Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

2022ൽ പൊലീസ് ആക്റ്റിൽ ഭേദഗതി വരുത്തിയത് അഹിതമായ അഭിപ്രായം പ്രകടിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യാൻ; വിനു വി ജോണിനെ കുടുക്കാൻ പലതവണ നീക്കം; ട്രെയിൻ കത്തിക്കലിൽ കേസ് മാതൃഭൂമിക്കെതിരെ; ഒടുവിൽ ഷാജൻ സ്‌കറിയയും, അഖിലയും; ഇനിയും കേസ് എടുക്കുമെന്ന് പാർട്ടി സെക്രട്ടറി; കെ- മാധ്യമ സ്വതന്ത്ര്യം ഉത്തര കൊറിയൻ മോഡലിലേക്കോ!

2022ൽ പൊലീസ് ആക്റ്റിൽ ഭേദഗതി വരുത്തിയത് അഹിതമായ അഭിപ്രായം പ്രകടിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യാൻ; വിനു വി ജോണിനെ കുടുക്കാൻ പലതവണ നീക്കം; ട്രെയിൻ കത്തിക്കലിൽ കേസ് മാതൃഭൂമിക്കെതിരെ; ഒടുവിൽ ഷാജൻ സ്‌കറിയയും, അഖിലയും; ഇനിയും കേസ് എടുക്കുമെന്ന് പാർട്ടി സെക്രട്ടറി; കെ- മാധ്യമ സ്വതന്ത്ര്യം ഉത്തര കൊറിയൻ മോഡലിലേക്കോ!

എം റിജു

രുപത് വർഷങ്ങൾക്ക് മുമ്പ്, ജയലളിത തമിഴ്‌നാട്ടിൽ സർവാധിപതിയായി വാണകാലം. ദി ഹിന്ദു പത്രത്തിന്റെ എഡിറ്റർ എൻ. രവി, എക്സിക്യുട്ടിവ് എഡിറ്റർ മാലിനി പാർത്ഥസാരഥി, പബ്ലിഷർ എസ്. രംഗരാജൻ, ചെന്നൈ ബ്യൂറോ ചീഫ് വി. ജയന്ത്, സ്പെഷ്യൽ കറസ്പോണ്ടന്റ് രാധ വെങ്കടേഷൻ എന്നിവർക്ക് ജയിൽ ശിക്ഷ വിധിച്ചു കൊണ്ടുള്ള തമിൾനാട് അസംബ്ലി സ്പീക്കറുടെ ഉത്തരവ് എന്ന് ഇന്ത്യയെ മാത്രമല്ല, ലോകത്തെ തന്നെ ഞെട്ടിച്ചിരുന്നു. ബിബിസി പോലും ഈ അനീതിക്കെതിരെ രംഗത്ത് എത്തി. കോടതിയല്ല, നിയസഭാ സപീക്കറാണ് ശിക്ഷിക്കുന്നത്. ഇന്ത്യൻ ജനാധിപത്യത്തിൽ സമാനകൾ ഇല്ലാത്ത നടപടി. തമിഴ്‌നാട് സർക്കാറിനെ അതിനിശിതമായി വിമർശിച്ച 'റൈസിങ്ങ് ഇൻടോളറൻസ്' എന്ന ദി ഹിന്ദുവിന്റെ എഡിറ്റോറിയൽ ആയിരുന്നു ജയലളിതയെയും, സ്പീക്കറായിരുന്ന കെ. കാളിമുത്തുവിനെയും ചൊടിപ്പിച്ചത്.

2003 നവംബർ ഏഴാം തിയ്യതി അസംബ്ലിയുടെ ഉത്തരവ് വന്ന് അരമണിക്കൂറിനകം പൊലീസ് സംഘം രാത്രി ദി ഹിന്ദുവന്റെ ഓഫിസിൽ കുതിച്ചെത്തി. എഡിറ്റർ എൻ. രവിയും എക്സിക്യൂട്ടിവ് എഡിറ്റർ മാലിനി പാർത്ഥസാരഥിയും എവിടെയാണ് എന്ന് പൊലീസ് ഉദ്യോഗസ്ഥൻ ചോദിച്ചപ്പോൾ എഡിറ്റർ-ഇൻ-ചീഫ് ആയിരുന്ന എൻ. റാം പറഞ്ഞത് 'ഐ ആം എ ജേർണലിസ്റ്റ് നോട്ട് പൊലീസ് ഇൻഫോർമർ' എന്നായിരുന്നു. മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി രാഷ്ട്രീയ സാംസ്‌കാരിക രംഗത്തുള്ളവർ രാജ്യവ്യാപകമായി മാധ്യമപ്രവർത്തകരോടൊപ്പം ഐക്യദാർഢ്യപ്പെട്ട് പ്രതിഷേധത്തിനിറങ്ങാൻ പ്രേരണയായ സംഭവമായിരുന്നു ഇത്. ജയലളിതയുടെ ഫാസിസത്തോട് മുട്ടി ഒടുവിൽ മാധ്യമ പ്രവർത്തകർ തന്നെ ജയിച്ചുകയറി. പിന്നീട് നിരവധി കേസുകളിൽ കുടുങ്ങി ജയലളിത ജയിലിയായി. പുരട്ച്ചിതലൈവിയുടെ മരണത്തോടെ ആ പാർട്ടിയും നാമാവശേഷമായി. എല്ലാ ഫാസിസ്റ്റുകൾക്കും കാലം കാത്തുവെച്ചിരിക്കുന്നത് ഏതാണ്ട് ഇതൊക്കെ തന്നെയാണ്.

ജയലളിതയുടെ മാധ്യമ വേട്ടക്കെതിരെ അതിശക്തമായി പ്രതികരിച്ചത് സിപിഎം ആയിരന്നു. ഹിന്ദുവിലെ മുൻ ലേഖകനും, എഴുത്തുകാരനുമായ മുഹമ്മദ് നസീർ ആ സംഭവം ഇങ്ങനെ ഓർക്കുന്നു.''അന്ന് കണ്ണൂർ പ്രസ് ക്ലബ് പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നടത്തിയ പത്രപ്രവർത്തകരുടെ പ്രതിഷേധത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് വന്ന വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടെ കൂട്ടത്തിൽ സിപിഎമ്മിനെ പ്രതിനിധീകരിച്ചെത്തിയത് എം വി ഗോവിന്ദനായിരുന്നു. പാർട്ടിയുടെ കണ്ണൂർ ജില്ല സെക്രട്ടറി ആയിരുന്നു അന്ന് അദ്ദേഹം എന്നാണ് എന്റെ ഓർമ്മ. മാധ്യമ സ്വാതന്ത്ര്യം രാജ്യത്ത് നേരിടുന്ന ഭീഷണിയെ കുറിച്ചായിരുന്നു ഗോവിന്ദൻ അന്ന് സംസാരിച്ചത്. ഇന്ന് അദ്ദേഹം കേരളത്തിൽ മാധ്യമ പ്രവർത്തകയെ പ്രതിയാക്കിയതിനെ മറയില്ലാതെ ന്യായീകരിക്കുന്നു.''- നസീർ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.

കമ്യൂണിസ്റ്റുകൾ ഒരിക്കയും മാധ്യമ സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നില്ല. പക്ഷേ അവർ അങ്ങനെയാണെന്ന് അഭിനയിക്കുന്നു. റഷ്യയിലെ കമ്യൂണിസ്റ്റ് കാലത്തും, ചൈനയിലും, ഉത്തരകൊറിയയിലും, ഒക്കെയുള്ളപോലെ സർക്കാർ പറഞ്ഞാൽ പറഞ്ഞിടത്ത് നിൽക്കുന്ന, പിആർഡി വാർത്തകൾ മാത്രം പ്രസിദ്ധീകരിക്കുന്ന ഒരു കിണാശ്ശേരിയാണ് അവർ സ്വപ്നം കാണുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്, ഇപ്പോൾ കേരളത്തിലും സംഭവിക്കുന്നത്. അഖില നന്ദകുമാർ എന്ന ഏഷ്യാനെറ്റ് റിപ്പോർട്ടർക്കെതിരെയും, മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയക്ക് എതിരെയും കള്ളക്കേസ് എടുത്തത് അടക്കമുള്ള മാധ്യമ വേട്ടയുടെ നിരവധി ഉദാഹരണങ്ങൾ പിണറായി ഭരണത്തിൽ കാണിക്കാൻ കഴിയും. ഉത്തരേന്ത്യയിൽ മോദി സർക്കാറിന്റെ ഫാസിസത്തിനെതിരെ സംസാരിക്കുന്ന സാംസ്കാരിക നായകർ ആരും തന്നെ, പിണറായിയുടെ ഫാസിസത്തിൽ കാര്യമായി പ്രതികരിക്കുന്നുമില്ല.

പിറകോട്ടടിക്കുന്ന ഇന്ത്യ

'ഇന്ത്യയിലെ വലിയൊരു വിഭാഗം മാധ്യമങ്ങളും ഇന്ന് കാവൽ നായ്ക്കൾ ( വാച്ച് ഡോഗ്) അല്ലാതാവുകയും, മടിത്തട്ടിലെ നായ്ക്കുട്ടികൾ ( ലാപ് ഡോഗ്) ആയി മാറുകയും ചെയ്തിരിക്കുന്നു' - പ്രശസ്ത മാധ്യമ പ്രവർത്തകൻ രാജ്ദീപ്‌സർ ദേശായി ഈയിടെ നടന്ന ഇന്ത്യാടുഡെ കോൺക്ലേവിനിടെ പറഞ്ഞ കാര്യമാണിത്. ഒന്നുകിൽ ഭയം, അല്ലെങ്കിൽ വിധേയത്വം, ഇതാണ് ഇന്ത്യൻ മാധ്യമങ്ങളുടെ പൊതു അവസ്ഥയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ലോകത്തിലെ പത്ര സ്വതന്ത്ര്യ സൂചികയിൽ ഒരോ വർഷം കഴിയുന്തോറും താഴേക്ക് വന്നു രാജ്യമാണ് ഇന്ത്യ. 2020 ലെ 131ാം സ്ഥാനത്തുനിന്ന്, 2021 ൽ 142ാം സ്ഥാനത്തേക്കും, 2022ൽ ഒറ്റയടിക്ക് എട്ട് സ്ഥാനം വീണ്ടും താണ് 150ാം സ്ഥാനത്തേക്കുമെത്തി. ഈ സൂചികയിൽ ആകെ 160 രാഷ്ട്രങ്ങളാണ് ഉള്ളത് എന്നോർക്കണം! കേന്ദ്രത്തിൽ മോദി സർക്കാർ വന്നതിന്‌ശേഷമാണ് മാധ്യമ സ്വതന്ത്ര്യത്തിന്റെ കാര്യത്തിൽ നാം ഇത്രയേറെ പിറകോട്ടടിച്ചത്.

ഡൽഹി വർഗീയകലാപത്തിന്റെ വാർത്ത കൊടുത്തതിന്റെ പേരിലാണ് മുമ്പ് കേരളത്തിലെ രണ്ട് ടെലിവിഷൻ ചാനലുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. അതിനുമുമ്പ് പത്താൻകോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട വാർത്ത നൽകിയതിന്റെ പേരിൽ എൻഡിടിവിക്കെതിരെയും വിലക്ക് ഏർപ്പെടുത്തിയിരുന്നു. എൻഡിടിവിക്കെതിരായ ഭരണകൂട ശത്രുതയുടെ ഫലമായി പരസ്യക്കാർ കൂട്ടത്തോടെ പിൻവാങ്ങിയതും നിരവധി മാധ്യമ പ്രവർത്തകരെ പിരിച്ചുവിടേണ്ടിവന്നതുമെല്ലാം, ഒടവിൽ അദാനി ആ മാധ്യമ സ്ഥാപനത്തെ പിടിച്ചെതുമെല്ലാം നമ്മുടെ കണ്മുന്നിൽ സംഭവിച്ചതാണ്.

ഡിജിറ്റൽ മാധ്യമങ്ങളിൽ പ്രമുഖമായ ന്യൂസ് ക്ലിക്കിന്റെ പത്രാധിപർ പ്രബീർ പുർസ്‌കായസ്തയുടെ വീട്ടിൽ 114 മണിക്കൂറാണ് ഇഡി റെയ്ഡ് നടത്തിയത്. 73 വയസ്സുള്ള പ്രബീറും 67 വയസ്സുള്ള അദ്ദേഹത്തിന്റെ ഭാര്യയും ഈ നേരമത്രയും വീട്ടിൽ തടഞ്ഞുവെക്കപ്പെട്ടു. കാരവാൻ എക്‌സിക്യൂട്ടീവ് എഡിറ്റർ വിനോദ് കെ ജോസ്, രാജ്ദീപ് സർദേശായ് ഉൾപ്പെടെയുള്ളവർക്കെതിരെ രാജ്യദ്രോഹ കേസുകൾ ചുമത്തിയിട്ടുണ്ട്. അവർക്കെതിരെ അഞ്ചുസംസ്ഥാനങ്ങളിലായി അഞ്ച് എഫ്‌ഐആർ ഇട്ടാണ് പീഡിപ്പിച്ചത്. അവതാരകൻ അഭിസാർ ശർമ്മക്കും സമാനമായ അനുഭവമുണ്ടായി. കോവിഡ് കാലത്തെ സർക്കാറിന്റെ അലംഭാവം ചൂണ്ടിക്കാട്ടിയ, ഔട്ട്‌ലുക്കിനെയും കേന്ദ്രം വേട്ടയാടി. ആൾട്ട്‌ന്യുസിന്റെ മുഹമ്മദ് സുബൈറിനും സമാന അനുഭവം ഉണ്ടായി.

മോദി സർക്കാറിന്റെ മാധ്യമ വേട്ടയെ നിരന്തരം തുറന്ന് കാണിച്ച, ഒരു കൂട്ടരായിരുന്നു നമ്മുടെ നാട്ടിലെ ഇടതുപക്ഷം. പക്ഷേ ഇവിടെ അവർ എന്താണ് കാണിച്ചുകൂട്ടുന്നത്. 'കടക്കുപുറത്തിന്റെ' തനിയാവർത്തനം. കേരളത്തിൽ പിണറായി വിജയൻ സർക്കാർ അധികാരമേറ്റതുമുതൽ, മാധ്യമ സ്വാതന്ത്ര്യത്തിനുനേരെ വലിയ രീതിയിലുള്ള, ആക്രമണങ്ങളാണ് ഉണ്ടായത്.


ഐ ടി നിയമവും ഐപിസി ഭേദഗതിയും

സിപിഎമ്മോ, ബിജെപിയോ, മാത്രമല്ല, കോൺഗ്രസിലെ ചില നേതാക്കളും എക്കാലവും മാധ്യമ സ്വാതന്ത്ര്യത്തിന് എതിരായിരുന്നു. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയിലെ കുപ്രസിദ്ധമായ കാലം, അതിജീവിച്ചവരാണ് ഇന്ത്യയിലെ മാധ്യമങ്ങൾ. അന്ന് മുഖപ്രസംഗം ഒഴിച്ചിട്ട് പത്രം ഇറക്കിയതും, സെൻസറിങ്് അടക്കമുള്ള മാധ്യമവേട്ടയും ഏറെ വിമർശിക്കപ്പെട്ടതാണ്. പക്ഷേ അതെല്ലാം അക്കാലത്ത് തങ്ങളുടെ നേതൃത്വത്തിനുണ്ടായ പിശകായി കോൺഗ്രസ് പിന്നീട് വിലയിരുത്തിയിട്ടുണ്ട്. പക്ഷേ 2008ൽ യുപിഎ സർക്കാറിന്റെ കാലത്തും മാധ്യമ സ്വതന്ത്ര്യത്തിൽ കടന്നുകയറാൻ കോൺഗ്രസ് ശ്രമിച്ചു.

അഭിപ്രായസ്വാതന്ത്ര്യം ഹനിക്കുന്ന, ഐ.ടി. നിയമത്തിലെ 69 (എ) വകുപ്പ് 2008-ൽ കേന്ദ്രം ഭേദഗതിചെയ്തപ്പോൾ അതിനെതിരേ രാജ്യസഭയിൽ സ്വകാര്യപ്രമേയം അവതരിപ്പിച്ചത് സിപിഎം. അംഗമായ പി. രാജീവാണ്. വിമർശനമുന്നയിക്കുന്നവരെ മൂന്നുവർഷംവരെ ജയിലിലിടാവുന്ന ഭേദഗതിയായിരുന്നു അത്. ആ കരിനിയമം സുപ്രീംകോടതി പിന്നീട് റദ്ദാക്കി. അന്ന് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ചാമ്പ്യന്മാരായി സിപിഎം മാറി. പക്ഷേ 2022-ൽ കേരളത്തിൽ പിണറായി സർക്കാർ പൊലീസ് നിയമത്തിലെ 118 (ഡി) വകുപ്പിൽ സമാനമായ ഭേദഗതിവരുത്തി ഓർഡിനൻസ് ഇറക്കിയത് ഓർക്കകു. അഹിതമായ അഭിപ്രായം പ്രകടിപ്പിക്കുന്നതിന്റെപേരിൽ അറസ്റ്റുചെയ്യാൻ പൊലീസിന് അധികാരം നൽകുന്നതായിരുന്നു ആ നിയമം. പൊതുസമൂഹത്തിൽനിന്നും, സ്വന്തം ഘടകകക്ഷികളിൽനിന്നുമെല്ലാം ശക്തമായ എതിർപ്പുണ്ടാവേണ്ടിവന്നു ആ ഓർഡിനൻസ് റദ്ദാക്കാൻ.

സഭാ ടീവിയും സെക്രട്ടറിയേറ്റും

മാധ്യമങ്ങൾ കേരളത്തിൽ ചോദ്യോത്തരവേള നേരിട്ട് സംപ്രേഷണം ചെയ്യുന്നത് നിർത്തിച്ചതും ഇതോടൊപ്പം ചേർത്ത് വായിക്കണം. തങ്ങൾ നിയമസഭയിലേക്കയച്ചവർ എന്തു ചെയ്യുന്നു എന്നറിയാനുള്ള ജനങ്ങളുടെ അവകാശത്തെയാണ് നിഷേധിച്ചത്. സർക്കാരിന്റെ സഭ ടി.വി. പിന്നീട് നൽകുന്ന ദൃശ്യങ്ങൾ മാത്രമേ മാധ്യമങ്ങൾക്ക് കാണിക്കാനാവൂ എന്ന സ്ഥിതിവന്നു. അതിൽത്തന്നെ പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങൾക്ക് പ്രാധാന്യം ലഭിക്കുന്നില്ലെന്ന ആരോപണവും ഉയർന്നു. പിന്നത്തെ പണി സെക്രട്ടേറിയറ്റിൽത്തന്നെയായിരുന്നു. സെക്രട്ടേറിയറ്റിലെ ഓഫീസുകളിൽനിന്ന് വാർത്ത ശേഖരിക്കാനുള്ള സാധ്യതയെ തന്ത്രപരമായി തടയുന്ന രീതി ഇവിടെയും വന്നുതുടങ്ങി. ഉദ്യോഗസ്ഥരെ ഓഫീസിൽ പോയി കാണുന്നതിന് അപ്രഖ്യാപിത വിലക്കുവന്നു.

അവർ ഗേറ്റിൽ വിളിച്ചുപറഞ്ഞതിനുശേഷം മാത്രം മാധ്യമപ്രവർത്തകരെ കടത്തിവിടുന്ന രീതിയായി. അതുവഴി ഏതെങ്കിലും വകുപ്പുമായി ബന്ധപ്പെട്ട വാർത്ത വന്നാൽ അത് ഏത് ഉദ്യോഗസ്ഥൻവഴി പോയതാണെന്നറിയാം. ഉദ്യോഗസ്ഥരുടെ ഉള്ളിൽ ആശങ്ക ജനിപ്പിക്കാൻ അത് ധാരാളമായിരുന്നു.

വിനു വി ജോണിനെ കുടുക്കാൻ നീക്കം

കഴിഞ്ഞ എത്രയോ കാലമായി പിണറായിസ്റ്റുകളുടെ കണ്ണിലെ കരടാണ്, ഏഷ്യാനെറ്റിലെ നിർഭയ മാധ്യമ പ്രവർത്തകനായ വിനു വി ജോൺ. ഇതിത് പ്രധാന കാരണം ചാനൽ ചർച്ചകളിൽ സിപിഎം പ്രതിനിധികളെ ഉത്തരംമുട്ടിക്കുന്ന ചോദ്യങ്ങൾ ഉന്നയിക്കുന്നതു കൊണ്ടാണ്. കുറച്ചു കാലം മുമ്പ് ഏഷ്യനെറ്റിനെ സിപിഎം ബഹിഷ്‌ക്കരിച്ചതു പോലും സത്യത്തിൽ ഇക്കാരണത്താൽ ആണ്.

കഴിഞ്ഞ വർഷം, ഹർത്താൽ അതിക്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്യവേ, എളമരം കരീമിനെ തല്ലണം എന്ന്, അവതാരകൻ വിനു വി ജോൺ പറഞ്ഞുവെന്ന് പറഞ്ഞ് ഏഷ്യാനെറ്റ് ഓഫീസിലേക്ക് സിപിഎം നടത്തിയ മാർച്ച് ഓർമ്മയില്ലേ. ഇക്കഴിഞ്ഞ ദിവസവും, പൊലീസ് ഏഷ്യാനെറ്റിന്റെ ഓഫീസിലേക്ക് എത്തി. വിനു വി ജോണും, കണ്ണൂർ റിപ്പോർട്ടർ നൗഫലുമൊക്കെ കേസുകൾ നേരിടുകയാണ്. ഉത്തരേന്ത്യ എല്ലാ അർത്ഥത്തിലും കേരളത്തിലേക്ക് നടന്നടുക്കയാണ്. ക്രൈം നന്ദകുമാറിനെ കള്ളക്കേസിൽ കുടക്കി അറസ്റ്റ് ചെയ്തതും ഇതോടൊപ്പം ചേർത്ത് വായിക്കണം.

അമ്പരപ്പിക്കുന്ന സൈബർ ആക്രമണമാണ് പലപ്പോഴും വിനുവിനുനേരെ സിപിഎമ്മുകാർ ഉയർത്താറുള്ളത്. 'അടിയന്തര ബ്രേക്കിങ്! അയൽവാസിയെ കേറിപ്പിടിച്ചതിന് വിനു വി ജോൺ എന്നയാളെ നാട്ടുകാർ എടുത്തിട്ട് പെരുമാറി' എന്ന് പറഞ്ഞ് ചിത്രം സഹിതമായിരുന്നു ഒരുപോസ്റ്റ്.സിപിഎമ്മിലെ സൈബർ പോരാളിയാണ് ഷിഹാബ് അമനെതിരെ ഇതിന്റെ പേരിൽ ഏഷ്യാനെറ്റ് പരാതി നൽകിയിരുന്നു. പക്ഷേ ഒരു നടപടിയും ഉണ്ടാവാറില്ല.

എല്ലാ അടവുകളും പാളിയതോടെ സിപിഎമ്മിന്റെ അവസാനത്തെ തന്ത്രം വിനുവിനെ കെ.എസ്യുക്കാരൻ ആക്കി മാറ്റുക ആയിരുന്നു. ഈ കാമ്പയിൻ ശക്തമായതോടെ
പഠിച്ചിരുന്ന കോളെജുകളിൽ ഏതെങ്കിലും പാർട്ടികൾക്കായി രാഷ്ട്രീയ പ്രവർത്തനം നടത്തിയിട്ടുണ്ടോ എന്ന് തെളിയിക്കാൻ വിനു വെല്ലുവിളിച്ചു. ഇതിന് മറുപടിയായി ഒരു കോളജിൽ ര അസോസിയേഷൻ സെക്രട്ടറിയായി വിനുവിന് ചുമതല കൊടുത്ത ഫോട്ടോയാണ് സൈബർ സഖാക്കാൾ പ്രചരിപ്പിച്ചത്.പക്ഷെ രാഷ്ട്രീയ പ്രവർത്തനവുമായി ഒരു ബന്ധവുമില്ലെന്നും സ്വതന്ത്രനായാണ് താൻ മത്സരിച്ചതെന്നും വിനു പറയുന്നു. ഇപ്പോഴും വിനുവിനുനേരെയുള്ള സൈബർ ആക്രമണങ്ങൾക്കും കള്ളക്കേസുകൾക്കും യാതൊരു കുറവുമില്ല.

മറുനാടനെയും വേട്ടയാടുന്നു

മലയാള മാധ്യമ രംഗത്ത് ഒന്നര പതിറ്റാണ്ടായി നിറഞ്ഞു നിൽക്കുന്ന മാധ്യമമായ മറുനാടൻ മലയാളിക്കുനേരെയും നിരവധി കള്ളക്കേസുകളാണ്, സർക്കാറിന്റെ മൗനാനുവാദത്തോടെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എറ്റവും ഒടുവിലായി പി വി ശ്രീനിജൻ എംഎൽഎയാണ് മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയക്കുനേരെ കള്ളക്കേസ് കൊടുത്തിരിക്കുന്നത്. കൊച്ചി പാലാരിവട്ടത്ത് കേരള ബ്ലാസ്റ്റേഴ്സിന്റെ റിക്രൂട്ട്മെന്റ് സ്റ്റേഡിയം തുറക്കാതെ തടഞ്ഞ, ശ്രീനിജന്റെ നടപടിയിൽ പ്രതിഷേധിച്ച് വീഡിയോ ചെയ്തതിനാണ്, അത് പട്ടികജാതി-വർഗ അതിക്രമമാക്കി ശ്രീനിജൻ പരാതി കൊടുത്തത്. പൊലീസ് ആവട്ടെ കാര്യങ്ങൾ ഒന്നും പഠിക്കാതെ എഫ് ഐ ആർ ഇടുകയും ചെയ്തു.

മറുനാടൻ പൂട്ടിക്കുമെന്ന് പറഞ്ഞാണ് നിലമ്പൂർ എംഎൽഎ പി വി അൻവർ പരസ്യമായി രംഗത്തുവന്നത്. ഈ ആഹ്വാനത്തിന് പിന്നാലെ കുറച്ചു ദിവസങ്ങളായി മറുനാടനെതിരെ ഹാക്കിങ് ശ്രമം നിരന്തരം നടന്നു വരികയാണ്. ഇതോടെ പുതിയ പേജ് ഉണ്ടാക്കിയാണ് മറുനാടൻ അതിജീവിക്കുന്നത്. കേരളമെങ്ങും കേസുകൾ കൊടുത്ത് നടത്തിച്ച് മറുനാടനെ ബുദ്ധിമുട്ടിക്കാനാണ് ഈ രണ്ട് എംഎൽഎമാരുടെയും നേതൃത്വത്തിൽ നീക്കം നടക്കുന്നത്.

മറുനാടന്റെ ഇരകൾ എന്ന് പറഞ്ഞ് കുറേ തട്ടിപ്പകാരെയും വെട്ടിപ്പുകാരെയുമാണ് ഇപ്പോൾ ഇവർ രംഗത്തിറക്കുന്നത്. മാതൃഭൂമിയും, മനോരമയും അടക്കമുള്ള മുഖ്യധാരാ പത്രങ്ങൾപോലും റിപ്പോർട്ട് ചെയ്ത, പൊലീസ് കേസ്എടുത്തവർ പോലും, മറുനാടന്റെ ഇരകൾ ആണെന്ന കുപ്രചാണമാണ് പി വി അൻവർ നടത്തുന്നത്. ഇതിനൊക്കെ ഒത്താശ ചെയ്തുകൊണ്ട്, സർക്കാറും പൊലീസും ഒപ്പുമുണ്ട്. എന്നാൽ ലക്ഷക്കണക്കിനുവരുന്ന സാധാരണക്കാർ മറുനാടന് പിന്തുണയുമായി രംഗത്ത് എത്തുന്നുണ്ട്്.


ട്രെയിൻ കത്തിക്കലിനും മീഡിയക്കു നേരെ

പൊലീസിന്റെ വീഴ്ച മറയ്ക്കാൻ, ട്രെയിൻ കത്തിച്ച കേസിലെ പ്രതിയെ കൊണ്ടുവന്ന വാഹനത്തെ പിന്തുടർന്നു എന്നു വ്യാഖ്യാനിച്ച് മാതൃഭൂമി ചാനൽ സംഘത്തിന്റെപേരിൽ കേസെടുത്തതും കേരളം കണ്ടു. എലത്തൂർ ട്രെയിൻ അക്രമണകേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ കേരളത്തിലെത്തിക്കുന്നതിനിടെ വാഹനം പിന്തുടർന്ന് തത്സമയം വാർത്ത റിപ്പോർട്ട് ചെയ്ത് മാതൃഭൂമി കണ്ണൂർ യൂണിറ്റിലെ റിപ്പോർട്ടർ, ക്യാമറമാൻ, ഡ്രൈവർ എന്നിവർക്കെതിരെയാണ് കോഴിക്കോട് ചേവായൂർ പൊലീസ് കേസെടുത്തത്. ഇവരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ശേഷം മൊബൈൽ ഫോണുകൾ പിടിച്ചുവെക്കുന്ന സാഹചര്യവും ഉണ്ടായി. കഴിഞ്ഞ മാസം 30 നാണ് എഫ് ഐ ആർ രേഖപ്പെടുത്തിയത്.

കാസർകോട് ഡിസിആർബി ഡിവൈഎസ്‌പിയും ഭീകരവിരുദ്ധ സ്‌ക്വാഡ് അംഗവുമായ സി എ അബ്ദുൾ റഹ്മാനാണ് ചേവായൂർ പൊലീസിൽ പരാതി നൽകിയത്. മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്ത പ്രതിയെ കഴിഞ്ഞ ഏപ്രിൽ അഞ്ചിനാണ് കേരള പൊലീസിന് കൈമാറിയത്. അതിവേഗം കോഴിക്കോട്ടേക്ക് യാത്ര പുറപ്പെട്ട അന്വേഷണ സംഘത്തെ ചാനൽ സംഘം കേസിന്റെ രഹസ്യ സ്വഭാവം മാനിക്കാതെ പിന്തുടരുകയായിരുന്നു. തിരിച്ചറിയൽ പരേഡ് ഉൾപ്പെടെ പൂർത്തീകരിക്കേണ്ടതായ കേസിലെ തെളിവ് നശിപ്പിക്കുന്നതിനുതകും വിധം പ്രതിയുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും ജീവന് പോലും അപകടകരമാംവിധം സംഘം പൊലീസ് സംഘത്തെ തടഞ്ഞുവെച്ചവെന്നാണ് ആരോപണം.

അന്വേഷണ സംഘത്തിന്റെ വാഹനത്തിന്റെ ടയർ പഞ്ചറായപ്പോൾ ടയർ മാറ്റാൻ നിർത്തിയപ്പോഴും ദൃശ്യങ്ങൾ ചിത്രീകരിച്ചു. പൊലീസ് സംഘത്തെ ബുള്ളറ്റിലും ഇന്നോവയിലുമായി പിന്തുടർന്ന് ജീവഭയം ഉണ്ടാക്കുകയും ചെയ്തുവൊണ്് എഫ് ഐ ആറിൽ പറയുന്നത്. ഐപിസി 341,353,201,506,34 എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. മാർഗതടസം സൃഷ്ടിക്കുക, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുക, തെളിവ് നശിപ്പിക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് മാധ്യമപ്രവർത്തകർക്കെതിരെയുള്ളത്. മാധ്യമ പ്രവർത്തകരെ പൊലീസ് കോഴിക്കോട്ട് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. എന്നാൽ ഇതെല്ലാം വ്യാജമാണെന്നും, പ്രതിയെ കോഴിക്കോട്ടെത്തിക്കുന്നതിൽ ഉണ്ടായ വീഴ്ചകളാണ് തങ്ങൾ റിപ്പോർട്ട് ചെയ്തത് എന്നുമാണ് മാധ്യമ പ്രവർത്തകർ പറയുന്നത്.ഈ പശ്ചാത്തലത്തിലാണ് ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തത്. മാതൃഭൂമി ന്യൂസിന്റെ എംഡിയായ ശ്രേയാസ് കുമാർ, ഇടതുമുന്നണിയിലെ ഘടകകക്ഷിയായ ജനതാദളിന്റെ നേതാവ് കുടിയാണ്. ഇത്രയും രാഷ്ട്രീയ സമ്മർദമുള്ളവർക്ക് നേരെയും, കള്ളക്കേസ് എടുക്കാൻ കഴിയുമെങ്കിൽ സാധാരണക്കാരുടെ അവസ്ഥയെന്താവും.

അഖില ഒടുവിത്തെ ഇര

ഇപ്പോൾ വാർത്ത റിപ്പോർട്ട് ചെയ്യാൻപോയ റിപ്പോർട്ടറെ കേസിൽ പ്രതിയാക്കിയ അസാധാരണ നടപടിയുടെ ഞെട്ടലിലാണ് കേരളം. മഹാരാജാസ് കോളേജിൽ വ്യാജരേഖാ കേസിലെ കെഎസ്‌യു പ്രതിഷേധം റിപ്പോർട്ട് ചെയ്യാൻ അഖില പോയത് ജൂൺ ആറിനാണ്. പ്രിൻസിപ്പലിന്റെ ചേംബറിൽ കെ എസ് യു പ്രവർത്തകർ സംസാരിച്ച് നിൽക്കെ ഈ മുറിയിലേക്ക് അഖില പോയിരുന്നു. ഇവിടെ വെച്ച് പ്രിൻസിപ്പലിന്റെയും കെ എസ് യു പ്രവർത്തകരുടെയും തത്സമയ പ്രതികരണം അഖില തേടി. ഈ സമയത്താണ് മഹാരാജാസ് കോളേജ് കെ എസ് യു യൂണിറ്റ് പ്രസിഡന്റ്, എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആർഷോ എഴുതാത്ത പരീക്ഷ പാസായെന്ന ആരോപണം ഉന്നയിച്ചത്. ഇത് രാഷ്ട്രീയ ആരോപണം എന്ന് പറഞ്ഞാണ് അഖില റിപ്പോർട്ട് ചെയ്തത്. ഈ സംഭവത്തിലാണ് അഖിലയെ അഞ്ചാം പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ജോയ്, ആർക്കയോളജി വിഭാഗം മേധാവി വിനോദ് കുമാർ, കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ, കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് ഫാസിൽ എന്നിവരാണ് കേസിലെ ആദ്യ നാല് പ്രതികൾ.പ്രബുദ്ധമെന്ന് നാം കരുതുന്ന കേരളം എവിടെ എത്തിനിൽക്കുന്നു. ഈ വാർത്ത റിപ്പോർട്ട് ചെയ്തത് അപ്പുറം എന്ത് ഗൂഢാലോചനയാണ് ഈ പെൺകുട്ടിചെയ്തത്. ഇത് ഉത്തരേന്ത്യയിൽ ആയിരുന്നെങ്കിൽ കേരളത്തിലെ സഖാക്കൾ ഉറഞ്ഞുതുള്ളിയേനെ.

അഖിലക്കെതിരെ കേസ് എടുത്തത് വലിയ വിമർശനം ഉയർത്തിയിട്ടും, വീണ്ടും മാധ്യമങ്ങളെ ഭീഷണിപ്പെടുത്തകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ചെയ്തത്. മാധ്യമ സ്വാതന്ത്ര്യം എന്നാൽ ഗൂഢാലോചന നടത്തൽ അല്ലെന്നാണ് അദ്ദേഹം പറയുന്നത്. ''നിഷ്‌കളങ്കരായ വിദ്യാർത്ഥി യുവജന പ്രസ്ഥാനത്തിന് നേരെ കുതിര കയറാൻ വേണ്ടി ഗൂഢാലോചന നടത്തുന്നത് പത്രപ്രവർത്തനമല്ല. അത്തരം ഗൂഢാലോചനകളൊക്കെ അന്വേഷിക്കുക തന്നെ ചെയ്യും. ഒരു വെള്ളരിക്കാപ്പട്ടണം പോലെ കേരളത്തിൽ പോവില്ല. അതിന്റെ പേരിൽ കേസെടുത്താൽ പൊള്ളേണ്ട കാര്യമില്ല. ഉത്തരവാദിയല്ലെങ്കിൽ പിന്നെ എന്താണ് പ്രയാസം.

അന്വേഷണത്തിന്റെ ഭാഗമായി തെറ്റ് ചെയ്‌തെന്ന് കണ്ടെത്തിയാൽ അത് ആരെയായാലും അവർക്കെതിരെ കേസെടുക്കണം. റിപ്പോർട്ടറെല്ലാം ഗൂഢാലോചനയുടെ ഭാഗമാണ്. ഗൂഢാലോചനയിൽ പങ്കെടുത്ത എല്ലാവരെയും കേസിന്റെ ഭാഗമായി കൈകാര്യം ചെയ്യണം. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടും ഗൂഢാലോചനയുടെ ഭാഗമാണ്. ഗൂഢാലോചനയിൽ പങ്കാളികളായ എല്ലാവരെയും പുറത്തുകൊണ്ടുവരണം. ഈ കേസ് വ്യത്യസ്തമാണ്. മാധ്യമത്തിന്റെ പേരും പറഞ്ഞ് കേസിൽ നിന്ന് ഒഴിവാകാൻ കഴിയില്ല. ഇനിയും കേസെടുക്കും നേരത്തെയും കേസെടുത്തിട്ടുണ്ട്'- എം വി ഗോവിന്ദൻ വ്യക്തമാക്കുന്നു.


ഒടുവിൽ മലക്കം മറിഞ്ഞ് എം വി ഗോവിന്ദൻ

എം വി ഗോവിന്ദന്റെ കൊലവിളി പ്രസംഗം കൂടി വന്നതോടെ കേരളത്തിലെ മാധ്യമവേട്ട ദേശീയ തലത്തിൽതന്നെ വലിയ വാർത്തയായി. മാതൃഭൂമിയും, മനോരമയും അടക്കമുള്ള പ്രമുഖ മാധ്യമങ്ങൾ എഡിറ്റോറിയിൽ എഴുതി പ്രതിഷേധിച്ചു. ലയാള മനോരമ തങ്ങളുടെ എഡിറ്റോറിയലിലുടെ ഇങ്ങനെ ചൂണ്ടിക്കാട്ടന്നു. ''സിപിഎം സംസ്ഥാന സെക്രട്ടറിക്കു ജനങ്ങളിൽ അധികാരം പ്രയോഗിക്കാൻ ഇതു ചൈനയോ ഉത്തര കൊറിയയോ അല്ല. പാർട്ടി അണികളെ കണ്ണുരുട്ടിക്കാണിക്കുന്നതുപോലെയല്ല മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നതെന്നും എം വിഗോവിന്ദന് ആരാണൊന്നു പറഞ്ഞുകൊടുക്കുക? സ്വന്തം പദവിക്ക് അത്രത്തോളം വലുപ്പമുണ്ടെന്നു സ്വയം തെറ്റിദ്ധരിച്ചതുകൊണ്ടാവണം അദ്ദേഹം കഴിഞ്ഞദിവസം ധാർഷ്്ട്യത്തോടെ മാധ്യമങ്ങൾക്കുനേരെ തിരിഞ്ഞത്.

വാർത്തകൾ തങ്ങൾക്ക് അനുകൂലമാകുമ്പോൾ മാധ്യമങ്ങളെ വാഴ്‌ത്തുകയും വിമർശനപരമായാൽ അവയുടെ വായടപ്പിക്കുകയും ചെയ്യാനുള്ള പ്രവണത ഭരിക്കുന്നവരിലും പാർട്ടി നേതാക്കളിലും ഏറിവരികയാണെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ ഭീഷണി. പി.എം.ആർഷോയുമായി ബന്ധപ്പെട്ട വാർത്തയുടെ ന്യായാന്യായങ്ങളെച്ചൊല്ലി പ്രതികരിക്കാൻ ഇവിടെ വ്യവസ്ഥാപിത മാർഗങ്ങളുണ്ടെന്നിരിക്കെ ഇത്തരത്തിലൊരു അഹങ്കാരഭാഷയിൽ ഭീഷണി ഉയർത്താൻ എം വിഗോവിന്ദന് എന്താണ് അവകാശം? ആറു വർഷംമുൻപ്, 'കടക്ക് പുറത്ത്' എന്നു പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമ പ്രവർത്തകരെ ആട്ടി പുറത്താക്കിയതിനെ ഇതുമായി ചേർത്ത് ഓർമിക്കുന്നവരുണ്ടാകണം. മുഖ്യമന്ത്രി രാജ്യത്തില്ലാത്ത സാഹചര്യത്തിൽ തനിക്കാണിപ്പോൾ സമസ്താധികാരങ്ങളും എന്നാണോ പാർട്ടി സെക്രട്ടറി കരുതിയിരിക്കുക? ''- മനോരമ മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു. 'സമഗ്രാധിപത്യത്തിലെ ലക്ഷണം', എന്ന എഡിറ്റോറിയലിലൂടെ മാതൃഭൂമിയും ചൂണ്ടിക്കാട്ടുന്നത് ഇതേ പ്രശ്നമാണ്.

എന്തായാലും വിമർശം ശക്തമായതോടെ ഇന്ന് എം വിഗോവിന്ദൻ ഒറ്റയടിക്ക് പ്ലേറ്റ് മാറ്റിയരിക്കയാണ്. താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങൾ തന്റെ വാക്ക് വളച്ചൊടിച്ചതാണെന്നുമായി പുതിയ മൊഴി. എന്നാൽ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറും ഗൂഢാലോചനയിൽ പങ്കാളിയാണെന്നും അതിനാലാണ് കേസെടുത്തതെന്നും അദ്ദേഹം ഇന്നും വാദിച്ചു. ''ആടിനെ പട്ടിയാക്കുന്ന സമീപനമാണു മാധ്യമങ്ങൾ സ്വീകരിക്കുന്നത്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആർഷോയ്ക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കു മാത്രമാണു മറുപടി പറഞ്ഞത്. എസ്എഫ്‌ഐ നേതാവിനെതിരെ ഗൂഢാലോചന നടത്തിയാൽ അതു പറയും. അതു ബോധ്യപ്പെട്ടതിനാലാണു കേസെടുത്തത്. അന്വേഷണം നടക്കട്ടെ''-എം വിഗോവിന്ദൻ പാലക്കാട്ട് പറഞ്ഞു.

പക്ഷേ ഗോവിന്ദൻ മാസ്റ്റുടെ ഈ പ്രസ്താവന വെറും കണ്ണിൽ പൊടിയിടാൻ ഉള്ളതാണെന്ന് ഏവർക്കും അറിയാം. തങ്ങളെ അനുസരിക്കുന്ന, കാരണഭൂതനെ പുകഴ്‌ത്തി തിരുവാതിര കളിക്കുന്ന, വിധേയരായ ഒരുകൂട്ടം മാധ്യമ പ്രവർത്തകരെയാണ് അവർക്ക് വേണ്ടത്. അതുകൊണ്ടുതന്നെ സർക്കാർ വിമർശകർ ഇനിയും ഭയക്കേണ്ടിയിരിക്കുന്നു. കാരണം ഇത് പിണറായി ഭരണമാണ്.

ഗതികേടിന്റെ മാപ്രാ ലോകം

കേരളത്തിലെ മാധ്യമ പ്രവർത്തകർ ഇതുപോലെ അപമാനിക്കപ്പെട്ട ഒരു കാലം വേറെയുണ്ടായിട്ടില്ല. ഈയിടെ മുതിർന്ന മാധ്യമ പ്രവർത്തകൻ പി.എസ്.റംഷാദ് ഇങ്ങനെ എഴുതി. ''മുഖത്തു നോക്കി ചീത്തവിളിച്ചാലും തിരിച്ചൊരക്ഷരം പറയാതെ കേട്ടുകൊണ്ടിരിക്കുന്ന ഗതികേടിന്റെ പേരായി മാറിയോ കേരളത്തിലെ മാധ്യമ പ്രവർത്തനം''. എസ്എഫ്‌ഐ സെക്രട്ടറി ആർഷോം എഴുതാത്ത പരീക്ഷക്ക് പാസായ വാർത്താ വിവാദത്തിലെ ചില മാധ്യമങ്ങളുടെ സമീപനത്തെ കുറിച്ച് പറയവേ 'ഒരൽപ്പം അന്തസ്സ് വേണം, ഒരൽപ്പം സത്യസന്ധത വേണം, ഇത്രയ്ക്കു ഡിസോണസ്റ്റായി മാധ്യമ പ്രവർത്തനം നടത്താൻ പാടില്ല' എന്നു മന്ത്രി എം ബി രാജേഷ്, 'മുഖത്തടിക്കുന്നതിനു തുല്യമായി സംസാരിച്ചിട്ടും' തിരിച്ച് ഒരക്ഷരം പറയാൻ പറ്റാതെ പോയതാണ് റംഷാദിന്റെ രോഷാകുലനാക്കിയത്. ഇതെന്താ ഈ പറഞ്ഞു കയറി പോകുന്നത് എന്ന് മന്ത്രിയോട് തിരിച്ചു ചോദിക്കേണ്ടതല്ലേ എന്നാണ് അദ്ദേഹം ചോദിക്കുന്നത്.

അത് ചോദിക്കാം. ചോദിച്ച് തിരിച്ചെത്തിയാൽ മാധ്യമ പ്രവർത്തകർക്ക് ജോലിയുണ്ടാവുമോ എന്ന് കണ്ടറിയാം. കേന്ദ്രത്തിൽ മോദി എങ്ങനെയാണോ, വാച്ച് ഡോഗുകളെ ലാപ്പ് ഡോഗുകളാക്കി മാറ്റിയത് അതുപോലെ, ആദ്യം ഭീഷണിപ്പെടുത്തിയും പിന്നീട് പ്രീണിപ്പിച്ചുമൊക്കെ മീഡിയയയെ, തനിക്കൊപ്പം നിർത്താൻ പിണറായിയും ശ്രമിക്കുന്നുണ്ട്് കേരളത്തിലെ മാധ്യമ പ്രവർത്തകർ ഇത്രയേറെ പ്രശ്‌നങ്ങളിലൂടെ കടന്നുപോയിട്ടും ഉടമകളുടെ സംഘടന പ്രതികരിച്ചിട്ടില്ല. കുറഞ്ഞ ശമ്പളവും, ഒടുക്കത്തെ ജോലിഭാരവുമായി കഴിയാൻ വിധിക്കപ്പെട്ടവരാണ് കേരളത്തിലെ ഭൂരിഭാഗം മാധ്യമ പ്രവർത്തകരും. മൂന്നും നാലും മാസമായി ശമ്പളം കിട്ടാത്തവർ പോലും, ഈ ഹതഭാഗ്യർക്കിടയിലുണ്ട്. ഇതോടൊപ്പമാണ് മാപ്രയെന്ന പരിഹാസവും തെറിവിളിയും. അക്ഷരാർത്ഥത്തിൽ ചെകുത്താനും കടലിനും ഇടയിലാണ് കേരളത്തിലെ മാധ്യമ സമൂഹം.

വാൽക്കഷ്ണം: മാധ്യമ സ്വതന്ത്ര്യത്തെക്കുറിച്ചുള്ള എഡിറ്റോറിയലിൽ മാതൃഭൂമി ഇങ്ങനെ പറയുന്നു. 'എവരിത്തിങ് ഇൻ ദ സ്റ്റേറ്റ്, നത്തിങ് ഔട്ട്സൈഡ് ദ സ്റ്റേറ്റ്, നത്തിങ് എഗേൻസ്റ്റ് ദ സ്റ്റേറ്റ്' എന്ന കുപ്രസിദ്ധ പ്രഖ്യാപനം നടത്തിയത് മുസ്സോളിനിയാണ്. എല്ലാം സ്റ്റേറ്റിനകത്ത്, പുറത്ത് ഒന്നുമില്ല, എതിരായും ഒന്നുമില്ല. ഫാസിസത്തിന്റെ വിവിധ നിർവചനങ്ങളിൽ ഒന്നായി ചിന്തകർ ഇതിനെ കണ്ടു. ഫാസിസം എല്ലാതരം സ്വാതന്ത്ര്യത്തെയും പരമാധികാരിയുടെ പടിപ്പുരയിൽ തളച്ചിടുന്ന ആശയമാണ് എന്ന് മുസ്സോളിനി തെളിയിച്ചതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP