Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭ്രഷ്ട്, മാനസിക പീഡനം, അപമാനം, ദത്തെടുത്ത കുട്ടികൾ സമുദയത്തിന് പുറത്ത്; ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിച്ചതിന്റെ പേരിൽ അംഗത്തെയും അവന്റെ പരമ്പരയേയും രണ്ടാംകിട പൗരനായി കരുതുന്നത് ക്രൈസ്തവ മൂല്യങ്ങൾക്ക് നിരക്കുന്നതാണോ? ക്‌നാനായ സഭയിൽ പുറംലോകം അറിയാത്ത മനുഷ്യാവകാശലംഘനങ്ങൾ കോടതി വിധിയോടെ ചർച്ചയാകുന്നത് ഇങ്ങനെ

ഭ്രഷ്ട്, മാനസിക പീഡനം, അപമാനം, ദത്തെടുത്ത കുട്ടികൾ സമുദയത്തിന് പുറത്ത്; ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിച്ചതിന്റെ പേരിൽ അംഗത്തെയും അവന്റെ പരമ്പരയേയും രണ്ടാംകിട പൗരനായി കരുതുന്നത് ക്രൈസ്തവ മൂല്യങ്ങൾക്ക് നിരക്കുന്നതാണോ? ക്‌നാനായ സഭയിൽ പുറംലോകം അറിയാത്ത മനുഷ്യാവകാശലംഘനങ്ങൾ കോടതി വിധിയോടെ ചർച്ചയാകുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ക്‌നാനായ സഭയിലെ സ്വവംശ വിവാഹവുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവോടെ സീറോ മലബാർ സഭയുടെ ഭാഗമായ കോട്ടയം രൂപത വിവാഹം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശ്വാസികളോട് കാട്ടുന്ന വേർതിരിവ് സഭയിക്കുള്ളിൽ പുതിയ ചർച്ചയ്ക്ക് വഴിതുറക്കുന്നു. കോട്ടയം കിഴക്കേ നട്ടാശ്ശേരി ഇടവകയിൽ ഒറവണക്കുളത്തിൽ ബിജു ഉതുപ്പിന്റെ വിവാഹക്കുറി അന്നത്തെ ഇടവക വികാരി ഫാ.ജോർജ് മഞ്ഞാങ്ങൽ നിഷേധിച്ചതാണ് കേസിന്റെ തുടക്കം.

1989-ൽ കോട്ടയം മുൻസിഫ് കോടതിയിലാണ് ബിജു ഉതുപ്പ് കേസ് നൽകിയത്. ബിജുവിന് ഒരു മാസത്തിനകം കുറി നൽകണമെന്ന് 1990 നവംബർ 24ന് കോടതി വിധിച്ചു. ബൈബിൾ, പൗരസ്ത്യ തിരുസംഘത്തിന്റെ കാനോൻ നിയമം, 12-ാം പീയൂസ് മാർപാപ്പയുടെ Motu Proprio എന്ന അപ്പസ്‌തോലിക് ലെറ്റർ, ഇന്ത്യൻ ഭരണഘടനയുടെ 25ാം വകുപ്പ്, കോട്ടയം രൂപതയുടെ സ്ഥാപന ബൂൾ, സുപ്രീം കോടതിയുടെ വിധികൾ എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു വിധി. രൂപതയുടെ സ്വവംശ വിവാഹനിഷ്ഠയും പുറത്താക്കൽ നടപടിയും നിയമവിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണെന്നും കോടതി നിരീക്ഷിച്ചു.

എന്നാൽ ഇത് ചോദ്യം ചെയ്ത് 2004ൽ രൂപത എറണാകുളം അഡീഷണൽ ജില്ലാ കോടതിയിൽ അപ്പീൽ നൽകി. എന്നാൽ കീഴ്‌കോടതിയുടെ വിധി ശരിവച്ചുകൊണ്ട് 2008 ഡിസംബർ 12ന് ഉത്തരവിറക്കി. ഇതിനകം ബിജു ഉതുപ്പിന്റെ വിവാഹം അപ്പസ്‌തോലിക് ന്യൂൺഷ്യോ ഇടപെട്ട് നടത്തി. ക്‌നാനായ സമുദായത്തിൽ നിന്നുതന്നെയുള്ള പെൺകുട്ടിയുമായാണ് വിവാഹം നിശ്ചയിച്ചിരുന്നത്. എന്നിട്ടും ബിജുവിന്റെ അമ്മയുടെ അമ്മ ലത്തീൻ സമുദായാംഗമാണെന്ന വാദം ഉന്നയിച്ചാണ് രൂപത വിവാഹക്കുറി നിഷേധിച്ചത്. എന്നാൽ ബിജുവിന്റെ മാതാപിതാക്കളുടെയും മൂത്ത രണ്ട് സഹോദരങ്ങളുടെയും വിവാഹത്തിൽ രൂപത ഈ പ്രശ്‌നം ഉയർത്തിയിരുന്നില്ല.

തന്റെ കുട്ടിയുടെ മാമോദീസ നടത്തി നൽകണമെന്ന് ആവശ്യപ്പെട്ടും രൂപതാ നേതൃത്വത്തെ സമീപിച്ചു. എന്നാൽ കേസിൽ അപ്പീൽ നൽകിയെന്നു പറഞ്ഞ നേതൃത്വം അതും നിഷേധിച്ചു. മാമോദീസ നടത്തിതരാൻ രൂപതയോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ബിജു 2015ൽ കോട്ടയം മുൻസിഫ് കോടതിയെ വീണ്ടും സമീപിച്ചു. ഇതിനിടെ 2015ൽ ക്‌നാനായ കത്തോലിക്കാ സംരക്ഷണ സമിതി എന്ന സംഘടനയും സ്വവംശ വിവഹനിഷ്ഠ ചോദ്യം ചെയ്ത് കോട്ടയം ജില്ലാ കോടതിയിൽ ഹർജി നൽകി. ഈ കേസുകൾക്കെല്ലാം എതിരെ 2016ൽ രൂപത ഹൈക്കോടതിയിൽ അപ്പീൽ നൽകി. 30/1/2017ൽ അപ്പീൽ പരിഗണിച്ച ജസ്റ്റീസ് കെ.ഹരിലാൽ വാദം കേട്ടശേഷം തള്ളുകയായിരുന്നു. തുടർന്ന് അദ്ദേഹം പുറപ്പെടുവിച്ച ഉത്തരവ് കീഴ്‌ക്കോടതിയുടെ എല്ലാ നിരീക്ഷണങ്ങളും ശരിവയ്ക്കുന്നതായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണവും.

കത്തോലിക്കാ സഭയിൽ സുറിയാനി ക്രിസ്ത്യാനികളും ലത്തീൻ ക്രിസ്ത്യാനികളും ജാതിയ അടിസ്ഥാനത്തിലല്ല നിലനിൽക്കുന്നതെന്നും റീത്തുകളുടെ വ്യത്യാസം മാത്രമാണ് ഉള്ളതെന്നും ഇവർ തമ്മിലുള്ള വിവാഹങ്ങൾക്ക് യാതൊരു തടസ്സവുമില്ലെന്നും കോടതി വ്യക്തമാക്കി. ക്രിസ്ത്യാനികൾക്കിടയിൽ ജാതീയ വേർതിരിവ് ഇല്ലെന്ന് പറഞ്ഞ കോടതി, ക്രിസ്തുമതത്തിലേക്ക് പരിവർത്തനം നടത്തുന്ന ദളിതർ ആണെങ്കിൽ പോലും അവർ ജാതി വ്യവസ്ഥയിൽ നിന്ന് മാറ്റപ്പെടുന്നുവെന്ന കാര്യവും ചൂണ്ടിക്കാട്ടി.

എന്താണ് സ്വവംശ വിവാഹ നിഷ്ഠ വാദത്തിന്റെ അടിസ്ഥാനം.

എ.ഡി 345ൽ കേരളത്തിൽ എത്തിയ തോമസ് കാന (ക്‌നായി തോമ്മ) എന്ന യഹൂദ ക്രിസ്ത്യൻ കച്ചവടക്കാരനൊപ്പം മിഡിൽ ഈസ്റ്റിൽ നിന്നും 72 കുടുംബങ്ങൾ കുടിയേറിയിരുന്നു. 400 ഓളം സ്ത്രീ പുരുഷന്മാരാണ് ക്‌നായി തോമ്മയ്‌ക്കൊപ്പം എത്തിയത്. ഇവരുടെ പരമ്പരയാണ് ഇന്നത്തെ ക്‌നാനായ സമുദായം എന്നാണ് വിശ്വാസം. തങ്ങളുടെ വംശീയ സ്വത്തയും രക്തശുദ്ധീയും നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് വിവാഹ നിഷ്ഠ കൊണ്ടുവന്നത്. മറ്റു കത്തോലിക്കാ വിഭാഗങ്ങളിൽ നിന്നു ഭിന്നമായി വിവാഹം, മരണം, ജനനം എന്നിവയ്‌ക്കെല്ലാം പ്രത്യേക ആചാരങ്ങളും പാലിച്ചുപോരുന്നു. ക്‌നാനായ കത്തോലിക്കർ, ക്‌നാനായ യാക്കോബായ എന്നിങ്ങനെ സമുദായം രണ്ടായി വിഭജിക്കപ്പെട്ടുവെങ്കിലും ഇവർ തമ്മിലുള്ള വിവാഹബന്ധം അനുവദനീയമാണ്.

ഇനി വിവാഹനിഷ്ഠ പാലിച്ചില്ലെങ്കിൽ എന്തു സംഭവിക്കും

സമൂഹത്തിൽ നിന്നുള്ള പുറത്താക്കൽ (ഭ്രഷട് എന്ന് പറയുന്നതാകും കുറച്ചുകൂടി ഉചിതം) ആണ് ആ വ്യക്തി നേരിടുന്ന ഏറ്റവും വലിയ അപമാനം. സീറോ മലബാർ സഭയിലെ മറ്റൊരു വിഭാഗത്തെ വിവാഹം കഴിക്കുന്ന സ്ത്രീകൾക്ക് ഒരു പക്ഷേ ഈ അവഗണന വളരെ കുറച്ചുമാത്രമേ നേരിടേണ്ടിവരികയുള്ളൂ. അവൾ ഭർതൃവീട്ടുകാരോടും സമൂഹത്തോടും ലയിച്ചുചേരുന്നതോടെ അവഗണന നേരിടാനുള്ള സാഹചര്യം വളരെ കുറവാണ്. എന്നാൽ, മറ്റു കത്തോലീക്കാ സമുദായത്തിൽ നിന്ന് വിവാഹം കഴിക്കുന്ന പുരുഷന്മാരും അവരുടെ ഭാര്യമാരായി എത്തുന്നവരും അനുഭവിക്കുന്ന മാനസീക പീഡനവും അപമാനവും ചെറുതല്ലെന്ന് അത് അനുഭവിച്ചവർ സാക്ഷ്യപ്പെടുത്തുന്നു.

വിവാഹം പുരുഷന്റെ ഇടവകപള്ളിയിൽ രജിസ്റ്റർ ചെയ്യുന്ന പാരമ്പര്യം നിഷേധിക്കപ്പെടുന്നു. സീറോ മലബാർ സഭയുടെ കീഴിലുള്ള മറ്റേതെങ്കിലും പള്ളിയിലേക്ക് വിവാഹത്തിനായി പേകോണ്ടിവരുന്നു. ഇത് സ്വമനസ്സാലെ പോകുന്നതല്ല, തനിക്ക് മറ്റൊരു കത്തോലിക്കാ വിഭാഗത്തിൽ നിന്നുള്ള പെൺകുട്ടിയെ വിവാഹം കഴിക്കാൻ താൽപര്യമാണെന്നും ഇതിനാൽ മറ്റൊരു പള്ളിയിൽ വച്ച് വിവഹം നടത്താൻ അനുവദിക്കണമെന്നും സഭാ നേതൃത്വത്തിന്റെ അനുമതി പത്രം വാങ്ങിയുള്ള നടപടിയാണ്. ശരിക്കും പറഞ്ഞാൽ ഈ അനുമതി പത്രത്തോടെ അവൻ രൂപതയിൽ നിന്നും പിരിഞ്ഞുപോയി എന്നു കരുതപ്പെടുന്നു. ഇവർക്കുണ്ടാകുന്ന മക്കളും ഇതോടെ രൂപതയിൽ നിന്ന് പുറത്താക്കപ്പെടുന്നു.

സ്വവംശ വാദത്തിന്റെ തിക്തഫലം അനുവദിക്കുന്നത് വിവാഹ പ്രായം കഴിഞ്ഞിട്ടും സമുദായത്തിനുള്ളിൽ നിന്ന് ചേർന്ന ഇണയെ കണ്ടെത്താൻ കഴിയാതെ പുരനിറഞ്ഞുനിൽക്കുന്ന ചെറുപ്പക്കാരാണ്. കുടുംബത്തിലെ കാർന്നോന്മാരുടെ കടുംപിടുത്തം മൂലം കെട്ടുപ്രായം കഴിഞ്ഞ് തെക്കുവടക്കു നടക്കാൻ വിധിക്കപ്പെട്ടവർ നിരവധിയുണ്ട്. മകൻ മറ്റൊരു രൂപതയിൽ പെട്ട പെൺകുട്ടിയുമായുള്ള പ്രണയ വിവാഹത്തിൽ നിന്ന് പിന്തിരിയാൻ തയ്യാറാകാത്തതിന്റെ പേരിൽ തൂങ്ങിമരിച്ച രക്ഷിതാക്കൾ വരെ ഇവിടെയുണ്ട്.

സ്വസമുദായത്തിൽ നിന്നും പെണ്ണുകിട്ടാത്തതിന്റെ പേരിൽ എൻഡോഗമി വാദത്തിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം ചെറുപ്പക്കാർ കോട്ടയം രൂപതയ്ക്ക് മുന്നിൽ നടത്തിയ സമരവും മറക്കരുത്. എന്നാൽ എല്ലാ സമുദായത്തിലും പുരനിറഞ്ഞുനിൽക്കുന്നവർ ഇല്ലേ എന്ന് മറുചോദ്യം ഉന്നയിക്കുന്നവരുണ്ട്. വംശശുദ്ധിയുടെ പേരിൽ ഇത്തരമൊരു ത്യാഗം നടത്തുന്നവർ മറ്റുക്രിസ്തീയ വിഭാഗങ്ങളിൽ ഉണ്ടോയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

നാട്ടിലുള്ളവരല്ല, വിദേശത്തു കുടിയേറിയവരും അവർക്കു വേണ്ടി കുഴലൂതുന്നവരുമാണ് നിയമപോരാട്ടത്തിനു പിന്നിലെന്ന് പറയുന്നവരുമുണ്ട്. പ്രവാസ ജീവിതത്തിനിടെ ചെറുപ്പത്തിന്റെ ആവേശത്തിൽ സഭാ പാരമ്പര്യം മറന്ന് ഇഷ്ടപ്പെട്ട വിവാഹം കഴിച്ചവർ കാലം കഴിയുമ്പോൾ മാറിചിന്തിക്കുന്നുവെന്നും എങ്ങനെയെങ്കിലും തിരിച്ച് സമുദായത്തിൽ കയറിപ്പറ്റാനുള്ള വ്യഗ്രതയാണ് ഇതിനു പിന്നിലെന്നുമാണ് ഇതിനെ എതിർക്കുന്നവരുടെ പക്ഷം.

ദത്തെടുക്കപ്പെടുന്ന കുട്ടികളാണ് അവഗണന നേരിടുന്ന മറ്റൊരു വിഭാഗം. മക്കളില്ലാത്ത ദമ്പതികൾ സ്വന്തം മകൻ/മകൾ ആയി ഒരു കുഞ്ഞിനെ ദത്തെടുത്താൽ ദമ്പതികൾക്ക് അവരുടെ വിശ്വാസത്തിലും പാരമ്പര്യത്തിലും ആ കുഞ്ഞിനെ വളർത്താൻ അവകാശമുണ്ട്. മാതാപിതാക്കളുടെ പാരമ്പര്യത്തിന് അവൻ/അവൾ അർഹരാണ്. എന്നാൽ ക്‌നാനായ രൂപതയിൽ ദത്തെടുക്കപ്പെടുന്ന കുട്ടി സമുദായത്തിന് പുറത്താണ് എന്ന കാര്യം വിസ്മരിക്കരുത്. അവന്റെ മാമ്മോദീസ മറ്റേതെങ്കിലും സീറോ മലബാർ കത്തോലിക്കാ പള്ളിയിൽ വച്ചേ നടത്താൻ പറ്റൂ. അവന്റെ രജിസ്റ്റർ പിന്നീട് അവിടെയായിരിക്കും. തുടർന്ന് അവന്റെ ജീവിതത്തിലെ എല്ലാ വിശ്വാസകാര്യങ്ങൾക്കും മറ്റു പള്ളികളെ ആശ്രയിക്കേണ്ട അവസ്ഥ. ഇതിനു പുറമേയാണ് താൻ കുടുംബത്തിന്റെ രണ്ടാംകിട പൗരനാണെന്ന തോന്നലും സമുദായത്തിൽ നിന്നുള്ള രണ്ടാംകിട പരിഗണനയും. അനാഥ കുഞ്ഞുങ്ങളെ ദത്തെടുക്കുന്നതാണ് ഏറ്റവും വലിയ പ്രേഷിത പ്രവർത്തനം എന്നു പഠിപ്പിക്കുന്ന സഭ തന്നെയാണ് ഈ കൊടിയ അനീതിയും നടത്തുന്നതെന്ന് ഓർക്കണം.

അവഗണന നേരിടുന്ന മറ്റൊരു വിഭാഗമാണ് 'ആദ്യത്തെ കുടിയിലെ കുട്ടികൾ'. എന്നുവച്ചാൽ ക്‌നാനായ യുവാവ് മറ്റൊരു രൂപതയിൽ നിന്ന് വിവാഹം കഴിച്ച് പുറത്തുപോയി എന്നിരിക്കട്ടെ. അയാൾക്ക് ആ ബന്ധത്തിൽ മക്കളുണ്ട്. കുറച്ച് കഴിഞ്ഞ അയാളുടെ ഭാര്യ മരിച്ചുപോയി. എന്നാൽ സ്വന്തം സമുദായത്തിൽ നിന്ന് രണ്ടാമതൊരു വിവാഹം കഴിക്കാൻ അയാൾ തീരുമാനിച്ചാൽ അയാളെ മാത്രം രൂപത സ്വീകരിക്കും. ആദ്യബന്ധത്തിലെ മക്കളെ തള്ളിപ്പറയും. ഫലത്തിൽ രണ്ടാം ഭാര്യയും അവരുടെ മക്കളുമൊത്ത് കുടുംബനാഥൻ സ്വന്തം ഇടവകയിലേയും സമുദായത്തിലെയും ചടങ്ങുകളിൽ പങ്കാളിയാകുമ്പോൾ അയാൾക്ക് ആദ്യഭാര്യയിൽ പിറന്ന മക്കൾ മറ്റൊരു പള്ളിയിൽ പോകേണ്ടിവരുന്നു. ഒരു കുടുംബത്തിൽ തന്നെ രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കുന്ന ഏർപ്പാട്. മക്കൾ തമ്മിൽ വിവേചനവും ശത്രുതയും വളർത്താൻ മറ്റൊരു കാരണവും വേണ്ട. ഈ വിവേചനത്തിന്റെ പേരിൽ നടന്ന കുടുംബവഴക്കിനിടെ അപ്പനെ മക്കൾ കത്തിയെടുത്ത് കുത്തിയ ചരിത്രവുമുണ്ട്.

കുടുംബത്തിലെ ബന്ധുക്കളുടെ കല്യാണം, മറ്റ് വിശേഷ ചടങ്ങുകളിൽ എല്ലാം പുറത്തുപോയി വിവാഹം കഴിച്ചവർക്ക് അർഹമായ സ്ഥാനം നൽകാറില്ല. വിവാഹത്തിന് സാക്ഷിയാകുക, മാമോദീസയിൽ തലതൊട്ടപ്പനാകുക തുടങ്ങിയ സ്ഥാനങ്ങൾ നിഷേധിക്കുന്നു. സ്വന്തം വീട്ടിൽ നടക്കുന്ന കൂടാരയോഗങ്ങളിൽ (കുടുംബയോഗം) പോലും ഇവരും മക്കളും മാറിനിൽക്കേണ്ട അവസ്ഥയാണ്. കുടുംബ സ്വത്തിന്റെ ഓഹരി വീതം വയ്‌പ്പിൽ തന്നെ ഈ വിവേചനം പ്രകടമാണ്. ഇതുവഴി സഹോദരങ്ങൾ തമ്മിലും അവരുടെ ഭാര്യമാർ തമ്മിലും അസ്വാരസ്യങ്ങൾ ഉടലെടുക്കുന്നു. ഇവയൊന്നും ഇല്ലാതെ മര്യാദയ്ക്ക് ജീവിക്കണമെങ്കിൽ വംശീയത നിലനിർത്താനുള്ള ത്യാഗങ്ങൾ സഹിക്കണമെന്നാണ് രൂപതയുടെ നിലപാട്. ഇനി സമുദായത്തിൽ നിന്ന് പുറത്താക്കപ്പെടുന്നവനോട് അവസാന നിമിഷവും കിട്ടാവുന്ന പിരിവുകൾ പള്ളികൾ പിടിച്ചെടുക്കും. ചെന്നു ചേരുന്ന ഇടവകയും 'വരുത്തനെ' വെറുതെവിടില്ല.

ഇനി ചരിത്രം പരിശോധിച്ചാൽ ഈ വംശശുദ്ധി എന്ന വാദത്തിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്ന് സംശയം തോന്നും. ഏ.ഡി 345ൽ ഇവിടെയെത്തിയ ക്‌നായി തോമ്മ ഇന്ത്യക്കാരിയെ വിവാഹം കഴിച്ചിരുന്നതായി പല ചരിത്ര രേഖകളിലും പറയുന്നുണ്ട്. അതുതന്നെ വംശശുദ്ധി എന്നൊന്നില്ല എന്നതിന്റെ പ്രധാന തെളിവാണ്.

ഭാഷ, വേഷം, സംസ്‌കാരം, സാമുദായി ആചാരങ്ങൾ ഒന്നും മറ്റു കത്തോലിക്കാ രുപതകളിൽ നിന്ന് വ്യത്യസ്തവുമല്ല. മൈലാഞ്ചി കല്യാണം, ചന്തംചാർത്ത് തുടങ്ങിയ ചില ആചാരങ്ങളാണ് ക്‌നാനായ വാദം ഉന്നയിക്കുന്നവർ ഉയർത്തിക്കാട്ടുന്നത്. എന്നാൽ ഇത് പണ്ടുകാലങ്ങളിൽ എല്ലാ സുറിയാനി സഭാമക്കളും ആചരിച്ചിരുന്നവയാണെന്നും കാലം മാറിയപ്പോൾ ഉപേക്ഷിക്കപ്പെട്ടവയാണെന്നും കാണാം.

345 മുതൽ 1911 വരെ സഭാതലത്തിൽ വംശശുദ്ധി ചിന്തയേ ഇല്ലായിരുന്നു. പിന്നീട് തെക്കുംഭാഗർക്ക് വേണ്ടി ഒരു രൂപത സൃഷ്ടിക്കപ്പെട്ടതോടെയാണ് ഈ ആശയം ഉയർന്നുവരുന്നത്. സീറോ മലബാർ സഭയുടെ കീഴിലെ ചങ്ങനാശേരി രൂപതയ്‌ക്കൊപ്പമായിരുന്നു ആദ്യനാളുകളുകളിൽ ക്‌നാനായ സമുദായവും. മാർ മാത്യൂ മാക്കിയീൽ 14 വർഷത്തോളം ചങ്ങനാശേരി രൂപതുടെ മെത്രാനുമായിരുന്നു. അധികാരമോഹികൾ സഭയിൽ കടന്നുകൂടിയതോടെ തെക്കുഭാഗരും വടക്കുംഭാഗരും തമ്മിലുള്ള അകൽച്ച രൂക്ഷമാകുകയും ചെയ്തതോടെ പത്താം പീയൂസ് മാർപാപ്പ പുതിയ രൂപതയ്ക്ക് അനുമതി നൽകി.

'വിശ്വാസികളുടെ ആത്മീയ ഗുണവർധനവിനും ഭിന്നാഭിപ്രായക്കാരുടെ സമാധാനത്തിനും ആവശ്യപ്പെട്ട് ബോധ്യപ്പെട്ടതിനാൽ കോട്ടയത്ത് ഒരു വികാരിയാത്ത് സ്ഥാപിക്കാൻ നാം അനുവദിക്കുന്നു'എന്നാണ് അദ്ദേഹം ബൂളായിൽ പറഞ്ഞിരിക്കുന്നത്. കോട്ടയം രൂപത തെക്കുംഭാഗർക്ക് മാത്രമാണെന്നും മറ്റു കത്തോലിക്കരെ ഉൾപ്പെടുത്തരുതെന്നോ വംശശുദ്ധി നിലനിർത്തണമെന്നോ അല്ലാത്തവരെ പുറത്താക്കണമെന്നോ ഒന്നും പറയുന്നില്ല. ചുരുക്കത്തിൽ അധികാരമോഹികളായ ചിലർ സ്ഥാനമാനങ്ങൾക്കു വേണ്ടി കൂട്ടിച്ചേർക്കപ്പെട്ടതാണ് എൻഡോഗമി വാദം.

കോട്ടയം രൂപത മാർപാപ്പയുടെയും സീറോ മലബാർ മേജർ ആർച്ച് ബിഷപ്പിന്റെയും കീഴിലാണെന്നതും മറ്റൊരു സത്യമാണ്. ചുരുക്കിപ്പറഞ്ഞാൽ, ഒരു കുടുംബത്തിൽ തന്നെ രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കുകയാണ് വംശനിഷ്ഠയിലൂടെ നടക്കുന്നത്. ക്രിസ്തു പഠിപ്പിച്ച പരസ്പര സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം ഇവിടെ എവിടെയാണ് സഭ പാലിക്കുന്നത്. 'ഞാൻ നിങ്ങളെ സ്‌നേഹിച്ചതു പോലെ നിങ്ങൾ പരസ്പരം സ്‌നേഹിക്കുവിൻ' എന്ന ക്രിസ്തുവചനത്തിന് എന്തുപ്രസക്തി.

കടപ്പാട്- മംഗളം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP