Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കൊടുവള്ളിയുടെ വിൻസന്റ് ഗോമസ് എന്നറിയപ്പെട്ടിരുന്ന കാരാട്ട് റസാഖ്; കോഫാപോസ കേസിലെ പ്രതികളെ രക്ഷിക്കാൻ കത്തെഴുതിയ പിടിഎ റഹീം; അറബിവേഷത്തിൽ ജയിലെത്തി എത്തി ഫായിസ് കണ്ട മോഹനൻ മാസ്റ്റർ; കൂപ്പർ വിവാദത്തിൽ അവസാനിക്കുന്നതല്ല കാരാട്ട് ഫൈസലിന്റെ ബന്ധങ്ങൾ; സംശയമുന രണ്ട് എംഎൽഎമാരിലേക്കും ജില്ലാ സെക്രട്ടറിയിലേക്കും; ഗോൾഡൻ എംഎൽഎമാരും ഗോൾഡൻ പാർട്ടിയും സിപിഎമ്മിനെ കുരുക്കുമ്പോൾ; മലബാറിൽ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയർത്തി സ്വർണ്ണക്കടത്ത് വിവാദം

കൊടുവള്ളിയുടെ വിൻസന്റ് ഗോമസ് എന്നറിയപ്പെട്ടിരുന്ന കാരാട്ട് റസാഖ്; കോഫാപോസ കേസിലെ പ്രതികളെ രക്ഷിക്കാൻ കത്തെഴുതിയ പിടിഎ റഹീം; അറബിവേഷത്തിൽ ജയിലെത്തി എത്തി ഫായിസ് കണ്ട മോഹനൻ മാസ്റ്റർ; കൂപ്പർ വിവാദത്തിൽ അവസാനിക്കുന്നതല്ല കാരാട്ട് ഫൈസലിന്റെ ബന്ധങ്ങൾ; സംശയമുന രണ്ട് എംഎൽഎമാരിലേക്കും ജില്ലാ സെക്രട്ടറിയിലേക്കും; ഗോൾഡൻ എംഎൽഎമാരും ഗോൾഡൻ പാർട്ടിയും സിപിഎമ്മിനെ കുരുക്കുമ്പോൾ; മലബാറിൽ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയർത്തി സ്വർണ്ണക്കടത്ത് വിവാദം

എം മാധവദാസ്

കോഴിക്കോട്: കാരാട്ട് ഫൈസൽ എന്ന ഇടതു സ്വതന്ത്രനായ നഗരസഭാ കൗണസിലർ കസ്റ്റഡിയിലായതോടെ തിരുവനന്തപുരം നയതന്ത്ര സ്വർണ്ണക്കടത്തുകേസിന്റെ കണ്ണികൾ വീണ്ടും കൊടുവള്ളി മാഫിയാ എന്ന് അറിയപ്പെടുന്ന സ്വർണ്ണക്കടത്ത് സംഘത്തിലേക്ക് നീങ്ങുകയാണ്. 44 ലക്ഷം വിലമതിക്കുന്ന കൂപ്പർ കാറിൽ കോടിയേരി ബാലകൃഷ്ണനെ കയറ്റി നേരത്തെ വിവാദ പുരഷനായ കാരാട്ട് ഫൈസലിന് ബിനീഷ് കോടിയേരി അടക്കമുള്ളവരുമായി അടുത്ത ബന്ധമാണ് ഉള്ളതെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നേരത്തെ പലതവണ സ്വർണ്ണക്കടത്ത് കേസിലും കോഫോപോസ കേസിലുംപെട്ട ഇയാളെ കൂടുതൽ ചോദ്യം ചെയ്താൽ കനകമാഫിയയുടെ രഹസ്യബന്ധങ്ങൾ പുറത്തുവരുമെന്നാണ് കരുതുന്നത്. കുന്ദമംഗലം എംഎൽഎ അഡ്വ പിടിഎ റഹീമിനും, കൊടുവള്ളി എംഎൽഎ കാരാട് റസാഖിനും സ്വർണ്ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് അടക്കമുള്ളവർ നേരത്തെ ആരോപിച്ചിരുന്നു. ഈ ആരോപണങ്ങൾ ശരിവെക്കുന്ന രീതിയിലേക്കാണ് പുതിയ അന്വേഷണം നീങ്ങുന്നത്.

അതേസമയം മലബാറിൽ രാഷ്ട്രീയ കൊടുങ്കാറ്റിന് സാധ്യതുള്ളതാണ് ഫൈസലിന്റെ ബന്ധങ്ങൾ. രണ്ട് എംഎൽഎമാർ മാത്രമല്ല സിപിഎം ജില്ലാസെക്രട്ടറി മോഹനൻ മാസ്റ്ററുടെ പേര്പോലും ഇതിൽ ഉയരുന്നുണ്ട്. കാരണം ടിപി വധക്കേസിൽ പ്രതിചേർക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന മോഹനൻ മാസ്റ്ററെ, സ്വർണ്ണക്കടത്തകളുടെ സൂത്രധാരണായ ഫായിസ് അറബിവേഷത്തിൽ എത്തിയാണ് കണ്ടത്. സിസിടിവി ദൃശ്യങ്ങൾ ഇത് സ്ഥിരീകരിക്കുമ്പോഴും ഈ കൂടിക്കാഴ്ച എന്തിനാണെന്ന് വിശദീകരിക്കാൻ സിപിഎമ്മിന് ആയിട്ടില്ല.

സ്വർണ്ണക്കടത്തുകാർ സ്വന്തമായി പാർട്ടിയുണ്ടാക്കുന്നു

സ്വർണ്ണ- കുഴൽപ്പണ സംഘങ്ങൾ സ്വന്തമായി രാഷ്ട്രീയ പാർട്ടിയുണ്ടാക്കിയ നാടാണ് കൊടുവള്ളി എന്നാണ് ബിജെപി അടക്കമുള്ള കക്ഷികൾ പറയുന്നത്. മുസ്ലിം ലീഗിൽനിന്ന് തെറ്റിപ്പിരിഞ്ഞുകൊണ്ട് പിടിഎ റഹീം രൂപം കൊടുത്ത റഹീം ലീഗ് എന്ന് അറിയപ്പെടുന്ന പാർട്ടിയുടെ അടിത്തറ സ്വർണ്ണ- കൂഴൽപ്പണ സംഘങ്ങൾ ആയിരുന്നെന്നാണ് എതിരാളികൾ ആരോപിക്കുന്നത്. ഇതിന്റെ പ്രത്യുപകാരം എന്ന നിലയിലാണ് കോഫപോസ് പ്രതികളെ രക്ഷിക്കാനായി പിടിഎ റഹീം എംഎൽഎക്ക് കത്ത് എഴുതേണ്ടി വന്നത് എന്നാണ്, പി കെ ഫിറോസ് പറയുന്നത്. ഗോൾഡൻ പാർട്ടിയെന്നും, ഗോൾഡൻ എംഎൽഎമാർ എന്ന ഇരട്ടപ്പേരിലാണ് ഇവർ അറിയപ്പെടുന്നത്.

കൊടുവള്ളിയുടെ വിൻസന്റ് ഗോമസ് എന്നറിയപ്പെട്ടിരുന്ന കാരാട്ട് റസാഖ് കുഴൽപ്പണ സ്വർണ്ണക്കടത്തിലൂടെയാണ് വളർന്നതെന്ന് ഇവിടെ എല്ലാവർക്കും അറിയാവുന്ന രഹസ്യമാണ്. മുസ്ലീലീഗ് നേതാവായിരുന്നു ഇദ്ദേഹം പിന്നീട് ലീഗുമായി ഇടഞ്ഞു. കഴിഞ്ഞ തെരഞ്ഞെുടുപ്പിൽ ഇടതു സ്വതന്ത്രനായി നിന്നാണ് ഇദ്ദേഹം, മുസ്ലിം ലീഗിന്റെ കുത്തക സീറ്റിൽ അട്ടിമറി ജയം നേടിയത്. കാരാട്ട് ഫൈസൽ തന്റെ ബന്ധുവല്ല എന്നാണ് കാരാട്ട് റസാഖ് എംഎൽഎയുടേതായിട്ട് ഇപ്പോൾ വന്ന പ്രതികരണം. പക്ഷേ തന്റെ സുഹൃത്തും അനുയായിലയും അല്ലെന്ന് നിഷേധിക്കാൻ റസാഖിന് കഴിയുന്നില്ല. അങ്ങനെ കഴിയുകയുമില്ല. ഇപ്പോൾ സാമൂഹിക പ്രവർത്തനങ്ങൾ ചെയ്യുന്ന റസാഖിന്റെ പൂർവകാല ചരിത്രം എല്ലാവർക്കും നന്നായി അറിയാവുന്നതാണ്. കഴിഞ്ഞ തെരെഞ്ഞടുപ്പിൽ റസാഖിന് പിന്തുണ നൽകിയപ്പോൾ തന്നെ ഈ ഹവാല ബന്ധം പുലിവാലാകുമെന്ന് സിപിഎം നേതാക്കാളോട് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ മോഹനൻ മാസ്റ്ററുടെയും കോടിയേരിയുടെയും പരോക്ഷ പിന്തുണ കാരാട്ടിന് തുണയായി എന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ പറയുന്നത്.

എന്നാൽ പിടിഎ റഹീം ഈ ആരോപണങ്ങൾ നിഷേധിക്കയാണ്. ഒരു സ്വർണ്ണക്കടത്തുകാരനുമായും തനിക്ക് ബന്ധമില്ലെന്നും ഇതെല്ലാം പി കെ ഫിറോസ് കാലങ്ങളായി ഉയർത്തുന്നതാണെന്നും അദ്ദേഹം ആരോപിക്കുന്നു.

കാരാട്ട് ഫൈസൽ പലരുടെയും ബിനാമി

എല്ലാകള്ളക്കടത്തുകാരെയും പോലെ പത്താംക്ലാസും ഗുസ്തിയുമായി ഇറങ്ങിയ കാരാട്ട് ഫൈസൽ വളരെ പെട്ടന്നുതന്നെ സ്വർണ്ണക്കടത്തിന്റെയും കുഴൽപ്പണ ലോബിയുടെയും ഒപ്പം എത്തുകയായിരുന്നുവെന്നാണ് വിവരം. കൊടുവള്ളി നഗരസഭയിലെ ഇടതു മുന്നണി കൗൺസിലറായ ഫൈസൽ, ബിനീഷ് കോടിയേരി അടക്കമുള്ളവരുടെ ബിനാമിയാണെന്ന് ബിജെപി, യൂത്ത്ലീഗ് നേതാക്കൾ ആരോപിച്ചിട്ടുണ്ട്. വ്യവസായി കൂടിയായ കാരാട്ട് ഫൈസൽ ഇതിന് മുമ്പ് പലതവണ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതിയായിരുന്നു. നേരത്തെ ഇദ്ദേഹം വിവാദ നായകനായത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മുമ്പു നടത്തിയ ജനജാഗ്രതാ യാത്രക്ക് കൊടുവള്ളിയിൽ നൽകിയ സ്വീകരണത്തിനിടെ ഉപയോഗിച്ച കാർ വിവാദത്തിലായപ്പോഴാണ്. ഫൈസലിന്റെ ഉടമസ്ഥതയിലുള്ള 44 ലക്ഷം രൂപ വിലയുള്ള മിനി കൂപ്പർ കാറിലായിരുന്നു കൊടുവള്ളിയിൽ കോടിയേരിയുടെ സഞ്ചാരം. സ്വർണ്ണക്കടത്തു കേസിലെ ഏഴാം പ്രതിയായിരുന്നു ഫൈസൽ. കൊടുവള്ളി കേന്ദ്രീകരിച്ചു നടത്തുന്ന സ്വർണ്ണക്കടത്തു സംഘങ്ങളിലെ പ്രധാനിയാണ് കാരാട്ട് ഫൈസൽ എന്ന ആരോപണങ്ങളും ശക്തമായിരുന്നു.

കൊടുവള്ളി എംഎൽഎ പിടിഎ റഹീം അധ്യക്ഷനായ പാർട്ടിയുടെ പ്രധാന നേതാവായിരുന്നു കാരാട്ട് ഫൈസൽ .ഈ പാർട്ടി ഇപ്പോൾ ഐ.എൻ.എല്ലിൽ ലയിച്ചിട്ടുണ്ട്. പിടിഎ റഹീമുമായും അടുത്ത ബന്ധമാണ് ഉള്ളത്. കസ്റ്റംസ് റെയ്ഡിന്റെ വിവരങ്ങൾ പുറത്തു വന്നതോടെ കൊടുവള്ളിയിൽ യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ പ്രതിഷേധവും തുടങ്ങിയിട്ടുണ്ട്. ഡിആർഐ അന്വേഷിച്ച കരിപ്പൂർ സ്വർണക്കടത്ത് കേസിന്റെ പ്രതിപ്പട്ടികയിൽ ഏഴാമാനായിരുന്നു ഫൈസൽ. കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിലാണു കാരാട്ട് ഫൈസലിനെയും ഡിആർഐ പ്രതി ചേർത്തത്. സ്വർണക്കടത്തു കേസിലെ ഒന്നാം പ്രതി ഷഹബാസായിരുന്നു.

2013 നവംബർ എട്ടിനായിരുന്നു കോഴിക്കോട് വിമാനത്താവളം വഴി കടത്തിയ ആറു കിലോ സ്വർണം ഡിആർഐ പിടികൂടിയത്. തലശ്ശേരി സ്വദേശിനി റാഹില ചീരായ്, പുൽപ്പള്ളി സ്വദേശിനി എയർഹോസ്റ്റസ് ഹിറാമോസ വി. സെബാസ്റ്റ്യൻ എന്നിവരെയായിരുന്നു ആദ്യം പിടികൂടിയത്. പിന്നീട് ഷഹബാസ്, ബന്ധു അബ്ദുൽ ലൈസ്, കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി നബീൽ അബ്ദുൽ ഖാദർ, മുഹമ്മദ് അഷ്‌റഫ് എന്നിവരും പിടിയിലായി. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണു ഫൈസലിന്റെ പങ്ക് വ്യക്തമായത്. തുടർന്നു 2014 മാർച്ച് 27നു കൊടുവള്ളി പഞ്ചായത്ത് അംഗമായിരുന്ന കാരാട്ട് ഫൈസലിനെയും ഡിആർഐ പിടികൂടി.ഫൈസലിനെ ഡിആർഐ സൂപ്രണ്ട് വി എസ്. സെയ്ത് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു അന്ന് അറസ്റ്റ് ചെയ്തത്. കരിപ്പൂർ സ്വർണക്കടത്തു കേസിലെ ഒന്നാം പ്രതി ഷഹബാസ് ഉപയോഗിക്കുന്ന 60 ലക്ഷം രൂപ വിലവരുന്ന കാറും ഫൈസലിന്റെ വീട്ടിൽ നിന്നു കണ്ടെത്തിയിരുന്നു. ഡിആർഐ അഡ്ജുഡിക്കേറ്റിങ് കമ്മിറ്റി മുൻപാകെ സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിൽ ഓരോ പ്രതികളും ചെയ്ത കുറ്റങ്ങളും മറ്റു പ്രതികളുമായി ഇവർക്കുള്ള ബന്ധവും വ്യക്തമാക്കിയിട്ടുണ്ട്.

കാരാട്ട് ഫൈസലിന്റെ കൊടുവള്ളിയിലെ വീട്ടിൽ ഇന്നു പുലർച്ചെ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. ഫൈസലിന്റെ വീട്ടിലും ഇതിനോട് ചേർന്ന കെട്ടിടത്തിലുമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പരിശോധന നടത്തിയത്. റെയ്ഡിൽ ചില ഡിജിറ്റൽ രേഖകളും മൊബൈൽ സന്ദേശങ്ങളും ചില രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. നയതന്ത്ര ബാഗേജ് വഴി ആദ്യഘട്ടത്തിൽ വന്ന 80 കിലോ സ്വർണം തൃശിനാപ്പള്ളി അടക്കമുള്ള സ്ഥലങ്ങളിൽ വിൽക്കാൻ ശ്രമിച്ചത് ഫൈസലാണെന്നാണ് കസ്റ്റംസിന് ലഭിച്ച സൂചനകൾ. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഫൈസലിന്റെ വീട്ടിൽ റെയ്ഡ് നടത്തിയത്. കാരാട്ട് ഫൈസലാണ് സ്വർണക്കടത്തു സംഘത്തിലെ പ്രധാനി എന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ.

കസ്റ്റഡിയിലെടുത്ത കാരാട്ട് ഫൈസൽ സ്വർണക്കടത്തിൽ വൻ നിക്ഷേപം നടത്തിയിരുന്നതായി കസ്റ്റംസ് വൃത്തങ്ങൾ സൂചനകൾ നൽകുന്നത്. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്തിൽ വർഷങ്ങളായി കാരാട്ട് ഫൈസലിന് ബന്ധമുണ്ടെന്നും കസ്റ്റംസ് സൂചന നൽകി. ഈ കേസിൽ കാരാട്ട് ഫൈസലിന് പ്രധാന പങ്കുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേന്ദ്രമാണ് കൊടുവള്ളി. 30 കിലോയാണ് നിലവിലെ കേസിന് ആധാരമായി പറയുന്നതെങ്കിൽ ഏകദേശം 400 കിലോ സ്വർണം നയതന്ത്ര ചാനൽ വഴി പ്രതികൾ ഇതിനകം കടത്തിയിട്ടുണ്ടെന്ന സൂചനയുമുണ്ട്.ഉച്ചയോടെ കസ്റ്റംസിന്റെ കൊച്ചി ഓഫീസിലെത്തിക്കുന്ന കാരാട്ട് ഫൈസലിനെ ലഭിച്ച തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം. കാരാട്ട് റസാഖ് എംഎൽഎയുടെ ബന്ധുവാണ് കാരാട്ട് ഫൈസൽ. ഇടത് സ്വതന്ത്രനായ ഫൈസൽ കൊടുവള്ളി നഗരസഭയിലെ 27ാം വാർഡ് അംഗമാണ്. നേരത്തെ നടന്ന കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ഉൾപ്പെടെ ഫൈസലിനെ മുമ്പ് ഡിആർഐ പ്രതി ചേർത്തിരുന്നു. ഈ കേസുകളിലെ പ്രതികളുമായി കാരാട് ഫൈസലിന് ബന്ധമുണ്ടെന്ന് ഡിആർഐ കണ്ടെത്തുകയും ചെയ്തിരുന്നു.

ഗോൾഡൻ എംഎൽഎമാർ വിവാദത്തിൽ

കാരാട്ട് റസാഖും പിടിഎ റഹീമും കോഫപോസ കേസിലെ പ്രതികൾക്ക് ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. മുസ്ലിം ലീഗിന്റെ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും 10 വർഷം കൊടുവള്ളി പഞ്ചായത്തംഗമായും പ്രവർത്തിച്ച കാരാട്ട് റസാഖ് ലീഗ് വിട്ടത് 2016ലെ നിയമസഭാ സ്ഥാനാർത്ഥി നിർണയത്തിലെ തർക്കത്തെ തുടർന്ന്. 2006ൽ പി.ടി.എ.റഹീം മുസ്ലിം ലീഗുമായി പിണങ്ങി മത്സരിക്കാനിറങ്ങിയപ്പോൾ കൊടുവള്ളിയിൽ ലീഗിനെ നയിച്ചത് റസാഖ് ആയിരുന്നു. കെ. മുരളീധരനെ തോൽപിച്ച് റഹീം നിയമസഭയിലെത്തി. 2011ൽ വി എം.ഉമ്മർ കൊടുവള്ളിയിൽ ലീഗിനായി മത്സരിച്ചപ്പോഴും ചുക്കാൻ പിടിക്കാൻ കാരാട്ട് റസാഖുമുണ്ടായിരുന്നു.2016ൽ വി എം.ഉമ്മറിനെ തിരുവമ്പാടിയിലേക്കു മാറ്റി. പകരം, ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം.എ.റസാഖിനെ കൊടുവള്ളിയിൽ സ്ഥാനാർത്ഥിയാക്കി. അതോടെ, ലീഗിന്റെ മണ്ഡലം ജനറൽ സെക്രട്ടറി പദവി രാജിവച്ച് കാരാട്ട് റസാഖ് ഇടതു സ്വതന്ത്ര സ്ഥാനാർത്ഥിയാവുകയായിരുന്നു. മുസ്ലിം ലീഗിൽനിൽക്കുമ്പോൾ തന്നെ കാരാട്ട് റസാഖിന്റെ പേരിൽ കള്ളക്കടത്ത് ആരോപണങ്ങൾ നിരവധി ഉണ്ടായിരുന്നു. കൊടുവള്ളിയിലെ വിൻസന്റ് ഗോമസ് എന്നാണ് ഒരുകാലത്ത് ഇയാൾ അറിയപ്പെട്ടിരുന്നത്.

കരിപ്പൂർ സ്വർണക്കടത്തു കേസിലെ പ്രതി കൊടുവള്ളി സ്വദേശി അബുലൈസിന്റെ ഒപ്പംനിന്നു ഗൾഫ് സന്ദർശനവേളയിൽ എടുത്ത പടം പുറത്തുവന്നത് ഇടതു സ്വതന്ത്രരായ കാരാട്ട് റസാഖിനെയും പി.ടി.എ.റഹീം എംഎൽഎയെയും പ്രതിരോധത്തിലാക്കിയിരുന്നു. പിടികിട്ടാപ്പുള്ളിയായി അബുലൈസ് മുങ്ങി നടക്കുമ്പോഴായിരുന്നു പടംപിടിത്തം. പിന്നീട്, അബുലൈസിനെ കള്ളക്കടത്തു നിരോധന നിയമപ്രകാരം തടവിലാക്കരുതെന്നു കാണിച്ച് ആഭ്യന്തര വകുപ്പിനു കത്തു നൽകിയ സംഭവത്തിലും പിടിഎ റഹീമിനൊപ്പം കാരാട്ട് റസാഖും വിവാദത്തിൽ പെട്ടു. ഇതെല്ലാം ഇപ്പോൾ നവമാധ്യമങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്. എന്നാൽ പൊതുവേ മാന്യൻ എന്ന് അറിയപ്പെടുന്ന്. തനിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നുമാണ് റഹീം 'മറുനാടൻ മലയാളിയോട്' പ്രതികരിച്ചത്. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ഫിറോസിന്റെ സ്ഥിരം പരിപാടിയാണെന്നും റഹീം പറയുന്നു. നേരത്തെ മുസ്ലീ ലീഗിൽ ഉണ്ടായിരുന്നു റഹീം പാർട്ടി വിട്ട് നാഷണൽ സെക്കുലർ കോൺഗ്രസ് രൂപീകരിച്ച് ഇടതിനൊപ്പം ചേരുകയായിരുന്നു. ഇപ്പോൾ മുസ്ലിം ലീഗ് ഇരുവർക്കും എതിരെ ശക്തമായി തിരിഞ്ഞിരിക്കയാണ്.

പക്ഷേ മുസ്ലീലീഗിന് ഇത് പറയാൻ എന്ത് ധാർമ്മികതയാണ് എന്ന് ചോദ്യവും ഇപ്പോൾ ഉയരുന്നുണ്ട്. കാരണം ഇവരെല്ലാം നേരത്തെ മുസ്ലീലീഗ് നേതാക്കൾ ആയിരുന്നു. അതുപോലെതന്നെ മലബാറില സ്വർണ്ണക്കടത്തിന് ചുക്കാൻ പിടിക്കുന്നതും ചില മുസ്ലീലീഗ് നേതാക്കൾ ആണെന്നും ആരോപണം ഉണ്ട്. സ്വർണ്ണക്കടത്ത് അന്വേഷിക്കുന്ന എൻഐഐ സംഘത്തിന് ഇതെല്ലാം ചരുളഴിക്കാൻ കഴിയുമോ എന്ന ചർച്ചയാണ് ഇപ്പോൾ ഉയരുന്നുത്.

ഫായിസ് എന്തിന് അറബിവേഷത്തിൽ എത്തി

സ്വർണം കള്ളക്കടത്ത്, കുഴൽപ്പണം മേഖലകളിൽ ടി.കെ ഫായിസ് എന്ന നവാബിന്റെ പേര് മലയാളി കൂട്ടിവായിക്കാൻ തുടങ്ങിയത് അയാൾ അറബി വേഷം ധരിച്ച് ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ ചില പ്രതികളെ കാണാനായി ജയിലിൽ എത്തിയ വാർത്ത പുറത്തു വന്നതിനു ശേഷമാണ്.സത്യത്തിൽ രാഷ്ട്രീയക്കാർക്കും സിനിമാക്കാർക്കും ഒരേപോലെ പ്രിയങ്കരനായ ഈ ഫായിസ് ആരാണ് എന്ന അന്വേഷണം കൊണ്ടുചെന്നെത്തിക്കുക മാഹിയിലേക്കാണ്. മാഹിയിൽ ഒരു സാധാ ഡ്രൈവർ ആയിരുന്നു ഫായിസിന്റെ ഉപ്പ. സ്‌കൂൾ പഠനകാലത്തു തന്നെ സിനിമ തലയ്ക്കു പിടിച്ച ഫായിസ് പഠനം നിറുത്തി ഹോട്ടലുകളികളിലും ബേക്കറിയിലുമൊക്കെ ചെറിയ ചെറിയ ജോലികൾ ചെയ്തു. കാലം ചെല്ലേ ഫായിസ് ഒരു ബേക്കറിയിൽ പാർട്ണർ ആയി. ഇതോടൊപ്പം കാറുകൾ വാടകയ്ക്ക് കൊടുക്കുന്ന സ്ഥാപനങ്ങളിലും കയറിപ്പറ്റി. ഇക്കാലത്താണ് കുഴൽപ്പണം വിതരണം ചെയ്യുന്ന ശൃംഖലയുമായും സ്വർണ കള്ളക്കടത്തുകാരുമായും ബന്ധം സ്ഥാപിക്കുന്നത്. കാരിയർ ആയി പിന്നീട് വലിയ സ്വർണക്കടത്തുകാരനായി മാറിയപ്പോഴും സിനിമ സ്വപ്നം വിടാതെ മനസ്സിൽ കൊണ്ട് നടന്നു. അങ്ങനെ, നടൻ ദിലീപിന്റെ ശിങ്കാരവേലൻ എന്ന സിനിമയിൽ മുഖം കാണിക്കുക മാത്രമല്ല, അതിൽ ദിലീപ് ഉപയോഗിച്ച ബിഎംഡബ്ല്യൂ കാറും ഇയാളുടേതായിരുന്നു. ഇത് പിന്നീട് ദിലീപിനും വലിയ പാരയായി മാറി.

ആരെയും എളുപ്പത്തിൽ കയ്യിലെടുക്കുന്ന സ്വഭാവമുള്ള ഫായിസിന് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫിൽപ്പെട്ടവരുമായി ബന്ധമുണ്ടായിരുന്നുവെന്നതും അന്നത്തെ ഒരു കെപിസിസി ജനറൽ സെക്രട്ടറിയുമായി വളരെ അടുപ്പമുണ്ടായിരുന്നുവെന്നും ഇയാൾ അറസ്റ്റിലായ കാലത്തു പുറത്തു വന്ന കാര്യങ്ങളാണ്. എങ്കിലും ഇവയ്ക്കൊന്നും മതിയായ തെളിവുകൾ ഇല്ലെന്നത് പൊലീസിലും ബ്യൂറോക്രസിയിലും ഫായിസിനുള്ള സ്വാധീനം എത്ര വലുതെന്നു കാണിക്കുന്ന ഒന്ന് തന്നെ.
ഫായിസിന്റെ പേര് പിന്നീട് ഉയർന്നു കേട്ടത് സിനിമ -സീരിയൽ നടി പ്രിയങ്കയുടെ ദുരൂഹമരണവും സ്വർണം കള്ളക്കടത്തു സംഘത്തിൽ കാരിയർമാരായി പ്രവർത്തിച്ചിരുന്ന രണ്ടു യുവാക്കളുടെ കൊലപാതകവുമായി ബന്ധപ്പെട്ടായിരുന്നു. തലശ്ശേരി സ്വദേശി നാഫിറും കോഴിക്കോട് സ്വദേശി ഫാഹിമും തങ്ങളെ ഏല്പിച്ച സ്വർണവുമായി മുങ്ങുകയായിരുന്നു. മംഗലാപുരത്തിനടത്ത് ഒളിവിൽ താമസിച്ചിരുന്ന ഇവരെ വക വരുത്തി ചാക്കിൽ കെട്ടി കുഴിച്ചിട്ടത് മറ്റൊരു സംഘമാണെന്ന് പൊലീസ് വരുത്തിത്തീർക്കുകയായിരുന്നുവെന്ന് അവരുടെ ബന്ധുക്കൾ പറയുന്നു.

ഒരു ഹവാലാ ഗ്രാമത്തിൽ സംഭവിക്കുന്നത്

കോഴിക്കോട് ജില്ലയിലെ ഒരു മലയോര പട്ടണമായ കൊടുവള്ളി നഗരത്തിന്റെ ഇരുവശങ്ങളിലുമായി 750 മീറ്റർ ദൂരപരിധിയിൽ ഇരുന്നൂറിലധികം സ്വർണ്ണക്കടകളാണുള്ളത്. ഒരു പക്ഷേ രാജ്യത്ത് തന്നെ ഇത്രയും ചെറിയൊരു പട്ടണത്തിൽ ഇത്രയധികം ജൂവലറികളുള്ള മറ്റൊരു സ്ഥലമുണ്ടാകില്ല. എവിടെ സ്വർണ്ണക്കടത്ത് പിടിക്കെപ്പെട്ടാലും അവിടെ ഒരു കൊടുവള്ളിക്കാരനുണ്ടാവുമെന്നാണ് അനൗദ്യോഗിക വിവരം. സ്വർണ്ണക്കടത്തിന് നിരോധനമുണ്ടായിരുന്ന കാലത്ത് പോലും അതിസാഹസികമായി കൊടുവള്ളയിൽ സ്വർണ്ണമെത്തിച്ചിരുന്നു. ഹവാല, കുഴൽ പണമിടപാടുകാളും ഈ പട്ടണത്തിന് പുതുമല്ല. കാരാട്ട് ഫൈസലും, കാരാട്ട് റസാഖും, ഫയാസും, അബൂലൈസുമെല്ലാം ഏതാനും ചിലപേരുകൾ മാത്രം.

ഒരു ഒറ്റ ദിവസംകൊണ്ട് അഞ്ചര തൊട്ട് എഴുകോടി രൂപയുടെവരെ കുഴൽപ്പണ ഇടപാടാണ് കൊടുവള്ളി സംഘങ്ങൾ നടത്തുന്നതെന്ന് എൻഫോഴ്സ്മെന്റ് അധികൃതർക്കും അറയാത്തകാര്യമല്ല.എതാണ്ട് നാലായിരത്തോളം ചെറുപ്പക്കാരാണ് കുഴൽപ്പണ വിതരണവുമായി ബന്ധപ്പെട്ട് ഈ മേഖലയിൽ മാത്രം ജോലിചെയ്യുന്നത്. പക്ഷേ ഇപ്പോൾ കുഴപ്പണ ബിസിനസ് എതാണ്ട് നിലച്ച മട്ടാണ്. നോട്ടുനിരോധനത്തനും ഡിജിറ്റൽ ബാങ്കിങ്ങിനും നന്ദിപറയുക. ഇവിടുത്തെ എംഎൽഎയായി ഇത്തവണ ജയിച്ച ഇടതുപക്ഷ സ്വതന്ത്രൻ കാരാട്ട് റസാഖ്പോലും കൂഴൽപ്പണ രാജാവായാണ് അറിയപ്പെടുന്നത്. കൊടുവള്ളിയുടെ വിൻസന്റ്ഗോമസ് എന്നാണ് കാരാട്ട് റസാഖ് അറിയപ്പെടുന്നതും. മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥി നിർണ്ണയത്തിലെ അതൃപ്തിമൂലം, ആ പാർട്ടിയുടെ നേതാവായിരിക്കെ പാർട്ടി വിട്ട കാരാട്ട് റസാഖ് ആണ് ഇപ്പോൾ കൊടുവള്ളിയുടെ എംഎൽഎ. ഇതിൽനിന്നുതന്നെ കൂഴൽപ്പണലോബിയുടെ ശക്തിയും അറിയാം. എംഎൽഎതൊട്ട് പഞ്ചായത്ത് മെമ്പർവരെ ആരാവണമെന്ന് അവർ തീരുമാനിക്കും. അത് ഇപ്പോഴും അങ്ങനെ തന്നെ തുടരുന്നു. കാരാട്ട് റസാഖ് ഹവാല പരിപാടിയൊക്കെ നിർത്തി ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്കും മറ്റും തിരഞ്ഞിപ്പോഴും മറ്റ് കാരാട്ടുമാർ ഈ പണി തുടരുകയാണ്. അതായത് ഏതെങ്കിലും ഒരു വ്യക്തിയല്ല ഈ പ്രശ്നത്തിന്റെ അടിസ്ഥാനം എന്ന് ചുരുക്കം. മാത്രമല്ല അങ്ങേയറ്റം ജനകീയ അടിത്തറയുള്ള ഒരു മാഫിയയാണ് ഇത്. എല്ലാ ജീവികാരുണ്യ പ്രവർത്തനത്തിനുംതൊട്ട് കോവിഡ് പ്രതിരോധത്തിനുവരെ നേതൃത്വം നൽകുന്നവർ ആണ് അവർ. ജാതിമതഭേദമില്ലാതെ എല്ലാവരെയും സഹായിക്കും. അതുകൊണ്ടുതന്നെ ഈ രാജ്യദ്രോഹ പ്രവർത്തനത്തിന് കൂട്ടുനിൽക്കരുതെന്ന ശക്തമായ പൊതുജനകാമ്പയിനും ഇതോടൊപ്പം വേണം. എങ്കിലേ ഈ മാഫിയയുടെ വേര് അറുക്കാൻ കഴിയൂ.

ദുരൂഹ മരണങ്ങളും അന്വേഷിക്കുന്നു

സ്വർണക്കടത്തു കേസ് അന്വേഷണത്തിനിടെ എൻ.ഐ.എയും ഇന്റലിജൻസ് ഏജൻസികളും പ്രമുഖ രാഷ്ട്രീയ നേതാവിന്റെ സഹോദരൻ വാഹനാപകടത്തിൽ മരിച്ച സംഭവത്തിന്റെ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. കാരാട്ട് റസാഖിന്റെ സഹോദരന്റെ മരണത്തിന്റെ വിശദാംശങ്ങലാണ് തേടുന്നത്.കാരാട്ട് റസാഖിന്റെ സഹോദരൻ അബ്ദുൾ ഗഫൂർ വാഹനാപകടത്തിൽ മരിച്ചത് 2018 ഒക്ടോബറിലാണ്. ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് കാരാട്ട് മുഹമ്മദിന്റെ മകൻ അപ്പക്കാട്ടിൽ അബ്ദുൽ ഗഫൂർ മരിച്ചത്. കൂടെ ഉണ്ടായിരുന്ന കൊടുവള്ളി സ്വദേശികളായ റഫീഖ്, ഹാരിസ് എന്നിവരെ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. ഈ അപകടത്തിന് പിന്നിൽ ഗൂഢാലോചന എന്തെങ്കിലും ഉണ്ടോ എന്നാകും പരിശോധിക്കുക.

കരിപ്പൂർ വിമാനത്താവളത്തിലൂടെ സ്വർണം കടത്തുന്ന സംഘം മനഃപൂർവം സൃഷ്ടിച്ച അപകടമായിരുന്നോ ഇതെന്നാണു പരിശോധിക്കുന്നത്. രണ്ടര വർഷം മുമ്പ് വയനാട്ടിൽ നടന്ന അപകടത്തെക്കുറിച്ചും മരണത്തെക്കുറിച്ചും എൻ.ഐ.എയ്ക്ക് ഏകദേശ ചിത്രം ലഭിച്ചിട്ടുണ്ട്. പുലർച്ചെ 3.15 ഓടെ താമരശ്ശേരി ചുങ്കം ജംഗ്ഷനിൽ ആയിരുന്നു ഗഫൂറിന്റെ മരണത്തിനിടയാക്കിയ അപകടം. വയനാട്ടിൽ നിന്നും വരികയായിരുന്ന ഇവർ സഞ്ചരിച്ച കാറും പാചകവാതക സിലിണ്ടറുകളുമായി പോവുകയായിരുന്ന ലോറിയും കൂട്ടി ഇടിക്കുകയായിരുന്നു. ഇതടക്കമുള്ള കൊടുവള്ളി കേന്ദ്രീകരിച്ച് നടന്ന പല ദുരൂഹതകളും അന്വേഷണത്തിലാണ്.

കള്ളക്കടത്ത് കുടുംബങ്ങൾ! ഒപ്പം മതലോബിയും

ഇവിടെ രണ്ടുകാര്യങ്ങളാണ് പ്രസക്തമായിട്ടുള്ളത്. എത്രകാരിയർമാർ പിടിക്കപ്പെട്ടാലും ആർക്കുവേണ്ടിയാണ് കടത്തെന്ന് മനസ്സിലാവാത്തത് എന്തുകൊണ്ടാണ്. അതാണ് എൻഐഐ അന്വേഷണത്തിൽ തെളിയേണ്ടതും. പൊലീസും രാഷ്ട്രീയക്കാരും തമ്മിലുള്ള പരമ്പരാഗത കൂട്ടുകെട്ട് പൊളിക്കാൻ ഒരു ഉന്നത അന്വേഷണ ഏജൻസിക്കേ കഴിയൂ. മലബാറിലെ സ്വർണ്ണക്കടത്തിന്റെ രാഷ്ട്രീയം കൃത്യമാണ്. അതിൽ ഒരു പാർട്ടി മാത്രമല്ല എല്ലാവരും ഉണ്ട്. ' ഇത് വലിയൊരു റാക്കറ്റ് ആണ്. ഏറ്റവും പ്രധാനം ഇങ്ങനെ സ്വർണം കള്ളക്കടത്തുന്നത് രാജ്യദ്രോഹമാണെന്ന ചിന്താഗതി ആർക്കുമില്ല എന്നതാണ്. ഇതൊരു കുടിൽ വ്യവസായം ആയിരിക്കയാണ്. മലബാറിൽ പുരാതനമായ കള്ളക്കടത്ത് കുടുംബങ്ങളെ നിങ്ങൾക്ക് കാണാൻ കഴിയും. ഒറ്റുഭയന്ന് ബന്ധുക്കൾ ഒന്നടങ്കം കള്ളക്കടത്തിൽ ഉണ്ടാകും. കാസർകോട്ടൊക്കെ ഈ രീതി വ്യാപകമാണ്. പലയിടത്തും ഇതൊരു സമാന്തര സംസ്‌ക്കാരം പോലെ ആയിരിക്കുന്നു. അതിന് വിദേശത്തും തീവ്രാവാദ സംഘടനകളിലുമൊക്കെ വേരുകൾ ഉണ്ട്. മലബാറിൽ ആവരിൽ പലരും രമ്യഹർമ്യങ്ങൾ കെട്ടിപ്പെടുത്ത് വളരെ പെട്ടെന്ന് സമ്പന്നർ ആയതിനുപിന്നിൽ കൃത്യമായ ഒരു സാമ്പത്തിക നാഡിയുണ്ട്. ഇതിനെ വെട്ടിമാറ്റുകയെന്നതാണ് പ്രധാനം.'- പ്രൊഫസർ ഹമീദ് ചേന്ദഗംഗല്ലൂർ പറയുന്നു.

12വർഷം മുമ്പ് സഫ്വാൻ എന്ന കൊടുള്ളി സ്വദേശിയായ ചെറുപ്പക്കാരൻ കുഴൽപ്പണ ലോബിയുടെ തർക്കങ്ങൾ കാരണം എടപ്പാളിൽവെച്ച് കുത്തേറ്റ് മരിച്ചിരുന്നു. അക്കാലത്ത് മാത്രമാണ് പ്രമുഖ മതസംഘടനകൾ പേരിനെങ്കിലും ഈ ലോബിക്കെതിരെ ഒരു കാമ്പയിൻ നടത്തിയത്. പക്ഷേ മുട്ടിന് മുട്ടിന് മതപ്രസംഗം നടത്തുന്നവരും, പ്രബോധനകരും ഒന്നും യുവാക്കൾ ഇത്തരം ലോബികളിൽ എത്തിപ്പെടുന്നതിനെതിരെ യാതൊന്നും പ്രതികരിക്കില്ല. കള്ളക്കടത്തിനെ ഒരു ബിസിനസ് ആയി അംഗീകരിക്കപ്പെടുകയാണ് ഫലത്തിൽ മലാബറിൽ പൊതുവെയുള്ള രീതി. തൊട്ടതും പിടിച്ചതുമൊക്കെ അനിസ്ലാമികമായി കണ്ടെത്തുന്ന മതപ്രഭാഷകർ പോലും ചെറുപ്പക്കാർ ഇത്തരം സംഘങ്ങളിൽ പെടരുത് എന്ന് പറയാറില്ല. ' രാഷ്ട്രീയ ലോബിയെപ്പോലെ മതലോബിയും സ്വർണ്ണക്കടത്ത്പോലുള്ള സംഘങ്ങൾക്ക് ഒപ്പം പ്രവർത്തിക്കുന്നുണ്ട്. ചില തുക്കാടാ സംഘടനകൾക്കുപോലും പത്രവും കോടികളുടെ ഷോപ്പിങ്ങ് കോംപ്ലക്സുകളുമൊക്കെ എങ്ങനെയാണ് ഉണ്ടായത്. കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ അവർ എങ്ങനെയാണ് സമ്പന്നരായത്. ചില തീവ്രവാദ സംഘടനകളുടെ ഫണ്ടിങ്ങ് ഏജൻസിയായി കള്ളക്കടത്തത് സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടോ.ഇതെല്ലാം അന്വേഷണത്തിൽ വരണം'- എഴുത്തുകാരനും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുമായ പി എ സിദ്ദീഖ് ചോദിക്കുന്നു.

ഇതിനേക്കാൾ ഗുരുതരമായ ആരോപണങ്ങളാണ് സ്വർണ്ണക്കടത്തിന്റെ പിന്നാമ്പുറങ്ങളിൽ വരുന്നത്. കാരണം കേരളത്തിലെ അംഗീകൃത ജൂവലറി ഉടമകൾ അടക്കമുള്ളവരാണ് ഈ സ്വർണ്ണത്തിന്റെ ഉപഭോക്താക്കൾ എന്നും അവിരിൽ ചിലർക്ക് വേണ്ടിയാണ് കടത്ത് എന്നും എല്ലാവർക്കും അറിയാവുന്നതാണ്. പക്ഷേ പിടിക്കപ്പെടുന്നത് കാരിയർമാർ മാത്രമാണ്. ഇത് കേരളാ പൊലീസും കസ്റ്റസും മാത്രം അന്വേഷിച്ചാൽ തീരുന്ന പ്രശ്നമല്ല. അതുകൊണ്ടുതന്നെയാണ് എൻഐഎയുടെയും കസ്റ്റംസിന്റെയും അന്വേഷണത്തെ പൊതുവെ നിഷ്പക്ഷമതികൾ സ്വാഗതം ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP