവോടെയുമല്ല ആ കോഴ ഇടപാട് നടന്നിരിക്കുന്നത് എന്ന പ്രതിരോധമാണ് സിപിഎം ഉയർത്തുന്നത്. അപ്പോൾ ശിവശങ്കരൻ ആരാണ്. പദ്ധതിയുടെ മേൽനോട്ടം വഹിക്കേണ്ട സർക്കാർ എന്തുകൊണ്ട് അത് ചെയ്തില്ല തുടങ്ങിയ ആരോപണങ്ങൾക്ക് മറുപടി പറയാൻ അവർക്ക് ആവുന്നില്ല. ഒരോ പദ്ധതിയിലും നിരന്തരമായ സൂക്രിട്ടിനിയും സുതാര്യതയും ഉണ്ടാവണം എന്നുതന്നെയാണ് ഈ ഇടപാട് സൂചിപ്പിക്കുന്നത്. ഇനി ഇതിൽ അറിയാനുള്ളത് മുഖ്യമന്ത്രിക്കോ മറ്റുള്ളവർക്കോ നേരിട്ട് പങ്കുണ്ടോ എന്നാണ്. അതിന്റെ സൂചനകൾ കിട്ടിയാൽ കേരള രാഷ്ട്രീയത്തിലെ രണ്ടാം ലാവലിനായും ഈ വിവാദം ഉയരുമെന്നതിൽ തർക്കമില്ല. ഇരട്ടച്ചങ്കൻ എന്ന് വിളിക്കുന്ന മുഖ്യമന്ത്രിയുടെ മൂക്കിനു താഴെ ഒരു ദല്ലാൾ യുവതിയുടെ നേതൃത്വത്തിൽ ഇത്രയേറെ അഴിമതികൾ നടന്നുവെന്നതും നാണക്കേടാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP