Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൗദി അറേബ്യയുടെ ഹദീസ് പരിശോധനാ നടപടിയെ ആകാംക്ഷയോടെ ഉറ്റുനോക്കി മുസ്ലിംലോകം; സൽമാൻ രാജാവ് പുതിയ ഉത്തരവിറക്കിയത് തീവ്രവാദ പ്രവർത്തനങ്ങളെ ന്യായീകരിക്കാൻ പ്രവാചക വചനങ്ങൾ ദുർവ്യാഖ്യാനിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ; ഇസ്ലാമിന്റെ പേര് ചീത്തയാക്കുന്ന ഐഎസിന്റെ പ്രവർത്തിയും യുദ്ധപ്രഖ്യാപനവും നിർണായകമായി; ഹദീസിനെ പാഠ്യവിഷയമാക്കുന്ന കേരളത്തിലെ മുസ്ലിം സമൂഹവും ഒരുപോലെ ആശങ്കയിലും ആകാംക്ഷയിലും

സൗദി അറേബ്യയുടെ ഹദീസ് പരിശോധനാ നടപടിയെ ആകാംക്ഷയോടെ ഉറ്റുനോക്കി മുസ്ലിംലോകം; സൽമാൻ രാജാവ് പുതിയ ഉത്തരവിറക്കിയത് തീവ്രവാദ പ്രവർത്തനങ്ങളെ ന്യായീകരിക്കാൻ പ്രവാചക വചനങ്ങൾ ദുർവ്യാഖ്യാനിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ; ഇസ്ലാമിന്റെ പേര് ചീത്തയാക്കുന്ന ഐഎസിന്റെ പ്രവർത്തിയും യുദ്ധപ്രഖ്യാപനവും നിർണായകമായി; ഹദീസിനെ പാഠ്യവിഷയമാക്കുന്ന കേരളത്തിലെ മുസ്ലിം സമൂഹവും ഒരുപോലെ ആശങ്കയിലും ആകാംക്ഷയിലും

എം പി റാഫി

കോഴിക്കോട്: സൗദി ഭരണകൂടത്തിന്റെ ഹദീസ് (പ്രവാചക വചനം) പരിശോധനാ നടപടിയെ ഉറ്റുനോക്കി മുസ്ലിം ലോകം. തീവ്രവാദ, ഭീകരവാദ പ്രവർത്തനങ്ങളെ ന്യായീകരിക്കാൻ ഹദീസ് ദുർവ്യാഖ്യാനിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് സൗദി ഭരണാധികാരി സൽമാൻ രാജാവ് പുതിയ ഉത്തരവിറക്കിയത്. ഇത് മുസ്ലിം പണ്ഡിത ലോകത്തും ചർച്ചയായിരിക്കുകയാണ്.

ആഗോള തലത്തിലുള്ള ഇസ്ലാമിക പണ്ഡിതർ അഥോറിറ്റിയുടെ ഉപദേശകരായി ക്കൊണ്ടായിരിക്കും പുതിയ പദ്ധതി. സൗദി സാംസ്‌കാരിക, വാർത്താവിതരണ മന്ത്രാലയം കഴിഞ്ഞാഴ്ചയാണ് ഇതു സംബന്ധിച്ച വിശദീകരണങ്ങൾ പുറത്തു വിട്ടത്. സമിതി ചെയർമാനായി സൗദി ഉന്നത പണ്ഡിത സംഭാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ ഹസ്സൻ ആല് ശൈഖിനെ ചുമതലപ്പെടുത്തി പ്രാഥമിക പ്രവർത്തനങ്ങളും സൗദി ഇതിനോടകം തുടങ്ങിയിട്ടുണ്ട്. എന്നാൽ വ്യത്യസ്ത കോണിലൂടെയാണ് സൗദി നടപടിയെ മുസ്ലിം സമൂഹം നോക്കികാണുന്നത്.

തീവ്രവാദത്തിനെതിരെയുള്ള സൗദിയുടെ പുതിയ നീക്കമായാണ് ഹദീസ് പരിശോധനയെ കണക്കാക്കുന്നത്. ഈ അർത്ഥത്തിൽ സൽമാൻ രാജീവിന്റെ തീരുമാനത്തിന് ലോക മുസ്ലിം സമൂഹത്തിന്റെ പിന്തുണയും ഉണ്ട്. എന്നാൽ സൗദി ഭരണകൂടത്തിന്റെ താൽപര്യത്തിന് വിരുദ്ധമായ ഹദീസുകൾ നീക്കം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന വിമർശനവും പണ്ഡിതർക്കിടയിലുണ്ട്. ഹദീസ് ഗവേഷണ കേന്ദ്രം വരുന്നതോടെ ഇസ്ലാമിന്റെ അടിസ്ഥാന വിഷയങ്ങളിലും ആചാരങ്ങളിലും കൈകടത്തലുണ്ടാകുമോയെന്ന ആശങ്കയും നിലനൽകുന്നുണ്ട്. ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) സൗദി അറേബ്യ ഒരു മുർതദ്ദ് (ഇസ്ലാം ഉപേക്ഷിക്കുന്നവർ) രാജ്യമാണെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് സമർത്ഥിക്കാനായി ഐ.എസ് ഉയർത്തിക്കാട്ടുന്ന ഹദീസുകളടക്കം പരിശോധിച്ച് സൗദി നീക്കം ചെയ്തേക്കുമെന്നും വിലയിരുത്തലുകളുണ്ട്.

ഏതായിരുന്നാലും, സൗദി ഭരണകൂടം പ്രവാചക വചനങ്ങളുടെ(ഹദീസ്) പ്രത്യേക ഗവേഷണ കേന്ദ്രം സ്ഥാപിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ്. സൽമാൻ രാജാവിന്റെ പേരിൽ തന്നെയാണ് കേന്ദ്രം തുടങ്ങുന്നത്. പ്രവാചകൻ മുഹമ്മദ് നബിയുടെ ചര്യകളും പ്രവാചക വചനങ്ങളുടെ സന്ദേശങ്ങളും പ്രചരിപ്പിക്കുക, ഇതുസംബന്ധമായി ഗവേഷണം നടത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പ്രത്യേക കേന്ദ്രം ആരംഭിക്കുന്നതെന്ന് സൗദി വ്യക്തമാക്കുന്നു. മദീന ആസ്ഥാനമായി ആരംഭിക്കുന്ന കേന്ദ്രത്തിനു കിങ് സൽമാൻ കോംപ്ലക്‌സ് ഫോർ പ്രോഫറ്റ്സ് ഹദീസ് എന്നായിരിക്കും പേര്.

ഹദീസുകൾ എന്നറിയപ്പെടുന്ന തിരുവചനങ്ങളെ കുറിച്ചുള്ള പഠനവും പ്രചാരണവുമാണ് പ്രധാനമായും ഈ കേന്ദ്രത്തിൽ നടക്കുക. പ്രവാചക വചനങ്ങളുടെ ശാസ്ത്രീയ മാനം, ഹദീസ് ശേഖരണം, ഹദീസുകളെ വിഷയാധിഷ്ടിതമായി തരം തിരിക്കൽ തുടങ്ങിയവ ഈ കേന്ദ്രം പരിശോധിക്കും. നൂതനമായ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് പ്രമുഖ പണ്ഡിതരുടെ മേൽനോട്ടത്തിൽ തയ്യാറാക്കുന്ന ഹദീസ് പഠന-ഗവേഷണ റിപ്പോർട്ടുകൾ ഈ കേന്ദ്രത്തിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ട്.

ഹദീസ് എന്നാൽ എന്ത്?

വിശുദ്ധ ഖുറാൻ കഴിഞ്ഞാൽ മുസ്ലിംകൾ ഏറ്റവും പ്രധാനമായി അവലംബിക്കുന്നത് ഹദീസുകളെയാണ്. ഖുർആൻ കഴിഞ്ഞാൽ ഇസ്ലാമിന്റെ ആധികാരിക പ്രമാണമായാണ് ഹദീസുകളെ കാണുന്നത്. പ്രവാചകൻ മുഹമ്മദ് നബിയുടെ വചനങ്ങളും കൽപ്പനകളും ആഗ്യങ്ങളും വരെ അടങ്ങുന്നതാണ് ഹദീസുകൾ. മുഹമ്മദ് നബിയിൽ നിന്നുള്ള വചനങ്ങളും കർമ്മങ്ങളും അടങ്ങുന്ന റിപ്പോർട്ടുകളും നബിയെപറ്റിയുള്ള റിപ്പോർട്ടുകളും ഉൾക്കൊള്ളുന്നതാണ് ഹദീസ് എന്ന് ചുരിക്കി പറയാം.

നബീയുടെ കാല ശേഷം മുതൽ വിവിധ ഇസ്ലാമിക ഭരണാധികാരികൾ ഹദീസുകൾ അവലംഭിച്ചായിരുന്നു ഭരണ നിയമങ്ങളും വിധികളും തയ്യാറാക്കിയിരുന്നത്. വ്യക്തികളും സമൂഹങ്ങളും രാഷ്ട്രങ്ങളും തമ്മിലുള്ള തർക്ക പരിഹാരത്തിന് ഭരണ കർത്താക്കൾ ആശ്രയിച്ചു വന്നിരുന്നതും ഹദീസുകളെയാണ്. ഖുർആൻ പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനുമാണ് ഹദീസുകൾ ഏറെ ആവശ്യമായിരുന്നത്. പിൽകാലത്ത് ഹദീസ് ക്രോഡീകരിക്കുകയും പ്രത്യേക ഗ്രന്ഥശാഖകളാക്കുകയും ചെയ്തു.

ഹദീസുകളുടെ ആദിഖ്യമുണ്ടായതോടെ വിശ്വാസ്യ യോഗ്യമായ ഹദീസുകളുടെ തരം തിരിവുകളുണ്ടായി. പ്രവാചകൻ ചെയ്ത ഒരു കാര്യം വിശ്വാസ്യ യോഗ്യരായവരിലൂടെ റിപ്പോർട്ട് ചെയ്താൽ മാത്രമേ സ്വഹീഹായി കണക്കാക്കുകയുള്ളൂ. റിപ്പോർട്ടിംങ് പരമ്പരയിലെ ദൗർബല്യങ്ങളുള്ള ഹദീസുകളെ ദുർബലമെന്നും വ്യാജമെന്നും പറയുന്നു. സിഹാഹു സിത്ത എന്നറിയപ്പെടുന്ന ആറ് ഹദീസ് ഗ്രന്ഥങ്ങളാണ് മുസ്ലിം സമൂഹം പൊതുവിൽ ആധികാരികമായി അവംലഭിച്ചു വരുന്നത്. ബുഖാരി, മുസ്ലിം എന്നീ രണ്ട് ഗ്രന്ഥങ്ങളാണ് ഇതിൽ പ്രധാനപ്പെട്ടത്.

ആറ് ലക്ഷം ഹദീസുകൾ ശേഖരിച്ചതിൽ നിന്നും തന്റെ മാനദണ്ഡമനുസരിച്ച് ഉത്തമ ബോധ്യം വന്ന 7275 ഹദീസുകൾ മാത്രമാണ് ഇമാം ബുഖാരി സ്വഹീഹുൽ ബുഖാരി എന്ന ഹദീസ് ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഇമാം മുസ്ലിമാകട്ടെ മൂന്ന് ലക്ഷത്തിൽ നിന്ന് 9200 ഉം ആണ് രേഖപ്പെടുത്തിയത്. അതുപോലെ മറ്റു ഹദീസ് പണ്ഡിതന്മാരും വ്യാജ നിർമ്മിതിയായി കണക്കാക്കി വളരെയധികം ഹദീസുകൾ തള്ളിക്കളഞ്ഞിട്ടുണ്ട്. സുനനു അബീദാവൂദ്, ജാമിഉത്തുർമുദി, സുനനുന്നസാഈ, സുനനു ഇബ്നുമാജ എന്നിവയാണ് സ്വിഹാഹുസ്സിത്തയിലെ മറ്റ് നാല് ഹദീസ് ഗ്രന്ഥങ്ങൾ.

വിവിധ മുസ്ലിം വിഭാഗങ്ങൾ ഹദീസുകളെ കാണുന്നത് വ്യത്യസ്ത വീക്ഷണത്തോടെ

സിഹാഹു സിത്തക്കു പുറമെയും നിരവധി ഹദീസ് ഗ്രന്ഥങ്ങളുണ്ടെങ്കിലും ഹദീസുകളെ വ്യത്യസ്ത വീക്ഷണത്തോടെയാണ് വിവിധ മുസ്ലിം വിഭാഗങ്ങളും സംഘടനകളും കാണുന്നത്. ആഗോള തലത്തിൽ സലഫി, സൂഫീ ധാരകളിലുള്ള മുസ്ലിംങ്ങൾക്ക് ഹദീസുകളോടുള്ള സമീപനം വ്യത്യസ്തമാണ്. ഈ രണ്ട് ധാരകൾക്ക് അകത്തും പുറത്തുമായി വ്യത്യസ്ത വീക്ഷണങ്ങൾ നിലനിൽക്കുന്നുണ്ട്.

കേരളത്തിലെ മുസ്ലിം സംഘടനകളുടെ കാര്യവും വ്യത്യസ്തമല്ല. മിക്ക ഹദീസ് ഗ്രന്ഥങ്ങളേയും അംഗീകരിക്കുകയും പാഠ്യ വിഷയമാക്കുകയും ചെയ്യുന്നവരാണ് കേരളത്തിലെ സുന്നി വിഭാഗങ്ങൾ. എന്നാൽ വ്യാജ ഹദീസുകളെയടക്കം അന്തമായി ഉൾകൊള്ളുന്നവരാണ് സുന്നികളെന്നാണ് വിമർശകരുടെ പക്ഷം. എന്നാൽ കേരളത്തിലെ സലഫികളിൽ ഹദീസുകളെ വ്യത്യസ്ത കോണിലൂടെ കാണുന്നവരുണ്ട്. ബുഖാരിയിലെ ഹദീസ് തന്നെ നിരവധി ദുർബലമാണെന്നാണ് മുജാഹിദ് -മടവൂർ വിഭാഗത്തിന്റെ വാദം. യുക്തിക്ക് നിരക്കാത്ത ഹദീസുകൾ ഈ വിഭാഗം പൂർണമായും തള്ളുന്നു. അന്തർ ദേശീയാടിസ്ഥാനത്തിൽ ഇസ്ലാഹീ മൂവ്മെന്റും ഇതേ ആശയക്കാരാണ്.

നിലവിൽ മടവൂർ വിഭാഗം ഐക്യപ്പെട്ട് കെ.എൻ.എം ആയി പ്രവർത്തിക്കുന്നെങ്കിലും ഹദീസുകളോടുള്ള സമീപനത്തിൽ വ്യത്യാസമില്ല. മുജാഹിദ് ഔദ്യോഗിക വിഭാഗത്തിൽ നിന്നുള്ള പിളർപ്പിന് വഴിവെച്ച കാര്യമായിരുന്നു 'ജിന്ന്' വിഷയം. ജിന്നിനോട് സഹായം തേടാൻ പറ്റുമോ ഇല്ലയോ എന്ന ചർച്ച വരുന്നതും ഹദീസിനെ ചൊല്ലിയായിരുന്നു. ഹദീസിനെ പാടേ തള്ളിക്കളയണമെന്നും ഖുർആൻ മാത്രമാണ് വഴികാട്ടിയെന്നുമാണ് ചേകന്നൂർ വിഭാഗം വിശ്വസിക്കുന്നത്. ചേകന്നൂർ മൗലവിയേയും അദ്ദേഹം മുന്നോട്ടു വെച്ച ആശയങ്ങളോടും ശക്തമായ എതിർപ്പുകൾ മുസ്ലിംങ്ങളിൽ നിന്ന് ഉയർന്നിരുന്നെങ്കിലും ഹദീസ് തീർത്തും തള്ളിക്കളയുന്ന വിഭാഗവും കേരളത്തിലെ മുസ്ലിംങ്ങൾക്കിടയിലുണ്ട്. സൗദി അറേബ്യയുടെ ഹദീസ് പരിശോധനയെയും വിവിധ രീതിയിലാണ് ഇവിടത്തെ മുസ്ലിം സംഘടനകൾ കാണുന്നത്.

സൗദിയെ ചൊടിപ്പിച്ചത് മുർത്തദ്ദ് രാജ്യത്തിന്റെ ഭരണാധികാരിയോട് യുദ്ധം ചെയ്യണമെന്ന ഐ.എസിന്റെ പ്രഖ്യാപനമോ..?

ഹദീസുകളുടെ ആധികാരികതയനുസരിച്ച് നീക്കം ചെയ്യുന്ന സൗദിയുടെ നടപടിയെ ഉറ്റുനോക്കുകയാണ് മുസ്ലിം ലോകം. ഐ.എസ് അടക്കമുള്ള ഭീകരവാദ സംഘടനകളെ ലക്ഷ്യം വെച്ചുള്ളതാണ് സൗദിയുടെ ഹദീസ് പരിഷ്‌കരണമെന്ന വാദം ശക്തമാണ്. സൗദി ഭരണാധികാരിയെ ഈ പുതിയ തീരുമാനത്തിലെത്തിച്ചതിനു പിന്നിലും ഐ.എസിനെതിരെയുള്ള നീക്കമായാണ് കണക്കാക്കുന്നത്. 'കുഫ്റുൽ അക്‌ബർ' കാണുന്ന ഭരണാധികാരികളെ തക്ഫീർ ചെയ്യണമെന്നാണ് ഐ.എസ് വാദം. അതായത്, മുസ്ലിംങ്ങൾക്കെതിരെ കുഫ്ഫാറുകളെ (അമുസ്ലിംങ്ങൾ/അവിശ്വാസികൾ) സഹായിക്കുകയെന്നത് വലിയ പാപത്തിൽ പെടുന്ന കാര്യമാണ്. നിലവിൽ മുസ്ലിംരാജ്യങ്ങൾക്കെതിരെ യുദ്ധം ചെയ്യാൻ അമേരിക്ക, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളുമായി സൗദിയുടെ കൂട്ട്കെട്ടാണ് ഐ.എസ് ഉയർത്തി കാട്ടുന്നത്.

അതിനാൽ സൗദി അറേബ്യ മുർതദ്ദ് (ഇസ്ലാം ഉപേക്ഷിക്കുന്നവർ) രാജ്യമാണെന്നാണ് ഐ.എസ് പ്രഖ്യാപനം. മുർതദ്ദ് രാജ്യമെന്ന് പറഞ്ഞാൽ രാജ്യത്തെ ജനങ്ങളെയല്ല, ആ ഭരണാധികാരിയെയാണ് ഇവിടെ ഇസ്ലാമിൽ നിന്ന് പുറത്ത് പോയതായി കണക്കാക്കുന്നത്. മുർതദ്ദ് രാജ്യത്തിനെതിരെ യുദ്ധം ചെയ്യണമെന്ന ഹദീസ് ആണ് ഐ.എസ് ഇതിന് തെളിവായി ഉയർത്തിക്കാട്ടുന്നത്. ഇത് സൗദിയെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് വിദഗ്ദരുടെ നിരീക്ഷണം. എന്നാൽ, ' ഭരണാധികാരി എത്ര തന്നെ കുഴപ്പക്കാരായാലും യുദ്ധം നടത്തരുത്. രാജ്യത്ത് അരാജകത്വം ഉണ്ടാക്കം' എന്ന ഹദീസ് ഉയർത്തിയായിരിക്കും ഐ.എസിന്റെ ഈ വാദത്തെ സൗദി നേരിടുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP