Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202121Wednesday

സംസ്ഥാനം പിറന്നത് പ്രസിഡണ്ട് ഭരണത്തിൽ; 14 തെരഞ്ഞെടുപ്പുകൾ, 13 നിയമ സഭകൾ 22 മന്ത്രിസഭകൾ; ഒരുപക്ഷെ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനില്ലാത്ത പ്രത്യേകത; തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തി അമരത്വം കൈവരിച്ച കുറേ മുദ്രാവാക്യങ്ങൾ; ജനമനസ്സിനെ സ്വാധീനച്ച ചുമരെഴുത്തുകൾ; കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിലൂടെ ഒരു യാത്ര

സംസ്ഥാനം പിറന്നത് പ്രസിഡണ്ട് ഭരണത്തിൽ; 14 തെരഞ്ഞെടുപ്പുകൾ, 13 നിയമ സഭകൾ 22 മന്ത്രിസഭകൾ; ഒരുപക്ഷെ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനില്ലാത്ത പ്രത്യേകത; തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തി അമരത്വം കൈവരിച്ച കുറേ മുദ്രാവാക്യങ്ങൾ; ജനമനസ്സിനെ സ്വാധീനച്ച ചുമരെഴുത്തുകൾ; കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിലൂടെ ഒരു യാത്ര

മറുനാടൻ ഡെസ്‌ക്‌

കേരള സംസ്ഥാന രൂപീകരണത്തിനു മുൻപ് കൊച്ചി, തിരുവിതാംകൂർ, പിന്നീട് തിരുക്കൊച്ചി നിയമസഭകളിലേക്ക് തിരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. മലബാർ മേഖലയിലും തെരഞ്ഞെടുപ്പുണ്ടായിട്ടുണ്ടെങ്കിലും അത് മദ്രാസ് പ്രവിശ്യയുടെ ഭാഗമായതിനാൽ പൂർണ്ണമായ അർത്ഥത്തിൽ അതിനെ കേരളത്തിലെ തെരഞ്ഞെടുപ്പായി പരിഗണിക്കാനാവില്ല. കൊച്ചിയിലും തിരുവിതാംകൂറിലും പിന്നെ തിരുക്കൊച്ചിയിലും മുഖ്യമന്ത്രിമാരല്ലായിരുന്നു, മറിച്ച് പ്രധാനമന്ത്രിമാരായിരുന്നു തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. പനമ്പിള്ളി ഗോവിന്ദമേനോൻ, ടി. കെ. നായർ, ഇ. ഇക്കണ്ടവാരിയർ തുടങ്ങിയവരൊക്കെ കൊച്ചിയുടെ പ്രധാനമന്ത്രിമാരായിരുന്നപ്പോൾ, പട്ടം താണുപിള്ള, പറവൂർ ടി. കെ. നാരായണ പിള്ള തുടങ്ങിയവർ തിരുവിതാംകൂറിന്റെ പ്രധാന മന്ത്രിമാരായിരുന്നിട്ടുണ്ട്.

തിരുക്കൊച്ചിയിലെ അവസാന പ്രധാനമന്ത്രിയായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോൻ 1956 മാർച്ച് 23 ന് രാജിവച്ച ഒഴിവിൽ പിന്നീട് കേരള സംസ്ഥാനം രൂപീകരിക്കുന്നതുവരെ ഒരു പ്രധാനമന്ത്രി ഉണ്ടായിരുന്നില്ല. അതോടെ സ്വതന്ത്ര ഇന്ത്യയിൽ പ്രസിഡണ്ട് ഭരണത്തിൻ കീഴിൽ പിറന്നുവീണ ഏക സംസ്ഥാനമെന്ന ബഹുമതിക്ക് കേരളം അർഹയായി. ഇത് ഒരു നിയോഗമായിരുന്നു എന്ന് തോന്നുന്നു, പിന്നീടുള്ള കേരള ചരിത്രത്തിൽ അത്രമാത്രം തവണയാണ് പ്രസിഡണ്ട് ഭരണം ഉണ്ടായിട്ടുള്ളത്.

കേരളത്തിലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ്

1957 ഫെബ്രുവരി 28 മുതൽ മാർച്ച് 11 വരെയായിരുന്നു കേരളത്തിലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. സാമൂഹ്യ പരിഷ്‌കരണത്തിന്റെയും നവോത്ഥാനത്തിന്റെയും മൂർദ്ധന്യഘട്ടമായിരുന്നു. നിരോധനം നീക്കിയെത്തിയ കമ്മ്യുണിസ്റ്റ് പാർട്ടി തൊഴിലാളികൾക്കിടയിൽ വേരുകളുറപ്പിച്ചു കഴിഞ്ഞകാലം. വിപ്ലവാവേശം ഉൾക്കൊണ്ട ഒരു ജനത ''നമ്മൾ കൊയ്യും വയലുകളെല്ലാം നമ്മുടേതാകും പൈങ്കിളിയേ'' എന്ന മുദ്രാവാക്യത്തിനോട് അനുകൂലമായി പ്രതികരിച്ചപ്പോൾ ഏഷ്യയിലിതാദ്യമായി ഒരു കമ്മ്യുണിസ്റ്റ് സർക്കാർ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറി.

സന്ദർഭവശാൽ ഒരു കാര്യം ഇവിടെ പറയട്ടെ, ലോകത്തിലാദ്യമായി തെരഞ്ഞെടുപ്പിലൂടെ കമ്മ്യുണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നത് കേരളത്തിലാണെന്ന വാദം ശരിയല്ല. അതിനും മുൻപ് 1953 -ൽ ലാറ്റിൻ അമേരിക്കയിലെ ഗയാനയിൽ തെരഞ്ഞെടുപ്പിലൂടെ കമ്മ്യുണിസ്റ്റ് പാർട്ടി അധികാരത്തിലേറിയിരുന്നു. ഇന്ത്യൻ വംശജനായ ചെഢി ജഗൻ ആയിരുന്നു അതിന് നേതൃത്വം നൽകിയത്. 155 ദിവസത്തെ രാഷ്ട്രപതി ഭരണത്തിന് അവസാനമിട്ടുകൊണ്ട് ഇം എം എസിന്റെ നേതൃത്വത്തിൽ ആദ്യ കേരള മന്ത്രിസഭ അധികാരമേറ്റെടുത്തു.

വിമോചന സമരവും മന്ത്രിസഭയെ പുറത്താക്കലും

അധികാരത്തിലേറിയ പുതിയ മന്ത്രിസഭ, കേരളത്തിന്റെ സാമൂഹ്യ വ്യവസ്ഥിതിയെ പലതരത്തിലും സ്വാധീനിക്കുന്ന പല പുതിയ നിയമങ്ങളും കൊണ്ടുവന്നു. ഭൂവുടമസ്ഥാ ബന്ധങ്ങളിൽ കാര്യമായ മാറ്റം കൊണ്ടുവന്ന കാർഷിക ബന്ധ ബില്ല്, മുണ്ടശ്ശേരി മാഷിന്റെ വിദ്യാഭ്യാസ ബില്ല് തുടങ്ങിയവ പല കോണുകളിൽ നിന്നും എതിർപ്പുകൾ ക്ഷണിച്ചുവരുത്തി. ഇതോടൊപ്പമായിരുന്നു, ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനായി ആന്ധ്രയിൽ നിന്നും അരി കൊണ്ടുവന്നതുമായി ബന്ധപ്പെട്ട ആരോപണം ഉയര്ന്നു വന്നത്.

ഇതിനെല്ലാം പുറമേ യാഥാസ്ഥിതിക സമൂഹത്തിന് കമ്മ്യുണിസത്തിന്റെ നവീനാശയങ്ങളോടുണ്ടായിരുന്ന ഭയാശങ്കകൾ കൂടി ഉണർത്താനായപ്പോൾ വിമോചന സമരം ശക്തി പ്രാപിച്ചു. കത്തോലിക്ക സഭ, നായർ സർവ്വീസ് സൊസൈറ്റി തുടങ്ങിയവർ ഇതിന്റെ മുൻനിരയിലുണ്ടായിരുന്നു. സമരം ശക്തിപ്രാപിക്കുകയും ലാത്തിച്ചാർജ്ജും വെടിവയ്പും ഒക്കെ ഉണ്ടാവുകയും ചെയ്തതോടെ ഭരണഘടനയുടെ 356-)0 അനുഛേദമനുസരിച്ച് രാഷ്ട്രപതി സംസ്ഥാന സർക്കാരിനെ പിരിച്ചുവിടുകയായിരുന്നു. ഇന്ത്യയിൽ ഇത്തരത്തിൽ പിരിച്ചുവിട്ട ആദ്യ സർക്കാരുകൂടിയാണ് ഒന്നാം ഇ എം എസ് സർക്കാർ.

രണ്ടാം കേരള മന്ത്രിസഭ, കേറളത്തിലെ കോൺഗ്രസ്സിലെ ഗ്രൂപ്പുകളികൾ, കേരള കോൺഗ്രസ്സിന്റെ പിറവി

ഒന്നാം മന്ത്രിസഭയെ പിരിച്ചുവിട്ടതിനെ തുടർന്ന് 1960 ഫെബ്രുവരി 1 നായിരുന്നു രണ്ടാമത്തെ തെരഞ്ഞെടുപ്പു നടന്നത്. പി. എസ്. പി- കോൺഗ്രസ്സ് സഖ്യം ഇതിൽ ഭൂരിപക്ഷം നേടിയതോടെ പട്ടം താണുപിള്ള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്നാൽ, 947 ദിവസം മാത്രം മുഖ്യമന്ത്രിയായി നാടുഭരിച്ച താണുപിള്ള 1962-ൽ പഞ്ചാബ് ഗവർണറായി നിയമിക്കപ്പെട്ടതോടെ രാജിവച്ചൊഴിഞ്ഞു. തുടർന്ന് കോൺഗ്രസിലെ ആർ . ശങ്കർ കേരളത്തിന്റെ മുഖ്യമന്ത്രിയായി.

ഇവിടെ തുടങ്ങുകയാണ് കോൺഗ്രസ്സിലെ ഗ്രൂപ്പുകളിയുടെ ചരിത്രം. ജാതി-മത സമവാക്യങ്ങൾ ഏറെ ചർച്ചയായ ഗ്രൂപ്പുകളിയിൽ, അന്നത്തെ അഭ്യന്തരമന്ത്രി പി ടി ചാക്കോയുടെ കാർ തൃശ്ശൂരിൽ വച്ച് ഒരു അപകടത്തിൽ പെട്ടതാണ് ഗ്രൂപ്പ് പോരു മുറുകുവാൻ ഇടയാക്കിയത്. ആ വാഹനത്തിൽ ചാക്കോയ്ക്കൊപ്പം ഒരു സ്ത്രീ ഉണ്ടായിരുന്നു എന്നും അത് അദ്ദേഹത്തിന്റെ ഭാര്യ അല്ലായിരുന്നു എന്നുമുള്ള വാർത്ത പടർന്നു. എതിർ ഗ്രൂപ്പുകാരാണ് ആ വാർത്തക്ക് പിന്നിലെന്ന ആരോപണവും ഉയർന്നു.

ഭിന്നിപ്പ് അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയപ്പോൾ അവസരം മണത്തറിഞ്ഞ പ്രതിപക്ഷം, നിയമസഭയിൽ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. ഇതിനോടകം പി ടി ചക്കോ മരണപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ഗ്രൂപ്പിൽ ഉൾപ്പെട്ടാവർ വളരെ ശക്തമായി തന്നെ ശങ്കറിനെതിരായി നിലകൊള്ളുകയായിരുന്നു. ഇവർ നിയമസഭയിൽ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്തതിനാൽ ഭൂരിപക്ഷം നഷ്ടപ്പെട്ട മന്ത്രിസഭ രാജിവക്കുകയായിരുന്നു.

അവിശ്വാസത്തെ അനുകൂലിച്ച കോൺഗ്രസ്സ് അംഗങ്ങൾ പിന്നീട് കോൺഗ്രസ്സ് വിട്ട് പുറത്തുവന്ന കേരളാ പ്രദേശ് കോൺഗ്രസ്സ് സമുദ്ധാരണ സമിതി എന്ന ഒരു സംഘടനയുണ്ടാക്കി. അതാണ് പിന്നീട് വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന കേരളാ കോൺഗ്രസായി മാറിയത്.

കമ്മ്യുണിസ്റ്റ് പാർട്ടിയിലെ പിളർപ്പ്

കേരളത്തിലെ കോൺഗ്രസ്സ് പിളർന്നപ്പോൾ ദേശീയതലത്തിൽ കമ്മ്യുണിസ്റ്റ് പാർട്ടി ഒരു പിളർപ്പിലേക്ക് നീങ്ങുകയായിരുന്നു. ആഗോളതലത്തിൽ, കമ്മ്യുണിസ്റ്റ് ചേരിയിൽ റഷ്യയുടെ പ്രാമാണിത്തം അംഗീകരിക്കാൻ മടിച്ച മാവോ സേതുങ്ങ് റഷ്യൻ ചേരിയിൽ നിന്നും മാറാൻ തുടങ്ങുനതോടെയാണ് ഇന്ത്യൻ കമ്മ്യുണീസ്റ്റ് പാർട്ടിയിലും ചേരികൾ ഉണ്ടാകുന്നത്. ചൈനയോടും റഷ്യയോടും സ്വീകരിക്കേണ്ട സമീപനമായിരുന്നു പ്രധാന പ്രശ്നം. തുടർന്ന് അധ്യക്ഷസ്ഥാനത്തുനിന്നും എസ് എ ഡാങ്കെയെ മാറ്റണമെന്ന ആവശ്യം ദേശീയ കൗൺസിൽ യോഗത്തിൽ ഉയർന്നു.

ഇത് നിരാകരിക്കപ്പെട്ടതിനെ തുടർന്ന് 32 അംഗങ്ങൾ കൗൺസിലിൽ നിന്നിറങ്ങിപ്പോവുകയും, ചൈനയെ അനുകൂലിക്കുന്ന ഇവർ പാർലമെന്റിൽ ഒരു പ്രത്യേക ബ്ലോക്കായി ഇരിക്കാൻ ആരംഭിക്കുകയും ചെയ്തു. ഇതോടെ പ്രധാന പ്രതിപക്ഷമെന്ന സ്ഥാനം ഇന്ത്യൻ കമ്മ്യുണിസ്റ്റ് പാർട്ടിക്ക് നഷ്ടമായി. പിന്നീട് ഇവർ ഇന്ത്യൻ കമ്മ്യുണിസ്റ്റ് പാർട്ടി മാർക്സിസ്റ്റ് എന്ന പാർട്ടിക്ക് രൂപം നൽകി. കേരളത്തിൽ സി പി എമ്മിനെ ഇ എം എസും സിപിഐയെ എം എൻ ഗോവിന്ദൻ നായരുമായിരുന്നു നയിച്ചിരുന്നത്.

കേരളത്തിൽ മുന്നണി രാഷ്ട്രീയം രൂപം കൊള്ളുന്നു

കോൺഗ്രസ്സിലും കമ്മ്യുണിസ്റ്റ് പാർട്ടിയിലും പിളർപ്പ് നടന്നതിനു ശേഷമുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത് 1965 ലായിരുന്നു. അന്ന് സി പി എം നേതാക്കൾ ഭൂരിഭാഗവും ജയിലിലായിരുന്നു. എന്നിട്ടും ഏറ്റവുമധികം സീറ്റുകൾ ലഭിച്ച കക്ഷിയായി മാറി സി പി എം. വേർപിരിഞ്ഞ് പുതിയ പാർട്ടി രൂപീകരിച്ച സി പി എമിന് 44 സീറ്റുകൾ ലഭിച്ചപ്പോൾ, മാതൃസംഘടനയായിരുന്ന സിപിഐക്ക് ലഭിച്ചത് വെറും 3 സീറ്റുകൾ മാത്രമായിരുന്നു. 36 സീറ്റുകൾ ലഭിച്ച കോൺഗ്രസ്സായിരുന്നു ഏറ്റവും വലിയ രണ്ടാമത്തെ കക്ഷി. എന്നാൽ ആർക്കും ഭൂരിപക്ഷം കിട്ടാത്തതിനാൽ മന്ത്രിസഭാ രൂപീകരണം ഉണ്ടായില്ല. നിയമസഭ പിരിച്ചുവിടുകയും ചെയ്തു.

തുടർന്നാണ് 1967-ലെ നാലാം തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒറ്റക്ക് നിന്നാൽ ആർക്കും ഭൂരിപക്ഷം ഉണ്ടാകില്ലെന്ന് മനസ്സിലാക്കിയ സി പി എം ആണ് കേരള രാഷ്ട്രീയത്തിൽ മുന്നണി എന്ന സങ്കല്പം കൊണ്ടുവരുന്നത്. സി. പി. ഐ. മുസ്ലിം ലീഗ്, ആർ.എസ്‌പി, എസ്.എസ്‌പി, കെ.എസ്‌പി. കെ. ടി. പി എന്നീ പാർട്ടികളുമായി ചേർന്ന് അവർമുന്നണി രൂപീകരിച്ചും. കോൺഗ്രസ്സ് ഒറ്റക്ക് മത്സരിച്ച തെരഞ്ഞെടുപ്പിൽ, കോൺഗ്രസ്സിൽ നിന്നും വിട്ടുവന്നവർ രൂപം കൊടുത്ത കേരളാ കോൺഗ്രസ്സ്പി. എസ്. പിയുമായി സഖ്യമുണ്ടാക്കി മത്സരിച്ചു.

മുന്നണിയിലെ ഉൾപ്പോരുകളും കുറുമുന്നണികളും

എത്രയൊക്കെ ചേർന്നാലും ഏച്ചുകൂട്ടിയാൽ മുഴച്ചിരിക്കുമെന്ന് തെളിയിച്ചതും ഈ ആദ്യ മുന്നണി തന്നെയാണ്. ആദ്യമാദ്യം നല്ലരീതിയിൽ മുന്നോട്ടു പോയ ഭരണം പിന്നീട് സി പി എം- സിപിഐ തർക്കത്തിൽ ആടിയുലഞ്ഞു. അഴിമതി ആരോപണങ്ങൾ, പരസ്പരം ചെളിവാരിയെറിയൽ എന്നുതുടങ്ങി എല്ലാത്തരത്തിലുള്ള അസ്വാരസ്യങ്ങളും മുന്നണിക്കുള്ളിൽ രൂപപ്പെട്ടു. ഇതിനിടെ എസ് എസ് പി പിളർന്ന് ഒരു വിഭാഗം ഐ. എസ്. പി എന്നൊരു പാർട്ടി രൂപീകരിച്ചു. ഇതിലെ അംഗമായിരുന്ന അന്നത്തെ ധനമന്ത്രി പി കെ. കുഞ്ഞിനെതിരെ കോൺഗ്രസ്സ് കൊണ്ടുവന്ന ആരോപണത്തിൽ കഴമ്പുണ്ടെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ തുടർന്ന് അദ്ദേഹം രാജിവച്ചു.

കൊമ്പുകോർക്കാൻ ഒരു അവസരത്തിനായി കാത്തിരുന്ന സിപിഐ, മുഖ്യമന്ത്രിയുടെ നടപടിയെ അപലപിച്ച് രംഗത്തെത്തി. ഇതിന്റെ തുടർച്ചയായി കെ. ടി. പി അംഗമായിരുന്ന വെല്ലിങ്ങ്ടണെതിരെ അഴിമതി അന്വേഷണം ആവശ്യമാണെന്ന ഒക്ടോബറിൽ ഒരു പ്രമേയം പാസ്സാക്കി എടുക്കുകയും ചെയ്തു. ഇതിനിടയിൽ, മുന്നണീയിലെ ചെറുകക്ഷികളെ സ്വാധീനിച്ച് സിപിഐ മുന്നണിക്കുള്ളിൽ ഒരു കുറുമുന്നണി ഉണ്ടാക്കുകയും ചെയ്തു.

തുടർന്ന് ഈ കുറുമുന്നണിയിലെ കക്ഷികളിൽ പെട്ട മന്ത്രിമാർ എല്ലാവരും രാജിവച്ചൊഴിഞ്ഞതോടെ മന്ത്രിസഭ ആകെ പ്രതിസന്ധിയിലായി. കെ ആർ ഗൗരി, എം കെ കൃഷ്ണൻ, ഇ. കെ. ഇമ്പിച്ചിബാവ, മത്തായി മാഞ്ഞൂരാൻ തുടങ്ങിയ മന്ത്രികാർക്കെതിരെ അഴിമതി അന്വേഷണം വേണമെന്ന ഒരു പ്രമേയം സിപിഐയിലെ ടി പി മജീദ് നിയമസഭയിൽ അവതരിപ്പിച്ചു. ഇത് പാസ്സായതോടെ 1960-ൽ ഇ എം എസ്സിന്റെ രണ്ടാം മന്ത്രിസഭയും രാജിവച്ചൊഴിഞ്ഞു.

മാറുന്ന മുന്നണികൾ മാറിമറിയുന്ന രാഷ്ട്രീയ സമവാക്യങ്ങൾ

ഇ എം എസ് രാജിവച്ചൊഴിഞ്ഞതിനെ തുടർന്ന് അന്ന് രാജ്യസംഭാംഗമായിരുന്ന അച്യൂതമേനോന്റെ നേതൃത്വത്തിൽ പുതിയൊരു മന്ത്രിസഭക്ക് സിപിഐ രൂപം നൽകി. ഇന്ദിരാഗാന്ധിയാണ് ഇതിനായി അച്യൂതമേനോനെ കേരളത്തിലേക്ക് അയച്ചതെന്ന ഒരു ആരോപണം അന്നുണ്ടായിരുന്നു. സിപിഐ യെ കൂടാതെ കേരള കോൺഗ്രസ്സ്, ആർ എസ് പി, ഐ സ് പി മുസ്ലിംലീഗ് തുടങ്ങിയ കക്ഷികളിലെ മന്ത്രിമാർ ഇതിലുണ്ടായിരുന്നു. ഉപതെരഞ്ഞെടുപ്പിൽ ജയിച്ച് മുഖ്യമന്ത്രിയായി തുടരാനുള്ള നിയമപരമായ അവകാശം അച്യൂതമേനോൻ നേടിയെങ്കിലും ഘടകകക്ഷികളിലെ ഉൾപ്പോരുകൾ നിമിത്തം ആ മന്ത്രിസഭയും നിലം പൊത്തി.

തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ സി പി എമ്മിന്റെ നേതൃത്വത്തിൽ ചെറുകക്ഷികൾ ചേർന്ന് ഇടതുപക്ഷമുന്നണിയും കോൺഗ്രസ്സിന്റെയും സിപിഐയുടെയും നേതൃത്വത്തിൽ കേരളാ കോൺഗ്രസ്സ്, മുസ്ലിംലീഗ്, ആർ എസ് പി എന്നീ കക്ഷികൾ ചേർന്ന ഐക്യമുന്നണിയും തെരഞ്ഞെടുപ്പിൽ മത്സരിച്ചു. ഇതിൽ വിജയിച്ച ഐക്യമുന്നണി സി അച്യൂതമേനോന്റെ നേതൃത്വത്തിൽ അധികാരത്തിലേറി. പിന്നീട് 1971 ലാണ് ഈ മന്ത്രി സഭയിൽ കോൺഗ്രസ്സ് ചേരുന്നത്.

1970-ൽ അധികാരത്തിലേറിയ ഈ മന്ത്രിസഭയ്ക്ക് അടിയന്തരാവസ്ഥയുടെ ആനുകൂല്യത്തിൽ ഒരുവർഷത്തിലേറെ കാലാവധി നീട്ടിക്കിട്ടി. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതൽ നാൾ കേരളം ഭരിച്ച മന്ത്രിസഭ എന്ന ബഹുമതി ഇന്നും ഈ മന്ത്രിസഭയ്ക്കാണ്.

അടിയന്തരാവസ്ഥയ്ക്ക് ശേഷമുണ്ടായ മാറ്റങ്ങൾ

ഇന്ത്യയെന്നാൽ ഇന്ദിരതന്നെ എന്നമുദ്രാവാക്യം അന്തരീക്ഷത്തിൽ അലയടിച്ച അടിയന്തരാവസ്ഥയുടെ കറുത്തനാളുകൾക്കൊടുവിൽ നടന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യയിൽ പുതിയ രാഷ്ട്രീയം രൂപം കൊണ്ടെങ്കിലും, കോൺഗ്രസ്സിനെ കൈവിടാൻ കേരളം തയ്യാറായില്ല. രാജൻ കേസ് ഉൾപ്പടെ അടിയന്തരാവസ്ഥക്കാലത്തെ പല ക്രൂരതകളും ചർച്ചാവിഷയമാക്കിയ തെരഞ്ഞെടുപ്പിൽ പക്ഷെ, അതിനെല്ലാം കാരണക്കാരനെന്ന് ആരോപണ വിധേയനായ കരുണാകരൻ തന്നെ നേതൃത്വം നൽകി ഐക്യമുന്നണീയെ വിജയിപ്പിച്ചു. എന്നാൽ, രാജൻ കേസുമായി ബന്ധപ്പെട്ട ഒരു കോടതി പരാമർശ്ത്തെ തുടർന്ന് അദ്ദേഹം രാജിവച്ചൊഴിയുകയും പകരം എ. കെ ആന്റണി മുഖ്യമന്ത്രിയാവുകയും ചെയ്തു.

ഇതിനിടയിൽ ദേശീയ തലത്തിൽ തന്നെ കോൺഗ്രസ്സിൽ ഇന്ദിരാഗാന്ധിക്കെതിരെ മുറുമുറുപ്പ് ഉയരുന്നുണ്ടായിരുന്നു. അത്തരം സാഹചര്യത്തിൽ ചിക്മംഗലൂർ ഉപതെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിക്ക് സീറ്റ് നല്കാൻ കോൺഗ്രസ്സ് കമ്മിറ്റി എടുത്ത തീരുമാനത്തിൽ പ്രതിഷേധിച്ച് എ കെ ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. കേരളത്തിൽ ഇന്ദിരാഗാന്ധിയെ എതിർത്തിരുന്നവരുടെ നേതൃത്വം എ കെ ആന്റണിയും അനുകൂലിക്കുന്നവരുടെ നേതൃത്വം കെ . കരുണാകരനും ഏറ്റെടുത്തതോടെ കേരളത്തിലെ കോൺഗ്രസ്സിൽ മറ്റൊരു പിളർപ്പ് അനിവാര്യമായി.

ഇതിനിടയിൽ ആന്റണി രാജിവച്ചൊഴിഞ്ഞ ഒഴിവിൽ സിപിഐയിലെ പി. കെ. വാസുദേവൻ നായർ മുഖ്യമന്ത്രിയായെങ്കിലും കേരളാകോൺഗ്രസ്സിലെ ഉൾപ്പോരും പിളർപ്പും മൂലം അത് പ്രതിസന്ധിയിലായി. ആ കാലഘട്ടത്തിലാണ് ദേശീയ തലത്തിൽ ഇടതുപക്ഷ കക്ഷികളുടെ ഏകോപനം എന്ന ആശയം ശക്തി പ്രാപിക്കുന്നത്. ഇതിന് സഹായകരമായ ഒരു നിലപാടെടുക്കാൻ വേണ്ടി കൂടി പി കെ വി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. തുടർന്ന് സി എച്ച് മുഹമ്മദ് കോയ മുഖ്യമന്ത്രി ആയെങ്കിലും എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് യു പിന്തുണ പിൻവലിച്ചതിനെ തുടർന്ന് അദ്ദേഹവും രാജിവച്ചു.

നിലവിലുള്ള മുന്നണി സമ്പ്രദായത്തിന്റെ ആവിർഭാവം

തുടർന്ന് 1980 ൽ നടന്ന തെരഞ്ഞെടുപ്പിലാണ് ഇന്ന് കാണുന്ന രീതിയിലുള്ള ഐക്യ ജനാധിപത്യ മുന്നണിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഉണ്ടാകുന്നത്. സി പി എം, സിപിഐ, കോൺഗ്രസ് യു, ആർ എസ് പി, കേരളാ കോൺഗ്രസ് (മാണി), കേരള കോൺഗ്രസ് (പിള്ള) അഖിലേന്ത്യാ മുസ്ലിം ലീഗ് തുടങ്ങിയ പാർട്ടികൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലും കോൺഗ്രസ് ഐ, മുസ്ലിം ലീഗ്, കേരള കോൺഗ്രസ്സ് (ജോസഫ്), എൻ ഡി പി, പി. എസ്. പി ജനത തുടങ്ങിയ പാർട്ടികൾ ഐക്യ ജനാധിപത്യ മുന്നണിയിലുമായി നിരന്ന തെരഞ്ഞെടുപ്പിൽ ഇടതുമുന്നണീ വ്യക്തമായ ഭൂരിപക്ഷം നേടി അധികാരത്തിലേറി.

ഇതേസമയം ദേശീയ തലത്തിൽ കോൺഗ്രസ്സിൽ പല മാറ്റങ്ങളും നടക്കുന്നുണ്ടായിരുന്നു. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്സാണ് യഥാർത്ഥ കോൺഗ്രസ്സ് എന്ന് ഇലക്ഷൻ കമ്മീഷൻ വിധിച്ചതോടെ ദേവരാജ് അരശ് നേതൃത്വം നല്കുന്ന കോൺഗ്രസിന്റെ പ്രസക്തി ഇല്ലാതെയായി. മാത്രമല്ല, അതിൽ പിളർപ്പുണ്ടാവുകയും ചെയ്തു. ഒരു വിഭാഗം കോൺഗ്രസ്സ് ഐയിലേക്ക് തിരിച്ചുപോയപ്പോൾ മറ്റൊരു വിഭാഗം ശരത് പവാറിന്റെ നേതൃത്വത്തിൽ കോൺഗ്രസ് എസ് ആയി തുടർന്നു.

ഇതിനിടയിൽ കേരളത്തിലെ കോൺഗ്രസ്സ് എസ്സിന് ഇടതുമുന്നണിയുമായി ചില അഭിപ്രായവ്യത്യാസങ്ങൾ രൂപപ്പെട്ടു. അധികം താമസിയാതെ അവർ മന്ത്രിസഭയിൽ നിന്നും പുറത്തുപോവുകയും പിന്തുണ പിൻവലിക്കുകയും ചെയ്തു. ഏറെതാമസിയാതെ കെ എം മാണിയും പിന്തുണ പിൻവലിച്ചതോടെ ആദ്യ നയനാർ സർക്കാർ കാലാവധി പൂർത്തിയാക്കാതെ നിലം പൊത്തി. തുടർന്ന് കെ കരുണാകരൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. സ്പീക്കറുടെ കാസ്റ്റിങ് വോട്ടിന്റെ ബലത്തിൽ നിലനിന്നിരുന്ന മന്ത്രിസഭ അവിശ്വാസം വന്നപ്പോൾ ലോനപ്പൻ നമ്പാടൻ കാലുമാറിയതോടെ മൂക്കും കുത്തിവീണു.

ഇതോടെ മുന്നണി സമവാക്യങ്ങളിലും മാറ്റങ്ങൾ വന്നു. മാണി വിഭാഗവും കോൺഗ്രസ്സ് എസ്സും ഐക്യ ജനാധിപത്യ മുന്നണീയിലെത്തി. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ കെ. കരുണാകരൻ അധികാരത്തിലെത്തി. ഒരുപക്ഷെ അച്ചുതമേനോൻ 1970-ൽ നേടിയതിനു ശേഷം തുടർഭരണം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സാധിച്ചത് കരുണാകരനായിരുന്നു. പിന്നീട് ഇന്നുവരെ ആർക്കും അത് സാധിച്ചിട്ടുമില്ല. മാത്രമല്ല, അടിയന്തരാവസ്ഥക്കാലത്തെ പ്രത്യേക്‌സാഹചര്യമൊഴിവാക്കിയാൽ, സാധാരണ സാഹചര്യങ്ങളിൽ കാലാവധി പൂർത്തിയാക്കിയ ആദ്യ മന്ത്രി സഭയുമായിരുന്നു അത്.

ഏകീകൃത സിവിൽ നിയമം, മൃദു ഹിന്ദുത്വം, കേരളകോൺഗ്രസ്സും മുസ്ലിം ലീഗും ഇല്ലാത്ത മന്ത്രിസഭ

തുടര്ന്നുള്ള തെരഞ്ഞെടുപ്പിന് തൊട്ടു മുൻപായിരുന്നു ഇ എം എസ് നമ്പൂതിരിപ്പാട് ഏകീകൃത സിവിൽ നിയമം ഒരു വിഷയമായി ഉയർത്തിക്കൊണ്ടിരുന്നത്. ഇടതുപക്ഷമുന്നണിയിൽ അവശേഷിച്ചിരുന്ന ലീഗിന്റെ ഒരു ഭാഗത്തെ പുറന്തള്ളാനായിരുന്നു അതെന്നാണ് പിൽക്കാലത്ത് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയത്. ഏതായാലും ആ തവണ ഇടതുമുന്നണിയിൽ കേരള കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും സാന്നിദ്ധ്യമുണ്ടായിരുന്നില്ല.

ന്യുനപക്ഷങ്ങൾക്ക് ഭൂരിപക്ഷമുള്ള ഈ രണ്ടു കക്ഷികളുടെ അഭാവം ഇടതുപക്ഷം മൃദു ഹിന്ദുത്വം സ്വീകരിക്കുകയാണെന്ന ആരോപണമുയർത്തി. ബദൽ രേഖയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും എം വി രാഘവൻ പാർട്ടി വിട്ടതുമെല്ലാം സി പി എമ്മിന് ക്ഷീണമുണ്ടാക്കിയെങ്കിലും അത്തവണ ഇടതുമുന്നണി തന്നെ അധികാരത്തിലേറി. ഇ. കെ നയനാരുടെ നേതൃത്വത്തിലുള്ള മന്ത്രി സഭ പക്ഷെ കാലാവധി തികയ്ക്കുന്നതിനു മുൻപ് തന്നെ തെരെഞ്ഞെടുപ്പിനൊരുങ്ങി.

അമിതവിശ്വാസമായിരുന്നു അത്തരത്തിലൊരു തീരുമാനമെടുക്കാൻ പാർട്ടിയെ പ്രേരിപ്പിച്ചത്. പക്ഷെ രാജീവ് ഗാന്ധിയുടെ ആകസ്മിക മരണം സ്ഥിതിഗതികൾ മാറ്റി മറിച്ചു. സഹതാപ തരംഗത്തിൽ ഐക്യമുന്നണി അധികാരത്തിലെത്തി.

കേരള രാഷ്ട്രീയത്തിലെ കോളിളക്കങ്ങളുടെ കാലം

തുടർന്ന് അധികാരത്തിൽ കയറിയ കരുണാകരന്റെ ഭരണകാലം കേരള രാഷ്ട്രീയത്തിൽ കൂറ്റൻ കൊടുങ്കാറ്റുകൾ ഉയർത്തിയ കാലമായിരുന്നു. കോൺഗ്രസ്സിൽ ഐ - എ വിഭാഗങ്ങൾ തമ്മിലുള്ള പോര് അതിന്റെ മൂർദ്ധന്യഘട്ടത്തിൽ എത്തിയ സമയം. സി പി എമ്മിൽ നിന്നും പുറത്താക്കപ്പെട്ട ഗൗരിയമ്മ ജെ ഡി എസ് രൂപീകരിച്ചു. മുസ്ലിം ലീഗിന്റെ ദേശീയ പ്രസിഡണ്ട് ഇബ്രാഹിം സുലൈമാൻ സേട്ടും തമ്മിൽ ഉരസ്സൽ ആരംഭിച്ചു. അതേസമയം കേരണ കോൺഗ്രസ്സ് മാണി വിഭാഗത്തിൽ നിന്നുംവിട്ടുമാരി ടി. എം ജേക്കബ് പുതിയ കേരളാ കോൺഗ്രസ്സ് സ്ഥാപിച്ചു. ഈ സമയത്താണ് രാജ്യസഭാ തെരഞ്ഞെടുപ്പ് വരുന്നത്. കോൺഗ്രസ്സിന് ലഭിക്കാവുന്ന രണ്ടു സീറ്റുകൾ എ ഐ വിഭാഗങ്ങൾക്ക് തുല്യമായി വീതിക്കുവാൻ തീരുമാനിച്ചു.

ഇതനുസരിച്ച് ഐ വിഭാഗത്തിൽ നിന്ന് വയലാർ രവിയും എ വിഭാഗത്തിലെ ഡോ. എം എ കുട്ടപ്പനും നാമനിർദ്ദേശ പത്രിക നൽകി. എന്നാൽ, ഈ സമയം മുസ്ലിം ലീഗ് ഒരു സീറ്റിനായി അവകാശവാദം ഉന്നയിക്കുകയും കുട്ടപ്പനെ പിൻവലിച്ച് അബ്ദുൾ സമദ് സമദാനിയെ മത്സരിപ്പിക്കുകയും ചെയ്തു. ഇത് ഗ്രൂപ്പ് വഴക്കിന് മൂർഛ കൂട്ടി. തുടർന്ന് ധനമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ആ സ്ഥാനം രാജിവയ്ക്കാൻ വരെ തുനിഞ്ഞെങ്കിലും പിന്നീട് അത് ഉപേക്ഷിച്ചു. ഈ സംഭവങ്ങൾക്കിടയിൽ നടന്ന കൂത്തുപറമ്പ് വെടിവയ്‌പ്പ് സർക്കാരിനെതിരെയുള്ള പ്രക്ഷോഭണങ്ങൾക്ക് ശക്തികൂട്ടാൻ ഇടതുമുന്നണീയെ പ്രേരിപ്പിച്ചു.

ആകെ കലങ്ങി നില്ക്കുന്ന അന്തരീക്ഷത്തിലാണ് കുപ്രസിദ്ധമായ ചാരക്കേസ് പുറത്തെത്തുന്നത്. ഇത് കരുണാകരന്റെ രാജിയിൽ അവസാനിച്ചു. ഇതേ തുടർന്ന് അധികാരത്തിലേറിയഇ. കെ ആന്റണിയുടെ ഗ്രൂപ്പുവഴക്കുകൾ നിറഞ്ഞ ഭരണം ചാരായ നിരോധനം പോലുള്ള ചില സാമൂഹ്യ മാറ്റങ്ങൾ കൊണ്ടുവന്നെങ്കിലും തുടർഭരണം നേടാനായില്ല.

തുടര്ന്നുള്ള തെരഞ്ഞെടുപ്പിൽ വീണ്ടും ഇടതുപക്ഷം അധികാരത്തിലേറി. ഘടകകക്ഷികളിലെ ചില തർക്കങ്ങൾ മൂലം ചില മന്തിമാർ മാറി പുതിയ മന്ത്രിമാർ വരേണ്ട സാഹചര്യം ഉണ്ടായെങ്കിലും കാര്യമായ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ അത് കാലാവധി പൂർത്തിയാക്കി. പിന്നീട് എ . കെ ആന്റണി മുഖ്യമന്ത്രിയാകുന്നതോടെയാണ് കോൺഗ്രസ്സിലെ ഗ്രൂപ്പ് സമവാക്യങ്ങൾ മാറുന്നത്. അന്നുവരെ എ ഗ്രൂപ്പിന്റെ ഒരു പിന്നണിപ്പോരാളിയായി മാത്രം തുടർന്ന ഉമ്മൻ ചാണ്ടി പിന്നീട് നേതൃത്വത്തിലേക്ക് വരുന്ന കാഴ്‌ച്ചയാണ് കേരളത്തിലെ കോൺഗ്രസ്സുകാർ കണ്ടത്. ആന്റണിയെ രാജിവയ്പിച്ച് മുഖ്യമന്ത്രി ആയെങ്കിലും ഉമ്മൻ ചാണ്ടിക്കും തുടർഭരണം നേടാൻ ആയില്ല.

പിന്നീടാണ് വി എസ് അച്യൂതാനന്ദൻ മുഖ്യമന്ത്രിയാകുന്നതും അതിനുശേഷം ഉമ്മൻ ചാണ്ടിയും പിന്നെ പിണറായി വിജയനും മുഖ്യമന്ത്രിമാരാകുന്നതും. അതെല്ലാം സമീപകാല ചരിത്രങ്ങൾ. ഇരുമുന്നണികളും മാറിമാറി ഭരിക്കുന്ന കേരളത്തിൽ പക്ഷെ ഒരു മൂന്നാം ശക്തിയായി ബിജെപി വളര്ന്നു വരുന്നുണ്ടായിരുന്നു. ഏറെക്കാലത്തെ ശ്രമത്തിനു ശേഷം കഴിഞ്ഞ വർഷം മാത്രമാണ് പക്ഷെ അവർക്ക് നിയമസഭയിൽ ഒരു സീറ്റു നേടാനായത്. എങ്കിലും, ക്രമമായി അവരും ശക്തി തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP