Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202229Thursday

തിരുതയെ കൊടുത്ത് സ്രാവുകളെ പിടിക്കുന്ന വീരൻ! പത്മജയെ ട്യൂഷനെടുക്കാനെത്തി കരുണാകരന്റെ വിശ്വസ്തനായി; വാർഡ് പ്രസിഡന്റിൽ നിന്ന് കേന്ദ്രമന്ത്രിയിലേക്ക്; പിന്നെ സോണിയാഗാന്ധിയുടെ കിച്ചൺ കാബിനറ്റിലേക്ക്; ഫ്രഞ്ച് ചാരക്കേസും ഹവാലയുമായി നീളുന്ന വിവാദങ്ങൾ; 76-ാം വയസ്സിലും മാറാത്ത അധികാരമോഹം; ഭീഷ്മപർവ്വത്തിലെ ശകുനി! പ്രൊഫ കെ വി തോമസിന്റെ കഥ

തിരുതയെ കൊടുത്ത് സ്രാവുകളെ പിടിക്കുന്ന വീരൻ! പത്മജയെ ട്യൂഷനെടുക്കാനെത്തി കരുണാകരന്റെ വിശ്വസ്തനായി; വാർഡ് പ്രസിഡന്റിൽ നിന്ന് കേന്ദ്രമന്ത്രിയിലേക്ക്; പിന്നെ സോണിയാഗാന്ധിയുടെ കിച്ചൺ കാബിനറ്റിലേക്ക്; ഫ്രഞ്ച് ചാരക്കേസും ഹവാലയുമായി നീളുന്ന വിവാദങ്ങൾ; 76-ാം വയസ്സിലും മാറാത്ത അധികാരമോഹം; ഭീഷ്മപർവ്വത്തിലെ ശകുനി! പ്രൊഫ കെ വി തോമസിന്റെ കഥ

എം റിജു

ൺപതുകളിലെ ഒരു എംപി. മൂന്ന് പ്രാവിശ്യം ജയിച്ചു, ചതുര കണ്ണട, കഷണ്ടി, പോക്കറ്റിൽ ഡയറി, പേന, കൈയിൽ ബ്രീഫ്കേസ്. പിന്നെ ട്രേഡ്മാർക്ക് ആയി കുമ്പളങ്ങിയിൽ നിന്നു ഡൽഹിയിൽ കൊണ്ട് കൊടുത്തു സ്ഥാനമാനങ്ങളിലേക്ക് വഴി തുറക്കുന്ന തിരുത! സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന മമ്മൂട്ടിയുടെ ഭീഷ്മപർവ്വം സിനിമയിൽ, മഹാഭാരതത്തിലെ ശകുനിയെ ഓർമ്മിപ്പിക്കുന്ന ഒരു രാഷ്ട്രീയ നേതാവുണ്ട്. ടി.വി ജെയിംസ് എന്നാണ് ആ കഥാപാത്രത്തിന്റെ പേര്. ബ്രീഫ് കേസും തിരുതയും കണ്ടതോടെ എല്ലാവർക്കും ആരെയാണ് ഉദ്ദേശിച്ചത് എന്നത് വ്യക്തമായി. തിരുതതോമ എന്ന് കോൺഗ്രസിലെ വിമർശകർ പരിഹസിച്ചിരുന്ന, കുറുപ്പശ്ശേരി വർക്കി തോമസ് എന്ന പ്രൊഫ. കെ വി തോമസ്, സോണിയാഗാന്ധിയുടെ കിച്ചൻ കാബിനറ്റിൽവരെ സ്ഥാനം പിടിച്ച, കേരളത്തിലെ എറ്റവും പവർഫുൾ ആയ നേതാവായിരുന്നു ഒരുകാലത്ത്. കെ കരുണാകരനിലുടെ വളർന്ന്, പിജെ കുര്യനെയും ഒരുവേള ഉമ്മൻ ചാണ്ടിയെയുമൊക്കെ നിഷ്പ്രഭനാക്കി ദേശീയ രാഷ്ട്രീയത്തിൽ അദ്ദേഹം ശ്രദ്ധേയനായി.

കോൺഗ്രസ് വാർഡ് പ്രസിഡന്റ് തൊട്ട്, എംഎൽഎയും എംപിയും സംസ്ഥാനമന്ത്രിയും കേന്ദ്രമന്ത്രിയുമൊക്കെയായി കഴിഞ്ഞ അരനൂറ്റാണ്ടായി, അദ്ദേഹം അധികാരത്തിന്റെ കണ്ണായ സ്ഥാനങ്ങളിൽ നിറഞ്ഞ് നിൽക്കയായിരുന്നു. ഇപ്പോൾ വയസ്സ് 76ആയി. എന്നിട്ടും അധികാരമോഹം ഒട്ടും മാറിയിട്ടില്ല. ഒരു നേതാവ് മരിച്ചാൽ മാത്രം അടുത്തയാൾക്ക് അവസരം കിട്ടുന്നതാണ് കോൺഗ്രസ് രാഷ്ട്രീയം. 2019ൽ പക്ഷേ ആ അവസ്ഥ മാറി. കെ.വി തോമസിനെ മാറ്റി ഹൈബി ഈഡൻ എറണാകളും ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി. അന്നുതൊട്ട് തുടങ്ങിയതാണ് തോമസ് മാഷിന്റെ ഇളക്കങ്ങൾ. ആദ്യം കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുമെന്നാണ് ശക്തമായ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നത്. ഇപ്പോഴിതാ, സിപിഎമ്മിനോടൊപ്പം പ്രവർത്തിക്കുമെന്നാണ് വാർത്തകൾ വരുന്നത്.

കണ്ണൂരിൽ നടക്കുന്ന സിപിഎം പാർട്ടികോൺഗ്രസിനോട് അനുബന്ധിച്ച സെമിനാറിൽ പങ്കെടുക്കുന്നതിൽനിന്ന് പ്രൊഫ. കെ വി തോമസിനെ പാർട്ടി വിലക്കിയിരുന്നു. നേരത്തെ ശശി തരൂർ കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ ശക്തമായ ഇടപെടലിനെ തുടർന്ന്, പാർട്ടി കോൺഗ്രസ് സെമിനാറിൽനിന്ന് പിന്മാറിയിരുന്നു. സെമിനാറിൽ പങ്കെടുത്താൽ കെ വി തോമസ് പാർട്ടിയിൽ ഉണ്ടാവില്ലെന്ന് കെ സുധാകരൻ പ്രതികരിച്ച് കഴിഞ്ഞു. എന്നാൽ കെ വി തോമസ് വഴിയാധാരമാവില്ലെന്നും, പാർട്ടിവിട്ട നിരവധി കോൺഗ്രസുകാർ ഇപ്പോൾ തങ്ങൾക്ക് ഒപ്പമുണ്ടെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനും പ്രതികരിച്ചു. ഇതെല്ലാം കൂടിയായതോടെ ഇപ്പോൾ രാഷ്ട്രീയ ഫോക്കസ് വീണ്ടും, കെ വി തോമസ് എന്ന കുശാഗ്രബുദ്ധിക്കാരനായ രാഷ്ട്രീയ നേതാവിന്റെ നേർക്കായി.

അദ്ധ്യാപകൻ, എഴുത്തുകാരൻ, പൊളിറ്റീഷ്യൻ, എന്നിങ്ങനെ വിവിധ മേഖലകളിലായി, ഏതൊരു പൊളിറ്റിക്കൽ ത്രില്ലറിനോടും കിടപിടിക്കുന്നതാണ് തോമസ് മാഷിന്റെ രാഷ്ട്രീയ ജീവിതം.

കോൺഗ്രസ് വാർഡ് പ്രസിഡന്റായി തുടക്കം

ഒരു മത്സ്യഗ്രാമമായ എറണാകുളത്തെ കുമ്പളങ്ങിയിൽ ജനിച്ച് ഇന്ത്യ അറിയുന്ന നേതാവായി മാറിയതിന്റെ നാൾ വഴികളിലൂടെയുള്ള കെ.വി.തോമസ് തന്നെ തന്റെ വിവിധ പുസ്തകങ്ങളിലൂടെ എഴുതിയിട്ടുണ്ട്. കുറുപ്പശ്ശേരി വർക്കിയുടേയും റോസമ്മയുടേയും മകനായി 1946 മെയ് പത്തിനാണ് അദ്ദേഹം ജനിക്കുന്നത്. തേവര എസ്.എച്ച് കോളേജിൽ നിന്ന് എം.എസ്.സി കെമിസ്ട്രി ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ അദ്ദേഹം 33 വർഷം തേവര കോളേജിൽ അദ്ധ്യാപകനായിരുന്നു. കെമിസ്ട്രി വിഭാഗത്തിൽ 20 വർഷം പ്രൊഫസർ ആയിരുന്ന തോമസ് മാസ്റ്റർ വകുപ്പ് വിഭാഗം മേധാവിയായിട്ടാണ് സർവീസിൽ നിന്ന് വിരമിച്ചത്.

1970ൽ കോൺഗ്രസ് പാർട്ടിയിൽ അംഗമായ തോമസ്, 1970-1975 കാലഘട്ടത്തിൽ കോൺഗ്രസിന്റെ കുമ്പളങ്ങി പഞ്ചായത്തിലെ ഏഴാം വാർഡ് പ്രസിഡന്റായിട്ടാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയത്. കോളജിൽ പഠിക്കുമ്പോൾ തന്നെ കുട്ടികൾക്ക് ട്യൂഷൻ എടുത്താണ് അദ്ദേഹം പഠന ചെലവ് കണ്ടെത്തിയത്. അങ്ങനെതുള്ള ഒരു ട്യൂഷനാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്. അന്ന് കേരള രാഷ്ട്രീയത്തിലെ അതി ശക്തനായ ലീഡർ കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിനെ പഠിപ്പിക്കാൻ കെ കരുണാകരന്റെ വീട്ടിലെത്തിയതോടെയാണ് കെ വി തോമസിന്റെ രാഷ്ട്രീയ ജീവിതം മാറുന്നത്. തുടർന്ന് കരുണാകരന്റെ തണലിൽ അയിരുന്നു അദ്ദേഹത്തിന്റെ വളർച്ച.

1977 മുതൽ കെപിസിസി അംഗമാണ്. 1978 മുതൽ 1987 വരെ എറണാകുളം ഡി.സി.സിയുടെ ജനറൽ സെക്രട്ടറിയായ തോമസ് 1978 മുതൽ 1993 വരെ ഐ.എൻ.ടി.യു.സിയുടെ ഓർഗനൈസിങ് സെക്രട്ടറിയായും ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 1984 മുതൽ എ.ഐ.സി.സി അംഗമാണ്. 1984ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ എറണാകുളം ലോക്സഭ മണ്ഡലത്തിൽ നിന്ന് ആദ്യമായി പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. അന്ന് സിറ്റിംങ്ങ് എംപിയെയും നിരവധി സീനിയർ നേതാക്കളെ വെട്ടിമാറ്റിക്കൊണ്ട് തോമസ് മാഷിന് സീറ്റ് ലഭിച്ചതിന് പിന്നിലും കരുണാകരൻ ആയിരുന്നു.

പിന്നീട് 1989, 1991 വർഷങ്ങളിൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പുകളിൽ എറണാകുളത്ത് നിന്ന് വീണ്ടും ലോക്സഭ അംഗമായി. 1987 മുതൽ 2001 വരെ എറണാകുളം ഡി.സി.സി.യുടെ പ്രസിഡന്റായിരുന്നു. 1992 മുതൽ 1997 വരെ കെപിസിസി.യുടെ ട്രഷറർ എന്ന നിലയിലും പ്രവർത്തിച്ചു. 1996ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ എറണാകുളം സീറ്റിൽ നിന്ന് ഇടതു സ്വതന്ത്രനോട് പരാജയപ്പെട്ടതോടെ സംസ്ഥാന രാഷ്ട്രീയത്തിലേയ്ക്ക് തിരിച്ചെത്തി.

2001ൽ എറണാകുളം അസംബ്ലി മണ്ഡലത്തിൽ നിന്ന് നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ട തോമസ് 2006ൽ എറണാകുളത്ത് നിന്ന് വീണ്ടും എംഎ‍ൽഎ ആയി. 2001-2004 കാലത്ത് എ.കെ. ആന്റണി മന്ത്രിസഭയിലെ കാബിനറ്റ് വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു. 2009ൽ എംഎ‍ൽഎ ആയിരിക്കെ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ എറണാകുളം ലോക്സഭ മണ്ഡലത്തിൽ വീണ്ടും പാർലമെന്റ് അംഗമായി. 2009 മുതൽ 2014 വരെ കേന്ദ്രത്തിലെ കാബിനറ്റ് വകുപ്പ് മന്ത്രിയായിരുന്ന തോമസ് 2014ൽ നടന്ന പതിനാറാം ലോക്സഭ തിരഞ്ഞെടുപ്പിൽ അഞ്ചാമത്തെ തവണയും എറണാകുളത്ത് നിന്ന് തന്നെ ലോക്സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഇങ്ങനെ നോക്കുമ്പോൾ, ഒരു രാഷ്ട്രീയ നേതാവിന് ലഭിക്കേണ്ട എല്ലാ സ്ഥാനങ്ങളും ലഭിച്ചയാളാണ്, കക്ഷിരാഷ്ട്രീയഭേദമന്യേ എല്ലാവരോടും സൗഹൃദം പുലർത്തുന്ന ഈ നേതാവിന് കിട്ടിയത്.

തിരുതയും ഒപ്പം റോമിലെ ബന്ധങ്ങളും

തന്നെ വളർച്ചയിൽ സഹായിച്ച നേതാക്കളെ മറക്കാൻ കെവി തോമസ് തയ്യാറായിരുന്നില്ല. എഴുത്തുകാരൻ എന്ന പേരു കൂടി സ്വന്തമാക്കിയിട്ടുള്ള അദ്ദേഹത്തിന്റെ കൃതികൾ നേതാക്കളെയും നാടിനെയും അനുസ്മരിച്ചുകൊണ്ടുള്ളതായിരുന്നു. എന്റെ ലീഡർ, കുമ്പളങ്ങി വർണ്ണങ്ങൾ, എന്റെ കുമ്പളങ്ങി, എന്റെ കുമ്പളങ്ങിക്കു ശേഷം, അമ്മയും മകനും, സോണിയ പ്രിയങ്കരി, കുമ്പളങ്ങി ഫ്ലാഷ് എന്നിവയായിരുന്നു ഇവ. പക്ഷേ ഈ കഥകളിൽ ഒന്നും എഴുതാത്ത ഒരു ഡൽഹി കഥ നാട്ടുകാർ പറഞ്ഞു നടക്കുന്നുണ്ട്.

കുമ്പളങ്ങിയുടെ പ്രശസ്തമായ തിരുത മീൻ നൽകിയാണ് തോമസ് മാഷ് നേതാക്കളുടെ മനം കവർന്നതെന്നാണ് ഡൽഹി കഥകൾ. ആദ്യം കെ കരുണാകരനെനും പിന്നീട് സോണിയാ ഗാന്ധിക്കും 'തിരുത മീൻ' നൽകിയാണ് കെവി തോമസ് അടുപ്പക്കാരനായതെന്നാണ് ട്രോൾ. ഇതോടൊപ്പം റോമിലെ ചില ബന്ധങ്ങളും തുണയായി. കെവി തോമസിന്റെ അടുത്ത ബന്ധു കന്യാസ്ത്രീയാണ്. ഇവർ റോമിലാണ് പ്രവർത്തിക്കുന്നത്. നേഴ്‌സായ ഈ ബന്ധുവാണ് സോണിയയുടെ അമ്മയെ പരിചരിച്ചിരുന്നത്. അമ്മയെ കെവി തോമസിന്റെ ബന്ധു നന്നായി പരിചരിക്കുന്നുവെന്ന അഭിപ്രായം സോണിയയ്ക്കുണ്ടായിരുന്നു. ഇതും തോമസിന്റെ വളർച്ചയ്ക്ക് കാരണമായെന്നാണ് സംസ്ഥാന കോൺഗ്രസിലെ വലിയൊരു വിഭാഗം കരുതുന്നത്. എന്നാൽ കോൺഗ്രസിലെ അധികാരം രാഹുലിലേക്ക് എത്തിയപ്പോൾ കഥമാറി. തോമസിന്റെ പ്രസക്തിയും

കേരളത്തിൽ ഉമ്മൻ ചാണ്ടിയുടെ എതിർപ്പ് മറികടന്ന് മന്ത്രിയായുപ്പാൾ, പ്രൊഫ പിജെ കുര്യനെ വെട്ടികന്ദ്ര സഹമന്ത്രിയാതിനുപിന്നിലൊക്കെ ഈ തിരുത ബന്ധമാണെന്നാണ് വിമർശനം. എന്നാൽ നിലവിലെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മനം കവരാൻ തോമസ് മാഷിന്റെ തിരുത മീനിന് കഴിയാത്തതാണ് ഇപ്പോഴത്തെ തിരിച്ചടിക്ക് കാരണമെന്നാണ് കോൺഗ്രസ്സ് രാഷ്ട്രീയ ഇടനാഴികളിൽ നിന്നുള്ള രഹസ്യ സംസാരം. സത്യത്തിൽ തിരുത നൽകിയാണ് എല്ലാം നേടിയത് എന്നത് ഒരു ട്രോൾ മാത്രമാണ്. തോമസ് മാഷിന്റെ കഴിവും കഠിനാധ്വാനവും ഒന്നും കാണാതിരിക്കാൻ ആവില്ല. തിരുത ഒരു പ്രതീകം മാത്രം.

2001 മുതൽ 2004 വരെ കേരളത്തിൽ എക്സൈസും,ടൂറിസവും, ഫിഷറീസും വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി കൂടിയായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടിയെ രാഷ്ട്രീയ നീക്കങ്ങളിലൂടെ കടത്തിവെട്ടിയായിരുന്നു മന്ത്രി സ്ഥാനത്തേക്കുള്ള കെവി തോമസിന്റെ കടന്ന് വരവ്. ഇതിനിടെ ലീഡർക്ക് ശേഷം എ കെ അന്റണിയുടെ വിശ്വസ്ഥനായും കെവി തോമസ് മാറിയിരുന്നു. ഇപ്പോൾ കാര്യങ്ങൾ ആകെ മാറി. രാഹുൽഗാന്ധിക്ക് തോമസ് മാഷെ അത്ര പഥ്യമല്ല. കെപിസിസി പ്രസിഡന്റും മൈൻഡ് ചെയ്യുന്നില്ല. ഇങ്ങനെ സത്യത്തിൽ ഒരു രാഷ്ട്രീയ പ്രതിസന്ധിയിൽ തന്നെയാണ് അദ്ദേഹം. ഇതിനിടെ ഗാന്ധി കുടുംബവുമായ് അടുത്ത ബന്ധമുള്ള ടോം വടക്കൻ ബിജെപിയിൽ ചേർന്നതും ഓർക്കണം. തോമസ് മാഷിനെപ്പോലെ കിച്ചൺ കാബിനറ്റ് അംഗമായിരുന്നു വടക്കനും. എന്നാൽ കേരളത്തിൽ ബിജെപിക്ക് സ്‌കോപ്പില്ലാത്തതുകൊണ്ട് ഇടത്തോട്ടാണ് തോമസ് മാഷിന്റെ കണ്ണ് എന്ന് വ്യക്തം.

ഫ്രഞ്ച് ചാരക്കേസ് മുതൽ ഹവാലവരെ

വിവാദങ്ങളുടെ കളിത്തോഴനായിരുന്നു ഒരുകാലത്ത് കെ വി തോമസ്. അതിൽ എറ്റവും പ്രധാനപ്പെട്ടതാണ് ഫ്രഞ്ച് ചാരക്കേസ്. 1995 ഡിസംബർ 19 ന് ഗലാത്തി എന്ന ഫ്രഞ്ച് കപ്പൽ കൊച്ചി നാവികസേനാത്താവളത്തിനടുത്ത് സർവേ ആരംഭിച്ച സംഭവമാണ് വിവാദത്തിന് കാരണം. ഗോവയിൽ നിന്നെത്തിയ പായ്ക്കപ്പലിൽ രണ്ട് ഫ്രഞ്ച് പൗരന്മാരും ഗോവൻ സ്വദേശിയായ ക്യാപ്റ്റനുമായിരുന്നു ഉണ്ടായിരുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അനുമതിയില്ലാതെ കൊച്ചിയിൽ ഫ്രഞ്ച് കപ്പൽ അനധികൃത സർവേ നടത്തി എന്നായിരുന്നു കേസ്. സമുദ്ര പര്യവേഷണം എന്ന വ്യാജേന കൊച്ചി നാവിക കേന്ദ്രം അടക്കമുള്ള തന്ത്രപ്രധാനമായ കേന്ദ്രങ്ങളുടെ വിശദമായ ഭൂപടം തയ്യാറാക്കുകയായിരുന്നു അവരുടെ ദൗത്യം എന്നായിരുന്നു ആരോപണം.

ഫ്രഞ്ചുകാരായ ഫോങ്കോയിസ് ക്ളാവൽ, എലല്ല ഫിലിപ്പ് എന്നിവരും ഗോവൻ സ്വദേശി ക്യാപ്റ്റൻ എഫ്.എം. ഫുർഡെ എന്നുവർ ഒന്നു മുതൽ മുന്നുവരെയുള്ള പ്രതികളും കെ.വി. തോമസ് നാലാം പ്രതിയുമായാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ വിചാരണ വേളയിൽ കെവി തോമസ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി അദ്ദേഹത്തെ വെറുതെ വിടുകയായിരുന്നു. പക്ഷേ 1996ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മൽസരിച്ച കെ.വി. തോമസിന്റെ പരാജയത്തിന് ചാരക്കേസ് വിവാദം ഒരു ഘടകമാണെന്ന് പല നിരീക്ഷകരും കരുതുന്നു.

ഇതിന് പിറകെയാണ് ആന്റണി സർക്കാരിന്റെ പ്രതിഛായക്ക് വൻതിരിച്ചടിയായി വ്യാജ രേഖ ആരോപണം ഉയർന്നു വന്നത്. കെവി തോമസിനെ അധോലോക റാക്കറ്റുമായി ബന്ധപ്പെടുത്താൻ ഭരണകക്ഷി എംഎൽഎ തന്നെയായിരുന്ന ശോഭനാ ജോർജിന്റെ നേതൃത്വത്തിൽ വ്യാജ രേഖ ചമച്ചു എന്നതായിരുന്നു വിവാദം. ഏറെക്കാലം കരുണാകര ഭക്തനായി നടന്നിരുന്ന പ്രൊഫസർ കെവി തോമസ് എ വിഭാഗത്തോട് കൂറ് പ്രഖ്യാപിക്കുക വഴിയാണ് മന്ത്രിയായത്. ഇത് ഐക്കാർക്ക് താങ്ങാൻ കഴിഞ്ഞിരുന്നില്ല. ഐഎസ്ആർഒ കേസിലൂടെ ലീഡറെ പുകച്ച് നാട് കടത്തിയതിന്റെ കലിപ്പ് ഐക്കാർക്ക് അന്ന് അടങ്ങിയിട്ടില്ല.

അങ്ങനെയിരിക്കേ ഒരു ദിവസം സൂര്യാ ടിവിയിൽ ഒരു വാർത്ത വരുന്നു. കേരളത്തിലേക്ക് 336 കോടി രൂപയുടെ ഹവാല പണം ഒഴുകിയെത്തിയിട്ടുണ്ട്. ഈ ഇടപാടിൽ കെ വി തോമസിന് പങ്കുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തതായി ഒരു വാർത്ത. അല്ലെങ്കിൽ തന്നെ ഫ്രഞ്ച് ചാരക്കേസിൽ കുമ്പളങ്ങിക്കാരൻ പ്രൊഫസർ പുലിവാല് പിടിച്ചു നിൽക്കുന്ന കാലമാണ്. ഹവാല പണം ഈ വഴിക്ക് വന്നതാണെന്ന വ്യാഖ്യാനം കൂടി ആയതോടെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് എന്ന പേരിൽ ശോഭനാ ജോർജ്ജും സംഘവും ചേർന്ന് ചമച്ച വ്യാജരേഖ സൂര്യാ ടിവി പ്രേക്ഷപണം ചെയ്യുകയായിരുന്നു. ചില പത്രമാധ്യമങ്ങളും ഇത് ഏറ്റ് പിടിച്ചു.

വ്യാജരേഖ ചമയ്ക്കലുമായി ബന്ധപ്പെട്ട് കെ വി തോമസിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ശോഭനാ ജോർജ് അടക്കം ഏഴ് പേർക്ക് എതിരെ സംസ്ഥാന ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു. ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ശോഭനയെ ചെങ്ങന്നൂരിലെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. ശോഭനയും ചാനൽ, പത്ര മാധ്യമങ്ങളും ചേർന്ന് ആ അറസ്റ്റ് ഒരു ആഘോഷമാക്കി മാറ്റി. പാതിരാത്രിയിൽ അറസ്റ്റിനായി എത്തിയ പൊലീസിനെ കാത്തിരുന്നത് വന്മാധ്യമ പടയാണ്. ഒളിവിൽ പോയ സൂര്യ ടിവി റിപ്പോർട്ടർ അനിൽ നമ്പ്യാർ ഒടുവിൽ കീഴടങ്ങി. തനിനിറം ലേഖകൻ പി ജയചന്ദ്രനും ശോഭനയുടെ പ്രൈവറ്റ് സെക്രട്ടറി അനിൽ പി ശ്രീരംഗവും ഒക്കെ ഇതിനകം അറസ്റ്റിലായിരുന്നു. പിന്നീട് 2006ൽ വന്ന എൽഡിഎഫ് സർക്കാർ ഈ കേസ് വളരെ കൂളായി എഴുതിത്ത്ത്ത്തള്ളുകയാണ് ഉണ്ടായത്. പക്ഷേ നോക്കുക, ഈ കെ വി തോമസിനുനേരെ ഉയർന്ന ഈ ആരോപണങ്ങൾ എല്ലാം ഉണ്ടയില്ലാ വെടിയായിരുന്നെന്നാണ് കാലം തെളിയിച്ചത്.

സീറ്റ് നിഷേധിച്ചപ്പോൾ പൊട്ടിത്തെറി

2019ലെ ലോക്സഭ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നതിന് പിറകെ സീറ്റ് ലഭിച്ചവരെക്കാൾ കൂടുതൽ വാർത്താ പ്രാധാന്യം നേടിയ പേരാണ് പ്രൊഫ. കെ വി തോമസിന്റെത്. എറണാകുളത്ത് സിറ്റിങ്ങ് എംപിയായിരുന്ന അദ്ദേഹത്തെ മറികടന്ന് എംഎൽഎയും യുവ നേതാവുമായ ഹൈബി ഈഡനെയാണ് പാർട്ടി പരിഗണിച്ചത്. അതോടെ ശക്തമായ പ്രതിഷേധം പരസ്യമായി തന്നെ കെ വി തോമസ് വെളിപ്പെടുത്തിയത് കോൺഗ്രസ് രാഷ്ട്രീയത്തെ കുറച്ചു മണിക്കൂറുകളെങ്കിലും പ്രക്ഷുബ്ദമാക്കി.

തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ഷോക്കാണ് പ്രഖ്യാപനമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ''ഞാൻ എന്തു തെറ്റ് ചെയ്തെന്നറിയില്ല. ഏൽപ്പിച്ച ജോലികളെല്ലാം ഭംഗിയായി ചെയ്തിട്ടുണ്ട്. നെടുമ്പാശ്ശേരി എയർപോർട്ട് തുടങ്ങി എല്ലാ വികസന പ്രവർത്തനങ്ങളും വളരെ ഭംഗിയായി ചെയ്തിട്ടുണ്ട്.'' -അദ്ദേഹം പറഞ്ഞു. തന്റെ എംപി ഫണ്ട് വിനിയോഗം ഒരു റെക്കോർഡാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാൽ 1970 മുതൽ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ഭാഗവും ഏഴ് തവണ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച് ജനപ്രതിനിധിയാവുകയും, കേന്ദ്രത്തിലും കേരളത്തിലും മന്ത്രിയായ കെ വി തോമസ് പാർട്ടിയോട് പിണങ്ങി ബിജെപിയോട് അടുക്കുമെന്ന റിപ്പോർട്ടുകളാണ് പിന്നീട് പുറത്തുവരുന്നുണ്ട്. എന്നാൽ തന്റെ ബിജെപി പ്രവേശനത്തെ തള്ളി അദ്ദേഹം സോണിയാ ഗാന്ധിയെ കണ്ടു. പക്ഷേ ഫലം ഒന്നും ഉണ്ടായില്ല.

ഇതിനെ തുടർന്ന് കേരളത്തിലെ പാർട്ടി നേതൃത്വവുമായും ഹൈക്കമാന്റുമായും ഏറെനാൾ അകൽച്ചയിലായിരുന്നു തോമസ്. 2021ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി വിടുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായെങ്കിലും പിന്നീട് കോൺഗ്രസ് ദേശീയ നേതൃത്വം ഇടപെട്ടതിനെ തുടർന്ന് 2021 ഫെബ്രുവരി പതിനൊന്ന് മുതൽ കെപിസിസിയുടെ വർക്കിങ് പ്രസിഡന്റായി നിയമിതനായി. ഇപ്പോൾ ഈ സ്ഥാനവം താൻപോലും അറിയാതെ തെറിച്ചുവെന്നാണ് കെ വി തോമസ് പറയുന്നത്. സുധാകരൻ പ്രസിഡറായ ശേഷം മുതിർന്ന നേതാക്കളോട് ഒന്നും ചർച്ചചെയ്യാറില്ലെന്ന പരാതിയും തോമസ് മാഷിന് ഉണ്ട്്

മോദിയെ പുകഴ്‌ത്തി വിവാദത്തിൽ

രാഷ്ട്രീയത്തിൽ കരുത്തരായവർക്കൊപ്പം എപ്പോഴും ചേർന്നു നിന്ന പാരമ്പര്യമുള്ള കെവി തോമസ് പക്ഷേ ഒന്നിനെയും രൂക്ഷമായി എതിർക്കുന്ന വ്യക്തിയല്ല. കരുണാകരനായാലും ആന്റണിയായാലും പിണറായി വിജയനായാലും നരേന്ദ്ര മോദി ആയാലും അതിനു മാറ്റമുണ്ടാവില്ല എന്നാണ് പറയപ്പെടുന്നത്. ഇതിന്റെ ഉദാഹരണമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പുകഴ്‌ത്തിയുള്ള കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ (കെഎംഎ) ദേശീയ മാനേജ്മെന്റ് സമ്മേളനത്തിലെ പ്രസംഗം.

തന്റെ തീരുമാനങ്ങളെയും നടപടികളെയും കൃത്യമായും വ്യക്തമായും മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ കഴിയുന്ന മികച്ച ഭരണാധികാരിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നായിരുന്നു തോമസ് മാഷിന്റെ വിലയിരുത്തൽ. ''കോൺഗ്രസിന്റെ നേതാക്കളേക്കാൾ ഞാൻ കൂടുതൽ കംഫർട്ടബിളാകുന്നത് മോദിയുമായി ആശയവിനിമയം നടത്തുമ്പോഴാണ്. നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയവയിലൊക്കെ തന്റെ നിലപാട് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ മോദിക്കു സാധിച്ചു. അതിലെ ശരിതെറ്റുകളോ രാഷ്ട്രീയമോ അല്ല പറയുന്നത്. ഭരണനിർവഹണം എന്നതു ശാസ്ത്രീയമായ ഒരു സാങ്കേതികവിദ്യയാണ്. അക്കാര്യത്തിൽ മോദി വിദഗ്ധനാണ്''- കെ വി തോമസ് പറഞ്ഞു. സംഭവത്തിൽ അദ്ദേഹത്തോടെ കെപിസിസി വിശദീകരണം തേടുകയും ചെയ്തു.

മോദിയോടുള്ള അദ്ദേഹത്തിന്റെ അടുപ്പമാണ് പാർലമെന്റിന്റെ പബ്ളിക് അകൗണ്ട്സ് കമ്മിറ്റി (പിഎസി) ചെയർമാനായി കെവി തോമസിനെ തിരഞ്ഞെടുത്തതെന്നും റിപ്പോർട്ടുകളുണ്ടാരുന്നു. 2014 ഓഗസ്റ്റ് 20 നായിരുന്നു ചുമതലയേറ്റത്. മതിയായ അംഗങ്ങളില്ലാത്തതിന്റെ പേരിൽ ലോക്സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം കോൺഗ്രസിന് നൽകില്ലെന്ന് ബിജെപി നിലപാട് ശക്തമാക്കിയ സമയത്തായിരുന്നു കെവി തോമസിനെ മോദി സർക്കാർ പിഎസി അധ്യക്ഷ ചുമതല നൽകിയത്. ഇതും തോമസ് ബിജെപിയിലേക്ക് ചുവടുമാറ്റിയേക്കുമെന്ന അഭ്യൂഹം ശക്തമാക്കിയിരുന്നു.

ഭീഷ്മ പർവത്തിലെ കെവി തോമസ്

മമ്മൂട്ടി ചിത്രം ഭീഷ്മ പർവ്വത്തിൽ തിരുത ഡൽഹിയിൽ കൊണ്ടിറിക്കി സ്ഥാനമാനങ്ങൾ നേടുന്ന ഒരു രാഷ്ട്രീയ ശകുനിയെക്കുറിച്ച് പറയുന്നുണ്ട്. ഇത് തോമസ് മാഷിനെ കാരിക്കേച്ചർ ചെയ്തതാണെന്ന് വിമർശനം ഉണ്ട്. ചിത്രത്തിൽ ദിലീഷ് പോത്തൻ അവതരിപ്പിച്ച ടി.വി ജെയിംസ് എന്ന കഥാപാത്രം സൂചിപ്പിച്ച് കെ.വി.തോമസിന്റെ മകൻ ബിജു തോമസ് ഇങ്ങനെ ഫേസ്‌ബുക്കിൽ കുറിക്കുന്നു.-''ഭീഷ്മ പർവ്വം കണ്ടു, സിനിമയെ കുറിച്ച് ഒത്തിരി അഭിപ്രായം വായിച്ചു. എനിക്ക് കൂടുതലൊന്നും പറയാനില്ല.പക്ഷേ അതിലെ ഒരു കഥാപാത്രത്തെ കുറിച്ച് പറയാനുണ്ട്.

അമൽനീരദിന് കഥാപാത്രത്തിന് കെ വി തോമസ് എന്ന് പേര് കൊടുത്താലും, ഞങ്ങൾക്ക് വിരോധമുണ്ടാവില്ല, കാരണം ഇതിലൊക്കെ എത്രയോ വലുതാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ സഹായിച്ചിട്ടുള്ളത്.ചാര കേസിൽ തുടങ്ങി ഹവാല കേസ് വരെ എല്ലാം സുഹൃത്തുക്കളുടെ സഹായമാണ്. ഇതൊക്കെ നേരിട്ട് ഒന്നും ചെയ്യാൻ പറ്റാത്തത്കൊണ്ടുള്ള സഹായങ്ങൾ.ഭീഷ്മ പർവ്വത്തിലുള്ള കഥാപാത്രം ന്യുജൻകാരുടെ സംഭാവനയാണ്. പണ്ടുള്ള സഹപ്രവർത്തകരുടെ പുതു തലമുറ.

ഒരു കാര്യത്തിൽ സന്തോഷമുണ്ട്, സിനിമയിൽ കാണിച്ച പോലെ, ജീവിതത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടില്ല.സിനിമയിലുള്ള പോലെ ഒരു ഉപകാരവും ചെയ്യാത്ത എംപി അല്ല. അദ്ദേഹത്തിന്റെ കയ്യൊപ്പ്കൾ - കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കുന്നതിലും, കൊച്ചിയിൽ മെട്രോ വന്നതിലും, വിമാനത്താവളത്തിലും തൊട്ട് ഭാരതത്തിന് വേണ്ടി ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കിയതിൽ വരെ നീളുന്നു.

അല്ലാതെ ഇന്നത്തെ ചെക്കന്മാരെ പോലെ ജീൻസും ടീ ഷർട്ടും ഇട്ട്, ബസ് സ്റ്റോപ്പ്ഉം, കായലോരത്ത് നടപ്പാതയും ഉണ്ടാക്കലല്ല 2019ന് മുമ്പുള്ള എംപിയുടെ പ്രവർത്തനം. ഒരു കാലത്ത് ഞങ്ങളുടെ വീട്ടിൽ താമര വിരിയും എന്നായിരുന്നു, പിന്നെ അത് അരിവാൾ വെച്ച് മുറിക്കും എന്നായി. പക്ഷേ ഇന്നും ഡാഡിക്ക് ഖാദറിന്റെ മുണ്ടും ഷർട്ടും തന്നെയാണ് വേഷം.അല്ലാതെ ഉലകം ചുറ്റും വാണിഭനല്ല.ഒരു കാര്യത്തിൽ സന്തോഷമുണ്ട്, ഇന്നും കെ വി തോമസിന് പ്രസക്തിയുണ്ട്, സ്ഥാനമാനങ്ങൾ ഇല്ലെങ്കിലും പലർക്കും പേടിയുണ്ട്, അല്ലെങ്കിൽ ഇങ്ങനെ ഒരു കഥാപാത്രം ഈ സിനിമയിൽ എഴുതി ചേർക്കപ്പെടില്ല.''- ഇങ്ങനെയാണ് ബിജു തോമസ് എഴുതിയത്.

എന്നാൽ ഭീഷ്മപർവ്വത്തിന് ഭാവുകങ്ങൾ നേരുകയാണ് കെ വി തോമസ് ചെയ്തത്. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ- 'ഞാനും കുടുംബവും സിനിമാ സ്നേഹികളാണ്. പണ്ടൊക്കെ ഒരുമിച്ച് തീയേറ്ററിൽ പോയി മിക്കവാറും എല്ലാ സിനിമയും കാണും.ഇന്ന് മക്കളോക്കെ വളർന്ന് പല സ്ഥലങ്ങളിലായി, ഇപ്പോൾ ടിവിയിലൂടെ പറ്റാവുന്ന സിനിമകൾ കാണാറുണ്ട്.എന്റെ മകൻ ബിജു, ദുബായിൽ ജോലി നോക്കുന്നു, അവൻ ഒട്ടുമിക്ക സിനിമയും തീയേറ്ററിൽ പോയി ഇന്നും കാണാറുണ്ട്.അവനെന്നും വേറിട്ട അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്. താഴെ കൊടുത്തിരിക്കുന്ന്ത് അവന്റെ ചിന്തകളാണ്.

മമ്മൂട്ടി എന്നും എന്റെ പ്രിയപ്പെട്ട ശിഷ്യനാണ്, ദിലീഷ് പോത്തനെ അറിയാം, നല്ലോരു നടനും ഡയറക്ടറുംമാണ്.അമൽ നീരദിന്റെ ഭീഷ്മ പരവത്തിന്, എന്റെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു!'- ഇങ്ങനെ വളരെ മാന്യമായാണ് ഈ രൂക്ഷ വിമർശനത്തിനും തോമസ് മാഷ് മറുപടി നിൽകിയത്.ഇതാണ് തോമസ് മാഷിന്റെ സ്വഭാവത്തിലെ ഏറ്റവും വലിയ സവിശേഷത. വിമർശകരോടുപോലും അദ്ദേഹം കാണിക്കുന്ന പ്രതിപക്ഷ ബഹുമാനം. കക്ഷി രാഷ്ട്രീയ ഭേദമന്യേ പടുത്തുയർത്തിയ സൗഹൃദം എന്നിവയെല്ലാം ശ്രദ്ധേയമാണ്.

'ഉണ്ണിയേശുവിന് ഒരു പെഗ്ഗ്'

നല്ല ഒരു എഴുത്തുകാരൻ കൂടിയായ തോമസ് മാഷ് തന്റെ ജന്മനാടായ കുമ്പളങ്ങിയെ കുറിച്ച് 'എന്റെ കുമ്പളങ്ങി കഥകൾ' അടക്കമുള്ള നിരവധി പുസ്തങ്ങളിൽ പറയുന്നുണ്ട്. എല്ലാറ്റിലും ഒരു നർമ്മം കാണാനുള്ള അദ്ദേഹത്തിന്റെ കഴിവും ശ്രദ്ധേയമാണ്.

ഒരു മരണവീട്ടിലെ അനുഭവം ഇങ്ങനെ-''എന്നെ കണ്ടതും എസ്തപ്പാന്റെ ഭാര്യ കരഞ്ഞുകൊണ്ട് അടുത്തെത്തി. ''എസ്തപ്പാൻ ചേട്ടൻ പോയി മാഷെ'' എന്തു ചെയ്യണമെന്നറിയാതെ നിന്ന ഞാൻ പതിയെ പറഞ്ഞു ''മോളെ നമുക്കെന്തു ചെയ്യാൻ പറ്റും, ഏറ്റവും ഇഷ്ടമുള്ളവരെ കർത്താവ് വേഗം വിളിക്കും... നമുക്ക് അനുസരിക്കുകയല്ലെ പറ്റൂ...'' ''ശരിയാ മാഷെ...'' എനിക്കൽപ്പം ആശ്വാസമായി... ''എസ്തപ്പാൻ ചേട്ടൻ ... പറയുമായിരുന്നു... കർത്താവിന് മാഷിനേം ചേട്ടനേം ഇഷ്ടമാണെന്ന്... എന്നിട്ട്... മാഷിനെ എന്താണ് കൊണ്ടുപോകാത്തത്...''? പതറിപ്പോയ ഞാൻ പെട്ടെന്നവിടെനിന്നിറങ്ങി.''- തോമസ് മാഷ് എഴുതി.

മറ്റൊരു സംഭവം മാഷ് ഇങ്ങനെ എഴുതുന്നു. ''മുൻ മന്ത്രി ജി.കാർത്തികേയന്റെ അനുശോചന ചടങ്ങു കഴിഞ്ഞിറങ്ങിയ മറ്റൊരു നാട്ടുകാരൻ അദ്ദേഹത്തോട് പറഞ്ഞു ''മാഷെ മരിക്കുകയാണെങ്കിൽ കാർത്തികേയൻ സാറിനെപ്പോലെ മരിക്കണം. എന്തായിരുന്നു ചടങ്ങുകളുടെ ഒരു പ്രൗഢി..? സംസ്ഥാന ബഹുമതി, നേതാക്കളുടെയും, നാട്ടുകാരുടെയും തിരക്ക്...'' ഞാൻ അയാളെ നോക്കി. അയാൾ തുടർന്നു ''മാഷെ... ഞങ്ങൾ കുമ്പളങ്ങിക്കാർക്ക്... ഇങ്ങനെയൊരു ഭാഗ്യം ഉണ്ടാകുമോ...''? അന്നു ഞാൻ എറണാകുളം എംപി.യാണ്. ഞാൻ വീണ്ടും ഞെട്ടി.

ക്രിസ്മസ് തലേന്ന് പാതിരാ പ്രസംഗത്തിലൂടെ വിശ്വാസികളെ ഞെട്ടിച്ച വികാരിയച്ചന്റെ കഥ ഇങ്ങനെ. ഇടവകാംഗങ്ങൾക്ക് ക്രിസ്മസിന്റെയും പുതുവത്സരത്തിന്റെയും ആശംസകൾ നേർന്നശേഷം അച്ചൻ പറഞ്ഞു- ''നിങ്ങൾ ഈ ആഘോഷവേളയിൽ ഉണ്ണീശോയെ മറക്കരുത്. ഒരു പെഗ് ഉണ്ണീശോയ്ക്കും മാറ്റിവയ്ക്കണം.'' അച്ചൻ ഉദ്ദേശിച്ചത് ഒരു പെഗ്ഗിന്റെ കാശെങ്കിലും പള്ളിക്ക് നൽകണമെന്നായിരുന്നു. കുമ്പളങ്ങിയിലെ നിഷ്‌കങ്കരായ നാട്ടുകാരുടെ കഥകൾ പറയുന്ന, പ്രൊഫ. കെ.വി.തോമസിന്റെ പുസ്തകത്തിൽ അങ്ങനെ പല കഥകളും ഉണ്ട്.

കുമ്പളങ്ങിക്കാരുടെ പത്രാസിനെ കുറിച്ചാണ് അവസാനം അദ്ദേഹം എഴുതയത്. അത് ഇങ്ങനെയാണ്. ''കുമ്പളങ്ങിക്കാർക്ക് എന്തു കാര്യത്തിനും പബ്ലിസിറ്റിയും ആഡംബരവും വേണമെന്ന് നിർബന്ധമാണ്.ഞാൻ സംസ്ഥാന മന്ത്രിയും കേന്ദ്രമന്ത്രിയുമായപ്പോൾ കുമ്പളങ്ങിയിലെ എന്റെ സുഹൃത്തുക്കളുടെ നിർദ്ദേശമായിരുന്നു, ചെല്ലുമ്പോൾ മുമ്പിലും പുറകിലും പൊലീസ് വണ്ടി വേണം. മുമ്പിൽ ചുവന്ന കൊടി വെച്ച് സൈറൺ മുഴങ്ങുന്ന പൈലറ്റ് വണ്ടി, പുറകിൽ ജനശ്രദ്ധയാകർഷിക്കാൻ എക്സ്‌കോർട്ട് വണ്ടികൾ. നിർദ്ദേശത്തോട് വ്യക്തിപരമായി എനിക്ക് താല്പര്യമില്ലായിരുന്നെങ്കിലും കുമ്പളങ്ങിക്കാരുടെ ഗമയും ഗൗരവും കുറച്ചു കാണരുതല്ലോയെന്ന് കരുതി, ത്രിവർണ്ണപതാക കെട്ടിയ സ്റ്റേറ്റ് കാറിലായിരുന്നു യാത്ര.

കുമ്പളങ്ങി വടക്കെ കടത്തുകടവിൽ മണ്ഡലം പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റ്, പാർട്ടി പ്രവർത്തകർ തുടങ്ങിയവരെല്ലാം കാത്തുനിന്നിരുന്നു. കടത്തു കടവിലുള്ള സ്വീകരണത്തിനുശേഷം ഞാൻ കണ്ടത് കാറിലേക്ക് ഇടിച്ചു കയറുന്ന പാർട്ടിക്കാരെയാണ്. കാറിന്റെ മുന്നിലും പുറകിലും ആയി പത്ത് പേരെങ്കിലും കാണും. എനിക്ക് ഇരിക്കാൻ സീറ്റില്ല. കയറിയവരാരും മാറി തരാൻ തയ്യാറായിരുന്നില്ല. ആരേയും മാറ്റി നിർത്താൻ പറ്റുന്നവരുമായിരുന്നില്ല. പിന്നെ ആരോ ഒരാൾ മറ്റൊരാളുടെ മടിയിലേക്ക് കയറിയിരുന്നു. ഒഴിഞ്ഞ ആ സീറ്റിൽ ഞാനിരുന്നു. കാറിന്റെ രണ്ടു വശത്തെയും ഗ്ലാസ് താഴ്‌ത്തി, കയ്യും തലയും പുറത്തിട്ടായിരുന്നു യാത്ര. ഇതു കണ്ട ഒരു അമ്മൂമ്മ പറഞ്ഞു, ഇതിലും ഭേദം ഒരു ലോറി വിളിക്കുന്നതായിരുന്നു, അപ്പോൾ എല്ലാവർക്കും കയറാമായിരുന്നല്ലോ ! കുമ്പളങ്ങിക്കാരുടെ നിഷ്‌കളങ്കതയാണ് അമ്മൂമ്മയുടെ ആ സംഭാഷണത്തിൽ പ്രതിഫലിച്ചത്.

കല്ല്യാണങ്ങളും ഞങ്ങൾ ആർഭാടപൂർവ്വമാണ് നടത്തുന്നത്. കല്ല്യാണപ്പെണ്ണിനെ സ്വർണ്ണാഭരണങ്ങൾകൊണ്ട് പൊതിഞ്ഞാണ് പള്ളിയിൽ കൊണ്ടു വരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുള്ളവർ ആഭരണങ്ങൾ കടം വാങ്ങിക്കും. കല്ല്യാണം കഴിയുമ്പോൾ തിരികെ നല്കും. കള്ള് കുടിച്ചാലും കുമ്പളങ്ങിക്കാർക്ക് മറ്റുള്ളവരെ അറിയിക്കണം. കൂട്ടുകാരൊത്ത് പാട്ട് പാടി, കെട്ടിപ്പിടിച്ചു റോഡിന് മധ്യത്തിലൂടെ നടക്കും, ചിലപ്പോൾ കയ്യാങ്കളിയും ഉണ്ടാവും. ഇതും പത്രാസിന്റെ ബഹിർസ്ഫുരണങ്ങളാണ്. സാമ്പത്തികമായി വലിയ ബുദ്ധിമുട്ടാണെങ്കിലും കടംവാങ്ങി പെരുന്നാളുകളും വിശേഷ ദിവസങ്ങളും ഗംഭീരമാക്കും. കുളിച്ചില്ലെങ്കിലും കോണകം പുരപ്പുറത്ത് എന്നതായിരുന്നു കാഴ്ചപ്പാട്.''- മാഷ് എഴുതുന്നു.

അതുപോലെ തന്റെ ഡൽഹി കഥകളിൽ അക്കാലത്തെ നിരവധി സംഭവങ്ങൾ നർമ്മത്തിൽ പൊതിഞ്ഞ് തോമസ് മാഷ് അവതരിപ്പിക്കുന്നുണ്ട്. ''ലോക്സഭയിൽ കൃത്യമായ വരുന്ന നേതാവാണ് സോണിയാ ഗാന്ധി. കോൺഗ്രസ് അംഗങ്ങളുടെ 'ഹാജർ' പരിശോധിക്കാൻ യുപിഎ ചെയർ പേഴ്സൺ, ഒരു സംവിധാനം ചെയ്തിട്ടുണ്ട്. തേർഡ് ഐ എന്നാണ് പൊതുവേ ഈ സംവിധാനം അറിയപ്പെടുന്നത്. ഹാജർ ബുക്കിൽ ഒപ്പിടുന്നതിന് പുറമേ ഈ മൂന്നാം കണ്ണ്, സഭയിലെ കോൺഗ്രസ് അംഗങ്ങളുടെ പ്രവർത്തനം സസൂക്ഷ്മം വീക്ഷിക്കുന്നു എന്നുവരെ സംസാരമുണ്ട്.

സോണിയാഗാന്ധി സഭയിൽ വരുന്നത് ഒരു കറുത്ത ബാഗുമായിട്ടാണ്. സഭയിൽനിന്ന് പറത്തുപോകുമ്പോൾ തന്റെ സീറ്റിൽ ബാഗ് വെച്ചിട്ടുപോകും. ഏത് സമയവും മാഡം തിരിച്ചുവരും എന്നതിന്റെ സിഗ്നൽ ആയിട്ടാണ്, ഈ ബാഗിനെ കാണുന്നത്. അതുകൊണ്ട് മാഡം സഭയിൽ ഇല്ലെങ്കിലും, ബാഗ് സീറ്റിൽ ഉണ്ടെങ്കിൽ കോൺഗ്രസ് അംഗങ്ങൾ സഭയിൽ കാണും. സഭാന്തരീക്ഷം പ്രക്ഷുബ്ധമാകുമ്പോൾ വളരെ ശാന്തനായി സോണിയാജി സഭയിൽ ഇരിക്കും. ''- തോമസ് മാഷ് എഴുതി.

ഒടുവിൽ സിപിഎമ്മിലേക്കോ?

സംസ്ഥാന കോൺഗ്രസിൽ തഴയപ്പെടുന്നെങ്കിലും ദേശീയ തലത്തിൽ കക്ഷി രാഷ്ട്രീയത്തിന് അതീതമായ ബന്ധങ്ങളാണ് കെ.വി.തോമസിന് ഉള്ളത്. കെ കരുണാകരന്റെയും സോണിയാ ഗാന്ധിയുടെയും വിശ്വസ്തനായിരിക്കുമ്പോഴും ഈ പഴയ കോളജ് അദ്ധ്യാപകൻ എ കെ ആന്റണിയുമായും ഉമ്മൻ ചാണ്ടിയുമായും പിണറായി വിജയനുമായും നരേന്ദ്ര മോദിയുമായി പോലും സൗഹൃദം കാത്തുസൂക്ഷിച്ചു. സീതാറാം യച്ചൂരി, ഡി.രാജ തുടങ്ങിയ ഇടതു നേതാക്കളുമായുള്ള കെ.വി.തോമസിന്റെ സൗഹൃദവും കൂടിക്കാഴ്ചകളും വിവാദങ്ങൾ സൃഷ്ടിച്ചു.

നേരത്തെ രാജ്യസഭാ സീറ്റിന് വേണ്ടി സോണിയാഗാന്ധി വഴി കെ വി തോമസ് കരുക്കൾ നീക്കിയിരുന്നെങ്കിലും സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുടെ എതിർപ്പിനെ തുടർന്ന് ആ ശ്രമവും നടന്നില്ല. ദേശീയ നേതൃത്വത്തിലോ സംസ്ഥാന നേതൃത്വത്തിലോ അർഹമായ പരിഗണന ലഭിക്കണം എന്നതാണ് കെ വി തോമസിന്റെ ആവശ്യം. ഇത് കോൺഗ്രസ് ദേശീയ സംസ്ഥാന നേതൃത്വങ്ങൾ അംഗീകരിക്കുന്നില്ലെങ്കിൽ സിപിഎമ്മിലേക്ക് ചേക്കേറാനാണ് തോമസ് മാഷ് പദ്ധതിയൊരുക്കുന്നത്. കഴിഞ്ഞ മാസം രാജ്യസഭാ സീറ്റ് എന്ന ആവശ്യവുമായി ഹൈക്കമാൻഡിനെ കാണാൻ ഡൽഹിയിലെത്തിയ തോമസ് മാഷ് എകെജി ഭവിനിലെത്തി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി ചർച്ച നടത്തിയതും രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരുന്നു.

കെ വി തോമസിനെയും ശശി തരൂരിനെയും അടക്കം കോൺഗ്രസിൽ നിന്നും അടർത്തിയെടുത്ത് ഒപ്പംകൂട്ടാൻ ആണ് സിപിഎം നീക്കം. തരൂരിനെ അതിന് കിട്ടില്ല എന്ന് വ്യക്തമാണ്. അപ്പോൾ അടുത്ത ഇര തോമസ് മാഷാണ്. പോകരുത് എന്ന് രക്തം ഊറ്റിക്കുടിച്ച് സിപഎം വിലിച്ചെറിയുമെന്നുമൊക്കെ ചെറിയാൻ ഫിലിപ്പൊക്കെ പറയുന്നുണ്ടെങ്കിലും തോമസ് കേൾക്കുമോ എന്ന് അറിയില്ല. കെ വി തോമസ് സിപിഎമ്മിലേക്കെത്തിയാൽ അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ എറണാകുളത്ത് നിന്നും മത്സരിപ്പിക്കാം എന്ന സന്ദേശം ഇതിനകം സിപിഎം അദ്ദേഹത്തിന് നൽകി കഴിഞ്ഞു എന്നും അറിയുന്നുണ്ട്്. എന്തായാലും ഈ 76ാം വയസ്സിലും വിശ്രമില്ലാതെ രാഷ്ട്രീയ പോരിനിറങ്ങുന്ന തോമസ് മാഷിന്റെ സ്പിരിറ്റ് അംഗീകരിച്ചുകൊടുക്കേണ്ടതാണ്.

വാൽക്കഷ്ണം: യുപിഎ സർക്കാരിൽ കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രി ആയിരിക്കെ 2010 ഒക്ടോബറിൽ കാസർകോട് നടന്ന ഒരു സെമിനാറിൽ, എൻഡോസൾഫാൻ മനുഷ്യരിൽ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ല കെ വി തോമസ് അഭിപ്രായപ്പെട്ടത് വലിയ വിവാദങ്ങൾ ആയിരുന്നു. ഒരുപക്ഷേ അദ്ദേഹത്തിന്റെ ഏറ്റവും ശരിയായ പ്രസ്താവനയും അതായിരിക്കണം. എൻഡോസൾഫാനാണ് മനുഷ്യരിൽ ആരോഗ്യപ്രശ്നം ഉണ്ടാക്കുന്നത് എന്ന് ഇന്നും തെളിയിക്കപ്പെട്ടിട്ടില്ല. പക്ഷേ അതിന്റെ പേരിൽ അയാൾ ഒരുപാട് തെറികേട്ടത് മിച്ചം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP