Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അടിപിടിയും കത്തിക്കുത്തുമായി ജീവിച്ച കൗമാരം; നേടിയത് പ്രാഥമിക വിദ്യാഭ്യാസം മാത്രം; ജീവിച്ചത് ഫാക്ടറികളിൽ അടിമപ്പണിയെടുത്ത്; ആദ്യ സിനിമ കാണുന്നത് ഇരുപത്തിമൂന്നാമത്തെ വയസ്സിൽ; സ്വയം പരിശ്രമത്തിലൂടെ സംവിധായകനായി; ഇടയ്ക്ക് ആരോടും പറയാതെ എങ്ങോട്ടോ മുങ്ങും; സ്ത്രീപീഡന പരാതികളും നിരവധി; ഉന്മാദവും വിഷാദവും മാറിമാറി നിറയുന്ന കിം കി ഡുക്കിന്റെ സർഗാത്മക ജീവിതം

അടിപിടിയും കത്തിക്കുത്തുമായി  ജീവിച്ച കൗമാരം; നേടിയത് പ്രാഥമിക വിദ്യാഭ്യാസം മാത്രം; ജീവിച്ചത് ഫാക്ടറികളിൽ അടിമപ്പണിയെടുത്ത്; ആദ്യ സിനിമ കാണുന്നത് ഇരുപത്തിമൂന്നാമത്തെ വയസ്സിൽ; സ്വയം പരിശ്രമത്തിലൂടെ സംവിധായകനായി; ഇടയ്ക്ക് ആരോടും പറയാതെ എങ്ങോട്ടോ മുങ്ങും; സ്ത്രീപീഡന പരാതികളും നിരവധി; ഉന്മാദവും വിഷാദവും മാറിമാറി നിറയുന്ന കിം കി ഡുക്കിന്റെ സർഗാത്മക ജീവിതം

എം മാധവദാസ്

 'ണ്ടാംലോക മഹായുദ്ധകാലത്തെ ഒരു യുദ്ധക്കപ്പലിൽ നിന്ന് രൂപീകരിച്ചെടുത്ത 'ക്രൂയിസ് ഷിപ്പി'ൽ യാത്ര പുറപ്പെടുകയാണ് ഒരു കൂട്ടം മനുഷ്യർ. അക്കൂട്ടത്തിൽ ഒരു സെനറ്റർ ഉണ്ട്, മധുവിധു ആഘോഷിക്കാനെത്തിയ ദമ്പതികളുണ്ട്, ഒരു ഗ്യാങ്സ്റ്ററും അയാളുടെ എന്തിനുംപോന്ന സംഘാംഗങ്ങളുമുണ്ട് ഒരു ബുദ്ധ സന്യാസിയുണ്ട്. അങ്ങനെ പലരും. പക്ഷേ പിന്നീടങ്ങോട്ട് അസാധാരണ സംഭവങ്ങളുടെ പരമ്പരയാണ്. കപ്പലിൽ മധുവിധു ആഘോഷിക്കാൻ പുറപ്പെട്ട നവവരൻ കൊല്ലപ്പെടുന്നു, വധു കൂട്ടബലാൽസംഗത്തിന് ഇരയാവുന്നു. ഒരു പ്രഭാതത്തിൽ യാത്രികർ നോക്കുമ്പോൾ താഴെ കടൽ ഇല്ല! കപ്പൽ ആകാശത്ത്! ക്ഷാമകാലത്തെ ഒരു രാജ്യമോ ലോകമോ തന്നെയായി രൂപാന്തരപ്പെടുകയാണ് കപ്പൽ പിന്നീട്. ഭക്ഷണത്തിന് ക്ഷാമം നേരിടുന്നു, അധികാരമുള്ളവർ മൃഷ്ടാന്നം ഉണ്ണുമ്പോൾ സാധാരണ യാത്രികർക്ക് റേഷനിങ് നടപ്പാക്കുന്നു. ക്രമേണെ ക്ഷാമം കനക്കുന്നു, അധികാരത്തർക്കവും അസ്വസ്ഥതയും പെരുകുന്നു. സഹജീവിയുടെ മാംസം ഭക്ഷിച്ച് ജീവൻ നിലനിർത്തുകയാണ് പിന്നെ ആ കപ്പലിലുള്ളവർ'. -ഇന്ന് കോവിഡ് ബാധിച്ച് മരണം പിടിച്ചുകൊണ്ടുപോയ കിം കി ഡുക്കിന്റെ അത്രയൊന്നും പ്രശസ്തമല്ലാത്ത 'ഹ്യൂമൻ സ്പേസ് ആൻഡ് ടൈം ' എന്ന ചിത്രത്തിലെ രംഗങ്ങൾ ആണിത്.

നോക്കണം, ഒരു ഇന്ത്യൻ സംവിധായകന് സങ്കൽപ്പിക്കാൻ കഴിയുമോ ഇതുപോലെ ഒരു ഞെട്ടിപ്പിക്കുന്ന പ്രമേയം. പല ലോക നിരൂപകരും ചൂണ്ടിക്കാട്ടിയതുപോലെ, ചോര കൊണ്ടും ചലം കൊണ്ടും ആർത്തവ രക്തം കൊണ്ടും കഥ എഴുതുകയായിരുന്നു അദ്ദേഹം. പസോളിനിക്ക് ശേഷം വയലൻസ് ഇത്രയേറെ പ്രകടമായി അഭ്രപാളികളിൽ ആവിഷ്‌ക്കരിച്ച മറ്റൊരു ചലച്ചിത്രകാരനുമില്ല. ആദ്യ ചിത്രമായ ക്രൊക്കോഡയിൽ തൊട്ട് 59ാമത്തെ വയസ്സിൽ വിടപറയുന്നത്വരെ കിം എടുത്ത ചിത്രങ്ങൾ നോക്കുക. സംഭാഷണം തീരെ കുറവായ കഥാപാത്രങ്ങൾ, പലരും വിഷാദ രോഗികളും സെമി സൈക്കോകളും, ചിലർ ബുദ്ധനെപ്പോലെ, ചിലർ രാക്ഷസനെപ്പോലെ. 'സ്്പ്രിങ്ങ് സമ്മർ ഫാൾ വിന്റർ ആൻഡ് സിപ്രിംങ്്' എന്ന ഒറ്റ ചലച്ചിത്രം കൊണ്ടുതന്നെ ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേമികളുടെ കൈയടി നേടാൻ അദ്ദേഹത്തിനായി. ഒരു പുഴുവിൽനിന്ന് മനോഹരമായ പൂമ്പാറ്റ ഉണ്ടാകുന്നതുപോലുള്ള ഒരു മനുഷ്യന്റെ ജീവിത ചക്രമായിരുന്നു അദ്ദേഹം ആ ചിത്രത്തിൽ വരച്ചു കാട്ടിയത്. അതോടെയാണ് കിമ്മിന്റെ മുൻകാല ചിത്രം തേടി ലോകം അലയാൻ തുടങ്ങിയതും.

'ഉന്മാദവും വിഷാദവും മാറിമാറി നിറയുന്ന സിനിമകൾ' എന്നായിരുന്നു കിം കി ഡുക്കിനെ കുറിച്ച് വാഷിങ്് ടൺ പോസ്റ്റിൽ വന്ന തലക്കെട്ട്. സത്യത്തിൽ അതുപോലെ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും. അപൂർവമായി നൽകിയ അഭിമുഖങ്ങളിൽ കിം താൻ നയിച്ച ഞെട്ടിക്കുന്ന ജീവിതത്തെക്കുറിച്ച് പറയുന്നുണ്ട്. മസ്തിഷ്‌ക്കത്തിന്റെ ഒരു ഭാഗത്ത് താൻ മനുഷ്യനും മറുഭാഗത്ത് പിശാചും ആണെന്നാണ് കിം തന്നെ പറഞ്ഞിരുന്നത്.

ഗുണ്ടയിൽ നിന്ന് ചലച്ചിത്രകാരനിലേക്ക്

തന്റെ സിനിമയിലെ കഥാപാത്രങ്ങളെപ്പോലെ മൃദുഭാഷിയായിരുന്നു, അകീരാ കുറസോവയ്ക്ക് ശേഷം ലോകം ഏറെ ചർച്ച ചെയ്യപ്പെട്ട കിം കി ഡുക്കും. അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുക എന്നത് അപുർവങ്ങളിൽ അപുർവം അയിരുന്നു. എന്നാൽ ഒരിക്കൽ ബൂസാൻ ചലച്ചിത്രോൽസവത്തിൽ വെച്ച് അദ്ദേഹം ചില മാധ്യമ പ്രവർത്തകരോട് മനസ്സു തുറന്നിരുന്നു. അതിൽ കിം പറഞ്ഞ പ്രധാന കാര്യം, താൻ എങ്ങനെ ഈ ഉയരങ്ങളിൽ എത്തി എന്ന് ഓർക്കുമ്പോൾ അത്ഭുതം ആണെന്നാണ്. ഒരു വാടക ഗുണ്ടയായോ, ഫാക്ടറിത്തൊഴിലാളിയായോ ഒടുങ്ങേണ്ടതായിരുന്നു തന്റെ ജീവിതം എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.

1960 ഡിസംബർ 20-ന് ദക്ഷിണ കൊറിയയിലെ ക്യോങ്സങ് പ്രവിശ്യയിലെ ബോംഗ്വയിലാണ് കിം കി ഡുക് ജനിച്ചത്. ലോകപ്രശസ്ത ചലച്ചിത്രോത്സവങ്ങളായ കാനിലും ബെർലിനിലും വെനീസിലും പ്രധാന പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള, അദ്ദേഹത്തിന്റെ ജീവിതം ചലച്ചിത്രംപോലെ നാടകീയത നിറഞ്ഞതായിരുന്നു. ബാല്യ, കൗമാരങ്ങളിൽ സിനിമ കണ്ടിട്ടില്ലാത്ത ആളായിരുന്നു കിം. അരക്ഷിതത്വം നിറഞ്ഞ ജീവിതത്തിന്റെ ആദ്യകാലം അടിപിടികൾ നിറഞ്ഞതായിരുന്നെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. കിമ്മിന് പ്രാഥമിക വിദ്യാഭ്യാസമേയുള്ളൂ. വ്യാവസായിക വിപ്ലവത്തിന്റെ ചുവടുപിടിച്ചു മുന്നേറിക്കൊണ്ടിരുന്ന കൊറിയൻ കാലഘട്ടത്തിൽ പല ഫാക്ടറികളിലായിരുന്നു കിമ്മിന്റെ ജീവിതം. അവിടെ ശരിക്കും അടിമപ്പണി തന്നെയായിരുന്നു. ആക്രി ശേഖരം തൊട്ട് മാലിന്യ സംസ്‌ക്കരണം വരെ ആ കുട്ടി ചെയ്തിട്ടുണ്ട്. പിൽക്കാലത്ത് കിമ്മിന്റെ സിനിമകളിൽ നാം കണ്ടിരുന്ന വയലൻസ് അയാൾക്ക് കിട്ടുന്നത് അവിടെ നിന്നാണ്. ഒരിക്കൽ കിമ്മിന്റെ കൂട്ടുകാർ ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയതും അദ്ദേഹം ഓർക്കുന്നുണ്ട്. സംഘങ്ങളായി തിരിഞ്ഞുള്ള അടിപിടികൾ ആയിരുന്നു അക്കാലത്തെ പ്രധാന പരിപാടി. അന്നൊന്നും ചലച്ചിത്രവുമായി കിമ്മിന് ഒരു ബന്ധവും ഉണ്ടായിരുന്നില്ല.

അന്ന് പക്ഷേ ഒരു കാര്യം കിമ്മിന് ഇഷ്ടമായിരുന്നു. ചിത്രം വര. അയാൾക്ക് അക്കാലത്ത് താൽപ്പര്യം ഉണ്ടായിരുന്നു ഏക വിനോദവും അതായിരുന്നു. എക്കാലവും അടുത്ത സുഹൃത്തുക്കൾ കിമ്മിന് കുറവായിരുന്നു. ചിലർ ഈ ചിത്രങ്ങൾ നന്നായി എന്നും നീ പാരീസിലേക്ക് പോയി ചിത്രം വര പഠിക്കണം എന്നും പറഞ്ഞു. ആ നാട്ടിലെ അടിപിടിക്കേസുകളിൽ പെട്ട് കിമ്മും ഗത്യന്തരമില്ലാതെ നിൽക്കുന്ന കാലമായിരുന്നു അത്. ഒരു മാറ്റം അയാളും ആഗ്രഹിച്ചു. അങ്ങനെ കിം കി ഡുക്ക് പാരീസിലേക്ക് പോവുകയായിരുന്നു. അതിനുള്ള പണത്തിനുവേണ്ടിയും അദ്ദേഹത്തിന് കഠിനമായി ജോലി ചെയ്യേണ്ടിവന്നു.

ജീവിതം മാറ്റിമറിച്ച പാരീസ് കാലം

പാരീസിൽ കലാകാരന്മാരുടെ കൂട്ടായ്മകളുടെ കനിവിൽ ആയിരുന്നു കിമ്മിന്റെ ജീവിതം. മൂന്ന് വർഷം അവിടെ പഠിക്കുമ്പോഴാണ് തന്റെ ജീവിതം മാറ്റിമറിച്ച ആ സംഭവം അദ്ദേഹം കാണുന്നത്. ഒരു ചലച്ചിത്രം. ബാല്യ കൗമാരകാലത്ത് അദ്ദേഹത്തിന് ഒരിക്കലും സിനിമ കാണാനുള്ള അവസരം ഉണ്ടായിരുന്നില്ല. ഒരു പുതിയ മനുഷ്യനായിട്ടാണ് കിം പാരീസിൽ നിന്ന് തിരിച്ചെത്തിയത്. പിന്നീടുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ ഒരു ചലച്ചിത്രം എടുക്കുന്നതിനായിട്ട് ആയിരുന്നു. അതിനുള്ള പല ശ്രമങ്ങളും നടത്തിയിട്ടും ഒന്നും ഫലം ഉണ്ടായില്ല. എവിടെയും പഠിച്ചിട്ടില്ലാത്ത, ആരുടെയും അസിസ്റ്റന്റും ഒന്നും അല്ലാതിരുന്ന ഒരു ചെറുപ്പക്കാരനെ ചിത്രം എൽപ്പിക്കാൻ ആർക്കാണ് ധൈര്യം. അക്കാലത്ത് തെരുവുകളിൽ ചിത്രം വരച്ച് വിറ്റായിരുന്നു കിം ജിവിച്ചിരുന്നത്. ഒരു മൂവി ക്യാമറ വാങ്ങി തനിക്ക് ഇഷട്മുള്ളതൊക്കെ ഷൂട്ട് ചെയ്ത് കൂട്ടുന്ന ശീലവും ഇക്കാലത്ത് ഉണ്ടായി.

കിം ഒരു അക്കാദമിക സ്ഥാപനത്തിനും പഠിക്കാഞ്ഞത് നന്നായി എന്നാണ് പിന്നീട് അദ്ദേഹത്തിന്റെ ചിത്രങ്ങൾ കണ്ടവർ അഭിപ്രായപ്പെട്ടത്. കാരണം വ്യവസ്ഥാപിത സിനിമയുടെ വ്യാകരണം പൂർണ്ണമായും നിരാകരിക്കുന്നതായിരുന്നു അവ. സെൻസർ കട്ടുകളെക്കുറിച്ചുപോലും കിം ബോധവാനായിരുന്നില്ല. അങ്ങനെ കാലം കടന്നപോകവെ തിരക്കഥയുടെ രൂപത്തിൽ കിമ്മിന് ഒരു ബ്രേക്ക് കിട്ടി. 1995ൽ കൊറിയൻ ഫിലിം കൗൺസിൽ നടത്തിയ ഒരു മത്സരത്തിൽ കിം കി ഡുക്കിന്റെ തിരക്കഥ ഒന്നാം സമ്മാനം നേടിയത് അദ്ദേഹത്തിന് വഴിത്തിരിവായത് പിന്നീടുള്ളത് ചരിത്രം. തൊട്ടടുത്ത വർഷം 1996ൽ ആദ്യത്തെ സിനിമയെടുത്തു: ക്രോക്കഡൈൽ. ആ ചിത്രത്തിന് ദക്ഷിണ കൊറിയയിലെ ചലച്ചിത്ര നിരൂപകരിൽ നിന്ന് മികച്ച പ്രതികരണങ്ങൾ ലഭിച്ചു.

പിന്നീടങ്ങോട്ട് ഇതുവരെ ഇരുപതിലേറെ ചിത്രങ്ങൾ. അതിനിടയിൽ ഒരേയൊരു ഡോക്യുമെന്ററി: അറിറാങ്. ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിലെ വ്യത്യസ്തവും ഒറിജിനലുമായ ചിത്രങ്ങളുടെ വിഭാഗത്തിൽ മികച്ചതായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സിനിമകൾക്ക് പാം ദി ഓർ പുരസ്‌കാരം നൽകുന്നതിനു തുല്യമായാണ് ഡോക്യുമെന്ററി വിഭാഗത്തിലെ ഈ നേട്ടം. തന്റെ ജീവിതത്തിൽ എന്തിനോടെങ്കിലും കടപ്പാട് ഉണ്ടെങ്കിൽ അത് പാരീസ് കാലത്തോട് മാത്രമാണ് എന്നാണ് കിം പറയാറുള്ളത്.

വികാര ജീവിയും ഉന്മാദിയുമായ മനുഷ്യൻ

കിം കി ഡുക്ക് വ്യക്തി ജീവിതത്തിലും തന്റെ കഥാപാത്രങ്ങളെപ്പോലെ വികാര ജീവിയും ഉന്മാദിയുമായിരുന്നു. എപ്പോഴാണ് എവിടേക്കാണ് അദ്ദേഹം പോവുക എന്ന് ആർക്കും അറിയില്ലായിരുന്നു. ഇപ്പോൾ ലാറ്റ്‌വിയിൽ എത്തിയതും എങ്ങനെയാണെന്ന് ഇനി കണ്ടെത്തണം. ഇടക്ക് ആരോടും ഒന്നും പറയാതെ ഇറങ്ങിപ്പോവും. മലമുകളിലും മറ്റുമുള്ള ടെന്റുകളിൽ ആയിക്കും പിന്നെ കുറെക്കാലത്തേക്ക് ആരെയും കാണാതെ ഏകാകിയായി ജീവിക്കും. അതുമൂലം തന്റെ അസിസ്റ്റന്റുകൾക്ക് ഒക്കെ വലിയ തലവേദനയാണ് അദ്ദേഹം ഉണ്ടാക്കിയത്. ഒരിക്കൽ കിമ്മിന്റെ ഷൂട്ടിങ്ങിനിടെ ഒരു അപകടം നടന്ന് അതിൽ അഭിനയിക്കുന്ന ഒരു നടി മരിച്ചു. ഇത് വലിയ ഷോക്കാണ് കിമ്മിന് ഉണ്ടാക്കിയത്. തന്നെ ആ നടി പിന്തുടരുന്നുവെന്ന് പറഞ്ഞ് അദ്ദേഹം കുറക്കോലം ചലച്ചിത്രലോകത്തുനിന്ന് മാറിനിന്നു. അതുപോലെ അദ്ദേഹത്തിന് ലൈംഗിക പങ്കാളികളും അനവധിയായിരുന്നു. കിം കി ഡുക്കിന്റെ ചിത്രത്തിൽ അഭിനയിച്ച രണ്ട് സ്ത്രീകൾ തന്നെ അദ്ദേഹത്തിന് നേരെ മീ ടു ആരോപണവുമായി രംഗത്ത് എത്തിയിരുന്നു.

മയക്കുമരുന്നിന്റെ ഉപയോഗത്തിന്റെ പേരിലും അദ്ദേഹം പഴി കേട്ടിട്ടുണ്ട്. ലോകം മുഴുവൻ കൊണ്ടാടുമ്പോഴും ദക്ഷിണ കൊറിയയിൽ കിമ്മിന് അത്ര നല്ല പേരല്ല ഉണ്ടായിരുന്നത്. സെക്സിന്റെയും വയലൻസിന്റെയു നാടായി കിം കൊറിയയെ മോശമായി ചിത്രീകരിക്കയാണെന്ന് പല തവണ വിമർശനം ഉണ്ടായിട്ടുണ്ട്. ഇതിൽ മനം മടുത്ത് ഒരിക്കൽ അദ്ദേഹം എന്റെ ചിത്രങ്ങൾ ഇനി കൊറിയയിൽ കാണിക്കരുത് എന്നും പറഞ്ഞിരുന്നു. പക്ഷേ കൊറിയയിലെ ചെറുപ്പക്കാർക്കിടയിൽ കിം കി ഡുക്കിന് വലിയ മതിപ്പാണ് ഉണ്ടായിരുന്നത്. ലോകത്തിൽ എവിടെ പോയാലും നിങ്ങൾ കിമ്മിന്റെ നാട്ടുകാർ ആണെന്ന് ചോദിക്കുന്നത് തങ്ങൾക്ക് അഭിമാനം ആണെന്നാണ് പുതിയ തലമുറ പറയുന്നത്.

സാധാരണ സെലിബ്രിറ്റികൾ ചെയ്യുന്നപോലെ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിയും മറ്റും കൈയടി വാങ്ങുന്ന രീതി കിം കിഡുക്കിന് തീരെ അറിയില്ലായിരുന്നു. സാമൂഹിക- സാമ്പത്തിക പ്രശ്നങ്ങളിലൊന്നും അദ്ദേഹം ഒരു അഭിപ്രായവും നടത്തിയില്ല. അതിന്റെ ആവശ്യമില്ലെന്നും തന്റെ ജോലി സിനിമയെടുക്കൽ മാത്രം ആണെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. കുറേക്കൂടി കടന്ന് പ്രേക്ഷകരെ തൃപ്തിപ്പെടുത്താനൊന്നുമല്ല എന്റെ സംതൃപ്തിക്കുവേണ്ടിയാണ് ഞാൻ ചിത്രമെടുക്കുന്നത് എന്ന അഭിപ്രായക്കാരനനായിരുന്നു അദ്ദേഹം. ഇതും പലപ്പോഴും വിമർശനങ്ങൾക്ക് ഇടയാക്കി. അരാജകത്വം പ്രോൽസാഹിപ്പിക്കുന്ന ചിത്രങ്ങളാണ് നിങ്ങളുടേതെന്ന് വിമർശനം ഉണ്ടല്ലോ എന്ന ചോദ്യത്തിന്, ശരിയാണ് എന്നു മാത്രം ആയിരുന്നു ഒരിക്കൽ കിമ്മിന്റെ മറുപടി. പക്ഷേ കിമ്മിന്റെ വ്യക്തി ജീവിതം കുറെയെല്ലാം പെരുപ്പിച്ചതാണെന്നും സൗമന്യമായ ഒരു നല്ല സുഹൃത്താണ് അദ്ദേഹമെന്നുമാണ് മലയാളത്തിൽ കിം കി ഡുക്കുമായി ആത്മബന്ധമുള്ള സംവിധാകൻ ഡോ ബിജു പറയുന്നത്. നാം പിന്തുടരേണ്ടത് കിം എന്ന ചലച്ചിത്രകാരനെയാണ്, വ്യകതിയെ അല്ല. പക്ഷേ കേരളത്തിലും ഏറ്റവും പ്രിയപ്പെട്ട സംവിധായകനായിരുന്നു അദ്ദേഹം.

ഒരു തൂങ്ങിമരണ ചിത്രീകരണത്തിൽ സംഭവിച്ചത്

കിമ്മിന്റെ നായിക ഷൂട്ടിംഗിനിടെ മരണാസന്നയായതും അതിനെ തുടർന്ന് വിഷാദത്തിലായ കിം ഏകാന്തജീവിതത്തിലേക്ക് തിരിഞ്ഞതുമാണ് ആരിരംഗ് എന്ന ഡോക്യുമെന്ററി ആയി ലോകം കണ്ടത്.ലോകത്തിനു മുന്നിൽ നിന്ന് ഒളിച്ചുമാറി പ്രകൃതിയോടു സംസാരിച്ചു വളർന്ന 2009-10 കാലത്തിന്റെ അടയാളപ്പെടുത്തലായിരുന്നു ആ ചിത്രം. തെക്കൻകൊറിയയിലെ ഒരു കുന്നിൻപ്രദേശത്തായിരുന്നു ആ വർഷങ്ങളിൽ കിമ്മിന്റെ ജീവിതം. ആരിരംഗ് എന്ന പേരിലൊരു പാതയുണ്ട് ആ കുന്നിൽ. ചിലരെല്ലാം അറിറാങ് കുന്നുകളെന്നും വിളിക്കും. കിം എന്തിന്, എങ്ങിനെ അവിടെയെത്തി എന്ന ചോദ്യത്തിന്റെ ഉത്തരമന്വേഷിച്ചാൽ 2008ലെത്തി നിൽക്കും നമ്മൾ. ആ വർഷമിറങ്ങിയ ഡ്രീം എന്ന ചിത്രമാണ് എല്ലാം മാറ്റിമറിച്ചത്. ചിത്രത്തിലെ നായിക തൂങ്ങിമരിക്കാനൊരുങ്ങുന്ന ഒരു രംഗമുണ്ട്. എന്തോ പാളിച്ച പറ്റി. തൂങ്ങിമരിക്കാനിരുന്ന നായിക ശ്വാസം കിട്ടാതെ കുരുക്കിൽ കിടന്നു പിടഞ്ഞു. കിം തന്നെയാണ് ചാടി വീണ് കുരുക്കറുത്ത് അവരെ രക്ഷിച്ചത്. ബോധക്ഷയം സംഭവിച്ചു വീണ ആ നടി രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു. എന്നാൽ ആ കാഴ്ച മനുഷ്യന്റെ നശ്വരതയെപ്പറ്റിയുള്ള കിമ്മിന്റെ കാഴ്ചപ്പാടുകളെയെല്ലാം മാറ്റിക്കളയാൻ പ്രാപ്തമായിരുന്നു.

'ഡ്രീം' ലോകം മുഴുവൻ പ്രേക്ഷകശ്രദ്ധ നേടി മുന്നേറി. ഐഎഫ്എഫ്കെയിലും എത്തിയിരുന്നു ചിത്രം. എന്നാൽ ഒരു നാൾ ആരോടും പറയാതെ സോളിൽ നിന്ന് ഏറെ ദൂരെയുള്ള അറിറാങ് കുന്നുകളിലേക്കു പോകുകയായിരുന്നു അദ്ദേഹം. ജീവിതത്തിൽ അരനൂറ്റാണ്ടു പിന്നിട്ട പിറന്നാൾ കിം ആഘോഷിച്ചതും ആ അജ്ഞാതവാസക്കാലത്തായിരുന്നു. മരങ്ങൾക്കും മഞ്ഞിനും മരക്കൂടാരത്തിലെ യന്ത്രങ്ങൾക്കുമൊപ്പമുള്ള തന്റെ ജീവിതം അദ്ദേഹം ക്യാമറയിൽ പകർത്തി, എല്ലാം ഒറ്റയ്ക്ക്. ചിത്രത്തിലെ നായകനും കഥയുമെല്ലാം കിം കിം ഡുക് മാത്രം. ജീവിതത്തെ മുഴുവൻ വെറുപ്പോടെ നേരിട്ട മൂന്നു വർഷങ്ങൾ. ജീവിതത്തോടുള്ള വിശ്വാസം നഷ്ടപ്പെട്ട വർഷങ്ങൾ. പക്ഷേ തിരിച്ചു വരവിന്റെ വിളംബരമായി കിം അതെല്ലാം ചേർത്ത് ഒരു ഡോക്യുമെന്ററിയാക്കി. അറിറാങ്ങിനെപ്പറ്റി കിം പറയുന്നതിങ്ങനെ:'മനുഷ്യനെപ്പറ്റി എനിക്കു പഠിപ്പിച്ചു തന്നെ പാഠങ്ങൾ, പ്രകൃതിയോടു നന്ദി പറയാൻ എന്നെ പഠിപ്പിച്ച നാളുകൾ..അതെല്ലാമാണ് ആരിരംഗ്..'

മലയാളിക്ക് ഭരതനും പത്മരാജനും പോലെ

ചലച്ചിത്ര പ്രേമിയായ മലയാളിയുടെ ചർച്ചകളിൽ ഭരതനും പത്മരാജനും പോലെ ഒരു ചിരപരിചിതനയാ കഥാപാത്രം ആയിരുന്നു കിം കി ഡുക്ക്. അഞ്ചുവർഷം മുമ്പുവരെ കേരളത്തിലെ ഏത് ഫിലിം ഫെസ്റ്റിവലുകളിലും പ്രധാന ആകർഷണം കിം കി ഡുക്ക് സിനിമകളായിരുന്നു. ജപ്പാൻ സംവിധായകൻ അകീര കുറസോവയ്്ക്ക് ശേഷം ഒരു വിദേശ സംവിധായകൻ മലയാളിയുടെ ഹൃദയത്തിൽ സ്ഥാനം പിടിക്കുന്നത് ഇത് ആദ്യമായിട്ട് ആയിരിക്കണം. മലയാളത്തിലുള്ള തന്റെ ജനപ്രീതി കണ്ട് കിമ്മും ഞെട്ടിപ്പോയിരുന്നു. 2013ൽ തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലച്ചിത്ര മേളയുടെ മുഖ്യാതിഥിയായി അദ്ദേഹം എത്തിയപ്പോൾ ആരാധ്യ സംവിധായകനെ കാണാൻ ആയിരങ്ങളാണ് തടിച്ചു കൂടിയത്. അന്ന് പ്രഭാത സവാരിക്കായി അദ്ദേഹം തമ്പാനൂരിൽ ഇറങ്ങി നടന്നപ്പോൾ നൂറുകണക്കിന് ചലച്ചിത്രപ്രേമികൾ ഒപ്പം കൂടിയതും വലിയ വാർത്തയായിരുന്നു.

2005ലാണ് കിം കി ഡുക്കും കേരളവും തമ്മിലുള്ള പ്രണയം തുടങ്ങുന്നത്. 'സ്പ്രിങ് സമ്മർ ഫോൾ വിന്റർ ആൻഡ് സ്പ്രിങ്' എന്ന ഋതുഭേദങ്ങളുടെ കഥയുമായെത്തിയ സംവിധായകനെ ചലച്ചിത്രപ്രേമികൾ ഏറ്റെടുക്കുകയായിരുന്നു. പിന്നീടങ്ങോട്ട് കേരളത്തിൽ കിം തരംഗമായിരുന്നു. കൊച്ചു ചലച്ചിത്രമേളകൾ പോലും കിം പാക്കേജുകൾ കൊണ്ട് നിറഞ്ഞു. പിന്നീട് ഓരോ വർഷവും ആ സിനിമാ മജീഷ്യന്റെ ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പായിരുന്നു. പ്രതീക്ഷ തെറ്റിക്കാതെ ടൈം, ബ്രെത്ത്, ഡ്രീം തുടങ്ങിയ ചിത്രങ്ങളുമായി അദ്ദേഹം എത്തി. പിയത്തയും മോബിയസും ആമേനും ദ് നെറ്റും വൺ ഓൺ വണും സ്റ്റോപ്പുമെല്ലാം നമുക്കു സമ്മാനിച്ചൂ.

പക്ഷേ ലോകം മുഴവൻ ആരാധിക്കുമ്പോഴും അദ്ദേഹം ദക്ഷിണ കൊറിയയിൽ വിമതനായിരുന്നു. ദക്ഷിണ കൊറിയൻ സിനിമാലോകത്തെ 'ബാഡ് ഗയ്' ആയും മാറുകയായിരുന്നു അദ്ദേഹം. ചോരയും കൊലയും അക്രമങ്ങളും ലൈംഗികതയുടെ അതിപ്രസരവുമെല്ലാമായി കണ്ടിരിക്കാൻ പോലും സാധിക്കാത്ത വിധം ക്രൂരമായ വിഷ്വലുകൾ കണ്മുന്നിലെത്തിയപ്പോൾ അത് തിരുവനന്തപുരത്തെ മേളയിൽ പോലും തലക്കെട്ടുകൾ സൃഷ്ടിച്ചു. പക്ഷേ മണിക്കൂറുകളോളം കാത്തു നിന്നും തറയിലിരുന്നും നിന്നുമെല്ലാം കിമ്മിന്റെ ചിത്രങ്ങളെ ഏറ്റെടുക്കുകയായിരുന്നു മലയാളികൾ.ഇരിക്കാൻ നിലത്തെങ്കിലും ഇത്തിരി സ്ഥലം കിട്ടിയാൽ ഭാഗ്യം...ഓരോ വർഷവും കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ദക്ഷിണ കൊറിയൻ സംവിധായകൻ കിം കി ഡുക്കിന്റെ സിനിമകൾ പ്രദർശിപ്പിക്കുമ്പോൾ ഇതായിരുന്നു സ്ഥിതി.

2016ൽ കിമ്മിന്റെ 'ദ് നെറ്റ്' ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ചിരുന്നു. 2018ൽ ഹ്യൂമൻ, സ്പേസ്, ടൈം ആൻഡ് ഹ്യൂമൻ എന്ന ചിത്രവുമൊരുക്കി. 2019ൽ പുറത്തിറങ്ങിയ 'ഡിസോൾവ്' ആണ് അവസാന ചിത്രം. ബെർലിൻ രാജ്യാന്തര ചലച്ചിത്രോത്സവം (സാമരിറ്റൻ ഗേൾ), വെനിസ് ഫെസ്റ്റിവൽ (3 അയൺ, പിയത്ത, വൺ ഓൺ വൺ), കാൻസ് ചലച്ചിത്ര മേള (അറിറാങ്) എന്നിവയില്ലെല്ലാം മികച്ച സംവിധായകനുള്ള പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. കേരളത്തിൽ തനിക്ക് ഇത്രയേറെ ആരാധകർ ഉണ്ടെന്നത് അദ്ദേഹത്തെയും ഞെട്ടിച്ചിരുന്നു. അത് അദ്ദേഹം തന്റെ അഭിമുഖത്തിന് വന്ന മാധ്യമ പ്രവർത്തകരോടും താമസിച്ച ഹോട്ടലിലെ പലരോടും പറഞ്ഞിരുന്നു. ബൂസാൻ ഫെസ്റ്റിവലിൽ ഒരിക്കൽ അദ്ദേഹം കേരളം അടക്കമുള്ള കൊച്ചു സ്ഥലങ്ങളിൽ താൻ കണ്ട ചലച്ചിത്ര സാക്ഷരതയെയും കുറിച്ച് സംസാരിച്ചിരുന്നു. കേരളത്തിലെ നൂറിലേറെ വരുന്ന ഫിലിം സൊസൈറ്റികളിലും ടെലിഗ്രാം ഗ്രൂപ്പുകളിലും ഒക്കെയായി ഇന്നും ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്നത് കിമ്മിന്റെ ചലച്ചിത്രങ്ങൾ തന്നെയാണെന്നതിന് സംശയമില്ല.

പ്രളയം കാരണം ഐഎഫ്എഫ്കെ മാറ്റിവെക്കരുതെന്ന് കത്തെഴുതി

2005ൽ നവ സംവിധായക പാക്കേജിൽ ഉൾപ്പെടുത്തി അര ഡസൻ കിം സിനിമകൾ കാണിച്ചത് മുതൽ കേരളത്തിലെ നല്ല സിനിമയുടെ കാഴ്ചക്കാർ കിം കി ഡുക്കിന്റെ കടുത്ത ആരാധകാരായി മാറിക്കഴിഞ്ഞു. കിമ്മിന്റെ 'സ്പ്രിങ് സമ്മർ ഫാൾ വിന്റർ' കണ്ടു മലയാളികൾ വിസ്മയിച്ചു. ത്രീ അയേൺ കണ്ട് അന്തംവിട്ടു. ബാഡ് ഗയ് കണ്ട് നമ്മുടെ തന്നെ അധോലോകങ്ങളിലേക്ക് ഊളിയിട്ടു. പിന്നീടിങ്ങോട്ട് ടൈമും ഡ്രീമും പിയത്തെയുമൊക്കെ ഐ എഫ് എഫ് കെയുടെ അവിസ്മരണീയ കാഴ്ചാനുഭവങ്ങളായി. മോബിയസ് കാണാൻ ഇരച്ചു കയറിയവർ തിയറ്റർ തകർത്തു. കിമ്മിന്റെ സിനിമകളിലെ കഥാപാത്രങ്ങൾ പോലെ പ്രേക്ഷകരും ഭ്രമചിത്തരാകുന്നത് നമ്മൾ കണ്ടു. ഏറ്റവും ഒടുവിൽ ഇരു കൊറിയകൾ തമ്മിലുള്ള ബന്ധത്തിന്റെ കഥ പറഞ്ഞ ദി നെറ്റും പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു. കിമ്മിന്റെ സിനിമ ഐ എഫ് എഫ്കെയിൽ ഇല്ലെങ്കിൽ മാധ്യമ വാർത്തയായി. കിമ്മിന്റെ നായിക ഷൂട്ടിംഗിനിടെ മരണാസന്നയായതും അതിനെ തുടർന്ന് വിഷാദത്തിലായ കിം ഏകാന്തജീവിതത്തിലേക്ക് തിരിഞ്ഞതും ആ ജീവിതം ആരിരംഗ് എന്ന ഡോക്യുമെന്ററി ആയി ലോകം കണ്ടതും ഒരു സിനിമാക്കഥ പോലെ നമ്മൾ വായിച്ചും കണ്ടും അറിഞ്ഞു. കിം കി ഡുക് ചലച്ചിത്രോത്സവത്തിന്റെ ഐശ്വര്യം എന്ന ട്രോൾ കഥകൾ ഇറങ്ങി. ഇതിനിടയിൽ 2013ൽ കിം കി ഡുക് തന്റെ പ്രിയ പ്രേക്ഷകരെ കാണാൻ കേരളത്തിൽ പറന്നിറങ്ങുകയും ചെയ്തു.

കിമ്മിന് കേരളവും ഏറെ പ്രിയപ്പെട്ടതായിരുന്നു. 'പ്രളയമെന്ന കാരണം പറഞ്ഞു ചലച്ചിത്രോത്സവം മാറ്റിവെക്കരുത്.'- 2018ൽ ഐഎഫഎഫ്കെ റദ്ദാകുമെന്ന ഘട്ടം വന്നപ്പോൾ കിം എഴുതിയതാണിത്. അതിജീവനത്തിൽ കലയ്ക്ക് വലിയ പങ്ക് ഉണ്ടെന്നും, കല മാറ്റിവെയ്ക്കരുതെന്നും കിം കി ഡുക് പറഞ്ഞതായി സുഹൃത്തും പ്രശസ്ത സംവിധായകനുമായ ഡോ. ബിജു തന്റെ ഫേസ്‌ബുക്ക് പേജിൽ കുറിച്ചിരുന്നു. കൊറിയൻ ഭാഷയിൽ കിം എഴുതിയ കുറിപ്പും ബിജു തന്റെ പേജിൽ ഷെയർ ചെയ്തിട്ടുണ്ട്. റഷ്യയിലെ അൽമാട്ടി ചലച്ചിത്രമേളയിൽ വെച്ച് കണ്ടുമുട്ടിയപ്പോഴാണ് കിമ്മിന്റെ പ്രതികരണം എന്നാണ് ഡോ. ബിജു പറയുന്നത്.

ഡോ ബിജു ഇങ്ങനെ പറയുന്നു. 'കേരളത്തിലെ പ്രളയത്തിൽ പെട്ട ജനങ്ങളുടെ ദുരിതത്തിൽ ഏറെ ദുഃഖം ഉണ്ടെന്നും മനസ്സുകൊണ്ട് അവരോടൊപ്പം ഉണ്ടെന്നും കിം പറഞ്ഞു. കേരള ചലച്ചിത്ര മേള ലോകമെമ്പാടുമുള്ള സിനിമാ സ്നേഹികൾ നോക്കി കാണുന്ന ഒന്നാണെന്നും അത് നിർത്തിവെക്കരുത് എന്ന് സർക്കാറിനോടും കേരളത്തിലെ ജനങ്ങളോടും അഭ്യർത്ഥിക്കുന്നതായും കിം അറിയിച്ചു.

അതിജീവനത്തിൽ കലയ്ക്ക് വലിയൊരു പങ്ക് ഉണ്ടെന്നും അതുകൊണ്ടു തന്നെ കല ഒരിക്കലും മാറ്റി വെക്കരുത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു..കിമ്മിന്റെ ഏറ്റവും പുതിയ സിനിമയായ 'ഹ്യൂമൻ, സ്‌പെയ്‌സ്, ടൈമ് , ഹ്യൂമൻ' ന്റെ പ്രദർശനം അൽമാട്ടി ചലച്ചിത്ര മേളയിൽ കണ്ടിറങ്ങിയപ്പോഴാണ് കേരള ചലച്ചിത്ര മേള നടത്തണം എന്ന് സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് കിം കി ഡുക്ക് സ്വന്തം കൈപ്പടയിൽ കൊറിയൻ ഭാഷയിൽഎഴുതിയ കത്ത് ഞങ്ങളെ ഏൽപ്പിച്ചത്.'- ബിജു വ്യക്തമാക്കി.

അതായത് മലയാളികൾക്ക് ഇതുകൊറിയയിൽ ഉള്ള ഒരു സംവിധായകന്റെ മരണം അല്ല. തങ്ങളുടെ ഒരു സ്വന്തം സംവിധായകൻ തന്നെയാണ് കടന്നുപോകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP