Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊറോണാനന്തരകാലത്ത് ലോകം മുഴുവൻ അഭിമുഖീകരിക്കുവാൻ പോകുന്ന പ്രധാന വെല്ലുവിളി തൊഴിലില്ലായ്മയയിരിക്കുമെന്ന് സാമ്പത്തിക വിദഗ്ദർ; തൊഴിൽ നഷ്ടമെന്ന ആഗോള പ്രതിഭാസം വിദേശ മലയാളികളേയും ബാധിക്കുമ്പോൾ കേരളത്തിന്റെ ഭാവി എന്തായിരിക്കും?

കൊറോണാനന്തരകാലത്ത് ലോകം മുഴുവൻ അഭിമുഖീകരിക്കുവാൻ പോകുന്ന പ്രധാന വെല്ലുവിളി തൊഴിലില്ലായ്മയയിരിക്കുമെന്ന് സാമ്പത്തിക വിദഗ്ദർ; തൊഴിൽ നഷ്ടമെന്ന ആഗോള പ്രതിഭാസം വിദേശ മലയാളികളേയും ബാധിക്കുമ്പോൾ കേരളത്തിന്റെ ഭാവി എന്തായിരിക്കും?

മറുനാടൻ മലയാളി ബ്യൂറോ

ലയാളി ഒരു ആഗോളപൗരനായി മാറിയത് ഇന്നോ ഇന്നലേയോ അല്ല. സ്വാതന്ത്ര്യപൂർവ്വ കാലത്തുതന്നെ ശോഭനമായ ഭാവി സ്വപ്നം കണ്ട് മലയാളി യാത്ര തുടങ്ങിയതാണ്. സിലോണും (ഇന്നത്തെ ശ്രീലങ്ക) മലേഷ്യയുമെല്ലാമായിരുന്നു ഒരുകാലത്ത് സ്വപ്നഭൂമികൾ എങ്കിൽ പിന്നീടത് ഗൾഫ് മേഖലയിലേക്ക് മാറി. യൂറോപ്പിലും അമേരിക്കയിലും ഭാഗ്യം തേടിപ്പോയവരുടെ എണ്ണവും ഒട്ടും കുറവല്ല. എങ്കിലും ഏകദേശം 30 ലക്ഷത്തോളം മലയാളികൾ ജീവിക്കുന്ന ഗൾഫ് മേഖലതന്നെയാണ് പ്രവാസിമലയാളികൾ ഏറ്റവും അധികമുള്ള സ്ഥലം. യൂറോപ്പിലാകമാനമായി ഒരു ലക്ഷത്തിൽ താഴെ മലയാളികൾ കാണുമെന്നാണ് കണക്കാക്കുന്നത്. ഇതിൽ കൂടുതൽ പേരുമുള്ളത് ബ്രിട്ടനിലും. ഇതുകൂടാതെ വടക്കെ അമേരിക്കയിലും ആസ്ട്രേലിയയിലുമായി ഏതാണ്ട് 9 ലക്ഷം പേരുണ്ടെന്നാണ് കണക്കാക്കുന്നത്.

2015 -ലെ ഔദ്യോഗിക കണക്കുകൾ പ്രകാരം വിദേശമലയാളികൾ മൊത്തത്തിൽ കേരളത്തിലേക്ക് കൊണ്ടുവന്നത് 1 ലക്ഷം കോടി രൂപയായിരുന്നു. റിസർവ്വ് ബാങ്ക് പുറത്തുവിട്ട കണക്ക് പ്രകാരം ഇന്ത്യയിലെ മൊത്തം എൻ ആർ ഐ അക്കൗണ്ടുകളിലായി 7 ലക്ഷം കോടി രൂപയാണ് ഉള്ളത്. ഇതിൽ ആറിലൊന്ന് കേരളത്തിലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കേരള സർക്കാരിന്റെ കണക്ക് പ്രകാരം, വിദേശത്തുനിന്നും വരുന്ന തുകയെ അശ്രയിച്ച് കഴിയുന്നവർ സംസ്ഥാനത്ത് 50 ലക്ഷം പേരോളം വരും.

മൂന്നര കോടിയോളം ജനങ്ങളുള്ള കേരളത്തിൽ 50 ലക്ഷത്തോളം പേർ നേരിട്ട് വിദേശത്തുനിന്നും വരുന്ന പണത്തെ ആശ്രയിച്ചു ജീവിക്കുമ്പോൾ, പരോക്ഷമായി അതിനെ ആശ്രയിക്കുന്നവർ ഒരു കോടിയിലധികം വരും. കേരളത്തിന്റെ പർച്ചേസിങ് പവർ കൊടുതലായും ആശ്രയിച്ചിരിക്കുന്നത് ഈ വിദേശ പണത്തെയാണ് എന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. കൊറോണ ആഗോളതലത്തിൽ ഉയർത്തുന്ന തൊഴിൽ നഷ്ട ഭീഷണി കേരളത്തെ കാര്യമായി ബാധിക്കുവാൻ പോകുന്നതും ഈ മേഖലയിൽ ആയിരിക്കും.

ഏറ്റവും പുതിയ കണക്കനുസരിച്ച് അമേരിക്കയിലെ സംഘടിത മേഖലയിൽ മാത്രം 14% പേർക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് പറയുന്നത്. ഗൾഫ് മേഖലയിൽ എണ്ണയുടെ വിലയിടിവ് കാരണം തൊഴിൽ നഷ്ടം ഇനിയും വർദ്ധിക്കുവാനാന് സാദ്ധ്യത. ഇപ്പോഴും കൊറോണയിൽ വലയുന്ന ബ്രിട്ടനും മറ്റ് യൂറോപ്പ്യൻ രാജ്യങ്ങളുമൊന്നും ഇക്കാര്യത്തിൽ വ്യത്യസ്തരല്ല.

തൊഴിൽ നഷ്ടം ബാധിക്കും

ആഗോളതലത്തിലെ തൊഴിൽ നഷ്ടം മലയാളികളേയും ബാധിക്കും എന്നതിൽ സംശയമൊന്നുമില്ല. ഇതുവരെ ലഭിച്ച വിവരമനുസരിച്ച് ഏകദേശം 4 ലക്ഷത്തോളം മലയാളികളാണ് നാട്ടിലേക്ക് തിരിച്ചുവരുവാനായി കാത്തിരിക്കുന്നത്. ഇതിൽ ഏകദേശം 61,000 പേർക്ക് ഇപ്പോൾ തന്നെ തൊഴിൽ നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.ഇതിൽ, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ താമസിക്കുന്നവരും ഉണ്ട്.

കൊറോണാ വ്യാപനം ആരംഭിച്ചപ്പോൾ തന്നെ, അതിന്റെ ആഘാതം അനുഭവിക്കേണ്ടിവന്ന ടൂറിസം, വ്യോമയാനം, ഹോസ്പിറ്റാലിറ്റി മേഖലകളിലാണ് കൂടുതൽ തൊഴിൽ നഷ്ടങ്ങൾ ഉണ്ടായിട്ടുള്ളത്.ധാരാളം മലയാളികൾ ജോലിചെയ്യുന്ന മേഖലകളാണ് ഇതെന്നോർക്കണം. കൊറോണാ വ്യാപനത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങളിൽ അടച്ചുപൂട്ടിയ, നിർമ്മാണ മേഖല, ഐ ടി, തുടങ്ങിയവയിൽ നിന്നുള്ള തൊഴിൽ നഷ്ടത്തിന്റെ പൂർണ്ണമായ കണക്കുകൾ ഇനിയും വരാനിരിക്കുന്നതേയുള്ളു. അതിനെല്ലാം പുറമേയാണ് സ്വയം തൊഴിൽ കണ്ടെത്തിയവർ, ഒറ്റപ്പെട്ട ജോലികൾ ചെയ്ത് ജീവിക്കുന്നവർ, ചെറുകിട വ്യവസായ സംരംഭകർ എന്നിവരുടെ കണക്കുകൾ.

ഈയടുത്ത് പുറത്തുവന്ന ഒരു പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നത് കേരളത്തിന് ഏകദേശം 13,000 കോടിയുടെ വിദേശവരുമാനം നിലയ്ക്കുമെന്നാണ്. അതായത്, ഇതുവരെ ലഭിച്ചിരുന്ന വരുമാനത്തിന്റെ ഏകദേശം 15% നഷ്ടമാകുമെന്ന് അർത്ഥം. മാത്രമല്ല, ഏകദേശം 3 ലക്ഷം കുടുംബങ്ങൾ, കൊറോണ മൂലമുണ്ടാകുന്ന തൊഴിൽ നഷ്ടം വഴി കഷ്ടത്തിലാവുമെന്നാണ് തിരുവനന്തപുരത്തെ സെന്റർ ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസിലെ വിദഗ്ദർ പറയുന്നത്.

സാമ്പത്തിക പ്രതിസന്ധി വരാനിരിക്കുന്നതേ ഉള്ളൂ

ലോകമാകമാനമുള്ള സാമ്പത്തിക വിദഗ്ദർ സമ്മതിക്കുന്ന ഒരു കാര്യം, കൊറോണ മൂലമുള്ള യഥാർത്ഥ സാമ്പത്തിക പ്രതിസന്ധി ഇനിയും എത്തിച്ചേർന്നിട്ടില്ല എന്നാണ്. ഏകദേശം ജൂലായ് മാസത്തോടെയായിരിക്കും അത് ആരംഭിക്കുക. ലോക്ക്ഡൗൺ കാലഘട്ടത്തിനു ശേഷമുള്ള ജനങ്ങളുടെ സ്വഭാവരീതികളിൽ വരുന്ന മാറ്റം ഹോസ്പിറ്റാലിറ്റി, ടൂറിസം തുടങ്ങിയ മേഖലകളെ വിപരീതമായി ബാധിക്കും എന്നാണ് പൊതുവെ വിലയിരുത്തുന്നത്. അതുപോലെ തന്നെ , ചില്ലറ വില്പന മേഖലയും ഓൺലൈൻ സ്റ്റോറുകൾക്കായി വഴിമാറും. റിയൽ എസ്റ്റേറ്റ്, കെട്ടിട നിർമ്മാണം പോലെയുള്ള മേഖലകളിലും മന്ദത അനുഭവപ്പെടും. കുറഞ്ഞ എണ്ണവില നൽകുന്ന പ്രതിസന്ധി ഇനിയും നീളുകയാണെങ്കിൽ കാര്യങ്ങൾ കൂടുതൽ ഗൗരവമുള്ളതാകും എന്നും അവർ നിരീക്ഷിക്കുന്നു.

തൊഴിൽ നഷ്ടപ്പെട്ട പ്രവാസികളുടെ തിരിച്ചു വരവ് കേരളത്തിന് താങ്ങാൻ ആകുന്നതിലും വലുതായിരിക്കും. എന്നാൽ, ദീർഘദൃഷ്ടിയോടെയുള്ള കാര്യക്ഷമമായ ആസൂത്രണത്തിലൂടെ ഇത് മറികടക്കാൻ ആകുമെന്നാണ് ഗുലാട്ടി ഇൻസ്റ്റിറ്റിയുട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിലെ മുൻ അസ്സോസിയേറ്റ് പ്രൊഫസറായ സി. എസ്. വെങ്കടേശ്വരൻ പറയുന്നത്.

തൊഴിൽ സമ്പ്രദായ പരിഷ്‌കരിക്കുകയാണ് ആദ്യം വേണ്ടത്. കേരളത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 25 ലക്ഷത്തോളം അതിഥി തൊഴിലാളികൾ ഉണ്ടായിരുന്നു. അവരിൽ ധാരാളം പേർ സ്വന്തം നാടുകളിലേക്ക് തിരിച്ചുപോയ്ക്കഴിഞ്ഞിരിക്കുന്നു. കേരളത്തിലെ തൊഴിൽ മേഖലയിൽ വലിയൊരു സാന്നിദ്ധ്യമായിരുന്ന ഇവരുടെ തിരിച്ചുപോക്ക് തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തുന്നവർക്ക് നല്ലൊരു അവസരമാണ് ഒരുക്കിയിരിക്കുന്നത്.

പ്രവാസികൾ മടങ്ങി എത്തുന്നത് പ്രതിസന്ധി

ശാരീരിക അദ്ധ്വാനം ഏറെ ആവശ്യമുള്ള, എന്നാൽ കാര്യമായ വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ലാത്ത മേഖലകളിലായിരുന്നു ഈ ഇതരസംസ്ഥാന തൊഴിലാളികൾ ഏറെയും ജോലി ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ ജോലിനഷ്ടപ്പെട്ട് തിരിച്ചെത്തുന്ന ബ്ലൂ കോളർ തൊഴിലാളികൾക്ക് സ്വന്തം നാട്ടിൽ ധാരാളം അവസരങ്ങൾ ലഭിക്കുവാൻ ഇടയുണ്ട്.

എന്നാൽ ഇവിടെ മറ്റൊരു പ്രശ്നമുണ്ട്. 1990 കളുടെ അവസാനം വരെ ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതലായി പോയിരുന്നത് താരതമ്യേന വിദ്യാഭ്യാസ യോഗ്യത കുറഞ്ഞവരായിരുന്നെങ്കിൽ, 2000 ന് ശേഷം കഥ മാറി. വിവര സാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ കുതിച്ചുയർന്ന ഈ നൂറ്റാണ്ടിൽ, ഐടി, എഞ്ചിനീയറിങ് യോഗ്യതയുള്ളവർ ധാരാളമായി ഗൾഫ് രാജ്യങ്ങളിൽ ജോലിയെടുക്കുന്നുണ്ട്. അതുകൂടാതെ ഹോസ്പിറ്റാലിറ്റി, ടൂറിസം, വ്യുമയാനം തുടങ്ങിയ മേഖലകളിലെ പ്രൊഫഷണലുകളും. ഇത്തരക്കാരും ധാരാളമായി തൊഴിൽ നഷ്ട ഭീഷണി നേരിടുന്നുണ്ട്. ഇത്തരക്കാർ തിരിച്ചു വരുമ്പോൾ അവർക്ക് നൽകുവാൻ നല്ലൊരു തൊഴിൽ അവസരം കേരളത്തിൽ ഇപ്പോൾ ഇല്ല എന്നതാണ് ഖേദകരമായ വസ്തുത.

ലോകമാകെ തന്നെ സാമ്പത്തിക മാന്ദ്യം ഗ്രസിക്കും എന്ന് മുന്നറിയിപ്പുള്ളപ്പോൾ, ഇന്ത്യയിലും വ്യത്യസ്തമായി ഒന്ന് സംഭവിക്കാൻ ഇടയില്ല. അതായത്, ഇനിയൊരു പദ്ധതി ആവിഷ്‌കരിച്ച്, തൊഴിൽ നഷ്ടപ്പെട്ടെത്തുന്ന വിദ്യാസമ്പന്നർക്ക് തൊഴിൽ ലഭ്യമാക്കുവാൻ സാദ്ധ്യത ഉണ്ടാകുകയില്ലെന്നർത്ഥം. തന്നെയുമല്ല, ഇത്രയധികം വിദേശ മലയാളികൾക്ക് തൊഴിൽ നഷ്ടപ്പെടുന്നതും, വിദേശ വരുമാനം കുറയുന്നതും കേരളത്തിന്റെ പർച്ചേസിങ് പവർ കാര്യമായി കുറയ്ക്കും. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, ഇപ്പോൾ ഇവിടെയുള്ള പല ചെറുകിട-ഇടത്തരം സ്ഥാപനങ്ങളും അതിജീവനത്തിനായി കഷ്ടപ്പെടേണ്ടി വരും എന്ന് ചുരുക്കം.

നിലനിന്ന് പോകുവാനയി അവർക്കും, ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കൽ പോലെയുള്ള കടുത്ത നടപടികൾ സ്വീകരിക്കേണ്ടി വരും. അതായത്, വിദേശത്ത് നിന്നും കൂടുതൽ പേർ തൊഴിൽ നഷ്ടപ്പെട്ട് എത്തുന്നതോടെ, കേരളത്തിലും അനേകർക്ക് തൊഴിൽ നഷ്ടപ്പെടും. ചുരുക്കത്തി, ഒരു ചെറിയ വിഭാഗത്തിന് പിടിച്ചു നിൽക്കാൻ കഴിഞ്ഞാലും കൊറോണാനന്തര കേരളത്തിൽ ഭൂരിഭാഗം ആളുകളുടെയും ഭാവി ഒരു ചോദ്യചിഹ്നമായി തന്നെ നിലനിൽക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP