Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മദ്യലഹരിയിൽ അമ്മയെ കഴുത്തറുത്തു കൊല്ലുന്ന മകൻ; ഭാര്യയെ സുഹൃത്തുക്കൾക്ക് കൂട്ടിക്കൊടുക്കുന്ന ഭർത്താവ്; കാമുകിയെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം ഒപ്പമുറങ്ങിയ സൈക്കോ കാമുകൻ; മദ്യപാനം ചോദ്യം ചെയ്ത ബാപ്പയെ ചവിട്ടിക്കൊല്ലുന്ന യുവാവ്; പണത്തിനായി തലക്കടിച്ചും ഷോക്കടിപ്പിച്ചും വീട്ടമ്മയെ കൊല്ലുന്ന അയൽവാസി; ഭാര്യയെ കരിമൂർഖന് കൊത്തിച്ച് കൊന്ന് സ്വത്ത് തട്ടുന്ന സമാനതകൾ ഇല്ലാത്ത ക്രിമിനൽ ബുദ്ധി; ലോക്ഡൗൺ കാലത്തും കൊലകളിലും പീഡനങ്ങളിലും കേരളം നടുങ്ങുമ്പോൾ

മദ്യലഹരിയിൽ അമ്മയെ കഴുത്തറുത്തു കൊല്ലുന്ന മകൻ; ഭാര്യയെ സുഹൃത്തുക്കൾക്ക് കൂട്ടിക്കൊടുക്കുന്ന ഭർത്താവ്; കാമുകിയെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം ഒപ്പമുറങ്ങിയ സൈക്കോ കാമുകൻ; മദ്യപാനം ചോദ്യം ചെയ്ത ബാപ്പയെ ചവിട്ടിക്കൊല്ലുന്ന യുവാവ്; പണത്തിനായി തലക്കടിച്ചും ഷോക്കടിപ്പിച്ചും വീട്ടമ്മയെ കൊല്ലുന്ന അയൽവാസി; ഭാര്യയെ കരിമൂർഖന് കൊത്തിച്ച് കൊന്ന് സ്വത്ത് തട്ടുന്ന സമാനതകൾ ഇല്ലാത്ത ക്രിമിനൽ ബുദ്ധി; ലോക്ഡൗൺ കാലത്തും കൊലകളിലും പീഡനങ്ങളിലും കേരളം നടുങ്ങുമ്പോൾ

എം മാധവദാസ്

'പുരുഷന്മാരോടൊപ്പം സദാ ഒന്നിച്ച് കഴിയുക എന്നുവച്ചാൽ എന്തൊരു മഹാദുരന്തമാണെന്ന് ലോകത്തിലെ സ്ത്രീകൾ പൂർണ്ണമായും തിരിച്ചറിഞ്ഞത് ഈ ലോകഡൗൺ കാലത്ത് ആയിരിക്കും. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ ദുരിതകാലം കൂടിയാണ് ഈ കോവിഡ് കാലം'- സാന്ദ്ര എമ്മേഴ്സൺ എന്ന സോഷ്യോ ഫെമിനിസ്റ്റ് ന്യയോർക്ക് ടൈംസിൽ എഴുതിയ ലേഖനത്തിലെ ഏറെ ചർച്ചചെയ്യപ്പെട്ട ഒരു ഭാഗമാണിത്. ലോകമെമ്പാടും ഗാർഹിക പീഡനങ്ങൾ വലിയ തോതിൽ നടന്ന കാലം കൂടിയായിരുന്നു അടച്ചിടൽ കാലം. ചൈന ലോക്ഡൗൺ കഴിഞ്ഞ് തുറന്നപ്പോൾ ഡിവോഴ്സുകളെ എണ്ണത്തിൽ 20 ശതമാനമാണ് വർധനവുണ്ടായത്. അമേരിക്കയിലും യൂറോപ്പിലും ഏതാണ്ട് സമാനമായ അവസ്ഥയാണ്. ഗാർഹിക പീഡനങ്ങളുടെ എണ്ണവും കൂടുന്നുണ്ട്.

പക്ഷേ പ്രബുദ്ധമെന്നും ലോകത്തിന് മാതൃകയെന്നും പറയുന്ന നമ്മുടെ കേരളത്തിലാകട്ടെ ഈ ലോക്ഡൗൺ കാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത് ലോകശരാശരിയുടെയും മുകളിൽപ്പോവുന്ന ഗാർഹിക പീഡനങ്ങളാണ്. മാത്രമല്ല ലോക്ഡൗൺ കാലത്തെ കൊലപാതകങ്ങളിലും പീഡനങ്ങളിലും ഞെട്ടിത്തരിച്ചിരിക്കയാണ് കേരളം. കഠിനംകുളത്ത് മദ്യം നൽകി ഭർത്താവിന്റെ സുഹൃത്തുക്കൾ യുവതിയെ പീഡിപ്പിച്ച സംഭവം കേരള മനസാക്ഷിയെ നടുക്കുന്നതാണ്. അഞ്ചൽ ഉത്ര കൊലക്കേസും കോട്ടയം താഴത്തങ്ങാടി കേസും ചില കൃത്യമായ സൂചകൾ കേരളീയ സമൂഹത്തോട് വിളിച്ചു പറയുന്നുമുണ്ട്.

മദ്യഷാപ്പുകൾ തുറന്ന് ദിവസങ്ങൾക്കുള്ളിൽ 48 മണിക്കുറിനുള്ളിൽ മദ്യലഹരിയിൽ നാലുകൊലപാതകങ്ങൾ ഉണ്ടായപ്പോൾ കേരളം ശരിക്കും ഞെട്ടി. മദ്യലഹരിയിൽ അമ്മയുടെ കഴുത്ത് അറക്കുന്നത് തൊട്ട് മദ്യപാനം ചോദ്യം ചെയ്തിനെ തുടർന്ന് പിതാവിനെ തല്ലിക്കൊന്നത് വരെയുള്ള കാര്യങ്ങൾ. എന്തുകൊണ്ട് കേരളം ഇങ്ങനെ മൃഗീയമാവുന്നു. സ്ത്രീസുരക്ഷയെക്കുറിച്ചും മദ്യസാക്ഷരതയെക്കുറിച്ചും പഠിപ്പിക്കാതെ എന്ത് നവോത്ഥാനമാണ് നമുക്ക് ഈ നാട്ടിൽ നടപ്പാക്കാൻ കഴിയുക.

കഠിനംകുളത്ത് കേരളം ലജ്ജിച്ച് തലതാഴ്‌ത്തണം

ഉത്തരേന്ത്യയെ നാണിക്കുന്ന പീഡനത്തിനാണ് തിരുവനന്തപുരത്തെ കഠിനംകുളം കഴിഞ്ഞ ദിവസം സാക്ഷിയായത്. ഭാര്യയെ നിർബന്ധിച്ച് മദ്യപിപ്പിച്ച് സുഹൃത്തുക്കൾക്ക് എറിഞ്ഞു നൽകി എന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം മുന്നോട്ടു നീങ്ങുന്നത്. സുഹൃത്തുക്കളായ നാല് പേരാണ് ഒരേ സമയം യുവതിയെ ബലാത്സംഗം ചെയ്തത്.സിഗരറ്റ് കൊണ്ട് തുടയിൽ പൊള്ളിക്കുകയും വസ്ത്രങ്ങൾ വലിച്ച് കീറുകയും ചെയ്തു എന്നാണ് യുവതി മൊഴി നൽകിയിരിക്കുന്നത്. അതിക്രൂരമായ പീഡനമാണ് നടന്നതും എന്ന് യുവതി മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്. ബലാത്സംഗത്തിന്നിടയിൽ യുവതിയുടെ മുഖത്ത് മുറിവേറ്റിട്ടുണ്ട് അക്രമങ്ങൾക്കിടയിൽ തനിക്ക് ബോധം പോയി. പിന്നീട് മകന്റെ നിലവിളി കേട്ടാണ് ഉണരുന്നത്.

വൈകിട്ട് ബീച്ചിലേക്കെന്ന് പറഞ്ഞാണ് തന്നെയും മകനേയും ഭർത്താവ് കൊണ്ടുപോയതെന്നാണ് വീട്ടമ്മ പറയുന്നത്. ബീച്ചിന് അടുത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്കാണ് കൊണ്ടുപോയത്. അതിന് തൊട്ടു മുൻപത്തെ ദിവസവും അവിടെ കൊണ്ടുപോയിരുന്നു. അവിടെ ഒരു പ്രായമായ സ്ത്രീ ഉണ്ടായിരുന്നു. വീട്ടിൽ എത്തിയതിന് പിന്നാലെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് മദ്യപിച്ചു. തനിക്ക് ഭർത്താവ് നിർബന്ധിച്ച് മദ്യം തന്നു. താൻ മുറിയിൽ കിടന്നപ്പോൾ വെള്ളമെടുക്കാൻ എന്നു പറഞ്ഞ് രണ്ട് പേർ അകത്തേക്ക് കടന്നുവന്നു. പുറത്ത് ഭർത്താവുമായി ചിലർ വഴക്കുണ്ടാക്കുന്നുണ്ടെന്നും അവിടേയ്ക്ക് ചെല്ലണമെന്നും അവർ പറഞ്ഞു.

മകനുമായി പുറത്തേക്കിറങ്ങിയ തന്നെ വഴിയിൽ വച്ച് ഒരു ഓട്ടോയിലേക്ക് വലിച്ചു കയറ്റി പത്തേക്കർ എന്ന സ്ഥലത്തേക്ക് കൊണ്ടുപോയി. തുടർന്ന് നടന്നത് ക്രൂരപീഡനമാണ്. ഒരു ഒരു കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ക്രൂരമായി ഉപദ്രവിച്ചു. സിഗരറ്റ് കൊണ്ട് തുടയിൽ കുത്തി. കവിളിൽ കടിച്ചു. വസ്ത്രം വലിച്ചു കീറി. മുഖത്ത് അടിച്ചതോടെ ബോധം പോയി. മകന്റെ കരച്ചിൽ കേട്ടാണ് പിന്നീട് ഉണരുന്നത്. വഴിയിൽ ഒരു ബൈക്കുകാരനെ കണ്ടപ്പോൾ കാര്യങ്ങൾ പറഞ്ഞു. അദ്ദേഹമാണ് ഒരു കാറിൽ വീട്ടിൽ എത്തിച്ചത്. ഭർത്താവ് മുൻപും ഉപദ്രവിച്ചിട്ടുണ്ട്. ബന്ധം വേർപെടുത്താൻ തീരുമാനിച്ചിരുന്നതാണ്. ഒരു മാസം മുൻപാണ് തന്നെ കൂട്ടിക്കൊണ്ടുപോയത്്..- അവർ വ്യക്താക്കുന്നു.

ഉത്രകൊലക്കേസും താഴെത്തങ്ങാടി കൊലക്കേസും നൽകുന്ന പാഠങ്ങൾ

സ്വന്തം ഭാര്യയെ ഭർത്താവ് കരിമൂർഖനെകൊണ്ട് കൊത്തിച്ച് കൊല്ലുകയെന്ന സമാനതകൾ ഇല്ലാത്ത കേസും ഉണ്ടായത് ഈ ലോക്ഡൗൺ കാലത്തുതന്നെ. കേരളം ഏറെ ചർച്ച ചെയ്ത ആ കേസിൽ പക്ഷേ ഇന്നും നമ്മുടെ നാട്ടിലെ സ്ത്രീ സുരക്ഷയെ കുറിച്ചുള്ള പൊതുബോധം എത്രമാത്രം വികലമാണ് എന്ന ധാരണയും വ്യക്താമാക്കുന്നു. 'പണത്തിനുവേണ്ടി ഉത്ര നിരന്തരം ഉപദ്രവിക്കപ്പെട്ടിട്ടും അതൊരു ഗാർഹിക പീഡനമായി കണക്കാക്കി ഒരു പരാതി പൊലീസ്സറ്റേഷനിൽ എഴുതി കൊടുക്കാൻ കുടുംബം ശ്രമിച്ചിരുന്നെങ്കിൽ അവൾ ഇന്ന് ജീവിച്ചിരിക്കുമായിരുന്നു. പകരം എന്റെ മകൾക്ക് ചില പേരായ്മകൾ ഉണ്ട് അതിനാൽ ഞാൻ അവരുടെ കുടുംബത്തെ പോറ്റേണ്ടതാണ് എന്ന ചിന്തയാണ് അവരെ ഭരിച്ചത്. ഈ മനസ്സും സ്വയം വരിച്ച അടിമത്തവും മാറ്റിയെടുക്കുന്ന പ്രവർത്തനങ്ങളാണ് കേരളീയ സമൂഹത്തിൽ ഇനി ഉണ്ടാവേണ്ട നവോത്ഥാനം. അതുപോലെ നോക്കുക, ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ ശരിയാണെങ്കിൽ ഭർത്താവിന്റെ കുടുംബം മുഴുവൻ ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ്. നാം കൊട്ടിഘോഷിക്കുന്ന കുടുംബ സംവിധാനമൊക്കെ എത്രമാത്രം ക്രിമിനൽവത്ക്കരിക്കപ്പെട്ടു എന്നതിന്റെ സൂചനകളാണ് ഇവിടെ ലഭിക്കുന്നത്. ഒരാൾ ഒരു തെറ്റ് ചെയ്താൽ കുടുംബം അതിനെ എതിർക്കുന്ന രീതി ഇപ്പോഴിയില്ല'- പ്രശസ്ത ക്രിമിനോളിസ്റ്റ് ഡോ ജെയിംസ് വടക്കുംചേരി മറുനാടൻ മലയാളിയോട് പ്രതികരിച്ചു.

എന്നാൽ ഇതിന് നേർ വിപരീതമായ കാര്യങ്ങളാണ് കോട്ടയം താഴത്തങ്ങാടി ഷീബ കൊലക്കേസിൽ സംഭവിച്ചത്. പ്രതി മുഹമ്മദ് ബിലാൽ എന്ന 23കാരനെ കുടുംബം ഒറ്റപ്പെടുത്തുകയായിരുന്നു. ബിലാൽ എവിടെയുണ്ടെന്ന് പൊലീസിനെ അറിയിച്ചതുപോലും സ്വന്തം പിതാവ് ആയിരുന്നു. ചെറുപ്പത്തിലേ ക്രിമിനിൽ വാസനയും മാനസിക പ്രശനങ്ങളുമുള്ള വ്യക്തയാണ് ബിലാൽ എന്നും ഇയാളെ ശരിയാക്കിയെടുക്കാൻ താൻ പലവട്ടം ശ്രമിച്ചിരുന്നതായുമാണ് പിതാവ് പറയുന്നത്.ബിലാലിന് വേണ്ടി യാതൊരു സഹായവും ചെയ്തുകൊടുക്കില്ലെന്നും തെറ്റുചെയ്തവൻ ശിക്ഷിക്കപ്പെടമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പണം കിട്ടാത്തതിനുള്ള നിരാശയിലാണ് ബിലാൽ ഷീബയെയും ഭർത്താവിനെയും ആക്രമിച്ചത്. വീടിനുള്ളിലേക്ക് പോയപ്പോൾ പണം ആവശ്യപ്പെട്ടുള്ള തർക്കത്തിനിടെ ഭർത്താവിനെ ആക്രമിച്ചു. ഇതുകണ്ടുവന്ന ഷീബയെയും ആക്രമിച്ചു. തെളിവ് നശിപ്പിക്കാൻ ഗ്യാസ്‌കുറ്റി തുറന്നുവിട്ടു. പിന്നീട് ഷോക്ക് അടിപ്പിക്കാനും ശ്രമിച്ചു.ടീപോയിലുടെ ഫ്രെയിം വച്ചാണ് തലയ്ക്കടിച്ചത്. അത് ഒടിഞ്ഞതോടെ കാലുവച്ച് അടിച്ചു. മരണം ഉറപ്പാക്കാൻ പല തവണ തലയ്ക്കടിച്ചു. തുടർന്ന് ബഡ്‌റൂമിൽ കയറി അലമാരയിൽ നിന്ന് പണം എടുത്തു. ഷീബയുടെ ദേഹത്തുനിന്ന് ആഭരണം എടുത്തു. മൊബൈൽ ഫോണും കൈക്കലാക്കി. എളുപ്പം രക്ഷപ്പെടാൻ വാഗൺ ആർ കാറിന്റെ താക്കോൽ എടുത്ത് പുറത്തേക്ക് പോയി. രാവിലെ എട്ടരയ്ക്കും ഒമ്പതിനുംമധ്യേയാണ് ആക്രമണം നടന്നതെന്നും ഒരു മണിക്കൂറോളം സംഭവസ്ഥലത്ത് ചെലവിട്ട ശേഷമാണ് പ്രതി പോയതെന്നും പൊലീസ് വ്യക്തമാക്കി

'കുട്ടികളുടെ അക്രമവാസനയും ക്രമിനിൽ ടെൻഡൻസിയുമൊന്നും കേരളീയ സമൂഹം ഇനിയും വേണ്ട വിധത്തിൽ അഡ്രസ് ചെയ്തിട്ടില്ല. ഫേസ്‌ബുക്കും വാട്സാപ്പുമൊക്കെയായി ഇന്ന് ലോകത്തിൽ കിട്ടുന്ന എല്ലാ അറിവുകൾ മാത്രമല്ല, കുബുദ്ധിയും നമ്മുടെ കുട്ടികൾക്ക് കിട്ടും. ഇത്തരക്കാരെ ചിട്ടയാ ശാസ്ത്രീയ ചികിൽസയിലൂടെയാണ് ശരിയാക്കി എടുക്കേണ്ടത്. പക്ഷേ ഇത് നമ്മുടെ നാട്ടിൽ തീരെ ഇല്ലാത്തതാണ്'- പ്രശസ്ത മനഃശാസ്ത്രജ്ഞൻ സാബു ഫിലിപ്പ് ഇങ്ങനെ പ്രതികരിക്കുന്നു.

മൃതദേഹത്തെ കെട്ടിപ്പിടിച്ച് ഉറങ്ങുന്ന സൈക്കോ കാമുകൻ

സമാനതകളില്ലാത്ത ക്രൂരതയാണ് മാർച്ച് 20ന് സുചിത്രാ പിള്ളയെന്ന ബ്യൂട്ടീഷന്റെ കൊലപാതകത്തിൽ കേരളം കണ്ടത്. കാമുകിയെ കൊലപ്പെടുത്തിയ ശേഷം ഒരു ദിവസത്തോളമാണ് മൃതദേഹത്തിനൊപ്പം ഒരേ പുതപ്പിനടിയിൽ പ്രശാന്ത് കിടന്നുറങ്ങിയത് പൊലീസിനെപോലും ഞെട്ടിച്ചിരുന്നു. കൊല്ലം പള്ളിമുക്കിലെ ബ്യൂട്ടിഷ്യൻ അക്കാഡമിയിൽ കഴിഞ്ഞ മാർച്ച് 17 നാണ്സുചിത്ര പിള്ള കാമുകൻ പ്രശാന്തിനൊപ്പം പാലക്കാടേയ്ക്ക് പോയത്. മൂന്നുദിവസത്തോളം പാലക്കാട് മണലി ശ്രീറാംനഗറിലെ വിഘ്നേശ് ഭവനിൽ കഴിഞ്ഞ ഇരുവരും ഇരുപതാംതീയതി വൈകിട്ടോടെ വാക്കുതർക്കമുണ്ടാവുകയായിരുന്നു. പ്രശാന്തിൽ നിന്ന് തനിക്കൊരു കുട്ടിയെ വേണമെന്ന നിർബ്ബന്ധമാണ് വാക്കുതർക്കത്തിനിടയാക്കിയത്. തുടർന്ന് പ്രതിപ്രശാന്ത് സുചിത്രയെ മർദ്ദിക്കുകയും കട്ടിലിന് സമീപമുള്ളമേശമേൽ ഇരുന്ന എമർജൻസി ലാമ്പിന്റെ കേബിൾഉപയോഗിച്ച് കഴുത്തുമുറുക്കി സുചിത്രയെകൊലപ്പെടുത്തുകയുമായിരുന്നു. 20ന് വൈകിട്ട് 6.30നും 7നുംഇടയിലാണ് കൊലപാതകം നടന്നത്.

കൊലയ്ക്കുശേഷം മൃതദേഹം കട്ടിലിൽ തന്നെ കിടത്തിയ പ്രതി തുടർന്ന് അത്താഴംകഴിക്കുകയും മൃതദേഹത്തെ കെട്ടിപ്പിടിച്ച് ഒരേ പുതപ്പിനടിയിൽ കിടന്നുറങ്ങുകയും ചെയ്തു. 21ന് പുലർച്ചെ അഞ്ചു മണിയോടെ ഉണർന്ന പ്രതിപ്രഭാതകർമ്മങ്ങൾ പൂർത്തിയാക്കിയ ശേഷം പാലക്കാട് നഗരത്തിലേയ്ക്ക് പോയി. കയ്യിൽ കരുതിയ കുപ്പിയിൽ പെട്രോളും വാങ്ങിയാണ് ഇയാൾ മടങ്ങിയെത്തിയത്. സുചിത്രയുടെ മൃതദേഹം തനിക്ക് ഒറ്റയ്ക്ക് എടുത്തുയർത്താൻ കഴിയില്ലെന്ന്മനസിലാക്കിയ ഇയാൾ വെട്ടുകത്തികൊണ്ട് ആദ്യം കാൽപാദങ്ങൾ മുറിച്ചുമാറ്റുകയും തുടർന്ന് മുട്ടിന് മുകളിൽ വച്ച് കാൽ മുറിക്കുകയും ചെയ്തു. രക്തംഒഴുകുന്ന മൃതശരീരത്തിനരികിൽ ഒരു പകൽമുഴുവൻ കഴിച്ചുകൂട്ടിയ പ്രതി രാത്രി പത്തുമണിയോടെ മുറിച്ചുമാറ്റിയ കാലിന്റെ ഭാഗങ്ങളുമായി വീടിനുപിന്നിലെ വയലിലെത്തി. തുടർന്ന് പെട്രോളൊഴിച്ച് ഇവ കത്തിക്കയായിരുന്നു.

ലോക്ഡൗൺ കാലത്തും ഗുണ്ടാകൊല

എല്ലാ പ്രവർത്തനങ്ങൾ നിർത്തിവെക്കുന്ന ഇക്കാലത്തും ഒരു ഗുണ്ടാകൊലക്കും കേരളം സാക്ഷിയായി. കൊല്ലം നഗര ഹൃദയത്തിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടത് ജൂൺ 3നാണ്. ഗുരുതരമായി പരിക്കേറ്റ മുഖ്യപ്രതിയെ അയത്തിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിന്നക്കട പുള്ളിക്കട കോളനിയിൽ ഗായത്രി നിവാസിൽ വാടകയ്ക്ക് താമസിക്കുന്ന മുരുകൻ - അനിത ദമ്പതികളുടെ മകൻ ഉദയകിരൺ (കിച്ചു 25 ) ആണ് കൊല്ലപ്പെട്ടത്. ജൂൺ 2 ന് രാത്രി 10.20ന് നടന്ന സംഘർഷത്തിൽ കുത്തേറ്റ ഉദയ കിരൺ ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ചാണ് മരിച്ചത്. ഇയാളെ കുത്തിക്കൊലപ്പെടുത്തിയ ആശ്രാമം ലക്ഷ്മണ നഗർ 31 ശോഭ മന്ദിരത്തിൽ വിഷ്ണു എന്ന മൊട്ട വിഷ്ണു കുത്തേറ്റ് ഗുരുതരാവസ്ഥയിൽ മേവറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

ചിന്നക്കട കേന്ദ്രീകരിച്ച് ഗുണ്ടാ പ്രവർത്തനം നടത്തുന്ന ഉദയകിരണിന്റെ സംഘവും മൊട്ട വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘങ്ങളും തമ്മിൽ മാസങ്ങൾക്ക് മുൻപ് പ്രതിഭ ജംഗ്ഷനിലുള്ള ബാറിൽ വച്ച് സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി ഇരു സംഘങ്ങളും തമ്മിൽ പലതവണ വാക്കുതർക്കങ്ങളുണ്ടായിരുന്നു. ജൂൺ ഒന്നിന് മൊട്ട വിഷ്ണുവിന്റെ സംഘാംഗമായ അമലിനെ ഉളിയക്കോവിലിൽ വച്ച് ഉദയ കിരൺ മർദ്ദിച്ചിരുന്നു. ഇതിനു പകരം ചോദിക്കാനായി ഉദയ കിരൺ താമസിക്കുന്ന പുള്ളിക്കട കോളനിയിലെത്തിയ മൊട്ട വിഷ്ണുവും സംഘവുമായി ഉദയകിരണിന്റെ സംഘം ഏറ്റുമുട്ടി. സംഘർഷത്തിനിടെ നെഞ്ചിൽ കുത്തേറ്റ ഉദയ കിരണിനെ ആശ്രാമത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് മേവറത്തെ സ്വകാര്യ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. എന്നാൽ ശസ്ത്രക്രിയയ്ക്ക് വൻ തുക ആവശ്യമായി വന്നതോടെ തുടർന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മദ്യക്കൊലകളിൽ നടുങ്ങി കേരളം

ലോക്ഡൗൺ തുടങ്ങിയപ്പോൾ ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും അടച്ചപ്പോൾ മദ്യം കിട്ടാത്തതിന്റെ പേരിൽ ആത്മഹത്യ ചെയതവരുടെ ഒക്കെ വാർത്തകൾ നാം സ്ഥിരമായി കേട്ടിരുന്നു. എന്നാൽ ഇപ്പോൾ രണ്ടര മാസത്തെ ഇടവേളക്കുശേഷം മദ്യശാലകൾ തുറന്നപ്പോൾ കേരളം കേൾക്കുന്നത് മദ്യലഹിരിയിൽ ഉണ്ടാകുന്ന കൊലകളുടെ വാർത്തകളാണ്. ലോക്ഡൗൺ അല്ലായിരുന്നെങ്കിൽ വാഹനാപകടങ്ങളുടെ എണ്ണവും എത്രയോ കൂടുമായിരുന്നു. മദ്യനിരോധന സമിതി പ്രവർക്കരൊക്കെ പറയുന്ന കാര്യങ്ങൾ ശരിവെക്കുന്ന രീതിയിലാണ് ബാറുകൾ തുറന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ കേരളത്തിൽ ഉണ്ടാകുന്ന സംഭവ വികാസങ്ങൾ.

ചങ്ങനാശേരിയിൽ അമ്മയെ മകന് കഴുത്തറുത്തുകൊന്നപ്പോൾ മലപ്പുറത്ത് മകൻ തള്ളിവീഴ്‌ത്തിയ അച്ഛൻ കുഴഞ്ഞുവീണ് മരിച്ചു. മദ്യപാനത്തിനിടെ ഉണ്ടായ വാക്കേറ്റത്തിനിടെയാണ് മലപ്പുറം താനൂരിലും തിരുവനന്തപുരം ബാലരാമപുരത്തും കൊലപാതകം ഉണ്ടായത്. നാല് കേസുകളിലും മദ്യലഹരിയാണ് കൊലപാതകങ്ങളിൽ കലാശിച്ചത്.

ഭിന്ന ലിംഗക്കാരിയുമായുള്ള സൗഹൃദത്തെ പരിഹസിച്ച യുവാവിനെ സുഹൃത്ത് ചവിട്ടിക്കൊന്നുത് മദ്യലഹരിയിൽ ആയിരുന്നു. ജൂൺ നാലിന് ആയിരുന്നു സംഭവം. കൊല്ലം കുരീപ്പുഴ തണ്ടേക്കാട് ജയന്തി കോളനി ജോസഫ് ഭവനത്തിൽ മർസിലിന്റെ മകൻ ജോസ് മർസിലിൻ ( 39 ) ആണ് കൊല്ലപ്പെട്ടത്. തണ്ടേക്കാട് കോളനി നിവാസിയായ പ്രസാദിന്റെ മകൻ പ്രശാന്ത് (30 ) ആണ് സുഹൃത്തിനെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷം വീട്ടിലേയ്ക്ക് മടങ്ങിയ ജോസ് അത്താഴം കഴിച്ചു കൊണ്ടിരിക്കെ വീട്ടിലെത്തിയ പ്രശാന്ത് ജോസിനെ വിളിച്ചിറക്കി റോഡിൽ കൊണ്ടുപോയ ശേഷം മർദിക്കുകയായിരുന്നു. മർദ്ദനമേറ്റ് തളർന്ന് നിലത്തുവീണ ജോസിന്റെ അടിവയറ്റിൽ പ്രശാന്ത് ചവിട്ടി. നിലവിളി കേട്ട് ഓടിയെത്തിയ വീട്ടുകാർ ഇയാളെ മതിലിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു .

അമ്മയുടെ കഴുത്തരിയുന്ന മകൻ

അതിദാരുണമായ സംഭവമാണ് കോട്ടയം ചങ്ങനാശേരിയിൽ കഴിഞ്ഞ ആഴ്ച ഉണ്ടായത്. മദ്യലഹരിയിൽ മകൻ അമ്മയെ കഴുത്തറുത്തുകൊലപ്പെടുത്തുകയായിരുന്നു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി കുഞ്ഞന്നാമ്മ (55)യാണ് ക്രൂരമായി കൊല്ലപ്പെട്ടത്. മകൻ ജിതിൻബാബുവിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പത്തരയ്ക്കാണ് സംഭവം. പ്രതിയായ യുവാവ് സ്ഥിരമായി മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കുന്ന സ്വഭാവക്കാരനായിരുന്നു. കറി കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം അടുത്ത വീട്ടിലേക്ക് ഫോൺ വിളിച്ച് വീട്ടിലേക്ക് വരുകയാണെങ്കിൽ ഒരു വിശേഷം കാട്ടി തരാം എന്ന് വിളിച്ച് പറയുകയും ചെയ്തു എന്നാണ് പൊലീസ് പറയുന്നത്. പ്രതി കുറ്റംസമ്മതിച്ചു.

അതിന് പിറ്റേന്ന് രാത്രിയാണ് മലപ്പുറം തിരൂരിൽ മകന്റെ മർദനത്തിൽ പിതാവ് കൊല്ലപ്പെട്ടത്. മദ്യലഹരിയിലുണ്ടായ തർക്കത്തിനിടെ മകൻ തള്ളിവീഴ്‌ത്തിയ പിതാവാണ് കുഴഞ്ഞുവീണ് മരിച്ചത്. തിരൂർ മുത്തൂർ സ്വദേശി പുളിക്കൽ മുഹമ്മദ് ഹാജിതാണ് മരിച്ചത്. മകൻ അബൂബക്കർ സിദ്ദിഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചെത്തിയ അബൂബക്കറിനെ പിതാവ് ചോദ്യം ചെയ്തതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയായിരുന്നു. ഇതിനിടെ അബൂബക്കർ പിതാവിനെ മർദിക്കുകയും തള്ളിവീഴ്‌ത്തുകയുമായിരുന്നു. മുഹമ്മദ് ഹാജിയെ നാട്ടുകാർ ഉടൻ തന്നെ തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലപ്പുറത്ത് ദിവസങ്ങൾക്കിടെ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണ്.

മദ്യം വീതംവെക്കുന്ന തർക്കം കലാശിച്ചത് മരണത്തിൽ

മദ്യലഹരിയിൽ നാല് സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ കുത്തേറ്റ് മലപ്പുറം താനൂരിൽ യുവാവ് മരിച്ചതും വലിയ തർക്ക വിഷയമായിരുന്നു. തലക്കടത്തൂർ സ്വദേശി ശിഹാബുദ്ധീൻ ആണ് മരിച്ചത്. മദ്യപാനത്തിനാടെ സുഹൃത്തുമായുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ്. നാല് അംഗ സുഹൃത്തുകൾ ഒരുമിച്ച് മദ്യപിക്കുന്നതിനിടെ, മദ്യം വീതം വേക്കുന്നതുമായി ബന്ധപ്പെട്ട വാക്ക് തർക്കമാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരാൾ ഒളിവിലാണ്.

മദ്യപിച്ച് വാക്കേറ്റത്തിനിടെ തിരുവനന്തപുരം ബാലരാമപുരത്തെ കൊലപാതകം. കഴിഞ്ഞാഴ്ച രാത്രിയാണ് യുവാവ് തലയ്ക്കടിയേറ്റ് മരിച്ചത്. ഓട്ടോ ഡ്രൈവറായ ശ്യാമാണ് മരിച്ചത്. മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് സുഹൃത്ത് ശ്യാമിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. അന്വേഷണം തുടരുന്നു. മാസങ്ങളായി ശ്യാം വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ വച്ചാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികൾ അറിയിച്ചതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

മദ്യലഹരിയിൽ തമ്മിലടിച്ച് പൊലീസുകാരും

അതിനിടെ വേലിയന്നെ വിളവ് തിന്നുന സംഭവങ്ങളും ഉണ്ടായി. കഴിഞ്ഞ ആഴ്ച പത്തനംതിട്ട എ ആർ ക്യാമ്പിൽ പൊലീസുകാർ തമ്മിൽ മദ്യപിച്ച് കയ്യാങ്കളിയായതും വൻ വിവാദമായിരുന്നു. എസ്‌ഐ മർദിച്ചെന്നാരോപിച്ച് പാചകക്കാരൻ ചികിത്സ തേടി. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. എസ് പിയുടെ മെസ്സിലെ ജോലിയെ ചൊല്ലിയായിരുന്നു കയ്യാങ്കളി. മൂന്നാർ ദേവികുളത്ത് മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കത്തിനിടെ പൊലീസുകാരനുൾപ്പെടെ നാല് പേർക്ക് കുത്തേറ്റത്. കോട്ടേജിലിരുന്ന് മദ്യപിക്കുന്നതിനിടയിൽ ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. കൊവിഡിന്റെ പശ്ചാതലത്തിൽ അടച്ചിട്ടിരുന്ന മദ്യശാലകൾ തുറന്നത് ആഘോഷിക്കുന്നതിനിടയിലുണ്ടായ വാക്കേറ്റമാണ് കത്തിക്കുത്തിൽ കലാശിച്ചത്.

മദ്യം കിട്ടാത്തതിൽ പ്രകോപിതനായ യുവാവ് ബെവ്‌കോ ജീവനക്കാരനെ ബീയർ കുപ്പിക്ക് തലക്കടിച്ചതും വാർത്തയായിരുന്നു. നീണ്ടകര ബെവ്‌കോയിലെ ജീവനക്കാരൻ മഹേന്ദ്രൻ പിള്ളക്കാണ് യുവാവിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. അക്രമണത്തിന് മുതിർന്ന യുവാവിനെ ജീവനക്കാരും മദ്യം വാങ്ങാനെത്തിയവരും ചേർന്ന് പിടികൂടി പൊലീസിന് കൈമാറി. നീണ്ടകര വെളിത്തുരുത്ത് സ്വദേശി അനിലാലിനെയാണ് പിടികൂടി പൊലീസിന് കൈമാറിയത്. ശനിയാഴ്ച രാവിലെ മദ്യം വാങ്ങാനെത്തിയ അനിലാലിന്റെ കൈവശം ബുക് ചെയ്ത ടോക്കണോ മറ്റ് രേഖകളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. മദ്യം വേണമെന്ന് വാശിപിടിച്ച ഇയാളെ ജീവനക്കാരും മറ്റും ഇടപെട്ട് തിരിച്ചയച്ചു. ഉച്ചതിരിഞ്ഞ് വീണ്ടും മദ്യം ആവശ്യപ്പെട്ടെത്തിയ ഇയാൾ പ്രകോപിതനായി മദ്യശാലയ്ക്കുള്ളിലേക്ക് കടന്നു കയറുകയും ഔട്ട് ലെറ്റിനുള്ളിലിരുന്ന ബീയർ കുപ്പി ഉപയോഗിച്ച് മഹേന്ദ്രൻ പിള്ളയുടെ തലക്ക് അടിക്കുകയുമായിരുന്നു. തുടർന്നാണ് ജീവനക്കാരും മറ്റുള്ളവരും ചേർന്ന് പിടികൂടി പ്രതിയെ പൊലീസിന് കൈമാറിയത്.

മദ്യസാക്ഷരത കേരളത്തിൽ

എന്തുകൊണ്ടാണ് കേരളം ഈ രീതിയിൽ മദ്യത്തിൽ മുങ്ങുന്നത് എന്ന് ആലോചിക്കുമ്പോഴാണ് മദ്യ സാക്ഷഷരത, ഉത്തരവാദിത്വ മദ്യപാനം എന്നീ ആശയം ഉയരുന്നത്. 'മദ്യപിക്കാൻ ഒട്ടും അറിയാത്ത സമൂഹമാണ് മലയാളികൾ. വിദേശകൾ ഏറെ സമയം എടുത്ത് ഒന്നോ രണ്ടോ പെഗ്ഗ് നൊട്ടി നുണയുമ്പോൾ നാം ഒറ്റയിടിക്ക് നാലും അഞ്ചും പെഗ്ഗുകൾ വലിച്ച് കുടിക്കയാണ്. പശു കാടി കുടിക്കുന്നപോലെ ഉപയോഗിക്കേണ്ട ഒന്നല്ല മദ്യം. എന്തായാലും ഒരു ചെറുതല്ലാത്ത വിഭാഗം മദ്യപിക്കുമെന്ന് ഉറപ്പാണ്. അപ്പോൾ പിന്നെ അപകട രഹിതമായി മദ്യപിക്കാനുള്ള വിവരങ്ങളാണ് അവർക്ക് നൽകേണ്ടത്. എന്നാൽ മദ്യപിച്ചാൽ പഴം അരുത് തുടങ്ങിയ തെറ്റിദ്ധാരണകളാണ് എവിടെയും. ശരിക്കും മദ്യപാനികൾ നോൺവെജ് ഭക്ഷണം ഒഴിവാക്കുകയാണ് വേണ്ടത്. ഈ രീതിയിൽ മദ്യസാക്ഷരത വളർത്താൻ നാം ശ്രമിക്കുന്നില്ല'- ജനകീയരോഗ്യ വിദഗ്ധനും പ്രഭാഷകനുമായ ഡോ അഗസ്റ്റസ് മോറിസ് ചൂണ്ടിക്കാട്ടുന്നു.

അടിച്ചമർത്തപ്പെട്ട ലൈംഗികത പോലെ അടിച്ചമർത്തപ്പെട്ട മദ്യപാനവും ആത്മനിയന്ത്രണമില്ലാത്ത ആസക്തിയിൽ എത്തിക്കും. അതാണ് കേരളത്തിൽ സംഭവിക്കുന്നതെന്ന് പ്രശസ്ത മനഃശാസ്ത്രജ്ഞൻ ജോസ്റ്റിൻ ഫ്രാൻൻസിസ് ചൂണ്ടിക്കാട്ടുന്നു. ലൈംഗികതയിൽ എന്നതുപോലെ തന്നെ മദ്യപാനത്തിന്റെ കാര്യത്തിലും മൂടുപടം അഴിച്ചുമാറ്റുക. കപടലൈംഗികസദാചാരം പോലെതന്നെ മലയാളിക്ക് കപട മദ്യസദാചാരമുണ്ട്.മദ്യസംസ്‌കാരം എന്നൊരു സംസ്‌കാരം ഉണ്ടെന്ന് മനസ്സിലാക്കുക. മദ്യം ഒളിച്ചുംപാത്തും കഴിക്കേണ്ടതല്ല എന്ന് അർത്ഥം. മദ്യപാനം സമൂഹത്തിലും കുടുംബത്തിലും കൂട്ടായി ആഘോഷിക്കപ്പെടുമ്പോൾ അതിന് സംസ്‌കാരസമ്പന്നമായ ഒരു സാമൂഹ്യനിയന്ത്രണം സ്വാഭാവികമായി ഉണ്ടാവും. അതുപോലെ മദ്യംവിൽക്കേണ്ടത് നമ്മുടെ ബിവറേജസിന്റേതു പോലുള്ള വൃത്തികെട്ട മാളങ്ങളിൽ അല്ല. മാന്യമായ ഇടങ്ങളിൽ ഉപഭോക്താവിന് സ്വന്തം നിലയ്ക്ക് തിരഞ്ഞെടുക്കാൻ പറ്റുന്നവിധത്തിൽ ആയിരിക്കണം. മാന്യതയുള്ള ഒരു വിപണനത്തിന്റെ രീതി അതാണ്. കുട്ടികൾക്ക് മദ്യം കൊടുക്കാൻ പാടില്ല, കാരണം മാനസീക-ശാരീരിക പക്വത ലൈംഗികതയിൽ എന്നപോലെ മദ്യഉപഭോഗത്തിനും അനിവാര്യമാണ്. മദ്യസംസ്‌കാരം ഉള്ള നാടുകളിൽ ഒക്കെ സ്റ്റേറ്റ് തന്നെ കൊടുക്കുന്ന നിർദ്ദേശം ''ഉത്തരവാദിത്വപൂർണ്ണമായ മദ്യപാനം''എന്നാണ് അല്ലാതെ ''മദ്യപാനം ആരോഗ്യത്തിന് ഹാനികരം'' എന്നല്ല.

ഓരോ പ്രദേശത്തിനും അതതിന്റെ കാലാവസ്ഥയ്ക്കും ഭക്ഷണക്രമത്തിനും ചേരുന്ന മദ്യങ്ങൾ ഉണ്ട്. ആരോഗ്യപരമായ കുടിയിൽ അവയാണ് പാനംചെയ്യേണ്ടത്. ലോകത്തിന്റെ ഏറ്റവും സമാധാനപൂർവ്വകമായ രാജ്യങ്ങളിൽ മുൻനിരയിൽ മദ്യം സുലഭമായ ഐസ്ലാൻഡ്, ഡെന്മാർക്ക്, ഓസ്ട്രിയ, ന്യൂസിലാന്റ് എന്നിവയും, ഏറ്റവും അശാന്തി നിറഞ്ഞ ഇടങ്ങളായി കണക്ക് ചേർക്കപ്പെട്ടിരിക്കുന്നത് മദ്യവർജ്ജനം മതവിശ്വാസംപോലെ കൊണ്ടുനടക്കുന്ന സിറിയ, അഫ്ഗാനിസ്ഥാൻ, ദക്ഷിണ സുഡാൻ, ഇറാക്ക് എന്നീ രാജ്യങ്ങളുമാണെന്നോർക്കണം. സദാചാരവും ക്രമസമാധാനവുമായി ബന്ധപ്പെടുത്താനുള്ള ശ്രമം യാതൊരുവിധ ആധികാരികതയുമില്ലാത്ത പൊള്ളവാദമെന്ന് വ്യക്തമാണ്.

അതുകൊണ്ടുതന്നെ ഉത്തരവാദിത്വ മദ്യപാനത്തിനാണ് കേരളത്തിൽ അധികൃതർ മുൻതൂക്കം കൊടുക്കേണ്ടത്. ഒപ്പം മദ്യാസക്തിയെ ഒരു രോഗമായി തിരിച്ചറിയാനും.

ഗാർഹിക പീഡനങ്ങളുടെ സ്വന്തം നാട്

ലോകമെമ്പാടുമുള്ള സ്ത്രീകളുടെ ദുരിതകാലം കൂടിയായിരുന്നു ലോക്ഡൗൺ കാലം. എല്ലാവരും ഒരു വീട്ടിൽ മാസങ്ങളോളം കഴിയുന്നതോടെ ഗാർഹിക പീഡനങ്ങളുടെയും എണ്ണം കൂടുകയാണ്. കേരളത്തിലും ഗാർഹികപീഡനങ്ങളുടെ തോത് ലോക്ഡൗൺ കാലത്ത് ഗണ്യമായി ഉയരുകയാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ തന്നെ സമ്മതിക്കുന്നു. ഈ ഗാർഹിക പീഡനങ്ങൾ സ്ത്രീകളെ ശാരീരിക, മാനസിക പീഡനത്തിനപ്പുറം സാമ്പത്തികമായി കൂടി ബാധിക്കുമെന്നാണു പുതിയ കണ്ടെത്തൽ. അതായത് ഒരു ഗാർഹിക പീഡനം നടന്നാൽ അതിന് ഇരയായ സ്ത്രീയുടെ 5 ദിവസത്തെ തൊഴിൽ ദിവസങ്ങളെ വരെ അത് ബാധിക്കാമെന്നും അവരുടെ ശമ്പളത്തിൽ 25 % വരെ കുറവ് അത് മൂലം ഉണ്ടാകാമെന്നും പഠനങ്ങൾ പറയുന്നു.

ഒരു വ്യക്തിയുടെ ഉത്പാദനക്ഷമതയെയും, നിർമ്മാണശക്തിയേയും ഇത്തരം പീഡനങ്ങൾ തളർത്തിക്കളയുന്നുണ്ട് എന്ന് പഠനങ്ങൾ സമർത്ഥിക്കുമ്പോൾ, ശമ്പളമില്ലാതെ വീടിനുള്ളിൽ നിന്ന് അടുക്കളജോലി ചെയ്യേണ്ടി വരുന്ന ഗാർഹിക പീഡന ഇരകളോ എന്ന ചോദ്യവും നമുക്ക് മുന്നിൽ ഉയർന്നു വരേണ്ടതുണ്ട്.

1993ൽ വേൾഡ് കോൺഫറൻസ് ഓൺ ഹ്യൂമൻ റൈറ്‌സ് ഇൻ വിയന്ന, സ്ത്രീകളുടെയും പ്രത്യേകിച്ചു പെൺകുഞ്ഞുങ്ങളുടേയും അവകാശങ്ങൾ പരമപ്രധാനമായ മനുഷ്യാവകാശമായി അംഗീകരിച്ചപ്പോഴും, അമേരിക്ക 1994ൽ സ്ത്രീകൾക്ക് എതിരെയുള്ള അക്രമം തടയുന്നതിന് വയലൻസ് എഗൈൻസ്റ്് വുമൺ ആകറ്റ് എന്ന പ്രത്യേക നിയമ പരിരക്ഷ കൊണ്ടുവരുമ്പോഴും ഇതിനു സമാനമായ ഒരു നിയമം ഇന്ത്യയിൽ കൊണ്ടുവരാൻ ഏതാണ്ട് ഒരു ദശാബ്ദത്തിന്റെ സമരം സ്ത്രീസുരക്ഷാ നിയമങ്ങൾക്കായി പോരാടുന്നവർക്ക് നടത്തേണ്ടി വന്നു. അവരുടെ ശ്രമഫലമായി 2005ലാണ് ഇപ്പോൾ കാണുന്ന രൂപത്തിലുള്ള ഒരു 'പ്രൊട്ടക്ഷൻ ഓഫ് വുമൺ ഫ്രം ഡൊമസ്റ്റിക് വയലൻസ് ആക്ട്' നിലവിൽ വരുന്നത്.

സ്ത്രീധന പീഡനങ്ങളും, ശാരീരിക മാനസിക ലൈംഗിക പീഡനങ്ങളും ഇന്ത്യൻ ഗാർഹിക വ്യവസ്ഥയിൽ വളരെ പ്രത്യക്ഷമായി കാണാവുന്ന ഒരു വിപത്താണെങ്കിലും വിവാഹം എന്ന വ്യവസ്ഥാപിത ചട്ടക്കൂടിനുള്ളിലായതുകൊണ്ട് പല കേസുകളും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുകയാണ്. പുതിയ കണക്കനുസരിച്ച് ഇന്ത്യയിൽ ഓരോ അഞ്ചു മിനിറ്റിലും ഒരു സ്ത്രീ ഈ വിധം ഗാർഹിക പീഡനത്തിന് ഇരയാകുന്നു.എന്തെല്ലാം കൊട്ടിഘോഷിച്ചാലും കേരളത്തിലും സമാനമായ അവസ്ഥയാണെന്ന് ഈ ലോക്ഡൗൺകാലം തെളിയിക്കുന്നു.

സ്ത്രീധനം എന്തുകൊണ്ട് നിർമ്മാർജ്ജനം ചെയ്യാൻ കഴിയുന്നില്ല

കേരളത്തിൽ ഇപ്പോഴും സ്ത്രീധന സമ്പ്രദായം അടക്കമുള്ളവ നിലനിൽക്കുന്നുവെന്ന് അറിയാൻ അഞ്ചൽ ഉത്ര കൊലക്കേസ് വരെ കാത്തിരിക്കേണ്ട കാര്യമൊന്നും ഇല്ല. കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും നിയമപരമായി നിരോധിച്ചിട്ടും അത് നിലനിൽക്കുന്നപോലെതന്നെയാണ് സ്ത്രീധനവും. ' കേരളത്തിൽ നമ്മൾ വ്യാജമായ കുറേ നവോത്ഥാനങ്ങളുടെ പിറകെയാണ് പോവുന്നത്. ഉദാഹരണമായി ശബരിമലയിൽ സ്ത്രീകൾ കറയുന്നതാണ് ഏറ്റവും വലിയ നവോത്ഥാനം തുടങ്ങിയ രീതിയിലാണ് കാര്യങ്ങൾ. പക്ഷേ അടിസ്ഥാനപരമായി സ്ത്രീയെ വിൽപ്പന ചരക്കാക്കുന്ന സ്ത്രീധനം പോലുള്ളവ ഉണ്ടാവാതിരിക്കാനുള്ള അത്മവിശ്വാസം സ്ത്രീകൾക്ക് കൊടുക്കാൻ സർക്കാറിന്റെ മെഷീനറികൾക്ക് കഴിയുന്നില്ല. വിദ്യാഭ്യാസമാണ് ഏറ്റവും പ്രധനമെന്നും സ്ത്രീക്ക് സ്വയം നിൽക്കാനുള്ള ശക്തിയുണ്ടാക്കുകയാണ് ഏറ്റവും പ്രധാനം എന്നും നമ്മൾ എത്ര രക്ഷിതാക്കളെ പഠിപ്പിക്കുന്നുണ്ട്'- കേരളത്തിലെ നാട്ടിൻപുറങ്ങളിലെ സ്ത്രീ ജീവിതത്തെക്കുറിച്ച് പഠനം നടത്തിയ ഡോ ഡെയ്സി ഫിലിപ്പ് ചൂണ്ടിക്കാട്ടുന്നു.

സ്ത്രീധനത്തിനുവേണ്ടി വാദിക്കുന്നത് പലപ്പോഴും സ്ത്രീകൾ തന്നെയാണെന്ന് സാമൂഹിക പ്രവർത്തകയും ഡബ്ബിങ്ങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി പ്രതികരിച്ചു. ' ഞാൻ എത്രയോ സ്ത്രീകളെ കണ്ടിട്ടുണ്ട്. എന്റെ ചേട്ടത്തിത്ത് ഇത്രയാണ് കൊടുത്തത് അതിനാൽ എനിക്കും ഇത്രയും വേണം എന്നൊക്കെ പറഞ്ഞ് കണക്കു പറഞ്ഞ് വാങ്ങുന്നത് സ്ത്രീകൾ തന്നെയാണ്. ഇത് അപമാനകരമായ ഒരു പ്രവർത്തിയാണെന്നും സ്ത്രീക്ക് സംരക്ഷണം അവളുടെ തൊഴിൽ മാത്രമാണെന്നുമുള്ള തിരിച്ചറിവിലേക്ക് ഇനി നാം എന്നാണ് എത്തുക'- ഭാഗ്യലക്ഷ്മി മറുനാടൻ മലയാളിയോട് പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP